ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

രണ്ടാം വരവ്

തൈമയും കൊളംബസും -6

രണം ഇല്ലാത്ത സമയമായതിനാൽ ഭൂമിയിൽ മനുഷ്യർ നിറഞ്ഞു കവിഞ്ഞിരുന്നു. കണക്കില്ലാത്തതെന്നും, ഒരിക്കലും വറ്റില്ലെന്നും തോന്നിച്ച ഭൂമിയിലെ വിഭവങ്ങൾ പതുക്കെ പതുക്കെ തീർന്നു തുടങ്ങിയിരുന്നു. പല തലമുറകളിൽ പെട്ട ജീവജാലങ്ങൾ പരിമിത വിഭവങ്ങൾക്കായി പോരടിച്ചു കൊണ്ടിരുന്നു.
ആ മനുഷ്യന് ഭൂമിയിലെ ജീവിതം മടുത്തിരുന്നു. മറ്റു മനുഷ്യരുമായി ഭക്ഷണത്തിന് മല്ലിട്ട് എല്ലാവരുടേയും വെറുപ്പിനും ക്രോധത്തിനും പാത്രമായി ജീവിച്ച് മതിയായിരുന്നു. അടുത്ത ജന്മത്തിലെങ്കിലും അകാശത്തു കൂടി മേഞ്ഞു നടക്കുന്ന ഒരു മേഘമായി ജനിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം.
ഒരു ദിവസം അയാൾ ദൈവത്തെ വിളിച്ചു കരഞ്ഞു: "മരണം ഇല്ലെങ്കിൽ ഈ ഭൂമിയിൽ ഇനി വാസം സാധ്യമല്ല. ദയവായി മരണത്തെ അയച്ച് പഴയ തലമുറയിൽ പെട്ടവരെ ഭൂമിയിൽ നിന്ന് ഒഴിവാക്കണം.'

"നിനക്ക് ഉറപ്പാണോ മനുഷ്യാ? നിന്റെ പ്രിയപ്പെട്ടവരെ ഒഴിവാക്കാൻ? അവരില്ലാതെ ജീവിക്കാൻ നിനക്ക് സാധിക്കുമോ' ദൈവം ചോദിച്ചു.
ആ മനുഷ്യന് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.
ദിവസങ്ങൾ പോകെ പോകെ ഭൂമിയിലെ വാസം കൂടുതൽ കൂടുതൽ ദുസ്സഹമായി. മനുഷ്യൻ വീണ്ടും ദൈവത്തെ വിളിച്ചു കരഞ്ഞു: "ഞാൻ വീണ്ടും അങ്ങയോട് അപേക്ഷിക്കുന്നു. ഞങ്ങൾക്ക് അതിജീവിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ. എത്രയും പെട്ടെന്ന് ഭൂമിയിലേക്ക് മരണത്തെ അയക്കൂ'
ഇത്തവണ എന്തു കൊണ്ടോ ദൈവം അയാളോട് സമ്മതം മൂളി.
മരണത്തെ ഭൂമിയിലെക്ക് അയച്ച് ഭൂമിയിൽ ജീവനുളളവയെല്ലാം മരണത്തിന് അവകാശപ്പെട്ടതാണെന്ന് അറിയിച്ചു. അതോടെ ഭൂമിയിൽ മരണം തന്റെ തേർ വാഴ്ച ആരംഭിച്ചു.

ഒരു മുന്നറിയിപ്പുമില്ലാതെ മനുഷ്യരും മൃഗങ്ങളും പക്ഷികളും ചത്തു വീഴാൻ തുടങ്ങി. മരിച്ചു വീണവരിൽ പക്ഷെ നൂറു കണക്കിന് വർഷം ഭൂമിയിൽ ജീവിച്ച പഴയ തലമുറയിലെ മനുഷ്യർ മാത്രമല്ല, ജനിച്ചു വീണ് മിനിട്ടുകൾ മാത്രമായ ചോരക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. തന്റെ തീരുമാനത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധ്യപ്പെട്ട മനുഷ്യൻ വീണ്ടും ദൈവത്തെ വിളിച്ച് കരഞ്ഞു. മരണത്തെ ഭൂമിയിൽനിന്ന് തിരിച്ചു വിളിക്കാൻ പ്രാർത്ഥിച്ചു. ""എന്റെ പൂർവ്വികരെ, എന്റെ പ്രിയപ്പെട്ടവരെ, മരണം വഴി എന്നിൽ നിന്ന് പിരിച്ചവരെ ദയവു ചെയ്ത് എന്റെ അടുത്തേക്ക് തിരിച്ചയക്കൂ.''""മരിച്ചവരെയും ഈ ഭൂമിയിൽ നശിച്ചു പോയതിനേയും വീണ്ടും ജീവിപ്പിക്കാൻ കഴിവുളള ഒന്നിനേയും എനിക്കറിയില്ലല്ലോ'' ദൈവം കൈ മലർത്തി.
എങ്കിൽ എന്റെ പ്രിയപ്പെട്ടവരില്ലാത്ത ഈ ഭൂമിയിൽ എനിക്കിനി ജീവിക്കണ്ട എന്നും പറഞ്ഞ് ആ മനുഷ്യൻ അവിടെ തന്നെ മരിച്ചു വീണു...

ആറ്: നരഭോജികൾ

"ഇന്ത്യയിലേക്കുളള' രണ്ടാം കപ്പൽ യാത്രയിൽ കൊളംബസ് ആളാകെ മാറിയിരുന്നു. വെറും തൊണ്ണൂറ് ആളുകളും പൊളിയാറായ മൂന്ന് പായക്കപ്പലുകളും ഉണ്ടായിരുന്നിടത്ത് ഇത്തവണ പതിനേഴ് കപ്പലുകളും ആയിരത്തി ഇരുനൂറ് ആളുകളും. അവരിൽ നാവികർക്കു പുറമേ, വേലക്കാരും കുശിനിക്കാരും പുറം പണിക്കാരും വൈദ്യൻമാരും. മാസങ്ങളോളം തിന്നാനും കുടിക്കാനുമുളള വക. ഇന്ത്യക്കാരുടെ നാട്ടിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളായ കുതിരകളും വേട്ടപ്പട്ടികളും. ഒരു വൻകര മുഴുവൻ ഇടിച്ചു നിരത്താൻ ശേഷിയുളള വെടിക്കോപ്പുകൾ. എല്ലാത്തിനുമുപരി ഇന്ത്യൻ കടൽപ്രദേശങ്ങളുടെ കടലിന്റെ അഡ്മിറലായി കൊളംബസിനെ വാഴിച്ചു കൊണ്ടുളള ഫെർഡിനാന്റിന്റേയും ഇസബെല്ലയുടേയും ഔദ്യോഗിക പ്രമാണം. രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള അധികാര ശാസനം.

ആദ്യ യാത്രയിൽ തകർന്ന കപ്പലിന്റെ ഓർമ്മക്ക് രണ്ടാം യാത്രയിലെ കപ്പലിനേയും കൊളംബസ് സാന്താ മറിയ എന്നു വിളിച്ചു. തന്റേയും കൂട്ടാളികളുടേയും ജീവൻ പണയം വച്ചു കൊണ്ടുളള ആദ്യ യാത്ര വിജയകരമായത് കൊളംബസിനെ വീര നായകനാക്കിയിരുന്നു. ആ ദ്വീപുകളിൽ നിന്നുളള സ്വർണ സമ്മാനങ്ങളും കൂടുതൽ സ്വർണം കണ്ടെത്താനുള്ള സാധ്യതകളും മാത്രം മതിയായിരുന്നു വീണ്ടുമൊരു കടൽ യാത്രക്ക് ഫെർഡിനാന്റിനും ഇസബെല്ലക്കും സമ്മതം കൊടുക്കാൻ. രാജാവും രാജ്ഞിയും മാത്രമല്ല, വിശാലമായ കൃസ്ത്യൻ വിശ്വാസത്തിലേക്കുളള പരിവർത്തനത്തിന് ആളുകളെ കിട്ടുമെന്നത് സഭയെ കൊണ്ടും കൊളംബസിനെ പിന്തുണപ്പിച്ചു.

"ഡോൺ കൊളംബസ്', "അഡ്മിറൽ കൊളംബസ്' എന്നിങ്ങനെയുളള സ്ഥാനപ്പേരുകൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് കൊളംബസ് തനിക്കു ചുറ്റും സൗമ്യമായി അലയടിക്കുന്ന മഹാസമുദ്രത്തെ നോക്കി ഡെക്കിൽ നിന്നു.
സ്‌പെയിനിൽ നിന്ന് കിഴക്കോട്ടേക്കുളള യാത്രക്കിടയിൽ ഡോണ ബിയാട്രീസിന്റെ കരയിൽ കപ്പലടിപ്പിക്കാൻ കൊളംബസ് മറന്നില്ല. ക്രൂരയും സമ്പന്നയും ഭർതൃഘാതകയുമായ സർപ്പ സുന്ദരി. അധികാര മദോന്മത്തയായ രാജ്ഞി. പിന്നെ, കുറച്ചു ദിവസത്തേക്ക് തീനും കുടിയും ആഘോഷവും തന്നെയായിരുന്നു. അഡ്മിറലിന്റെ ഹൃദയം കവർന്ന പെണ്ണിനെ ദൂരെ നിന്ന് നാവികർ നോക്കി നിന്നു. അവരുടെ ലക്ഷ്യസ്ഥാനമായ ദ്വീപുകളിലെ ഇരുണ്ട നിറവും നീണ്ട മുടിയും വലിയ മുലകളുമുളള പെണ്ണുങ്ങളെ സ്വപ്നം കണ്ട് ബോധം കെട്ടുറങ്ങി.
രതി മൂർച്ഛയിൽ തളർന്ന് കിടക്കുമ്പോൾ കടലിന്റെ അഡ്മിറലിനോട് ഇതിനു മുൻപ് എത്രയോ തവണ പറഞ്ഞിട്ടുളള തന്റെ ആഗ്രഹം ഭർത്താവായി കൂടെ പൊറുക്കാനുളള അഭ്യർത്ഥന ഡോണ ബിയാട്രീസ് വീണ്ടും നടത്തി. തനിക്കു ചുറ്റും പരന്നു കിടക്കുന്ന കടലിന്റെ ശബ്ദത്തിന് കാതോർത്തു കൊണ്ട് ഇതിനു മുൻപത്തെ തവണയെന്ന പോലെ കൊളംബസ് മറുപടി പറഞ്ഞു.
കൊളംബസ് ആദ്യമായും അവസാനമായും നാവികനാണെന്ന്. കപ്പലിന്റെ പായകളിൽ പിടിക്കുന്ന കാറ്റാണ് തന്റെ ജീവിതത്തിന്റെ ഗതിയും വിഗതിയും നിർണ്ണയിക്കുന്നതെന്ന്. കടലുപ്പും കടൽമണവും ഏൽക്കാതെ കരയ്ക്കിരിക്കുന്ന കൊളംബസ് വെറും ശവമായി പോകുമെന്ന്. താൻ തേടിപ്പോകുന്ന സ്വർണത്തേക്കാൾ കൊളംബസിനെ കൊതിപ്പിക്കുന്നത് കടൽ മുറിച്ചുളള യാത്ര തന്നെയാണെന്ന്...

ഡോണ ബിയാട്രീസിന്റെ കര വിട്ട് മൂന്നു നാൾ കഴിഞ്ഞ രാത്രിയിൽ കൊളംബസ് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ പക്ഷെ കടലായിരുന്നില്ല. തീ. സകലതും വിഴുങ്ങുന്ന കൊടും തീ. അത് സ്‌പെയിനിന്റെ രാജ കൊട്ടാരത്തെ ഒരറ്റം മുതൽ വിഴുങ്ങുന്നു. നെടുങ്കൻ തൂണുകളും, തൂക്കു വിളക്കുകളും കണ്ണാടി പാത്രങ്ങളും അന്തഃപ്പുരങ്ങളും തിരശ്ശീലകളും പട്ടു വസ്ത്രങ്ങളും കുതിരാലയങ്ങളും വിലപിടിപ്പുളള രത്‌നങ്ങളും ആടയാഭരണങ്ങളും എന്നു വേണ്ട രാജാവിന്റേയും രാജ്ഞിയുടേയും മണിയറ വരെ നക്കിയെടുത്തു കൊണ്ട് ആളിപ്പടരുന്ന തീ.

സാൻ സാൽവദോറിൽ നിന്നു താൻ കണ്ടെടുത്ത മുഖം മൂടിയും അരപ്പട്ടയും വരെ അതിന്റെ ജ്വാലക്കണ്ണുകൾ ചാമ്പലാക്കാൻ തുടങ്ങിയപ്പോൾ കൊളംബസ് ഞെട്ടിയെഴുന്നേറ്റു...

പരിചിതവും സ്വന്തം ആളുകൾ നിറഞ്ഞതുമായ സാന്താ മറിയയിലേക്ക് കണ്ണു തുറന്നിട്ടും ആ സ്വപ്നത്തിന്റെ കനലുകൾ കൊളംബസിനെ പൊളളിച്ചു കൊണ്ടിരുന്നു.

പതുക്കെപ്പതുക്കെ കൊളംബസിന്റെ മനസ്സ് സാൻ സാൽവദോറിലേക്കും അവിടെ കോട്ട നിർമ്മിക്കാൻ നിർത്തിയ നാവികരിലേക്കും ചെന്നു. തന്റെ നാൽപ്പത്തൊന്ന് നാവികർ. അവരെ നരഭോജികളായ ഇന്ത്യക്കാർക്കിടയിൽ വിട്ടിട്ടു വന്ന തന്നോട് പെട്ടെന്ന് അയാൾക്ക് പുച്ഛം തോന്നി. പക്ഷെ അവരുടെ ത്യാഗവും സഹനവും സ്‌പെയിനിന്റെ കിരീട ധാരികൾക്ക് നൽകാനിരിക്കുന്ന വൻ നേട്ടങ്ങളെയോർത്ത് അവർക്ക് അഭിമാനം തോന്നട്ടെ എന്ന് ഉടൻ തന്നെ സ്വയം തിരുത്തി.
ദിവസങ്ങൾക്കു ശേഷം കരയ്ക്കണയും വരെയുളള രാത്രികളിലെല്ലാം ആ നാവികരുടെ മുഖങ്ങൾ കൊളംബസിന്റെ മുന്നിലെക്ക് വന്നു. കാറ്റും കോളും നിറഞ്ഞ കടൽ കൊളംബസിനെ ഭയപ്പെടുത്തിയില്ല. പക്ഷേ കരയിലെ യുദ്ധങ്ങൾ, തന്ത്രങ്ങൾ, ചതുപ്പുകൾ, ചതികൾ...അത് അഡ്മിറൽ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...

***

ഞാൻ മരക്കഷ്ണങ്ങൾ നിലത്തിട്ട് നടു വിവർത്തി. സൂര്യൻ എന്റെ കണ്ണുകളെ പൊളളിച്ചു. എപ്പോഴോ തുടങ്ങിയ പണിയാണ്. ഒരു പക്ഷെ, യുഗങ്ങൾക്ക് മുൻപ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കല്ലും മണ്ണും വെളളവും ചുമന്ന് കൊണ്ടു വരൽ. ഞാൻ അല്പം മാറി എത്ര പണിതിട്ടും നേരെ നിൽക്കാത്ത സ്പാനിഷ് കോട്ടയുടെ അസ്ഥികൂടം നോക്കി. അതിനു മുന്നിൽ തന്നെ പണിയൊന്നും എടുക്കാതെ നാവികർ എന്തോ മോന്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷം മുൻപ് ദ്വീപിൽ വന്നിറങ്ങിയവർ ആകാശത്തു നിന്നും വന്ന വിശിഷ്ടാതിഥികൾ ഒന്നും അല്ലെന്ന് ഇപ്പോൾ അവൾക്കു മാത്രമല്ല ദ്വീപിലെ എല്ലാവർക്കും അറിയാം. കടലിന്റെ മറ്റേതോ അറ്റത്ത് നിന്ന്, വേറെതോ നാട്ടിൽ നിന്ന് സ്വർണം തേടി വന്നവർ. ചതിയന്മാർ. ആ വെളുത്ത മൂപ്പൻ തിരിച്ചു പോയതോടു കൂടി ബാക്കിയുളളവരുടെ തനി നിറവും പുറത്തു വന്നിരിക്കുന്നു.

സ്പാനിഷ് സംഘത്തിൽ നിന്ന് ബാഷോ അവളെ നോക്കി കൈ കാണിച്ചു. അവളുടെ ഭാഷ സംസാരിക്കുന്നവൻ. പക്ഷെ, അവനു വേണ്ടതെന്താണെന്ന് അവൾക്കറിയാം. അത് കിട്ടിക്കഴിഞ്ഞാൽ, കൂടെ കിടന്ന് തൽക്കാലത്തേക്ക് പൂതി മാറിയാൽ, കുറച്ചു ദിവസത്തേക്ക് സ്വെെര്യം ഉണ്ടാകും. ഇതിനകം ഒരു തവണ ഗർഭിണിയുമായി. അപ്പോഴൊക്കെ മാരിഷ് ചെടിയുടെ നീരു പിഴിഞ്ഞൊഴിച്ച് കഴിച്ചു. കുടൽ പറിഞ്ഞ് മരിച്ചു പോകുന്നതു പോലെ തോന്നിയെങ്കിലും ഒന്നും സംഭവിച്ചില്ല. അരുവിയിൽ ചെന്ന് മൂന്നു നാലു തവണ മുങ്ങി നിവർന്നപ്പോഴേക്ക് പഴയതു പോലെയായി.
പണ്ടായിരുന്നെകിൽ മൂപ്പൻ പറഞ്ഞ് തരുമായിരുന്നു. ഗർഭധാരണം കുറച്ച് കൂടി മുതിർന്ന പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുളളതാണ്, എന്റെ പ്രായക്കാർക്ക് ജീവിതം ആസ്വദിക്കാൻ കിടക്കുന്നതേയുളളൂ എന്ന്. പക്ഷെ അതെല്ലാം ഈ വെളളക്കാർ വരുന്നതിനു മുൻപായിരുന്നു.

മൂപ്പനും ചീറക്കും എന്നെ പോലെ തന്നെ രാവും പകലും പണിയാണ്. മൂപ്പന്റെ ദ്വീപു വാസികളുമായുളള യോഗങ്ങളും വിരുന്നും പാട്ടും എല്ലാം ഇല്ലാതായിരിക്കുന്നു. എന്റെ തോടുകളിലെ മീൻ നോക്കിയുളള എന്റെ യാത്രയും, വളളികളിലെ ഊഞ്ഞാലാട്ടവും നിന്നിരിക്കുന്നു. നടുവൊടിയുന്ന പണി മാത്രം. മൂർ രാജാവ് പോലും ഇപ്പോൾ രാജാവൊന്നുമല്ല. പേരു മാത്രമേയുളളൂ. ആജ്ഞ കൊടുത്താൽ പോലും കേൾക്കാൻ ആളില്ലാണ്ടായിരിക്കുന്നു.

ആരൊക്കെയോ ചാമയന്റെ നേതൃത്വത്തിൽ സ്പാനിഷ്‌കാരുമായി കലഹത്തിനു ചെന്നിരുന്നു. പക്ഷെ, ആദ്യം ശബ്ദമുയർത്തിയവനെ തോക്കു കൊണ്ട് വെടി വച്ചിട്ടു. പിന്നെ കഴുത്തിൽ കയറിട്ട് പാതി പണിത കോട്ടക്കു മുന്നിൽ കെട്ടിത്തൂക്കി.
ദ്വീപുവാസികൾക്ക് തർജ്ജമയുടെ ആവശ്യം ഉണ്ടായിരുന്നില്ല. അക്രമത്തിനും കൊലക്കും ലോകത്തിൽ എല്ലായിടത്തും ഒരേ ഭാഷയായിരുന്നു. എങ്ങനെയോ ജീവനും കൊണ്ട് രക്ഷപ്പെട്ട ചാമായൻമാത്രം രാത്രിയുടെ വിദൂര യാമങ്ങളിൽ പിറു പിറുത്തു:
കുറേക്കൂടി ആണുങ്ങൾക്ക് എന്റെ കൂടെ പോരാൻ നെഞ്ചുറപ്പുണ്ടായിരുന്നെങ്കിൽ. കുറേക്കൂടി ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ ധൈര്യവും അഭിമാനവും ഉണ്ടായിരുന്നെങ്കിൽ...
ഒരു വലിയ പരുന്ത് ആകാശത്ത് വട്ടം ചുറ്റി. ഭൂമിയിലെ ആത്മാക്കളും പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തികളും തമ്മിലുളള വിനിമയത്തിലെ ഇടനിലക്കാരനാണ്. എന്റെ മനസ്സ് ഒരു പ്രാർത്ഥനയിലേക്ക് വിതുമ്പി.
ബാഷോ എന്റെ മുന്നിൽ വന്നു നിന്ന് ചിരിച്ചു. ഞാൻ മണ്ണു തട്ടിക്കുടഞ്ഞ് എണീറ്റു. അവന്റെ കൂടെ ഏതെങ്കിലും മറവിലേക്ക് പോകാനാണ് വിളിക്കുന്നത്. അല്ലെങ്കിൽ കഴിഞ്ഞ തവണത്തേതു പോലെ അവന്റെ കൂട്ടുകാർക്കാർക്കെങ്കിലും വേണ്ടി. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു.
ഞാൻ മുഖം കടുപ്പിച്ച് അവനെ നോക്കി.
ദൂരെ എവിടെയോ ഒരു ചാട്ട വായുവിൽ ചുഴറ്റുന്ന ശബ്ദവും തുടർന്ന് നിലവിളിയും കേട്ടു.""വെളുത്ത മൂപ്പനെയും കാത്ത് ഈ ദ്വീപിൽ ഇനിയും കഴിഞ്ഞിട്ട് കാര്യമില്ല. ഞാൻ എങ്ങിനെയെങ്കിലും ഇവിടെ നിന്നെ വേറെ എങ്ങോട്ടെങ്കിലും പോകാൻ പോവുകയാണ്. നീയും കൂടെ പോര്.''
ഈ സ്പാനിഷ്‌കാരന് കോട്ട പണിയാൻ മാത്രമല്ല, കടലിനെക്കുറിച്ചും ഒരു ചുക്കും അറിയില്ലെന്ന് എനിക്ക് മനസ്സിലായി.
""കുടിലിലേക്കു വാ എല്ലാം വിശദമായി പറഞ്ഞ് തരാം.'' ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. വെറുതെ മറ്റ് കാര്യങ്ങൾ ഒക്കെ പറഞ്ഞ് മനസ്സിളക്കി അവന്റെ ഇംഗിതം നടത്താനുളള അടവായിരുന്നു. അതിൽ എനിക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിട്ടല്ല. എന്തോ, ആകാശത്തേക്കു നോക്കി ആത്തബിയുടെ പ്രാർത്ഥന ചൊല്ലുമ്പോഴൊക്കെ വല്ലാത്ത ഒരു ആശങ്ക മനസ്സിൽ നിറയുന്നു. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ മൂപ്പനും കൂടെയില്ല.
ഞാൻ ബാഷോയുടെ കൈ തട്ടി മാറ്റി വേഗം നടന്നു. അവൻ പുറകിൽ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുകയും മണൽ വാരി എറിയുകയും ചെയ്‌തെങ്കിലും ഞാൻ നിന്നില്ല.
മൂപ്പന് അരുവികളിൽ നിന്ന് സ്വർണം അരിച്ചെടുക്കുന്നിടത്താണ് പണി. ദിവസവും അരിച്ചെടുക്കുന്ന സ്വർണത്തിന്റെ ഉത്തരവാദിത്വം. വല്ലപ്പോഴും വെളളത്തിലൂടെ മിന്നി മായുന്ന സ്വർണത്തരികൾ എത്ര കിട്ടാനാണ് ഒരു ദിവസം? അത് സ്പാനിഷ്‌കാരുടെ കണക്കിനേക്കാൾ കുറഞ്ഞു പോയാൽ മുതുകിന് ചാട്ടയടി.
തൈനോകളുടെ മനസ്സും ആത്മാവും കാത്തു സൂക്ഷിക്കുന്ന മൂപ്പന്റെ അവസ്ഥ ഓർക്കുമ്പോഴൊക്കെ, ദൈവമേ, എന്റെ നെഞ്ച് പറിഞ്ഞ് പോകുന്നു.

പെട്ടെന്ന് പിന്നിലൂടെ ഓടി വന്ന് ബാഷോ എന്നെ പൂണ്ടടക്കം പിടിച്ചു. ഞാൻ കുതറി മാറി ഓടാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. പിടിയിലും വലിയിലും ഞങ്ങൾ രണ്ടു പേരും നിലത്തു വീണു. സഹായത്തിനായി നിലവിളിച്ചെങ്കിലും കല്ലും മണ്ണും ചുമന്ന് തല കുനിച്ച് നടന്ന് പോകുന്ന ദ്വീപുകാർ ആരും അങ്ങോട്ട് നോക്കിയില്ല.
പിടിച്ചുപറി കണ്ടു കണ്ട് അവരെല്ലാം അന്ധരായി മാറിരുന്നു.
ബാഷോ എന്നെ ചവിട്ടി വീഴ്ത്തിയ ശേഷം സാന്താ മറിയയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിനു പിന്നിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. ഞാൻ അയാളെ മാന്തുകയും കടിക്കുകയും ചെയ്തപ്പോഴൊക്കെ തന്റെ കോന്ത്രൻ പല്ലു വെളിവാക്കിക്കൊണ്ട് അവൻ ചിരിച്ചു. ജീവനും മാംസവും നഷ്ടപ്പെട്ട് ദ്രവിച്ചു തുടങ്ങിയ പായക്കപ്പലിന്റെ നങ്കൂരത്തിൽ തട്ടി എന്റെ തല വേദനിച്ചു.
ഞാൻ ശരീരം ഒരു ചുളളിക്കമ്പു പോലെ ദുർബലമാക്കി കൊടുത്തു. എന്നിട്ടും തുടകളിലും മുലകളിലും ഒരു കാരണവുമില്ലാതെ നഖങ്ങളും പല്ലുകളും അമരുന്ന വേദനയിൽ പിടഞ്ഞു.

പതുക്കെപ്പതുക്കെ എല്ലാം മരവിച്ചു. എന്റെ കൈയും കാലും അയഞ്ഞു. തലക്കു മുകളിൽ മേഘങ്ങളില്ലാതെ കിടന്ന ആകാശം പോലെ മനസ്സും ശൂന്യമായി. ഞാൻ മുഖം ഒരു വശത്തേക്ക് ചെരിച്ചപ്പോൾ കല്ലും മണ്ണും ചുമന്നു കൊണ്ടു വരുന്നവരുടെ നീണ്ട നിരയിൽ ഏറ്റവും പിന്നിലായി ചീറ നിൽക്കുന്നതു കണ്ടു. ഭാരം താങ്ങാനാകാതെ അവൾ ഇടക്ക് വേച്ചു പോകുന്നുണ്ട്.
ഞാൻ മുട്ടു കാലു കൊണ്ട് ബാഷോയെ തളളി മറിച്ചിട്ടു. പിന്നെ, ഇപ്പോഴും എന്നെ നോക്കാതെ തലച്ചുമടുമായി ഉറുമ്പിൻ പറ്റം പോലെ അരിച്ചു നീങ്ങുന്ന ആളുകൾക്കിടയിലൂടെ ഓടി. ഇത്രയും നേരം പണിയെടുത്തിട്ടും ഓടാനുളള ശേഷി കാലുകളിൽ ബാക്കിയാണെന്നതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി.
ബാഷോയും കൂട്ടാളികളും പിന്നിൽ തന്നെ ഉണ്ടായിരുന്നു. അവരുടെ ചിരിയും അട്ടഹാസവും പിന്നിലാക്കിക്കൊണ്ട് ഞാൻ ഓടി. തോടും ചതുപ്പും ചാടിക്കടന്ന്, മുളങ്കൂട്ടങ്ങളും കുറ്റിക്കാടുകളും പിന്നിട്ട്, ഇടതൂർന്ന വൻമരങ്ങൾ മാനം മറച്ച് വളരുന്ന കാട്ടിലെത്തി. ഒപ്പം എന്നെ പിന്തുടരുന്ന ശബ്ദങ്ങളും. പക്ഷെ, മുൾപ്പടർപ്പുകൾക്കിടയിലൂടെ നൂണ് കടന്ന് ഞാൻ അപ്പുറത്തെത്തിയപ്പോൾ മനുഷ്യശബ്ദങ്ങൾ പെട്ടെന്ന് നിലച്ചു. കാടും അതിന്റെ അഗാധമായ നിശബ്ദതയും മാത്രമായി. ഞാൻ ശ്വാസമെടുത്ത് ഒരു വലിയ ആഞ്ഞിലിക്കു ചാരി അല്പം നേരം ഇരുന്നു.

ഒരു ആവേശത്തിന് ഓടിയെങ്കിലും ഇനി തിരിച്ച് ദ്വീപിലേക്കു തന്നെ പോണോ അതോ ഈ കാട് കൊണ്ടു പോകുന്നിടത്തേക്ക് പോകണോ എന്ന് എനിക്ക് തീർച്ചയാക്കാൻ ആയില്ല. എന്റെ ശരീരത്തിന്റെ മാത്രം കൂട്ടു പിടിച്ച് ഞാൻ തളർന്നിരുന്നു.

പെട്ടെന്ന് മുൾപ്പടർപ്പുകൾക്ക് അപ്പുറത്തു നിന്ന് ഒരു ഞരക്കം കേട്ടു. മൃഗത്തിന്റെയോ അതോ മനുഷ്യന്റെയോ? എന്ത് കൊണ്ടോ എന്നെ വലയം ചെയ്തിരിക്കുന്ന നിശബ്ദത ഭേദിച്ച് ഓടാൻ എനിക്കു തോന്നിയില്ല. ഞാൻ മരത്തിനു പിന്നിൽ ഒളിച്ചു നിന്ന് ചെവിയോർത്തു. എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം. മരമോ മനുഷ്യനോ? തൊട്ടു പിന്നാലെ എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ മൂന്നിരട്ടി വണ്ണമുളള ആഞ്ഞിലിയുടെ തടിയിൽ ചൂരൽ ചെത്തിക്കൂർപ്പിച്ച ഒരമ്പ് വന്ന് തറച്ചു. ജീവൻ വായിലൂടെ പുറത്തു പോകുന്നതു പോലെ ഒരു ശബ്ദം എന്റെ ഉളളിൽ കുരുങ്ങി. അമ്പിനു ചുറ്റും ഒരു വൃത്തത്തിൽ മരത്തിന്റെ തൊലി പൊളിഞ്ഞ് വീണു.

വിഷം. അണലി വിഷവും മരച്ചീനി വിഷവും ഒരുമിച്ച് ചേർത്ത മരണക്കൂട്ട്.
ഞാൻ പതുക്കെ മരത്തിൽ നിന്നു മാറി പുറകോട്ട് തിരിഞ്ഞു. മുഖത്ത് കറുപ്പും ചുകപ്പും പച്ചയും വാരിപ്പൂശിയ നാല് പേർ തൊട്ടു പിന്നിൽ.
കാരിബുകൾ. നരഭോജികൾ.
ഇതുവരെയുണ്ടായ നിശബ്ദത മുഴുവൻ ഈയൊരു നിമിഷത്തിലേക്കായിരുന്നു എന്ന് ഞാൻ തൊണ്ട പൊട്ടുന്നതു പോലെ നിലവിളിച്ചു. കാരിബുകളിലൊരുവൻ ഇടം കൈ കൊണ്ട് എന്നെ തളളി താഴെയിട്ടു. പിന്നെ മുൾപ്പടർപ്പുകൾക്കടുത്തേക്ക് നടന്നു. എനിക്ക് ഓർമ വന്നു. കാരിബുകൾ പെണ്ണുങ്ങളെ കൊല്ലുകയോ ഭക്ഷിക്കുകയോ ചെയ്യില്ല. നാലു കാരിബുകളും കരിയിലകൾ ചവിട്ടിമെതിച്ച് അപ്പുറത്തേക്ക് ചെന്നു. എന്തൊക്കെയോ ആയുധങ്ങൾ മണ്ണിലും ശരീരത്തിലും പതിക്കുന്ന ശബ്ദം കേട്ടു. പിന്നെ വീണ്ടും എല്ലാം നിശബ്ദമായി.
ഞാൻ ജീവനും പൊത്തിപ്പിടിച്ചുളള ഇരിപ്പ് തുടർന്നു..

പിന്നെയും സമയമേറെക്കഴിഞ്ഞ്, ഇരുട്ടു വീണു തുടങ്ങിയപ്പോൾ ഞാൻ പതുങ്ങിപ്പതുങ്ങി ദ്വീപിലേക്കുളള തിരിച്ചു നടത്തം തുടങ്ങി. എന്നെ പിന്തുടർന്നു വന്നിരുന്ന നാവികരുടെ വികൃതമാക്കപ്പെട്ട ജഡങ്ങൾ മങ്ങിയ വെളിച്ചത്തിൽ പൂതലിച്ച മരങ്ങൾ പോലെ തോന്നിച്ചു. കുറേ നേരം മുൻപ്, പകൽ വെളിച്ചത്തിൽ ഒരു വേട്ടമൃഗത്തെ പോലെ എന്നെ പിന്തുടർന്നിരുന്നവരുടെ ഇപ്പോഴത്തെ കിടപ്പിൽ എന്തോ ഒരു നീതിയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷെ, അതെന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ വികൃതമാക്കപ്പെട്ട ആ ശവശരീരങ്ങളിൽ ഒന്ന് ബാഷോവിന്റേതാണെന്നോ.

ഇരുട്ടു വീണു കിടക്കുന്ന തോടുകൾക്കപ്പുറം ദ്വീപ് തീർത്തും അപരിചിതമായി തോന്നി. കണ്ണെത്തുന്നിടത്തൊന്നും ഒരു മനുഷ്യനേയോ മൃഗത്തെയോ കാണാനില്ലായിരുന്നു. രാവും പകലുമില്ലാതെ കല്ലും മണലും ചുമന്നു കൊണ്ടു വന്നിരുന്ന ആണുങ്ങളും പെണ്ണുങ്ങളുമെവിടെ? ഇരുന്നും കിടന്നും മദിച്ചും നേരം പോക്കിയിരുന്ന സ്പാനിഷ് പടയാളികളും അപ്രത്യക്ഷരായിരിക്കുന്നു.
കാരിബുകളുടെ അവസാനത്തെ ആക്രമണം എനിക്ക് ഓർമ്മ വന്നു. അച്ഛനെയും സഹോദരന്മാരേയും ആൺമക്കളേയും നഷ്ടപ്പെട്ട പെണ്ണുങ്ങൾ. മനുഷ്യ മാംസം വിശിഷ്ട ഭോജ്യമായി കരുതുന്നവരുടെ പല്ലുകൾക്ക് ഇരയായതിന്റെ മനസ്സ് മരവിപ്പിക്കുന്ന കഥകൾ...

പണി നടന്നു കൊണ്ടിരിക്കുന്ന കോട്ടക്ക് സമീപവും നാവികരുടെ ശവങ്ങൾ കിടന്നിരുന്നു. കണ്ണുകളും, കാലുകളും, കൈകളും നഷ്ടപ്പെട്ട്, അവിടവിടെ നിന്ന് മാംസം കാർന്നു തിന്നപ്പെട്ട നിലയിൽ. രുചി പോരാത്തത് കൊണ്ട് ഉപേക്ഷിച്ച നിലയിൽ നിലയിൽ കിടക്കുന്ന ശരീരങ്ങൾ കണ്ടപ്പോൾ എനിക്ക് തല കറങ്ങി.
ഞാൻ ശവശരീരങ്ങൾ കവച്ചു വച്ചു കൊണ്ട് ഏതോ ദുഃസ്വപ്നത്തിലെന്ന പോലെ നടന്നു. ഏതാണ് കരയെന്നോ ഏതാണ് കടലെന്നോ ഏതാണ് ജീവനെന്നോ ഏതാണ് മരണമെന്നോ തിരിച്ചറിയാതെ...നിലാവിന്റെ ചോര നിറത്തിലൂടെ...

എപ്പോഴോ കാലുകൾ പൂർണമായും കീഴടങ്ങിക്കാണണം. തളർച്ച ശരീരത്തെ ആകമാനം വിഴുങ്ങിക്കാണണം. പുലർ വെളിച്ചത്തിലേക്ക് കണ്ണു തുറന്നപ്പോൾ ഞാൻ ഒരു തോടിനടുത്ത് വീണു കിടക്കുകയായിരുന്നു. ഞങ്ങളുടെ തോട്. കൈയിട്ടാൽ മീനുകൾ വന്നു മുട്ടുന്ന, എന്റെ ശരീരമറിയുന്ന തോട്. തോട്ടിലേക്ക് വീണു കിടക്കുന്ന കൈയിൽ എന്തോ വന്നു മുട്ടുന്നത് ഞാൻ അറിഞ്ഞു. അറ്റു പോയ ഒരു കൈപ്പത്തി! അളിഞ്ഞു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്. തോട്ടിലെ വെളളത്തിനും നിറ വ്യത്യാസമുണ്ട്. അവിടവിടെ ചുകപ്പ് കലർന്നിരിക്കുന്നു. വെളളത്തിൽ ഇപ്പോൾ പുളയ്ക്കുന്നത് മീനുകളും പാമ്പുകളുമല്ല. ശവങ്ങളാണ്.

ഞാൻ ചുറ്റും നോക്കി. ഇത് ഞങ്ങളുടെ ദ്വീപല്ല. ജീവനുളള ഒരു മനുഷ്യനെങ്കിലും ഇനി ഇവിടെ അവശേഷിക്കുന്നുണ്ടോ? ഞാൻ എഴുന്നേറ്റ് അടുത്തു കണ്ട ഒരു കുടിലിലേക്ക് ഓടിക്കയറി.

കുടിലിനകത്ത് ആരും ഇല്ലായിരുന്നു. പകരം തൂങ്ങിയാടുന്ന മനുഷ്യ ശിരസ്സുകൾ. തലയോട്ടികൾ, അസ്ഥികൾ. കാരിബുകൾ അധികാരമുറപ്പിച്ചതിന്റെ ചിഹ്നങ്ങൾ. എന്റെ കൈ കാലുകൾ വിറച്ചു. വീഴാതിരിക്കാൻ തൂണിൽ പിടിച്ചു കൊണ്ട് ഞാൻ മനസ്സും ശരീരവും നേരെ നിർത്താൻ കിണഞ്ഞു ശ്രമിച്ചു. പെട്ടെന്ന് കുടിലിന് പുറത്ത് ആൾ പെരുമാറ്റം കേട്ടു. കാരിബുകളുടെ നിറങ്ങൾ വാരിത്തേച്ച മുഖത്തിനായി പരതിയ ഞാൻ പക്ഷെ കണ്ടത് രണ്ട് നാവികരെയായിരുന്നു. മനുഷ്യ ജീവൻ ഒരു നിമിഷം കൊണ്ട് അരിഞ്ഞിടാവുന്ന ഊരിപ്പിടിച്ഛ വാളുകളുമായി നിൽക്കുന്ന രണ്ടു പേർ. കോട്ട പണിയാനായി ദ്വീപിൽ താമസമാക്കിയ, കണ്ടു പരിചയമുളള വെളുത്ത മനുഷ്യരായിരുന്നില്ല അവർ. ദ്വീപിന്റെ പ്രകൃതിയും ഭൂമിശാസ്ത്രവും ഇനിയും വഴങ്ങിയിട്ടില്ലാത്ത മുഖങ്ങൾ. എന്തു ചെയ്യണമെന്നറിയാതെ നിന്ന കുറച്ചു നിമിഷങ്ങൾക്കു ശേഷം "ഉപദ്രവിക്കരുതെന്നും' "സഹായിക്കണമെന്നും' നിലവിളിച്ചു കൊണ്ട് ഞാൻ കുടിലിനു പുറത്തിറങ്ങി.

മനുഷ്യ സാന്നിധ്യം പ്രതീക്ഷിക്കാത്തതു പോലെ നിന്ന പട്ടാളക്കാർ ഒരു നിമിഷം പിന്നോട്ട് മാറി. പിന്നെ അവരുടെ കണ്ണുകൾ എന്റെ മുലകളിലും തുടകളിലും ഉടക്കി നിന്നു. പട്ടാളക്കാർ പരസ്പരം നോക്കി ചിരിച്ചു. പിന്നെ അവരിലൊരാൾ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് എന്നെ മുന്നോട്ട് തളളി. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. പിന്നാല പട്ടാളക്കാരും. ഞാൻ തിരിഞ്ഞ് നോക്കിയപ്പോഴൊക്കെ അവരിലൊരാൾ ഊരിപ്പിടിച്ച വാളിന്റെ മൂർച്ചയില്ലാത്ത ഭാഗം കൊണ്ട് എന്റെ കാലുകളിൽ അടിച്ചു. ഒരു മൃഗത്തിനെയെന്ന പോലെ.
ഞാൻ അറിയാതെ എന്റെ കാലുകളുടെ വേഗം കൂടി.
നടത്തം അവസാനിച്ചത് കടപ്പുറത്തായിരുന്നു. നാളുകളായി ഞങ്ങളുടെ ജീവിതത്തെ തകിടം മറിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അടുത്ത അധ്യായം പോലെ വീണ്ടും കപ്പലുകൾ.

ഒന്നോ രണ്ടോ മൂന്നോ അല്ല. എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയാത്തത്ര. നൂറ് കണക്കിന് വെളുത്ത മനുഷ്യർ. ഇത്തവണ പെണ്ണുങ്ങളും കൂടെയുണ്ട്. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങൾ, സാധനങ്ങൾ, തീറ്റ വിഭവങ്ങൾ. വെളുത്ത മൂപ്പനും കൂട്ടരും ആദ്യം വന്ന് മടങ്ങിയതിനു ശേഷം തൈനോകളുടെ മാത്രമല്ല വെളുത്ത മൂപ്പന്റെ നാട്ടിലെ ജീവിതവും മാറിയിരിക്കുന്നു എന്നു എനിക്ക് തോന്നി.

പക്ഷെ, കാഴ്ചകൾ കണ്ട് അധിക നേരം നിൽക്കാൻ അവസരം കിട്ടിയില്ല. പുറകിൽ നിന്നുളള ചാട്ടയടിയേറ്റ് ഞാൻ മുഖമടച്ച് മണലിൽ വീണു. അടി വീണ്ടും വീണ്ടും പുറത്ത് പതിച്ചു. ഞാൻ ഒരു പുഴുവിനെ പോലെ പതുക്കെ ഇഴഞ്ഞു. എന്റെ കൈപ്പടത്തിൽ ആരുടേയോ ലോഹം ധരിച്ച കാലുകൾ അമർന്നു. ഞാൻ ഉറക്കെ നിലവിളിച്ചെങ്കിലും കപ്പലിറങ്ങി കാഴ്ചകളിൽ അഭിരമിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ എന്റെ ശബ്ദം ഒരു ഇളക്കവും ഉണ്ടാക്കിയില്ല.
ഒന്നു രണ്ട് പട്ടാളക്കാർ എന്നെ വലിച്ചിഴച്ച് എനിക്ക് കണ്ട് പരിചയമില്ലാത്ത ഒരു മൂപ്പന്റെ മുന്നിലേക്ക് കൊണ്ടു പോയി. ഇത്തവണ കുറെ മൂപ്പന്മാരുണ്ട് എന്ന് ഞാൻ കണ്ടു. ഒന്നിലധികം ദ്വിഭാഷികളും. അവർക്കറിയേണ്ടത് എനിക്ക് അറിയേണ്ടത് തന്നെയായിരുന്നു. കോട്ട പണിയാൻ നിന്നിരുന്ന നാവികർക്ക് എന്തു പറ്റി. അവരോടൊപ്പം ജോലി ചെയ്യാൻ കൂടിയിരുന്ന ദ്വീപുവാസികളെവിടെ? ഞാൻ എനിക്കറിയാവുന്നത് ആവും പോലെ വിശദീകരിച്ചു. ബാഷോയെക്കുറിച്ച് പറഞ്ഞു; കാരിബുകളെക്കുറിച്ചും, രക്തം ഒഴുകുന്ന തോടുകളെക്കുറിച്ചും.
വെളുത്ത മൂപ്പനും കൂട്ടാളികളും ദ്വിഭാഷിയുടെ വാക്കുകൾ കേട്ട് ചിരിച്ചു.
കാരിബുകളുടെ ക്രൂരതയും രക്തമിറ്റുന്ന മനുഷ്യ ശിരസ്സുകളും ചിരിക്ക് വകയാകുന്നതെങ്ങനെ?

""നീയും നിന്റെ ആളുകളും ഞങ്ങളുടെ നാവികരെ വക വരുത്തിയിട്ട് കളളക്കഥകൾ ഉണ്ടാക്കുന്നോ?'' ദ്വിഭാഷി എന്റെ മുടിക്കു കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ വേദന കൊണ്ട് പുളഞ്ഞു.
എന്റെ പ്രിയപ്പെട്ട ആത്മാക്കളേ, ഇനി എപ്പോഴെങ്കിലും തൈനോകളുടെ ജീവിതം പഴയതു പോലെയാകുമോ?
അതിന്റെ ഉത്തരം ആരും പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു. ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചു. വേദന ഇഞ്ചിഞ്ചായി ശരീരത്തെ വിഴുങ്ങുന്ന കാൽ നഖം മുതൽ മുടി വരെ ഓരോന്നോരോന്നായി ദ്രവിച്ച് പോകുന്ന ഏറ്റവും ദൈർഘ്യമേറിയ മരണം...

ദ്വീപിനുളളിൽ നിന്ന് മറ്റൊരു സംഘം നാവികർ മൂപ്പനടുത്തേക്ക് വന്നു. അവരുടെ മുഖങ്ങൾ വിളറിയിരുന്നു. അവരുടെ ആംഗ്യങ്ങളും സംസാരവും കഴിഞ്ഞപ്പോൾ മൂപ്പന്റെ മുഖവും ഇരുണ്ടു. അയാൾ എന്റെ അടുത്തേക്ക് വന്നു. ദ്വിഭാഷിയും.
""നീ പറഞ്ഞതിൽ അല്പം സത്യമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ഞങ്ങളുടെ പട്ടാളക്കാരിൽ ചിലരുടെ ശവങ്ങൾ കണ്ട് കിട്ടിയിട്ടുണ്ട്. അതെന്തായാലും സ്പാനിഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ഈ ദ്വീപുകളിലെ മനുഷ്യർ നരഭോജികളായാലും അല്ലെങ്കിലും അവരുടെ അന്ത്യം അടുത്തിരിക്കുന്നു.'' ആരോ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. ഞാൻ വായിൽ കട്ട പിടിച്ച ചോര മണലിലേക്ക് തുപ്പി. എന്നെ ഞെട്ടിച്ചു കൊണ്ട് നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകളിൽ ഒന്ന് ഉറക്കെ കാഹളം മുഴക്കി.▮(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments