ചിത്രീകരണം : രാജേഷ് ചിറപ്പാട്

ഒന്ന്

2009 ആഗസ്റ്റ് 8, ശനിയാഴ്ച.
പ്രിയപ്പെട്ട ഡയറി,
നടുക്കത്തോടെ, ഞാനിന്ന് ഒരു കാര്യം മനസ്സിലാക്കി- കൊല്ലപ്പെട്ട എല്ലാവരും അവസാനമായി ചെയ്തത് ഡയറി എഴുതുക എന്നതായിരുന്നു.

പേനയിൽ അമർത്തിപ്പിടിച്ച രണ്ട് വിരലുകൾ, അവ താളാത്മകമായി ചലിക്കുമ്പോൾ വെളുത്ത പേജുകളിൽ വിരിയുന്ന മന്ത്രജാലം!.
അഹദ് ചെറുപ്പം മുതലേ ഡയറി എഴുത്ത് ശീലിച്ചിരുന്നു. ഒരു പക്ഷെ, ഒരാൾ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചുവെക്കുന്ന, ചെറുതോ വലുതോ ആയ കാര്യങ്ങൾ പറയുന്നതുകൊണ്ടാകാം, ഡയറിക്ക്​ മറ്റാരേക്കാളും സ്ഥാനം എല്ലാവരും നൽകുന്നത്. അഹദിന് ഡയറി എഴുത്തിനോട് ഇഷ്ടം തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം അധ്യാപിക, സംസാരിക്കുന്ന ഒരു സാങ്കല്പിക സുഹൃത്തിനെക്കുറിച്ച് എഴുതുവാൻ പറഞ്ഞപ്പോൾ അഹദ് തിരഞ്ഞെടുത്തത് ഡയറി ആണ്. ചുരുക്കം ചില ദിവസങ്ങളിലെ ഡയറിക്കുറിപ്പുകൾ കോർത്തിണക്കി ഒരുഗ്രൻ ലേഖനം തയ്യാറാക്കി അധ്യാപികയുടെ പ്രശംസ നേടി. അതുവരെ എപ്പോഴെങ്കിലും ചെയ്തിരുന്ന കാര്യം പിന്നീട് പതിവാക്കി. ആ ഒരു പേജ് ലേഖനം ഇപ്പോഴും അഹദ് സൂക്ഷിക്കുന്നുണ്ട്, തന്റെ ഡയറിയുടെ താളുകൾക്കിടയിൽ.

അഹദ് കൈവിരലുകൾ പിണച്ചു മേൽപ്പോട്ടുയർത്തി ഒന്നു നിവർന്നിരുന്നു.
മൂന്ന് കൊലപാതകങ്ങൾ, എട്ടുമാസത്തിനുള്ളിൽ.
അതും തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ.
മരണസ്ഥലത്തു സംഘട്ടനത്തിന്റെ ലക്ഷണങ്ങളോ ശരീരത്തിൽ മുറിവുകളോ ഇല്ല. ആദ്യത്തെ അന്വേഷണത്തിൽ ആത്മഹത്യയാണെന്നെ തോന്നൂ.
പോലീസും അങ്ങനെ തന്നെ വിധിയെഴുതി. എന്നാൽ, വീട്ടുകാരും സുഹൃത്തുക്കളും തറപ്പിച്ചു പറഞ്ഞു, ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന്.

അകത്തേക്ക് പ്രവഹിക്കുന്ന വായുവിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അഹദിന് തെല്ലൊരാശ്വാസം തോന്നി.

നിപുൺ -31, ഡെന്റൽ സർജൻ, വെളുത്തുതടിച്ച ശരീരം, അഞ്ചടി എട്ടിഞ്ചുയരം, ഊശാൻ താടി, വലിയ മുറം പോലുള്ള ചെവി, ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പ്രകൃതം, അത്യാവശ്യം തരക്കേടില്ലാത്ത പ്രാക്ടീസ്.
ഭാര്യയും കുട്ടിയുമായി സന്തുഷ്ടകുടുംബം നയിക്കുകയായിരുന്നു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്ന ദന്ത ഡോക്ടർമാരുടെ സംഘടനയിൽ സജീവപങ്കാളിത്തം. തൊട്ടടുത്ത ദിവസം കുടുംബസമേതം ആഗ്രയിൽ യാത്ര പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പകുതിയോളം പാക്ക് ചെയ്ത് വെച്ച സ്യൂട്ട്കേസുകൾ ബെഡ്റൂമിലുണ്ടായിരുന്നു. കൂടാതെ, ഭിത്തിയിൽ തൂങ്ങുന്ന മുഴുവനായി പൂരിപ്പിച്ച ഇയർ പ്ലാനറും- ആത്മഹത്യ എന്ന സാധ്യത തള്ളിക്കളയുവാനുള്ള സകല തെളിവുകളും.
ലാമ്പിനടിയിലായി തന്നെ നോക്കി ചിരിക്കുന്ന നിപുണിന്റെ ഫോട്ടോ നോക്കി അഹദ് സംശയിച്ചു, ചിലപ്പോൾ ഈ നിഗമനം തെറ്റാകാം. ഒരു ആന്തലോടെ, അഹദ് നിപുണിന്റെ വലത്തേ കൈയിൽനിന്നും നിലത്തു വീണുകിടക്കുന്ന പേന ശ്രദ്ധിച്ചു. ആക്രമിക്കപ്പെട്ട സ്ഥലത്തുനിന്നെടുത്ത ഫോട്ടോ.

""നിപുണേട്ടൻ വളരെ സന്തോഷത്തിലായിരുന്നു. ഞാനും മകളും എന്റെ വീട്ടിലായിരുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്പ് അന്നന്നത്തെ കാര്യങ്ങൾ ഡയറിയിൽ കുറിക്കുന്ന പതിവുണ്ടായിരുന്നു. അതിനിടയിലാകണം എന്നെ ഫോൺ വിളിച്ചത്. പിറ്റേദിവസം ഞങ്ങളെ കൊണ്ടുപോകാൻ വരാമെന്നുപറഞ്ഞു. പെ​ട്ടെന്ന്... മിണ്ടാതെയായി. കുറേതവണ ചോദിച്ചപ്പോൾ "ഡയറി' എന്നുമാത്രം പറഞ്ഞു. ശബ്ദം ഇടറിയിട്ടുണ്ടായിരുന്നു. ഫോൺ കട്ടായി. പിന്നെ... ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഒരുപക്ഷേ, അപ്പോഴേക്കും...'' ആ തേങ്ങൽ അഹദിന്റെ ചെവിയിൽ മുഴങ്ങി. കണ്ണുകളിൽ നിഴലിച്ച ഭയം, പിന്നീട് തോരാതെ വന്ന കണ്ണീർമഴ-എല്ലാം അഹദ് ഇന്നലെ നടന്നതുപോലെ ഓർക്കുന്നു.

നിസംഗതയോടെ, നിപുണിന്റെ കണ്ണുകൾ സംസാരിച്ചു, ജീവിച്ചു കൊതിതീരാത്ത ഒരു യുവാവിന്റെ പരിഭവങ്ങൾ, ഒരുപക്ഷേ, ജീവിക്കാൻ അനുവദിക്കണേ എന്ന അപേക്ഷ. സാധരണത്തെക്കാൾ വളർന്നുനിൽക്കുന്ന "റ' ആകൃതിയിലുള്ള മീശയിലൂടെ കൈകൾ ഓടിച്ചുകൊണ്ട് അഹദ് അടഞ്ഞു കിടക്കുന്ന ഗേറ്റിലേക്ക് കണ്ണോടിച്ചു. അതിനപ്പുറം ഇരുട്ടാണ്, അളക്കാനാകാത്ത ഒന്ന്. ശാന്തമായ കടൽ പോലെ അത് നീണ്ടുകിടക്കുന്നു. അതുപോലെ അളക്കാനാകാത്ത മറ്റൊന്നാണ് മനസ്സ്. മിക്കപ്പോഴും പുറത്തുകാണുന്നതല്ല യാഥാർഥ്യം.

വിക്കി -21, പിസ്സ ഡെലിവറി ബോയ്, നേർത്ത് മെലിഞ്ഞ ശരീരം, കോലുപോലെ എഴുന്നേറ്റുനിൽക്കുന്ന മുടിനാരുകൾ, വിടർന്നുനിൽക്കുന്ന കണ്ണുകൾ. രണ്ടാമത്തെ ഇര തികച്ചും വ്യത്യസ്തൻ, വേറിട്ട സാഹചര്യങ്ങൾ, കൈയിലെണ്ണാകുന്ന സുഹൃത്തുക്കൾ, പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം, ചുരുങ്ങിയ ശമ്പളത്തിന് ചേരാത്ത ജീവിതശൈലി, അവിവാഹിതൻ. രണ്ട് സംഭവങ്ങളും ഒറ്റപെട്ടുതന്നെ നിന്നു, ഡയറി എന്ന കണ്ണി വെളിപ്പെടുംവരെ! ഡയറി എന്ന വാക്ക് തന്നിലുണ്ടാക്കുന്ന അസ്വസ്ഥത അഹദ് ശ്രദ്ധിച്ചു. തണുത്ത കൈകളോടെ, അയാൾ തന്റെ മുമ്പിലിരിക്കുന്ന സ്റ്റീൽ ജഗ്ഗിൽ നിന്ന് അല്പം വെള്ളം കുടിച്ചു. ദാഹമല്ല, ഒരുതരം സമാധാനമില്ലായ്മ്മ. ജനങ്ങളെ ഞെട്ടിച്ച റിപ്പർ രാമുവിനെയും പ്രച്ഛന്നവേഷം കെട്ടി പറ്റിക്കുന്ന തൗഫീഖിനെയും പുല്ലുപോലെ കൈകാര്യം ചെയ്ത താനാണോ ഇങ്ങനെ പ്രതികരിക്കുന്നത് എന്നോർത്തപ്പോൾ അഹദിന് ലജ്ജ തോന്നി.
"ഇത് ഭയമല്ല. ഇത് ഭയമല്ല,' മനസ്സിനെ പറഞ്ഞുപഠിപ്പിക്കുവാൻ ശ്രമിച്ചു.
തുടച്ചുമാറ്റുവാൻ ശ്രമിക്കുന്നതിനെ ചിന്തകളുടെ മുൻപന്തിയിൽ എത്തിക്കുന്ന സ്വഭാവക്കാരനാണല്ലോ മനസ്സ്. ഒടുവിൽ, മാറ്റാരോടോ തർക്കിക്കുന്നതുപോലെ അഹദ് ആവർത്തിച്ചുകൊണ്ടിരുന്നു, "ഇത് ഭയമല്ല.' പൊരുതിയിട്ടു കാര്യമില്ല എന്നു മനസ്സിലായതോടെ, മനസ്സിനെ അതിന്റെ വഴിക്കുവിട്ടു.

ഗംഗ- 40, മൂന്നു കുട്ടികൾ, ആർക്കിറ്റക്ട്, വീടിനടുത്തുള്ള ഓഫീസിൽ ജോലി ചെയ്തുപോന്നു. പ്രശസ്ത സിനിമാ നടിയുടെ ബൊട്ടീക് അടക്കം മൂന്നുനാല് വമ്പൻ പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. ഭർത്താവിനു പുറംരാജ്യങ്ങളിലടക്കം ബിസിനസ് സംരംഭങ്ങളുണ്ട്. എന്നാൽ സംഭവം നടക്കുന്ന സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നു. ഡാൻസ് ക്ലാസ്സിൽ നിന്നും മക്കളെ കൂട്ടികൊണ്ടുവരാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കണ്ട കാഴ്ച...

കഴിഞ്ഞയാഴ്ച വരെ സാധാരണഗതിയിൽ പോയിക്കൊണ്ടിരുന്ന അന്വേഷണം തന്റെ അടുത്ത് എത്തിച്ചേർന്നത് ഒരത്ഭുതമായി തന്നെ അഹദിപ്പോഴും കരുതുന്നു. പോലീസ് അന്വേഷണത്തിൽ അതൃപ്തി തോന്നിയ ഗംഗയുടെ ഭർത്താവ് ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ അഹദിന് വലിയ പ്രതീക്ഷയൊമുണ്ടായിരുന്നില്ല. അയാൾക്ക് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു, തന്റെ മക്കളെ അന്വേഷണം എന്നുപറഞ്ഞു ബുദ്ധിമുട്ടിക്കരുത്. വലിയൊരു ഞെട്ടലിൽനിന്നും കരകയറുവാൻ ശ്രമിക്കുന്ന അവരെ പൊലീസ് ചോദ്യംചെയ്തതിലുള്ള അമർഷം അയാൾ മറച്ചുവെച്ചില്ല. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കേസിൽ പറയത്തക്ക വഴിത്തിരിവുകൾ ഉണ്ടായതിൽ അയാൾ വളരെ സംതൃപ്തനാണ്.

ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി ഇന്നലെ ഗംഗയുടെ വീട്ടിൽ പോയപ്പോൾ അവരുടെ ഇളയ മകൾ തന്റെ കൈയിൽ കൊണ്ടുവന്നു തന്ന ഡയറി.
ഇതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന്, "അമ്മ ഇനി വരില്ലേ?' എന്ന് പ്രതീക്ഷയോടെ ആരാഞ്ഞു. ഒരായിരം വട്ടം ഇതിനകം തന്നെ ചോദിച്ചിട്ടുണ്ടാകാവുന്ന ആ ചോദ്യത്തിന് ഒരു പോസിറ്റീവ് ഉത്തരം കിട്ടിയാൽ തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വപ്നം കാണുന്ന ആ കണ്ണുകളെ വഞ്ചിക്കാൻ എനിക്ക് തോന്നിയില്ല. പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റ് കൈയിലെടുത്ത് ആ കുരുന്നിനു സമ്മാനിച്ചശേഷം, "മോൾക്കു ചിത്രം വരയ്ക്കാനറിയുമോ? എന്നു ചോദിച്ചു.'
അതുവരെ അവളുടെ മുഖത്തുണ്ടായിരുന്ന നിസ്സഹായത ഉടനെ അപ്രത്യക്ഷമായി. ആവേശത്തോടെ ഓടിപ്പോയി സ്‌കെച്ച് പെൻസിലുകളും പേപ്പറുമായി എന്റെ അടുത്തുവന്നിരുന്നു ചിത്രം വരയ്ക്കുവാൻ തുടങ്ങി.

തെളിവുകൾക്കുവേണ്ടി ഞാൻ തിരച്ചിലുകൾ തുടർന്നു.
ഗംഗ തന്റെ അവസാന നിമിഷങ്ങൾ ചെലവഴിച്ചു എന്നു പറയപ്പെടുന്ന ഓഫീസ് മുറിയിലൂടെ ഞാൻ കണ്ണോടിച്ചു. പോലീസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി നീട്ടി ഒട്ടിച്ച് വെച്ചിരിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടേപ്പിനടിയിലൂടെ കുനിഞ്ഞുകടന്ന് ഞാൻ അവരുടെ വർക്ക് ടേബിളിന്റെ അടുത്തെത്തി. "CRIME SCENE DO NOT CROSS' എന്ന സന്ദേശത്തിലൂടെ കണ്ണോടിച്ചു, എന്നെ തന്നെ നോക്കിനിൽക്കുന്ന ആ ഒന്നാംക്ലാസുകാരിയോട് ഞാൻ പറഞ്ഞു, "അങ്കിൾ മോളെ സഹായിക്കാൻ വന്നതാണ്. മോൾക്ക് അകത്തുകടക്കണോ?'

ഞാനെന്തിനു വിശദീകരണം നൽകി എന്നെനിക്കറിയില്ല.
അതവകാശപ്പെടുവാൻ അർഹതപ്പെട്ട ആളാണെന്റെ മുമ്പിൽ നിൽക്കുന്നതെന്നെനിക്കു തോന്നിക്കാണണം.
ഒരുപക്ഷേ, പെട്ടന്നൊരു സുപ്രഭാതത്തിൽ വീടിന്റെ മിക്ക ഭാഗങ്ങളും "കയറാൻ പാടില്ലാത്ത' ഭാഗങ്ങളായി മാറുകയും, അതിനോടൊപ്പം സ്വന്തം അമ്മ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളു.

വീട്ടിൽ ഏറ്റവും മനോഹരമായ മുറി. തൂവെള്ള ചായമടിച്ച മതിലുകൾക്കു മോടിപിടിപ്പിക്കാനെന്ന പോലെ വെള്ള നെറ്റ് കർട്ടൻ ഇളംകാറ്റിൽ പാറിക്കളിക്കുന്നു. സൗകര്യാനുസരണം ചെരിവ് നിയന്ത്രിക്കാവുന്ന മേശ, അല്പം മേൽപോട്ടുയർത്തി ചെരിച്ചുവെച്ച്, ഒരു വെള്ള പേപ്പർ അതിൽ ക്ലിപ്പ് ചെയ്തുവെച്ചിരിക്കുന്നു. തൊട്ടടുത്ത് മൂന്നുനാല് റോൾ പേപ്പർ വേറെയുമുണ്ട്. ഒരു പെൻസ്റ്റാൻഡിൽ വിവിധതരം പെൻസിലുകൾ, പേനകൾ, മാർക്കറുകൾ എന്നിവ കാണാം. ഒന്നുരണ്ട് വലിയ പുസ്തകങ്ങൾ ടേബിളിൽ അടുക്കിവെച്ചിരിക്കുന്നു.

"Believe Yourself' എന്ന വാക്കുകൾ എഴുതിയ ഒരു വെള്ള പേപ്പർ ചുവരിൽ തുങ്ങിക്കിടക്കുന്നു. നൂലുകളിൽ ഘടിപ്പിച്ചിരിക്കുന്ന മരച്ചട്ടികൾ. അതിൽനിന്നു തൂങ്ങിക്കിടക്കുന്ന മനോഹരമായ ഓർണമെന്റൽ ചെടികൾ.
"മോൾ അപ്പുറത്ത് ചെന്ന് കളിക്ക്,' സ്‌നേഹപൂർവം മകളുടെ തോളിൽ തട്ടി ഗംഗയുടെ ഭർത്താവ് റിതേഷ് പറഞ്ഞു,
""സംശയം തോന്നിയതെല്ലാം അവരെടുത്തോണ്ടുപോയി. എല്ലാം അവർ നശിപ്പിച്ചു. ഞങ്ങളുടെ ജീവിതവും.''
""അതെല്ലാം തിരിച്ചുകിട്ടും, വിഷമിക്കേണ്ട. കുറച്ചു ഫോർമാലിറ്റീസ് ഉണ്ടാകുമെന്നുമാത്രം'' ഞാനയാളെ ആശ്വസിപ്പിക്കുവാൻ നോക്കി.
""അവരതെല്ലാം മനഃപൂർവം ചെയ്യുന്നതാണ്. അവർക്കറിയാം കൊലയാളി ആരാണെന്ന്. പക്ഷേ, സമ്മതിച്ചുതരില്ല. തെളിവുകൾക്കുനേരെ അവർ കണ്ണടയ്ക്കുന്നു. എന്തൊരു അനീതിയാണിന്നാട്ടിൽ നടക്കുന്നത്, ദൈവമേ!'' ഒരു ദീർഘനിശ്വാസത്തോടെ അയാൾ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി. മനോഹരമായ കർട്ടൻ മറച്ചുവെച്ചിരുന്നത് അവർണനീയമായ കാഴ്ചയായിരുന്നു-അനേകം വെള്ളമന്ദാരപ്പൂക്കൾ പൂത്തുലഞ്ഞുനിൽക്കുന്നു. ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒരു വെള്ളപ്പരവതാനി വിരിച്ചതുപോലുണ്ട്.

""ഗംഗയ്ക്ക് നിർബന്ധമായിരുന്നു, ഇവിടെ ഒരു ഫ്രഞ്ച് ജനവാതിൽ വെക്കണമെന്നത്. ആർക്കിടെക്ചർ പൂർത്തിയാക്കിയതിനുശേഷം അവൾ സ്വന്തമായി ഡിസൈൻ ചെയ്ത ആദ്യത്തെ പ്രൊജക്റ്റ് ആണിത്. ഈ വീട്ടിൽ വന്ന പലരും പിന്നീട് അവൾ തന്നെ ഡിസൈൻ ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. ജോലിയിൽ അവൾക്ക് അത്ര ആത്മാർഥത ആയിരുന്നു. ഇപ്പോൾ ഈ പൂന്തോട്ടം തന്നെ നോക്കിയേ, എത്ര മനോഹരമായാണവൾ സെറ്റ് ചെയ്തിരിക്കുന്നത്,'' അയാൾ അഭിമാനത്തോടെ വിശേദീകരിച്ചു.

ഡിറ്റക്ടീവ് കണ്ണുകളോടെ ഞാൻ അയാളെ നോക്കി.
തടിച്ചുചീർത്ത മുഖം, നെറ്റിയുടെ ഏകദേശം നടുക്കായി വലിയൊരു മറുക്, മുഖത്തിന് ചേരാത്ത നേർത്ത വരപോലെയുള്ള ചെറിയ പരിഷ്‌കാരി മീശ, വെട്ടിയൊതുക്കാത്ത ചറപറ താടി, കുടവയർ, ഇടുങ്ങിയ കഴുത്ത്, അതിൽനിന്നും തൂങ്ങിക്കിടക്കുന്ന രണ്ട് വലിയ സ്വർണമാലകൾ. കൈവിരലുകളിൽ സ്വർണമോതിരം. ഉണ്ടക്കണ്ണുകൾ. ഭാര്യയോട് അതിയായ സ്‌നേഹം. അതോ അയാൾ അതഭിനയിക്കുകയാണോ? സ്വാഭാവികമായും പോലീസ് അയാളെ നന്നായി ചോദ്യംചെയ്തുകാണണം. എന്തൊരു വിരോധാഭാസമാണല്ലേ? ജീവിതപങ്കാളിക്ക് വല്ല അപകടവും സംഭവിച്ചാൽ ആദ്യം സംശയിക്കുന്നത് അതുവരെ താങ്ങും തണലുമായി നിന്ന, ഒരുപക്ഷേ നിൽക്കേണ്ട ഭാര്യയെയോ ഭർത്താവിനെയോ ആണ്!

""ഇതെവിടുന്നു കിട്ടി?'' തെല്ലു പരിഭ്രമത്തോടെ അയാൾ ചോദിച്ചു.
""മോൾ തന്നതാണ്. ഗംഗയുടേതാണെന്ന് പറഞ്ഞു.''
""അതെനിക്ക് വേണം. അതവളുടെ ഉറ്റ സുഹൃത്തായിരുന്നു. എന്നോട് വരെ പറയാത്ത കാര്യങ്ങൾ അവളതിൽ കുത്തിക്കുറിക്കാറുണ്ട്,'' അയാളുടെ കണ്ണുകൾ പരിഭ്രാന്തിയോടെ ഡയറിയിൽ നിന്ന് എന്നിലേക്കും തിരിച്ചും മാറിമാറി ചലിച്ചുകൊണ്ടിരുന്നു.

""മിസ്റ്റർ...?'’
""റിതേഷ്... റിതേഷ് നായർ.’’
""മിസ്റ്റർ റിതേഷ്, അത് നിങ്ങൾക്കെങ്ങനെ അറിയാം?''
""എന്തൊരു ചോദ്യമാണ് സർ? അവളെന്റെ ഭാര്യ ആണ്,'' പ്രകടമായ നീരസത്തോടെ റിതേഷ് പ്രതികരിച്ചു, ഒരു നിമിഷത്തെ മൗനത്തിനുശേഷം തുടർന്നു, ""നിങ്ങളും പോലീസിന്റെ പാതയിലൂടെ ആണോ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത്? എങ്കിൽ നമുക്കിതിവിടെ വെച്ചു നിർത്താം.''
""നിങ്ങൾക്കെന്നെ വിലയ്ക്കുവാങ്ങാൻ കഴിയില്ല. ഞാനൊരു കേസേറ്റെടുത്താൽ അതെങ്ങനെ അന്വേഷിക്കണമെന്നെനിക്കറിയാം. അത് നിങ്ങളെന്നെ പഠിപ്പിക്കേണ്ട'', ഞാൻ വ്യക്തമാക്കി.
""ഞാനതല്ല ഉദ്ദേശിച്ചത്'', തെല്ലൊരു ഇളിഭ്യതയോടെ റിതേഷ് മറുപടി നൽകി. കുറച്ചുനേരം ആലോചിച്ചതിനുശേഷം എന്തോ മനസ്സിലുറപ്പിച്ചതുപോലെ തുടർന്നു, ""ഞാനൊരു മുൻശുണ്ഠിക്കാരനാണ്. അത് മാത്രമായിരുന്നു ഗംഗയുടെയും പരാതി. അവൾ ദേഷ്യപ്പെട്ടുകാണുന്നത് വിരളമാണ്. ആരോട് എങ്ങനെ പെരുമാറണമെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവളില്ലാതെ...''
അയാളുടെ ശബ്ദമിടറി. ""ക്ഷമിക്കണം ഞാനിപ്പോ വരാം.''
അടഞ്ഞ വാതിലുകൾ തുറക്കുന്ന ശബ്ദം.

ഉച്ചവെയിൽ കായാനെന്നവണ്ണം കൂട്ടംകൂട്ടമായി പറന്നുകളിക്കുന്ന തുമ്പികൾ. അദൃശ്യമായ ചിറകുകൾ കൊണ്ടവ പറക്കുന്ന മായാജാലം പണ്ട് ഞാൻ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ടായിരുന്നു.
""അത് നിങ്ങൾ കൊണ്ടുപൊയ്‌ക്കോളൂ. ഒരാഴ്ചക്കുള്ളിൽ തിരിച്ചുതരാൻ സാധിക്കുമോ?'' ചുവന്ന കണ്ണുകളോടെ, നിസ്സഹായനായി നോക്കിനിൽക്കുന്ന ആ മനുഷ്യനോട് ഇല്ലെന്നു തറപ്പിച്ചുപറയുവാൻ എനിക്ക് തോന്നിയില്ല.
""ശ്രമിക്കാം. ഇത് എന്തുകൊണ്ട് നിങ്ങൾ പോലീസിനെ ഏൽപിച്ചില്ല?''
""ഡയറി എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു. അന്വേഷണത്തിന് അത് ഉപ.. ഉപകാരപ്പെടുമോ എന്നറിയില്ല.''
""നിങ്ങൾ തമ്മിൽ വല്ല പ്രശ്‌നങ്ങളും? '
""ഏയ്, ചെറിയ പിണക്കങ്ങളല്ലാതെ മറ്റൊന്നുമില്ല.'' റിതേഷ് ലാഘവത്തോടെ പറഞ്ഞു.
""ഉം... ശരി. കാണാം.'' അധികം ഉപചാരങ്ങളില്ലാതെ ഞാൻ തിരിച്ചു.

ചീവിടിന്റെ ശബ്ദം ചെവിയിൽ കുത്തിക്കയറുന്നതുപോലെ തോന്നി.
പാതി തുറന്നിട്ട ജനവാതിൽ അടയ്ക്കുവാൻ തുടങ്ങിപ്പോൾ, മാനത്ത് പുഞ്ചിരിതൂകി നിൽക്കുന്ന ചന്ദ്രനെ കണ്ടു. കുറച്ചു ദിവസങ്ങൾക്കുമുൻപ്, കൃത്യമായി പറഞ്ഞാൽ, ആഗസ്റ്റ് അഞ്ചിന്, ദീപക്കിന്റെ ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോയതിന് പിറ്റേദിവസം ആയിരുന്നു റിതേഷിന്റെ ഫോൺ വന്നതെന്ന് അഹദ് ഓർത്തു. അത് മനസ്സിൽ നിന്നും മായാതിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അന്ന് ചന്ദ്രന്റെ ഘട്ടങ്ങളെക്കുറിച്ച് സുഹാനയുടെ ഒരരമണിക്കൂർ ക്ലാസ് കൂടിയുണ്ടായിരുന്നു. സുഹാനയുടെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്ന് ചർച്ചാവിഷയമായിപ്പോയതോർത്ത് ഓരോ മിനുട്ടിലും തന്നെ നിസ്സഹായതയോടെ നോക്കുന്ന ദീപക്കിന്റെ മുഖമങ്ങനെ മറക്കാൻ പറ്റുമോ?
സുഹാനയുടെ കൂർമബുദ്ധിയും കഠിനാധ്വാനവും ദീപക്കിന്റെ സത്യസന്ധതയും അഭിനയവൈദഗ്ധ്യവും പിന്നെ എടുത്തുപറയേണ്ട നർമബോധവും ഡിറ്റക്ടീവ് ഏജൻസിയുടെ വളർച്ചയെ കാര്യമായി സഹായിച്ചിട്ടുണ്ട്. രണ്ട് വർഷങ്ങൾ മുമ്പ്, ഒറ്റയാൾ പട്ടാളമായി ഒരു മെലിഞ്ഞ, അഞ്ചടി മൂന്നിഞ്ചുകാരൻ അത് തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചില്ല, ഇത്ര ഒരുമയുള്ള സുഹൃത്തുക്കളെ കിട്ടുമെന്ന്. അസിസ്റ്റന്റ് ആയിട്ടല്ല, മറിച്ച് ഏജൻസിയിൽ തുല്യപങ്കാളിത്തമുള്ളവരായാണവരെ നിയമിച്ചത്. ആ തീരുമാനം ശരിയായിരുന്നു എന്ന് അഹദ് ഇപ്പോഴും അഭിമാനപൂർവം ഓർക്കാറുണ്ട്.

വലതു കൈയിലെ പേന ചലിപ്പിച്ചുകൊണ്ട്, അഹദ് ആലോചിച്ചു, തെളിവുകളെക്കുറിച്ച്.

വളരെ നന്നായി ഗംഗ വിവരിച്ചിട്ടുള്ള ഓരോ ദിനങ്ങളിലൂടെയും ഞങ്ങൾ കടന്നുപോയി. ഒരു ആർക്കിടെക്റ്റ് ആയില്ലായിരുന്നെങ്കിൽ അവർ ചിലപ്പോൾ ഒരെഴുത്തുകാരി ആയേനെ. വളരെ മികച്ച ആഖ്യാനശൈലി. നല്ല കൈയക്ഷരവും. എന്നാൽ അവർ ഭർത്താവുമായി നല്ല രസത്തിലല്ല എന്ന് വ്യക്തമായി. റിതേഷിനെ ഒന്നുകൂടി ചോദ്യം ചെയ്യാമെന്ന നിഗമനത്തിലെത്തി നിൽക്കവേ ആണ് സുഹാന അക്കാര്യം കണ്ട് പിടിച്ചത്, ഗംഗയുടെ മരണസമയവും അവസാനത്തെ ഡയറിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന സമയവും! അതിങ്ങനെ ആയിരുന്നു,
‘‘7:45- മറ്റൊരു കാര്യം കൂടി പറയാനുണ്ട് സുഹൃത്തേ (ഗംഗ ഡയറിയെ സുഹൃത്ത് എന്നാണഭിസംബോധന ചെയ്തിരുന്നത്). ഇപ്പോൾ വന്ന ഫോൺ കോളിൽ നിനക്കെന്തെങ്കിലും പ്രത്യേകത തോന്നിയോ? എന്നാൽ അത് വെറുതെ ആണുട്ടോ. നിനെക്കെന്റെ പഴയ കൂട്ടുകാരെ അറിയാത്തതുകൊണ്ട് തോന്നുന്നതാണ്. എല്ലാ കാര്യങ്ങളും തമാശ ആയി എടുക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്, നീയടക്കം. അവരാരോ ആണ്. പക്ഷേ പറഞ്ഞകാര്യം എനിക്കിഷ്ടപ്പെട്ടില്ല. എനിക്ക് നിന്നെക്കുറിച്ച് അറിയാത്ത ഒരു കാര്യമുണ്ടത്രേ! എന്തായാലും അതിനെക്കുറിച്ചു ഞാനൊന്നാലോചിക്കുന്നുണ്ട്. നീ എന്റെ കൂടെ നിൽക്കണേ.’’

മരണസമയം : 7:50 പിഎം.

നിപുൺ ഡയറി എഴുതുകയായിരുന്നു എന്നത് യാദൃശ്ചികമായേ തോന്നിയുള്ളു. എന്നാലിപ്പോൾ? അതിനുശേഷമുള്ള അന്വേഷണത്തിൽ വിക്കിക്കും ഡയറി എഴുതുന്ന ശീലമുള്ളതായി അറിഞ്ഞു, അയാളുടെ "ന്യൂ ജെൻ' രൂപത്തിന് അത് ഒട്ടും ചേരാത്തതായി തോന്നിയെങ്കിലും.
അവസാനത്തെ ആ ഫോൺ കോൾ - ആര്? എവിടെ നിന്ന്? എന്തിന്? എന്താണ് പറഞ്ഞത്?
ഗംഗയുടെ ഈ സുഹൃത്തുക്കൾ ആരെല്ലാം? ഇപ്പോൾ എവിടെ? ഗംഗയ്ക്ക് അവരെ ഇത്രയും വിശ്വാസമുണ്ടാകാനുള്ള കാരണം?

ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ എന്റെ മുമ്പിലുണ്ട്.
ഒരൊഴിഞ്ഞ ഏടിനേക്കാൾ എന്തുകൊണ്ടും നല്ലത് ചോദ്യങ്ങളാണ്. ഒന്നുകിൽ അവ ലക്ഷ്യസ്ഥാനത്തെത്തിക്കും, അല്ലെങ്കിൽ വഴിതെറ്റിക്കും. വഴിയറിയാതെ പകച്ചുനിൽക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമാണത്.
ചേതനയറ്റുകിടക്കുന്ന മൂന്നുപേരുടെയും തകർന്നടിഞ്ഞുപോയ സ്വപ്നങ്ങൾ, നിരാശകൾ, വേവലാതികൾ... ഒരു സാധാരണക്കാരനെ ഭയപ്പെടുത്താൻ അവരുടെ തുളച്ചുകയറുന്ന ഈ നോട്ടം മതി. എന്നാൽ, നാലുവർഷം മെഡിക്കൽ കോളേജിന്റെ പടികൾ കയറിയിറങ്ങിയ ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുത്തരിയല്ല. പഠനാവശ്യങ്ങൾക്കുവേണ്ടി കീറിമുറിക്കുന്ന ശവശരീരങ്ങൾക്ക് ഒരിക്കൽ ജീവനുണ്ടായിരുന്നുവെന്നും അവർ ഒരിക്കൽ ചിരിക്കുകയും കരയുകയും ചെയ്യാറുണ്ടായിരുന്നു എന്നുമുള്ള ചിന്തകൾ ഒരുപക്ഷേ ആദ്യത്തെ കുറച്ചുദിവസങ്ങൾ ഉറക്കം കെടുത്തിയേക്കാം. പിന്നീട് ഫോർമാലിന്റെ മണം കുത്തിക്കയറുന്ന ടേബിളിനുമുന്നിൽ നിൽകുമ്പോൾ, അന്ന് കണ്ടുപിടിച്ച് അളവുകൾ രേഖപ്പെടുത്തേണ്ട അവയവത്തിന്റെ ചിത്രം മാത്രമേ മനസ്സിൽ കയറുകയുള്ളൂ. കണ്ടെത്തേണ്ട വഴികളും.

കോട്ടണിഞ്ഞ ആദ്യദിനം... കുളിരണിഞ്ഞ മനസ്... രോഗികളും ബൈസ്റ്റാൻഡേഴ്‌സും തിങ്ങിനിൽക്കുന്ന വരാന്തകളിലൂടെ കോട്ടിട്ടു നടക്കുമ്പോൾ യാന്ത്രികമായി രൂപപ്പെടുന്ന വഴികൾ. കൂട്ടത്തിൽ ചില നെഞ്ചുവിരിച്ച ആറിഞ്ചുകാരുടെ, ‘നീയും ഡോക്ടറാണോ?' എന്ന കമന്റുകൾ. അവസാനം, ആ പടികളിറങ്ങേണ്ടിവന്ന ദിനങ്ങൾ. ഒരു ഡോക്ടറാവേണ്ടിയിരുന്ന താൻ... നിരാശയുടെയും പരിഭവങ്ങളുടെയും ഏടുകൾ എന്നേ താഴിട്ടുപൂട്ടി. ഇനി ശുഭചിന്തകൾ മാത്രം എന്ന് നിശ്ചയിച്ചുറപ്പിച്ചതാണ്, അന്ന്.

മൃതശരീരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തെളിവുകൾ കണ്ടെത്തുന്ന "ഫൊറെൻസിക്ക്' വിഭാഗത്തോട് മെഡിസിന് പഠിക്കുമ്പോൾ തോന്നിയ താല്പര്യമാണോ അതോ പ്ലസ്ടു കാലത്ത് പഠിച്ച സൈക്കോളജി ആണോ തന്നെ ഒരു ഡിറ്റക്ടീവ് ആക്കിയത് എന്ന് അഹദിനറിയില്ല. എല്ലാം ഒരു നിമിത്തമാകാം. പക്ഷേ, ഒന്നറിയാം. ഓരോ കേസിലെയും ചുരുളുകൾ അഴിയുമ്പോൾ ഉണ്ടാകുന്ന കോരിത്തരിപ്പ്. അതിൽ താൻ ആഹ്ലാദം കണ്ടെത്തുന്നു. അതിനുവേണ്ടി എത്രതന്നെ പ്രയത്‌നിക്കുവാനും തയ്യാറാണ്. അതുതന്നെയാണ് തന്നെയിപ്പോൾ ഒരു മികച്ച ഡിറ്റക്ടീവാക്കി മാറ്റിയതും- പ്രയത്‌നം ഒരിക്കലും പാഴാവില്ലെന്ന വിശ്വാസം.

ലാമ്പിൽ നിന്നും വരുന്ന മഞ്ഞവെളിച്ചത്തോട് ഒരുനിമിഷം വിടപറയുംപോലെ, ആ ചെറിയ കവാടങ്ങൾ പതിയെ അടഞ്ഞു. ദീർഘനേരത്തെ ജോലിയ്ക്കുശേഷം കിട്ടുന്ന ഒന്നോ രണ്ടോ നിമിഷത്തെ വിശ്രമം എത്രയോ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകണം അഹദ് ഇടയ്ക്കിടക്ക് തന്റെ കണ്ണുകളെയും വിശ്രമിക്കാനനുവദിക്കുന്നത്. ചിലർ കരുതുന്നത് അതൊരു പാഴ്‌ സമയമാണെന്നാകും. പക്ഷേ, അഹദിനറിയാം, കൂടുതൽ മൈലുകൾ ഓടാനുള്ള ഊർജമാണതെന്ന്. കൊലയാളിയുടെ ലക്ഷ്യം, ഉദ്ദേശ്യം, പദ്ധതികൾ... എല്ലാം തന്നെ ഇപ്പോഴും അവ്യക്തമായിത്തന്നെ അവശേഷിക്കുന്നു. അവ കണ്ടെത്താനൊരുപക്ഷേ ഇനിയും കുറേ കാത്തിരിക്കേണ്ടിവരും.

ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് പെട്ടെന്ന് കടന്നുവരുമ്പോൾ ഉണ്ടാകുന്ന മഞ്ഞളിപ്പ് പോലെ, ഡയറിയിൽ നൃത്തം ചെയ്യുന്ന കുറേ ബിന്ദുക്കൾ അഹദിനെ വരവേറ്റു. ഒരു നിമിഷത്തെ അന്ധാളിപ്പിനുശേഷം അഹദ് പേന ചലിപ്പിച്ചു.
വെറും നാലുദിവസം മുൻപാണ് ഗംഗയുടെ മരണം നടന്നത്. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് നാലാം തീയതി ദീപക്കിന്റെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോളാണാ ഫോൺ കോൾ വന്നത്. മരണങ്ങൾക്കിടയിൽ മാസങ്ങളുടെ ഇടവേളയുണ്ട്. മറ്റൊരു മരണം നടക്കാൻ അനുവദിച്ചുകൂടാ.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ നഗരസഭാ പരിധിയിൽ നടന്ന ഈ മൂന്ന് കൊലപാതകങ്ങളും ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ചെറിയൊരു ശബ്ദവ്യത്യാസം പോലും ജനങ്ങളെ ഭയപ്പെടുത്തുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, അതിവിദഗ്ധമായി ജനങ്ങളെയും നിയമപാലകരെയും പറ്റിക്കുന്ന കൊലയാളി നിസ്സാരക്കാരനല്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. വളരെ മികച്ച പദ്ധതികളും ആസൂത്രണരീതികളും അയാൾക്ക്, അല്ലെങ്കിൽ അവർക്കുണ്ട്.

ഒരുപാട് സമയം ഒരേ താളത്തിൽ ചലിക്കുന്ന തന്റെ രണ്ടുവിരലുകൾക്ക് വിശ്രമം നൽകാൻ അഹദ് പേന മേശപ്പുറത്തുവെച്ചു. കാർമേഘങ്ങൾ ചന്ദ്രനെയിപ്പോൾ പൂർണമായും മറച്ചിരിക്കുന്നു. ശീതക്കാറ്റ് വീശിയടിക്കാൻ തുടങ്ങിയിട്ടുണ്ടാകണം, അപ്പുറത്തെ വീട്ടിലെ കിങ്ങിണിപ്പൂച്ച കരച്ചിൽ തുടങ്ങിയിട്ടുണ്ട്. ജനൽപാളികളുടെ വിറയലും ഉറക്കെയായി വരുന്നു. മിന്നൽപ്പിണറുകൾ ക്യാമറാ ഫ്ലാഷ് പോലെ വന്നുതുടങ്ങിയിരിക്കുന്നു. പുറകെ കുട്ടികളെ വിറപ്പിക്കുന്ന മുഴക്കം കേൾക്കാനില്ല. ദൂരെ നിന്നാകും. "ഇത്തവണ തുലാവർഷം തകർത്തുപെയ്യാനുള്ള സാധ്യതയുണ്ട്,' പേനകൊണ്ട് മേശയിൽ താളംപിടിച്ച് അഹദ് ചിന്തകളിൽ മുഴുകി. ഇടിമിന്നലിനെ പേടിച്ച് പണ്ട് താനും ചേച്ചിയും കസേരയിൽ കാൽ കയറ്റിവെച്ചിരുന്നിരുന്നതും ജനാലകൾക്കരികിൽ നിന്നും മാറിനിൽക്കാറുണ്ടായിരുന്നതും ഓർത്തപ്പോൾ അഹദിന് ചിരി വന്നു.

ഒരു വൈബ്രേഷൻ മേശയിലൂടെ സഞ്ചരിച്ചു അഹദിന്റെ കൈവിരലുകളെ സ്പർശിച്ചു. തുടർന്നുള്ള സംഗീതം ചെവിയിൽ മുഴങ്ങി. ഫോൺ കൈയിലെടുത്ത് നടുക്കുനിന്നും ഗ്രീൻ ബട്ടനിലേക്ക് തള്ളവിരൽ നീക്കി,
""ഹലോ? ''
""അഹദ്, മറ്റൊരു കൊലപാതകം കൂടി നടന്നതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റു വിവരങ്ങൾ ഒന്നുമറിയില്ല.'' സുഹാന പെട്ടെന്ന് പറഞ്ഞുതീർത്തു, തന്നിൽ ഏൽപ്പിച്ച ജോലി ചെയ്തുതീർക്കാനുള്ള വ്യഗ്രതയിൽ.
""എസ്.ഐ. വിൻസെന്റ് ആണോ അറിയിച്ചത്? ''
""ഉം... അതെ. ''
""നാലുദിവസത്തിന്റെ ഇടവേളയിൽ മറ്റൊരു കൊലപാതകമോ? മറ്റു കൊലപാതകങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടുണ്ടോ, പോലീസിന്?'' ദ്രുതഗതിയിൽ മിടിക്കുന്ന അഹദിന്റെ ഹൃദയം ചിന്തകളെ തടുക്കുകയല്ല, അവയ്ക്കു കൂടുതൽ വ്യക്തത നൽകുകയാണ് ചെയ്തത്.
""മരണസ്ഥലത്തുനിന്നും ഒരു ഡയറി കിട്ടിയിട്ടുണ്ട്'' സുഹാന കൃത്യമായി വിവരങ്ങൾ നൽകി. തെല്ലും വേവലാതിപ്പെടാതെ. ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയുടെ സൈറൺ പോലെ സുഹാനയുടെ ശബ്ദം ചെവിയിൽ മുഴങ്ങി. പതിയെ അത് അകന്നകന്നു പോകുന്നതായി അഹദിന് തോന്നി.
""കഴിഞ്ഞുപോയ ഓരോ നിമിഷവും കൊലയാളിയുടെ നേട്ടമാണ്, തങ്ങളുടെ നഷ്ടവും.'' ഇടത്തെ കൈ ടേബിൾ ലാമ്പിലെ സ്വിച്ചിൽ അമർന്നു. മിന്നിമറയുന്ന വെളിച്ചം ആ മുഖത്തെ ആവലാതി മറച്ചുവെച്ചില്ല. താൻ ഇവിടെ ഇരുന്നെഴുതുന്ന സമയത്ത് കൊലയാളി മറ്റൊരു മരണം കൂടി ആസൂത്രണം ചെയ്തു എന്ന വസ്തുത അഹദ് ഉൾക്കൊള്ളുവാൻ ശ്രമിച്ചു.
""നമുക്കവിടെ വരെ ഒന്ന് പോയിനോക്കിയാലോ? എവിടെയാണ് സ്ഥലം'' ആവേശം കൈവിടാതെ അഹദ് ആരാഞ്ഞു.
""അഹദ്, നിങ്ങളുടെ... വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ്'', ഇടറിയ ശബ്ദത്തോടെ സുഹാന പറഞ്ഞൊപ്പിച്ചു.
""അല്ലാഹ്, തനിക്കറിയുന്ന ആരോ ആണല്ലോ മരണപ്പെട്ടത്. ''
എല്ലുകളിലൂടെ ഒരുതരം തണുപ്പ് തുളച്ചുകയറി, സിരയെ മരവിപ്പിച്ചു. നിസ്സഹായനായി അഹദ് അത് കേട്ടുനിന്നു. യാന്ത്രികമായി കുറച്ചു വാക്കുകൾ പുറത്തു വന്നു,
""നമുക്ക് നോക്കാം. ''
അഹദ് ഫോണിൽ നോക്കി.
​സമയം 7:55 പി.എം!. ▮

(തുടരും)​​​​​​​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments