ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​

കരിന്തേൾ

അധ്യായം: 15

ചെന്നൈയിലെ ഗെറ്റ് ടുഗദര്‍ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം പരമാര തികച്ചും അസ്വസ്ഥനായിരുന്നു. ജോലിസംബന്ധമായ എന്തോ ഒരു ടൂറിലായിരുന്ന ഡൊമിനിക്കിനെ അയാള്‍ക്ക് പിന്നീട് കോണ്‍ടാക്റ്റ് ചെയ്യാനും സാധിച്ചില്ല. ആ സംഭവങ്ങള്‍ക്കുശേഷം യൂണികോണ്‍ഡോട്ട് കോം എന്ന പേജ് അയാള്‍ അണ്‍ ഫോളോ ചെയ്തു. കാരണം ഇനിയെങ്ങാനും കേസും അന്വേഷണവും ആ വഴിക്ക് തിരിഞ്ഞാല്‍ പെട്ട് പോയാലോ. ഓഫീസ് ജോലികള്‍ക്കിടയിലും അയാളെ ആ സംഭവങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.

ചിട്ടിക്കമ്പനിയിലെ ചില തിരക്കുകള്‍ കാരണം പിന്നീടാ കാര്യത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ പരമാരക്ക് സമയം കിട്ടിയില്ല. പ്ലാക്കൂട്ടത്തില്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ അത്ഭുതകരമായ വളര്‍ച്ചയില്‍ മറ്റു ചെറുകിട ചിട്ടിക്കമ്പനികള്‍ക്ക് കുറച്ചൊന്നുമല്ല അസൂയയുണ്ടായിരുന്നത്. ആ കമ്പനിയെ എങ്ങനെയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവര്‍.

ചെട്ടിയാര്‍ ആൻറ്​ സണ്‍സ് ചിട്ടിക്കമ്പനിയായിരുന്നു അവരുടെ മുഖ്യ എതിരാളി. അറുമുഖന്‍ ചെട്ടിയാരും രണ്ട് മക്കളുമാണ് ചിട്ടിക്കമ്പനി നടത്തുന്നത്. ചെറിയ രീതിയില്‍ തുടങ്ങിയ കമ്പനിയാണ്. രണ്ടാമത്തെ മകന്‍ സേതുമാധവന്‍ തമിഴ്‌നാട്ടില്‍ പോയി എം.ബി.എ പഠിച്ചു വന്നതിനുശേഷം കമ്പനിയില്‍ എം.ഡിയായി ചുമതലയേറ്റു. അതിനു ശേഷമാണ് കമ്പനി പച്ച പിടിച്ച് തുടങ്ങിയത്. രണ്ടാമത്തെ മകന്‍ ശിവശങ്കരനും കമ്പനി നടത്തിപ്പിന് അനുജനെ സഹായിക്കുകയായിരുന്നു. കമ്പനി എം.ഡിയായി നിയമിതനായ സേതുമാധവന്‍ കമ്പനി സ്വന്തമാക്കാനും പ്ലാക്കൂട്ടത്തില്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിനെ കടത്തിവെട്ടി വലിയ നിലയില്‍ എത്താനായും എല്ലാ തരത്തിലും ശ്രമിച്ചു തുടങ്ങി. സേതുമാധവന്റെ കൂര്‍മബുദ്ധി അറുമുഖനും ശിവശങ്കരനും മനസ്സിലാക്കിയില്ല. ശിവശങ്കരന് വലിയ വിദ്യഭ്യാസ യോഗ്യതകളൊന്നും ഇല്ലാത്തത് കൊണ്ട് ഓഫീസിലെ പ്യൂണ്‍ ജോലി ചെയ്യുകയും ഒപ്പം ഫീല്‍ഡ് വര്‍ക്കില്‍ സഹായിക്കാറും ആയിരുന്നു പതിവ്.

ഒരു തിങ്കളാഴ്ച രാവിലെ സാധാരണ പോലെ തന്നെ പരമാര ഒമ്പത് മണിക്ക് ജോലിക്കെത്തി. അന്ന് അസാധാരണമായ രീതിയില്‍ നാലഞ്ച് പേര്‍ വരിയില്‍ നില്‍ക്കുന്നു. ഓഫീസ് സ്റ്റാഫുകള്‍ ഒമ്പതരക്കേ എത്തുകയുള്ളൂ. പണമിടപാട് പത്ത് മണിക്ക് ശേഷമേ തുടങ്ങാറുള്ളൂ. അവരോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് പരമാരസ്വന്തം കാബിനിലേക്ക് പോയി.

ചില കണക്കുകള്‍ ടാലിയാക്കാനും തലേ ദിവസത്തെ പെന്‍ഡിംഗിലുള്ള ചില ജോലികള്‍ ചെയ്യാനും തുടങ്ങി. പത്ത് പത്തരയായപ്പോഴേക്കും ആളുകളുടെ തിരക്ക് കൂടി വരികയായിരുന്നു. അതില്‍ ഭൂരിഭാഗം പേരും നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ വന്നവരായിരുന്നു. ഓഫീസ് അസിസ്റ്റന്റ് വന്ന് പരമാരയോട് വിവരം പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവത്തെപ്പറ്റി പരമാര ചിന്തിക്കുന്നത്. പ്ലാക്കൂട്ടത്തില്‍ ഫൈനാന്‍സ് തകരുന്നു എന്ന വ്യാജസന്ദേശം ആരോ പ്രചരിപ്പിച്ചിട്ടുണ്ട്. ലോണിന് സമീപിക്കുന്നവര്‍ക്ക് ലോണ്‍ കൊടുക്കുന്നില്ല എന്ന വാര്‍ത്തയാണ് പടര്‍ന്നിട്ടുള്ളത്. തലേമാസം എലിസബത്ത് ചാക്കോയുടെ കെയര്‍ ഓഫില്‍ വന്ന ലോണ്‍ ആപ്‌ളിക്കേഷന്‍ മാത്രമേ തിരിച്ചയച്ചിട്ടുള്ളൂ. അതും മതിയായരേഖകള്‍ ഇല്ലാ എന്ന കാരണം കൊണ്ട് മാത്രമാണ്. പരമാരക്ക് വലിയ ആശങ്കയൊന്നും തോന്നിയില്ല. കമ്പനിയുടെ ഭാഗത്ത് തെറ്റില്ലെങ്കില്‍ പിന്നെന്തിന് പേടിക്കണമെന്ന് പരമാര ഓഫീസ് അസിസ്റ്റന്റിനെ സമാധാനിപ്പിച്ചു.

പക്ഷേ, ബിസിനസ്സ് ടൂറിലായിരുന്ന ഡൊമനിക് വിവരമറിഞ്ഞ് പരമാരയെ വിളിച്ചപ്പോഴാണ് സംഗതി വളരെ ക്രൂഷ്യല്‍ ആണെന്നയാള്‍ക്ക് മനസ്സിലായത്. ഇതിന്റെയൊക്കെ കാരണം നീലകണ്​ഠൻ പരമാരയുടെ ശ്രദ്ധയില്ലായ്മയാണെന്ന രീതിയിലാണ് ഡൊമനിക് സംസാരിച്ചത്. എലിസബത്തിന്റെ ലോണ്‍ അപേക്ഷയെപ്പറ്റിയുള്ള കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താമെന്ന് കരുതിയപ്പോള്‍ അതൊന്നും കേള്‍ക്കാന്‍ സമയം നല്‍കാതെ എത്രയും പെട്ടെന്ന് പ്രോബ്ലം സോള്‍വ് ചെയ്യാനാണ് അയാളോട് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ പുറകില്‍ എലിസബത്തോ ലോണിന് അപേക്ഷ നല്‍കിയ സുഹൃത്തോ തന്നെയാണെന്നയാള്‍ക്ക് ഉറപ്പായിരുന്നു. എന്തായാലും പണം പിന്‍വലിക്കാന്‍ വന്നവരെ പിരിച്ചുവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് പോലീസില്‍ കംപ്ലെയ്ന്റ് ചെയ്യേണ്ടി വന്നു. പോലീസ് വന്ന് കാര്യങ്ങള്‍ നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ ഒരാഴ്ചത്തെ സമയം കമ്പനിക്ക്‌കൊടുത്തതിന് ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്.

നീലകണ്​ഠൻ പരമാരക്ക് എന്തൊക്കെയോ അപകടങ്ങള്‍മണക്കുന്നുണ്ടായിരുന്നു. എലിസബത്തിന്റെ ആവശ്യം നിരാകരിച്ചതിന്റെ വൈരാഗ്യമാവും ഇതിന്റെ പിന്നിലെന്നയാള്‍ ഉറപ്പായും കരുതി.

പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് പിന്നീട് നടന്നത്. അന്ന് പരമാര ഓഫീസില്‍ നിന്നെത്തിയപ്പോള്‍ ഫ്ലാറ്റിനുമുന്നില്‍ അയാളെ കാത്ത് രണ്ട് പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അത് സേതുമാധവന്റെ ആള്‍ക്കാരായിരുന്നു. പ്ലാക്കൂട്ടത്തില്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് നടത്തിയ ഏതെങ്കിലും ലോണിടപാടുകളില്‍ തിരിമറി നടത്താന്‍ സഹായിച്ചാല്‍ വലിയൊരു തുക ഓഫര്‍ ചെയ്യാമെന്നുള്ള പ്രലോഭനവുമായിട്ടായിരുന്നു ആ വരവ്. നാളിതുവരെ അഴിമതിക്കും കൊള്ളരുതായ്മക്കും കൂട്ടുനിന്നിട്ടില്ല. ഇതുവരെ ജോലിയും ശമ്പളവും തന്ന സ്ഥാപനത്തിനെതിരെ എന്തെങ്കിലും നന്ദിയില്ലായ്മ ചെയ്യാന്‍ സാധിക്കില്ലെന്നും കൂട്ടുനില്‍ക്കില്ലെന്നും പരമാര അവരോട് തീര്‍ത്തു പറഞ്ഞു. ഇത്തിരി അതൃപ്തിയോടെയാണ് അവര്‍ തിരിച്ചു പോയതെങ്കിലും വലിയൊരു അപകടത്തില്‍ നിന്ന് ഒഴിവാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ പരമാര അന്ന് രാത്രി നന്നായി ഉറങ്ങി.

പക്ഷേ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന് പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോഴാണ് പരമാരക്ക് ബോധ്യമാവുന്നത്. പ്രധാനപ്പെട്ട രണ്ട് ഫയലുകള്‍ ഓഫീസില്‍ നിന്ന് കാണാതെ പോയിരിക്കുന്നു. സ്വന്തം ഷെല്‍ഫിലും മറ്റു ഓഫീസ് സ്റ്റാഫിന്റെ ഷെല്‍ഫിലും ഉച്ചവരെ ഫയലുകള്‍ തിരഞ്ഞിട്ടും കിട്ടാതായപ്പോഴാണ് പരമാരക്ക് കാര്യങ്ങള്‍ സ്വന്തം പിടിയില്‍ നിന്ന് പോയതായി മനസ്സിലാവുന്നത്. ഇതിന്റെ പുറകില്‍ എലിസബത്താണോ ചെട്ടിയാര്‍ സണ്‍സിലെ സേതുമാധവനാണോ എന്ന് നീലകണ്​ഠൻ പരമാരക്ക് തീര്‍ച്ചയില്ലാതെയായി. എന്തായാലും ഓഫീസിലുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ഫയല്‍ അപ്രത്യക്ഷമാവില്ല. എന്ത് ചെയ്യണമെന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് ഡൊമനിക്കിന്റെ ഫോണ്‍ വന്നത്.
പരമാര ഫോണ്‍ അറ്റന്റ് ചെയ്തു.

'എന്തൊക്കെയാണ് പരമാര അവിടെ നടക്കുന്നത്. നിങ്ങളറിയാതെ അവിടത്തെ ഫയല്‍ എങ്ങനെയാണ് മിസ്സാവുന്നത്? എന്റെ കമ്പനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തകര്‍ക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? നിങ്ങള്‍ക്ക് ചെട്ടിയാര്‍ ആന്റ് സണ്‍ സുമായി ബന്ധമുണ്ടെന്നാണല്ലോ ഞാന്‍ കേട്ടത്. പരമാര എന്ന എന്റെ സുഹൃത്തില്‍ നിന്ന് ഞാനിത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ഫയലുകള്‍ വീണ്ടെടുത്തതിനുശേഷം മാത്രം ജോലിയില്‍ കയറിയാല്‍ മതി. നിങ്ങളുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഫാക്‌സ് ചെയ്തിട്ടുണ്ട്. ഉടനെ അത് സ്വീകരിക്കുക.'
ഡൊമനിക് ഫോണ്‍ കട്ട് ചെയ്തതിന് ശേഷവും പരമാര

റിസീവര്‍ ചെവിയില്‍ തന്നെ വച്ചുകൊണ്ട് അല്പസമയം കൂടി നിന്നു. അപമാനവും നിസ്സഹായതയും കൊണ്ട് ഒരു മണല്‍ത്തരിയോളം ചെറുതാവുന്നതായി അയാള്‍ക്ക് തോന്നി. ജോലിയോട് ഇത്രമാത്രം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിയിട്ടും ഇങ്ങനെയൊരും ദുരവസ്ഥയില്‍ പെട്ടതെന്ത് കൊണ്ടാവുമെന്ന് പരമാരക്ക് മനസ്സിലായില്ല. എന്തായാലും ഇതിന്റെ പുറകില്‍ ആരെന്ന് കണ്ടെത്തണം. ജോലിയില്‍ തിരികെ കയറാന്‍ സാധിച്ചില്ലെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്ന് പരമാര മനസ്സില്‍ കരുതി. അപ്പോഴേക്കും മെയിലില്‍ വന്ന സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഓഫീസ് സ്റ്റാഫ് പ്രിന്റെടുത്ത് വച്ചിരുന്നു. അതും കയ്യിലെടുത്ത് പരമാര ആരുടെയും മുഖത്ത് നോക്കാതെ കമ്പനിയുടെ പടികളിറങ്ങി നടന്നു. എലിസബത്ത് ചാക്കോയുടെ മുഖത്ത് പ്രതികാരത്തിന്റെ ഒരു ചിരി പടര്‍ന്നത് ആരും ശ്രദ്ധിച്ചില്ല.

റൂമിലെത്തിയ നീലകണ്​ഠൻ പരമാര ടെലിവിഷന്‍ ഓണ്‍ ചെയ്തു. അന്ന് ചില സംസ്ഥാനങ്ങളില്‍ ബൈ ഇലക്ഷന്‍ നടക്കുന്ന സമയമായിരുന്നു. ന്യൂസ് ടൈമില്‍ ഇലക്ഷന്‍ അപ്‌ഡേറ്റ് സാണ് കാണിക്കുന്നത്. പെട്ടെന്ന് ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു.

‘ചെന്നൈയില്‍ നരഭോജനം'
'മനുഷ്യമാംസക്കടത്ത് നടത്തുന്ന സംഘത്തെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. സംഘത്തില്‍ മനുഷ്യരെ ട്രാപ്പിലാക്കാനും കൊല്ലാനും അത് മാംസക്കഷണങ്ങളാക്കി ക്യാരി ബാഗുകളിലാക്കി എക്‌സ്‌പോര്‍ട്ട് ചെയ്യാനുള്ള സംഘങ്ങളടക്കം കുറെയേറെ ജോലിക്കാരും ഇത് ഏര്‍പ്പാടാക്കാനുള്ള ഏജന്‍സിയും ഉണ്ട്. ഏജന്‍സിയുമായി ബന്ധപ്പെട്ട ആളുകളെയും ജോലിക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇവരുടെയെല്ലാം കൈകളിലും പുറകില്‍ കഴുത്തിന് താഴെയും തേളിന്റെ ചിത്രം പച്ചകുത്തിയതായി കണ്ടു. ഇവരുടെയെല്ലാം അന്താരാഷ്ട്ര ബന്ധം ഇനിയും കണ്ടെത്താനുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് പ്രകൃതി അയ്യങ്കാര്‍ എന്ന ഒരു സ്ത്രീയാണ്. അവര്‍ കുറച്ച് ദിവസമായി പോലീസ് കസ്റ്റഡിയിലാണ്. അവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാഞ്ചീപുരത്തുള്ള ഒരു ഗെറ്റ് ടുഗദര്‍ ഫങ്ഷനില്‍ വച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. നിഗം പാക്കംസ് റ്റേഷന്‍ ആക്രമണത്തെപ്പറ്റിയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യമാംസക്കടത്തിനെപ്പറ്റിയും നരഭോജനത്തെപ്പറ്റിയും പോലീസിന് ഇന്‍ഫര്‍മേഷന്‍ നല്‍കിയ അജ്ഞാതനെപ്പറ്റി പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.'

നീലകണ്​ഠൻ പരമാര ടി വി റിമോട്ട് കണ്‍ട്രോള്‍ മേശപ്പുറത്തുവച്ച് കണ്ണുകളടച്ച് സെറ്റിയില്‍ ചാരിയിരുന്നു...
ഇങ്ങനെയിരിക്കുന്നത് മര്യാദയല്ല. ഇതിനെല്ലാം കാരണം അറിയാതെയാണെങ്കിലും താനായിപ്പോയില്ലേ. എങ്ങനെയും അവരെ കാണണം. രക്ഷിക്കാന്‍ സാധിക്കുമോ എന്നറിയണം. അല്ലെങ്കില്‍ രക്ഷിക്കാന്‍ ശ്രമിക്കണം.അവരോടെന്തൊക്കെയോ ഒരു സഹതാപം തോന്നുന്നു. ഇത്തരത്തിലുള്ള ചിന്തയോടെ പരമാര ചെന്നൈയ്ക് പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

അധ്യായം 16

രാവിലെ എട്ട് മണി മുതല്‍ എ ഡി ജി പി, ഐ ജി പി, ഡി ഐ ജി, എസ് പി തുടങ്ങിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരടക്കം പത്തോളം വരുന്ന പോലീസ് സംഘം എല്ലാ സുരക്ഷിതത്വങ്ങളോടും കൂടി പ്രകൃതി അയ്യങ്കാരെ ചോദ്യം ചെയ്യുകയാണ്. ഒരു ന്യൂസ് പോലും മാധ്യമങ്ങള്‍ക്കോ ചാനലുകള്‍ക്കോ ലഭിക്കാത്ത രീതിയില്‍ എല്ലാ പഴുതുകളും അടച്ച ചോദ്യം ചെയ്യലായിരുന്നു. നിയോഗിക്കപ്പെട്ട ഓരോ പോലീസ് ഓഫീസര്‍മാരും മാറി മാറി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. പ്രകൃതി അയ്യങ്കാര്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും റെഡിയാക്കിയിട്ടുണ്ട്. ആദ്യമൊന്നും പ്രകൃതി അയ്യങ്കാര്‍ സഹകരിക്കാന്‍ കൂട്ടാക്കിയില്ല. അതിനിടയില്‍ ഒരു ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും മാനസിക പിരിമുറുക്കത്തില്‍ പെട്ടതുപോലെ മുന്നിലുള്ള വെള്ളക്കുപ്പി തട്ടിയെറിയുകയും ചെയ്തു. തീര്‍ത്തും അസ്വസ്ഥതയോടെ സിഗററ്റ് ആവശ്വപ്പെട്ടു. പ്രതിയില്‍ നിന്ന് വളരെ പ്രാധാന്യമുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ ഉദ്യോഗസ്ഥര്‍ പ്രതിയുടെ മാനസികനിലയിലെ വ്യതിയാനം മനസ്സിലാക്കുകയും അതു പ്രകാരം സഹകരിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതി അയ്യങ്കാര്‍ സ്വന്തം ബ്രാന്‍ഡായ സിഗററ്റ് വലിച്ച് തീരുന്നത് വരെ അവര്‍ കാത്തിരുന്നു. കൂട്ടമായുള്ള ചോദ്യം ചെയ്യലില്‍ പ്രകൃതി അയ്യങ്കാര്‍ തീര്‍ത്തും നിസ്സഹകരണമായിരുന്നു. കുറച്ച് മിനുട്ടുകള്‍ക്കുശേഷം അന്വേഷണോദ്യോഗസ്ഥര്‍ ഓരോരുത്തരായി അവരെ ചോദ്യം ചെയ്യല്‍ തുടങ്ങി. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ അടച്ചിട്ട മുറിക്ക് പുറത്തിരിക്കുന്ന ഓഫീസര്‍മാര്‍ ലാപ് ടോപ്പിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പ്രകൃതി അയ്യങ്കാര്‍ സിഗററ്റ് കുറ്റി ആഷ് ട്രേയിലിട്ട് കസേരയില്‍ ചാരി കണ്ണുകളടച്ചിരുന്നു. ക്രൈംബ്രാഞ്ച് എ ഡി ജി പി മഹേഷ് ഭട്ട് ആണ് മുന്‍പിലെ കസേരയില്‍ ഇരിക്കുന്നത്.

'മിസ്സ് അയ്യങ്കാര്‍... ഒരിക്കലും നിങ്ങള്‍ക്ക് ഈ അറസ്റ്റില്‍ നിന്ന് ജാമ്യം കിട്ടുകയില്ല. എല്ലാ വസ്തുതകളും തുറന്നുപറയാതെ നിങ്ങള്‍ക്ക് ഒരു രക്ഷയും ഇല്ല. തികച്ചും മനുഷ്യദ്രോഹപരമായതും രാജ്യദ്രോഹപരമായതുമായ ഒരു പ്രവൃത്തിയിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരൊക്കെയുണ്ടെന്നും ആരാണ് നിങ്ങളെ ഇതില്‍ സഹായിക്കുന്നതെന്നും നിങ്ങള്‍ തുറന്ന് പറഞ്ഞേ പറ്റുകയുള്ളൂ.'

കസേരയില്‍ പുറകോട്ട് ചാഞ്ഞിരിക്കുന്ന പ്രകൃതി അയ്യങ്കാര്‍ പാറിപ്പറന്ന തലമുടി ഒരു കൈ കൊണ്ട് മാടിയൊതുക്കി ഒരു കാല്‍ മറ്റേ കാലില്‍ കയറ്റി വച്ച് ഇരുന്നു. നിര്‍വ്വികാരമായ ദൃഷ്ടിയോടെ പോലീസ് ഓഫീസറെ നോക്കി. എന്നിട്ട് സംസാരിക്കാന്‍ തുടങ്ങി.
‘‘ഞാനൊരു മാന്‍ ഈറ്ററാണ്. ഇത് കേട്ടപ്പോള്‍ നിങ്ങളുടെ മുഖത്ത് വന്ന അമ്പരപ്പും ഭീതിയും എനിക്ക് കാണാം. എന്നെപ്പോലെ മനുഷ്യമാംസം ഭക്ഷിക്കുന്നവര്‍ വേറെയും ഉണ്ട്. അറിഞ്ഞും അറിയാതെയും. നിങ്ങള്‍ കേട്ടിട്ടുള്ളതുപോലെ ആഫ്രിക്കന്‍ കാടുകളില്‍ മാത്രമല്ല. ഇങ്ങ് ഇന്ത്യയിലും. സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭീതിയില്‍ ആരും പുറത്ത് പറയാത്തതാണ്. മനുഷ്യമാംസം തിന്നാല്‍ പല ശക്തികളും കൈവരുമെന്ന് നിങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ടാവും. ഞാന്‍ ആദ്യമായി അത് ഭക്ഷിക്കുന്നത് എന്റെ കാമുകനായിരുന്ന അമര്‍ദീപിനൊപ്പം ആണ്. അന്നത് മനുഷ്യമാംസമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. അമ്മയും ഞാനും തികഞ്ഞ സസ്യാഹാരികള്‍ ആയിരുന്നു. അപ്പന്‍ ഭുവനേശ് അയങ്കാര്‍ മദ്യവും മാംസവും എല്ലാം ഭക്ഷിക്കുമായിരുന്നു. അമ്മയുടെ മരണശേഷം അപ്പന്‍ എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പനന്ന് പഞ്ചാബ് മിലിട്ടറി ക്യാമ്പില്‍ സീനിയര്‍ ഹവില്‍ദാറാണ്. മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് മിലിട്ടറി സ്‌കൂളിലാണ് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പഠനം നടന്നത്. പലപ്പോഴും അപ്പന്റെ ദുസ്വഭാവങ്ങള്‍ക്കെല്ലാം സാക്ഷിയാവേണ്ടി വന്നിട്ടുണ്ടായിരുന്നു. അമ്മ മരിച്ചു പോയ ഒരു കുഞ്ഞിന്റെ മാനസാകാവസ്ഥ താങ്കള്‍ ആലോചിച്ചു നോക്കൂ. അപ്പനാണ് വൈകാരികമായ സ്‌നേഹവും അടുപ്പവും തരേണ്ടത്. പക്ഷേ അയാള്‍ തികഞ്ഞ ഒരു ഫ്രോഡാണെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോവുകയായിരുന്നു. മനസ്സിലെ അസ്വസ്ഥതകള്‍ ഒന്ന് പങ്ക് വെക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.
അപ്പന്‍ രാവിലെ ഡ്യൂട്ടിയില്‍ കയറിയാല്‍ രാത്രി വൈകിയേ എത്താറുള്ളൂ. അടുത്ത ക്വാര്‍ട്ടേഴ്‌സിലെ പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യ വിജിയാന്റിയാണ് മിക്കപ്പോഴും എനിക്കുള്ള ഭക്ഷണം പോലും തരുന്നത്. അമ്മയില്ലാത്ത കൊച്ചല്ലേ എന്നൊരു വാത്സല്യം അവരെന്നോട് കാണിക്കാറുണ്ടായിരുന്നു. എനിക്കേറെ ഇഷ്ടമുള്ള വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കി വെച്ചവരെന്നെ വിളിച്ച് കഴിപ്പിക്കും. അപ്പോഴൊക്കെ കണ്ണില്‍ നിന്ന് വെള്ളം വരും. അത് കാണുമ്പോള്‍ അവരെന്നെ ആശ്വസിപ്പിക്കും. പക്ഷേ ആ അങ്കിളിനെ എനിക്ക് ഭയമായിരുന്നു. വളച്ചുവച്ച മീശയും പട്ടാള യൂണിഫോമും തോക്കുമെല്ലാം കാണുമ്പോള്‍ ഞാന്‍ ആന്റിയുടെ പിറകില്‍ ഒളിക്കും. പലപ്പോഴും കാണുമ്പോള്‍ അയാളെന്റെ ചിറിയില്‍ നുള്ളുന്നത് എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു.
അന്ന് എനിക്ക് സ്‌കൂള്‍ അവധിയായിരുന്നു. അപ്പന്‍ ഡ്യൂട്ടിയിലായിരുന്നു. കുറെ സമയം ഇരുന്ന് പഠിച്ചപ്പോള്‍ ബോറടിച്ചു. എങ്കില്‍ വിജിയാന്റിയോടും മോനോടും കൂടെ കുറച്ച് സമയം കളിച്ചും വര്‍ത്തമാനം പറഞ്ഞുമിരിക്കാമല്ലോന്ന് കരുതി അങ്ങോട്ട് ചെന്നു. ചാടിത്തുള്ളി ഉമ്മറത്തോട്ട് കേറി ചെന്നപ്പോ ആ അങ്കിളവിടെ ഇരുന്ന് തോക്കും ഷൂവുമെല്ലാം പോളിഷ് ചെയ്യുകയായിരുന്നു. ഭയത്തോടെയാണെങ്കിലും വിജിയാന്റിയും ചക്കരയുമെന്ത്യേ അങ്കിളേ… ന്ന് ചോദിച്ചു.
അയാള്‍ തലപൊക്കി ഒന്ന് സൂക്ഷിച്ച് എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, അകത്തുണ്ട് നീ അങ്ങോട്ട് ചെല്ലെന്ന്. ഞാന്‍ പറഞ്ഞ പ്രകാരം അകത്ത് കേറി നോക്കി. അവിടെ ആരെയും കണ്ടില്ല.

ഇവിടാരും ഇല്ലല്ലോ അങ്കിളേന്നും പറഞ്ഞ് തിരിഞ്ഞപ്പോള്‍ കണ്ടത് അയാള്‍ റൂമില്‍ക്കയറി വന്ന് വാതില്‍ കുറ്റിയിടുന്നതാണ്. പേടിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ച എന്നെ അയാള്‍ പൊക്കിയെടുത്ത് കട്ടിലിലിട്ട് കൈ രണ്ടും കട്ടിലിന്റെ തലക്കലോട്ട് പിടിച്ചുകെട്ടി. ഉറക്കെ കൈകാലിട്ടടിച്ച് അലറിക്കരഞ്ഞ എന്നെ അയാള്‍ ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചു. എന്റെ വായിലേക്കയാള്‍ അയാളുടെ ഊരിയ അടിവസ്ത്രം തിരുകി. ശ്വാസം പോലും കിട്ടാതെ അലറിക്കരഞ്ഞ എന്റെ ഒച്ച വെറും ഞരക്കവും തേങ്ങലുമായി ആ മുറിയില്‍ മുഴങ്ങി. കരയുന്തോറും അയാള്‍ക്ക് ആവേശം കൂടി വരികയായിരുന്നു. കാലുകള്‍ ക്കിടയിലൂടെ മൂര്‍ച്ചയേറിയ എന്തോ ഒന്ന് തുളച്ചു കൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി. മൂര്‍ച്ചയേറിയ കഠാര കൊണ്ട് ശരീരം വെട്ടിപ്പൊളിക്കുന്നത് പോലെയാണ് തോന്നിയത്. പേടിച്ചെനിക്ക് ബോധം പോയിരുന്നു.

അല്പസമയത്തിന് ശേഷം അയാള്‍ എന്റെ ദേഹത്ത് നിന്ന് എണീറ്റ് വാതില്‍ തുറന്ന് പുറത്തുപോയി. ചോരയൊലിക്കുന്ന തുടയും കാലുകളുമായി ഞാന്‍ വേച്ച് വേച്ച് വീട്ടിലെത്തി. വെള്ളമൊഴിക്കുമ്പോള്‍ നീറുന്ന ദേഹം പൊത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കുറെ സമയം. രാത്രി അപ്പന്‍ വരുമ്പോള്‍ പറയാമെന്ന് ചെറിയൊരു ആശ്വാസത്തിലായിരുന്നു. പക്ഷേ അവിടെയും കാത്തിരുന്നത് ക്രൂരത തന്നെയായിരുന്നു. രാത്രി ഏറെ വൈകിയാണ് അപ്പന്‍ വന്നതെന്ന് മാത്രമല്ല, അപ്പനെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കൊണ്ടുവന്നത് ആ നീചന്‍ തന്നെയാണെന്നത് എന്റെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി. അയാള്‍ അപ്പനെ ഉള്ളില്‍ കൊണ്ടുപോയിക്കിടത്തി ഒരു മദ്യക്കുപ്പിയും എടുത്ത് കസേരയില്‍ വന്നിരുന്നു.' കുറച്ച് വെള്ളമിങ്ങെടുത്തേ മോളേ ' എന്ന തേന്‍ പുരട്ടിയ വിളി കേട്ടപ്പോ ഇനി രക്ഷയുണ്ടാവില്ലെന്ന് ഉറപ്പു തോന്നിയപ്പോള്‍ അടുക്കള വാതില്‍ തുറന്ന് ഇരുട്ടിലൂടെ ഓടിയത് അമര്‍ ദീപിന്റെ താമസസ്ഥലത്തെത്തിയപ്പോഴാണ് നിന്നത്. അപ്പനില്‍ നിന്നുള്ള സംരക്ഷണം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ സഹിക്കാനാവാതെയാണ് വീടുവിട്ടിറങ്ങുന്നത്. അവിടുന്നങ്ങോട്ട് അമര്‍ദീപിന്റെ സഹചാരിയാവുകയായിരുന്നു. അക്കാലത്താണ് ഞാന്‍ കരാട്ടെ പഠിക്കുന്നതും ബ്ലാക്ക് ബെല്‍ട്ട്‌നേടുന്നതും. തെരുവില്‍ ജീവിക്കുന്ന ഒരു പെണ്ണിന് സ്വയരക്ഷക്ക് ഇതെല്ലാം കൂടിയേ കഴിയൂ. അവന്‍ മാംസക്കടത്തിന്റെയും മയക്കുമരുന്നു കടത്തിന്റെയും കണ്ണിയാണെന്ന് അറിയാമായിരുന്നെങ്കിലും വൈകാരികമായ പങ്കു വെക്കലിനും സ്‌നേഹത്തിനും മറ്റാരും ഇല്ലാത്തതിനാലും പലതും കണ്ടില്ലെന്ന് വക്കാറായിരുന്നു. പക്ഷേ അവന്റെ സഹവാസം കൊണ്ട് ഞാനും ക്രമേണ മയക്കുമരുന്നിന് അടിമയാവുകയായിരുന്നു.

അവിടെയും ഞാന്‍ തോറ്റുപോവുകയായിരുന്നു. അവന് മറ്റു പല സ്ത്രീകളുമായും അടുപ്പമുണ്ടെന്ന് അറിയാനിടയായപ്പോള്‍ ശരിക്കും മാനസികമായി തകര്‍ന്നു. എല്ലായ്​പ്പോഴും തീവ്രമായ സ്‌നേഹത്തിനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ അവിടെയും ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ് അമര്‍ദീപിനെ മൂന്ന് നാല് സ്ത്രീകളോടൊപ്പം ഏറ്റവും മോശമായ രീതിയില്‍ കാണാനിടയായത്.മനസ്സ് തീര്‍ത്തും മരവിച്ചു പോയി. അവനെ ഒന്നും അറിയാത്തത് പോലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി തികച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.’’

ഇത്രയും പറഞ്ഞതിനുശേഷം പ്രകൃതി അയ്യങ്കാര്‍ മുന്നിലുള്ള മിനറല്‍ വാട്ടറിന്റെ ബോട്ടിലില്‍ നിന്ന് മൂന്നാല് കവിള്‍ വെള്ളം കുടിച്ച് ഒരു ദീര്‍ഘനിശ്വാസത്തോടെ കസേരയില്‍ ചാഞ്ഞിരുന്നു. ദൃഷ്ടികള്‍ മുകളിലേക്കുയര്‍ത്തി തുടര്‍ന്നു.

‘‘അവന്റെ ശരീരം മുറിച്ച് പല ഭാഗങ്ങളാക്കി വ്യത്യസ്ത ക്യാരി ബാഗുകളിലാക്കി മാന്‍ ഈറ്റേഴ്‌സ് മായി ബന്ധമുള്ള ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തത്. ഞാന്‍ ആദ്യമായി ചെയ്ത മാംസ കച്ചവടം പ്രിയപ്പെട്ടവന്റെ തന്നെ ശരീരമായിരുന്നു. പിന്നീട് ആ കണ്ണിയില്‍ അറിയാതെ ഞാനും അംഗമാവുകയായിരുന്നു.
നിങ്ങള്‍ക്കറിയാമോ? ലോകത്തില്‍ ഏറ്റവും രുചിയുള്ള ഇറച്ചി മനുഷ്യന്റെ ഇറച്ചിയാണ്. പക്ഷേ വില വളരെ കൂടുതലാണ്. മനുഷ്യമാംസം ഭക്ഷിക്കുന്നവര്‍ ഇവിടെ ഇന്ത്യയിലും ഉണ്ട്. ബാംഗ്ലൂരിലും ചെന്നൈയിലും എന്ന് വേണ്ട, വിവിധ സംസ്ഥാനങ്ങളിലും അതിനുള്ള ഏജന്‍സികള്‍ ഉണ്ട്. നരഭോജികളായി ധാരാളം ആളുകളുണ്ട്. ആരും സമൂഹത്തെ ഭയന്ന് പുറത്ത് പറയുന്നില്ലെന്ന് മാത്രം. നല്ല മനുഷ്യ ഇറച്ചി ശേഖരിച്ച് വിതരണം ചെയ്യുന്ന ഏജന്‍സികളുണ്ട്. ഞാന്‍ കഴിച്ചിട്ടുള്ളതില്‍ആഫ്രിക്കന്‍ പെണ്ണുങ്ങളുടെ ഇറച്ചിക്കാണ് സ്വാദ് കൂടുതല്‍. ആണിന്റെ ഇറച്ചിക്ക് രുചി കുറയും. പുരുഷലിംഗം ഛേദിച്ച് റോസ്റ്റ് രൂപത്തിലാക്കിയാല്‍ അസാധ്യ രുചിയാണത്രെ. അത് ഞാന്‍ ഭക്ഷിച്ചിട്ടില്ല.’’

അന്ന് ഉച്ചക്ക് കഴിച്ച കല്ലുമ്മക്കായ റോസ്റ്റ് ചങ്കില്‍ വന്ന് കുത്തുന്നതായി മഹേഷ് ഭട്ടിന് തോന്നി. അയാള്‍ക്ക് ഓക്കാനം വന്നു.

പ്രകൃതി അയ്യങ്കാര്‍ തുടര്‍ന്നു.
‘‘ഞങ്ങള്‍ ശവം തിന്നാറില്ല. നല്ല ആരോഗ്യമുള്ളവരെ കൊണ്ടുവന്ന് കൊന്ന് തിന്നുകയാണ് പതിവ്. എന്തെങ്കിലും മാറാവ്യാധികള്‍ ഉണ്ടോ എന്ന് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം ആരോഗ്യമുള്ള ശരീരമാണെന്ന് തീര്‍പ്പു കല്പിച്ചിട്ടേ കൊല്ലാറുള്ളൂ.’’

രണ്ടാഴ്ച മുന്നെ കേരളത്തില്‍ നിന്ന് ബാംഗ്ലൂരില്‍ പഠിക്കാനെത്തിയ ഒരു പെണ്‍കുട്ടിയുടെ മിസ്സിംഗ് കേസ് മഹേഷ് ഭട്ടിന് ഓർമ വന്നു. നിഗം പാക്കംസ് റ്റേഷനില്‍ നിന്ന് മിസ്സിംഗ് ആയ പോലീസ് കാരനും എന്താവും സംഭവിച്ചിരിക്കുക എന്ന ഏകദേശ ധാരണ അയാള്‍ക്ക് ലഭിച്ചു.
മനുഷ്യമാംസം അധികം സൂക്ഷിച്ചുവക്കാന്‍ സാധ്യമല്ല. പെട്ടെന്ന് സ്വാദ് മാറും. രാത്രിയോടെയാണ് കൊല നടക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്കുള്ളില്‍ പാചകം തീരും. പിന്നെ രാത്രി മുഴുവന്‍ ആഘോഷമായിരിക്കും. പാകം ചെയ്ത ഇറച്ചിയാണ് ചീത്തയാവാത്ത തരത്തില്‍ പാക്ക് ചെയ്ത് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത്.

‘‘മിസ് അയ്യങ്കാര്‍. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ. ഇത് വളരെയധികം സീരിയസ്സായ ഒരു കുറ്റകൃത്യമാണ്. നരഹത്യയും മാംസക്കടത്തും ജാമ്യം പോലും കിട്ടാത്ത കേസാണ്. നിങ്ങള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ ഉള്ള പങ്ക് നിങ്ങള്‍ പറഞ്ഞ് കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഈ കണ്ണിയിലുള്ള നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ ആളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ തരേണ്ടി വരും. ആദ്യാവസാനം മനുഷ്യമാംസക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, നിങ്ങള്‍ക്കറിയാവുന്ന എല്ലാവരുടെയും വിശദവിവരങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.അതിന് നിങ്ങള്‍ സഹകരിച്ചേ പറ്റൂ. ഇതൊരു അന്താരാഷ്ട്ര കേസാണ്. സ്റ്റേഷന്‍ ആക്രമണം മാവോയിസ്റ്റ് ആക്രമണമെന്ന ലേബലില്‍ചിന്തിക്കാന്‍ സാധിക്കില്ല. അവിടെയും ഒരാള്‍ മിസ്സിംഗ് ആയിരിക്കുന്നു. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ വലിയൊരു ശൃംഖലയിലെ ഒരു കണ്ണിയാണ് താങ്കള്‍. വലിയ തിമിംഗലങ്ങളെ കുടുക്കാന്‍ മനസ്സാക്ഷിയുടെ പേരില്‍ നിങ്ങള്‍ സഹകരിക്കണം.മനുഷ്യ ദ്രോഹപരമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിച്ചേ പറ്റുകയുള്ളൂ.’’

‘എനിക്ക് കുടിക്കാന്‍ അല്പം വെള്ളം വേണം', പ്രകൃതി അയ്യങ്കാര്‍ ഒഴിഞ്ഞ വെള്ളക്കുപ്പിയില്‍ നോക്കി പറഞ്ഞു.

ടേബിളിന്റെ അങ്ങേ അറ്റത്തിരിക്കുന്ന ബോട്ടില്‍ എടുക്കാന്‍ എഴുന്നേറ്റതും അപ്രതീക്ഷിതമായി നട്ടെല്ലിന് പുറത്ത് മര്‍മ്മസ്ഥാനത്ത് തന്നെ ഒരു പ്രഹരമേറ്റ്​ മഹേഷ് ഭട്ട് വീണു. നട്ടെല്ലില്‍ നിന്ന് സുഷുമ്‌നയിലൂടെ തലച്ചോറിലേക്ക് പാഞ്ഞ മിന്നല്‍പ്പിണറില്‍ കണ്ണുകള്‍ക്ക് ചുറ്റും എന്തൊക്കെയോ പ്രകാശദീപ്തിയും ചെവിയൊന്നാകെ കൊട്ടിയടച്ചത് പോലെയും അയാള്‍ക്ക് തോന്നി. തൊണ്ടക്കുഴിയില്‍ നിന്ന് പൊങ്ങിയ ആര്‍ത്തനാദം അവിടെത്തന്നെ പുറത്ത് കടക്കാനാവാതെ പ്രകമ്പനം കൊണ്ടു. വീണ വീഴ്ചയില്‍ പോക്കറ്റില്‍ നിന്ന് ഉതിര്‍ന്ന് പോയ സര്‍വ്വീസ് റൈഫിള്‍ മുറിയുടെ ഒരു മൂലയില്‍ ചെന്ന് വീണു. ഒരൊറ്റ ചാട്ടത്തില്‍ പ്രകൃതി അയ്യങ്കാര്‍ റൈഫിള്‍ കൈക്കലാക്കി. അബോധാവസ്ഥയിലായ മഹേഷ് ഭട്ടിന് നേരെ ഒരു തവണ നിറയൊഴിച്ചു.

‘‘ഇത് എന്റെ കൂട്ടാളികള്‍ക്ക്... വേണ്ടി. അവരെ സംരക്ഷിക്കേണ്ടത് പാരസ്പര്യത്തിന്റെയും സഹവാസത്തിന്റെയും പേരില്‍ എന്റെ കടമയാണ്.’’

ഇത്രയും പറഞ്ഞ് പ്രകൃതി അയ്യങ്കാര്‍ റൈഫിള്‍ സ്വന്തം ഇടതു ചെവിക്ക് മുകളിലായി ഉന്നം വെച്ചു. ഒരു വെടിയൊച്ച കേട്ടപ്പോള്‍ തന്നെ പുറത്ത് കാവല്‍ നിന്നിരുന്ന പാറാവുകാര്‍ വാതില്‍ ഇടിച്ചു തുറന്ന് അകത്ത് കയറിയപ്പോഴേക്കും രണ്ടാമത്തെ വെടിയൊച്ചയില്‍ ക്രൈം ബ്രാഞ്ച് ഓഫീസും പരിസരവും പ്രകമ്പനം കൊണ്ടു. രണ്ട് ശരീരങ്ങള്‍ ചോദ്യവും ഉത്തരവുമായി നിശ്ചലമായി.

‘‘യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിന്‍ നമ്പര്‍ 11808 കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്‌സ്പ്രസ്സ് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്നു.’’

ട്രെയിന്‍ ചെന്നൈ സ്റ്റേഷനില്‍ എത്തിയ അറിയിപ്പ് കേട്ട് ഒന്ന് മയങ്ങിപ്പോയിരുന്ന നീലകണ്​ഠൻ പരമാര പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീറ്റ് ബാഗെടുത്ത് ധൃതിയില്‍ട്രെയിനില്‍ നിന്നിറങ്ങി. അയാള്‍ പ്ലാറ്റ്‌ഫോമിലുടെ സ്റ്റേഷന്റെ പ്രവേശന കവാടത്തിനുനേരെ നടന്നു. അപ്പോള്‍ മുന്നിലെ റോഡിലൂടെ രണ്ട് ആംബുലന്‍സുകളും പിന്നാലെ പോലീസ് വണ്ടികളും ചീറിപ്പാഞ്ഞ് പോകുന്നതുകണ്ടപ്പോള്‍ അടിവയറ്റില്‍ നിന്ന് തികട്ടിവന്ന ഭീതിയുടെ ആന്തലോടെ പരമാര പാതയുടെ ഓരത്തേക്ക് തന്നെ ഒളിപ്പിച്ചു.

(അവസാനിച്ചു)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments