ഒരു ചെറിയ തുകൽ പേടകം സമ്മാനിച്ചാണ് അപൂർവ എന്നെ യാത്രയാക്കിയത്.
ആ യാത്രയ്ക്കു പ്രോൽസാഹിപ്പിച്ചത് അയാൾ മാത്രമായിരുന്നു.
ആലിയയോടും ബൃന്ദയോടും പൊരുത്തം വാങ്ങാൻ കുറേ പ്രയാസപ്പെടേണ്ടിവന്നു. എന്റെ തീരുമാനത്തിൽ മാറ്റമില്ല എന്നു ബോധ്യം വന്നതിൽപ്പിന്നെ അവരും അയഞ്ഞു.
കെട്ടു കണക്കിനു മാസ്‌കും ഗ്ലൗസും പിന്നെ ഇജാസിനെ കാണുമ്പോൾ പഴയ തീപ്പൊരി ബാക്കിയുണ്ടെങ്കിൽ അയാൾക്കു നൽകാൻ ഒരു ചെറിയ പെട്ടിയും അവർ കൈമാറി. കളിയും ചിരിയുമായാണു ഞങ്ങൾ നാലുപേരും രാത്രി മൂന്നു മണിക്ക് എയർപോർട്ടിലേക്കു പുറപ്പെട്ടത്.
ഓമാട്ടിക്കുള്ള ഡയറക്ട് എയർ അസ്താനാ ഫ്‌ലൈറ്റ് ആയിരുന്നു എന്റേത്. യാത്ര പറഞ്ഞപ്പോൾ ബൃന്ദയും ആലിയയും കരഞ്ഞു.
അപൂർവയും വികാരാധീനനായി. കഴിയുമെങ്കിൽ നീ തിരികെ വരണ്ട എന്നൊക്കെ അയാൾ പുലമ്പി. അവരെ ആശ്വസിപ്പിച്ചപ്പോൾ എനിക്കു കുറച്ച് ഉൻമേഷമൊക്കെ അനുഭവപ്പെട്ടെങ്കിലും ചെക്കിൻ ചെയ്തതും ക്ഷീണം മടങ്ങിവന്നു.
ഫ്‌ളൈറ്റിൽ കയറിപ്പറ്റുന്നതുവരെ ഉറങ്ങല്ലേ എന്നായിരുന്നു പ്രാർത്ഥന.
ട്രാവൽ കാർഡ് ഗോകുൽനാഥ് എടുത്തു തന്നിരുന്നു. എങ്കിലും ഞാൻ കയ്യിലുള്ള പണം മാറ്റി ഇരുനൂറ്റമ്പതു ഡോളറും ഒരു രൂപ അഞ്ചു പൈസയ്ക്ക് ആറു കസഖ്സ്ഥാനി ടേഞ്ച് എന്ന കണക്കിൽ ഒരു ലക്ഷം ടേഞ്ചും വാങ്ങി.
ഇരുനൂറ്, അഞ്ഞൂറ്, ആയിരം, രണ്ടായിരം, അയ്യായിരം നോട്ടുകളും നൂറു രൂപയുടെ നാണയങ്ങളും ഒക്കെക്കൂടി പേഴ്‌സ് നിറഞ്ഞു.
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ നഗരമായിരുന്നു അസ്താന. അല്ലെങ്കിൽപ്പോലും, ചെലവ് എന്നെ അലട്ടിയില്ല. കാരണം, പുരുഷൻമാരോടും കുടുംബത്തോടും യാത്ര പറഞ്ഞതിനുശേഷം എനിക്കു ചെലവുകൾ കുറവായിരുന്നു. യൂണിവേഴ്‌സിറ്റിയിൽനിന്നു കിട്ടുന്നതു തന്നെ മുക്കാലും മിച്ചമായി. നാട്ടിലെ വീടുകളുടെ വാടക വേറെയും.
കണ്ണുകൾ ഭാരിച്ചു തൂങ്ങിയ നേരത്ത്, ഞാൻ ധൈര്യം സംഭരിച്ച് ഇഷയുടെ നമ്പർ ഡയൽ ചെയ്തു. അഞ്ചുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവൾ ഉറക്കച്ചടവോടെയാണു സംസാരിച്ചത്. ആളെ മനസ്സിലായപ്പോൾ അവളുടെ ശബ്ദം ഉറക്കം മാഞ്ഞു തണുത്തതും അരമുള്ളതുമായി. ഇജാസിനെ ബന്ധപ്പെടാൻ വല്ല ഫോൺ നമ്പറും ഉണ്ടോ എന്നു ഞാൻ അന്വേഷിച്ചു. ""എന്തിന്? ''
അവൾ മയമില്ലാതെ ചോദിച്ചു. "" ഞാൻ കസഖ്സ്ഥാനിലേക്കു പോകുകയാണ്. ഇജാസിനെ കാണണമെന്നുണ്ട്. ''
ശബ്ദത്തിൽ പതർച്ച പടരാതിരിക്കാൻ ഞാൻ ശ്രമപ്പെട്ടു. ""ഇജാസിനെ കാണാൻ വേണ്ടി മാത്രമാണോ പോകുന്നത്? ''
""അതെ.''
""എന്തിന്?''
എനിക്കു മറുപടി ഉണ്ടായിരുന്നില്ല. ""അഞ്ചു കൊല്ലത്തിനു മുമ്പായിരുന്നു പോകേണ്ടിയിരുന്നത്.''
ഒരു നിമിഷം കഴിഞ്ഞ് അവൾ ക്രൂരമായൊരു നിസ്സംഗതയോടെ അഭിപ്രായപ്പെട്ടു. എനിക്കു ഹാലിളകി. ""ബലാൽസംഗക്കേസിൽ പ്രതിയായ കാമുകനെ തേടി അത്രയും ദൂരം പോകാൻ മാത്രം തലയ്ക്ക് ഓളമൊന്നുമില്ല, എനിക്ക്.''""ഇപ്പോഴും അവൻ ബലാൽസംഗക്കേസ് പ്രതി തന്നെയല്ലേ? ''
ഞാൻ നെടുവീർപ്പോടെ പരാജയം സമ്മതിച്ചു.""കുറച്ചു ദിവസമായി ഇജാസിന്റെ ഓർമ്മകൾ എന്നെ അലട്ടുന്നു.''""കാരണം? ''
അവളുടെ ശബ്ദത്തിൽ പരിഹാസം കലർന്നു. ""ക്യാംപസിൽ പൊലീസ് കയറിത്തല്ലിയപ്പോൾ എനിക്കും കിട്ടി. നട്ടും ബോൾട്ടും പോയെന്നു തോന്നുന്നു.''
ഒന്നു രണ്ടു നിമിഷങ്ങൾ കഴിഞ്ഞാണ് അവൾ മറുപടി പറഞ്ഞത്.""തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും കസഖ്സ്ഥാനും തമ്മിൽ ധാരണയിൽ എത്തിയെന്നു വാർത്ത വന്നപ്പോൾ ഞാൻ അവനെ വിളിച്ചിരുന്നു. ബാക്കി ശിക്ഷ ഇന്ത്യയിൽ അനുഭവിക്കാൻ തയ്യാറായിരുന്നെങ്കിൽ ചിലപ്പോൾ അവർ അവനെ കൈമാറിയേനെ. പക്ഷേ, അവൻ വരാൻ തയ്യാറായില്ല.''
""എന്നുവരെയാണ് ശിക്ഷ?'' ""അഞ്ചു വർഷമായിരുന്നു കോടതി വിധിച്ചത്. തീരാറായിട്ടുണ്ട്. എങ്കിലും കൃത്യം തീയതി അറിയില്ല. ഇളവു കിട്ടിയോ ശിക്ഷ നീട്ടിയോ അതും അറിയില്ല. ''
"" എന്നാണ് അവസാനം വിളിച്ചത്? ''
""ഉമ്മി മരിച്ചപ്പോൾ. അന്ന് അവൻ എന്നോടു തട്ടിക്കയറി. ഉമ്മി ജീവിച്ചിരിപ്പുണ്ട് എന്ന പ്രതീക്ഷയിൽ അവൻ ജീവിച്ചേനെ, ഞാനതു നശിപ്പിച്ചു എന്നൊക്കെ ഒച്ചവച്ചു. അവൻ ഒരുപാടു കരഞ്ഞു. മേലിൽ വിളിക്കരുത് എന്നു പറഞ്ഞു.''""പിന്നീടു വിളിച്ചില്ലേ? ''
""ഇല്ല. പറയാൻ നല്ല വാർത്തകൾ വല്ലതും വേണ്ടേ? ''
""എന്നുവച്ചാൽ? ''
""അറിഞ്ഞുകൂടേ, എന്റെ സഹോദരനും പത്തു വയസ്സുള്ള മകളും ഏതു രാജ്യക്കാരാണ് എന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. രേഖകൾ ഇല്ലാത്തവരെ ഡിറ്റൻഷൻ സെന്ററിലേക്ക് അയയ്ക്കുമെന്നൊക്കെ ആളുകൾ പറയുന്നു.''
ഒരു മൗനം ഞങ്ങൾക്കിടയിൽ വീണ്ടും ഉറഞ്ഞു കൂടി. ഒരു നിമിഷം കഴിഞ്ഞ് അവൾ വീണ്ടും ചോദിച്ചു :""അവിടെച്ചെന്നാൽ ഫിദ എങ്ങനെ അവനെ കണ്ടുപിടിക്കും? ''
""ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ വെബ് സൈറ്റിൽനിന്നു ചില നമ്പരുകൾ സംഘടിപ്പിച്ചിട്ടുണ്ട്.''"എപ്പോഴാണു ഫ്‌ലൈറ്റ്', "എന്നത്തേക്കു മടങ്ങും' എന്നൊക്കെ ചില കുശലപ്രശ്‌നങ്ങൾക്കു ശേഷം അവൾ ഫോൺ വച്ചു. ആ സംഭാഷണത്തിന്റെ ക്ഷീണം മാറാൻ ഞാൻ ഒരു കാപ്പി വാങ്ങി കുടിച്ചു കൊണ്ട് ഗേറ്റിനു മുന്നിൽ ഇരുന്നു. എനിക്ക് "ഓട്ടോഫോബിയ' വർധിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന മുഖാവരണം ധരിച്ചവരും അല്ലാത്തവരുമായ മനുഷ്യരിൽ ആരെങ്കിലും ഒരാൾ അരികിൽ വന്നു തമാശ പറഞ്ഞു ചിരിപ്പിച്ചെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.
എന്തുതരം തമാശയാണ് എന്നെ ചിരിപ്പിക്കുന്നത് എന്ന് അപ്പോഴാണു സ്വയം ചോദിച്ചത്. തമാശ പറഞ്ഞയാളാണ് കേൾക്കുന്നവരെക്കാൾ കൂടുതൽ ചിരിക്കുന്നത് എന്ന് ഇജാസ് പറയാറുള്ളത് ഓർത്തപ്പോൾ ആ ആഗ്രഹം ആവിയായി. അവരവരെ ചിരിപ്പിക്കാൻ വേണ്ടിയാണു മനുഷ്യർ തമാശ പറയുന്നത് എന്നായിരുന്നു ഇജാസിന്റെ അഭിപ്രായം. മനുഷ്യരെ ചിരിപ്പിക്കുന്നത് എന്ത് എന്നതിനെ കുറിച്ച് ഞങ്ങൾ തമ്മിൽ ഒരു വാഗ്വാദം പോലും ഉണ്ടായിട്ടുണ്ട്. സ്വന്തം അപകർഷബോധത്തെയും പരാജയബോധത്തെയും മറികടക്കാനുള്ള മനുഷ്യരുടെ ദയനീയ ശ്രമങ്ങളാണു ഫലിതങ്ങൾ എന്നായിരുന്നു അയാളുടെ പക്ഷം.
അയാളെ സംബന്ധിച്ചിടത്തോളം രണ്ടു തരം ഫലിതങ്ങളേ ലോകത്ത് ഉണ്ടായിരുന്നുള്ളൂ ഒന്ന്, അവനവനെ കുറിച്ചുള്ളത്. രണ്ട്, മറ്റുള്ളവരെക്കുറിച്ചുള്ളത്. രണ്ടായാലും, നമ്മൾ ചിരിക്കണമെങ്കിൽ ആ ഫലിതത്തിൽ നമ്മുടെ അഹംബോധത്തെ പരോക്ഷമായോ പ്രത്യക്ഷമായോ പരിലാളിക്കുന്നതെന്തെങ്കിലും വേണമെന്നും അയാൾ ഉറപ്പിച്ചു പറഞ്ഞു. ബലാൽസംഗം ചെയ്യുമ്പോൾ റേപ്പിസ്റ്റിനു ലഭിക്കുന്നതു പോലെ ഒരു അഹന്തയാണു ചുറ്റുമുള്ളവരെ ചിരിപ്പിക്കുമ്പോൾ വലിയ തമാശക്കാർക്കു കിട്ടുന്നത് എന്നു പോലും അയാൾ സമർത്ഥിച്ചു.
ഞങ്ങളുടെ മൂന്നു വർഷം നീണ്ട ബന്ധത്തിൽ പൊട്ടിച്ചിരികൾ ഉണ്ടായിരുന്നില്ല. അതിന് ഒരു കാരണം, ഞങ്ങളുടെ ഉയർന്ന ഐ.ക്യു. ആയിരുന്നു എന്നു ഞാൻ വിചാരിച്ചു.
ഒരാൾ മറ്റെയാളെക്കാൾ വലുതോ ചെറുതോ ആണെന്നു സ്ഥാപിക്കേണ്ട അവസരങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായില്ല. പക്ഷേ, പരസ്പരം നോക്കി പുഞ്ചിരിച്ചു പോകുന്ന സന്ദർഭങ്ങൾ ധാരാളം ഉണ്ടായിരുന്നു. സ്വേച്ഛയാ ഒന്നിച്ചു പറക്കുന്ന രണ്ടു പക്ഷികളുടെ സ്വച്ഛത ഞങ്ങൾ എന്നും അനുഭവിച്ചിരുന്നു.
തീർത്തും യാദൃച്ഛികമായാണു ഞാനും ഇജാസും രണ്ടാമതു കണ്ടുമുട്ടിയത്. മൂന്നു നാലു മാസങ്ങൾക്കുശേഷം. നിസാമിന്റെ സഹോദരി ജാസ്മിനോടൊപ്പം കൊനാട്ട് പ്ലെയ്‌സിൽ ബ്ലാക് മെറ്റൽ ആഭരണങ്ങൾ വിലപേശി വാങ്ങുമ്പോൾ അൽപം മുമ്പിലായി പഴയ പുസ്തകങ്ങൾ നിരത്തി വച്ചതു കണ്ടു. അവയ്ക്കിടയിൽ നിലത്തു വിരിച്ച ഒരു ഷീറ്റിൽ കാലിൻമേൽ കാൽ കയറ്റി വച്ചു കിടന്നു പുസ്തകം വായിക്കുകയായിരുന്നു വിൽപനക്കാരൻ. നഗരത്തിന്റെ നടുക്ക് സ്വന്തം കിടപ്പുമുറിയിൽ കിടക്കുന്നത്ര സ്വാതന്ത്യത്തോടെയും സുരക്ഷിതത്വത്തോടെയുമുള്ള ആ കിടപ്പാണ് എന്നെ ആകർഷിച്ചത്. ജാസ്മിൻ കമ്മലുകൾ മാറി മാറി ഇട്ടു നോക്കുന്നതിനിടയിൽ ഞാൻ അങ്ങോട്ടു ചെന്നു. വളരെ പഴയതും പേജുകൾ കീറിപ്പറിഞ്ഞതുമായ പുസ്തകങ്ങൾ ആയിരുന്നു വിൽക്കാൻ വച്ചവയൊക്കെയും. അയാൾ പുസ്തകത്തിൽ ലയിച്ചു കിടക്കുകയായിരുന്നു. പൊടിയടിക്കാതിരിക്കാൻ സ്‌കാർഫ് കൊണ്ടു മൂക്കും വായും ചുറ്റിക്കെട്ടിയിരുന്നു. അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ പേരു "ദ് വിസ്പറേഴ്‌സ്' എന്നു വായിച്ചു ഞാനൊന്ന് ഉണർന്നു. സ്റ്റാലിന്റെ റഷ്യയിലെ സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചുള്ള പുസ്തകം ആയിരുന്നു അത്.
ദില്ലി നഗരത്തിനു നടുവിൽ സ്റ്റാലിന്റെ റഷ്യയെ കുറിച്ചു വായിച്ചു കൊണ്ടു കിടക്കുന്ന ഒരാളെ പരിചയപ്പെടാതെ പോകാൻ എനിക്കു കഴിയുമായിരുന്നില്ല.
ഞാൻ "ഭയ്യാ' എന്നു വിളിച്ചു.
അയാൾ ഒന്നു ഞെട്ടി അലോസര ഭാവത്തിൽ എന്നെ നോക്കി. എന്നെ തിരിച്ചറിഞ്ഞതു കൊണ്ടു ചാടിയെഴുന്നേറ്റു സ്‌കാർഫ് മാറ്റി."ഇജാസ് അലി!' എന്നു ഞാൻ കൂവി വിളിച്ചു.
ഉറക്കെ ചിരിക്കുകയും കണ്ണുകൾ നിറയുകയും ചെയ്യുന്നത്ര ഞാൻ ആശ്ചര്യപ്പെട്ടു. എന്റെ ആനന്ദാശ്രുക്കൾ അയാളെ സ്തബ്ധനാക്കി എന്നു പിന്നീട് അയാൾ പറഞ്ഞു. ""നിങ്ങളുടെ കണ്ണുകൾക്ക് ഒരു വല്ലാത്ത തിളക്കമുണ്ട്. ''
ചുറ്റും വലംവയ്ക്കുന്ന നഗരത്തെ അവഗണിച്ച് അയാൾ എന്നോടു പറഞ്ഞു. ഞാൻ തുടുത്തു പോയി. ""എന്നു പറഞ്ഞാൽ? ''
ഞാൻ ചമ്മലോടെ ചോദിച്ചു. ""രണ്ടുതരം വെളിച്ചമാണ് ലോകത്തുള്ളത്. ഒന്ന്, അറിവിന്റേത്. രണ്ടാമത്തേത് അധികാരത്തിന്റേത്. അറിവിന്റെ വെളിച്ചം സുഖകരമാണ്. അധികാരത്തിന്റേത് ചുട്ടെരിക്കുന്നതും. അന്നു ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തപ്പോഴാണു ഞാൻ അതു തിരിച്ചറിഞ്ഞത്. അവർ അന്നു കണ്ണിലേക്കു ശക്തിയുള്ള പ്രകാശം അടിക്കുമായിരുന്നു. ഒരിക്കൽ അതു കണ്ണിലടച്ചാൽ പിന്നെ ദിവസങ്ങളോളം ഒരൽപ്പം ഇരുട്ടിനു വേണ്ടി ആർത്തി തോന്നിയിരുന്നു.''
ഞാൻ സ്തംഭിച്ചു നിന്നു. ""പക്ഷേ, നിങ്ങളുടെ കണ്ണിലെ തിളക്കം അങ്ങനെയല്ല. നിങ്ങളുടെ കണ്ണുകൾ എന്റെ കൃഷ്ണമണിയിൽ ഒരു വെളിച്ചം കൊളുത്തുകയാണെന്നു തോന്നും. ഉള്ളു തണുപ്പിക്കുന്ന ഒരു വെളിച്ചം.''
ഞാൻ ചകിതയായി. ഞാൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, എനിക്കു ചിരി വന്നില്ല. പത്തൊമ്പതാം വയസ്സു മുതൽ ഏതൊക്കെയോ ഇരുട്ടറകളിൽ അയാൾ ജീവിച്ചു തീർത്ത ജീവിതം എന്നെ അയാൾക്കു മുമ്പിൽ അപ്രസക്തയും നിസ്സാരയുമാക്കി. ""പതിനഞ്ചു കൊല്ലത്തിനുശേഷം കിട്ടിയ ആസാദി എങ്ങനെയുണ്ട്? ''
ഞാൻ ചോദിക്കാൻ വേണ്ടി ചോദിച്ചു. ""നിങ്ങളുടെ വീട്ടിൽ വന്നു നിങ്ങളെയും കുട്ടികളെയും കണ്ടതിൽപ്പിന്നെ ജീവിതത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ നഷ്ടപ്പെട്ടു എന്നു തോന്നുന്നു. ''
എങ്ങനെ പ്രതികരിക്കണം എന്നു തീർച്ചയില്ലാത്ത നിമിഷമായിരുന്നു അത്. എന്റെ ബുദ്ധി പ്രവർത്തനരഹിതമായി.""നിങ്ങൾ ഗുവാഹത്തിയിലേക്കു പോയെന്നാണു ഞാൻ കരുതിയത്. ''
ഞാൻ വിഷയം മാറ്റി.
""ഇല്ല. ഞാൻ ജാമിയയിൽ എംഫില്ലിനു ചേർന്നു.''
""ഓ, ഞാൻ വിചാരിച്ചു ഈ ബിസിനസിലേക്കു തിരിഞ്ഞു എന്ന്.''
""ഇതൊക്കെ ഞാൻ പണ്ടേ വായിച്ചതാണ്. ''
"" ജെയിലിൽ ലൈബ്രറിയുണ്ടായിരുന്നു, അല്ലേ? ''
""എന്റെ ഭാഗ്യത്തിന്, തീവ്രവാദ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒരു കോളജ് അധ്യാപകൻ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരുപാടു പുസ്തകങ്ങൾ അയച്ചു കിട്ടുമായിരുന്നു. ചിലപ്പോഴൊക്കെ തോന്നും, ജയിലിൽ പോകാതിരുന്നെങ്കിൽ നഷ്ടമായിപ്പോയേനെ എന്ന്. ''
""ആ കോളജ് അധ്യാപകൻ ഇപ്പോഴെവിടെ? ''
""മരിച്ചു പോയി. അല്ലെങ്കിൽ തൂക്കിക്കൊന്നേനെ.''
ജാസ്മിൻ അപ്പോഴേക്ക് എന്നെ തേടി എത്തി.
അതുകൊണ്ട് ഞാൻ അയാളോടു യാത്ര പറഞ്ഞു പിരിഞ്ഞു.
അഞ്ചടി പത്തിഞ്ച് ഉയരവും പറ്റെ വെട്ടിയ മുടിയും മെലിഞ്ഞ ശരീരവുമുള്ള അയാളുടെ കണ്ണുകളുടെ ആഴങ്ങളിൽ ഞാൻ ആഴ്ന്നു കിടന്നു. ജിന്നിനെ അടച്ച വിളക്കു പോലെയാണു ഞാൻ തിരികെ വീട്ടിൽ എത്തിയത്. അതു കൊളുത്താൻ നിസാം ശ്രമിപ്പിച്ചപ്പോഴൊക്കെ അയാൾ എന്റെ മുമ്പിൽ ആവിർഭവിച്ചു. അക്കൊല്ലം പിന്നെ ഞാൻ കൊനാട്ട് പ്ലെയ്‌സിലേക്കു പോയതേയില്ല. എന്നിട്ടും, ഒരു ദിവസം എന്റെ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയിൽ ചെന്നപ്പോൾ, അയാളുണ്ട് ഇറങ്ങി വരുന്നു. മുടിയും താടിയും വളർന്നിരുന്നു. ശരീരം കുറച്ചു കൂടി പുഷ്ടിപ്പെട്ടിരുന്നു. എന്നെ കണ്ട് അയാൾ സന്തോഷത്തോടെ അടുത്തു വന്നു. വിളക്കിൽനിന്നു പുറത്തു ചാടിയ ജിന്നായി എന്റെ ഹൃദയം അയാളുടെ കൽപനകൾക്കായി കാതോർത്തു.
""ഇവിടെ എനിക്ക് ഒരു റിസർച്ച് ഗൈഡിനെ കിട്ടി. ''
അയാൾ അറിയിച്ചു.""വിഷയം എന്താണ്? ''
""നിങ്ങളുടെ വീട്ടിൽ വച്ചു തീരുമാനിച്ചതു തന്നെ. സ്ലീപ് ആസ് എ പൊളിറ്റിക്കൽ മെറ്റഫർ ഇൻ ഫെയറി ടെയിൽസ്. ''
അയാൾ താടി തടവി എന്നെ നോക്കി. ""പക്ഷേ, ഫെയറി ടെയിൽസ് ഉണ്ടായ കാലത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ കൃത്യമായ ബോധ്യമില്ലാതെ അതെക്കുറിച്ചു പഠിച്ചിട്ടു സമൂഹത്തിന് എന്തു ഗുണം? ''""ഭരണകൂടങ്ങളേ മാറുന്നുള്ളൂ, ഫിദ. രാഷ്ട്രീയം മാറുന്നില്ല. ''
അയാൾ തന്റെ താടി തടവി ഗൗരവത്തോടെ പറഞ്ഞു.
"" ഓരോ തവണയും ഈ യക്ഷിക്കഥകൾ വായിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എത്ര കൃത്യമായും വ്യക്തമായും നാം അനുഭവിക്കാൻ പോകുന്ന അവസ്ഥ അവയിൽ അടയാളപ്പെടുത്തിയിരിക്കുന്നു! കുപ്പിയിലടച്ചു കടലിൽ എറിഞ്ഞ എസ്.ഓ.എസ്. സന്ദേശങ്ങൾ പോലെയാണ് ഈ കഥകൾ. അതു വേണ്ട വിധം പഠിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ''
ഞങ്ങൾ വഴിയോരക്കടയിൽനിന്നു ചാട്ടും വാങ്ങി കഴിച്ചു കൊണ്ടു വെറുതെ ചുറ്റി നടന്നു.""ഉദാഹരണമായി ഗ്രീസിലെ എപ്പിമെനിഡീസിന്റെ കഥയെടുക്കൂ. അതു നമുക്കു പരിചയമുള്ള തരം ഫെയറി ടെയ്ൽ അല്ല. എന്നാലും യക്ഷിക്കഥയുടെ സ്വഭാവങ്ങളെല്ലാം അതിലുണ്ട്. കനോസസിൽ ജനിച്ച എപ്പിമെനിഡീസ് ആടു മേയ്ക്കാൻ പോയതായിരുന്നു. ആടുകളിൽ ഒരെണ്ണത്തെ കണ്ടില്ല. അതിനെ അന്വേഷിച്ച് അദ്ദേഹം ചെന്നെത്തിയത് എയ്ഡ പർവ്വതത്തിലെ ഒരു ഗുഹയിലാണ്. ക്ഷീണിച്ചു പോയ എപ്പിമെനിഡീസ് അവിടെ കിടന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ ആടുകളെ കാണാതെ അദ്ദേഹം തന്റെ പിതാവിന്റെ കൃഷിയിടത്തിൽ തിരിച്ചെത്തി. അതിനു പുതിയ ഉടമസ്ഥനാണുള്ളതെന്നു കണ്ടു ഞെട്ടി. അദ്ദേഹം വീട്ടിലേക്കു ചെന്നു. വീട്ടിലും പുതിയ താമസക്കാർ ആയിരുന്നു. ഒടുവിൽ അദ്ദേഹം തന്റെ സഹോദരനെ കണ്ടെത്തി. അയാൾ വൃദ്ധനായിക്കഴിഞ്ഞിരുന്നു. താൻ ഗുഹയിൽ പോയിട്ട് അമ്പത്തേഴു കൊല്ലം കഴിഞ്ഞെന്നു സഹോദരൻ പറഞ്ഞപ്പോഴാണ് എപ്പിമെനിഡീസ് അറിയുന്നത്.''""ഉരശിമ തരോയുടെ കഥ തന്നയല്ലേ ഇത്? ''
""പക്ഷേ, ഈ കഥയുടെ രാഷ്ട്രീയ വിവക്ഷ കൂടുതൽ വ്യക്തമാണ്. ''
""ഏതു പുസ്തകത്തിലാണു നിങ്ങളിതു വായിച്ചത്? ''
""ഡയാജിനീസ് ലിയാരിറ്റിയസിന്റെ പുസ്തകത്തിൽ. എപ്പിമെനിഡീസിന്റെ ജീവചരിത്രം പോലെയാണു ഡയാജിനീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എപ്പിമെനിഡീസ് ഇരുനൂറ്റിത്തൊണ്ണൂറ്റിയൊമ്പതാം വയസ്സിലാണു മരിച്ചത് എന്നൊക്കെ അതിൽ വായിക്കാം. എനിക്കു തോന്നിയിട്ടുള്ളത്, പറഞ്ഞു പറഞ്ഞു മിത്ത് ആക്കിയ ഒരാളാണ് അദ്ദേഹം എന്നാണ്. ഏതായാലും, എപ്പിമെനിഡീസിന്റെ അമ്പത്തേഴു കൊല്ലത്തെ ഉറക്കം ഒരു രാഷ്ട്രീയ രൂപകമാണ് എന്നു വ്യക്തമാണ്. കാരണം, ഗുഹയിൽ കിടന്നുറങ്ങിപ്പോയ ശേഷം എപ്പിമെനിഡീസിനു പ്രവചനശേഷി കൈവന്നു എന്നാണു കഥയിൽ പറയുന്നത്.''""ഇതെങ്ങനെയാണ് ഒരു രാഷ്ട്രീയ രൂപകം ആകുന്നത്? ''
ഞാൻ ചോദിച്ചു.""അത് അറിയണമെങ്കിൽ അക്കാലത്തെ ഭരണകൂടത്തെ അറിയണം. ആൽക്മിയൻ പ്രഭുക്കളാൽ മലിനീകരിക്കപ്പെട്ട ആഥൻസിനെ ശുദ്ധീകരിച്ചയാൾ എന്നാണു പ്ലൂട്ടാർക് എപ്പിമെനീഡിസിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ആഥൻസിൽ ജനാധിപത്യത്തിന് അടിത്തറയിട്ട സോലോനുമായി എപ്പിമെനിഡീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഗ്രീസിൽ ഒരു പുതിയ ക്ലാസ് പുതിയ തരം പ്രഭുക്കൾ ഉദയം ചെയ്ത കാലമാണ് അത്. അവരിൽ പലരും പല കാലത്തായി മറ്റുള്ളവരുടെ അവകാശങ്ങൾക്കു പോരാടുന്നു എന്ന വ്യാജേനെ അധികാരം പിടിച്ചെടുത്ത് ഏകാധിപതികളായി. എപ്പിമെനിഡീസിന്റെ കാര്യത്തിൽ, സ്പാർട്ടൻമാരും കനോസസുകാരും തമ്മിലുള്ള യുദ്ധത്തിൽ ഒരു കൂട്ടർ അദ്ദേഹത്തെ തടവുകാരനായി പിടിച്ചെന്നും തങ്ങൾക്ക് അനുകൂലമായി പ്രവചനം നടത്താതിരുന്നതിന് അദ്ദേഹത്തെ കൊന്നതാണ് എന്നും കഥയുണ്ട്. ''
""മതി, ഇജാസ്, എനിക്കു പേടിയാകുന്നു. ''
ഇജാസ് എന്നെ സഹതാപത്തോടെ നോക്കി.""ഫിദ, ലോകത്തു രണ്ടു തരം ജീവിതമേയുള്ളൂ. ഒന്ന്, അധികാരത്തിന്റേത്. രണ്ട് അടിമത്തത്തിന്റേത്. ആദ്യത്തെ കൂട്ടർക്കു കേൾക്കാൻ ഇഷ്ടമില്ലാത്തതും രണ്ടാമത്തെ കൂട്ടർക്കു പറയാതിരിക്കാൻ കഴിയാത്തതുമായ കഥകൾ ആണു യഥാർഥത്തിൽ യക്ഷിക്കഥകൾ. ''
അന്നു ഞാൻ ലോകം കണ്ടു കഴിഞ്ഞിരുന്നില്ല.
അയാൾ പറഞ്ഞ അധികാരം, അടിമത്തം തുടങ്ങിയ വാക്കുകളുടെ ആഴം എനിക്കു മനസ്സിലാകുമായിരുന്നുമില്ല. അവയൊക്കെ ഞാൻ അതിശയോക്തിയായി എഴുതിത്തള്ളിയത് അതുകൊണ്ടാണ്.
"എയർ അസ്താനയുടെ' ബോർഡിങ് കാൾ കേട്ടപ്പോൾ ഞാൻ വീണ്ടും പരവശയായി. വീണ്ടുവിചാരത്തിനുള്ള അവസാന നിമിഷങ്ങളായിരുന്നു അവ. നാലു മണിക്കൂർ കഴിഞ്ഞാൽ ഓമാട്ടിയിൽ എത്തുമായിരുന്നു. അവിടെനിന്ന് അസ്താനയിലേക്ക് രണ്ടു മുപ്പതിന്റെ ഫ്‌ലൈറ്റിൽ ടിക്കറ്റ് ഉണ്ടായിരുന്നു.
അസ്താനയിൽ "ദ് റാഡിസൺ'- ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു.
സ്താനയിൽ എത്തുമ്പോൾ ഹോട്ടലിൽനിന്നു പിക്കപ്പിനു വരുന്ന ഡ്രൈവറുടെ നമ്പർ പോലും കിട്ടി കഴിഞ്ഞിരുന്നു. അതുകൊണ്ട്, അവിടെ ചെന്നിട്ട് എന്തു ചെയ്യണമെന്നതല്ല എന്നെ അലട്ടിയത്. ഇജാസ് അലി എന്ന തടവുകാരനെ എങ്ങനെ കണ്ടെത്തും എന്നതായിരുന്നു. അസ്താനയിലെ ഏതോ ജയിലിലാണ് അയാൾ എന്നു മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. ഏതു ജയിലിൽ എന്നോ എങ്ങനെ കണ്ടുപിടിക്കുമെന്നോ അറിയുമായിരുന്നില്ല.
ഓമാട്ടി എയർപോർട്ടിൽ ഒമ്പതരയോടെ ലാൻഡ് ചെയ്തു. ഉറക്കക്ഷീണത്തോടൊപ്പം ജെറ്റ് ലാഗ് കൂടിയായപ്പോൾ വീണു പോകുമെന്ന സ്ഥിതിയിൽ ആയിരുന്നു ഞാൻ. എങ്കിലും പാതി ബോധത്തിൽ വഴി തെറ്റാതെ ഞാൻ ഡൊമസ്റ്റിക് ടെർമിനലിലേക്കുള്ള വഴിയെ നടന്നു. മുകൾ നിലയിൽ വളഞ്ഞ ഒരു കൈവരിക്കും കടകൾക്കും ഇടയിലുള്ള സ്ഥലം വീതി കുറഞ്ഞതായതു കൊണ്ട് ടെർമിനൽ വളരെ ചെറുതായി തോന്നി. വലിയ ഹാളിന്റെ നടുവിൽ എൽജി എൽ ഇ ഡി ടിവിയുടെ ഒരു പരസ്യബോർഡ് വച്ചിരുന്നു. അടഞ്ഞ ചാര നിറ ടൈലുകൾ പതിച്ച ഭിത്തികളും അതേ നിറമുള്ള പെയിന്റ് അടിച്ച വലിയ തൂണുകളും ഒക്കെക്കൂടിയായപ്പോൾ എനിക്ക് ഇടുങ്ങിയ ഇടങ്ങളോടുള്ള പേടിയായ "ക്ലോസ്‌ട്രോഫോബിയ' ഉണർന്നു. പാനാസോണിക്, ടർബോ എന്നിങ്ങനെ ഏതാനും പേരുകൾ ഒഴികെ മറ്റൊന്നും എനിക്കു വായിക്കാൻ കഴിഞ്ഞില്ല. റഷ്യനും കസഖ് ഭാഷയും പഠിക്കാതിരുന്നതിൽ പശ്ചാത്തപിച്ചുകൊണ്ടു ഞാൻ കാപ്പിക്കപ്പിന്റെയും ഐഫൽ ഗോപുരത്തിന്റെയും ചിത്രങ്ങളുള്ള ബോർഡ് വച്ച കഫെയിൽ കയറി എഴുന്നൂറു ടേഞ്ചിന്റെ കാപ്പിയും അറുനൂറു ടേഞ്ചിന്റെ ബർഗറും കഴിച്ചു.
അഞ്ചാമത്തെ ഗേറ്റിൽനിന്നായിരുന്നു എന്റെ ബോർഡിങ്.
ഉറങ്ങാതെ നോക്കിക്കൊള്ളണേ എന്നു പടച്ചോനോടു പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ഫർ കോട്ടു ധരിച്ച ഒരു മധ്യവയസ്‌ക എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. അവർ മാസ്‌ക് ധരിച്ചിരുന്നില്ല. അന്നു മാസ്‌ക് ധരിക്കുന്നത് അത്ര നിർബന്ധവുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. അവരുടെ പേരു നതാലിയ എന്നാണെന്നും റഷ്യക്കാരിയാണ് എന്നും കേട്ടപ്പോൾ എനിക്കു താൽപര്യമായി.
സ്വർണത്തലമുടിയും തവിട്ടു പുരികങ്ങളും ചാരക്കണ്ണുകളുമുള്ള അവർ സോവിയറ്റ് നാടോടിക്കഥകളുടെ ഓർമ്മകൾ ഉണർത്തി. എന്തെന്നും ഏതെന്നും അറിയാത്ത ഒരു നഷ്ടബോധം എന്നെ ബാധിച്ചു. റഷ്യനിൽ കുതിർന്ന ഇംഗ്ലീഷിൽ അവർ നിർത്താതെ സംസാരിച്ചു. രണ്ടു മാസം മുമ്പ് അസ്താനയിലേക്കു ടേക്ക് ഓഫ് ചെയ്ത ഒരു ചെറു വിമാനം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി 12 പേർ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് അവർ പറഞ്ഞത്. ഓമാട്ടി വിമാനത്താവളം അന്നു വാർത്തകളിൽ നിറഞ്ഞിരുന്നു. അലൂമിനിയം പാട്ട പോലെ ചളുങ്ങിപ്പോയ ഫ്‌ലൈറ്റ് അവർ ഭയജനകമായി വിവരിച്ചു. മനസ്സു തന്നെ ചളുങ്ങിപ്പോയ എന്നെ അതൊന്നും ബാധിക്കുമായിരുന്നില്ല. എങ്കിലും ഞാൻ ഞെട്ടൽ അഭിനയിച്ചു.
""എന്തായിരുന്നു അപകടത്തിനു കാരണം? ''
ഞാൻ ചോദിച്ചു. ""ആർക്കറിയാം, സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ എല്ലാം സംവിധാനങ്ങളും താറുമാറായില്ലേ? ''
അവർ നെടുവീർപ്പിട്ടു.
""എന്താണു താറുമാറായത്? ''""എല്ലാം. ഒന്നാമത്, പതിനഞ്ചു റിപ്പബ്ലിക്കുകളും ഒന്നിച്ചു നിന്നപ്പോൾ ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു. പിന്നെ എല്ലാവർക്കുമായി ഉണ്ടായിരുന്ന സൂപ്പർ പവർ പദവി. എല്ലാത്തിലുമുപരി, പതിനഞ്ചു രാജ്യങ്ങൾ ചേർന്ന ഈ വലിയ രാജ്യത്ത് എവിടെയും അനുഭവപ്പെട്ടിരുന്ന സ്വന്തം രാജ്യം എന്ന തോന്നൽ.. ''
ഞാൻ നിവർന്നിരുന്നു. പതിനഞ്ചു റിപ്പബ്ലിക്കുകൾ ചേർന്ന ആ രാജ്യത്ത് എവിടെപ്പോയാലും എല്ലാവർക്കും സോവിയറ്റ് "പൗരൻ' എന്ന സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു എന്നു കേട്ടത് എന്നെ ചിന്തിപ്പിച്ചു. സ്വന്തം രാജ്യം എന്നു പറയുന്നത് അതിർത്തികളോ പോകാനുള്ള ഇടമോ അല്ല, അതു സുരക്ഷിതത്വത്തിന്റേതായ ഒരു വികാരമാണ് എന്നു ഞാൻ വിചാരിച്ചു. ചില ദിവസങ്ങളിൽ ഉണരുമ്പോൾ സോവിയറ്റ് യൂണിയൻ നിലവിലുണ്ട് എന്നു വിഭ്രമം തോന്നാറുണ്ട് എന്ന് അവർ പറഞ്ഞു. അപ്പോൾ അവരുടെ തൊണ്ട ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തു.
"" അപ്പോൾ സ്റ്റാലിനോ? അക്കാലമൊക്കെ നിങ്ങൾ മറന്നോ? ''
ഞാൻ അമ്പരപ്പോടെ ചോദിച്ചു. ""സ്റ്റാലിൻ ഒരു നല്ല കസേരയിൽ ഇരുന്ന ചീത്ത മനുഷ്യൻ മാത്രമാണ്. അയാളെ പ്രതി കസേര തല്ലിയൊടിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല. ''
അവർ തല ശക്തിയായി കുലുക്കിയപ്പോൾ സ്വർണമുടി തെറിച്ച് വീണു. ചാരക്കണ്ണുകൾ നിറഞ്ഞു. എനിക്ക് ഇജാസിനെ പിന്നെയും ഓർമ്മ വന്നു. പിരിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ഇനി ജീവിതത്തിൽ ഇജാസ് ഇല്ല എന്നു തിരിച്ചറിഞ്ഞ് എനിക്കു ഭ്രാന്തിളകിയിരുന്നു. ഇജാസിനെ വെറുക്കാനോ അയാളോടു പൊറുക്കാനോ കഴിയുമായിരുന്നില്ല. അയാൾ ഇല്ലാതെ ജീവിക്കാനും കഴിയുമായിരുന്നില്ല. ഞാൻ അരിശവും സങ്കടവും കൊണ്ട് ഉരുകി. മുഖം പുറത്തു കാണിക്കാൻ ലജ്ജിച്ചു.
കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കൊട്ടാരസദൃശമായ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളിൽനിന്നും ഒരാൾക്ക് നിവർന്നു നടക്കാൻ പോലും ഇടമില്ലാത്ത ഗലിയിലെ മുറുക്കാൻ തുപ്പലും മൂത്രവും ആട്ടിൻകാട്ടവും നിറഞ്ഞ വഴിയിലേക്കു തുറക്കുന്ന ഒരു വാടകമുറിയിലേക്കു തല ഉയർത്തിപ്പിടിച്ചു കയറിച്ചെന്ന ഒരുവൾക്കു സങ്കൽപ്പിക്കാവുന്ന ഏറ്റവും വൃത്തികെട്ട അപമാനത്തിന്റെ കുഴിയിലേക്കാണ് അയാൾ എന്നെ ചവിട്ടിത്താഴ്ത്തിയത്.
ഞാൻ എന്റെ ഏറ്റവും ഉദാത്തമായ സ്‌നേഹം സമർപ്പിച്ചത് ഒരു വിടന് ആയിരുന്നു എന്ന് ഓർത്തപ്പോഴൊക്കെ എനിക്ക് ഓടുന്ന തീവണ്ടിയിൽനിന്ന് എടുത്തു ചാടി ചിതറിത്തെറിക്കാൻ തോന്നി. സാപിയോ സെക്ഷ്വൽ എന്നതു യക്ഷിക്കഥയായി. ഞാൻ ഒരു സെക്ഷ്വലും അല്ലാതായി. സത്യത്തിൽ ഇരുന്ന ആൾ ചീത്തയായിരുന്നു എന്നതു കൊണ്ടു മാത്രം കസേര തല്ലിയൊടിച്ച ഒരുത്തി ആയിരുന്നു ഞാനും.
എനിക്കു ചിരി വന്നു. സ്ഥലവും കാലവും മറന്നു ഞാൻ ഉറക്കെ ചിരിച്ചു. ""ചിരിക്കണ്ട. ഞാൻ സത്യമാണു പറയുന്നത്. ''
നതാലിയ അൽപം പരിഭവത്തോടെ പറഞ്ഞു. ""ഐ ആം സോറി. പക്ഷേ, ഇതല്ലേ, സോഷ്യോളജിസ്റ്റുകൾ പറയുന്ന സോവിയറ്റ് നൊസ്റ്റാൾജിയ?''
ഞാൻ ചോദിച്ചു. "" രാജ്യസ്‌നേഹമുള്ളവർക്കെല്ലാം നൊസ്റ്റാൾജിയ ഉണ്ട്. ''
അമ്പതാം വയസ്സിലും ആരോഗ്യം തുടിക്കുന്ന വെളുത്ത മുഖത്ത് ക്ഷോഭത്തിന്റെ പിങ്ക് വർണം പടർത്തി അവർ പറഞ്ഞു. ""അതില്ലാത്തവർ രാജ്യസ്‌നേഹികളല്ല. ''
അവരുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് "എപ്പിമെനിഡീസ് പാരഡോക്‌സ്' ആണ്. All Cretans are liars എന്ന എപ്പിമെനിഡീസിന്റെ വാക്യമായിരുന്നു എപ്പിമെനിഡീസ് പാരഡോക്‌സ്. അത് ഒരു വല്ലാത്ത വൈരുദ്ധ്യം ആയിരുന്നു. ക്രീറ്റിയിൽ ജനിച്ച എപ്പിമെനിഡീസ് ആണ് "എല്ലാ ക്രീറ്റിക്കാരും നുണയൻമാരാണ്' എന്നു പറഞ്ഞത്. അതു സത്യമായാൽ എപ്പിമെനിഡീസ് നുണയൻ ആകുമായിരുന്നു. അതോടെ ആ പ്രസ്താവന നുണ ആകുമായിരുന്നു. അതോടെ, ക്രീറ്റീക്കാർ നുണയൻമാർ അല്ലാതാകുമായിരുന്നു. അപ്പോൾ എപ്പിമെനിഡീസും നുണയൻ അല്ലാതാകുമായിരുന്നു. അങ്ങനെ വന്നാൽ, "ക്രീറ്റിക്കാർ നുണയൻമാരാണ്' എന്ന വാക്യം സത്യമായി തീരുമായിരുന്നു. ഇനി വാക്യം നുണയായാൽ, ക്രീറ്റിക്കാർ നുണയൻമാർ അല്ലാതാകുമായിരുന്നു. അതായത്, എപ്പിമെനിഡീസ് സത്യസന്ധനാകുമായിരുന്നു. പക്ഷേ, അപ്പോൾ, ക്രീറ്റിക്കാർ നുണയൻമാർ ആകുകയും എപ്പിമെനിഡീസും നുണയനാകുകയും ചെയ്യുമായിരുന്നു.
അതേ വിധം ഒരു പാരഡോക്‌സ് ആയിരുന്നു, "രാജ്യസ്‌നേഹമുള്ളവർക്കെല്ലാം നൊസ്റ്റാൾജിയ ഉണ്ട്' എന്ന വാക്യവും. നിലവിലുള്ള രാജ്യത്തോടുള്ള സ്‌നേഹമായിരുന്നു രാജ്യസ്‌നേഹം. നിലവിൽ ഇല്ലാത്ത രാജ്യത്തോടുള്ള സ്‌നേഹമായിരുന്നു "നൊസ്റ്റാൾജിയ'. "നൊസ്റ്റാൾജിയ' ഉള്ളവർക്കു രാജ്യസ്‌നേഹം സാധ്യമായിരുന്നില്ല. രാജ്യസ്‌നേഹം ഉള്ളവർക്കു "നൊസ്റ്റാൾജിയ'യും. നിലവിലുള്ള രാജ്യത്തോടു സ്‌നേഹമുള്ളവർക്കു നിലവിലില്ലാത്തതിനോടു സ്‌നേഹം ഉണ്ടാകുന്നതു വാസ്തവത്തിൽ രാജ്യദ്രോഹം ആയിരുന്നു. ആ നിലയ്ക്കു നോക്കുമ്പോൾ ഭൂതകാല പാരമ്പര്യത്തിൽ കോൾമയിർക്കൊള്ളുന്നതിനേക്കാൾ ദേശവിരുദ്ധമായി മറ്റൊന്നും ഉണ്ടായിരുന്നില്ല.
ഇജാസിനെ കുറിച്ച് എനിക്കും "നൊസ്റ്റാൾജിയ' ഉണ്ടായി.
ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞ നല്ല നിമിഷങ്ങൾ എന്നെ വേട്ടയാടി. ആ ആനന്ദത്തിനു കാരണം ഞാൻ വിശകലനം ചെയ്തു. അതിന്റെ അടിസ്ഥാനം, അയാളോടൊപ്പമുള്ള ഭാവിയെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന ഉദാത്തമായ സങ്കൽപ്പങ്ങളും ഉറപ്പുകളും ആയിരുന്നു.
വാപ്പിച്ച കേരളത്തിലേക്കു മടങ്ങിയതിനുശേഷം, നിസാമിന്റെ മാറ്റം എന്നെ മുറിപ്പെടുത്തിയിരുന്നു. വാപ്പിച്ച തുറന്നിട്ടിരുന്ന ലോകത്തിന്റെ വാതിലുകൾ നിസാം വലിച്ചടച്ചു തുടങ്ങിയിരുന്നു. ഏതോ മതപണ്ഡിതനെ വാപ്പിച്ച പരസ്യമായി വെല്ലുവിളിച്ചതും നിസാമിന്റെ കൊച്ചാപ്പ നിസാമിന്റെ വാപ്പയോടു പരാതിപ്പെട്ടതും എന്റെ ജീവിതത്തെ ഇളക്കി മറിച്ചു. മാപ്പു പറയാൻ വാപ്പിച്ചയെ നിർബന്ധിക്കാൻ നിസാം എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചു. മതം വീടിനു പുറത്തുനിന്നല്ല, ഉള്ളിൽനിന്നാണു മനുഷ്യരെ ആക്രമിക്കുന്നത് എന്നു ഞാൻ അനുഭവിച്ചറിഞ്ഞു.
ഓർമകളിൽ മുങ്ങിമുങ്ങി ഞാൻ ഉറക്കത്തിൽ ആഴ്‌ന്നേനെ.
ഭാഗ്യത്തിന് ആ നേരത്തു ലാൻഡിങ് അനൗൺസ്‌മെന്റ് മുഴങ്ങി.
പല നിറങ്ങളിലുള്ള വെളിച്ചങ്ങൾ കൊണ്ടു വരഞ്ഞിട്ട തലസ്ഥാന നഗരം ഏതോ കടലിനടിയിലെ മാന്തികക്കൊട്ടാരം പോലെ ദൃശ്യമായി.
അസ്താന എന്ന വാക്കിന്റെ കസഖ് ഭാഷയിലുള്ള അർത്ഥം തലസ്ഥാനം എന്നായിരുന്നു. പുതിയ പേരായ "നൂർ സുൽത്താൻ'- ജനങ്ങൾ ശീലിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞു പെയ്യുന്ന നഗരത്തിന്റെ നടുവിലേക്കു വിമാനം ഒരു ഡോൾഫിനെ പോലെ ഊളിയിട്ടു. പല്ലു പുളിക്കുന്ന തണുപ്പും ശീതത്തിന്റെ ഇരുട്ടുമായിരുന്നു പുറത്ത്. സ്വെറ്ററും അതിനു മേൽ ജാക്കറ്റും തല മൂടിക്കെട്ടിയ മഫ്‌ളറും മാസ്‌കും ധരിച്ചിട്ടും എന്റെ സർവകോശങ്ങളും പുളഞ്ഞു.
എയർപോർട്ടിനുള്ളിൽനിന്നു ഞാൻ ഒരു ലോക്കൽ സിം വാങ്ങി. പുറത്ത്, മുപ്പത്തഞ്ചുകാരനായ ഡ്രൈവർ എന്റെ പേര് എഴുതിയ ബോർഡും പിടിച്ചു നിന്നതു മരവിച്ച കണ്ണുകൾ സാവധാനമാണു തിരിച്ചറിഞ്ഞത്. പെട്ടി കാറിലേക്ക് എടുത്തു വയ്ക്കാൻ അയാൾ സഹായിച്ചു. പാർക്കിങ്ങിന്റെ തിരക്കുകൾ പിന്നിട്ടു കാർ റോഡിലേക്ക് ഇറങ്ങിപ്പോഴേക്കു സിം ആക്ടിവേറ്റ് ആയിക്കഴിഞ്ഞിരുന്നു. ഞാൻ അപൂർവയുടെ നമ്പർ ഡയൽ ചെയ്തു. അയാൾ ഫോൺ എടുത്തില്ല. ഞാൻ ആലിയയെ വിളിച്ചു. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബൃന്ദയാണെങ്കിൽ ഔട്ട് ഓഫ് കവറേജും.
നഗരം ഭ്രമിപ്പിക്കുന്നതായിരുന്നു.
കണ്ണിനു താങ്ങാനാകാത്തത്ര വെളിച്ചങ്ങൾ എന്നെ ആക്രമിച്ചു.
എന്റെ ചിന്തയിൽ ഇജാസ് മാത്രമായിരുന്നു. അയാളുടെ ശിക്ഷ കഴിഞ്ഞെങ്കിൽ ഞാൻ അയാളെ എവിടേക്കാണു കൂട്ടിക്കൊണ്ടു പോകുക?
അസമിലെ റജിസ്റ്ററിൽ പേരില്ലാത്തയാൾക്കു ഡൽഹിയിൽ താമസിക്കാൻ കഴിയുമോ? അയാളെ പോലീസ് അറസ്റ്റ് ചെയ്തു ഡീറ്റെൻഷൻ സെന്ററിലേക്ക് അയയ്ക്കുമോ?
വീടുകൾ അല്ലാതെ, മറ്റു ഡീറ്റെൻഷൻ സെന്ററുകൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഡീറ്റെൻഷൻ സെന്ററുകളുടെ പ്രധാന ലക്ഷണം കൃത്യമായ അതിർത്തികളാണ് എന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. പ്രപഞ്ചം എന്ന വലിയൊരു ഡീറ്റെൻഷൻ സെന്ററിനകത്തു ചെറിയ ഡീറ്റെൻഷൻ സെന്ററുകൾ മാത്രമാണു രാജ്യങ്ങൾ എന്നതു വലിയ ഫലിതമാണ് എന്ന് എനിക്കു തോന്നി.
കോഴി ഫാമിലോ ആടു ഫാമിലോ കാണാറുള്ളതു പോലെ മനുഷ്യരെ കുത്തിത്തിരുകിയ അഴിക്കൂടുകൾ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. അവയിൽ ഞാൻ ഇജാസിനെ സങ്കൽപ്പിച്ചു. വളർത്തു പക്ഷിയായും തുടലിലിട്ട ഹിംസ്ര മൃഗമായും മരുന്നു ശാലയിലെ പരീക്ഷണ മൃഗമായും ഒക്കെ ഞാൻ അയാളെ കണ്ടു. എനിക്ക് അടക്കവയ്യാത്ത വെപ്രാളം ഉണ്ടായി. അതുകൊണ്ടു ഞാൻ ഡ്രൈവറോടു സംസാരിക്കാൻ ശ്രമിച്ചു. അയാളുടെ പേര് കരീം ഉമറോവ് എന്നായിരുന്നു. അത്യാവശ്യം ഇംഗ്ലീഷേ അയാൾക്ക് അറിയുമായിരുന്നുള്ളൂ. ചുറ്റിക്കാണാൻ കൊണ്ടുപോകാമോ എന്നു ചോദിച്ചത് അയാൾക്കു പെട്ടെന്നു മനസ്സിലായി.
"" എവിടെയാണു പോകേണ്ടത്? ''
അയാൾ ഉരുളക്കിഴങ്ങു വേവിച്ചുടച്ചതു പോലെയുള്ള ഉച്ചാരണത്തോടെ ചോദിച്ചു. ""കലാച്ചി. ''
""കലാച്ചിയോ? അതൊരു ഭക്ഷണസാധനമല്ലേ? ''
അയാൾ അമ്പരന്നു.""ഒരു ഗ്രാമമാണ്. ഇവിടെനിന്ന് അഞ്ഞൂറു കിലോമീറ്റർ വരും. ''
""അവിടെ എന്താണു കാണാനുള്ളത്? ''
""എനിക്ക് ആ സ്ഥലം ഒന്നു കാണണം. ''
അയാൾ എന്നെ തിരിഞ്ഞു നോക്കി.""അങ്ങനെയൊരു സ്ഥലത്തെ കുറിച്ചു ഞാൻ കേട്ടിട്ടേയില്ല. ''
അയാൾ പറഞ്ഞു.
ഞാൻ അതിൽ അമ്പരന്നില്ല. ഏതു രാജ്യത്താണ് എല്ലാ പൗരൻമാർക്കും സ്വന്തം രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും കുറിച്ച് അറിയാവുന്നത്? ഹോട്ടലിൽ എത്തിയപ്പോൾ അയാൾ എനിക്കു കാർഡ് തന്നു. രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞ് രണ്ടായിരം ടേഞ്ച് ടിപ്പും കൊടുത്ത് അയാളെ യാത്രയാക്കിയ ശേഷം ഞാൻ ചെക്ക് ഇൻ ചെയ്തു. നല്ല മുറിയായിരുന്നു. പക്ഷേ, മഞ്ഞു വീണു തുടങ്ങിയിരുന്നതിനാൽ ജനാലയ്ക്കു പുറത്തുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല. ഞാൻ ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞ് ഒരു സാൻഡ് വിച്ച് ഓർഡർ ചെയ്തു. ഭക്ഷണം കഴിഞ്ഞ ശേഷം ഒന്നു നിവർന്നു കിടന്നു. മനസ്സ് അശാന്തമായിരുന്നു. അതുകൊണ്ട്, ഒരിക്കൽക്കൂടി അപൂർവയെ വിളിച്ചു. അയാൾ അപ്പോഴും ഫോൺ എടുത്തില്ല. ബൃന്ദയുടെ നമ്പരിൽനിന്നു സ്വിച്ച്ഡ് ഓഫ് മെസേജ് കിട്ടി. ആലിയയുടെ നമ്പറിൽനിന്നു കേട്ടത് "കറന്റ്‌ലി അൺറീച്ചബിൾ' എന്നാണ്. നെറ്റ് വർക്കിന്റെ തകരാറാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ഉറപ്പാക്കാൻ വേണ്ടി മാത്രമാണു നിസാമിന്റെ നമ്പർ പരീക്ഷിച്ചത്. അത്ഭുതപ്പെടുത്തിക്കൊണ്ട്, ആദ്യ റിങ്ങിൽത്തന്നെ നിസാം ഫോൺ എടുത്തു.
""ഫിദ, നീ മുറിയിൽ എത്തിയോ? ''
അയാൾ ഉൽക്കണ്ഠയോടെ അന്വേഷിച്ചു. ""വിവരങ്ങൾ അറിഞ്ഞു കാണുമല്ലോ, അല്ലേ? ''""എന്തു വിവരം? ''
ഞാൻ അമ്പരന്നു.
""ഡോ. അപൂർവാനന്ദിനെ പോലീസ് ഡീറ്റെയിൻ ചെയ്തു. ''""വാട്ട്?! ''""ടിവിയിൽ കണ്ടതാണ്. എല്ലാ ചാനലുകളിലും വലിയ വാർത്തയാണ്. ദേശവിരുദ്ധ പ്രവൃത്തി നടത്തിയെന്നാണു കേസ്. ''
വിമാനത്തിൽ ഇരുന്നുറങ്ങി വീണ്ടും സ്ലീപ്പ് ഹോളോയിലേക്കു നിപതിച്ചോ എന്നതായിരുന്നു എന്റെ സംശയം. സംഭവിക്കുന്നതൊക്കെ യഥാർത്ഥമാണോ എന്നു തിരിച്ചറിയാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല.
""ഫിദ നീ ഉടനെ തിരിച്ചുവരണ്ട. എനിക്കു പേടിയാകുന്നു.''
നിസാമിന്റെ ശബ്ദം മുറിഞ്ഞാണു കേട്ടത്. അപ്പോഴേക്കു ലൈൻ കട്ട് ആയി. പ്രപഞ്ചം എനിക്കു ചുറ്റും കറങ്ങി. നൊസ്റ്റാൾജിയയെക്കാൾ വലിയ "പാരഡോക്‌സ്' ആണു ജനാധിപത്യം എന്നു ഞാൻ കണ്ണീരോടെ അംഗീകരിച്ചു. മുപ്പതു കൊല്ലമായി ഭരിക്കുന്ന പ്രസിഡന്റിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരു സ്വീകരിച്ച അസ്താന നഗരം അതിവിശാലമായ ഒരു ഡിറ്റൻഷൻ സെന്റർ ആണെന്നു ഞാൻ പരിഭ്രമിച്ചു.
ഇജാസ് പറഞ്ഞതു ശരിയായിരുന്നു.
ലോകത്ത് രണ്ടു തരം ജീവിതങ്ങളേ ഉണ്ടായിരുന്നുള്ളൂ. രണ്ടേ രണ്ടു തരം. ഒന്ന്, അധികാരത്തിന്റേത്. രണ്ട്, അടിമത്തത്തിന്റേത്.
കണ്ണുകൾ അടഞ്ഞു പോകുന്നതു ഞാൻ അറിഞ്ഞു. എനിക്കു ഹൈപ്പർ സോംനിയ ഉണ്ടെന്നു ഹോട്ടലിൽ നേരത്തെ അറിയിക്കാതിരുന്നതിൽ ബോധമനസ്സു പശ്ചാത്തപിച്ചു. പക്ഷേ, കൈവിട്ടു കഴിഞ്ഞിരുന്നു. ഞാൻ ഉറക്കത്തിന്റെ അഗാധമായ ഗർത്തത്തിലേക്കു പതിച്ചു തുടങ്ങിയിരുന്നു. ചെന്നു വീണ ഇടത്ത് ഒരു അഴിയിട്ട കൂടു തെളിഞ്ഞു. അതിൽ അപൂർവയും ബൃന്ദയും ആലിയയും ഉണ്ടായിരുന്നു. അവരെ രക്ഷിക്കുന്നതിനു പകരം ഞാൻ പേടിച്ചോടി. ഓടിയോടി ഞാൻ വെളുത്ത മെഴുകിൽ തീർത്ത ഒരു യക്ഷിക്കൊട്ടാരത്തിൽ എത്തി. അവിടെ കരോബ് മരങ്ങൾ നട്ടു കൊണ്ടിരുന്ന ഇജാസ് അലി എന്നെ നോക്കി ചിരിച്ചു.
""എവിടെയാണു പോകേണ്ടത്? ''
അയാൾ ചോദിച്ചു.""കലാച്ചി. ''
ഞാൻ പറഞ്ഞു.""കലാച്ചിയോ? അത് എന്താണ്? എ. ഒരു റൊട്ടി. ബി. ഒരു പക്ഷി. സി. ഒരു രാജ്യം. ഡി. ഇതൊന്നുമല്ല. ''
സ്‌കൂൾ ഓഡിറ്റോറിയത്തിൽ ക്വിസ് മാസ്റ്റർ ആയി നിന്ന നിസാം ചോദിച്ചു. ""എ ഒരു റൊട്ടി. ''
ഞാൻ പറഞ്ഞു.""തെറ്റിപ്പോയി, ഫിദ. ''
കയ്യിലും കാലിലും ചങ്ങലയിട്ട് ആകാശത്ത് ഒരു പക്ഷിയെപ്പോലെ പറക്കുന്ന അപൂർവ്വ താഴ്ന്നു പറന്ന് എന്റെ തലയിൽ ഒന്നു ഞോടി.""അത് ഒരു അവസ്ഥയാണ്.''▮
(ഒന്നാം ഭാഗം അവസാനിച്ചു)