ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​

കരിന്തേൾ

അധ്യായം: 13

കേരളത്തിൽ പാലക്കാടുള്ള ഒരുൾനാടൻ ഗ്രാമം. ഒരു പഴയ അഗ്രഹാരമാണ്. പൊട്ടിപ്പൊളിഞ്ഞ ചുമരുകൾ. ഉള്ളിൽ നിന്ന് ഒരു വൃദ്ധൻ നടന്നു വരുന്നു. ഉമ്മറത്ത് സിമൻ്റ് അവിടവിടെയായി അടർന്നുവീണുപോയ ഒരു തിണ്ണയുണ്ട്. ആ തിണ്ണയുടെ സൈഡിൽ പ്ലാസ്റ്റിക് വയറുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു പഴഞ്ചൻ കസേരയും. വൃദ്ധൻ ചുമരിൽ പിടിച്ചു കൊണ്ട് പതിയെ കസേരയിൽ ഇരുന്നു. അയാൾ ഇരുന്നപ്പോൾ പഴക്കം കൊണ്ടാവും കസേരയിലെ പ്ലാസ്റ്റിക് വലിയുന്ന ശബ്ദം കേട്ടു . അയാൾ തിണ്ണയിലിരുന്ന പത്രം എടുത്ത് നിവർത്തി .കണ്ണട എടുത്ത് മൂക്കിന് മുകളിൽ വച്ചു. അന്നത്തെ ഹിന്ദു ദിനപ്പത്രമായിരുന്നു അത്. പത്രത്തിൻ്റെ ഓരോ താളുകളും അയാൾ സൂക്ഷ്മതയോടെ വായിച്ചു.ഉൾത്താളുകളിലെവിടെയോ അയാളുടെ കണ്ണുകൾ ഉടക്കി. പത്രവാർത്ത വായിച്ച അയാളുടെ കയ്യിൽ നിന്ന് പത്രം താഴെ വീണു. അയാൾ കസേരയിൽ ചാരി കുറച്ച് സമയം മുകളിലേക്ക് നോക്കിയിരുന്നു. ആ വാർത്ത പ്രകൃതി അയ്യങ്കാറുടെ അറസ്റ്റുമായി ബന്ധപ്പെട്ടതായിരുന്നു. ആ വൃദ്ധനാണ് ഭുവനേശ് അയ്യങ്കാർ.അയാൾ പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം പാലക്കാടുള്ള അകന്ന ബന്ധത്തിലുള്ള ഒരു പാട്ടിയുടെ കൂടെയായിരുന്നു താമസം. ആ സ്ത്രീ മരിച്ചതിന് ശേഷം അയാൾ ഒറ്റക്ക് താമസിക്കുകയായിരുന്നു.

മകളെ കാണണമെന്നയാൾ തീവ്രമായി ആഗ്രഹിച്ചു.

ഇങ്ങനെയൊരു കാര്യത്തിന് ആരും തന്നെ സഹായിക്കാൻ വരില്ല എന്ന കാരണത്താൽ അയാൾ തനിയേ ചെന്നൈ സെൻട്രൽ ജയിലിലേക്ക് പോവാനായി തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ തുണി സഞ്ചിയിൽ ഒരു കുപ്പി വെള്ളവും തൊട്ടടുത്ത വീട്ടിലെ പാട്ടിയമ്മ തയ്യാറാക്കി നൽകിയ വാഴയിലയിൽ പൊതിഞ്ഞ് കെട്ടിയ അല്പം തൈർ സാദവും എടുത്ത് പട്ടമ്മാളുടെ വെങ്കയ്യ ടീ ഷോപ്പിൽ നിന്ന് ഇഡ്ഡലിയും കാപ്പിയും കഴിച്ച് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെത്തി. രാവിലത്തെ ട്രെയിനിൽ ജനറൽ കംപാർട്ട്മെൻ്റിൽ ടിക്കറ്റെടുത്തു.കോയമ്പത്തൂരിൽ നിന്ന് എട്ട് മണിക്കൂറോളം യാത്രയുണ്ട് ചെന്നൈയിലെത്താൻ. ട്രെയിനിൽ അത്യാവശ്യം നല്ല തിരക്കുണ്ട്. എങ്കിലും ഭുവനേശ് അയ്യങ്കാർ എന്ന ആ പടുവൃദ്ധന് സൈഡിലുള്ള ഒരു സീറ്റ് തന്നെ ലഭിച്ചു.ചുറ്റുമുള്ള ആളുകളൊന്നും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പട്ടാള ബാരക്കിലെ ആളുകളെ കിടുകിടാ വിറപ്പിച്ചിരുന്ന സീനിയർ ഹവിൽദാർ ഭുവനേശ് അയ്യങ്കാറിനെ ഇന്നാരും തന്നെ കണ്ടാൽ പോലും തിരിച്ചറിയുകയില്ല .അത്ര മാത്രം അയാളിൽ ജരാനരകൾ ബാധിച്ചിട്ടുണ്ടായിരുന്നു. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങി. പാലക്കാടൻ ചൂടുകാറ്റ് വീശുന്നുണ്ടായിരുന്നു. ശാരീരിക ക്ഷീണം കൊണ്ടയാൾ കണ്ണടച്ച് സീറ്റിൽ പുറകോട്ട് ചാരി കിടന്നു.

‘‘അപ്പാ.. ഇന്നേക്ക് പള്ളിക്കൂടത്തിൽ ഇംഗ്ലീഷ് എലൊ ക്യൂഷൻ കോംപെറ്റിഷൻ ഇരുക്ക്‌.
നാനും അതർക്ക് കലന്തു കൊള്ള പോകിറേൻ. ഇന്ത ഷൂലേസ് കൊഞ്ചം കട്ടി വിടുറീങ്കളാ അപ്പാ... അമ്മാവുക്ക് കിച്ചണിൽ നെറയ വേലയിരുക്ക്’’

മോൾ അപ്പായെ പിടിച്ച് വലിക്കുകയാണ്.തലേദിവസം ആർമി ക്ലബ്ബിൽ പാർട്ടിയുണ്ടായിരുന്നു. കേണൽ രാംഗോപാൽ സിംഗിൻ്റെ മോൾക്ക് എം.ബി.ബി.എസിന് സെലക്ഷൻ കിട്ടിയതിൻ്റെ പാർട്ടിയായിരുന്നു. അങ്ങനെയുള്ള പാർട്ടികളിലൊന്നും യാഥാസ്ഥിതിക ചിന്താഗതിയുള്ള അധ്യാപികയായ നീലം അയ്യങ്കാർ പങ്കെടുക്കാറില്ലായിരുന്നു. ഒരുതരത്തിൽ അതൊരു ഭാഗ്യമായി ഭുവനേശ് അയ്യങ്കാർ കരുതി. കാരണം പാർട്ടിക്കിടെ ചില നേരം പോക്ക് പരിപാടികളെല്ലാം എല്ലാവരും ചേർന്ന് ഒപ്പിക്കാറുണ്ടായിരുന്നു. പങ്കെടുക്കുന്ന സ്ത്രീകളെ അവർ നറുക്കിട്ടെടുക്കും. എല്ലാം ഉത്തരേന്ത്യൻ സൗന്ദര്യ സങ്കല്പത്തിലെ മൂർദ്ധന്യാവസ്ഥയിലുള്ള തരുണീമണികൾ ആയിരുന്നു. അതിനാൽ അന്നത്തെ രാത്രിക്ക് ആരെ കിട്ടിയാലും അവരെല്ലാം തന്നെ സന്തോഷവാൻമാരാണ്. ഇന്നലത്തെ നറുക്കിൽ കിട്ടിയ ലോട്ടറി രാംഗോപാൽ സിംഗിൻ്റെ ഭാര്യ അമൃത കരംപ്രീത് സിംഗ് ആയിരുന്നു. കടഞ്ഞെടുത്ത സൗന്ദര്യമുള്ള കത്തുന്ന ശില്പം. ആ സൗന്ദര്യം ആസ്വദിക്കാൻ രാവിലെ വരെയുള്ള സമയം അയാൾക്ക് തികഞ്ഞില്ല. രാവിലെ വന്ന് കിടന്നതാണ്. ഇങ്ങനെയുള്ള രീതികൾ പതിവുള്ളതിനാൽ നീലം അയ്യങ്കാർ അതിനെപ്പറ്റിയൊന്നും ചോദിക്കാറില്ല എന്നതാണ് വസ്തുത. ഉറക്കക്ഷീണത്തിനിടയിലാണ് മകൾ തിരക്കിട്ട് ഷൂലേ സ് കെട്ടി കൊടുക്കാനായി വിളിക്കുന്നത്.

‘അപ്പാ.. ഇത് കെട്ടി വിടറീങ്ക്ളാ’.. അവൾ കിടക്കയിൽ കയറി കാൽ നെഞ്ചത്തേക്കെടുത്ത് വക്കുകയാണ്. ഉറക്കത്തിനിടയിൽ എങ്ങനെയൊക്കെയോ ലേസ് കെട്ടിക്കൊടുത്ത് തിരിഞ്ഞ് കിടന്നു.

നീലം അയ്യങ്കാർ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ഒരു അധ്യാപികയായിരുന്നു. പലപ്പോഴും കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മകളറിയാതിരിക്കാനവർ ശ്രമിച്ചിരുന്നു. എങ്കിലും മുതിർന്നു വന്നപ്പോൾ ചില കാര്യങ്ങളെല്ലാം പ്രകൃതി അയ്യങ്കാറിന് പിടി കിട്ടി തുടങ്ങിയിരുന്നു. അപ്പായുടെ ദുർന്നടപ്പും അമ്മായുടെ നിസ്സഹായാവസ്ഥയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലെക്കവളുടെ മനസ്സിനെ തെളിച്ചു കൊണ്ടുപോയി. ഹൈസ്കൂൾ പഠന കാലത്ത് അമ്മ നഷ്ടപ്പെട്ട പ്രകൃതി അച്ഛൻ്റെ കൂടെ പട്ടാള ക്വാർട്ടേർസിലാണ് പിന്നീട് താമസിച്ചത്. അവിടെ പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് അവൾ സീനിയർ സ്റ്റുഡൻ്റായിരുന്ന അമർദീപ് സിംഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. മാനസികമായി വല്ലാത്ത ഒറ്റപ്പെടലും അസ്വസ്ഥതയും അനുഭവിച്ചിരുന്ന പ്രകൃതിക്ക് അത് വലിയൊരു ആശ്വാസവും ആയിരുന്നു. അവനൊരു പക്കാ ഡ്രഗ് അഡിക്റ്റായിരുന്നത് അവൾക്ക് അരോചകമായിരുന്നു.

ക്രിസ്റ്റൽ രൂപത്തിലുള്ള എഡിഎംഎ ആണ് അവൻ ഉപയോഗിച്ചിരുന്നത്. ക്രിസ്റ്റൽ മെത്ത് എന്നാണതിന് പറഞ്ഞിരുന്ന പേര്. കല്ല്, പൊടി, കൽക്കണ്ടം, ഷാർഡ്, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് ഇതറിയപ്പെടുന്നത്.പാർട്ടികളിൽ തളരാതെ ദീർഘനേരം സജീവമായിരിക്കാനും തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപെടാനും സഹായിക്കുന്ന ലഹരി വസ്തുവാണിത്.

ആ കാരണത്താൽ അവനിൽ നിന്ന് ഇത്തിരി അകലം പാലിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അപ്പായുടെ ഒട്ടും റെസ്പോൺസിബിലിറ്റിയില്ലാത്ത ഡ്രിങ്കിoഗ് ആറ്റിറ്റ്യൂഡിനെപ്പറ്റിയും എല്ലാം ഷെയർ ചെയ്യാനുള്ള ഒരു ഇമോഷണൽ സപ്പോർട്ട് അവൾക്ക് അമർദീപ് മാത്രമായിരുന്നു. അവനെ പരിപൂർണമായും ഒഴിവാക്കാൻ പ്രകൃതിക്കാവുമായിരുന്നതും ഇല്ല. ആയിടക്കാണ് അപ്പായുടെ സുഹൃത്തിൻ്റെ പീഢനത്തിൽ മനംനൊന്തവൾ വീടുവിട്ടിറങ്ങുന്നതും അപ്പായുടെ സഹായമില്ലാതെ ഹോസ്പിറ്റൽ മാനേജ്മെമെൻ്റിന് ഒരു ബന്ധുവിൻ്റെ സഹായത്തോടെ ചേരുന്നതും. ആ സംഭവത്തോടെ അവൾ അമർദീപുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ശരിയാണോ തെറ്റാണോ എന്നൊന്നും ആലോചിക്കാതെ അവൻ്റെ കൂടെ എല്ലാ കൊള്ളരുതായ്മകൾക്കും അവൾ കൂടെ നിൽക്കുകയായിരുന്നു. ഒരു പ്രത്യേക ഘട്ടത്തിലാണ് പ്രണയത്താൽ ചതിക്കപ്പെടുകയായിരുന്നെന്നവൾ മനസ്സിലാകുന്നതും മാനസികമായി തകർന്നു പോവുന്നതും.. അവനെ സ്നേഹപൂർവ്വം താമസിക്കുന്ന അപ്പാർട്ട്മെൻറിലേക്ക് വിളിച്ച് വരുത്തി വളരെ ബ്രൂട്ടൽ ആയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാക്കി പല സ്ഥലങ്ങളിലായി നിക്ഷേപിക്കപ്പെടുകയാണ് ഉണ്ടായത്. അമർദീപിനെ കാണാനില്ലെന്ന് പത്രവാർത്തയും മറ്റും വന്നെങ്കിലും ആ കേസിൽ പിടികൊടുക്കാത പ്രകൃതി അയ്യങ്കാർ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. ഉന്നതരായ പല ഉദ്യോഗസ്ഥന്മാരുമായും അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതാൻ.

അവൾ വീട് വിട്ടിറങ്ങി പോയതിന് ശേഷം മകൾക്കെന്ത് സംഭവിച്ചെന്നൊന്നും ഭൂവനേശ് അയ്യങ്കാർ അന്വേഷിച്ചിരുന്നില്ല. അയാൾ കെട്ടു വിട്ട പട്ടം പോലെ ജീവിതം തിന്നും കുടിച്ചും രമിച്ചും ആഘോഷിക്കുകയായിരുന്നു. പിന്നീടയാൾ റിട്ടയർമെൻ്റിന് ശേഷമാണ് മകളെക്കുറിച്ച് അന്വേഷണത്തിന് തുടക്കമിട്ടത്. പക്ഷേ നിരാശയായിരുന്നു ഫലം. അപ്പോഴേക്കവൾ പേരും ഐഡൻ്റിറ്റിയും എല്ലാം മാറ്റിപ്പിടിച്ചിരുന്നു. ചെന്നൈയിലെ അറിയപ്പെടുന്ന ഒരു പരസ്യ ഏജൻസിക്ക് മോഡലുകളെ ഏർപ്പാടാക്കി നൽകുന്ന എക്സിക്യൂട്ടിവ് ആയി മാറിയിരുന്നു. ഇരുട്ടാവുമ്പോഴേക്ക് എല്ലാത്തരം സ്വഭാവക്കാരും പുറത്തിറങ്ങുന്ന നഗരം. ചായം പുരട്ടിയ നഗര വേശ്യകൾ, മയക്കുമരുന്ന് വില്പനക്കാരും മയക്കുമരുന്നിൻ്റെ അടിമകളും. നാടൻ ഗുണ്ടകൾ, എല്ലാവരും അവരവരുടെ മാളങ്ങളിൽ നിന്ന് പുറത്ത് വരുന്ന സമയം. ആ കൂട്ടത്തിൽ ഒരു ജീവിയായി മാറിയിരുന്ന മകളെ കണ്ടെത്താൻ അയാൾക്ക് പിന്നെ സാധിച്ചില്ല.

ഓർമയിൽ വന്ന കാര്യങ്ങളും പത്രത്തിൽ മകളെക്കുറിച്ച് വായിച്ച വാർത്തകളും അയാളുടെ കണ്ണുകളെ നനയിച്ചു.പുറത്തെ ചെന്നൈ നഗരക്കാഴ്ചകളിലേക്ക് കണ്ണു പായിച്ചു കൊണ്ടിരിക്കെ ട്രെയിൻ ചെന്നൈ റയിൽവെ സ്റ്റേഷനിൽ എത്തിയതിൻ്റെ അനൗൺസ്മെൻ്റ് കേൾക്കുന്നു. ട്രെയിൻ പതുക്കെ നിശ്ചലമായി. അയാൾ ട്രെയിനിൽ നിന്നിറങ്ങി.ജന സാഗരം. പ്ലാറ്റ്ഫോമിൽ ഇരിക്കാൻ ഒരൊറ്റ കസേര പോലും കാണുന്നില്ല. തമിഴന്മാരും തമിഴത്തികളും പ്ലാറ്റ്ഫോമിൻ്റെ തറയിൽ തന്നെ കുന്തിച്ചിരിക്കുകയാണ്.ഒരു റിട്ടയേർഡ് മിലിട്ടറി ഓഫീസറായിട്ടു പോലും വാർദ്ധക്യത്തിലെ നിസ്സഹായത അയാളെ അലോസരപ്പെടുത്തി. പതിയെ അയാൾ സ്റ്റേഷൻ്റെ പുറത്തേക്ക് നടന്നു. അവിടെ കണ്ട സിആർപിഎഫ് സെക്യൂരിറ്റി യോട് സെൻട്രൽ ജയിലിലേക്ക് എത്ര ദൂരമുണ്ടെന്ന് ചോദിച്ചു. വൃദ്ധൻ്റെ നിസ്സഹായത കണ്ട സെക്യുരിറ്റി ഉദ്യോഗസ്ഥൻ ഒരു സൈക്കിൾ റിക്ഷ ഏർപ്പാടാക്കി കൊടുത്തു.

പതിനാല്

സെൻട്രൽ ജയിലിലെ പാറാവുകാരൻ ഭുവനേശ് അയ്യങ്കാർ എന്ന വൃദ്ധനെ അല്പം പുച്ഛത്തോടെ നോക്കി. എന്നിട്ട് ചോദിച്ചു.

‘എന്ന വേണം? യാരയാവത് പാക്കറുതുക്കാ ?’

‘‘ആമ... നാൻ പ്രകൃതി അയ്യങ്കാർക്കിട്ട് അപ്പാ താൻ. എൻ പോണ്ണെ പാക്കണം സാർ... നാൻ ഒരു റിട്ടയേർഡ് മിലിട്ടറി ഓഫീസർ ആക്കും. ഇത് എന്നുടെ ഐഡൻ്റിറ്റി കാർഡ്’’

അയാൾ തുണി സഞ്ചിയിൽ നിന്ന് പഴകി നിറം മങ്ങിയ ഒരു തിരിച്ചറിയൽ രേഖ എടുത്ത് ഉദ്യോഗസ്ഥനെ കാണിച്ചു.

അയാൾ സംശയത്തോടെ തിരിച്ചറിയൽ രേഖയിലേക്കും ആ വൃദ്ധൻ്റെ മുഖത്തേക്കും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു.

‘‘സരി. നീങ്ക വിസിറ്റേഴ്സ് ഏരിയാവിൽ ഉക്കാരുങ്കോ. അവങ്കളെ പതിനോരു മണിക്ക് ആധാരം എടുപ്പതർക്കാക കാഞ്ചീപുരം വരേയ്ക്കും കൊണ്ടു പോകവേണ്ടിയിരുക്ക്. വെളിയെ വരുമ്പോത് നീങ്ക പാക്കലാം.’’

‘‘എനക്ക് എൻ പൊണ്ണ് കിട്ട പേസർ തുക്ക് ഒരു വായ്പ്പ് കിടയ്ക്കുമാ സാർ?’’

ഭുവനേശ് അയ്യങ്കാർ അയാളെ തൊഴുതു കൊണ്ട് ചോദിച്ചു.

‘‘പേസ മുടിയാത്. കാവൽ ആളുങ്ക കൂട വേയിരുക്കും. അവങ്ക അനുമതി കിടയ്‌ത്താൽ പാക്കലാം.’’

അയാൾ അവിടെ കിടന്ന കസേരയിൽ ഇരുന്നു. കയ്യിലുള്ള തുണി സഞ്ചി കസേരയുടെ കാലിനോട് ചാരിവച്ചു.കണ്ണടയെടുത്ത് ഉടുത്ത മുണ്ടിൻ്റെ അറ്റം കൊണ്ട് തുടച്ച് വീണ്ടും മൂക്കിൽ വച്ചു. കസേരയിൽ കണ്ണടച്ച് കിടന്നു. മണി എട്ടേ ആയിട്ടുള്ളൂ. ട്രെയിനിറങ്ങി നേരെ ജയിലിലേക്കാണ് വന്നിട്ടുള്ളത്. രാവിലെ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. വിശപ്പും ക്ഷീണവും അയാളെ അലട്ടി. അയാളുടെ കണ്ണുകൾ ക്ഷീണത്താൽ അടഞ്ഞ് പോയി.

പ്രകൃതി ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന കാലമാണ്. ഭുവനേശ് അയ്യങ്കാർ മിലിട്ടറി ഓഫീസറായി തിളങ്ങി നിൽക്കുന്ന കാലഘട്ടവും. അന്ന് രാത്രി പ്രമോഷൻ ലഭിച്ച ഓഫീസർമാർക്ക് വീട്ടിൽ ഡിന്നർ ഒരുക്കിയിരുന്നു. നീലം അയ്യങ്കാർക്ക്

ഇമ്മാതിരി കോപ്രായങ്ങളിലൊന്നും താൽപര്യമില്ലെങ്കിലും ചില നിർബ്ബന്ധങ്ങളിൽ നിന്ന് പിൻതിരിഞ്ഞ് നടക്കാൻ സാധിക്കാത്തത് കൊണ്ട് കൂടെ നിൽക്കാറാണ് പതിവ്. ഡിന്നർ കഴിഞ്ഞ് എല്ലാവരും പോയി. സീനിയർ പട്ടാള മേധാവി രാംഗോപാൽ സാർ രാത്രി വീട്ടിൽ തങ്ങി. മദ്യപിച്ച് ലക്ക് കെട്ട ഓഫീസർ അന്ന് ഭാര്യയോടും മകളോടും ചെയ്ത വൃത്തികേടുകൾ പിറ്റേന്ന് രാവിലെ നീലം അയ്യങ്കാർ പറഞ്ഞപ്പോഴാണ് ഇത്ര സീരിയസ് ആണല്ലോ എന്ന് ഉൾക്കൊണ്ടത്. കുറ്റബോധവും മനശ്ചാഞ്ചല്യവും തോന്നിയെങ്കിലും ഭാര്യയുടെ മുന്നിൽ തോറ്റു കൊടുക്കാൻ അഭിമാനം അനുവദിക്കാത്തതിനാൽ അവരെ വഴക്കു പറയുകയാണ് ചെയ്തത്. പക്ഷേ അന്ന് മുതൽ മകളുടെ പെരുമാറ്റത്തിൽ വല്ലാത്തൊരു അകൽച്ച വന്നിരുന്നു. പിന്നിടവൾ അപ്പാ. എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടില്ല. മുഖം തന്നിട്ടും ഇല്ല. നേരിട്ട് കാണുമ്പോൾ മുഖം തിരിച്ച് പുച്ഛത്തോടെ നടന്നു പോവും. പിതാവെന്ന നിലയിലും ഭർത്താവെന്ന നിലയിലും വലിയൊരു പരാജയമാണ് എന്ന് എല്ലാം നഷ്ടപ്പെട്ട് ഒറ്റക്കായപ്പോഴാണയാൾക്ക് ബോധ്യം വന്നത്.

ജയിൽ ഉദ്യോഗസ്ഥന്മാരുടെയും ചാനലുകാരുടെയും ബഹളം കേട്ടാണയാൾ കണ്ണു തുറന്നത്. ഒരു കറുത്ത ചുരിദാറിലാണ് പ്രകൃതി അയ്യങ്കാറെ തെളിവെടുപ്പിനായി കൊണ്ടു പോവുന്നത്. പോലീസ് എസ് കോർട്ടുമുണ്ട്. ഒരു പാട് വർഷങ്ങൾക്ക് ശേഷം ഭുവനേശ് അയ്യങ്കാർ മകളെ കാണുകയാണ്. അയാളുടെ മുഖത്തെ പേശികൾ കുറ്റബോധം കൊണ്ട് വലിഞ്ഞ് മുറുകിയിരുന്നു. അയാൾ യാന്ത്രികമായി ആ വശത്തേക്ക് നടന്നു. ഏതോ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അയാളെ തള്ളിമാറ്റാൻ ശ്രമിക്കുന്നു. നിലത്ത് വീണുപോയ വൃദ്ധനെ ഒരു പോലീസ് ഉദ്യോഗസ്ഥൻ എഴുന്നേൽക്കാൻ സഹായിച്ചു.

‘‘എന്ന വിഷയം? എന്ന വേണം?’’

‘‘എനക്ക്..... എൻ പൊണ്ണു...’’

അയാൾക്ക് വാക്കുകൾ പുറത്ത് വന്നില്ല. അപ്പോഴേക്ക് പ്രകൃതി അയ്യങ്കാർ അവിടെ എത്തുകയും അയാളെ കാണുകയും ചെയ്തിരുന്നു. അപ്പനും മകളും മുഖത്തോടു മുഖം നോക്കി. അയാൾക്ക് കുറ്റബോധം കൊണ്ട് ഒന്നും പറയാൻ സാധിച്ചില്ല. അല്പനേരം അച്ഛനും മകളും പരസ്പരം നോക്കി നിന്നു. പ്രകൃതി അയ്യങ്കാരുടെ കണ്ണുകൾ നിർവ്വികാരമായിരുന്നു. ആരോടൊക്കെയോ ഉള്ള പക ആ കണ്ണുകളിൽ നിന്ന്‌ പ്രസരിക്കുന്നതായി അയാൾക്ക് തോന്നി.

മകളുടെ ദൃഷ്ടിയിൽ നിന്നയാൾ കണ്ണുകൾ വേർപെടുത്തി. ജയിൽ മുറ്റത്ത് കിടന്ന ജീപ്പിൽ മകളെയും വഹിച്ച് പോലീസ് വാഹനം കടന്നു പോവുന്നത് അയാൾ നെഞ്ച് പൊട്ടുന്ന വേദനയോടെയും നീറുന്ന കുറ്റബോധത്തോടെയും നോക്കി നിന്നു.
(തുടരും)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments