ചിത്രീകരണം: രാജേഷ് ചിറപ്പാട്

കരിന്തേൾ

അധ്യായം അഞ്ച്​

വൈകുന്നേരം ആറു മണിയോടെ കുളിച്ച് റെഡിയായി പരമാര പ്രോഗ്രാം ഹാളിലെത്തി. വേദിയും പരിസരവും നന്നായി അലങ്കരിച്ചിട്ടുണ്ട്. ഏഴ് മണിയോടെ പ്രോഗ്രാം തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ടൂറിസം മന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. മൃദുവായ സംഗീതത്തിന്റെ അകമ്പടിയോടെ എയര്‍ കണ്ടീഷന്റെ കുളിര്‍മയോടെ മനോഹരമായ അന്തരീക്ഷം. ഒരു റൊമാന്റിക് അറ്റ് മോസ്ഫിയറുണ്ട്. വൃത്താകൃതിയുള്ള ഒരു ഹാളാണ്. വേദിയുടെ ഒരു വശത്ത് മ്യൂസിക് ബാന്‍ഡ്. അതിനൊപ്പം ചുവടുവയ്ക്കുന്ന ആണും പെണ്ണും ഇടകലര്‍ന്ന ഡാന്‍സ് ഗ്രൂപ്പുകള്‍.അതിഥികളില്‍ ചിലരെല്ലാം ഡാന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷണം കഴിക്കാനും പ്രോഗ്രാം വീക്ഷിക്കാനും യോജിക്കുന്ന രീതിയിലാണ് ഹാളിലെ സജ്ജീകരണം. വെജും നോണ്‍വെജുമായ വിഭവങ്ങള്‍ ടേബിളില്‍ നിരത്തിവെച്ചിട്ടുണ്ട്. ഫങ്ങ്ഷന്‍ കൃത്യസമയത്ത് തന്നെ മന്ത്രി ഉദ്ഘാടനം ചെയ്തു. അത് കഴിഞ്ഞ് വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ മ്യൂസിക്കല്‍ ആന്റ് ഡാന്‍സ് പ്രോഗ്രാമുകള്‍ ആണ്. ദക്ഷിണേന്ത്യയിലെ വിവിധ ഗ്രോത്രങ്ങളുടെ ആചാരാനുഷ്ഠാന രീതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നൊരു ഉദ്ദേശമാണ് ഇതിനുള്ളത്.

പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുള്ള സജ്ജീകരണമാണ് ഹാളില്‍ ഉള്ളത്.
ഹാളിലേക്ക് കയറുന്ന ഭാഗത്തെ ടേബിളില്‍ ഉത്തരേന്ത്യക്കാരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. .കളര്‍ ചെയ്ത മുടി പുട്ട്അപ് ചെയ്തിരിക്കുന്നു. മുട്ടുവരെ മാത്രം നീളമുള്ള ഒരു നേവി ബ്ലൂ ഫ്രോക്കാണ് ഇട്ടിരിക്കുന്നത്. ആരെയും അധികം ശ്രദ്ധിക്കാതെ ഭക്ഷണത്തിലും സംഗീതത്തിലും മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആ സ്വാദ്യകരമായ രീതിയില്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ദേവരാട്ടമാണ് വേദിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തില്‍ വിജയിച്ച് മടങ്ങിവരുന്ന തമിഴ് നാട്ടിലെ രാജാക്കന്മാരും സൈന്യവും വിജയം ആഘോഷിക്കുവാന്‍ നടത്തിയിരുന്ന ഒരു പ്രത്യേക നൃത്തരൂപമാണിത്. നര്‍ത്തകര്‍ കയ്യില്‍ പിടിച്ചിരിക്കുന്ന തൂവാല ചുഴറ്റിക്കൊണ്ട് പ്രധാന നര്‍ത്തകന്റെ ചുവടുകള്‍ അനുകരിച്ച് നൃത്തം ചവിട്ടുകയാണ്. മുന്നില്‍ നിന്ന് നൃത്തം നയിക്കുന്നയാള്‍ക്ക് താടിയും മുഖം മൂടിയും ഉണ്ട്. ഈ നൃത്തത്തിന്റെ കൂടെ പ്രത്യേക പാട്ടോ സംഗീതമോ ഇല്ല.മറിച്ച് ഉറുമി മേളവും തപ്പുമേളവും ഓടക്കുഴല്‍വാദ്യവുമേ ഉള്ളൂ.

പെട്ടെന്ന് ഹാളിലെയും പരിസര പ്രദേശങ്ങളിലെയും ഇലക്ട്രിസിറ്റി ഓഫായി. മേളവും വാദ്യവും നിലച്ചു.ആളുകള്‍ അസ്വസ്ഥരായി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് ടോര്‍ച്ച് തെളിയിക്കുന്നു. ഹാളിന്റെ ഏതോ വശത്ത് ഒരു വാതില്‍ തുറന്നടയുന്ന ഒച്ച കേട്ടു .ഉടനെ തന്നെ ബള്‍ബുകള്‍ തെളിഞ്ഞു. മേളവും ഡാന്‍സും പുനരാരംഭിച്ചു.എല്ലാവരും തെല്ലൊന്ന് പരിഭ്രമിച്ചെങ്കിലും സ്വസ്ഥാനങ്ങളില്‍ പോയിരുന്നു. നര്‍ത്തകരും പരിപാടി തുടര്‍ന്നു.പരമാര മുന്നിലെ ടേബിളിലേക്ക് നോക്കിയപ്പോള്‍ വാതിലിന് സമീപത്തിട്ട ടേബിളില്‍ ഇരുന്നിരുന്ന പെണ്‍കുട്ടിയെ അവിടെയെങ്ങും കണ്ടില്ല .ഒരു പക്ഷേ വൈദ്യുതി നിലച്ചപ്പോള്‍ റൂമിലേക്ക് പോയതാവാമെന്ന് കരുതി. രാത്രി ഏറെ വൈകിയാണ് പരമാര റൂമില്‍ എത്തിയത്.

രാവിലെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ ചെയ്തതിന് ശേഷം താഴെ ലോഞ്ചിലെത്തിയത് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്ത കേട്ടുകൊണ്ടാണ്. അരുണ മല്‍ഹോത്ര എന്ന പേരുള്ള ഒരു ഹരിയാനക്കാരി പെണ്‍കുട്ടി മിസ്സിംഗ് ആയിരിക്കുന്നു. തലേന്ന് വാതിലിനടുത്തുള്ള ടേബിളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയായിരുന്നോ അതെന്ന് സന്ദേഹിച്ചു.ആരോട് ചോദിക്കാനാണ്? എന്തോ ഒരു ഏടാകൂടത്തിലാണോ വന്നു പെട്ടതെന്ന് സന്ദേഹിച്ചു. എന്തൊക്കെയോ ദുരൂഹതകള്‍ മണക്കുന്നുണ്ട്. എന്തായാലും വന്നു പെട്ടില്ലേ. മൗനം പാലിക്കാമെന്നയാള്‍ കരുതി. സ്വന്തം ജീവനാണല്ലോ പ്രധാനം.വ്യത്യസ്തതകള്‍ തേടിയിറങ്ങാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു.

നാട്ടില്‍ പണിക്കരു മാഷുടെ പേരക്കുട്ടി മിസ്സിംഗ് ആയ കാര്യം പരമാര ഓര്‍ത്തു. അതിനെപ്പറ്റി വല്ല വിവരവും കിട്ടിയോ ആവോ? അമ്മക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അത് ചോദിക്കാമെന്നയാള്‍ കരുതി.

പകല്‍ സമയത്ത് ആളുകള്‍ക്ക് അവരവരുടെതായ സന്തോഷങ്ങളില്‍ പങ്കുചേരാം.രാവിലെ മുതല്‍ വൈകുന്നത് വരെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും അവാര്‍ഡ് ദാനങ്ങളും ഒക്കെ പൊടിപൊടിക്കുകയാണ്.സംസ്ഥാനത്തെ മന്ത്രിമാരും സിനിമാ നടന്മാരുമടക്കം ധാരാളം സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നുണ്ട്. പരമാര പതുക്കെ ബംഗ്ലാവിന്റെ പുറകുവശത്തുള്ള തൊടിയിലേക്കിറങ്ങി.പ്രോഗ്രാം ഹാളിന്റെ ഇടതുവശത്തെ മതിലിനിടയിലെ ചെറിയ വീതി കുറഞ്ഞ പടികളിലൂടെ താഴെക്കിറങ്ങി. തലേന്ന് ആ പടിക്കെട്ടില്‍ ഇരുന്നപ്പോഴാണ് പ്രകൃതി അയ്യങ്കാര്‍ അവിടെയിരിക്കുന്നത് വിലക്കിയത്. പടിക്കെട്ടിറങ്ങി മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു. ഇടതൂര്‍ന്ന വൃക്ഷങ്ങള്‍. ആളുകള്‍ സ്ഥിരമായി നടക്കാറുള്ളത് പോലെ നടപ്പാതകള്‍ രൂപം കൊണ്ടിട്ടുണ്ട്. മുന്നിലൂടെ ദയനീയമായ മുഖത്തോടെ ഒരു മുയല്‍ ചാടിപ്പോയി. കാടിന് ഒരേ സമയം ദയനീയതയുടെയും ക്രൂരതയുടെയും രണ്ട് മുഖങ്ങളുണ്ടെന്ന് അയാള്‍ ചിന്തിച്ചു. കുറച്ച് കൂടി മുന്നോട്ടു നടന്നപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ പായല്‍ മൂടിയ ധാരാളം സ്റ്റെപ്പുകള്‍ താഴോട്ട് കാണുന്നു. കാടിന്റെ താഴ്ന്ന ഭാഗം എന്നേ തോന്നുകയുള്ളൂ. ധൈര്യം സംഭരിച്ച് താഴോട്ടിറങ്ങി. അവിടെ മനുഷ്യ സാമീപ്യം ഉണ്ടെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ഏതൊക്കെയോ ഗോത്രവര്‍ഗ്ഗഭാഷയില്‍ രണ്ടു മൂന്നു പേരുടെ സംസാരം ദൂരെ നിന്ന് കേള്‍ക്കുന്നത് പോലെ തോന്നി.ഇടത് വശത്തെ കാട്ടുപാതയിലൂടെ ആരോ വരുന്നതായി തോന്നിയപ്പോള്‍ മെല്ലെ അടുത്തുള്ള ഒരു മരത്തിന് പുറകെ ഒളിച്ചു. തലയില്‍ തൊപ്പിയും പച്ച നിറത്തിലുള്ള കോട്ടും ധരിച്ച് അരയിലെ ബെല്‍ട്ടില്‍ ഒരു തോക്കും തിരുകി വച്ച ആ രൂപം പടിക്കെട്ടുകള്‍ കയറി മുകളില്‍ അപ്രത്യക്ഷമായി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിയ പരമാര ശ്വാസമടക്കിപ്പിടിച്ച് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ ഓടിക്കയറി റൂമില്‍ എത്തി കതകടച്ച് ബെഡില്‍ വീണു. പരമാര ജഗ്ഗിലിരുന്ന വെള്ളം ഒന്നിച്ച് വായിലൊഴിച്ച് കിതച്ചു. ഇവിടെ അസ്വാഭാവികമായി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നയാള്‍ക്ക് ഉറപ്പായി.
അന്ന് രാത്രിയും അതിഗംഭീരമായ വിരുന്നും ഡാന്‍സും സംഗീത നിശയും എല്ലാമായി കളര്‍ഫുള്‍ ആയിരുന്നു.അയാള്‍ മന: പൂര്‍വ്വം തലേ ദിവസം ആ പെണ്‍കുട്ടി ഇരുന്ന ടേബിളിലാണ് ഇരുന്നത്.എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് എന്നൊന്ന് മനസ്സിലാക്കണമെന്നയാള്‍ കരുതി. അന്നും രാത്രി ഒരു നിശ്ചിത സമയമായപ്പോള്‍ ഇലക്ട്രിസിറ്റി ഓഫാകുകയും ഏകദേശം അഞ്ച് മിനിട്ടിന് ശേഷം വരികയും ചെയ്തു. ഇലക്ട്രിസിറ്റി

ഓഫായ സമയത്ത് വാതിലടയുന്നതും ഷൂവിന്റെ പതിഞ്ഞ സ്വരവും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചു. ഒന്നും പിടികിട്ടാതെ പരമാര ഭക്ഷണം കഴിഞ്ഞ് മറ്റു വിനോദങ്ങളിലൊന്നും ഇടപെടാതെ സ്വന്തം റൂമില്‍ ചെന്ന് കിടന്നു. ഫോണ്‍ ഓണാക്കി. കുറച്ച് ദിവസമായി യൂണികോണിന്റെ വെബ് പേജ് അയാള്‍ തുറന്ന് നോക്കിയിട്ടില്ലായിരുന്നു. ആ പേജിന്റെ ഐക്കണ്‍ മാറിയതായി അയാള്‍ ശ്രദ്ധിച്ചു.ഒരു തലയോട്ടിയും അപായ ചിഹ്നവും പിന്നെ ആഫ്രിക്കയിലെ നരഭോജികളുടെതന്ന് തോന്നിക്കുന്ന ചില ചിത്രങ്ങളും ആയിരുന്നു അത്. പരമാര പോസ്റ്റുകള്‍ താഴോട്ട് സ്‌ക്രോള്‍ ചെയ്തു. പ്രകൃതി അയ്യങ്കാര്‍ തലേ ദിവസം ഇട്ട പോസ്റ്റ് അയാള്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.അത് ആഫ്രിക്കയിലെ നരഭോജികളെക്കുറിച്ചായിരുന്നു. ആശങ്കയോടെ അയാളത് വായിക്കാന്‍ തുടങ്ങിയതേയുള്ളു. വാതിലില്‍ ആരോ മുട്ടുന്നു. തുറന്ന് നോക്കിയപ്പോള്‍ പ്രകൃതി അയ്യങ്കാര്‍ ആണ്.

'എങ്ങനെയുണ്ട് താമസവും ഭക്ഷണവും എല്ലാം? കംഫര്‍ട്ടബ്ള്‍ അല്ലേ? പരാതിയൊന്നും ഇല്ലല്ലോ? ഞാന്‍ ഓരോ റൂമിലെയും കാര്യങ്ങള്‍ അന്വേഷിച്ചറിയാമെന്ന് കരുതി ഇറങ്ങിയതാണ്... '

'ഒരു കുഴപ്പവും ഇല്ല മാം ... എല്ലാം ഒ കെ യാ ണ്. '

'ശരി.. നാളെ സമയം കിട്ടുമ്പോള്‍ എന്റെ റൂമിലേക്കൊന്നു വരൂ. നമുക്ക് കുറച്ച് വിശദമായി പരിചയപ്പെടാം '. അവര്‍ വശ്യതയോടെ പറഞ്ഞു.

എന്തിനായിരിക്കും വിശദമായി പരിചയപ്പെടുന്നത്? എന്തായിരിക്കും അവര്‍ അങ്ങനെ പറയാന്‍ കാരണം എന്നൊന്നും അറിയാതെയാണെങ്കിലും പറഞ്ഞു. 'ശരി മാം.. അങ്ങനെയാവട്ടെ.'

'എങ്കില്‍ വാതിലടച്ച് കിടന്നോളൂ.'

അവര്‍ പോയ വഴിയിലെ പുല്‍തൈലത്തിന്റെയും ചന്ദനത്തിന്റെയും സമ്മിശ്ര ഗന്ധം നാസാരാന്ധ്ര ങ്ങള്‍ വലിച്ചെടുത്തു.ശരീരം മുഴുവന്‍ ഇതുവരെയില്ലാത്തൊരു തരിപ്പയാള്‍ക്ക് അനുഭവപ്പെട്ടു. അയാള്‍ വാതിലടച്ച് കസേരയില്‍ വന്നിരുന്നു.

അധ്യായം ആറ്​

നുഷ്യമാംസം ഭക്ഷിക്കുന്നവരെന്ന് കരുതപ്പെടുന്ന മനുഷ്യവിഭാഗത്തെയാണ് നരഭോജികള്‍ എന്ന് പറയുന്നത്.ആ വാക്കിന്റെ ഉത്ഭവം തിരയുന്നവര്‍ എത്തിച്ചേരുക സ്പാനിഷ് കൊളോണിയല്‍ മോഹങ്ങളുമായി ഇറങ്ങി തിരിച്ച ക്രിസ്റ്റഫര്‍ കൊളംബസ് എന്ന നാവികന്റെ കപ്പലിലാവും.

ഇന്ത്യ തേടിയിറങ്ങിയ കൊളംബസ് എത്തിച്ചേര്‍ന്നത് കരീബിയന്‍ ദ്വീപുകളിലായിരുന്നു. അധിനിവേശത്തിന്റെ മികച്ച സാധ്യത കണ്ട കൊളംബസ് കുറെ കെട്ടുകഥകളുമായാണ് യൂറോപ്പിലേക്ക് മടങ്ങിയത്.ആ കഥകളില്‍ കരീബിയന്‍ ജനത മനുഷ്യരെ കൊന്നു തിന്നുന്ന നരഭോജികളായി.

പരമാര നരഭോജികളെക്കുറിച്ചുള്ള വിവരണം വായിച്ചു തുടങ്ങി.ആഫ്രിക്കന്‍ നരഭോജികളെക്കുറിച്ചുള്ള ഒരു സിനിമ മുന്‍പെന്നോ കണ്ടതയാള്‍ ഓര്‍ത്തു. കണ്ടാല്‍ സാധാരണ മനുഷ്യനെപ്പോലെ തോന്നുന്ന എല്ലാവരോടും മാന്യമായി ഇടപെടുന്ന ഒരാള്‍ മനുഷ്യനെ കൊന്ന് മാംസം ഭക്ഷിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ വല്ലാതെ നടുങ്ങിപ്പോയ കാര്യം അയാള്‍ക്ക് ഓര്‍മ്മയില്‍ വന്നു.

പരമാര തുടര്‍ന്ന് വായിച്ചു. കരീബിയന്‍ ദ്വീപുകളിലെത്തിയ ഓരോ യൂറോപ്യന്‍ സഞ്ചാരിയും കൊളംബസിന്റെ കഥകള്‍ക്ക് നിറം പകര്‍ന്നു. ചിലര്‍ മനുഷ്യരെ കൊന്നു തിന്നുന്ന നരഭോജികളെക്കുറിച്ച് പുസ്തകങ്ങള്‍ വരെ എഴുതി. ആ പുസ്തകങ്ങളില്‍ മനുഷ്യമാംസം ആസ്വദിച്ച് കഴിക്കുന്ന നഗ്‌നകളായ സ്ത്രീകളും കുട്ടികളുമെല്ലാം രൂപങ്ങളായി തെളിഞ്ഞു.അങ്ങനെ ഒരു വലിയ ഗോത്ര ജനത മുഴുവന്‍ നരഭോജികളായ പ്രാകൃതരായി യൂറോപ്യന്‍മാരുടെ മനസ്സില്‍ നിലകൊണ്ടു.കഥകളില്‍ ഭക്ഷണത്തിന് വേണ്ടി സ്വന്തം ജീവജാതിയെ കൊന്നു തിന്നുന്ന പ്രകൃത മനുഷ്യര്‍ കരീബിയന്‍ ദ്വീപുകളില്‍ പിറന്നപ്പോള്‍ അധികാരത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന യൂറോപ്യന്‍ ജനത' പരിഷ്‌കൃതരായി ചിത്രീകരിക്കപ്പെട്ടു. പ്രാകൃതനായ കരീബിയന്‍ മനുഷ്യനെ ഉദ്ധരിക്കാന്‍ വെള്ളക്കാരന്‍ ഇറങ്ങിത്തിരിച്ചു. സമാധാനത്തിന്റെ വചനങ്ങളുമായല്ല വെള്ളക്കാര്‍ കരീബിയന്‍ ദ്വീപിലേക്ക് കടന്നു ചെന്നത്. ആയുധങ്ങളുമായി അവര്‍ അധിനിവേശ മോഹങ്ങള്‍ നടപ്പാക്കിയപ്പോള്‍ കരീബിയന്‍ കാടുകള്‍ മനുഷ്യരക്തം വീണ് ചുവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷാമ കാലത്ത് നരഭോജനം പ്രത്യക്ഷപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്. അനുഷ്ഠാനത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്ന ആന്ത്രപോഫാഗികള്‍ യൂറോപ്പിലുണ്ടായിരുന്നതായി പറയുന്നുണ്ട്. രണ്ട് തരത്തിലുള്ള നരഭോജനം ഉണ്ടത്രെ. സ്വഗോത്ര നരഭോജനവും വിഗോത്ര നരഭോജനവും. വില്യം ബ്യൂലെര്‍ സീബ്രുക്ക് എന്ന അമേരിക്കക്കാരന്‍ എഴുതിയ ജങ്കിള്‍ വേയ്‌സ് എന്ന പുസ്തകത്തിലാണ് മനുഷ്യമാംസത്തിന്റെ രുചിയെക്കുറിച്ച് ഏറ്റവും വിശദമായി എഴുതിയിട്ടുള്ളത്.

പച്ചയായ മനുഷ്യമാംസം കാഴ്ചയില്‍ ബീഫ് പോലിരിക്കുമെന്നും അത് ചുട്ടെടുക്കുമ്പോള്‍ ഇളം ആട്ടിറച്ചി പോലെ ചാരനിറമായി മാറുകയും വെന്ത പോത്തിറച്ചിയുടെ മണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ സാധാരണ അഭിരുചിയും താല്പര്യവുമുള്ള ആര്‍ക്കും ഒരു വ്യത്യാസവും തോന്നില്ല. സീബ്രുക്ക് ഗ്യുയെറോ എന്ന ഗോത്രത്തിന്റെ നരഭോജ്യ ശീലങ്ങളെക്കുറിച്ച് അടുത്തറിയാനാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് സഞ്ചരിച്ചത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വച്ച് മരണമടഞ്ഞ ഒരു രോഗിയുടെ ശരീരം കൈക്കലാക്കി ചുട്ടു തിന്നതായി അവകാശപ്പെടുന്നുണ്ട്. മനുഷ്യമാംസത്തിന്റെ രുചിയെക്കുറിച്ച് ഒട്ടുമിക്ക അഭിപ്രായങ്ങളും വരുന്നത് മാനസിക രോഗികളില്‍ നിന്നാണ്. ഈയടുത്ത കാലത്ത് നരഭോജന കുറ്റത്തിന് പിടിക്കപ്പെട്ടവരുടെ ഇടയില്‍ ഓരോരുത്തരും ചില പ്രത്യേക ശരീര ഭാഗങ്ങളില്‍ താല്പര്യം കാണിക്കുന്നതായി കാണാം.ഫ്‌ലോറിഡയിലെ റൂഡി യൂജിന്‍ എന്ന അയാളുടെ ഇരയുടെ മുഖം മാത്രമാണ് ഭക്ഷിച്ചത്.സ്വീഡനിലെ ഒരു നരഭോജി ചുണ്ടുകള്‍ മാത്രമാണ് ഭക്ഷിച്ചത്.ടോക്കിയോയില്‍ ജനനേന്ദ്രിയം പാകം ചെയത് വിളമ്പിയെന്നും പറയപ്പെടുന്നു. വെസ്റ്റ് ആഫ്രിക്കയിലെ നരഭോജികള്‍ ഇടുപ്പ്, പൃഷ്ഠഭാഗം, വാരിയെല്ല്, കൈപ്പത്തി എന്നീ ഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു .പത്തൊമ്പതാം നൂറ്റാണ്ടിലെ നരഭോജികള്‍ ഹൃദയം, തുടകള്‍,മേല്‍ക്കൈ, എന്നിവ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.

ഇത്രയും വായിച്ചപ്പോഴേക്ക് അയാള്‍ക്ക് മനംപിരട്ടല്‍ അനുഭവപ്പെട്ടു. എഴുന്നേറ് ടോയ്‌ലറ്റില്‍ പോയി വാഷ്‌ബേബേസിനിലേക്ക് ഛര്‍ദിച്ചു.കഴിച്ച ഭക്ഷണം മുഴുവന്‍ തീരുന്നത് വരെ അയാള്‍ വായില്‍ വിരലിട്ട് ഛര്‍ദിച്ചു.

തിരിച്ചു കസേരയില്‍ വന്നിരുന്ന അയാള്‍ക്ക് ബാക്കി വായിക്കാന്‍ ഒരറപ്പ് തോന്നി. എങ്കിലും അത് വായിച്ച് മുഴുമിക്കാമെന്നയാള്‍ കരുതി തുടര്‍ന്ന് വായിച്ചു.

ആചാരപ്രമാണക്കാരായ നരഭോജികള്‍ ചിലപ്പോള്‍ രുചിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ആ ഭാഗത്തിന്റെ പ്രതീകാത്മക തയിലായിരിക്കാം. പിഞ്ചു കുട്ടികളുടെ മാംസം ഭക്ഷിക്കുന്നതുമൂലം യുവത്വം നിലനിര്‍ത്താമെന്നും ഒരു വീരയോദ്ധാവിന്റെ ഹൃദയമോ ശക്തനായ പോരാളിയുടെ പേശികളോ ഭക്ഷിക്കുന്നതിലൂടെ മരിച്ച വ്യക്തിയുടെ അഭിലഷണീയമായ ഗുണങ്ങള്‍ ഭക്ഷിക്കുന്നവന് ലഭിക്കുമെന്നുള്ള മൂഢവിശ്വാസങ്ങള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു.

പല ഗോത്രങ്ങളം മരിച്ചവരുടെ മാംസം അത് ചെറുതായി അഴുകിയതിന് ശേഷം മാത്രമേ ഭക്ഷിക്കാറുള്ളൂ. ചുടുന്നതും കറിവെക്കുന്നതുമാണ് സാധാരണയായി കാണുന്ന പാചകരീതികള്‍.ചില ഗോത്രവര്‍ഗ്ഗക്കാര്‍ മുളകും മറ്റു സുഗന്ധ വ്യഞ്ജന വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. മധ്യ ആഫ്രിക്കയിലെ അസാന്‍ ഡേ ഗോത്രക്കാര്‍ മനുഷ്യമാംസക്കറിയുടെ മുകളില്‍ അടിഞ്ഞ് കൂടിക്കിടക്കുന്ന കൊഴുപ്പ് ശേഖരിച്ച് പിന്നീട് കറികളില്‍ ചേര്‍ക്കുന്നതിനോ വിളക്കെണ്ണയായോ ഉപയോഗിക്കാറുണ്ട്. സൗത്ത് പസഫിക്കിലെ ചില നരഭോജിവംശജര്‍മനുഷ്യമാംസത്തിന്റെ തുണ്ടുകള്‍ ഇലയില്‍ പൊതിഞ്ഞ് തീയില്‍ ചുട്ടെടുക്കാറുണ്ട്. സുമാത്രയിലെ നരഭോജികള്‍ കുറ്റവാളികളെ നാരങ്ങയും ഉപ്പും ചേര്‍ത്ത് വിളമ്പിയിരുന്നതായും പറയപ്പെടുന്നു.

മൊബാങ്കി എന്നത് നരഭോജികളുടെ നാടാണ്. മധ്യ ആഫ്രിക്കയില്‍ ഉള്‍പ്പെടുന്ന കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമാണ് മൊബാങ്കി. ഇവിടെ സുന്ദരമായ ഒരു നദിയുണ്ട്. ഏകദേശം അറുനൂറ് മൈലുകള്‍ വളഞ്ഞ് പുളഞ്ഞ് പോകുന്ന മൊബാങ്കിനദി.

ഇരുവശത്തുമുള്ള കാടുകള്‍ക്കുള്ളില്‍ മനുഷ്യമാംസം ദാഹിച്ച് കഴിയുന്ന നരഭോജികള്‍ ഉണ്ട്. തക്കം കിട്ടിയാല്‍ അവര്‍ നദിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്നവരെ ഭക്ഷണമാക്കിക്കളയും. ഇവര്‍ക്കിടയില്‍ മനുഷ്യശരീരം അടുമാടുകളെപ്പോലെയാണ്. വാങ്ങാനും വില്‍ക്കാനുമായി ധാരാളം പേര്‍. ഇവര്‍ ഒരു മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടി നുറുക്കി കുടുംബത്തിന്റെ ആഹാരമാക്കി മാറ്റുന്നു. ഇവിടത്തെ ഓരോ കുട്ടിയും കാണുന്നത് മനുഷ്യമാംസങ്ങളും ചോരപ്പാടുകളുമാണ്.ഇവര്‍ക്ക് പുറമെ കോംഗോയില്‍ നരഭോജികളല്ലാത്ത ചില ഗോത്ര വിഭാഗങ്ങള്‍ ഉണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ ഭയപ്പാട് ഉളവാക്കുന്നതാണ്. ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെക്കും.സന്ധ്യ മയങ്ങുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്ത കാടിനുള്ളില്‍ ഉപേക്ഷിക്കും.ഈ സമയം കാടിനുള്ളില്‍ നിന്ന് ഉച്ചത്തില്‍ ഓരിയിടുന്ന ശബ്ദം കേള്‍ക്കും. കാടുകളുടെ അകത്തളങ്ങളില്‍ തങ്ങളുടെ മനുഷ്യമാംസം കാത്തിരുപ്പുണ്ടെന്ന് മനസ്സിലാക്കിയ നരഭോജികളുടെ ഒച്ചയാണത്. മൃതശരീരം കാടിനുള്ളില്‍ ഉപേക്ഷിച്ച് ഗോത്രക്കാര്‍ തിരികെ വീട്ടിലേക്ക് മടങ്ങും.അന്ന് രാത്രി ആരും തന്നെ വീടുകളില്‍ നിന്ന് പുറത്തിറങ്ങില്ല.

നീലകണ്ഡന്‍ പരമാര അസ്വസ്ഥതയോടെ വായന നിര്‍ത്തി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. എഴുന്നേറ്റ് ലൈറ്റണച്ചു.കര്‍ട്ടന്‍ വകഞ്ഞ് മാറ്റി ജനലിലൂടെ പുറത്തേക്ക് നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ബംഗ്ലാവിന് പുറകുവശത്തെ വനഭാഗം കാണാം. നിശ്ശബ്ദമെങ്കിലും എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്ന വനാന്തര്‍ഭാഗത്തെക്കുറിച്ച് വല്ലാത്തൊരു ഭയം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ കിടക്കയില്‍ വന്ന് കണ്ണുകളടച്ചു കിടന്നു.

ചിട്ടി പിടിച്ച് പിന്നീട് ഗഡുക്കള്‍ അടക്കാതെ മുങ്ങി നടക്കുന്നയാളാണ് കുരിശിങ്കല്‍ മത്തായി. അയാളെ നേരിട്ട് കണ്ട് കോടതി നടപടികള്‍ ബോധിപ്പിക്കാന്‍ വേണ്ടി നീലകണ്ഡന്‍ പരമാര ഒരു പാട് ശ്രമിച്ചിട്ടും നടന്നിരുന്നില്ല. അവസാനം അയാളെ തേടിയിറങ്ങാന്‍ തീരുമാനിച്ചു.ബസ്സിറങ്ങി എത്തിയത് ഒരു കാട്ടുപ്രദേശത്താണ്.

ആളുകള്‍ക്ക് നടന്ന് പോവാന്‍ മാത്രം സാധിക്കുന്ന ഒരു ഒറ്റയടിപ്പാതയുണ്ട്. ആരെയും കാണുന്നില്ല. കുറച്ച് ദൂരം മുന്നോട്ടേക്ക് നടന്നപ്പോള്‍ തലയില്‍ വിറകു കെട്ടു ചുമന്ന് കൊണ്ട് അല്പം പ്രായമായ ഒരു സ്ത്രീ എതിരായി നടന്നു വരുന്നു.അവരോട് ചോദിച്ചു.

'ചേടത്തി... കുരിശിങ്കല്‍ മത്തായി യുടെ വീടേതാണ്?'

അവര്‍ വിറകുകെട്ട് ഒരു മരത്തില്‍ ചാരി നിര്‍ത്തി ഊര നിവര്‍ത്തി എളിയില്‍ കൈ കുത്തി പരമാരയുടെ മുഖത്തേക്ക് നോക്കി.ആ ദൃഷ്ടി മുഖത്ത് പതിച്ചപ്പോള്‍ പരമാരക്ക് ദേഹമാസകലം ഒരു വൈദ്യുത തരംഗം പാഞ്ഞ് പോയതുപോലെ തോന്നി. അയാള്‍ അവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. അഗാധഗര്‍ത്തങ്ങള്‍ പോലെയുള്ള രണ്ടു കണ്ണുകള്‍, ചുക്കിച്ചുളിഞ്ഞ മുഖം. കുറച്ച് നേരം പരമാരയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി അവര്‍ പറഞ്ഞു.

'അല്പം കൂടി മുന്നോട്ട് പോയാല്‍ ഇടത്തോട്ടൊരു തിരിവ്... പിന്നെ വലത്തോട്ടൊരു തിരിവ്.. അത് കഴിഞ്ഞാല്‍ ഒരു കുന്ന് കാണും. ആ കുന്നിറങ്ങിയാല്‍ കുരിശിങ്കല്‍ മത്തായിയുടെ വീടായി. '

മരത്തില്‍ കുത്തിച്ചാരി വച്ച വിറകുകെട്ട് വീണ്ടും തലയിലെടുത്ത് വച്ച് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആ വൃദ്ധ നടന്നു.

പരമാര മുന്നോട്ട് നടന്നു. ആ തള്ള പറഞ്ഞ അടയാളങ്ങളെല്ലാം കടന്ന് മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരു കല്ലറ കണ്ടു.അതില്‍ എഴുതി വച്ചിരിക്കുന്നു.

കുരിശിങ്കല്‍ മത്തായി
ജനനം: 03/10/1938
മരണം: 28/2/1998

പരമാര വല്ലാത്ത ചിന്താ കുഴപ്പത്തിലായി. യഥാര്‍ത്ഥത്തില്‍ താന്‍ ആരെ അന്വേഷിച്ച് വന്നതാണെന്നയാള്‍ക്ക് തന്നെ തീര്‍ച്ചയില്ലാതായി.പെട്ടെന്നയാള്‍ ഒരു ആക്രോശം കേട്ടു .വന്യമൃഗങ്ങളുടെത് പോലെയുള്ള ഒരു മുരള്‍ച്ചയും. അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. രണ്ടു മൂന്ന് രൂപങ്ങള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കുകയാണ്. മനുഷ്യരാണോ മൃഗങ്ങളാണോ എന്നറിയാന്‍ സാധിക്കാത്ത തരം വികൃതരൂപങ്ങള്‍. മൂന്ന് പേരുടെയും വായില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്. നീട്ടിവളര്‍ത്തിയ തലമുടി. കൈകളിലും കാലുകളിലും നീണ്ട നഖങ്ങള്‍.അവര്‍ ആ പെണ്‍കുട്ടിയുടെ കഴുത്ത് കടിച്ചു മുറിച്ചിരിക്കുകയാണ്. കയ്യും കാലും വെട്ടി വേറെ വച്ചിരിക്കുകയാണ്.ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ മാംസളമായ മുല വലത്തെ കൈ കൊണ്ട് ചക്കച്ചുളപറിച്ചെടുക്കുന്ന ലാഘവത്തോടെ പറിച്ചെടുത്ത് വായിലേക്ക് കൊണ്ടുപോവുകയാണ്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് പരമാര ആ പെണ്‍കുട്ടിയുടെ മുഖം കണ്ടത്. അത് പണിക്കരു മാഷുടെ കാണാതായ പേരക്കുട്ടിയായിരുന്നു. പരമാര ഞെട്ടി. ഭയചകിതനായ അയാള്‍ ഉറക്കെ അലറി. ശബ്ദം കേട്ട ഒരുവന്‍ ആ പെണ്‍കുട്ടിയെ വിട്ട് അയാളുടെ നേരെ പാഞ്ഞടുത്തു. ഓടാന്‍ ശ്രമിച്ചിട്ടയാള്‍ക്ക് ഓടാന്‍ സാധിക്കുന്നില്ല. അവന്റെ കൂര്‍ത്ത നഖങ്ങള്‍ കഴുത്തില്‍ ആഴ്ന്നിറങ്ങുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അലറിക്കരഞ്ഞുകൊണ്ടയാള്‍ കണ്ണു തുറന്നു.കണ്ടത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന ബോധ്യത്തിലെത്താന്‍ അയാള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നു. അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. ലൈറ്റ് ഓണ്‍ ചെയ്തു. സമയം നോക്കി. പുലര്‍ച്ചെ നാലരമണി.ജഗ്ഗിലിരുന്ന വെള്ളം എടുത്ത് കുടിച്ച് അയാള്‍ ബാല്‍ക്കണി തുറന്ന് അവിടെയിട്ട കസേരയില്‍ ഇരുന്നു. ദൂരെ വനാന്തരങ്ങളില്‍ നിന്ന് ഏതൊക്കെയോ വന്യമൃഗങ്ങളുടെ അലര്‍ച്ചയും മുരള്‍ച്ചയും ഓരിയിടലും എല്ലാം കേള്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. ഇന്നിനി ഉറക്കം വരില്ലെന്നയാള്‍ ഉറപ്പിച്ചു.

(തുടരും)


റീന പി.ജി.

കവി, കഥാകാരി. കാളികാവ്​ അടക്കാക്കുണ്ട്​ ക്രസൻറ്​ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക. ആകാശവേരുകൾ (കവിതാസമാഹാരം), ഭായ്​ ബസാർ (കഥാ സമാഹാരം) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments