ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം

​ചോരയും കണ്ണീരും

തൈമയും കൊളംബസും -7

കൊളംബസിന് രോഷം അടക്കാൻ കഴിഞ്ഞില്ല. ലാ ഇസബെല്ലയുടെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ദയനീയമായിരുന്നു അവസ്ഥ. പാതിയിലധികം പേർ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തിരുന്നു. പലരും രോഗബാധിതരും തളർന്ന് അവശരുമായിരുന്നു. അവശേഷിക്കുന്ന ഇത്തിരി ഭക്ഷണം പൂപ്പൽ പിടിച്ച് കിടന്നു. പക്ഷെ കൊളംബസ് ഒരു ദയയും വിചാരിച്ചില്ല. എല്ലാവരേയും ചവിട്ടിയും കുത്തിയും എഴുന്നേൽപ്പിച്ചു. ഒരു നിമിഷം കളയാതെ, കൃഷിക്ക് ഒരു കനാലും ഗോതമ്പു പൊടിക്കാൻ മില്ലും നിർമ്മിക്കാൻ ഉത്തരവിട്ടു. സ്പാനിഷുകാരോട് തന്നെയുളള അഡ്മിറലിന്റെ ക്രൂരത കണ്ട് അവശേഷിച്ചവർ പാതി ജീവനും കൊണ്ട് എഴുന്നേറ്റു.

രണ്ടു തവണ കൊളംബസ് പട്ടാളക്കാരെ ദ്വീപിലേക്ക് വിട്ടിരുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ ഇല്ലാതെ എല്ലാ മനുഷ്യരേയും പിടിച്ചു കൊണ്ടു വരാനായിരുന്നു ആജ്ഞ. പക്ഷെ രണ്ടു തവണയും പട്ടാളക്കാർ വെറും കൈയോടെ മടങ്ങി. ദ്വീപിൽ മനുഷ്യ സാന്നിധ്യം തന്നെ ഇല്ലെന്ന്. എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുന്നുണ്ടാകും. പേടിത്തൂറികൾ. എന്തായാലും പട്ടാളക്കാർ വഴിയിൽ കണ്ട മരച്ചങ്ങാടങ്ങൾ ഒക്കെ തകർത്തിട്ടാണ് വന്നത്. അതുകൊണ്ട് ദ്വീപുകാർക്ക് അധിക ദൂരം പോകാനൊന്നും കഴിയില്ല.

താൻ കേട്ട കഥയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കൊളംബസിന് തോന്നി. വെടിമരുന്നും ലോഹായുധങ്ങളും ഒക്കെയുളള പത്തു നാൽപ്പത് നാവികരെ പല്ലും മരവും മാത്രം ആയുധമാക്കുന്ന നരഭോജികളായ കാരിബുകൾ കീഴ്‌പ്പെടുത്തി മിക്കവരേയും കൊന്നു കളഞ്ഞെന്നു വിശ്വസിക്കുന്നതെങ്ങനെ?

എവിടെയോ എന്തോ വിളക്കാനാവാതെ കിടക്കുന്നുണ്ട്. ദ്വീപിലേക്ക് പോയ പടയാളികളുടെ സംഘത്തിലെ ഒരു പട്ടാളക്കാരൻ കൊളംബസിനടുത്തേക്ക് വന്നു:
""അഡ്മിറൽ, ദ്വീപിൽ നിന്ന് പിടിക്കാനായ ആ ഒരേ ഒരു പെണ്ണിനെ ചോദ്യം ചെയ്തു വരുന്നു. അവളും കൂടുതൽ ഒന്നും പറയുന്നില്ല. അതേ നരഭോജികളുടെ കഥ.''
""ഉം.'' കൊളംബസ് ഇടതൂർന്ന് മരങ്ങൾ വളരുന്ന, സൂര്യ പ്രകാശം താഴെ വീഴാത്ത ദ്വീപിന്റെ ഉൾഭാഗങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ചിന്തിച്ചു. അവിടെ തങ്ങൾക്കായി കാത്തിരിക്കുന്ന മൃഗതുല്യരായ എതിരാളികളെ പറ്റിയും.
""പക്ഷെ ആ പെണ്ണ് വേറെ ചില കാര്യങ്ങൾ പറഞ്ഞു...അത്...'' പട്ടാളക്കാരൻ ഒന്നു മടിച്ചു. കൊളംബസിന്റെ മുഖം രൂക്ഷമായി.
""എന്താണെന്ന് പറഞ്ഞ് തുലക്ക്.''
പിന്നെയും പട്ടാളക്കാരൻ മടിച്ചു നിന്നപ്പോൾ കൊളംബസ് പട്ടാളക്കാരന്റെ അടുത്തേക്ക് വന്നു. അയാളുടെ ഇരു ചുമലുകളിലും കൈ വച്ചു.
""ഞാൻ ആജ്ഞാപിക്കുന്നു. ഈ കാണുന്ന കടലിന്റേയും ദ്വീപുകളുടേയും അധിപനായ കൊളംബസ് കല്പിക്കുന്നു. പറയൂ. എന്താണ് നാവികർക്ക്, സ്പാനിഷ് കോട്ട നിർമ്മിക്കാൻ കാവൽ നിർത്തിയ സ്പാനിഷ് പടയാളികൾക്ക് എന്താണ് സംഭവിച്ചത്?''
""വെറും കെട്ടു കഥയാകാനും മതി. ഭാഷയും സ്പാനിഷ് രീതികളുമൊന്നും അറിയാത്ത ഈ മണ്ടൻ ദ്വീപു വാസികളുടെ ഭാവന. സത്യം ആകണമെന്നില്ല.''
കൊളംബസിന്റെ കൈ തന്റെ വാൾപ്പിടിയിലെക്ക് നീണ്ടു. പട്ടാളക്കാരന്റെ മുഖത്ത് പേടി തെളിഞ്ഞു.
""നാവികർ തമ്മിൽ മിക്കപ്പോഴും ചേരി തിരിഞ്ഞ് ശണ്ഠയുണ്ടായിരുന്നെന്ന്. അടിപിടിയും വാൾപ്പയറ്റും നടത്തി പരിക്കേൽക്കൽ പതിവായിരുന്നെന്ന്...''
കൊളംബസിന്റെ മുഖം ഇപ്പോൾ പ്രക്ഷുബ്ധമായി. തൻ വിചാരിച്ചതിലും ഗൗരവമായ പ്രശ്‌നങ്ങൾ ദ്വീപിലുണ്ടായിരുന്നുവെന്ന് അഡ്മിറലിനു മനസ്സിലായി.
""എന്തിന്റെ പേരിൽ.'' അയാൾ പട്ടാളക്കരനെ നോക്കി ചോദിച്ചു. ""എന്തിനു വേണ്ടിയാണ് നാവികർ ചേരി തിരിഞ്ഞ് കലഹിച്ചത്?''
കൊളംബസിനു മുന്നിൽ നിൽക്കുന്ന പട്ടാളക്കാരന്റെ ചുണ്ടുകൾ വിറച്ചു. ഏതു നിമിഷവും മുഖമടച്ച് അഡ്മിറലിന്റെ കൈ പതിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.
""പെണ്ണിനു വേണ്ടി.'' അയാൾ മടിച്ചു മടിച്ചു കൊണ്ട് പറഞ്ഞു.
""തെളിച്ചു പറ.'' കൊളംബസ് അലറി.
""ദ്വീപിലെ പെണ്ണുങ്ങളെ ചൊല്ലി പലപ്പോഴും പട്ടാളക്കാർ തമ്മിൽ തമ്മിലും മറ്റു ചിലപ്പോൾ ദ്വീപിലെ ആണുങ്ങളുമായും കശപിശയുണ്ടായിരുന്നു. അത് വെട്ടിലും കുത്തിലും ചെന്നെത്തി ദ്വീപിലെ ആണുങ്ങളിൽ ചിലർ മരിച്ചിരുന്നുവത്രെ. നാവികരിൽ തന്നെ ഒരു വിഭാഗത്തിന് കോട്ട പണിയിൽ ശ്രദ്ധിക്കാതെ ചിലർ ദ്വീപിലെ പെണ്ണുങ്ങളുടെ പിറകേ പോകുന്നതിൽ എതിർപ്പുണ്ടായിരുന്നുവെന്ന്. അങ്ങനെ ചുരുക്കത്തിൽ കലാപം ഉണ്ടായിരുന്നുവെന്നും അങ്ങനെയാണ് കോട്ട പണി എങ്ങും എത്താതെ ആയത്. പിന്നൊരു ദിവസം രാത്രി മദ്യ ലഹരിയിൽ ഒന്നും രണ്ടു പറഞ്ഞുണ്ടായ വഴക്ക് ശരിക്കും രണ്ട് വിഭാഗങ്ങൾ തമ്മിലുളള യുദ്ധമായി മാറുകയും നാവികരിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് അഡ്മിറൽ ആ പെണ്ണ്, ദ്വീപിൽ പിടിച്ചു കെട്ടിയ പെണ്ണ് പറഞ്ഞത്...''
""അപ്പോൾ കാരിബുകൾ? മാംസം കാർന്നെടുത്ത നിലയിൽ കണ്ട ശവങ്ങൾ?''
പട്ടാളക്കാരൻ ഒന്നും മിണ്ടിയില്ല.
""അതെങ്ങനെ വിശദീകരിക്കും. പത്ത് നാൽപ്പത് സ്പാനിഷ് ജീവന്റെ വില ഏങ്ങിനെ ഫെർഡിനന്റിനോടും ഇസബെല്ലയോടും വിശദീകരിക്കും?'' എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ആ പട്ടാളക്കാരനാണെന്ന മട്ടിൽ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ട് കൊളംബസ് വീണ്ടും അലറി.

""ഒറ്റ കാരണം കൊണ്ടല്ലെന്ന് തീർച്ച അഡ്മിറൽ.'' ശ്വാസം കിട്ടാതെ കിതച്ചു കൊണ്ട് പട്ടാളക്കാരൻ പറഞ്ഞു: ''കുറേ പേർ കാരിബുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാം. മറ്റു ചിലർ പരസ്പരം വെട്ടി മരിച്ചതാകം. പിന്നെയും ചിലർ...''
""പിന്നെയും ചിലർ?''
''രോഗത്തിനും അല്ലെങ്കിൽ ദ്വീപുകാർ തന്നെ വിഷം കൊടുത്തോ മറ്റോ...''
""ഉം.'' കൊളംബസ് പട്ടാളക്കാരന്റെ കഴുത്തിൽ നിന്ന് കൈയെടുത്തു. പിന്നെ പുറം കൈ കൊണ്ട് വീശി അയാളെ കൺ മുന്നിൽ നിന്ന് പറഞ്ഞയച്ചു.
കൊളംബസിന്റെ മനസ്സിൽ കോപം കടൽ പോലെ ആർത്തിരമ്പി. എത്രയോ തവണ പറഞ്ഞിട്ടുളളതാണ്. ഇവിടെ വന്നിട്ടുളളത് യുദ്ധത്തിനോ പിടിച്ചു പറിക്കാനോ അല്ല. സ്വർണം. സ്വർണം തേടിയാണെന്ന് എത്ര തവണ താക്കീത് നൽകിയിരിക്കുന്നു. ദ്വീപ് വാസികൾക്ക് തങ്ങൾ അവരുട്രെ സംരക്ഷകരാണ് ശത്രുക്കളല്ല എന്ന് തോന്നൽ ആണുണ്ടാക്കേണ്ടതെന്ന്...അവരുടെ പെണ്ണുങ്ങളെ കയറിപ്പിടിക്കരുതെന്ന്...

പതുക്കെപ്പതുക്കെ കൊളംബസിന്റെ കോപം പ്രതികാരദാഹത്തിലെക്ക് വഴി മാറി. ഇനി ഈ ദ്വീപിൽ മിത്രങ്ങളില്ല. ശത്രുക്കൾ മാത്രം. ദ്വീപു വാസികളായാലും നരഭോജികളായാലും. സ്പാനിഷ് ജീവന് വില പറഞ്ഞേ തീരൂ. ചോരയുടെ പുഴ ഈ ദ്വീപുകളിലൂടെ ഒഴികിയേ തീരു.. കൊളംബസ് തന്റെ പുതിയ സംഘത്തിലെ ഏറ്റവും ക്രൂരനും ചോരത്തിളപ്പ് കൂടിയവനുമായ പട്ടാളക്കാരനു വേണ്ടി ആളെ വിട്ടു.
****

രുട്ടിൽ ബലിഷ്ഠമായ രണ്ട് കൈകൾ എന്നെ വാരിയെടുത്ത് ചുമലിലിടുകയും, വാ മൂടിപ്പിടിക്കുകയും, മറ്റ് രണ്ട് കൈകൾ കണ്ണു കെട്ടുകയും ചെയ്തപ്പോൽ ഞാൻ കുതറാനും നിലവിളിക്കാനും ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ദ്രുതഗതിയിൽ എന്നെയും ഏടുത്തു കൊണ്ട് അവർ കടപ്പുറത്ത് നിന്ന് അകലെ, ദ്വീപിന്റെ ഉളളിലേക്കുളളിലേക്ക് കയറി പോയി.

ഞാൻ ഇരുട്ടിൽ എന്നെ ചുമലിലിട്ടവന്റെ ദേഹം പരതി നോക്കി. നഗ്‌നമായ ഉടൽ. പരിചിതമായ നിറച്ചാർത്തുകളുടെ പരുപരുപ്പ്. മീനിന്റെ മണം. വെളുത്ത നാവികരല്ല. തീർച്ച. കാരിബുകൾക്കാണെങ്കിൽ പെണ്ണുങ്ങളിൽ താല്പര്യവുമില്ല. ഞങ്ങളുടെ ദീപിൽ നിന്നുളളവരാരോ തന്നെ. എനിക്ക് നേരിയ ആശ്വാസം തോന്നി. ഞാൻ ഒരു പൂച്ചയെ പോലെ ഒതുങ്ങിക്കിടന്നു. മരച്ചില്ലകളിലും കാട്ടുവളളികളിലും കുരുങ്ങിപ്പോകാതിരിക്കാൻ കൈകാലുകൾ അയാളുടെ ശരീരത്തോട് ചേർത്തു പിടിച്ചു. കുടിച്ച് മത്തരായി കിടക്കുന്ന സ്പാനിഷ് പടയാളികളുടെ ഉറക്കം മുറിയാതിരിക്കാൻ ഷാമനോട് പ്രാർത്ഥിച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ നടത്തം വേഗത്തിലായി. ഓട്ടമായി. അടുത്തെവിടെയോ വെളളം ഒഴുകുന്ന ശബ്ദം ഞാൻ കേട്ടു. തോടിനടുത്തെത്തിയപ്പോൽ ചുമന്നു കൊണ്ടു വന്നവർ എന്നെ താഴെ നിർത്തി. ഞാൻ ഓടിപ്പോവുകയില്ലെന്നും, ശബ്ദമുണ്ടാക്കുകയില്ലെന്നും പറഞ്ഞെങ്കിലും അവർ കണ്ണിലേയും വായിലേയും കെട്ടഴിച്ചില്ല. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ പൊക്കിയെടുത്ത് അവർ മരത്തിന്റെ ചങ്ങാടത്തിലെടുത്തു വച്ചു. പിന്നെ മറു കരക്കു തുഴഞ്ഞു. വെളളം. എനിക്ക് പരിചിതമായ വെളളം. വെളളത്തിലേക്ക് കൈയിടാനുളള ആഗ്രഹം ഞാൻ പക്ഷെ നുളളിക്കളഞ്ഞു. വയ്യ, ശവങ്ങളും, അറ്റു പോയ കൈകാലുകളും ഇനിയും കോരിയെടുക്കാൻ.

തോടിനപ്പുറത്ത് വീണ്ടും നടത്തം. കാടുകൾക്കു പകരം. കയറ്റം. ഇറക്കം. ദ്വീപുകളും തോടുകളും വിട്ട് വിശാലമായ പുൽത്തകിടികളുടെ പ്രദേശം. കൂരിരുട്ട് കുറേശ്ശ അയഞ്ഞു. കണ്ണു കെട്ടിയ തോലിനിടയിലൂടെ നേരിയ നിലാവ് എന്റെ കണ്ണിലേക്ക് പ്രവേശിച്ചു. എനിക്കു മനസ്സിലായി. കടലോരത്തു നിന്നും കാടു കടന്ന് മലമ്പ്രദേശങ്ങളിലേക്ക്. മീനും വെളളവും ഉളളിടത്തു നിന്ന് കൃഷിയും മൃഗങ്ങളും ഉളള പ്രാന്തങ്ങളിലേക്ക്. എന്തു കാരണം കൊണ്ടാണെങ്കിലും എന്റെ ദ്വീപിലെ ആളുകൾ പലായനം ചെയ്തത് ഇങ്ങോട്ടാണ്.

എന്നെ വീണ്ടും താഴെ നിർത്തി. കണ്ണിലെയും വായിലേയും കെട്ട് മുഴുവനായി അഴിക്കുന്നതിനു മുൻപു തന്നെ കണ്ടു. കത്തുന്ന പന്തങ്ങളുടെ തീ വെളിച്ചം. ചുറ്റുമിരിക്കുന്ന എന്റെ പ്രിയപ്പെട്ടവർ. തൈനോകൾ.

കണ്ണു തിരുമ്മിക്കൊണ്ട്, കുറേയേറെ നാളുകളായി അറിഞ്ഞിട്ടില്ലാത്ത ആഹ്ലാദത്തോടെ ഞാൻ എന്നെ ചുമന്നു കൊണ്ടു വന്നവനെ നോക്കി. ചാമയന്റെ വികാരം പ്രതിഫലിക്കാത്ത മുഖം ഞാൻ കണ്ടു. അവന്റെ നെറ്റിയിൽ തീത്തുളളികൾ പോലെ തിളങ്ങുന്ന വിയർപ്പ്. ഞാൻ അവനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. ചാമായൻബലം പ്രയോഗിക്കാതെ, പതുക്കെ എന്നെ തളളി മറ്റി. ഞാൻ എനിക്ക് നേരെ നടന്നു വരുന്ന ആളുകളെ നോക്കി. ചീറയെ കണ്ടു. അല്പം മാറി തീക്കൂനക്ക് സമീപം നിൽക്കുന്ന മൂപ്പനെ കണ്ടു. ഞാൻ ചിരിച്ചു. പിന്നെ നെഞ്ചു പറിഞ്ഞ് പോകുന്നതു പോലെ കരഞ്ഞു കൊണ്ട് മൂപ്പനടുത്തേക്ക് ഓടി.
""മൂപ്പാ, എന്റെ പ്രിയപ്പെട്ട മൂപ്പാ.''
മൂപ്പൻ എന്നെ കെട്ടിപ്പിടിച്ചു.
""ആരാണ് മൂപ്പാ നമ്മുടെ ശത്രുക്കൾ? കാരിബുകളോ അതോ മൂപ്പൻ അതിഥികൾ എന്നു വിളിക്കുന്ന ആ വെളുത്തവരോ അതോ ഈ ലോകം മുഴുവൻ നമ്മുടെ ശത്രുക്കളാണോ?''
മൂപ്പൻ ഒന്നും മിണ്ടാതെ എന്റെ പുറത്ത് തടവിക്കൊണ്ടിരുന്നു. എന്നെ ആരൊക്കെയോ കൂടി കനൽക്കൂനക്കു സമീപം ഇരുത്തി. മരച്ചീനി ചുട്ടതും ഉണക്ക മീനും കൊണ്ടു വന്നു തന്നു. വിശപ്പ് ഇതിനു മുൻപൊരിക്കലും ഇല്ലാത്ത വണ്ണം എന്നെ കീഴടക്കിയിരുന്നു. ഞാൻ ഭൂതമോ ഭാവിയോ ഇല്ലാത്ത ഒരു മൃഗത്തെ പോലെ ഭക്ഷണം കഴിക്കുന്നത് കണ്ട് ചീറ കരഞ്ഞു കൊണ്ട് അപ്പുറത്തേക്ക് ഓടി. മൂപ്പൻ മുഖം തിരിച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ ഒരു പാട്ട് പാടാൻ തുടങ്ങി. തേങ്ങൽ അടക്കിപ്പിടിക്കാനാവാതെ തൊണ്ടയിൽ നിന്ന് മുറിഞ്ഞു വീണതു പോലൊരു ശോക ഗാനം. സാധാരണ വിരുന്നുകളിൽ പതിവുളളതു പോലെ ആരും ചുവടു വെക്കുകയോ കൂടെ പാടുകയോ ചെയ്തില്ല. പാട്ട് രാത്രിയുടെ നിശബ്ദത മൃദുവായി ഭേദിച്ചു കൊണ്ട് അടർന്നു വീണു കൊണ്ടിരുന്നു.

വിശപ്പ് മാറിയപ്പോൾ ഞാൻ ചീറയുടെ മടിയിൽ തല വച്ചു കിടന്നു. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ദ്വീപിലെ മനുഷ്യരെല്ലാം മനസ്സും ശരീരവും തകർന്നു നുറുങ്ങി അവിടവിടെ വീണു കിടക്കുകയായിരുന്നു. ഇനിയൊരു പകലോ രാത്രിയോ സ്വയം താങ്ങാനുളള ശക്തിയില്ലാത്തതു പോലെ. ആരൊക്കെയോ ചുമക്കുകയും ഞരങ്ങുകയും ചെയ്തു.

ഞാൻ ആകാശത്തേക്കു നോക്കി. ഞങ്ങളുടെ ദൈവങ്ങളുടെ നക്ഷത്ര സാന്നിധ്യവും അപ്രത്യക്ഷമായിരിക്കുന്നു. ആകാശം ഒരു കറുത്ത പുതപ്പായി തൈനോകൾക്കു മുകളിൽ ഇനിയും വരാനിരിക്കുന്ന് ദുർദിനങ്ങളുടെ സൂചനയായി നിന്നു.
എന്റെ കണ്ണുകൾ പിടിച്ചു നിൽക്കാനാവാതെ അടഞ്ഞു പോയി. ജീവിതത്തിൽ ഇനി ഒരിക്കലും അനുഭവിക്കാനിടയില്ലാത്ത ശാന്തതയിൽ സ്വപ്നങ്ങളില്ലാത്ത ഗാഢമായ ഒരുറക്കത്തിലേക്ക് ഞാൻ വഴുതി വീണു...

ഞാൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റപ്പോൾ പകൽ ആയിരുന്നു. തീ കെട്ട അടുപ്പുകളിൽ നിന്നും മുകളിലേക്കുയരുന്ന വെളുത്ത പുക. ആ പുകയേറ്റ് കറുത്തതു പോലെ മഴക്ക് ഒരുക്കം കൂട്ടുന്ന ആകാശം. അല്പം മാറി മൂപ്പനും ചാമിയനും മറ്റ് ആണുങ്ങളും കൂട്ടം കൂടി നിന്ന് കാര്യമായി സംസാരിക്കുന്നു.
ഒരു നിമിഷം ജീവിതം ദ്വീപിലെ പഴയ നാളുകളിലേക്ക് തിരിച്ചു പോയതായി എനിക്കു വെറുതെ തോന്നി. പക്ഷെ ചുറ്റും ഒന്നു നോക്കുകയേ വേണ്ടിയിരുന്നുളളൂ. ആ പഴയ ജീവിതത്തിൽ നിന്നും എത്ര ദൂരെയാണ് മനസ്സു കൊണ്ടും ശരീരം കൊണ്ടെന്നും മനസ്സിലാക്കാൻ.

ഒന്നുമില്ലെങ്കിലും തൈനോകളുടെ കൂടെ, മൂപ്പന്റെയും ചീറയുടെയും കൂടെയാണല്ലോ എന്നതെങ്കിലും എന്നെ സന്തോഷിപ്പിക്കേണ്ടതുണ്ട്.
ചാമയന്റെ ക്രോധം കെട്ടിയ ശബ്ദം ആകാശത്തേക്കുയരുന്ന കൊഹോബ പുകയെ ഭേദിച്ച് ഉയർന്നപ്പോൾ ഞാൻ ഓടി അവരുടെ അടുത്തേക്ക് ചെന്നു. എന്നെ പോലെ മറ്റു സ്ത്രീകളും ഓടി വന്നപ്പോൾ ഞങ്ങൾ ആണുങ്ങളുടെ വൃത്തത്തിനു ചുറ്റും മറ്റൊരു വലയം തീർത്തു കൊണ്ട് നിന്നു.
""ഇത്രയൊക്കെ ആയിട്ടും മൂപ്പന് എങ്ങിനെയാണ് സൽക്കാരത്തിന്റേയും ഭീരുത്വത്തിന്റേയും ഭാഷ സംസാരിക്കാൻ കഴിയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.'' ചാമായൻമടുപ്പോടെ മുഖം തിരിച്ചു.
""നമ്മുടെ ഭാഗത്തും തെറ്റുണ്ട്.'' മൂപ്പൻ കൊഹോബ കുഴലുകളും സെമികളും പുല്ലിൽ മാറ്റി വച്ചു. ""അതിഥികൾ നമ്മോട് ഈയടുത്ത നാൾ വരെ ദയ കാണിച്ചിട്ടേയുളളൂ. നീയും നിന്റെ കൂട്ടാളികളും കൂടി അവരുടെ പണി നടക്കുന്ന കോട്ട അക്രമിച്ച ശേഷമാണ് അവർ ക്രൂരത കാട്ടിത്തുടങ്ങിയത്. കോട്ട പണിയാൻ സഹായിക്കാമെന്നത് നമ്മളും രാജാവും കൂടി വെളുത്ത മൂപ്പനു നൽകിയ വാക്കാണ്. തൈനോകളുടെ സഹായ ഉടമ്പടി. അതാണ് നീയും നിന്റെ കൂട്ടാളികളും കൂടി തെറ്റിച്ചത്.''
""എന്റെ കൂട്ടാളികൾ എല്ലാം ചത്തു എന്ന് മൂപ്പനെ ഞാൻ ഓർമിപ്പിക്കണോ? വെറുത പ്രായം ചെന്ന് ചത്തതല്ല. ആ വെളുത്തവർ ക്രൂരമായി കൊന്ന് കെട്ടിത്തൂക്കിയതാണ്.'' ചാമയന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. പെണ്ണുങ്ങളിൽ ആരോ ചുമച്ച്, വായിൽ നിന്ന് നുരയും പതയും വരുത്തിക്കൊണ്ട് നിലത്തു വീണു. ആരും അത് ഗൗനിച്ചേയില്ല.
""നിനക്ക് വെളുത്ത മൂപ്പൻ തിരിച്ചു വരുന്നതു വരെയെങ്കിലും ക്ഷമിക്കാമായിരുന്നു. അതു കൊണ്ടാണ് ഞാൻ പറയുന്നത് ഇന്നിപ്പോ വെളുത്ത മൂപ്പൻ തിരിച്ചു വന്ന സ്ഥിതിക്ക് അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. ഓർക്കുക, കാരിബുകളെ തുരത്താൻ അവരുടെ വെടിമരുന്നിന്റെ ശക്തിക്കേ കഴിയുകയുളളൂ.''

എത്ര തവണ മൂപ്പനും ചാമയനും തമ്മിലുളള ഈ വാഗ്വാദം കേട്ടിരിക്കുന്നു! പക്ഷെ, ഇത്തവണയെങ്കിലും മൂപ്പൻ ഇത്തരം ന്യായങ്ങൾ നിരത്തുകയില്ലെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.
""കാരിബുകൾ ഒന്നുമില്ലെങ്കിലും പെണ്ണുങ്ങളെയെങ്കിലും വെറുതെ വിടും.'' ഞാൻ പറഞ്ഞു. എല്ലാ കണ്ണുകളും എന്റെ നേർക്കു നീണ്ടു. ഞാൻ പറഞ്ഞ വാക്കുകളെയാണോ അതോ എന്നെയാണോ അവർ അടയാളപ്പെടുത്താൻ വിസമ്മതിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മൂപ്പന്റെ കണ്ണുകളിലെ വികാരവും അതു പോലെ തന്നെ എനിക്ക് പിടി തരാതെ തുടർന്നു.
""നമ്മുടെ ദ്വീപിലെ മുഴുവൻ ആളുകളും അയൽ ദ്വീപിലെ ആണുങ്ങളും ചേർന്നുളള ആക്രമണം. അത് മാത്രമാണ് പോംവഴി. ഇന്നു തന്നെ. അവർ കാടിനുളളിലേക്ക് സ്വർണവും തിരഞ്ഞ് കയറും മുൻപു തന്നെ. '' എന്റെ വാക്കുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ചാമായൻപറഞ്ഞു.
മൂപ്പൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു.
""ഈ പോരാട്ടത്തിൽ നമുക്ക് വില്ലുകളുടെ വേഗത പോര. ബലമുളള ഒറ്റാലുകൾ കൊണ്ടു വരിക. മുളകൾ കൊണ്ടുണ്ടാക്കിയത്...'' ചാമായൻ ആജ്ഞാപിച്ചു.
ആദ്യമായി മൂപ്പന്റെ വാക്കുകൾ തൈനോകൾ ധിക്കരിക്കുകയാണല്ലോ. അതിന് ഞാൻ തന്നെ കാരണക്കാരിയായല്ലോ ആത്മാക്കളേ.
ചാമായൻ ദ്വീപുവാസികളുടെ മുഴുവൻ നേതൃത്വവും ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. ആക്രമണത്തിനുളള പദ്ധതികൾ ഞൊടിയിടയിൽ തീർപ്പായി. ഒളിഞ്ഞിരുന്നും നേർക്കുമുളള പോരിനുളള ആഹ്വാനം. സ്പാനിഷുകാരുടെ ഈ രണ്ടാം വരവിൽ അവർ കൊണ്ടു വന്നിട്ടുളള, ദ്വീപുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളെ നേരിടാൻ ഒരു സംഘം. അവരുടെ ഏറ്റവും വലിയ ശക്തിയായ വെടിക്കൊപ്പുകൾക്ക് തടയിടാനും നുഴഞ്ഞ് കയറി വെടി മരുന്നുകൾ നശിപ്പിച്ചു കളയാനും സംഘത്തിലെ ഏറ്റവും മിടുക്കരായ ചെറുപ്പക്കാർ.

വിവരമറിഞ്ഞ് അന്യദ്വീപുകളിൽ നിന്ന് കൂട്ടമായി വെറെയും ആണുങ്ങൾ എത്തിയപ്പോൾ ചാമയന്റേയും സംഘത്തിന്റേയും ആവേശം ഇരട്ടിച്ചു. അദ്യം കിട്ടിയ മരക്കുന്തവുമായി ഞാനും കൂടിയപ്പോൾ മറ്റ് ചില പെണ്ണുങ്ങളും ചേർന്നു...

വിളവെടുപ്പ് കഴിഞ്ഞ മരച്ചീനി പാടത്തിനു നടുവിൽ മൂപ്പൻ ഒറ്റക്കു നിൽക്കുകയായിരുന്നു. മൂപ്പനു മുന്നിൽ ചെറിയ കല്ലുകളുടെ ഒരു കൂമ്പാരം. ഇടക്ക് മൂപ്പൻ കല്ലുകൾ ഓരോന്നായെടുത്ത് പാടത്തിന്റെ മറ്റെ അറ്റത്തേക്ക് നീട്ടി എറിഞ്ഞു. മൂപ്പൻ ആത്മാക്കളുമായി സംസാരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
എപ്പോഴാണ് മൂപ്പൻ ചാമയന്റെ പടയൊരുക്കത്തിനിടയിൽ നിന്ന് ഇങ്ങോട്ട് വന്നതെന്ന് ഞാൻ കണ്ടില്ല. ഞാൻ മൂപ്പനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് തന്നെ നേരം ഒരു പാടായിരുന്നു.
""എന്നോട് ക്ഷമിക്കൂ മൂപ്പാ. അറിവില്ലായ്മക്കും അവിവേകത്തിനും മാപ്പ്.'' ഞാൻ മൂപ്പന്റെ കാലിനടുത്ത് മണ്ണിൽ തലകുനിച്ചിരുന്നു.
മൂപ്പൻ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ആകാശം ഞങ്ങൾക്കു മേൽ പകലിനും രാത്രിക്കുമിടയിലുളള ദുർഘടസന്ധിയിൽ ചുകന്നു നിന്നു.
മൂപ്പൻ കല്ലുകളിൽ ഒരെണ്ണം എന്റെ കൈയിൽ തന്നു. ഞാൻ മൂപ്പൻ ചെയ്യുന്നതു പോലെ അത് പാടത്തിന്റെ മറ്റേയറ്റത്തേക്ക് നീട്ടിയെറിഞ്ഞു.
""ഈ അവിവേകിയോട് പൊറുക്കൂ ആത്മാക്കളേ.'' ഞാൻ പറഞ്ഞു. മൂപ്പൻ അടുത്ത കല്ലെടുത്ത് എന്റെ കൈയിൽ തന്നു.

ഞങ്ങൾക്കു ചുറ്റും ആത്മാക്കളുടെ ആദൃശ്യവലയം.

ദേഹം മുഴുവൻ കറുത്ത ചായം തേച്ച്, സ്വർണവും ചെമ്പും, കണ്ണാടിയും, മുഖം മൂടിയും ധരിച്ച് തയ്യാറായി ചാമായൻ ആകാശത്തേക്ക് നോക്കി അലറി. ആ ശബ്ദം അവിടെ കൂടിയിരുന്ന ഞങ്ങൾ ഓരോരുത്തരുടെ സിരകളിലും രക്തയോട്ടം കൂട്ടി. കറുത്ത ചായം നിറച്ച കോപ്പകൾ കൈമാറപ്പെട്ടു. കൈ കാലുകളിലും മുഖത്തും ചായക്കൂട്ടുകൾ തെളിഞ്ഞു. ആസുര ഭാവം കലർന്ന വാദ്യങ്ങൾ ചുറ്റും മുഴങ്ങി. ആദ്യമാദ്യം മടിച്ചു നിന്നിരുന്ന സ്ത്രീകളും കുട്ടികളുമടക്കം ഒട്ടു മുക്കാൽ എല്ലാ ആളുകളും ഇപ്പോൾ ആയുധങ്ങളെടുത്ത് ചാമയന്റെ സംഘത്തിൽ ചേർന്നു.
സ്പാനിഷ്‌കാർ കാടു കേറുന്നുവെന്ന് വിവരം കിട്ടിയപ്പോൾ വരി വരിയായി ഞങ്ങൾ കടപ്പുറത്തേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങി. ഇടക്കിടക്കുളള അലർച്ച സമീപത്തുളള കാടുകളിലെ മരക്കൊമ്പുകളിൽ വിശ്രമിക്കുകയായിരുന്ന വവ്വാലുകളെ അകലേക്ക് തുരത്തി. കടലിന്റെ സാമിപ്യം അറിയാറായപ്പോൾ ഞങ്ങൾ നിശബ്ദരായി. സ്പാനിഷ്‌കാരെ കാത്ത് മരങ്ങൾക്കിടയിലും, വെളളത്തിനടിയിലും, പൊന്തക്കാടുകളിലുമായി ചാമായൻ തന്റെ കൂട്ടത്തെ മൃഗങ്ങളെ പോലെ വിന്യസിച്ചു.

സ്പാനിഷ് സംഘത്തിൽ കുതിരകളായിരുന്നു ഏറ്റവും മുന്നിൽ. ഇതുവരെ ദ്വീപുകളിൽ കണ്ടിട്ടില്ലാത്ത മൃഗങ്ങൾ. കൂട്ടത്തിൽ ശക്തരായ യുവാക്കൾ കയറുകളുമായി, കുതിരകളെ പിടിച്ചു കെട്ടാൻ മരങ്ങളുടെ മറവിൽ പതിയിരുന്നു.
മിനുത്ത തവിട്ടു നിറത്തിലുളള ഉടലുകളും, കുഞ്ചിരോമങ്ങളും, കണ്ണുകളിലെ നിർവ്വികാരതയും, കുളമ്പുകളിലൊളിപ്പിച്ച വീര്യവുമായി കുതിരകൾ ആദ്യം നടന്നു വന്നു. പിന്നെ മന്ദ വേഗത്തിൽ ഓടി. ചാമയന്റെ നേതൃത്വത്തിൽ പിടിച്ചു കെട്ടാൻ അടുത്തേക്കു ചെന്നവരെ കണ്ടതും കുതിരകളുടെ ഭാവം മാറി. അവ നെറ്റി കൊണ്ടും കുളമ്പു കൊണ്ടും തട്ടി വീഴ്ത്തി തൈനോകളെ മെതിച്ചു കൊണ്ട് കുതിച്ചു.
എങ്ങിനെയോക്കെയോ കുതിരകളുടെ മേൽ കയറാൻ കഴിഞ്ഞ തൈനോകൾക്കാകട്ടെ അധിക നേരം കുതിരപ്പുറത്ത് തുടരാൻ കഴിഞ്ഞില്ല. അനായാസം കുതിരകൾ അവരെ തങ്ങളുടെ പുറത്തു നിന്നും ചുഴറ്റിയെറിഞ്ഞു. മരക്കൊമ്പുകളിൽ കയറിപ്പറ്റിയ തൈനോകളിൽ ചിലർ സ്പാനിഷ്‌കാരുടെ ഹൃദയം ലക്ഷ്യം വച്ചിരുന്ന അമ്പുകൾ കടിഞ്ഞാണില്ലാത്ത മൃഗങ്ങൾക്കു നേരെ എയ്തു വിട്ടു.
ഒരു യുദ്ധം ജയിക്കാൻ കരുതിയിരുന്ന അമ്പുകൾക്കും വിഷം പുരട്ടിയ ജാവലിനുകൾക്കും ശേഷം ഒടുവിൽ ഒന്നു രണ്ട് കുതിരകൾ വീണു. പക്ഷെ, അതിലുമെത്രയോ തൈനോകൾ ഒരു കാടു മുഴുവൻ ഇളക്കിമറിക്കാൻ ശേഷിയുണ്ടെന്നു തോന്നിച്ച അവയുടെ കുളമ്പുകൾക്കടിയിൽ ജീവൻ കളഞ്ഞു.
അപ്പോഴാണ് വെടിക്കോപ്പുകളുമായി സ്പാനിഷ് പട്ടാളക്കാർ വന്നത്. ഒറ്റാലുകൾ ഉയർത്താൻ തുടങ്ങിയവരേയും അമ്പുകളും ജാവലിനുകളും എറിഞ്ഞവരേയും നിർദ്ദാക്ഷിണ്യം വെടി വച്ചിട്ടു. ഒന്നു രണ്ടു പടാളക്കാരെ ഓടിച്ചെന്നു കുന്തം കൊണ്ട് വീഴ്ത്തിയ ചാമയന്റെ കാൽമുട്ടു തകർത്തു കണ്ട് വെടിയുണ്ട പാഞ്ഞു പോകുന്നത് ഞാൻ കണ്ടു. എന്റെ കൈയിൽ നിന്ന് കുന്തം താഴെ വീണു.
കാലു തകർന്നിട്ടും ചാമായൻ തന്റെ ചോര പുരണ്ട വാളുമായി മുന്നോട്ട് കയറി. അപ്പോൾ കുതിരകളിൽ ഒന്നിന്റെ മുകളിൽ അനായാസമായി പടച്ചു കയറിയ സ്പാനിഷുകാരിലൊരാൾ കുതിരയ വട്ടം കറക്കി അവന് എതിരെ വന്നു. ചാമയന്റെ അടുത്തെത്തിയതും കുതിരയെ അയാൾ പിൻകാലുകളിൽ നിർത്തി മുൻകാലു കൊണ്ട് അവന്റെ നെഞ്ചും തലയും ലാക്കാക്കി ആഞ്ഞു തൊഴിപ്പിച്ചു. ഞങ്ങളുടെ എണ്ണമില്ലാത്ത ദ്വീപുകളിൽ ഇന്നു വരെ കേട്ടിട്ടില്ലാത്ത ചിനയ്ക്കലോടെ കുതിരയുടെ ലാടം തറച്ച കുളമ്പുകൾ വീണ്ടും ചാമയന്റെ മുഖത്തിനു നേരെ ഉയർന്നു താണു. ചോരയുടെ ഒരു മരം പോലെ പോലെ അവൻ കുതിരയുടെ കാലുകൾക്കിടയിലേക്കു തന്നെ വീണു. കുളമ്പുകൾ ഉയർന്നു താഴുന്നതു കാണാൻ കഴിയാതെ ഞാൻ കണ്ണുകൾ പൊത്തി.

തോക്കുകൾ വീണ്ടും ശബ്ദിച്ചു. ജീവനോടെ ബാക്കിയായവരുടെ പിന്നാലെ കുതിരപ്പുറത്ത് സ്പാനിഷുകാർ പ്രതികാര ദാഹത്തോടെ വന്നു. കഴിയാവുന്നത്ര പേരെ വാളുകൾക്കിരയാക്കിയും കുതിരക്കുളമ്പു കൊണ്ട് തലയോട്ടി തകർത്തും കൊന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ, കൊന്നു മടുപ്പു തോന്നിയതു കൊണ്ടെന്നോണം ബാക്കിയായ ഞങ്ങളെ പിടിച്ച് മരങ്ങൾ ഒഴിഞ്ഞ ഒരു പുൽത്തട്ടിയിൽ കൊണ്ടിട്ടു.
ചവിട്ടും കുത്തും കിട്ടുന്ന ശരീരമോ അതറിയുന്ന മനസ്സോ ഒന്നും എന്റേതല്ലെന്നു എനിക്ക് തോന്നി. ഞാൻ ആകാശത്തേക്കു നോക്കി. രാവിലെ മുതൽ വിങ്ങി നിന്നിരുന്ന മേഘങ്ങൾ ഞങ്ങളുടെ കൂട്ടരോട് കരുണ കാണിക്കാൻ എന്ന പോലെ മഴയായ് പെയ്തു തുടങ്ങി. ഞാൻ നാവു നീട്ടി ചോര പുരണ്ട വെളളത്തുളളികൾ ദാഹത്തോടെ കുടിച്ചിറക്കി.

അപ്പോഴാണ് ഞാൻ മൂപ്പനെ കണ്ടത്. മൂപ്പൻ പടയിൽ ചേരാതെ ഞങ്ങളുടെ താവളത്തിൽ തന്നെ ആത്മാക്കളുടെ വചനം കാത്തിരിക്കുകയാണെന്നായിരുന്നു എന്റെ വിചാരം.

വലിച്ചിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ മൂപ്പന്റെ മുഖം നിർവ്വികാരമായിരുന്നു. ശാന്തവും. തന്റെ വാക്കുകൾ കേൾക്കാത്തതിന് ആരോടും പരിഭവം പോലും ഇല്ലാത്ത മുഖം. പ്രപഞ്ചം മുഴുവൻ നിറയുന്ന സ്നേഹം മാത്രം നിറച്ചു വച്ച മുഖം.
ഞാൻ ഇനിയുളള ചിത്ര വധങ്ങളെക്കുറിച്ച് ചിന്തിച്ചു നിൽക്കുന്ന സ്പാനിഷ്‌കാരെ നോക്കി.
എവിടെ?
ഞങ്ങളുടെ മൂപ്പന്റെ അവസാന പ്രതീക്ഷയും അത്താണിയുമായ വെളുത്ത മൂപ്പനെവിടെ?
മൂപ്പനെ സ്പാനിഷുകാർ അവരുടെ കൂട്ടത്തിനു നടുക്ക് നിർത്തി. മഴ കൊണ്ടും വേദന കൊണ്ടും പ്രായം കൊണ്ടും ഇടറിയ എന്റെ മൂപ്പന്റെ ശബ്ദം ഞാൻ കേട്ടു.
""ഞാൻ എന്റെ ആളുകളുടെ എല്ലാ ചെയ്തികളുടേയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എന്റെ ആളുകൾ അതിഥികളോടും അവരുടെ ആളുകളോടും ചെയ്തത് തെറ്റാണ്. അതിഥികളുടെ കോട്ട നിർമ്മാണത്തിൽ സഹകരിച്ച് അവരുടെ ദൗത്യം വിജയകരമാക്കാം എന്ന് വെളുത്ത മൂപ്പന് കൊടുത്ത വാക്ക് തെറ്റിച്ചതിൽ ഞാൻ പശ്ചാത്തപിക്കുന്നു. നിർവ്യാജം ഖേദിക്കുന്നു. ഞങ്ങളുടെ ആളുകളെ വെറുത വിടണമെന്ന് അപേക്ഷിക്കുന്നു...''

വാളുകളും വെടിക്കോപ്പുകളും സംസാരിക്കുന്ന നേരമായതിനാൽ ദ്വിഭാഷികൾക്ക് അവധിയായിരുന്നിരിക്കണം. മൂപ്പന്റെ വാക്കുകൾ തൈനോകളുടെ ചിതറിയ ജീവൻ പോലെ ആർക്കും വേണ്ടാതെ മണ്ണിൽ പതിച്ചു.
ഭൂമിയിലേക്ക് കുനിഞ്ഞ ആ മുഖത്തു നിന്ന് ചോരയിറ്റുന്നുണ്ട്. മഴ അതു ആർത്തിയോടെ നക്കിയെടുക്കുന്നുമുണ്ട്.
ഞാൻ മഴ കൊണ്ട് പരസ്പരം മുട്ടിയിരുമ്മി നിൽക്കുന്ന കുതിരകളെ നോക്കി. ഏത് അസുരന്റെ വാഹനങ്ങളാണിവ. ഞങ്ങളുടെ വംശം മുടിക്കാൻ വന്നിറങ്ങിയ നാൽക്കാലികൾ. അവരുടെ കുളമ്പുകൾ തൈനോകളുടെ തലവിധി മാറ്റി മറിക്കും. ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വെറുപ്പോടെ ഞാൻ ജീവിതമെന്തെന്നോ മരണമെന്തെന്നോ തിരിച്ചറിവില്ലാത്ത ആ ജന്തുക്കളെ നോക്കി.
ആ കുളമ്പുകൾക്കിടയിലേക്ക് നൂണു കയറി മരണം വരിക്കാനുളള കൊതിയോടെ ഞാൻ കുതിരകൾക്കടുത്തെക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ ഞങ്ങളുടെ മൂപ്പന്റെ അവസാനത്തെ ഞരക്കം കേട്ടു. അത് പെട്ടന്നവസാനിപ്പിച്ചു കൊണ്ട് പടയാളികളിലൊരാൾ ഞങ്ങളുടെ ഭാഷയിൽ പറയുന്നതും:
""വെളുത്ത മൂപ്പന്റെ കല്പന: ഇനി മുതൽ നിങ്ങൾ തൈനോകൾക്ക് ഞങ്ങൾ സ്പാനിഷുകാർ അതിഥികളോ സുഹൃത്തുക്കളോ അല്ല. മറിച്ച് യജമാനന്മാരാണ്. നിങ്ങൾ ഞങ്ങളുടെ അടിമകളാണ്. അടിമകൾ.''▮(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments