ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

ഒന്ന്​

ദേവിയെ പുഷ്പാംഗദൻ വിവാഹം കഴിക്കുമ്പോൾ അവളുടെ ഗർഭപാത്രം ശുന്യമായിരുന്നില്ല. ഒരു കിളുന്ന് ജീവൻ അവിടെ തളിർക്കാൻ തുടങ്ങിയിരുന്നു. ഒരാഴ്ചകഴിഞ്ഞ് വിടരേണ്ടിയിരുന്ന തൂമതിപ്പൂവ് അക്കുറി വിടർന്നില്ല. പ്രണയത്തിരക്കുകൾക്കിടയിൽ ദേവിയും പുഷ്പാംഗദനും അത് അറിഞ്ഞതുമില്ല.

സൗദി അറേബ്യയിൽ ഫാബ്രിക്കേറ്ററായി പണിയെടുക്കുകയായിരുന്നു പുഷ്പാംഗദൻ. കൗമാരത്തിൽ അച്ഛനും അമ്മയും അവനായി പറഞ്ഞുവച്ച പെണ്ണായിരുന്നു ദേവി. ഇത്തിരി പ്രായ വിത്യാസം അവർക്കിടയിൽ ഉണ്ടായിരുന്നത് ആരും സാരമാക്കിയില്ല. പുഷ്പാംഗദന്റെ അച്ഛൻ ഷണ്മുഖവടിവേലുവിന്റെ കൂട്ടുകാരന് പല ചികിത്സകൾക്കുശേഷം വൈകി ജനിച്ച മകളായിരുന്നു ദേവി. ആശുപത്രിയിലെ പ്രസവപ്പുരയുടെ വാതിൽക്കൽ ദേവിയുടെ അച്ഛനൊപ്പം ഷണ്മുഖവടിവേലുവും ദേവിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. വെയിലിൽ തിളങ്ങുന്ന ചെമ്പരത്തിപ്പൂപോലെ പ്രസരിപ്പും ചിരിയും ഒത്തിണങ്ങിയ കുഞ്ഞിനെ കണ്ടയുടനെ ഇവൾ എന്റെ പുഷ്പാംഗദനു തന്നെയെന്ന്ഷണ്മുഖവടിവേലു ഉറപ്പിക്കുകയും അത് കൂട്ടുകാരനുമായി പങ്കിടുകയും ചെയ്തു. അങ്ങിനെയാണ് ഇരുവരുടെയും കല്യാണം പൂർവനിശ്ചിതം ആയത്.

കല്യാണരാത്രിയിലെ ആദ്യ ഇടവേളയിൽ ദേവി ആരാഞ്ഞത് ഒരു ഫാബ്രിക്കേറ്റർ എന്നാൽ ആരാണെന്നായിരുന്നു. കാർപ്പെന്റർ മരത്തടിയിന്മേൽ ചെയ്യുന്നതെല്ലാം ഇരുമ്പിന്മേൽ ചെയ്യുന്നയാളാണ് ഫാബ്രിക്കേറ്റർ എന്ന ഉത്തരം ദേവിയെ രസിപ്പിച്ചു. ആ രാവിൽ ഉറങ്ങിയും ഉറങ്ങാതെയും രതിയിൽ മുഴുകിയ അവർക്കിടയിൽ ഇരുമ്പുപണിയുടെ വിശേഷങ്ങളും തുളുമ്പിനിന്നിരുന്നു. ദിനം പുലർന്നപ്പോൾ രണ്ടുപേരും ഉറക്കച്ചടവിൽ ആയിരുന്നു. ആദ്യരാവിനുശേഷമുള്ള ആചാരപരമായ കുളിയിലേക്ക് കടക്കാൻ ദേവിക്ക് മടിയായിരുന്നു. രതിയുടെയും ഉറക്കച്ചടവിന്റെയും ആലസ്യത്തിൽ പുഷ്പ്പാംഗദനൊപ്പം പിന്നെയും കിടന്നുറങ്ങാനായിരുന്നു അവൾ മോഹിച്ചത്. പുതപ്പിനടിയിൽ ഇരുവരും നഗ്നരായിരുന്നു. ഇരുവരുടെയും ഉടുപുടവകൾ ആ മുറിയിൽ എവിടെയൊക്കെയോ ചിതറിക്കിടന്നിരുന്നു. രതിയുടെ ഉന്മാദം ആ രാവിൽ അവരെ മുറിയിലെമ്പാടുമായി പടർത്തിയിരുന്നു. പാതിര കഴിഞ്ഞപ്പോളെപ്പോഴോ പുഷ്പാംഗദൻ ജനാലകൾ തുറന്നിട്ടു. നിലാവിൽ ദേവിയെ നഗ്നയായി കാണുവാൻ കാമം അയാളെ മോഹിതനാക്കിയപ്പോഴായിരുന്നു അത്. അവൾ പുതപ്പിനടിയിൽ നിന്നും പുറത്തുവരാൻ വിസമ്മതിച്ചു. പുഷ്പ്പാംഗദൻ പുതപ്പ് ദേവിയുടെ ശരീരത്തിൽ നിന്നും വലിച്ചെടുക്കുകയായിരുന്നു. ഗൾഫിലെ തൊഴിലിടത്തിൽ കൂട്ടുകാർക്കൊപ്പം രതിസിനിമകളിൽ കണ്ട് രസിച്ചതെല്ലാം ദേവിയുമായി ചെയ്യാനായിരുന്നു ആ യുവാവിന്റെ കൊതി. അങ്ങിനെ മുറിക്കകത്തും പുറത്തുമായി രാവ് മുഴുവൻ ഒച്ചകൂട്ടാതെ അവർ രമിക്കുകയായിരുന്നു.

അവരെ ഉണർത്തേണ്ടെന്ന് പുഷ്പാംഗദൻ ഭാര്യയോട് പറഞ്ഞെങ്കിലും ആചാരപരമായ കുളി ഒഴിവാക്കിക്കൊടുക്കാൻ അവർ സന്നദ്ധയായിരുന്നില്ല. ഒടുവിൽ എന്തൊക്കെയോ വാരിച്ചുറ്റി ദേവി കുളിമുറിയിൽ പ്രവേശിക്കുകയായിരുന്നു. കുളിച്ചിറങ്ങി പുത്തൻ സാരിയും ചുറ്റി അമ്മ കൊടുത്ത മുല്ലപ്പൂക്കളും ചൂടി ഒടുവിൽ ദേവി കാപ്പിയുമായി പുഷ്പ്പാംഗദന്റെയരുകിൽ എത്തി. എന്നും ചായ മാത്രം കുടിച്ചിരുന്ന ആ വീട്ടിൽ കാപ്പിയുടെ മണം പുതുമയായിരുന്നു. രാത്രി പാലും പുലർച്ചയിൽ കാപ്പിയും മതിയെന്ന് തീരുമാനിച്ചത് പുഷ്പാംഗദന്റെ അമ്മയായിരുന്നു. തന്റേതായ രീതിയിൽ അവരും പുതുമുറകളെ സ്വീകരിക്കുകയായിരുന്നു.

ദേവിയിൽ നിന്നും കാപ്പി വാങ്ങി കുടിക്കുമ്പോൾ അരയ്ക്ക് ചുറ്റുമായി പുതപ്പ് അയാളുടെ നഗ്നതയെ മറച്ചിരുന്നു. തൂവെള്ള കോട്ടണിൽ പൂക്കൾ വിടർന്ന ഒരു താമരക്കുളം അങ്കിതമായ പുതപ്പായിരുന്നു അത്. അതിനാൽ താമരക്കുളത്തിൽ അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കുന്ന ഒരാളായി ദേവി പുഷ്പ്പാംഗദനെ വേഗം സങ്കൽപ്പിച്ചു. പിന്നീട് ബാക്കി കിട്ടിയ ജീവിതകാലം മുഴുവൻ ഈ വിധം അയാഥാർത്ഥമായി സങ്കൽപ്പിക്കാൻ ദേവിക്ക് ഇടയാവുകയും ചെയ്തു. താമരക്കുളത്തിൽ പകുതി ഇറങ്ങിനിൽക്കുന്ന ഭർത്താവ് ജീവിതത്തിൽ വലിയൊരുകാലം അങ്ങിനെ നിന്നുകളയുമെന്ന് അവളപ്പോൾ ഓർത്തതേയില്ല. ആ ദൃശ്യത്തിന്റെ ആവർത്തനവിരസത ഒഴിവാക്കാനായി പിൽക്കാലങ്ങളിൽ ദേവി താമരപ്പൂക്കളെ പല നിറങ്ങളിൽ സങ്കൽപ്പിച്ചു. കുറച്ചുകാലം കൂടി കടന്നപ്പോൾ താമരകൾ മറ്റ് പൂക്കളായി. കുടമുല്ല, മുറ്റിയ ജമന്തി, മുറ്റിതളൻ ചെമ്പരത്തിപ്പൂക്കൾ തുടങ്ങിയവയെല്ലാം ദേവിയുടെ കുളത്തിൽ വിടർന്നതങ്ങിനെയാണ്. കരയ്ക്ക് പുഷ്പ്പാംഗദനെ കണ്ടുനിൽക്കുന്ന തന്റെ നൂൽബന്ധങ്ങൾ ഒഴിഞ്ഞ ദേഹത്തിൽ തുടകൾ ചേരുന്നിടത്ത് ഒരു വിടർന്ന ചെന്താമരയും മുലകൾക്ക് പകരം രണ്ട് ചെമ്പരത്തികളും ചിലപ്പോൾ അവൾ കണ്ടിരുന്നു. അങ്ങിനെ കണ്ടുനിൽക്കേ ആ ചെന്താമരയും ചെമ്പരത്തിപ്പൂക്കളും താഴേക്ക് ഉരുകിയൊലിച്ച് അവളെ പരിഭ്രമിപ്പിച്ചു. അടിവയറും തുടകളും ചെഞ്ചായത്തിൽ കുതിരുമ്പോൾ ദേവി കുളക്കരയെ ഉപേക്ഷിക്കുമായിരുന്നു.

കാർപ്പെന്റർ മരത്തടിയിന്മേൽ ചെയ്യുന്നതെല്ലാം ഇരുമ്പിന്മേൽ ചെയ്യുന്നയാളാണ് ഫാബ്രിക്കേറ്റർ എന്ന ഉത്തരം ദേവിയെ രസിപ്പിച്ചു
കാർപ്പെന്റർ മരത്തടിയിന്മേൽ ചെയ്യുന്നതെല്ലാം ഇരുമ്പിന്മേൽ ചെയ്യുന്നയാളാണ് ഫാബ്രിക്കേറ്റർ എന്ന ഉത്തരം ദേവിയെ രസിപ്പിച്ചു

ഇതെല്ലാം ചില ആണ്ടുകൾക്ക് ശേഷം സംഭവിക്കാനുള്ളവയായിരുന്നു. കല്യാണശേഷമുള്ള ആദ്യപുലർച്ചയിൽ ദേവിയും പുഷ്പ്പാംഗദനും പരസ്പരം മോഹിതരും സമർപ്പിതരുമായ കാമുകീകാമുകന്മാരോ ഭാര്യഭർത്താക്കന്മാരോ ആയിരുന്നു. ആഹ്ലാദവും ആനന്ദവും അവർക്കിടയിൽ തെഴുത്തുനിന്നിരുന്നു. ഷണ്മുഖവടിവേലുവും ഭാര്യയും മകന്റെയും മരുമകളുടെയും ലീലകളുടെ അസ്പഷ്ടവെളിപ്പെടലുകളിൽ അതിയായി സന്തോഷിച്ച് അവരവരുടെ ഇടങ്ങളിലേക്ക് വലിഞ്ഞുനിൽക്കാൻ ശ്രദ്ധവച്ചു. രതിയുടെ ഉണർവുകൾക്ക് സഹായകമായ കോഴിമുട്ട, കാട്ടുതേൻ, മുരിങ്ങയില തുടങ്ങി തങ്ങൾക്കറിയാവുന്നതെല്ലാം പുഷ്പ്പാംഗദനും ദേവിക്കും ഭക്ഷണമായി നൽകാൻ അവരിരുവരും നിഷ്ഠവച്ചു.

ദേവിയുടെ വീട്ടിൽ തങ്ങിയ നാളുകളിൽ അവൾ കൂടുതൽ സ്വതന്ത്രയും എല്ലാകാര്യങ്ങളിലും മുൻ കൈ എടുക്കുന്നവളുമായി കാണപ്പെട്ടു. സ്വന്തം വീട് അവളെ ഉല്ലാസവതിയാക്കി. അച്ഛനും അമ്മയും മകളുടെയും മരുമകന്റെയും ലീലകളിൽ അതീവസംതൃപ്തരായി. ദേവിയുടെ കുളി മുടങ്ങിയ വൃത്താന്തം അവളുടെ അമ്മയാണ് ആദ്യം മകളിൽ നിന്നും ചികഞ്ഞെടുത്തത്. അവരത് രഹസ്യമായി വച്ചുവെങ്കിലും ഭർത്താവുമായി പങ്കിട്ടു. മകളും മരുമകനും പുതിയ കാലത്തെ ദമ്പതികളായതിനാൽ ഇതൊക്കെ അവരവരുടെ മട്ടും മാതിരിയും പോലെ കൈകാര്യം ചെയ്‌തോട്ടെയെന്ന് അവർ ഉദാരമാവുകയായിരുന്നു. ഏകമകൾ ഭർത്താവുമായി മനസ്സുതുറന്ന് ഉല്ലസിക്കുന്നത് മാത്രം മതിയായിരുന്നു അവർക്ക് മനം നിറയാൻ. ഒരുദിവസം ഷണ്മുഖവടിവേലുവും ഭാര്യയും സന്ദർശനത്തിനെത്തിയപ്പോൾ മകൾക്ക് വയറ്റിലുണ്ടെന്നത് ഒരു ആനന്ദസന്ദേഹം പോലെ അവർ കൈമാറി. വീടിനുപിന്നിൽ കസേരകളിട്ടിരുന്ന് ഷണ്മുഖവടിവേലുവും കൂട്ടുകാരനും അന്ന് നന്നായി മദ്യപിച്ചു.

പിന്നെയും കുറച്ച് ദിനങ്ങൾ കടന്നപ്പോഴാണ് പുഷ്പ്പാംഗദനും ദേവിയും തങ്ങൾക്ക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് സ്വയം മനസ്സിലാക്കിയത്. ഒരു രാത്രി രതിവേളയിൽ ദേവി അത് വെളിപ്പെടുത്തുകയായിരുന്നു. അന്നേരം ദേവി പുഷ്പ്പാംഗദന്റെ മുകളിലായിരുന്നു. ആഹ്ലാദത്തിന്റെ ഒരു കരണം മറിച്ചിലിൽ ദേവി അവന്റെ കീഴിലായി. അത്യുത്സാഹത്തോടെ രതിയനുഷ്ഠാനം തുടർന്ന പുഷ്പ്പാംഗദന്റെ മുഖത്ത് നിന്റെ കുഞ്ഞിന്റെ അച്ഛൻ എന്നത് ഒരു അധീശഭാവമായി പടർന്നിട്ടുണ്ടെന്ന് ദേവി സംശയിച്ചു. വീണ്ടും മുകളിൽ വരാനുള്ള അവളുടെ കമ്പത്തെ ആ രാവിൽ പുഷ്പ്പാംഗദൻ പ്രോത്‌സാഹിപ്പിച്ചില്ല. ഇണചേരലിന്റെ തള്ളൽ അടങ്ങിയപ്പോൾ ദേവിയുടെ ഉദരത്തിൽ അമരാതിരിക്കാൻ പുഷ്പാംഗദൻ കരുതൽ കാണിച്ചു. രാത്രിയിൽ കിടക്കുമ്പോൾ താഴേക്കിറങ്ങി ദേവിയുടെ ഉദരത്തിൽ മുഖം ചേർത്താണ് അന്ന് പുഷ്പ്പാംഗദൻ ഉറങ്ങിയത്. ഇടയ്ക്ക് വാത്സല്യവാനായി അവളുടെ നനുത്ത ഉദരമാകെ അവൻ ഉമ്മകൾ കൊണ്ട് മൂടി.

അവധിക്കാലം കൊഴിഞ്ഞ് തീരാൻ തുടങ്ങുകയായിരുന്നു. ഇനി രണ്ടാണ്ടുകൾ കഴിയാതെ കാണാനാവില്ലെന്ന ചിന്ത ആനന്ദത്തോണിയുടെ കാറ്റ് ചോർത്തുവാൻ തുടങ്ങി. രതിയുടെ ഉന്മാദങ്ങൾക്ക് അതിനെ തടുക്കാനായില്ല. കഴിയുമ്പോളൊക്കെ പുഷ്പ്പാംഗദൻ അവളെ ചേർത്തുപിടിച്ചു.പങ്കാളികളിൽ നിന്നും അകന്ന് പരദേശങ്ങളിൽ പണിയെടുക്കുന്നവരുടെ സങ്കടങ്ങളിൽ അവർ പൂണ്ടു. ദേവിയുടെ മിഴികൾ ഈറനാവുന്നത് പുഷ്പ്പാംഗദനെ വ്യാകുലപ്പെടുത്തി. സ്വന്തം വൈകാരികതകളെ കഴിയുന്നത്ര മറച്ചുപിടിക്കുന്നതിൽ ശ്രദ്ധാലുവായ ഒരു സാധാരണ പുരുഷനായിരുന്നുവെങ്കിലും ദേവിയുടെ മുന്നിൽ വിവൃതനാവുന്നതിൽ അവൻ ക്ലേശം കണ്ടില്ല. ദേവിയെ അണച്ചുനിർത്തി ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തുരുത്തുകൾ കെട്ടിയുയർത്തി സങ്കടങ്ങളുടെ ആഴങ്ങളെ ഇല്ലാതാക്കാൻ അവൻ പരിശ്രമിച്ചു. രാജ്യം വിടാനുള്ള തിയതി അടുക്കുന്തോറും ദേവി കൂടുതൽ കൂടുതൽ ആകുലയാവാൻ തുടങ്ങി. അവളുടെ ഉദരത്തിൽ വളരാൻ തുടങ്ങിയിരിക്കുന്ന തങ്ങളുടെ പേരക്കുട്ടിയെ അമ്മയുടെ വ്യഥകൾ ദോഷമായി ബാധിക്കുമോയെന്ന് ഷണ്മുഖവടിവേലുവും ഭാര്യയും ആകുലം കൊണ്ടു.

ഒടുവിൽ ആ ദിവസം വന്നെത്തി. ഉത്സാഹരഹിതരായി ദേവിയും പുഷ്പ്പാംഗദന്റെ അമ്മയും അവന്റെ പെട്ടിയിൽ അച്ചാറുകളും നാടൻ പലഹാരങ്ങളും അടുക്കിവച്ചു. ഒലിച്ചിറങ്ങിയേക്കാവുന്ന എണ്ണയുടെ ദോഷം ബാധിക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ എന്ന നിലയിൽ പുഷ്പ്പാംഗദന്റെ വസ്ത്രങ്ങളെല്ലാം വെവ്വേറെ പ്ലാസ്റ്റിക് കൂടുകൾക്ക് ഉള്ളിൽ വച്ചു. ഒടുവിൽ മകന്റെ പെട്ടി പൂട്ടി പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞുകെട്ടിയത് പതിവുപോലെ ഷണ്മുഖവടിവേലുവായിരുന്നു. അതിനുമുൻപേ പുഷ്പ്പാംഗദന്റെ ഒരു ജോഡി ഉപയോഗിച്ച വസ്ത്രങ്ങൾ ദേവി ഗൂഢമായി ഒളിപ്പിച്ചുവച്ചു. അതിലെ വിയർപ്പുഗന്ധം ഇനിയുള്ള ദിവസങ്ങളിൽ പുഷ്പ്പാംഗദന്റെ സാമീപ്യമായി പകർന്ന് തന്നെ ആശ്വസിപ്പിച്ചേക്കുമെന്ന് ആ പുത്തൻ ഭാര്യ മനോരാജ്യം കെട്ടി.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുഷ്പ്പാംഗദനെയും കൊണ്ടുള്ള വിമാനം പറന്നകന്നിട്ടും ദേവി മാനം നോക്കി ഒത്തിരി നേരം അവിടെ നിന്നു. ഒടുവിൽ അമ്മായിയമ്മ അവളെ വലിച്ചുകൊണ്ട് പോരുകയായിരുന്നു. വിമാനത്താവളങ്ങൾ മനുഷ്യരെ വിഴുങ്ങുന്ന ഇടങ്ങളാണെന്ന് ദേവി പിന്നീട് അറിഞ്ഞു.

കരയ്ക്ക് പുഷ്പ്പാംഗദനെ കണ്ടുനിൽക്കുന്ന തന്റെ നൂൽബന്ധങ്ങൾ ഒഴിഞ്ഞ ദേഹത്തിൽ തുടകൾ ചേരുന്നിടത്ത് ഒരു വിടർന്ന ചെന്താമരയും മുലകൾക്ക് പകരം രണ്ട് ചെമ്പരത്തികളും ചിലപ്പോൾ അവൾ കണ്ടിരുന്നു
കരയ്ക്ക് പുഷ്പ്പാംഗദനെ കണ്ടുനിൽക്കുന്ന തന്റെ നൂൽബന്ധങ്ങൾ ഒഴിഞ്ഞ ദേഹത്തിൽ തുടകൾ ചേരുന്നിടത്ത് ഒരു വിടർന്ന ചെന്താമരയും മുലകൾക്ക് പകരം രണ്ട് ചെമ്പരത്തികളും ചിലപ്പോൾ അവൾ കണ്ടിരുന്നു

രണ്ട്​

നുഷ്യർ ഏകരാണ്. അല്ലെന്ന് അവർ വെറുതേ നിരൂപിക്കുമെങ്കിലും ആ യാഥാർത്ഥ്യത്തെ അറിയാതെ ആരും കടന്നുപോകുന്നില്ല. രാത്രിയിൽ തിളങ്ങുന്ന അക്കങ്ങളുള്ള ടൈപീസിൽ ഒരു മണി അടയാളപ്പെട്ടപ്പോൾ കണ്ണൻ ഇരുട്ടിലേക്കിറങ്ങി. തുണിയെല്ലാം ഉരിഞ്ഞ് കളയാനുള്ളതിനാൽ ബർമുഡായും അരക്കയ്യൻ ഷർട്ടും മാത്രമേ ധരിച്ചുള്ളു. ജലം ഉറങ്ങാൻ ഇനിയും ഒരു മണിനേരം മിച്ചമുണ്ട്. ആകാശത്ത് നിലാവിന്റെ തരിപോലും ഉണ്ടായിരുന്നില്ല. കറുകറുത്ത ഇരുട്ട്. കണ്ണന് പതിനെട്ട് വയസ്സ് തികഞ്ഞതിനുശേഷമുള്ള ആദ്യത്തെ ഇരുൾ വാവായിരുന്നു അന്ന്. പൊഴിമുഖത്തേക്കുള്ള വഴി ഇരുണ്ട് ഇടുങ്ങിയതായിരുന്നെങ്കിലും അതവന് പരിചിതമായിരുന്നു.

ഇരുട്ടിൽ വഴിയിലേക്ക് ഇറങ്ങിവരുന്ന നിമ്മിയെ അവൻ കണ്ടു. സന്യാസിനികളുടെ കറുപ്പും ചാരനിറവും വെളുപ്പും ഇടകലർന്ന ഉടുപ്പായിരുന്നു അവൾ ധരിച്ചിരുന്നത്. ഒന്നിനുമേൽ മറ്റൊന്നായി പല ഉടുപ്പുകൾ അതിന്റെ ഭാഗമായിരുന്നു. അവ ഓരോന്നായി ഉരിഞ്ഞ് നിമ്മിയുടെ ദേഹം നൂൽബന്ധമില്ലാതാവാൻ കൂടുതൽ നേരം വേണ്ടിവരുമല്ലോയെന്ന് കണ്ണൻ നിനച്ചു. ചുറ്റിക്കെട്ട് പാവാടയും ഷർട്ടും പോലുള്ള എന്തെങ്കിലും മതിയായിരുന്നു. കോൺവെന്റിൽ നിന്നും പിണങ്ങിവന്നശേഷം സന്യാസ ഉടുപ്പിന്റെ കാര്യത്തിൽ നിമ്മി കർശനക്കാരി അല്ലായിരുന്നുവെങ്കിലും അവൾ അതിനെ പാടേ ഉപേക്ഷിച്ചിരുന്നില്ല. നിയമവും നാട്ടുനടപ്പും ലംഘിക്കുമ്പോൾ അത് സന്യാസവസ്ത്രത്തിൽ നിന്നും തന്നെ ആയിക്കോട്ടെയെന്ന് അവൾ കരുതിയിരിക്കും.

ഇരുളിൽ ഒച്ചയുണർത്താതെ അവർ നടന്നു. ഇടുങ്ങിയ നാട്ടുപാതയിൽ പുല്ലും ചെടികളും മരക്കൊമ്പുകളും വളർന്നത് അവരെ തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ഈ രായാത്രയിൽ സന്യാസവസ്​ത്രം ഒഴിവാക്കാമായിരുന്നെന്ന് കണ്ണന് പിന്നെയും തോന്നി. പല അടരുകളുമായി ആ കൂട്ടുവേഷം നിമ്മിയുടെ ദേഹത്തിൽ നേർത്ത ഒച്ചയുണർത്തി. ചുവടുകൾ വേഗതയിൽ ആകുമ്പോൾ അത് അലോസരപ്പെടുത്തി. പൊഴിമുഖത്തേക്ക് നടന്നുകയറാൻ ഇനിയും വഴിദൂരമുണ്ട്. നിമ്മി കാലുകൾ നീട്ടിവച്ച് ഉത്സാഹത്തോടെ മുന്നിൽ നടക്കുകയാണ്. നിമ്മി അങ്ങിനെയാണ്. പൊതുവേ മെല്ലെപ്പോക്കുകാരിയാണെങ്കിലും തുനിഞ്ഞിറങ്ങിയാൽ പിന്നെ മുൻ പിൻ നോട്ടമില്ല. എന്താണോ അവളെ ഉത്സാഹിപ്പിച്ചത്, അത് നേടാതെ മടക്കവുമില്ല. നീണ്ട പുൽനാമ്പുകളിലും ചെടിക്കമ്പുകളിലും ഉരസി തുടകളും കാൽവണ്ണകളും നീറുന്നത് കണ്ണൻ അറിഞ്ഞു. കറുകപ്പുല്ലിന്റെ നാമ്പുകൾക്ക് കത്തിത്തലപ്പിന്റെ മൂർച്ചയാണെന്ന് പറയുന്നത് വെറുതേയല്ല. കൈലി മതിയായിരുന്നു.

"എന്താടാ സ്ലോ ആകുന്നത്? രണ്ട് മണി കഴിഞ്ഞാൽ ആളനക്കം പേടിക്കണം. പൊഴിമുഖത്തെ മണൽപ്പരപ്പിൽ നമ്മളെ എവിടെനിന്നും കാണാനാകും. സന്തോഷം നാണക്കേടാകാൻ തരി നേരം മതി. നീ വേഗം നടക്ക്. ശൗര്യാർ വീശുവലയുമായി അവിടെയുണ്ടാകും. മീങ്കൂട നിറഞ്ഞാൽ പിന്നെ അയാൾ അവിടെ നിൽക്കില്ല. ആർത്തിയാണ് ശൗര്യാറെ അവിടെ എത്തിക്കുന്നതെങ്കിലും അത് കഴിഞ്ഞാൽ അയാളെയും പേടി തീണ്ടും. പിന്നെ അയാൾ വീശുവലയും പ്രാണനും വാരിപ്പിടിച്ച് പൊഴിമുഖം വിടും.' നിമ്മി ഒച്ചയമർത്തി കുലുങ്ങിച്ചിരിച്ചു. കണ്ണനും ചിരി അമർത്തിയില്ല.

വൈകാതെ അവർ പൊഴിയുടെ ഓരത്തെത്തി. പൊഴിമുഖം അടഞ്ഞ് കിടക്കുന്നതിനാൽ പൊഴിയിൽ വെള്ളം മെത്തിക്കിടക്കുകയാണ്. കടലിലേക്ക് ഒഴുകാനാവാതെ വശങ്ങളിലേക്ക് വീർത്ത് മെത്തുന്നു. പൊഴിയോരത്തെതുറന്ന തെങ്ങിൻ തടങ്ങളിൽ വെള്ളം കയറി നിറഞ്ഞിരിക്കുന്നു. സൂക്ഷിച്ച് നടക്കണം അല്ലെങ്കിൽ ചുവട് പിഴച്ച് കമഴ്ന്നടിച്ച് വീഴും. പാദങ്ങൾ പെറുക്കിവച്ച് നിമ്മിയും പിന്നാലെ കണ്ണനും മുന്നേറി. വിശാലമായ തൂവെള്ള മണൽപ്പരപ്പ് ഇരുളിലും ഭംഗിപ്പെട്ടു കിടക്കുന്നത് ദൂരെനിന്നേ കാണാം. ഒരു വശം കടൽ ഇരമ്പുന്നുണ്ട്. മറുവശം കടലോട് കലരാൻ പൊഴി തുടുത്ത് മെത്തി ആഞ്ഞു നിൽക്കുന്നു. ഇരുവശവും നനുനനുത്ത തിരകൾ അതിരുടയ്ക്കാൻ ആയുന്നുണ്ട്. വീതികുറഞ്ഞ മണൽപ്പരപ്പിനുകുറുകെ കാൽപ്പാദം അമർത്തി വരച്ചാലും മതി. ജലധികൾ ഞൊടിനേരംകൊണ്ട് ആ വരയിലൂടെ ഒഴുകിപ്പെരുത്ത് ആർത്തുതിമർത്ത് ഒന്നാകും. മണലിനേക്കാൾ കൊഴുപ്പും തിമർപ്പും ജലങ്ങൾക്കാണല്ലോ. നിമ്മി കണ്ണന്റെ കൈ കടന്നുപിടിച്ചു.

"നിനക്ക് പേടി തോന്നുന്നുണ്ടോ?'

"എനിക്കോ? പേടിയോ? എനിക്ക് ഒന്നിനെയും ആരെയും പേടിയില്ല.'

"പോടാ'. നിമ്മിയുടെ പതിഞ്ഞ സ്വരത്തിൽ കുസൃതിയും വാത്സല്യവും കലർന്നിരുന്നു.

കൈ കോർത്തുപിടിച്ച് അവർ പൊഴിയോരത്തുകൂടെ നടന്നുകയറി. ശൗര്യാർ ദേഹത്ത് നൂൽബന്ധമില്ലാതെ നിന്ന് വലയെറിയുന്നത് കണ്ടപ്പോൾ അവർ ഇരുട്ടിന്റെ തണലിൽ പമ്മിനിന്നു. രണ്ടുപേരും ഒന്നും ഉരിയാടിയില്ല. ഇരുളിലും നഗ്നനായ ശൗര്യാർ വലയെറിയാൻ തിടുക്കപ്പെട്ടു. വല വലിച്ചുകയറ്റുമ്പോൾ മീനുകൾ വെള്ളിയിൽ തിളങ്ങി. ഒരു തവണ കൂടി വലവട്ടം പൂർത്തിയാക്കി അയാൾ കടലോരത്തുകൂടെ ഓടിപ്പോയപ്പോൾ അവിടം വിജനമായി. ശൗര്യാർ വേഗം ഇരുളിൽ അലിഞ്ഞുപോയി. എവിടെ വച്ചാവും ശൗര്യാർ തുണിയുടുക്കുകയെന്ന് കണ്ണൻ ആശ്ചര്യപ്പെട്ടു. റോഡിലേക്കെത്തും മുൻപ് അയാൾ അത് ചെയ്യുമെന്ന് അവൻ തിട്ടമിട്ടു.

അവസാനത്തെ തെങ്ങിൻ ചുവട്ടിൽ അവർ നിന്നു. നിമ്മി ഉടുപ്പുകൾ ഒന്നൊന്നായി ഊരാൻ തുടങ്ങി. അവളുടെ ശ്രദ്ധ അതിൽ മാത്രമായിരുന്നു. കണ്ണൻ മിഴിയെടുക്കാതെ അത് കണ്ടുനിന്നു. കരുതിയതിനേക്കാൾ വേഗത്തിൽ അവൾ നഗ്നയായി. കണ്ണൻ ഒരു പെൺശരീരം തുണിയില്ലാതെ ആദ്യമായി കാണുകയായിരുന്നു. ഇരുളിലും അതിന്റെ അളവതിരുകൾ കണ്ണനെ ഇളക്കി.

"ഡാ... തുണിയുരിയെഡാ.'

നിമ്മിയുടെ സ്വരത്തിലെ തിടുക്കം അവനെ പലവിചാരങ്ങളിൽ നിന്നും വീണ്ടെടുത്തു. ബെർമുഡയും അരക്കയ്യൻ ഷർട്ടും അതിവേഗം അവൻ ഉരിഞ്ഞുമാറ്റി. എല്ലാം നേരത്തേ പലയാവർത്തി പറഞ്ഞ് ഉറപ്പിച്ചിരുന്നതായിരുന്നെങ്കിലും അവന് എല്ലാം ഏതോ മായാനാടകം പോലെ അനുഭവപ്പെട്ടു. നിമ്മി അവനെ കൈപിടിച്ച് വലിച്ചുകൊണ്ട് പൊഴിമുഖത്തിന്റെ നടുവിലേക്ക് നടക്കുകയായിരുന്നു.

കടലിനും പൊഴിക്കും ഇടയിലെ മണൽപ്പരപ്പ് തേച്ചുമിനുക്കിയ പിച്ചളപ്പാത്രം പോലെ തിളങ്ങി നിന്നിരുന്നു. ചെറുതിരകൾ നേർത്ത ഒച്ചയിൽ ഇരമ്പിയാർത്ത് കരയിലേക്ക് ഒഴുകിപ്പരക്കുന്നു. പൊഴിയിൽ നിറയെ വെള്ളമുണ്ട്. വീർത്തുമെത്തിയ പൊഴിവെള്ളം മെല്ലെ ശ്വാസമെടുക്കുമ്പോലെ ഇളകുന്നുണ്ട്. കൗമാരവും യൗവനവും ആൾ രൂപമാർന്നതുപോലെ കടലിനും പൊഴിവെള്ളത്തിനും ഇടയിൽ നിമ്മിയും കണ്ണനും നഗ്നരായി നിന്നു. കണ്ണന്റെ ചങ്കിടിപ്പ് പെരുകി. ആ ഇരുളിലും അവൻ നിമ്മിയുടെ ദേഹം മുഴുവനായി കണ്ടു. അന്നൊരിക്കൽ സ്വപ്നത്തിൽ കണ്ടപോലെ തന്നെ. അതിന്റെ മിനുസവും മ്രുദുലതയും വളവുകളും അവനെ ചൂഴ്‌ന്നെടുക്കുകയായിരുന്നു. നിമ്മി ഓരം തിരിഞ്ഞ് അത് കണ്ടു.

"എഡാ, മരിച്ചവരെ ഓർക്ക്. നീ സ്‌നേഹിച്ചിരിക്കെ മരണം കൊണ്ടുപോയവരെ ഓരോരുത്തരായി ഓർക്ക്. അവരുടെ മുഖം ഓർക്ക്. അവരുടെ സ്‌നേഹം ഓർക്ക്........' നിമ്മി പറഞ്ഞുകൊണ്ടിരിക്കെ കണ്ണനിൽ നിന്നും ലൈംഗികത ഊർന്നിറങ്ങാൻ തുടങ്ങി.

"നീ ഇതിനുമുൻപ് പെണ്ണിനെ മുഴുവനായി കണ്ടിട്ടില്ല, അല്ലേ? അതാണ് നീ ഇളകിപ്പോയത്. സെക്‌സ് മനസ്സിൽ കടന്നാൽ നമ്മൾ ഉദ്ദേശിച്ചകാര്യം സംഭവിക്കില്ല. നമുക്കാരും വെട്ടപ്പെടില്ല. എല്ലാം പാഴായിപ്പോകും.' ഒന്ന് നിർത്തിയിട്ട് വശം തിരിഞ്ഞ് ഒച്ച കടുപ്പിച്ച് നിമ്മി തറപ്പിച്ചു "നീ എന്നെ അങ്ങിനെ കാണരുത്. ഒരിക്കലും കാണരുത്. നമ്മുടെ സ്‌നേഹം ഇല്ലാതായിപ്പോകും'.

ഒരു വശം കടൽ ഇരമ്പുന്നുണ്ട്. മറുവശം കടലോട് കലരാൻ പൊഴി തുടുത്ത് മെത്തി ആഞ്ഞു നിൽക്കുന്നു
ഒരു വശം കടൽ ഇരമ്പുന്നുണ്ട്. മറുവശം കടലോട് കലരാൻ പൊഴി തുടുത്ത് മെത്തി ആഞ്ഞു നിൽക്കുന്നു

മരിച്ചവരൊന്നൊന്നായി മനസ്സിലൂടെ കയറിയിറങ്ങിയപ്പോൾ കണ്ണൻ തല കുടഞ്ഞ് അയഞ്ഞു. നിമ്മിയുടെ വാക്കുകളിലെ വാത്സല്യം അവനെ ഉലച്ചെങ്കിലും അതുതന്നെ അവനെ നിവർത്തി നിർത്തുകയും ചെയ്തു. നിമ്മി അവനോട് തൊട്ടുനിന്നു. ഇരുൾ വാവിന്റെ കറുപ്പിൽ അവർ ഇരുണ്ട് പ്രകാശിച്ചു. പൊഴിവെള്ളത്തിന്റെ പരപ്പ് അവർക്കുമുന്നിൽ ഗംഭീരാകാരം കൊണ്ടു. അതിന്റെ അരികുകളിൽ അവരുടെ നോട്ടമെത്താത്ത ഇടങ്ങൾ കനത്തു. അതിനപ്പുറം ഇരുട്ട് അനന്തമായി കടുത്തുകൊണ്ടിരുന്നു.

"ഇനി പൊഴിവെള്ളം ഉറങ്ങാൻ നേരം അധികമില്ല. അപ്പോഴാകും അത് നമുക്ക് വെട്ടപ്പെടുക. അതുവരെ പലവിചാരം കൂടാതെ നിക്കണം. അകം ഇളകരുത്. ദേഹം മുറുകരുത്. അപ്പോൾ ഇരുൾ തിളകുത്തും. വെള്ളം പിളരും. ആവിയില്ലാത്ത വെള്ളച്ചൂടിൽ പിത്തളയുരുളി പൊന്തും. പണ്ടൊക്കെ ഒത്തിരിപേർ അത് കണ്ടിട്ടുണ്ട്. പിന്നെ അത് അടങ്ങിപ്പോയി. മനസ്സുറപ്പുള്ളോരും ഇല്ലാതെയായി. പൊന്നുരുളി മായക്കാഴ്ചയായി.'

ഒച്ചകളെല്ലാം അമരുന്നത് അവരറിഞ്ഞു. പൊഴി താറി. അതിന്റെ മേൽപ്പരപ്പ് ചെത്തിയെടുത്തതുപോലെ നൂറ്റുക്ക് നൂറും തികവുറ്റതായി. ചില്ലിലേക്കെന്നവണ്ണം ഇരുട്ട് അതിലേക്കിറങ്ങി നിന്നു. ബോധത്തിന്റെ വാതിലടഞ്ഞ് ഗ്രാമവും മനുഷ്യരും മറഞ്ഞു. രാത്രി അവരുടെ നഗ്നതയെ തിന്നുകൊഴുത്തു. അപ്പോൾ പൊഴിവെള്ളം പിളരാൻ തുടങ്ങി. അവിടം ചൂടുപിടിച്ചുതുടങ്ങി. തിളകുത്തിയ വെള്ളത്തിനു നടുവിൽ നിന്ന് രഹസ്യമയമായ ഏതോ ജനനേന്ദ്രിയത്തിൽ നിന്നെന്ന വണ്ണം ഒത്തൊരു പിത്തളയുരുളി മെല്ലെമെല്ലെ പുറത്തേക്ക് പൊങ്ങാൻ തുടങ്ങി. നിമ്മി കണ്ണുകൾ ഒരുമാത്ര ഇറുകെയടച്ചു. കണ്ണന്റെ മിഴികൾ വിടർന്നു. അവർക്കുമുന്നിൽ വെളിച്ചത്തിൽ കുളിച്ച് ചിന്നുന്ന ഉരുളി ഒഴുകി വന്നെത്തി. ആരോ അപ്പോൾ കഴുകിത്തിളക്കിയതുപോലുള്ള കനകക്കൂട്ടം ഉരുളി നിറഞ്ഞുകവിഞ്ഞിരുന്നു. നാണയങ്ങളും പ്രകാശിക്കുന്ന പലവർണ്ണക്കല്ലുകളുള്ള ആഭരണങ്ങളും. ഇടയിൽ കൈനീട്ടിയാൽ തൊടാവുന്ന അകലം മാത്രം. കൈവിരൽത്തുമ്പാൽ കണ്ണനതിനെ തൊട്ടു. നിമ്മി അനക്കമില്ലാതെ നിന്നു. കണ്ണന്റെ വിരൽത്തുമ്പ് ആ സ്പർശം അറിയും മുൻപേ എല്ലാം മാഞ്ഞു. ഇരമ്പുന്ന കടലിനും വീർത്തുമെത്തിയ പൊഴിവെള്ളത്തിനും ഇടയിൽ അവർ ഇരുവരും മാത്രമായി. നഗ്നരാണെന്ന് അവർ പിന്നെയും അറിയുകയായിരുന്നു.

"നിമ്മീ അത് പൊന്നുരുളിയായിരുന്നു.'

ഉരിഞ്ഞിട്ട ഉടുപ്പുകൾക്കരുകിലേക്ക് നിമ്മിയുടെ പിന്നാലെ ധ്രുതിയിൽ ചുവടുകൾ വച്ചുകൊണ്ടിരിക്കെയാണ് കണ്ണൻ കുതൂഹലത്തോടെ അങ്ങിനെ പറഞ്ഞത്.

"നീയെന്തിനാ അതിനെ തൊടാൻ പോയത്? അതാ അത് വേഗം മാഞ്ഞുപോയത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. തൊടുക മാത്രമല്ല അതിലൊരോഹരി നിനക്ക് കിട്ടുകയും ചെയ്യും. ഒന്നിനും ധ്രുതി പാടില്ല.'

"അതിൽ നിന്നും നമുക്ക് പൊന്നെടുക്കാൻ പറ്റുമോ'
"എന്താ സംശയം? പൊന്നുരുളി മുന്നിലേക്ക് ഇറങ്ങിവരും. നമുക്ക് അതിലിന്നും എടുക്കാൻ പാകത്തിൽ.'

"ചുമ്മാ'
കണ്ണന് അത് വിശ്വസിക്കാൻ തോന്നിയില്ല. നടന്നതൊന്നും അവിശ്വസിക്കാനും അവന് കഴിഞ്ഞില്ല. എല്ലാം നിമ്മി പറഞ്ഞതുപോലെ വന്നുഭവിച്ചു. എന്നാലും............

ഉരിഞ്ഞുപേക്ഷിച്ചതെല്ലാം പിന്നെയും അവരുടെ ദേഹത്തിലായി. പൊഴിനാക്കിലെ കടൽ മൺതരികൾ കുടഞ്ഞുകളഞ്ഞിട്ടും പോകാതെ ഉടുപ്പുകൾക്കൊപ്പം അവരിലേക്ക് കയറിപ്പറ്റിയിരുന്നു. മണ്ണിന്റെ പരുക്കൻ തരം. നിമ്മിയെയും കണ്ണനെയും അവ പൊന്നുരുളിയുടെ ഭ്രമലോകത്തിൽ നിന്നും വലിച്ചിറക്കി.

അതിന്റെ ഒളിചിന്നുന്ന വെളിച്ചം മെല്ലെ അവരെ വിട്ടകന്നു. വീട്ടിലേക്കുള്ള ഊടുവഴിയിൽ നിമ്മിയുടെ പിന്നാലെ നടക്കുകയായിരുന്നു അവൻ. രണ്ടാണ്ട് മുൻപാണ് നിമ്മി പൊഴിനാക്കിലെ പൊന്നുരുളിയുടെ കാര്യം അവനോട് പറഞ്ഞത്. അതൊരു കഥപറച്ചിലിന്റെ ഭാഗമായിരുന്നു. സന്യാസിനിയിടത്തിൽ നിന്നും അവൾ വന്ന നേരം കണ്ണനെപ്പോഴും നിമ്മിക്കൊപ്പമായിരുന്നു. കഥയും കാര്യവുമായി നിമ്മി അവന്റെ ലോകത്തിൽ നിറയുന്ന കാലം. അതിലൊന്നിലാണ് പൊന്നുരുളി ഇറങ്ങിവന്നത്. അതൊരുനുണക്കഥയായേ അവനാദ്യം തോന്നിയുള്ളു.

"കണ്ണാ, ഈ ലോകത്തിൽ നമുക്ക് കാണാനാകുന്നതും കാണാനാകാത്തതും ഉണ്ട്. ദ്രുശ്യവും അദ്രുശ്യവും. മണവും കാറ്റും ചൂടുമെല്ലാം നമുക്ക് കാണാനാവുന്നില്ലെങ്കിലും ഉള്ളതല്ലേ? അതുപോലെ ഒരുപാടുണ്ട്. ഒന്നിനും അറ്റവും അറുതിയുമില്ല. ആലോചിച്ചുപോയാൽ അറ്റവും അറുതിയുമില്ലാത്ത ആ ചരടിൽപ്പിടിച്ച് നമ്മളങ്ങിനെ പൊയ്‌ക്കൊണ്ടേയിരിക്കും. എങ്ങുമെത്തില്ല. ലോകമങ്ങിനെ പെരുകി വലുതായിക്കൊണ്ടേയിരിക്കും. ഒരു അതിരുവച്ച് എപ്പോൾ വേണമെങ്കിലും നമുക്കിതിന് ഫുൾസ്‌റ്റോപ്പിടാം.'

അങ്ങിനെയാണ് നിമ്മി കണ്ണന് വേറിട്ടൊരു ലോകമായത്. നിമ്മിയുടെ അരുകിലെത്തുമ്പോൾ ചുറ്റുമുള്ള വാതിലുകളെല്ലാം അടയുന്നതായും അവൾ തനിപ്പെട്ടൊരുലോകത്തിന്റെ പെരുംവാതിലായി തുറയുന്നതായും കണ്ണനുതോന്നി. കുറച്ചേറെ രസകരമായ കാറ്റും മണവും ചൂടും പിന്നെയും എന്തൊക്കെയോ അവിടുണ്ടായിരുന്നു.

"നമ്മൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന കഥകളിലെല്ലാം അദൃശ്യമായ ഒരു മറുലോകമുണ്ട്. ഭ്രാന്തും പാകതയും ഒരേസമയം അത് നമുക്ക് തരുന്ന ഒരു ലോകം. ഒരു കഥയും വെറും കഥയല്ല. തകഴി ആയാലും ആനന്ദ് ആയാലും ലാജോ ജോസ് ആയാലും ഇതിന് മാറ്റമില്ല.'

ആനന്ദിനെ ഓർത്തപ്പോൾ നിമ്മി പറയുന്നതിൽ നേരുണ്ടെന്ന് അവന് വെളിവായി. അപഹരിക്കപ്പെട്ട ദൈവങ്ങൾ വായിച്ച് നേരിന്റെ ചൂടിലും അദൃശ്യമായതിന്റെ കിടിലത്തിലും കുടുങ്ങി കരഞ്ഞുതീർത്ത രാവുകൾ കണ്ണനെ ഇളക്കി. പിന്നീട് ആനന്ദിന്റെ ഓരോ പുസ്തകത്തിലും വരാനിരിക്കുന്ന ലോകത്തിന്റെ അറിവടയാളങ്ങൾ തെളിഞ്ഞുവന്നുകൊണ്ടേയിരുന്നു. സത്യമായും കാണാനാവുന്നതും കാണപ്പെടാത്തതും കൂടിക്കലർന്നതാണ് ഈ ലോകമെന്നത് അവന് വെളിവായി. വന്നുപോയ പായ്ക്കപ്പലുകളും വന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളും വരാനിരിക്കുന്ന ആകാശയാനങ്ങളും ഒന്നുതന്നെ.

നിമ്മി ഒരു നങ്കൂരമായിരുന്നു. ആ ഭീമനിരുമ്പ് കടലാഴങ്ങളിലേക്ക് ആഴ്ന്നാഴ്ന്ന് പോയി. അതുകൊണ്ടാണ് ആടിയുലഞ്ഞിട്ടും കണ്ണൻ ഇളകാതെ ഉണർന്നിരുന്നത്.

വീടെത്തിയപ്പോൾ മൊഴിമുറ്റി അവർ തന്താങ്ങളുടെ വീടകങ്ങളിലേക്ക് കയറിപ്പോയി. അവർ ഇരുവരും കലർന്ന് ചെയ്യുവാനിരിക്കുന്ന ലോകവിപരീതങ്ങളുടെ തുടക്കമായിരുന്നു അത്. ▮

(തുടരും)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments