ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

രാജാക്കന്മാരും ചക്രവർത്തിയും

തൈമയും കൊളംബസും -4

കൊളംബസ് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന് തൈനോ പെണ്ണിന്റെ മേൽ നഗ്‌നനായി കിടക്കുകയായിരുന്ന ബാഷോവിനെ വലിച്ചെഴുന്നേൽപ്പിച്ച് മറ്റൊരു അറയിലെത്തിച്ചു.
അവിടെ പെഡ്രോ തല കുനിച്ച് നിൽക്കുന്നുണ്ടായിരുന്നു.
മുഖമടച്ചുളള ആദ്യത്തെ അടിയിൽ തന്നെ ബാഷോ നിലത്തു വീണു.
അയാളുടെ മുന്നോട്ടുന്തിയ കോന്ത്രൻ പല്ലുകൾക്കിടയിലൂടെ ചോര പുറത്തേക്ക് ചീറ്റി. നിലത്തു വീണു കിടക്കുന്ന ബാഷോവിനെ ചവിട്ടാൻ കാലുയർത്തിയപ്പോഴേക്ക് പെഡ്രോ വന്ന് കൊളംബസിനെ പിടിച്ചു മാറ്റി. ""അഡ്മിറൽ എന്താണ് കാണിക്കുന്നത്? നമ്മളിൽ ഒരാളെ തന്നെ തല്ലിച്ചതക്കുകയോ? ദയവു ചെയ്ത് ശാന്തനാകൂ.'' ""ഇവൻ, ഈ ദൈവത്തിനു നിരക്കാത്തവൻ... നമ്മൾ ഈ ദ്വീപിൽ, ഈ ദേശത്ത് വന്നിരിക്കുന്നത് എന്തിനാണെന്നു പോലും മറന്ന്.''""ക്ഷമിക്കണം, അഡ്മിറൽ. പക്ഷെ നമ്മൾ ഇത് ആദ്യമായിട്ടല്ലോ. ഇതിനു മുൻപ് എത്രയോ...അതു കൊണ്ടാണ് നാവികർ..''""അതു കൊണ്ട്? കൊളംബസ് വീണ്ടും ബാഷോയുടെ നേർക്കാഞ്ഞു. ""കാനറി ദ്വീപുകളിൽ വച്ച് അഡ്മിറൽ തന്നെ. അപ്പോ പിന്നെ നമുക്കെങ്ങനെയാണ് മറ്റ് നാവികരെ തടയാൻ കഴിയുക?'' പെഡ്രോ കൊളംബസിന്റെ മുഖത്തു നോക്കാതെ ചോദിച്ചു.
ബാഷോ വായിലെ ചോര തുടച്ചു കളഞ്ഞ് നിവർന്നു നിന്നു, ഏതു നിമിഷവും മറ്റൊരടി പ്രതീക്ഷിച്ചു കൊണ്ട്.

കൊളംബസ് രണ്ടു ചാൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.""കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണത്തിന്റെ സ്രോതസ്സ് അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്. ഇതു വരെയ്ക്കും വിശ്വസനീയമായ ഒരു വിവരവും കിട്ടിയിട്ടില്ല. എത്രെയെണ്ണത്തിനെ പിടിച്ചു കൊണ്ടു വന്നു. കുറെയെണ്ണം മീനുകളെ പോലെ ചാടിപ്പോയി. തല്ലിയിട്ടും, കൈയും കാലും വെട്ടിയിട്ടും കാര്യമായൊന്നും തടഞ്ഞിട്ടില്ല. ആ പെണ്ണ് പറഞ്ഞ രാജാവിലാണ് തൽക്കാലം പ്രതീക്ഷ. അതിനിടക്ക് ഇവനും മറ്റുളളവരും ചേർന്ന് ഉപദ്രവിച്ച് അവളെങ്ങാനും ചത്തു പോയാലോ?''
ബാഷോ വീണ്ടും തല താഴ്ത്തി. പെഡ്രോയും നിശബ്ദനായി.""മൃഗങ്ങളെ പോലെ ജീവിക്കുന്ന ഈ തൈനോകൾ നമ്മുടെ അടിമകളാണ്. പക്ഷെ, കൊളംബസും സംഘവും വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർണത്തിൽ മാത്രമായിരിക്കണം തൽക്കാലം നമ്മുടെ ശ്രദ്ധ.''""ക്ഷമിക്കണം അഡ്മിറൽ. ഇനി ഇങ്ങനെയൊരു തെറ്റ് ഉണ്ടാവില്ല.'' ബാഷോ പറഞ്ഞു.
കൊളബസിന്റെ മുഖം അയഞ്ഞു. ""ബലം പ്രയോഗിച്ച് ചെയ്യരുതെന്നേ പറഞ്ഞുളളൂ. സ്വന്തം ഇഷ്ടപ്രകാരം വരുന്നവളുമാരുമൊത്ത് ആവാം.''
പെഡ്രോയും ബാഷോയും ശരിയാണെന്ന മട്ടിൽ ചിരിച്ചു.""പെണ്ണുങ്ങളെ കാണാതെ ജീവിക്കുന്നത് നാവികരുടെ വീര്യം കെടുത്തുന്നുണ്ട്.'' ബാഷോ പോയിക്കഴിഞ്ഞപ്പോൾ പെഡ്രോ കൊളംബസിനോട് പറഞ്ഞു.
കൊളംബസ് തൊലു കെട്ടിയുണ്ടാക്കിയ പാത്രത്തിൽ നിന്ന് അല്പം മദ്യം രുചിച്ചു. കടൽക്കാറ്റ് മുഖത്ത് തട്ടിയപ്പോൽ അജ്ഞാതയായ ഏതോ സ്ത്രീയുടെ സാമീപ്യം പോലെ തോന്നി. എത്ര നാളായി ഒരു പെണ്ണിന്റെ സഹവാസം അറിഞ്ഞിട്ട്. ""പെണ്ണുങ്ങളുടെ ഒരു ദ്വീപിനെക്കുറിച്ച് കേട്ടിരുന്നല്ലോ. അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നോ?''""അതെ അഡ്മിറൽ. നീനയിൽ പിടിച്ചിട്ടിരിക്കുന്ന ഒരു പയ്യനിൽ നിന്ന് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. പെണ്ണുങ്ങൾ മാത്രം പാർക്കുന്ന ഒരു ദ്വീപ്. അവിടേക്ക് സന്ദർശനത്തിനു പോകുന്ന ആണുങ്ങൾ. തങ്ങൾക്ക് താല്പര്യം തോന്നുന്ന ഇണയോടൊപ്പം ദിവസങ്ങളോ മാസങ്ങളോ പാർക്കുന്നു. പിന്നെ, മടുക്കുമ്പോൾ തിരിച്ച് തങ്ങളുടെ ദ്വീപുകളിലേക്ക് മടങ്ങുന്നു.''""ഉം.''

പക്ഷെ, ധൃതി വെക്കാനായിട്ടില്ല. പ്രധാനപ്പെട്ട കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട്. ഈ ദ്വീപുവാസികളുടെ ഭാഷയാണ് പ്രശ്‌നം. മൊഴിമാറ്റത്തിന് ആളുകളുണ്ടായിട്ടും അവർ പറയുന്ന പല കാര്യങ്ങൾക്കും വാലും തലയുമില്ല. ദിക്കുകൾ പോലും ശരിക്കും പറഞ്ഞു തരാൻ ഈ മണ്ടന്മാർക്ക് കഴിയുന്നില്ല. വെറുതയല്ല ഇവർ ഇത്രയും ദരിദ്രരും അപരിഷ്‌കൃതരുമായി കഴിയുന്നത്. കപ്പലിൽ പിടിച്ചിട്ടിരിക്കുന്നവന്മാരാണെങ്കിൽ മീനുകളുടെ ജന്മമാണ്. ഏതു നിമിഷവും വഴുതി പോകും.

കൊളംബസ് കുഴലിലൂടെ തന്റെ ചുറ്റും പരന്നു കിടക്കുന്ന അനേകം ദ്വീപുകളുടെ രാവണൻ കോട്ട നോക്കി നിന്നു. അല്പം കൂടി മദ്യം രുചിച്ചു. പിന്നെ, അകത്ത് നാവികർ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന പെണ്ണിന്റെ സ്വർണം പൂശിയ മൂക്കുത്തി തന്റെ കുപ്പായ കീശയിൽ നിന്ന് ഒന്നു കൂടി പുറത്തെടുത്ത് പരിശോധിച്ചു.

പെഡ്രോ താഴത്തെ ഡെക്കിൽ ചെന്നു നോക്കി. കാബിനുകളിലൊന്നിൽ ചെന്നു നോക്കി. ബാഷോയെ കാണാനില്ലായിരുന്നു. തിരിച്ചു പോകാൻ തുനിഞ്ഞപ്പോൾ ബാഷോ കാബിനുകളിലൊന്നിൽ നിന്ന് തന്റെ കാലുറകൾ വലിച്ചു കേറ്റി, ഒരു കൈയിൽ ബെൽറ്റും പിടിച്ച് വരുന്നത് കണ്ടു. കാബിനുളളിൽ ഒരു നിഴൽ ഇളകി.""ബാഷോ, അഡ്മിറലിന്റെ അനുവാദം കിട്ടുന്നതിനു മുൻപു തന്നെ നീ..സ്വർണപൊട്ടുകൾ മൂക്കിൻ തുമ്പത്തോ കാലിലോ ഒക്കെ അണിഞ്ഞിട്ടുളളവരെ ഒന്നും ചെയ്യരുതെന്ന്...''
ബാഷോ തന്റെ കാലുറകൾ മുറുക്കി. ""അവളുടെ മേത്ത് ഉണ്ടായിരുന്നത് ഇതാ, ഞാനിങ്ങെടുത്തു.'' പെഡ്രോ കാബിനുളളിൽ ഒരു നിഴലു പോലെ കാണുന്ന സ്ത്രീ രൂപത്തെ നോക്കി. ""പോയി അനുഭവിക്ക്. എതിർപ്പൊന്നുമില്ലാതെ വഴങ്ങിത്തരുന്ന ഇനമാ. എന്നാലും ബെൽറ്റുപയോഗിച്ചോ. പെണ്ണിനതാ താല്പര്യം.''
ബാഷോ ചിരിച്ചു. അയാളുടെ കറ പിടിച്ച പല്ലുകൾ താഴെ വീഴാൻ പോവുകയാണെന്ന മട്ടിൽ പുറത്തേക്ക് വന്നു. പിന്നെ അകത്തേക്ക് തന്നെ വലിഞ്ഞു.
പെഡ്രോയുടെ കൈ തന്റെ അരക്കെട്ടിലേക്ക് നീണ്ടു.

സൂര്യൻ ഉദിച്ചയുടൻ പായക്കപ്പൽ തെക്കോട്ട് പുറപ്പെട്ടു. തലേന്നു രാത്രി എന്നെ സംബന്ധിച്ചിടത്തോളം തേളുകൾക്കും വിഷപ്പാമ്പുകൾക്കും ഇടക്ക് കഴിച്ചു കൂടിയതു പോലെയായിരുന്നു. വെളുത്ത മൂപ്പൻ വലിച്ചു കൊണ്ടു പോയതിനു ശേഷം ആ ബാഷോ എന്തുകൊണ്ടോ തിരികെ വന്നില്ല. അയാളെന്നല്ല, ആരും. എങ്കിലും എന്നെ കെട്ടിയിട്ടിരുന്ന ഇരുട്ടറക്കു പുറത്തെ ഓറോ കീറ് വെളിച്ചവും ഓരോ ശബ്ദവും എന്നെ ഞെട്ടിച്ചു കൊണ്ടിരുന്നു.
രാവിലെ മുതൽ എന്നെ കാണാഞ്ഞ് പാരി മൂപ്പനോടും ചീറയേയും നിർത്താതെ പരാതി പറയുന്നുണ്ടാകുമല്ലോ എന്നോർത്തപ്പോൾ എനിക്ക് വീണ്ടും കരച്ചിൽ വന്നു. ""താമിയേയും ചീറയേയും പാരിയേയും കാണാനാവാതെ ഈ കടലിലെവിടെയെങ്കിലും ഇവർ എന്നെ കൊന്നു തളളുമല്ലോ മൂപ്പാ...''
ഞാൻ, ഓളങ്ങളിൽ ഉലയുന്ന കപ്പലിന്റെ മരത്തറയിൽ തല ആഞ്ഞിടിച്ചു.
കുറച്ചു നേരത്തേക്ക് എന്റെ ബോധം മറഞ്ഞു. കണ്ണു തുറന്നപ്പോൾ മുന്നിൽ ബാഷോയെ കണ്ട് ഞാൻ സകല ശക്തിയുമെടുത്ത് നിലവിളിക്കുകയും ചാടി എഴുന്നേൽക്കുകയും ചെയ്തു. പക്ഷെ, ബാഷോ എന്നെ തൊടുകയോ അടുത്തേക്ക് വരികയോ ചെയ്തില്ല. അയാളുടെ വായ്ക്കു ചുറ്റും ചോര കട്ടപ്പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു.

പരുത്തി കൊണ്ടോ മൃഗത്തോലു കൊണ്ടോ ഉണ്ടാക്കിയ ദേഹം മുഴുവൻ മറക്കുന്ന ഒരു ഉടുപ്പ് അയാൾ എനിക്കു നേരെ നീട്ടി. ഞാൻ മടിച്ചു നിന്നപ്പോൾ അയാൾ തന്നെ അത് എന്റെ ദേഹത്ത് കെട്ടി. ""ഇപ്പോൾ നീയും ഞങ്ങളിൽ ഒരാളായിരിക്കുന്നു.'' അയാൾ പറഞ്ഞു. ""എനിക്ക് നിങ്ങളിൽ ഒരാളാകണ്ട. തിരിച്ച് പോയാൽ മതി. താമിയെ കണ്ടാൽ മതി.''
ഞാൻ ദേഹത്ത് നിന്ന് ഉടുപ്പ് ഊരി മാറ്റാൻ ശ്രമിച്ചപ്പോൾ ബാഷോ തടഞ്ഞു.

""ഇത് ഞങ്ങളുടെ രീതിയാണ്. ഞങ്ങളുടെ സൗഹൃദത്തിന്റെ അടയാള ചിഹ്നം.''
ഞാൻ ഉടുപ്പിൽ തിരുപ്പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്നു. ബാഷോ എന്നെ പുറത്തേക്ക് നയിച്ചു. അവിടെ മറ്റ് അതിഥികൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ബാഷോ എന്നോട് അയാൾ ചെയ്യുന്നതു പോലെ ചെയ്യാൻ പറഞ്ഞു. ഞാൻ അയാളുടെ കര ചലനങ്ങൾ ആവർത്തിച്ചു. അയാൾ മുട്ടു കുത്തിയപ്പോൾ ഞാനും മുട്ടു കുത്തി. അയാൾ കണ്ണുകളടച്ച് ചൊല്ലിയ പ്രാർത്ഥനാ വാചകങ്ങൾ അർത്ഥമറിയാതെ ആവർത്തിച്ചു.
അവരുടെ പാട്ടുകളും പ്രാർത്ഥനകളും ഒന്നും എനിക്ക് മനസ്സിലായില്ല. അവരുടെ കൈകളിൽ കാണുന്ന തലങ്ങും വിലങ്ങുമുളള മരക്കഷ്ണങ്ങൾ ഒട്ടിച്ചു വച്ച വിശിഷ്ട സാധനം എന്താണ്?
വാക്കുകളും ചിഹ്നങ്ങളും ഇല്ലാത്ത പ്രാർത്ഥനയാണ് പ്രകൃതിയുടേത്; അതാണ് നമ്മളും ഏറ്റെടുക്കേണ്ടത് എന്നാണല്ലോ മൂപ്പൻ എപ്പോഴും പറയാറ്.
കടൽ ഇളകുകയും കുതറുകയും ചെയ്തു. ഒരു വലിയ കുടം വെളളം കപ്പലിനകത്തേക്ക് തെറിച്ചു. വെളുത്ത മൂപ്പനും മറ്റ് അതിഥികളും അത് കാര്യമാക്കാതെ പ്രാർത്ഥന തുടർന്നു. ""ഇപ്പോൾ നീ ഞങ്ങളിൽ ഒരാളായിരിക്കുന്നു. ഇനി ഞങ്ങൾക്കു വഴി കാണിച്ചു തന്നാലും.''

പ്രാർത്ഥന കഴിഞ്ഞപ്പോൾ ബാഷോ എന്നോട് പറഞ്ഞു. എല്ലാവരും എന്നെ നോക്കി. ഇന്നലത്തേതിൽ നിന്ന് എത്ര വ്യത്യസ്തമായാണ് എല്ലാവരും തന്നെ നോക്കുന്നതെന്ന് ഞാൻ ആശ്ചര്യം കൊണ്ടു. എന്റെ മനസ്സിൽ വെളുത്ത മൂപ്പനോടുളള സ്‌നേഹവും നന്ദിയും നിറഞ്ഞു. ""വെളുത്ത മൂപ്പൻ ഞങ്ങളുടേയും മൂപ്പനാണ്.'' ഞാൻ ഉച്ചത്തിൽ പറഞ്ഞു.
ഒരു തണുത്ത കാറ്റ് എന്റെ ദേഹത്തെ നഖപ്പാടുകളിൽ തലോടിക്കൊണ്ട് കടന്നു പോയി.
അകലെ മൂർ രാജാവിന്റെ ദ്വീപിലെ ആകാശം മുട്ടുന്ന മരങ്ങളുടെ തലപ്പുകൾ കണ്ടു. ഞാൻ അങ്ങോട്ട് കൈ ചൂണ്ടി. ഭക്ഷണം മതിയാക്കി അതിഥികളിൽ ചിലർ ചാടിയെണീറ്റു. അവർ ആവേശത്തോടെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു.
കപ്പലിൽ നിന്നിറക്കിയ കൊച്ചു വളളങ്ങൾ കരക്കടുത്തതും മണൽത്തരികൾ ചവിട്ടിത്തെറിപ്പിച്ചു കൊണ്ട് ഞാൻ കരയിലേക്ക് ഓടി. അതിഥികൾ കെട്ടിക്കൊടുത്ത ഉടുപ്പ് ഊരിപ്പോയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല.
കരയിലെത്തി ആദ്യം കണ്ട ആളുകളോട് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു: ""സ്വർഗത്തിൽ നിന്നു വന്ന മനുഷ്യർ നിങ്ങളെ കാണാൻ കാണാൻ വന്നിരിക്കുന്നു. സ്വർഗത്തിൽ നിന്നു വന്നവർ!''
ആളുകൾ എനിക്കു ചുറ്റും കൂടി. അവർ കരയിൽ നിന്ന് അല്പം മാറി നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് കൗതുകത്തോടെ നോക്കി.""എങ്ങിനെയാണ് അവർ സ്വർഗത്തിൽ നിന്ന് നമ്മുടെ ദ്വീപിലേക്ക് എത്തിയത്?'' ""ചിറകുകളുളള ആ വലിയ വളളങ്ങളിൽ.''""അവർ എങ്ങിനെയുളള മനുഷ്യരാണ്? നമ്മളെ പോലെ ചുകന്നവരാണോ?''""അല്ല. വെളുവെളുത്ത മനുഷ്യരാണ്.''""ഓ, അപ്പോൾ സ്വർഗത്തിൽ നിന്നും വന്നവർ തന്നെ. ഭൂമിയിൽ എല്ലാ മനുഷ്യരും ചുകന്നിരിക്കും.''""അവർ എങ്ങിനെയുളളരാണ്?''""വളരെ സ്‌നേഹം ഉളളവരാണ്. പല പല സമ്മാനങ്ങൾ കൊണ്ടു തന്നിട്ടുണ്ട്.'' ഞാൻ എന്റെ കൈയിലുണ്ടായിരുന്ന മണി കുലുക്കിക്കാണിച്ചു. ചില്ലു പൊട്ടു കൊണ്ടുണ്ടാക്കിയ മാല തൊട്ടു കാണിച്ചു. എന്റെ ചുറ്റും ഉണ്ടായിരുന്ന പെണ്ണുങ്ങൾ അവ തൊട്ടു നോക്കുകയൂം എന്റെ അവകാശവാദം അംഗീകരിച്ചു കൊണ്ട് തല കുലുക്കുകയും ചെയ്തു.""പക്ഷെ, നിന്റെ ദേഹത്ത് കാണുന്ന ഈ പാടുകളോ? അതും ഈ സ്വർഗ മനുഷ്യർ ചെയ്തതാണോ?'' ഒരു വൃദ്ധയായ സ്ത്രീ സംശയിച്ചു.""ഏയ്, അല്ല. അത് മീനുകൾ കൊത്തിയതാണ്. '' ഞാൻ പറഞ്ഞു.
എന്റെ വാക്കുകൾ നാവുകളിൽ നിന്ന് കാതുകളിലെക്ക് ദ്വീപിനകം മുഴുവൻ വായു വേഗത്തിൽ പ്രചരിച്ചു.""സ്വർഗത്തിൽ നിന്നു വന്ന മനുഷ്യർ! സ്വർഗത്തിൽ നിന്നു വന്ന മനുഷ്യർ! വെളുത്ത മനുഷ്യർ! വെളുത്ത മനുഷ്യർ!''""അവർ എന്തിനാണ് ഞങ്ങളുടെ ദ്വീപിൽ വന്നിരിക്കുന്നത്?'' ആരോ എന്നോട് ചോദിച്ചു.
ഞാൻ മുന്നിൽ നിന്നിരുന്ന ഒരു പെണ്ണിന്റെ മൂക്കിൽ കെട്ടിയിട്ട സ്വർണപൊട്ട് ചൂണ്ടിക്കാണിച്ചു. ""ഇതു തേടിയാണ്.''
""സ്വർഗത്തിൽ നിന്നു വന്ന വെളുത്ത മനുഷ്യർ! സ്വർഗത്തിൽ നിന്നു വന്ന വെളുത്ത മനുഷ്യർ!'' കടൽക്കരയിലേക്ക് വന്നു കൊണ്ടിരുന്ന ആളുകൾ നിർത്താതെ പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞപ്പോൽ രാജാവും കുടുംബവും കടൽക്കരയിലേക്ക് എഴുന്നളളി. രാജാവ് സ്വർണം കൊണ്ടുണ്ടാക്കിയ കിരീടവും അരപ്പട്ടയും ധരിച്ചിരുന്നു. രാജാവിന്റെ മക്കളും സഹോദരങ്ങളും രാജാവിനു തൊട്ടു പിന്നാലെ നടന്നു. ദ്വീപു വാസികൾ മുഴുവനും ആദരവോടെ തല കുമ്പിടുകയും ഉപചാര വാക്യങ്ങൾ വിളിച്ചു പറഞ്ഞ് രാജാവിനെ സന്തോഷിപ്പിക്കുകയും ചെയ്തു. രാജാവ് കുറച്ചു നേരം കരയിൽ നിന്നു മാറി നങ്കൂരമിട്ടിരുന്ന അതിഥികളുടെ കപ്പലിനെ നോക്കി. പിന്നെ, ആകാശത്തേക്കു നോക്കി കൈയുയർത്തിക്കൊണ്ട് മായൻ ദൈവത്തിന്റെ പ്രാർത്ഥന ചൊല്ലി.

""അല്ലയോ ദൈവമേ ഞങ്ങൾക്ക് നല്ലതു വരുത്തുന്നതെന്താണോ അത് ഞങ്ങൾക്ക് കനിഞ്ഞ് നൽകി അനുഗ്രഹിച്ചിടേണമേ!''
രാജാവിന്റെ ഇടതു വശത്ത് അദ്ദേഹത്തിന്റെ ഉപദേശകനും മറു വശത്ത് പടനായകനും ഉണ്ടായിരുന്നു. കുറേ നേരം രാജാവ് അവരുമായി എന്തൊക്കെയോ സംസാരിച്ചു. പിന്നെ, ദ്വീപ് വാസികളെ നോക്കി പറഞ്ഞു: ""സ്വർഗത്തിൽ നിന്നെത്തിയ ഈ അതിഥികളെ നമ്മുടെ ഉപചാരങ്ങളനുസരിച്ച് സ്വീകരിക്കേണ്ടതാകുന്നു. ഈ വിശിഷ്ടാതിഥികൾ സ്വർണം അന്വേഷിച്ചാണ് നമ്മുടെ ദ്വീപ് തേടി വന്നിരിക്കുന്നതെന്നും അറിയുന്നു. നമുക്കുളളത് അവർക്കും അവകാശപ്പെട്ടതാണ്.''
അതോടെ ചുറ്റുമുണ്ടായിരുന്ന സ്ത്രീകളിൽ സ്വർണത്തരി ദേഹത്തുണ്ടായിരുന്നവർ അവ ഊരിയെടുക്കാൻ തുടങ്ങി. ചിലർ വീടുകളിലേക്ക് ഓടി. ഒന്നു രണ്ട് ആൺകുട്ടികൾ മലമുകളിൽ നിന്ന് താഴേക്ക് ഒഴുകുന്ന അരുവികളിൽ തടം കെട്ടി സ്വർണത്തരികൾ അരിച്ചെടുക്കാൻ പോയി. അതിഥികളെ സ്വീകരിക്കാൻ ദ്വീപിൽ അടുത്ത കാലത്തൊന്നുമില്ലാത്ത വിധം തിക്കും തിരക്കും ഉണ്ടായി.
ആരൊക്കെയോ ചേർന്ന് എന്നെ ഒരിടത്ത് സ്വീകരിച്ചിരുത്തി. കുടിക്കാൻ തന്നു. ഞാൻ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും മൂപ്പനോ എന്റെ ദ്വീപിൽ നിന്നുളള മറ്റാരെങ്കിലുമോ ഉണ്ടോ എന്ന് വെറുതെ നോക്കി.
എന്റെ മൂപ്പാ, താമിയെ കാണാനും കഴിഞ്ഞില്ല. ഞാനിങ്ങനെ ഒരു കെണിയിലും ചെന്ന് പെട്ടല്ലോ മൂപ്പാ...

വളരെ വേഗം കടപ്പുറത്ത് നൂറോളം ദ്വീപു വാസികൾ തിങ്ങിക്കൂടി. അവരുടെ കൈയിലെ കൂട്ടകളിൽ തത്തകളും, മരച്ചീനി കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും, ചെമ്പും, ചൂരൽ കെട്ടിയ പണി സാധനങ്ങളും ഉണ്ടായിരുന്നു. അവരിൽ ചിലരുടെ വീടുകളിൽ ഇനി ഒരു സാധനവും ബാക്കിയില്ലെന്ന് എനിക്ക് മനസ്സിലായി. എല്ലാവരും രാജാവിന്റെ അടുത്ത ആജ്ഞ കാത്ത് കുത്തിയിരുന്നു
വെയിൽ വീണ്ടും കണ്ണുകളെ പൊളളിച്ചപ്പോൾ ഞാൻ ദ്വീപിനു ചുറ്റും വീണ്ടും കണ്ണോടിച്ചു. ഏറെക്കുറെ എന്റെ ദ്വീപിന്റെ അതേ ഘടന. രണ്ട് ദ്വീപുകളേയും ബന്ധിക്കുന്ന തോടുകളുടെ ശൃംഖലയുണ്ട്. ഒറ്റ മരം കൊണ്ടുണ്ടാക്കിയ ഒരു വളളം കിട്ടിയാൽ ഏളുപ്പത്തിൽ രക്ഷപ്പെടാവുന്നതേയുളളൂ.
പക്ഷെ, അപ്പോഴേക്ക് രാജാവിന്റെ പുറപ്പാട് തുടങ്ങി.
ആദ്യം രാജാവ് വലിയ വളളത്തിൽ കയറി. എന്നെയും ഒപ്പം കയറ്റി. പിന്നെ, ഉപദേശകനും, സൈന്യാധിപനും, രാജാവിന്റെ ചെറിയ മകനും. ചെറിയ മകനെ ഒരാൾ തോളിൽ എടുത്തിരുന്നു. വളളം പുറപ്പെട്ടപ്പോൾ കരയിൽ നിന്ന ദ്വീപു വാസികൾ രാജാവിന്റെ ഉപചാര വാക്യങ്ങൾ വിളിച്ചു പറഞ്ഞു. വളളം നീങ്ങിത്തുടങ്ങിയപ്പോൾ കരയിൽ നിന്നു ആകാശം പിളർക്കുന്ന ഉച്ചത്തിൽ കുഴൽ വാദ്യം മുഴങ്ങി. അതിന്റെ കാഹളം വെളളത്തിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞു മീനുകളുടെ ഉറക്കം കെടുത്തി.

അതിഥികൾ രാജാവിനെ വരവേറ്റ് കപ്പലിനകത്തേക്ക് കൊണ്ടു പോയി. മേശപ്പുറത്ത് വിഭവസമൃദ്ധമായ ഭക്ഷണവും, മദ്യവും നിരത്തിയിരുന്നു. വെളുത്ത മൂപ്പന്റെ അനുയായികൾ രാജാവിനെ അവരുടെ രീതിയിൽ വണങ്ങുകയും അവരുടെ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു. വെളുത്ത മൂപ്പനു വേണ്ടി പരിഭാഷപ്പെടുത്താൻ ബാഷോ മുന്നോട്ടു വന്നു. ""സ്വർഗത്തിൽ നിന്നു വന്ന അതിഥികൾക്ക് സ്വാഗതം. എന്തു സഹായമാണ് ഞാനും എന്റെ ആളുകളും അതിഥികൾക്ക് ചെയ്തു തരേണ്ടത്?''

വെളുത്ത മൂപ്പൻ രാജാവിനോട് മദ്യ കോപ്പ ഉയർത്താൻ ആവശ്യപ്പെട്ടു. പിന്നെ കോപ്പകൾ മുട്ടിച്ചു.
വെളുത്ത മൂപ്പൻ കടും നിറത്തിലുളള, തിളങ്ങുന്ന എന്തൊക്കെയോ സാധനങ്ങൾ രാജാവിനെ കാണിച്ചു. ""സ്വർഗത്തിലെ രാജക്കൻമാരുടെ പ്രതാപം അതി ഗംഭീരമായിരിക്കണം.'' രാജാവ് പറഞ്ഞു.""സ്‌പെയിൻ-- അതാണ് ഞങ്ങളുടെ രാജ്യത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണത്.''""സ്വർഗത്തിൽ നിന്നു വന്ന മനുഷ്യരെ ഞങ്ങൾ ആദ്യമായാണ് കാണുന്നത്. നിങ്ങളുടെ പ്രതാപവും ആയുധങ്ങളും മേലങ്കിയും, വ്യത്യസ്തമായ ഭക്ഷണ രീതികളും ഞങ്ങളെ വളരെ സന്തോഷിക്കുന്നു. നിങ്ങളുടെ ഈ അന്ദർശനം എന്റെ ആളുകളെ പ്രചോദിപ്പിക്കുന്നു. ദയവു ചെയ്തു പറയൂ- എങ്ങിനെയാണ് ഞങ്ങൾ നിങ്ങളെ സഹായിക്കേണ്ടത്?''
രാജാവ് കൈയുയർത്തി കരയിൽ നിൽക്കുന്ന ദ്വീപു വാസികൾക്ക് ആജ്ഞ കൊടുത്തപ്പോൾ അവർ വളളങ്ങളിലും നീന്തിയും കപ്പലിനടുത്തേക്ക് വന്നു. രാജാവ് തന്റെ കൈയിലുണ്ടായിരുന്ന കോപ്പയിൽ നിന്ന് മദ്യം രുചിച്ച ശേഷം കൊളംബസിനെ നോക്കി നന്ദി പറഞ്ഞു പിന്നെ, കോപ്പ തന്റെ ആളുകൾക്ക് കൈമാറി. അത് രുചിച്ചു നോക്കിയ ശേഷം വെളുത്ത മനുഷ്യർക്ക് നന്ദി സൂചകമായി ഉപചാരം വിളിച്ചു.

ഭക്ഷണവും അല്പം രുചിച്ചു നോക്കിയ ശേഷം രാജാവ് തന്റെ ആളുകൾക്ക് കൈമാറി. ""സ്വർണം, നിങ്ങളുടെ ആളുകളുടെ മൂക്കിലും ചെവിയിലും കാണുന്ന സ്വർണത്തിന്റെ സ്രോതസ്സ്-അതാണ് ഞങ്ങൾക്ക് കാണേണ്ടത്.''
രാജാവ് ഒരു നിമിഷം ആലോചിച്ചു. പിന്നെ തന്റെ ഉപദേശകനുമായി എന്തോ സംസാരിച്ചു. എഴുന്നേറ്റു നിന്ന് നീണ്ട ഉപചാര വാക്കുകൾ ചൊല്ലി. അരയിൽ കെട്ടിയിരുന്ന സ്വർണം കൊണ്ടുണ്ടാക്കിയ ബെൽറ്റ് ഊരി മേശപ്പുറത്ത് വച്ചു. വെളുത്ത മൂപ്പനോട് എടുത്തോളാൻ ആംഗ്യം കാണിച്ചു.
കപ്പലിനു പുറത്ത് വെളളത്തിലും വളളങ്ങളിലും കൂടി നിന്നിരുന്ന രാജാവിന്റെ ആളുകളുടെ തൊണ്ടയിൽ നിന്ന് അരുതെന്ന് ശബ്ദം ഉയർന്നു. തുടർന്ന് പരസ്പരം പതിഞ്ഞ ശബ്ദത്തിൽ അവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ പറഞ്ഞു. രാജാവ് കൈയുയർത്തി അവരോട് നിശബ്ദരാകാൻ ആംഗ്യം കാണിച്ചു. ""അതിഥികൾക്ക് എന്റേയും എന്റെ ആളുകളുടേയും സമ്മാനം. ദയവു ചെയ്ത് സ്വീകരിച്ചാലും.''
പക്ഷെ, വെളുത്ത മൂപ്പന്റെ മുഖം എന്തു കൊണ്ടോ പ്രകാശിച്ചില്ല. ""നന്ദിയുണ്ട് താങ്കളുടെ സമ്മാനത്തിന്. പക്ഷെ, ഈ സ്വർണം എവിടെയാണ് വിളയുന്നത്? സ്വർണഖനികൾ. അതാണ് ഞങ്ങൾക്ക് കാണേണ്ടത്.'' സ്വർണപ്പട്ട തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വെളുത്ത മൂപ്പൻ ചോദിച്ചു.
സങ്കീർണമായ ഒരു പ്രശ്‌നത്തിന് ഉത്തരം തേടുന്നതു പോലെ രാജാവ് കണ്ണുകളടച്ച് ആലോചനയിൽ മുഴുകി. കടലിന്റേയും കാറ്റിന്റേയും ശബ്ദമൊഴിച്ച് ബാക്കിയെല്ലാം നിശബ്ദമായി. നിമിഷങ്ങൾ നീണ്ടു നീണ്ടു പോയി. വെളുത്ത മൂപ്പന്റെ മുഖത്ത് അക്ഷമ നിറഞ്ഞു.
പെട്ടെന്ന് അതിഥികളിലൊരാൾ രാജാവിന്റെ കഴുത്തിൽ ഇടതു കൈത്തണ്ട ചുറ്റി വലതു കൈയിലെ ആയുധം രാജാവിന്റെ കിരീടത്തിൽ മുട്ടിച്ചു കൊണ്ട് അലറി: ""ഇതാ ഇതിൽ കാണുന്ന സ്വർണം...അതെവിടെ നിന്ന് കിട്ടി എന്നാണ് ഞങ്ങൾക്കറിയേണ്ടത്. അധികം ആലോചിക്കാൻ നിക്കാതെ ഉത്തരം പറ...''
കപ്പലിനു പുറത്തു നിർത്തിയിരുന്ന വളളങ്ങളിലൊന്നിൽ നിന്ന് നാലഞ്ച് ദ്വീപുകാർ തങ്ങളുടെ ചാട്ടുളികളുമായി കപ്പലിനകത്തേക്ക് ചാടി വീണു. അവർ രാജാവിനു ചുറ്റും ഒരു വലയം തീർത്തു. അതിഥികളും അവരുടെ ആയുധങ്ങൾ ഊരിപ്പിടിച്ച് തയാറായി നിന്നു. വെളുത്ത മൂപ്പനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു ചാട്ടുളി പറന്നു പോയി. അത് എയ്തു വിട്ടവനെ അതിഥികളിലൊരാൾ ഒറ്റയടിക്ക് താഴെയിട്ട്, ചവിട്ടാൻ കാലുയർത്തിയപ്പോൾ വെളുത്ത മൂപ്പൻ അയാളെ തടഞ്ഞു.
മറ്റൊരു ദ്വീപുകാരൻ തന്റെ കുന്തം ഉയർത്തിയതും രാജാവിനെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരുന്നയാൾ അയാളെ വാൾ കൊണ്ട് വെട്ടി. നെഞ്ചിനു കുറുകേ ചോരയുടെ ഒരു നേർത്ത അരുവി തീർത്തു കൊണ്ട് അയാൾ മറിഞ്ഞ് വീണു.
വെളുത്ത മൂപ്പൻ ചുറ്റുവട്ടത്തുളള സകല ദ്വീപുകളിലും കേൾക്കവണ്ണം എന്തോ അലറി. പിന്നെ രാജാവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരുന്നവന്റെ കൈ ബലമായി വിടുവിച്ചു. അതിഥികളിലൊരാൾ കൈ നിറയെ എന്തോ പൊടി കൊണ്ടു വന്ന് താഴെ ചോരയൊലിപ്പിച്ചു കിടന്ന ദ്വീപുകാരന്റെ മുറിവിൽ പൊത്തി വച്ചു. പിന്നെ, എന്തോ വെളളം അതിന്മേൽ ഒഴിച്ചു. നിലത്തുകിടന്നയാൾ വേദനയിൽ പിടഞ്ഞു.""ദയവു ചെയ്തു ക്ഷമിക്കൂ. അവിവേകം കാട്ടിയത് പൊറുക്കൂ.'' വെളുത്ത മൂപ്പൻ രാജാവിന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.""ഞങ്ങളാണ് തെറ്റു ചെയ്തത്. ഞങ്ങളുടെ ഭാഗത്താണ് തെറ്റ്.'' രാജാവ് ചോരയൊലിപ്പിച്ചു കിടക്കുന്ന തന്റെ ദ്വീപുകാരനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ""ദയവു ചെയ്ത് സ്വീകരിച്ചാലും.'' തന്റെ കിരീടം ഊരി വെളുത്ത മൂപ്പന്റെ കൈകളിൽ അമർത്തിപ്പിടിപ്പിച്ച് രാജാവ് പറഞ്ഞു. ""അതിഥികൾ ഞങ്ങളോട് ക്ഷമിക്കൂ. സ്വർണം വിളയുന്ന ഉൾദ്വീപുകളിലേക്ക് ഞങ്ങൾ തന്നെ നിങ്ങളെ കൊണ്ടു പോകാം. വഴി കാട്ടികളായിരിക്കുകയും ചെയ്യാം.'' രാജാവ് പറഞ്ഞു.
വെളുത്ത മൂപ്പന്റെ മുഖം തെളിഞ്ഞു. കടലിലേക്ക് തെറിച്ച ചോരക്കട്ടകൾ ആ വഴി വന്ന ഒരു മീൻ ആർത്തിയോടെ കൊത്തി വിഴുങ്ങി.▮

​​​​​​​(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments