ചിത്രീകരണം : രാജേഷ് ചിറപ്പാട്

കരിന്തേൾ

അധ്യായം ഒമ്പത്​

പിറ്റേന്നുരാവിലെ തന്നെ ട്രക്കും സാധനങ്ങളും റെഡിയായി. ഉടനെ തന്നെ എല്ലാവരും തിരിച്ചുള്ള യാത്രക്കുള്ള തയ്യാറെടുപ്പായി. പക്ഷേ പരമാരയെ അവിടെയെങ്ങും കാണുന്നില്ല. എല്ലായിടത്തും തിരഞ്ഞപോൾ ബംഗ്ലാവിൻ്റെ പുറകുവശത്തെ ഒറ്റയടിപ്പാതയിൽ പരമാര ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മുഖത്ത് വെള്ളം തളിച്ചപ്പോൾ അയാൾ ഭീതിയോടെയും അമ്പരപ്പോടെയും കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു.

തലേന്ന് രാത്രി കണ്ട ആ യൂണിഫോംധാരികളെ രാവിലെയൊന്നും തന്നെ ആ വഴിയിലൊന്നും കണ്ടില്ല. ഈ വിവരങ്ങളെല്ലാം കൂടെയുള്ളവരോട് പറയാൻ പരമാരക്ക് ഭയം തോന്നി.

തിരിച്ചുള്ള യാത്രയിൽ പരമാര തികച്ചും മൂകനായിരുന്നു.

ആ സമയമാണ് കയ്യിലണിഞ്ഞ ലോഹവളയം എവിടെയോ കൈമോശം വന്നതായി അയാൾക്ക് മനസ്സിലായത്. എത്ര ചിന്തിച്ചിട്ടും അത് എവിടെയായിരിക്കും നഷ്ടപ്പെട്ടിരിക്കുക എന്നയാൾക്ക് ഓർത്തെടുക്കാൻ പറ്റിയില്ല. സുഹൃത്തുക്കളുടെ ബിസിനസ്​ ആവശ്യവുമായി ബന്ധപ്പെട്ട് വേറെയും ചില സ്ഥലങ്ങളിലൂടെ യാത്ര ചെയ്തതിനുശേഷം അന്ന് രാത്രിയാണ് തിരിച്ച് ടൂറിസ്റ്റ് ബംഗ്ലാവിൽ എത്തിയത്. ഗെറ്റ് ടുഗദർ ഫങ്ഷൻ കഴിയാൻ ഇനിയും രണ്ട് ദിവസം കൂടി ബാക്കിയുണ്ട്.

അന്ന് രാത്രി ബൊഫേ ഹാളിൽ വിവിധ തരം മാംസ വിഭവങ്ങളായിരുന്നു സ്പെഷ്യൽ. തലേദിവസത്തെ മനംപിരട്ടൽ മാറിയിട്ടില്ലാത്തതിനാൽ പരമാര ആ ഭാഗത്തേക്ക് നോക്കിയതുപോലുമില്ല. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചു. അന്ന് രാത്രി എന്തെങ്കിലും അസ്വാഭാവികമായി സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ തന്നെ പരമാര തീരുമാനിച്ചു. ധാരാളം പ്രോഗ്രാമുകൾ അന്നത്തെ അജണ്ടയിലും ഉണ്ട്. രാത്രിയിലാണ് പരിപാടികളെല്ലാം ചാർട്ട് ചെയ്തിട്ടുള്ളത്. പകൽ സമയത്ത് എല്ലാവർക്കും സ്വതന്ത്രമായി അവരവർക്കിഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടാം. പലരും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും ചുറ്റിയടിക്കാനുമെല്ലാം ആ സമയങ്ങൾ വിനിയോഗിച്ചു. അന്നത്തെ മുഖ്യാതിഥി ഡി ജി പി വെങ്കിടാചലപതിയും ഉദ്ഘാടനം ചെയ്യുന്നത് സാംസ്കാരിക വകുപ്പ് മന്ത്രി ചിന്നദുരൈയുമാണ്.

ചടങ്ങുകൾ തുടങ്ങി അല്പസമയം കഴിഞ്ഞപ്പോഴേക്ക് സ്റ്റേജ് പോഗ്രാമുകൾ തുടങ്ങിയിരുന്നു. പരമാര ഹാളിൻ്റെ ഇടതുഭാഗത്ത് ഏറ്റവും അവസാനത്തെ വാതിലിനടുത്ത ടേബിളാണ് ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുത്തത്.ആ വാതിലാണ് കഴിഞ്ഞ ദിവസം ഇലക് ട്രിസിറ്റി ഓഫായ സമയത്ത് തുറക്കുന്നതും അടക്കുന്നതുമായ ശബ്ദം കേട്ടത്. പരമാര വളരെ ശ്രദ്ധയോടെ ആലു പറാത്ത പനീർ ബട്ടർ മസാലയിൽ മുക്കി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ടേബിളിലും നാലു പേർ വീതമുണ്ട്. പല തരത്തിലുള്ള നാടൻ ആൽക്കഹോളിക് ഡ്രിങ്ക്സും നിരത്തി വച്ചിരിക്കുന്നത് പരമാര ശ്രദ്ധിച്ചു.

മഹുവ, ടോങ്ബ എന്ന് പേരുള്ള ഒരു തരം ഹോട്ട്ബീർ, പറങ്കിമാങ്ങയിൽ നിന്നുണ്ടാക്കുന്ന ഒരു തരം ചാരായ മായ ഫെനി, പഴങ്ങൾ ഫെർമെൻ്റേഷൻ നടത്തി ഉണ്ടാക്കുന്ന ഘാൻ്റി, അരിയിൽ നിന്നുണ്ടാക്കുന്ന ഒരു തരം ബിയർ ആയ ഹാൻഡിയ എന്നിങ്ങനെ വിവിധ തരം പാനീയങ്ങൾ മനോഹരമായ ചൈനീസ് ഡിഷുകളിൽ നിരത്തി വച്ചിരിക്കുകയാണ്. പ്രോഗ്രാമുകൾ കൃത്യമായി സ്റ്റേജിൽ അരങ്ങേറുകയാണ്. ജാർഖണ്ഡിലെ ഒരു ആദിവാസി സമൂഹമായ 'മുണ്ട' സമുദായത്തിൻ്റെ നൃത്തരൂപമായ 'പൈക' ആണ് വേദിയിൽ. ആയോധന കലകൾ മിക്സ് ചെയ്ത ഒരു നൃത്തമാണത്.

അതേസമയം ആളുകൾ തിന്നും കുടിച്ചും ഉന്മത്തരായി കാണപ്പെട്ടു. പ്രകൃതി അയ്യങ്കാർ മുടി പുട്ട് അപ് ചെയ്ത് മനോഹരമായ ബ്ലൂ കാഞ്ചീപുരം സാരിയും ഡിസൈനർ ബ്ലൗസുമിട്ട് അത്യന്തം ലാവണ്യവതിയായി ഹാളിലുള്ളവരോടെല്ലാം കുശലം പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. മസ്കാരയിട്ട കണ്ണുകളിൽ ആകാശ നീലകളറിലുള്ള ഐ ലെൻസ് വളരെ ആകർഷണീയമായി കാണപ്പെട്ടു. സ്റ്റേജിൽ ഹിന്ദുസ്ഥാനി സംഗീതത്തോടൊപ്പം ചുവടു വെക്കുന്ന സുന്ദരികളായ നർത്തകികൾ.

പെട്ടെന്ന് ഹാളിലെ വെളിച്ചം നിലച്ചു.
മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ പരമാര വാതിൽ തുറക്കുന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോഴേക്ക് വാതിലിനടുത്തേക്ക് പതിയെ നീങ്ങിയിരുന്നു. പെട്ടെന്ന് ഓടി വന്ന ആരുടെയോ ദേഹത്ത് തട്ടി പരമാര വാതിലിനപ്പുറത്തെ കൽപ്പടവുകളിലേക്ക് മറിഞ്ഞു വീഴുകയും ഉടനെ തന്നെ ആ വാതിൽ അടയുകയും ചെയ്തു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അയാൾക്ക് അല്പനേരത്തേക്ക് ഒരു വിഭ്രമം അനുഭവപ്പെട്ടു. കൽപ്പടവുകളിൽ തട്ടി തലയിൽ നിന്ന് ഒലിച്ചു വന്ന ചോര കോട്ടിൻ്റെ തുമ്പു കൊണ്ടയാൾ തുടച്ചു.

നല്ല ഇരുട്ടാണ്.
ഒരു കൊടും കാടാണത് എന്നയാൾക്ക് മനസ്സിലായി. ആരാണ് ഹാളിൽ നിന്ന് തന്നെ വീഴ്ത്തി ഓടിക്കളഞ്ഞിട്ടുണ്ടാവുക എന്നയാൾ അത്ഭുതപ്പെട്ടു. ഇതൊരു രഹസ്യവഴിയായിരിക്കും എന്നയാൾ ഊഹിച്ചു. ദുരൂഹതകളുടെ കടൽ തന്നെയാണല്ലോ ഇതെല്ലാം എന്നയാൾ മനസ്സിൽ കരുതി.

പായൽ മൂടിയ കൽപ്പടവുകൾ അവസാനിക്കുന്നിടത്താണിപ്പോൾ പരമാര നിൽക്കുന്നത്. കുറ്റാക്കുറ്റിരുട്ടാണ്. വൻ വൃക്ഷങ്ങൾക്കിടയിലൂടെ ചെറിയ പ്രകാശം അരിച്ചിറങ്ങുന്നുണ്ട്. കുറച്ചകലെ നിന്ന് ബൂട്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഇടക്ക് ഏതൊക്കെയോ രാപ്പക്ഷികളുടെ ഭീതിപ്പെടുത്തുന്ന ഒച്ചയും. അയാൾ അല്പദൂരം പതിയെ ഒച്ചയുണ്ടാക്കാതെ മുന്നോട്ട് നടന്നു.

കുറച്ചകലെയായി ഇരുട്ടിൽ നിഴൽ പോലെ ഒരു മരക്കുടിൽ കാണുന്നു. മരക്കുടിലിൻ്റെ വാതിലിൻ്റെ ഭാഗത്ത് മുളങ്കുറ്റി തുണിയും വൈക്കോലും ചുറ്റി കത്തിച്ചുവച്ചിരിക്കുന്ന ഒരു പന്തം. അതിൻ്റെ വെളിച്ചം ആ മരക്കുടിലിനുള്ളിലേക്കും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ട തലയിൽ തൊപ്പിയും പച്ച നിറത്തിലുള്ള കോട്ടും ധരിച്ച് അരയിലെ ബെൽട്ടിൽ ഒരു തോക്കും തിരുകി വച്ച ഒരു രൂപം കുടിലിന് മുൻപിൽ തോക്കും പിടിച്ച് കാവൽ നിൽക്കുന്നുണ്ട്. പരമാര പതിയെ കരിയിലകളിൽ ചവിട്ടാതെ ഒച്ചയുണ്ടാക്കാതെ മറ്റൊരു വൻ വൃക്ഷത്തിൻ്റെ പുറകിലേക്ക് മാറി. അവിടെ നിന്നാൽ കുടിലിന് ഉൾവശം പകുതിയോളം ഭാഗം കാണാം. പരമാര ഷോർട്സിൻ്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വീഡിയോ ബാക്ക് കാമറ ഓൺ ചെയ്ത് ടീഷർട്ടിൻ്റെ പോക്കറ്റിൽ ഇട്ടു.കുടിലിനുള്ളിൽ ഒരു മരക്കട്ടിലിൻ്റെ കാലിനോട് ചേർത്ത് ഒരു മനുഷ്യനെ വായിൽ തുണി തിരുകിയ രീതിയിൽ കെട്ടിയിട്ടിരിക്കുന്നു. അത് ഒരു പുരുഷനായിരുന്നു. ബോധം കെടുത്തിയിരിക്കുകയാണെന്ന് തോന്നുന്നു. മറ്റാരെയും അവിടെയെങ്ങും കാണുന്നില്ല. ആ കുടിലിനുള്ളിൽ ഭക്ഷണസാധനങ്ങളും കുടിവെള്ളവും ടോയ്ലറ്റ് കടലാസും മദ്യവും എല്ലാമുണ്ടായിരുന്നു. ചെറിയൊരു ജനറേറ്ററും അവിടെ കണ്ടു. പക്ഷേ അത് പ്രവർത്തിപ്പിച്ച് കണ്ടില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോൾ മരക്കുടിലിൻ്റെ പുറകുവശത്ത് നിന്ന് ഒരു വെളിച്ചം കുടിലിനടുത്തേക്ക് വരുന്നതായി കണ്ടു. അത് ഒരു മൊബൈൽ ടോർച്ചിൽ നിന്നുള്ള വെളിച്ചമായിരുന്നു. ടോർച്ചിൻ്റെ പ്രകാശം കാരണം മുഖം വ്യക്തമായി കാണുന്നില്ല. പക്ഷേ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് അതൊരു സ്ത്രീരൂപമായിരുന്നെന്ന് പരമാരക്ക് മനസ്സിലായി. ആ രൂപം അടുത്തേക്ക് വന്നപ്പോൾ അയാൾ ഞെട്ടലോടെ മനസ്സിലാക്കി, അത് പ്രകൃതി അയ്യങ്കാർ ആയിരുന്നു. അവർ ധൃതിയിൽ വന്ന് മരക്കുടിലിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി വാതിലടച്ചു. ഉള്ളിലെന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ആന്തലോടെ അയാൾ പതിയെ നീങ്ങി കാവൽക്കാരൻ്റെ ശ്രദ്ധയിൽ പെടാതെ മരക്കുടിലിൻ്റെ ഒരു വശത്തുള്ള വിടവിലൂടെ നോക്കി. പോക്കറ്റിലെ ക്യാമറ ഉള്ളിലുള്ള എല്ലാ ദൃശ്യങ്ങളും പതിയത്തക്ക വിധം വെച്ചു.

പ്രകൃതി അയ്യങ്കാർ അയാളുടെ കൈകാലുകളിലെ കെട്ടുകൾ അഴിച്ചു മാറ്റി. വായിൽ തിരുകിയ തുണിയെടുത്ത് ദൂരെക്കളഞ്ഞു. ബോധമില്ലാത്ത അയാൾ കമിഴ്ന്നടിച്ച് തറയിൽ വീണു. അവർ അയാളുടെ പുറത്തിരുന്ന് ഇരുകവിളിലും ആഞ്ഞാഞ്ഞടിച്ചു. അയാൾ പതുക്കെ കണ്ണുകൾ തുറന്നു. അവരയാളെ താങ്ങി കട്ടിലിൻ്റെ കാലിനോട് ചേർത്ത് ഇരുത്തി. മരക്കുടിലിൻ്റെ മൂലയിൽ ഒരു ട്രങ്ക് പെട്ടിയുണ്ടായിരുന്നു. പ്രകൃതി അയ്യങ്കാർ ആ പെട്ടിയുടെ പുറത്ത് കയറി കാലുകൾ കുന്തിച്ചിരുന്നു. വിദേശ നിർമ്മിത ബിയറിൻ്റെ ഒരു ബോട്ടിൽ പൊട്ടിച്ച് ഒരു പാട്ടയിലൊഴിച്ച് പകുതിയോളം വലിച്ച് കുടിച്ച് ബാക്കി പകുതി അയാളുടെ വായിലൊഴിച്ച് കൊടുത്തു. കുറെ മദ്യം അയാളുടെ കടവായിലൂടെ പുറത്തേക്കൊഴുകി.

തുറന്ന വായിലേക്ക് നീല നിറത്തിലുള്ള എന്തോ ഒരു വസ്തു അവർ തിരുകിക്കൊടുത്തു. അല്പസമയം കഴിഞ്ഞപ്പോൾ അയാൾ ഒന്ന് കൂടി ബോധത്തിലേക്ക് വന്നതായും കണ്ണുകളിൽ അസാധാരണമായ തെളിച്ചം വന്നതായും അനുഭവപ്പെട്ടു.പ്രകൃതി അയ്യങ്കാർ ഒരു കാർട്ടിയർ സിഗററ്റിൻ്റെ പാക്കറ്റ് പൊട്ടിച്ച് ഒന്നെടുത്ത് കത്തിച്ച് പുകയെടുക്കാൻ തുടങ്ങി. പകുതി എരിഞ്ഞ് തീർന്ന സിഗററ്റ് കുറ്റി വലത്തേ കൈയുടെ ചുണ്ടുവിരലിൻ്റെയും നടുവിരലിനുമിടയിൽ വച്ച് പതിയെ എഴുന്നേറ്റു. അവരുടെ സാരിത്തലപ്പ് തോളിൽ നിന്നൂർന്നു വീണു.

അയാൾക്ക് പരിപൂർണമായും ബോധം വന്നെന്നു തോന്നുന്നു. പതിയെ കണ്ണു തുറന്ന് താൽപര്യത്തോടെ മുന്നിലുള്ള സ്ത്രീരൂപത്തെ നോക്കി. അവർ അടുത്ത ബിയർ ബോട്ടിലും പൊട്ടിച്ച് ഒന്നാകെ വായിലേക്ക് കമിഴ്ത്തി. പകുതിയെരിഞ്ഞ സിഗററ്റ് കുറ്റികൊണ്ട് അയാളുടെ ചുണ്ടുകളിൽ ചിത്രം വരച്ചു. അയാൾ വേദന കൊണ്ട് പുളയുന്നു. കയ്യിലെ കെട്ടഴിക്കാതെ അവരയാളെ പതിയെ എഴുന്നേറ്റു നിർത്തി. ഭയമോ പരിഭ്രമമോ അയാളുടെ കണ്ണുകളിൽ തെളിഞ്ഞു. മദ്യം തലക്ക് പിടിച്ച പ്രകൃതി അയ്യങ്കാർ വസ്ത്രങ്ങൾ വലിച്ചൂരിക്കളഞ്ഞ് സ്വയം വിവസ്ത്രയായി. തേളുകളെ പച്ചകുത്തിയ നാഭീതടം വിറച്ചു.

സിഗററ്റ് കുറ്റികൾ അയാളുടെ ദേഹമാകെ ചുംബിക്കുന്നു. രോമവും ഇറച്ചിയും വെന്തമണം പ്രകൃതി അയ്യങ്കാർ സ്വന്തം ചുണ്ടുകൊണ്ടും മൂക്കു കൊണ്ടും ഒപ്പിയെടുക്കുകയാണ്. ഒപ്പം സ്വന്തം ശരീരത്തെയും അവർ താലോലിക്കുന്നു. ഭീതിക്കും വേദനക്കും ഇടയിലും അയാൾ അതിതീവ്രമായി ഉണർന്നത് കണ്ട് പ്രകൃതി അയ്യങ്കാർ അയാളെ പൊക്കി ചുമരിനോട് ചേർത്തുനിർത്തി ഒരേസമയം ഒരു കൈ കൊണ്ട് താലോലിക്കുകയും മറ്റേ കൈ കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിക്കുകയും ചെയ്തു. അതിനുശേഷം ആർത്തിയോടെ ആ ഉടലിനെ തൻ്റെ ഉടലിലേക്ക് ആവാഹിച്ചു. അല്പനേരത്തെ ഭ്രാന്തമായ തീക്ഷ്ണചലനങ്ങൾക്ക് ശേഷം ശാന്തയായി അവർ ആ ശരീരത്തിൽ നിന്ന് അടർന്ന് മാറുന്നു.

പിന്നീട് സംഭവിച്ചത് തീർത്തും ബീഭത്സമായതാണ്. അവർ ആ ട്രങ്ക് പെട്ടി തുറന്ന് ഒരു മൂർച്ചയേറിയ വാളെടുത്ത് അയാളുടെ പുരുഷത്വത്തെ ഒരു വാഴത്തടവെട്ടുന്ന ലാഘവത്തോടെ അരിഞ്ഞ് താഴെയിട്ടു. അതിനുശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു തളികയിൽ വച്ചു. വേദന കൊണ്ട് അലറിക്കരഞ്ഞ അയാൾ താഴെ വീണു. താഴെ വീണ വസ്ത്രങ്ങൾ വാരിയുടുത്ത് അവർ വാതിൽ തുറന്ന് ഇരുട്ടിൽ എങ്ങോട്ടോ അപ്രത്യക്ഷമായി. പ്രകൃതി അയ്യങ്കാരുടെ പുതിയ രൂപവും ഭാവവും പ്രവൃത്തിയും അയാളെ ഭയചകിതനാക്കി. അയാൾക്ക് ബോധം പോവുന്നത് പോലെ തോന്നി.

കാവൽക്കാരൽ വാതിൽ പതിയെ ചാരി വീണ്ടും പഴയത് പോലെ കാവൽ നിൽക്കുന്നു. മുറിയിൽ നിന്ന് അയാളുടെ ഞരക്കങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ട്. ഇനിയെന്താണ് സംഭവിക്കുന്നതെന്നറിയാൻ പരമാര വളരെ ശ്രദ്ധിച്ച് മരത്തിൻ്റെ പുറകിൽ തന്നെ നിന്നു.

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അതേ യൂണിഫോം ധരിച്ച രണ്ട് പേർ അങ്ങോട്ട് വന്നു. ഇരുട്ടായതിനാൽ മുഖം വ്യക്തമാവുന്നില്ല. അപ്പോഴേക്കും അയാൾ മരിച്ചു കാണും എന്ന് പരമാരക്ക് ഉറപ്പായിരുന്നു. വാതിൽ തുറന്ന് ഉള്ളിൽക്കയറി അയാളെ തോളിലെടുത്ത് മറ്റൊരു കാട്ടുവഴിയിലൂടെ പോവുന്നു. കാവൽക്കാരൻ്റെ ശ്രദ്ധയിൽ പെടാതെ വൻ മരങ്ങളുടെ മറവ് പറ്റി പരമാരയും പുറകെ പോയി. ആ വഴി അവസാനിച്ചത് ഒരു മൺപാതയിലാണ്. അവിടെ ഒരു ട്രക്കർ നിർത്തിയിട്ടിരിക്കുന്നു. അവർ ആ ശരീരത്തെ ട്രക്കറിനുള്ളിൽ കിടത്തിയപ്പോഴേക്കും പ്രകൃതി അയ്യങ്കാർ അവിടെയെത്തി. ഒരു ജീൻസും ടോപ്പുമാണ് വേഷം. ട്രക്ക് ഡ്രൈവറുമായി എന്തെല്ലാമോ സീരിയസ്സായി സംസാരിച്ചതിനുശേഷം തിരിച്ചുപോയി. ആ രണ്ടുപേരെയും ശവശരീരത്തെയും കൊണ്ട് ട്രക്ക് ഡ്രൈവർ എതിർ ഭാഗത്തേക്കും പോയി. ഇനിയെന്ത് ചെയ്യണമെന്നറിയാതെയും ഇതെവിടെയാണ് സ്ഥലമെന്നറിയാതെയും ബംഗ്ലാവിലേക്ക് തിരിച്ചുള്ള വഴിയേ തെന്നുമറിയാതെ പരമാര അവിടെ അല്പസമയം കൂടി അസ്ത്രപ്രജ്ഞനായി നിന്നു പോയി. പിന്നീട് പ്രകൃതി അയ്യങ്കാർ തിരിച്ചുപോയ കാട്ടുപാതയിലൂടെ നടന്നു. കാട്ടിനുള്ളിൽ കാടുവെട്ടിത്തെളിച്ചുണ്ടാക്കിയ മൂന്നോ നാലോ മരക്കുടിലുകൾ കണ്ടു. അവിടെയെങ്ങും ഒറ്റ മനുഷ്യനെയും പുറത്ത് കാണുന്നില്ല. ഒരു വീടിൻ്റെ മുറ്റത്ത് സിമൻ്റ് തൊട്ടിയിലുള്ള വെള്ളം കൈക്കുമ്പിളിലെടുത്ത് കുടിച്ചു. അവിടെ നിന്ന് മുകളിലേക്കുള്ള കാട്ടുപാത അവസാനിച്ചത് കുറച്ച് കൽപ്പടവുകൾ തുടങ്ങുന്നിടത്താണ്. ആദ്യ ദിവസം പരമാര വിശ്രമിക്കാൻ വന്നിരുന്ന കൽപ്പടവുകളായിരുന്നു അത്. അന്ന് പ്രകൃതി അയ്യങ്കാർ അവിടെ ഇരിക്കാൻ അനുവദിക്കാഞ്ഞതയാൾ ഓർത്തു. ബംഗ്ലാവിൻ്റെ ഹാളിൽ അപ്പോഴും പ്രോഗ്രാമുകൾ പൊടിപൊടിക്കുകയാണ്. അയാൾ നേരെ സ്റ്റെയർകേസ് കയറി മുറിയിലെത്തി വാതിലടച്ച് കിടക്കയിലേക്ക് വീണു. ഇത്രയെല്ലാം സംഭവങ്ങൾ ഇവിടെ നടക്കുന്നെങ്കിൽ റൂമിൽ സിസി ക്യാമറയുണ്ടാവുമെന്നയാൾക്ക് ഉറപ്പായിരുന്നു. അയാൾ ബാത്ത് റൂമിൽക്കയറി ഫോണിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളത്രയും സുഹൃത്ത് ഡൊമനിക് ലൂക്കക്ക് അയച്ചുകൊടുത്തു. പിറ്റേ ദിവസം രാവിലെ തന്നെ എത്രയും പെട്ടെന്ന് ഇവിടം വിടണമെന്ന് തീരുമാനിച്ചയാൾ കിടക്കയിലേക്ക് മറിഞ്ഞു.

അധ്യായം പത്ത്

ന്ന് പകൽ 6 മണിയോടു കൂടി പ്രോഗ്രാം അവസാനിക്കുമെന്നാണ് അറിയാൻ സാധിച്ചത്. രാവിലെ പരമാര വൈകിയാണ് എഴുന്നേറ്റത്. കണ്ണു തുറന്നപ്പോഴേ തലേദിവസം നേരിട്ട് കണ്ട ദൃശ്യങ്ങളാണ് കണ്ണിൽ തെളിഞ്ഞത്. ഉടനെ തന്നെ ഡൊമനിക്കിനെ ഫോണിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു. ഔട്ട് ഓഫ് കവറേജ് ആയിരുന്നു. അയാൾ മിക്കപ്പോഴും യാത്രയിൽ ആയിരിക്കുമല്ലോ എന്ന് പരമാര ചിന്തിച്ചു. നോക്കാം. അല്പം കഴിഞ്ഞ് ഒന്നുകൂടി ശ്രമിച്ച് നോക്കാമെന്ന് കരുതി. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ചശേഷം അയാൾ പ്രാതൽ കഴിക്കാനായി ലോഞ്ചിലെത്തി. തലേ ദിവസത്തെ സംഭവങ്ങൾ മനസിൽ ഉള്ളതിനാൽ ഇനിയും നോൺ വെജ് വിഭവങ്ങൾ കഴിക്കുകയില്ലെന്നയാൾ തീരുമാനം എടുത്തിരുന്നു.

ടേബിളിൽ ഇരുന്ന് അയാൾ ചുറ്റും നോക്കി. എല്ലാവരുടെയും മുഖത്ത് ആഹ്ളാദം കാണുന്നുണ്ട്. പെട്ടെന്ന് ലോഞ്ചിലേക്ക് പ്രകൃതി അയ്യങ്കാർ പ്രവേശിച്ചു. വെള്ള പാട്യാലയും കുർത്തിയും ആണ് വേഷം. മുഖത്ത് വല്ലാത്തൊരു ഐശ്വര്യവും സൗന്ദര്യവും. ആർക്കും കണ്ണെടുക്കാൻ തോന്നാത്ത വശ്യത. ഇവരുടെ കൂടെ കാണോ താൻ ഒരു ദിവസം മുൻപേ മനോഹരമായ നിമിഷങ്ങൾ ചെലവഴിച്ചതെന്നയാൾ അത്ഭുതപ്പെട്ടു.

അതേസമയം തന്നെ മരക്കുടിലിൽ വച്ചു കണ്ട വൈകൃതത്തിൻ്റെ ഭീതിയിൽ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.

പ്രകൃതി അയ്യങ്കാർ ഭക്ഷണം സപ്ലെ ചെയ്യുന്നവർക്ക് ചില നിർദ്ദേശങ്ങളെല്ലാം നൽകി. എല്ലാ ടേബിളിനടുത്തും ചെന്ന് കുശലപ്രശ്നം നടത്തുകയാണ്. നല്ല ആക്‌ സെൻ്റോടെ ഇംഗ്ലീഷ് ഭാഷയിലാണവർ സംസാരിക്കുന്നത്. പല പുരുഷന്മാരോടും ചേർന്നുനിന്ന് വളരെ അടുത്ത് പെരുമാറുന്നുണ്ട്. ഒത്ത ശരീരഘടനയുള്ള ഒരുത്തനെ, കണ്ടിട്ട് പഞ്ചാബിയാണെന്ന് തോന്നുന്നു, അവർ തോളിലൂടെ കൈകളിട്ട് ദേഹത്തോട്ട് ചേർത്തുനിർത്തി ആലിംഗനം ചെയ്യുന്നത് കണ്ടപ്പോൾ പരമാരക്ക് ഒരേസമയം ഭീതിയും അസൂയയും തോന്നി. പരമാര ഇരുന്ന ടേബിളിനടുത്ത് എത്തിയപ്പോഴേക്ക് അവരുടെ ഫോൺ റിംഗ് ചെയ്തു. അവർ കാൾ അറ്റെൻറ്​ ചെയ്തുകൊണ്ട് തിരിഞ്ഞ് നടന്നു. അത് ഭാഗ്യമായെന്ന് പരമാര കരുതി. അവരെ ഫേസ്ചെയ്യാൻ വയ്യ.

എന്താണ് അവരോട് തോന്നുന്ന മനോഭാവം എന്നത് പരമാരക്ക് തീർച്ചയില്ലായിരുന്നു.

അയാൾ വേഗത്തിൽ ഭക്ഷണം കഴിച്ച് തീർത്ത് റൂമിലെത്തി. ലാപ് തുറന്ന് നോക്കിയപ്പോൾ കുറെയധികം മെയിലുകൾ വന്ന് കിടക്കുന്നത് കണ്ടു. കമ്പനി സംബന്ധമായ കുറെ മെയിലുകൾ ഉണ്ടായിരുന്നു. അതിനെല്ലാം റിപ്ലൈ ടൈപ്പ് ചെയ്ത് ഫോർവേഡ് ചെയ്തു. അവസാനമാണയാൾ ഡൊമനിക്കിൻ്റെ മെയിൽ കാണുന്നത്. ‘അയാം ട്രൈയിംഗ് ഫോർ ദ ബെസ്റ്റ് മെതേഡ് ടു ട്രാപ്. വെയ്റ്റ് ടിൽ ഇറ്റ് കംസ്’ എന്നായിരുന്നു മെയിലിൻ്റെ ഉള്ളടക്കം .

എങ്കിലും പരമാരക്ക് നല്ല വിഷമം തോന്നി. അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല. താനറിഞ്ഞ ആദ്യത്തെ പെണ്ണാണവൾ. ഒരു സൈക്കോ പാത്ത് മൂഡിൽ ആണവളെങ്കിൽ അവളെ രക്ഷിക്കണം. അയാൾ മനസ്സിൽ കരുതി.

പ്രോഗ്രാം ഹാളിൽ അന്നൊരു ഭക്ഷണ മേളയായിരുന്നു നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പാചക വിദഗ്ദ്ധരും പാചക ചാനലുകാരും പങ്കെടുക്കുന്ന വലിയൊരു ഫുഡ് ഫെസ്റ്റായിരുന്നു അത്. പരമാര റൂം ലോക്ക് ചെയ്ത് താഴെക്കിറങ്ങി. ഒട്ടും ധൃതിയില്ലാതെ വരാന്തയിലൂടെ നടന്ന് ഹോളിൽ കേറാതെ തൊട്ടു മുന്നിൽ തയ്യാറാക്കി വച്ചിരിക്കുന്ന വള്ളിക്കുടിലുകളിലൊന്നിൽ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു. അവിടെ ഇരുന്നാൽ ഹാളിലേക്ക് പ്രവേശിക്കുന്നവരെയും മേളയിലെ സ്റ്റാളുകളെല്ലാം സന്ദർശിച്ച് പുറത്തിറങ്ങുന്നവരെയും വിശദമായി കാണാം. സ്ത്രീകളാണ് കൂടുതലും സന്ദർശകർ. അവിടെയെല്ലാം നിറഞ്ഞ് നിൽക്കുകയായിരുന്നു പ്രോഗ്രാം കോർഡിനേറ്ററായ പ്രകൃതി അയ്യങ്കാർ .പല പ്രമുഖ മന്ത്രിമാരും ഫിലിം സ്റ്റാർസും എല്ലാം മേള സന്ദർശിക്കുന്നത് കണ്ടു. അവരോടെല്ലാം കുശലം പറഞ്ഞും സ്നേഹാന്വേഷണങ്ങൾ നടത്തിയും അവർ ഓടി നടക്കുകയാണ്.

പെട്ടെന്നാണ് തമിഴ്നാട് സർക്കാറിൻ്റെ ഒരു പോലീസ് ജീപ്പ് അവിടെ വന്നത്. അതിൽ നിന്ന് ഡി ജി പിയും എസ്​.പിയും ജില്ലാ കമ്മീഷണറുമടക്കം ഒരു പോലീസ് സംഘം അതിൽ നിന്നിറങ്ങി. മേള സന്ദർശിക്കാൻ എത്തിയ വി ഐ പികളായിരിക്കുമെന്ന ധാരണയിൽ പ്രകൃതി അയ്യങ്കാർ അവരെ സ്വീകരിക്കാൻ ധൃതിയിൽ അങ്ങോട്ടെത്തി. ഡി ജി പി ഒരു കവർ അവരുടെ നേരെ നീട്ടി. അത് തുറന്ന് വായിച്ച പ്രകൃതി അയ്യങ്കാർ നിർവ്വികാരയായി വിദൂരതയിലേക്ക് നോക്കി നിന്നു. പ്രകൃതി അയ്യങ്കാരെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടായിരുന്നു അത്.

ഒരിക്കൽ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതുപോലെ അവർ നിർവ്വികാരതയോടെ നിന്നു കൊടുത്തു.

കമ്മീഷണർ അവരുടെ ഇരു കൈകളിലും വിലങ്ങ് വെച്ച് ജീപ്പിൽ കയറ്റി. ഇതെല്ലാം ഒപ്പിയെടുക്കാൻ ചാനലുകൾ എവിടന്നെന്നറിയാതെ അവിടെ പ്രത്യക്ഷപ്പെട്ടു. പ്രമുഖ ന്യൂസ് ചാനലുകളിലെല്ലാം ബ്രേക്കിംഗ് ന്യൂസ് പോയിക്കൊണ്ടിരുന്നു. പലരും അവിടെ കൂടിയിരുന്നവരോട് തത്സമയം ഓരോ കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. ഇത് കണ്ടുനിന്ന പ്രമുഖരും മറ്റു സന്ദർശകരുമെല്ലാം പകച്ചു നിന്നു പോയി. എന്താണ് പ്രശ്നം എന്നൊന്നും അറിയാത്തതിനാൽ അവിടെ കൂടി നിന്നവരെല്ലാം അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അവിടെ നിന്ന് എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ തുടങ്ങി.

പരമാരയുടെ ട്രെയിൻ രാത്രി പത്തേകാലിനാണ്. അതുവരെ അവിടെ തങ്ങാൻ അയാൾക്കും ഒരു ഭയം തോന്നി. എന്തായാലും കാര്യങ്ങൾ അറിയേണ്ടവർ അറിഞ്ഞെന്നതിൻ്റെ സൂചനയാണിതെന്നതിൽ യാതൊരു സംശയവും ഇല്ല. അയാൾ റൂമിൽ ചെന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടക്ക് ഒന്നു രണ്ട് തവണ കൂടി ഡൊമിനിക്കിനെ വിളിക്കാൻ ശ്രമിച്ചു. എങ്ങനെയെങ്കിലും പ്രകൃതി അയ്യങ്കാരെ രക്ഷിക്കണം. അതിന് ഡൊമനിക്കിൻ്റെ സ്വാധീനം ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ശ്രമിക്കണം. ഇതിനെല്ലാം കാരണക്കാരൻ താനാണെന്നവൾ അറിയരുത്. പക്ഷേ, നിരാശയായിരുന്നു ഫലം. ഡൊമനിക്കിൻ്റെ ഫോൺ ഔട്ട് ഓഫ് കവറേജ് ആയിരുന്നു. മേള നടക്കുന്ന ഹാൾ ഏറെക്കുറെ ശൂന്യമായിട്ടുണ്ട്. എന്താണ് നടന്നതെന്ന് അറിയാതെയാണെങ്കിലും പലരും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന സമയത്താണ് ഡൊമിനിക്കിൻ്റെ ഫോൺ വന്നത്; ‘എന്താ ചങ്ങാതി ... കാര്യങ്ങൾ എല്ലാം നടക്കേണ്ടത് പോലെ നടന്നില്ലേ? എസ്പി അനുരാധ അഗർവാൾ എൻ്റെ അടുത്ത സുഹൃത്താണ്. അവർ മുഖേന ഞാൻ വിവരങ്ങളെല്ലാം, നീ സെൻ്റ് ചെയ്ത വീഡിയോസ് അടക്കം ഡി ജി പിയെ അറിയിക്കുകയായിരുന്നു. ഇതൊന്നുമല്ല, ഇതിൽ കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. നമുക്ക് ശുഭപ്രതീക്ഷയോടെയിരിക്കാം.. ഞാൻ രണ്ട് മൂന്ന് ദിവസത്തിനുളളിൽ നാട്ടിലെത്തും. നമുക്ക് കാണാം’, അങ്ങോട്ടൊന്നും പറയാൻ സമയം നൽകാതെ അയാൾ ഫോൺ കട്ട് ചെയ്തു.

(തുടരും)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments