ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

കപ്പൽച്ചേതം

തൈമയും കൊളംബസും -5

സൂര്യൻ അതിന്റെ സകല പ്രതാപത്തോടെയും കത്തി നിന്ന ദിവസമായിരുന്നു അത്. പ്രസന്നവും ശാന്തവുമായ വെളളപ്പരപ്പിൽ മീനുകൾ പുളച്ചു. കൊളംബസും കൂട്ടരും വലകൾ എറിയുന്നത് കണ്ട് ദ്വീപു വാസികൾ കൂട്ടത്തോടെ വന്നു. അവർ തീയിൽ വച്ച് കൂർപ്പിച്ച, ചൂരൽ കൊണ്ടുണ്ടാക്കിയ ചാട്ടുളികൾ കൊണ്ട് മീൻ പിടിക്കുന്നതെങ്ങനെയെന്ന് നാവികരെ പഠിപ്പിച്ചു. വലയെറിയുമ്പോഴുളളതു പോലെ കണ്ടമാനം കിട്ടുന്നില്ലെങ്കിലും അവരുടെ ചാട്ടുളികൾ മീൻപിടുത്തത്തിന് എത്ര അനുയോജ്യമാണെന്ന് കൊളംബസ് കണ്ടു.

ഒന്നുകിൽ അവർ റിമോറ മീനിനെ ചുണ്ടയിൽ കൊരുക്കി വളളത്തിന്റെ അറ്റത്തു നിന്നും താഴേക്കിട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കടലാമയോ, മറ്റ് മീനുകളോ കുടുങ്ങി. അപ്പോൾ തൈനോകളിൽ ചിലർ വെളളത്തിലിറങ്ങി ആ വലിയ മീനിനെ വളളത്തിലേക്ക് എടുത്തിടാൻ സഹായിച്ചു. അതല്ലെങ്കിൽ അവർ സെന്ന ചെടിയുടെ വിഷത്തണ്ട് വെളളത്തിലേക്കിട്ടു. മീനുകൾ അതിൽ കൊത്തി മയങ്ങിക്കിടന്നപ്പോൾ അവർ ആ മീനുകളേയും പിടിച്ചു വളളത്തിലിട്ടു. അവർ അത് ചുട്ടു തിന്നുന്നതു കണ്ടപ്പോൾ സെന്നയുടെ വിഷം മനുഷ്യർക്ക് ഒട്ടും ഹാനികരമല്ല എന്ന് കൊളംബസ് കണ്ടു.

അധികം വൈകാതെ മീനുകൾ നീനയുടെ അറകളിൽ കുമിഞ്ഞ് കൂടി. വരാലും, കൂരിയും നത്തലും നെയ്മീനും, കണമ്പും, കടൽമത്തിയും, കോരയും...
പിന്നെയും ദ്വീപ് വാസികൾ വന്നു കൊണ്ടിരുന്നു. നൂറോളം ദ്വീപു വാസികൾ. അനേകം കൊച്ചു വളളങ്ങളിൽ കയറി അവർ വന്നു. പരിപൂർണ നഗ്‌നരായ മനുഷ്യർ. പെണ്ണുങ്ങളും യുവാക്കളും വൃദ്ധരും കുഞ്ഞുങ്ങളെ തോളത്തിരുത്തിയവരും അടങ്ങിയ പുരുഷാരം. അവർ വളളങ്ങളിൽ അതിഥികൾക്കുളള ഭക്ഷണവും, സമ്മാനങ്ങളുമായി ആർപ്പു വിളിയോടെ വന്നു. നീനയുടെ അടുത്തെത്തിയപ്പോൾ വളളങ്ങളിൽ എഴുന്നേറ്റ് നിന്ന് ""എടുത്തു കൊളളൂ, എടുത്തുകൊളളൂ.'' എന്ന് ആർത്തു വിളിച്ചു.

ബാർട്ടർ സമ്പ്രദായം കണ്ട് തഴമ്പിച്ച കൊളംബസിന്റെ കണ്ണുകൾ ഈ ദാന പ്രക്രിയ കണ്ട് അമ്പരന്നു. ദ്വീപു വാസികൾ കൊണ്ടു വന്ന സാധനങ്ങളും മീനും കൊണ്ട് നീനയുടെ അറകൾ നിറഞ്ഞു...

ഒടുവിൽ ദ്വീപ്വാസികൾ എല്ലാം പിരിഞ്ഞു പോയതിനു ശേഷം കൊളംബസ് ഡെക്കിൽ ഒറ്റക്ക് നിന്നു. ദ്വീപിലെ രാജാവ് സമ്മാനിച്ച കിരീടം കൈയിലെടുത്തു. തിളങ്ങുന്ന രത്നങ്ങൾ പിടിപ്പിച്ച മൃഗത്തോലു കൊണ്ടുണ്ടാക്കിയ പതുപതുപ്പുളള കിരീടം. അതിന്റെ സ്വർണം കൊണ്ട് അലങ്കരിച്ച വശങ്ങളിൽ തിളങ്ങുന്ന സൂര്യൻ. കൊളംബസ് അത് മുഖത്ത് വച്ചു. താൻ മറ്റാരോ ആയതു പോലെ. ചുറ്റുമുളള കാഴ്ചകൾക്കൊക്കെ മറ്റെന്തോ നിറം, രൂപം.

കൊളംബസ് കിരീടം ഊരി കൈയിൽ എടുത്തു. അതിന്റെ തൂക്കവും മതിപ്പും കണക്കാക്കി നോക്കി. സ്‌പെയിനിലെ തെരുവുകളിൽ അതിന് എന്തു വില കിട്ടുമെന്ന് ആലോചിച്ചു. ഫെർഡിനന്റിന്റേയും ഇസബെല്ലയുടെയും കൊട്ടാരത്തിൽ അത് ഒരു അലങ്കാര വസ്തുവായി ചുമരിൽ തൂങ്ങിക്കിടക്കുന്നത് സങ്കൽപ്പിച്ചു. തന്റെ തന്നെ മുഖത്ത് ഇനിയങ്ങോട്ടത് സ്ഥിരമായി ഉറയ്ക്കുന്നത് സങ്കൽപ്പിച്ചപ്പോൾ കൊളംബസിന്റെ ഉപ്പുകാറ്റേറ്റ് വരണ്ട ചുണ്ടുകളിൽ ഒരു ചിരി വിടർന്നു. അയാൾക്ക് അതിരുകളില്ലാത്ത സന്തോഷം തോന്നി. മാർക്കോ പോളോ വിവരിച്ച സ്വർണ മേൽക്കൂരയുളള വീടുകളുളള സ്ഥലത്ത് എത്താറായിരിക്കുന്നു. സ്വർണഖനികളുടെ അടുത്തെത്തിയിരിക്കുന്നു. രാജാവ് ഏർപ്പാടാക്കിയ ആളുകളുമൊത്ത് ഉൾദ്വീപുകളിലേക്ക് യാത്ര തിരിക്കേണ്ട കാര്യമേ ഉളളൂ. ദുഷ്‌കരവും ദിവസങ്ങൾ എടുക്കുന്നതുമായ യാത്രയായിരിക്കും. എന്നാലും ലക്ഷ്യം കൈപ്പിടിയിലെത്താൻ പോകുന്നു. കൊളംബസിന് അപ്പോഴാണ് ദിവസം ഏതാണെന്ന് ഓർമ്മ വന്നത്. എന്തൊരു യാദൃശ്ചികത! ഡിസംബർ 24. എന്തായാലും നാളത്തെ ദിവസം യാത്ര വേണ്ട. നാവികരും തളർന്നിരിക്കുന്നു. നീനയിലെ സകല മദ്യവീപ്പകളും പൊട്ടട്ടെ. സകലരും തളർന്നു വീഴുവോളം മദ്യപിക്കട്ടെ, പാട്ടു പാടട്ടെ, നൃത്തം ചെയ്യട്ടെ...

കപ്പലിലെ പയ്യന്മാരിലൊരുവൻ മണിക്കൂർഗ്ലാസ് തിരിച്ചു വച്ചു. സാൽവേ റെജീന ചൊല്ലി. പവിഴപ്പുറ്റുകളിൽ തിരകളടിച്ചു തകരുന്ന പതിഞ്ഞ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത രാത്രി. ക്രിസ്മസ് രാത്രി. സാന്താ മറിയ ഉറക്കച്ചടവിലെന്നോണം പതുക്കെ ചാഞ്ചാടിക്കൊണ്ടിരുന്നു. കര കാണാവുന്ന ദൂരത്തിൽ. കാറ്റും കോളുമില്ലാത്ത രാത്രി കണ്ട് അഡ്മിറൽ തന്റെ കാബിനിലേക്ക് വിശ്രമത്തിനായി പിൻവാങ്ങിയിരുന്നു.
അഡ്മിറൽ പോയതിനു പിന്നാല, രാത്രി ഡ്യൂട്ടിയിൽ ആയിരുന്ന ബാഷോയും ഉറങ്ങാൻ കിടന്നു.
*******

വെളുത്ത മൂപ്പനും കൂട്ടാളികളും വലിയ സന്തോഷത്തിലായിരുന്നു. പാട്ടും തീറ്റയും കുടിയും. ആഘോഷം. എന്തോ വിശേഷ ദിവസമാണെന്ന് തോന്നുന്നു. രാത്രി ഏറെ വൈകുന്നതു വരെ അതിഥികളെല്ലാം തന്നെ ഒരു വലിയ മരവീപ്പയിൽ നിന്ന് കോപ്പക്കണക്കിന് കുടിച്ചു കൊണ്ടിരുന്നു. ആർക്കും കാലുറക്കുന്നു പോലുമില്ലായിരുന്നു. ഓരോ തവണ ബാഷോയും കൂട്ടുകാരും അടുത്തേക്കു വരുമ്പോഴും എന്റെ മനസ്സിൽ പേടി നുരഞ്ഞു. പോരാത്തതിന് കൈയും കാലും കെട്ടിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം വെളളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചതിന് കിട്ടിയ ശിക്ഷ. പക്ഷെ വെളുത്ത മൂപ്പൻ വിലക്കിയിയതു കാരണം ആരും ഉപദ്രവിക്കുന്നില്ലെന്നു മാത്രം.

ഇപ്പോൾ പാട്ടും ശബ്ദങ്ങളും നിലച്ചിരിക്കുന്നു. അതിഥികൾ അവിടവിടെ വീണു കിടന്നുറങ്ങുന്നുണ്ട്. സമയമളക്കാൻ ഗ്ലാസ്സ് തിരിച്ചും മറിച്ചും വെക്കുന്ന പയ്യൻ മാത്രമേ ഉറങ്ങാതിരിക്കുന്നുളളൂ. ഇടക്ക് അവൻ പായയും പിടിക്കുന്നുണ്ട്. അവന്റെ മുഖത്ത് ഗമ. ഇത്രയും വലിയ പായക്കപ്പൽ ഒറ്റക്കു നിയന്ത്രിക്കുന്നുവെന്ന ഭാവം.
എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു. താമിയെ അന്വേഷിച്ച് വന്നിട്ട് അവൻ എവിടെയാണോ ആവോ? ഒരു എടുത്തുചാട്ടക്കാരനാണ്. തൈനോകളുടെ യാതൊരു സ്വഭാവഗുണവും കിട്ടിയിട്ടില്ലാത്തവൻ. ഈ വെളുത്ത മനുഷ്യരെ ഒന്നും രണ്ടും പറഞ്ഞ് ചൊടിപ്പിച്ച് വല്ല അപകടവും വരുത്തി വച്ചു കാണുമോ എന്നൊക്കെ ഓർത്തപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.

ഇതിനകം അതിഥികൾ ആകാശത്തു നിന്നും വന്നവരല്ലെന്നും അവരുടെ വലിയ ചിറകുകളുളള പക്ഷി ഒരു കൂറ്റൻ വളളമാണെന്നും എല്ലാവർക്കും മനസ്സിലായിരുന്നു. അതിഥികൾക്ക് മൂക്കിൻ തുമ്പിൽ കൊളുത്തിയിടുന്ന സ്വർണത്തരിയിൽ ഉളള താല്പര്യം പക്ഷെ, എന്തു കൊണ്ടാണെന്നു തെളിഞ്ഞില്ല. അതെന്തായാലും രാജാവ് പറഞ്ഞ ഉൾദ്വീപുകളിലെത്തി അവർക്ക് വേണ്ടതു കിട്ടിയാൽ അതിഥികൾ തന്നെ താമിയുടെ അടുത്തേക്ക് എത്തിക്കും എന്ന പ്രതീക്ഷയിൽ ഞാൻ പതുക്കെ കണ്ണുകളടച്ചു. ഉളളിൽ കാഗ്വാനയുടെ ഒരു സെമി മുറുക്കെ പിടിച്ചു.
കര കാണാവുന്ന ദൂരത്തിൽ കപ്പൽ അതിന്റെ ഊഞ്ഞാലാട്ടം തുടർന്നു...

തിരകളിൽ അലസമായി ചാഞ്ചാടിക്കൊണ്ട് മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്ന സാന്താ മറിയയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ഒരു ഭീമൻ തിമിംഗലം കടിച്ചു നിർത്തിയതു പോലെ അത് എന്തിലോ തട്ടി നിന്നു. കടലിന്റെ ആഴങ്ങളെ വിറപ്പിക്കുന്ന ഒരു ശബ്ദം ഉയർന്നു.

പയ്യന്റെ കൈയിലെ മണിക്കൂർ സഞ്ചി ദുർബലമായി. താഴെ വീണു. അവൻ തളർന്നു മയങ്ങുകയായിരുന്ന നാവികർക്കായി ഒച്ചയിട്ടു.
സാന്താ മറിയ പതുക്കെ ഒരു വശത്തേക്ക് തിരിഞ്ഞു. ആദ്യം ഓടി വന്നത് വെളുത്ത മൂപ്പൻ തന്നെ ആയിരുന്നു. പേടിച്ചു വിറച്ചു നിൽക്കുകയായിരുന്ന പയ്യനെ തള്ളി മാറ്റി പായകൾ വലിച്ചു പിടിച്ച് കപ്പലിനെ ഇടത്തോട്ട് തിരിക്കാൻ ശ്രമിച്ചു. വലത്തോട്ട് തിരിക്കാൻ നോക്കി. പക്ഷെ ഫലമുണ്ടായില്ല. അതിന്റെ മാത്രം നിശ്ചയങ്ങൾക്ക് വഴങ്ങിയതു പോലെ, അനുസരണയില്ലാത്ത ഒരു മൃഗത്തെ പോലെ, സാന്താ മറിയ പതുക്കെ പതുക്കെ പവിഴപുറ്റുകൾക്ക് മീതെക്കൂടി വഴുതിപ്പോയി.

പവിഴ പുറ്റുകൾ എണ്ണിയാൽ തീരാത്തത്രയുണ്ട് കടലിന്റെ ഈ ഭാഗങ്ങളിൽ.
സ്വർണത്തിന്റെ സാന്നിധ്യം വിളിച്ചു പറയുന്ന ഈ പുറ്റുകൾ പക്ഷെ ഈ വെളളക്കാരുടെ കപ്പലിന് മരണക്കെണിയായിരിക്കുന്നു.
വെളുത്ത മൂപ്പൻ കടലിനെ ഭേദിക്കുന്ന ശബ്ദത്തിൽ അലറി. മദ്യ ലഹരിയിൽ മയങ്ങിക്കിടന്നിരുന്ന മറ്റ് നാവികർ ചാടിയെഴുന്നേറ്റു.
കണ്ണു തിരുമ്മിക്കൊണ്ട് ഓടി വന്ന ബാഷോ കപ്പലിന്റെ സ്ഥിതി കണ്ട് ഒരു നിമിഷം അമ്പരന്നു. വെളുത്ത മൂപ്പൻ തെറി വിളിച്ചു കൊണ്ട് അവനു നേരെ ചെന്നപ്പോഴേക്കും ബാഷോ കുഞ്ഞു വളളങ്ങളിലൊന്ന് വെളളത്തിലേക്കിട്ട് ചാടി രക്ഷപ്പെട്ടു. ഒപ്പം മറ്റ് ചില നാവികരും ജീവനും കൊണ്ട് വെളളത്തിലേക്ക് ചാടി വളളങ്ങളിൽ പിടിച്ചു കയറി.

വെളുത്ത മൂപ്പന്റെ കൺ മുന്നിലൂടെ അവർ സാന്താ മറിയയെ അതിന്റെ വിധിക്ക് വിട്ടിട്ട് മറ്റ് കപ്പലുകളിലേക്ക് തുഴഞ്ഞ് പോയി.
സാന്താ മറിയ അതിന്റെ നീണ്ട കടൽ ജീവിതംകൊണ്ട് വശം കെട്ട ശരീരം ഒന്നുയർത്തി. പിന്നെ, ഒരു വശത്തേക്ക് ചെരിഞ്ഞു. മുകളിലെ കൂറ്റൻ കൊടിമരങ്ങളിൽ ഒന്ന് അസ്ഥികൾ ഒടിയുന്നതു പോലെ നുറുങ്ങി. പുറ്റുകളുടെ കൂർത്ത മുനകൾ കപ്പലിന്റെ അടിവയറ്റിൽ തുളച്ചു കയറി. ആർത്തിയോടെ വെളളം മീനുകളേയും എണ്ണിയാൽ ഒടുങ്ങാത്ത കടൽ ജീവികളേയും കൊണ്ട് സാന്താ മറിയയുടെ വയറ്റിലേക്ക് പ്രവഹിച്ചു തുടങ്ങി.

വളളത്തിൽ ഇറങ്ങിയ നാവികൾ തിരിച്ചു വരാതെ തുഴഞ്ഞ് പോന്നത് കണ്ടപ്പോൾ വെളുത്ത മൂപ്പന്റെ കലി ഇരട്ടിയായി. വെളുത്ത മൂപ്പൻ ഒരു മുട്ടൻ തെറി വിളിച്ച് കൊണ്ട് കൈയിൽ കിട്ടിയ പാത്രങ്ങളും കോപ്പകളും കൊണ്ട് വെളളം കോരി കളയാനും ഇടക്കെണീറ്റ് ചെന്ന് പാതി ചെരിയുന്ന പായക്കപ്പലിനെ നേരെ നിർത്താനും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു...

അടുത്ത ചെരിച്ചിലിൽ ഞാൻ കപ്പലിലൂടെ ഉരുണ്ടു. മങ്ങിയ വെളിച്ചത്തിൽ, മൂർച്ചയും ബലവുമുളള നിരവധി സാധനങ്ങളിൽ തട്ടിയും മുട്ടിയും ഒടുവിൽ വെളളത്തിലേക്കു വീണു. എണ്ണിയാലൊടുങ്ങാത്ത കപ്പലുകൾക്ക് ഇടമുളള അതിന്റെ ആഴങ്ങളിലേക്ക് കടൽ എന്നെ ദത്തെടുത്തു. ഞാൻ കൈ കാലുകൾ കുടഞ്ഞു. കപ്പൽ മറിഞ്ഞതോടെ അതിഥികളുടെ കെട്ടുകളുടെ ബലവും അയഞ്ഞതു പോലെ എന്റെ കൈയും കാലും സ്വതന്ത്രമായി. ഒരു കുതിപ്പിന് ഞാൻ വെളളപ്പരപ്പിലെത്തി. മങ്ങിയ നിലാവിൽ കാണുന്ന കരയിലേക്ക് സർവ്വശക്തിയുമെടുത്ത് നീന്തി. കടപ്പുറത്തെത്തി പര പരാ വെളിച്ചത്തിൽ മരപ്പടപ്പുകൾക്കിടയിൽ മറഞ്ഞിരുന്ന് ഞാൻ കിതപ്പാറ്റി. അകാശത്ത് മിന്നുന്ന നക്ഷത്ര വെളിച്ചത്തിൽ പിന്നിൽ മൂർ രാജാവിന്റെ ദ്വീപ് കണ്ടു. കടലിന്റെ മറ്റേ അറ്റം വരെ എത്തിയെന്നു തോന്നിച്ചിട്ടും അധിക ദൂരമൊന്നും ഈ വെളുത്ത മനുഷ്യർ എന്നെ കൊണ്ടു പോയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ആശ്വാസത്തോടെ മണലിൽ മലർന്നു കിടന്നു. കാലിലൂടെ അരിച്ച് കയറാൻ തുടങ്ങിയ ഒരു തേളിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. പിന്നെ, കടലിൽ ചുരുളഴിയുന്ന നാടകം ദൂരെ നിന്ന് നോക്കി കാണാൻ തുടങ്ങി.

നാവികർ എത്ര വെളളം മുക്കിക്കളഞ്ഞിട്ടും, മരിക്കാൻ തീരുമാനിച്ചുറപ്പിച്ച ഒരു ജന്തുവിനെ പോലെ സാന്താ മറിയ കൂടുതൽ കൂടുതൽ വെളളം അകത്തേക്ക് എടുത്തുകൊണ്ടിരുന്നു. സാധനങ്ങൾ എല്ലാം എടുത്ത് പുറത്തിട്-- വെളുത്ത മൂപ്പൻ ഗർജ്ജിച്ചു കൊണ്ട് ആംഗ്യം കാണിച്ചു. നാവികർ ഓരോരുത്തരും രാവിലെ ദ്വീപു വാസികൾ വന്ന് തങ്ങൾക്കു മേൽ ചൊരിഞ്ഞ സാധനങ്ങളിൽ നിന്ന് എടുക്കാവുന്നത്രയുമായി കടൽക്കരയിലേക്ക് നീന്തി. നേരം അപ്പോഴും വെളുത്തിട്ടില്ലായിരുന്നു എന്നത് അവരെ ഒട്ടും സഹായിച്ചില്ല. കടൽ അതിന്റെ രാത്രി വേലകൾ കൊണ്ട് അവരെ കുഴപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ നിരാശരായി സാന്താ മറിയയയെ കടലിൽ വിട്ട്, തലേന്ന് തങ്ങൾക്ക് കിട്ടിയ നിരവധി സമ്മാനങ്ങൾ ആർക്കും വേണ്ടാതെ ചിതറിക്കിടക്കുന്നതിനടുത്ത് വെളുത്ത മൂപ്പനും കൂട്ടരും കരയിൽ തളർന്നിരിപ്പായി.

കിഴക്ക് പതുക്കെ ഉദിച്ചു വരുന്ന സൂര്യ വെളിച്ചത്തിൽ അവർ സാന്താ മറിയയിൽ നിന്നും ഇറങ്ങി വന്ന പ്രേതങ്ങളെ പോലെ തോന്നിച്ചു. കഴിഞ്ഞ മാസങ്ങളിൽ തങ്ങളുടെ വീടും വാഹനവും എല്ലാം ആയിരുന്ന കപ്പൽ അതിന്റെ പളളയിൽ അവശേഷിച്ച സാധനങ്ങളുമായി അവസാന ശ്വാസമെടുക്കുന്നത് കണ്ട് അവരിൽ ചിലർ പ്രാർത്ഥന ചൊല്ലി. മറ്റ് ചിലർ നീനയിലും പിന്റയിലും തങ്ങളുടെ സുരക്ഷിതത്വത്തിൽ നിന്നും ഉറക്കത്തിൽ നിന്നും പുറത്തിറങ്ങാത്ത തങ്ങളുടെ സഹയാത്രികരെ നോക്കി നീണ്ട പഴി വാക്കുകൾ വിളിച്ചു പറഞ്ഞു. വളയം കാക്കുന്നതിൽ തനിക്ക് പറ്റിയ പിഴ കാരണം ഉണ്ടായ ആത്യാഹിതമോർത്താവണം ബാഷോ ഒരു ഭ്രാന്തനെ പോലെ കടൽത്തീരത്ത് ഓടി നടന്നു.""ദൈവമേ എന്നോട് എന്തിനാണീ കടും കൈ ചെയ്തത്? ഇനി തനിക്ക് ലഭിക്കാൻ പോകുന്നത് ഈ ദ്വീപ് വാസികളോടൊത്ത് മരണം വരെയുളള ജീവിതമായിരിക്കും. ഇനി ഒരിക്കലും ഒരു കപ്പലിന്റെ അകം കാണാനുളള ഭാഗ്യം പോലും തനിക്ക് ലഭിച്ചേക്കില്ല. സാന്താ മറിയയുടെ അകാല മരണത്തിന് കാരണമായ കൈകളാണ് തന്റേത്.'' ബാഷോ തന്റെ കൈകൾ മണലിൽ ആഞ്ഞടിച്ചു.

അപ്പോഴാണ് വെളുത്ത മൂപ്പൻ കരയാൻ തുടങ്ങിയത്. ദിവസങ്ങളോളം ആർത്തലച്ചു വന്ന കടലിനും കാറ്റിനും മുന്നിൽ കൂസലിലില്ലതെ നിന്നിരുന്ന വെളുത്ത മൂപ്പൻ കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എന്റെ മനസ്സ് മറ്റെല്ലാം മറന്ന് വെളുത്ത മൂപ്പനുവേണ്ടി വിങ്ങി. ഞാൻ പതുക്കെ എഴുന്നേറ്റ് വെളുത്ത മൂപ്പനു നേരെ നടന്നു. കപ്പലിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ നഷ്ടപ്പെടുന്നതാണോ വെളുത്ത മൂപ്പനെ കരയിക്കുന്നത് എന്നോർത്ത് ഞാൻ കപ്പലിൽ നിന്ന് സംരക്ഷിച്ചെടുത്ത സാധനങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും അതു വകവെക്കാതെ മൂപ്പൻ കരച്ചിൽ തുടർന്നു...
എല്ലാം എന്റെ തെറ്റാണ് എന്ന മട്ടിൽ രൂക്ഷമായി ബാഷോയും മറ്റ് നാവികരും എന്നെ നോക്കിയപ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ഇരിപ്പു തുടർന്നു. ഒരു മരവിപ്പ് എന്റെ ശരീരത്തേയും മനസ്സിനേയും വിഴുങ്ങിത്തുടങ്ങിയിരുന്നു.

സാന്താ മറിയയുടെ ദു:രന്തത്തിൽ ഒരു പങ്കും ഇല്ലാത്തതു പോലെ സൂര്യൻ കണ്ണ് തുറന്ന് കിഴക്ക് പ്രത്യക്ഷപ്പെട്ടു. കപ്പലിന്റെ മേൽക്കൂരയിൽ ഒരു വലിയ കടൽക്കാക്ക വന്നിരുന്നു. നങ്കൂരം ഒടിഞ്ഞ് താഴാൻ തുടങ്ങിയപ്പോൾ അഭയം തേടി പറന്നകന്നു. മേൽക്കൂര ആദ്യം ഒന്നമർന്നു. രണ്ടു വശത്തേക്കും കാറ്റു പിടിച്ചതു പോലെ ഇളകി. അവസാന ശ്വാസത്തിനായി ആഞ്ഞു പിടിക്കുന്നതു പോലെ അതിന്റെ പായകളും തണ്ടുകളും വിറച്ചു. എന്തു ചെയ്യുമെന്നോർത്ത് പിന്നെയും പിടിച്ചു നിന്ന അതിന്റെ താഴേ തട്ട് അപ്പാടെ വിറച്ചു കൊണ്ട് വെളളത്തിലേക്ക് വീണു. പിന്നെ, മറ്റൊരു ദിവസം പൂർണമായും കാണാൻ കെൽപ്പില്ലാത്തതു പോലെ കപ്പൽ അനേകം സ്മാരകങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമായ സമുദ്രത്തിനടിയിലെക്ക് താഴ്ന്നു പോയി. അതു കാണാനാവാത്തതു പോലെ വെളുത്ത മൂപ്പൻ കണ്ണു പൊത്തി...

നേരം വെളുത്തതും ദ്വീപ് വാസികൾ കൂട്ടത്തോടെ കരയ്‌ക്കെത്തി. ബാക്കിയായ സാധനങ്ങൾ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് കരയ്‌ക്കെത്തിക്കാൻ കൈ മെയ് മറന്നു സഹായിച്ചു. അല്പ നേരം കഴിഞ്ഞപ്പോൾ മൂർ രാജാവ് തന്നെ തിരക്കിട്ട് വന്നു. അതിഥികളോടുളള ആദര സൂചകമായി രാജാവ് വെളുത്ത മൂപ്പൻ നൽകിയ മേൽക്കുപ്പായവും കൈയുറകളും ധരിച്ചിരുന്നു. കടൽത്തീരത്ത് കണ്ണീരുമായി ഇരുന്നിരുന്ന വെളുത്ത മൂപ്പനെ രാജാവ് തന്റെ ദേഹത്തേക്ക് ചേർത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു.

രാജാവ് വെളുത്ത മൂപ്പനേയും കൂട്ടി ദ്വീപിനകത്തേക്ക് നടന്നു. അവിടെ രണ്ടു വലിയ വീടുകൾ നാവികർക്ക് എത്ര നാൾ വേണമെങ്കിലും താമസിക്കാൻ വേണ്ടി തയ്യാറാക്കിയിട്ടിയിരുന്നത് സന്തോഷത്തോടെ കാണിച്ചു കൊടുത്തു.""ദയവു ചെയ്ത് ഇവിടെ താമസിച്ചാലും; എത്ര നാൾ വേണമെങ്കിലും; ഞങ്ങളുടെ ഭക്ഷണവും ആതിഥ്യവും സ്വീകരിച്ച്.'' രാജാവ് തല കുനിച്ചു കൊണ്ട് പറഞ്ഞു. ""ദയവു ചെയ്ത് നിങ്ങളുടെ വിലപിടിപ്പുളള സമ്മാനങ്ങൾ ഒന്നും ഞങ്ങൾക്ക് പകരമായി തരാതിരിക്കുക.''

വെളുത്ത മൂപ്പന്റെ കണ്ണു പിന്നെയും നിറഞ്ഞു. തന്റെ കുപ്പായക്കീശയിൽ നിന്ന് പരുന്തിൻ മണികൾ പുറത്തെടുത്ത് നിർബന്ധിച്ച് രാജാവിന്റെ കൈയിൽ കൊടുത്തു. രാജാവ് അത് അനുയായികൾക്ക് കൈമാറിയതും അവർ അത് കുലുക്കിക്കൊണ്ട് കുട്ടികളെ പോലെ കടൽക്കരയിൽ ഓടി നടന്നു.
ഇടക്കിടക്ക് ദ്വീപിലെ രാജാവിന്റെ ഉപദേശകരും മറ്റ് വൃദ്ധന്മാരും വന്ന് വെളുത്ത മൂപ്പനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ""നമ്മുടെ ദ്വീപിലുളളതെല്ലാം ഇനി ആകാശത്തു നിന്നും വന്ന മനുഷ്യർക്കുളളതാണ്.'' രാജാവ് പ്രഖ്യാപിച്ചു.
പിന്നെ വിരുന്നു തുടങ്ങി. ദ്വീപു വാസികളുടെ മരച്ചീനി കൊണ്ടുണ്ടാക്കിയ അപ്പവും, കക്കയും, വരാലും കൂട്ടിയുളള സദ്യ അഡ്മിറലും കൂട്ടാളികളും വയറു നിറച്ച് കഴിച്ചു. മദ്യവും ദ്വീപു വാസികളുടെ പാട്ടും നൃത്തവും ആയപ്പോൾ നാവികരുടെ മുഖവും തെളിഞ്ഞു. വിരുന്ന് കഴിഞ്ഞപ്പോൾ ബാഷോവിലൂടെ ഞാൻ വെളുത്ത മൂപ്പന്റെ വാക്കുകൾ കേട്ടു: ""എനിക്ക് ഒരു കാര്യം വ്യക്തമായിരിക്കുന്നു. സാന്താ മറിയ തകർന്നത് ഒരു അത്യാഹിതമായിരുന്നില്ല. മറിച്ച് ദൈവത്തിങ്കൽ നിന്നുളള വെളിപാടായിരുന്നു. എനിക്കും സ്പാനിഷ് സാമ്രാജ്യത്തിന്റെ മറ്റ് സേവകർക്കുമുളള ദൈവ വചനം. ഇവിടെ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, സ്വർണം വിളയുന്ന ഈ ദ്വീപിൽ സ്പാനിഷ് സാമ്രാജ്യത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന വലിയ ഒരു കോട്ടയും കപ്പൽ ശാലയും പണിയാനുളള ദൈവത്തിന്റെ നിർദ്ദേശം.''
വെളുത്ത മൂപ്പൻ രാജാവിനു നേരെ തിരിഞ്ഞു.""പറയൂ. ഞാൻ എന്താണ് പകരം ചെയ്യേണ്ടത്? ഒന്നും വേണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അപമാനിക്കരുത്. സ്പാനിഷ് സാമ്രാജ്യത്തിന്റെ ഈ സേവകൻ എന്തു ചോദിച്ചാലും തരാൻ തയ്യാറായി നിൽക്കുന്നു.''
തീക്കുണ്ഠത്തിന് അടുത്ത് ഇരിക്കുകയായിരുന്ന രാജാവിന്റെ മുഖത്ത് ഗൗരവവും
ഭയവും നിറഞ്ഞു. രാജാവ് തന്റെ വയറ്റിലെ നീണ്ട മുറിപ്പാടിൽ കൈ ഓടിച്ചു കൊണ്ട് പറഞ്ഞു:
""ആ നശിച്ച കാരിബുകൾ.''

വെളുത്ത മൂപ്പന്റെ മുഖത്ത് ക്രോധം തീയേക്കാൾ ഉജ്ജ്വലമായി.
വെളുത്ത മൂപ്പൻ ഒരു പ്രത്യേക രീതിയിൽ കൈ ഞൊടിച്ചപ്പോൾ കപ്പലിലെ ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ടു പേർ ഓടി വന്നു.
അല്പ നേരത്തിനുളളിൽ വെടി മരുന്നു നിറച്ച് വലിയ കുഴൽ തയ്യാറായി. ദ്വീപു വാസികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആ ആയുധത്തെ ഭീതിയോടെ നോക്കി. വെളുത്ത മൂപ്പൻ കൈ ഉയർത്തിയപ്പോൾ ചുറ്റുമുളള ദ്വീപുകളെ മുഴുവൻ നടുക്കിക്കൊണ്ട്, ഞങ്ങളുടെ എല്ലാ പെരുമ്പറകളേയും നിശബ്ദമാക്കിക്കൊണ്ട്, പീരങ്കി ആകാശത്തേക്ക് നിറയൊഴിച്ചു. ഒന്ന്. രണ്ട്. മൂന്ന്. നാല്. അഞ്ച്.
സകല ദ്വീപ് വാസികളും ഇതു വരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം കേട്ട് നടുങ്ങി. പലരും പേടിയോടെ മണലിൽ കമ്ഴ്ന്നു കിടന്നു. ""ആ കാരിബുകളുടെ കാര്യം ഞങ്ങൾക്ക് വിട്ടേക്കൂ. അവരുടെ അന്ത്യം അടുക്കാറായിരിക്കുന്നു.'' വെളുത്ത മൂപ്പൻ രാജാവിനോട് പറഞ്ഞു ""അവരുടെ തല വെട്ടി രാജാവിന്റെ കാൽക്കീഴിൽ കൊണ്ടിടുന്ന കാര്യം ഈ സ്പാനിഷ് പടയാളി ഏറ്റെടുത്തിരിക്കുന്നു.''

പീരങ്കിയെ പേടിയോടെ നോക്കിക്കൊണ്ട് ദ്വീപു വാസികൾ പട്ടാളക്കാരുടെ അടുത്തേക്ക് വന്നു. അവരുടെ കണ്ണുകളിൽ ആദരവും അത്ഭുതവും നിഴലിച്ചു.""അതിഥികളുടെ മൂപ്പന്റെ സ്വർണത്തിൽ തീർത്ത ഒരു പ്രതിമ ഇവിടെ സ്ഥാപിക്കട്ടെ!'' രാജാവ് അനുചരന്മാർക്ക് ആജ്ഞ കൊടുത്തു. രാജാവിന്റെ ഉപദേശകൻ വന്ന് വന്ന് രണ്ട് വലിയ സ്വർണ കട്ടകൾ വെളുത്ത മൂപ്പനു കൈ മാറി.
വെളുത്ത മൂപ്പൻ എഴുന്നേറ്റു. കടലിൽ തകർന്നു കിടക്കുന്ന സാന്താ മറിയയെ നോക്കി.. വെളുത്ത മൂപ്പന്റെ കണ്ണീർ വറ്റിയിരുന്നു. ""എനിക്ക് സ്വർണ പ്രതിമയല്ല വേണ്ടത്.'' വെളുത്ത മൂപ്പൻ പറഞ്ഞു. ""കോട്ട പണിയണം. ഇവിടെ ദൈവത്തിന്റെ ദ്വീപിൽ. ഒരു നെടുങ്കൻ സ്പാനിഷ് കോട്ട. ലാ ഇസബെല്ല.'' വെളുത്ത മൂപ്പൻ രാജാവിന്റെ ഇരു ചുമലുകളിലും കൈ വച്ചു. ""അതിനുളള മരവും സാമഗ്രികളും ഇതാ സാന്താ മറിയയിൽ നിന്നും ഊരിയെടുക്കാം. അവളുടെ അസ്ഥികൾ ആ കോട്ടയുടെ മേൽക്കൂരയിൽ ചേരട്ടെ!''
വെളുത്ത മൂപ്പൻ മുകളിലേക്ക് നോക്കി കൈയുയർത്തി. ""ഇന്നലെ, ദൈവപുത്രന്റെ പിറവി ദിനത്തിൽ അദൃശ്യമായ പവിഴ പുറ്റുകളിലേക്ക് ഓടിച്ചു കയറ്റി കപ്പൽച്ചേതം വരുത്തിയ അങ്ങയുടെ കരങ്ങൾക്ക് വീണ്ടും വീണ്ടും നന്ദി.''
നാവികരെ വെളുത്ത മൂപ്പൻ രണ്ട് കൂട്ടമായി തിരിച്ചു. അനന്തരം അവരിലെ ചെറിയ കൂട്ടവുമായി വെളുത്ത മൂപ്പൻ സ്വർഗത്തിലേക്കുളള തന്റെ മടക്കയാത്രക്ക് കോപ്പ് കൂട്ടാൻ തുടങ്ങി. ദ്വീപിൽ തന്നെ തുടരാൻ തീരുമാനിച്ച നാവികരിൽ ചിലർ എന്നെയും, ഇതിനകം എന്റെ ചുറ്റും കൂടിയ പെണ്ണുങ്ങളേയും മുനവച്ച് നോക്കി.▮

(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments