ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

കരിന്തേൾ

അധ്യായം ഏഴ്

രാവിലെ ദിനചര്യ കഴിഞ്ഞ് താഴെ ലോഞ്ചിലെത്തിയപ്പോൾ വലിയ ആൾത്തിരക്കൊന്നും അനുഭവപ്പെട്ടില്ല. എല്ലാവരും സ്വന്തം റൂമുകളിലാണെന്ന് തോന്നുന്നു. തലേ ദിവസം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായോ എന്നൊന്നും  അറിഞ്ഞില്ല. എങ്കിലും രാവിലെ ഒരു പത്ത് മണിയായപ്പോൾ അയാൾ പ്രകൃതി അയ്യങ്കാരുടെ റൂമിലെത്തി. എന്തായിരിക്കും വരാൻ പറഞ്ഞതിൻ്റെ ഉദ്ദേശ്യമെന്ന് പരമാരക്ക് ഒരു തിട്ടവും ഉണ്ടായിരുന്നില്ല.

വാതിൽ തുറന്നത് അവർ തന്നെയാണ്. ആകാശനീല നിറത്തിലുള്ള ഒരു നൈറ്റ് ഗൗണായിരുന്നു വേഷം. കണ്ണുകളിൽ ക്രിസ്റ്റൽ നീല നിറം. അത് ഐ ലെൻസായിരിക്കുമെന്ന് അയാൾക്ക് തോന്നി.

‘‘ഇരിക്കൂ. നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം. ഹോട്ട് ഡ്രിംങ്ക്സാണോ കോൾഡാണോ ഫേവറൈറ്റ്? നല്ല തണുത്ത മുന്തിരി വൈൻ എടുക്കട്ടെ? നിങ്ങളെ കണ്ടിട്ട് ഹോട്ട് കഴിക്കാറില്ല എന്ന് തോന്നുന്നു.’’ 

"ഉവ്വ്.. മാം. ഞാൻ ഹോട്ട് കഴിക്കാറില്ല. വൈൻ എടുത്തോളൂ. എന്തിനാണ് കാണണം എന്ന് പറഞ്ഞത്? എനിക്കല്പം തിരക്കുണ്ടായിരുന്നു." 

‘‘പറയാം. നിങ്ങൾ തിരക്ക് കൂട്ടാതിരിക്കൂ."

അവർ എഴുന്നേറ്റു. യവനസുന്ദരിമാരെ തോൽപ്പിക്കുന്ന സൗന്ദര്യം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അയാളത് നേരിൽ കാണുകയായിരുന്നു.

ഒരു വലിയ വീടുപോലെ തന്നെയായിരുന്നു ഉൾവശം. വലിയൊരു സ്വീകരണമുറി. അതിൻ്റെ വലതുഭാഗത്തായി ചില്ലുകൊട്ടാരത്തിനുള്ളിൽ ധാരാളം അലങ്കാര മത്സ്യങ്ങൾ. വർണ്ണാഭമായ സൗന്ദര്യം പ്രകൃതി വാരി വിതറിക്കൊടുത്തിട്ടുണ്ടെങ്കിലും ചില്ലുകൊട്ടാരത്തിനുള്ളിൽ അവയുടെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് പരമാര ചിന്തിച്ചു.

പ്രകൃതി അയ്യങ്കാർ ഒരു ക്രിസ്റ്റൽ കളർ വൈൻ ഗ്ലാസിൽ നല്ല റെഡ് വൈൻ കൊണ്ടുവന്ന് മുന്നിലെ ടീപ്പോയിൽ വച്ചു. ഒരു സ്കൈ വോഡ്ക ബോട്ടിലും കൂടെ കൊറിക്കാൻ കുറച്ച് നട്ട്സും.
‘കഴിക്കൂ.’
അവർ വൈൻ ഗ്ലാസ് എടുത്ത് നീട്ടി.
‘ഇതെനിക്കുള്ളതാണ്.’
അവർ സ്‌കെ വോഡ്കാ ബോട്ടിൽ എടുത്ത് ചുംബിച്ചു.
പരമാര കൈ നീട്ടി വൈൻ ഗ്ലാസ് വാങ്ങി. ഒരു സിപ് കുടിച്ചു. ഒരു ബദാം എടുത്ത് വായിലിട്ടു.

പ്രകൃതി അയ്യങ്കാർ വോഡ്ക ഒരു ഗ്ലാസിലൊഴിച്ച് പകുതിയോളം ഒറ്റ വലിക്ക് കുടിച്ചു. അതിനുശേഷം നീല നിറത്തിലുള്ള എന്തോ ഒരു സാധനം വായിലേക്ക് വച്ചു. അതെന്തായിരിക്കുമെന്ന് പരമാര അത്ഭുതത്തോടെ ചിന്തിച്ചു.
പ്രകൃതി അയ്യങ്കാർ ഒരു വല്ലാത്ത ചിരി ചിരിച്ചു.
 "എനിക്ക് ഒറ്റ വലിക്ക് കുടിക്കാനാ താൽപര്യം. എന്തും ഒറ്റ സിപ്പിൽ ആസ്വദിക്കണം."

‘‘എന്തിനാണ് മാഡം, എന്നെ വരാൻ പറഞ്ഞത്?"
ഒരു വല്ലാത്ത ആവേശം വന്നത് പോലെയായിരുന്നു പിന്നീടവരുടെ സംസാരം.
"വെയിറ്റ്... പറയാം. നിങ്ങളുടെ പേര് നീലകണ്​ഠൻ പരമാര എന്നല്ലേ? ഈ പരമാര എന്ന ഭാഗം നിങ്ങളുടെ കുടുംബപ്പേരോ മറ്റോ ആണോ? ലിസ്റ്റിൽ നിങ്ങളുടെ പേര് കണ്ടപ്പോഴേ എനിക്ക് ഒരു വറൈറ്റി തോന്നിയിരുന്നു. ഇങ്ങനെയൊരു രാജകുടുംബത്തെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. നിങ്ങൾ ആ വിഭാഗത്തിൽ പെട്ടയാളാണോ?"
അതെ. മാം… പരമാര ഒരു രജപുത്ര രാജവംശമായിരുന്നു. ഒമ്പതും പതിനാലും നൂറ്റാണ്ടുകളിൽ മാൾവയും പരിസര പ്രദേശങ്ങളും ഭരിച്ചിരുന്ന രാജവംശം. പരമാര രാജവംശത്തിനു കീഴിൽ മാൾവക്ക് വലിയ തരത്തിലുള്ള രാഷ്ട്രിയ സാംസ്കാരികയശസ്സ് ഉണ്ടായിരുന്നു. പരമാര രാജാക്കന്മാരിൽ അധികവും ശൈവന്മാരായിരുന്നു. പത്താം നൂറ്റാണ്ടിലെ ഭരണാധികാരിയായ സിയാക്ക നൽകിയ ഏറ്റവും പുരാതനമായ പരമാര ലിഖിതങ്ങൾ ഗുജറാത്തിൽ നിന്ന് കണ്ടെത്തിയതിൻ്റെ ചരിത്രമുണ്ട്. ഇന്നത്തെ മധ്യപ്രദേശിലെ മാൾവ പ്രദേശം പ്രധാന പരമാര പ്രദേശമായിരുന്നു. ഇന്നത്തെ ധാർ ആയിരുന്നു അവരുടെ തലസ്ഥാനം. പരമാരയുടെ കീഴിൽ മാൾവക്ക് വലിയ തലത്തിലുള്ള രാഷ്ട്രീയ സാംസ്കാരിക യശസ്സ് കൈവന്നിരുന്നു. അറിയപ്പെടുന്ന അവസാനത്തെ പരമാര രാജാവായ മഹാദേവ അലാവുദ്ദീൻ ഖിൽജിയാൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം ഏതാനും വർഷങ്ങൾകൂടി പരമാര ഭരണം തുടർന്നിരുന്നു. അദ്ദേഹത്തിൻ്റെ പിൻതുടർച്ചക്കാർ ചിലർ തിരുവിതാംകൂറിൽ വന്ന് താമസിച്ചിരുന്നു. ആ വംശത്തിൽ പെട്ടയാളാണത്രെ എൻ്റെ മുത്തച്ഛൻ. അങ്ങനെയാണത്രെ ഈ കുടുംബപ്പേര് വന്നത്.’’, പരമാര പറഞ്ഞുനിർത്തി. 

പ്രകൃതി അയ്യങ്കാർ അപ്പോഴേക്ക് ഒരു ബോട്ടിൽ വോഡ്ക കഴിച്ചു തീർത്തിരുന്നു.അവർ എഴുന്നേറ്റ് നിന്നു. മദ്യം നന്നായി തലക്കു പിടിച്ചിട്ടുണ്ട്.
‘‘ഹ ഹ… അപ്പോൾ നിങ്ങൾ ചക്രവർത്തിയാണല്ലോ... അങ്ങനെയെങ്കിൽ ഞാൻ ചക്രവർത്തിനി. വാ, നമുക്ക് നൃത്തം ചെയ്യാം... ’’ 

അവർ എഴുന്നേറ്റുനിന്ന് പരമാരയുടെ അരയിലൂടെ കൈയിട്ട് ദേഹത്തേക്ക് ചേർത്ത് പിടിച്ചു. ചന്ദനത്തിൻ്റെയും വിയർപ്പിൻ്റെയും മദ്യത്തിൻ്റെയും ഗന്ധം അയാളുടെ മൂക്കിൽ തുളച്ച് കയറി. അവരുടെ കൂടെ  അല്പസമയം സ്റ്റെപ്പുകൾ വെച്ചു.
മദ്യം നന്നായി തലക്കുപിടിച്ച പ്രകൃതി അയ്യങ്കാർ ദേഹത്തുനിന്ന് ആകാശനീല നിറത്തിലുള്ള ഗൗൺ ഊരി വലിച്ചെറിഞ്ഞു. അവരുടെ അഴകളവുകൾ കണ്ട് പരമാരയുടെ കണ്ണുകൾ തള്ളിപ്പോയി. കൈകളിലും വലത്തേ മുലയിലും പൊക്കിളിനു താഴെ ഭാഗത്തും കറുത്ത തേളിനെ പച്ചകുത്തിയിരിക്കുന്നു. അറിയാതെ മനോഹരമായ ആ അടയാളങ്ങളിലൂടെ അയാൾ കൈ ഓടിച്ചു.  അപരിചിതമായിരുന്ന ചില ഗന്ധങ്ങളെ അയാളുടെ നാസാരാന്ധ്രങ്ങൾ തേടാൻ തുടങ്ങിയിരുന്നു. അതിനിടെ പരമാരയു ടെ കയ്യിലണിഞ്ഞ പരമ്പരാഗതമായ ലോഹവളയം കൊളുത്തഴിഞ്ഞ് ഊരി വീണു. പ്രകൃതി അയ്യങ്കാരുടെ മുടിയിഴകളിൽ നിന്ന് ഏതോ വിദേശ ബ്രാൻഡുള്ള ഷാംപൂവിൻ്റെ മണം പ്രസരിക്കുന്നുണ്ടായിരുന്നു. അതയാൾ ആർത്തിയോടെ വലിച്ചെടുത്തു. ശരീരത്തിൽ പുരട്ടിയ ബോഡിലോഷൻ്റെയും വിയർപ്പിൻ്റെയും കൂടിക്കുഴഞ്ഞ മണം അയാളെ ഉണർച്ചയുടെ കൊടുമുടിയിലേക്കെത്തിച്ചു.

ആ സമയത്ത് അവളിൽ നിന്ന് ആഗ്രഹിച്ചത് അയാൾക്ക് കിട്ടി. ഒരു മിനിട്ടോളം നീണ്ടു നിന്ന ചുംബനം. ഉമിനീരുകൾ പരസ്പരം കലർന്നതിൻ്റെ മധുരം. അയാൾ ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത താഴ്​വാരങ്ങളിലൂടെയും പർവ്വത മുനമ്പുകളിലൂടെയും പീഠഭൂമികളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയും കിതച്ചുകൊണ്ട് പാഞ്ഞു. നാക്കിൽ ഉപ്പുരസത്തിൻ്റെ കുമിളകൾ പൊട്ടിയ ലിഞ്ഞ് ചേർന്നു. ദാഹത്താലും വിശപ്പാലും വലഞ്ഞ് പോയിരുന്ന പരമാര ആവോളം ആർത്തിയോടെ കോരിയും കുടിച്ചും കഴിച്ചും ഉന്മത്തനായി. നീലച്ചിറകുള്ള കുതിരപ്പുറത്തേറി… സ്വർഗ്ഗീയാനന്ദത്തിൻ്റെ കൊടുമുടിയിലേക്കാരോ വഹിച്ച് കൊണ്ടുപോവുന്നതുപോലെ അയാൾക്കനുഭപ്പെട്ടു.

പെട്ടെന്ന് നിറഞ്ഞ് നുരഞ്ഞ് പതഞ്ഞ ചഷകം പൊട്ടിപ്പരന്നു. ഒരേ ആവൃത്തിയിലുള്ള രണ്ടു കമ്പനങ്ങൾ അനുനാദപ്പെട്ടപ്പോൾ ഏതു പുരുഷനെയും ഉണർത്താനും ലക്ഷ്യസ്ഥാനത്തെത്തിക്കാനുമുള്ള കഴിവ് അവളുടെ കരിന്തേളിനെ വരച്ചുവച്ച നാഭീതടത്തിനുണ്ടെന്ന് അയാൾക്ക് മനസ്സിലായി. ബ്രഹ്മചാരിയായിരുന്ന നീലകണ്​ഠൻ പരമാര, അവളുടെ പതിയെ തുടങ്ങി വേഗത കൂടിയ ഓട്ടത്തിൻ്റെ അവസാനം സ്വർണ മെഡൽ തന്നെ ലഭിച്ച ക്ഷീണത്തിൽ തളർന്നു കിടന്നു.

‘‘എന്നെ ദ്രോഹിച്ചതും അപമാനിച്ചതും പുരുഷന്മാരാണ്. വെറുപ്പാണവരോടെനിക്ക്. പക്ഷേ എനിക്ക് പുരുഷന്മാരോട് ബഹുമാനവുമുണ്ട്. നിന്നെപ്പോലെ പെണ്ണ് തൊട്ടശുദ്ധമാക്കാത്ത ബലിഷ്ഠകരങ്ങളുള്ള ശക്തനായ പുരുഷനോട്. സത്യം പറഞ്ഞാൽ നിന്നിൽ നിന്നാണ് ഞാൻ ശക്തനായ മാൾവ ചക്രവർത്തിമാരുടെ കരുത്തറിഞ്ഞത്. ഒത്തൊരു യോദ്ധാവാണ് നീ. അവനാണെൻ്റെ ശത്രു. അമർ. അവനെ കൊന്നത് പോലെ എല്ലാ വന്മാരെയും കൊല്ലും ഞാൻ…’’

പ്രകൃതി അയ്യങ്കാർ ബോധമില്ലാതെ എന്തൊക്കെയോ പുലമ്പുകയാണെന്ന് തോന്നി. അതോ അവർക്ക് തന്നോട് ഇനിയും എന്തൊക്കെയോ പറയാനുണ്ടോ? പരമാര അവളെ ദേഹത്ത് നിന്നടർത്തിമാറ്റി എഴുന്നേറ്റ് വസ്ത്രങ്ങൾ ധരിച്ച് പെട്ടെന്ന് വാതിൽ തുറന്ന് സ്വന്തം റൂമിലേക്ക് പോയി. അന്ന് മുഴുവൻ കുറ്റബോധം കൊണ്ടോ പ്രകൃതി അയ്യങ്കാരെ അഭിമുഖീകരിക്കാനുള്ള നാണക്കേടുകൊണ്ടോ അയാൾ മുറിക്ക് പുറത്തിറങ്ങിയില്ല.

അധ്യായം: എട്ട്

പിറ്റേന്നത്തെ പകൽ പരമാരക്ക് ചില സുഹൃത്തുക്കളെ കാണാനും  അവരുടെ നിർബന്ധത്താൽ പുതിയതായി തുടങ്ങാൻ പോകുന്ന ചില ബിസിനസ്​ കാര്യങ്ങൾ ചർച്ച ചെയ്യാനും ഉണ്ടായിരുന്നു.

തമിഴ്നാടിൻ്റെ ഉൾഗ്രാമങ്ങളിലെ ചില ഗോത്രവർഗ്ഗക്കാരുടെ കുടിൽവ്യവസായം ജനശ്രദ്ധയിലേക്കെത്തിക്കാനും അവരുടെ ഉൽപന്നങ്ങൾ ലാഭത്തോടെ വിറ്റഴിക്കാനുമുള്ള മേഖലകൾ സൃഷ്ടിച്ചു കൊടുക്കുക എന്നുമുള്ള ലക്ഷ്യമായിരുന്നു ആ കൂട്ടുകെട്ടിന് ഉണ്ടായിരുന്നത്. ആ ലക്ഷ്യത്തോടെ അന്നവർക്ക് ചില ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവന്നു. ബിസിനസ്​ കാര്യങ്ങളിൽ വലിയ സമർത്ഥനൊന്നുമല്ലാത്ത പരമാരക്ക് മറ്റു കുട്ടുകാരെ സഹായിക്കുക എന്നതിലുപരി യാത്രകളിലുള്ള താൽപര്യമായിരുന്നു ഇങ്ങനെയൊരു സംരംഭത്തിൽ പങ്കാളിയാവാൻ കാരണം. യാത്രക്കിടയിൽ വിവിധ ഉൾനാടൻ ഭക്ഷണ രീതികൾ മനസ്സിലാക്കാനും ഭക്ഷിക്കാനും പരമാരക്ക് ഇഷ്ടമായിരുന്നു.

കാട്ടുപാതയിലൂടെ ഏകദേശം പതിനെട്ടോളം കിലോമീറ്റർ സഞ്ചരിച്ചാണ് ആ ഗ്രാമത്തിലെത്തിയത്. വളരെ പ്രാകൃത രീതിയിലുള്ള ഒരുൾനാടൻ ഗ്രാമം. ആണുങ്ങൾ ഒറ്റമുണ്ട് മാത്രം ധരിച്ചവരാണ്. പെണ്ണുങ്ങൾ ഒറ്റമുണ്ടുടുത്ത് മറ്റൊരു മുണ്ട് കൊണ്ട് മാറിടവും മറച്ചിരിക്കുന്നു.

അവിടവിടെയായി ചെറിയ ചില ഭക്ഷണശാലകൾ ഉണ്ട്.  ഈ പ്രദേശവാസികളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് സംസ്കരിച്ച് പുതിയ ഉല്പന്നങ്ങളാക്കി വൻകിട മാർക്കറ്റുകളിൽ വിറ്റഴിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ഉദ്ദേശ്യമെന്ന് കൂട്ടുകാരിൽ നിന്ന് പരമാര മനസ്സിലാക്കിയിരുന്നു. കൂട്ടുകാർ വരുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഒരു പഴയ ബംഗ്ലാവിലാണ് അന്നും അവർ തങ്ങിയത്. വനവിഭവങ്ങൾ അന്ന് രാത്രിയോടെ ബംഗ്ലാവിനടുത്ത് സ്ഥിരം ജോലി ചെയ്യുന്ന തമിഴന്മാർ എത്തിക്കും. രാത്രി  അവിടെ തങ്ങി പിറ്റേന്ന് രാവിലെ ചരക്ക് ട്രക്കുകളിൽ കയറ്റി ഫാക്ടറികളിൽ എത്തിക്കും. ഇതാണ് സാധാരണയായി ചെയ്യാറുള്ളത്. 

പരമാരക്ക് ഇതെല്ലാം വളരെ വിചിത്രവും പുതിയതുമായ അനുഭവങ്ങൾ ആയിരുന്നു. ആദ്യം അയാൾ കരുതിയത് അവിടെ അവർ മാത്രമേ ഉള്ളൂ, മറ്റാരും ഉണ്ടാവില്ല എന്നാണ്. പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നു നൽകാൻ വന്ന ഒരുത്തനെ പരമാര കണ്ടപ്പോഴാണ്  ധാരണ തെറ്റായിരുന്നെന്ന്  മനസ്സിലായത്. അന്ന് ഡിന്നറിന് പല വിധത്തിലുള്ള മാംസ വിഭവങ്ങളും കാട്ടു തേനും മഹുവ എന്ന് പേരുള്ള ഒരു നാടൻ ചാരായവും ഉണ്ടായിരുന്നു.

മഹുവമരത്തിൻ്റെ മധുരമുള്ള പൂക്കളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു തരം ഡ്രിങ്കാണത്രെ അത്. വടക്കെ ഇന്ത്യയിൽ ഈ മരത്തിൻ്റെ ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണിത് പൂക്കുന്നത്. തമിഴ്നാട്ടുകാർ ഈ മരത്തെ ഇലുപ്പൈ മരം എന്നും തെലുങ്കിൽ ഇപ്പാച്ചെട്ടു എന്നുമാണ് പറയുന്നത്. ട്രൈബ്രൽ സെലിബ്രേഷന് ഈ പാനീയം നിർബ്ബന്ധമായ ഒന്നാണത്രെ.ഭക്ഷണം ഏർപ്പാടാക്കിക്കൊടുത്തയാളാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

അതുകേട്ട് ചിരിച്ചുകൊണ്ട് പരമാര പാനീയത്തിൻ്റെ മൺകുടം ചരിച്ച് അല്പം ഒരു മൺപാത്രത്തിലെടുത്ത് രുചിച്ച് നോക്കി. ഏതൊക്കെയോ പൂക്കളുടെ ഗന്ധവും ഒരുതരം പ്രത്യേക രുചിയും അനുഭവപ്പെട്ടു. പല തരത്തിലുള്ള ഇറച്ചിവരട്ടുകൾ മറ്റു ചില മൺപ്ലേറ്റുകളിൽ നിരത്തി വച്ചിരിക്കുന്നു. പ്ലേറ്റുകളിൽ മണ്ണുകൊണ്ട് തന്നെ ചില അലങ്കാരപ്പണികളും ഉണ്ട്. നല്ല ബ്രൗൺ നിറത്തിൽ മൊരിച്ച് ഫ്രൈ ചെയ്ത് വെച്ചിരിക്കുന്ന ഇറച്ചി ഒരു പീസെടുത്ത് പരമാര വായിലിട്ടു. അസാധ്യ രുചി. കൂടെ മഹുവയും കൂടിയായപ്പോൾ വല്ലാത്തൊരു കോമ്പോ. പരമാരനല്ല മൂഡിലായി. കൂടെയുള്ളവരും നന്നായി കഴിച്ചു, കുടിച്ചു. കുറെ കഴിച്ചു കഴിഞ്ഞപ്പോൾ പരമാരക്ക് മൂത്രശങ്ക വന്നു. ബo ഗ്ലാവിനുള്ളിൽ ടോയ്ലറ്റും സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും പരമാരക്ക് വെള്ളമടിച്ചാൽ ഓപ്പൺ എയറിൽ മൂത്രമൊഴിക്കാനാണ് ഇഷ്ടം. പരമാര പുറകിലത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി. ബംഗ്ലാവിൻ്റെ പുറകു ഭാഗത്ത് വലിയ മരങ്ങളാണ്. അയാൾ ഒരു മരത്തിൻ്റെ പുറകിൽ ചാരി കണ്ണടച്ചുനിന്ന്​ ആസ്വദിച്ച് മൂത്രമൊഴിക്കാൻ തുടങ്ങി. വീർത്ത് ഇപ്പോൾ പൊട്ടും എന്ന് തോന്നിയിരുന്ന മൂത്രസഞ്ചി കുറെശ്ശെയായി  ഒഴിഞ്ഞു. അവസാന തുള്ളിയും താഴെ വീണു കഴിഞ്ഞപ്പോൾ അയാൾ തിരിഞ്ഞ് നിന്നു.

ബംഗ്ലാവിൻ്റെ വടക്കുഭാഗത്തോട് ചേർന്ന് ഒരു മുറിയിൽ നിന്ന് പ്രകാശം വരുന്നതായി അയാൾ കണ്ടു. അയാൾ ഒച്ചയുണ്ടാക്കാതെ അങ്ങോട്ട് നടന്നു. ജനൽപ്പാളി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പതിയെ തുറന്നുനോക്കിയ പരമാര സ്തംബ്ധനായി പോയി. കഴിഞ്ഞ ദിവസം പകൽ പാർട്ടി നടക്കുന്ന ബംഗ്ലാവിന് പുറകിലെ കാട്ടുപാതയിൽ മരങ്ങൾക്കിടയിലൂടെ നടന്നുപോയ, തലയിൽ തൊപ്പിയും പച്ച നിറത്തിലുള്ള കോട്ടും ധരിച്ച് അരയിലെ ബെൽട്ടിൽ ഒരു തോക്കും തിരുകി വച്ച ആ രൂപം ഇതാ ഇവിടെ. അയാൾ ഒരു മേശക്ക് അഭിമുഖമായാണ് നിൽക്കുന്നത്. അതിനാൽ ജനലിലൂടെ നോക്കുമ്പോൾ അയാളുടെ മുഖം കാണുന്നില്ല. പുറകുവശം മാത്രമാണ് കാണുന്നത്. മുന്നിലെ മേശയിൽ എന്തൊക്കെയോ ജീവികളുടെ ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയ നിലയിൽ കാണുന്നു. സൂക്ഷിച്ച് നോക്കിയപ്പോൾ പരമാരക്ക് ശരീരം തളരുന്നതായും തൊണ്ടയിലെ വെള്ളം വറ്റുന്നതായും തോന്നി. ബോധം പോവുമോ എന്നയാൾ ഭയപ്പെട്ടു. സംയമനം പാലിച്ച് പരമാര പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണെടുത്ത് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താൻ തുടങ്ങി.

ഒരു മനുഷ്യൻ്റെ തലയും കൈകാലുകളും മേശയുടെ ഒരു ഭാഗത്ത് നീക്കിവച്ചിരിക്കുന്നു. തലയിലെ നീണ്ട മുടിനാരുകളും കൈകളിലെ നീണ്ട നഖങ്ങളും കണ്ടപ്പോൾ അതൊരു സ്ത്രീയുടെ തല്ലേ എന്ന് അയാൾക്ക് സംശയം തോന്നി. ബാക്കിയുള്ള മാംസ ഭാഗങ്ങൾ അയാൾ വലിയ കത്തിയുപയോഗിച്ച് വെട്ടി പീസാക്കുകയാണ്. ആ മുറിയിൽ നിന്ന് മറ്റൊരു വാതിൽ തുറന്ന് കണ്ടു. ആ മുറിയിൽ എന്തൊക്കെയോ പാചകം ചെയ്യുന്നതായുള്ള ഗന്ധങ്ങൾ പുറത്ത് വരുന്നുണ്ട്. തലയിൽ തൊപ്പിയും പച്ച നിറത്തിലുള്ള കോട്ടും ധരിച്ച് അരയിലെ ബെൽട്ടിൽ ഒരു തോക്കും തിരുകി വച്ച മറ്റൊരു രൂപം ആ മുറിയിൽ നിന്ന് ഇങ്ങോട്ട് വന്ന് വെട്ടി ചെറുതാക്കിയ ഇറച്ചിക്കഷണങ്ങൾ വലിയ ഒരു ചരുവത്തിലേക്കിട്ട് കൊണ്ടുപോയി. ഇത് ഇവരുടെ യൂണിഫോമാണെന്ന് പരമാരക്ക് ബോധ്യം വന്നു. അയാൾക്ക് ഏകദേശം കാര്യങ്ങൾ ബോധ്യപ്പെട്ടു. തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നിയ പരമാരക്ക് ഓക്കാനം വന്നു. അറിയാതെ വായിൽ നിന്ന് എന്തോ ശബ്ദം പുറത്തു വന്നെന്ന് തോന്നി. കോട്ടിട്ട രൂപം തിരിഞ്ഞ് നോക്കിയപ്പോഴേക്ക് പരമാര താഴെ കുന്തിച്ചിരുന്നു. കുനിഞ്ഞുതന്നെ അയാൾ നടന്ന് എങ്ങനെയോ ബംഗ്ലാവിനുള്ളിൽ കയറി വാതിൽ പതിയെ അടച്ചു. സുഹൃത്തുക്കൾ മൂന്ന് പേരും സൈഡായിട്ടുണ്ട്. പരമാരക്ക് എന്തു ചെയ്യണമെന്നറിയാതെയായി.

ഒരു ദിവസം മുൻപേ ഗെറ്റ് ടുഗദർ പാർട്ടിക്കിടെ മിസ്സിംഗ് ആയ അരുണ മൽഹോത്ര എന്ന പെൺകുട്ടിയെക്കുറിച്ചും നാട്ടിൽ മാഷുടെ പേരക്കുട്ടി മിസ്സിംഗ് ആയതും ഈ കണ്ട കാര്യങ്ങളെക്കുറിച്ചും എല്ലാം ചിന്തിച്ചപ്പോൾ തന്നെ അയാൾക്ക് കൈയും കാലും തളരുന്നതായും തൊണ്ടയിലെ വെള്ളം വറ്റുന്നതായും തോന്നി. ജഗ്ഗിലിരുന്ന വെള്ളം എടുത്ത് കുടിക്കാൻ പോലും അയാൾക്ക് ഭീതി തോന്നി. അതൊരു മനുഷ്യൻ്റെ തുടയെല്ലാണോ എന്നും അതിനുള്ളിൽ രക്തമാണോ എന്നും അയാൾക്ക് തോന്നി.

കണ്ണടക്കുമ്പോൾ ഏതൊക്കെയോ ഹിംസ്ര ജീവികളുടെ മുരൾച്ച പുറത്തുനിന്ന് കേൾക്കുന്നത് പോലെ. വല്ലാത്തൊരു മാനസികാവസ്ഥയിൽ പെട്ടു പോയ നീലകണ്​ഠൻ പരമാര ആ ദൃശ്യങ്ങളെല്ലാം  ഉടനെ സുഹൃത്തായ ഡൊമിനിക്കിൻ്റെ ഫോണിലേക്കയച്ചുകൊടുത്തു. ഒരു ഹാലൂസിനേഷനിൽ പെട്ട് സ്വപ്നത്തിലെന്നത് പോലെ അയാൾ വാതിൽതുറന്ന്  നിഗൂഢമായ ഇരുട്ടിലേക്കിറങ്ങി നടന്നു.

(തുടരും)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments