ഒന്ന്:
പോകേണ്ട വഴി
തിരമാല ഓടിവന്ന് കാലിൽ ഉമ്മ വയ്ക്കുന്ന കടപ്പുറത്തൂന്ന് കിഴക്കോട്ടു പോണം.
പണ്ടൊക്കെ അവിടങ്ങളിൽ കായലും പാടങ്ങളുമായിരുന്നു. കായലിന്റെ തെളിഞ്ഞ നെഞ്ചിൽ നീലയും പച്ചയും വെള്ളിയും പൊൻനിറവും മുങ്ങാംകുഴിയിട്ടു. വയലുകളിൽ കാറ്റും വെയിലും നെൽച്ചെടികളും കിളികളും മീനുകളും തവളയും മനുഷ്യരും എത്രയെത്രയോ പ്രാണികളും ആർത്തുകളിച്ചു.
പിന്നെ അവിടെ ഉണ്ടായിരുന്നത്, കടലിൽ ചേരാൻ തുള്ളിയൊഴുകി വരുന്ന പുഴകളുടെ വായകൾ. കുഞ്ഞുവാവകളുടെ ചിരി പോലെ അവ കടലിലേക്കു കളങ്കമില്ലാതെ പിളർന്നു. അവയ്ക്കുള്ളിൽ കുഞ്ഞിതുരുത്തുകൾ. കുഞ്ഞുവായിൽ ബാക്കിനിൽക്കുന്ന അമ്മിഞ്ഞപ്പാലിന്റെ തിളക്കം പോലെ.
ഇപ്പോൾ ആ വയലുകളുടെ നെഞ്ചിന്മേലാകെ വലിയ വലിയ കെട്ടിടങ്ങളാണ്.
കൂറ്റൻ കെട്ടിടങ്ങളും കടകളും ഓഫീസുകളും.
കായലിലും തോട്ടിലും അഴുക്കാണ്.
ചീയുന്നതിന്റെയും ചീയാത്തതിന്റെയും നാറ്റമാണ്.
പോളയും പായലും വളർന്നുമൂടിയതിന്റെ ഇരുട്ടാണ്. കുഞ്ഞിത്തുരുത്തെല്ലാം നിറയെ മനുഷ്യരുടെ പെട്ടിപോലുള്ള കെട്ടിടങ്ങളാണ്.
പുഴയുടെ വായിൽ മനുഷ്യർ വിഷം ഒഴിച്ചിരിക്ക്യാണ്.
അവിടുന്ന് പിന്നേം കിഴക്കോട്ടുപോണം. അപ്പോ തറ പതുക്കെപ്പതുക്കെ ഉയരും. പണ്ട്, കാണെക്കാണെ വഴിയിലെല്ലാം ചെറിയ കുന്നുകളും, അവയുടെ മടികളിൽ ചാഞ്ഞുകിടക്കുന്ന, ദൂരെദൂരേക്കു നീണ്ടുകിടക്കുന്ന, പാടങ്ങളും തെങ്ങിൻതോപ്പുകളുമായിരുന്നു. അവയുടെ അരയിൽ കെട്ടിയ വെള്ളിനൂലുപോലെ തോടും ചാലും പുഴയും. പാടത്തിന്റെ തിളങ്ങുന്ന കണ്ണുകൾ പോലുള്ള കുളങ്ങളും.
ആ കുന്നുകളിൽ ഒട്ടുമിക്കവയേയും കള്ളന്മാർ തുരന്നെടുത്തു. ഇപ്പോ പാടത്തിന്റെ നെഞ്ചത്തെല്ലാം വലിയവലിയ റോഡാണ്. പാടത്തെ ചെറിയ തുണ്ടുകളാക്കി മുറിക്കുന്ന റോഡുകൾ. ഭാരങ്കരപ്പിശാചു മഹാരാജാവിന്റെ കൂട്ടുകാർക്ക് തെക്കുവടക്ക് പാഞ്ഞുനടക്കാൻ പണിതിട്ട വലിയവലിയ രാജപാതകൾ. അവർക്കു വിശ്രമിക്കാൻ വൻഹോട്ടലുകൾ, അവർക്ക് കളിച്ചു രസിക്കാൻ വാട്ടർതീം പാർക്കുകൾ, മാളുകൾ.

അവയുടെ അഴുക്ക് നീർചാലുകളിൽ കലർന്നപ്പോ അതിനെല്ലാം പുണ്ണുവന്നു പഴുത്തു.
ആദ്യം ആർത്തിമൂർത്തിപ്പിശാചും പിന്നെ ഭാരങ്കരപ്പിശാചും ഈ നാട്ടിലെ രാജാക്കളായപ്പോൾ ജീവനുള്ള ഒന്നിനും ഗതിയില്ലാതായി. ആർത്തിമൂർത്തിക്ക് ഇക്കണ്ട പാടവും തോടും കുളവും പുഴയും -- എന്തിന്, മേലേ മാനത്തെത്തന്നെ -- മുഴുവനേ വിഴുങ്ങിയാലും തീരാത്ത ആർത്തിയായിരുന്നു. ഭാരങ്കരന് എല്ലാത്തിന്റെയും മുകളിൽ ഭാരം കേറ്റിവയ്ക്കണം. അങ്ങനെ ജീവനെ മൊത്തത്തിൽ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കണം.
ഭാരം, വല്ലാത്ത ഭാരം. മണ്ണിന് ഭാരം, പുഴയ്ക്ക് ഭാരം, എന്തുപറയാൻ, ഭാരമില്ലാത്ത വായുവിനു പോലും ഭാരം.
ഇനിയും പോണം, കിഴക്കോട്ട്. അവിടെ പൊക്കമേറിയ, പല ജീവനെയും പോറ്റിയ, കുന്നുകളായിരുന്നു. മഴ പിടിച്ചെടുത്ത് അരുവിയെ ഉണ്ടാക്കി ജീവികൾക്ക് ജീവിക്കാൻ ഇടമുണ്ടാക്കിയിരുന്ന കുന്നുകൾ. ഒരു വിത്തെറിഞ്ഞാൽ നാലു മുളയ്ക്കുമെന്ന മട്ടിൽ തഴച്ചു വളർന്നിരുന്ന മനുഷ്യരുടെ കൃഷികൾ. അവിടെ വൻകാടിന്റെ ഓർമ്മ വിട്ടുമാറാതെ തങ്ങിനിന്നു. വഴിക്കരികുവൃക്ഷങ്ങൾ കാടിനെ ഓർമ്മിപ്പിച്ചു.
അവിടെയെല്ലാം ഇപ്പം റബ്ബർ തോട്ടമാണ്. കുന്നുകളുടെ പള്ള കള്ളന്മാർ തുരന്ന് കരിങ്കല്ലെല്ലാം കട്ടെടുത്തു കടന്നു. അരുവികളെ പോറ്റാൻ അവയ്ക്കു കഴിയാതെയായി. അവിടെ ചേക്കേറിയ ജീവനെല്ലാം വിട്ടൊഴിഞ്ഞു, വഴിമാറി, കെട്ടുപോയി. ഭാരങ്കരന്റെ റോഡും മാളും അവിടേം വന്നു.
പക്ഷേ അവിടുന്നും പോണം, ഇനീം കിഴക്കോട്ടുതന്നെ. അതാ അങ്ങുദൂരെ കാടും വൻമലയും അവയെ മൂടുന്ന വലിയ മഞ്ഞിന്റെ പുതപ്പും.
കാടിന്റെ മണം. മനുഷ്യരുണ്ടാക്കിയ തേയിലത്തോട്ടത്തിൽപ്പോലും അതുണ്ട്.
ശ്വാസത്തിൽ കാടിന്റെ മണം മാത്രം തങ്ങിനിൽക്കുന്ന ആ കുന്നിൻചരിവിൽ എത്തുമ്പോൾ നിൽക്കുക. എന്നിട്ട് വലിയ വഴീന്ന് ചെറിയവഴിയിലേക്കു തിരിയുക. അവിടുന്നും കുറേ നടന്ന് കുഞ്ഞനിടവഴീലേക്ക് തിരിയുക.
നടന്നുനടന്ന് കാടിന്റെ അരികോളം ചെല്ലുക.
അവിടെയാണ് നമുക്ക് പോകേണ്ട വീട്.

▮
രണ്ട്:
മാടു പോലൊരു നായ
നേരം പരപരാ വെളുക്കുന്നേയുള്ളൂ.
വീടിന്റെ വശത്തുള്ള കതക് അകത്തൂന്ന് തുറക്കുന്ന ശബ്ദം കേൾക്കാം. പ്രാഞ്ചി രാവിലെ എഴുന്നേറ്റ് പശുത്തൊഴുത്തിലേക്ക് പോകുന്നതാണ്.
നേരം പുലർന്നാൽ പ്രാഞ്ചിക്ക് ഒത്തിരി പണിയുണ്ട്.
പശുക്കളുടെ കാര്യം നോക്കണം.
പിള്ളേരുണരും മുമ്പ് കട്ടൻ കാപ്പിയും പുഴുങ്ങിയ കപ്പയും റെഡിയാക്കണം.
അവർക്കു കുടിക്കാനുള്ള പാല് കാച്ചണം.
സ്ക്കൂളിൽ കൊണ്ടുപോകാനുള്ള ചോറുണ്ടാക്കണം, ചമ്മന്തിയരയ്ക്കണം, തോരനുണ്ടാക്കണം, ഉണക്കമീൻ വറുക്കണം. വെയിൽ ഉറയ്ക്കും മുൻപ് കൃഷിയിടം മൊത്തത്തിലൊന്ന് നോക്കിവരണം.
പതിവു പോലൊരു ദിവസം.
പക്ഷേ അങ്ങേര്, ദേ, ഞെട്ടി മാറുന്നു.
കുട്ടികൾ കിടക്കുന്ന മുറിയുടെ പുറംതിണ്ണയിൽ വലിയൊരു ജന്തു!
പ്രാഞ്ചിയുടെ മൂക്ക് പെട്ടെന്നുണർന്നു. നാട്ടുകാർ പ്രാഞ്ചിയെ മൂക്കൻ പ്രാഞ്ചി എന്നാണ് വിളിക്കുന്നത്. കാരണം ഒരുമാതിരിപ്പെട്ട എല്ലാക്കാര്യങ്ങളും മണത്തറിയാൻ പഠിച്ച മൂക്കാണ് അങ്ങേർക്കുള്ളത്. കാട്ടിനുള്ളിൽ ജീവിക്കുന്ന കാട്ടുവാസികളായ മനുഷ്യരോടാണ് അങ്ങേരുടെ ചങ്ങാത്തം മുഴുവൻ. അവരുടെ കാരണവന്മാർ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് – മഴയെ, മൃഗങ്ങളെ, കാട്ടിൽ മരങ്ങൾ പൂക്കുന്നതിനെ – ഒക്കെ മണത്താൽ അറിയാൻ.
പ്രാഞ്ചിയുടെ മൂക്കു പറഞ്ഞു:
കാട്ടുജീവിയുമല്ല, നാട്ടുജീവിയുമല്ല. പിന്നെയേത്?
വളരെ സൂക്ഷിച്ച് അങ്ങേർ ആ ജീവിയുടെ അടുത്തുചെന്നു.
ഒരു നായ. വലിയ ഉടൽ . പെട്ടെന്നു കണ്ടാൽ മാടോ മറ്റോ ആണെന്നു വിചാരിച്ചു പോകും.

പ്രാഞ്ചിയുടെ കാൽപ്പെരുമാറ്റം കേട്ട് അത് പതുക്കെ തലയുയർത്തി നോക്കി. പേടിയോ ശത്രുഭാവമോ ഇല്ല. വലിയ, ശാന്തമായ കണ്ണുകൾ. പ്രാഞ്ചിയുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് അത് കിടന്നകിടപ്പിൽ തന്റെ വലിയ വാൽ പതുക്കെ ആട്ടി.
ഇവൻ ആര്? എവിടുന്നു വരുന്നു?
ആ സ്ഥലത്തൊന്നും തെരുവുനായ്ക്കൾ ഇല്ല. പക്ഷേ ഇവന്റെ ഭാവം കണ്ടാൽ അവിടെയൊക്കെ നല്ല പരിചയമാണെന്നേ തോന്നൂ.
പ്രാഞ്ചിയുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോട്ടമെറിഞ്ഞ് ആ നായ അവിടെത്തന്നെ കിടന്നു.
പ്രാഞ്ചിയും നായയും പരസ്പരം നോക്കി.
പ്രാഞ്ചിക്ക് രണ്ടു പെൺമക്കളാണ്. പത്തു വയസ്സുകാരികൾ. ഫീലിയയും ഫോബിയയും. ഫീലീന്നും ഫോബീന്നും വിളിക്കും. അവർ ഉണർന്ന് വായും മുഖവും കഴുകി പല്ലു തേച്ചു. അപ്പനെ കാണാത്തോണ്ട് പുറത്തിറങ്ങിവന്നു. പിള്ളേരെ കണ്ടതും, നായ പതുക്കെ എഴുന്നേറ്റു. വാലാട്ടലൽ ഉഷാറായി. ശാന്തമായ കണ്ണുൾ തിളങ്ങി.
കുട്ടികൾ അന്തംവിട്ടു.
“അപ്പാ, ഇവനാരാ?” ഫീലി ചോദിച്ചു. “ഏതു ബ്രീഡാ...?”
“അയ്യോ അപ്പാ, പേടിയാവുന്നു…”, ഫോബി അപ്പനെ കെട്ടിപ്പിടിച്ചു.

“അവനെ പേടിക്കണ്ട,” അപ്പൻ അവളെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.
“ബ്രീഡും കൂടും ഒന്നും ഇല്ലെങ്കിലെന്താ, കണ്ടോ, അവനൊരു ഗുസ്തിക്കാരനെപ്പോലെയില്ലേ ...’’
വളരെ സൂക്ഷിച്ച് അപ്പനും മക്കളും നായയുടെ അടുത്തേയ്ക്ക് നീങ്ങി. അത് കുരച്ചില്ല, അനങ്ങിയില്ല. ചിരിച്ചു വാലാട്ടി നിന്നതേ ഉള്ളൂ. അവർ തലോടാൻ കൈ നീട്ടിയപ്പോൾ അത് തല താഴ്ത്തിക്കൊടുത്തു.
“ഹായ്, നമുക്കൊരു നായ ... അപ്പാ, അവനിവിടെ നിന്നോട്ടെ, അപ്പാ ...” പിള്ളേർ തുള്ളിച്ചാടി.

▮
മൂന്ന്:
ഫീലീം ഫോബീം അപ്പനും
ആരാണ് ഇവരൊക്കെ?
ഫീലീം ഫോബിയും അവരുടെ അപ്പനായ പ്രാഞ്ചിയും കാടരികിൽ താമസിക്കുന്നവരാണെന്ന് മനസ്സിലായിക്കാണുമല്ലോ.
ഫീലീം ഫോബീം കാടരികു വീട്ടിലേക്കു വന്നിട്ട് ഒരുപാടു നാളായിട്ടില്ല.

അവരുടെ കുഞ്ഞുന്നാളിലേ അമ്മ മരിച്ചുപോയതാണ്. അതുകൊണ്ട് അച്ഛൻപെങ്ങൾ അവരെ കാട്ടിൽ നിന്നു കുറേ ദൂരെയുള്ള പട്ടണത്തിലെ ഒരു മഠത്തിലാണ് വളർത്തിയത്.. അപ്പന് കൃഷിയോടും കാടിനോടുമാണ് ഇഷ്ടം. അതുകൊണ്ട് അവർ വീട്ടിൽ വന്നാലും അച്ഛൻപെങ്ങളോടൊപ്പം വന്നനാൾ തന്നെ മടങ്ങുകയാണ് പതിവ്.

അവരുടെ അപ്പൻ ശരിക്കും കാടിന്റെ മകനായിരുന്നു. സഹോദരങ്ങളൊക്കെ കാടരികു വിട്ട് നഗരത്തിലും ദൂരെ നാട്ടിലും പോയി, പക്ഷേ ഇയാൾക്ക് കാടിനെ വിട്ടുപോരാൻ വയ്യ.
കാട്ടിനുള്ളിൽ അപ്പനപ്പൂപ്പന്മാരുടെ കാലങ്ങൾ മുതൽ താമസിക്കുന്ന മനുഷ്യരുടെ കുടികളിലേക്ക് യാത്രപോകും. അവരാണ് പണ്ടുമുതലേ മണപ്രാഞ്ചീടെ കൂട്ടുകാർ. പ്രാഞ്ചിയുടെ അപ്പനും അങ്ങേരുടെ അപ്പനും ഒക്കെ കൃഷിക്കാരായിരുന്നെങ്കിലും കാട്ടിനുള്ളിലെ കൂട്ടുകാരിൽ നിന്നാണ് പ്രാഞ്ചി കാടിനെപ്പറ്റിയും കൃഷിയെപ്പറ്റിയും കാട്ടുജീവികളെപ്പറ്റിയും അറിഞ്ഞത്. മണം പിടിച്ച് അയാൾ പലതും പറയും – മഴയുടെ വരവ്, കാട്ടിൽ മരങ്ങൾ പൂക്കുന്ന സമയം, ആനയുടെ വരവ്, കാട്ടുമൃഗങ്ങൾ ആക്രമിക്കുമോ, ഇല്ലയോ- എല്ലാം.

അങ്ങനെയുള്ള അപ്പന്റെയടുത്തേക്കാണ് ഫീലിയും ഫോബിയും തിരിച്ചുവന്നത്.
അച്ഛൻപെങ്ങൾക്ക് വയസ്സായി, സുഖവുമില്ല. ഫീലിക്കും ഫോബിക്കും ഒൻപതു വയസ്സായി. ഇനി നീ തന്നെ വേണം അവരെ നോക്കാൻ.
പ്രാഞ്ചി മക്കളെ നോക്കി. ഇരട്ടപ്പിള്ളേരാണ്. പക്ഷേ രണ്ടു സ്വഭാവക്കാരികൾ.
മൂത്തവൾ ഫീലി ഒരു സന്തോഷക്കാരിയാണ്.
അനുജത്തി ഫോബി, പക്ഷേ പേടിക്കാരിയാണ്. സർവ്വത്ര സംശയോം.
പ്രാഞ്ചി മക്കളെ ചേർത്തുപിടിച്ചു.
അങ്ങനെ ഫീലീം ഫോബീം അപ്പന്റെ കാടരികുവീട്ടിലേക്കു താമസം മാറി.


(അവസാനിക്കുന്നില്ല)
