അല്പം ദൂരെയായി അറ്റ്‌ലാന്റിക്കിന്റെ തിരകളിൽ ഒരു മരത്തടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നത് കൊളംബസ് കണ്ടു.
ചുകപ്പും കറുപ്പും നിറത്തിൽ കൈവേലകൾ ചെയ്തലങ്കരിച്ച മരക്കഷ്ണം.
സമ്പത്തും സമൃദ്ധിയും നിറഞ്ഞ, മറ്റേതോ കന്യാഭൂമിയിൽ നിന്നുളള ക്ഷണം?
കൊളംബസ് കൈകൾ നീട്ടി വെളളത്തിൽ തൊട്ടു. തണുപ്പ്. കൈകൾ നീട്ടുന്തോറും മരക്കഷ്ണം അകന്നകന്നു പോകുന്നു. പിന്നെയും കൈകൾ നീട്ടി ശരീരത്തിന്റെ മുക്കാൽ ഭാഗവും വെളളത്തിലേക്കു വീണു കഴിഞ്ഞപ്പോൾ പിടി കിട്ടി. പതുക്കെ വലിച്ചടിപ്പിച്ചു. മറിച്ചിട്ടു.
മീൻ തിന്നു തീർത്ത കണ്ണുകൾ.
അവശേഷിച്ച വികൃതമായ മുഖത്തും ദേഹത്തും ഇപ്പോഴും ബാക്കിയായിരിക്കുന്ന ചായപ്പണികൾ. നീണ്ട മുടി. ഇരു നിറത്തിലുളള തൊലി. തുറന്നിരിക്കുന്ന വായയിൽ പുളയ്ക്കുന്ന കടൽ ജീവികൾ...
കൊളംബസ് ഒരു ഞെട്ടലോടെ കണ്ണു തുറന്നു. കപ്പലിൽ തന്നെ ആയിരുന്നു. സ്പെയിനിലേക്കുളള മടക്കയാത്ര.
ശ്രമപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. സന്ധികളിലെ വേദന കലശലായിരിക്കുന്നു. കണ്ണിന്റെ മങ്ങലും കൂടിയിരിക്കുന്നു. തെക്കു കിഴക്കൻ കാറ്റ് പിടിച്ച് പതുക്കെയായിരുന്നു യാത്ര. കൊളംബസിന്റെ കഴിവുകളെല്ലാം ചോർന്നു പോയെന്ന് പരാതി പറഞ്ഞ്, കോമ്പസ്സും കാന്തവുമായി കപ്പലിനു ദിശ പറഞ്ഞു കൊടുക്കാൻ നിൽക്കുന്നവർ കപ്പലിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചും ദിശ മാറ്റുന്നതിനെക്കുറിച്ചും പരാതി പറഞ്ഞപ്പോഴൊക്കെ കൊളംബസ് അവരെ ശാസിച്ച് നിശബ്ദരാക്കി.
കപ്പലിന്റെ അറകളിൽ നിറയെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അടിമകളായി പിടികൂടിയ നൂറോളം കാരിബുകളും തൈനോകളും പിന്നെ സ്പാനിഷുകാരും. വായു സഞ്ചാരം കുറഞ്ഞ, മനുഷ്യർ ചാക്കു കെട്ടുകൾ പോലെ അടിഞ്ഞു കൂടിയ അറകളിൽ അണുക്കൾക്ക് വിരുന്നായിരുന്നു. ഇതിനകം തന്നെ പലരും പനിയും ഛർദ്ദിയും കൊണ്ട് വീണു കഴിഞ്ഞിരുന്നു.
ഒരിക്കലെങ്കിലും കൊളംബസിന്റെ വാക്കുകൾ ഈ നാവികർ കേട്ടിരുന്നെങ്കിൽ!
ഇസബെല്ലയും ഫെർഡിനന്റും തന്റെ രണ്ടാം യാത്ര പരാജയമാണ് എന്നു വിശ്വസിച്ചതാണ് കൊളംബസിനെ കൂടുതൽ വേദനിപ്പിച്ചത്. അവർക്കു വേണ്ടിയാണ് ഈ നാടുകൾ മുഴുവൻ കണ്ടെത്തിയത്. ഒന്നാം യാത്രയിലേതിനു പുറമെ ഈ യാത്രയിൽ മാത്രം കോളനികളാക്കിയ എഴുനൂറോളം ദ്വീപുകൾ. അവയിൽ തന്നെ സ്പെയിനിന്റെ ഇരട്ടി വലിപ്പമുളള ഒറ്റ ദ്വീപുകൾ. അവയിലെ കണക്കറ്റ മനുഷ്യ സമ്പത്തും ജൈവ സമ്പത്തും. എന്നിട്ടും ഒറ്റുകാരായ ചില നാവികരുടെ വാക്കുകൾ കേട്ട് തന്നെ അവിശ്വസിച്ചിരിക്കുന്നു. തിരിച്ചു വിളിച്ചിരിക്കുന്നു.
""നമ്മൾക്ക് ദിശ തെറ്റിയിരിക്കുന്നു, അഡ്മിറൽ. നമ്മൾ സ്പെയിനിനു നേരെ എതിർ ദിശയിലേക്കാണ് പോകുന്നത്.'' പൈലറ്റുമാരിൽ ഒരാൾ തന്റെ കോമ്പസിൽ നിന്നു കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു.""നിന്റെ കാന്തം ആദ്യം ശരിയായ ദിശയിലാക്ക്, എന്നിട്ട് എന്നെ പഠിപ്പിക്ക്.'' കൊളംബസ് കടലിലേക്ക് കാർക്കിച്ചു തുപ്പി.
കൊളംബസ് തന്റെ നോട്ട് ബുക്കിലെ കടൽപ്പാതകളും അക്ഷാംശങ്ങളും വീണ്ടും ഉറപ്പു വരുത്തി. ഉള്ളിലെ അറകളിൽ നിന്നൊന്നിൽ നിന്ന് ആരുടെയോ ഞരക്കം കേട്ടു.
യാത്ര അനിശ്ചിതമായി നീണ്ടു. കപ്പലിൽ കൊളളാവുന്നതിൽ അധികം മനുഷ്യച്ചരക്ക്. പരിമിതമായ റേഷൻ. ഒരു ദിവസം അരക്കുപ്പി വെളളവും, ഒരു കഷ്ണം മരച്ചീനിയപ്പവും. കപ്പലിന്റെ ദിശ തെറ്റാണെന്നു കൂടി കേട്ടതോടെ പലരും മരണത്തെക്കുറിച്ച്, ചിന്തിച്ചു തുടങ്ങി. ""ഞങ്ങൾ ഈ തൈനോകളെ ഭക്ഷിച്ച് വിശപ്പടക്കിക്കോളാം'' കാരിബുകൾക്ക് മാത്രം ഒരു സംശയവുമുണ്ടായില്ല.
അടിമകൾ കട്ടു തിന്നുമെന്ന് ഭയന്ന് കലവറ കപ്പലിന്റെ മേൽത്തട്ടിലേക്ക് മാറ്റി. രാത്രികളും പകലുകളും പിന്നെയും മാറി മറിഞ്ഞു. കര സാൻ സാൽവദോറിലെ സ്വർണം പോലെ കിട്ടാക്കനിയായി തുടർന്നു.""അഡ്മിറൽ!'' അടിമകളുടെ ചുമതലയുളള ഒരു പട്ടാളക്കാരൻ വന്ന് വേവലാതിയോടെ കൊളംബസിനെ വിളിച്ചു. ""അടിമകളിൽ പലരും പനി പിടിച്ചു ചത്തിരിക്കുന്നു.''
കൊളംബസ് കുറച്ചു നിമിഷങ്ങൾ എന്തൊക്കെയോ ഓർത്തു കൊണ്ടു നിന്നു. ""ചത്തതുങ്ങളെയൊക്കെ എടുത്ത് കടലിൽ തളള്. മീനുകൾക്കെങ്കിലും ഭഷണം ആകട്ടെ.''
കപ്പലിലെ അന്തരീക്ഷം നാൾക്കു നാൾ വഷളായിക്കൊണ്ടിരുന്നു. തളർന്നവശരായ നാവികർ കൊളംബസിനെ രാപകലിലില്ലാതെ പ്രാകി. ""നടുക്കടലിൽ വിശന്നു മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമായിരിക്കും ആ പാറക്കൂട്ടങ്ങളിൽ കപ്പൽ തകർന്നു മരിക്കുന്നത്.'' ദിവസങ്ങൾക്കു ശേഷം, പാറക്കൂട്ടങ്ങളിൽ കൂറ്റൻ തിരകൾ അടിച്ചു തകരുന്ന ഒരു ദ്വീപിനു സമീപത്തെത്തിയപ്പോൾ അവർ കൊളംബസിനോട് യാചിച്ചു.
രണ്ടാം കപ്പലിലെ നാവികരും കപ്പൽ കരയ്ക്കടിപ്പിക്കാൻ കൊളംബസിനെ നിർബന്ധിച്ചു.
കൊളംബസ് പക്ഷെ, തന്റെ ഭൂപടത്തിൽ നിന്നു കണ്ണെടുത്തില്ല.""കൊളംബസാണ് പറയുന്നത്. അറ്റ്‌ലാന്റിക്കിൽ എനിക്കു ദിശ തെറ്റാറില്ല. ഇനി അധികം ദിവസങ്ങളെടുക്കില്ല. നമ്മൾ പോർച്ചുഗൽ തീരത്ത് കപ്പലടുപ്പിക്കും. നിങ്ങളെ എല്ലാവരേയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കും.''""കിഴക്കേ ഇന്ത്യയിലായിരിക്കും കപ്പൽ അടുപ്പിക്കാൻ പോകുന്നത്. നമ്മുടെ ശവങ്ങളുമായി.'' ""ഭൂമി ഉരുണ്ടതായതു കൊണ്ട് തിരിച്ച് സൻ സാൽവദോറിൽ തന്നെ തിരിച്ചെത്താനും മതി.''
മരണമല്ലാതെ മറ്റൊന്നും മുന്നിൽ കാണാഞ്ഞ നാവികർ തമാശ പറഞ്ഞു.
കൊളംബസ് ഒന്നും മിണ്ടാതെ വീണ്ടും തന്റെ നോട്ട് ബുക്കിലെ ഭൂപടരേഖകൾക്കു മേൽ വിരലോടിച്ചു.
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. പാതി അടിമകളും ചത്ത് മീനുകൾക്ക് ഭഷണമായി. പട്ടിണി കൊണ്ടും രോഗം കൊണ്ടും സ്പാനിഷുകാരിൽ കുറേ പേരും മരിച്ചു. എല്ലാ പ്രതീക്ഷകളും കെട്ടടങ്ങിയ നാവികർ മരണം മുന്നിൽ കണ്ട് പാതി ശവങ്ങളെ പോലെ കിടന്നു.
ഒടുവിൽ പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാൻ വയ്യാത്ത ഒരു നേരത്ത് കൊളംബസിന്റെ മങ്ങിയ കണ്ണുകൾക്കു മുന്നിൽ പോർച്ചുഗലിന്റെ കിഴക്കേ തീരം കാണായിത്തുടങ്ങി. തന്നെ പരിഹസിച്ച പൈലറ്റുമാരോടും നാവികരോടും കൊളംബസ് ഗർജ്ജിച്ചു:""നോക്ക്, പോർച്ചുഗൽ എത്തിയതു നോക്ക്. കൊളംബസിനേക്കാൾ വലിയ മറ്റൊരു നാവികൻ ഈ ലോകത്തിലില്ല.''
നാവികർ വിശപ്പും തളർച്ചയും കൊണ്ട് കുഴിഞ്ഞ കണ്ണുകളോടെ സ്വർണത്തേക്കാൾ വിലയുളള കരയെ നോക്കി. പിന്നെ കൊളംബസിനേയും. ആദ്യം അത്ഭുതത്തോടെ, പിന്നെ ആദരവോടെ.
കപ്പലിന്റെ നിയന്ത്രണം നാവികർക്കു വിട്ടു കൊടുത്ത് കൊളംബസ് മുകളിലെ ഡെക്കിലേക്ക് കയറി. നക്ഷത്രങ്ങൾ വെളിവാകുന്ന ഭാഗത്ത് മലർന്നു കിടന്നു. ഉപ്പു വെളളം ഇടക്കിടക്ക് അഡ്മിറലിന്റെ മുഖത്തേക്ക് തെറിച്ചു.
വർഷങ്ങൾക്കു മുൻപ് പുണ്യാളന്മാരുടെ പള്ളിയിൽ വച്ച് ഫെലിപ്പയെ ആദ്യമായി കണ്ടത് അഡ്മിറലിന് ഓർമ വന്നു. നീണ്ട വെളള വസ്ത്രം ഒതുക്കിപ്പിടിച്ച് അവൾ കല്ലുപടികൾ ഇറങ്ങി അടുത്തേക്കു വന്നു. ചിരിക്കുന്ന മുഖത്തോടെ. കൂടെ ക്രിസ്റ്റഫർ പുണ്യാളനും ഉണ്ടായിരുന്നു.
""നീ ഞാൻ പറഞ്ഞതു പോലെ മറഞ്ഞു കിടക്കുന്ന നിധി അന്വേഷിച്ചു പോയോ?'' പുണ്യാളൻ കൊളംബസിനോട് ചോദിച്ചു.""ഉവ്വ്.''""ഞാൻ ഏൽപ്പിച്ച ഭാരം നിനക്ക് താങ്ങാനാവുന്നതിലധികം ആയിരുന്നോ കൊളംബസ്?''""ഒട്ടും ആയിരുന്നില്ല പുണ്യാളാ. ഞാൻ ഇനിയും പോയി വരാൻ ഒരുക്കമാണ്.''
കാടിനുളളിലൂടെ മരിച്ചവർക്കുളള ഷാമന്റെ പ്രാർത്ഥന ചൊല്ലിക്കൊണ്ട് ഞാൻ നടന്നു. ചീറയെക്കുറിച്ച് ഓർക്കാതിരിക്കാൻ ശ്രമിച്ചു. ഒന്നിനെക്കുറിച്ചും ഓർക്കാതിരിക്കാൻ. കാട് കൂടുതൽ കൂടുതൽ കനത്തു വന്നു.
ഒരു വലിയ പച്ചപ്പുതപ്പായി കാട് എന്നെ വലയം ചെയ്യുന്നത് ഞാൻ സ്വപ്നം കണ്ടു. പക്ഷെ കാടിനും ഞങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാൻ അധിക ദൂരം പോകേണ്ടി വന്നില്ല. ദൂരെ നിന്ന് വേട്ടനായ്ക്കളുടെ കുര കേട്ടു. ഞാൻ ജീവനും കൊണ്ട് അടുത്തു കണ്ട ഒരു വലിയ മരത്തിനു പിന്നിലെ പൊന്തക്കാട്ടിലേക്ക് നൂണു കയറി. മുളളുകളും ചെടിപ്പടർപ്പുകളും കോറി എന്റെ ദേഹം മുഴുവൻ ചോര പൊടിഞ്ഞു. ദൂരെ നിന്ന് വേട്ടപ്പട്ടികളുടെ കുര കേട്ടു. എനിക്കറിയാം സ്പാനിഷുകാർക്ക് കൊടുക്കാൻ സ്വർണം തികയാതെ, ജീവനും കൊണ്ട് ഈ കാടുകളിലേക്ക് ഓടിക്കയറിയവർക്ക് സംഭവിച്ചതെന്തെന്ന്. കൂർത്ത പല്ലുകളുളള, സ്പാനിഷുകാർ വിരൽ ഞൊടിക്കുന്നതു കേട്ടാൽ തൈനോകളുടെ മാംസം കടിച്ചു പറിക്കുന്ന നീജ ജന്തുക്കൾ.
ഭയം എന്റെ ദേഹത്തിലൂടെ തേരട്ടയെ പൊലെ ഇഴഞ്ഞു. ഞാൻ മുൾപ്പടർപ്പിൽ നിന്ന് ചാടിയെഴുന്നേറ്റു.
ഞാൻ കാടിനുളളിലൂടെ വീണ്ടും നടന്നു.
ജീവൻ രക്ഷിക്കാൻ കാടും മലയും കയറിയ തൈനോകളുടെ താൽക്കാലിക വാസസ്ഥലങ്ങളിൽ മരിച്ച് അസ്ഥി മാത്രമായ മനുഷ്യക്കോലങ്ങൾ. ഒഴിഞ്ഞും വറ്റിയും കിടന്ന പാത്രങ്ങൾ ഞാൻ തിരിച്ചും മറിച്ചും നോക്കി. മരച്ചീനിവിഷം കറുത്തൊട്ടിയ പാടുകൾ.
അധികം ദൂരെയല്ലാതെ ഒരു കൊച്ചു മരപ്പീഠവും അതിനു മേൽ നിരത്തി വച്ച മരത്തിൽ കൊത്തിയ സെമികളും, രണ്ടായി പിരിഞ്ഞ ചൂരലിന്റെ നീണ്ട കുഴലും കണ്ടപ്പോൾ എന്റെ കണ്ണുകളിൽ വെളളം നിറഞ്ഞു..
ഞാൻ ഒരു ഭ്രാന്തിയെപ്പോലെ അവിടെയെങ്ങും കൊഹോബ പൊടിക്കായി തിരഞ്ഞു. തൈനോകൾ മരിച്ചു കിടന്നിടത്തും അവരുടെ മരപാത്രങ്ങളിലും തിരഞ്ഞു. മരപ്പൊത്തുകളിലും. കല്ലുകൾക്കടിയിലും മാറി മാറി പരതി നോക്കി. എന്നിട്ടും കിട്ടാതെ നിരാശയായി മണ്ണിൽ ചമ്രം പടിഞ്ഞിരുന്നു. ആകാശം മരങ്ങൾക്കിടയിലൂടെ വെളിപ്പെട്ടു. ഞാൻ ആകാശത്തേക്ക് കൈയുയർത്തി.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മരമേശ ആകാശം കാണാവുന്നിടത്ത് കൊണ്ടു വച്ചു. അതിനു മുകളിൽ പറ്റിപ്പിടിച്ചു കിടന്നിരുന്ന ചപ്പു ചവറുകളും അഴുക്കും തുടച്ചു കളഞ്ഞു. കാഗ്വാനയേയും ആത്തബിയേയും ഗ്വാ ബാൻ സേയേയും മേശ മേൽ സ്ഥാപിച്ചു. ആകാശം പൊടുന്നനെ പ്രകാശിക്കുകയും സെമികളുടെ മേൽ ദിവ്യമായ ചൈതന്യം വിതറുകയും ചെയ്തതു പോലെ എനിക്കു തോന്നി.
പെട്ടെന്ന് മരമൂർത്തികളുടെ മേൽ കൊഹോബയുടെ വെളുത്ത സാന്നിധ്യം. ഞാൻ നിറഞ്ഞ കണ്ണുകളോടെ അവർക്കു മുന്നിൽ നിലത്തിരുന്നു. ചൂരൽ കുഴലിൽ കൊഹോബ നിറച്ചു. കുഴലിന്റെ രണ്ടറ്റങ്ങളും മൂക്കിൽ തിരുകി. പിന്നെ, എന്റെ ജീവനും ആത്മാവും ആകാശമൂർത്തിക്കു സമർപ്പിച്ചു കൊണ്ട് ആഞ്ഞു വലിച്ചു.
ഒരു നിമിഷത്തേക്ക് എന്റെ ലോകം നിശ്ചലമായി.
കൊഹോബയുടെ വെളുത്ത പൊടി എന്റെ മൂക്കിലും, തലച്ചോറിലും, ആത്മാവിലും കാറ്റു വിതച്ചു. എന്റെ ദേഹം വിറച്ചു. എല്ലാ വേദനകളും മറന്ന് ഞാൻ കരഞ്ഞു വിളിച്ചു: ""മൂപ്പാ!''
എനിക്ക് ചുറ്റും കാട് കറങ്ങുകയും ആകാശം ഇടിഞ്ഞു വീഴുകയും ചെയ്തു. ഒരു തൂവൽ ആയി ഞാൻ വായുവിൽ പറന്നു നടന്നു. പതുക്കെ പതുക്കെ ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരുടെ ലോകവും തമ്മിലുളള വിടവുകൾ ഇല്ലാതായി. ആത്മാക്കൾ പരസ്പരം സല്ലപിക്കുകയും വേദന പങ്കുവെക്കുകയും ചെയ്യുന്ന പൂന്തോട്ടത്തിൽ ഞാൻ അതിഥിയായി. ""മൂപ്പാ.'' ഞാൻ വീണ്ടും വിളിച്ചു.
ലോകാവസാനം വരെ നീളുന്ന കാരുണ്യത്തിന്റെ കണ്ണുകളുമായി മൂപ്പൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.""നിനക്കു സുഖമാണോ മകളേ?'' വാത്സല്യം വഴിയുന്ന വാക്കുകളിൽ മൂപ്പൻ ചോദിച്ചു.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.""അല്ല മൂപ്പാ, അല്ലേയല്ല,'' ഞാൻ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. ""ഞാൻ സുഖം എന്തെന്നറിഞ്ഞിട്ട് എത്രയോ നാളുകളായി. സത്യത്തിൽ ആ വാക്ക് തന്നെ ഞാൻ മറന്നു പോയിരിക്കുന്നു. ഞാൻ മാത്രമല്ല. തൈനോകളെല്ലാവരും. മരണത്തിലല്ലാതെ മറ്റൊന്നിലും പ്രതീക്ഷയില്ലാത്തവരായി തീർന്നിരിക്കുന്നു ഞങ്ങൾ.'' ""ഞാനറിയുന്നുണ്ട് മകളേ. നമ്മുടെ ഗോത്രത്തിന്റെ കടലു പോലെ ഒഴുകി പരക്കുന്ന വേദന ഞാൻ കാണുന്നുണ്ട്.''
മൂപ്പന്റെ മുഖം അസഹ്യമായ വേദനയിൽ ഒരു വശത്തേക്ക് കോടി.""ഈ ഭൂമിയുടേതെന്ന് നമ്മൾ കരുതിയിരുന്നതൊക്കെ നശിപ്പിച്ചു മൂപ്പാ. നമ്മുടെ കുടിലുകളിൽ സൂക്ഷിച്ചു വച്ചിരുന്ന മരച്ചീനിക്കിഴങ്ങുകളും ധാന്യങ്ങളും പാനീയങ്ങളും എല്ലാം കത്തിച്ച് കളഞ്ഞു. നമ്മുടെ വയലുകൾ, ലോകത്തെ മുഴുവൻ ഊട്ടാൻ വേണ്ട വിഭവങ്ങൾ വിളഞ്ഞിരുന്ന നമ്മുടെ വയലുകൾ, മുഴുവൻ തീയിട്ടു മൂപ്പാ. നമ്മുടെ തോടുകളിലും പുഴകളിലും നഞ്ച് കലക്കി നമ്മൾ തന്നെ സ്വയം കുടിച്ചു മരിക്കുന്നു മൂപ്പാ. കുഞ്ഞുങ്ങൾക്ക് അമ്മമാർ മുലകളിൽ കൊടിയ സർപ്പ വിഷം പുരട്ടി മുലപ്പാലിനൊപ്പം മരണം ഊട്ടുന്നു. ഒരിക്കൽ ജീവിതത്തിന്റെ അനശ്വര ഗാനം പാടിയിരുന്ന നമ്മുടെ ദ്വീപുകളിൽ ഇന്ന് മരണം അതിന്റെ കറുത്ത കുഴലുമായി കുടിലുകളിൽ നിന്ന് കുടിലുകളിലേക്ക് ജൈത്രയത്ര നടത്തുന്നു മൂപ്പാ...''""ഓ, മൂപ്പാ. നമ്മുടെ ആളുകളോട് അവർ ചെയ്യുന്ന ചോര മരവിക്കുന്ന ക്രൂരത. ആ കാഴ്ചകൾ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ മൂപ്പാ...''""മൂപ്പൻ പഠിപ്പിച്ച ഭാഷ തികയുന്നില്ലല്ലോ മൂപ്പാ, തൈനോകളുടെ നരകയാതന വിവരിക്കാൻ...''
എന്റെ മുഖം വലിഞ്ഞു മുറുകി. വിഭ്രാന്തിയുടെ മൂർച്ഛയിൽ പുളയുകയും കിതക്കുകയും ചെയ്തു കൊണ്ട് കൊഹോബയുടെ ബാക്കിയുണ്ടായിരുന്നത് ആഞ്ഞു വലിച്ചു. തലച്ചോറിൽ അഗ്നി പടർന്നു. വീണ്ടും ലോകങ്ങൾ പരസ്പരം കൈ കോർത്ത് കാഴ്ചകളും കേൾവികളും എന്റെ മനസ്സിൽ കുഴഞ്ഞു മറിഞ്ഞു. പൂർവ്വികരായ ആദി മനുഷ്യർ എന്നോട് പറയാൻ ശ്രമിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായി.
***
ഞാൻ കാടിന്റെ ഹൃദയം നോക്കി ഉളളിലേക്കുളളിലേക്ക് നടന്നു. ആദി മൂപ്പൻ തന്റെ തുപ്പൽ പൊടിയിൽ ചേർത്തപ്പോൾ ഉയിർ കൊണ്ട കാട്. കിരീടം വച്ച് നിൽക്കുന്ന കൂറ്റൻ മരങ്ങളിൽ ഞങ്ങളുടെ ദുരന്തം അറിയാതെ നിറഞ്ഞു കവിയുന്ന പൂക്കളും പഴങ്ങളും. പുൽച്ചാടിയും മാനും മരം കൊത്തിയും കുരങ്ങും അരണയും കാട്ടു പന്നിയും വിഹരിക്കുന്ന വൻ കാട്. ഒരു ശാഖയിൽ നിന്നു തന്നെ പല തരത്തിലുളള പൂക്കളും പഴങ്ങളും വളരുന്ന മരങ്ങൾ. കെട്ടു പിണഞ്ഞ് പാമ്പുകളെ പോലെ തല നീട്ടുന്ന ചൂരൽ വളളികൾ...
ഞാൻ പക്ഷെ, ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്റെ കാലുകൾ ഭൂമിയിൽ സ്പർശിക്കുന്നതു പോലും അറിയുന്നുണ്ടായിരുന്നില്ല. എന്നെ ഉരുമ്മുന്ന ചെടിത്തലപ്പുകളും തലയിലും ദേഹത്തും ഇറ്റു വീഴുന്ന വെളളത്തുളളികളും ആകാശത്തിന്റെ അധിപനെ പോലെ പറന്നിറങ്ങുന്ന പരുന്തും കാട്ടിനു നടുവിലെ തടാകങ്ങളിൽ കൊക്കുരുമ്മുന്ന താറാവുകളും തന്നെ വിളിക്കുന്നതും ഒന്നും ഞാൻ കേട്ടില്ല. പഴുത്തു വിളഞ്ഞ, സ്വർണ നിറമുളള കൈതച്ചക്കയുടെ മണവും എന്റെ മൂക്ക് പിടിച്ചെടുത്തില്ല. പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടച്ച്, ജീവന്റെ ഒരു നേർത്ത തിരി മാത്രം ഉളളംകൈയിൽ പിടിച്ച് ഞാൻ കാടിനുളളിലൂടെ നടന്നു.
നടന്നു നടന്ന്, നൗസികിനു മുന്നിൽ ഞാൻ എത്തിപ്പെട്ടു. ഞങ്ങളുടെ ജീവന്റെ മരം. ആ മരത്തിന്റെ വിളികേട്ടു. സ്നേഹപൂർവ്വം അതിന്റെ വയലറ്റ് പൂക്കൾ എന്നെ ക്ഷണിക്കുന്നതു കണ്ടു. കാറ്റ് അതിന്റെ നീളൻ ചില്ലകളിൽ ചിരിയുതിർക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടു കൈയുകളും കൊണ്ട്, ആ കൂറ്റൻ മരത്തിനെ കെട്ടിപ്പിടിച്ചു. കാലാ കാലങ്ങളായി എന്റെ ഗോത്രത്തിന് ശാന്തി നൽകി വരുന്ന ആ മഹാ വൃക്ഷത്തെ പുണർന്ന് കൊണ്ട് കണ്ണീർ വാർത്തു. എന്റെ ശരീരം മരത്തിന്റെ പാളികളിൽ അടി മുതൽ മുടി വരെ അമർന്നു. എന്റെ കറുത്തിരുണ്ട നഖങ്ങൾ മരത്തിന്റെ പുരാതന തായ്ത്തടിയിൽ വേദനയോടെ അമർന്നു. മരം ആദിമമായ ഏതോ ചോദനയിൽ തോലുകൾ അടർത്തിക്കൊണ്ട് രക്തം വീഴ്ത്തി. ""നീ, അവൻ ആയിരുന്നെങ്കിൽ..അവൻ ആയിരുന്നെങ്കിൽ...'' ഞാൻ കണ്ണീരിനിടയിലൂടെ വിളിച്ചു.
കരിയിലകൾ വിരിച്ച മണ്ണിൽ ഞാൻ നിവർന്നു കിടന്നു. കാറ്റിനും മഴക്കും വെളളത്തിനും ആകാശത്തിനും പൂർവ്വികരുടെ സ്നേഹത്തിന്റെ നിറമായിരുന്നു. എല്ലാ ചരാചരങ്ങളും നിഷ്‌കളങ്കതയുടെ പര്യായം പോലെ നിലകൊണ്ടിരുന്നു. ആകാശം പിളർക്കുന്ന ഇടി മിന്നൽ പോലും സൗമ്യമായിരുന്നു.
ഞാൻ ഒരു പരുന്തിൻ മണിയുടെ കിലുക്കം കേട്ടു. തോട്ടിൽ നിന്നും വെളളമെടുത്ത് ആ ബാലൻ പതുക്കെ നടന്നു വരുന്നത് കണ്ടു. അവന്റെ കണ്ണുകളിൽ അതേ സ്നേഹഭാവം. അതേ ശാന്തത. അവന്റെ മുല്ലമൊട്ട് പല്ലുകളിൽ എന്റെ പ്രപഞ്ചം മുഴുവൻ ഒരു നിമിഷം പ്രകാശിച്ചു.
ഞാൻ ആ അലിവിന്റെ സുഖത്തിൽ ചിരിച്ചു.
അവനും എന്റെ തൊട്ടടുത്ത് ആകാശത്തേക്ക് നോക്കിക്കൊണ്ട് കിടക്കുന്നത് അറിഞ്ഞു.
ഞാനും ആകാശത്തേക്ക് നോക്കി.
സ്വർഗത്തിൽ നിന്നെന്നെ പോലെ ഒരു മഴത്തുളളി എന്റെ മുഖത്ത് പതിച്ചു.
ഞാൻ എന്റെ കൈ കൊണ്ട് വയറ്റിൽ പരതി നോക്കി.
എന്റെ പൊക്കിൾ അപ്രത്യക്ഷമായിരുന്നു.▮
(അവസാനിച്ചു)