ചിത്രീകരണം : ദേവപ്രകാശ്

കലാച്ചി

അഞ്ച്

നിസാമിന്റെ പുതുക്കിപ്പണിത വീട്ടിൽ ചെന്നു കയറിയപ്പോൾ ചൈനീസ് യക്ഷിക്കഥയായ "റാങ്കേ'യിലെ നായകൻ വാങ്ചിയുടെ അവസ്ഥയായിരുന്നു എന്റേത്.

ഉരശിമ തരോ കഴിഞ്ഞാൽ ഏറ്റവും പഴക്കമേറിയ "ഉറക്ക' കഥയായിരുന്നു "റാങ്കേ'.

അതിലെ നായകൻ വാങ്ചി ഒരു മരംവെട്ടുകാരനായിരുന്നു.
പതിവുപോലെ ഒരു പ്രഭാതത്തിൽ അയാൾ മഴുവും കയറുമായി കാട്ടിലേക്കു പുറപ്പെട്ടു. പറ്റിയ തടി തേടി നടക്കുമ്പോൾ രണ്ടു വിചിത്ര മനുഷ്യർ കടപുഴകിയ ഒരു വൃക്ഷത്തിനുമേൽ പലക വച്ചു "ഗോ' കളിക്കുന്നത് അയാൾ കണ്ടു. വാങ്ചി അവരെ സമീപിച്ചു കുറച്ചു നേരം കളി കണ്ടു. അതോടെ അതിൽ രസംപിടിച്ചു പലകയിൽനിന്നു കണ്ണെടുക്കാൻ കഴിയാതെ അയാൾ നിന്നു പോയി. കളിക്കാർ അയാൾക്ക് ഒരു കായ് തിന്നാൻ കൊടുത്തു. അതു ചവച്ചപ്പോൾ അയാൾക്കൊരു ക്ഷീണം തോന്നി. അടുത്തുള്ള മരത്തിൽ ചാരിയിരുന്ന് അയാൾ ഒന്നു മയങ്ങി. ഉണർന്നപ്പോൾ കളിക്കാർ അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. വാങ്ചി ചാടി എഴുന്നേറ്റു തന്റെ മഴു തിരഞ്ഞു.

പിടി ദ്രവിച്ചും വായ്ത്തല തുരുമ്പെടുത്തും അത് മണ്ണിൽ പുതഞ്ഞു കിടക്കുന്നത് അയാൾ കണ്ടു. അയാളുടെ താടി നിലം തൊടുംവിധം വളർന്നിരുന്നു. വസ്ത്രങ്ങൾ ജീർണിച്ചിരുന്നു. പരിഭ്രാന്തനായ അയാൾ കാടിറങ്ങി വീട്ടിലേക്കു പാഞ്ഞു. നാടാകെ മാറിയിരുന്നു. വാങ്ചിയുടെ വീട് ഉണ്ടായിരുന്ന സ്ഥലത്തു യാതൊന്നും അവശേഷിച്ചിരുന്നില്ല. അയാളും അയാളുടെ അപ്പനപ്പൂപ്പൻമാരും ജനിച്ചു വളർന്ന ആ പ്രദേശത്ത് അയാൾ നാടും വീടും ഇല്ലാത്തവനായി മാറിയിരുന്നു. അയാൾ കാലഹരണപ്പെട്ടു കഴിഞ്ഞിരുന്നു.

അതുപോലെ, നിസാമിന്റെ വീടും പരിസരവും ഗേറ്റിലെ സെക്യൂരിറ്റി ഉൾപ്പെടെ ഞാൻ കണ്ടുമുട്ടിയവരും പുതിയവർ ആയിരുന്നു. വീടിനുള്ളിലേക്കു കടക്കാൻ മുൻകൂർ അപ്പോയ്ൻമെന്റും തിരിച്ചറിയൽ കാർഡും മെറ്റൽ ഡിറ്റക്ടറും ഏർപ്പെടുത്തിയ വിവരം ഞാൻ അറിഞ്ഞിരുന്നില്ല. അകത്തു കടക്കാൻ എനിക്കു ജാസ്മിനെ വിളിക്കേണ്ടി വന്നു. വീടിന്റെ ലാൻഡ്‌സ്‌കേപ്പിങ് കണ്ടാൽ അറിയാത്ത വിധം മാറിയിരുന്നു. വരാന്തയിലെയും മട്ടുപ്പാവിലെയും കമാനങ്ങൾ മിനാരങ്ങളുടെ ആകൃതിയിൽ പുതുക്കിയിരുന്നു. വളഞ്ഞ ഉമ്മറത്തേക്ക് എന്നെ സ്വീകരിച്ച സ്റ്റാഫിനെ കണ്ടപ്പോൾ ഞെട്ടലുണ്ടായി. വട്ടത്തൊപ്പിയും നീണ്ട നരച്ച താടിയും കുർത്തയും ഷെർവാണിയും അണിഞ്ഞു ചുമലുകൾ കൂനിയ അയാൾ ഒറ്റ നോട്ടത്തിൽ അമീർ അലി ഭയ്യാ ആണെന്നു തോന്നി. നിസാം നിസ്​കരിക്കുകയാണ്​ എന്ന് അയാൾ അറിയിച്ചു. അഞ്ചു പത്തു മിനിറ്റിനു ശേഷം പുറത്തെത്തിയ, നീല കുർത്തയും വെളുത്ത വട്ടത്തൊപ്പിയും ധരിച്ച നിസാമിനെപ്പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല.

ഭാഗ്യത്തിന്​ നിസാം എന്നെ തിരിച്ചറിഞ്ഞു.
അയാളുടെ കണ്ണുകൾ നിറഞ്ഞെന്നു തോന്നുന്നു.
എനിക്കു പുറം തിരിഞ്ഞു കണ്ണടയൂരി കണ്ണു തുടയ്ക്കുന്നതു കണ്ടു.
പിന്നീട് അയാൾ "അലീ അലീ' എന്ന് ഉറക്കെ വിളിച്ചു.
നമസ്‌കാരക്കുപ്പായം മാറും മുമ്പേ അലീമയും ഓടി വന്നു. എന്നെ കണ്ടതും അവളുടെ വെളുത്ത മുഖം വാടുകയും കരുവാളിക്കുകയും ചെയ്തു. ഞാൻ വിവാഹമോചനം നേടിയിട്ടും നിസാം അവളെ നിക്കാഹ് കഴിച്ചിട്ടും നിസാമും ഞാനും തമ്മിൽക്കാണുന്നത് അലീമയെ അലട്ടിയിരുന്നു. അതു ദീനിനു വിരുദ്ധമാണ് എന്ന് അവൾ വേവലാതിപ്പെട്ടിരുന്നു. എങ്കിലും ഓർക്കാപ്പുറത്ത് ഞാൻ ചെന്നു കയറിയപ്പോൾ അലീമ സന്തോഷം പ്രദർശിപ്പിച്ച് എന്നെ സ്വീകരിച്ചു."യാ അള്ളാ, നിന്നെക്കണ്ടിട്ടു മനസ്സിലായില്ലല്ലോ, എന്തൊരു കോലമാണിത് മോളേ, നിനക്കിതെന്തു പറ്റി' എന്നൊക്കെ ചോദിച്ച് എന്നെ ചേർത്തണച്ചു സോഫയിൽ പിടിച്ചിരുത്തി. "മക്കളേ നിങ്ങളുടെ ഉമ്മി വന്നിരിക്കുന്നു' എന്നു വിളിച്ചു കൂവി.
​നമസ്‌കാര മുറിയിൽനിന്നു തന്നെയാണ് അഖ്‌സയും എലീസയും പുറത്തുവന്നത്. പക്ഷേ, ജാസ്മിന്റെ ഫ്‌ലാറ്റിൽ വച്ചു കാണിക്കാറുള്ള ആവേശമൊന്നും അവർ പ്രദർശിപ്പിച്ചില്ല. രണ്ടുപേരും വാപ്പിയെ ഇരുവശത്തായി ചാരി നിന്നു. എല്ലാവരും എത്തിയ സ്ഥിതിക്ക് തന്റെ ജോലി കഴിഞ്ഞെന്ന മട്ടിൽ എന്നെ അഭിമുഖീകരിക്കാതെ നിസാം പുറത്തേക്കു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാൻ ഇടപെട്ടു :

""നിസാം, ഞാൻ നിങ്ങളെ കാണാനാണു വന്നത്.''
അയാൾ തിരിഞ്ഞു നിന്നു. മുഖം ചുവന്നു തുടുത്തു. ""എന്നെയോ? എന്തിന്? '' ""ഒരു സഹായം വേണം.'' ""എന്റെ ടെറിട്ടറിയെ ബാധിക്കാത്തതാണെങ്കിൽ.'' ""ഏതാണപ്പാ ഈ വിശേഷപ്പെട്ട ടെറിട്ടറി? '' ""എന്റെ കുഞ്ഞുങ്ങൾ. അവരെ തരുന്ന കാര്യമൊഴികെ മറ്റെന്തും സംസാരിക്കാം.'
നിസാം കുട്ടികളെ ചേർത്തുപിടിച്ചു.

""നിങ്ങൾ എനിക്കോ ഞാൻ നിങ്ങൾക്കോ തരാനോ വാങ്ങാനോ ഉള്ള ടെറിട്ടറിയാണോ നമ്മുടെ കുഞ്ഞുങ്ങൾ? ''

ഞാൻ ചോദിച്ചു.
വാപ്പി തർക്കിച്ചു തോൽക്കുന്നതു കുട്ടികൾ കാണണ്ടെന്നു വച്ചിട്ടാകാം, അലീമ അവരെ മുറിയിലേക്കു പറഞ്ഞുവിട്ടു.
"നിങ്ങൾ സംസാരിക്ക്' എന്നു പറഞ്ഞ് അലീമയും അകത്തു പോയി.
ക്ഷേ, അവൾ കഴിയുന്നതും വേഗം തിരിച്ചു വരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ഞാൻ തടഞ്ഞില്ല. ഞങ്ങൾ മാത്രമായപ്പോൾ നിസാം എനിക്ക് എതിരേയുള്ള സിംഗിൾ സോഫയിൽ ഇരുന്നു. കണ്ണടയൂരി കണ്ണു തുടച്ച് അന്ന് ആദ്യമായി അയാൾ എന്റെ കണ്ണുകളെ നേരിട്ടു. ""ഫിദ, സത്യത്തിൽ നീയെന്തിനാണ് ഇപ്പോൾ കയറി വന്നത്? എന്റെ മനസ്സമാധാനം ഇല്ലാതാക്കാനോ? ''

""നിസാമിന്റെ അറ്റിച്ചിഫോബിയ ഇപ്പോഴും മാറിയിട്ടില്ല, അല്ലേ? ''
അയാളുടെ മുഖം ചുവന്നു. അയാൾ ഒരു നിമിഷം എന്നെ ഉറ്റു നോക്കി. പിന്നീട് ദീർഘമായി നിശ്വസിച്ചു. ""സത്യം പറ. നിനക്കെന്താ വേണ്ടത്? '' ""ഇജാസിന്റെ ഗുവാഹത്തിയിലെ നമ്പർ. ''
ഞാൻ കൂസലില്ലാതെ പറഞ്ഞു. നിസാമിന്റെ ചാരക്കണ്ണുകളിൽ അസൂയയും വിദ്വേഷവും തിളങ്ങി. "" എന്റെ കയ്യിലാണോ നിന്റെ മറ്റവന്റെ നമ്പർ? '' ""നിങ്ങൾ വിചാരിച്ചാൽ അതു സംഘടിപ്പിക്കാം. '' ""ഫിദ, ദിസ് ഈസ് ടൂ മച്ച്. യൂ ആർ ടൂ ക്രുവൽ. ''
അയാൾ കോപാകുലനായി ചാടിയെഴുന്നേറ്റു. ""നിസാം, ഈ ലോകത്ത് എന്റെ ക്രൂരത സഹിക്കാൻ നിങ്ങളല്ലാതെ എനിക്ക് ആരുമില്ല. അതു നിങ്ങൾക്ക് അറിയാത്തതാണോ? ''
ചിരിച്ചു കൊണ്ടാണു ഞാൻ പറഞ്ഞതെങ്കിലും ഓർക്കാപ്പുറത്ത് എന്റെ ശബ്ദം ഇടറി. എനിക്കു കരച്ചിൽ പൊട്ടി. നിസാം പെട്ടെന്നു ശാന്തനായി. എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അയാളുടെയും കണ്ണുകൾ നിറഞ്ഞു. അയാൾ കണ്ണട സാവധാനം ഊരി കണ്ണും മൂക്കും തുടച്ചു. കണ്ണട വീണ്ടും വച്ച് എന്നെ നോക്കി. ""ശരി. അവൻ ജയിലിൽനിന്ന് ഇറങ്ങിയോ? ''""അറിഞ്ഞുകൂടാ. ''
മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു.

""നമ്മൾ പിരിഞ്ഞതിൽപ്പിന്നെ എനിക്ക് ആ കുടുംബവുമായി ബന്ധമൊന്നുമില്ല. ''
നിസാം പറഞ്ഞു. ""എന്നാലും വിചാരിച്ചാൽ അഡ്രസോ നമ്പരോ കിട്ടില്ലേ? '' ""എന്താണ് ഇപ്പോൾ അത്യാവശ്യം? '' ""ഞാൻ അയാളോടു തെറ്റു ചെയ്‌തോ എന്നൊരു സംശയം.'' ""അവൻ നിന്നോടല്ലേ തെറ്റു ചെയ്തത്? '' ""അത് ഉറപ്പു വരുത്തണം. ''

""എന്നിട്ട്? '' നിസാം പുരികം ചുളിച്ച് എന്നെ നോക്കി.
അതിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. കാരണം അതിനെ കുറിച്ചു ഞാൻ ചിന്തിച്ചിരുന്നില്ല. നിസാം വീണ്ടും ചോദ്യം ചെയ്യുന്നതിനു മുമ്പ് അലീമയും പിന്നിൽ ഭവ്യതയോടെ വെള്ളം നിറച്ച ഗ്ലാസുകൾ നിരത്തിയ ട്രേയുമായി ഒരു പയ്യനും കടന്നുവന്നു. നിസാം മുഖം ഒന്നുകൂടി അമർത്തിത്തുടച്ച് എഴുന്നേറ്റു പോയി. ഞാൻ വെള്ളം കുടിച്ചു ഗ്ലാസ് തിരികെ നൽകിയപ്പോൾ പയ്യനും അകത്തു പോയി. അലീമ എന്റെ അടുത്തു വന്നിരുന്നു. ചുറ്റിക്കെട്ടി ഇറുക്കെ പിൻ ചെയ്ത മഫ്തയ്ക്കുള്ളിൽ തെറിച്ചു നിൽക്കുന്ന അമുൽ ബേബിയുടെ കവിളുകളും കറുത്ത് ഇടതൂർന്ന പുരികങ്ങളും നുണക്കുഴികളുമുള്ള അലീമയ്ക്ക് നിസാമിന്റെ ഭാര്യാ പദവി കൈവരിച്ചശേഷവും എന്റെ മുന്നിൽ ഇരിക്കുമ്പോഴുള്ള ആത്മവിശ്വാസക്കുറവ് എന്നെ സങ്കടപ്പെടുത്തി. എന്റെ അഴിച്ചിട്ട നീളൻ മുടിയിലും സ്ലീവ് ലെസ് ഉടുപ്പിലും ജീൻസിലും കണ്ണോടിച്ചപ്പോൾ അവളുടെ മുഖത്തു പതിവുള്ള അനിഷ്ടം നിഴലിച്ചു.

""ഇങ്ങോട്ടു വന്നപ്പോഴെങ്കിലും നിനക്കു തലയിൽ ഒരു തുണിയിട്ടു കൂടേ? ''

അവൾ ശകാരസ്വരത്തിൽ ചോദിച്ചു. ""ആരെ കാണിക്കാൻ? '' ""നീ പടച്ചോനെയങ്ങു പൂർണമായും വേണ്ടെന്നു വച്ചു, അല്ലേ ഫിദ? ''
അവൾ പിണങ്ങി. ""ഞാൻ വേണ്ടെന്നു വച്ചാലും പടച്ചോൻ എന്നെ വേണ്ടെന്നു വയ്ക്കുമോ? ''
അവളുടെ മുഖം ഒരിക്കൽക്കൂടി കരുവാളിച്ചു. എങ്കിലും ചിരിക്കാൻ ഒരു ശ്രമം കൂടി ഉണ്ടായി. ""നിന്നോടു തർക്കിച്ചു ജയിക്കാൻ ആരെക്കൊണ്ടു പറ്റും? ''

അവൾ നെടുവീർപ്പിട്ടു കൊണ്ട് എഴുന്നേറ്റ് എന്നെ കുട്ടികളുടെ മുറിയിലേക്കു നയിച്ചു. അകത്തെ വിശാലമായ ഗ്രാനൈറ്റ് നിലങ്ങളിലൂടെ നടക്കുമ്പോൾ ആ "ടെറിട്ടറി' ഒരിക്കൽ എന്റേത് ആയിരുന്നു എന്നു ഞാൻ തമാശയോടെ ഓർമ്മിച്ചു. പഴയ ബംഗ്ലാവ് ഇപ്പോൾ മായാ മാളികയായി മാറിയിരുന്നു. ഏതു മുറി എവിടെയായിരുന്നു എന്നു മനസ്സിലായില്ല. വളഞ്ഞ കോണിപ്പടിയിലൂടെ അലീമ എന്നെ മുകളിലേക്കു നയിച്ചു. അഖ്‌സയ്ക്കും എലീസയ്ക്കും വെവ്വേറെ മുറികൾ ഉണ്ടെങ്കിലും അവർ തന്നെ കെട്ടിപ്പിടിച്ചേ ഉറങ്ങാറുള്ളൂ എന്ന് അലീമ അവകാശപ്പെട്ടു. എലീസ അലീമയെ ചുറ്റിപ്പിടിച്ചു നിന്നു. ""ഫിദുമ്മയുടെ അടുത്തേക്കു ചെല്ലു കുഞ്ഞീ '' എന്ന് അലീമ അവളെ നിർബന്ധിച്ചു. കുട്ടികൾ എന്നോടു കാണിക്കുന്ന സ്‌നേഹം അവളുടെ ഔദാര്യമാണ് എന്നൊരു ധ്വനി ആ ശബ്ദത്തിൽ അലയടിച്ചിരുന്നു. എലീസ മടിച്ചു മടിച്ച് എന്റെ അടുത്തേക്കു വന്നു. ഞാൻ അവളെ കെട്ടിപ്പുണർന്നു.

മഫ്തയുടെ വൃത്തത്തിനുള്ളിൽ തെളിഞ്ഞ അവളുടെ മുഖത്തുള്ളത് എന്റെ കണ്ണുകളും ചുണ്ടുകളും തന്നെയായിരുന്നു. ആ കവിളിൽ മുഖം ചേർത്തപ്പോൾ ഇജാസ് ആദ്യം ആ വീട്ടിൽ കടന്നു വന്ന ദിവസം എനിക്ക് ഓർമ്മ വന്നു. അയാൾ വരുന്നതിനു തൊട്ടു മുമ്പ് എന്റെ മാറിൽനിന്നു പാൽ കുടിച്ചിട്ട് വിരലുണ്ട് ഇരിക്കുകയായിരുന്നു എലീസ.

""ഉമ്മിയും മക്കളും സംസാരിക്ക്. ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ. ''
അലീമയുടെ വടിവൊത്ത ആകാരം കാഴ്ചയിൽനിന്നു മറഞ്ഞതും എലീസ എന്നെ ആത്മാർത്ഥമായി കെട്ടിപ്പിടിച്ചു. പതിമൂന്നു വയസ്സിന്റെ ഊതിപ്പെരുപ്പിച്ച പക്വതയോടെ നിന്ന അഖ്‌സയും ഓടിവന്നു.

""ഉമ്മിയെ പോലീസ് തല്ലി, അല്ലേ? ''
അവൾ ഇടർച്ചയോടെ ചോദിച്ചു.""എന്നുവച്ചു വേദനിച്ചൊന്നുമില്ല. ''

ഞാൻ രണ്ടുപേരെയും ഇരുവശത്തുമായി ചേർത്തുപിടിച്ച് കട്ടിലിൽ ഇരുന്നു. ""എന്നിട്ടാണോ അന്നു ചത്ത പാമ്പിനെപ്പോലെ ആശുപത്രിയിൽ കിടന്നത്?'' ""നിന്റെ സോഷ്യൽ സയൻസ് പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്നു പറ. '' ""ഒരുവിധം അഡ്ജസ്റ്റ് ചെയ്തു.''
അവൾ പറഞ്ഞു. ""സോറി. ഉമ്മിക്കു വാക്കു പാലിക്കാൻ പറ്റിയില്ല. ''
ഞാൻ വിഷമത്തോടെ അഖ്‌സയുടെ മഫ്തയ്ക്കു മുകളിലൂടെ തലയിൽ തഴുകി. അവൾക്ക് എന്റെ കണ്ണുകളും മൂക്കും ചുണ്ടും മാത്രമല്ല, ഹൃദയവും കിട്ടിയിരുന്നു. ""ഉമ്മിയുടെ ഫാൾട്ട് അല്ലല്ലോ? ''
എലീസ ആശ്വസിപ്പിച്ചു. അപ്പോൾ എനിക്കു സങ്കടം വന്നു. ""ഉമ്മി കുറച്ചു ദിവസത്തേക്ക് ഒരു യാത്ര പോകുന്നു. ''
രണ്ടു നിമിഷം കഴിഞ്ഞു ശബ്ദം വീണ്ടു കിട്ടിയപ്പോൾ ഞാൻ പറഞ്ഞു. "" എങ്ങോട്ട്? ''
എലീസയുടെ മുഖം മങ്ങി.""കസഖ്സ്ഥാനിലേക്ക്. ''""എന്തിന്? '' ""വന്നിട്ടു പറയാം. ''""അയാളെ കാണാനാണോ? ''

മൂർച്ചയുള്ള ഒരു നോട്ടത്തോടെ അഖ്‌സ ചോദിച്ചു. എലീസയുടെ കണ്ണുകളിൽ കാര്യം മനസ്സിലാകാത്ത ഭാവമായിരുന്നു ആദ്യം. പിന്നെ അവൾക്കും മനസ്സിലായെന്ന് അവളുടെ ആ കണ്ണിൽ തെളിഞ്ഞ കനൽ വിളിച്ചു പറഞ്ഞു. അവൾ എന്നെ തള്ളി മാറ്റി മുറിയുടെ ഒരറ്റത്തുള്ള അവളുടെ പഠന മേശയ്ക്കരികിൽ പോയി ഇരുന്നു. ""അയാളെ വിളിച്ചു കൊണ്ടു വരാനാണോ ഉമ്മി പോകുന്നത്? ''
അഖ്‌സ മുഖം ചുവപ്പിച്ച് ഇടറിയ തൊണ്ടയോടെ വീണ്ടും ചോദിച്ചു.""എങ്കിൽപ്പിന്നെ മേലിൽ ഞങ്ങളെ കാണാൻ വരണ്ട !''

അവളും എഴുന്നേറ്റ് മറ്റേ അറ്റത്തെ മേശയ്ക്കരികിൽ ചെന്നിരുന്നു. ഞാൻ തളർന്നു പോയി. നെഞ്ചിനുള്ളിൽ ആഴമേറിയ ഒരു നിസ്സഹായത തിക്കുമുട്ടലുണ്ടാക്കി. ഞാൻ എഴുന്നേറ്റ് അഖ്‌സയുടെ അടുത്തു ചെന്നു. അവൾ എനിക്കു പുറംതിരിഞ്ഞു കസേരയിൽ ഇരുന്നു. വലിച്ചു മുറുക്കി പിൻ ചെയ്തു വച്ച മഫ്തയ്ക്കുള്ളിലെ മുടിയുടെ മൃദുലതയിലേക്കു ഞാൻ മുഖം ചേർത്തു. എന്റെ കണ്ണുനീർത്തുള്ളികൾ ക്രീംനിറമുള്ള അവളുടെ മഫ്തയിൽ തവിട്ടു വൃത്തങ്ങൾ സൃഷ്ടിച്ചു. അവ അവളുടെ തലമുടിയിലും തലയോട്ടിയിലും അവിടെനിന്നു തലച്ചോറിലും നനവു പടർത്തിയെന്നു തോന്നുന്നു. അഖ്‌സ മുഖം ചെരിച്ച് എന്നെ നോക്കി. അപ്പോൾ എന്റെ ഹൃദയം പൊട്ടി. അവൾ ടീനേജിലേക്കു പ്രവേശിച്ചിട്ടേയുളളൂ എന്ന കാര്യം മറന്നു ഞാൻ അവളുടെ ചുമലിൽ മുഖമണച്ചു കുറേക്കാലമായി അടക്കിവച്ചിരുന്നതൊക്കെ കരഞ്ഞു തീർക്കാൻ തുടങ്ങി. അവളുടെ നെഞ്ചിൻകൂട് കടൽപോലെ അലയടിച്ചു. പിന്നീട് അവൾ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി. എന്റെ ശിരസ്സ് സ്വന്തം മാറിൽ ചേർത്തു മുടിക്കുള്ളിലൂടെ വിരൽ കടത്തി തഴുകി. അവൾ എന്റെ ഉമ്മിച്ച ആയതുപോലെ തോന്നി. ഞാൻ അവൾക്ക് ഒരുപാടു വേദന കൊടുത്തിട്ടുണ്ടെങ്കിലും എന്റെ കണ്ണീരിൽ അവളുടെ ഹൃദയം ഉരുകുന്നത് എന്നെ കൂടുതൽ കരയിപ്പിച്ചു. നിസാമിന് അവരെ കൈമാറിയപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കിയത് എന്നെ എന്നും കരയിപ്പിച്ചിരുന്നു. അപ്പോൾ എന്റെ ചുമലിൽ എലീസയുടെ മുഖം അമരുന്നതും ഞാൻ അറിഞ്ഞു.

""കരയണ്ട..ഉമ്മി പൊയ്‌ക്കോ. ''
എലീസ എന്റെ മുഖം പിടിച്ചുയർത്തി. എന്റെ പെൺമക്കൾ അവരുടെ ഇളം കൈകൾ കൊണ്ട് എന്റെ കണ്ണുനീർ തുടച്ചു തന്നു.""പക്ഷേ, സൂക്ഷിച്ചു പോകണം.''
അഖ്‌സയുടെ ശബ്ദത്തിൽ ഉൽക്കണ്ഠ നിറഞ്ഞു. ഞാൻ ചുണ്ടു കടിച്ചു കരച്ചിൽ അടക്കാൻ ശ്രമിച്ചു. കണ്ണുനീരിന്റെ മറയ്ക്കുള്ളിലൂടെ നോക്കുമ്പോൾ ഞങ്ങൾ മൂവരും കടലിനടിയിലെ ഒരു മായക്കൊട്ടാരത്തിൽ ആയിരുന്നു. അലീമ വിളിക്കുന്നതു കേട്ടപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു. മുഖം കഴുകി വന്നു കുഞ്ഞുങ്ങളെ നോക്കി. ""പോകുന്നതിനു മുമ്പ് ഉമ്മി നിങ്ങൾക്ക് എന്തെങ്കിലും ചെയ്തു തരേണ്ടതുണ്ടോ? ''
എന്റെ ശബ്ദം ഇടറിയിരുന്നു. എലീസ എന്റെ നെഞ്ചത്തേക്കു ചാഞ്ഞു. അഖ്‌സ എന്റെ മുടിയിഴകൾ അരുമയായി ഒതുക്കി. ""ഉമ്മി അവിടെയും പോയി പോലീസിന്റെ തല്ലു വാങ്ങി ആശുപത്രിയിലാകാതിരുന്നാൽ മതി. ഞങ്ങൾക്കു വന്നു കാണാൻ പോലും പറ്റില്ല. ''""നിങ്ങൾ എന്നെ കാണാൻ വന്നതൊന്നും എനിക്ക് ഓർമയില്ല. '' ""പക്ഷേ, ഉമ്മി ഒരുപാടു കഥയൊക്കെ പറഞ്ഞല്ലോ? '' ""സെഡേഷനിലായിരിക്കും. '' ‘‘എന്നാലും നല്ല രസമുള്ള കഥകളായിരുന്നു. '' ""ഫോർ എക്‌സാംപിൾ? '' ""ഉമ്മിയുടെ ഒരു ക്രഷിന്റെ കഥ പറഞ്ഞു. ഏഴാം ക്ലാസിലെ. '' ""ഒരെണ്ണമേ പറഞ്ഞുള്ളോ? '' ""അതുതന്നെ മുഴുവൻ കേട്ടില്ല. അലൂമ്മ പിടിച്ചു വലിച്ചു കൊണ്ടുപോന്നു.'' ""ഞാൻ പോയിട്ടു വരട്ടെ. ഒന്നല്ല, പത്തു ക്രഷിന്റെ കഥ തരാം. ''
ഞാൻ അവരെ കെട്ടിപ്പിടിച്ചു. അവർ എന്നെയും. അപ്പോഴേക്ക് അലീമയുടെ "അക്കൂ' എന്ന വിളി മുഴങ്ങി. ഞാൻ ബാഗിനുള്ളിൽനിന്ന് അവർക്കു വേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ പുറത്തെടുത്തു. "വീ ഷുഡ് ആൾ ബി ഫെമിനിസ്റ്റ്‌സ്' ആയിരുന്നു ഒരു പുസ്തകം. മറ്റേതു ജഹനാര എന്ന മുഗൾ രാജകുമാരിയുടെ ആത്മകഥയും. ""പോണ്ടാ ഉമ്മീ. ഇവിടെ താമസിക്ക്. ''
എലീസ ചിണുങ്ങി. ""നമ്മൾ അതു നേരത്തെ തീരുമാനിച്ചതല്ലേ? നിങ്ങൾക്കു പതിനെട്ടു കഴിയുമ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം. ''""ഉമ്മിയും ഞങ്ങളും മാത്രം? ''
അഖ്‌സ അസൂയയോടെ ഒന്നു കൂടി പറഞ്ഞുറപ്പിച്ചു. ""മാത്രം. ''""അതോ ഉമ്മീടെ ബോയ് ഫ്രണ്ട്‌സിനെയും വിളിച്ചു കൊണ്ടു വരുമോ?'' ""ഒരിക്കലുമില്ല. പക്ഷേ, ഞാൻ വൺസ് ഇൻ എ വൈൽ അവരുടെ വീട്ടിലേക്കു പോകും. ''
ഞാൻ ചിരിച്ചു. അവരും ചിരിച്ചു. ""യൂ ആർ സോ കൂൾ ഉമ്മി. ''
അലീസ എന്നെ ഉമ്മ വച്ചു. ഞങ്ങൾ മൂവരും ചിരിച്ചു കൊണ്ടാണു പടിയിറങ്ങി വന്നത്. ആ ചിരി കണ്ടപ്പോൾ അലീമയുടെ മുഖം മങ്ങി. ""എന്താണ് ഉമ്മയും മക്കളും കൂടി ചിരിയും കളിയും? '' ""ഓ, എത്ര ചിരിച്ചിട്ടെന്ത്? നീയല്ലേ അവരുടെ യഥാർഥ ഉമ്മ? ''

അലീമയുടെ മുഖത്ത് ഒരാശ്വാസമുണ്ടായി.
വലിയ ഡൈനിങ് ടേബിളിൽ അവൾ വിഭവങ്ങൾ നിരത്തിയിരുന്നു.
ഞാൻ ചായയും ഒന്നു രണ്ടു സ്‌നാക്‌സും മാത്രം കഴിച്ചു. ഒരുകാലത്ത് അവിടുത്തെ ഗൃഹനായിക ഞാനായിരുന്നു എന്നതും അതിഥികൾക്കു വേണ്ടി അതുപോലെ മേശപ്പുറം ഒരുക്കാൻ വിധിക്കപ്പെട്ടവളായിരുന്നു എന്നതും ഒരു യക്ഷിക്കഥ പോലെ തോന്നി. നിസാം സ്വീകരണമുറിയിലേക്കു പോകുന്നതു കണ്ടു ഞാൻ തിടുക്കത്തിൽ ചായ കുടിച്ചു തീർത്തു പിന്തുടർന്നു. നിസാം ഒരു മഞ്ഞക്കടലാസ് എനിക്കു നീട്ടി.

""ഗുവാഹത്തി അഡ്രസ്. അവന്റെ പെങ്ങൾ ഇഷയുടെ ഫോൺ നമ്പറും ഉണ്ട്. ഞാൻ വിളിച്ചു നോക്കി വെരിഫൈ ചെയ്തു. ''""നിസാം, യൂ ആർ സോ സ്വീറ്റ്. ''
ബന്ധം പിരിഞ്ഞ ഭർത്താവിനെ അന്യപുരുഷനായി മാത്രമേ കാണാവൂ എന്നതിനാൽ ഞാൻ എത്തി അയാളുടെ കവിളിൽ ഒന്നുമ്മ വച്ചു. നിസാമിന്റെ മുഖം കൂടുതൽ ചുവന്നു.

""യൂ ആർ നോട്ടി. ''
നിസാം എന്റെ ചുമലിൽ ഒന്നു തട്ടി. ""ഇഷ കൂടുതൽ എന്തെങ്കിലും പറഞ്ഞോ? ''
ഞാൻ ചോദിച്ചു. ""അവനെ കുറിച്ചു വിവരമൊന്നുമില്ല. ''
നിസാമിന്റെ ശബ്ദത്തിൽ കാലുഷ്യം കലർന്നു. അതിനിടെ അലീമയും കുട്ടികളും അവിടേക്കു വന്നു. ഞാൻ കുട്ടികളെ ഒരിക്കൽക്കൂടി ഉമ്മ വച്ചു. അതു കഴിഞ്ഞ് ആ വാർത്ത ഔദ്യോഗികമായി അറിയിച്ചു : ""നിസാം, ഞാൻ നാലാം തീയതി കസഖ്സ്ഥാനിലേക്കു പോകുന്നു.'' നിസാം വീണ്ടും ബേജാറായി. ""ഫിദ, നോ! അത് അപകടമാണ്. '' ""അതെ. അതുകൊണ്ട്, ഇടയ്‌ക്കൊക്കെ ഒന്നന്വേഷിച്ചേക്കണേ. '' ""ഞാനോ? '' ""വേറെ ആരുണ്ട്, എന്നെ അന്വേഷിക്കാൻ? ''

നിസാം പരവശനായി. കുട്ടികൾ അതിലേറെ വിവശരായി. അലീമയുടെ മുഖം രക്തം ഇപ്പോൾ ഇറ്റു വീഴും എന്നതുപോലെ ചുവന്നു. യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ എന്റെ ഹൃദയം കാലപ്പഴക്കത്താൽ തുരുമ്പെടുക്കുകയും ദ്രവിക്കുകയും ചെയ്തതായി തോന്നി. ഞാൻ മടങ്ങി വന്നില്ലെങ്കിലോ കുഞ്ഞുങ്ങളെ വീണ്ടും കണ്ടില്ലെങ്കിലോ എന്നൊക്കെ ഉൽക്കണ്ഠ ഉണ്ടായി. പിന്നിൽ ഗേറ്റ് അടയുകയും പഴയ ദില്ലിയിലെ ആ ഹൗസിങ് കോളനി റോഡിൽ ഞാൻ ഒറ്റപ്പെടുകയും ചെയ്ത നിമിഷം തീവ്രമായ "ഓട്ടോഫോബിയ' എന്നെ ആവേശിച്ചു. എനിക്ക് ആ വീടിനോട്, അതിനുള്ളിൽ ഉണ്ടായിരുന്നവരോട്- പ്രത്യേകിച്ചും നിസാമിനോട്​- ഭ്രാന്തമായ സ്‌നേഹം അനുഭവപ്പെട്ടു.

റോഡിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ ഞാൻ ആ വലിയ വീട്ടിലേക്ക് ഒന്നു കൂടി നോക്കി.
പ്രതീക്ഷിച്ചതുപോലെ ആദ്യത്തെ ബാൽക്കണിയിൽ നിസാം നിൽക്കുന്നുണ്ടായിരുന്നു. പിന്നിൽ കൈകൾ കെട്ടി എന്നെയല്ല നോക്കുന്നത് എന്ന മട്ടിലുള്ള അയാളുടെ നിൽപ്പു കണ്ട് എന്റെ ഹൃദയം ഉരുകി. അവിടെ അയാൾ നിൽക്കുന്നതറിയാതെ ഇപ്പുറത്തെ ബാൽക്കണിയിൽനിന്നു കുട്ടികൾ എനിക്കു ഫ്‌ലയിങ് കിസ് തന്നു. അവർ തന്നതു ഞാൻ നിസാമിനും കൊടുത്തു. നിസാം ഒന്നു വിങ്ങിയതുപോലെ തോന്നി. കണ്ണടയൂരി കണ്ണു തുടയ്ക്കുന്നതു കണ്ടു. അയാൾ കരയുകയായിരുന്നോ എന്ന് അത്രയും ദൂരെ നിന്നു വ്യക്തമായിരുന്നില്ല. അതുകൊണ്ടു ഞാൻ കരഞ്ഞത് അയാൾക്കും വ്യക്തമായിക്കാണുകയില്ല. അയാളുടെ "ടെറിട്ടറി' അത്രയേറെ വിശാലമായിരുന്നു.

"ടെറിട്ടറി' എന്ന് അയാൾ പറഞ്ഞതു കൊണ്ടാണ് - തിരികെ ഡ്രൈവ് ചെയ്യുമ്പോൾ റങ്കേ എന്ന ചൈനീസ് യക്ഷിക്കഥ പിന്നെയും ഓർമ വന്നു.
ആ കഥയിലെ വാങ് ചി കണ്ടു കൊണ്ടു നിന്ന ഗോ കളിയുടെ ചൈനീസ് പേരു വയ്കി എന്നായിരുന്നു. വളഞ്ഞു പിടിക്കുക എന്നായിരുന്നു ആ വാക്കിന്റെ അർത്ഥം. നെടുകെയും കുറുകെയും പതിമൂന്നോ പതിനേഴോ പത്തൊമ്പതോ കള്ളികളുള്ള ഒരു പലകയിൽ കറുപ്പും വെളുപ്പും കല്ലുകൾ ഉപയോഗിച്ച് എതിരാളിയുടെ പരമാവധി "ടെറിട്ടറി' വളഞ്ഞു പിടിക്കുന്നതായിരുന്നു കളി. ഓരോ കല്ലിനും നീങ്ങാൻ സ്വാതന്ത്ര്യമുള്ള ഇടത്തിന് "ലിബേർട്ടി' എന്നായിരുന്നു പേര്.
ഓർത്തപ്പോൾ എനിക്കു കുളിരു കോരി. രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പ്, വെള്ളയും കറുപ്പും കരുക്കൾ കൊണ്ട് ടെറിട്ടറി വളഞ്ഞു പിടിക്കുന്ന ആ കളി തന്നെ കണ്ടുകൊണ്ട് വാങ് ചി ഉറക്കത്തിലേക്ക് ആണ്ടുപോയത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. അപാരമായി പേടിപ്പിക്കുകയും ചെയ്തു. രാജ്യം നഷ്ടപ്പെടുമോ എന്ന പേടിക്കുള്ള വാക്ക് എനിക്ക് അറിയുമായിരുന്നില്ല. അങ്ങനെ ഒരു വാക്ക് നിലവിൽ വന്നിരുന്നില്ല. ▮

(തുടരും)


കെ. ആർ. മീര

കഥാകൃത്ത്, നോവലിസ്റ്റ്.ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, ആരാച്ചാർ, ഘാതകൻ, ഖബർ തുടങ്ങിയവ പ്രധാന കൃതികൾ

Comments