ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

ചാപ്പ

തൈമയും കൊളംബസും -8

കൊളംബസ് ഉപദേഷ്ടാവും, വൈദ്യനുമായ ലോപസുമൊത്ത് ഉൾദ്വീപുകളൊന്നിൽ നടക്കുകയായിരുന്നു. പുതിയ സ്വർണ ഖനി നിർമ്മിക്കാൻ പറ്റിയ സ്ഥലം നോക്കി. നാനാതരം പഴങ്ങൾ വിരിയുന്ന മരങ്ങളും, സ്വർണം വിളയുന്ന അരുവികളും, പച്ചക്കുന്നുകളും വെയിലിൽ കുളിച്ചു കിടക്കുന്നതു കണ്ടപ്പോൾ ആദ്യ സന്ദർശനത്തിലെ ഉന്മാദം കൊളംബസിനെ വീണ്ടും തീണ്ടി.
അങ്ങിങ്ങ് കീറിപ്പോയ ഭൂപടം എടുത്ത് ക്യൂബയിലേക്കും പ്യൂട്ടോറിക്കയിലേക്കുമുളള ജലപാതയിലൂടെ കൊളംബസ് വിരലോടിച്ചു. അടുത്ത സ്വർണ ശേഖരത്തിനുളള സാധ്യതകൾ. ലോപസ് എന്തു കൊണ്ടോ അസ്വസ്ഥനാണെന്ന് അഡ്മിറൽ കണ്ടു.

""പറയൂ ലോപസ്, എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ, നമ്മുടെ സംഘത്തിലേയും പവിഴം വിളയുന്ന ഈ നാട്ടിലേയും?''

""വിശേഷങ്ങൾ ഒക്കെ അഡ്മിറലിന് അറിയുന്നതു തന്നെ. തൈനോകളുടെ മൂപ്പനേയും അവിടുത്തെ യുവജനങ്ങളുടെ നേതാവിനേയും അവരുടെ ആളുകളുടെ മുന്നിൽ വച്ചു തന്നെ.. കെട്ടിത്തൂക്കിയും തലവെട്ടിയുമൊക്കെ... വേണ്ടിയിരുന്നില്ല...''

""പിന്നെ, കോട്ടപ്പണിക്കിടക്കു വച്ച് അപ്രത്യക്ഷരായ, ഈ കാടന്മാർ തിന്നും കൊന്നും കളഞ്ഞ നമ്മുടെ പടയാളികളുടെ ചോരക്ക് പകരം ചോദിക്കണ്ടേ?''

കുറച്ചു നേരം ലോപസ് ഒന്നും മിണ്ടാതെ നിന്നു. അരുവികൾക്കപ്പുറത്ത്, ദൂരക്കാഴ്ചയിൽ, തീയിട്ടു കളഞ്ഞ കുടിലുകളുടെ സ്ഥാനത്ത് കറുത്ത ചാരം മാത്രം കൂനയായി കിടക്കുന്നതു കാണാമായിരുന്നു. ഇപ്പോഴും ദ്വീപിൽ അങ്ങിങ്ങായി വീണു കിടക്കുന്ന ശവങ്ങൾ.""എന്താ പകരം ചോദിക്കേണ്ടേ?'' കൊളംബസ് കാസസിന്റെ മുഖത്തേക്ക് നോക്കി.

""വേണം. പക്ഷെ...''

""എന്ത് പക്ഷെ? അതൊക്കെ കളഞ്ഞിട്ട് ഇതാ ഈ ഭൂപടം നോക്കി ക്യൂബയിലേക്കുളള എളുപ്പവഴി കണ്ടു പിടിക്കാൻ സഹായിക്കൂ. ആ ദ്വീപും പല തരം രത്‌നങ്ങളാലും ലോഹങ്ങളാലും സമ്പന്നമാണത്രെ.''

""അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത്. നമ്മുടെ സുഹൃത്തുക്കളും വിശ്വസ്തരുമായിരുന്നു തൈനോകൾ. അവരുടെ സഹായമില്ലാതെ ഈ കെട്ടു പിണഞ്ഞു കിടക്കുന്ന ദ്വീപുകളിൽ നിന്ന് സ്വർണം പോയിട്ട് മീൻ പോലും പിടിക്കാൻ പ്രയാസമാകും. കുറച്ചു കൂടി നയപരവും തന്ത്രപരവുമായ സമീപനമായിരുന്നു വേണ്ടിയിരുന്നത്. ഇനിയിപ്പോൾ അവർ നമ്മെ സഹായിക്കുന്നതു പോയിട്ട് ആ കാരിബുകളുമായും മറ്റ് ദ്വീപുകാരും ഒക്കെ ആയി സംഘം ചേർന്ന് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉളളൂ.''

""അതൊക്കെ സൈനികർക്കു വിട്ടു കൊടുത്തെക്കൂ ലോപസ്. ആദ്യം ഞാൻ പറഞ്ഞ കാര്യം ചെയ്യൂ. ക്യൂബയിലേക്കുളള ദിശ കണ്ടു പിടിക്കാൻ സഹായിക്കൂ.''

""അത് മാത്രമല്ല, അഡ്മിറൽ...'' ലോപസ് തന്റെ ശബ്ദം താഴ്ത്തി.

""പിന്നെ?'' കൊളംബസ് വൈദ്യന്റെ അടുത്തേക്ക് ചേർന്നു നിന്നു.

""കപ്പലിൽ ചാരന്മാരുണ്ട്. വിശ്വാസ വഞ്ചകർ. അവർ സ്‌പെയിനിൽ ചെന്ന് ഉപജാപമുണ്ടാക്കും. അനാവശ്യമായി രാജാവിന്റേയും രാജ്ഞിയുടേയും ശ്രദ്ധ തിരിക്കും. ഇപ്പോൾ തന്നെ സ്‌പെയിനിലേക്ക് ഊമക്കത്തുകൾ പോയിട്ടുണ്ടാകണം... അഡ്മിറൽ സൂക്ഷിക്കണം.''

കൊളംബസ് ഉറക്കെ ചിരിച്ചു.""കൊളംസിനെതിരെ, ആര് എന്ത് ഫെർഡിനാന്റിനോടും ഇസബെല്ലയോടും പറയാനാണ്?''

""രാജ്ഞി പ്രത്യേകം പറഞ്ഞിരുന്നു. സ്‌പെയിനിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിലൊന്നും ഏർപ്പെടരുതെന്ന്. ഇന്ത്യക്കാരേയും പ്രത്യേകിച്ച് അവരുടെ പെണ്ണുങ്ങളെയും ഉപദ്രവിക്കരുതെന്ന്. ആയുധം പേടിപ്പിച്ച് നിർത്താൻ മാത്രമേ ഉപയോഗിക്കാവൂ എന്ന്. വെടി മരുന്നു കടൽയുദ്ധത്തിൽ മാത്രമേ പ്രയോഗിക്കാവൂ എന്നും. കരുത്ത് കൊണ്ടല്ല; മെച്ചപ്പെട്ട ജീവിത സാഹചര്യവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്തു വേണം ഈ ഇന്ത്യക്കാരെ കൂടെ നിർത്താൻ എന്ന്. മതം, ദൈവത്തിലേക്കുളള വഴി തുടങ്ങിയ ആശയങ്ങൾ വേണം അവരുടെ ഹൃദയത്തിലേക്കു കയറ്റി വിടാൻ എന്ന്...''

""നിർത്ത്.'' കൊളംബസ് കൈയുയർത്തി വൈദ്യനെ തടഞ്ഞു. ""കൊട്ടാരത്തിൽ ഇരുന്ന് കല്പന പുറപ്പെടുവിക്കുന്നത് പോലെയല്ല, കടലിലെയും കപ്പലിലെയും ജീവിതം. ആരെങ്കിലും അത് രാജാവിനും രാജ്ഞിക്കും പറഞ്ഞു കൊടുക്കട്ടെ. പിന്നെ, ഉപജാപകരെ കാത്തിരിക്കുന്നത് ഒരേ ഒരു വിധിയാണ്. ചോര ഉപ്പു വെളളത്തിൽ കലർത്തിയുളള മരണം... നാളെ മുതൽ അടിമകളെ കൊണ്ട് രാവും പകലും പണിയെടുപ്പിക്കണം. രണ്ടു വിഭാഗങ്ങളായി തിരിച്ച്. ഒരു സംഘം കോട്ട പണി തുടരട്ടെ. മറ്റേ സംഘം മലയിടുക്കിൽ നിന്നുളള വെളളം കൊണ്ടു വന്ന് അരിച്ച് സർണത്തരികൾ ഉണ്ടാക്കി ഒരുക്കിയെടുക്കട്ടെ. സ്‌പെയിനിലേക്ക് തിരിച്ചു പോകും മുൻപ് സ്വർണക്കട്ടികളാക്കി മാറ്റണം...''

കൊളംബസിന്റെ ഭാവം മാറുന്നതു കണ്ട ലോപസ് വേഗം തന്നെ ഭൂപടം കൈയിലെടുത്ത് മാലയിൽ കോർത്ത മുത്തുമണികൾ പോലുളള ദ്വീപു സമൂഹങ്ങളുടെ ചിത്രരേഖയിലൂടെ കണ്ണോടിച്ചു.
കപ്പലിൽ തിരിച്ചെത്തിയ കൊളംബസിനെ കാത്ത് ഒരു കത്ത് കിടപ്പുണ്ടായിരുന്നു. സ്‌പെയിനിന്റെ ഔദ്യോഗിക മുദ്രകൾ പേറുന്ന കുറിമാനം.
കൊളംബസ് കത്തിലൂടെ കണ്ണോടിച്ചു. അഡ്മിറലിന്റെ മുഖഭാവം മാറുന്നത് കണ്ട് ലോപസിന്റെ കൈകൾ വിറച്ചു.

കൊളംബസ് കത്ത് മടക്കി ഒന്നും മിണ്ടാതെ കുറച്ചു നേരം ദൂരേക്ക് നോക്കി നിന്നു.""ലോപസ്, താങ്കൾ പറഞ്ഞ ഊമക്കത്തുകൾക്ക് ഫലമുണ്ടായിരിക്കുന്നു. സന്ദർശകൻ പുറപ്പെട്ടിരിക്കുന്നു. സ്‌പെയിനിൽ നിന്ന്.''

****

ഞാൻ ഉടലറ്റു പോയ ഒരു മരക്കുറ്റിയിൽ ഇരുന്നു.
മരങ്ങളിൽ കാറ്റു പിടിക്കുന്നതും മഴ ഒരുക്കം കൂട്ടുന്നതും ആദ്യം കാണുന്നതു പോലെ കണ്ടു. ഏതോ ആത്മാക്കളുടെ സാന്നിധ്യം.
എന്താണ് സത്യം? ഇതുവരെ കണ്ടതോ ഇനി കാണാനിരിക്കുന്നതോ? ആത്മാക്കളേ, വഴി കാട്ടിത്തരണേ...

കാറ്റിൽ ഒരു മണിയുടെ നേർത്ത ശബ്ദം ചെവിയിൽ വീണപ്പോൾ ഞാൻ ചുറ്റും നോക്കി. ആരെയും കാണാനില്ലായിരുന്നു. കുറച്ചു നേരത്തേക്ക് കാറ്റിന്റെ ശീൽക്കാരം മാത്രമായി. പിന്നെ, വീണ്ടും ആ മണിയൊച്ച.
ഞാൻ പതുക്കെ എഴുന്നേറ്റ് അൽപം മാറി ഒറ്റപ്പെട്ടു കിടന്നിരുന്ന കുടിലിനടുത്തേക്ക് ചെന്നു. കണ്ണുകൾ തിരുമ്മി അകത്തേക്കു നോക്കി. നാലഞ്ച് വയസ്സ് പ്രായമുളള ഒരു ബാലൻ നിലത്ത് കിടന്ന് ശാന്തനായുറങ്ങുന്നു. എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ഒന്നു കൂടി നോക്കി. അതെ. പുഞ്ചിരിച്ച മുഖത്തോടെ സ്വസ്ഥനായി ഉറങ്ങുന്ന ഒരാൺകുട്ടി. അവന്റെ ഇടതു കൈയിൽ പിടിച്ചിരിക്കുന്ന മണി ഉറക്കത്തിൽ അവൻ അറിയാതെ ഇളകുമ്പോൾ ശബ്ദമുണ്ടാക്കുന്നു.

ഞാൻ അകത്തേക്ക് കയറി. അവന്റെ അടുത്ത് കാലുകൾ പിണച്ചു വച്ച് നിലത്തിരുന്നു. എന്റെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.
എത്ര നേരം ആ ഇരിപ്പ് തുടർന്നുവെന്ന് എനിക്ക് അറിയില്ല. ഒരു പക്ഷേ പണ്ടു മുതലേ അങ്ങനെ ഇരിക്കുകയായിരുന്നിരിക്കണം. എപ്പോഴോ അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങുന്നതിന്റെ മുന്നോടിയെന്നോണം അനങ്ങിത്തുടങ്ങി. എന്നെ കണ്ടാൽ ഭയന്നു പോയേക്കുമോ എന്ന തോന്നലിൽ വേഗം പുറത്തിറങ്ങി ഞാൻ ഒരു പൊന്തക്കാടിനു പിന്നിൽ ഒളിച്ചു നിന്നു.

ഉണർന്നയുടൻ അവൻ കുറച്ചു നേരം മണി കൊണ്ട് കളിച്ചു. പിന്നെ എഴുന്നേറ്റ് കുടവുമായി പുറത്തിറങ്ങി തോടിനു നേർക്ക് നടക്കാൻ തുടങ്ങി. അവന്റെ മുഖത്തെ ചിരി അപ്പോഴും മായാതെ നിന്നിരുന്നു. ഈ ചെറിയ ബാലൻ എങ്ങിനെയാണ് ഇത്ര സന്തോഷവാനാവായി ഈ കുടിലിൽ ഒറ്റക്ക് കഴിയുന്നത്?

ഞാൻ പതുക്കെ അല്പം പിന്നിലായി, മരങ്ങളുടെ മറവു പറ്റി അവനെ തോട്ടിലേക്ക് പിന്തുടർന്നു. അവന് തോട്ടിൽ നിന്ന് വെളളമെടുക്കുന്നതും, മീനുകളോടും പാമ്പുകളോടും തവളകളോടും കിന്നാരം പറയുന്നതും തോട്ടിലേക്ക് പോയതു പോലെ തന്നെ തിരിച്ചു വരുന്നതും, പാട്ട് മൂളുന്നതും, ഇടക്ക് പക്ഷികളോട് വിശേഷം തിരക്കുന്നതും ദൂരെ നിന്ന് അത്ഭുതത്തോടെ കണ്ടു.
ഒടുവിൽ ഞാൻ അവന്റെ മുന്നിൽ ചെന്നു നിന്നു.

""നീ ആരാണ്? നിന്റെ അച്ഛനും അമ്മയും എവിടെ?''
അവൻ എന്നെ നോക്കി ചിരിച്ചു. പിന്നെ മണി കുലുക്കി ശബ്ദമുണ്ടാക്കി. അകലെ മലനിരകളിലേക്ക് വിരൽ ചൂണ്ടി.

""ഓർമകളാണ് പ്രധാനം. കടലുകൾക്കും മലനിരകൾക്കും ഇടയിൽ പരന്നു കിടക്കുന്ന ഈ മണ്ണിൽ മരിച്ചവർ ഇടക്കിടക്ക് മടങ്ങി വരുന്നുണ്ടെന്ന് ഓർക്കണം. തങ്ങളുടെ സ്‌നേഹവും വാത്സല്യവും, നീട്ടിയ കൈയുകളുമായി അവർ അവരുടെ പ്രിയപ്പെട്ടവരെ കാണാൻ വരുന്നുണ്ട്. അഥവാ അവർ എവിടെയും പോകുന്നുമില്ല. ഈ മണ്ണിൽ തന്നെ അവരുടെ കരുണ്യവും സ്‌നേഹവും അലിഞ്ഞു ചേർന്നിട്ടുണ്ട്. അതു കൊണ്ടാണ് ഈ മണ്ണു തന്നെ നമ്മുടെ ജീവിതവും മരണവും സ്‌നേഹവുമായിരിക്കുന്നത്.''
അഞ്ചാറു വയസ്സു മാത്രം പ്രായമുളള, മറ്റാരുടെയോ വാക്കുകൾ സംസാരിക്കുന്ന, ഈ ബാലൻ ആരാണ്? അവന്റെ ശബ്ദം എത്ര പരിചിതം. ഞാൻ കൈ നീട്ടി അവന്റെ മുഖത്തും തലയിലും തലോടി. പിന്നെ വേരുകൾ മണ്ണിനെയെന്ന പോലെ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു...

അപ്പോഴാണ് സ്പാനിഷ് പടയാളികൾ ഞങ്ങൾക്കു ചുറ്റും വന്നു നിന്നത്. പടച്ചട്ടയും വാളും തോക്കുമായി, കുതിരപ്പുറത്ത്. പൊടിയും കരിയിലകളും പറത്തിക്കൊണ്ട്. അവരിലൊരാൾ കുതിരപ്പുറത്തു നിന്ന് ചാടിയിറങ്ങി എന്റെ നേരെ വന്നു. എന്നെ തളളി താഴെയിട്ട് കുട്ടിയെ പൊക്കിയെടുത്തു തോളിലിട്ടു.
ഞാൻ ആ നശിച്ച മൃഗങ്ങളുടെ കുളമ്പുകളിലേക്ക് നോക്കി. വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി.

""വെളുത്ത മൂപ്പന്റെ കൽപനയുണ്ട്. സ്പാനിഷ് സാമ്രാജ്യത്തിന്റെ അധികാരത്തിനു കീഴിൽ ഈ കൊച്ചു കുട്ടി അരക്ഷിതനായി നരഭോജികളുടെയും മൃഗങ്ങളുടേയും പല്ലിനു താഴെ കഴിയാൻ നീതിമാനായ അഡ്മിറൽ അനുവദിക്കുകയില്ല. ഇനി മുതൽ ഈ ബാലന്റെ സംരക്ഷണം സ്പാനിഷ് പട ഏറ്റെടുത്തിരിക്കുന്നു...''
ഞാൻ നോക്കി നിൽക്കെ അയാൾ കുട്ടിയേയും കൊണ്ട് കുതിരപ്പുറത്ത് കയറി. മുൻകാലുകൾ ഉയർത്തി തിരിഞ്ഞ് കുതിരകൾ മുറ്റം വിട്ടു പോയി.

കുറച്ചു നിമിഷത്തെ അന്ധാളിപ്പിനു ശേഷം ഞാൻ നിലവിളിച്ചു കൊണ്ട് അവർക്കു പിന്നാലെ ഓടി: ""ദയവു ചെയ്തു ഞങ്ങളുടെ മൂപ്പനെ തിരിച്ചു തരൂ. തൈനോകളുടെ മൂപ്പനെ തിരിച്ചു തരൂ...''
***

ഞാൻ ആകാശത്ത് അങ്ങിങ്ങ് നിർവ്വികാരമായി തെളിഞ്ഞു കത്തുന്ന പകൽ നക്ഷത്രങ്ങളെ വെറുപ്പോടെ നോക്കി.
അംഗഭംഗം വന്ന തൈനോകളുടെ ദ്വീപ്. മനുഷ്യരും മൃഗങ്ങളും പെരുമാറാത്ത, പകുതി കത്തിയ, മേൽക്കൂരകൾ തകർന്നു വീണ വീടുകൾ. മേൽത്തട്ടിയിൽ നിന്നും തൂക്കിയിട്ടിരിക്കുന്ന തലയോട്ടികളും അസ്ഥിക്കഷ്ണങ്ങളും. പ്രേതങ്ങളുടെ കൈ വിരുതു പോലെ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന എണ്ണ വിളക്കുകൾ.
അങ്ങിങ്ങ് ചത്തു കിടക്കുന്ന വളർത്തു മൃഗങ്ങൾ. ചെന്നായകൾ പാതി തിന്നു തീർത്ത ശരീരങ്ങൾ.

ചുകന്ന വെളളം ഒഴുകുന്ന തോടുകളിൽ ചത്തു പൊന്തിയ മീനുകൾ...
ഞാൻ എന്റെ കഴുത്തിലെ തകിടിൽ വിരലോടിച്ചു. ഞങ്ങളുടെ ശരീരവും അദ്ധ്വാനവും ജീവൻ പോലും സ്പാനിഷ് യജമാനമാർക്കു വേണ്ടിയുളളതാണ് എന്നതിന്റെ അടയാളം. അത് കഴുത്തിൽ തൂക്കിയിട്ടിട്ടുളള, പതിനാലു വയസ്സിനു മുകളിൽ പ്രായമുളള ഓരോരുത്തരും ഒരു മുഷ്ടി സ്വർണം സ്പാനിഷുകാർക്കു കാഴ്ച വെക്കണം. സ്വർണം കിട്ടാത്തയിടങ്ങളിൽ പണിയെടുക്കുന്നവർക്ക് പഞ്ഞി കൊടുക്കാം. പക്ഷെ എന്തെങ്കിലും കാഴ്ച വെക്കാതിരിക്കുന്നവരെ കാത്തിരിക്കുന്നത് ഒന്നേയുളളൂ.

പെണ്ണുങ്ങളെയും ആണുങ്ങളേയും കുട്ടികളേയും വേർതിരിച്ച സംഘങ്ങളാക്കിയിരിക്കുന്നു. ഖനികളിൽ പണിയെടുത്തും രാപകലില്ലാതെ വെളളം ചുമന്നു കൊണ്ടു വന്നും, സ്വർണത്തരികൾ അരിച്ചും ഞങ്ങളുടെ നടുവൊടിഞ്ഞിരിക്കുന്നു.
സ്ത്രീകളേയും പുരുഷന്മാരേയും കുട്ടികളേയും പിരിച്ചിരിക്കുന്നത് ഇനിയഥവാ എന്തെങ്കിലും വീര്യമുണ്ടെങ്കിൽ അത് തകർക്കാനാണ്. സ്ത്രീകളിൽ പാതിയും ചത്തതു പോലെയാണ് ഇപ്പോൾ തന്നെ. കുട്ടികളിൽനിന്ന് പിരിച്ചതു തന്നെ അവരെ കൊന്നിരിക്കുന്നു.

മൂപ്പന്റെ ശവം പരസ്യമായി കെട്ടിത്തൂക്കിയും ചാമയന്റെ ശവം കുറുനരികൾക്കിട്ടു കൊടുത്തും ആണുങ്ങളെയും തകർത്തു കഴിഞ്ഞു. അല്ലെങ്കിൽ തന്നെ പുരുഷന്മാരിൽ ആരിരിക്കുന്നു ഇനി ബാക്കി. പലരും കൂറു മാറിയിട്ടുമുണ്ട്. ഇനി അഥവാ മറ്റേതെങ്കിലും ദ്വീപിൽ നിന്ന് ഞങ്ങൾക്ക് സഹായം ഉണ്ടാവുകയാണെങ്കിൽ അത് തടയാൻ സദാ തുറന്നിരിക്കുന്ന തോക്കിൻ കുഴലുകളും...
***

രോ എന്നെ ചവിട്ടി എഴുന്നേൽപ്പിച്ചു.
ചെമ്പും പിച്ചളയും തകിടുകൾ കഴുത്തിലണിഞ്ഞ ഞങ്ങളെ വരി വരിയായി കടപ്പുറത്തേക്ക് നയിച്ചു. വെയിൽ തീക്ഷ്ണമായിരുന്നു. സ്ത്രീകളിൽ പലരും വഴി നീളെ ചർദ്ദിക്കുകയും ഇടക്ക് കുഴഞ്ഞ് വീഴുകയും ചെയ്തു. ഏതോ ക്രൂര ദൈവത്തിന് ബലി നൽകാൻ കൊണ്ടു പോകുന്ന മൃഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ. ഇടക്ക് ഒരു പരുന്ത് ഞങ്ങളുടെ നീണ്ട യാത്രയെ അനുഗമിച്ചു കൊണ്ട് കൂടെക്കൂടിയപ്പോൾ ഞാൻ മൂപ്പനെ ഓർത്തു. ഇലത്തലപ്പുകളിൽ ഇറ്റിറ്റു വീണ ചോരത്തുളളികളോർത്തു. എത്ര നാളുകൾക്കു മുൻപായിരുന്നു അത്?

കടപ്പുറം, ആകാശത്തു നിന്നു വന്ന അതിഥികൾ എന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചവരുടെ ആദ്യ വരവിലേതിൽ നിന്ന് ഏറെ മാറിയിരുന്നു. നിരവധി കപ്പലുകളും സ്പാനിഷ് കൂടാരങ്ങളും സ്ത്രീകളും പുരുഷന്മാരും സ്പാനിഷ് ഭക്ഷണ പദാർത്ഥങ്ങളുടെ മണവും വെയിലിൽ മേയുന്ന കുതിരകളും നായ്ക്കളും ഒക്കെയായി ഞങ്ങൾ മറ്റേതോ ദേശത്ത് എത്തിപ്പെട്ടതു പോലെ എനിക്ക് തോന്നി. തളർന്നു കുഴഞ്ഞ ഞങ്ങളുടെ കണ്ണുകളിൽ ആ വിസ്മയക്കാഴ്ചകൾ ഒരു നിമിഷത്തേക്ക് കൗതുകം
ഉയർത്തിയെങ്കിലും ഉടൻ തന്നെ അത് ചത്തടങ്ങി.

ഞാൻ ചീറയെ നോക്കി, ചീറ മറ്റാരോ ആയിരിക്കുന്നു. ഇപ്പോൾ കണ്ണുകൾ നിറയാറോ സംസാരിക്കാറോ ഇല്ല. മൂപ്പനെ കുറിച്ചോ താമിയെ കുറിച്ചോ പോലും. ആമത്തോടു പോലെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന നിസ്സംഗത മാത്രം.
ഞങ്ങളെ വരി വരിയായി കടപ്പുറത്ത് നിരത്തി നിർത്തി. പലരുടേയും കാലുകളിൽ ഓടിപ്പോകാതിരിക്കാൻ ചങ്ങലകളുണ്ടായിരുന്നു. സ്പാനിഷ് കൂട്ടത്തിലേക്ക് കൂറു മാറി അടിമപ്പണിയിൽ നിന്നും മരണത്തിൽ നിന്നും സ്വയം രക്ഷിച്ചെടുത്ത തൈനോകളും കാരിബുകളും അനാവശ്യമായ ധിക്കാരം കാണിച്ചു കൊണ്ട് ഞങ്ങളെ പട്ടാളചിട്ട പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കൂടാരങ്ങളിൽ ഒന്നിനു പുറത്ത് തുണി ഉണക്കാൻ വിരിക്കുകയായിരുന്ന ഒരു സ്പാനിഷ് സ്ത്രീയെ ഞാൻ കണ്ടു. കടപ്പുറത്തെ മണലിനെ വെല്ലുന്ന വെളുത്ത തൊലി. സ്വർണ നിറമുളള മുടി. മാറു മറച്ചിരിക്കുന്ന വർണക്കുപ്പായം. ചുണ്ടിൽ ഏതോ പാട്ടിന്റെ ശീലുകൾ. കടപ്പുറത്ത് കൊണ്ടു വന്നു നിർത്തിയിരിക്കുന്ന ഞങ്ങളുടെ സാന്നിധ്യം അറിയാതെ ആ സ്ത്രീ തന്റെ ജോലി തുടർന്നു കൊണ്ടിരുന്നു.
എന്തുകൊണ്ടാണ് വെളുത്ത മനുഷ്യന്റെ ദൈവം ചുകന്ന മനുഷ്യനേയും വെളുത്ത മനുഷ്യനേയും രണ്ടു തരക്കാരായി കാണുന്നത്? ഞാൻ മൂപ്പന്റെ ചോദ്യം മനസ്സിൽ ഓർത്തു.

സ്പാനിഷ് പടത്തലവന്മാരിലൊരാൾ ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ചു തുടങ്ങി: ""ഇവിടെ കൂടിയിരിക്കുന്ന നിങ്ങളിൽ പലരുടേയും ജീവിതത്തിലെ അസുലഭമായ ഒരവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും, സുഖ സൗകര്യങ്ങളും ഭക്ഷണവും പാർപ്പിടവും അടക്കം ഈ ദ്വീപുകളിലെ കാടൻ ജീവിതത്തിൽ നിന്നുമുളള മോചനം. എല്ലാറ്റിനുമുപരി ലോക രാജാക്കന്മാരായ ഫെർഡിനാന്റ് രാജാവിന്റെയും ഇസബെല്ല രാജ്ഞിയുടെയും സേവനത്തിനായി നിങ്ങളുടെ ജീവിതം സമർപ്പിക്കാനുളള സുവർണാവസരം.''

സ്പാനിഷ് കൂട്ടത്തിലെക്ക് കൂറു മാറിയ തൈനോകളിൽ ചിലർ തല കുലുക്കിക്കൊണ്ട് എത്ര വാസ്തവം എന്ന മട്ടിൽ ചിരിച്ചു. ""നിങ്ങളിൽ നിന്ന് ഇരുനൂറു പേരെ തിരഞ്ഞെടുത്ത് സ്‌പെയിനിലേക്കു പോകുന്ന കപ്പലിൽ അയക്കാനാണ് തീരുമാനം. അവിടെ നിങ്ങൾക്ക് സ്‌പെയിനിന്റെ രാജകൊട്ടാരത്തിൽ അടിമപ്പണി ചെയ്തു ജീവിക്കാം. കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാനും ഞങ്ങളുടെ ദൈവത്തിന്റെ ധാർമിക പാഠങ്ങൾ പഠിച്ച് ആ സാമ്രാജ്യത്തിലെ എളിയ പ്രജകളായി ജീവിക്കുവാനുമുളള സുവർണാവസരം.''

ഞങ്ങളുടെ നീണ്ട നിരയിൽ നിന്ന് ഒരനക്കവും ഉണ്ടായില്ല. കടൽക്കാറ്റ് മാത്രം സ്പാനിഷ് പതാകകളിൽ അതിന്റെ പ്രതിഷേധം അറിയിച്ചു. ഒരുപക്ഷെ, തൈനോകൾക്ക് താൻ പറഞ്ഞതിന്റെ സാരം മനസ്സിലാകാഞ്ഞിട്ടായിരിക്കും എന്ന് സംശയിച്ച് സൈന്യാധിപൻ വീണ്ടും ദ്വിഭാഷിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു.

ഇപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു മുറുമുറുപ്പ് ഉയർന്നു. തളർന്നു വീണു കിടന്നിരുന്ന പെണ്ണുങ്ങളിൽ ചിലർ എഴുന്നേറ്റിരുന്നു. ഒരു ചെവിയിൽ നിന്ന് മറു ചെവിയിലേക്ക് വാക്കുകൾ പടർന്നു. കാലുകളിൽ ചങ്ങല ബന്ധിച്ചിരുന്ന നിർഭാഗ്യവാന്മാരിൽ ചിലർ കുത്തിയിരുന്ന് ചങ്ങല കടിച്ചു മുറിക്കാൻ തുടങ്ങി.
പടയാളികൾ ഞങ്ങളുടെ അടുത്ത് വന്ന് ആരോഗ്യമുളളവരെയും പ്രായം കുറഞ്ഞവരേയും ചാപ്പ കുത്തി മാറ്റി നിർത്താൻ തുടങ്ങി. ആദ്യം ബലം പിടിച്ചവരേയും എതിർത്തവരേയും തോക്കിന്റെ പാത്തി കൊണ്ടും ചങ്ങല കൊണ്ടും തല്ലിച്ചതച്ചു. ആൾക്കൂട്ടത്തിൽ നിന്നുളള മുറുപുറുപ്പ് ഇപ്പോൾ കൂടുതൽ ശക്തിയിലായി.

""അടിമകളായി നമ്മളെ വിൽക്കാനാണ് കൊണ്ടു പോകുന്നത്. ഈ ദ്വീപു കടന്നാൽ, കടലിലൂടെ ഉളള യാത്രയും തണുപ്പും നമ്മൾ തൈനോകൾക്ക് താങ്ങാൻ കഴിയില്ല. മരണത്തിലെക്കാണ് നമ്മളെ കൊണ്ടു പോകുന്നത്. കടലിൽ മീനുകൾക്ക് ഭക്ഷണം ആവാൻ. മരിക്കുന്നെങ്കിൽ ഇവിടെ, നമ്മുടെ മണ്ണിൽ തന്നെ.''
ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ആരെങ്കിലും വഴി കാണിച്ചു കൊടുക്കാൻ കാത്തിരുന്നതു പോലെ തൈനോകളുടെ സംഘം അതോടെ ചിതറി ഓടി. അവരിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന പെണ്ണുങ്ങൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടായിരുന്നു. ഒരു നിമിഷം അപ്രതീക്ഷിതമായ ഈ നീക്കത്തിൽ പതറിപ്പോയ സ്പാനിഷ്‌കാർ തോക്കുകളും വാളുകളുമായി തങ്ങളുടെ ഇരകൾക്കു പിന്നാലെ കുതിച്ചു.

ആദ്യം പിടി വീണത് കൂറു മാറിയ തൈനോകൾക്കായിരുന്നു. കുറേ നാളുകളായി അവർ സ്പാനിഷുകാരുടെ പക്ഷത്താണെന്നതോ അടിമകളെ തിരഞ്ഞെടുക്കാൻ സ്പാനിഷ് പട്ടാളത്തെ സഹായിക്കുന്നുണ്ടെന്നതോ ഒന്നും അവരെ രക്ഷിച്ചില്ല. തണ്ടും തടിയുമുളള തൈനോ യുവാക്കളുടെ ലക്ഷണങ്ങൾ അവരിൽ ഉണ്ടായിരുന്നത് മാത്രം മതിയായിരുന്നു അവരെ സ്പാനിഷുകാർക്ക് കപ്പലിലേക്ക് വലിച്ചെറിയാൻ. ജീവിതം മുഴുവൻ വേട്ടയാടിയും ഒറ്റിക്കൊടുത്തും കൊന്നും തിന്നും പുലർന്നതൊക്കെ ഈ യാത്രക്കു വേണ്ടിയായിരുന്നല്ലോ എന്ന് പിടി മുറുകുന്നതിനു തൊട്ടു മുൻപ് അവർ ദയനീയമായി ഞങ്ങളെ നോക്കി.

നിർഭാഗ്യവാന്മാർ പിന്നെയും ഉണ്ടായിരുന്നു. മരണം ഏതു തരത്തിൽ എവിടെ വച്ച് വേണം എന്ന് ശങ്കിച്ച് ഓടാൻ മറന്ന് അല്പ നേരം മടിച്ചു നിന്നവർ. അവരുടെ കൈകളിലും കാലുകളിലും നിമിഷങ്ങൾ കൊണ്ട് ചങ്ങലകൾ മുറുകി.
മാസങ്ങളായുളള ഖനികളിലെ അധ്വാനം തളർത്തിയ പലർക്കും അധിക ദൂരം ഓടാൻ ആയില്ല. അവരെ സ്പാനിഷുകാർ വളഞ്ഞിട്ടു പിടിച്ച് പൊതിരെ തല്ലി. വാശിയോടെ ഒന്നിലധികം ചങ്ങലകൾ കൊണ്ട് പൂട്ടി. വലിച്ചിഴച്ച് പുറപ്പെടാൻ തയാറാവുന്ന കപ്പലിന്റെ താഴത്തെ അറയിലേക്ക് ചാക്കു കെട്ടുകൾ പോലെ വലിച്ചെറിഞ്ഞു.

കടപ്പുറവും, വളളികളും ചെറു മരങ്ങളും ഇടതൂർന്ന് വളരുന്ന കാവുകളും, തോടുകളും, മുളങ്കാടുകളും കടന്ന് ഞാൻ പക്ഷെ ജീവനും കൊണ്ട് ഓടി. എന്തിൽ നിന്നാണെന്നോ എന്തിനാണെന്നോ തീർച്ചയില്ലാത്ത ആ ഓട്ടത്തിനിടയിൽ ഒന്നു രണ്ടു തവണ ഞാൻ കടൽ കണ്ടു. ഇതുവരെയുളള എന്റെ ജീവിതത്തിൽ എത്രയോ കണ്ട് പരിചിതമായ കടൽ. ജീവനും അന്നവും നൽകുന്ന കടൽ. ഞാൻ അതിന്റെ മറുകര മനസ്സിൽ സങ്കൽപ്പിച്ചു നോക്കി. അവിടെ, എത്രയോ ജല ദൂരങ്ങൾ അകലെ അപരിചിത മനുഷ്യർ, ജീവിതങ്ങൾ...
പക്ഷെ ആരാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്?

ഇവിടെ, ഈ തോടുകളിലെ മീനും പാമ്പുകളും തവളകളും പുളയ്ക്കുന്ന, മരച്ചീനിയും ചേമ്പും കായ്ക്കുന്ന, ഓന്തുകളും ഉടുമ്പുകളും മേയുന്ന ഊ ഭൂമി വിട്ട് പോകാൻ തൈനോകളോട് ആജ്ഞാപിക്കാൻ ഏതു ദൈവമാണ് വെളുത്ത മനുഷ്യർക്ക് അധികാരം കൊടുത്തത്?
ആരാണ് ആത്മാക്കൾ വിരാജിക്കുന്ന ഞങ്ങളുടെ ഭൂമിയുടെ ഇനിയുളള അവകാശികൾ?

ഞാൻ പിന്നെയും ഓടി. ഒരു പക്ഷെ, മരണമെങ്കിലും തിരഞ്ഞെടുക്കാൻ പറ്റിയേക്കുമെന്ന പ്രതീക്ഷയോടെ. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചീറ പിന്നിൽ ഓടി വരുന്നതു കണ്ട് നിന്നു. വേദന വിങ്ങിയ ഒരു ചെറു ചിരിയോടെ എന്റെ കൈകൾ നീട്ടി. ▮

(തുടരും)


കെ.വി. പ്രവീൺ

കഥാകൃത്ത്. നോവലിസ്റ്റ്‌. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ഡിജാൻ ലീ, പ്രച്ഛന്നവേഷം എന്നീ നോവലുകളും ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments