മുപ്പത്തി മൂന്ന് ദിവസത്തെ ദുർഘടമായ കടൽ യാത്രക്കു ശേഷം "ഇന്ത്യ'യിലെത്തപ്പെട്ട തന്റെ ഭാഗ്യത്തെക്കുറിച്ച് കൊളംബസ് വീണ്ടും ഉന്മാദം കൊണ്ടു. എത്ര മനോഹരമായ ദ്വീപ്. പ്രകൃതിയുടെ ധൂർത്ത് കണ്ണെത്തുന്നിടത്തോളം. ഒരു മരത്തിൽ തന്നെ പല തരത്തിലുളള ശാഖകൾ. ഓരോ ശാഖയിലും വ്യത്യസ്തമായ പൂക്കൾ. നീലയും പച്ചയും മഞ്ഞയും നിറത്തിലുളള മീനുകൾ, തിമിംഗലങ്ങൾ. സംസാരിക്കുന്ന തത്തകൾ, അരണകൾ, ആടുകൾ, പശുക്കൾ...
പഞ്ഞിയും ചോളവും എത്ര വേണമെങ്കിലും...
ചൂടും തണുപ്പും സമദൂരത്തിൽ നിൽക്കുന്ന സുഖപ്രദമായ കാലാവസ്ഥ. പച്ച തത്തകൾ സൂര്യനെ മറയ്ക്കുന്ന ദിവസങ്ങളിൽ കൊളംബസിനു ഭൂമിയിലെ ഏതോ സ്വർഗത്തിലാണ് താൻ വന്നു ചേർന്നിരുന്നതെന്ന് തോന്നി. ഒരിക്കലും വിട്ടു പോകാത്തവിധം ഈ ദ്വീപ് തന്നെ പ്രലോഭിപ്പിക്കുന്നു.
സാന്താ മറിയയുടെ ഡെക്കിൽ നിന്ന് കൊളംബസ് തുകൽപ്പാത്രത്തിൽ നിന്ന് മദ്യം ഒരു കവിൾ കുടിച്ചു. ദ്വീപിനെ നോക്കുന്തോറും ആവേശം കൂടി വന്നു. ""ഇതിനു ചുറ്റുമുളള എല്ലാ ദ്വീപിലും കയറിയിറങ്ങണം. ഈ ജൈവ സമ്പത്തിന്റെ സകല മാതൃകകളും സ്‌പെയിൻ രാജാവിനും രാജ്ഞിക്കും കാഴ്ചവെക്കണം. എല്ലാ ദ്വീപുകൾക്കും രാജാവിന്റേയും രാജ്ഞിയുടേയും അവരുടെ വേണ്ടപ്പെട്ടവരുടേയും പേരിട്ട് വിളിച്ച് ഔദ്യോഗികമായി സ്‌പെയിനിന്റെ കീഴിൽ കൊണ്ടു വരണം...'' കൊളംബസ് പെഡ്രോക്ക് നിർദ്ദേശം കൊടുത്തു. ""തീർച്ചയായും അഡ്മിറൽ. നഗ്‌നരും നിരായുധരുമായ ഇവിടുത്തെ മനുഷ്യരാണെങ്കിൽ പാവങ്ങളാണ്. മരമല്ലാതെ മറ്റൊരു ആയുധം പോലും അവരുടെ കൈയിലില്ല. ഒറ്റ പട്ടാളക്കാരൻ വിചാരിച്ചാൽ നൂറെണ്ണത്തെ പേടിപ്പിച്ചു നിർത്താം. നരഭോജികൾ ആയ അയൽ ദ്വീപുവാസികളെക്കുറിച്ചൊക്കെ ഇവർ പറയുന്നത് പേടിച്ചിട്ടാകാനേ തരമുളളൂ. അയൽ ദ്വീപുകാർ ഈ പേടിത്തൊണ്ടന്മാരേക്കാൾ മിടുക്കരും ബുദ്ധിമാന്മാരും ആയിരിക്കണം...''
പെഡ്രോ അഡ്മിറലിന്റെ ആവേശം ഏറ്റെടുത്തു കൊണ്ട് പറഞ്ഞു.
നീനയിൽ നിന്ന് അല്പം മാറി കിടക്കുന്ന, നീനയേക്കാൾ കുറച്ചു കൂടി വലിപ്പമുളള പിന്റ. അതിലും വലിപ്പമുളള സാന്താമറിയ. മൂന്നു കപ്പലുകളുടെയും ഗാംഭീര്യമുളള ആ കിടപ്പു കണ്ടപ്പോൾ കൊളംബസിന് അഭിമാനം തോന്നി. കഴിഞ്ഞ നാലു മാസങ്ങൾക്കുളളിൽ താൻ അധിപനായ കടലുകൾ, ദ്വീപുകൾ, വൻകരകൾ. ജെനോവയിൽ നിന്ന് താൻ എത്തി നിൽക്കുന്ന അക്ഷാംശങ്ങൾ ഓർത്തപ്പോൾ കൊളംബസിന്റെ നെഞ്ച് ഒന്നു കൂടി വിരിഞ്ഞു.
മാർക്കോപോളക്കുണ്ടായ മഹാനായ ഖാനിന്റെ സാമ്രാജ്യത്തിലെ കാരാഗൃഹവാസം പോലും അനുഭവിക്കാതെ ഇന്ത്യയിലെത്താൻ തനിക്കു കഴിഞ്ഞല്ലോ എന്നോർത്തപ്പോൾ കൊളംബസിന്റെ മുഖത്ത് ചിരി പടർന്നു. അതിലും വലിയ നേട്ടങ്ങളാണ് താൻ കൈവരിക്കാൻ പോകുന്നത്. തിരിച്ചു ചെന്ന് ഫെർഡിനാന്റിന്റേയും ഇസബെല്ലയുടേയും മുന്നിൽ, ഈ കന്യാസ്ഥലങ്ങളിൽ നിന്ന് കിട്ടിയ അപൂർവ വസ്തുക്കളും മുതലുകളും കാഴ്ചവെക്കണം. അതോടെ ഇനിയുമിനിയും വൻകരകൾ കീഴടക്കാനുളള കടൽയാത്രക്കുളള അനുമതിയും പണവും ലഭിക്കും. തന്നെ അപമാനിക്കുകയും, ഒറ്റിക്കൊടുക്കുകയും ചെയ്തവരേ, നിങ്ങളെ കാത്തിരിക്കുന്നത് കടൽ തിളപ്പിക്കുന്ന കൊളംബസിന്റെ ക്രോധമാണ്!
കുബ്ലായ് ഖാൻ തന്റെ കപ്പൽപ്പടയുമായി തീർച്ചയായും ഈ വഴിക്ക് വന്നിട്ടുണ്ടാകുമെന്ന് കൊളംബസിനു തോന്നി. ഒരു പക്ഷെ ഭാഗ്യമുണ്ടെങ്കിൽ അദ്ദേഹത്തെ കാണാനും സ്‌പെയിനിന്റെ രാജാവിന്റേയും രാജ്ഞിയുടേയും കത്ത് കൈമാറാനും തനിക്ക് കഴിയും. അതോർത്തപ്പോൾ തന്നെ കൊളംബസിന് രോമാഞ്ചമുണ്ടായി. എന്തൊരു നേട്ടമായിരിക്കും അത്. ജെനോവയിൽ, ഒരു നെയ്ത്തുകാരന്റെ മകനായി തുടങ്ങിയ തന്റെ പേര് സ്‌പെയിനിന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിവെക്കപ്പെടാൻ പോകുന്നു.
അതെ, അതാണ് വേണ്ടത്. തങ്കം. അതിന്റെ സൂചനകൾ ഇവിടെ എമ്പാടുമുണ്ട്.. സ്വർണ ഖനികളും പവിഴപുറ്റുകളും കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഈ ദ്വീപുകളിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. കടലുകളിലെ നത്തയ്ക്കാമത്സ്യം നൽകുന്ന സൂചന അതു തന്നെയാണ്. ദ്വീപുകളുടെ ഉളളിലെ ചെറിയ ചെറിയ അരുവികളിലെ വെളളത്തിൽ സ്വർണത്തരികൾ തെളിഞ്ഞു കാണാം. അവ അരിച്ചു മാറ്റി സ്വർണക്കട്ടികൾ ആക്കി മാറ്റണം. അത്രയേ വേണ്ടൂ. മണ്ടന്മാരായ ഈ ദ്വീപുവാസികൾക്ക് അത് തിരിച്ചറിയാനുളള കഴിവോ അതിന്റെ മൂല്യത്തെക്കുറിച്ച് ധാരണയോ ഇല്ലെന്നേ ഉളളൂ.
സ്വർണം മാത്രവുമല്ല. പൈൻ മരങ്ങൾ. ഇതുവരെ കണ്ടിട്ടുളളതിൽ വെച്ചേറ്റവും നീളമുളള പൈൻ മരങ്ങൾ. എങ്ങിനെയാണ് പ്രകൃതി എല്ലാതരം ജൈവ സമ്പത്തും ഈ ചെറിയ ദ്വീപുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. നിധിക്കുളളിലെ നിധി പോലെ കുരുമുളക്, ബദാം, കറുവപ്പട്ട. അങ്ങനെ ധാന്യങ്ങളുടെ കലവറയായ ദ്വീപുകൾ.
ആലോചിക്കുന്തോറും കൊളംബസിന് ലഹരി കൂടിക്കൂടി വന്നു.""പൈൻ മരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ പായക്കപ്പലുകൾ പണിയാം. സ്‌പെയിനിന്റെ വലിയ കപ്പലുകളുടെ പണി ഇവിടെയാക്കാം. '' കൊളംബസ് പെഡ്രോയോട് പറഞ്ഞു.""ആ ജോലിയുടേയും പണിക്കാരുടേയും ഒക്കെ മേൽനോട്ടം അഡ്മിറലിനായിരിക്കും. അങ്ങനെ കൊളംബസ് കപ്പലിന്റെ മാത്രമല്ല ഈ കടലിന്റെ മുഴുവൻ അഡ്മിറൽ ആയി മാറും. അഡ്മിറലിന്റെ അനുവാദമില്ലാതെ ഈ കടലിൽ ഒരു തിമിഗലം പോലും പിന്നെ സഞ്ചരിക്കുകയില്ല.'' പെഡ്രോ അഡ്മിറലിനെ സുഖിപ്പിച്ചു.""നമ്മുടെ ആയിരിക്കും. കൊളബസിന്റെയും സംഘത്തിന്റെയും ആയിരിക്കും.'' കൊളംബസ് പെഡ്രോയുടെ തോളിൽ തട്ടി.
ഈ കപ്പൽ യാത്രക്കുവേണ്ടി അനുഭവിച്ച യാതനകളും അപമാനങ്ങളും ആലോചിച്ചപ്പോൽ കൊളംബസ് കടലിലേക്ക് ആഞ്ഞു തുപ്പി. ആദ്യം പോർച്ചുഗൽ രാജാവിനോട് തന്റെ സ്വപ്നയാത്രയെക്കുറിച്ച് നിർത്താതെ പറഞ്ഞു കൊണ്ട് നീണ്ട എട്ടു വർഷങ്ങൾ. ഒടുവിൽ സ്വപ്നങ്ങളല്ലാതെ മറ്റൊന്നും ബാക്കിയാവാതെ, വയസ്സ് നാൽപ്പതാകുകയും, മുടി വെള്ളി നിറമാകുകയും, ഒരു നാവികൻ എന്ന നിലയിൽ വൃദ്ധനാകാൻ തുടങ്ങുകയും ചെയ്തപ്പോൾ നിവൃത്തിയില്ലാതെ സ്‌പെയിനിലേക്ക്. അവിടെയും എത്ര വർഷങ്ങൾ, ഫെർഡിനാന്റ് രാജാവിന്റേയും ഇസബെല്ല രാജ്ഞിയുടെയും പിന്നാലെ കേണപേക്ഷിച്ചു കൊണ്ട് നടന്നു കപ്പൽയാത്രക്കുളള പണവും ആൾക്കാരേയും കിട്ടാൻ. സ്വർണം, അതു മാത്രമാണ് ഒടുവിൽ അവരെ സമ്മതിപ്പിച്ചത്.
എന്നിട്ട് ലക്ഷ്യവും സുരക്ഷയും ഇല്ലാത്ത ഈ യാത്രക്ക് ഒടുവിൽ തന്റെ കൂടെ വന്നതോ ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ക്രിമിനലുകളും, പൂർണ ദരിദ്രരും, പാപികളും, ഗുഹ്യരോഗികളും, മരണം കാത്തു കഴിയുന്ന കിളവന്മാരും.. എന്നിട്ടും ഈ നിധി വിളയുന്ന ദ്വീപിൽ താൻ എത്തിയതിനു പിന്നിൽ ഒറ്റ കാരണമേയുളളൂ.
മാനം മുട്ടുന്ന തിരകൾക്കും കാറ്റുകൾക്കും മുകളിലൂടെ കപ്പലോടിക്കാനുളള തന്റെ കഴിവ്. കൊളംബസ് എന്ന നാവികന്റെ അജയ്യത! ""എത്രയും പെട്ടെന്ന് സ്വർണം കണ്ടു പിടിക്കണം. പിടികൂടിയ ദ്വീപുവാസികളേയും കൊണ്ട് ചുറ്റുവട്ടത്തുളള ദ്വീപുകൾ മുഴുവൻ ചുറ്റണം. എല്ലാം അടയാളപ്പെടുത്തി വെക്കണം. സ്‌പെയിനിന്റെ ഔദ്യോഗിക മുദ്രകൾ ചാർത്തണം എല്ലാ സ്ഥാവര ജംഗമ വസ്തുക്കളിലും.'' കൊളംബസ് പറഞ്ഞു.
കപ്പലിനകത്തു നിന്ന് ആരുടേയോ നിലവിളി കേട്ടു. പെഡ്രോ അങ്ങോട്ട് പോകാൻ തുനിഞ്ഞു.""തൽക്കാലം കൊല്ലരുതെന്ന് പറ. പേടിപ്പിച്ചാൽ മാത്രം മതി. ആവശ്യത്തിന് ഭക്ഷണവും മദ്യവും കൊടുക്ക്. നമ്മൾ അതിഥികളാണെന്ന് തന്നെ വിചാരിച്ചോട്ടെ.''
കൊളംബസ് കല്പന കൊടുത്തു.
ഞാൻ വളളം കടലിലിറക്കി അതിഥികൾ വന്നിറങ്ങിയ കൂറ്റൻ ചിറകുളള കടൽ പക്ഷികൾക്കു നേരെ തുഴഞ്ഞു. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുളളൂ. വിലക്കപ്പെട്ട ഒരു ദ്വീപിലേക്ക് പോകുന്നത് പോലെ ഹൃദയം വിറക്കുന്നത് ഞാൻ അറിഞ്ഞു. ഉറക്കമെണീറ്റയുടൻ താമിയെ അന്വേഷിച്ചു പോകുന്നതിനു പിന്നിൽ ഒരു വികാരമേ ഉണ്ടായിരുന്നുളളൂ. തിരിഞ്ഞും മറിഞ്ഞും, ഭയന്നും കിടന്ന രാത്രിയിൽ എപ്പോഴോ ഒരേ ഗർഭപാത്രം പങ്കുവച്ച താമിയുമായി എന്റെ മനസ്സ് നടത്തിയ എന്തോ വിനിമയം. അവൻ ഈ സമയം അനുഭവിച്ച് കൊണ്ടിരിക്കുന്ന നരകം, അതെന്തു തന്നെയായാലും എനിക്കും അനുഭവിക്കണമെന്ന നിശ്ചയം.
ഞാൻ പായക്കപ്പലിനടുത്തെത്തിയപ്പോൾ മേൽത്തട്ടിൽ നിന്ന് ചിലർ കൈ വീശുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു. അവരുടെ ചിരിക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നി. ഞാൻ വളളം കപ്പലിനോട് ചേർത്തു നിർത്തി. കപ്പലിലുണ്ടായിരുന്ന ഒരാൾ എന്നെ വളളം കെട്ടിയിടാനും മറ്റൊരാൾ കപ്പലിനുളളിലേക്ക് കയറാനും സഹായിച്ചു. എന്നെ എടുത്തുയർത്തി കപ്പലിനുളളിലേക്ക് വെച്ചയാൾ താഴെ നിർത്തി ഒരു വടി കൊണ്ട് എന്റെ മുലകളും, തുടയിടുക്കും പരിശോധിച്ചു. ഞാൻ ഒരു പെണ്ണു തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനു വേണ്ടി എന്നതു പോലെ. കഴിഞ്ഞ ദിവസം അരക്കു കീഴെ ചീറ ഉടുപ്പിച്ച പരുത്തിത്തുണി ഈ അപരിചിതരുമായുളള അഭിമുഖത്തിനു വേണ്ടിയായിരുന്നെന്ന് എനിക്ക് തോന്നി.
വെറെയും രണ്ടു മൂന്നു പേർ എന്നെ കാണാൻ വന്നു. എല്ലാവരും അവരുടെ ദേഹം മൂടിയിരുന്നു. എല്ലാവരും എന്നെ അടിമുടി പരിശോധിക്കുകയും മുഖത്തും മുലകളിലും പിടിച്ചു നോക്കുകയും ചെയ്തു. തൈനോകളുടെ ഭാഷ അല്പസ്വല്പം സംസാരിക്കുന്ന ബാഷോ എന്നയാൾ എന്നോട് കപ്പലിന്റെ ഉളളിലേക്കുളളിലേക്ക് നടക്കാൻ പറഞ്ഞു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഉപകരണങ്ങളും, ആയുധങ്ങളും കൂറ്റൻ പാത്രങ്ങളും. എന്റെ കണ്ണുകൾ വിടർന്നു. വെറുതെ അല്ല താമി ഇതൊക്കെ കാണാൻ ചാടിപ്പുറപ്പെട്ടത് എന്ന് എനിക്കു തോന്നി. ഈ സ്വർഗത്തിൽ നിന്നുവന്നവരുടെ കൈയിൽ ഞങ്ങൾ ഇതുവരെ കാണാത്ത എന്തെല്ലാം തരം സാധനങ്ങളാണ്!
എന്നോട് ഒരു മൂലയിൽ ഇരിക്കാൻ പറഞ്ഞു. ചുറ്റും നോക്കിയെങ്കിലും ഞങ്ങളുടെ ദ്വീപിൽ നിന്നുളള ആരേയും കണാൻ കഴിഞ്ഞില്ല. ഇനി മറ്റു രണ്ട് പക്ഷികളിലേതിലെങ്കിലും ആയിരിക്കുമോ അവരെല്ലാം? ""ഞാൻ താമിയെ അന്വേഷിച്ചാണ് വന്നത്. എന്റെ അനുജൻ. എനിക്ക് അവനെ കാണണം.'' ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
ആരും എനിക്ക് മറുപടി തന്നില്ല.
ഒരു പാത്രത്തിൽ എനിക്ക് കഴിക്കാൻ എന്തോ കൊണ്ടു വന്നു. വെളുത്ത് മൃദുവായ അപ്പവും മധുരമുളള തേനും. ഞാൻ കഴിക്കാതെ മടിച്ചു നിന്നപ്പോൾ ബാഷോ ഓർമിപ്പിച്ചു: ""ആരും നിന്നെ ഉപദ്രവിക്കുകയില്ല. എല്ലാവരും സുഹൃത്തുക്കളാണെന്ന് കരുതിയാൽ മതി. ഭക്ഷണം കഴിച്ചാൽ അത് സൗഹൃദത്തിന്റെ തെളിവായി അതിഥികൾ സ്വീകരിക്കും.''
ഞാൻ പതുക്കെ പാത്രത്തിൽ നിന്ന് തേൻ വിരലുകളിൽ തൊട്ട് നക്കി, പിന്നെ മധുരമുളള അപ്പത്തിന്റെ ഒരറ്റം കടിച്ചു...""നല്ല രുചിയുണ്ട്. നിങ്ങളുടെ വേഷവും കപ്പലിലെ സാമഗ്രികളും എനിക്ക് വളരെ ഇഷ്ടമായി.'' ഞാൻ പറഞ്ഞു.
എനിക്ക് ഭക്ഷണം കൊണ്ടു വന്നു തന്നയാൾ ചിരിച്ചു. എന്റെ മുന്നിൽ കുത്തിയിരുന്നു. അയാളുടെ കൈകൾ നേരെ നീണ്ടു വന്നപ്പോൾ ഞാൻ നിരങ്ങി മാറി. എന്തിലോ തട്ടി നിന്നു. അയാളുടെ കൈകൾ എന്റെ മൂക്കിൻ തുമ്പിൽ തൊട്ടു. പിന്നെ, മൂക്കുത്തിയിലും. അയാൾ വിരലുകൊണ്ട് അതിന്റെ വലിപ്പവും മാർദ്ദവവും പരിശോധിച്ചു. എന്റെ ശരീരത്തേക്കാൾ അയാൾ ആ മൂക്കുത്തിയിൽ തടഞ്ഞു നിന്നത് എന്നെ ഒരേ സമയം ആശ്വസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്താണ് ആ മൂക്കുത്തിയിൽ ഇത്രകാര്യം എന്ന് എനിക്ക് മനസ്സിലായില്ല. എന്റെ മൂക്കിൻ തുമ്പത്ത് അങ്ങനെ ഒന്നുളള കാര്യം തന്നെ മറന്നു പോയിരിക്കുകയായിരുന്നു.
ഞാൻ വേഗം അത് മൂക്കിൽ നിന്ന് അഴിച്ച് അയാളുടെ കൈയിൽ വച്ച് കൊടുത്തു. അയാൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നി. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി. ""എടുത്തോളൂ. ആഹാരം കഴിക്കാൻ തന്നതിനുളള നന്ദിയാണ്. ഞങ്ങളുടെ രീതിയാണ്.'' ഞാൻ ബാഷോവിനെ നോക്കി പറഞ്ഞു. ബാഷോ കൂട്ടുകാരോട് എന്താണ് തിരിച്ച് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. ബാഷോ മൂക്കുത്തിയുമായി മറ്റൊരു അറയിലേക്ക് പോയി. എനിക്കു ചുറ്റും ബാക്കിയായ അതിഥികൾ എന്നെ നോക്കി ചിരിക്കുകയും ഇടക്ക് തൊട്ടു നോക്കുകയും ചെയ്തു കൊണ്ടിരുന്നു.
താമിയും മറ്റുളളവരും എവിടെയാണ്? എന്താണ് ഈ അതിഥികൾക്ക് വേണ്ടത്? ഇവരുടെ മൂപ്പൻ എങ്ങിനെയുളള ആളാണ്? ഇനി ഇവർ കാരിബുകളുടെ സുഹൃത്തുക്കളായിരിക്കുമോ? കാരിബുകൾക്ക് പട്ടികളുടെ മുഖമാണ്. ഇവരെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ലല്ലോ.
എന്റെ മനസ്സ് ചീറയുടേയും മൂപ്പന്റേയും അടുത്തേക്ക് പോയി. പെട്ടെന്നുളള എടുത്തു ചാട്ടത്തിൽ ഈ പക്ഷികളിലെക്ക് ഒറ്റക്ക് തുഴഞ്ഞു വന്നതിന് ഞാൻ സ്വയം ശപിച്ചു. എഴുന്നേറ്റോടി വെളളത്തിൽ ചാടി രക്ഷപ്പെട്ടാലോ എന്ന് ഞാൻ ആലോചിച്ചു. എന്റെ ആലോചന മനസ്സിലാക്കിയിട്ടെന്നോണം ചുറ്റും നിന്നവരിലൊരാൾ ഒരു നീണ്ട ആയുധം കൈയിൽ എടുത്ത് എന്റെ നേരെ നീട്ടി. ഇപ്പോൾ മുഴുവനായും ഉദിച്ചു കഴിഞ്ഞിരുന്ന സൂര്യന്റെ വെളിച്ചത്തിൽ അതിന്റെ തലപ്പ് തിളങ്ങി. ഇനിയും പിന്നോട്ട് നീങ്ങാൻ കഴിയുകയില്ലെന്ന് അറിഞ്ഞിട്ടും ഞാൻ അറിയാതെ പിന്നോട്ട് നിരങ്ങി.
എന്റെ മൂക്കുത്തിയുമായി പുറത്തേക്ക് പോയ ബാഷോ തിരിച്ചു വന്നു. അയാളുടെ മുഖം ഗൗരവം പൂണ്ടിരുന്നു. ""ഇതുണ്ടാക്കുന്ന സ്വർണം എവിടെ നിന്നാണ് കിട്ടിയത്? ദ്വീപിലെവിടെയാണ് അതിന്റെ സ്രോതസ്സ്?'' അയാൾ മൂക്കുത്തി തൊട്ടു കാണിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ അല്പനേരം ആലോചിച്ചു. എന്റെ ഓർമയിൽ നിന്ന് അതിന്റെ വിശദാംശങ്ങൾ മാഞ്ഞ് പോയിരുന്നു. ഒന്നുകിൽ ഞാൻ ജനിച്ചപ്പോൾ തന്നെ അത് എന്റെ മൂക്കിൻ തുമ്പിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ എന്റെ മൂക്കിൻ തുമ്പത്തുണ്ടായിരുന്നതിനെക്കുറിച്ചല്ല ഈ അതിഥികൾ ചോദിക്കുന്നത്. ""എല്ലായിടത്തുമുണ്ട്. കാറ്റിലും വെളളത്തിലും, മീനിന്റെ ചെതുമ്പലിലും, കല്ലിനടിയിലും, അരണയുടെ മേത്തും, തത്തയുടെ ചിറകിലും... എല്ലായിടത്തുമുണ്ട്.'' ഞാൻ പറഞ്ഞു.
ബാഷോ എന്റെ വാക്കുകൾ അതിഥികളുടെ ഭാഷയിൽ ആവർത്തിച്ചപ്പോൾ ചുറ്റും ഉണ്ടായിരുന്നവർ ആർത്തു ചിരിച്ചു. അവരിലൊരാൾ ബാഷോവിന്റെ തലയിൽ ഒരു പിഞ്ഞാണം കൊണ്ട് കളിയായി അടിച്ചു. അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി തെളിഞ്ഞു. ബാഷോ അയാളുടെ ചോദ്യം സ്വർണം കിട്ടുന്ന സ്ഥലം എവിടെ ആണെന്ന് ആവർത്തിച്ചു.
ഞാൻ കുഷ് കുന്നുകളിൽ നിന്ന് താഴേക്കു ഉറവ പൊട്ടിയൊഴുകുന്ന അരുവികളെകുറിച്ചു പറഞ്ഞു. താഴെ സമതലത്തിൽ എത്തുമ്പോൾ അവയുടെ കണ്ണീരു പോലെ തെളിഞ്ഞ പ്രതലത്തിൽ, വെളളാരം കല്ലുകൾക്കും പൊടി മീനുകൾക്കും ഇടക്കുളള വെളളം കൈയിൽ കോരിയെടുത്താൽ കാണാം. പൂമ്പൊടി പോലെ നേർത്ത, തിളങ്ങുന്ന മഞ്ഞപ്പൊട്ടുകൾ. രാത്രികളിലെ മിന്നാമിനുങ്ങുകൾ പോലെ അവ കൈയിൽ പാറിക്കളിക്കും.
പെട്ടെന്ന് എനിക്ക് മൂർ ദ്വീപിലെ രാജാവിന്റെ കാര്യം ഓർമ വന്നു.
രാജാവ് ഇടക്ക് ഞങ്ങളുടെ ദ്വീപിലും വരാറുണ്ട്. മൂപ്പന്മാരുടെ മൂപ്പനാണ്. അന്ന് മുഴുവൻ ആഘോഷം ആയിരിക്കും. എല്ലാവർക്കും സമ്മാനങ്ങൾ കൊടുക്കും. ആളുകളുടെ പരാതികളും പരിഭവങ്ങളും കേൾക്കും. മൂപ്പനുമായി എന്തൊക്കെയോ ചർച്ച നടത്തുന്നതു കാണാം. പിന്നെ അവാർ കിഷ് വംശ പുരാണങ്ങൾ പറഞ്ഞ് എല്ലാവരുടെയും കൂടെ നൃത്തം ചെയ്യും. ""മൂർ രാജാവിന്റെ ദ്വീപിൽ ധാരാളമുണ്ട്. അവിടെയുളള ആളുകളുടെ കൈയിലും കാലിലും തലയിലും ഒക്കെ ഉണ്ട്.'' ഞാൻ പറഞ്ഞു.
ബാഷോവിന്റേയും മറ്റുളളവരുടേയും കണ്ണുകൾ വിടർന്നു. ബാഷോ വീണ്ടും അറ വിട്ടു പോയി. ആ തക്കത്തിനു അതിഥികളിലൊരാൾ എന്നെ കടന്നു പിടിച്ചു. ബലമായി ചുണ്ടുകളിൽ കടിക്കാൻ നോക്കി. ഞാൻ പിഞ്ഞാണം കൊണ്ട് അയാളുടെ തലയ്കടിച്ചെങ്കിലും ഞാൻ വിചാരിച്ച ബലം പാത്രത്തിനില്ലായിരുന്നു. അയാൾ എന്നെ ഒറ്റയടിക്ക് മറിച്ച് താഴെയിട്ടു.
ഞാൻ ശ്രമപ്പെട്ട് എഴുന്നേറ്റിരുന്നപ്പോൾ ചുണ്ടിൽ ചോരയുടെ നനവറിഞ്ഞു.
അപ്പോഴേക്ക് ബാഷോ അടുത്തേക്ക് വന്നു. സൗഹൃദം ഭാവിക്കാനെന്നോണം അയാൾ തന്റെ മുഖത്ത് ഒരു ചിരി വരുത്തി. ബാഷോ വെളുത്ത മൂപ്പനു വേണ്ടി ചോദ്യം ചോദിച്ചു. ""ഈ പറഞ്ഞ രാജാവിന്റെ ദ്വീപിലേക്കുളള വഴിയേതാണ്?''
ഞാൻ ഉത്തരം പറയാതെ തന്നെ ചുണ്ടു കടിച്ചയാളെ നോക്കി വിരൽ ചൂണ്ടി. പക്ഷെ, ബാഷോയോ മറ്റുളളവരോ അത് ഗൗനിച്ചില്ല.
ബാഷോ ചോദ്യം ആവർത്തിച്ചു.""വഴി മാത്രം കാണിച്ചു കൊടുത്താൽ മതി, ബാക്കി കാര്യങ്ങൾ ഒക്കെ വെളുത്ത മൂപ്പൻ നോക്കിക്കൊളളും. ഏത് കടലിലും, ദ്വീപിലും പ്രവേശിക്കാൻ അനുവാദമുളള രാജാവാണ് അതിഥികളുടെ മൂപ്പൻ.'' ബാഷോ ഗൗരവത്തിൽ പറഞ്ഞു.
അയാളുടെ പുറത്തേക്ക് തളളി നിൽക്കുന്ന പല്ല് ഏതു നിമിഷവും ഊർന്നു വീഴുമെന്ന് എനിക്കു തോന്നി. അയാളുടെ കൈയിൽ എന്റെ മൂക്കുത്തിയുണ്ടായിരുന്നു. അയാൾ അത് കൈയിലിട്ട് തിരിച്ചും മറിച്ചും നോക്കിയശേഷം എനിക്ക് നേരെ നീട്ടി. ""വേണ്ട എനിക്കു വേണ്ട. അതിഥികൾ തന്നെ വെച്ചോളൂ.'' ഞാൻ പറഞ്ഞു.""അപ്പോൾ നിന്റെ മൂക്കിൽ എന്തു ധരിക്കും?'' ""അത് സാരമില്ല. എനിക്ക് മൂക്കിൻ തുമ്പത്ത് ഒന്നും വെണമെന്നില്ല. ഇനി അഥവാ വേണമെങ്കിൽ മീൻ പല്ലു കൊളുത്തിയിടാം.'' ബാഷോ അയാളുടെ മുഴുവൻ പല്ലുകളും കാണിച്ച് ചിരിച്ചു. അയാൾ അടുത്തേക്ക് നീങ്ങിയപ്പോൾ അപരിചിതമായ ഒരു മണം മുഖത്തേക്ക് അടിച്ചു. ദിവസങ്ങളായി വെളളത്തിനുളളിൽ കിടന്ന് അഴുകിയ നീർനായയുടെ മണം പോലെ.
ബാഷോ മൂക്കുത്തി എന്റെ മുലക്കണ്ണിൽ കുരുക്കിയിടാൻ ഒരു ശ്രമം നടത്തി. ""എനിക്ക് വേണ്ട, നിങ്ങൾ തന്നെ വച്ചോളൂ. നിങ്ങൾ തന്നെ വെച്ചോളൂ...'' ഞാൻ പിടഞ്ഞെണീറ്റു.
അപ്പുറത്തു നിന്ന് ആരോ ബാഷോയെ പേരെടുത്ത് വിളിച്ചു. അയാൾ മടിച്ച് മടിച്ച് എണീറ്റു. മൂക്കുത്തി അയാൾ അരയിൽ ചുറ്റിയിരുന്ന ഒരു തുണിക്കഷ്ണത്തിനുളളിൽ തിരുകി. പിന്നെ, എന്നെ ഒന്നു കൂടി അടിമുടി നോക്കിയ ശേഷം, ചുണ്ട് തുടച്ച് തിരിഞ്ഞു നടന്നു.
എനിക്ക് കരച്ചിൽ വന്നു. താമിയെ അന്വേഷിച്ച് ഒറ്റക്ക് ഈ കപ്പലിലേക്ക് വന്നത് വിഡ്ഢിത്തമായിപ്പോയെന്ന് ഓരോ നിമിഷം കഴിയും തോറും എനിക്ക് കൂടുതൽ കൂടുതൽ ബോധ്യമായിത്തുടങ്ങി. ""എന്റെ മൂപ്പാ, അച്ഛനു തുല്യനായ തൈനോകളുടെ പൊന്നു മൂപ്പാ, എന്നോട് ക്ഷമിക്കൂ.'' ഞാൻ ശബ്ദമില്ലാതെ കരഞ്ഞു.
എനിക്കു കുടിക്കാൻ ഒരു കോപ്പയിൽ മധുരമുളള മറ്റൊരു പാനീയവുമായി ബാഷോയും മറ്റുളളവരും തിരിച്ചു വന്നു. ""എനിക്കൊന്നും വേണ്ട, താമിയെ കണ്ടാൽ മതി. ദയവു ചെയ്ത് എന്നെ അവന്റടുത്ത് എത്തിക്കൂ.'' ""അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ട് ഞങ്ങളുടെ മറ്റ് കപ്പലുകളിൽ. ഞങ്ങൾ നിങ്ങളുടെ ദ്വീപിനെക്കുറിച്ച് കൂടുതൽ അറിയാനുളള ശ്രമത്തിലാണ്. നിങ്ങളുടെ ദ്വീപും ജീവിതരീതിയും പ്രകൃതിയും ഞങ്ങൾക്ക് ഏറെ പ്രിയങ്കരമായിരിക്കുന്നു.'' ബാഷോയുടെ വായിൽ നിന്ന് ഞാൻ വെളളമൂപ്പന്റെ വാക്കുകൾ കേട്ടു.""അതിഥി സൽക്കാര പ്രിയരായ നിങ്ങളുടെ സഹായം ഞങ്ങൾക്ക് തുടർന്നും ആവശ്യമുണ്ട്.''""പറയൂ ദ്വീപിലെവിടെയെങ്കിലും സ്വർണം സൂക്ഷിച്ചു വെച്ചിട്ടുണ്ടോ? വീട്ടിലോ മറ്റോ വലിയ സ്വർണക്കട്ടികളോ ആഭരണങ്ങളോ ഉണ്ടോ?'' ഇപ്പോൾ മൂക്കുത്തിയില്ലാത്ത എന്റെ മൂക്കിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബാഷോ ചോദിച്ചു.""തോടുകളിലുണ്ട്. ധാരാളം. മീനിന്റെ രൂപത്തിൽ. സ്വർണ മീൻ'' ഞാൻ പറഞ്ഞു.
ഒരു നിമിഷം ബാഷോയും മറ്റുളളവരും സ്വർണം കൊണ്ടുണ്ടാക്കിയ മീനിനെക്കുറിച്ചാലോചിച്ചെന്ന പോലെ നിശബ്ദരായി.
""എന്തായാലും ഞങ്ങളെ രാജാവിന്റെ അടുത്തേക്ക് കൊണ്ടു പോകണം. അതിനു ഞങ്ങളെ സഹായിച്ചേ പറ്റൂ.'' ബാഷോ എന്റെ ചോര പൊടിഞ്ഞ ചുണ്ടുകളിൽ തൊട്ടു കൊണ്ട് പറഞ്ഞു.""എനിക്ക് താമിയെ കാണണം. അതിനാണ് ഞാൻ മൂപ്പന്റെ അനുമതിയില്ലാതെ ഇവിടെ വരെ വന്നത്.'' ഞാൻ ആംഗ്യ ഭാഷയും വാക്കുകളും കൂട്ടിച്ചേർത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു. ""തീർച്ചയായും തീർച്ചയായും.'' ബാഷോ മറ്റ് രണ്ട് പായക്കപ്പലുകളിലേക്ക് വിരൽ ചൂണ്ടി. പിന്നെ എന്റെ കൈയിലെ കോപ്പയിലെ പാനീയം ബലം പ്രയോഗിച്ച് എന്റെ വായിലേക്കൊഴിച്ചു. ഞാൻ ഇതുവരെ കുടിച്ചിട്ടുളളവയിൽ വെച്ച് ഏറ്റവും മധുരമുളള പാനീയമായിരുന്നു അത്. പക്ഷെ കുടിച്ച് കഴിഞ്ഞതും കടൽക്ഷോഭം പോലെ എനിക്കു ചുറ്റും കടലും, കടൽപക്ഷികളും, അതിഥികളുടെ കപ്പലിലെ നാനാ തരം വസ്തുക്കളും കറങ്ങുകയും ഇളകുകയും ചെയ്തു.
കണ്ണുകൾ അടഞ്ഞടഞ്ഞ് ചിറകു കുഴഞ്ഞ ഒരു പക്ഷിയെ പോലെ ചെരിഞ്ഞു വീഴുന്നത് ഞാൻ അറിഞ്ഞു. ആരൊക്കെയോ എന്റെ മേലേക്ക് വീഴുന്നതും...▮
(തുടരും)