ചിത്രീകരണം : ദേവപ്രകാശ്

കലാച്ചി

വിവാഹത്തിന്​ പത്തു ദിവസം മുമ്പ് അന്യരാജ്യത്ത് ബലാൽസംഗ കേസിൽ പ്രതിയായ ഒരുത്തനെ കാണാൻ ജീവനും സ്വത്തും പണയപ്പെടുത്തി ഞാൻ യാത്ര പുറപ്പെട്ടത് അയാളെ ‘ഉരശിമ തരോ' ആയിക്കാണാനുള്ള മനഃപ്രയാസം കൊണ്ടായിരുന്നില്ല.

അയാൾ പറഞ്ഞത്​ സത്യമാണോ എന്ന്​ പരിശോധിക്കാൻ വൈകുന്ന ഓരോ നിമിഷവും ഞാനും എന്നോടു സമ്പർക്കത്തിൽ കഴിയുന്നവരും അപകടത്തിൽപ്പെടും എന്ന ഭീതി കൊണ്ടായിരുന്നു.

അടുത്തടുത്ത രണ്ടു സംഭവങ്ങളായിരുന്നു ആ ഭീതിക്ക് അടിസ്ഥാനം.

മറ്റുള്ളവർക്ക്​ യക്ഷിക്കഥകൾ എന്നു തോന്നാവുന്ന രണ്ട് അനുഭവങ്ങൾ.

ആദ്യ സംഭവം ഡിസംബർ പതിനഞ്ചിനായിരുന്നു.

അഖ്‌സയെയും എലീസയെയും പുറത്തു കൊണ്ടുപോകാൻ എനിക്ക് അനുമതി ഉണ്ടായിരുന്ന ഞായറാഴ്ച ദിവസം. നിസാമിന്റെ സഹോദരി ജാസ്മിന്റെ ഫ്‌ളാറ്റിൽനിന്ന് അവരെയും കൊണ്ട്​ ഞാൻ നഗരത്തിലൂടെ ചുറ്റിയടിച്ചു. ജീൻസും ജാക്കറ്റും ധരിച്ചു മുടി അഴിച്ചിട്ട എന്നെയും ഹിജാബും പർദ്ദയും ധരിച്ച എന്റെ കുഞ്ഞുങ്ങളെയും എപ്പോഴത്തെയും പോലെ, റസ്റ്ററന്റിലും മാളിലും വച്ചു കണ്ട പലരും തിരിഞ്ഞു തിരിഞ്ഞു നോക്കി.

‘‘മാസത്തിൽ രണ്ടു ദിവസം അവരെ പുറത്തു കൊണ്ടുപോകാം. ഒരൊറ്റ കണ്ടീഷനിൽ. ദീനിനു നിരക്കാത്തതൊന്നും എന്റെ കുട്ടികളെ കൊണ്ടു ചെയ്യിക്കരുത് '' ; കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച തർക്കത്തിൽ നിസാമിന്റെ നിബന്ധന അതായിരുന്നു.

സത്യത്തിൽ അത്തരം നിബന്ധകൾ തീർത്തും അപ്രസക്തമായിരുന്നു.

ഞാൻ നിർബന്ധിച്ചാലും ഞങ്ങളുടെ കുട്ടികൾ അവർ ശീലിച്ചതല്ലാതെ ചെയ്യുമായിരുന്നില്ല. ഭൗതിക വിഷയങ്ങളിൽ അവർക്ക് അലീമ പറയുന്നതായിരുന്നു പ്രമാണം. ബൗദ്ധികവും സാമൂഹികവുമായ വിഷയങ്ങളിൽ ഞാൻ പറയുന്നതും.

ഏത് ഉടുപ്പു ഇടണമെന്നോ ഏതു ഭക്ഷണം കഴിക്കണമെന്നോ അവർ ഒരിക്കലും എന്നോടു ചോദിച്ചില്ല. ഏതു പുസ്തകം വായിക്കണമെന്നും കൂട്ടുകാരുമായുള്ള പ്രശ്‌നങ്ങളിൽ എന്തു നിലപാട് എടുക്കണമെന്നും എന്നോടു മാത്രമേ ചോദിച്ചുമുള്ളൂ.

‘‘ഉമ്മി, മറ്റന്നാൾ വൈകിട്ട് അഞ്ചു മണിക്ക് ഇവിടെ കാണണം. സിവിക്‌സ് പരീക്ഷയ്ക്കു പഠിപ്പിച്ചു തരണം. മറന്നേക്കരുത് ''; ഞങ്ങൾ ജാസ്മിന്റെ ഫ്‌ലാറ്റിൽ തിരിച്ചെത്തിയപ്പോൾ അഖ്‌സ ഉത്തരവിട്ടിരുന്നു.

‘‘ഉമ്മി എന്റെ സോഷ്യൽ സ്റ്റഡീസ് പരീക്ഷയുടെ തലേന്നും വരണം.'' എലീസയും കൽപ്പിച്ചു.

ജാസ്മിൻ തന്ന ചായ കുടിച്ച്, കുറച്ചു നേരം കൂടി രണ്ടു പേരുടെയും ലാളന ഏറ്റുവാങ്ങുകയും ചെയ്തിട്ടാണു ഞാൻ മടങ്ങിയത്.

ക്യാംപസിൽ ആറര മണിക്കു തിരിച്ചെത്തി.

വണ്ടി പാർക്ക് ചെയ്ത്​ പുറത്തിറങ്ങിയപ്പോൾ അരമണിക്കൂർ ഒന്നു നടന്നാലോ എന്നു തോന്നി.
ഡിസംബർ ആയതിനാൽ ഇരുട്ടു വീണു കഴിഞ്ഞിരുന്നു. എല്ലാ ലൈറ്റുകളും കത്തുന്നുണ്ടായിരുന്നു.

ഞാൻ ലൈബ്രറി കെട്ടിടത്തിന്റെ മുമ്പിലെത്തിയപ്പോൾ പെട്ടെന്നു ലൈറ്റുകൾ എല്ലാം അണഞ്ഞു. അപായ സൈറണുകൾ മുഴക്കി പൊലീസ് വണ്ടികൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ചു കയറി. നൂറു കണക്കിനു പൊലീസുകാർ ഇരമ്പിയിറങ്ങി. അവർ ലബോറട്ടറികളിലും ലൈബ്രറികളിലും ഹോസ്റ്റൽ മുറികളിലും പാഞ്ഞു കയറി. നടന്നു പോയവരെയും കൂടിനിന്നു സൊറ പറഞ്ഞവരെയും ചാരുബഞ്ചിൽ ഇരുന്നു പാനിപൂരി കഴിച്ചവരെയും തല്ലിച്ചതച്ചു. ക്വാർട്ടേഴ്‌സിലേക്കു മടങ്ങിപ്പോകാൻ ശ്രമിച്ച എനിക്കും കണക്കിനു കിട്ടി. എന്റെ മഫ്‌ലറും ഷൂസും പോയി. ഇരുട്ടിൽ പൊലീസാണോ പോലീസ് യൂണിഫോം ഇട്ട വേറെ ആരെങ്കിലുമാണോ, എന്റെ ലെതർ ജാക്കറ്റ് വലിച്ചൂരാൻ ശ്രമിക്കുകയും മാറിലും കാലിനിടയിലും മാന്തിപ്പറിക്കുകയും ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ ഓടിപ്പാഞ്ഞു. അതിനിടയിൽ ഞാൻ തെറിച്ചു വീണു. എന്നെ ചവിട്ടി മൂന്നാലു പേർ ഓടിപ്പോയി.

ഒരു സ്ത്രീ തിരിഞ്ഞു നിന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചതു കൊണ്ടു ചത്തില്ല. നടപ്പാതയുടെ വശങ്ങളിൽ മതിൽ പോലെ പ്രൂൺ ചെയ്തു നിർത്തിയ ലന്റിന വേലി ചാടിക്കടക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണു ഞാൻ രക്ഷപ്പെട്ടത്.

വേലിയുടെ മറവിൽ കുനിഞ്ഞു കുനിഞ്ഞോടി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ, ആസ്ത്മാരോഗിയെപ്പോലെ ഞാൻ ഏക്കം വലിച്ചു. വിയർപ്പ് അരുവികളായി വിരൽത്തുമ്പുകളിലൂടെ ഒഴുകി. എങ്ങനെയോ ജീൻസിന്റെ പോക്കറ്റിൽനിന്ന്​താക്കോലെടുത്തു. ഒരുവിധം വാതിൽ തുറന്നു. ഉള്ളിൽ കടന്നതും വാതിൽ പൂട്ടി. ലൈറ്റ് ഇടാൻ ധൈര്യമുണ്ടായില്ല. നേരെ, കിടപ്പറയിലെ കട്ടിലിനു കീഴിലേക്കു നൂണ്ടു.

എന്റെ കിതപ്പുകൾ തട്ടി കട്ടിൽ പ്രകമ്പനം കൊണ്ടു.

ഏറെ കഴിഞ്ഞ്​ പുറത്തെ ആരവം നിലയ്ക്കുകയും ഭീതിദമായ നിശ്ശബ്ദതയുടെ ഒരു ഇടവേളയ്ക്കു ശേഷം വേപ്പു മരങ്ങളിലെ മൈനക്കൂട്ടങ്ങൾ ചിലച്ചു തുടങ്ങുകയും ചെയ്യുന്നതു വരെ ഞാൻ ഒരു കടലാമയെപ്പോലെ കിടന്നു.

എല്ലാം ശാന്തമായെന്നു തീർച്ചയായപ്പോൾ ഒരുപ്രകാരത്തിൽ ഞാൻ പുറത്തുവന്നു. വല്ലപാടും എഴുന്നേറ്റിട്ടും ലൈറ്റിടാൻ അധൈര്യപ്പെട്ടു. ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ ഞാൻ സ്വയം പരിശോധിച്ചു.

നെറ്റിയിലും കൈമുട്ടിലും പാദങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു.

ജീൻസിന്റെ ഇടതുവശം കീറിപ്പറിഞ്ഞിരുന്നു.

ഇടത്തെ കാൽപ്പാദം ചവിട്ടു കൊണ്ടു ചതഞ്ഞിരുന്നു.

ഒടിവും പൊട്ടലും ഇല്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഞാൻ സ്വയമറിയാതെ ‘അൽഹംദുലില്ലാ' ഉരുവിട്ടു.

സ്പിരിറ്റ് പഞ്ഞിയിൽ മുക്കി മുറിവുകൾ വൃത്തിയാക്കി. വേദന കടിച്ചു പിടിച്ചാണെങ്കിലും ചൂടു വെള്ളം മുക്കി ശരീരം തുടച്ചു. രാത്രി അടിവസ്ത്രങ്ങൾ ഒഴിവാക്കി സ്ലീവ് ലെസ് നൈറ്റി ധരിക്കുകയായിരുന്നു പതിവ്. അന്നു പക്ഷേ, ബ്രേസിയറും ഷിമ്മീസും പാന്റീസും ഒരു ചെറിയ ഷോർട്ട്‌സും അതിനു മേൽ ജീൻസും ഷർട്ടും സോക്‌സും എന്തിന്, ലെതർ ജാക്കറ്റും വരെ വലിച്ചു കയറ്റി.

കാരണം, ഏതുനിമിഷവും പൊലീസോ ഗുണ്ടകളോ ഇടിച്ചു കയറുമെന്നു ഞാൻ ഭയന്നു. ഭാഗ്യത്തിന് അതൊന്നും സംഭവിച്ചില്ല. എങ്കിലും ഡ്രസ് ചെയ്തതു പ്രയോജനപ്രദമായി. പിറ്റേന്ന്​ പല്ലു തേയ്ക്കാനും ടോയ്‌ലെറ്റിൽ പോകാനുമല്ലാതെ ഉടുത്തൊരുങ്ങാൻ സമയം പാഴാക്കേണ്ടി വന്നില്ല.

ആളുകളുടെ അനക്കവും സംസാരവും കേട്ടപ്പോൾ ഞാൻ വാതിൽ തുറന്നു.

ക്വാർട്ടേഴ്‌സിനു മുമ്പിലെ തറയോടു പാകിയ നടപ്പാതയിലൂടെ സ്ത്രീകളും പുരുഷൻമാരുമായ അധ്യാപകർ പതിവുപോലെ അവരവരുടെ ഡിപ്പാർട്ട്‌മെന്റുകൾ ലക്ഷ്യം വച്ചു നടക്കുന്നതു കണ്ടു. അവർക്കൊക്കെ തലയിലും കൈകാലുകളിലും വച്ചുകെട്ടുകൾ ഉണ്ടായിരുന്നു. എന്നിട്ടും, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ എല്ലാവരും ഏന്തിയും വലിഞ്ഞും സാധാരണ പോലെ തമ്മിൽ സംസാരിച്ചും സംസാരിക്കാതെയും നടന്നു നീങ്ങി.

എനിക്ക് ഒരു പന്തികേട് തോന്നാതിരുന്നില്ല. അവരുടെ അവിശ്വസനീയമായ നിർവികാരത എന്നെ രോഷാകുലയാക്കി. പുകയുന്ന മനസ്സുമായി ഞാനും ഡിപ്പാർട്ട്‌മെന്റിലേക്കു പുറപ്പെട്ടു. സ്റ്റാഫ് റൂമിൽ സഹാധ്യാപകർ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്‌മെന്റ് ഡോ. ഗുപ്ത താടിക്കു കയ്യും കൊടുത്ത് ഇരിക്കുന്നതു കണ്ടു. ഞാൻ അദ്ദേഹത്തെ സമീപിച്ചു.

‘‘ഡോ. ഗുപ്ത, ഇന്നലെ രാത്രി... '' , ഞാൻ പറയാൻ തുടങ്ങി. ഡോ. ഗുപ്ത അതു കേൾക്കാത്ത മട്ടിൽ എഴുന്നേറ്റു.

‘‘ഡോ. ഫിദ, എക്‌സ്‌ക്യൂസ് മീ, ഐ ഹാവ് ടു യൂസ് ദ് ലൂ. ''

അയാൾ മൂത്രപ്പുര ലക്ഷ്യമാക്കി ഓടി.

ഡോ. ജാഹ്നവിയും ഡോ. മുഹമ്മദും എന്തോ പിറുപിറുത്തു കൊണ്ട് അവരുടെ ക്ലാസുകളിലേക്കു പുറപ്പെട്ടിരുന്നു. ഗത്യന്തരമില്ലാതെ ഞാനും എന്റെ ക്ലാസിലേക്കു പുറപ്പെട്ടു.

എം.എ. ക്ലാസിൽ നേരത്തെ തുടങ്ങിയ സോഷ്യൽ കോൺട്രാക്ട് ഓഫ് ഹോബ്‌സിന്റെ ബാക്കി ഭാഗമാണു പഠിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ, എനിക്ക് അന്നു മൂഡ് തോന്നിയത്​ ‘ സ്ലീപ്പ് ആസ് എ പൊളിറ്റിക്കൽ മെറ്റഫർ ഇൻ ഫെയറി ടെയിൽസ്' പഠിപ്പിക്കാനാണ്.

നാലു ഫെയറി ടെയിൽസ് ആയിരുന്നു ഇജാസ് തന്റെ ഗവേഷണ പ്രബന്ധത്തിൽ പരാമർശിച്ചിരുന്നത്. ‘ഉരശിമ തരോ', ‘റേങ്ക', ‘ദ് സ്ലീപ്പ് ഓഫ് വൺ ഹൺഡ്രഡ് ഇയേഴ്‌സ്', ‘പീറ്റർ ക്ലാവ്‌സ്'.

പിൽക്കാലത്ത്​ വാഷിങ്ടൺ ഇർവിങ് തന്റെ ‘റിപ് വാൻ വിങ്കിൾ' എന്ന ചെറുകഥയ്ക്കു പ്രചോദനമായി സ്വീകരിച്ച ജർമൻ യക്ഷിക്കഥയാണു ‘പീറ്റർ ക്ലാവ്‌സ്'.

എന്റെ ക്ലാസ് പക്ഷേ, വിഷയത്തിൽനിന്ന്​ വ്യതിചലിച്ച്​ ‘സ്ലീപ്പിങ് ബ്യൂട്ടി'യിലും ‘നോർമലൈസേഷൻ ഓഫ് റേപ് ഇൻ ഫെയറി ടെയിൽസ്' എന്ന വിഷയത്തിലും എത്തുകയും വിദ്യാർത്ഥികൾ ആവേശത്തോടെ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തതിനാൽ സമയം പോയതു ഞങ്ങളാരും അറിഞ്ഞില്ല.

ക്ഷീണം തോന്നിയപ്പോൾ ഞാൻ കുട്ടികളെയും കൂട്ടി പുറത്തു പോയി. ക്യാംപസിൽ തകർക്കപ്പെടാതെ ബാക്കിയുണ്ടായിരുന്നതു രാംദേവിന്റെ കട മാത്രമായിരുന്നു. അവിടെ നൂഡിൽസും മഞ്ഞളിട്ട ബദാം മിൽക്കും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെയും ക്ലാസ് തുടർന്നു. ക്ഷീണവും മേലുവേദനയും അസഹ്യമായിരുന്നു. സംസാരിച്ചു കൊണ്ടു നിൽക്കെ ഞാൻ ഒന്നോ രണ്ടോ നിമിഷം മയങ്ങിപ്പോകുക പോലുമുണ്ടായി. ക്ഷീണം കൂടി വന്നതു കൊണ്ടാണ്, രസച്ചരടു മുറുകി നിൽക്കുകയായിരുന്നെങ്കിലും സന്ധ്യ മയങ്ങിയ സമയത്തു ഞാൻ ക്ലാസ് അവസാനിപ്പിച്ചത്. സ്റ്റാഫ് റൂമിൽ തിരിച്ചെത്തിയപ്പോൾ അപൂർവാനന്ദും ബൃന്ദ ചാറ്റർജിയും ആലിയ അൻവറും വന്നു. അവരെ കണ്ടതും എനിക്കു ഹാലിളകി.

‘‘നിങ്ങളൊക്കെ മനുഷ്യരാണോ? ഇത്രയും വലിയൊരു പ്രശ്‌നം ഇവിടെയുണ്ടായിട്ട് ഒന്നു നിലവിളിക്കാനുള്ള ധൈര്യം പോലും നിങ്ങൾക്കൊന്നുമില്ലേ? '' ഞാൻ ആക്രോശിച്ചു.

‘‘റിലാക്‌സ്, ഫിദ. ''

അപൂർവ്വ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അധ്യാപക സംഘടന വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് എന്ന് അവർ എന്നെ സമാധാനിപ്പിച്ചു. ഞങ്ങൾ നാൽവരും എന്റെ ക്വാർട്ടേഴ്‌സിലേക്കാണു പോയത്. മുപ്പത്തിമൂന്നു വയസ്സിനിടയിൽ അടക്കിവച്ച ധാർമിക രോഷം മുഴുവൻ ‘ടമാതി ബാകോ' തകർത്തു പുറത്തു ചാടി. അലമാരയിൽ വോഡ്ക ഉണ്ടായിരുന്നു. ഫ്രിഡ്ജിൽ ചിക്കനും. ആലിയ എന്തൊക്കെയോ കഴിക്കാനുണ്ടായി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ എനിക്കു പെട്ടെന്നു സങ്കടം വന്നു.

‘‘ഞാൻ ഇന്ന് എം.എ. ക്ലാസിൽ ‘സ്ലീപ്പിങ് ബ്യൂട്ടി' പഠിപ്പിക്കരുതായിരുന്നു. അതു പഠിപ്പിക്കുക മാത്രമല്ല, ഞാൻ ഇരുന്ന് ഉറങ്ങുകയും ചെയ്തു. ഞാൻ ഒരിക്കലും അങ്ങനെ ഉറങ്ങാൻ പാടില്ലായിരുന്നു. അതുവഴി ഞാൻ എന്റെ കുട്ടികൾക്കു കൊടുത്ത സന്ദേശം എത്ര മോശമായിപ്പോയി. '' ഞാൻ കുഴഞ്ഞ ശബ്ദത്തിൽ സങ്കടപ്പെട്ടു.

‘‘സാരമില്ല, ഫിദ. നാളെ നീ റംപെൽസ്റ്റിൽറ്റ്‌സ്‌കിൻ പഠിപ്പിച്ചാൽ മതി.'' അപൂർവ്വ ആശ്വസിപ്പിച്ചു.

‘‘ഏത്? ആ വൈക്കോൽ നൂറ്റു സ്വർണമുണ്ടാക്കുന്നതിനെ കുറിച്ചുളള കഥയോ? ''
ആലിയ ഗ്ലാസ് നിറച്ചു കൊണ്ടു ചോദിച്ചു.

‘‘വൈക്കോൽ നൂൽക്കുന്നതിനെക്കാൾ എളുപ്പം ചാണകത്തിൽനിന്ന് അരിച്ചെടുക്കുന്നതല്ലേ? '' ബൃന്ദ പരിഹസിച്ചു.

രാത്രി വൈകുവോളം ഞങ്ങൾ സംസാരിച്ചിരുന്നു.
അത്തരം കൂടിച്ചേരലുകളിൽ പതിവുള്ളതുപോലെ അന്ന് അവർ മൂവരും എന്റെ ക്വാർട്ടേഴ്‌സിൽ കിടന്നുറങ്ങി.
പിറ്റേന്ന്​ ഞങ്ങൾ ഒന്നിച്ചാണു ഡിപ്പാർട്ട്‌മെന്റിലേക്കു പുറപ്പെട്ടത്. അതിനു മുമ്പ് അപൂർവ ചായയിടുകയും ആലിയ സാന്റ്‌വിച്ച് ഉണ്ടാക്കുകയും വൈസ് ചാൻസലറെ തെറി പറഞ്ഞു കൊണ്ടു ഞങ്ങൾ അതു കഴിക്കുകയും ചെയ്തു.
അന്നും ഞാൻ ‘സ്ലീപ്പിങ് ബ്യൂട്ടി'യാണു പഠിപ്പിച്ചത്. പഠിപ്പിച്ചു കൊണ്ടിരിക്കെ ഒരു സംഭവമുണ്ടായി. എന്റെ മുഖത്ത് എന്തോ ഇഴഞ്ഞു. മുഖത്തു തപ്പി നോക്കിയപ്പോൾ അതെന്റെ വിരലിൽ ചുറ്റി. അതു ചുവപ്പിൽ വരകളുള്ള പുഴുവായിരുന്നു.

കേരളത്തിലെ ഹിന്ദുക്കൾ കൃഷ്ണന്​ വെണ്ണയും കൊണ്ടുപോകുന്നതെന്നും ക്രിസ്ത്യാനികൾ ഉണ്ണിയേശുവിന്​ വീഞ്ഞും കൊണ്ടു പോകുന്നതെന്നും മുസ്‌ലിംകൾ
പ്രവാചകന് ഒലിവെണ്ണയും കൊണ്ടുപോകുന്നത് എന്നും പറയാറുള്ള അതേ പുഴു.

ഒരെണ്ണത്തെ തട്ടിക്കളഞ്ഞപ്പോൾ ഒരെണ്ണം കൂടി വന്നു. പിന്നെ തുരുതുരാ കിനിഞ്ഞു വന്നു. കുട്ടികൾ നിലവിളിച്ചു. ഞാൻ ബാത്‌റൂമിലേക്ക് ഓടി. മുഖക്കുരുക്കൾ പൊട്ടി മുളയ്ക്കുന്നതു പോലെ മുഖത്തു പുഴുക്കൾ നുരയ്ക്കുന്നതു കണ്ണാടിയിൽ കണ്ടു. ഞാൻ ഉറക്കെ നിലവിളിച്ചു കൊണ്ടു ഞെട്ടി ഉണർന്നു. തല ശക്തിയായി കട്ടിലിൽ ഇടിച്ചു. രണ്ടു മൂന്നു പാറ്റകൾ എന്റെ ശരീരത്തിൽനിന്ന് ഓടിപ്പോയി. ഒരു പാറ്റ എന്റെ ഇടതു കാലിൽ ജീൻസ് കീറിപ്പറിഞ്ഞതിനു താഴെയുള്ള മുറിവ് സ്വന്തം രാജ്യമാണെന്ന മട്ടിൽ വിട്ടുപോകാൻ തയ്യാറില്ലാതെ പറ്റിപ്പിടിച്ചു. ഞാൻ മരവിച്ചു പോയി. അതേ കീറിയ ജീൻസും ലതർ ജാക്കറ്റും ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചോരയും ചതഞ്ഞ ഇടതുപാദവുമായി ഉറുമ്പരിച്ചു കിടക്കുകയായിരുന്നു ഞാൻ.

അതു വരെ അനുഭവിച്ചതെല്ലാം ഉറക്കത്തിലെ എന്റെ ഭ്രമ കൽപനകൾ മാത്രമായിരുന്നു.

പക്ഷേ, യഥാർഥ ആഘാതം അതായിരുന്നില്ല. പാറ്റയെ തട്ടിക്കളഞ്ഞ് പിടഞ്ഞു പുറത്തു വന്നു നീരു വന്നു കെട്ടിയ ചതഞ്ഞ പാദം നിലത്തു കുത്തിയപ്പോൾ നൊന്ത്​നക്ഷത്രമെണ്ണിയതും ആയിരുന്നില്ല.

ഒരു വിധം ഉന്തിയും ഇഴഞ്ഞും വാതിൽ തുറന്നപ്പോൾ പാലും പത്രവും ഇടുന്ന ബോക്‌സ് നിറഞ്ഞു കവിഞ്ഞിരിക്കുന്നു!

ആറു കവർ പാൽ.
മൂന്നു ദിവസത്തെ പത്രങ്ങൾ !
എനിക്ക് ഒന്നും മനസ്സിലായില്ല.
ഞാൻ ജാക്കറ്റിനുള്ളിൽ കയ്യിട്ടു പരതി.
സ്വറ്ററിനു മേൽ കുറുകെയിട്ട ബാഗ് അതേപടി ഉണ്ടായിരുന്നു.
പരിഭ്രാന്തിയോടെ ഞാൻ ജാക്കറ്റ് ഊരി.
സിബ്ബ് വലിച്ചു താഴ്ത്തിയപ്പോൾ വിരലുകൾ പറിഞ്ഞു പോകുന്ന വേദനയുണ്ടായി. ഫോൺ ബാഗിനുള്ളിൽ നിന്നു കിട്ടി. പക്ഷേ, സ്വിച്ച് ഓഫ് ആയിരുന്നു.

അകത്തു പോകാൻ തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി നിലത്തു വീണു. ഇഴഞ്ഞും ഉരുണ്ടുമാണു ഞാൻ കിടപ്പുമുറിയിൽ ചാർജർ ഇരിക്കുന്ന സൈഡ് ടേബിളിന്റെ അടുത്തെത്തിയത്. ദുസ്സഹമായ വേദന മൂലം ആ കൊടും തണുപ്പിലും ആരോ വെള്ളം കോരിയൊഴിച്ചതുപോലെ വിയർപ്പു തുള്ളികൾ മുഖത്തു കൂടി ഒഴുകി. ഫോണിനു കഷ്ടിച്ചു ജീവൻ വച്ചതും ഞാൻ വിതുമ്പലോടെ അപൂർവാനന്ദിന്റെ നമ്പർ ഡയൽ ചെയ്തു. ‘‘ഫിദാ... ! നീ എവിടെയായിരുന്നു? എത്ര ദിവസമായി വിളിക്കുന്നു? ''

എന്റെ ശബ്ദം കേട്ടതും അപൂർവ്വ നിലവിളിച്ചു.
ഞാൻ കരഞ്ഞുപോയി.
പത്തു പതിനഞ്ചു മിനിറ്റിനകം അപൂർവ്വയും ബൃന്ദയും ആലിയയും എത്തി.

മൂന്നു ദിവസമായി ബോധം കെട്ടു കിടക്കുകയായിരുന്നു എന്ന സത്യത്തോട്​ ഞാൻ പൊരുത്തപ്പെട്ടു. ഉറുമ്പുകളും പാറ്റകളും എന്നെ ജീവനോടെ തിന്നുകയായിരുന്നു. വാതിലും ജനാലകളും ചേർത്തടച്ചിരുന്നതിനാൽ എലികൾ കരണ്ടില്ല. ഞാൻ ജാസ്മിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടാകും എന്നാണു സുഹൃത്തുക്കൾ ധരിച്ചത്. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞിട്ടും ഫോണിൽ കിട്ടാതിരുന്നതിനാൽ അവർ ജാസ്മിനെ ഫോൺ ചെയ്തു. കുട്ടികളെ കണ്ടതിനു ശേഷം അന്നു തന്നെ തിരികെപ്പോയെന്ന് അറിഞ്ഞ് അവർ പരിഭ്രാന്തരായി. ഞാൻ ഉണർന്നതിനു രണ്ടു മണിക്കൂർ മുമ്പു സുഹൃത്തുക്കൾ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിരുന്നു.

ക്ലിനിക്കിലേക്കു പോകും വഴി അവർ പരാതി പിൻവലിക്കാൻ സ്റ്റേഷനിൽ വിളിച്ചു. കള്ളപ്പരാതി കൊടുത്തതിനു ഞങ്ങൾക്ക് എതിരേ കേസ് എടുക്കുമെന്ന് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയത്, കുഴഞ്ഞു കിടക്കുകയായിരുന്നെങ്കിലും ഞാൻ വ്യക്തമായി കേട്ടു. പോകും വഴി ഞാൻ പല തവണ ഛർദ്ദിച്ചു. ക്ലിനിക്കുകാർ എന്നെ എയിംസിലേക്കു റഫർ ചെയ്തു. ആറു ദിവസം കഴിഞ്ഞാണു ഞാൻ പുറത്തിറങ്ങിയത്. ഓരോ കോശവും ഇടിച്ചു പിഴിഞ്ഞതുപോലെ വേദനിക്കുന്നുണ്ടായിരുന്നു. അതേ സമയം ലൈംഗികാസക്തി അനുഭവപ്പെടുകയും ചെയ്തു. ആദ്യത്തെ രണ്ടു മൂന്നു രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല. ശരീരവും മനസ്സും എരിപൊരിക്കൊണ്ടു. യൂണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ക്യാംപസിലെ സമരം പുറത്തേക്കു വ്യാപിച്ചിരുന്നു. ഒരു കണക്കിന് അതൊരു വലിയ സഹായമായി. അതിന്റെ ബഹളത്തിൽ എന്റെ ശരീരത്തിന്റെ വേദനയും മനസ്സിനേറ്റ ആഘാതവും വിചാരിച്ചതിലും വേഗം അപ്രസക്തമായി.

രണ്ടു മാസത്തിനുശേഷമായിരുന്നു രണ്ടാമത്തെ അനുഭവം. അന്നാണ്​ നഗരത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കലാപം നടന്നത്. ആ വാർത്ത വരുമ്പോൾ ഞാൻ ഷഹീൻ ബാഘിൽ നിൽക്കുകയായിരുന്നു. സമരപ്പന്തലിൽ രാവിലെ വന്ന്​ വൈകീട്ട്​മടങ്ങാറുള്ളവരൊക്കെ മടങ്ങിക്കഴിഞ്ഞിരുന്നു.
പന്തലിൽത്തന്നെ, പ്രായം ചെന്നവരൊക്കെ രസോയികൾക്കുള്ളിൽ ചുരുണ്ടു കൂടിക്കിടന്നു. ചെറുപ്പക്കാർ പല കൂട്ടങ്ങളായി നെരിപ്പോടിന്​ ചുറ്റും ഇരുന്ന്​ പുസ്തകം വായിക്കുകയും സംസാരിക്കുകയും പാട്ടു പാടുകയും ചെയ്തു. എന്റെ ഡിപ്പാർട്ട്‌മെന്റിലെ നാലഞ്ചു കുട്ടികൾ ഒരു ചുവർച്ചിത്രം കൂടി പൂർത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു.
റോഡിനു കുറുകേ മഞ്ഞ മതിലുകൾ പോലെ ഉയർത്തിയ ബാരിക്കേഡുകൾക്കു പിന്നിൽ പൊലീസുകാർ ഇരിക്കുകയും നടക്കുകയും കൂട്ടം കൂടി നിൽക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. കഥ അറിയാത്തവർക്ക് എല്ലാം ശാന്തമായിരുന്നു.

പക്ഷേ, ഞാൻ ഒട്ടും സമാധാനമില്ലാതെയാണ്​ നിന്നത്. ഏതു നിമിഷവും ബാരിക്കേഡുകൾ മാറ്റി അവർ ഇരമ്പി വരുമെന്നു ഞാൻ പേടിച്ചു. പൊലീസ് എന്നല്ല, ഏത് ആൾക്കൂട്ടവും ആക്രമിക്കുമ്പോൾ ഒന്നിച്ച് ഒരൊറ്റ പുരുഷൻ ആയിത്തീരും എന്നായിരുന്നു എന്റെ അനുഭവം. ഒരു തരം സംഘപുരുഷൻ. ആ പുരുഷനു കയ്യും കാലും തലച്ചോറും ലിംഗവും ഉണ്ടായിരിക്കും. ഹൃദയവും കനിവും ഉണ്ടാവുകയുമില്ല. എന്റെ പല്ലുകൾ കൂട്ടിയിടിച്ചു. ഉണ്ടായിരുന്ന ആത്മധൈര്യം കൂടി എന്നെ ഡിവോഴ്‌സ് ചെയ്തു. ഞാൻ ഒരു സിഗരറ്റ് കത്തിച്ചു പുക വലിച്ചൂതി വിട്ടുകൊണ്ടു ഫുട് പാത്തിന്റെ തിട്ടിൽ ഇരുന്നു. ഷൂസും സോക്‌സും ഊരി കാലുകൾ മണ്ണിൽ അമർത്തി. തണുപ്പ് എല്ലുകളെ തുളച്ചെങ്കിലും മണ്ണിന്റെ സ്പർശം എന്നെ ആശ്വസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ഒന്നനങ്ങിയാൽ ആ മണ്ണ് ആരെങ്കിലും വാരിക്കൊണ്ടു പോകുമോ എന്നു ഞാൻ ഭയന്നു. ഒന്നു കൂടി പുക ഊതും മുമ്പേയാണ് കലാപം തുടങ്ങിയെന്നു കേട്ടത്. അപൂർവ്വയും ബൃന്ദയും എന്നെത്തേടി ഓടി വന്നു.‘‘ഫിദ, ലെറ്റസ് ഗോ ബാക്ക്. ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. ''

അപൂർവ്വ തിരക്കു കൂട്ടി. ഞാൻ ഊരിയ സോക്‌സ് ജീൻസിന്റെ പോക്കറ്റിൽ തിരുകി ഷൂസ് വലിച്ചു കയറ്റി. ജാക്കറ്റിന്റെ ഹൂഡ് വലിച്ചിട്ടു. ഓടിപ്പോയി ബാഗ് എടുത്തു തിരിച്ചെത്തി.

‘‘വെയ്റ്റ്. '' ബൃന്ദ എന്നെ പിടിച്ചു നിർത്തി.

പിന്നീട്​ സംഭവിച്ചതു മുമ്പ് ഒരിക്കലും ഉണ്ടാകാത്തതായിരുന്നു.

ബൃന്ദ ചിത്രം വരയ്ക്കുകയായിരുന്ന കുട്ടികളുടെ കയ്യിൽനിന്ന് ചുവന്ന പെയിന്റ് വാങ്ങി എനിക്ക് ഒരു പൊട്ടു തൊട്ടു. അതൊരു വല്ലാത്ത നിമിഷം ആയിരുന്നു. എന്റെയുള്ളിൽ അപമാനത്തിന്റെ കയ്പ് നിറഞ്ഞു. തട്ടവും അഞ്ചു നേരം കുമ്പിടലും പതിവുള്ള കാലത്തു പോലും ഞാൻ പൊട്ടു കുത്തിയിട്ടുണ്ട് എന്നതു നേര്. പക്ഷേ, അത് എന്റെ ചോയ്‌സ് ആയിരുന്നു. അത് ഒരു ഗതികേടായി തീർന്നത് എന്നെ കരയിപ്പിച്ചു. അന്നു ഞങ്ങൾ ബൃന്ദയുടെ ക്വാർട്ടേഴ്‌സിൽ ആണ് ഒത്തുകൂടിയത്. ആലിയയും അവിടെ എത്തി. അവരൊക്കെ മദ്യം കഴിച്ചു. എനിക്കു മദ്യപിക്കാൻ തോന്നിയില്ല. വർഷങ്ങൾക്കുശേഷം, ഒന്നു നിസ്‌കരിക്കണമെന്നു തോന്നുകയും ചെയ്തു.

അതുകൊണ്ട്, അവരുടെ എതിർപ്പു വക വയ്ക്കാതെ യാത്ര പറഞ്ഞ് ഞാൻ എന്റെ ക്വാർട്ടേഴ്‌സിലേക്കു പുറപ്പെട്ടു. തീരത്തു മടങ്ങിയെത്തിയ ഉരശിമ തരോയെപ്പോലെ വിജനമായ വഴിയേ ഞാൻ ഉള്ളിൽ നിലവിളിച്ചു കൊണ്ടു നടന്നു. ഞാനൊരുപാടു വൃദ്ധയായെന്നും ചുറ്റുമുള്ള ലോകത്തെ എനിക്കും ലോകത്തിന് എന്നെയും പരിചയമില്ലെന്നും സങ്കടപ്പെട്ടാണു ക്വാർട്ടേഴ്‌സിൽ ചെന്നു കയറിയത്. കുളി കഴിഞ്ഞു യോഗ മാറ്റ് വിരിച്ചു നിസ്‌കരിക്കുകയും മുൻവാതിലും അടുക്കള വാതിലും പൂട്ടി എന്ന് ഉറപ്പു വരുത്തി, സെയ്ഫ്റ്റി ചെയിൻ വലിച്ചിട്ട് ഉറങ്ങാൻ കിടക്കുകയും ചെയ്തു.

അഖ്‌സയുടെയും എലീസയുടെയും ഫോട്ടോയിൽ ഉമ്മ വച്ചിട്ടാണു ഞാൻ കണ്ണടച്ചത്. പാൽക്കാരൻ എത്തും വരെ ഞാൻ ഗാഢമായി ഉറങ്ങി. ചായയിട്ടു ബ്രെഡും ജാമും കൂട്ടി പ്രാതൽ കഴിച്ചപ്പോഴേക്കു ബൃന്ദയും ആലിയയും വന്നു. ഞങ്ങൾ ആലിയയുടെ കാറിൽ സമരപ്പന്തലിലേക്കു പുറപ്പെട്ടു.

ഒരിടം കണ്ടെത്തി വണ്ടി പാർക്കു ചെയ്യുംവരെ എല്ലാം ശാന്തമായിരുന്നു. പുറത്തിറങ്ങിയതും ഒരു ജനക്കൂട്ടം ഞങ്ങളെ വളഞ്ഞു. ആലിയ ഹിജാബ് ധരിച്ചിരുന്നു. അവളുടെ ഹിജാബിൽ പിടിച്ചു വലിച്ച് അവർ അവളെ നിലത്തുകൂടി ഇഴച്ചു. ബൃന്ദയും ഞാനും നിലവിളിച്ചു കൊണ്ട് അവൾക്കു പിന്നാലെ ഓടി. ജനക്കൂട്ടം വലുതായി വന്നു. അതു ചെന്നായ്ക്കൂട്ടത്തെപ്പോലെ ആലിയയെ വളഞ്ഞു. അവൾ അവർക്കിടയിൽ അപ്രത്യക്ഷരായി. ഞാനും ബൃന്ദയും പൊലീസിനെ വിളിക്കാൻ ശ്രമിച്ചു. എല്ലാ നമ്പരും എൻഗേജ്ഡ് ആയിരുന്നു. അതുകൊണ്ടു ഞങ്ങൾ സമരസ്ഥലത്തേക്ക് ഓടി.

‘‘പൊലീസ്, പൊലീസ്, ഹെൽപ്, ഹെൽപ്... !'' ഞങ്ങൾ പൊലീസുകാർക്ക് അരികിലേക്കു നിലവിളിച്ചു കൊണ്ട് ഓടി. പൊലീസുകാർ വളരെ കൗതുകത്തോടെ ഞങ്ങളെ നോക്കി നിന്നു.

‘‘എന്താ സംഭവം? '' പാൻ ചവച്ചു കൊണ്ടിരുന്ന ഒരു ഹെഡ് കോൺസ്റ്റബിൾ ഒട്ടും ധൃതിയില്ലാതെ ചോദിച്ചു.

‘‘ഞങ്ങളുടെ ഫ്രണ്ടിനെ കുറച്ചു പേർ പിടിച്ചു കൊണ്ടുപോയി. സർ, ദയവു ചെയ്ത് രക്ഷിക്ക്.. '' ബൃന്ദ കൈകൂപ്പി യാചിച്ചു. ‘‘കരയാതെ, കരയാതെ, മാഡം. നിങ്ങളെപ്പോലെ സുന്ദരികളായ സ്ത്രീകൾ തെരുവിൽ അലഞ്ഞാൽ പിന്നെ ആർക്കായാലും പിടിക്കണമെന്നു തോന്നില്ലേ? '' അയാൾ തമാശ പറഞ്ഞതുപോലെ ചിരിച്ചു.

‘‘തൽക്കാലം നിങ്ങൾ വീട്ടിൽ പോ. പോയി ഭർത്താവിനും കുട്ടികൾക്കും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്ക്. എന്നിട്ടു സമാധാനമായി കിടന്നുറങ്ങ്. ഇവിടുത്തെ കാര്യം നോക്കാൻ ഞങ്ങളുണ്ട്. ''

‘‘വാ, നമുക്കു ഹെഡ്ക്വാർട്ടേഴ്‌സിൽ പോകാം.. ''

ക്ഷമ നശിച്ച ബൃന്ദ എന്നെയും പിടിച്ചു വലിച്ച് ഓടി. പാർക്കിങ് സ്ഥലത്തുനിന്നു കാർ തിരിച്ചെടുത്ത് ഞങ്ങൾ ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തി. അവിടെ പൊലീസ് ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല.

ചെറുപ്പക്കാരിയായ ഒരു കോൺസ്റ്റബിൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.
ഏറെ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല.
ഞാനും ബൃന്ദയും അറിയുന്ന മനുഷ്യരെയെല്ലാം വിളിച്ചു സഹായം അഭ്യർത്ഥിച്ചു കൊണ്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും ഞങ്ങൾ കുടിച്ചിരുന്നില്ല. ബൃന്ദയ്ക്കു വിശപ്പു സഹിക്കാൻ വയ്യാതെയായി. നാലു മണിയായപ്പോൾ എന്തെങ്കിലും കഴിച്ചിട്ടു വരാമെന്നു കരുതി ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോഴേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനും ഏതാനും പൊലീസുകാരും വന്നു. അവർ ഞങ്ങളെ ജീപ്പിൽ കയറ്റി ആലിയയെ ആളുകൾ പിടിച്ചു കൊണ്ടു പോയ സ്ഥലത്തു കൊണ്ടുപോയി. അവിടെ ആരുമുണ്ടായിരുന്നില്ല. പക്ഷേ, റോഡിൽ ചോര വീണതുപോലെ പാടുകൾ കണ്ടു. ആലിയയുടെ ഹിജാബിന്റെ കീറുകളിലൊന്നു റോഡരികിൽ നിന്ന് എനിക്കു കിട്ടി. പൊലീസുകാരിൽ ഒരാൾ വന്ന്​ ലാത്തി കൊണ്ട് ആ കീറെടുത്ത് ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ വച്ച് അതു മടക്കി പോക്കറ്റിൽ ഇട്ടു. ഞാനും ബൃന്ദയും കെട്ടിപ്പിടിച്ചു കരഞ്ഞു തുടങ്ങി. വഴിപോക്കർ കാഴ്ച കാണാൻ ഞങ്ങൾക്കു ചുറ്റും കൂടി. സാവധാനം ഞങ്ങളെ പൊതിഞ്ഞ് ഒരാൾക്കൂട്ടം രൂപപ്പെട്ടു.

ആ നേരത്താണ് ആകാശത്ത് ഒരനക്കം എന്റെ കണ്ണിൽപ്പെട്ടത്.
തീ ജ്വാലയുടെ നിറമുള്ള ഒരു പക്ഷി പറക്കുന്നതു ഞാൻ കണ്ടു.
ആരോ പിടിച്ചു കാവി നിറമടിച്ച മയിൽ ആണെന്നാണു ഞാൻ കരുതിയത്. പക്ഷേ, തൊട്ടുമുമ്പിലെ ആൽമരത്തിൽ പറന്നിരുന്നപ്പോൾ അതു മയിൽ അല്ലെന്നു മനസ്സിലായി. കാരണം അതു വന്നിരുന്ന ചില്ലയിലെ ചുള്ളിക്കമ്പുകളൊക്കെ ശബ്ദത്തോടെ എരിഞ്ഞു. ഇലകൾ കൂട്ടത്തോടെ വാടി നിറം പകർന്നു കരിഞ്ഞു താഴെ വീണു.
അത്​ നിറം മാറിയ മയിൽ അല്ല, സോവിയറ്റ് യക്ഷിക്കഥയിലെ തീപ്പക്ഷിയാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു.
കണ്ടാൽ കണ്ണു മഞ്ഞളിക്കുന്ന ഭംഗിയായിരുന്നു അതിന്. ചിറകുകൾ വിടർന്ന് അടഞ്ഞപ്പോൾ ജ്വാലകൾ പാറി. കാൽ കൊണ്ടു തല ചൊറിയുമ്പോഴും കൊക്കു കൊണ്ടു തൂവലിനിടയിൽ ഉരുമ്മുമ്പോഴും തീപ്പൊരികൾ ചിതറി. കൂട്ടിൽ സ്പർശിക്കാതെ വേണം തീപ്പക്ഷിയെ തൊടാൻ എന്ന നിബന്ധന മറന്നു പോയ ആരോ ആയിരിക്കണം, അതിനെ തുറന്നു വിട്ടത്. അതു പെറ്റു പെരുകിയാൽ ഈ രാജ്യത്തിന് എന്തു സംഭവിക്കും എന്നോർത്തു ഞാൻ കിടിലം പൂണ്ടു.

അപ്പോഴേക്ക് അത് ഇരുന്ന ആൽമരത്തിനു പൂർണമായി തീ പിടിച്ചിരുന്നു. ഒരു മരം നിന്നു കത്തുന്നത്​ ഞാൻ ആദ്യമായി കാണുകയായിരുന്നു. ഓരോ ഇലയും വെവ്വേറെ നാളമായി. ആളുകൾ തീയണയ്ക്കാൻ ഓടിക്കൂടി. തീയ്ക്കുള്ളിൽ ചേക്കയിരുന്ന തീപ്പക്ഷിയെ അവർ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, പൊലീസ് ജലപീരങ്കി കൊണ്ടു വന്നു ചീറ്റിയപ്പോൾ അതു പറന്നു പൊന്തി. ജനക്കൂട്ടം അതിനു പിന്നാലെ ഓടി.

സന്ധ്യയുടെ കത്തുന്ന വർണങ്ങളിൽ അത് അലിഞ്ഞ് അപ്രത്യക്ഷമായി.
ഞാനും ബൃന്ദയും തളർന്നു നിന്നു. അവിടെ നിന്നിട്ടു പ്രയോജനമില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഞങ്ങൾ ക്യാംപസിലേക്കു മടങ്ങി.
രാംദേവിന്റെ കട തുറന്നിരിപ്പുണ്ടായിരുന്നു.
വിശപ്പ് രൂക്ഷമായതു കൊണ്ടു ഞങ്ങൾ അവിടെ കയറി.
അവിടെ നൂഡിൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചോപ് സ്റ്റിക് ഉപയോഗിച്ച് ഒരു നൂലെടുത്തതും അതു പുളഞ്ഞ് എന്റെ മുഖത്തു നക്കി. അതു നൂഡിൽസ് അല്ല, വിരകളാണെന്നു കണ്ടു ഞാനും ബൃന്ദയും പാത്രങ്ങൾ വലിച്ചെറിഞ്ഞു. താഴെ വീണതും അവ പെരുകിപ്പെരുകി ഞങ്ങളെ പൊതിഞ്ഞു. എന്റെ മുഖത്തും ചെവിയിലും ഒക്കെ വിരകൾ ഇഴഞ്ഞു. അങ്ങനെയാണു ഞാൻ ഉണർന്നത്. ഉണർന്നപ്പോഴാണു ഞാൻ ശരിക്കും അന്ധാളിച്ചത്. കാരണം, ഞാൻ ആശുപത്രിക്കിടക്കയിൽ ആയിരുന്നു.

സംഭവിച്ചതെന്താണ് എന്നു പിന്നെയും കുറേക്കഴിഞ്ഞ് അപൂർവയും ആലിയയും വന്നപ്പോഴാണ് അറിഞ്ഞത്. ബൃന്ദയുടെ ക്വാർട്ടേഴ്‌സിൽ എല്ലാവരും സംസാരിച്ചിരിക്കെ, ഞാൻ പെട്ടെന്ന് ഉറങ്ങി. വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഗാഢ നിദ്ര കണ്ട് അപൂർവയും ബൃന്ദയും ആലിയയും ചേർന്ന് എന്നെ താങ്ങിയെടുത്ത് ബൃന്ദയുടെ കട്ടിലിൽ കിടത്തി.
ഞാൻ കാൽമുട്ടുകൾ മടക്കി കൈകൾ കോർത്തു കവിളിനടിയിൽ വച്ച് ഒരു കുട്ടിയെപ്പോലെ ഉറങ്ങി. അവർ മദ്യപാനം തുടർന്നു. രാത്രി വൈകിയാണ് അപൂർവയും ആലിയയും പിരിഞ്ഞത്. രാവിലെ ബൃന്ദ ഉണർന്നത് എന്റെ കൂർക്കം വലി കേട്ടുകൊണ്ടാണ്. അവൾ എഴുന്നേറ്റു വീടു വൃത്തിയാക്കി ചായയിട്ടു കൊണ്ടുവന്ന് എന്നെ വിളിച്ചു.
കൂർക്കം വലി മാത്രമായിരുന്നു ഉത്തരം.
പത്തു മണിയായപ്പോൾ അപൂർവയും ആലിയയും ബൃന്ദയുടെ റിസർച്ച് സ്റ്റുഡന്റ്‌സും വന്നു. അപ്പോഴും ഞാൻ തലേന്നത്തെ അതേ ഈണത്തിൽ കൂർക്കം വലിച്ചു. എന്നെ ഉണർത്തണ്ട എന്നു തീരുമാനിച്ച്, ഉണരുമ്പോൾ കാണാൻ പാകത്തിൽ ഒരു കുറിപ്പെഴുതി വച്ച് അവർ സമരത്തിനു പോയി. രാത്രി ഏഴു മണിക്കു തിരികെ വന്നു സിറ്റൗട്ടിൽ കയറുമ്പോഴും കൂർക്കംവലിയുടെ സംഗീതം അനന്തമായി മുഴങ്ങി. ഉണ്ടാക്കി വച്ചതൊന്നും തൊട്ടിട്ടില്ല എന്നു കണ്ടപ്പോൾ ബൃന്ദയ്ക്കു പരിഭ്രമമായി. എന്നെ വിളിച്ചുണർത്താൻ അവൾ ആവുന്നത്ര ശ്രമിച്ചു. മുഖത്തു വെള്ളം കോരിയൊഴിച്ചു.
ഞാൻ വെള്ളം നക്കിക്കുടിച്ചിട്ടു കൂർക്കം വലി തുടർന്നു. അവൾ എല്ലാവരെയും വിളിച്ചു വരുത്തി. ആംബുലൻസ് വരുത്തി എന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിക്കാർ എന്റെ ശരീരത്തിൽ പരിശോധനകളായ പരിശോധനകളെല്ലാം നടത്തി.

‘‘മൂന്നും നാലും ദിവസം കിടന്നുറങ്ങുന്ന ഒരു രോഗം ചില സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മാഡത്തിന് അതാകാൻ വഴിയില്ല. '' പരിശോധനാ ഫലങ്ങൾ തരുമ്പോൾ ചീഫ് ഫിസിഷ്യൻ ഡോ. സൗവേന്ദ്ര പറഞ്ഞു. അപൂർവയും ആലിയയും ബൃന്ദയും ഞാനും പരസ്പരം നോക്കി.

‘‘അതെന്താ? '', അപൂർവ ചോദിച്ചു. ‘‘കാരണം, അതു കൗമാരക്കാരിലാണു കാണുന്നത്. ''‘‘മനസ്സു കൊണ്ട് എനിക്കിപ്പോഴും കൗമാരമാണ്. '' ഞാൻ തമാശ പറയാൻ ശ്രമിച്ചു.‘‘എങ്കിൽ സംശയിക്കാനില്ല. മാഡത്തിനു സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം തന്നെയാണ്.''
ഡോ. സൗവേന്ദ്ര ചിരിച്ചു.

‘‘സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം? ''

എനിക്കു കുളിരു കോരി.

‘‘അങ്ങനെയാണ് അതിനെ വിളിക്കുന്നത്. ക്ലെയ്ൻ - ലെവിൻ സിൻഡ്രോം എന്നാണു ശരിയായ പേര്. കെ.എൽ.എസ്. എന്നു പറയും. ''

‘‘കൗമാരക്കാർക്കല്ലാതെ പ്രായപൂർത്തിയായവർക്ക് ഈ രോഗം ഉണ്ടാകാറില്ലേ? ''
ഞാൻ വല്ലായ്മയോടെ ചോദിച്ചു.

‘‘നോക്കൂ, പലതരം സ്ലീപ്പ് ഡിസോർഡർ ഉണ്ട്. അതിലൊന്നാണു ഹൈപ്പർ സോമ്‌നിയ. അതുപോലും പത്തോ ഇരുപതോ മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ. ഡോ. ഫിദയുടെ കേസ് ഡിഫറന്റ് ആണ്. പക്ഷേ, കേട്ടിടത്തോളം, ഒരു ജനറൽ ഫറ്റീഗ് ആകാനേ വഴിയുള്ളൂ. അല്ലെങ്കിൽ സിവിയർ സ്‌ട്രെസ്. ഒരു സൈക്യാട്രിസ്റ്റിനെ കണ്ടുകൂടേ? ''

ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. പക്ഷേ, സൈക്യാട്രിസ്റ്റിനെ കാണാനൊന്നും തയ്യാറായിരുന്നുമില്ല. തളർച്ചയുടെ അഗാധമായ കടലിൽ ഞാൻ ആഴ്ന്നു പോയ്‌ക്കൊണ്ടിരുന്നു. വളരെ മുകളിലെവിടെയോ ഒരു പാറക്കെട്ടിൽ തട്ടി തിരകൾ തകരുന്ന ദുഃഖഭരിതമായ ശബ്ദം കാതുകളിൽ നിതാന്തമായി മുഴങ്ങി.

- അവ ആയിരുന്നു, രണ്ടായിരത്തിപ്പത്തൊമ്പതു ഡിസംബർ പതിനഞ്ചിനും രണ്ടായിരത്തി ഇരുപതു ഫെബ്രുവരി ഇരുപത്തിയഞ്ചിനും ഞാൻ അനുഭവിച്ച രണ്ടു യക്ഷിക്കഥകൾ. രണ്ടാമത്തെ യക്ഷിക്കഥയ്ക്കു ശേഷം, ആശുപത്രിയിൽനിന്നു ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയ രാത്രിയിലാണു ഞാൻ കസഖ്സ്ഥാനിലേക്കു പുറപ്പെടാൻ തീരുമാനിച്ചത്. ഇജാസ് പറഞ്ഞതിൽ സത്യമുണ്ട് എന്നു ഞാൻ അന്നാണു തിരിച്ചറിഞ്ഞത്.

(തുടരും)


കെ. ആർ. മീര

കഥാകൃത്ത്, നോവലിസ്റ്റ്.ആവേ മരിയ, മോഹമഞ്ഞ, ഓർമയുടെ ഞരമ്പ്, ആരാച്ചാർ, ഘാതകൻ, ഖബർ തുടങ്ങിയവ പ്രധാന കൃതികൾ

Comments