ചിത്രീകരണം : രാജേഷ് ചിറപ്പാട്

ഒമ്പത്

ണുപ്പിൽ നിന്നും നനഞ്ഞ മണ്ണിന്റെ പുതു മണത്തിൽ നിന്നും പറന്നുയരുന്ന ഇയ്യാം പാറ്റകളിൽ നിന്നും താൽക്കാലിക വിട പറഞ്ഞു കൊണ്ട് കർക്കിടകം പോയി മറഞ്ഞു. ഉച്ച സമയങ്ങളിൽ കൂട്ടം കൂട്ടമായി വട്ടമിട്ട് പറന്നുയരുന്ന തുമ്പികളും അവയ്ക്കു പുറകെ ഓടിക്കളിക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ചായി. അദൃശ്യമായ ചിറകുകളോടെ അവയ്‌ക്കൊപ്പം പറന്നുയരുവാൻ അവർ കൊതിച്ചിട്ടുണ്ടാകണം.

റിതേഷിന്റെ മരണത്തോട് കൂടി ആ സീരിയൽ കില്ലിങ്ങിനു ഒരു വിരാമം വന്നത് പോലെ അഹദിനു തോന്നിത്തുടങ്ങി. കൊലയാളിയുടെ ഉദ്ദേശം എന്തായാലും അത് പൂർത്തീകരിച്ചിടുണ്ടാകണം എന്ന നിഗമനം ശാക്തീകരിക്കപ്പെട്ടു. എന്നാൽ, അലസമായ പകലുകൾക്കൊപ്പം തങ്ങളുടെ അന്വേഷണം തണുപ്പൻ മട്ടിൽ ആയി പോകാതിരിക്കുവാൻ സുഹാന ശ്രദ്ധിച്ചു. കേസിന്റെ ഓരോ കണ്ണികളിലേക്കും അന്വേഷണം എത്തിച്ചേരുവാൻ അവൾ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു. ഭിത്തിയിൽ തൂങ്ങുന്ന ചാർട്ടുകൾ അതിനു തെളിവാണ്. നാഴിക കല്ലുകൾ പിന്നിടുന്ന ഒരു കുട്ടിയുടെ ആവേശത്തോടെ അവൾ ആ വഴികളിലൂടെ സഞ്ചരിച്ചു. മറ്റുള്ളവരെ അവ പിന്തുടരുവാൻ ഉത്സാഹിപ്പിച്ചു. ഓരോ ചെറിയ നേട്ടവും വിട്ടു പോകാതെ അവൾ ചാർട്ടുകളിൽ രേഖപ്പെടുത്തി. അവളുടെ ജീവിതം അടുക്കും ചിട്ടയും ഉള്ള ഒരു ഉറുമ്പിന്റേത് പോലെ ആണ് എന്നു അഹദ് പലപ്പോഴും വിചാരിക്കാറുണ്ട്. ഡിക്ടക്റ്റീവ് ജീവിതം എന്നത് എല്ലാ ദിവസങ്ങളും ആവേശം നിറഞ്ഞതല്ല. നിത്യതയുടെ വിരസത പലപ്പോഴും ഇവിടേയും കുറ്റവാളി ആകാറുണ്ട്. അങ്ങനെ ഉള്ള ദിവസങ്ങളെ പ്രവർത്തന നിരതമാക്കാൻ ഒരു പക്ഷേ, ഈ പദ്ധതികൾക്കു കഴിയും.

ദീപക് തികച്ചും വ്യത്യസ്തനായിരുന്നു. അയാൾക്കു ജോലി ചെയ്യുവാൻ എപ്പോഴും പുറത്തു നിന്നു ഒരു പ്രേരണ വേണം. അല്ലെങ്കിൽ വിനോദത്തിന്റെ അലകളിൽ മുങ്ങി പോകുന്നതായിരിക്കും അയാളുടെ ദിവസങ്ങൾ. പഠിക്കുന്ന സമയത്തു നമ്മൾ വ്യത്യസ്ത കുട്ടികളെ കാണാറില്ലേ? അതിൽ പരീക്ഷ വരുമ്പോൾ മാത്രം പുസ്തകം തുറക്കുന്ന ഒരു വിഭാഗം ഇല്ലേ? ഏതാണ്ട് അതേ തരത്തിലുള്ള ഒരു സ്വഭാവം ആയിരുന്നു ദീപകിന്റേത്. പ്രവർത്തന നിരതർക്ക് ഒരിയ്ക്കലും സഹിക്കാൻ കഴിയാത്ത ഒരു സ്വഭാവം. സുഹാനയും ദീപകും എപ്പോഴും ഇക്കാര്യം പറഞ്ഞു വഴക്കായിരുന്നു. കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം എന്നു കേട്ടിട്ടില്ലേ? അങ്ങനെ ഒരാളായിരുന്നു ദീപക്. എപ്പോഴും നാലു കാലിൽ വീഴുന്ന പൂച്ചയെപ്പോലെ സമർത്ഥൻ. താൻ വെറുതെ ഇരിക്കുമ്പോൾ ഫോണിൽ പാട്ട് കേൾക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നതിൽ എന്തു തെറ്റാണ് എന്നു ദീപക് ആവർത്തിച്ചു. ഈ സ്വഭാവം പ്രവത്തിസമയത്തെ കാർന്നു തിന്നുന്നുണ്ട് എന്ന വസ്തുത സുഹാന വാദിച്ചെങ്കിലും വിലപ്പോയില്ല. ദീപക് ഇക്കാര്യങ്ങൾ മനപ്പൂർവ്വം സമ്മതിച്ചു കൊടുക്കാത്തതാണോ അതോ ഇത് അവന്റെ ഒരു അടവാണോ എന്നു അഹദ് എപ്പോഴും സംശയിക്കാറുണ്ട്. ഇതിനു ദീപക് പകരം വീട്ടുന്നത് സുഹാന എപ്പോഴെങ്കിലും പുസ്തകങ്ങളുമായി ജനാലയ്ക്കരികിൽ ചെന്നിരിക്കുമ്പോഴാണ്. മറ്റുള്ളവർ ബോധമില്ലാതെ എഴുതിവെച്ച കാര്യങ്ങൾ വായിച്ചു സമയം കളയുകയല്ലേ എന്നു പറഞ്ഞാണ് ആ വാഗ്വാദത്തിന്റെ തുടക്കം. പിന്നെ അത് സാഹിത്യത്തിലേക്കും എഴുത്തുകാരിലേക്കും എന്തിനു ചിലപ്പോൾ രാഷ്ട്രീയത്തിലേക്കും വരെ നീണ്ടു പോയെന്ന് വരും. പക്ഷേ, അവയിലൊന്നും സുഹാനയെ തോൽപ്പിക്കുവാനുള്ള കഴിവ് ദീപകിനില്ല. അത് ദീപക് സമ്മതിച്ചു കൊടുക്കില്ലെന്നു മാത്രം. ദേഷ്യമോ വാശിയോ പുറത്തു കാണിക്കാതെ വളരെ തന്മയത്വത്തോടെ സംസാരിക്കുവാൻ സുഹാനയ്ക്ക് അറിയാം . പറയുന്നതു എന്താണ് എന്നതിനേക്കാൾ വികാരാധീനനാകാതെ വാദിക്കുന്നവർക്കാണ് വിജയം എന്നത് അലിഖിതമായ സത്യമാണ്.

ഇതിനു രണ്ടും നടുവിൽ ഉള്ള ഒരു സ്വഭാവക്കാരനാണ് അഹദ്. പലപ്പോഴും സുഹാനയുടെയും ദീപകിന്റെയും വഴക്കിനു തീർപ്പു കൽപ്പിക്കുന്ന ജോലി അഹദിന്റേതാണ്. അഹദിനാകുമ്പോൾ പക്ഷപാതം ഉണ്ടാകില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ഗതി കെട്ട നിമിഷങ്ങളിൽ സുഹാന അഹദിനെ മദ്ധ്യസ്ഥനാകുവാൻ ക്ഷണിക്കാറുണ്ട്. എന്നാൽ , വാഗ്വാദങ്ങളൊഴിവാക്കുവാൻ സമർത്ഥനായ ദീപകിന്റെയും വാഗ്വാദങ്ങൾ ജയിക്കാൻ സമർത്ഥയായ സുഹാനയുടെയും വഴക്കുകൾ വട്ടം കറങ്ങുന്ന ഒരു മെറി ഗോ റൗണ്ട് പോലെ ആവർത്തിച്ചു കൊണ്ടേയിരുന്നു. താൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്നു പറഞ്ഞിരിക്കുന്ന രണ്ട് പേരെ പറഞ്ഞു മനസ്സിലാക്കുക പ്രയാസം തന്നെ. എങ്കിലും ഈ പ്രശ്‌നങ്ങൾ പലപ്പോഴും വലിയ വഴിത്തിരിവുകൾ സൃഷ്ടിക്കാറുണ്ട്, പല തെളിവുകളും ചൂഴ്‌ന്നെടുക്കാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ഇതും.

ഗംഗയുടെ സുഹൃത്തുക്കളെ ചൊല്ലിയായിരുന്നു അത്. സാമൂഹിക മാധ്യമങ്ങളുടെയും പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായത്തോടെ അവരെ തേടിപ്പിടിച്ചു ഫോൺ നമ്പറുകൾ സംഘടിപ്പിച്ചു വിളിച്ച് സംസാരിക്കുകയും അവരെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കുകയും ചെയ്ത സുഹാനയ്‌ക്കെതിരെ ദീപക് വാദിച്ചു. സമയം കളയാനുള്ള ഒരു കാര്യം മാത്രമാണു ഇതെന്ന് ദീപക് ആണയിട്ടു പറഞ്ഞു. എന്നാൽ കുറെ ദിവസങ്ങൾ ആത്മാർത്ഥതയോടെ ഇതിനു പുറകിൽ പ്രവർത്തിച്ച സുഹാനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. "ദി ക്രാഫ്റ്റ് ഓഫ് ഡിക്ടക്റ്റീവ്‌സ്' എന്ന പുസ്തകത്തിൽ സുഹൃത്തുക്കളിൽ നിന്നും കിട്ടാവുന്ന അനവധി അമൂല്യ വിവരങ്ങളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട് എന്നു പറഞ്ഞ സുഹാനയെ പുസ്തകങ്ങളെ ഇഷ്ട്‌പ്പെടാത്ത ദീപക് ആ വകയിൽ കുറെ കളിയാക്കി. സുഹാന തന്റെ വാദത്തിൽ തന്നെ ഉറച്ചു നിന്നു.

ഗംഗ, താര ശ്യാം, ഹൃദ്യ എന്നിങ്ങനെ അടങ്ങുന്ന നാലു പേരാണ് "GHOST' എന്ന സംഘത്തിനു പുറകിലെന്ന് കണ്ടു പിടിക്കുവാൻ സുഹാനയ്ക്ക് അധികം വിഷമിക്കേണ്ടി വന്നില്ല. കോളേജിലെ ഏത് തൂണിനും തുരുമ്പിനും പരിചിതമെന്നോണം പ്രശസ്തമായിരുന്നു അവരുടെ സംഘ നാമം. കോളേജിലെ ആദ്യ ദിനങ്ങളിൽ ജൂനിയർ കുട്ടികളെ വിറപ്പിച്ചു നിർത്തുന്ന സംഘങ്ങളിൽ ഒന്ന്. എല്ലാ കോളേജുകളിലും കാണും ഇത്തരത്തിൽ ഉള്ള സീനിയേർസ്. എന്നാൽ ഇവർ കുറച്ചു വ്യത്യസ്തരായിരുന്നു. ആദ്യം സിനിമകളിൽ കാണുന്ന തരത്തിലുള്ള സീനിയേർസിനോട് സാമ്യം തോന്നുമെങ്കിലും വരും ദിനങ്ങളിൽ അവരുടെ സഹായം ലഭിക്കാത്ത കുട്ടികൾ കുറവായിരിക്കും. പഴയ ചോദ്യ പേപ്പറുകൾ കൂട്ടിച്ചേർത്തു പുസ്തകങ്ങൾ ഉണ്ടാക്കി വളരെ ചെറിയ വിലയ്ക്ക് ജൂനിയർ ബാച്ചുകളിൽ വിതരണം ചെയ്യുക, ഫീസ് കൊടുക്കാനാത്ത കുട്ടികളെ തേടിപ്പിടിച്ചു രഹസ്യമായി സഹായിക്കുക, കുട്ടികളെ വല്ലാതെ മാനസികമായി പീഡിപ്പിക്കുന്ന അദ്ധ്യാപകർക്ക് രഹസ്യമായി പണി കൊടുക്കുക എന്നിങ്ങനെ ഉള്ള സ്ഥിരം പരിപാടികൾ കൊണ്ടും പ്രണയ നൈരാശ്യം വന്ന കുട്ടികളുടെ മാനസിക നില ശെരിയാക്കുക പ്രണയ വിവാഹങ്ങൾ നടത്തി കൊടുക്കുക എന്നിങ്ങനെ ഉള്ള അപൂർവ്വമായ സഹായങ്ങൾ കൊണ്ടും ഇവർ വൈകാതെ തന്നെ ജൂനിയർ കുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. എല്ലാവരും ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നെങ്കിലും ശ്യാം ആയിരുന്നു എപ്പോഴും ഇതിനെല്ലാം മുൻകൈ എടുത്തിരുന്നത്. ശ്യാമിനു പക്ഷേ, ഒരു നേരമ്പോക്ക് ഉണ്ടായിരുന്നു, അടുപ്പം ഉള്ളവരെ പറ്റിക്കുക. അതിനു മിക്കവാറും ഇര ആകാറുള്ളത് മറ്റ് മൂന്നു പേരാണ്. ഇക്കാര്യത്തിൽ പൂർണ്ണത ലഭിക്കുവാൻ ഏത് അറ്റം വരെ പോകുവാനും ശ്യാം തയ്യാറായിരുന്നു. ഒരിക്കൽ, നാടക നടീനടന്മാരെ കൊണ്ട് വന്നു പ്രേത നാടകം നടത്തി ഹോസ്റ്റലിൽ ഉള്ളവരെ പേടിപ്പിച്ച കാര്യം അവിടുത്തെ അന്നത്തെ സെക്യൂരിറ്റി ആയിരുന്ന ശിവശങ്കരേട്ടൻ ഓർമ്മിച്ചു എടുത്തത് അങ്ങനെ ആണ്.

നീണ്ട നാലു വർഷക്കാലം ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവരെ പെട്ടന്ന് പിരിയുക സാധ്യമല്ലായിരുന്നു. അങ്ങനെ അവരോടൊപ്പം വിദേശത്തേക്ക് പോകുവാൻ ഗംഗ കുറെ ശ്രമങ്ങൾ നടത്തി. അതിനിടയിലാണ് വീട്ടുകാർ കണ്ടെത്തിയ റിതേഷുമായുള്ള വിവാഹം. ഏറെ പ്രതീക്ഷകളുമായി വിവാഹത്തിലേക്ക് കാലെടുത്തു വെച്ച ഗംഗയ്ക്ക് പക്ഷേ തെറ്റി. വീട്ടുകാർ പറയുന്നതിനപ്പുറം വിരലനക്കാൻ ധൈര്യം ഇല്ലാത്ത ഒരാളെ ആണല്ലോ താൻ കല്യാണം കഴിച്ചത് എന്നോർത്ത് അവൾ ആദ്യ നാളുകളിൽ വിലപിക്കുമായിരുന്നു എന്നു ഹൃദ്യ പറഞ്ഞു. കൂട്ടത്തിൽ അവൾക്കു ഏറ്റവും അടുപ്പം ഹൃദ്യയോട് ആയിരുന്നു. അവർ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഒരേ വേവ് ലെങ്ത്തിൽ ഉള്ള ഒരു സുഹൃത്തിനെ കിട്ടിയതിൽ ഹൃദ്യയും സന്തോഷവതി ആയിരുന്നു. ഗംഗയും ഹൃദ്യയും പ്ലസ് ടൂ കാലഘട്ടത്തിലും ഒരുമിച്ചായിരുന്നു.

അങ്ങനെ കല്യാണം കഴിഞ്ഞു എവിടേയും പോകാതെ "വീട്ടു തടങ്കലിൽ' കഴിയുന്ന ഗംഗയുടെ ജീവിതത്തിൽ കൂനിന്മേൽ കുരു പോലെ മറ്റൊരു സംഭവം ഉണ്ടായി. റിതേഷിന്റെ പൂർവ്വ പ്രണയം ഇപ്പോഴും നില നിൽക്കുന്നു എന്ന വാർത്ത അവളെ വല്ലാതെ തളർത്തി . അതിനെ ചൊല്ലി ഉണ്ടായ വാക്ക് തർക്കങ്ങൾ അവരെ ഡിവോർസിന്റെ വക്കിൽ വരെ കൊണ്ടെത്തിച്ചു. അവസാനം, ഗംഗയുടെ സുഹൃത്തുക്കളുടെ ഇടപെടലിന്റെ ഫലമായി അവർ പുതിയൊരു വീട് പണിതു അങ്ങോട്ട് മാറാം എന്ന തീരുമാനത്തിൽ എത്തി. പ്രണയത്തിൽ നിന്നും എന്നെന്നേക്കുമായി വിട്ടു നിൽക്കാമെന്ന റിതേഷിന്റെ ഉറപ്പ് വാങ്ങിയിട്ടാണ് അന്നവർ വിമാനം കയറിയത്. തങ്ങളിൽ നിന്നും അകലുവാൻ റിതേഷ് നിർബന്ധിക്കുവാറുണ്ടായിരുന്നു എന്നു ഗംഗ ഇടയ്ക്കു പറയാറുണ്ടായിരുന്നു.

മറ്റൊരു വീട് വെച്ചതോടെ അവരുടെ പകുതി പ്രശ്‌നങ്ങൾ തീർന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് വഴക്കുകൾ ഉണ്ടാകാറുണ്ട്, അവ അധിക ദിവസങ്ങൾ നീണ്ടു നിൽക്കുവാറില്ലെങ്കിൽ പോലും. പതിയെ സോഷ്യൽ മീഡിയകളിൽ റിതേഷ് സജീവമായി. അവിടെ ഗംഗയുടെ കൂടെ ഉള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ റിതേഷ് എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു. തങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ല എന്നു സുഹൃത്തുക്കളേ കാണിക്കുവാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഗംഗ എപ്പോഴും പറയുമായിരുന്നു.

ഹൃദ്യ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് എന്നു അഹദിനു തോന്നി. ചിലപ്പോൾ സുഹാനയുടെ ചോദ്യങ്ങളൊന്നും കേൾക്കാത്തത് പോലെ വിദൂരതയിലേക്ക് നോക്കി ഇരിക്കും. മറ്റ് ചിലപ്പോൾ പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ മുഴുമുപ്പിക്കാതെ ഗംഗയെ കുറിച്ചുള്ള മറ്റെന്തെങ്കിലും കാര്യം പറയും. ഇതേപ്പറ്റി താരയോട് സുഹാന രഹസ്യമായി അന്വേഷിച്ചപ്പോൾ ഇങ്ങനെ ആണ് മറുപടി കിട്ടിയത്,

""ഗംഗ ഹൃദ്യക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, മനസ്സാക്ഷി സൂക്ഷിപ്പുകാരി കൂടി ആയിരുന്നു. ദിവസത്തിൽ മൂന്നു നാലു തവണ എങ്കിലും അവർ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഓർക്കൂട്ടിൽ ചിലവഴിക്കുന്ന സമയം വേറെയും. ഗംഗ മരിച്ച അന്ന് മുതൽ തുടങ്ങിയതാണ് ഹൃദ്യയുടെ ഈ സ്വഭാവ മാറ്റം. ആദ്യമൊന്നും ഗംഗ മരിച്ചു എന്ന സത്യം ഉൾക്കൊള്ളുവാൻ ഹൃദ്യ തയ്യാറല്ലായിരുന്നു. അതിനാൽ കൂടിയാണ് ഞങ്ങൾ എമർജൻസി ടിക്കറ്റ് എടുത്തു ഗംഗ മരിച്ച ദിവസം നാട്ടിൽ എത്തിയത്. ഗംഗയുടെ വീട്ടിൽ എത്തിയെങ്കിലും ഹൃദ്യ അവളെ കാണാൻ കൂട്ടാക്കിയില്ല.''""ഇന്ന് നിങ്ങൾ എങ്ങനെ നാട്ടിൽ, ഒരുമിച്ച്? ഞാൻ വിളിച്ചത് കൊണ്ട് വന്നതാണോ?''""അത് ഒരു കാരണമാണ്. ഗംഗയുടെ കൊലപാതകിയെ കണ്ടു പിടിക്കുവാൻ മറ്റാരെക്കാളും ആഗ്രഹം ഞങ്ങൾക്കുണ്ട്. അതിനു ഞങ്ങളാൽ കഴിയുന്ന എന്തു സഹായവും ചെയ്യുവാൻ തയ്യാറും ആണ്.'' ""ഉം...പിന്നെ എന്നാണ് നിങ്ങൾ വിദേശത്തേക്ക് തിരിച്ചത്?''""പിറ്റേ ദിവസം തന്നെ. ഹൃദ്യയുടെ അസാധാരണമായ പ്രതികരണങ്ങൾ ഞങ്ങളെ വിഷമിപ്പിച്ചു . പിന്നെ, ഇത്രയും കാലം ഹൃദ്യ ഒരു മാനോരോഗ ചികിത്സകന്റെ കീഴിലായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കൂടിയാണ് ഈ ഒത്തുചേരൽ. ഗംഗയുടെ ഓർക്കൂട്ട് സന്ദേശപ്രകാരം ഞങ്ങൾ പഠിച്ച കോളേജിൽ ഒത്തു കൂടേണ്ട ദിവസം ആയിരുന്നു ഇന്ന്. ഞങ്ങളെ പഠിപിച്ച എല്ലാ ആധ്യാപകർക്കും ഒരു സമ്മാനം കൊടുക്കണം എന്നത് അവളുടെ ഒരു ആഗ്രഹം ആയിരുന്നു. അതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താം എന്നു ഗംഗ ഞങ്ങളെ ഓർക്കൂട്ട് വഴി അറിയിച്ചിരുന്നു.''""ഗംഗയില്ലാതെ അവൾ പ്ലാൻ ചെയ്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഹൃദ്യ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയുവാൻ കഴിയുമോ?'' ""ഗംഗ മരിച്ചു എന്ന യാഥാർഥ്യം അംഗീകരിക്കുക എന്ന കാര്യമാണ് ഹൃദ്യ ആദ്യം ചെയ്യേണ്ടത് എന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. അതിനാണ് ഇങ്ങനെ ഒരു ശ്രമം. നാട്ടിൽ വെച്ചു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടുവാനായി ഡോക്ടർ സൈക്കാട്രിസ്റ്റ് സൈമണിന്റെ ഫോൺ നമ്പർ തന്നിട്ടുണ്ട്.'' ""ഇതിപ്പോൾ...ഇങ്ങനെ?'' ""അതറിയില്ല. ഇവിടെ എത്തുന്നത് വരെ സന്തോഷവതി ആയിരുന്നു.''""എന്നാൽ , ഞങ്ങളധികം ബുദ്ധിമുട്ടിക്കുന്നില്ല. നിങ്ങൾക്കു പോകാം. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഫോണിൽ ബന്ധപ്പെടാം.'' ശങ്കിച്ചു നിൽക്കുന്ന ഹൃദ്യയുടെ കൈ പിടിച്ച് താര നടന്നകന്നു. ""ഒരു ചോദ്യം കൂടി.'' സുഹാന അക്കാര്യം ഓർത്തത് പെട്ടന്നായിരുന്നു. ""ഗംഗ മരിക്കുന്നതിനു തൊട്ട് മുൻപ് നിങ്ങളിൽ ആരെങ്കിലും അവളെ വിളിച്ചിരുന്നോ?'' ""ഹൃദ്യ വിളിച്ചിരിക്കണം.''

""മരിക്കുന്നതിനു തലേ ദിവസം ഞാൻ അവളെ വിളിച്ചിരുന്നു'' കാർ അൺലോക് ചെയ്യുന്നതിനിടയിൽ ശ്യാം പറഞ്ഞു, ""റിതേഷ് ആണെന്ന് പറഞ്ഞാണ് വിളിച്ചത്. ചെറിയ തരത്തിൽ മിമിക്രി അറിയാം എനിക്ക്. എന്നാൽ, അവളതു വിശ്വസിച്ചില്ല എന്നു മാത്രമല്ല, തൊട്ടടുത്ത് ഉണ്ടായിരുന്ന റിതേഷിനു ഫോൺ കൊടുക്കുകയും ചെയ്തു. അപ്പോഴാണ് റിതേഷ് നാട്ടിലുള്ള കാര്യം ഞാൻ അറിയുന്നത്. ഗെറ്റുഗദറിനെക്കുറിച്ചു ഓർമിപ്പിച്ചിട്ടാണന്നവൾ ഫോൺ വെച്ചത്. അവളുടെ വാക്കുകളിൽ നിന്നും എന്തോ ഒരു സർപ്രൈസ് ഞങ്ങൾക്കൊരുക്കി വെച്ചതായി തോന്നി. ചിലപ്പോൾ എന്റെ തോന്നലായിരിക്കാം. ഞാനത് ഹൃദ്യോടും താരയോടും പറയുകയും ചെയ്തു. ഹൃദ്യ അന്ന് കുറേ ചിരിച്ചു. പക്ഷേ, ഒന്നും പറഞ്ഞില്ല.''

സുഹാന ഗംഗയുടെ ഡയറി തപ്പിയെടുത്ത്, പച്ച പേന കൊണ്ട് വരയിട്ട വാചകം ശ്യാമിനെ കാണിച്ചു. വെളുത്ത പൊയ്കയിലൂടെ കറുത്ത കൊട്ടത്തോണി ദ്രുതഗതിയിൽ ഇടത്തോട്ടും വലത്തോട്ടും പാഞ്ഞു നടന്നു. ഒടുവിൽ ആ പൊയ്ക കവിഞ്ഞൊഴുകി. പവിഴ മുത്തുകൾ പോലെ അവ കവിൾത്തടത്തിലൂടെ മത്സരിച്ചു. ഡയറി സുഹാനയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം അവർ കാറിൽ കയറി യാത്രയായി. പറഞ്ഞു തീരാത്ത വാക്യങ്ങളും ചെയ്തു തീർക്കാത്ത കാര്യങ്ങളും ബാക്കി വെച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ യാത്രയായ തങ്ങളുടെ സുഹൃത്തിനെ ഓർത്തു മൂവരുടെയും ഹൃദയം എത്രത്തോളം വെമ്പുന്നുണ്ടാകും എന്ന കാര്യം സുഹാനയ്ക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

ശ്യാം തന്നെ വീണ്ടും പറ്റിക്കുവാൻ വേണ്ടി വിളിച്ചത് ആണ് എന്നായിരിക്കും ഗംഗ ഡയറിയോട് പറഞ്ഞിട്ടുണ്ടാവുക. അങ്ങനെ എങ്കിൽ അതൊരു ആൺ ശബ്ദം ആയിരിക്കില്ലേ? സുഹാന ചോദിച്ചു. ""ആകാം. പക്ഷേ, എന്തു കൊണ്ട് ഹൃദ്യയോ താരയോ ആയിക്കൂടാ?''
ദീപകിന്റെ ചോദ്യത്തിനു പ്രസക്തി ഉണ്ടെന്ന് അഹദിനു തോന്നി. എന്നാൽ , ഗംഗയുടെ ഡയറിയിൽ അത് വ്യക്തമാണ് എന്നു സുഹാന വാദിച്ചു. അതിനോടു അഹദിനു യോജിക്കുവാനായില്ല. ചിലപ്പോൾ വാദങ്ങൾ ജയിക്കുവാൻ വേണ്ടി സുഹാന കാരണങ്ങൾ ഉണ്ടാക്കുന്നത് പോലെ അഹദിനു തോന്നാറുണ്ട്.

സുഹാനയുടെയും ദീപകിന്റെയും കയ്യിൽ ഉള്ള വാചകങ്ങൾക്കു അൽപം പഞ്ഞം വരുവാൻ തുടങ്ങിയപ്പോൾ അഹദ് വിൻസെന്റിനെ വിളിച്ചു. റിതേഷിന്റെ ഡയറിയെക്കുറിച്ചും മറ്റ് തെളിവുകളെക്കുറിച്ചും അന്വേഷിക്കുവാനായിരുന്നു അത്. റിതേഷിന്റെ ഡയറിയിൽ അഹദ് ഊഹിച്ചത് പോലെ തന്നെ വളരെ കുറച്ചു താളുകളിൽ മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. അതിൽ മിക്കവാറും ചെറു വാചകങ്ങൾ ആണ് താനും. ഗംഗ മരിച്ചതിനു പിറ്റേ ദിവസം മുതലാണു അത് തുടങ്ങിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് അഞ്ചിന്. അന്ന് മുതൽ എല്ലാ ദിവസവും മുടങ്ങാതെ എഴുതിയാലും ഏഴു ദിവസത്തെ ഡയറിയേ ഉണ്ടാവുകയുള്ളൂ.

മറ്റുള്ളവരെ പോലെ റിതേഷിനും ആ അവസാനത്തെ ഫോൺ കോൾ ഉണ്ടായിരുന്നു. പക്ഷേ, അത് ആരുടെ ആണെന്ന് കണ്ടു പിടിക്കുവാൻ പോലീസിനു ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആ ഫോൺ സ്വിച്ച്ട് ഓഫ് ആണെന്നതാണു അതിനു പ്രധാന കാരണം. അതിനു മുൻപുള്ള അവസാനത്തെ ടവർ തപ്പി നോക്കുമ്പോൾ എപ്പോഴും ബോംബയോ ബാംഗ്ലൂരോ ഡെൽഹിയോ കൽക്കട്ടയോ ആയിരിക്കും. ഉപയോഗ ശേഷം സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഫോൺ ഉപേക്ഷിക്കുന്ന ടെക്‌നിക് പോലീസിനു ഇതിനോടകം തന്നെ വളരെ പരിചിതമായത് കൊണ്ട് അതിനു പുറകെ പോകുവാൻ പോലീസ് ഇത് വരെ മുതിർന്നിട്ടില്ല. വിൻസെന്റിനു നന്ദി പറഞ്ഞു അഹദ് ഫോൺ കട്ടു ചെയ്തു. ഓഫീസിൽ വന്നാൽ മറ്റ് തെളിവുകളെ കുറിച്ചുള്ള വിവരങ്ങൾ കൈ മാറാം എന്നു വിൻസെന്റ് സൂചിപ്പിച്ചെങ്കിലും സി ഐ യുടെ പെരുമാറ്റം എങ്ങനെ ആകുമെന്നു ഉറപ്പില്ലെന്ന കാര്യം വിൻസെന്റ് മറച്ചു വെച്ചില്ല.

കാര്യങ്ങൾ തുറന്നു പറയുന്ന സുഹൃത്തുക്കളേ ആണ് അഹദിനു എപ്പോഴും ഇഷ്ടം . അല്ലാതെ, സിനിമകളിൽ സാധാരണ കാണാറുള്ളത് പോലെ സുഹൃത്തിനു വേണ്ടി എന്തും സഹിക്കുന്ന ഒരാളെ സുഹൃത്തായി കാണുവാൻ അഹദിനു സാധിക്കുകയില്ല. ഒറ്റപ്പെടലിന്റെ അലകളിൽ പെട്ട ആളുകൾ മാത്രമേ അങ്ങനെ ചെയ്യുകയുള്ളൂ. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾ മറ്റയാളെ കാണിച്ചു കൊടുക്കുന്നത് അവരെ നഷ്ട്‌പ്പെടുന്നതിനെ നമ്മൾ ഭയക്കുന്നു എന്നാണ്. അത് തികച്ചും പക്വതയില്ലാത്ത ഒരു ചിന്തയാണ്. നമ്മൾ നമ്മളായി നിൽക്കുമ്പോൾ കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ മാത്രമേ നില നിൽക്കുകയുള്ളൂ. അല്ലാത്തവ ജീവിതത്തിന്റെ ഏതെങ്കിലും അവസരത്തിൽ മുറിഞ്ഞു പോകും. ഇതത്രയും അഹദിനെ പഠിപ്പിച്ചത് അനുഭവങ്ങളാണ്. അനുഭവം ഗുരു എന്നാണല്ലോ.

ഓഗസ്റ്റ് മാസത്തിലെ ബാക്കിയുള്ള ദിനങ്ങൾ പെട്ടന്നു തീർന്നു പോയി. കേൾക്കാൻ ഏറ്റവും ഇമ്പമുള്ള ആ മാസം വന്നെത്തി-സെപ്‌ടെംബർ. "വുൾകൻ' എന്ന റോമൻ ദൈവത്തിന്റെ മാസം ആയത് കൊണ്ട് അവർ അതിനെ തീയുടെ മാസം ആയി കണക്കാക്കുന്നു എന്നു അഹദ് എവിടെയോ വായിച്ചിടുണ്ട്. പുറം രാജ്യങ്ങളിൽ ഇലപൊഴിയും കാലത്തിന്റെ തുടക്കമാണ് സെപ്തംബർ. കേരളത്തിൽ പൊതുവേ നീണ്ട ദിനങ്ങളുള്ള ഈ മാസം സുഹാനയ്ക്ക് പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം കൂടി ഉണ്ട്. സുഹാനയുടെ പിറന്നാളാണ് സെപ്‌ടെംബർ പതിനഞ്ചാം തീയതി. പൊതുവേ പിറന്നാൾ ആഘോഷിക്കാറില്ലെങ്കിലും സുഹാനയുടെ ഉമ്മ അവൾക്കു എപ്പോഴും ചെറിയൊരു സമ്മാനമെങ്കിലും അന്ന് നൽകാറുണ്ടായിരുന്നു. ആദ്യം അത് ഒരു പാക്കറ്റു ക്രയോണോ ഒരു പുസ്തകമോ ആയിരുന്നു. വലുതായപ്പോളതൊരു ചുരിദാറോ വാച്ചോ ആയി മാറി. ഈ സർപ്രൈസ് സമ്മാനത്തെ കുറിച്ചു ആലോചിക്കുമ്പോൾ സുഹാനയുടെ ഉള്ളിൽ ഒരു കുളിരനുഭവപ്പെടും. അവൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ തീവ്രത ഇല്ലെങ്കിൽ പോലും.

ഇക്കാര്യങ്ങളൊന്നും തന്നെ സുഹാനയുടെ കേസന്വേഷണത്തെ ബാധിക്കുന്നവ ആയിരുന്നില്ല. ലക്ഷ്യത്തിൽ എത്തുവാൻ പരിശ്രമ നിരതയാകുന്നതിൽ അഗ്രകണ്യയായ സുഹാന മറ്റൊരു കാര്യം കൂടി കണ്ടു പിടിച്ചു-വിക്കിയുടെയും സുഹൃത്ത് മെൽവിന്റെയും ദന്ത ചികിത്സ നടത്തിയ ഡോക്ടറുടെ പേര്. ഓരോ വ്യക്തിയുടെയും മൊഴികൾ വളരെ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തി അവ കൃത്യമായി ഫോളോ അപ് ചെയ്യുക എന്നത് സുഹാനയുടെ മറ്റൊരു കഴിവാണ്. അവർ എന്തു കൊണ്ട് അങ്ങനെ പറഞ്ഞു, എന്തു കൊണ്ട് അങ്ങനെ ചെയ്തില്ല, അയാളനങ്ങനെ ചെയ്തത് കൊണ്ട് ഉദ്ദേശിച്ചതെന്തായിരിക്കും എന്നിങ്ങനെ ഉള്ള അനവധി ചോദ്യങ്ങൾ കൊണ്ട് മൊഴികളെ ആദ്യം വിശകലനം ചെയ്യും. പിന്നെ സംശയം തോന്നിയ കാര്യങ്ങൾ ചർച്ചയ്ക്ക് കൊണ്ട് വരും. അതിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തും. എല്ലാം ലാപ്‌ടോപ്പിൽ ടേബിൾ ഉണ്ടാക്കി എഴുതി ചേർക്കും . പുതുതായി കേസ് ഏറ്റെടുക്കുന്ന ഒരു വ്യക്തിയ്ക്ക് പോലും അവ നോക്കിയാൽ മിനുട്ടുകൾ കൊണ്ട് കാര്യങ്ങളുടെ ഒരു വ്യക്തമായ ചിത്രം മുൻപിൽ കിട്ടും. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മറ്റൊരു ടേബിളിൽ. പിന്നെ ഒഴിവ് സമയങ്ങളിൽ അവ കണ്ടെത്താനുള്ള ശ്രമം ആയിരിക്കും.

അങ്ങനെ കണ്ടെത്തിയ വിവരമാണിതും. പിന്നീട് മെൽവിനെ പല തവണ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒന്നെങ്കിൽ സ്വിച്ട് ഓഫ് അല്ലെങ്കിൽ ഔട്ട് ഓഫ് കവറേജ് ഏരിയ. എപ്പോഴും റേഞ്ച് ഇല്ലാത്ത ഈ ഫോൺ ഏത് കമ്പനിയുടേതായിയിക്കും എന്നു അവർ അത്ഭുതപ്പെട്ടു. ഇപ്പോൾ ഏത് നമ്പറും എങ്ങോട്ടും പോർട്ട് ചെയ്യാൻ കഴിയുന്നത് കൊണ്ട് നമ്പർ നോക്കി കണ്ടു പിടിക്കുന്ന പഴുതും അടഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് വേണമെങ്കിൽ വിശദമായ ഒരു അന്വേഷണം നടത്താമയിരുന്നു. അതത്ര പ്രാധാന്യമുള്ളതായി അന്ന് തോന്നിയില്ല. പിന്നീടു ഒരു ദിവസം അവനെ നേരിട്ടു പോയി കാണാം എന്ന തീരുമാനത്തിൽ എത്തിയ ശേഷമാണ് അക്കാര്യത്തിലുള്ള ചർച്ചകൾ അന്ന് അവസാനിച്ചത്.

അഹദും ദീപകും അത് അന്നേ വിട്ടെങ്കിലും സുഹാന തന്റെ ടേബിളിൽ കുറിച്ചിട്ടു, അതിനൊപ്പം മനസ്സിലും. അങ്ങനെ അവരുടെ ഡിക്ടക്റ്റീവ് ഒഫീസിൽ നിന്നും പത്തു കിലോമീറ്റർ മാത്രം ദൂരമുള്ള ആ ക്ലിനിക്കിലേക്ക് അവളൊരു ദിവസം പോയി, കാര്യങ്ങൾ അന്വേഷിച്ചു. അവിടെ ചികിത്സിക്കുന്ന രോഗികളുടെ നമ്പറുകൾ കിട്ടുവാൻ ഒരു മാർഗവും ഇല്ലായിരുന്നു. അങ്ങനെ ഒരു റജിസ്റ്റർ സൂക്ഷിയ്ക്കുന്ന പതിവ് അവിടെ ഇല്ലായിരുന്നു. അവിടെ എന്നല്ല, അപൂർവ്വം ചില ക്ലിനിക്കുകളിലേ അങ്ങനെ ഒന്നു അവൾ കണ്ടിട്ടുള്ളൂ. അല്ലെങ്കിൽ അതൊരു ഹോസ്പിറ്റാലോ സരക്കാർ സ്ഥാപനമോ ആകണം.

അവിടെ ഇപ്പോൾ ജോലി ചെയ്യുന്ന ലേഡീ ഡോക്ടർ വളരെ പരിഭ്രമത്തോടും സംശയത്തോടും കൂടിയാണാദ്യം പെരുമാറിയത്. സുഹാന കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോൾ പിന്നെ വിവരങ്ങൾ നൽകുവാൻ സഹരിച്ചു. ആത്മാർത്ഥമായി ഉത്തരങ്ങൾ പറഞ്ഞു എങ്കിലും അവിടെ പണ്ട് വന്നിരുന്ന രോഗികളെ കുറിച്ചുള്ള വിവരങ്ങൾ അവർക്കറിയില്ലായിരുന്നു. ചോദ്യങ്ങളെല്ലാം കേട്ടു നിന്ന ക്ലിനിക്കിലെ അസിസ്റ്റന്റ് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബോക്‌സ് എടുത്തു കൊണ്ട് വന്നു കൊടുത്തു. അതിൽ ഡോക്ടർ പല്ല് ക്രമീകരണ ചികിത്സ ചെയ്തവരുടെ കാർഡ് ഉണ്ടായിരുന്നു. ആ ബോക്‌സിൽ നിന്നും സുഹാനയ്ക്ക് വിക്കിയുടെയും മെൽവിന്റെയും കാർഡുകൾ കിട്ടി. ക്ലിനിക്കിനെക്കുറിച്ച് മെൽവിൻ തങ്ങളോടു കള്ളം പറഞ്ഞതാണെന്ന സത്യം അവളെ വല്ലാതെ അലട്ടി. എന്തിനങ്ങനെ ചെയ്യണം, അത് കൊണ്ട് അയാൾക്കെന്തു നേട്ടമാണ് കിട്ടാൻ പോകുന്നത്? ഇനി വിക്കിയുടെയും ഡോക്ടർ നിപുണിന്റെയും മരണത്തിൽ മെൽവിനു എന്തെങ്കിലും പങ്ക് ഉണ്ടാകുമോ എന്നു വരെ സുഹാന ചിന്തിച്ച് കൂട്ടി. അസിസ്റ്റന്റിനോട് ഡോക്ടർ നിപുണിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.

ക്ലിനിക് തുടങ്ങി ആറു മാസത്തിനു ശേഷമാണ് അസിസ്റ്റന്റ് അവിടെ ജോലിയ്ക്ക് വരുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം രോഗികളെ വിളിക്കുന്നത്തും അപ്പോയിന്റ്‌മെന്റുകൾ ക്രമീകരിക്കുന്നതും മിക്കപ്പോഴും അസിസ്റ്റന്റ് ആണ്. അതിനാൽ വിക്കിയെയും മെൽവിനെയും അവർ ഓർക്കുന്നു. കാരണം മറ്റൊന്നുമല്ല, വിക്കിയുടെ നീല മുടിയും വേഷവിധാനങ്ങളും തന്നെ. എന്നാൽ മെൽവിൻ ഒരു സാധാരണക്കാരനെ പോലെ തന്നെ ആണ് വേഷം ധരിച്ചിരുന്നത് എന്നു അവർ പറഞ്ഞു. അവന്റെ മുടിക്കോ മറ്റോ ഒരു പ്രത്യേകതയും ഉണ്ടായതായി അവർ ഓർക്കുന്നില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ പക്ഷേ അവർക്കു സംശയമായി. കുറെ രോഗികൾ വരുന്നത് കൊണ്ട് താൻ ഓർക്കാത്തതായിരിക്കും എന്നു പറഞ്ഞവർ ഒഴിഞ്ഞു. അത് സ്വാഭാവികമാണെന്നു സുഹാനയ്ക്ക് തോന്നി. തന്നെയുമല്ല, അവർ മെൽവിനെ ഒരു തവണ മാത്രം കണ്ടിട്ടുള്ളൂ എന്നും പറഞ്ഞു. പക്ഷേ, കാർഡു പ്രകാരം അഞ്ചാറു തവണ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവർ നീണ്ട അവധികളോ മറ്റോ എടുത്തിരുന്നോ എന്നു സുഹാന ചോദിച്ചു. തെളിവുകൾക്കായി ആ തീയതികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴാണ് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുന്നത്. പല്ല് ക്രമീകരണ ചികിത്സ നൽകുവാൻ നിപുൺ ഡോക്ടർ കോഴിക്കോടും തൃശ്ശൂരും മലപ്പുറത്തും ഉള്ള ക്ലിനിക്കുകളിൽ കൺസൽട്ടന്റ് ആയി പോകാറുണ്ട് അത്രേ. അങ്ങനെ ആയിരിക്കും തൃശൂർ ഉള്ള ക്ലിനികിൽ വെച്ചു വിക്കിയേയും മെൽവിനേയും ചികിത്സിച്ചുണ്ടാവുക എന്ന നിഗമനത്തിൽ എത്തിച്ചേർന്നു .

ഡോക്ടർ നിപുണിന്റെ ക്ലിനികിൽ പോയി ഇത്രയധികം വിവരങ്ങൾ ശേഖരിച്ചു വന്ന സുഹാനയോട് അഹദിനു വല്ലാത്ത മതിപ്പ് തോന്നി. അവർ തമ്മിൽ ഡോക്ടർ രോഗി ബന്ധമേ ഉണ്ടായിരുന്നുള്ളോ അത് പിന്നീട് സൗഹൃതത്തിലേക്ക് വളർന്നുവോ എന്നു അന്വേഷിക്കലാണ് സുഹാനയുടെ അടുത്ത പദ്ധതി എന്നു അവൾ വെളിപ്പെടുത്തി. അതിൽ കാര്യമുണ്ടെന്ന് അഹദിനും തോന്നി. എന്നാൽ ദീപക് അപ്പോഴും എതിർത്തു . ഇതെല്ലാം യാദൃശ്ചികം മാത്രമാണു. സമയം കളയാനുള്ള കാര്യങ്ങൾ ആണ് സുഹാന ചെയ്തു കൊണ്ടിരിക്കുന്നത് എന്നെല്ലാം ദീപക് കുറ്റപ്പെടുത്തി. യാദൃശ്ചികമാകാനുള്ള സാധ്യതയും തള്ളിക്കളയുവാൻ പറ്റില്ലെന്ന് അഹദിനു തോന്നി. ഓരോ വാദവും കേൾക്കുമ്പോൾ അതാണ് ശരി എന്നു തോന്നുന്നത് എന്താണെന്ന് അഹദ് അത്ഭുതപ്പെട്ടു.

ദിവസങ്ങൾ എങ്ങോട്ടോ ധൃതിയിൽ ഓടിയകലുന്നത് പോലെ. എത്ര പെട്ടന്നു ആണ് സെപ്തംബർ മാസത്തിലെ പകുതിയും തീർന്നു പോയത്. അങ്ങനെ, സുഹാന കാത്തിരുന്ന അവളുടെ പിറന്നാൾ ദിനം എത്തിച്ചേർന്നു . ഇത്തവണ ഉമ്മയും പപ്പയും തനിക്ക് എന്താണ് തരാൻ പോകുന്നത് എന്നു ഒരു രൂപവും ഇല്ല എന്നു സുഹാന അവരോടു തലേ ദിവസം പറഞ്ഞിരുന്നു. പിറ്റേ ദിവസം അഹദ് ഫോൺ ചെയ്തപ്പോൾ തനിക്ക് കിട്ടിയ അമൂല്യമായ ആ സമ്മാനത്തെ കുറിച്ചു സുഹാന വാചാലയായി. അവൾ ഏറ്റവും ആഗ്രഹിച്ചിരുന്ന, എന്നാൽ പണം അധികം ചിലവാകുമല്ലോ എന്ന മടിയിൽ വീട്ടുകാരോട് പറയാതിരുന്ന ഒരു കാര്യം ആയിരുന്നു അത്. ആ ആഗ്രഹം എങ്ങനെ അവർ മനസ്സിലാക്കി എടുത്തു എന്നു ആദ്യം സുഹാന അത്ഭുതപ്പെട്ടു. മിക്കവാറും എല്ലാ കാര്യങ്ങളും ഉമ്മയോട് പറയുന്നതിനാൽ തന്റെ താല്പര്യങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിക്കാണില്ലെന്ന് അവൾക്കു പിന്നെ തോന്നി. എങ്കിലും താൻ ആഗ്രഹിച്ച നിറത്തിലുള്ള, തന്റെ സ്വപ്നത്തിലൊരിക്കൽ പ്രത്യക്ഷപ്പെട്ട അതേ സാധനം തന്റെ മുൻപിൽ നിൽക്കുന്നത് കണ്ടപ്പോൾ അവൾ ആദ്യമൊന്നു ഞെട്ടി. വിവരങ്ങൾ കേട്ടപ്പോൾ അതൊന്നു നേരിട്ടു കാണാൻ അഹദിനു തിടുക്കമായി. അക്കാര്യം പറയുമ്പോൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ച ആവേശം സുഹാനയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. കുറച്ചു കൂടി സംസാരിച്ചപ്പോൾ "താൻ തന്റെ സ്വന്തം കാറിൽ വന്നിറങ്ങും' എന്നു ഇന്നസെന്റ് കിലുക്കത്തിൽ പറയുന്ന ഡയലോഗാണ് അഹദിനു ഓർമ്മ വന്നത്. ഏതാണ്ട് അത് പോലെ ആയിരുന്നു സുഹാനയുടെ വാക്കുകൾ. സാഹചര്യങ്ങളും സന്ദർഭവും വ്യത്യസ്തമാണെങ്കിലും എന്തു കൊണ്ട് തനിക്ക് അനങ്ങനെ തോന്നി എന്നു അഹദിനു മനസ്സിലായില്ല.

എന്നാൽ അവൾ പറഞ്ഞത് പോലെ ആ പിങ്ക് നിറത്തിലുള്ള സെലേറിയോ എന്ന കൊച്ചു വണ്ടി ഓടിച്ചു പിറ്റേ ദിവസം ഒഫീസിൽ വരുവാൻ അവൾക്കു പറ്റിയില്ല. ഇനി അതോടിക്കുവാൻ അവൾക്കു കഴിയുമോ എന്നു പോലും തീർച്ചയില്ല. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. മുഹ്സിന കെ. ഇസ്മായിൽ.

നോവലിസ്​റ്റ്​, കഥാകൃത്ത്​, കവി. ഡെൻറിസ്റ്റായി ജോലി ചെയ്യുന്നു. ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെൻ മെമ്മറീസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments