ചിത്രീകരണം : രാജേഷ് ചിറപ്പാട്

ജുഗ് ഇം (മരണം)

അധ്യായം 17

ജുഗ് ഇം...ജുഗ് ഇം..
നിഗൂഢമായ വഴികളിലൂടെ നടന്നു പോകുന്ന തന്നെ വേട്ടയാടാൻ വരുന്ന ഒരു കൂട്ടം ആളുകളെ വെടി വെച്ചിടാൻ നോക്കുമ്പോൾ തോക്കിൽ ഉണ്ടയില്ല.
സൈക്കോ...സൈക്കോ...ജാക്ക്...മാസ്റ്റർ..
ഭായി, കോയി ഹേ വഹാ?
മുഖം മൂടി ധരിച്ച ഒരു ബംഗാളി ഓടിവരുന്നു.
രക്ഷപ്പെട്ടു. അവസാനം ഉപകാരത്തിന് ഒരു ബംഗാളി തന്നെ വേണ്ടിവന്നു.
ധന്യവാദ് ജീ.

അയ്യോ...ഇത് ഗെയിം അല്ലല്ലോ. ശരിക്കുള്ളതാണ്.
പൊടുന്നനെ, ആ ബംഗാളി തന്റെ നേർക്കു തോക്ക് ചൂണ്ടുന്നു. നിസ്സഹായനായി അഹദ് അവിടെ ഇരുന്നുപോകുന്നു. അപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ വരുന്നു. താൻ അന്ന് ജാക്കിനെ അന്വേഷിച്ചു പോയ സ്ഥലത്തുകണ്ട അതേ ചെറുപ്പക്കാർ. അവർ തന്റെ നേരെ വടിയും കത്തിയുമായി നടന്നുവരുന്നു. അഹദ് പേടിച്ചരണ്ട് ചുറ്റും നോക്കുന്നു. വിൻസെൻറ്​... വിൻസെൻറ്​... ഇല്ല, ആരും കൂടെ ഇല്ല.

ഞെട്ടിയെഴുന്നേറ്റ് വാച്ച് നോക്കി.
തുറന്നിട്ട ജനാലയിലൂടെ നിലാവെളിച്ചം വരാറുണ്ട്. ഇന്ന് അതും ഇല്ല. ഫോണെടുത്ത് നോക്കി. നേരം മൂന്നു മണി.
ഓഫീസ്സിലെ മേശപ്പുറത്ത് തല ചായ്ച്ചാണ് കിടപ്പ്.
തൊട്ടുമുകളിൽ കരാ കരാ എന്നു ശബ്ദമുണ്ടാക്കി സീലിങ് ഫാൻ കറങ്ങുന്നുണ്ട്. പക്ഷേ, അതിൽ നിന്ന് ചെറിയൊരു കാറ്റ് മാത്രമേ വരുന്നുള്ളൂ.

വിയർത്തൊലിച്ചിരിക്കുന്നു. വെറുതെ കർണ്ണ ശല്യത്തിനായി വെച്ചിരിക്കുന്ന ഒരു ഉപകരണം.
അഹദിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
അഹദ് എഴുന്നേറ്റ് റെഗുലേറ്റർ പരിശോധിച്ചു. വെറുതെ അല്ല, സ്പീഡ് കുറച്ചിട്ടിരിക്കുകയാണ്. ദീപക് ആയിരിയ്ക്കും. അവന് അങ്ങനെ ഒരു സ്വഭാവം കൂടിയുണ്ട്. ബാക്കിയുള്ളവർ വിയർത്തൊലിക്കുന്ന സമയത്തും അവനു തണുപ്പായിരിക്കും. പറഞ്ഞതുപോലെ അവനെവിടെ?. എപ്പോളുറങ്ങി, എങ്ങനെയുറങ്ങി എന്നൊന്നും അഹദിന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വിൻസെന്റും മറ്റൊരു പോലീസുകാരനും യാത്ര പറഞ്ഞു പോയതോർമ്മയുണ്ട്. വിവേകിനെ നാളെ വിളിക്കാം എന്നോ മറ്റോ പറഞ്ഞതും. ദീപക് അപ്പോൾത്തന്നെ പോയിക്കാണണം. പണ്ടത്തെപ്പോലെ, ദീപക് എന്നു പറയുമ്പോഴുണ്ടാകുന്ന ആ സന്തോഷം മാഞ്ഞുപോയത് അഹദ് ശ്രദ്ധിച്ചു. പകരം, ഒരു ഭയമാണ്. അപരിചിതമായ ഒരു ലോകത്ത് തന്നെ പറ്റിച്ച് കടന്നുകളഞ്ഞ ഒരു സുഹൃത്തിന്റെ രൂപമേ മനസ്സിൽ വരുന്നുള്ളൂ. സുഹാന പറയുന്നതു ശരിയാണ്. ഭൂമിയിൽ ഏലിയനെപ്പോലെ ജീവിക്കുന്ന ഒരാളാണ് ദീപക്. മിക്കപ്പോഴും മറ്റൊരു ലോകത്ത്. അതിനാൽ നിത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളോ ചെറിയ പ്രശ്‌നങ്ങളോ പറഞ്ഞ് ദീപക് വിലപിക്കുന്നത് അഹദ് ഒരിയ്ക്കലും കണ്ടിട്ടില്ല. അവന് ലോകം എന്നത് വളരെ വിശാലമായതാണ്. അതിൽ ഇന്റെർനെറ്റും യുടൂബും ഗെയിമുകളും എല്ലാം ഉണ്ട്. എപ്പോഴും ദീപക് സുഹൃത്തുക്കളെക്കുറിച്ചും സുഹൃത്ത് കൂട്ടായ്മകളെക്കുറിച്ചും ആണ് ചിന്തിക്കുന്നത്. വിരസതയനുഭവിക്കുന്ന നിമിഷങ്ങൾ വിരളം.

വളരെ വൈകിയാണുറങ്ങിയത് എന്നുതോന്നുന്നു.
കഷ്ടിച്ച്​ രണ്ടു മണിക്കൂർ ഉറങ്ങിക്കാണും. ഈമെയിൽ തുറന്ന്​ സുഹാന അയച്ചു തന്ന ചിത്രത്തിലേക്ക് ഒന്നു നോക്കി. ഫോണിന്റെ വെളിച്ചം പിന്നേയും അഹദിന്റെ മുഖത്തെ പ്രകാശ പൂരിതമാക്കി. അതിൽ ഒരു പുഞ്ചിരി വിടർന്നു. താൻ ഇത്രയും നാൾ അന്വേഷിച്ചു നടന്ന കൊലയാളിയുടെ ചിത്രമാകാം ഇത് എന്നു ആലോചിച്ചപ്പോൾ അഹദിന്റെ മനസ്സിൽ പോസിറ്റീവ് എനർജി നിറഞ്ഞു. പക്ഷേ, ഉറപ്പിക്കാറായിട്ടില്ല. ഈ ചിത്രം പോലീസിന് കൈ മാറാനോ ലുക് ഔട്ട് നോട്ടീസ് പതിപ്പിക്കുവാനോ പറ്റില്ല. തങ്ങൾ കാരണം ഒരു നിരപരാധിയും പിടിക്കപ്പെട്ടു കൂടാ.

ആദ്യം ഇയാളാരാണെന്ന് കണ്ടു പിടിക്കണം. ചിലപ്പോൾ ഡയറി സമ്മാനിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഒരാളായിക്കൂടെ? ഒരു പക്ഷേ, ആ ദിനപ്പത്രത്തിന്റെ എഡിറ്ററോ മറ്റോ? ഏതെങ്കിലും ഒരു സംഘടനയുടെ നേതാവാകാനും സാധ്യത ഉണ്ട്. ചിത്രത്തിന് പുറകിൽ ഒന്നു രണ്ടാളുകളെക്കൂടി കാണാം. ഫോട്ടോയിൽ യമുന ടീച്ചർ വളരെ സന്തോഷത്തോടെ തന്നെയാണ് സമ്മാനം ഏറ്റുവാങ്ങുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടത്താൻ എന്തായാലും നേരം വെളുക്കണം. നോവൽ പൂർത്തീകരിക്കപ്പെടാതെ വിങ്ങുന്ന ഒരു എഴുത്തുകാരന്റെ മനസ്സ് പോലെയാണ് ഒരു കുറ്റാന്വേഷകന്റേതുമെന്ന്​ അഹദിന് തോന്നി. ഈ സീരിയൽ കില്ലറുടെ ഇരയായ ആളുകളുടെ മുഖം അഹദിന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ നിപുൺ തൊട്ട് യമുന ടീച്ചർ വരെ എത്തി നിൽക്കുന്നു ആ നീണ്ട ലിസ്റ്റ്. പ്രായ ഭേദമെന്യേ സ്ത്രീ പുരുഷ വ്യത്യാസങ്ങളില്ലാതെ കൊലയാളി എല്ലാവരേയും ഒരു പോലെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്തിന് വേണ്ടി എന്ന് യാതൊരു നിശ്ചയവുമില്ല.

വെളിച്ചം കണ്ണിലടിച്ചപ്പോഴാണ് അഹദ് എഴുന്നേറ്റത്. ഒരു ജനൽ പാളി വല്ലാതെ ഇളകുകയും അകത്തേക്ക് വന്നടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ശീതകാലത്തെ വരണ്ട കാറ്റ് ചർമ്മത്തെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരിക്കുന്നു. അഹദ് എഴുന്നേറ്റു ചെന്ന്​ ജനാലപ്പാളിയുടെ കൊളുത്തിടാൻ ശ്രമിച്ചു. കൊളുത്ത്​ പാതി പൊട്ടിപ്പോയത് അപ്പോഴാണ് അഹദ് ശ്രദ്ധിച്ചത്. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ സുഹാന അവിടെ എത്തിക്കഴിഞ്ഞിരുന്നു.

""ഹായ്...എന്തായി അന്വേഷണം?''""സുഹാനയോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്.'' ദീപക് തലേ ദിവസം ഒഫീസിൽ വന്നത് മുതൽ ഉള്ള കാര്യങ്ങൾ അഹദ് സുഹാനയെ പറഞ്ഞു കേൾപ്പിച്ചു. അതിൽ ദീപകിന്റെ പദ്ധതികളും അഹദ് പോലീസുകാർക്കൊപ്പം ജാക്കിനെ തേടിപ്പോയതും ദീപകിന് സംശയം ഉള്ള ആളുടെ പഴയ ഫോട്ടോയുമായി ഒത്തു നോക്കിയതും എല്ലാം ഉണ്ടായിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ തലേ ദിവസം തന്നെ ഇതൊന്നും അറിയിക്കാത്തത്തിലുള്ള പരിഭവം സുഹാന മറച്ചു വെച്ചില്ല. സുഹാനയുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെ ചെയ്തത് എന്നു ഒരു വിധം അഹദ് സുഹാനയെ പറഞ്ഞു മനസ്സിലാക്കി. എങ്കിലും അന്നത്തെ ടൈം ടേബിൾ തയ്യാറാക്കുന്ന സമയത്തും ചാർട്ട് പൂർത്തീകരിക്കുന്ന സമയത്തും സുഹാനയുടെ ഉള്ളിൽ ഒരു ഭാരം ഉണ്ടായിരുന്നു. താൻ ഒരു സ്ത്രീ ആയത് കൊണ്ട് അവഗണിക്കപ്പെടുന്നതിലുള്ള നീറൽ അവിടെ ഉണങ്ങാതെ കിടന്നു. പിന്നീടുള്ള സംഭാഷണങ്ങളിലും അത് പ്രതിഫലിച്ചു. ദീപക് വന്നപ്പോഴാണ് സുഹാന പിന്നെ പഴയപടിയായത്.

സന്ദർഭങ്ങൾക്കനുസരിച്ച് തൻമയത്വത്തോടെ പെരുമാറുക എന്നത് ദീപകിന്റെ കഴിവാണ്. അതിന്, എപ്പോഴും തമാശ പറയണം എന്നില്ല. പ്രെസെൻസ് ഓഫ് മൈൻറ്​ ഉണ്ടായാൽ മതി.""വല്ലാത്ത ഒരു ഗെയിം ആണ് നിന്റേത്. ഞാൻ ഒരു പേടി സ്വപ്നം പോലും കണ്ടു. അതിൽ നിന്നു പുറത്തു വരാൻ കുറെ സമയം എടുത്തു. സമ്മതിക്കണം. എങ്ങനെ കളിക്കുന്നു?''
അതിന്​ ദീപക് ഒന്നും പറഞ്ഞില്ല. ഒരു പ്ലാസ്റ്റിക് ചിരി സമ്മാനിക്കുക മാത്രം ചെയ്തു. ""നമുക്ക് ഒന്നുകൂടി ഒന്നു നോക്കിയാലോ? ജാക്ക് ആകണം നമ്മുടെ കൊലയാളി. അവനെ നമ്മൾ കണ്ടിട്ടില്ലല്ലോ. ''""നീ ഈ ഫോട്ടോ ഒന്നു നോക്കിക്കേ. ഈ ഡയറി കൊടുക്കുന്ന ആളാണോ നിന്റെ ഫ്രണ്ട്?''
ദീപകിന്റെ കൃഷ്ണമണിയിൽ ഫോണിലെ ഫോട്ടോ തെളിഞ്ഞു. അവ പതിയെ റെറ്റിനയിലും ബ്രെയിനിലും പതിഞ്ഞു. ദീപകിന്റെ ബ്രെയിൻ തിരിച്ചൊരു സന്ദേശം അയച്ചു. ""ഇതെവിടുന്നു കിട്ടി?'' ""സുഹാനയ്ക്ക് ഒരു ബ്ലോഗ്ഗിൽ നിന്നു കിട്ടിയതാണ്.''""ന്യൂസ് ക്ലബ് എന്നൊരു ബ്ലോഗ്. കുറെ ഫോളോവേഴ്‌സുണ്ട്. ഒരു ഈവനിംഗ് പത്രത്തിൽ ജോലി ചെയ്യുന്ന ജേണലിസ്റ്റിന്റേതാണ്. ' ""എനിക്കറിയാം ആ പത്രം. അതിലാണ് ടീച്ചറുടെ കൃതികൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ടായിരുന്നത്.''

ദീപകിനോട് എഴുത്തിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ചോദിക്കണമെന്ന് അഹദ് കരുതി. ചോദ്യങ്ങൾ പക്ഷേ, തൊണ്ടയിൽ കെട്ടി നിന്നതേയുള്ളൂ. ദീപക് തങ്ങളോടതിനെക്കുറിച്ച് പറയുമായിരിക്കുമെന്ന് തന്നെയാണ് അഹദും സുഹാനയും കരുതിയിരുന്നത്. ഇത്രയും നാളത്തെ പരിചയം കൊണ്ട് അതറിയാനുള്ള അവകാശമുണ്ടെന്ന് രണ്ടു പേർക്കുമറിയാം. പക്ഷേ, തങ്ങളിൽ നിന്നും ദീപക് അതെല്ലാം എന്തിന് മറച്ചുവെച്ചു എന്ന്​ അഹദിനറിയില്ല. സുഹാന അഹദിനെ ഒന്നു നോക്കി. അവളുടെ മനസ്സിലും എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്. കുറച്ചുനാളുകൾ കൊണ്ട് താനും ദീപകും സുഹാനയും വല്ലാതെ അകന്നു പോയത് പോലെ അഹദിന് തോന്നി. ഒന്നു രണ്ടു ദിവസങ്ങൾ തമ്മിൽ കാണാതെയിരുന്നാൽ എങ്ങനെ ഇത്ര അകൽച്ച തോന്നുന്നത് എന്നുമാത്രം അഹദിന് മനസ്സിലായില്ല. ചിലപ്പോൾ എല്ലാം വെറുതെയാകാം. കേസിന്റെ സങ്കീർണത മൂലം തോന്നുന്നതാകാം.

ഒരു കേസ് കുറ്റാന്വേഷകനെ ഒരിക്കലും ഇമോഷണൽ ആയി ഇൻഫ്‌ളൂവൻസ് ചെയ്യാൻ പാടില്ല എന്നാണ് പ്രശസ്ത റഷ്യൻ കുറ്റാന്വേഷകനായ റൊളാൻ ലിബിദിവ് പറഞ്ഞിട്ടുള്ളത്. വായിച്ചപ്പോൾ ശരിയാണെന്നു തോന്നിയെങ്കിലും ജീവിതത്തിൽ അത് പകർത്താൻ ബുദ്ധിമുട്ടാണെന്ന് അഹദ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ മനസ്സിലാക്കി. കേസ് സങ്കീർണമാകുന്തോറും താൻ അനുഭവിക്കുന്ന പിരിമുറുക്കം അഹദ് തിരിച്ചറിയുന്നുണ്ടായിരുന്നു.

""നമുക്കൊന്നുകൂടി ശ്രമിച്ചാലോ? ജാക്കുണ്ടോ എന്നു നോക്കാലോ.'' ""നിനക്കത്ര ഉറപ്പാണെങ്കിൽ നോക്കാം, ദീപക്.'' ""ഉറപ്പൊന്നുല്ല. ഒരു ഭാഗ്യ പരീക്ഷണം. ഈ ഫോട്ടോയിൽ കാണുന്ന ആളല്ല പണ്ടത്തെ ജോയൽ. എന്നാലും ഒരു സംശയം.'' ""നീ കേറി നോക്ക്, ദീപക്.''
ദീപക് ഫോണിൽ ജുഗ് ഇം ഗെയിം ഓൺ ചെയ്തു.
ജുഗ് ഇം...ജുഗ് ഇം... ""ജാക്കിനെ കാണുന്നില്ല. സൈക്കോ ഉണ്ട്. ഒരു മിനുട്ട്​. ഡാ...സൈക്കോ, ജാക്കെവിടെ?'' ""അറിയില്ല. ഇന്നലെ കളിച്ചതിനു ശേഷം കണ്ടിട്ടില്ല.'' ""അവൻ വേറെ ഏതെങ്കിലും ഗ്രൂപ്പിലുണ്ടോ?'' ""ഉണ്ടായിരിക്കാം. ഞമ്മക്ക് കളിക്കാ.'' ""എനിക്കു നല്ല സുഖല്ലാ. എക്‌സിറ്റ് അടിക്കാണ് ട്ടോ.'' ""അതെന്താണ് കില്ലെറേ, ങ്ങള് അങ്ങനെ പറേണത്? ഞമ്മക്ക് കളിക്കാ ന്നേ.'' ""സത്യായിട്ടും പനിയാണ് ഭായി. പിന്നെ വരാം.'' ""ന്നാ ...അയ്‌ക്കോട്ടെ.'' ""ഒരു കണക്കിനു രക്ഷപ്പെട്ടു. ഈ സൈക്കോ ആളിങ്ങനെ വല്ലാതെ ചൊറിയും. പക്ഷേ, പാവം മനുഷ്യനാണെന്ന് തോന്നുന്നു. ജാക്ക് എവിടേയും ഇല്ല. കുറച്ചു കഴിഞ്ഞു കേറി നോക്കാം.''

ഓഫീസ് പിന്നേയും നിശ്ശബ്ദതയിലേക്കാണ്ടു. വെറുതെയിരിക്കുമ്പോൾ സംസാരിക്കാൻ പോലും ഒന്നും ഇല്ലാത്തതുപോലെ. സുഹാന ഏതോ പുസ്തകം പിടിച്ച് ജനാലയ്ക്കരികിൽ ഒതുങ്ങിക്കൂടി. അഹദ് കേസിനെന്തെങ്കിലും തുമ്പ് കിട്ടുമോ എന്നു നോക്കി പഴയ ഫയലുകൾ വായിച്ചു കൊണ്ടിരുന്നു. ദീപക് പതിവിന് വിപരീതമായി മേശപ്പുറത്ത് കിടന്ന ഒരു മാഗസീൻ മറിച്ചുനോക്കിക്കൊണ്ടിരുന്നു.
""നമുക്ക് വ്യക്തമായ ഒരു പ്ലാൻ വേണം. എല്ലാ പഴുതുകളും അടച്ചുള്ള ഒരു പ്ലാൻ. കളി കൊണ്ട് ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല.''""എന്താ ഇപ്പോ കളിയെക്കുറിച്ച് അങ്ങനെ തോന്നുന്നത്?'' സുഹാന പുസ്തകത്തിൽ നിന്നും മുഖമുയർത്തിക്കൊണ്ട് ചോദിച്ചു. ""അങ്ങനെയല്ല സുഹാന. ഞാൻ കാര്യായിട്ടു തന്നെ പറഞ്ഞതാണ്. ഗെയിമിന് പിന്നിൽ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ കുറേ പാവങ്ങൾ ഇതിൽപ്പെട്ട് പോകുന്നതാണ്. ഇപ്പോ എന്റെ കാര്യം തന്നെ നോക്കിക്കേ. നാടോടുമ്പോൾ നടുവേ ഓടണം എന്നു വിചാരിച്ചു തുടങ്ങിയതാണ്. ഒരിയ്ക്കലും ഈ ഗെയിമിന് ഒരു അഡിക്റ്റ് ആയിത്തീരുമെന്നു ഞാൻ കരുതിയിട്ടില്ല. പക്ഷേ, പതിയെ ഞാനതിൽ വഴുതി വീഴുകയായിരുന്നു. ഞാൻ പോലും അറിയാതെ. ആദ്യമെല്ലാം എപ്പോൾ വേണമെങ്കിലും നിർത്താമെന്നു കരുതി. പക്ഷേ, ഇത്തരം ഗെയിമുകളുടെ പ്രശ്‌നം എന്താണെന്ന് അറിയോ? ഒരു ഗെയിം തുടങ്ങിയാൽ പിന്നെ അവസാനിക്കുന്നത് വരെ നമ്മൾ മറ്റൊരു ലോകത്താണ്. പുറം ലോകവുമായുള്ള കണക്ഷൻ പൂർണ്ണമായും വിച്ഛേദിക്കപ്പെടുന്നു. ''""അക്കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ, നിന്റെ ഒരു പാഷൻ അല്ലേ എന്നു കരുതി.''""പുറത്തു നിന്ന്​ കാണുന്നതിനേക്കാൾ കാര്യങ്ങൾ അതിനകത്തുള്ളവർക്ക് മനസ്സിലാകും. ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പക്ഷേ നമ്മളത് ശ്രദ്ധിച്ച് കൊള്ളണമെന്നില്ല. പക്ഷേ, ഇന്നലെ മുതൽ എനിക്കൊരു കാര്യം ബോധ്യമായി. ഞാനവിടെ ആരുമല്ല. ചിലർ വിചാരിച്ചാൽ അതിൽ എന്തു വേണമെങ്കിലും നടക്കും. അവരുടെ പ്രൊഫൈൽ ഇൻവിസിബിളാക്കാനും ലൊക്കേഷൻ ബ്ലോക് ചെയ്യാനും എല്ലാം കഴിയും. നമുക്ക് ചിലപ്പോൾ അതിന്റെ മെയിൻ കളിസ്ഥലത്തു എത്തിച്ചേരാൻ പോലും കഴിയില്ല. നമ്മളറിയാതെ നമ്മുടെ വിവരങ്ങൾ ചോർത്തുന്നവരുണ്ട്, ഹാക്കേഴ്‌സ് ഉണ്ട്. അതിനു പുറമേ മയക്കുമരുന്ന് മാഫിയകളും കള്ളക്കടത്തും എല്ലാം ഉണ്ട്. ഗെയിം എല്ലാത്തിനും ഒരു മറ ആണ്. കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു വഴി. അതൊന്നുമറിയാതെ നമ്മൾ സാധാരണക്കാർ ഇതിൽ കുത്തിക്കൊണ്ടിരിക്കല്ലേ? ''""അതത്രേ ഉള്ളൂ, ദീപക്.'' ""ലൈവ് കളികളും മറ്റും നടത്തുന്ന യൂടൂബ് ചാനലുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എത്ര കോടി രൂപയാണ് ഇതിൽ നിന്നും ഉണ്ടാക്കുന്നതു? അത് കണ്ട്​ നമ്മളും ഉണ്ടാക്കും ഒരു ചാനൽ. എന്നിട്ട് വല്ല കാര്യവുമുണ്ടോ? ഗെയിം കമ്പനികൾക്കു ഇതിൽ നിന്ന്​ എത്ര ലാഭം കിട്ടുന്നുണ്ട് എന്നറിയോ? അവർ ഇതിനിടയിൽ നടത്തുന്ന മാരത്തോണുകൾ, മത്സരങ്ങൾ, ചില പദവികൾ. അവയിൽ പങ്കെടുക്കാൻ രാപ്പകൽ അദ്ധ്വാനിക്കുന്നവരുണ്ട്. സമ്മാനങ്ങളും പദവികളും പണ്ടേ മനുഷ്യർക്കു ഒരു ഹരമാണല്ലോ. ഇങ്ങനെ ഒരു പാട് കാര്യങ്ങൾ അതിനു പിന്നിൽ നടക്കുന്നുണ്ട്. പതിനെട്ടു വയസ്സു കഴിഞ്ഞാലേ ഫുൾ ടൈം കളിക്കുവാൻ പറ്റൂ എന്നെല്ലാം സെറ്റിംഗ്‌സ് ഉണ്ട്. എന്നാൽ, വിരുതന്മാർ എന്തു ചെയ്യും? വയസ്സു കൊടുക്കുമ്പോൾ പതിനെട്ടിന് മുകളിലുള്ള ഒരക്കം കൊടുക്കും. അങ്ങനെ എത്ര പേരെ ഞാൻ ഇതിനുള്ളിൽ കണ്ടിട്ടുണ്ട് എന്നറിയോ ?''""ആണോ...കുട്ടികളും ഈ ഗെയിം കളിക്കാറുണ്ടോ?''""അവർക്കു ഇതൊരു ഹരമല്ലേ? കുട്ടികൾക്കുള്ള എനർജി ഉണ്ടല്ലോ, അതിൽ പകുതി നമുക്കില്ല. അവരുടെ വീറും വാശിയും പോസിറ്റിവിറ്റിയും ...അതിനു കിട പിടിച്ച് നില്ക്കാൻ പോലും നമുക്കാവില്ല. വഴി തെറ്റി പോകുന്നു എന്നു പറയാൻ ഞാനൊന്നു മടിക്കും. കാരണം, ഞാനും അത് തന്നെ ആണല്ലോ ചെയ്തു കൊണ്ടിരുന്നിരുന്നത്.'' ""അത് ശരിയാണ്, ദീപക്. ഒരു കണക്കിനു പറഞ്ഞാൽ അതൊരു വഴി തെറ്റൽ തന്നെ ആണ്. ടെക്‌നോളജിയിൽ മുങ്ങി വളരുന്ന കുട്ടികളുടെ തലമുറ പൊങ്ങി വരുമ്പോളറിയാം അതിന്റെ വിപത്തുകൾ. പാവം...അവർക്കെന്തറിയാം? കുറേ പേർ പെട്ട് പോകുന്നത് തന്നെ ആണ്.'' ""ഇപ്പോ എന്റെ കാര്യം തന്നെ നോക്കിക്കേ. ഫോണില്ലാതെ ഇരിക്കുമ്പോളെനിക്ക് വല്ലാതെ ബോറടിക്കുന്നു. ഗെയിമിന്റെ മാസ്മരിക ലോകത്ത് നിന്നും പുറത്തു ചാടുമ്പോളനുഭവിക്കുന്ന വിരസത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പിന്നെ, നമ്മുടെ ടീം മേറ്റ്‌സ്. അവർ നിരന്തരം നമ്മെ കളിക്കാൻ ക്ഷണിച്ചു കൊണ്ടിരിക്കും. മദ്യപാനവും പുകവലിയും പോലെ മറ്റൊന്നാണ് ഇതും. കൂട്ടുകാരെ പിന്നേയും ആ വലയിലേക്ക് വലിച്ചിടാൻ കൂടെ ഉള്ളവർ ശ്രമിക്കും. ഒരു തരം ലഹരി.'' ""കളിക്കുന്നതിനിടയിൽ എക്‌സിറ്റ് അടിച്ചു വന്നുകൂടെ?'' ""അതല്ലേ രസം. എക്‌സിറ്റ് അടിച്ചാൽ നെഗറ്റീവ് മാർക്കുകൾ വരും. നമ്മൾ ലിസ്റ്റിൽ പുറകിലേക്ക് പോകും.'' ""ലിസ്റ്റ് ഒക്കെയുണ്ടോ?'' ""ഉണ്ടോ എന്നോ? ഇപ്പോളെന്റെ പ്രൊഫൈൽ ഇല്ലേ? അത് വാങ്ങാൻ തന്നെ ആളുകൾ മുന്നോട്ട് വരും. കാരണം എനിക്ക് അധികം നെഗറ്റിവ് പോയെന്റ്‌സ് ഇല്ല. അങ്ങനെ ഒരു കച്ചവടവും അതിനു പുറകിൽ നടക്കുന്നുണ്ട്.'' '' കൊള്ളാലോ.'' ""പുറത്തു നിൽക്കുന്ന ഒരാൾക്കു ഇതൊന്നും മനസ്സിലാകില്ല. അത് പോട്ടെ, കാര്യത്തിലേക്ക് വരാം. നമ്മുക്ക് ഇപ്പോ ജോയലിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയേണ്ടേ? അന്വേഷിച്ചാലോ?'' ""അത് നല്ലൊരു ഐഡിയയാണ്. ശ്രമിച്ചു നോക്കാം.'' ""പണ്ട് ഗെയിം കളിച്ചവരുടെ ലിസ്റ്റ് ഇതിൽ നിന്നു കിട്ടോ?'' ""ബുദ്ധിമുട്ടാണ്. അവരുടെ പേരും മറ്റും വേറെ ആയിരിക്കില്ലെ? ഇതൊരു ഫെയിക്ക് അക്കൗണ്ട് അല്ലേ? അറിയുന്നവർക്കു തപ്പിയെടുക്കാൻ പറ്റുമായിരിക്കും.'' ""നമുക്ക് ആ വഴി ഒന്നു ശ്രമിച്ചു നോക്കിയാലോ?'' ""വിവേകിനറിയാമായിരിക്കുമോ, അഹദ്?'' ""അവനറിയാത്ത വിദ്യകൾ എന്തെങ്കിലും ഉണ്ടോ? ഞാൻ വിളിക്കാം.'' ""അപ്പോ, ദീപക് ഇനി ഗെയിം കളിക്കുന്നില്ല എന്നു തീരുമാനിച്ചോ?'' ""ഏറെക്കുറെ. പതിയെ നിർത്തണം.'' ""മാർക്ക് ടൈ്വൻ പറഞ്ഞത് പോലെ ആയിരിയ്ക്കും, അല്ലേ?''
ഒരുപാട് നാളുകൾക്കു ശേഷം ആ മതിൽക്കെട്ടുകൾക്കുളളിൽ പൊട്ടിച്ചിരി മുഴങ്ങി. എല്ലാ പിരിമുറുക്കങ്ങളും മറന്നു അവർ ചിരിച്ചു, കണ്ണിൽ നിന്നു വെള്ളം വരുന്നത് വരെ.

""ഞാനൊരു കാര്യം പറയാനിരിക്കാരുന്നു. എനിക്കു ഭയങ്കര ടെൻഷൻ. ഈ കേസ് അതിനൊരു കാരണമാണ്.'' ""അഹദ്, തനിക്കേറ്റവും ഇഷ്ടമുള്ള കാര്യമെന്താ?'' ""അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എനിക്കങ്ങനെ ഹോബികളൊന്നൂല്ല. പിന്നെ ഡയറി എഴുതാൻ ഇഷ്ടാണ്.'' ""എന്നാൽ വേണം. നമുക്കിഷ്ടപ്പെട്ട എന്തെങ്കിലും ഒരു കാര്യത്തിലേക്ക് ഒരൽപ സമയം തിരിച്ചു പോകാൻ കഴിയണം. നമുക്ക് മാത്രമായുള്ള കുറച്ചു സമയം. അത് എന്നും ചെയ്യുകയും വേണം. ഡയറി എഴുത്താണെങ്കിൽ അത്.''""പക്ഷേ ഞാനതിൽ മിക്കവാറും കേസിന്റെ കാര്യങ്ങൾ മാത്രേ എഴുതാറുള്ളൂ. ഇനി ഞാനും ദീപകിനെ പോലെ ഗെയിം കളി തുടങ്ങേണ്ടി വരുമോ?'' ""അല്ലെങ്കിൽ അഹദ് യോഗ ചെയ്യൂ. നല്ലതാണ്. അല്ലെങ്കിൽ രാവിലെ അൽപ ദൂരം നടക്കൂ. ഫ്രെഷ് ആകും. ' ""ബെസ്റ്റ്.'' ""അവൻ അങ്ങനെ ഒക്കെ പറയും. വളരെ റിഫ്രെഷ്ട് ആകും. അഹദൊന്നു ചെയ്തു നോക്ക്,'' അല്പ നേരം ആലോചിച്ചതിനുശേഷം സുഹാന തുടർന്നു, ""ഇപ്പോ എന്റെ കാര്യം തന്നെയെടുക്ക്​. ഹോസ്പിറ്റലിൽ നിന്ന്​ തിരിച്ചു വന്നിട്ട് എനിക്കു വല്ലാത്ത പേടിയായിരുന്നു. ഞാൻ പിന്നെ എനിക്കിഷ്​ടപ്പെട്ട രണ്ടു മൂന്നു പുസ്തകങ്ങൾ വാങ്ങി. ഇനിയിപ്പോ ഭൂമി കുലുങ്ങിയാലും എനിക്കു പ്രശ്‌നമില്ല.'' ""നല്ല ബുദ്ധി.'' ""അല്ലെങ്കിലും നിനക്കെല്ലാം പുച്ഛം തന്നെയാണല്ലോ, ദീപക്.'' മേശപ്പുറത്തിരിക്കുന്ന ചില്ല് ഗ്ലാസിലെ വെള്ളത്തിലൂടെ പുറത്തുവരുന്ന വെയിൽ സുഹാനയുടെ കയ്യിൽ ഭംഗിയുള്ള ഒരു മഴവില്ല് സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. അവ നിരന്തരമായി ഇളകിക്കൊണ്ടിരുന്നു, വെള്ളത്തിലെ ഓളങ്ങൾ പോലെ.

""പ്രശ്‌നങ്ങൾ വരുമ്പോ ഒന്നിച്ചു നിൽക്കണം എന്നൊക്കെ ആളുകൾ പറയാറുണ്ട്. എന്നാലതെത്രത്തോളം പ്രാക്റ്റികൾ ആണെന്ന് അറിയില്ല.'' ""ശരിയാണ് ദീപക്. അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പിന്നെ, നിന്നോടു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.''
സുഹാന അഹദിന്റെ മുഖത്തേക്ക് നോക്കി, അത് വേണോ എന്ന ഭാവത്തിൽ. അഹദ് പക്ഷേ പിൻമാറിയില്ല. എന്തോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചതുപോലെ അഹദ് തുടർന്നു,""നീ എന്തിനാ യമുന ടീച്ചർ മരിച്ച ദിവസം അവരുടെ വീടിനടുത്തെ കഫേയിൽ പോയത്?'' ""അന്ന് ജോയൽ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. അവിടെ വെച്ചു കാണാം എന്നു പറഞ്ഞു. ഞാൻ പോയി. പക്ഷേ, അവൻ വന്നില്ല. പിന്നെ ആണ് മനസ്സിലായത് അവൻ എന്നെ പറ്റിച്ചതാണെന്ന്.'' ""ഇതെല്ലാം ഒരു ട്രാപ് ആയിരുന്നു അല്ലേ? നിന്നെ ഈ കേസിൽപ്പെടുത്തുവാൻ വേണ്ടി മിനഞ്ഞെടുത്ത ഒന്ന്?'' ""പിന്നല്ലാതെ?''""അവൻ എന്റെ ബ്ലോഗ് ഫോളോ ചെയ്തു എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ആ കത്ത് അവിടെ പോസ്റ്റ് ചെയ്തപ്പോൾ കുറെ ബഹളങ്ങളുണ്ടായി. അവൻ അതെല്ലാം മനപൂർവ്വം ഉണ്ടാക്കിയതാണ് എന്ന്​ എനിക്കിപ്പോൾ തോന്നുന്നു. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്നു അവൻ എന്നെ ഫോളോ ചെയ്തിട്ടുണ്ടാകണം. യമുന ടീച്ചർ മരിക്കുന്നതിന്റെ തലേദിവസം ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അത്രയ്ക്ക് നെഗറ്റീവ് കമെന്റ്‌സ് ആയിരുന്നു. ഞാനത് ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു.''""ശരിയാണ് ദീപക്. ഇതെല്ലാം അവന്റെ കളികൾ തന്നെയായിരിക്കും.'' ""നീ ഞങ്ങളോടു ചൂടാകരുത്. ഞങ്ങൾക്കു വേറൊരു കാര്യം കൂടി ചോദിക്കാനുണ്ട്.'' ""ഉം...പറ.'' ദീപകിന്റെ മുഖത്തെ ചിരി മാഞ്ഞു. അഹദിന്റെ ചോദ്യവും കാത്ത് ഒരു കൊച്ചു കുട്ടിയെപ്പോലെ അവനിരുന്നു.

""ഗംഗയും റിതേഷും മരിച്ച ദിവസങ്ങളിൽ നീ എന്തിന് അവരുടെ വീട്ടിൽ പോയി?''
ദീപകിന്റെ കണ്ണുകൾ വിടർന്നു. അല്പ നേരത്തെ മൗനത്തിന് ശേഷം ദീപക് പറഞ്ഞു, ""ഗംഗ മരിച്ച ദിവസം എന്റെ ബർത്ത് ഡേ ആയിരുന്നില്ലേ? അവരുടെ വീടിനടുത്താണ് കേക്ക് ഫാക്ടറി. ഞാൻ അവിടുന്നാണ് അന്ന് കേക്ക് വാങ്ങിയത്. റിതേഷ് മരിച്ചത്?''""പന്ത്രണ്ടിന്.'' ""അതെനിക്കോർമ്മയില്ല. ഞാൻ ഇടയ്ക്കു അവിടെ ഫുഡ് കഴിയ്ക്കാൻ പോകാറുണ്ട്. അവിടത്തെ ബീഫ് സ്റ്റേക്ക്, അതെന്റെ ഫേവറേറ്റ് ആണ്. അതിരിക്കട്ടെ, ഇതെല്ലാം എങ്ങനെ കണ്ടു പിടിച്ചു?''
അഹദും സുഹാനയും പരസ്പരം നോക്കി. സുഹാനയുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരി പിന്നെ പൊട്ടിച്ചിരിയായി. അത് കണ്ട അഹദും ദീപകും അതിൽ പങ്കുചേർന്നു. ""വല്ലവരും പറ...ഞ്ഞതായിരിക്കും, അല്ലേ?'' ചിരിക്കിടയിൽ ദീപക് പറഞ്ഞൊപ്പിച്ചു. ""എയ്...ഞങ്ങൾ അവിടെ അടുത്തൊരു ഷോപ്പിലെ സി സി ടി വിയിൽ കണ്ടു പിടിച്ചതാ.'' സുഹാന പിന്നേയും കുറെ ചിരിച്ചു. ""എന്തായാലും കൊള്ളാം. ഞാനാണ് ഇതിനെല്ലാം പിന്നിലെന്ന് വിചാരിച്ചോ? നല്ല തമാശ.''
വീണ്ടും പൊട്ടിച്ചിരികൾ ഉയർന്നു. ""എന്തായാലും നിന്റെ കവിത കൊള്ളാം കേട്ടോ.. ""ഒരു പുഴുവായിരുന്നു ഞാൻ ജനിച്ചപ്പോൾ ഒരുവുരി പിച്ചവെച്ചു നടന്നപ്പോൾ...'' ""എനിക്കു പക്ഷേ, കവിതയേക്കാൾ താൽപര്യം കഥകളോടാണ്,'' സുഹാന വാചാലയായി.""എഴുത്ത് ഒരു അനുഗ്രഹമാണ്. ഒരിയ്ക്കലും അത് നീ നിർത്തരുത്. ഇനിയിപ്പോ സ്വന്തം പേരിൽ എഴുതിക്കൂടെ?''""താങ്ക്‌സ്. തൂലികാനാമം സ്വീകരിക്കുമ്പോൾ, കൃതികൾക്കു കുറച്ചു കൂടി ഭംഗി കിട്ടും. മുഖം നോക്കാതെ ഉള്ള വായനക്കാരെ ആണ് എനിക്കിഷ്ടം.''
ആ സംഭാഷണം അവസാനിച്ചു ഒറ്റക്കുള്ള ലോകത്ത് എത്തിയപ്പോൾ കുറച്ചു നേരം തൊലിയിൽ കടിച്ചു തൂങ്ങിയ അട്ട ഒഴിഞ്ഞു ഒഴിഞ്ഞു പോയത് പോലെ അഹദിന് തോന്നി. പക്ഷേ, അതിനോടകം തന്നെ അത് ചോര കുടിച്ചു വീർത്തിരുന്നു എന്നു അഹദിനറിയാമായിരുന്നു.

നേരം ഉച്ച കഴിഞ്ഞിരുന്നു. പുറത്ത്​ വട്ടമിട്ടു പറക്കുന്ന തുമ്പികളുടെ ചിറകുകൾ വെയിലിൽ തിളങ്ങി. യാതൊരു ആവർത്തനവിരസതയുമില്ലാതെ അവ ഉയർന്നും താഴ്ന്നും പറന്നുകൊണ്ടിരിക്കുന്നത് അഹദ് നോക്കി നിന്നു.
കൂടെ ഉള്ളവർക്കു അപകടം സംഭവിക്കുമോ എന്ന വേവലാതിയായിരുന്നോ തന്റെ പ്രശ്‌നം? അതോ, താൻ വളരെ സത്യസന്ധനായിരുന്നിട്ടും ദീപക് തന്നെ പറ്റിച്ചു കളഞ്ഞുവല്ലോ എന്നതോ? എന്തായാലും, മനസ്സിനുള്ളിൽ കിടന്നു വിങ്ങിയിരുന്നതെല്ലാം ഒഴിവാക്കാമായിരുന്ന വളരെ ചെറിയ പ്രശ്‌നങ്ങൾ മാത്രമായിരുന്നു. അതേ, സുഹാന പറഞ്ഞത് പോലെ എന്തെങ്കിലും ഹോബി കണ്ടെത്തുക തന്നെ. അഹദ് മനസ്സിൽ നിശ്ചയിച്ചു. തനിക്കെന്താണ് ഇഷ്ടം? മെഡിസിൻ? എയ്...കുറ്റാന്വേഷണം? ഉം..എന്നാൽ ചില കുറ്റാന്വേഷണ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക തന്നെ. ഫിക്ഷൻ പുസ്തകങ്ങൾ വേണ്ട. നോൺ ഫിക്ഷൻ പുസ്തകങ്ങൾ വായിക്കാം. പതിയെ ഒരു ഡോക്ടറേറ്റോ മറ്റോ നേടിയെടുക്കാം എന്ന നിശ്ചയത്തോടെ അഹദ് ഫോണിൽ ഇൻവെസ്റ്റിഗേഷൻ ബുക്‌സ് എന്നു ടൈപ് ചെയ്തു.
ടോം വിക്ടറുടെ "ദി കന്നേടിയൻ മിസ്റ്ററി', മേരീ ആനിന്റെ "അന്റാവെല്ലിങ് ദി ട്രൂത്ത്' എന്നീ പുസ്തകങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞു. ആദ്യം ട്രൂത്തിൽ നിന്നു തന്നെ തുടങ്ങാമെന്ന് വിചാരിച്ചു ആ പുസ്തകത്തിന്റെ പീഡീഎഫ് സെർച്ച് ചെയ്തു.

ഞൊടിയിടയിൽ പിഡിഎഫ് ഡൗൺലോഡ് ചെയ്യപ്പെട്ടു. അവതാരികയും ആമുഖവും കടന്ന്​ ഒന്നാം അദ്ധ്യായത്തിലെത്തി. സുഹാന പിന്നേയും വായനയിൽ മുഴുകിക്കഴിഞ്ഞിരുന്നു. ദീപക് ആകട്ടെ ഫോണിൽ ഏതോ പാട്ട് ഉച്ചത്തിൽ വെച്ചു കേൾക്കുകയായിരുന്നു. ""എന്തു പാട്ടാ ഡാ ഇത്? ഒന്നു ശബ്ദം കുറച്ചു കൂടെ?''""അറിയില്ലേ? നല്ല ആളാ. അഹദ് പത്രമൊന്നും വായിക്കാറില്ലെ? അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബാളിന്റെ പ്രൊമോഷണൽ പാട്ടുകൾ ആണ്. യു ടൂബിൽ ഉണ്ട്. കേട്ടു നോക്ക്.''
അഹദ് കൈ തൊഴുതു കൊണ്ട് തിരിഞ്ഞിരുന്നു. പുസ്തക വായന ശീലമില്ലാത്തതിനാലാണെന്ന് തോന്നുന്നു അഹദ് വലത്തെ തള്ള വിരൽ കൊണ്ട് പേജുകൾ മറിച്ച് അവസാനത്തെ പേജിൽ അത്തി. 214- ഇത്രയും പേജുകളുണ്ടോ? ഇതെപ്പോ വായിച്ചു കഴിയാനാണാവോ. അദ്ധ്യായങ്ങളുടെ പേജിലേക്ക് തിരിച്ചു വന്നപ്പോൾ, ആത്മാർഥത, സമർപ്പണ ബോധം, സന്നദ്ധത, ആദ്യപടി എന്നിങ്ങനെ ഉള്ള സ്ഥിരം അധ്യായങ്ങളിലൂടെ കടന്നു ഇൻവെസ്റ്റിഗേഷൻ ട്രയാംഗിൾ എന്ന അധ്യായത്തിൽ എത്തി. ഇതെന്താണ്? അങ്ങനെ ഒരു ട്രയാംഗിനെക്കുറിച്ച് ഇതിന് മുൻപു കേട്ടിരുന്നില്ല. വായിച്ചു നോക്കിയപ്പോഴല്ലെ മനസ്സിലായത്, ഒരു സീരിയൽ കില്ലിങ്ങിനെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ടാക്കുന്ന ഒരു ട്രയാംഗിൾ. കൃത്യമായി പറഞ്ഞാൽ ഒരു ക്രൈം ട്രയാംഗിൾ. ആ കാര്യങ്ങൾ സോൾവ് ചെയ്താൽ കേസന്വേഷണം പൂർത്തിയാകും. ആ പ്രധാനപ്പെട്ട ഘടകങ്ങൾ കണ്ടു പിടിക്കാനുള്ള ചോദ്യാവലിയും ഫോർമുലയും അതിൽ തന്നെ കൊടുത്തിട്ടുണ്ട്.

ശ്രദ്ധാപൂർവ്വം ഓരോ വരികളും വായിച്ചപ്പോൾ അഹദ് ഒരു തീരുമാനത്തിലെത്തി. ആദ്യത്തെ ഘടകം ഡയറി തന്നെ ആണ്. അതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിച്ചോ? ഇല്ല. ഇനിയും കുറെ ചോദ്യങ്ങൾ ബാക്കി നില്ക്കുന്നു. രണ്ടാമത്തെ ഘടകം ഗെയിം ആയിരിക്കാം എന്നു തോന്നുന്നു. അതിനെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ ഇനിയും അന്വേഷിച്ചറിയുവാനുണ്ട്. അപ്പോ മൂന്നാമത്തെ ഘടകമോ? അത് കണ്ടു പിടിക്കാനായി അഹദ് കിണഞ്ഞു പരിശ്രമിച്ചു. ചോദ്യങ്ങളും സൂചനകളും വീണ്ടും വീണ്ടും വായിച്ചു. ഒരു രക്ഷയുമില്ല. തുമ്പികളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായിരിക്കുന്നു. ബാക്കി ഉള്ളവർ മറ്റൊരു പാറ്റേണിൽ പറന്നു കളിക്കുന്നു. ഇതിനെല്ലാം എന്തൊക്കെയോ അർഥങ്ങളുണ്ട്. അദൃശ്യമായ അവ മനുഷ്യർക്കു ഇപ്പോഴും കണ്ടു പിടിക്കാനായിട്ടില്ല. ചിലപ്പോളവ തമ്മിൽ സംസാരിക്കുന്നതാവാം. മറ്റ് ചിലപ്പോൾ കളിക്കുന്നതുമാകാം. എന്തു തന്നെ ആയാലും വളരെ വിചിത്രം തന്നെ. സുഹാന പുസ്തകം മടക്കി വെച്ചു ഒരു പുസ്തകത്തിൽ എന്തോ കുത്തിക്കുറിക്കുന്നത് കണ്ടു. ദീപകിനെ അവിടെ കാണാനില്ലായിരുന്നു.

വിക്കിയുടെ സുഹൃത്ത്. അവനാകാൻ സാധ്യതയില്ലേ? സുഹൃത്തിന് കിട്ടുന്ന പരിഗണ തനിക്കും കിട്ടിയിരുന്നെങ്കിൽ എന്നു അവനും ചിന്തിച്ചിട്ടുണ്ടാകില്ലേ? ഗംഗയുടേയും റിതേഷിന്റേയും ഡ്രൈവർ? അയാളെന്തിന് ആ പെൻഡ്രൈവ് തങ്ങളിൽ നിന്നും ഒളിച്ചു വെച്ചു? ഫാസിൽ? അവൻ തന്നെ അറിയില്ല എന്ന്​ പറഞ്ഞതെന്തിന്? ഇവയെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമായി അവശേഷിച്ചു. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ആ കണ്ണി ഏതാണ്?

വീണ്ടും ഒരാവർത്തി കൂടി ആ ചോദ്യങ്ങൾ വായിച്ചു.
ഇല്ല. ഒരു രൂപവുമില്ല. ആ മൂന്നാമത്തെ ഘടകം കണ്ടെത്തിയാൽ ഈ കേസ് തെളിയുമെന്ന് അഹദിന്റെ മനസ്സ് മന്ത്രിച്ചു . അതിനായി ഇനി എത്ര പരിശ്രമിക്കേണ്ടി വരുമെന്നു അറിയില്ല. എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്നും. എത്രയും പെട്ടന്നു കണ്ടു പിടിക്കുന്നുവോ അത്രയും നല്ലത്. ഇനി മറ്റൊരാൾ കൂടി ഈ കൊലയാളിയുടെ ഇരയായിക്കൂടാ. സുഹാനയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച്​ ഒന്നുകിൽ രണ്ടു ദിവസങ്ങൾ കൂടിയേ അടുത്ത ആക്രമണത്തിന് ബാക്കിയുള്ളൂ. അല്ലെങ്കിൽ ഒരു മാസത്തിലധികമുണ്ട്. ഇതൊന്നുമല്ലെങ്കിൽ തീയതികൾ തെറ്റിച്ച്​ ഒരു ആക്രമണമാണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പക്ഷേ, മറ്റൊരു കാര്യം അഹദിന്റെ ശ്രദ്ധയിൽപ്പെട്ടു. യമുന ടീച്ചർക്കു സമ്മാനിക്കുന്ന ഡയറിയുടെ മുഖചിത്രം- ഒരു പെൻസ്റ്റാന്റിൽ വെച്ച കുറേ പേനകൾ. താൻ ഇത് എവിടെയോ കണ്ടിട്ടുണ്ട്. അതേ, ആ പെൻഡ്രൈവിലുള്ള സന്ദേശങ്ങളിലൊന്ന് ഇതായിരുന്നു. അപ്പോൾ, അത് യമുന ടീച്ചറെ ഉദ്ദേശിച്ചുള്ളതായിരുന്നു. അടഞ്ഞു കിടയ്ക്കുന്ന വാതിലുകൾ ഓരോന്നായി തുറന്നു കിട്ടുകയാണ്. എത്ര തന്നെ പരിശ്രമിക്കേണ്ടി വന്നാലും ഒരു കാര്യത്തിനും തന്നെ ഇനി ഈ കേസിൽ നിന്നും പിന്തിരിപ്പിക്കുവാൻ പറ്റില്ലെന്ന് അഹദ് തീരുമാനിച്ചുറപ്പിച്ച് കഴിഞ്ഞിരുന്നു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments