ചിത്രീകരണം : രാജേഷ് ചിറപ്പാട്

രണ്ട്ന്നല്ല, രണ്ടു മരണങ്ങൾ! അഹദിന് അത്രയും അടുപ്പമുള്ളവർ -മൊയ്ദീൻ മാഷും ഖദീജ ടീച്ചറും.

മഴ ചെറുതായി പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു. പത്തുപതിനഞ്ചാളുകൾ മുറ്റത്ത് കൂടിനിൽക്കുന്നു. എല്ലാം പരിചിതമുഖങ്ങൾ. വിഷമം ഉള്ളിലൊതുക്കാനാകാതെ തേങ്ങുന്നവർ, നീറുന്ന മനസ്സോടെ നിശ്ശബ്ദമായി കണ്ണുനീർ പൊഴിക്കുന്നവർ, അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാത്തവർ. വാർത്തകൾ ശേഖരിക്കുവാനും പരദൂഷണം പറയുവാനും താത്പര്യമുള്ളർ വന്നുതുടങ്ങുന്നതേയുള്ളു. ഇവരെല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് എന്തുപറ്റി എന്നന്വേഷിക്കുവാനും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാനും തയ്യാറായി വന്നവരാണ്. അഹദിനെക്കണ്ടതും ആൾക്കൂട്ടത്തിൽ നിന്നുമൊരാൾ ഓടിവന്നു,
""ഡോക്ടറേ...( ഇന്നാട്ടുകാർ അഹദിനെ ഡോക്ടറേ എന്നുതന്നെയാണ് ഇപ്പോഴും വിളിക്കാറ്. അഹദിന്റെ പൂർവകാലചരിത്രമെല്ലാം അവർക്കറിയാം. അതാണ് നാട്ടുമ്പുറത്തിന്റെ പ്രത്യേകത. വാർത്തകൾ തീപോലെ പടർന്നുപിടിക്കും) ഞാനിതെങ്ങനെ... സഹിക്കാ'' മുണ്ടിന്റെ അറ്റംകൊണ്ട് മുഖം തുടച്ചുകൊണ്ട് ഹബീബ് തുടർന്നു, ""ഇനിക്കെന്റെ ഉമ്മയും ഉപ്പയുമായിരുന്നു. പടച്ചോനേ, ഞാനിനി എന്തെയ്യും.''
വലത്തെ കൈകൊണ്ട് ഹബീബിന്റെ തോളിൽ തട്ടിക്കൊണ്ട് അഹദ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു,
""എനിക്കുമിത് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം സഹിക്കുവാനുള്ള കരുത്ത് സർവശക്തൻ തരും.''
""മുറിവൊന്നുമില്ലല്ലോ എന്തെങ്കിലും ചെയ്യാൻ പറ്റോ ഡോക്ടർ'' പ്രതീക്ഷയോടെ, തിളങ്ങുന്ന കണ്ണുകളുമായി ഹബീബ് ആരാഞ്ഞു.
നമുക്കന്വേഷിക്കാം,'' അഹദ് ചുരുക്കിപ്പറഞ്ഞു. ആ മുഖത്തുനോക്കി "ഇല്ല' എന്ന് പറയുവാൻ അഹദിന് തോന്നിയില്ല. എന്നാൽ അവർ രക്ഷപ്പെടുമെന്ന് പറയുന്നത് ഹബീബിനോട് ചെയ്യുന്ന ക്രൂരത ആയിപ്പോകും. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണല്ലോ. സത്യം ഉൾക്കൊള്ളുവാനുള്ള ശക്തി മനസ്സിനുണ്ട്. ഒരുപാട് തവണ നിസ്സംശയം ഉരുവിടണമെന്ന് മാത്രം. ചെറിയൊരു പ്രതീക്ഷപോലും അതിനു തടസ്സമാകും.

ആകാശത്തുനിന്നും വീഴുന്ന മഴത്തുള്ളികൾക്ക് പതിവിലും കനമുള്ളതായി അഹദിന് തോന്നി. അവ വന്നുപതിക്കുന്ന സ്ഥലത്തെല്ലാം സൂചി കുത്തിക്കയറുന്ന വേദന. ഒരുപക്ഷേ, അത് അഹദിന്റെ മനസ്സിന്റെ നൊമ്പരമാകാം.
""സാരമില്ല. ഓരോരുത്തരും എന്തായിത്തീരണമെന്നത് നേരത്തെ നിശ്ചയിച്ചുവെച്ചിട്ടുണ്ട്. അഹദിന്റെ തലയിലെഴുത്ത് ഇതാകും. ശുഭചിന്തകളിൽനിന്നും വഴുതിപ്പോകുവാൻ മനസ്സിനെ അനുവദിക്കരുത്.'' താൻ മെഡിസിൻ ഉപേക്ഷിച്ച ശേഷമാണ് ഒരു ഡിക്ടക്റ്റീവ് ആകാൻ നിശ്ചയിച്ചതെന്നറിഞ്ഞ തന്നോട് മൊയ്ദീൻ മാഷ് പറഞ്ഞതോർത്തു. ഭൂരിപക്ഷവും എതിരുനിന്നിട്ടേയുള്ളൂ. മണ്ടത്തരമെന്നു വിധിയെഴുതിയിട്ടേയുള്ളൂ. എന്തിന്, തന്റെ വീട്ടുകാർ പോലും എതിർത്തു. പിന്തുണച്ചത് മാഷ് മാത്രമാണ്.

കൂടുതൽ പോലീസ് കാറുകൾ ചീറിപ്പാഞ്ഞങ്ങോട്ടുവന്നു. കീ തിരിച്ചുവെച്ച പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെപ്പോലെ പോലീസുകാർ ജീപ്പിൽ നിന്നുമിറങ്ങിക്കയറി. യാന്ത്രികമായ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങൾ നോക്കിനിന്നു. കുറ്റകൃത്യങ്ങൾ തേടി നടക്കുന്നവർക്ക് അവയോടുള്ള ഭയവും ദുഖവും മറ്റു വികാരങ്ങളും കൂടെ കൊണ്ടുനടക്കുക അസാധ്യം!
"വീയോ... വീയോ...' മൂളിപ്പറക്കുന്ന ഒരു തേനീച്ചയുടെ ശബ്ദംപോലെ അതടുത്തടുത്തുവന്നു. സ്വന്തം ചെവിയ്ക്കരികിൽ പറക്കുമ്പോഴേ അതെത്ര ആരോചകമാണെന്ന് മനസ്സിലാവുകയുള്ളൂ. അതുപോലെ തന്നെയാണ് ആംബുലൻസും. കുത്തനെയുള്ള ടൈൽസ് വിരിച്ച കയറ്റം കയറി അത് മുറ്റത്ത് നിർത്തി. കാഴ്ചക്കാർ രണ്ടുശത്തേക്കും മാറി, വളരെ ശ്രദ്ധിച്ചു ശ്വാസമെടുത്തു പിന്നീടുള്ള കാഴ്ചകൾക്കായി കാത്തുനിന്നു. കുറച്ചുസമയത്തിനുള്ളിൽ മരിച്ചവരെ സ്ട്രെച്ചറിൽ കയറ്റി കൊണ്ടുവരുമെന്നുള്ള ചിന്ത അഹദിന് ആശ്വാസകരമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു ദുരൂഹമരണം അർഹിക്കുന്നില്ല എന്നത് അവിടെ കൂടിനിൽക്കുന്നവർക്കെല്ലാം ഉറപ്പായിരുന്നു.

മേശയ്ക്കരികിൽ നിലത്തു കമിഴ്ന്നുകിടക്കുന്ന മൊയ്ദീൻ മാഷ്. വീഴ്ചയുടെ ആഘാതത്തിൽ നിലത്തു തെറിച്ചുവീണിരിക്കാവുന്ന കണ്ണട. വലത്തെ കൈയിൽനിന്നും വഴുതിപ്പോയി പൊട്ടിത്തകർന്നുപോയ ചില്ലുഗ്ലാസ്, അതിൽനിന്നും ഒഴുകിയ ദ്രാവകം. വെള്ളമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നു. എന്നാൽ മുഖത്തു പരിഭ്രമത്തിന്റെ ലാഞ്ചനപോലുമില്ല. നിർവികാരതയാണ്. കുറച്ചപ്പുറത്ത് ചേതനയറ്റുപോയ ഖദീജ ടീച്ചർ. തൊട്ടടുത്ത് ഒരു മൊബൈൽ ഫോൺ. ആ മുഖത്ത് ഭയം നിഴലിക്കുന്നു.

""നല്ലൊരു മരണം. അതൊരു നസീബത്താണ്,'' ശനിയാഴ്ച വൈകുന്നേരങ്ങളിലെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമിടയിൽ വളരെ യാദൃച്ഛികമായി കടന്നുവന്ന വാക്കുകൾ. ഇന്നത് അപ്രസക്തമായിരിക്കാം. അഞ്ചുനേരം നിസ്‌കരിക്കുകയും നോമ്പ് പിടിക്കുകയും നന്മകൾ ചെയ്യുകയും ചെയ്തിരുന്ന മാഷിന്റെ മനസ്സിലൊളിച്ചിരുന്ന ആഗ്രഹമാകാം. ചിലപ്പോൾ മാഷിന്റെ അഭിപ്രായം മാത്രമാകാം. എന്നാൽ, ആ വാക്കുകൾ കേട്ടുനിന്ന വ്യക്തി എന്ന നിലയ്ക്ക് ഇങ്ങനൊരു അവസ്ഥ കാണേണ്ടിവന്നതിൽ അഹദിന് പ്രയാസം തോന്നി. തൊണ്ടയിൽ ഒരു കനം അനുഭവപ്പെട്ടു. സൂര്യനടിയിലെ എന്തിനെക്കുറിച്ചും സംസാരിക്കുവാൻ താൽപര്യമുള്ള ആളായിരുന്നു മൊയ്ദീൻ മാഷ്. ടീച്ചറും ഒട്ടും മോശമല്ല. എന്നാൽ, ഖദീജ ടീച്ചർക്ക് രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. വെട്ടിപ്പും തട്ടിപ്പും അസത്യവും വാഴുന്ന രാഷ്ട്രീയക്കളികൾ തനിക്കു ദഹിക്കില്ലെന്നു ടീച്ചർ പറയാറുണ്ടായിരുന്നു. മറ്റുള്ള വിഷയങ്ങളിലെല്ലാം ടീച്ചറുമിടപെടും. ചിലപ്പോൾ മാഷിനെ തോൽപ്പിക്കും. ഈ ഉമ്മറത്തുവെച്ച് നടന്നിട്ടുള്ള ചർച്ചകളും സൃഷ്ടിപരമായ വാഗ്വാദങ്ങളും അഹദിന്റെ ദിനങ്ങളെ ഒരിക്കൽ ഉദ്വേഗജനഗമാക്കാറുണ്ടായിരുന്നു. എന്നാൽ, തിരക്കിട്ട ദിനങ്ങൾ കടന്നുവന്നപ്പോൾ സന്ദർശനങ്ങൾ കുറഞ്ഞു. സ്വഭാവികമായും ആശയവിനിമയങ്ങളും.

""ഇതിലാരാണഹദ്'' പ്രായം കുറഞ്ഞ, കറുത്തു, മെലിഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥൻ വളരെ ഗൗരവത്തോടെ ചോദിച്ചു. പോലീസ് കോൺസ്റ്റബിൾ ആകണം, എന്നെ എന്തിനാണന്വേഷിക്കുന്നത്.
മറുചോദ്യങ്ങളൊന്നുമില്ലാതെ അഹദ് കോൺസ്റ്റബിളിന്റെ കൂടെ അകത്തേയ്ക്കു നടന്നു. മൃതശരീരങ്ങൾ സ്ട്രെച്ചറിലേക്ക് മാറ്റിയിരിക്കുന്നു.
ഫോട്ടോഗ്രാഫുകൾ എടുത്തുകഴിഞ്ഞിരിക്കണം. വിൻസെന്റ് അവ ഒപ്പിച്ചുതരാറാണല്ലോ പതിവ്. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം മാർക്കർ വെച്ച് രേഖപ്പെടുത്തിയിരിക്കുന്നു. വിരൽ അടയാളങ്ങളും മറ്റു തെളിവുകളറും ശേഖരിക്കുന്ന തിരക്കിലാണ് ഫൊറെൻസിക് ഉദ്യോഗസ്ഥർ. ഗ്ലാസും മൊബൈൽ ഫോണും ഡയറിയുമെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി സീൽചെയ്തിരിക്കുന്നു. "പ്രവേശനമില്ല, കുറ്റകൃത്യം നടന്ന സ്ഥലമാണ്' എന്നെഴുതിയ പോലീസിന്റെ മഞ്ഞ ബാനർ പലയിടത്തും അതിർത്തികെട്ടിത്തിരിച്ചിരിയ്ക്കുന്നു. എല്ലായിടത്തും കൈയുറകളും മാസ്‌ക്കും ധരിച്ച മുഖങ്ങൾ! കുറച്ചപ്പുറത്തു മാറിനിന്നു എല്ലാം വീക്ഷിക്കുന്ന തടിച്ചു, കറുത്ത ഒരു കുടവയറൻ പോലീസുകാരന്റെ അടുത്തേയ്ക്കാണു കോൺസ്റ്റബിൾ അഹദിനെ കൊണ്ടുപോയത്. പ്രായത്തിനുചേരാത്ത, നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന ഒരു വെപ്പുമുടി അയാൾക്ക് ഒരു കോമാളിയുടെ രൂപം ചാർത്തിക്കൊടുക്കുന്നു. ചുമന്ന കണ്ണുകളാൽ അഹദിനെ അടിമുടി ഒന്നുനോക്കി, അകത്തുള്ള പുച്ഛഭാവം മറച്ചുവെക്കുവാൻ യാതൊരു ശ്രമങ്ങളും നടത്താതെ അയാൾ പറഞ്ഞു,
""ഉം. ഈ കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പരിശോധിക്കുവാൻ ഐ.ജി.യുടെ കൈയിൽനിന്നും വാങ്ങിയ പ്രത്യേക അനുമതി കണ്ട് പേടിച്ചിട്ടല്ല, വിൻസെന്റിന് അറിയുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടുമാത്രാണ്. കേറിനോക്ക്, വേഗം വേണം.'' വലത്തെ കൈകൊണ്ട് തലമുടി ചൊറിഞ്ഞു, തലയും കുലുക്കി അവിടെനിന്നും നടക്കുവാൻ തുടങ്ങിയ അഹദിനോട് കുറ്റകൃത്യം നടന്ന സ്ഥലം ചൂണ്ടി സി.ഐ. താക്കീതുചെയ്തു, ഒരൽപം ഉച്ചത്തിൽ,
""ടോ , തെളിവുകൾ നശിപ്പിക്കരുത്. ഗ്ലൗസിട്ടേ കേറാവൂ. അവരുടെ ജോലി തടസ്സപ്പെടുത്തല്ലേ.'' പോലീസുദ്യോഗസ്ഥന്റെ അധികാരം സ്ഥാപിക്കുവാനുള്ള ശ്രമം ആണിതെന്നു മനസ്സിലാക്കിയ അഹദ് മൗനം പാലിച്ചു. വിഡ്ഢികളോട് തർക്കിച്ചിട്ടുകാര്യമില്ല. ഇവിടെ തനിക്കാവശ്യം അനുമതി മാത്രമാണ്. അതു കിട്ടിക്കഴിഞ്ഞു. ""സാറേ, റിപ്പർ രാമു കേസും തൗഫീഖ് കേസും തെളിയിച്ച ആളാണ്,'' കിതപ്പുമാറാതെ, അഹദിനെ ചൂണ്ടി എസ്.ഐ. വിൻസെന്റ് പ്രഖ്യാപിച്ചു. അത് സി.ഐ .യെ കൂടുതൽ ചൊടിപ്പിക്കുകയേയുള്ളൂ എന്നു മനസ്സുകൊണ്ട് കണക്കുകൂട്ടിയ അഹദ്, വിൻസെന്റിനെ നോക്കി കണ്ണിറുക്കി. ഗ്ലൗസ് അണിഞ്ഞശേഷം തലകുനിച്ച്, ഇടത്തെ കൈകൊണ്ട് പ്ലാസ്സ്റ്റിക് ബാനർ നീക്കി അകത്തുകടന്നു. സി.ഐ.യുടെ മനസ് ഏതുമിനിഷവും മാറാം എന്ന തിരിച്ചറിവോടെ.
വിൻസെന്റ് ആളൊരു ഉപകാരി ആണെങ്കിലും പാവമാണ്. ഇന്നത്തെ കാലത്തു ജീവിക്കാൻ വേണ്ട വിരുതുകളൊന്നും അവനറിയില്ല.

""ബ്ലഡ് സ്‌പോട്‌സ് ഉണ്ടോ, എവിടെയെങ്കിലും''
""ആരാ''
""അഹദ്. പ്രൈവറ്റ് ഡീറ്റെക്റ്റീവ്. സ്‌പെഷ്യൽ പെർമിഷൻ ണ്ട്.''
""മനോജ്,'' സൗഹൃദപൂർവം തലയാട്ടിക്കൊണ്ട് തുടർന്നു, ""ബ്ലഡ് സ്‌പോട്‌സ് ഒന്നും തന്നെയില്ല. ഫിംഗർ പ്രിന്റ്‌സ് ഉണ്ടാകാൻ സാധ്യത ഇല്ല. ഇതും പൊയ്‌സണിങ് തന്നെ ആകാനാണ് സാധ്യത. മെ ബി എ സൂയിസൈഡ്.''
""നോ. നെവർ,'' അഹദ് ഉദ്ദേശിച്ചതിലും ഉച്ചത്തിലാണ് ഒച്ച പുറത്തുവന്നത്. ഇത്രയും സമയം മനസ്സിൽ അടുക്കിവെച്ച സങ്കടവും കൊലയാളിയോടുള്ള രോഷവും പുറത്തുചാടിയതാണ്. ചുറ്റുമൊന്നു കണ്ണോടിച്ചശേഷം, അന്ധാളിച്ചുനിൽക്കുന്ന മനോജിനെ നോക്കി അഹദ് പറഞ്ഞു,
""ക്ഷമിക്കണം. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരാണ്. അവർ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല.''
""ലെറ്റ് അസ് സീ.''
""ക്യാൻ ഐ ഹാവ് അ ലുക്ക് അറ്റ് ദി കളക്റ്റഡ് എവിഡെൻസ് അറ്റ് യുവർ ഓഫീസ്''
""ഷുവർ.''

അഹദ് ചുറ്റും നടന്നു ആ മുറിയൊന്നു വീക്ഷിച്ചു. തന്റെ പ്രിയപ്പെട്ടവരുടെ മുറി എന്ന കണ്ണുകളോടെയല്ല, കുറ്റകൃത്യം അന്വേഷിക്കുന്ന ഡിക്ടക്റ്റീവ് കണ്ണുകളോടെ-മൂന്നുനാല് പഴയ പുസ്തകങ്ങൾ അടുക്കിവെച്ച മരം കൊണ്ടുണ്ടാക്കിയ മേശ. തൊട്ടടുത്തു പുറകിലേക്ക് തള്ളി, ഇടത്തേയ്ക്കു ചെരിച്ചുനീക്കിയിട്ടിട്ടുള്ള കസേര, വേസ്റ്റ് ബാസ്‌കറ്റിൽ നിന്നും ചിന്നിച്ചിതറിയ കുറച്ചു കടലാസുകൾ, വലത്തോട്ടും ഇടത്തോട്ടും താളത്തിൽ ആടുന്ന പെൻഡുലം ക്ലോക്ക്. എവിടെയോ തിരക്കിട്ടു എത്താനുള്ളതുപോലെ ഓടിയകലുന്ന സെക്കന്റ് സൂചി.
""മാഷിന് എവിടെയും വൈകിയെത്തുന്നത് ഇഷ്ടല്ല, അതുകൊണ്ട് ക്ലോക്ക് എപ്പോഴും അഞ്ചുമിനുട്ട് കൂടുതൽ തിരിച്ചുവെക്കും,'' ഖദീജ ടീച്ചറുടെ വാക്കുകൾ. ശരിയാണ്. സമയം എട്ടേ ഇരുപതഞ്ചേ ആയിട്ടുള്ളൂ. അഹദ് വാച്ചിൽ നോക്കി.
"ടിങ്...' മണിക്കൂറിന്റെ പകുതി അറിയിക്കുന്ന ക്ലോക്കിന്റെ മണി. ഒരുനിമിഷം എല്ലാവരുടെയും കണ്ണുകൾ കറുത്ത ക്ലോക്കിലേയ്ക്ക് തിരിഞ്ഞു. ദ്രുതവേഗത്തിൽ തിരിച്ചും. നിലത്തു പൊട്ടിയ ഗ്ലാസ്സിന്റെ കഷ്ണങ്ങൾ ചിതറിക്കിടക്കുന്നു. പതിയെ കറങ്ങുന്ന അൽപ്പം പൊടിപിടിച്ച ഫാൻ, ഭിത്തിയിൽ തൂങ്ങുന്ന കലണ്ടർ-പുതിയതല്ല, 1992-ലേതാണ്. അതിൽ പേനകൊണ്ട് വട്ടംവരച്ചിട്ടിരിക്കുന്ന തീയതി കണ്ട് അഹദ് ഞെട്ടി -ഓഗസ്റ്റ് 8! ഉള്ളിലൂടെ ഒരാന്തൽ. വിറയ്ക്കുന്ന മനസ്സോടെ, അഹദ് കലണ്ടർ ശ്രദ്ധാപൂർവം എടുത്തു ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു. അതിനടിയിൽ 2009-ലെ കലണ്ടറുമുണ്ടായിരുന്നു. അവർ ആത്മഹത്യ ചെയ്തതാകുമോ? ഇങ്ങനെ ഒരു കലണ്ടർ ഇവിടെ കണ്ടതായി ഓർമയില്ല. അതോ കൊലയാളി മനപ്പൂർവം ഇവിടെ ഉപേക്ഷിച്ചതാകുമോ? കണ്ണിന്റെ കോണിലൂടെ രണ്ടുമൂന്നാലാളുകൾ ചേർന്ന് സ്ട്രെച്ചർ കൊണ്ടുപോകുന്നതുകണ്ടു. ആംബുലൻസിൽ കയറ്റാനായിരിക്കും. അവിടെ തന്റെ ആവശ്യമിനി ഇല്ലെന്നു അറിയാകുന്നതിനാൽ അങ്ങോട്ടുപോയില്ല. ദുരൂഹതകളുടെ ചുരുളഴിയുവാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു.

വളരെ പരിചിതമായ മുറികളിലൂടെ നടന്ന് അഹദ് അടുക്കളയിലെത്തി. അത്താഴം കഴിഞ്ഞു ബാക്കിവന്ന ഭക്ഷണം മൂടിവെച്ചിരിക്കുന്നു. ഫാസിൽ കഴിച്ചിട്ടുണ്ടാകില്ല. പറഞ്ഞതുപോലെ അവനെവിടെ.
""സ്‌കൂളിലെ എല്ലാ കുട്ടികളെയും നോക്കുന്ന തിരക്കിൽ ഞാനെന്റെ മകനെ ശ്രദ്ധിക്കാൻ വിട്ടുപോയി,'' ഖദീജ ടീച്ചർ പറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ഒരു മുഖ്യ ചർച്ചാവിഷയം ഫാസിൽ ആയിരുന്നു, വീട്ടിൽ വൈകിയെത്തുന്ന മകൻ, വഴിതെറ്റിക്കുന്ന കൂട്ടുകെട്ടുകൾ, ദേഷ്യം, ശാഠ്യം എന്തിനേറെ പറയണം, ഇടയ്ക്ക് മകൻ മദ്യം സേവിക്കുന്നത് വരെ കാണേണ്ടിവന്നു ഈ മുസ്ലിം ദമ്പതികൾക്ക്. ഉപദേശവും ശാസനയുമൊന്നും മകന്റെ മനസ്സ് മാറ്റിയില്ല. ""പടച്ചവൻ ഒരു വഴി കാണിച്ചുതരും,'' ഉള്ളുരുകി പ്രാർഥിയ്ക്കുന്ന മൊയ്ദീൻ മാഷിന്റെ മുഖം ഇപ്പോഴും അഹദ് വ്യക്തമായി ഓർക്കുന്നു.

അടുക്കളയിൽ സംശയാസ്പദമായ കുപ്പികളോ മറ്റൊ ഇല്ല. തല കുനിച്ചു പടിവാതിൽ കടന്നു അഹദ് ബെഡ്റൂം പരിശോധിച്ചു. ബ്ലഡ് പ്രഷറിനും ഷുഗറിനും മാഷ് കഴിക്കാറുള്ള ഗുളികകൾ ഒരു പ്ലാസ്റ്റിക് പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നു. കുപ്പിമരുന്നുകളോ പൊടികളോ ഒന്നുംതന്നെയില്ല.
അഹദ് സാവധാനം പുറത്തേയ്ക്കിറങ്ങി. മഴ തോർന്നുതുടങ്ങിയിരിക്കുന്നു. മുറ്റം നിറയെ ആളുകൾ. ചിലർ കുട നിവർത്തിപ്പിടിച്ചിരിക്കുന്നു. ശബ്ദകോലാഹലങ്ങൾ കാരണം മഴത്തുള്ളികൾ മേൽക്കൂരയിൽ വീഴുന്ന ശബ്ദം പോലും പതിഞ്ഞുപോയിരിക്കുന്നു.
ഫോണിന്റെ പവർ സ്വിച്ച് അമർത്തി പരിശോധിച്ചു. ദീപക്കിന്റെ മിസ്ഡ് കാൾ ഉണ്ട്.
തിരിച്ചുവിളിക്കാം.
ദീപക് എന്ന് പേരിനുമുമ്പിലുള്ള കോൾ ബട്ടൺ അമർത്തി, കാത്തുനിന്നു.
""Slow motionBlinds are see through...'' ശാക്കിറ എന്ന പാട്ടുകാരിയുടെ "She Wolf' എന്ന ആൽബത്തിലെ വിശ്വപ്രശസ്ത പാട്ട് ചെവിയിൽ മുഴങ്ങി. "യഥാർഥത്തിൽ ഈ കോളർ ട്യൂൺ സമ്പ്രദായം കൊണ്ട് ഫോൺ കമ്പനികൾ എന്താണുദ്ദേശിച്ചത് എന്ന് അഹദിനിപ്പോഴും മനസ്സിലായിട്ടില്ല. വിളിക്കുന്നയാൾക്ക് ഇഷ്ടമുള്ള പാട്ടല്ലേ കേൾപ്പിക്കേണ്ടത്.' പാട്ടുകാരിയുടെ തുളച്ചുകയറുന്ന ശബ്ദം അവസാനിക്കുന്നതും കാത്തു അഹദ് ഫോൺ കുറച്ചകലെ പിടിച്ചു.
""ഹലോ, ഞങ്ങളിതാ എത്തി. ചെങ്കുവെട്ടി ജംഗ്ഷനിൽ നല്ല ബ്ലോക്ക്.''
"" ഉം... ശരി,'' എന്ന് ചുരുക്കിപ്പറഞ്ഞു അഹദ് ഫോൺ കട്ട് ചെയ്തു.

സ്ലൈഡ് പോലെ തോന്നിക്കുന്ന മുറ്റത്തുകൂടെ മഴവെള്ളം കുത്തിയൊലിക്കുവാൻ തുടങ്ങിയിരിക്കുന്നു. അഹദവിടെ താമസിക്കുവാൻ വരുമ്പോൾ റോഡും മാഷിന്റെ വീടും ഒരേ നിരപ്പിലായിരുന്നു. അതിനുശേഷം നടന്ന റോഡ് പണിയ്ക്കുശേഷമാണിങ്ങനെ വീടുയർന്നുപോയത്.
""ഇങ്ങളൊക്കെയാരാ എന്താ വ്‌ടെ എനിക്കോരെ കാണണം .''
""നീ ആരാ, കുടിച്ചിട്ടുണ്ടോ''
ബഹളം കേട്ടു അഹദ് അകത്തേയ്ക്കുചെന്നു. നീണ്ട മുടി ഉയർത്തി കെട്ടിവെച്ചിരിക്കുന്നു. ഇളം നീല ജീൻസും മുഷിഞ്ഞ തവിട്ടുനിറത്തിലുള്ള ഷർട്ടുമാണ് വേഷം. നിലത്ത് ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.
""ഇനിക്കോരെ കാണണം. ഇങ്ങളെവിടേണൊളിപ്പിച്ചുവെച്ചത്''
ഫാസിൽ. അഹദ് ആ ശബ്ദം തിരിച്ചറിഞ്ഞു. കുറച്ചുനാൾ കൊണ്ട് മനുഷ്യനിങ്ങനെ മാറുമോ, ഒതുക്കിവെട്ടിയ മുടിയും മുണ്ടും ഷർട്ടുമണിഞ്ഞു ഒന്നൊന്നരവർഷം മുമ്പ് പെരുന്നാളിന് പള്ളിയിൽ മാഷിന്റെ കൂടെ നിസ്‌കരിക്കാൻ വന്ന ചെക്കനെ അഹദ് ഓർത്തു.
""ഫാസിൽ. ഞാൻ അവരെ കാണിച്ചുതരാം,'' ഫാസിലിന്റെ തോളിൽ തട്ടിക്കൊണ്ട് അഹദ് അവനെ തന്റെ ഒപ്പം വരാൻ പ്രേരിപ്പിച്ചു.
""എനിക്കിയാളെ അറിയാം,'' സംശയിച്ചുനിൽക്കുന്ന എസ്.ഐ.യെ നോക്കി അഹദ് പറഞ്ഞു. വലിയൊരു തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ അയാളെന്തോ പിറുപിറുത്തുകൊണ്ട് അകത്തേയ്ക്കുപോയി.
""ഫാസിൽ, ഞാൻ അഹദാണ്. ഓർമയില്ലേ'' ദ്രുതഗതിയിൽ ചലിക്കുന്ന കണ്ണുകൾ നോക്കി അഹദ് ചോദിച്ചു.""വിഷമിക്കേണ്ട. എല്ലാം ശരിയാകും,'' മറുപടിയൊന്നുമില്ലെന്ന് കണ്ടപ്പോൾ തന്നെത്തന്നെ നോക്കിനിൽക്കുന്ന ഫാസിലിനോട് അഹദ് പറഞ്ഞു. ആ കണ്ണുകളിൽ വിടരുന്ന അത്ഭുതം അഹദ് വായിച്ചറിഞ്ഞു. മദ്യപിച്ചു ദേഷ്യത്തോടെ സംസാരിക്കുമ്പോൾ ഒരാൾ അവനോടു സ്‌നേഹത്തോടെ പെരുമാറുന്നത് ഇതാദ്യമായിട്ടായിരിക്കണം.
""നമുക്കാദ്യം കുറച്ചു വിശ്രമിക്കാം,'' അഹദ് അവനെ കാർ ഷെഡ്ഡിനടുത്തുള്ള സിമന്റ് ബെഞ്ചിൽ ഇരുത്തി സൗമ്യമായി സംസാരിച്ചു. ചില കണ്ണുകൾ തങ്ങളെ നിരീക്ഷിക്കുന്നത് കണ്ടില്ലെന്നുനടിച്ചു അഹദ് കുറച്ചക്കലെ നിൽക്കുന്ന ഹബീബിനെ വിളിച്ചു,
""കുറച്ചു വെള്ളം കൊണ്ടുതരാമോ''
""പിന്നെന്താ'' ഹബീബ് ഗെയിറ്റ് കടന്നു പുറത്തേയ്ക്കുപോകുന്നതും നോക്കി അവർ ഇരുന്നു.
""തല വേദനിക്കുന്നുണ്ടോ''
ഫാസിൽ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.
""ഇപ്പേം ഇമ്മേയെവ്‌ടെ'' ആൾക്കൂട്ടത്തിനിടയിലൂടെ ഫാസിലിന്റെ കണ്ണുകൾ അവരെ അന്വേഷിച്ചു.
""എന്തേലും പറ്റിയോ'' അവനു പതിയെ സ്വബോധം തിരിച്ചുകിട്ടുന്നതായി അഹദിന് തോന്നി. അഹദ് മൗനം പാലിച്ചു. ഈ അവസ്ഥയിൽ സത്യമറിഞ്ഞാൽ ഫാസിൽ എങ്ങനെ പ്രതികരിക്കുമെന്ന് അഹദിന് നിശ്ചയമില്ലായിരുന്നു.
കാർപോർച്ചിന് മുകളിലിട്ടിരിക്കുന്ന ഷീറ്റിൽ നിന്നും വെള്ളം ഇറ്റി മുറ്റത്തു പതിക്കുന്നുണ്ടായിരുന്നു. ഹബീബ് കൊണ്ടുന്ന വെള്ളം കുടിച്ചു, നന്നായി ഒന്ന് മുഖം കഴുകിയപ്പോൾ തന്നെ ഫാസിലിനു പകുതിയിലേറെ കാര്യങ്ങൾക്കു വ്യക്തത വന്നതുപോലെ. എന്നാലും വർത്തമാനകാലത്ത് എത്തിയിട്ടില്ല.
""ഇപ്പായ്ക്കു നല്ല വെഷ്മണ്ടായിരുന്നു. ഞാൻ കൊറേ ബുദ്ധിമുട്ടിച്ചിട്ട്ണ്ട്. സമർഥനായ മാഷിന്റെ മോൻ മിടുക്കനായിരിക്കുമെന്ന് എല്ലാരും വിചാരിച്ചു. പക്ഷേ... പക്ഷേ...,'' അവനൊരു ചെറിയ കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.
""കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ നന്നാവാൻ ശ്രമിക്കുകയായിരുന്നു, എന്റെ ഇപ്പാടേം ഇമ്മാടേം പ്രതീക്ഷയ്ക്കൊത്തു ജീവിക്കാൻ ശ്രമിക്കാരുന്നു. ഇന്നെന്റെ കണക്കുകൂട്ടലുകൾ പിന്നേം തെറ്റി,'' അവൻ വലത്തെ കൈ വെച്ചു നെറ്റിയിൽ ആഞ്ഞടിച്ചു തേങ്ങിക്കരഞ്ഞു.
കൂടുതൽ കണ്ണുകൾ തങ്ങളെ വീക്ഷിക്കുന്നത് അഹദ് കണ്ടു. ശാന്തനായി അഹദ് പറഞ്ഞു,
""സാരമില്ല,'' ഈ വൈകിയ വേളയിൽ മറ്റെന്തെങ്കിലും പറയാനാകുമോ എന്നു അഹദ് സംശയിച്ചു. ഒരുപക്ഷേ, ഇതിനുമുൻപ് ഫാസിലിനെ കണ്ടിരുന്നെങ്കിൽ, അവനെ തനിക്കു രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് അഹദിന് തോന്നി. പിന്നെ, ഇപ്പോൾ എന്തുകൊണ്ടായിക്കൂടാ.
""അങ്ങനെ ഒന്നുമില്ല ഫാസിൽ. നിന്നെ മാഷിനും ടീച്ചർക്കും ഇഷ്ടമാണ്. അവർക്കമിതപ്രതീക്ഷകളൊന്നും ഇല്ല. നിനക്ക് നിന്റെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാം.''
""പക്ഷേ, മൊയ്ദീൻ മാഷിന്റെ മോൻ ഒരു നിലയിലെത്തണ്ടേ അയ്‌നെനിക്ക് കയിഞ്ഞില്ലെങ്കിലോ''
""ഫാസിലിന്റെ കഴിവിനപ്പുറത്തു ഒന്നും ചെയ്യേണ്ട. സമാധാനമായിരിക്കൂ,'' തന്റെ വാക്കുകൾ ഫാസിലിന്റെ വലിഞ്ഞുമുറുകിയ മുഖത്തിന് തെല്ലും മാറ്റം വരുത്തിയിട്ടില്ലെന്നു കണ്ടിട്ടാകണം അഹദ് പിന്നെയും ശ്രമം തുടർന്നു,
""നമ്മൾ ഈ ലോകത്തെത്തുന്നത് ഓരോ ദൗത്യം പൂർത്തീകരിക്കുവാനാണ്. അതിൽ മറ്റുള്ളവരുടെ പ്രതീക്ഷകൾക്കു പ്രസക്തിയില്ല. നമ്മുടെ മനസ്സമാധാനമാണ് മുഖ്യം.''
""ഞാൻ ഇനി പോവില്ലെന്നു തീരുമാനിച്ചതാണ്. പക്ഷേ, ഇന്റെ ഫ്രെണ്ട്‌സ്... അവരൊരു പാർട്ടി ഒരുക്കി വിളിച്ചപ്പോ, ഇക്ക് പോകാതിരിക്കാൻ പറ്റീല്ല. ഇമ്മ ഒരു നൂറുവട്ടം പറഞ്ഞതാണ് പോണ്ടാന്ന്. ഇനി ഞാ ഇമ്മാനോട് ന്ത് പറയും'' പിന്നെയും ഒരു കൊച്ചുകുട്ടിയെപ്പോലെ ഫാസിൽ തേങ്ങിക്കരയുവാൻ തുടങ്ങി.

""അഹദ്, എന്തായി എത്ര...'' മുമ്പിൽ ആശ്ചര്യപൂർവം നിൽക്കുന്ന ദീപക്. തിളങ്ങുന്ന പൂച്ചക്കണ്ണുകൾ കൊണ്ട് ഫാസിലിനെ നോക്കി അവൻ ചോദിച്ചു. സുഹാന ആ ചെറു പുന്തോട്ടം സസൂക്ഷ്മം പരിശോധിക്കുകയാണ്.
""പറയാം,'' കണ്ണുകൾ ഇടത്തോട്ട് ചലിപ്പിച്ചു അഹദ് മറുപടി നൽകി. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമയത്തിനു കണ്ണുകൾ ധാരാളം. ദീപക് ദൂരെ മാറിനിന്നു വീക്ഷിച്ചു.
""എന്താണിത്ര ആളുകളിവ്‌ടെ മ്മാക്കും പ്പാക്കും എന്തേലും''
ചുറ്റും കണ്ണോടിച്ചു കൊണ്ട് ഫാസിൽ പിന്നെയും ചോദിച്ചു.
""അതോ, ഇൻക്ക് തോന്നാണോ ഇങ്ങള്''
""അഹദ്.''
""ഇങ്ങക്കും കാണാൻ പറ്റുണ്ടോ'' ഫാസിൽ സംശയപൂർവം അഹദിന്റെ കണ്ണുകളിലേയ്ക്കു നോക്കി, എന്തോ ഓർമ വന്നതുപോലെ തുടർന്നു,
""ഇന്റെ ഫ്രെണ്ട്‌സ് അടുത്തുള്ളപ്പോ നല്ല രസാരുന്ന്. നല്ല സുഖാരുന്ന്.'' ഫാസിലിന്റെ ചുമന്ന കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
അഹദിന്റെ വയറ്റിലൂടെ ഒരാളൽ കടന്നുപോയി,
"ഇവൻ ഇനി വല്ല ഡ്രഗ്‌സും'
സംശയം പുറത്ത് കാണിക്കാതെ അഹദ് ചോദിച്ചു,
""പരീക്ഷയൊക്കെ കഴിഞ്ഞോ''
""പരീക്ഷ... ആ... കയിഞ്ഞിട്ട്ണ്ടാകും. ഇൻക്കൊന്നും ഓർമല്ല. തല വെട്ടിപ്പൊളിയുന്നതുപോലെ ണ്ട്.''
""സാരല്ല. വിശ്രമിച്ചോളൂ.''
""ഇന്റെ ഫോൺ ഇന്റെ ഫോണെവ്‌ടെ അയാൾ അതും എടുത്തിട്ടുണ്ടാകും. ഇൻക്കറിയാ. ഞാൻ ഫ്രെണ്ട്‌സിനെ കാണാതിരിക്കാൻ അയാളെന്തും ചെയ്യും,'' തീജ്വലിക്കുന്ന കണ്ണുകളോടെ ഫാസിൽ പ്രഖ്യാപിച്ചു.
""ആരാണ് ഈ അയാൾ'' വളരെ സൗമ്യമായി അഹദ് ചോദിച്ചു.
""ന്റെ പ്പ.''
നെഞ്ചിലൊരു ഭാരം പോലെ അഹദിന് തോന്നി. തന്റെ ചെവികളെ വിശ്വസിക്കാനാകാതെ അഹദ് ചോദിച്ചു,
""ഫാസിൽ, മോനെന്താണീ പറയുന്നത് '' ""ഞാനിനി ഫ്രെണ്ട്‌സിനെ കണ്ടാ വീട്ടീ കേറ്റില്ലെന്നയാൾ പറഞ്ഞീന്ന്,'' ഫാസിൽ തന്റെ വലത്തെ കൈ, മുഷ്ടിചുരുട്ടി സിമന്റ് ബെഞ്ചിൽ അടിക്കാൻ തുടങ്ങി. വല്ലാതെ വിയർത്ത അവന്റെ കൈകൾ വിറയ്ക്കുന്നത് അഹദ് ശ്രദ്ധിച്ചു.
അഹദ് ദ്രുതഗതിയിൽ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു.
"ഇനി പാഴാക്കാൻ സമയമില്ല.'
""ആ...'' തലയിൽ കൈകൾ അമർത്തിപ്പിടിച്ചു ഫാസിൽ അലറി വിളിച്ചു. ""അന്നെ ഞാൻ കൊല്ലും...'' എന്ന വാക്കുകൾ അഹദ് ആ അലർച്ചയ്ക്കിടയിലൂടെയും കേട്ടു.
മൂന്നാലാളുകൾ വന്നു ഫാസിലിനെ ബലം പ്രയോഗിച്ചു ആംബുലൻസിൽ കയറ്റി. നാട്ടുക്കാരിൽ കുറച്ചുപേരും അതിൽ കയറി. അഹദും സംഘവും അവരെ പിന്തുടർന്നു. വണ്ടികളുടെ നീണ്ടനിര ഒരു തീവണ്ടിയെപ്പോലെ തോന്നിച്ചു. ചില വണ്ടികൾ മുമ്പിൽ പായുവാൻ വ്യഗ്രത കാണിച്ചുവെങ്കിലും പാതിവഴിയിൽ വെച്ചു നിരാശരാകേണ്ടി വന്നു. റോഡ് പണി നടക്കുന്ന സ്ഥലത്തുകൂടെ അവരുടെ കാർ ചാടിച്ചാടി നീങ്ങി. പതിയെ, റോഡ് പഴയപടിയിൽ ആകുന്നത് അഹദ് ശ്രദ്ധിച്ചു. അത് കടന്നുകഴിഞ്ഞതോടെ വണ്ടികൾ തലങ്ങും വിലങ്ങും വേഗത്തിൽ പാഞ്ഞു- വെളിച്ചം കണ്ട പാറ്റകളെപ്പോലെ.

ഒരഞ്ചുമിനുട്ട് എല്ലാവരും മൗനം പാലിച്ചു. അഹദിന് മാഷും ടീച്ചറുമായുള്ള ബന്ധം ദീപകിനും സുഹാനയ്ക്കും അറിയാം. മാഷിന്റെ വീട്ടിൽ വെച്ച് നടക്കാറുള്ള വാഗ്വാദവിഷയങ്ങൾ ചിലപ്പോൾ മൂവരും ചർച്ചചെയ്യാറുണ്ട്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും സുഹാന മാഷിന്റെ ഒരാരാധിക ആയിരുന്നു.
""ഇതിപ്പോൾ വിക്കിയുടെ മരണം കഴിഞ്ഞ് വിരലിൽ എണ്ണാകുന്ന ദിവസങ്ങൾ കൊണ്ട് മറ്റൊരു മരണം. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കൊലയാളി പിന്തുടരാറുള്ള പാറ്റേൺ വെച്ചുനോക്കുമ്പോൾ മാസങ്ങൾ ഇടവേള കാണണ്ടേ'' കാറിന്റെ സൈഡ് സീറ്റിലിരുന്നു അഹദ് ചോദിച്ചു.
""കൊലയാളിക്ക് മറ്റൊരു പാറ്റേൺ ഉണ്ടെങ്കിലോ നമ്മൾ ഇതുവരെ കണ്ടുപിടിക്കാത്ത ഒന്ന്'' സുഹാന ഗൗരവത്തോടെ ആരാഞ്ഞു.
""സാധ്യതയുണ്ട്...'' അഹദ് ആലോചനയ്ക്കിടയ്ക്ക് ഒഴുക്കൻ മട്ടിൽ പറഞ്ഞു.
""ഈ കൊലപാതകത്തെയും മറ്റുള്ളവയുമായി ബന്ധിപ്പിക്കുന്നത് ആ ഡയറി ആണ്. അതിലെന്താനുള്ളതെന്നറിയണം. പിന്നെ, മരിച്ചവർക്കു ബാഹികമായി മുറിവുകളില്ല എന്നുള്ളതും പാറ്റേണുമായി ചേരുന്നുണ്ട്.''
""ഫാസിലിന്റെ കാര്യം കഷ്ടമാണ്,'' അൽപനേരത്തെ ആലോചനയ്ക്കുശേഷം അഹദ് തുടർന്നു,' അവൻ കൈവിട്ടുപോയിരിക്കുന്നു.''
""അവനെന്താണ് പറഞ്ഞത്'' സ്റ്റിയറിങ് നിയന്ത്രിക്കുന്നതിനിടയിൽ ദീപക് ചോദിച്ചു.
""ഡ്രഗ്‌സാണെന്നു തോന്നുന്നു. പരസ്പരബന്ധങ്ങളില്ലാതെയാണ് സംസാരിച്ചത്. ചീത്ത കൂട്ടുകെട്ടിൽ പെട്ടുപോയതാണ്.''
""ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം,'' ദീർഘനിശ്വാസത്തോടെ ദീപക് പറഞ്ഞു.
""അവനതിന് പ്ലസ് ടുവിനാണ് പഠിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിൽ. എനിക്ക് വിശ്വസിക്കാനേ വയ്യ,'' അഹദിന്റെ ശബ്ദത്തിൽ നിരാശ നിഴലിച്ചിരുന്നു.
""ഇപ്പോൾ ഡ്രഗ് മാഫിയകൾ കൂടുതലും ലക്ഷ്യമിടുന്നത് സ്‌കൂളുകളും കോളേജുകളുമാണ്. അതൊരു ദുർബലമായ സമൂഹം ആണെന്ന് അവർക്കറിയാം. പക്ഷേ, അവർ ചെയ്യുന്നത് വലിയ കുറ്റമാണ്. ഒരു കൊലപാതകത്തെക്കാളോ കളവിനെക്കാളോ ശിക്ഷ നൽകേണ്ട കുറ്റം. കുട്ടികളെ ആത്മവിശ്വാസവും മാനസികാരോഗ്യവും നൽകി വളർത്തേണ്ടവർ തന്നെ അതു തകർക്കുന്നു. ചിലപ്പോൾ എന്നെന്നേക്കുമായി. കഷ്ടം തന്നെ.'' സുഹാന വല്ലാതെ ചിന്തിച്ചുകൂട്ടിയിരിക്കുന്നു. കുട്ടികളെക്കുറിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ അവൾ വികാരഭരിതയാകുന്നതും വല്ലാതെ പ്രതികരിക്കുന്നതും പതിവാണ്.
""എന്തുചെയ്യാം, സുഹാന. കച്ചവടം ആണെല്ലാം. അതിനപ്പുറത്തേയ്ക്കു ഒന്നുമില്ല,''

അഹദിന്റെ പാതിമനസ്സ് മറ്റെവിടെയോ ആയിരുന്നു. ഒരു പക്ഷേ, താൻ അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, തിരക്കുള്ള ജീവിതത്തിൽ നിന്നും ഒരല്പസമയം കൂടി അവരുടെ കൂടെ ചിലവഴിച്ചിരുന്നെങ്കിൽ...നഎന്നുള്ള ചിന്തകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. ആലോചനയ്ക്കിടയിൽ തുടർന്നു, ""അവനേതോ പാർട്ടിക്കു പോയതാണെന്നാണ് പറഞ്ഞത്. ആർ നടത്തിയ പാർട്ടി അവന്റെ സുഹൃത്തുക്കൾ ആരെല്ലാം, ഡ്രഗ് ഇടപാടുകളിൽ അകപ്പെട്ടിട്ടുണ്ടോ, സ്ഥിരം മദ്യപിക്കാറുണ്ടോ എന്നെല്ലാം അന്വേഷിക്കേണ്ടിയിരിക്കുന്നു.''
ആംബുലൻസ് വലത്തോട്ടുതിരിഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയിലേക്കു കയറി. പുറകെ ഡിക്ടക്റ്റീവുകളുടെ കാറും.
""എന്റെ മനസ്സിനെ അലട്ടുന്ന ഒരു കാര്യം അവൻ പറഞ്ഞു,'' മറ്റുള്ളവരോട് പങ്കിട്ടാൽ തന്റെ മനസ്സിലെ ഭാരം കുറയും എന്ന പ്രതീക്ഷയിലായിരിക്കണം അഹദ് അത് പറഞ്ഞത്. പക്ഷേ, ആമുഖം കഴിഞ്ഞതും അയാളുടെ ഹൃദയമിടിപ്പ് കൂടി, ചുണ്ടുകൾ വരണ്ടു, കൈകൾ തണുത്തു. മൊയ്ദീൻ മാഷിന്റെ രൂപം മനസ്സിൽ തെളിഞ്ഞു. അദ്ദേഹത്തെ അഭിമുഖീകരിക്കുന്നതുപോലെ തോന്നി.
താനെന്തിനാണ് ആ കുറ്റം ഏറ്റെടുക്കുന്നത് എന്ന് അഹദിന് മനസ്സിലായില്ല. "അരുതാത്തത്' എന്ന് മനസ്സ് മന്ത്രിക്കുന്നതിനാലാണോ എങ്കിലും ഫാസിൽ പറഞ്ഞതിൽ തനിക്കെന്ത് പങ്ക്. അവസാനം, പറയാൻ തന്നെ തീരുമാനിച്ചു,
""ഫാസിൽ മാഷിനെക്കുറിച്ച് ഒരു കാര്യം എന്നോട് പറഞ്ഞു. അയാൾ തന്റെ ഫോൺ മനപ്പൂർവം ഒളിപ്പിച്ചുവെച്ചതായിരിക്കുമെന്ന്. അതിനുള്ള കാരണവും അവൻ തന്നെ പറഞ്ഞു. ഇനി കൂട്ടുക്കാരെ കാണാൻ പോയാൽ വീട്ടിൽ കയറ്റില്ലെന്നു പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന്.'' ആ വാചകങ്ങളിൾ നിറഞ്ഞുനിന്ന അവജ്ഞ അഹദിനെ വേദനിപ്പിച്ചു. ആ ബഹുമാനമില്ലായ്മ്മയോട് അഹദിന് പ്രതികരിക്കണം എന്നുണ്ടായിരന്നു. പക്ഷേ, സ്വബോധമില്ലാത്തവനോട് തർക്കിച്ചിട്ടെന്ത് കാര്യം അഹദ് തന്നെത്തന്നെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. ചിലപ്പോൾ അവർ തമ്മിലുള്ള ബന്ധം അങ്ങനെ ആകാം. പുറത്തുകാണുന്ന ആൾക്കാരല്ലല്ലോ പലപ്പോഴും വീട്ടിനകത്ത്.
""ഇനി അവനാണോ ഇത് ചെയ്തത്'' കാറിന്റെ പിൻസീറ്റിൽ നിന്നും സുഹാനയുടെ ശബ്ദം. അഹദിന്റെയും ദീപകിന്റെയും മനസ്സിലൂടെ പൊയ്‌ക്കൊണ്ടിരുന്നതും ആ ചോദ്യമായിരുന്നു. ഒരുപക്ഷെ, അതിനേക്കാൾ ഉച്ചത്തിൽ. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments