ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

അധ്യായം 16

ജുഗ് ഇം ... ജുഗ് ഇം ...

‘‘എന്താ ഭായി, പെ​ട്ടെന്ന്​? പ്ലാൻ റെഡി അല്ലാട്ടാ.''
‘‘സാരമില്ല, ഒരുഗ്രൻ പ്ലാൻ കിട്ടിയിട്ടുണ്ട്. ഇന്ന് നമ്മൾ ജയിക്കും, ഉറപ്പാ.''
‘‘എബ്ടുന്നു ഒപ്പിച്ചു, നമ്മൾക്കറിയാത്ത ഒരു പ്ലാൻ? ബല്ല ഗ്രൂപ്പിലും ചാരപ്പണി നടത്തിയോ?''
‘‘ഇന്റർനെറ്റിൽ ഇതെല്ലാമുണ്ട്. നമ്മൾ വിചാരിക്കുന്നതുപോലെല്ല. സെർച്ച് ചെയ്യാൻ അറിയണം ന്നു മാത്രം,'' സൈക്കോയുടെ വാക്കുകളിലെ സംശയം തിരിച്ചറിഞ്ഞു കൊണ്ട് കില്ലർ മറുപടി നൽകി.
‘‘അത് കൊള്ളാ ട്ടാ. ഇന്നെക്കൂടി പഠിപ്പിച്ചുതരോ?''
‘‘പിന്നെന്താ? ഇത് ശരിയാവോ ന്നു നോക്കട്ടെ. ജാക്ക് എവിടെ?''
‘‘അവൻ ഇപ്പോ വരാന്നു പറഞ്ഞ്.''
‘‘മാസ്റ്ററോ? അവൻ ഫോൺ എടുക്കുന്നില്ലല്ലോ?''
‘‘അവനുണ്ടാവൂല.''
‘‘നമുക്ക് കളിക്കാം. ട്രയോ.''
‘‘ഞമ്മള് ഇല്ലാട്ടാ. വല്ല ബംഗാളികളേം കൂട്ടാം. ഒരാൾ ദേ നിക്കണ് ഗ്രൂച്ചന്വേഷിച്ച്'
‘‘മലയാളികൾ ആരൂ ല്ലേ?''
‘‘ങക്ക് ഇപ്പോ മലയാളികൾ തന്നെ ബേണം. ഇപ്പോ തന്നെ കളിക്കേം ബേണം. നടക്കണ കാര്യം ബല്ലതും പറയ്. മ്മക്ക്​ വേറെ പണീണ്ട്​.’’
‘‘വാ.. തൊടങ്ങാ.''
‘‘അബിടെ നോക്ക്..ദേ വരണു...ഞമ്മള് പറഞ്ഞില്ലേ, ഇന്ന് നടക്കൂലാ ന്ന്​. ഞമ്മക്ക് അറിയാത്ത കൊറേ പഹയമ്മയാരുണ്ടാവും ന്ന്​. ഞമ്മള് അവധി ദിവസങ്ങളിലല്ലേ കളിക്കാറ്?''
‘‘ഈ ചാക്കിനുപുറകിലൊളിച്ചോ. അവർ കാണില്ല.''
‘‘ങ്ങള് ഭയങ്ങര സംഭവായിക്കുണൂട്ടാ, കില്ലറേ.''
‘‘ഉസ്‌കേ പീഛേ ഹൈഡ് കരോ, ഭായി. ധോടീ സെ നീച്ചേ. ഹാ, വൈസാ.''
‘‘ങക്ക് ഹിന്ദി അറിയണത് നന്നായി. ഞമ്മൾ ഒറ്റക്കാണെങ്കി എന്തെയ്യും? ജാക്ക് ബന്നുക്കുണൂട്ടാ.''
‘‘ജാക്ക്. കേൾക്കുന്നുണ്ടോ?''
‘‘ഇല്ലടാ. .. എന്തോ കണക്ഷൻ പ്രോബ്ലം. ഞാൻ അങ്ങോട്ട് പറയണത് കേൾക്കുന്നുണ്ടോ?''
‘‘ആ..ണ്ട്​ ..ണ്ട്​.''
‘‘ന്നാ സ്പീക്കർ ഓഫ് ആയിരിയ്ക്കും.''
‘‘ആ...ശരിയാ.''
‘‘ന്റെ ജാക്കെ, യ്യ്​ ഇതുവരെ അതോണാക്കാൻ പഠിച്ചില്ലെ?''
‘‘നല്ല തെരക്കാ സൈക്കോ, രണ്ടു ദിവസായിട്ട്​. നിന്നു തിരിയാൻ സമയല്ല്യ. അതിന്റെടക്കാ നീ വിളിച്ചേ.''
‘‘ഐന് ഇത് ഞമ്മടെ കില്ലെർടെ പ്ലാനാ.''
‘‘അത് കൊള്ളാലോ. ജയിക്കോ?''
‘‘ഒറപ്പല്ലേ? പോകാം?''
മൈക്ക് ഓഫാക്കിയ ശേഷം ദീപക് അഹദിനോടായി പറഞ്ഞു, ‘‘കണ്ടോ? ഭാഗ്യത്തിന്​ പഴയ ടീം തന്നെ കിട്ടി. ഇനി ഇതു മുന്നോട്ടുകൊണ്ടുപോയാ മതി. മീൻ വയിൽ നമ്മൾ സിഗ്‌നൽ പിന്തുടരണം.''

ചുറ്റും വെടിയൊച്ചകൾ ഉയർന്നു. കില്ലെറിന്റെ നേതൃത്വത്തിൽ നാലുപേരും തിരിച്ചും വെടിവെച്ചു. ശേഷം അവർ അടുത്ത സ്ഥലത്തേക്ക് നീങ്ങി.
‘‘ജ്ജു മാസ്റ്റേരെ ബിളിച്ചീന്നാ?''
‘‘വിളിച്ചു. അവൻ കളിയ്ക്കാൻ ഇല്ലാന്നു പറഞ്ഞു. നന്നാവാൻ തീരുമാനിച്ചത്രേ.''
‘‘അവനെന്താണങ്ങനെ പറയണത്? അപ്പം ഞമ്മള് കൊളളൂലേ?''
‘‘അങ്ങനെ അല്ല... ഓരോരുത്തർക്ക്​ ഓരോന്ന് തോന്നുന്നതല്ലേ?''
‘‘ഞമ്മള് കൊറച്ച് ദിവസം കയിഞ്ഞാ നന്നാവും.’’
‘‘വലി നിർത്തണ പോലല്ലെ? അങ്ങനെ കൊറേ പേരെ കണ്ടിട്ടുണ്ട്.''
‘‘കളിയാക്കല്ലേ ജാക്കെ. ഞമ്മള് ജീവിച്ച് പൊയ്‌ക്കോട്ടെ.''
‘‘ശരി ശരി.''

സിനിമയിൽ മാത്രമേ അഹദ് മെഷീൻ ഗണ്ണുകളും റൈഫിളുകളും കണ്ടിട്ടുള്ളൂ. പിന്നെ ചില ഫോറെൻസിക് പുസ്തകങ്ങളിലും. റിപ്പർ രാമു കേസിനുശേഷമാണ് ഒരു തോക്കുപയോഗിക്കുവാൻ പഠിച്ചതും ലൈസൻസുള്ള ഒരു തോക്ക് അനുവദിച്ചു കിട്ടിയതും. അതിനു മുൻപ് താൻ എന്തു ധൈര്യത്തിലാണ് കേസുകൾ അന്വേഷിച്ചിരുന്നത് എന്ന്​ അഹദ് ചിലപ്പോൾ ആലോചിക്കും. സംഘട്ടനങ്ങളുണ്ടാകും എന്നു വിചാരിച്ചിട്ടല്ല കേസന്വേഷണത്തിനിറങ്ങിയത്. അത്തരത്തിലൊന്നും ഉണ്ടാകില്ല എന്ന്​ ചിന്തിക്കുന്നത് മണ്ടത്തരമാണെന്നും അഹദിനറിയാം. ശ്രീനിവാസൻ ഒരു സിനിമയിൽ പറയുന്നതു പോലെ, ഏത് നിമിഷവും തോക്കിനു മുൻപിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന ഒരു പോരാളിയെപ്പോലെയാണ് തന്റെ ജോലിയുടെ സ്വഭാവം എന്നു അഹദിനു നല്ല ബോധ്യമുണ്ട്.

‘‘വിളിച്ചോ?''
ദീപകിന്റെ ശബ്ദം കേട്ടാണ്​ അഹദ് തിരിഞ്ഞുനോക്കിയത്.
അപ്പോൾ തന്നെ അഹദ് സുഹാനയെ വിളിച്ചു.
ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ സുഹാന അഹദിന്റെ വീട്ടിലേക്കുവരാം എന്നു പറഞ്ഞു. അതു വേണ്ടെന്നും പകരം ഫോൺ സിഗ്‌നലുകൾ ട്രേസ് ചെയ്യാൻ സഹായിച്ചാൽ മതിയെന്നും സുഹാനയെ പറഞ്ഞുമനസ്സിലാക്കാൻ കുറച്ചുസമയം വേണ്ടി വന്നു. സുഹാനയുടെ സുഹൃത്തായ വിവേകിനെ അഹദിന്റെ വീട്ടിൽ കൊണ്ടുവന്ന്​ ലാപ്‌ടോപ്പിലെ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഓരോരുത്തരേയും പിന്തുടരുക എന്നത് ദീപകിന്റെ ഐഡിയയായിരുന്നു. എന്നാൽ, പാതിരാത്രിക്ക് അവരെ ട്രേസ് ചെയ്യുക എളുപ്പമുള്ള പരിപാടിയല്ല എന്നു അഹദിന്​ നേരത്തെ അറിയാമായിരുന്നു. അതിനാൽ, നൈറ്റ് പട്രോളിങ്ങിന്റെ പേരും പറഞ്ഞ്​ വിൻസെൻറ്​ അടക്കം ഒന്നുരണ്ടു വിശ്വസ്തരായ പൊലീസുകാരെ അഹദ് നേരത്തെ വിളിച്ച് ചട്ടംകെട്ടിയിരുന്നു. അവരുടെ കൂടെ പോകാൻ അഹദും തയ്യാറായി. പറഞ്ഞ പ്ലാൻ പ്രകാരം വിൻസെൻറ്​ മെയിൻറോഡിൽ ജീപ്പുമായി കാത്തുനിൽക്കില്ലേ എന്നറിയാൻ അഹദ് വിൻസെന്റിനെ ഒന്നുകൂടി ഫോൺ ചെയ്തു. അവർ ഏകദേശം എത്താറായെന്നും പുറപ്പെട്ടോളൂ എന്നുമുള്ള സന്ദേശമാണ് അഹദിനു ലഭിച്ചത്​. അതുപ്രകാരം അഹദ് വീടുവിട്ടിറങ്ങി, ദീപകിന്റെ ബൈക്കിൽ.

ബൈക്കിന്റെ കുടുകുട് ശബ്ദത്തോടൊപ്പം ചെവിയിലേക്കിരച്ചു കയറുന്ന കാറ്റിന്റെ താളം അഹദ് ശ്രദ്ധിച്ചു. ചെവിയെന്ന നിഗൂഢമായ ടണലുകൾ പോലെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന്​ അഹദിനുതോന്നി. അവയിലൂടെ ഇരച്ചുകയറുന്ന കാറ്റിനിപ്പോൾ ഒരു ഭീകരരൂപമായിരിക്കുന്നു. അവ വന്നടിക്കുന്ന ഓരോ നിമിഷവും ചിലന്തിവലയിലകപ്പെട്ടു പോയ ഒരു പ്രാണിയെപ്പോലെ നിസ്സഹായനായി അഹദ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു.
‘‘അഹദ്...ഞാനല്ല ഇത് ചെയ്തത്...''
ഈ വാക്കുകളാണ് അഹദിനുള്ള ഏക തെളിവ്, അതൊരു തെളിവായി കണക്കാക്കുകയാണെങ്കിൽ. രണ്ടു മൂന്നു കൊല്ലമായി അടുത്തറിയുന്ന ഒരു സുഹൃത്തിന്റെ വാക്കുകളെന്ന നിലയ്ക്ക് അത് പ്രസക്തമാണ്, ഒരു പക്ഷേ, വിശ്വാസയോഗ്യവുമാണ്. മറിച്ച്, ഒരു സീരിയൽ കില്ലരുടെ മറ്റൊരു പദ്ധതി മാത്രമാണു ഇതെന്ന് ചിന്തിച്ചാൽ? അഹദ് ചിന്താക്കുഴപ്പത്തിലായി.

അതിനുശേഷം ദീപക് പറഞ്ഞ കാര്യങ്ങൾ?
യമുന ടീച്ചറുടെ ഫോട്ടോ?
എല്ലാം കൂട്ടി വായിച്ചപ്പോൾ അഹദ് ദീപകിനെ വിശ്വസിച്ചുപോയി.
ശേഷമുള്ള പ്ലാനുകളെല്ലാം ദീപകിന്റേതുതന്നെയായിരുന്നു. കേട്ടപ്പോൾ മികച്ചതാണെന്ന് തോന്നിയതുകൊണ്ട് അഹദ് സമ്മതിച്ചു. അല്ലെങ്കിൽത്തന്നെ, ഗെയിമിനെക്കുറിച്ച്​ തനിക്ക് എന്തറിയാം?

എന്തുകൊണ്ട് താനിത് സുഹാനയോടുപോലും പറഞ്ഞില്ല?
അവളെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എന്ന നിർബന്ധബുദ്ധി മൂലമാണോ? നേരത്തെ സുഹാനയെ വിളിച്ചപ്പോഴും ദീപക് തന്റെ കൂടെയുണ്ടെന്ന കാര്യം താനെന്തിന്​ മറച്ചുവെച്ചു? സുഹാന അത് അറിഞ്ഞിരിക്കേണ്ടതല്ലേ? അതുതന്നെയല്ല, ഇത്തരം സാഹചര്യങ്ങളിലെടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചും അവൾക്കു ചിലപ്പോൾ വ്യക്തമായ അഭിപ്രായങ്ങളുണ്ടായേക്കാം. പക്ഷേ, അതുകൊണ്ട് കാര്യമില്ല. അവ നേരിടുക തന്നെ വേണ്ടേ? അതാലോചിച്ചപ്പോൾ എട്ട് ചിലന്തിക്കാലുകൾ തന്നെ ഇറുക്കുന്നതു പോലെ അഹദിന് തോന്നി. സുഹാനയെങ്കിലും സുരക്ഷിതയായിട്ടു ഇരിക്കട്ടെ എന്നു താൻ കരുതിയതു നന്നായി.

അതിനുശേഷം ദീപക് പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചു നോക്കിയാൽ അവന്റെ ഭാഗത്തുതന്നെയല്ലേ ശരി? ഒരു പക്ഷേ, ഇതെല്ലാം അവൻ കെട്ടിച്ചമച്ചതായിരിക്കുമോ? ദീപക് ഒരു മികച്ച എഴുത്തുകാരനല്ലേ? നിമിഷനേരം കൊണ്ട് കഥകൾ നെയ്‌തെടുക്കുന്നതിൽ അവൻ സമർഥനായിരിക്കില്ലേ? പെ​ട്ടെന്ന്​തനിക്ക് പരിചിതമായ എഴുത്തുകാരുടെ മുഖങ്ങൾ അഹദിന്റെ മുന്നിൽ തെളിഞ്ഞു. പുസ്തകങ്ങൾക്കു പുറകിലുള്ളവ, പത്രത്താളുകളിൽ കണ്ടു പരിചയമുള്ളവ, സാംസ്‌കാരികോത്സവങ്ങളുടെ പോസ്റ്ററുകളിൽ കണ്ടിട്ടുള്ളവ. അവരിലൊന്നും കള്ളന്മാരോ കൊള്ളക്കാരോ ഉണ്ടെന്ന് വിചാരിക്കാൻ അഹദിനായില്ല.

‘‘എഴുത്തുകാരാണ് ഇവിടത്തെ യഥാർഥ നേതാക്കന്മാർ. അവരുടെ അഭിപ്രായങ്ങൾ നാം എന്നും മാനിക്കണം.'' മൊയിദീൻ മാഷിന്റെ വാക്കുകൾ അഹദിന്റെ ചെവിയിൽ മുഴങ്ങി.
അഹദിന് മൊയിദീൻ മാഷിനോടുള്ള ബഹുമാനം ശലഭപ്പുഴുവിനെപ്പോലെ പതിയെ മനസ്സിലേക്കിഴഞ്ഞു വന്നു.
‘‘ശരിയാണ്, മാഷ് പറയാറുള്ളതിലും കാര്യമുണ്ട്.’’

എന്നാൽ, വലിയ ചിലന്തിയെക്കണ്ട് ഭയന്ന് പുറത്തുചാടാൻ മടിച്ച് പൂമ്പാറ്റ പ്യൂപ്പക്കകത്തുതന്നെ ചുരുണ്ടുകൂടിയിരിക്കുന്നതുപോലെ. മുഖത്തേക്കടിക്കുന്ന കാറ്റിന്റെ തീവ്രത കൂടിക്കൂടി വന്നു. അത് ഒരു മിന്നൽപ്പിണർ പോലെ വളഞ്ഞു പുളഞ്ഞ്​ ശരീരമാസകലം പടർന്നുപിടിച്ചു. എല്ലുകളിൽ തുളച്ചുകയറുന്ന ഒരു തണുപ്പ് അനുഭവപ്പെട്ടു.

ദീപക് കാണിച്ച ആ ഫോട്ടോയിലെ ഡയറി- അതുതന്നെയ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം? അത് ന്യൂസ് കോർണർ എന്നൊരു ഈവനിംഗ് പത്രത്തിൽ വന്നതാണ്. അതിൽ സ്ഥിരമായി കവിതകൾ എഴുതുന്ന ആളായിരുന്നത്രേ ഈ ടീച്ചർ.

ഈ ഇടവഴി താണ്ടുവാൻ ഇത്ര സമയമോ?
വഴിയിലുള്ള ഓരോ ചെറിയ കുഴികളിൽ കയറി ഇറങ്ങുമ്പോഴും മെയിൻ റോഡിനടുത്തെത്താറായി എന്നു മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. എന്നാൽ, അത് ഒരു മരീചിക പോലെയായിരുന്നു. എല്ലാ ദിവസവും ഈ റോഡിലൂടെ രണ്ടു മൂന്നു തവണ സഞ്ചരിക്കുന്ന തനിക്ക് ഇപ്പോൾ ഇത് അപരിചിതമായിത്തോന്നുന്നത് എന്താണെന്ന് അഹദിന് മനസ്സിലായില്ല. അപ്പോഴാണ് അഹദ് ഓർത്തത്​, വലത്തോട്ട് തിരിയുന്നതിനുപകരം താൻ ഇടത്തോട്ടാണ് തിരിഞ്ഞത്. ഗേറ്റിന്റെ മുൻപിലെത്തിയപ്പോൾ യാന്ത്രികമായി ഇങ്ങോട്ട് തിരിയുകയായിരുന്നു. ഈ വഴി പോയാലും മെയിൻ റോഡിലെത്തും. പക്ഷെ, കുറച്ചധിക ദൂരം സഞ്ചരിക്കണമെന്നു മാത്രം. ഇനിയിപ്പോൾ തിരിച്ചുപോകുന്നത് മണ്ടത്തരമാണ്. പകുതിയിലധികം ദൂരം താണ്ടിയിരിക്കുന്നു എന്ന്​ ഇടതുവശത്തെ ആ വലിയ വീട് കണ്ടപ്പോൾ അഹദിന് മനസ്സിലായി. അഹദിനാണെങ്കിൽ ബൈക്കോടിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ഇരുചക്രത്തിൽ ഒരു ബാലൻസിന്റെ പുറത്തോടുന്ന ഈ ശകടത്തെക്കുറിച്ചോർക്കുമ്പോൾ പണ്ടുമുതലേ അഹദിന് തലകറങ്ങുമായിരുന്നു. ചെറുപ്പത്തിൽ സർക്കസ് കാണാൻ പോയപ്പോൾ കുറച്ചു ചേട്ടന്മാർ മരണക്കിണർ പ്രകടനം കാഴ്ചവെച്ചപ്പോഴാണ് ഇങ്ങനെയൊരു വാഹനം അഹദിന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അതു കാണുമ്പോഴെല്ലാം വീറും വാശിയോടെയും അന്നവർ കാഴ്ചവെച്ച അഭ്യാസങ്ങൾ ഓർമ വരും. അതുകൊണ്ട് ഒരു ബൈക്ക് വാങ്ങാൻ അഹദ് മുതിർന്നിട്ടില്ല, സുഹൃത്തുക്കളുടെ ബൈക്കുകൾ ഇടക്ക്​ ഓടിക്കുമായിരുന്നെങ്കിലും. ഇതിപ്പോൾ വഴിയിൽ നിർത്തിയിടാം എന്ന സൗകര്യം മാനിച്ചാണ് ദീപകിന്റെ ബൈക്ക് എടുത്തത്. അതിനുപിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. തന്റെ കാറിന്റെ കീ അവിടെയില്ലാത്തതിനാൽ ദീപകിനും ഈ രാത്രി ഇനിയിപ്പോൾ എവിടേയും പോകാൻ പറ്റില്ല. അവൻ അവിടെ തന്നെ നില്ക്കുന്നതല്ലേ സുരക്ഷിതം എന്ന്​ അഹദ് ചിന്തിക്കുകയും ചെയ്തു. അവസാനം, ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതായി മാറുമോ തന്റെ പദ്ധതികൾ എന്നു അഹദിന് സംശയം തോന്നാതിരുന്നില്ല. എങ്കിലും കണ്ണടച്ചു മുന്നോട്ടു പോകുക തന്നെ.

ശ്യും...
കണ്ണിൽ കുത്തിത്തുളച്ച ആ മഞ്ഞവെളിച്ചം ഒരു നിമിഷത്തേക്ക് അഹദിനെ അന്ധനാക്കി. ബൈക്കിന്റെ ഹാൻഡിലിൽ മുറുകെപ്പിടിച്ച്​ ബൈക്ക് പരമാവധി റോഡരികിലേക്ക്​ ഒതുക്കിനിർത്തി. എതിരെ വന്ന വാഹനം കടന്നു പോയിക്കഴിഞ്ഞപ്പോഴാണ് അതൊരു പിക്കപ് വാൻ ആയിരുന്നു എന്ന് മനസ്സിലായത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. നിലാവെളിച്ചം ഒട്ടുമില്ലാത്ത ഈ രാത്രിയിൽ കൊടിയ വളവ്​ കടന്നുവരുന്നവർ അല്പം വേഗതയിൽ കൂടിയാണെങ്കിൽ ഒന്നുംതന്നെ കാണില്ല. വേണമെങ്കിൽ അവർ കാണാൻ ശ്രമിച്ചില്ല എന്നു തന്നെ പറയാം. ചിലരുടെ ഡ്രൈവിംഗ് അങ്ങനെയാണ്. ഞാൻ പോകും, നീ റോഡിനരികിലൂടെയോ മറ്റോ എങ്ങനെയെങ്കിലും പൊയ്‌ക്കോളൂ എന്ന ചിന്ത. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു. വിൻസെൻറ്​ ആയിരിക്കും. അവർ എത്തിക്കാണുമോ? ചങ്കുവെട്ടി ജംഗ്ഷനിൽ കാത്തുനിൽക്കാൻ പറഞ്ഞത് നന്നായി. അല്ലെങ്കിൽ ഇപ്പോൾ മാറ്റിപ്പറയേണ്ടി വന്നേനെ.

പറഞ്ഞതുപോലെ തന്നെ വിൻസെൻറ്​ മറ്റൊരു പൊലീസുകാരനേയും കൂട്ടി പറഞ്ഞ സ്ഥലത്തുതന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.
‘‘സാറേ, ഇത് വല്ലതും നടക്കോ? ഇതിപ്പോ പെട്ടന്ന് എവിടുന്നു കിട്ടി ഈ പദ്ധതികളെല്ലാം?''
‘‘തീർച്ചയില്ല വിൻസെൻറ്​, നമുക്കന്വേഷിക്കാം. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ, അഹദ് വിൻസെന്റിന്റെ അടുത്തേക്ക് തല അല്പം ഉയർത്തി വളരെപ്പതുക്കെ പറഞ്ഞു. (പൊക്കം കുറവായതുകൊണ്ട്​ അഹദ് മിക്ക ആണുങ്ങളുടെയും തോൾ വരേ മാത്രമേ ഉണ്ടാകൂ)
‘‘ഇവനെ വിശ്വസിക്കാമോ?''
‘‘ഏതാണ്ട്. എന്തായാലും സി ഐ യുടെ ചാരൻ അല്ല.''
ട്രനീം ട്രനീം
‘‘ദീപക്, എന്തായി?''
‘‘വിവേക് ഒരാളുടെ ലൊക്കേഷൻ കണ്ടുപിടിച്ചു. അഹദിന്റെ ഫോണിലേക്ക്​അയച്ചിട്ടുണ്ട്. '
‘‘ഉം ..ശരി. ആരാണ്?''
‘‘ജാക്ക്...അവനിപ്പോൾ നല്ല സിഗ്‌നൽ ഉണ്ട്.''
‘‘നീ കളി നിർത്തണ്ട. ഞങ്ങൾ നോക്കട്ടെ.''

ലോക്കേഷൻ നോക്കിയപ്പോൾ ജംഗ്ഷനിൽ നിന്ന്​ ഒരു കിലോമീറ്റർ മാറി അകത്തേക്കുള്ള ഒരു റോഡിലാണെന്നു മനസ്സിലായി. പൊലീസ് ജീപ്പ് അങ്ങോട്ടു പാഞ്ഞു. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നു രണ്ടു ഹോട്ടലുകളും പെട്രോൾ പമ്പുകളും ഒഴികെ മറ്റെല്ലാ കടകളും പൂട്ടിക്കഴിഞ്ഞിരുന്നു. ഇരുട്ടിലേക്ക് കണ്ണു നട്ടിരിക്കുന്ന മൂങ്ങകളെപ്പോലെ അവ വിരളമായി വന്നു കയറാറുള്ള ദീർഘ ദൂര യാത്രക്കാരേയും കാത്തിരുന്നു.

‘‘ഇന്നത്തെ പ്ലാൻ എല്ലാവർക്കും കിട്ടിയില്ലേ? ടൂൾസ് എല്ലാം കയ്യിലുണ്ടോ?''
‘‘ഇത് ഞമ്മള് അന്ന് പറഞ്ഞത് അല്ലേന്നു? ആ പ്ലാൻ പാളും. ഒരു സംശയും ഇല്ലാ.''
‘‘ഇത് അതല്ല സൈക്കോ. പുതിയതാണ്. നീ ഒന്നു കൂടി നോക്കിക്കേ.''
‘‘ബാല്യ മാറ്റോന്നൂല്ലാ.''
‘‘വേഗം വാ. ജാക്ക് എവിടെ?''
‘‘വണ്ടി കിട്ടി. കേറ്...'
‘‘ദേ...അവന്മാർ നോക്കി നിക്കണു. ഒന്നു പറ കില്ലെർ.''
‘‘ഏയ്..ഖിലാടി ഫോർ...ഇഥർ ആജാ. ഉഥർ നഹി. ഘാഡീ കെ പാസ്.''
‘‘കൈസെ? മുജ്‌ഹേ നഹി മാലും.''
‘‘പിന്നെന്തിനാ ജ്ജ് കളിക്കാൻ വന്നത്?''
‘‘നിനക്കല്ലേ ഹിന്ദി അറിയില്ലാ ന്ന്​ പറഞ്ഞത്?''
‘‘ഞമ്മക്ക് സംസാരിക്കാൻ അറിയില്ല ന്നേയുള്ളൂ. കൊറൊച്ചൊക്കെ മനസ്സിലാകും.''
‘‘വോ സ്റ്റാർട്ട് ബട്ടൻ ധഭായിയെ. വോ നഹി. ഉസ്‌കെ ഊപർ. വഹാ.''
‘‘ഞമ്മക്ക് നന്നായി ഓടിക്കാനറിയാം.''
‘‘നീ ഓടിക്കേണ്ട. കഴിഞ്ഞ പ്രാവശ്യം ഞാൻ കണ്ടതാണ്, കവറില്ലാത്ത സ്ഥലത്തു കൊണ്ടു നിർത്തിയത്. '
കൂടുതൽ വെടി ഒച്ചകൾ. അടുത്തടുത്ത് വരുന്നു. ടണലിന്റെ കവാടത്തിനു മുന്നിൽ എത്തുമ്പോൾ പുറകിൽ നിന്നും വെടി ഉതിരുന്നു.
‘‘നേഡ് ഇട്. അവന്മാർ എത്തി. മാറിനിൽക്കൂ, ഓ...മൂവ് കരോ. ഭായി.''

‘‘ഓ നോ...കില്ലെർ എന്തുപണിയാണ് കാണിച്ചത്?''
‘‘ഞാനല്ല വണ്ടി ഓടിച്ചത്. സൈക്കോ ആണ്. ഞാൻ അപ്പഴേ പറഞ്ഞതല്ലേ നീ ഓടിക്കണ്ടാന്ന്​? '
‘‘ങ്ങള് അത് ക്ഷമിച്ചുകള. ഞമ്മള് കണ്ടില്ല.''
‘‘അപ്പൊ ശരി.''
‘‘പോവല്ലേ. ഒന്നു കൂടി കളിക്കാം.''
‘‘അയ്യോ...സമയല്ല. നാളെ നേരത്തെ പോണം.''
‘‘വേഗം പോവാം.''
‘‘വരീന്ന്. എപ്പയെങ്കിലും അല്ലെ?''
‘‘ഇത് കഴിഞ്ഞാ ഞാൻ പോവും. അവൻമാരു പോയി.''
‘‘അവനെ കേറ്റ്. മലയാളി ആണെ ന്നു തോന്നുന്നു.''

‘‘അഹദ്...എന്തായി?''
‘‘പറഞ്ഞ സ്ഥലം എത്താറായി.''
‘‘ഇപ്പോ അവിടെനിന്ന്​ കുറച്ചുമാറിയാണ് ജാക്കിന്റെ ലോക്കേഷൻ കാണിക്കുന്നത്. നേരത്തെ പറഞ്ഞതിനേക്കാൾ ഒരു 500 മീറ്റർ കൂടി മുന്നോട്ട്​.''
‘‘ഒക്കേ. നീ അതുകൂടി ഒന്നയക്ക് .''
‘‘വിവേക്...അതൊന്നയക്കെടാ, അഹദിന്റെ ഫോണിലേക്ക്​.''
‘‘ഇവിടെ കറണ്ട് പോയീ ന്ന്​ തോന്നുന്നു. പറഞ്ഞ സ്ഥലമെത്തി. നീ ഇപ്പോഴും കളിക്കാണോ?''
‘‘ജാക്കിറെ സിഗ്‌നൽ പോയി. അവനിപ്പോൾ മൂവ് ചെയ്യാൻ പറ്റുന്നില്ല.''
‘‘വെയിറ്റ് ചെയ്യാം.''
‘‘ഇപ്പൊ വന്നില്ലേ?''
‘‘ആ...വന്നു വന്നു.''
‘‘കിട്ടിയില്ലേ? പുതിയ ലൊക്കേഷൻ?''
‘‘ഇതുതന്നെ ആണോ?''
‘‘അതുതന്നെയാണ് കാണിക്കുന്നത്. എന്തുപറ്റി?''
‘‘ഇവിടെ കുറെ വീടുകളുണ്ട്. എല്ലാം ചെറുതാണ്. ഒരു ലയിൻ കോട്ടേഴ്‌സും കാണുന്നുണ്ട്. നിനക്ക്​ ലോക്കേഷൻ തെറ്റിയതാകും.''
‘‘അല്ല, അതുതന്നെയാണ് സ്ഥലം. വിവേക് ഇപ്പോൾ ഒന്നുകൂടി നോക്കിയതാ.''
‘‘നീ കണ്ടാൽ വിശ്വസിക്കില്ല. അത്രയ്ക്ക് പാവപ്പെട്ടവരാണ് ഇവിടെ എന്നു തോന്നുന്നു. നോക്കാം.''
അഹദും വിൻസെന്റും പതിയെ നടന്നു നീങ്ങി. സംശയം തോന്നാതിരിക്കാൻ ജീപ്പ് കുറച്ചപ്പുറത്ത് പാർക്കു ചെയ്തു. ഒരു വലിയ കെട്ടിടത്തിനടുത്തെത്തിയപ്പോൾ വഴി അവസാനിച്ചു. വിൻസെന്റ് ആ കെട്ടിടം പരിശോധിച്ചു.
‘‘കെ. കെ ഗാർമെൻറ്സ്​ . ഒരു ഗോഡൗൺ ആണെന്നുതോന്നുന്നു. '
‘‘വഴിയില്ലല്ലോ ഇനി?''
‘‘ഇതിനുപുറകിലൂടെ ഒന്ന്​ പോയിനോക്കാം.''
മതിലിനോടു ചാരിനടന്നാൽ അതിനുപുറകിലുള്ള ഒരു ഊടുവഴിയിലെത്താം.
‘ശരിയായിരിയ്ക്കും.' ആ വഴി കുറച്ചുകഴിഞ്ഞപ്പോൾ അല്പം വീതി കൂടി വന്നു. ചുറ്റും ഓല മേഞ്ഞ കുറെ വീടുകൾ. കുടിലുകൾ എന്നുവേണം പറയാൻ.

‘‘ഇതേതു സ്ഥലം? ഇങ്ങനെയൊരു സ്ഥലം ഇവിടെയുണ്ടായിരുന്നോ?''
അഹദിന് വിശ്വാസിക്കാൻ കഴിഞ്ഞില്ല. നഗരത്തിൽ നിന്ന്​ മാറി തികച്ചും വ്യത്യസ്ഥമായ ഒരു ഇടം. ചുറ്റുമതിലുകളില്ലാത്ത വീടുകൾ, മുറ്റം എന്നു പറയാനൊന്നും ഇല്ല. അത്രക്കടുത്തടുത്താണ് വീടുകൾ. ഇടുങ്ങിയ മൺവഴിയിൽ നിറയെ ചരൽമണ്ണും ഉണ്ടക്കല്ലുകളും. നിലാവെളിച്ചം നന്നേ കുറവായതിനാൽ ഫോണിലെ ലൈറ്റ് ഓണാക്കേണ്ടി വന്നു.
‘‘ആരാ?''
ലൈറ്റ് കത്തിച്ച മാത്രയിൽ ഇരുട്ടിൽ നിന്ന്​ ആരോ വിളിച്ചുചോദിച്ചു.

അഹദ് ഫോൺ ലൈറ്റ് അങ്ങോട്ട് കാണിച്ചു. മൂന്നാലാളുകൾ ഒരരമതിലിനു മുകളിലിരിക്കുന്നു. ഒന്നുരണ്ടുപേരുടെ കയ്യിൽ ഫോൺ കണ്ടു. അവർ ഇരുട്ടത്ത് എന്ത്​ ചെയ്യുകയായിരുന്നു? തങ്ങളുടെ സ്ഥലത്ത്​ അതിക്രമിച്ചു കയറിയവരെ കടിച്ചു കീറാനെന്ന ഭാവത്തിൽ അവൻ മുന്നോട്ടുവന്നു. അതിൽ ഒരാൾ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.
‘‘എന്തിനാ ഇവിടെ വന്നേ?''
താഴ്ന്നു കൊടുത്താൽ അവർ തലയിൽ കയറും എന്ന്​ അഹദിന് പെ​ട്ടെന്നുതന്നെ മനസ്സിലായി. ധൈര്യം സംഭരിച്ച്​ അഹദ് ഒരടി മുന്നോട്ട് വച്ചു.
‘‘ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.''
‘‘ഫ്രണ്ടോ?'' അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
‘‘എന്താ പേര്?''
‘‘ജാക്ക്.''
‘‘ജാക്ക്? അങ്ങനെ ഒരാൾ ഇവിടെ ഇല്ല. സ്ഥലം വിട്...സ്ഥലം വിട്.''
‘‘നിങ്ങൾക്കെന്താ ഇവിടെ പരിപാടി? വേഗം വീട്ടിൽ പോ.''
അഹദ് വിശ്വസിക്കാനാകാതെ പുറകിലേക്ക് നോക്കി. വിൻസെന്റിന്റെ കാക്കിക്കുള്ളിലെ മുഖം പുറത്തുവന്നിരിക്കുന്നു. ആ മൂന്നുപേരുടേയും മുഖഭാവം മാറി. നാലാമൻ ഒന്നും ശ്രദ്ധിക്കാതെ ഇരുന്നതേയുള്ളൂ.
മിണ്ടാതെ അങ്ങ് കടന്നുപോകുന്നതായിരുന്നു ബുദ്ധി എന്ന്​ അഹദിന് തോന്നി. എന്തിനാണ് വെറുതെ കടിക്കുന്ന പട്ടിയുടെ വായിൽ കയ്യിടുന്നത്?

‘‘നിങ്ങളാരാ അതെല്ലാം പറയാൻ? ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യും.''
‘‘പൊലീസിനോട് തർക്കുത്തരം പറയുന്നോ? വേഗം സ്ഥലം വീട്.''
പിന്നെ അവരെ നിന്ന നില്പിൽ കാണാതായി.
ഒരു മീറ്റർ മുന്നോട്ട് നടന്നപ്പോൾ ഒരു മൺവീടിന്റെ തിണ്ണയിലിരുന്ന്​ ഒരാൾ ജുഗ് ഇം കളിക്കുന്നത് കണ്ടു. ഗെയിമിൽ മുഴുകിയതുകൊണ്ട് അയാൾ അഹദിനേയും വിൻസെന്റിനേയും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.
‘‘എത്തിയോ, ഹാവൂ. ഇനി എന്തെങ്കിലും കഴിക്കാം.''
‘‘എക്‌സ്ട്രാ ഒരു ബ്രെഡ് എല്ലാവരും കരുതിക്കൊ.''
‘‘ഈ ബ്രെഡും ബട്ടറും കഴിച്ചു മടുത്തു. വല്ല പുട്ടും കടലയും ആയിരുന്നേൽ...''
‘‘തമാശ വീട് സൈക്കോ. അവിടെ ആരോ പതുങ്ങിയിരിപ്പുണ്ട്.''
‘‘വെടിവെച്ചോ.''
‘‘സോറി. അതെനിക്ക് തോന്നിയതാണ്.''
‘‘നീ ഫൂട്ട്‌സ്റ്റെപ്‌സ് ശ്രദ്ധിക്കുന്നില്ലേ? അവർ അപ്പുറത്തേക്ക് പോയി.''

അഹദ് ദീപക് കൊടുത്തേൽപ്പിച്ച സ്‌കൂൾ ഫോട്ടോയിലെ കുട്ടിയുമായി അയാളുടെ മുഖം ഒത്തുനോക്കി. ഒരു തരത്തിലും അയാൾക്ക്​ ആ കുട്ടിയുമായി സാമ്യം ഉണ്ടായിരുന്നില്ല. മൂക്ക് തന്നെ നല്ല വ്യത്യാസമുണ്ട്. മുടി പിന്നെ കണക്കിലെടുക്കാൻ പറ്റില്ലല്ലോ. എങ്കിലും ഈ കുട്ടിയുടെ ഫോട്ടോയിൽ ഇറങ്ങിയ നെറ്റിയാണ്. ഇതിപ്പോൾ ഏകദേശം മുഴു കഷണ്ടി ആയതുപോലെ. അഞ്ചാം ക്ലാസിലെയോ മറ്റോ ക്ലാസ്​ ഫോട്ടോ ആണ്. മാറ്റങ്ങളുണ്ടാകും, എന്നാൽ, ഒരാളുടെ ചെറുപ്പകാലത്തെ എന്തെങ്കിലും ഫീച്ചേഴ്‌സ് കാണില്ലേ? ജാക്ക് ബാങ്കിൽ ജോലി ചെയ്യുകയാണെന്നല്ലേ പറഞ്ഞത്? അത്ര ശമ്പളം വാങ്ങിക്കുന്ന ഒരാൾ ഇങ്ങനെയുള്ളൊരു വീട്ടിൽ താമസിക്കുമോ? അവിടെ വെറുതെ നിന്നിട്ട് കാര്യമില്ല എന്ന്​ അഹദിന് തോന്നി. അതിനാൽ തിരിച്ചു നടന്നു.
‘‘അടുത്ത ആളുടെ പേർ എന്താണെന്നാണ് പറഞ്ഞത്?''
‘‘സൈക്കോ. '
‘‘ലോക്കേഷൻ അയച്ചു താ.''
‘‘അയ്യോ.. സൈക്കോ ഇപ്പോ എക്‌സിറ്റ് അടിച്ചു. തിരിച്ചു വരുമ്പോ നോക്കാം.''

ആകാശത്ത്​ ഏറ്റവും തിളങ്ങിനിൽക്കുന്ന പോളാർ സ്റ്റാറിനുപോലും ഒട്ടും വെളിച്ചമില്ലെന്ന്​ അഹദിന് തോന്നി. ചിലപ്പോൾ പ്രകൃതിയിലെ മാറ്റങ്ങൾ നമ്മുടെ വികാര വിചാരങ്ങൾക്കനുസരിച്ചാണ്. സന്തോഷവാനായി ആകാശത്തേക്ക് നോക്കുമ്പോഴുള്ള കാഴ്ചയല്ല ദുഃഖിച്ചിരിക്കുമ്പോൾ കാണുന്നത്.
‘‘ഇനി എന്താ പ്ലാൻ? ജാക്കിനോട് നേരിട്ടുപോയി എന്തെങ്കിലും ചോദിക്കണോ?''
‘‘അപ്പോൾ അവന്​ സംശയം തോന്നില്ലേ?''
‘‘വേറെ ആരെങ്കിലുമാണെന്ന് പറയാം.''
‘‘ഈ രാത്രിയിൽ?''
‘‘അതു ഞാൻ ഡീൽ ചെയ്‌തോളാം.''

വിൻസെൻറ്​ അടുത്തുപോയി നിന്നിട്ടും ചെറുപ്പക്കാരൻ ഒന്നുമറിയുന്നുണ്ടായിരുന്നില്ല. ഒരു അഞ്ചുപത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കളിച്ചു തീർന്നു. വിൻസെന്റിനെ കണ്ടപ്പോൾ അയാൾ ഞെട്ടി.
‘‘ആരാ? എന്താ?''
‘‘കാർ കേടായി. റേഡിയേറ്ററിൽ വെള്ളമില്ലെന്നാ തോന്നുന്നെ. കുറച്ചു വെള്ളം എടുത്തോട്ടെ?''
‘‘ഓ, അയ്‌നെന്താ’’ എന്നു പറഞ്ഞ്​ അയാൾ പുറത്തുകിടന്ന ഒരു ഒഴിഞ്ഞ കുപ്പി എടുത്തുകൊടുത്തു.
‘‘കാറെവിടെ? വേണേൽ ഞമ്മളും വരാം.''
‘‘താങ്ക്‌സ്. കൂടെ ആളുണ്ട്. വളരെ ഉപകാരം. എവിടെയാ ജോലി ചെയ്യുന്നത്?''
‘‘ഇവിടെ അടുത്ത്​ ഒരു മില്ലിലാണ്. കൊയ്​പല്ലാന്ന്​.''
‘‘എങ്കിൽ ശരി. കാണാം,'' എന്നു പറഞ്ഞ്​ വിൻസെൻറ്​ തിരിച്ചുവന്നു.
ട്രിനീം ട്രനീം
‘‘അഹദ്, എന്തായി?''
‘‘വിൻസെൻറ്​ അന്വേഷിച്ചിട്ടു വരുന്നുണ്ട്.''
‘‘ഇപ്പോ ജാക്കിനെ ട്രേസ് ചെയ്യാൻ പറ്റുന്നില്ല. സെറ്റിങ്‌സിൽ എന്തോ പ്രശ്‌നം. ലോക്കേഷൻ ഓഫ് ആക്കി ഇട്ടെന്നാ തോന്നുന്നെ. കളീം കഴിഞ്ഞു.''
‘‘ജാക്ക് ബാങ്കിലാണെല്ലല്ലേ പറഞ്ഞത്? അവൻ മില്ലിൽ പണിയെടുക്കുകയാണെന്നാണല്ലോ വിൻസെന്റിനോട് പറഞ്ഞത്.’’
‘‘കളിക്കുമ്പോൾ ഫോണിൽ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല. അത് ജാക്കല്ല, സൈക്കോ ആണെന്നാ തോന്നുന്നത്. അവൻ ഇപ്പോ അവിടെ ആണെന്നാണ് കാണിക്കുന്നത്. ഫോട്ടോ ആയിട്ടു ഒത്തു നോക്കിയോ.''
‘‘വിൻസെൻറ്​ പറയുന്നത് ഒരു സാമ്യവുമില്ലെന്നാണ്.''

അടുത്തുള്ള വീട്ടിലൊന്നും തന്നെ ലൈറ്റുണ്ടായിരുന്നില്ല. നേരം പാതിരാത്രി പിന്നിട്ടിരുന്നു. കൂടുതൽ സമയം അവിടെ നിന്നാൽ നാട്ടുകാർ കള്ളന്മാരാണെന്നു സംശയിക്കും എന്ന്​ അഹദിനു തോന്നി. ഇനി എന്തെന്നറിയാതെ അഹദും വിൻസെന്റും തിരിച്ച്​ ജീപ്പിനടുത്തേക്കു നടന്നു. മൂങ്ങകളുടെ സ്‌ക്രീച്ച് സ്‌ക്രീച്ച് ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ചിലപ്പോൾ ചെവിയിൽ തുളച്ചു കയറുന്നത് പോലെ. ചിലപ്പോൾ വിദൂരതയിൽ നിന്നെന്നതുപോലെ. ഒരിക്കൽ വലതുവശത്ത് നിന്നാണെങ്കിൽ അടുത്തത് ഇടത്തുനിന്നായിരിക്കും. അവ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന്​ കണ്ടുപിടിക്കുക വിഷമമായിരുന്നു. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിയും കഴുത്തു വെട്ടിത്തിരിച്ചും ഒരു കണക്കിന് അവർ ജീപ്പിനരികിലെത്തി.

ചുറ്റുമുള്ള ഇരുട്ടുപാളികൾ പോലെ വിജനമായിരുന്നു അഹദിന്റെ മനസ്സും. പതിയെ അരിക്കുന്ന ഒരു ശലഭപ്പുഴുവിനെപ്പോലെ നിരാശ അവിടെ കടന്നുകൂടി. ഓരോ നിമിഷം ചെല്ലുന്തോറും അതിന്റെ തീവ്രത കൂടി വന്നതേയുള്ളൂ. വിൻസെൻറ്​ കൂടേയുള്ള പൊലീസ് ഉദ്യോഗസ്ഥനോട് എന്തെല്ലാമോ സംസാരിച്ചു കൊണ്ടിരുന്നു. ആ നഗരം അപ്പോൾ അണഞ്ഞുകിടക്കുന്ന ദീപങ്ങളുടെ ഒരു കലവറ മാത്രമായിട്ടാണ് അഹദിന് തോന്നിയത്. അവയെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഇപ്പോൾ അവ വെറും കൂടാരങ്ങൾ മാത്രം.
ട്രിനീം ട്രിനീം......
‘‘ഹല്ലോ...അഹദ്. ഒരു ഇമ്പോർട്ടൻറ്​ ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്,'' സുഹാന ആവേശഭരിതയായിരുന്നു.
‘‘ഉം..പറ.''
‘‘യമുന ടീച്ചർ ഇല്ലേ? അവരുടെ ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. ഒരു ജേർണലിസ്റ്റിന്റെ ബ്ലോഗിൽ നിന്നാണ്.''
‘‘അത് ഞാൻ കണ്ടതാണ്.''
‘‘ആണോ?''
‘‘അത് ഞാൻ സുഹാനയോട് പറയാനിരിക്കായിരുന്നു.''
‘‘അഹദ് പുറത്താണോ?''
‘‘അതേ. ഞാൻ തിരിച്ചെത്തിയിട്ട്​ വിളിക്കാം.''
‘‘അതിൽ പുസ്തകം കൊടുക്കുന്നയാളെ കണ്ടുപിടിക്കേണ്ട?''
‘‘അതിനുള്ള ശ്രമത്തിലായിരുന്നു.''
‘‘കണ്ടിട്ട്​ ഒരു ന്യൂ ജൻ ആളാണ്.''
‘‘നീ എവിടുന്നു കണ്ടു?''
‘‘ഈ ഫോട്ടോയിലുണ്ടല്ലോ?
‘‘ഞാൻ കണ്ട ഫോട്ടോയിൽ അയാളില്ല. അതൊന്നു മെയിൽ ചെയ്യാമോ?''
‘‘ആ...അയക്കാം.''

ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ദൂരെ ഒരു വെളിച്ചം കണ്ടതുപോലെ.
ഇതൊരു തുമ്പായിരിക്കുമെന്നു തന്നെ അഹദിന്റെ മനസ്സ് മന്ത്രിച്ചു.
ഈ മെയിൽ തുറന്നു നോക്കുമ്പോൾ കറുത്ത്​ ഊശാൻ താടിയും ചുരുണ്ട മുടിയും കട്ടിക്കണ്ണടയുമുള്ള ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ തെളിഞ്ഞു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments