ചിത്രീകരണം: രാജേഷ് ചിറപ്പാട്

കരിന്തേൾ

മൂന്ന്

ലിസബത്ത് ചാക്കോ ഓഫീസ് സ്റ്റാഫാണ്. ഡൊമനിക്കിന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയുമാണ്. പരമാരയുടെ സെക്ഷനിലെ ജൂനിയര്‍ ക്ലാര്‍ക് ആണ് ആ സ്ത്രീ. പ്ലാക്കൂട്ടത്തില്‍ കുടുംബവുമായി ബന്ധമുള്ളതുകൊണ്ട് തന്നെ കമ്പനിയിലെ ചില ഫയലുകളെല്ലാം സ്വന്തം ഇഷ്ടത്തിന് കൈകാര്യം ചെയ്യാന്‍ അവള്‍ ശ്രമിക്കാറുണ്ട്. അത് പരമാരക്ക് വല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കൂടാതെ ഇടക്കിടക്ക് കാബിനില്‍ കയറി വന്ന് വല്ലാതെ അടുത്ത് പെരുമാറാന്‍ ശ്രമിക്കുന്ന തൊക്കെ പരമാരക്ക് വല്ലാത്ത തലവേദന സൃഷ്ടിച്ചിരുന്നു. അവളുടെ ഒരു സുഹൃത്തിന് അനധികൃതമായ രേഖകളിലൂടെ ലോണ്‍ ശരിയാക്കിക്കൊടുക്കാന്‍ ഉള്ള പേപ്പറുമായി ഒരു ദിവസം ഉച്ചക്ക് ശേഷം എലിസബത്ത് ക്യാബിനില്‍ കയറി വന്നു.അത്യാവശ്യം തടിച്ചുരുണ്ട ശരീരപ്രകൃതിയായതിനാല്‍ എല്ലാവരുടെയും കണ്ണില്‍ അവളൊരു പീസായിരുന്നു. പക്ഷേ പരമാര അവളെ ശ്രദ്ധിക്കാറെ ഇല്ല. അവളെ എന്നല്ല ഒരു സ്ത്രീയെയും പരമാര അങ്ങനെ ശ്രദ്ധിക്കാറില്ല.അതില്‍ എലിസബത്തിന് നല്ല വിഷമം ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും പരമാരയെ ഒന്ന് വശീകരിച്ചെടുക്കണമെന്നും ആ വരവിന് ഉദ്ദേശമുണ്ടായിരുന്നു.

പരമാര പിന്‍തിരിഞ്ഞ് നിന്ന് ഷെല്‍ഫില്‍ നിന്ന് ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ക്കാനുള്ളവരുടെ ലിസ്റ്റുള്ള ഫയല്‍ തപ്പിയെടുക്കുകയായിരുന്നു. ലിസ്റ്റിലുള്ള ഓരോരുത്തരെയും ഫോണില്‍ വിളിച്ച് കുടിശ്ശിക അടക്കാനുള്ള അവസാന തിയ്യതി ഓര്‍മ്മിപ്പിക്കണം.

ആ സമയത്താണ് എലിസബത്ത് ഫയലും കൊണ്ട് കാബിനില്‍ എത്തുന്നത്. കാബിനിന്റെ വാതില്‍ തുറന്ന ശബ്ദം പരമാര കേട്ടില്ല. എലിസബത്ത് ഫയല്‍ മേശപ്പുറത്ത് വച്ച് പതിയെ പരമാരയുടെ പുറകിലെത്തി. കഴുത്തിന്റെ വശത്ത് കൂടെ ഷെല്‍ഫിലേക്ക് എത്തി നോക്കി. എലിസബത്തിന്റെ മാറിടം പരമാരയുടെ മുതുകില്‍ അമര്‍ന്നു. പിന്‍കഴുത്തില്‍ ചൂടുള്ള നിശ്വാസം പതിച്ച പരമാര ഞെട്ടിത്തിരിഞ്ഞ് നോക്കി. ശരീരത്തിനേറ്റ പൊള്ളലില്‍ അയാളുടെ കയ്യില്‍ നിന്ന് ഫയല്‍ താഴെ വീണു. ഒരു കുസൃതി നോട്ടം നോക്കി എലിസബത്ത് താഴെ വീണ ഫയല്‍ എടുക്കാന്‍ കുനിഞ്ഞു. തോളില്‍ നിന്ന് സാരിത്തലപ്പ് ഉതിര്‍ന്നുവീണത് കണ്ട പരമാരസ്തബ്ധനായി ഒരു നിമിഷം നോക്കി നിന്നു പോയി. എലിസബത്ത് ഒന്നുമറിയാത്തത് പോലെ സാരിത്തലപ്പ് നേരെയിട്ട് ഫയല്‍ പരമാരക്ക് നേരെ നീട്ടി. ആകെ വിയര്‍ത്തു പോയ പരമാര ഫയല്‍ വാങ്ങി മേശപ്പുറത്ത് വച്ച് കസേരയില്‍ വന്നിരുന്നു. അല്പം വെള്ളം കുടിക്കാന്‍ കിട്ടിയിരുന്നെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചു.

എലിസബത്ത് കൊണ്ടു വന്ന ഫയല്‍ പരമാരക്ക് മുന്നിലേക്ക് നീട്ടി അതില്‍ ഒരൊപ്പും സീലും വേണമെന്ന് പറഞ്ഞു. പരമാര ഫയല്‍ തുറന്ന് ലോണിനുള്ള അപേക്ഷാ ഫോറം വായിച്ചു. വേറെ പേപ്പറുകളൊന്നും കൂടെ ഉണ്ടായിരുന്നില്ല.

‘അപേക്ഷാ ഫോറത്തിന്റെ കൂടെ അറ്റാച്ച് ചെയ്യേണ്ട ഡോക്യുമെന്റ് സ് എവിടെ?’ പരമാര എലിസബത്തിന്റെ മുഖത്തേക്ക് നോക്കി.

‘അത്… സാര്‍… എന്റെ അടുത്ത സുഹൃത്താണ്, ലോണ്‍ അത്യാവശ്യമാണ്. ഡോക്യുമെൻറ്​സ്​ റെഡിയല്ല. സാര്‍വിചാരിച്ചാല്‍ ശരിയാവും’ എന്നും പറഞ്ഞ് എലിസബത്ത് ഇടതുകൈ കസേരയില്‍ ചേര്‍ത്ത് വച്ച് ശരീരം പരമാവധി പരമാരയുടെ വലത്തേ ചുമലിലേക്ക് അമര്‍ത്തി അല്പനേരം നിന്നു. വിരലുകളില്‍ നിന്ന് പ്രവഹിച്ച അഗ്‌നിനാളങ്ങള്‍ ശരീരം മുഴുവന്‍ പടരുന്നതായും തലച്ചോറില്‍ ചില ഉന്മാദചലനങ്ങളുണ്ടാവുന്നതായും പരമാരക്ക് തോന്നി. പെട്ടെന്ന് ബോധം വന്ന പരമാര എലിസബത്തിനെ തള്ളിമാറ്റിയ അതേ നേരത്ത് ഓഫീസ് അസിസ്റ്റൻറ്​ കാബിന്‍ വാതില്‍ തുറന്ന് ഉള്ളിലേക്ക് കയറിവന്നു.

പരമാരക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. അസന്തുഷ്ടതയോടെ എലിസബത്ത് ലവലേശം പോലും ലജ്ജയില്ലാതെ ഫയലെടുത്ത് ക്യാബിനില്‍നിന്ന് ഛടുതിയില്‍ പുറത്തേക്കുപോയി. ഓഫീസ് അസിസ്റ്റന്റിന്റെ മുഖത്ത് നോക്കാന്‍ പോലും ത്രാണിയില്ലാതെ പരമാര അയാള്‍ കൊണ്ടുവന്ന ഫയലില്‍ ഒപ്പുവച്ച് ഫോണെടുത്ത് കുടിശ്ശിക അടക്കാനുള്ളവരുടെ ലിസ്റ്റിലെ നമ്പറുകള്‍ഡയല്‍ ചെയ്യാന്‍ തുടങ്ങി.

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ നീലകണ്​ഠൻ പരമാര സ്മാര്‍ട്ട് ഫോണിന് അഡിക്റ്റഡ് ആവുകയായിരുന്നു. ലാപ് ടോപ്പ് പ്രവര്‍ത്തിപ്പിക്കാനൊന്നും അയാള്‍ക്കറിയില്ലായിരുന്നു. ഓഫീസിലെ ഒരു പയ്യന്റെ സഹായത്തോടെ ലാപ്‌ടോപ്പ് കൈകാര്യം ചെയ്യാന്‍ പഠിക്കുകയും സ്വന്തമായി ഒരു ലാപ് ടോപ്പ് വാങ്ങുകയും ചെയ്തു. യൂണികോണ്‍ വെബ് പേജില്‍ നിന്നുവരുന്ന ഓരോ കാര്യങ്ങളും അയാള്‍ ശ്രദ്ധയോടെ വായിക്കാനും തുടങ്ങി. ഓഫീസിലെ ഒരു സുഹൃത്ത്​ മുഖേന വാട്​സ്​ആപ്പും ഡൗണ്‍ലോഡ് ചെയ്തു. രാത്രിയിലും അസമയത്തും ഓഫീസ് ടൈമിലുമെല്ലാം എലിസബത്ത് അയാളുടെ ഫോണിലേക്ക് തുരുതുരാ മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. അവളുടെ ചില ഫോട്ടോകളും വീഡിയോകളും ചില മോശം സന്ദേശങ്ങളുമെല്ലാം അയാളെ അസ്വസ്ഥനാക്കി.

അയാളെ ഏത് വിധേനയും സ്വാധീനിച്ച് ലോണ്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് എലിസബത്ത്​ ഇതെല്ലാം ചെയ്യുന്നതെന്ന് പരമാരക്ക് മനസ്സിലായിരുന്നതുകൊണ്ട് അയാള്‍ ഈ ശ്രമങ്ങളെയെല്ലാം നിഷ്‌കരുണം അവഗണിച്ചു. ശല്യം സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ഒരു ദിവസം ക്യാബിനില്‍ വിളിച്ച് അവളെ നന്നായി വഴക്കു പറയുകയും ചെയ്തു. ഇനിയും ഇതെല്ലാം ആവര്‍ത്തിച്ചാല്‍ എം.ഡിയെ ഇന്‍ഫോം ചെയ്യുമെന്നും ഉള്ള ജോലി കളയാതെ നോക്കിക്കോളാന്‍ വാണിംഗ് കൊടുക്കുകയും ചെയ്തു. ചവിട്ടേറ്റ പാമ്പിനെപ്പോലെയാണവള്‍ ആ മുറി വിട്ടുപോയത്. അയാള്‍ക്ക് തക്കതായ പണി കൊടുക്കാന്‍ ഒരവസരം കിട്ടട്ടെ എന്ന് മനസ്സില്‍ കണക്ക് കൂട്ടിക്കൊണ്ടായിരുന്നു പിന്നീട് എലിസബത്തിന്റെ ഓരോ ദിവസങ്ങളും.

ഓഫീസില്‍ നിന്നെത്തി കുളി കഴിഞ്ഞ് പൂജയും പ്രാര്‍ത്ഥനയും കഴിഞ്ഞാണയാള്‍ ഏതെങ്കിലും പുസ്തകം വായിക്കുന്നതോ ഫോണ്‍ നോക്കുന്നതോ ഒക്കെ. അന്നുരാത്രി ഫോണ്‍ തുറന്നപ്പോള്‍ യൂണികോണ്‍ പേജില്‍ കണ്ട വിവരണം ചരിത്രപ്രസിദ്ധമായ കുംഭമേളയെക്കുറിച്ചായിരുന്നു. അയാള്‍ വെറുതെയൊന്ന് അതിലൂടെ കണ്ണോടിച്ചു.

ഒരു ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. ഹരിദ്വാര്‍, പ്രയാഗ്, ഉജ്ജയിനി, നാസിക്, എന്നിവയില്‍ ഒരു സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഓരോ സ്ഥലവും തെരഞ്ഞെടുക്കപ്പെടും. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ദേവന്മാര്‍ അസുരന്മാരുമായി ചേര്‍ന്ന് അമൃത് കടഞ്ഞെടുത്തു. എന്നാല്‍ അത് കിട്ടിക്കഴിഞ്ഞാല്‍ അസുരന്മാരുമായി പങ്കുവെക്കുന്നതിന് പകരം സ്വന്തമായി ഉപയോഗിക്കാനാണ് ദേവന്മാരുടെ തീരുമാനം എന്ന് മനസ്സിലാക്കായ അസുരന്മാര്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പന്ത്രണ്ട് ദിവസങ്ങളിലായി നടന്ന ഓട്ടത്തിനും പിന്തുടര്‍ച്ചക്കുമിടയില്‍ ഗംഗാനദി, ത്രിവേണിസംഗമം, ക്ഷിപ്ര നദി, ഗോദാവരി നദി എന്നീ നാല് നദികളിലായി അമൃത് വീണു എന്നതാണ് ചരിത്രം...

പകുതി വായിച്ചപ്പോഴേക്ക് പരമാരക്ക് ഒരു ഫോണ്‍ കോള്‍ വന്നു. നാട്ടില്‍ നിന്ന് ഒരു സുഹൃത്താണ്. അയാള്‍ കോള്‍ അറ്റന്റ് ചെയ്തു.

‘നീ അറിഞ്ഞോടാ? പണിക്കര്മാഷുടെ മകളുടെ ബാംഗ്ലൂരില്‍ പഠിക്കുന്ന പെങ്കൊച്ചിനെ കാണാനില്ലെന്ന്. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു ട്രിപ്പ് പോയതാണ്. താമസം നാട്ടിന്‍പുറത്തുള്ള ഒരു പഴയ ബംഗ്ലാവിലായിരുന്നെന്ന്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ഒരു ഗ്രൂപ്പായിരുന്നു. അന്ന് രാത്രി ആ ബംഗ്ലാവില്‍ വച്ചാണത്രെ പെണ്‍കുട്ടി മിസ്സിംഗ് ആയത്.’

‘ഓ... അത് ചിലപ്പോള്‍ വല്ലവന്റേം കൂടെ പോയതാവാനേ തരമുള്ളു. ഫാഷന്‍ ഡിസൈനിംഗിനൊക്കെ പഠിക്കുന്ന പെങ്കൊച്ചല്ലേ? വല്ല പ്രേമവും ഒക്കെ ഉണ്ടാവും. അല്ലാതെവിടെപ്പോവാനാ?’

ആ ടോപ്പിക് അവിടെ സ്റ്റോപ്പ് ചെയ്ത് അയാള്‍ നാട്ടിലെ ക്ലബ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റു ചില അപ്രധാന കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് ഫോണ്‍ വെച്ചു.

ദൂരെപഠിക്കാന്‍ വിടുന്ന പെമ്പിള്ളേരെല്ലാം എന്താ ഇങ്ങനെ? കാശും ചെലവാക്കി ഇവരെ പഠിപ്പിക്കാന്‍ വിടുന്ന തന്തയേയും തള്ളയേയും പറ്റിയെങ്കിലും ഓര്‍ക്കണ്ടേ?'

അയാള്‍ ചിന്തിച്ചു. വീട്ടിലുള്ള വികലാംഗയായ പെങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ പരമാരക്ക് നെഞ്ചിലൊരു കനം തോന്നി. അന്ന്​ ഓഫീസില്‍ ചില സുപ്രധാന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ട് അയാള്‍ നേരത്തെ ഓഫീസില്‍ പോവാനുള്ള ഒരുക്കങ്ങളില്‍ മുഴുകി.

കുറച്ച് ദിവസങ്ങളായി ജോലി സംബന്ധമായ നല്ല തിരക്കുകളിലായിരുന്നു നീലകണ്​ഠൻ പരമാര. അവിവാഹിതനായതിനാലും വീട് ദൂരെ ഒരു ഗ്രാമപ്രദേശത്തായിരുന്നതിനാലുമാണ് ചിട്ടിക്കമ്പനിക്കടുത്ത് നഗരത്തില്‍ തന്നെയുള്ള ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഒഴിവുസമയം കിട്ടുമ്പോഴെല്ലാം തനിയെയുള്ള യാത്രകളില്‍ സന്തോഷം കണ്ടെത്തുന്ന സ്വഭാവവും അയാള്‍ക്കു ണ്ട്. ജോലിക്കിടയിലെപ്പോഴോ ഫോണെടുത്ത് നോക്കിയപ്പോഴാണ് യൂണികോണ്‍വെബ് പേജില്‍ നിന്ന് വന്ന ഒരു നോട്ടിഫിക്കേഷന്‍ ശ്രദ്ധിച്ചത്.

വെബ് പേജ് മെമ്പേഴ്‌സിന്റെ ഒരു ഗെറ്റ് ടുഗദര്‍ ചെന്നൈയിലെ ഒരു സ്ഥലത്ത് വച്ച് നടക്കുന്നതായും താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്നുമായിരുന്നു ആ മെസേജ്. ഏതാണ്ട് മൂന്നൂറോളം പേര്‍ ജോയിന്‍ ചെയ്തതായി കണ്ടു. അത്പുതിയ ഒരു അനുഭവമായിരിക്കുമെന്ന് കണ്ട് പരമാര യെസ് എന്നറിയിച്ചു.കാഞ്ചീപുരത്തിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്താണ് ഗെറ്റ് ടുഗദര്‍ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അടുത്ത മാസം അടുത്തടുത്ത ആറ് ദിവസങ്ങളിലായിട്ടാണ് പ്രോഗ്രാം നിശ്ചയിക്കപെട്ടിട്ടുള്ളത്. .അന്ന് കമ്പനിയില്‍ നിന്ന് ലീവെടുത്ത് യാത്ര തിരിക്കാമെന്ന് പരമാര കണക്ക് കൂട്ടി. യാത്രക്ക് മുന്നെ അയാള്‍ക്ക് നാട്ടില്‍ ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരുന്നു. ആ വാരാന്ത്യത്തില്‍ അയാള്‍ വീട്ടിലേക്ക് പോയി.

പണിക്കര് മാഷ്‌ തൊട്ടയല്‍പക്കക്കാരനാണ്. പേരക്കുട്ടി മിസ്സിംഗായ വിവരമറിഞ്ഞിട്ട് കാര്യം തിരക്കാന്‍ പോയില്ലെങ്കില്‍ അത് മോശമാവും എന്നുകരുതി അയാള്‍ മാഷുടെ വീട്ടിലെത്തി.

‘കുട്ടാ.. എന്താ പറയാ... നീ വിവരം അറിഞ്ഞ് വന്നതാണോ? എന്റെ കുട്ടി…’

‘അതെ മാഷെ... അറിഞ്ഞു. പേലീസില്‍ പരാതി കൊടുത്തില്ലേ?എന്തെങ്കിലും തുമ്പുണ്ടാവാതിരിക്കില്ല. മാഷ് സമാധാനമായിരിക്കൂ.’

ഇങ്ങനെ മാഷെ ആശ്വസിപ്പിക്കാന്‍ പറഞ്ഞെങ്കിലും മനസ്സില്‍ ആധിയായിരുന്നു. ഒരു പെണ്‍കുട്ടിയാണ് മിസ്സിംഗ് ആയിട്ടുള്ളത്. എന്തെല്ലാം സാധ്യതകളാണുള്ളത്​. ഒന്നുകില്‍ ആരെയെങ്കിലും പ്രേമിച്ച് ഒളിച്ചോടിയതാവാം. അതുമല്ലെങ്കില്‍ ഏതെങ്കിലും പെണ്‍വാണിഭത്തിന്റെ ഗാങിലുൾപ്പെട്ടതാവാം. ഇനി വല്ല ലവ് ജിഹാദോ അങ്ങനെ വല്ലതും ആവുമോ? ആ സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം ചിന്തകളൊക്കെ മനസ്സില്‍ വന്നെങ്കിലും അത് മറച്ചുവെച്ച് മാഷെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

‘മാഷ് വിഷമിക്കാതിരിക്കൂ. എന്തെങ്കിലും ഒരു വിവരം കിട്ടാതിരിക്കില്ല. നമ്മുടെ പോലീസിലും ക്രൈംബ്രാഞ്ചിലും എല്ലാം മിടുക്കുള്ള ഓഫീസര്‍മാര്‍ഉണ്ടല്ലോ. ഞാന്‍ പിന്നീടൊരിക്കല്‍ വരാം മാഷെ… ഇപ്പോള്‍ ഇറങ്ങട്ടെ.’

നാല്​

ചെന്നൈ റെയില്‍വേ സ്റ്റേഷനിലേക്കാണ് നീലകണ്ഠൻ പരമാര ടിക്കറ്റെടുത്തത്.

പാര്‍ട്ടിയില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ചെന്നൈ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. അങ്ങോട്ടുള്ളതും പാര്‍ട്ടി കഴിഞ്ഞ് തിരിച്ചിങ്ങോട്ടുള്ളതും.

രാത്രിയാണ് ട്രെയിന്‍ സമയം. രാത്രിയാത്രയായതിനാല്‍ യാത്രാക്ഷീണം കാണില്ലല്ലോ എന്നയാള്‍ ചിന്തിച്ചു. മിഡില്‍ ബര്‍ത്തായിരുന്നു ലഭിച്ചത്. ബര്‍ത്തില്‍ കയറിക്കിടന്ന നീലകണ്​ഠൻ പരമാര ഒരു സെല്‍ഫിയെടുത്ത് ‘ടു ചെന്നൈ’ എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. പിന്നെ ചില കൂട്ടുകാര്‍ക്കും ഫോട്ടോകള്‍ അയച്ചുകൊടുത്തു. കുറെസമയം ഫോണില്‍ ചെലവഴിച്ചു. ഉറക്കം വന്നപ്പോള്‍ ബാഗ് സൈഡില്‍ വച്ച് കണ്ണടച്ചു കിടന്നു. ട്രെയിനിന്റെ തൊട്ടിലാട്ടുന്ന താളത്തില്‍ കണ്ണുകള്‍ ഉറക്കത്തിലേക്കാഴ്ന്നു. ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്നു. ബാഗ് വെച്ച സ്ഥലത്ത് തന്നെയല്ലേ എന്ന് തപ്പി നോക്കി. വെറുതെ താഴെയുള്ള ബര്‍ത്തിലേക്ക് ഒന്നെത്തി നോക്കി. അതൊഴിഞ്ഞുകിടക്കുകയായിരുന്നു. ഒന്നുരണ്ട് ബാഗുകള്‍ അവിടെയുണ്ട്. ലേഡീസ് ബാഗും ഉണ്ട്. ആളുണ്ടായിരിക്കും വല്ല ടോയ് ലറ്റിലോ മറ്റോ പോയതായിരിക്കും എന്ന് ചിന്തിച്ചു. വെറുതെ കണ്ണടച്ചു കിടന്നു. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടും താഴെ ബര്‍ത്തിലുള്ള യാത്രക്കാരിയോ യാത്രക്കാരനോ ഇനിയും തിരിച്ചെത്തിയില്ലല്ലോ എന്ന് ചിന്തിച്ചു. അയാള്‍ ബര്‍ത്തില്‍ നിന്ന് താഴെ ഇറങ്ങി ടോയ് ലറ്റിന് നേരെ നടന്നു.അവിടെയെങ്ങും ആരെയും കണ്ടില്ല. അല്പസമയം ഡോറിന് സമീപം നിന്നു. ട്രെയിന്‍ ഇപ്പോള്‍ ഏതോ ഗ്രാമപ്രദേശത്തു കൂടിയാണ് പോവുന്നത്. കരിമ്പു പാടങ്ങളാണെന്ന് തോന്നുന്നു. ഇടക്കിടെ ചില ചെറിയ കുടിലുകളും കാണുന്നുണ്ട്. കുറെ ദൂരെയെവിടെ നിന്നോ പന്നികളെയും കാട്ടുമൃഗങ്ങളെയും തുരത്താനുള്ള പടക്കങ്ങള്‍ തുടരെത്തുടരെയായി പൊട്ടുന്ന ഒച്ച കേള്‍ക്കുന്നുണ്ട്.

ടോയ്ലറ്റിന്റെ വാതില്‍ തുറക്കുന്ന ഒച്ച കേട്ടപ്പോള്‍ നീലകണ്​ഠൻ പരമാര അങ്ങോട്ടുനോക്കി. നീല ജീന്‍സും വെള്ള ടോപ്പും ധരിച്ച ഒരു മെലിഞ്ഞ പെണ്‍കുട്ടിയും ഒരു തടിച്ച ഉയരം കുറഞ്ഞ ഒരു മധ്യവയസ്‌കനും ഇറങ്ങിവന്ന് ബോഗിക്കുള്ളിലേക്ക് പോയി. അയാള്‍ അല്പസമയം കൂടി അവിടെ നിന്നതിനുശേഷം സ്വന്തം ബര്‍ത്തിലേക്ക് പോയി. അപ്പോഴാണ് ലോവര്‍ ബര്‍ത്തിലിരിക്കുന്നയാളെ ശ്രദ്ധിക്കുന്നത്.

അത് ആ പെണ്‍കുട്ടിയായിരുന്നു. ഒരു നിര്‍വ്വികാരതയായിരുന്നു ആ കുട്ടിയുടെ മുഖത്ത് നിഴലിച്ചിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധയില്‍ പെട്ടു. നീലകണ്​ഠൻ പരമാര ആ പെണ്‍കുട്ടിയുടെ കഴുത്തിന് താഴെ വലതുഭാഗത്ത് പച്ചകുത്തിയ തേളിന്റെ രൂപം കണ്ടു. അയാള്‍ വീണ്ടും ബര്‍ത്തില്‍ കയറിക്കിടന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ട്രെയിന്‍ ചെന്നൈ സ്റ്റേഷനില്‍ എത്തിയെന്ന അറിയിപ്പ് കേട്ടു.

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അല്പം ദൂരം നടന്നാല്‍ ലോക്കല്‍ ട്രെയിനുകള്‍ ലഭിക്കുന്ന ഒരു സ്റ്റേഷനില്‍ എത്താം. അവിടെ നിന്ന് ഒരു ലോക്കല്‍ ട്രെയിന്‍ പിടിച്ച് കാഞ്ചീപുരത്തെത്തി. അവിടെ നിന്ന് ടാക്‌സി വിളിച്ച് നിശ്ചയിക്കപ്പെട്ട പ്രകാരം നിഗം പാക്കം എന്ന ഗ്രാമപ്രദേശത്ത് എത്തി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ കാടാണ്. കാട്ടിനുള്ളിലാണ് ബംഗ്ലാവ്. പ്രകൃതി മനോഹരമായ സ്ഥലം. ഗ്രാമാതിര്‍ത്തിയില്‍ നിന്ന് ആളുകളെ കൊണ്ടുപോവാന്‍ പ്രത്യേകം ട്രക്കുകളുണ്ടായിരുന്നു. ഒരു ട്രക്കില്‍ കയറിയിരുന്നു. പരിചയക്കാരൊന്നും ഇല്ല. ഭാഗ്യം. പരിചയക്കാരുണ്ടെങ്കില്‍ യാത്ര ബോറാണ്. കൂട്ടത്തില്‍ മലയാളി എന്ന് തോന്നിക്കുന്ന ഒരുവനെ കണ്ടു. സംസാരിക്കാനൊന്നും പോയില്ല. യാത്രകളില്‍അധികം ആരോടും പരിചയം കാണിക്കാത്തതാണ് നല്ലത്.

പ്രശാന്തസുന്ദരമായ കാടിന് നടുവില്‍ ഒരു ടൂറിസ്റ്റ് ബംഗ്ലാവ്. പഴയ കാല പ്രൗഢി വിളിച്ചോതുന്ന കല്‍പ്പടവുകള്‍. കല്‍പ്പടവുകള്‍ ചെന്നെത്തുന്നത് വനാന്തരങ്ങളിലേക്കാണെന്ന് തോന്നുന്നു. പകല്‍ മുഴുവന്‍ അവിടെയെല്ലാം ചുറ്റി നടന്നുകണ്ടു. പല നാട്ടില്‍ നിന്നുള്ള ആളുകള്‍ കൂട്ടമായും ഒറ്റക്കും അതിലെയെല്ലാം ചുറ്റിക്കറങ്ങുന്നുണ്ട്. പലരുടെയും തോളില്‍ ക്യാമറയും ഉണ്ട്. പരമാരയുടെ കയ്യില്‍ ക്യാമറ ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണുപയോഗിച്ച് എടുത്ത ചില ഫോട്ടോകള്‍ സുഹൃത്തായ ഡൊമിനിക്കിന് വാട്‌സാപ്പില്‍ അയച്ചു കൊണ്ടിരുന്നു. അടുത്ത കാലത്താണ് പരമാര സ്മാർട്ട്​ ഫോണുപയോഗിച്ച് ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ഫോര്‍വേഡ് ചെയ്യാനുമൊക്കെ പഠിച്ചത്. കല്‍പടവുകളിലൂടെ താഴെയിറങ്ങി കുറച്ച് സമയം അവിടെയിരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥ. നിബിഢവനമാണ് മുന്നിലുള്ളത്.ദൂരെ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്. ഒന്നും വ്യക്തമായി മനസ്സിലാവുന്നില്ല.

‘എന്താണിവിടെ ഇരിക്കുന്നത്​?’, മനോഹരമായ ഒരു സ്വരം.

തിരിഞ്ഞുനോക്കി. പ്രകൃതി അയ്യങ്കാരാണ്. ഗ്രൂപ്പ് ഐക്കണില്‍ കണ്ട ഫോട്ടോയുമായി നല്ല സാമ്യമുണ്ട് നേരില്‍ കാണുമ്പോള്‍. ആദ്യമായാണ് വന്നിട്ട് അവരെ കാന്നുന്നത്. നല്ല ഉയരമുള്ള മെലിഞ്ഞ് വെളുത്ത ശരീരം. ഏതോ വില കൂടിയ സാരിയാണ് വേഷം. ഇവിടെ വന്നിട്ടുള്ള ഓരോരുത്തരെയും അവര്‍ സമഗ്രമായി തന്നെ വീക്ഷിക്കുന്നുണ്ട് എന്ന് തോന്നി.

‘ഇവിടെ അധിക സമയം ഇരിക്കരുത്. ഇത് കൊടും കാടിന് സമീപമുള്ള ഒരു സ്ഥലമാണ്. ചിലപ്പോള്‍ വന്യജീവികളുടെ ആക്രമണം ഉണ്ടായേക്കും. നിങ്ങള്‍ക്കനുവദിച്ച മുറിയില്‍ പോയി വിശ്രമിച്ചോളൂ.’

പരമാര എഴുന്നേറ്റപ്പോള്‍ കല്‍പ്പടവില്‍ തട്ടി വീഴാന്‍ പോയി. പെട്ടെന്ന് പ്രകൃതി ഇരുകൈ കൊണ്ടും അയാളെ താങ്ങി. ആ കൈ കളുടെ മൃദുലതയാലും അവര്‍ അടുത്തുവന്നപ്പോഴുള്ള മനം മയക്കുന്ന ഗന്ധത്താലും പരമാര വല്ലാതെ വശംകെട്ടു. അയാള്‍ ഒരു ചിരിയോടെ പറഞ്ഞു, ‘അയ്യോ, സോറി, പെട്ടെന്നെണീറ്റപ്പോള്‍... ’

‘ഓ, ഇറ്റ് ഈസ് ഓകെ… നിങ്ങളുടെ ശരീരം എത്ര കരുത്താര്‍ന്നതാണ്. ചില രജപുത്ര രാജാക്കന്മാരുടെത് പോലെ.’

പ്രകൃതി അയ്യങ്കാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഇതെന്താണ് നിങ്ങളുടെ കയ്യില്‍ ഒരു ലോഹ വളയം?’

‘ഓ, അത് ഞങ്ങളുടെ തലമുറയിലെ ആണുങ്ങള്‍ കൈമാറി വരുന്ന മന്ത്രങ്ങള്‍ ആവാഹിച്ച ഒരു തകിടാണ്. ഇത് ഊരിമാറ്റാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞ് അധികം സംസാരിക്കാന്‍ നില്‍ക്കാതെ വളരെ സ്വതസ്സിദ്ധമായ ചിരിയോടെ അയാള്‍ തിരിച്ച് മുറിയിലെത്തി.

എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി ക്രമീകരിച്ച ഒരു ഡബിള്‍ സ്യൂട്ട് റൂമായിരുന്നു അത്. പ്രകൃതി അയ്യങ്കാരുടെ കൂര്‍മദൃഷ്ടികള്‍ എല്ലായിടത്തും എത്തുന്നതുകൊണ്ട് ഒരു സി സി ക്യാമറ ഈ റൂമിലും കാണുമെന്നയാള്‍ ഉറപ്പിച്ചു. ഉച്ചഭക്ഷണത്തിന് സമയമായപ്പോള്‍ താഴെ ലോഞ്ചില്‍ ചെന്നു. ബൊഫെ സമ്പ്രദായത്തിലുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണമേളയാണോ എന്ന് തോന്നുന്ന തരത്തിലുള്ള സംവിധാനമായിരുന്നു. നോണ്‍ വെജിറ്റേറിയന്റെയും വെജിറ്റേറിയന്റെയും വെവ്വേറെ ഓരോ സെക്ഷനുകള്‍. പരമാര വെജിറ്റേറിയന്‍ ഫുഡാണ് തെരഞ്ഞെടുത്തത്. കടായ് പനീര്‍, ആലു ടിക്ക, നാന്‍, രാജ്മാ ചാവല്‍, ആലു മടര്‍, ബ്രഡ് പക്കോറ, മിക്‌സ്ഡ് വെജ് പറാത്ത, ദഹി വട, ആല്‍മണ്ട് ബര്‍ഫി തുടങ്ങി പേരറിയാത്ത ധാരാളം മറ്റു വിഭവങ്ങളും ടേബിളില്‍ നിരത്തിവച്ചിരിക്കുന്നു. ഒരു ഭാഗത്ത് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഫോര്‍ക്കുകളും സ്പൂണുകളും അടുക്കിവച്ചിരിക്കുന്നു. പരമാര ഒരു പ്ലേറ്റെടുത്ത് ഒരു മിക്‌സ്ഡ് വെജ് പറാത്തയും അല്പം രാജ്മാ ചാവലും കടായ്​ പനീറും എടുത്ത് സ്പൂണും ഫോര്‍ക്കുമുപയോഗിച്ച് കുറെശ്ശെ കഴിക്കാന്‍ തുടങ്ങി. അയാള്‍ ചുറ്റും ഒന്ന് നോക്കി. വലിയ ലോഞ്ചാണ്. ധാരാളം അലങ്കാര ചെടികളും അലങ്കാര മത്സ്യങ്ങള്‍ നിറഞ്ഞ അക്വേറിയവും ആയി മനോഹരമായിരുന്നു അവിടം. ഓരോ ടേബിളിലും ഒറ്റക്കും പെയറായിട്ടും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ആരും പരസ്പരം പരിചയപ്പെടുന്നതായോ സംസാരിക്കുന്നതായോ കണ്ടില്ല. ഇതെന്താ ഒരു ഗെറ്റ് ടുഗദറായിട്ടും ഇങ്ങനെയെല്ലാമെന്നയാള്‍ ശങ്കിച്ചു.

ചുറ്റും കണ്ണോടിക്കവേ തൊട്ടുമുന്നിലെ ടേബിളില്‍ തനിക്കഭിമുഖമായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരനെ പരമാര ശ്രദ്ധിക്കുന്നത്. കറുത്ത നീളന്‍ കോട്ടും പാന്റും ധരിച്ച കൊലുന്നനെയുള്ള ഒരാള്‍. ശാന്തനായി വളരെ സൂക്ഷ്മതയോടെയാണയാള്‍ ഭക്ഷണം കഴിക്കുന്നത്. ആരുടെയും മുഖത്ത് നോക്കുന്നില്ല. അയാള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒന്ന് പരിചയപ്പെടാമെന്ന് കരുതി ഒരു പുഞ്ചിരി മുഖത്ത് വരുത്തി. അയാള്‍ പെട്ടെന്ന് തന്നെ തലതാഴ്ത്തി ഭക്ഷണം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയി.

പരമാര സാവധാനം ഭക്ഷണം കഴിച്ച് വാഷ് ചെയ്ത് റൂമിലെത്തി അല്പനേരം കിടന്നു. നല്ല പതുപതുത്ത സ്പ്രിംഗ് മാട്രെസ്. കിടന്നതേ അറിഞ്ഞുള്ളൂ. യാത്രാ ക്ഷീണം കാരണം അയാള്‍ നന്നായൊന്ന് ഉറങ്ങി.

(തുടരും)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments