ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

ആകാശത്തു നിന്നും വന്ന മനുഷ്യർ

തൈമയും കൊളംബസും -2

രണ്ട്

കൊളംബസ് തന്റെ ദൂരദർശിനിക്കുഴലിലൂടെയും പിന്നെ നേരിട്ടും കടൽക്കരയിൽ തടിച്ചു കൂടിയ മനുഷ്യരെ നോക്കി.
മുപ്പത് വയസ്സിൽ കൂടുതൽ മതിക്കാത്തവർ.
ആരോഗ്യമുളളവർ.
നീണ്ട മുടിയും, ഇരു നിറത്തിലുളള തൊലിയും വലിയ കണ്ണുകളുമുളള സുന്ദരർ. ചുകപ്പും കറുപ്പും വെളളയും തേച്ച മുഖങ്ങൾ.
അരക്കു തൊട്ടു താഴെ നാണം മറയ്ക്കാനുളള ഒരു കഷ്ണം പരുത്തിത്തുണി ഒഴിച്ചാൽ പൂർണ നഗ്നർ.
കുതിര വാലു പോലെ നീണ്ട മുടി അവർക്ക് എന്തോ ഒരു വശ്യത തരുന്നുണ്ടെന്ന് തോന്നി.
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ടുളള കുന്തങ്ങളല്ലാതെ അവരുടെ കൈയിൽ ആയുധങ്ങളും കാണുന്നില്ല.
കൊളംബസ് ചെറിയ ബോട്ടുകൾ കപ്പലിൽ നിന്നിറക്കാൻ ആജ്ഞ കൊടുത്തു.
കടപ്പുറത്തിറങ്ങി കൊളംബസ് ദ്വീപിനെ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു. അടുത്തടുത്തായി മാല കോർത്തതു പോലെ കിടക്കുന്ന അസംഖ്യം ദ്വീപുകളുടെ കൂട്ടം. ഇതുവരെ കണ്ടിട്ടില്ലാത്ത മരങ്ങളും ചെടികളും. പ്രകൃതി വിഭവങ്ങളുടെ അമൂല്യ ഖനിയാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. ഒക്കെ തിട്ടപ്പെടുത്താൻ തന്നെ ദിവസങ്ങൾ എടുക്കും.

ദ്വീപ് വാസികളിൽ ചിലർ മടിച്ച് മടിച്ച് നാവികരുടെ അടുത്തേക്കു വന്നു. അവരുടെ മുഖത്ത് ഭയമുണ്ടായിരുന്നു. കൊളംബസ് അവരെ നോക്കി ചിരിക്കുകയും ശത്രുക്കളല്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തപ്പോൾ നാവികരുടെ മുഖത്തും കുപ്പായത്തിലും ആയുധങ്ങളിലും തൊട്ടു നോക്കിക്കൊണ്ട് അവർ ചുറ്റും നടന്നു.
പിന്നെ, തമ്മിൽ തമ്മിൽ അവരുടെ ഭാഷയിൽ സംസാരിച്ചു:
ഇവർ എന്തു ഭാഷയാണ് സംസാരിക്കുന്നത്? ""ഹീബ്രുവും അറബിയും സംസാരിക്കൂ.'' കൊളംബസ് ബാഷോവിന്, തന്റെ ദ്വിഭാഷിക്ക്, നിർദ്ദേശം കൊടുത്തു.
ബാഷോ മുന്നോട്ട് നീങ്ങി നിന്ന് ദ്വീപുകാരോട് സംസാരിച്ചു.
ഇടക്ക് ചില വാക്കുകൾ ദ്വീപുകാർക്ക് മനസ്സിലായെന്നു തോന്നുന്നു. അവരിൽ ഒരാൾ ചിരിക്കുകയും സന്തോഷം പ്രകടിപ്പിക്കുന്ന ചേഷ്ടകൾ കാണിക്കുകയും ചെയ്തു. "" "വന്നിരിക്കുന്നത് മനുഷ്യർ തന്നെയാണ്' എന്നാണ് അവർ പറയുന്നത്.'' ബാഷോ കൊളംബസിന് വിശദീകരിച്ചു കൊടുത്തു.
അവരുടെ കൈവശമുളള കുന്തങ്ങൾ കൊളംബസ് ഒരിക്കൽ കൂടി പരിശോധിച്ചു. എല്ലാം മരം കൊണ്ടുണ്ടാക്കിയവ. ചില കുന്തങ്ങളുടെ അടിയിൽ മീൻപല്ലു കെട്ടിയിട്ടുണ്ട്. ഇരുമ്പിന്റെ പൊടി പൊലുമില്ലാത്ത ആയുധങ്ങൾ.
പ്രാർത്ഥനക്കു ശേഷം കൊളംബസ് കുരിശിന്റെ ചിത്രം പതിച്ച, വലിയ പതാക ദീപിലെ വെളുത്ത മണലിൽ കുത്തി നിർത്തി. ""ഇനി മുതൽ ഈ ദ്വീപും ഇതിലെ സ്ഥാവര ജംഗമ വസ്തുക്കളും ജീവജാലങ്ങളും മനുഷ്യരും എല്ലാം സ്പാനിഷ് സാമ്രാജ്യത്തിന്റേതാണ്. '' കൊളംബസ് പ്രഖ്യാപിച്ചു.
അവർ ഇതു വരെ കണ്ടിട്ടില്ലാത്ത, ഏതോ പക്ഷിച്ചിറകു പോലെ കാറ്റിൽ പാറിക്കളിക്കുന്ന സ്പെയിനിന്റെ വർണ പതാക ദ്വീപുവാസികൾ കൗതുകത്തോടെ നോക്കി നിന്നു.

കുന്തങ്ങൾ പരിശോധിക്കാൻ അനുമതി തന്നതിനു നന്ദി സൂചകമായി കൊളംബസ് തന്റെ ഉടവാൾ ദ്വീപുകാരെ കാണിച്ചു.
തീർച്ചയായും അത്തരമൊരു വാൾ അതിനു മുൻപ് അവർ കണ്ടിട്ടില്ലായിരുന്നു. അതിലൊരുത്തൻ മുന്നോട്ട് വന്ന് വാൾ കടന്നു പിടിച്ചു.
പിടിയിൽ കൈ മുറുക്കുന്നതിനു പകരം മൂർച്ചയുളള മറു തലക്കാണ് അയാൾ കൈ ചേർത്തത്. ചോര മണലിനെ നനച്ചു കൊണ്ട് ചിതറി. കൊളംബസ് വാൾ എങ്ങിനെയാണ് പിടിക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തപ്പോൾ അയാൾ ചോരയിറ്റുന്ന കൈ കുടഞ്ഞ് തല കുലുക്കിക്കൊണ്ട് ചിരിച്ചു. ""ഈ വടുക്കൾ? പാടുകൾ?'', ദ്വീപു വാസികളിൽ ഒരാളുടെ നെഞ്ചത്തെ മുറിവുകൾ കണ്ട് കൊളംബസ് ആരാഞ്ഞു. ""മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ?''
അവരുടെ മുഖം ഭീതി കൊണ്ട് ഇരുണ്ടു. അവർ മുറിവാക്കുകളും ആംഗ്യങ്ങളും കൊണ്ട് ബാഷോവിനോട് സംസാരിച്ചു.

""അയൽ ദ്വീപിൽ നിന്നുളള ആക്രമണമാണ് അഡ്മിറൽ. ഒരേ സമയം മനുഷ്യരും മൃഗങ്ങളുമാണത്രേ ആ ശത്രുക്കൾ.'' ബാഷോ പറഞ്ഞു.
ഇരുമ്പു പോലും കൈയിലില്ലാത്ത പേടിത്തൊണ്ടന്മാർ. ആരോഗ്യമുളള എന്നാൽ ആയുധങ്ങളില്ലാത്ത, ഈ മനുഷ്യരെ സ്പാനിഷ് അടിമകളാക്കി മാറ്റാൻ എളുപ്പത്തിൽ കഴിയുമെന്ന് ദ്വീപിൽ ചെലവഴിച്ച ആദ്യ മണിക്കൂറിൽ തന്നെ കൊളംബസിനു ബോധ്യമായി.

ബാഷോ അല്പം മാറി നിന്നിരുന്ന പെണ്ണുങ്ങളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അവർ നിലവിളിയോടെ ദ്വീപിനുള്ളിലേക്ക് ഓടി മറഞ്ഞു. ""ചാവുന്നതിനു മുൻപ് ഒരു പെണ്ണിനെ കാണാനാവുമെന്ന് എനിക്ക് പ്രതീക്ഷയില്ലായിരുന്നു! ഇവിടെ കൊളളാവുന്ന കുറേയെണ്ണമുണ്ട്. ഒന്നിനും തുണി പോലുമില്ല.'' അയാൾ തിരിച്ച് വന്ന് ചിരിച്ചു കൊണ്ട് തന്റെ കൂട്ടുകാരനോട് പറഞ്ഞു.

കൊളംബസ് മുട്ടു കുത്തി നിന്ന് ആകാശത്തേക്ക് കൈയുയർത്തി. ദൈവത്തിനു സ്തുതി.
മാസങ്ങളോളം ദിക്കറിയാതെ ചുറ്റും ആർത്തിരമ്പുന്ന കടൽ മാത്രം സാക്ഷിയായി, മരണത്തിനും, രോഗത്തിനും, കടൽച്ചൊരുക്കിനും മധ്യേ തന്റെ എല്ലാ നാവികരേയും സുരക്ഷിതമായി കരക്കടുപ്പിക്കാൻ കഴിഞ്ഞതിന്.
സ്പെയിനിന്റെ കീരീടധാരികളുടെ ഈ എളിയ സേവകന് രാജാവിനും രാജ്ഞിക്കും കാഴ്ച വെക്കാൻ പ്രകൃതിധന്യമായ ഈ ദ്വീപും അതിലെ നിവാസികളേയും കാണിച്ചു തന്ന കാരുണ്യത്തിന്.
കൊളംബസ് തല താഴ്ത്തി മണലിൽ ചുണ്ടുകൾ ചേർത്തു. ""നമ്മുടെ ദൈവത്തിന്റെ നാമത്തിൽ, സ്പാനിഷ് കിരീടധാരികളുടെ നാമത്തിൽ ഈ ദ്വീപിനെ ഞാൻ "സാൻ സാൽവദോർ'* എന്നു വിളിക്കുന്നു.'' കൊളംബസ് പ്രഖ്യാപിച്ചു.
നാവികരിൽ ഒരാൾ പോക്കറ്റിൽ നിന്ന് ചുകപ്പു നിറത്തിലുളള കുപ്പികളുടെ മൂടികളും, ചില്ലു കഷ്ണങ്ങളും എടുത്ത് ദ്വീപുകാരിൽ ചിലർക്ക് കൊടുത്തു. അവരുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ചിലർ അത് മൂക്കിലണിയുകയും തുളളിച്ചാടുകയും ചെയ്തു. പ്രചോദനം ഉൾക്കൊണ്ട് മറ്റ് നാവികരും സഞ്ചികളിൽ നിന്ന് ചില്ലു പൊട്ടുകളും, പല നിറത്തിലുളള മൂടികളും പുറത്തെടുത്തു. അല്പം നേരം കൊണ്ട് ഒരു വലിയ കുടുംബ യോഗം പോലെ ദ്വീപ് മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞു. ദ്വീപുവാസികൾ ആഹ്ലാദത്തോടെ തങ്ങളുടെ പുതിയ അതിഥികളെ വരവേൽക്കാൻ തുടങ്ങി.
​*വിശുദ്ധനായ രക്ഷകൻ

""മാനത്തു നിന്നും വന്ന മനുഷ്യരുടെ ദേഹത്തിട്ടിരിക്കുന്ന തുണികൾ കാണണം. അവർ തലയിൽ മാത്രമല്ല മുഖത്തും മുടി വളർത്തിയിട്ടുണ്ട്.'' ഞാൻ മൂപ്പനോട് പറഞ്ഞു.""അവരുടെ ആയുധങ്ങളോ?'' മൂപ്പൻ ചോദിച്ചു. ""നമ്മുടെ കുന്തങ്ങൾ പോലെയല്ല. വേറെന്തോ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയതാണ്. പിന്നെ, കുന്തങ്ങൾ പോലെ അതിന്റെ മുകളിലെ അറ്റത്തല്ല പിടിക്കണ്ടത്. താഴത്തെ അറ്റത്താണ്. '' തൈനോകളിൽ ഒരുത്തൻ അതിൽ കയറി പിടിച്ച് കൈ മുറിച്ച കാഴ്ച ഓർത്തപ്പോൾ എനിക്ക് ചിരി വന്നു. ""ഉം. അപരിചിത ലോഹങ്ങൾ. കടൽ കടന്നുളള വരവ്!'' മൂപ്പൻ തന്നോട് തന്നെയെന്നോണം പറഞ്ഞു.
മൂപ്പന് ഇത്ര ആശങ്ക തോന്നാൻ എന്താണുളളത് എന്ന് എനിക്ക് മനസ്സിലായില്ല. ദ്വീപിലെ പുതിയ അതിഥികൾ വളരെ നല്ല മനുഷ്യരാണെന്നാണ് എനിക്ക് തോന്നിയത്. ഒന്നുമില്ലെങ്കിലും ആ നരഭോജി കാരിബുകളെ പോലെ ഉപദ്രവിച്ചൊന്നുമില്ലല്ലോ. സമ്മാനങ്ങളും കിട്ടി പലർക്കും.
ഞാൻ എന്റെ കൈയിലെ നിറമുളള ചില്ലു കഷ്ണം തിരിച്ചും മറിച്ചും നോക്കി. കടലിനപ്പുറത്തെ നാടുകളിൽ എന്തൊക്കെ തരം സാധനങ്ങൾ ആണ് ഉണ്ടാവുക? അവിടുത്തെ മനുഷ്യരൊക്കെ എന്തു തരക്കാരായിരിക്കും? ഞാൻ വെയിലിനു നേരെ ആ ചില്ലു കഷ്ണം പിടിച്ചപ്പോൾ വെളിച്ചത്തിന്റെ ഒരു കൂർത്ത ചീള് മൂപ്പന്റെ മേൽ പതിച്ചു. മൂപ്പൻ അസഹ്യതയോടെ എന്നെ നോക്കി. ഞാൻ വേഗം ചില്ലു കഷ്ണം പാത്രത്തിനടിയിൽ ഒളിപ്പിച്ചു വച്ചു. ബാക്കിയുളള കിഴങ്ങുകളുടെ തൊലി കളയാൻ തുടങ്ങി.

ചീറയും മറ്റ് സ്ത്രീകളും ഇതുവരെ എത്തിയിട്ടില്ല. ഇനി അവരും മാനത്തു നിന്നും വന്നവരെ കാണാൻ കടപ്പുറത്തേക്ക് പോയോ? ""ഈ അതിഥികൾ നമ്മുടെ ദ്വീപിൽ തന്നെ സ്ഥിരമായി താമസിക്ക്വോ മൂപ്പാ?''
മൂപ്പൻ എന്റെ ചോദ്യം അവഗണിച്ചു.
എങ്ങിനെയായിരിക്കും ഈ കൂറ്റൻ പക്ഷികളുമായി അവർ ആകാശത്തു നിന്നും വന്നിട്ടുണ്ടാകുക? ആകാശത്തിലെ കടലിൽ കൂരിയും അയിലയും, വേളൂരിയുമൊക്കെയുണ്ടോ ആവോ?
കിട്ടിയ ചില്ലു കഷ്ണങ്ങൾക്കു പകരമായി അതിഥികൾക്ക് സമ്മാനമായി എന്തു തിരിച്ചു കൊടുക്കും? ചോളം കൊണ്ടുണ്ടാകിയ അപ്പം? ചുട്ട മരച്ചീനിക്കിഴങ്ങിൽ മീനെണ്ണ പുരട്ടി താളിച്ചത്?

""അജ്ഞാത മനുഷ്യർ. അപരിചിത ലോഹങ്ങൾ.'' മൂപ്പൻ വീണ്ടും പറഞ്ഞു. ""മൂപ്പാ, കടപ്പുറത്ത് പോയി മാനത്തു നിന്നും വന്നവരെ കാണുന്നില്ലേ?'' മൂപ്പൻ അതിഥികളെ സന്ദർശിച്ചാൽ എല്ലാ സംശയങ്ങളും തീരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ""കാണണം. വൈകിച്ചിട്ട് കാര്യമില്ല,'' മൂപ്പൻ പറഞ്ഞു. ""അതിഥികളെ സ്വീകരിച്ച് കൊണ്ടു വരിക എന്നതാണ് മര്യാദ. അവർ വരുന്നത് എന്ത് ഉദ്ദേശത്തോടെ ആയാലും.''
മൂപ്പൻ എഴുന്നേറ്റ് മൊന്തയിലെ വെളളം കുടിച്ചു. മീൻ പല്ലു കെട്ടിയ വടിയെടുത്ത് കുടിലിൽ നിന്ന് പുറത്തേക്കിറങ്ങി. നീണ്ട കാലുകൾ നീട്ടി വേഗത്തിൽ നടന്നു പോകുന്ന മൂപ്പനെ കണ്ടപ്പോൾ മാനത്തു നിന്നും വന്നവർക്കു വേണ്ടി എന്തെങ്കിലും കൈയിൽ കരുതാൻ പറയാമായിരുന്നു എന്ന് എനിക്ക് തോന്നി.

മൂപ്പൻ കാഴ്ച്ചയിൽ നിന്നു മറഞ്ഞപ്പോൾ ഞാൻ കൂട്ടിൽ നിന്ന് കാരിയെ എടുത്ത് അതിന്റെ തൂവലുകളിൽ പതുക്കെ തലോടി. പിന്നെ അതിന്റെ മിടിക്കുന്ന മേനിയിൽ ചുണ്ടു ചേർത്തു. എന്താണ് ഇത്ര സ്നേഹം എന്ന് കാരി അതിന്റെ ഭാഷയിൽ എന്നോട് തിരിച്ചു ചോദിച്ചു.

ഞാൻ കാരിയേയും മടിയിലിരുത്തി കുടിലിന്റെ മുറ്റത്തിരുന്നു. ആകാശത്ത് ദ്വീപിന്റെ സംരക്ഷകരെ പോലെ ഒന്നു രണ്ടു പരുന്തുകൾ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. മാനത്ത് നിന്നും വന്ന മനുഷ്യരുടെ കാര്യങ്ങളൊക്കെ അവയ്ക്കും മനസ്സിലായെന്ന് തോന്നുന്നു. ഞാൻ പാരിയുടെ തലയിലും മിടിക്കുന്ന തൂവൽപ്പടർപ്പിലും പതുക്കെ തലോടിക്കൊണ്ടിരുന്നു. എന്റെ ഹൃദയവും മറ്റൊരു ഓർമയുടെ സുഖത്തിൽ കുറുകി...

കുറച്ച് മാസങ്ങൾക്കു മുൻപ്, തെക്കു കിഴക്കേ ദ്വീപിന്റെ തെക്കു കിഴക്കേ അതിരിൽ പെട്ടെന്ന് കൂട്ടയിലാക്കാവുന്ന മനഞ്ഞിലുകളെ നോക്കി നിൽക്കുമ്പോഴാണ് അയാൾ ആ വഴി വന്നത്. മറ്റേതോ ദ്വീപിൽ നിന്നുളള ഒരു സുന്ദരൻ. അയാളുടെ വിശാലമായ നെറ്റിയിലും കവിളിലും നെഞ്ചിലുമൊക്കെ വെളുത്ത ചായം തേച്ചിരുന്നു. അയാളുടെ കഴുത്തിലെ ശംഖ് മാലയുടെ കിലുക്കം ഇപ്പോഴും കേൾക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഒറ്റ മരം കൊണ്ടുണ്ടാക്കിയ തോണി അനായാസമായി തുഴഞ്ഞ് ഒരു കാറ്റു പോലെയാണ് അയാൾ വന്നത്. അയാൾ ചിരിച്ചു കൊണ്ട് എന്നെ അടിമുടി നോക്കിയത് ഓർത്തപ്പോൾ എന്റെ മുലക്കണ്ണുകൾ ഞെട്ടി.

അന്ന് കരയ്കെത്തിയതും അയാൾ നേരെ ഞാൻ നിൽക്കുന്നിടത്തെത്തി. എന്റെ മുഖം കണ്ടപ്പോഴേ അയാൾ മനസ്സ് വായിച്ചിരിക്കണം. അരക്കെട്ടിനു കീഴെ ചിപ്പികൊണ്ടലങ്കരിച്ച അയാളുടെ അവയവം. തൊട്ടടുത്ത് വന്ന് നിന്ന് അയാൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. അയാൾ ഇടം കഴുത്തിലെ കാക്കപ്പുളളിയിൽ ഉമ്മ വെച്ചപ്പോൾ എന്റെ കണ്ണുകൾ കൂമ്പി. പിന്നെ ഒട്ടും മടിച്ചില്ല. നേരെ എന്നെ എടുത്ത് ചുമലിലിട്ടു. തോട്ടിന്റെ കരയിലൂടെ മുകളിലേക്ക് നടന്നു. അയാളുടെ മുതുകിൽ ഞാൻ നഖം കൊണ്ട് പോറിയപ്പോൾ അയാളുടെ പിടി മുറുകി.

അരക്കു കീഴോട്ട് വെളളത്തിലും ബാക്കി കരയിലുമായി എന്നെ കിടത്തിയ ശേഷം വലിയൊരു സ്രാവിനെ പോലെ അയാൾ വെളളത്തിലൂടെ ഊളിയിട്ടു വന്ന് എന്നോട് ചേർന്നു. വെളളം ഉലയുകയും ചെറുമീനുകൾ കൂട്ടത്തോടെ നീന്തി മാറുകയും ചെയ്തു. മുളങ്കൂട്ടങ്ങളിൽ കാറ്റ് സംഗീതം ഉണ്ടാക്കി. അയാൾ വെളളത്തിൽ നിന്നും ഉയർന്നു വന്ന് എന്റെ മുലക്കണ്ണിൽ കടിച്ചപ്പോൾ ഞാൻ അയാളുടെ അരക്കെട്ടിൽ കാലുകൾ പിണച്ച് അയാളുടെ ചെവിയിൽ തിരിച്ചു കടിച്ചു. അതോടെ അയാളുടെ ചലനങ്ങൾക്ക് ശക്തി കൂടി. ഞാൻ ഒരു കൈ കൊണ്ട് വെളളത്തിലേക്ക് ചാഞ്ഞു കിടന്നിരുന്ന മുളങ്കൊമ്പിൽ പിടിച്ചു. അയാൾ മീൻ കൊത്തുന്നതു പോലെ എന്റെ ഇടതു തുടയിൽ പിടിച്ചു. ഞാൻ കണ്ണുകളടച്ചു. എന്റെ ശരീരം വെളളത്തിനടിയിലൂടെ ഊളിയിടുകയാണെന്ന് എനിക്ക് തോന്നി. വെളളവും വായുവും ഭൂമിയും എല്ലാം ഒന്നായി...
കുറേ നേരം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ അയാൾ അടുത്ത് മാനം നോക്കി കിടക്കുന്നത് കണ്ടു. ആകാശത്ത് മേഘക്കഷ്ണങ്ങൾ പതുക്കെ ഇളകുന്നു. ചുറ്റും മുളങ്കൂട്ടങ്ങളുടെ ശീൽക്കാരം. ഞാൻ വെളളത്തിനടിയിൽ കാലുകൾ ഇളക്കിയപ്പോൽ കാലിലെ ചിപ്പിവളകൾ ഊർന്നു പോയി. അലസമായി മുഖം തിരിച്ചപ്പോൾ അയാൾ എന്നെ തന്നിലേക്ക് ചേർത്തു പിടിച്ചു...

എന്തിനായിരിക്കും, ആരെ കാണാനായിരിക്കും അയാൾ ഒറ്റ വളളത്തിൽ തുഴഞ്ഞു പോയത്? എന്തിനാണ് ആ തത്തയെ സമ്മാനമായി തന്നത്? വീണ്ടും കാണാമെന്ന് പറഞ്ഞെങ്കിലും എവിടെ വച്ച്? എപ്പോൾ? മാലയിലെ മുത്തുകൾ പോലെ പരന്നു കിടക്കുന്ന ഈ ദ്വീപുകളിൽ ഏതിലെ വാസക്കാരനായിരിക്കും അയാൾ?
ഞാൻ അരുമയോടെ പാരിയെ വീണ്ടും തലോടി. ചില ദ്വീപുകളിലെ തത്തകൾക്ക് സംസാരിക്കാൻ കഴിയുമത്രേ. അങ്ങിനെയാണെങ്കിൽ എത്ര നന്നായിരുന്നു. ആ യുവാവിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിയാമായിരുന്നു. അല്പം മാറി തോട്ടിൽ ഒരു മീൻകൊത്തി മീനിനേയും കടിച്ചെടുത്ത് വിജയാഹ്ലാദത്തോടേ ഉയരുന്നത് ഞാൻ കണ്ടു.

ഞാൻ സൂര്യൻ തിളക്കുന്ന എന്റെ മുലകളിലേക്ക് നോക്കി. ഇനി എന്നായിരിക്കും അയാൾ വരുന്നത്?

പെട്ടെന്ന് എന്റെ തലക്ക് ഒരു കിഴുക്ക് വീണു. തിരിഞ്ഞു നോക്കിയപ്പോൾ ചോളവും കിഴങ്ങും നിറച്ച കൂട്ട താഴെ വച്ച് ചീറ എന്നെ രൂക്ഷമായി നോക്കുന്നത് കണ്ടു. ഞാൻ മരച്ചീനി കൊണ്ടുളള അപ്പം ഉണ്ടാക്കൽ പാതി വെച്ച് നിർത്തിയ കാര്യം ഓർത്തു. അതിനിത്ര രോഷം കൊളളാനുണ്ടോ? അതോ ഇന്നു രാത്രിയും വിരുന്നുണ്ടോ? അസാധാരണമായ സംഭവങ്ങൾ ദ്വീപിൽ സംഭവിക്കുമ്പോഴൊക്കെ വിരുന്നുണ്ടാകും. അങ്ങിനെ എല്ലാവർക്കും ഒത്തു കൂടാനും മൂപ്പന്റെ വാക്കുകൾ കേൾക്കാനും സാധിക്കും.

ഞാൻ ചീറയെ കടന്ന് അകത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും ചീറ തടഞ്ഞു. എന്റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. പിന്നെ മൂലയിൽ ചീറയുടെ ചില സാധനങ്ങൾ ഒക്കെ കൂട്ടിവെച്ചിരുന്ന, എനിക്ക് നിഷിദ്ധമായ കെട്ടിൽ മടക്കി വെച്ചിരുന്ന പരുത്തിത്തുണി എടുത്ത് എന്റെ അരയിൽ ചേർത്തു കെട്ടി. എനിക്ക് വിശ്വസിക്കാനായില്ല. ദ്വീപിൽ അരക്കു കീഴെ മറ കെട്ടുന്ന വളരെ ചുരുക്കം പെണ്ണുങ്ങളേ ഉളളൂ. അവരിൽ അവളെ പോലെ പ്രായം കുറഞ്ഞവർ അതിലും കുറവ്. പക്ഷേ ഓരോ പെണ്ണും സ്വകാര്യമായി കൊതിക്കുന്ന അലങ്കാരമാണത്. അവളെ ഏതോ ആണിന്റെ കൂടെ പറഞ്ഞ് വിടാൻ പോവുകയാണോ മൂപ്പൻ? പക്ഷെ ഒന്നും പറഞ്ഞില്ലല്ലോ. അപ്രതീക്ഷിതമായ ചീറയുടെ നീക്കത്തിൽ പകച്ച് ഞാൻ തിലത്ത് കുത്തിയിരുന്നു. നാനാതരം ആശങ്കകൾ എന്റെ തലക്കു ചുറ്റും തേനീച്ചകളായി വലം ചുറ്റി.

ചീറ എന്റെ അടുത്തിരുന്നു. കൈകളിൽ തലോടിക്കൊണ്ട് പറഞ്ഞു: ""നീയും പതിനെട്ടായ വലിയ പെണ്ണായിക്കൊണ്ടിരിക്കുന്നു. ദ്വീപിലാണെങ്കിൽ നമ്മൾ ഇതു വരെ കാണാത്ത ആളുകളുടെ സാന്നിധ്യം. നമ്മുടെ ദ്വീപിനു ചുറ്റും ഈ വലിയ കടലിൽ മറ്റനേകം ദ്വീപുകളുണ്ട്. ചെറുതും വലുതുമായവ. കെട്ടു പിണഞ്ഞു കിടക്കുന്ന തോടുകളിലൂടെ സഞ്ചരിച്ചാൽ എത്തിച്ചേരാൻ സാധിക്കുന്നവ. പക്ഷെ, ഏറെ ശ്രദ്ധിക്കണം. എല്ലാ ദ്വീപുകളും ഒരു പോലെയല്ല. മനുഷ്യരെ തിന്നുന്ന കാരിബുകളുടെ ദ്വീപിനെ കുറിച്ച് നിനക്കറിയാം. പിന്നെയുമുണ്ട്. വിഷച്ചെടികൾ മാത്രം വളരുന്ന ദ്വീപുകൾ. അവിടെ കാലു കുത്തിയാൽ തന്നെ ചത്തു വീഴാം. അതു പോലെ ആമകളും പാമ്പുകളും മാത്രമുളളവയുണ്ട്. പക്ഷെ ഞാൻ പറയാൻ പോകുന്ന ദ്വീപിലുളളത് അതൊന്നുമല്ല...''""പിന്നെ?''
ചീറ പറയാൻ ബുദ്ധിമുട്ടുളള ഒരു വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ നിർത്തി. പിന്നെ ആദ്യം കാണുന്നത് പോലെ എന്നെ സൂക്ഷിച്ചു നോക്കി. എന്റെ കവിളിൽ കൈ വച്ചു.""തൈനോ പെണ്ണുങ്ങളെ മാത്രം പാർപ്പിക്കുന്ന ദ്വീപുണ്ട്. അവിടേക്ക് കൈയും കാലും കണ്ണും കെട്ടി പെൺ കുട്ടികളെ എത്തിക്കും. രാവും പകലും കാവലുളളതു കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടാൻ പറ്റില്ല. ഇന്ന് ഇവിടെ കാലു കുത്തിയ അതിഥികളെ പോലെ മുൻപ് പലരും വന്നിട്ടുണ്ട്. അവരൊക്കെയാണ് ആ ദ്വീപിനെ മറ്റെല്ലാ ദ്വീപുകളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തിയിരിക്കുന്നത്. അതിഥികളായ പുരുഷന്മാർ മാത്രം വന്നു പോകുന്ന ദ്വീപ്.''
എന്തു നല്ല സമ്പ്രദായം! പെണ്ണുങ്ങൾ മാത്രമുളള ദ്വീപിനെ കുറിച്ച് ആലോചിക്കുന്തോറും എന്റെ താല്പര്യം കൂടിക്കൂടി വന്നു. അന്ന് വളളം തുഴഞ്ഞു വന്ന ആ യുവാവും അവിടെ വരുമോ? ""ചീറ, എങ്ങിനെയാണ് ആ ദ്വീപിലേക്കുളള പെൺകുട്ടികളെ തിരഞ്ഞെടുക്കുക?'' ഞാൻ ചോദിച്ചു.
അതിനുളള മറുപടി മറ്റൊരു കിഴുക്കായായിരുന്നു. പിന്നെ ചീറ എന്റെ ചെവിയിൽ ചില കാര്യങ്ങൾ പറഞ്ഞു. കാലിനിടയിലൂടെ ഒരു പാമ്പ് ഇഴഞ്ഞ് പോയത് പോലെ എനിക്ക് തോന്നി.

വെയിലിൽ കുളിച്ച്, മീനുകളും, ആമകളും, തത്തകളും വിഹരിച്ചിരുന്ന ലോകത്ത് പെട്ടെന്ന് വിഷജന്തുക്കൾ മാത്രമായിരിക്കുന്നു. അര മറക്കാൻ തുണി കിട്ടിയതൊന്നും ഇപ്പോൾ എന്നെ സന്തോഷിപ്പിക്കുന്നില്ല. ചീറയ്ക്ക് ഇതൊക്കെ ഇപ്പോൾ എന്നോട് പറയേണ്ട കാര്യമെന്തായിരുന്നു?
ദൂരെ നിന്ന് മൂപ്പൻ നടന്നു വരുന്നത് ഞാൻ കണ്ടു. മൂപ്പൻ മാത്രമല്ല. ഒരു പറ്റം ആളുകളും പിന്നാലെയുണ്ട്. ഞാനും ചീറയും വെപ്രാളത്തോടെ എഴുന്നേറ്റു നിന്നു. അരക്കെട്ടിലെ തുണിയുടെ അപരിചിതത്വം മാറാതെ ഇടക്കിടക്ക് എന്റെ കൈകൾ അങ്ങോട്ട് നീങ്ങിക്കൊണ്ടിരുന്നു.

മൂപ്പൻ കറുത്തും നനഞ്ഞും വിത്തു കാത്തു കിടക്കുന്ന മണ്ണിൽ ഒറ്റക്ക് നിന്നു. അല്പ നേരം ആകാശത്തേക്കു നോക്കി പ്രാർത്ഥിച്ചു. തൈനോകളുടെ ഇപ്പോഴത്തെ മനസ്സ് പോലെ ആകാശം ഇരുണ്ടു കിടന്നു. അല്പം അകലെ നിന്ന് കടലിന്റെ ശബ്ദം.
മൂപ്പൻ കാലുകൾ മടക്കി വച്ച് മണ്ണിൽ ഇരുന്നു. അറ്റം കൂർത്ത ഒരു വടി കൊണ്ട് മണ്ണ് ഇളക്കി മാറ്റാൻ തുടങ്ങി. പിന്നെ, മണ്ണിനടിയിലേക്ക് കൈ താഴ്ത്തി ഒന്നിനു പിറകേ ഒന്നായി മൂന്നു സെമികൾ പുറത്തെടുത്തു.

വെള്ളത്തിന്റേയും ഉർവ്വരതയുടേയും പരദേവതയായ അത്തബേ, സർവ്വ സ്നേഹത്തിന്റെ മൂർത്തിയായ കാഗ്വാന. പിന്നെ എല്ലാ കൊടുങ്കാറ്റുകളൂടേയും ഭൂമികുലുക്കങ്ങളുടേയും അഗ്നിപർവ്വതങ്ങളുടെയും അധിപയയായ ഗ്വാ ബാൻ സേ.
മൂപ്പൻ മണ്ണു തട്ടിക്കുടഞ്ഞു മൂന്നു സെമികളേയും നിലത്തു വച്ചു. കൈ മടക്കിൽ നിന്ന് കൊഹോബയുടെ തരികൾ മൂക്കിലേക്കു വലിച്ചു. കടലിന്റേയും വായുവിന്റേയും ഭൂമിയുടേയും ആത്മാക്കൾ മൂപ്പനു ചുറ്റും ശ്രാതാക്കളായി.
''ആത്മാക്കളേ തൈനോകളുടെ ധർമ്മസങ്കടം നിങ്ങൾ കാണുന്നില്ലേ? ഞങ്ങൾ സ്വീകരിച്ചു വരുത്തിയ അതിഥികൾ ഞങ്ങളുടെ മക്കളെ പിടിച്ചു കൊണ്ടു പോയിരിക്കുന്നു. അവർക്കു വേണ്ടുന്നതെന്താണെകിലും, അതു ഞങ്ങളുടെ കൈവശം ഉളളവയാണെങ്കിൽ ഞങ്ങൾ സന്തോഷത്തോടെ കൊടുത്തേനയല്ലോ. എന്നിട്ടും...''
കാറ്റ് കരിയിലകൾ പറത്തിക്കൊണ്ട് മൂപ്പനെ കടന്നു പോയി.
മൂപ്പൻ സെമികളിൽ ഓരോന്നും മാറി മാറി നോക്കി. കൊഹോബയുടെ മായയിൽ അവ തന്നോട് സംസാരിക്കുന്നതറിഞ്ഞു. ഇല്ല, കൊടുങ്കാറ്റുകൾക്കും തിരമാലകളൂം സമയമായിട്ടില്ല. മൂപ്പൻ രണ്ടു കൈകളും സെമികളുടെ മേൽ വച്ചു.""ഈ ഭൂമി പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും നല്ലതു വരുത്തുന്ന വഴിയിലൂടെ തൈനോകളെ നടത്താൻ കാഴ്ച തരൂ...''
കാറ്റ് ശമിച്ചു. സകല ചരാചരങ്ങളും നിശബ്ദമായി. ആത്മാക്കളുടെ പിറുപിറുക്കൽ മാത്രം മൂപ്പന്റെ ചെവിയിൽ മുഴങ്ങി. കാഗ്വാന ഒഴിച്ചുളള രണ്ടു സെമികളേയും തിരിച്ച് മൂപ്പൻ മണ്ണിൽ തന്നെ നിക്ഷേപിച്ചു. മണ്ണു മൂടി. മുൾക്കൊമ്പ് അതിനു കുറുകെ വച്ചു. എഴുന്നേറ്റ് ആകാശത്തേക്ക് നോക്കി നന്ദി സൂചകമായി കൈയുയർത്തി.
പിന്നെ, സ്നേഹമൂർത്തിയായ കാഗ്വാനയുമായി തിരിച്ചു നടന്നു.
മൂപ്പൻ കുടിലിനു മുന്നിൽ വന്ന് ചീറ കൊടുത്ത മൊന്തയിൽ നിന്ന് ഒരിറക്ക് കുടിച്ചു. കൊഹോബയുടെ പാത്രവും കുഴലുകളും എടുത്ത് ആഞ്ഞ് വലിച്ചു. കൊഹോബയുടെ പുക ആകാശത്തേക്കുയർന്നു. മൂപ്പൻ കൊഹോബ പുകയ്ക്കുള്ളിലൂടെ ആകാശത്തേക്ക് നോക്കി.
വെളിപാടിന്റെ നേരമായി. മൂപ്പന്റെ സ്വരം ശാന്തമായിരുന്നു. ""ഇന്നലെ വന്നു ചേർന്ന നമ്മുടെ പ്രിയങ്കരരായ അതിഥികൾ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ അവർ ആകാശത്തും നിന്നും വന്ന നമ്മുടെ അതിഥികളാണെന്നത് മറന്നു കൂട. അവരോട് നാം അവരർഹിക്കുന്ന സ്നേഹാദരങ്ങളോടു കൂടിത്തന്നെ തുടർന്നും പെരുമാറേണ്ടതുണ്ട്. ഈ ഭൂമിയും ജലവും ആകാശവും കല്ലും മരവും മീനും ഒക്കെ നമ്മുടെ മാത്രം സ്വന്തമല്ലെന്ന് എപ്പോഴും ഓർമിക്കുക. നമ്മുടെ സഹജീവികളായ ഈ അതിഥികൾക്കും ഇതിനെല്ലാം അവകാശമുണ്ട്. നമുക്ക് കഴിയാവുന്നിടത്തോളം അവർക്ക് ദാനം ചെയ്യുക. നമ്മുടേതെന്നോ അവരുടേതെന്നോ ഭേദം ഇല്ലാതെ...''

അതിഥികൾ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ മൂപ്പന്റെ നിലപാടിൽ അവിടെ കൂടിയിരുന്നവരാരും സംതൃപ്തരല്ലെന്ന് ഞാൻ കണ്ടു. കാരിബുകളുമായുളള പോരാട്ടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട, കാട്ടു പോത്തിന്റെ ശൗര്യമുളള, ചാമായൻ മുന്നോട്ട് നീങ്ങി നിന്നു. ""മൂപ്പൻ പറയുന്ന പോലെ അത്ര നല്ലവരൊന്നുമല്ല ഈ അതിഥികൾ; അവരുടെ ലക്ഷ്യവും വേറെയാണ്. അല്ലെങ്കിൽ പിന്നെ സമ്മാനങ്ങളും, ഭക്ഷണവും കൊണ്ട് അവരുടെ പായക്കപ്പലിൽ ചെന്ന താമിയേയും മറ്റുളളവരേയും തടവിലാക്കുമോ?''
താമി? എന്റെ നെഞ്ചിൽ ഒരു കനൽ വീണു. ചീറ പ്രാർത്ഥന ചൊല്ലുന്നത് ഞാൻ കേട്ടു.
നരഭോജികളും അതിക്രൂരൻമാരുമായ കാരിബുകളോട് പോലും കരുണ കാണിക്കണമെന്നും സന്ധിയാകാമെന്നും പറയുന്ന ആളാണ് മൂപ്പൻ. എല്ലാ അപകടങ്ങളും മുൻകൂട്ടി കാണാൻ കഴിയുന്നയാളുമാണ്. എന്നാലും എനിക്കും ദ്വീപിലെ മറ്റാളുകൾക്കും കാണാനാവാത്ത എന്ത് കാഴ്ചയാണ് മൂപ്പന്റെ നരച്ച കണ്ണുകൾ ഇപ്പോൾ കാണുന്നത്? കടപ്പുറത്തേക്ക് പോകുന്നതിനു മുൻപ് ഇനി വരാനിരിക്കുന്ന പോരുകളെകുറിച്ചൊക്കെ താക്കീത് നൽകിയ മൂപ്പനിതെന്തു പറ്റി? എന്തിനാണ് സ്വന്തം ആളുകളെ തടവിൽ പാർപ്പിച്ചിട്ടും ഇപ്പോഴും ആതിഥ്യ മര്യാദയെക്കുറിച്ച് പറയുന്നത്? പലപ്പോഴും മൂപ്പനെ മനസ്സിലാക്കാനേ കഴിയുന്നില്ലല്ലോ.

""നമ്മുടെ ആളുകളെ അതിഥികൾ വഴികാട്ടികളായി കൊണ്ട് പോയതാവാനേ തരമുള്ളൂ. മാലമാലയായി കിടക്കുന്ന ഈ ദ്വീപുകളെ കൈയിലെ രേഖകൾ പോലെ അറിയാവുന്നവരാണ് നമ്മുടെ ആളുകൾ. അവർക്ക് ഇനി അതിഥികളിൽ നിന്ന് രക്ഷപ്പെട്ട് വരാൻ മീനിന് വെളളത്തിനടിയിലൂടെ സഞ്ചരിക്കുന്നതു പോലെ എളുപ്പമാണ്. തൽക്കാലം എല്ലാവരും പിരിഞ്ഞ് പോവുക. നാളെ നമുക്ക് വീണ്ടും ആലോചിക്കാം. അതിനുള്ളിൽ അവരെല്ലാം തിരിച്ചുവരും എന്ന് എന്റെ മനസ്സ് പറയുന്നു. നമുക്കുളള സമ്മാനങ്ങളുമായി അതിഥികൾ നമ്മുടെ ആളുകളേയും കൂട്ടി വരുന്നത് എന്റെ മന:ക്കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ട്.''

ചാമായൻ മൂപ്പന്റെ വാക്കുകൾ ഒട്ടും വിശ്വസിച്ചിട്ടില്ലെന്ന് അയാളുടെ മുഖം വിളിച്ചു പറഞ്ഞു. അയാൾ തന്റെ കൈയിലിരുന്ന ചാട്ടുളി ശക്തിയോടെ മണ്ണിലേക്ക് വലിച്ചെറിഞ്ഞു. മൂപ്പൻ എല്ലാവരോടും പിരിഞ്ഞു പോകാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ആളുകൾ പോയിക്കഴിയുന്നതിനു മുൻപു തന്നെ ചീറ കരയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് താമിയുടെ കാര്യം ഓർമ വന്നത്. ഞാൻ ഓടി മൂപ്പന്റെ അടുത്തേക്ക് ചെന്നു: ""അവർ താമിയെ ഉപദ്രവിക്ക്വോ മൂപ്പാ?'' ഞാൻ മൂപ്പന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.""നമ്മുടെ ആളുകൾക്ക് ആകാശത്തു നിന്നവരുടെ കപ്പലുകൾക്കു ചുറ്റും കാവൽ കിടക്കുകയെങ്കിലും ആവാമായിരുന്നില്ലേ?'' ചീറ കരച്ചിലിനിടയിൽ ചോദിച്ചു. നാളുകൾക്ക് മുൻപ് നടന്ന കാരിബുകളുടെ ആക്രമണത്തിന്റെ വേദന ഇപ്പോഴും ചീറയുടെ മുഖത്ത് വിങ്ങുന്നുണ്ട്.
മൂപ്പൻ ഒന്നും മിണ്ടാതെ കടലിന്റെ ദിശയിലെക്ക് നോക്കിക്കൊണ്ടു നിന്നു. എന്റെ തലയിൽ തലോടി.
രാത്രിയിൽ ഭയം മീൻമുളളു പോലെ തൊണ്ടയിൽ കുടുങ്ങി ഞാൻ ഉറക്കം വരാതെ കിടന്നു. അപ്പുറത്ത് ചീറയും ഉറങ്ങിയിട്ടുണ്ടാവില്ല. എന്തിന്, ദ്വീപിൽ ഒരാളും ഇന്നു രാത്രി ഉറങ്ങുന്നുണ്ടാവില്ല. എനിക്ക് മൂപ്പനോട് ആദ്യമായി ദേഷ്യം തോന്നി. സ്വന്തം ആളുകളെ സംരക്ഷിക്കാൻ പോലും കഴിയില്ലെങ്കിൽ പിന്നെ തൈനോകളുടെ മൂപ്പനാണ് എന്നു പറഞ്ഞിട്ടെന്താണ് കാര്യം.

താമി അതിഥികളുടെ വലിയ പായക്കപ്പലിലെ കാഴ്ചകൾ ഒക്കെ കണ്ട് രസിച്ചിരിക്കുകയായിരിക്കണേ എന്ന് ഞാൻ മായനോട് ഉള്ളുരുകി പ്രാർത്ഥിച്ചു.
ഒരു പക്ഷെ, കൂറ്റൻ ചിറകുളള ആ വലിയ കപ്പലിൽ അവരുടെ ഭക്ഷണങ്ങളും ദേഹം മറക്കുന്ന തോലും, പുക തുപ്പുന്ന ആയുധങ്ങളും എല്ലാം ഓരോന്നായി ഉപയോഗിച്ച് രസിച്ചിരിക്കുകയായിരിക്കും അവൻ. എന്നാൽ അവന് സന്തോഷമായിക്കാണും. പുതിയ കാഴ്ചകളും രുചികളുമാണല്ലോ അവന്റെ താല്പര്യം, എപ്പോഴും.
എന്നാൽ തൊട്ടു പിന്നാലെ ആലോചനയുടെ മറ്റൊരു തിര വന്ന് എന്നെ പാടേ മുക്കിക്കളഞ്ഞു. ഒരു പക്ഷെ, നാളെ രാവിലെ ദ്വീപ് വാസികൾ ഉറക്കമുണരുമ്പോഴേക്ക് ആ ആകാശപ്പക്ഷികൾ തീരം വിട്ടു പോയാലോ? ആകാശത്തു നിന്ന് പറന്നിറങ്ങി വന്നതു പോലെ അത് പറന്നുയർന്നു പോയാലോ? അതിഥികളുടെയോ താമിയുടേയോ പാടു പോലും ബാക്കി വെക്കാതെ നാളെ രാവിലെ കടൽ അതിന്റെ ശൂന്യമായ വിശാലത മാത്രം കാണിച്ച് തിളങ്ങി നിന്നാലോ?
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.▮

(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments