ചിത്രീകരണം: ദേവപ്രകാശ്

കലാച്ചി

നാല്

റക്കത്തോടുള്ള ഭയമാണ്​ ഭയങ്ങളിൽ വച്ചേറ്റവും മാരകം.
വിസ നാലഞ്ചു ദിവസത്തിനകം കിട്ടുമെന്ന്​ ഗോകുൽനാഥ് പറഞ്ഞതോടെ എനിക്കു കിടക്കാനെന്നല്ല, ഇരിക്കാൻ പോലും മടിയായി.
ഉറങ്ങിപ്പോകുന്നതോ ഉണരാൻ വൈകുന്നതോ മാത്രമല്ല ഉണർന്നു കഴിഞ്ഞാൽ ഭീഷണിയാകുന്ന വേദനാജനകമായ കാമവിവശതയായിരുന്നു എന്നെ വേവലാതിപ്പെടുത്തിയത്.

ഉമ്മിച്ച ഉണ്ടായിരുന്ന എന്റെ കുട്ടിക്കാലത്ത്, ഞങ്ങൾ കാടും മലയും ഒക്കെ കയറി തിരികെ ബൈക്ക് ഓടിച്ചു പോകുമ്പോൾ ഉറക്കം വരാതിരിക്കാൻ വാപ്പിച്ച മുന്തിരിങ്ങയും പുളിനാരങ്ങയും കഴിക്കുന്നത് ഓർമ്മ വച്ചു ഞാൻ ബംഗാളി മധുരക്കടയിൽപോയി രണ്ടു മൂന്നു കിലോ പുളി മിഠായി ശേഖരിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വായ്ക്കുള്ളിലെ തൊലിയൊക്കെ പറിഞ്ഞു നീറി. തുരുതുരാ സിഗററ്റ് കൂടി വലിച്ചതിനാൽ നാവും മരച്ചു. ഉറക്കമില്ലായ്മ കാരണം വലിയ നാലഞ്ചു കുരുക്കളും വായിൽ മുളച്ചു. കഴിക്കാനും കുടിക്കാനും സംസാരിക്കാനും കഴിയാതെ ഞാൻ വലയുന്നതു കണ്ട് അപൂർവാനന്ദ് എന്നെ ശകാരിച്ചു : ""ഇതെന്തു ഭ്രാന്താണ്, ഫിദ? ''""ഭ്രാന്തല്ല. ഫോബിയ. സോമ്‌നി ഫോബിയ.''

ഉറക്കക്ഷീണത്താൽ നാവു കുഴഞ്ഞെങ്കിലും ഞാൻ തമാശ പറയാൻ ശ്രമിച്ചു. കുട്ടിക്കാലം മുതൽ ക്വിസ് മൽസരങ്ങളിൽ പങ്കെടുത്തിരുന്നതു കൊണ്ട് എല്ലാ ഫോബിയ വാക്കുകളും എനിക്കു തിട്ടമായിരുന്നു.
നിസാം അബൂബക്കറും ആയുള്ള ബന്ധം ആരംഭിച്ചതുപോലും ഒരു ഫോബിയ വാക്കു മൂലം ആയിരുന്നു.
ഉമ്മിച്ചയുടെ മരണത്തിനു ശേഷം, ഡൽഹിയിലെ ഒരു പത്രത്തിലേക്കു മാറിയ വാപ്പിച്ച എന്നെ ചേർത്ത സ്‌കൂളിന്റെ ഹെഡ് ബോയ് ആയിരുന്നു നിസാം. നഴ്‌സറി മുതലേ ഒന്നിച്ചു പഠിച്ചിരുന്നവർ നിറഞ്ഞ ആ ക്ലാസിലേക്കു കടന്നു ചെന്നപ്പോൾ എന്നെ ഹൃദയപൂർവ്വം സ്വീകരിച്ച ഏക സഹപാഠി ആകട്ടെ, അലീമയും. അവളുടെ ഹൃദയവിശാലതയ്ക്കു കാരണം എന്റെ ഗ്ലാമർ ആണോ അതോ ഞാൻ മലയാളി ആയതാണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. ഒരൊറ്റ വാചകം കൊണ്ട് അലീമ അതു തീർത്തുതന്നു: ""മഫ്ത കണ്ടപ്പഴേ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു - മാഷാ അള്ളാ!''

ഒരു മഫ്തയ്ക്കു മറ്റൊരു മഫ്തയോടുള്ള താൽപര്യം മാത്രമായിരുന്നു അവളുടെ സൗഹൃദം എന്ന് അർത്ഥം. സത്യത്തിൽ, എന്റെ അന്നത്തെ മഫ്തയ്ക്ക് അവൾ ഉദ്ദേശിച്ച അർത്ഥം ഉണ്ടായിരുന്നില്ല. വാപ്പിച്ചയ്ക്കു കാർ ഇല്ലാതിരുന്നതു കൊണ്ടും ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ ഡൽഹിയിലെ പൊടി അടിച്ചു മുടി ചകിരി പോലെ ആകുന്നതു കൊണ്ടുമുള്ള ഒരു മുൻകരുതൽ മാത്രമായിരുന്നു അത്. മണൽക്കാറ്റടിക്കുന്ന മരുഭൂമിയിൽ മാത്രമേ തലയിൽത്തുണിയും പർദ്ദയും ധരിക്കേണ്ടതുള്ളൂ എന്ന വാപ്പിച്ചയുടെ വാദം പങ്കു വച്ച് അവളെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. പകരം സ്‌കൂൾ എങ്ങനെയുണ്ട് എന്നു ചോദിച്ചു.

""നിസാം അബൂബക്കർ ആണ് ഈ സ്‌കൂളിന്റെ ഹെഡ് ബോയ്. ''
അതാണ് ഏറ്റവും വലിയ സവിശേഷത എന്ന മട്ടിൽ അവൾ പറഞ്ഞു. "" അതുകൊണ്ടെന്താ? ''""അതുകൊണ്ടെന്തെന്നോ? ഈ സ്‌കൂളിൽ ആദ്യമാണ് ഒരു മുസ്‌ലിം ഹെഡ്‌ബോയ്!' '

അവളുടെ ശബ്ദത്തിൽ പ്രതിഷേധമാണോ അഭിമാനമാണോ എന്ന് എനിക്കു മനസ്സിലായില്ല. അത്രയ്ക്ക് അഭിമാനിക്കാൻ എന്തിരിക്കുന്നു എന്നും എനിക്കു മനസ്സിലായില്ല.
അന്നത്തെ ക്ലാസ് തുടങ്ങുന്നതിനു മുമ്പു തന്നെ നിസാമിന്റെ വാപ്പ മലയാളിയാണ് എന്നും ഉമ്മ ലക്‌നൗവിയാണ് എന്നും അവർക്കു കാൺപൂരിൽ തുകൽ ഫാക്ടറികളും ഡൽഹിയിൽ തുകൽ കടകളുടെ ചെയിനും ഉണ്ട് എന്നും തന്റെ വാപ്പ അവരുടെ ബിസിനസ് പാർട്‌നർ ആണ് എന്നും അലീമ എന്നെ അറിയിച്ചു. അസംബ്ലിയിൽ വച്ചു നിസാമിനെ എനിക്കു കാട്ടിത്തരികയും ചെയ്തു. എങ്കിലും, കുറച്ചു കാലം കഴിഞ്ഞ് ഒരു ക്വിസ് മൽസരത്തിൽ പങ്കെടുത്തപ്പോഴാണ്​ ഞാൻ അയാളെ ഗൗരവത്തിൽ എടുത്തത്.
"ഭരണഘടനയുടെ പ്രയംബിൾ എന്താണ്' എന്ന ചോദ്യത്തിന് ആമുഖം ഒറ്റ ശ്വാസത്തിൽ ഉദ്ധരിച്ച് എന്നെ അയാൾ വിസ്മയിപ്പിച്ചു.
ആ ചോദ്യം എന്നോട് ആകാതിരുന്നതുകൊണ്ടും റാപ്പിഡ് ഫയർ റൗണ്ടിൽ ഓട്ടോഫോബിയ എന്നാൽ ഒറ്റപ്പെടലിനോടുള്ള ഭയം ആണ് എന്നു നിസാമിന് അറിയാതിരുന്നതു കൊണ്ടും ഒരു പോയിന്റിനു ഞാൻ ഒന്നാമതെത്തി. " ഫസ്റ്റും സെക്കൻഡും അവരു കൊണ്ടുപോയല്ലോ' എന്നു പ്രിൻസിപ്പൽ ക്വിസ് മാസ്റ്ററോടു പറയുന്നതു കേട്ടു കൊണ്ടാണു ഞാൻ സ്റ്റേജിൽനിന്നു പുറത്തു വന്നത്. "അവര്' ആരാണെന്ന് എനിക്കു മനസ്സിലായില്ല. മനസ്സിലായപ്പോൾ നിസാം ഹെഡ് ബോയ് ആയതിൽ അലീമയ്ക്കു തോന്നിയ അഭിമാനവും മനസ്സിലായി. മഫ്ത നിർബന്ധമാക്കാൻ എനിക്ക് ഒരു പ്രചോദനവുമായി.

അങ്ങനെ പലവിധത്തിലും സംഭവബഹുലമായിരുന്നു, എന്റെ പതിനാലാം വയസ്സ്. ഉദാഹരണത്തിന്, അക്കാലത്താണു ഞാൻ ഒരു സാപിയോ സെക്ഷ്വൽ ആണെന്നു ഞാൻ കണ്ടെത്തിയത്. മൽസരം കഴിഞ്ഞിട്ടും നിസാമിനെ എനിക്കു മറക്കാൻ കഴിഞ്ഞില്ല. അടുത്ത ക്വിസ് മൽസരത്തിൽ അയാളെ കൂടുതൽ പോയിന്റുകൾക്കു പരാജയപ്പെടുത്താനുള്ള ആഗ്രഹം എന്നെ ആവേശിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് അയാൾ ക്ലാസിൽ വന്നപ്പോൾ എന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു. അയാൾ അലീമയെ വിളിച്ച് എന്തോ പറഞ്ഞു. അലീമ തിരിഞ്ഞ് എന്നെ വിളിച്ച ആ നിമിഷം ഹൃദയം മിടിപ്പൊക്കെ നിർത്തി ആദ്യമായി കടിഞ്ഞാണിൽനിന്നു കുതറുന്ന കുതിരയെപ്പോലെ കുതിച്ചു. യൂണിഫോമായ കറുത്ത ബ്ലെയ്‌സറിന്റെ രണ്ടു പോക്കറ്റിലും കൈ കടത്തി നിന്ന് നിസാം എന്നെ ചെറിയ പതർച്ചയോടെ നോക്കി.

""എനിക്കു കുറച്ച് അറ്റിച്ചിഫോബിയ ഉണ്ടായിരുന്നു. ഫിദ അതു മാറ്റിത്തന്നു. താങ്ക് യൂ''.
ഞാൻ ഒരു നിമിഷത്തിനു ശേഷം ശബ്ദം വീണ്ടെടുത്തു.

""ഇതു കേൾക്കുമ്പോൾ എനിക്കു കാറ്റിജെലോഫോബിയ വരുന്നു. ''
അതു കേട്ട് അയാളുടെ പതർച്ച മാഞ്ഞു. മുഖത്തു ചിരി വിടർന്നു. ""പക്ഷേ, ഫിദയ്ക്കു ഫിലോഫോബിയ ഇല്ല, ഉണ്ടോ? ''""നിസാമിനു വീനസ്ട്രാഫോബിയ ഇല്ലെങ്കിൽ എനിക്കു ഫിലോഫോബിയയും ഇല്ല.''
ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി കുറേനേരം ചിരിച്ചു. അത് അസ്വസ്ഥത ഉണ്ടാക്കിയതു മൂലമാകാം, അലീമ സീറ്റിൽ പോയി ഇരുന്നു. ഞങ്ങൾ തനിച്ചായപ്പോൾ നിസാം എന്നെ ഇഷ്ടത്തോടെ നോക്കി. ""യൂ നോ വാട്ട്? ഞാൻ സാപിയോ സെക്ഷ്വൽ ആണ്. ''""എന്നുവച്ചാൽ? ''

""ബുദ്ധിശക്തിയുള്ളവരോടു മാത്രം സെക്ഷ്വൽ അട്രാക്ഷൻ തോന്നുന്നവരാണു സാപിയോ സെക്ഷ്വൽ.''
ആറരയടി പൊക്കവും വയലറ്റ് ചുണ്ടുകളുമുള്ള നിസാമിനെക്കാൾ സുന്ദരനായ ആരെയും അന്നോളം കണ്ടിട്ടില്ലെന്ന് എനിക്കു തോന്നി. എന്റെ ലൈംഗികാകർഷണങ്ങളുടെ രഹസ്യം തിരിച്ചറിഞ്ഞു ഞാൻ കിടിലംപൂണ്ടു. ""ഞാനും അതെ. ''

ഒട്ടും സമയം കളയാതെ ഞാനും പ്രഖ്യാപിച്ചു.
അതിനു മുമ്പോ പിമ്പോ അത്ര അനായാസമായി ഒരു പ്രേമബന്ധവും ഞാൻ ആരംഭിച്ചിട്ടില്ല.
​അന്നു തിരികെ സീറ്റിൽ വന്നപ്പോൾ, "നിങ്ങളെന്തു ഭാഷയാണു സംസാരിച്ചത്' എന്ന് അലീമ അലോഹ്യത്തോടെ ചോദ്യം ചെയ്തു."അറ്റിച്ചിഫോബിയ' എന്നാൽ പരാജയത്തോടുള്ള പേടിയാണെന്നും "കാറ്റിജെലോഫോബിയ' പരിഹസിക്കപ്പെടുന്നതിനോടുള്ള പേടിയാണെന്നും കേട്ടപ്പോൾ അവൾ ചിരിച്ചു.
പക്ഷേ, "ഫിലോഫോബിയ' സ്‌നേഹബന്ധങ്ങളോടുള്ള പേടിയാണ് എന്നും വീനസ്ട്രാ ഫോബിയ' സുന്ദരിമാരോടുള്ള പേടിയാണെന്നും പറഞ്ഞപ്പോൾ അവളുടെ മുഖം കറുത്തു. അതിൽപ്പിന്നെ ഞാൻ കൺവെട്ടത്തു നിന്നു മാറാൻ അലീമ സമ്മതിച്ചില്ല. "അറ്റിച്ചിഫോബിയ' മാറി എന്ന് അവകാശപ്പെട്ടെങ്കിലും നിസാം പിന്നീടു ക്വിസ് മൽസരങ്ങളിൽ പങ്കെടുത്തതും ഇല്ല. അക്കൊല്ലം സ്‌കൂളിലെ മൂന്നു മൽസരങ്ങളിലും ഞാൻ ഒന്നാമത് എത്തിയപ്പോൾ മൂന്നു തവണയും കാണികൾക്ക് ഇടയിൽ ഇരുന്ന് എനിക്കു വേണ്ടി നിസാം ഉച്ചത്തിൽ കയ്യടിച്ചു. അയാളുടെ പ്രേമോപഹാരങ്ങളായ ക്വിസ് ബുക്കുകളും ഇയർബുക്കുകളും കൊണ്ട് എന്റെ ഷെൽഫ് നിറഞ്ഞു.

പിറ്റേ കൊല്ലം നിസാം ഐ.ഐ.ടിയിൽ ചേർന്നിട്ടും നാലു കൊല്ലം കഴിഞ്ഞു ഞാൻ ലേഡി മേയോ കോളജിൽ പൊളിറ്റിക്കൽ സയൻസ് ബി.എയ്ക്കു ചേർന്നിട്ടും ഞങ്ങളുടെ ബന്ധം തുടർന്നു. നിസാമിന്റെ ഉപ്പ യാഥാസ്ഥിതികനും എന്റെ വാപ്പിച്ച പുരോഗമനവാദിയും ആയിരുന്നു. സാമ്പത്തികമായി ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടായിരുന്നു. എങ്കിലും, നിസാം കുടുംബത്തിന്റെ തുകൽ ബിസിനസിൽ ചേർന്ന ഉടനെ പ്രതീക്ഷിച്ചത്ര ദുർഘടങ്ങൾ ഇല്ലാതെ ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ വിവാഹസൽക്കാരം ഡൽഹിയിൽ കെങ്കേമമായി നടന്നു. വാപ്പിച്ചയുടെയും ഉമ്മിച്ചയുടെയും സഹോദരങ്ങളും കുടുംബങ്ങളും വാപ്പിച്ചയുടെ സഹപ്രവർത്തകരും ഉൾപ്പെടെ എന്റെ അതിഥികളായി ഇരുപത്തിയഞ്ചു പേരേ ഉണ്ടായിരുന്നുള്ളൂ. ബാക്കി മൂവായിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ചു പേരും നിസാമിന്റെ കുടുംബത്തിന്റെ അതിഥികളായിരുന്നു. പത്രത്തിലും ടി.വിയിലും എന്നും കാണുന്ന രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും ഒന്നു രണ്ടു സിനിമാതാരങ്ങളും ആശംസകൾ നേരാൻ എത്തി. സൽക്കാരത്തിൽ ഉടനീളം നിസാമിന്റെ വാപ്പയുടെ വിളിപ്പുറത്ത്, നെഞ്ചൊപ്പം നരച്ച താടിയും കറുത്ത വട്ടത്തൊപ്പിയും ഷെർവാണിയും ധരിച്ച ഒരു അറുപതുകാരനെ ഞാൻ ആദ്യം കണ്ടത് അന്നാണ്. രാത്രി വൈകി അതിഥികൾ പിരിഞ്ഞ ശേഷവും ആ മനുഷ്യൻ ജോലിക്കാർക്കു നിർദ്ദേശങ്ങൾ നൽകി ഓടി നടക്കുന്നുണ്ടായിരുന്നു. ഞാൻ ജിജ്ഞാസു ആയപ്പോൾ നിസാം അദ്ദേഹത്തെ അടുത്തു വിളിച്ചു.

""അമീർ ഭയ്യ, ഈ സുന്ദരൻ വയസ്സൻ ആരാണെന്നു ഫിദ ചോദിക്കുന്നു. ഫിദ, ഇതാണ് ഞങ്ങളുടെ അമീർ അലി ഭയ്യാ. കുട്ടിക്കാലത്ത് തടിമാടൻ ആയിരുന്ന എന്നെ ചുമന്നാണ് ഈ തോളുകൾ രണ്ടും ഇത്രയേറെ കൂനിപ്പോയത്. ''
നിസാം ആ മനുഷ്യനെ ചേർത്തു പിടിച്ചു. വാൽസല്യം നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പോയിക്കഴിഞ്ഞു നിസാം എന്നോടു സ്വകാര്യമായി പറഞ്ഞു : ""ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നെന്നേയുള്ളൂ. ആ മനുഷ്യന്റെ ജീവിതം ഒരു ട്രാജഡിയാണ്.''

അതൊരു സാധാരണ ട്രാജഡി ആയിരുന്നില്ല.
ഗുവാഹത്തിയിൽനിന്നു ഡൽഹിയിൽ ജോലി തേടി എത്തിയ അമീർ അലി നാൽപതു കൊല്ലമായി പകലും രാത്രിയും നിസാമിന്റെ ഉപ്പയുടെ വിളിപ്പുറത്തു ജോലി ചെയ്യുകയായിരുന്നു.
ഗുവാഹത്തിയിൽ ആയിരുന്നു അയാളുടെ കുടുംബം.
അമീർ അലിയുടെ പ്രതീക്ഷ മുഴുവൻ മൂത്ത രണ്ട് ആൺമക്കളിലായിരുന്നു. രണ്ടു പേരും പഠനത്തിൽ അതിസമർത്ഥർ. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആദ്യം മൂത്തമകനും നാലു കൊല്ലം കഴിഞ്ഞു രണ്ടാമത്തെ മകനും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. സിവിൽ സർവീസ് ആയിരുന്നു ഇരുവരുടെയും സ്വപ്നം. കൂലിപ്പണിയെടുത്തു കിട്ടിയ നാനൂറു രൂപയും കൊണ്ട് 1995ൽ അന്ന് ഇരുപത്തിമൂന്നും പത്തൊമ്പതും വയസ്സു വീതം പ്രായമുണ്ടായിരുന്ന അവർ ബാംഗ്ലൂർ കാണാൻ പുറപ്പെട്ടു. ആറു ദിവസം കഴിഞ്ഞു തിരിച്ചു വരേണ്ടതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ അലി ഭയ്യ ഡൽഹിയിലും ബാംഗ്ലൂരിലും പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി. കേരളത്തിൽ മന്ത്രി ആയിരുന്ന കൊച്ചാപ്പ വഴി നിസാമിന്റെ ഉപ്പയും അന്വേഷിച്ചു. എന്നിട്ടും, രണ്ടു മാസം കഴിഞ്ഞ്, ഹൈദരാബാദിലെ ഒരു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അവർ ആന്ധ്ര പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട് എന്നു വിവരം കിട്ടിയത്.

ബാബ്‌റി മസ്ജിദ് തകർത്തതിന്റെ ഒന്നാം വാർഷികത്തിന് മുംബൈയിലെ ട്രെയിനുകളിൽ ബോംബ് വച്ചത് ഉൾപ്പെടെ പതിനഞ്ചോളം കേസുകളിൽ അവർ പ്രതി ചേർക്കപ്പെട്ടിരുന്നു. എഫ്.ഐ.ആറുകൾ വായിച്ചു നോക്കിയപ്പോൾ മക്കൾ കൊടുംഭീകരർ ആണ് എന്ന് അമീർ അലി പോലും വിശ്വസിച്ചു പോയി. പക്ഷേ, അമീർ അലിയുടെ ഭാര്യ റുഖയ ബീവി സമ്മതിച്ചില്ല. ഗുവാഹത്തിയിൽനിന്ന് ഒറ്റയ്ക്കു ട്രെയിനിൽ കയറി അവർ ഡൽഹിയിൽ എത്തി. ഒരു വക്കീലിനെ കണ്ടുപിടിച്ച് ഓരോ എഫ്.ഐ.ആർ ആയി വായിപ്പിച്ച് അർത്ഥം ചോദിച്ചു. ഓരോ തീയതിയിലും മക്കൾ എവിടെയായിരുന്നു എന്നതിനും എന്തു ചെയ്യുകയായിരുന്നു എന്നതിനും തെളിവു കാണിച്ചു. അന്നു മുതൽ മക്കൾക്കു വേണ്ടി നീണ്ട നിയമയുദ്ധത്തിൽ ആയിരുന്നു അമീർ അലി. മൂന്നു സംസ്ഥാനങ്ങളിലായി പരന്നു കിടക്കുകയായിരുന്നു കേസുകൾ. വിചാരണ നീണ്ടു പോയി. അതിനിടയിൽ അഞ്ചാം കൊല്ലം മൂത്ത മകൻ ജയിലിൽ വച്ചു ന്യൂമോണിയ പിടിപെട്ടു മരിച്ചു. ഇളയ മകന്റെ വിചാരണ തുടരുന്നുണ്ടായിരുന്നു. ആ ഇളയ മകന്റെ പേര് ഇജാസ് അലി എന്നായിരുന്നു.

പത്തൊമ്പതാം വയസ്സിൽ, എനിക്ക് അത് ഒരു യക്ഷിക്കഥ ആയാണു തോന്നിയത്. പോലീസിന് അത്ര ഭീകരമായ തെറ്റു പറ്റുമെന്നു ഞാൻ വിശ്വസിച്ചില്ല. ആ രണ്ടു ചെറുപ്പക്കാരും എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടാകും എന്നു തന്നെ ഉറപ്പിച്ചു ഞാൻ എന്റെ പഠനത്തിലും കുടുംബ ജീവിതത്തിന്റെ ആഹ്ലാദങ്ങളിലും മുഴുകി. ഏതാനും മാസങ്ങൾക്കു ശേഷമായിരുന്നു, നിസാമിന്റെ ഇരുപത്തിനാലാം ജൻമദിനം. ഞാൻ ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടു ദിവസങ്ങളേ ആയിരുന്നുള്ളൂ. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഞങ്ങൾ വീട്ടിൽ വച്ച് ഒരു വിരുന്നു സൽക്കാരം തീരുമാനിച്ചു. തുകൽ ഗോഡൗണിൽ സ്റ്റോക്ക് വന്നാലുടൻ തിരിച്ചെത്തും എന്ന് ഉറപ്പു നൽകി രാവിലെ എട്ടു മണിക്കു കമ്പനിയിലേക്കു പുറപ്പെട്ട നിസാം ഒമ്പതു മണിയോടെ എന്നെ വിളിച്ചു. അയാൾ പരിഭ്രാന്തനായിരുന്നു.

""ഫിദ, നമ്മുടെ അമീർ അലി ഭയ്യ മരിച്ചു. ''
നിസാമിന്റെ ഉപ്പയുടെ നിഴലിൽ ചിരി മായാത്ത ആ മുഖം അന്നു രാവിലെയും ഞാൻ കണ്ടതായിരുന്നു. ""ബിൽ ഒപ്പു വയ്ക്കാൻ കൊണ്ടുവന്നപ്പോൾ നെഞ്ചു തിരുമ്മി എന്റെ ദേഹത്തേക്കു വീണു. എന്റെ കയ്യിൽ കിടന്നാണു മരിച്ചത്. ''
നിസാമിന്റെ ശബ്ദം തളർന്നിരുന്നു.

""അദ്ദേഹത്തിന്റെ ബന്ധുക്കൾ ഗുവാഹത്തിയിലാണ്. അതുകൊണ്ട് ബോഡി അങ്ങോട്ട് അയയ്ക്കണം. എയർ ലിഫ്റ്റ് ചെയ്യാൻ ഒരുപാടു ഫോർമാലിറ്റീസ് ഉണ്ട്. ഞാൻ ലേറ്റാകും. '' ""അദ്ദേഹത്തിന്റെ മകന് പരോൾ കിട്ടുമോ? '' ""അയാളിപ്പോൾ ഹൈദരാബാദ് ജയിലിലാണ്. പരോൾ കിട്ടിയാലും സമയത്ത് എത്താനൊന്നും പറ്റില്ല. ''

ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഇജാസ് അലിയെ കുറിച്ച് അന്നാണു ഞാൻ ചിന്തിച്ചത്. പക്ഷേ, ആ നേരത്തും അയാൾ കുറ്റവാളിയാണ് എന്നു വിശ്വസിക്കാനാണു ഞാൻ താൽപര്യപ്പെട്ടത്. ഏതായാലും അമീർ അലിയുടെ മരണം അന്നത്തെ വിരുന്നു സൽക്കാരത്തിന്റെ നിറം കെടുത്തി. നിസാം അലഞ്ഞു ക്ഷീണിച്ചു വന്നു കയറിയപ്പോഴേക്ക് അതിഥികൾ മിക്കവരും പിരിഞ്ഞിരുന്നു. നിസാമിന്റെ ഉമ്മയും സഹോദരിമാരും ശകാരിക്കുകയും പരിഭവിക്കുകയും ചെയ്യുന്നതിനിടെ നിസാം കേക്കു മുറിച്ച് ചടങ്ങു പൂർത്തിയാക്കി അല്ലെങ്കിലേ മുഷിഞ്ഞിരുന്ന ബാക്കി അതിഥികളെയും യാത്രയാക്കി. അന്നു രാത്രി ഓൾഡ് ഡൽഹി സിവിൽ ലൈൻസിലെ പുരാതനവും മനോഹരവുമായ ആ ബംഗ്ലാവിന്റെ വിജനമായി തീർന്ന പുൽത്തകിടിയിലെ, വെള്ള സാറ്റിൻ വിരിച്ചതും റോസപ്പൂക്കൾ കൊണ്ട് അലങ്കരിച്ചതുമായ മേശമേൽ കൈ കുത്തിയിരുന്ന് നിസാം അന്നു പ്രാതലിനുശേഷം ആദ്യമായി കിട്ടിയ ഭക്ഷണം ആർത്തിയോടെ കഴിച്ചപ്പോൾ ഞാൻ എന്റെ മൂന്നാമത്തെ രാഷ് മലായിയും രുചിച്ചു കൊണ്ടു കൂട്ടിരുന്നു. കാറ്ററിങ് സർവീസുകാർ ബാക്കി വന്നതെല്ലാം മാറ്റുകയും മുറ്റം വൃത്തിയാക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു.

""നമ്മൾ മൂന്നു പേരും ഒന്നിച്ചുള്ള എന്റെ ആദ്യ ജന്മദിനം ആയിരുന്നു. ''
നിസാം നിരാശയോടെ പറഞ്ഞു. എന്റെ വയറ്റിൽ കിടന്ന അഖ്‌സ ആയിരുന്നു അയാൾ ഉദ്ദേശിച്ച മൂന്നാമത്തെ ആൾ. ""സാരമില്ല. അടുത്ത പിറന്നാളിന് കോംപൻസേറ്റ് ചെയ്യാം. ''
ഞാൻ രാഷ് മലായ് നുണഞ്ഞു കൊണ്ട് ആശ്വസിപ്പിച്ചു.""എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ടാണ് അലി ഭയ്യ മരിച്ചത്. നാളെ ഇജാസിന്റെ കേസിന്റെ അവധിയാണ് - അതായിരുന്നു അവസാന വാക്കുകൾ. ''
നിസാം കഴിക്കാനെടുത്ത ഭക്ഷണം പ്ലേറ്റിലേക്കു തിരിച്ചിട്ടു. ""പോയ ആൾ തിരിച്ചു വരുമോ? നിസാം ഭക്ഷണംകഴിക്ക്. ''
ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

""പാവം, പന്ത്രണ്ടു കൊല്ലമായി കൊല്ലമായി ഭയ്യാ അവധിയെടുക്കുന്നതു കോടതിയിൽ പോകാൻ വേണ്ടി മാത്രമായിരുന്നു. ''""ആൺമക്കളെ വളർത്തുമ്പോൾ ആലോചിക്കണമായിരുന്നു! ''
അക്കൊല്ലം ഉണ്ടായ തീവണ്ടി സ്‌ഫോടനങ്ങളുടെ ഓർമ്മയിൽ ഞാൻ രോഷം കൊണ്ടു. ""ഫിദ, പതിനഞ്ചു കേസുകളിൽ പത്തിലും ഹൈക്കോടതി ഇജാസിനെ വെറുതെ വിട്ടു. ബാക്കി കേസുകളിലും വെറുതെ വിടാനാണു സാധ്യത. '' '""അതെന്താ വെറുതെവിട്ടത്? '' ""കേസ് തെളിയിക്കാൻ പോലീസിനു കഴിയണ്ടേ? ''""ഒരു തെളിവുമില്ലാതെ ഒരു ഇന്ത്യൻ പൗരനെ പോലീസ് പിടിച്ചു പന്ത്രണ്ടു കൊല്ലം അകത്തിട്ടു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്, നിസാം. ''
ഞാൻ തർക്കത്തിനു തയ്യാറായി. ""തെളിവുണ്ടെങ്കിൽ അവനെ പത്തു കേസിൽ വെറുതെ വിട്ടതെങ്ങനെ? ''
നിസാം ചോദിച്ചു.

""നല്ല വക്കീലിനെ വച്ചു കാണും. ''"" അതിന് അവനെവിടെ വക്കീൽ? അവൻ തന്നെയാണ് അവന്റെ കേസുകൾ വാദിക്കുന്നത്. '' "" പത്തൊമ്പതാം വയസ്സിൽ അകത്തു പോയ ഒരുത്തന് അതിനൊക്കെ കഴിവുണ്ടോ?''
എനിക്കു പരിഹാസം തോന്നി.

""ജയിലിൽ കിടന്ന് ഡിഗ്രിയും മൂന്നു മാസ്റ്റേഴ്‌സും എടുത്തവനാണ് അവൻ- അറിയാമോ? ''""അതിനർത്ഥം അയാൾ അതിസമർത്ഥനായ കുറ്റവാളിയാണെന്നല്ലേ? ''
ഞാൻ ചോദ്യം ചെയ്തു. നിസാമിന് എതിർവാദമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ദിവസത്തിനുശേഷം, ഗർഭത്തിന്റെ ആലസ്യത്തിലും പഠിത്തത്തിന്റെ തിരക്കിലും അതൊക്കെ എന്റെ മനസ്സിൽനിന്നു മായുകയും ചെയ്തു. മേയിൽ ഞാൻ ഡിഗ്രി ഫൈനൽ പരീക്ഷ പൂർത്തിയാക്കി ജൂണിൽ അഖ്‌സയെ പ്രസവിച്ചു. എം.എ. രണ്ടാം വർഷമെത്തിയപ്പോൾ എലീസയും വയറ്റിലുണ്ടായി. അവളെ പ്രസവിച്ച കൊല്ലം തന്നെ നെറ്റും ജെ.ആർ.ആഫും. പാസ്സായി. റിസർച്ച്, ഗൈഡ്, ടോപിക് എന്നിങ്ങനെയുള്ള അലട്ടലുകളുമായി ഇരിക്കുമ്പോഴാണു ഒരു ശനിയാഴ്ച വൈകുന്നേരം നിസാമിന്റെ ഉപ്പയെ കാണാൻ ഒരു ഉമ്മയും മകനും കൂടി വന്നത്. നിസാം അവരെ അകത്തെ ലിവിങ് റൂമിലേക്കു കൂട്ടിക്കൊണ്ടു വന്നു. കൈക്കുഞ്ഞായിരുന്ന എലീസയെ മടിയിൽ വച്ച് രണ്ടര വയസ്സുകാരി അഖ്‌സയ്ക്കു ഗ്രിമ്മിന്റെ ഫെയറി ടെയ്ൽസ് വായിച്ചു കൊടുക്കുകയായിരുന്ന ഞാൻ അപരിചിതരെ കണ്ട് എഴുന്നേറ്റു. ""ഫിദ, അമീർ അലി ഭയ്യായെ ഓർമ്മയില്ലേ? ഇത് അദ്ദേഹത്തിന്റെ ഭാര്യയാണ്. റുഖയാ ബീവി. ഇത് ഇജാസ് അലി. ''
നിസാം പരിചയപ്പെടുത്തി.

""ഇജാസിന്റെ പേരിൽ പതിനഞ്ചു കേസുണ്ടായിരുന്നു. മിനിയാന്ന് പതിനഞ്ചാമത്തെ കേസിലും വെറുതെ വിട്ടു. ''
എലീസ നിസാമിന്റെ കയ്യിലേക്കു ചാഞ്ഞു. അവളെ അയാൾക്കു കൈമാറി ഞാൻ അവർക്കു നമസ്‌കാരം പറഞ്ഞു. ഇരിക്കാൻ കസേര ചൂണ്ടിക്കാട്ടി. ""വേണ്ട, ഛോട്ടി മേം സാബ്. ഞങ്ങളിവിടെ നിന്നു കൊള്ളാം. ''
പർദ്ദ ധരിച്ച റുഖയ ബീവി ഭവ്യതയോടെ പറഞ്ഞു. നിസാം അവരെ ഇരിക്കാൻ നിർബന്ധിച്ചില്ല. അപ്പോൾ ഇജാസിന്റെ ശബ്ദം ഞാൻ ആദ്യമായി കേട്ടു : ""ഇരിക്ക്, ഉമ്മീ. ഇന്ത്യക്കാരുടെ വീടുകളിൽ കയറാനും ഇരിക്കാനും വളരെക്കുറിച്ച് ഇന്ത്യക്കാർക്കേ ക്ഷണം കിട്ടാറുള്ളൂ. ''

വെള്ളം എടുക്കാൻ അകത്തേക്കു പോകാൻ തുടങ്ങിയ ഞാൻ തിരിഞ്ഞു നിന്നു. അപ്പോഴാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. പതിനഞ്ചു കൊല്ലം ജയിലിൽ കിടന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും നിർവികാരതയും നിസ്സംഗതയും ആണു ഞാൻ പ്രതീക്ഷിച്ചത്. പ്രായത്തേക്കാൾ ചെറുപ്പം തോന്നുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും ആയിരുന്നു അയാൾക്ക്. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. "ഫെയറി ടെയ്ൽ' ബുക്കുമായി നിന്ന അഖ്‌സയിൽ ആയിരുന്നു അയാളുടെ കണ്ണ്. വെള്ളവും ചായയും എടുത്തു തിരികെ വന്നപ്പോൾ റുഖയ ബീവി സോഫയുടെ അറ്റത്ത് മനസ്സില്ലാ മനസ്സോടെ ഇരിക്കുകയും ഇജാസ് അഖ്‌സയെ മടിയിൽ വച്ച് സിംഗിൾ സോഫയിൽ വിശാലമായി ചാഞ്ഞു കിടക്കുകയും ആയിരുന്നു. പുസ്തകത്തിന്റെ പേജുകൾ മറിച്ച് അവൾ അയാൾക്കു കഥ പറഞ്ഞു കൊടുത്തു. അതിൽ ബദ്ധശ്രദ്ധനായതു കൊണ്ട് അയാൾ എന്നെ നോക്കാതെയാണു വെള്ളം എടുത്തു കുടിച്ചത്. ഗ്ലാസ് തിരികെ വാങ്ങി ചായക്കപ്പു കൊടുക്കുമ്പോഴും അയാൾ എന്നെ ശ്രദ്ധിച്ചില്ല. റുഖയ ബീവിക്കും ചായയും വെള്ളവും കൊടുത്തിട്ടു ഞാൻ നിസാമിന്റെ അടുത്തു ചെന്നിരുന്നു. എലീസ നിസാമിന്റെ മുഖത്ത് അവളുടെ കുഞ്ഞിക്കൈകൾ കൊണ്ടു പരതുകയും നിസാം അവളെ ഉമ്മ വച്ചു ചിരിപ്പിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. അഖ്‌സ മറ്റൊരു കഥ പരതുന്നതിന്റെ ഇടവേളയിൽ ഇജാസ് ചായക്കപ്പ് ചുണ്ടോടു ചേർത്തപ്പോഴാണു ഞാൻ ആ ചോദ്യം ചോദിച്ചത്:""ഇജാസ് ഭയ്യ, ജയിലിൽ നിങ്ങൾക്കു സുഖമായിരുന്നോ? ''

ഇജാസ് ഞെട്ടി.
ചായ തുളുമ്പിയത് അഖ്‌സയുടെ മേൽ വീഴാതിരിക്കാൻ അയാൾ കൈ വെട്ടിച്ചു മാറ്റി.
"എന്തൊരു ചോദ്യം' എന്നു പറഞ്ഞു നിസാം ചിരിച്ചു.
ഇജാസ് ചൂടു ചായ പകുതിയോളം ഒറ്റയിറക്കിനു കുടിച്ച ശേഷം മുഖം ഉയർത്തി എന്നെ ആദ്യമായി നേരിട്ടു.
നിസ്സാമിന്റെ പകുതി ഭംഗി പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, അയാളുടെ കണ്ണുകളിൽ അലയടിച്ച അനുഭവങ്ങളുടെ മഹാസമുദ്രങ്ങളുടെ മാന്ത്രികശക്തിക്കു മുമ്പിൽ നിസാമിന്റെ സൗന്ദര്യത്തിനു പ്രസക്തിയും ഉണ്ടായിരുന്നില്ല.

""മനുഷ്യരുടെ സുഖവും ദു:ഖവും ഓരോ തോന്നൽ, അല്ലേ? ''
അയാൾ ചിരിച്ചു കൊണ്ടാണു ചോദിച്ചത്. "" പത്തൊമ്പതാം വയസ്സിൽ നിങ്ങൾ ആ മതിൽക്കെട്ടിനുള്ളിൽ പെട്ടുപോയതല്ലേ? ''
ഞാൻ വിട്ടില്ല.

""ചിലർ ചട്ടിയിൽ മരം നടാറില്ലേ? ഉള്ള സ്ഥലത്ത് ഉള്ളതു വച്ച് അതു വളരും.''
ഒരു നിമിഷം നിർത്തി ബാക്കി ചായ കൂടി തീർത്തു കപ്പ് ടീപ്പോയ്‌മേൽ വച്ചിട്ട് അയാൾ തുടർന്നു : ""എന്നെ അവർ മൂന്നു തവണ ജയിൽ മാറ്റി. അല്ലെങ്കിൽ ഞാനിപ്പോൾ വലിയൊരു മരമായി വളർന്നേനെ. ''""അവന് എല്ലാം തമാശയാണു ഛോട്ടീ മേം സാബ്. ''
റുഖയ ബീവി മകനെ ശകാരിക്കും മട്ടിൽ പറഞ്ഞു.

""ഒരു കുറ്റവും ചെയ്യാതെ പതിനഞ്ചു കൊല്ലം അകത്തു കിടന്നവനാണ്. വല്ല കൂസലും ഉണ്ടോ എന്നു നോക്ക്.'' ""പുറത്തെ ലോകവും തടവറയാണ്, ഉമ്മീ. സൂക്ഷിച്ചു നോക്കിയാൽ അഴികൾ കാണാം.''
ഇജാസ് പറഞ്ഞു. ഞാൻ അവിശ്വാസത്തോടെ ഇരുന്നു. അയാളെ കുറിച്ചുള്ള എന്റെ ധാരണകൾ മാറുകയായിരുന്നു. ""പതിനഞ്ചു കൊല്ലത്തിനിടയിൽ ഇജാസ് ഒരിക്കൽപ്പോലും കോമ്പൗണ്ടിനു പുറത്തിറങ്ങിയില്ലേ? ''
നിസാം ചോദിച്ചു.

""ഹൈദരാബാദിലും മുംബൈയിലും ഉത്തർപ്രദേശിലും ഒക്കെയായിട്ടായിരുന്നു കേസുകൾ. ഒരു കോടതിയിൽനിന്നു മറ്റൊന്നിലേക്കു പോകാൻ പുറത്തിറങ്ങാതെ പറ്റില്ലല്ലോ?'' ""പരോൾ കിട്ടിയതേയില്ല? ''
നിസാം സഹതാപത്തോടെ ചോദിച്ചു.

""എന്റെ ഭയ്യ ജയിലിൽ കിടന്നു മരിച്ചപ്പോൾ മയ്യത്തു നമസ്‌കാരത്തിന് ഒരു ദിവസം കിട്ടി. പിന്നെ പരീക്ഷാ തീയതികളിലൊക്കെ കിട്ടി. ''
എന്റെ ഉള്ളിൽ എലി കരളുന്നതുപോലെ ഒരു വേദന ഉണ്ടായി. ""പതിനഞ്ചു കൊല്ലത്തിനുശേഷം ഇപ്പോഴാണ് എന്റെ മോൻ ഈ നാടും വീടും ഒക്കെ കാണുന്നത്, ഛോട്ടാ സാബ്. ''
റുഖയ ബീവി കരഞ്ഞു. മുറിയിൽ ഒരു വല്ലാത്ത നിശ്ശബ്ദത നിറഞ്ഞു. ""പതിനഞ്ചു കൊല്ലം ! തിരിച്ചു വന്നപ്പോൾ ലോകം ഒരുപാടു മാറിയില്ലേ? ''
ഞാൻ ചോദിച്ചു. ""മാറിയില്ലേ എന്നോ? ''
അയാൾ അഖ്‌സയുടെ മുടിയിഴകൾ തലോടി. ""ഞാൻ പോയ ലോകം വേറെ ഇതു വേറെ. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ലാപ്‌ടോപ്, മെട്രോ, ഷോപ്പിങ് മാളുകൾ - ഞാൻ അകത്തു പോകുമ്പോൾ പുറത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല.'' ""പുറത്തിറങ്ങിയപ്പോൾ എന്തു തോന്നി? ''
ഞാൻ ചോദിച്ചു.""ഉരശിമ തരോയെ പോലെ തോന്നി. ''
അയാൾ നെടുവീർപ്പിട്ടു. അഖ്‌സ തല ചെരിച്ച് അയാളെ നോക്കി. അയാൾ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നീട് അയാൾ അവളോടെന്നതുപോലെ ആ കഥ പറഞ്ഞു. അങ്ങനെയാണു ഞാൻ ഉരശിമ തരോയുടെ കഥ ആദ്യമായി കേട്ടത്. അഖ്‌സ മാത്രമല്ല, ഞാനും നിസാമും റുഖയ ബീവിയും ഞങ്ങളുടെ കുഞ്ഞ് എലീസ പോലും അയാളുടെ കഥയിൽ മുഴുകിയിരുന്നു. ഒതോഹൈം രാജകുമാരി കൊടുത്ത ടമാതി ബാകോയിൽ ഉരശിമ തരോയുടെ വാർധക്യമായിരുന്നു എന്നു കേട്ടപ്പോൾ അഖ്‌സ ചോദിച്ചു : ""വാർധക്യം എന്നു പറഞ്ഞാലെന്താ, മാമാ? ''
അയാൾ ഒരു വയസ്സനായി അഭിനയിച്ചു കാണിച്ച് അവളെ ചിരിപ്പിച്ചു. എന്നിട്ട് അവളെ ഒന്നുകൂടി ഉമ്മ വച്ച് അവളുടെ കുഞ്ഞിക്കൈപ്പത്തികൾ സ്വന്തം കവിളിൽ ചേർത്ത് അവയുടെ മാർദ്ദവം അനുഭവിച്ചു കണ്ണടച്ചു. പിന്നീട് മുഖമുയർത്തി നിസാമിനോടു പറഞ്ഞു :""നിസാം സാബ്, ഒരു കാര്യം അറിയാമോ? ജയിലിൽ എനിക്ക് ഏറ്റവും മിസ് ചെയ്തതു കുഞ്ഞുങ്ങളെയാണ്. പതിനഞ്ചു കൊല്ലമായി, ഞാനൊരു കുഞ്ഞിന്റെ കണ്ണിൽ നോക്കിയിട്ടും കയ്യിൽ തൊട്ടിട്ടും. ''
തലയ്ക്കു മേൽ ഒരു മന്ത്രവടി ഉഴിയപ്പെട്ടതുപോലെ ഞാൻ അയാളിൽ മയങ്ങി ഇരുന്നു. ""മരിക്കുന്നതിനു മുമ്പ് അവനെ സ്വതന്ത്രനായി കാണാൻ അവന്റെ അബ്ബാ എത്ര കൊതിച്ചതാണ്. ''
റുഖയ ബീവി കരഞ്ഞു. ""അലി ഭയ്യാ പോയത് എന്റെ കയ്യിൽ കിടന്നാണ്. ''
നിസാം നെടുവീർപ്പോടെ പറഞ്ഞു. ""മരണ വാർത്ത അന്നു തന്നെ അറിഞ്ഞിരുന്നോ? ''
ഇജാസ് അഖ്‌സയുടെ കൈയ്യിൽതന്നെ ശ്രദ്ധിച്ചു കൊണ്ടാണു മറുപടി പറഞ്ഞത്. ""ഇല്ല, ആരും അറിയിച്ചില്ല. പക്ഷേ, അബ്ബാ പോയെന്ന് എനിക്ക് അതിന്റെ പിറ്റേന്നു തന്നെ മനസ്സിലായി. '' ""എങ്ങനെ? ''
ഞാൻ കഥ കേൾക്കാനുള്ള താൽപര്യത്തോടെ മുന്നോട്ട് ആഞ്ഞിരുന്നു.""വെള്ളിയാഴ്ച ലക്‌നൗ കോടതിയിൽ ഒരു കേസിന്റെ വിധി പറയാൻ വച്ചിരുന്നു. അന്ന് അബ്ബാ വന്നില്ല. വിധി ദിവസം അബ്ബാ വന്നില്ലെങ്കിൽ ഒന്നുകിൽ കിടപ്പിലായിരിക്കണം. അല്ലെങ്കിൽ മരിച്ചു കാണണം.''
അയാൾ നോക്കിയത് എന്റെ കണ്ണുകളിലേക്കാണ്."" മരിച്ചു എന്നു തന്നെ എന്റെ മനസ്സു പറഞ്ഞു. '' ""അടുത്ത കേസിന്റെ അവധിക്കു ഞാനും ഇഷയും കൂടിയാണു പോയത്. ഞങ്ങളെ കണ്ടപ്പോൾ അവൻ അടുത്തു വന്ന് ചോദിച്ചത് അബ്ബാ എപ്പോഴാണ് പോയത് എന്നാണ്. ''
റുഖയ ബീവി കണ്ണുകൾ തുടച്ചു. ""ഞാൻ ഉമ്മിയോട് ഇനി കോടതിയിൽ വരരുതെന്നു പറഞ്ഞു. ഒരേ ഷോക്ക് രണ്ടു പ്രാവശ്യം സഹിക്കാൻ എനിക്കു ശേഷിയില്ല.''
ഇജാസ് ചിരിച്ചു. പക്ഷേ, എന്നെ ഒരു തരം തണുപ്പു ചൂഴ്ന്നു. ഞാൻ അയാളുടെ മുഖത്തു കണ്ണുകൾ നട്ട് ഇരുന്നു. ""ഇനി എന്തു ചെയ്യാനാണു പ്ലാൻ? ''
നിസാം വിഷയം മാറ്റാൻ ചോദിച്ചു. ""എട്ടാം ക്ലാസ് മുതൽ മോഹം സിവിൽ സർവീസ് പരീക്ഷ പാസ്സാകണമെന്നായിരുന്നു. ഇനി അതു നടപ്പില്ല. NET എഴുതണമെന്നുണ്ട്. കഴിയുമെങ്കിൽ പിഎച്ച്.ഡി. ചെയ്യണമെന്നും. '' ""ഏതു വിഷയത്തിലാണു റിസർച്ച് ചെയ്യാൻ പോകുന്നത്? ''
ഞാൻ ചോദിച്ചു. ""കുറേ നാളായി മനസ്സിൽ ഒരു വിഷയമുണ്ട്- സോവിയറ്റ് യൂണിയന്റെ തകർച്ചയും ഇന്ത്യയിലെ മതതീവ്രവാദത്തിന്റെ വളർച്ചയും. ''
ഞാൻ സ്തബ്ധയായി. ""പക്ഷേ, ഇവിടെ വന്നപ്പോൾ മറ്റൊരു ഐഡിയ തോന്നുന്നു. ''
അയാൾ ഫെയറി ടെയ്ൽസ് പുസ്തകം ഉയർത്തിക്കാണിച്ചു : ""സ്ലീപ്പ് ആസ് എ പൊളിറ്റിക്കൽ മെറ്റഫർ ഇൻ ഫെയറി ടെയ്ൽസ്. ''
എനിക്കു രോമാഞ്ചമുണ്ടായി. ആരോ സ്പർശിച്ചതുപോലെ മാറിടങ്ങൾ തരുതരുത്തു. ""എന്നുവച്ചാൽ? ''
എലീസയെ ചുമലിലിട്ട് താളം കൊട്ടിക്കൊണ്ട് നിസാം ചോദിച്ചു.""നോക്കൂ, ഓരോ യക്ഷിക്കഥയും അതതു പ്രദേശത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ രഹസ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന ഫെയറി ടെയ്ൽസ് ശ്രദ്ധിച്ചു വായിച്ചു നോക്കിയാൽ അറിയാം - ഈ കഥകൾ നമ്മളെ എങ്ങനെയാണു കണ്ടീഷൻ ചെയ്യുന്നത് എന്ന്. അധികാരവാഞ്ഛ, സ്വാർത്ഥത, എങ്ങനെയും തന്റെ കാര്യം നേടിയെടുക്കണമെന്ന പാഠം - ഇതൊക്കെയാണ് യക്ഷിക്കഥകളിലൂടെ നമ്മൾ കുഞ്ഞുങ്ങളുടെ മനസ്സിൽ കുത്തി വയ്ക്കുന്നത്. ''

അയാൾ എന്റെ നേരെ തിരിഞ്ഞു. ""എന്റെ ഒരപേക്ഷയാണ് - ഈ കുഞ്ഞുങ്ങൾക്കു സ്‌നോവൈറ്റും സ്ലീപ്പിങ് ബ്യൂട്ടിയും പോലെയുള്ള ഫെയറി ടെയ്ൽസ് വായിച്ചു കൊടുക്കരുത്. ''""സ്‌നോ വൈറ്റ്, സ്ലീപ്പിങ് ബ്യൂട്ടി, ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്, സിൻഡ്രല്ല.. -ഇതൊന്നും വായിക്കാതെ ഒരു കുട്ടിയുടെ ജീവിതം പൂർണമാകുമോ? ''

ഞാൻ തലയിൽനിന്ന് ഊർന്ന ദുപ്പട്ട നേരെ ആക്കുന്നതിനിടയിൽ ചോദിച്ചു.""സ്ലീപ്പിങ് ബ്യൂട്ടിയിലും സ്‌നോവൈറ്റിലും യഥാർഥത്തിലുള്ള മെസേജ് എന്താണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇറ്റ്‌സ് നോർമലേസേഷൻ ഓഫ് റേപ്. താൽപര്യം തോന്നുന്ന ഒരു സ്ത്രീ ഉറങ്ങുകയാണെങ്കിലും അവർക്കു കൺസെന്റ് നൽകാനുള്ള മാനസികമായ പക്വതയില്ലെങ്കിലും പുരുഷന് അവളെ ചുംബിക്കാൻ അധികാരമുണ്ട് എന്നാണ് ആ കഥകൾ പഠിപ്പിക്കുന്നത്. ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിൽ സ്ത്രീയുടെ പിതാവിന്റെ സ്വാതന്ത്ര്യത്തിനു പകരം വിൽക്കാവുന്നതാണ് മകളുടെ സ്വാതന്ത്ര്യം എന്ന്. സിൻഡ്രല്ലക്കഥ പഠിപ്പിക്കുന്നത് അധികാരത്തിന്റെ പ്രീതി പിടിച്ചു പറ്റാൻ സമ്പത്തിന്റെയോ മേൽജാതിയുടെയോ ഗ്ലാസ് സ്ലിപ്പർ തെളിവായി ആവശ്യമാണ് എന്നാണ്. ''""കമോൺ ഇജാസ്! കഥയെ കഥയായി കണ്ടാൽ പോരേ? ''

സ്വന്തം ഭാര്യയോട്​ ചുംബനത്തെയും റേപിനെയും കുറിച്ചു മറ്റൊരുത്തൻ സംസാരിച്ചതിലുള്ള ഭർത്താവിന്റെ മുഷിച്ചിലോടെ നിസാം ചോദിച്ചു. ഇജാസിനു മറുപടി പറയാൻ കഴിയുന്നതിനു മുമ്പു നിസാമിന്റെ ഉപ്പ കടന്നു വന്നു. റുഖയ ബീവി ചാടിയെഴുന്നേറ്റു. അഖ്‌സയ്ക്ക് ഒരുമ്മ കൂടി കൊടുത്തു താഴെ നിർത്തിയ ശേഷം ഇജാസും എഴുന്നേറ്റു. നിസാമിന്റെ ഉപ്പ നിന്നു കൊണ്ടു തന്നെ അവരോടു സംസാരിക്കുന്നതും പോക്കറ്റിൽനിന്നു പണം എടുത്ത് അവർക്കു കൊടുക്കാൻ ശ്രമിക്കുന്നതും ഞാൻ കണ്ടു. അവർ യാത്രയായപ്പോൾ ഞാൻ അഖ്‌സയെയും കൊണ്ട് വാതിൽക്കലോളം ചെന്നു. എനിക്ക് അയാളോടു സംസാരിച്ചു മതിവന്നിരുന്നില്ല. യാത്ര പറയുമ്പോൾ അയാൾ തിരിഞ്ഞു നിന്നു.""കഥയെ കഥയായി മാത്രം കാണരുത്. ''
അയാൾ പറഞ്ഞു. എന്റെ രോമങ്ങൾ എഴുന്നു. ""ഓരോ കഥയിലും ഒരു രഹസ്യസന്ദേശമുണ്ട്. എ പൊളിറ്റിക്കൽ സീക്രട്ട്.''

അയാൾ എന്റെ കണ്ണുകളിൽ ഉറ്റു നോക്കി ചിരിച്ചു. ദുപ്പട്ട തലയിൽനിന്ന് ഊർന്നു പോയതു കാര്യമാക്കാതെ പുൽത്തകിടി കടന്ന് അവർ ഗേറ്റിനടുത്തേക്കു നടന്നു പോകുന്നതും കണ്ടു കൊണ്ടു ഞാൻ നിന്നു. വലിയ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടത്. നാലു കൊല്ലത്തെ വിവാഹജീവിതത്തിനു ശേഷവും ഞാൻ സാപിയോ സെക്ഷ്വൽ ആയി തുടരുന്നു എന്ന സത്യത്തോടു ഞാൻ വ്യസനത്തോടെ പൊരുത്തപ്പെട്ടു.

ഇജാസ് പറഞ്ഞ ഉരശിമ തരോ യുടെ കഥ എന്റെ ഉറക്കം കെടുത്തി.
കണ്ടിട്ടുള്ള മനുഷ്യരെല്ലാം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ വിധത്തിൽ ഉരശിമ തരോ ആകുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി.
അങ്ങനെയാണ് എന്റെ ജീവിതത്തിലെ"പൊളിറ്റിക്കൽ' ആയതൊക്കെ "പേഴ്‌സണൽ' കൂടിയായത്. "പേഴ്‌സണൽ' ആയതു "പൊളിറ്റിക്കലും'.
പക്ഷേ, "പേഴ്‌സണലും' "പൊളിറ്റിക്കലും' മാത്രമായത് എന്നു വിചാരിച്ചതെല്ലാം അടിസ്ഥാനപരമായി "റിലീജിയസ്' ആയിരുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം ഞാൻ നിസ്സഹായയായി.

പ്രണയത്തിന്റെ കടലിനടിയിൽ, നാലു ഋതുക്കൾ കാവൽ നിൽക്കുന്ന നാലു കവാടങ്ങളുള്ള മാന്ത്രികക്കൊട്ടാരത്തിൽനിന്നു മടങ്ങി വന്നതിൽപ്പിന്നെ കഴിഞ്ഞതെല്ലാം സ്വപ്നം മാത്രമായിരുന്നു എന്നു ബോധ്യപ്പെട്ടെങ്കിലും ഇജാസിനെ മറക്കാനോ അയാളോടു പൊറുക്കാനോ എനിക്കു സാധിച്ചില്ല. ഇടയ്‌ക്കൊക്കെ ഞാൻ അലമാരയിൽനിന്ന് അയാളുടെ മുക്കാലും പൂർത്തിയായ ഗവേഷണപ്രബന്ധം എടുത്തു വായിച്ചു. അതായിരുന്നു എന്റെ ടമാതിബാകോ. അതിൽനിന്നു പുറത്തു ചാടിയ ഹൃദയവേദനയുടെ വെളുത്ത പുകയിൽ ഒരുവൾ പടുവൃദ്ധയായി മാറുന്നതെങ്ങനെ എന്ന് ഞാൻ നിരന്തരമായി അനുഭവിച്ചു.

മനുഷ്യർ പ്രേമിക്കുന്നത് ഒരു യക്ഷിക്കഥ അനുഭവിക്കാനുള്ള വെമ്പൽ കൊണ്ടാണ്. ഇജാസിനെ കണ്ടുമുട്ടിയപ്പോൾ ഞാനും ഉദാത്തവും അനശ്വരവുമായ ഒരു യക്ഷിക്കഥയുടെ സാധ്യതകളാണു തിരഞ്ഞത്.
അഖ്‌സയുടെയും എലീസയുടെയും തലമുറയ്ക്കായി ഒരു മാന്ത്രിക വിസ്മയം ആവശ്യമുണ്ടായിരുന്നു- ഒരു പുതിയ യക്ഷിക്കഥ. പറക്കുന്ന കാടുകളും നടക്കുന്ന പർവതങ്ങളും പൊട്ടിച്ചിരിക്കുന്ന പക്ഷിമൃഗാദികളും കലഹിക്കാത്ത മനുഷ്യരുമുള്ള രാജ്യം സാധ്യമാക്കുന്ന ഒരെണ്ണം. അങ്ങനെയൊരു കഥയുണ്ടാക്കാൻ എന്റെ ഹൃദയം തുടിച്ചു. അതിനുവേണ്ടി മാത്രമാണ് ആ പഴയ സോവിയറ്റ് യൂണിയനിലെ ആ വിദൂര ഗ്രാമത്തിലേക്കു ജീവനും പൗരത്വവും പണയം വച്ചു പുറപ്പെട്ടത്.
-ഏതു പ്രായത്തിലും എന്തെങ്കിലുമൊരു മാന്ത്രികത അനുഭവിക്കൽ എല്ലാ മനുഷ്യരുടെയും മൗലികാവകാശമാണ്. ഉറക്കിക്കിടത്തുന്നതല്ല, ഉണരാൻ പ്രേരിപ്പിക്കുന്നത്. ▮

(തുടരും)


കെ. ആർ. മീര

കഥാകൃത്ത്, നോവലിസ്റ്റ്.ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, ആരാച്ചാർ, ഘാതകൻ, ഖബർ തുടങ്ങിയവ പ്രധാന കൃതികൾ

Comments