ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

മൂന്ന്​

രുട്ടിൽ മകൾ വെട്ടപ്പെടുന്നത് അരുളപ്പൻ കണ്ടു.

ആശ്വാസവും സംഭ്രമവും അയാളിൽ കലർന്നു. ഇവൾ എപ്പോഴാണ് ഇറങ്ങിപ്പോയത്?

ഇരുണ്ട നിറങ്ങളിൽ മകളെ പുതപ്പിക്കുന്ന സന്യാസ ഉടുപ്പിൽ ഇരുൾ പിളർന്ന് കയറിവരുന്ന മകൾ. വെളിയിടങ്ങളിലെ ഇരുൾത്തെളിച്ചത്തിൽ ആരെങ്കിലും അവളെ കണ്ടിട്ടുണ്ടെങ്കിൽ...

പുറത്തെ ഇരുട്ടിലേക്ക് അയാൾ കാതുകൾ കൂർപ്പിച്ചു. ചരങ്ങളും അചരങ്ങളും അയാൾക്ക് സമയബോധം നൽകി. നേരം രണ്ടിനും മൂന്നിനും ഇടയിലെന്ന് അരുളപ്പൻ ഗണിച്ചു. വീടിനുമുന്നിലെ കുളത്തിൽ വെള്ളം ഉറക്കത്തിലെന്ന് അയാൾ അറിഞ്ഞു. അതിരിലെ കരിങ്ങാട്ടയിൽ ഇരുൾ തുള്ളുന്നുണ്ട്. മൂന്ന് കഴിഞ്ഞിട്ടില്ല. പെട്ടെന്നാണ് അതൊരു ഇരുൾവാവാണെന്നത് അയാളിൽ അറിവായത്. അതോടെ അരുളപ്പൻ വെട്ടിവിയർത്ത് എഴുന്നേറ്റു.

‘കന്നിമറിയേ മാമരിയേ' തെക്കുകിഴക്കേക്കോണിൽ അങ്ങകലെ മേരിപ്പള്ളിയുടെ മുഖപ്പ് സങ്കൽപ്പിച്ച് മകളെയോർത്ത് അയാൾ വണങ്ങി.
‘കാവലാകണേ തായേ'

ഡിഗ്രി അവസാന വർഷം, സന്ന്യാസിനി ആയാൽ മതിയെന്ന് മകൾ പറഞ്ഞപ്പോൾ സംഭ്രമിച്ചുപോയി. പി.ജി കഴിയട്ടെ, അതിനുശേഷം തീരുമാനിക്കാമെന്ന് പറഞ്ഞതൊന്നും അവൾ കാര്യമായെടുത്തില്ല. ഒരേയൊരു മകൾ. അവളെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം. പൊരുളായതെല്ലാം മകളായിരുന്നു. കളിയും കാര്യവുമെന്ന് ഒന്നും വേർതിരിഞ്ഞിരുന്നില്ല. യുദീത്താ നിർത്താതെ കരഞ്ഞു. ആങ്ങളമാരിൽ അഭയം തേടി. അമ്മാവന്മാർ വീടെത്തി ഉപദേശിച്ചു. ഒന്നും തളിർത്തില്ല. പൂവും കായും അണിഞ്ഞില്ല. നിമ്മി സന്യാസിനിയിടത്തിലേക്ക് പാർപ്പ് മാറ്റി.

അരുളപ്പനും യുദീത്തായും മകൾ തിരിച്ചെത്തുന്നതും കാത്ത് നോമ്പും പ്രാർത്ഥനയുമായി ദിവസങ്ങൾ പോക്കി. കോളേജിൽ സന്യാസിനിമാർ പലരും അദ്ധ്യാപകരായിരുന്നു. അവരിൽ ആകർഷിതരായി വീണ്ടുവിചാരമില്ലാതെ മകൾ എടുത്തുചാടിയതാണെന്നോ അപ്പനുമമ്മയും കരുതിയുള്ളു. കലയും സാഹിത്യവും ചരിത്രവുമെല്ലാം പഠിപ്പിക്കുന്നവരുടെ അറിവഴകുകളിൽ യൗവനക്കാർ ഇടറിവീഴുമല്ലോ. ഭാഷണത്തിന്റെ വികൃതികൾ പൂത്തുല്ലസിക്കുന്ന ഇടങ്ങളിൽ ആ പതിവുകളും ഉണ്ടെന്നത് അവർക്ക് പുതുമയല്ലായിരുന്നു.

ബിരുദം കടന്നില്ലെങ്കിലും അരുളപ്പനും യുദിത്തായും കോളേജ് കണ്ടവരായിരുന്നു. അദ്ധ്യാപനത്തിന്റെ മാജിക്കൽ ആകർഷണീയത ആണുങ്ങളിൽ നിറഞ്ഞുതൂവി പെണ്ണകങ്ങളെ ഇളക്കിമറിക്കുന്നതും അവർ കണ്ടിരുന്നു. അതിന്റെ സമാന്തരങ്ങൾ പെൺകോളേജിൽ തിമർത്തപ്പോളാവും മകൾ സന്യാസത്തിൽ മോഹിതയായതെന്ന് അവർ ഗണിച്ചു. ഒന്നോ രണ്ടോ ആണ്ടുകൾ മതിയാകും സന്യാസയിടത്തിന്റെ പൂക്കാലം കൊഴിയാനെന്നും അവർ കരുതി. എകതാനത മറ്റെന്തിനെക്കാളും മകളെ മുഷിപ്പിക്കുമെന്ന് അവർ അനുഭവങ്ങളിൽ അറിഞ്ഞിരുന്നു. ഊണുമേശയിൽപ്പോലും ആവർത്തനങ്ങൾ മകളെ ചൊടിപ്പിക്കുന്നത് അവർ കണ്ടതാണല്ലോ. മനസ്സിനുള്ളിലേക്ക് മാത്രമല്ല അവിടെനിന്ന്​ പുറത്തേക്കുള്ള വഴിയും അന്നപാനീയങ്ങളും ആമാശയവും തെളിക്കുമെന്ന് അരുളപ്പനും യുദീത്തായും ദീർഘദർശികളായി.

മീൻ പാലുകറിയായിരുന്നു മകൾ മടുക്കാത്ത ഏക വിഭവം. അതവളുടെ ഇഷ്ട ഒഴിച്ചുകൂട്ടാൻ ആയിരുന്നു. യുദീത്താ പാലുകറി വയ്ക്കുമ്പോൾ വീട്ടിലുണ്ടെങ്കിൽ അവൾ അടുക്കളയിൽ അരികിലുണ്ടാകും. തേങ്ങാപ്പീര പിഴിഞ്ഞ് പാലെടുക്കാൻ ഒപ്പം കൂടും. ഒന്നാം പാലെന്നും രണ്ടാം പാലെന്നും കുസ്രുതിയോടെ അടയാളപ്പെടുത്തും. രണ്ടാം പാലിൽ കറി വെന്തൊതുങ്ങുമ്പോൾ ഒന്നാം പാലൊഴിച്ച് തീ കുറക്കാൻ അവൾ ഒപ്പം കൂടും. ചാറ് കൊഴുത്ത് കുറുകുന്നത് നോക്കിനിൽക്കും. അതിനുമുൻപേ മുറ്റത്തെ മുളക് ചെടിയിൽ നിന്നും അടർത്തിയ എരിവ് കൂടിയ നാലഞ്ച് പച്ചമുളകുകൾ അറ്റം പിളർന്ന് അവൾ കറിയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. മീൻ പാലുകറിയായാലും പാവയ്ക്കാപ്പാലുകറി ആയാലും ഇക്കാര്യങ്ങളിൽ നീക്കുപോക്കില്ല. പിന്നെ ചെഞ്ചുവപ്പിൽ എണ്ണ തെളിയും വരെ പാൽച്ചാർ നൊട്ടിനുണയലാണ്. അത് ചട്ടിയോടെ മേശപ്പുറത്തെത്തിക്കുന്നതും മകളായിരുന്നു. അമ്മയുടെ പാൽക്കറിപ്പെരുമ രുചിക്കാനായി ഒപ്പം പഠിക്കുന്ന പലരെയും അവൾ വീട്ടിലേക്കും ഊണിനായി കൂട്ടിയിരുന്നു.

അരുളപ്പനും യുദീത്തായും ഇതെല്ലാം മിക്കപ്പോഴും ആവർത്തിച്ചുപറഞ്ഞ്, മകൾ വൈകാതെ തിരിച്ചെത്തുമെന്ന് ആശവച്ചു. സന്യാസിയിടത്തിൽ കിഴക്കരാണ് മിക്കവരും. മലയിടങ്ങളിലെ റബർമൂടുകൾക്കിടയിൽ നിന്നും വന്നവർ. അവർ തേങ്ങാ കണ്ടിട്ടുണ്ടോ, തേങ്ങാപ്പാലിന്റെ പെരുമ നാവിലറിഞ്ഞിട്ടുണ്ടോ? എരിവും പുളിയും മാത്രം രുചിച്ചുവന്നവർക്കിടയിൽ തേങ്ങാപ്പാൽ വാഴില്ല. അതിന്റെ കൊഴുത്ത രുചി അവരുടെ നാവുകൾ പ്രിയപ്പെടില്ല. മുളകും പുളിയും താങ്ങാനാവാതെ സന്യാസം തള്ളി മകൾ വൈകാതെ വീട്ടിലെത്തും. പക്ഷേ അതൊന്നും ഉണ്ടായില്ല. രണ്ടാമാണ്ടിലെ ഒന്നാം വ്രതപ്രതിജ്ഞയിലേക്ക് മകൾ പുഞ്ചിരിയോടെ നടന്നുപോകുന്നത് അവർക്ക് വൈകാതെ കാണേണ്ടിവന്നു.

മുടിയെല്ലാം മുറിച്ച് തല മൊട്ടയടിച്ച് മകൾ നിൽക്കുന്നത് കണ്ട് യുദീത്താ പൊട്ടിക്കരഞ്ഞു. അരുളപ്പനും കണ്ണുനീർ നിറഞ്ഞ് അത് കാണാതായി. കറുത്ത് കൊഴുത്ത് നീണ്ട മുടിയായിരുന്നു നിമ്മിയുടേത്. അടുത്ത് കിട്ടിയാൽ മകളുടെ മുടിയിഴകളെ പരിചരിക്കുക ആ അമ്മയ്ക്ക് എപ്പോഴും ആഹ്ലാദമായിരുന്നു. എന്തൊക്കെയോ ജീവിതത്തിൽ നിന്നും ഇടിഞ്ഞുപൊളിഞ്ഞ് പോകുകയാണെന്ന് അവർ കണ്ടു. നിമ്മി മാത്രം സന്തോഷിക്കുന്നത് അവർക്ക് വിചിത്രമായി തോന്നി. ലോകത്തെ കവച്ചുവച്ച് മകൾ മുന്നോട്ട് നീങ്ങുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്ത എന്തോ ആയേ അവർക്ക് ഉൾക്കൊള്ളാനായുള്ളു. സന്യാസിനിയുടുപ്പുകളിലും മകൾ സുന്ദരിയായിരുന്നു. മൊട്ടത്തല മറഞ്ഞ് തിങ്കൾ മുഖത്തിൽ അവൾ തിളങ്ങി.

പിന്നെ പന്ത്രണ്ട് മാസങ്ങൾ നിമ്മി വീട്ടിലേക്ക് വന്നില്ല. അത് അവളുടെ സന്യാസിനിയിടത്തിന്റെ നിയമമായിരുന്നു. ഹോസ്പിറ്റലുകളും മന്ദബുദ്ധികൾക്കായുള്ള വാസകേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നതിൽ മാത്രമായിരുന്നു അവരുടെ പരിഗണന. അതിനുതകുന്ന വിദ്യാഭ്യാസവും പരിശീലനവും സന്യാസിനികൾക്ക് നൽകി. അവർ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. മകൾ അദ്ധ്യാപികയായിക്കാണാനായിരുന്നു അരുളപ്പനും യുദീത്തായും മോഹിച്ചിരുന്നത്. വിവാഹിതയായി മക്കളായി കുടുംബമാകുമ്പോൾ അതാവും അവളെ ഏറെ സഹായിക്കുകയെന്ന് അവർ കിനാവ് കണ്ടു. ആശുപത്രികളിലും മന്ദബുദ്ധികൾക്കായുള്ള ഇടങ്ങളിലുമാകും ഇനി മകൾ പണിയെടുക്കുകയെന്നത് അവരെ കൂടുതൽ വിഷമിപ്പിച്ചു. അതും തൊഴിൽ ചെയ്ത് കിട്ടുന്ന ശമ്പളം സ്വന്തമായി കൈകാര്യം ചെയ്യാൻ പോലും അനുവാദമില്ലാതെ.

സങ്കടമാസങ്ങൾ ഇഴഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു.

സന്യാസിയിടത്തേക്കാൾ സംസാരം കുറഞ്ഞ ഇടമായി അരുളപ്പന്റെയും യുദീത്തായുടെയും ജീവിതം മാറി. അവർ മിണ്ടിപ്പറഞ്ഞിരുന്നത് എന്നും മകളെച്ചൊല്ലിയായിരുന്നു. ഇപ്പോൾ അവരെ മൗനത്തിലേക്ക് കുത്തിത്താഴ്ത്തിയതും മകൾ തന്നെയെന്ന വിചിത്ര സമസ്യയുമായി അവർക്ക് പൊരുത്തപ്പെടാനായില്ല. ആ വീട്ടിൽ പലപ്പോഴും അന്നപാനീയങ്ങൾ ആറിത്തണുത്ത് വിളറി. ഉറുമ്പുകൾ അവയിൽ മദിച്ചു. മകളുടെ സന്യാസവുമായി ഒരുവിധത്തിലും അവർക്ക് ഇണങ്ങാനായില്ല. ഒറ്റമക്കൾ സന്യസിക്കുന്നതിൽ പ്രക്രുതിവിരുദ്ധമായ എന്തോ ഉണ്ടെന്ന് ഒന്നും ആരോടും ഉരിയാടാതെ അവർ ഉള്ളിൽ ഉറപ്പിച്ചു. ലോകം തങ്ങളോട് അനീതി ചെയ്യുന്നതായി അവർ നിനച്ചു. അദ്ധ്യാപനം ദൗത്യമായെടുത്ത ഏതെങ്കിലും സന്യാസിനിമാരോടൊപ്പം മകൾക്ക് പോകാമായിരുന്നുവെന്ന് ചിലപ്പോൾ ഉള്ളിലോർത്തുവെങ്കിലും ഏത് വിധത്തിലായാലും ഏകമകൾ സന്യസിക്കുന്ന ഒരു ലോകത്തെ അവർക്ക് ഒരുവിധത്തിലും പ്രിയപ്പെടാനായില്ല.

ദിനങ്ങളങ്ങിനെ കടന്നുപൊയ്‌ക്കൊണ്ടിരിക്കെ ഒരുനാൾ നിമ്മി അപ്രതീക്ഷിതമായി വീട്ടീലേക്ക് വിളിച്ചു. മൊബൈലിലൂടെ കേൾക്കാനായ അവളുടെ സ്വരത്തിൽ ഉത്സാഹം തുള്ളിത്തുളുമ്പിയിരുന്നു; ‘വലിയ വ്രതവാഗ്ദാനം കഴിഞ്ഞാലുടനെ എന്നെ മെഡിസിൻ പഠിക്കാനായി ഇറ്റലിയിലേക്കയക്കാൻ സുപ്പീരിയർ കൗൺസിൽ തീരുമാനിച്ചു. ടെന്ത് മുതൽ ഞാൻ വാങ്ങിയ മാർക്കുകളും കെമിസ്ട്രി ബിരുദവും എന്റെ നല്ല പെരുമാറ്റവും കാരണമായാണ് ഈ തിരഞ്ഞെടുപ്പെന്ന് മദർ പ്രത്യേകം പറഞ്ഞു.'

വ്രതവാഗ്ദാന പ്രതിജ്ഞയ്ക്ക് ആറുമാസം കൂടിയേ ഉണ്ടായിരുന്നുള്ളു. മകൾ ഡോക്ടർ ആകാൻ പോവുകയാണെന്നത് അവരെ സന്തോഷിപ്പിച്ചെങ്കിലും അവൾ വൈകാതെ അകന്നുപോകുമെന്ന ചിന്ത അവരെ സങ്കടപ്പെടുത്തുകയാണുണ്ടായത്. അതിനാൽ മകൾ ഉദ്ദേശിച്ച രീതിയിൽ അവളുടെ സന്തോഷത്തിൽ പങ്കുചേരാൻ അരുളപ്പനും യുദീത്തായ്ക്കും കഴിഞ്ഞില്ല. ഇനി തങ്ങളുടെ ജീവിതത്തിൽ ആനന്ദം ഉണ്ടാകാൻ പോകുന്നില്ലെന്ന് അവർ ഉറപ്പായി കരുതി. ജീവിതം പിന്നെയും അട്ടിമറിക്കപ്പെടുമെന്ന് അവർ അപ്പോൾ നിനച്ചതേയില്ല.

നാല്​

ന്യാസത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് നിമ്മി വീട്ടിൽ തിരിച്ചെത്തി. സന്യാസിനികളുടെ വസ്​ത്രം അവൾ അണിഞ്ഞിരുന്നു. നിത്യപ്രതിജ്ഞയ്ക്ക് താൻ തയ്യാറായിട്ടില്ലെന്ന് അവൾ മദർ സുപ്പീരിയറെ അറിയിച്ചുവെന്നും ആലോചനയ്ക്കും ധ്യാനത്തിനുമായി അവളുടെ ആവശ്യപ്രകാരം ഒരു വർഷം അനുവദിച്ചുവെന്നും നിമ്മി അവരോട് പറഞ്ഞു. അവളുടെ സന്യാസസമൂഹത്തിന്റെ നിയമങ്ങളിൽ അങ്ങിനെ അനുവദിക്കാൻ വകുപ്പുണ്ടെന്ന് മകൾ പറഞ്ഞിട്ടും എന്താണ് സംഭവിക്കുന്നതെന്ന് അരുളപ്പനും യുദീത്തായ്ക്കും മനസ്സിലായില്ല. എങ്കിലും പോകെപ്പോകെ അവർ അതുമായി പൊരുത്തപ്പെട്ടു. എത്രകാലത്തേക്കെന്ന് ഉറപ്പില്ലെങ്കിലും നഷ്ടപ്പെട്ടുപോയ മകളെ തിരികെ കിട്ടി എന്നവർ ആശ്വസിച്ചു.

മകൾക്കായി എന്തും ചെയ്യുവാൻ അവർ ഒരുക്കമായിരുന്നു. അവളുടെ മുടി പിന്നെയും കറുത്തിരുണ്ട് തഴച്ചുവളരുന്നത് അവർ ആനന്ദത്തോടെ കണ്ടു. നിമ്മി വീട്ടിൽ മിഡിയും ടോപ്പും ധരിച്ചു. പുറത്തേക്ക് പോകുമ്പോൾ മാത്രം സന്യാസവസ്​ത്രം അണിഞ്ഞു. ഒരു ജോഡി സന്യാസവസ്​ത്രങ്ങളാണ് അവൾക്കുണ്ടായിരുന്നത്. അവ സ്വയം അലക്കി ഒരുക്കുന്നതിൽ അവൾ ആദ്യമെല്ലാം നിഷ്‌ക്കർഷ വച്ചിരുന്നെങ്കിലും യുദീത്തായുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി നിമ്മി ആ ശാഠ്യത്തിൽ നിന്ന്​ പിന്തിരിഞ്ഞു. അതോടെ വീടിനുമുന്നിലെ അയയിൽ നിന്നും സന്യാസവസ്​ത്രങ്ങൾ അപ്രത്യക്ഷമായി. വീടിനുപിന്നിൽ പുറത്തുനിന്നും ആരും കാണാൻ ഇടയില്ലാത്ത ഒരിടത്ത് പുതിയ അയ കെട്ടി യുദീത്ത അമ്മയുടെ തന്ത്രപരമായ അധികാരം ഉപയോഗിച്ചു. മകളെയും സന്യാസത്തെയും ബന്ധിപ്പിക്കുന്ന യാതൊന്നും ആ വീട് ഇനി പ്രസരിപ്പിക്കരുതെന്ന് അരുളപ്പനും യുദീത്തായും നിശ്ചയിച്ചിരുന്നു. വിവാഹപ്രായത്തിലേക്ക് നടന്നടുക്കുന്ന സുന്ദരിയായി ഒരു പെൺകുട്ടിയായി ലോകം അവളെ കണ്ടാൽ മതിയെന്ന് അവരാഗ്രഹിച്ചു.

അതൊരു ക്ലേശകരമായ തിരിച്ചുപിടിക്കലിന്റെ ഭാഗമായിരുന്നു. ഈ കരുതലും ശ്രദ്ധയും മുൻപേ ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ഏക മകൾ സന്യാസിയിടത്തിലേക്ക് പോകില്ലായിരുന്നുവെന്ന് ആ അപ്പനും അമ്മയും സ്വയം ന്യായപ്പെട്ടു. ഇനിയൊരവസരം കിട്ടില്ല. ദൈവമായിട്ട് ഇത് ഒപ്പിച്ച് തന്നതാണ്. ഒരു കാരണവശാലും അത് പാഴാക്കരുതെന്ന് അവർ ഉറപ്പിച്ചു.

മകൾ മിക്കപ്പോഴും വായനയിൽ മുഴുകിയിരിക്കുന്നത് അവരെ ആനന്ദിപ്പിച്ചു. ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് നിമ്മി പതിവായി പോയി. അവിടത്തെ യുവാവായ ലൈബ്രേറിയൻ അവളെ പ്രണയത്തോടെ കണ്ടു. അത്രയും അഴകുള്ള മറ്റാരും ആ ഗ്രാമത്തിൽ പുസ്തകവായനയെ പ്രിയപ്പെട്ടിരുന്നില്ല. നിമ്മി സന്യാസിയിടത്തിലേക്ക് മടങ്ങരുതെന്ന് അരുളപ്പനെയും യുദീത്തായെയും പോലെ ആ യുവ ലൈബ്രേറിയനും ആഗ്രഹിച്ചു. ക്രമേണ എഴുത്തിനെയും വായനയെയും സംബന്ധിക്കുന്ന അതിസുന്ദരമായ ഒരു രൂപകമായി അയാൾ നിമ്മിയെ അണിയിച്ചൊരുക്കി. വായനയിൽ ലാവണ്യം, അഴക്, ചന്തം, മൊഞ്ച്, സൗന്ദര്യം, മോഹനം, വടിവ് തുടങ്ങിയ വാക്കുകൾ കടന്നുവന്നപ്പോഴെല്ലാം അയാൾ അവയെ നിമ്മിയിൽ ആരോപിച്ച് പ്രണയ വിവശനായി. വിലാസിനിയുടെ ഊഞ്ഞാൽ എന്ന നോവലായിരുന്നു ആ ലൈബ്രേറിയന്റെ ഇഷ്ട പ്രണയപുസ്തകം. അത് നിമ്മിയെക്കൊണ്ട് വായിപ്പിക്കാൻ അയാൾ പലവുരു ശ്രമിച്ചെങ്കിലും ഇത്രയും വലിയ പുസ്തകം വായിക്കാൻ താൻ പ്രിയപ്പെടുന്നില്ലെന്ന് ആവർത്തിച്ച് അവൾ ആ പ്രണയാതുരനെ നിരാശപ്പെടുത്തി. പക്ഷേ യുവലൈബ്രേറിയൻ ആശ ഉപേക്ഷിച്ചില്ല. തരം കിട്ടിയപ്പോഴെല്ലാം അയാൾ ഊഞ്ഞാലിനെ തള്ളിക്കൊണ്ടേയിരുന്നു. അതിലെ ചില സന്ദർഭങ്ങളിൽ അയാൾ തന്നെയും നിമ്മിയെയും കണ്ടു. അവൾ ആ നോവൽ വായിച്ചാൽ അതുവഴി അവളുടെ മനസ്സിലേക്ക് ഒളിച്ച് കടക്കാനാവുമെന്നായിരുന്നു ലൈബ്രേറിയന്റെ കണക്ക് കൂട്ടൽ. ബഷീറിന്റെ ബാല്യകാലസഖി അയാൾ നൽകിയത് അവൾ സ്വീകരിച്ചു. ഒറ്റയിരുപ്പിൽ അത് വായിച്ച് മുഴുപ്പിച്ചെങ്കിലും അതിൽ ഒരിടത്തും അവൾക്ക് ലൈബ്രേറിയനെ സന്ധിക്കേണ്ടിവന്നില്ല. പകരം സൂര്യനെ മന്ദഹാസത്തോടെ കാണുന്ന ചോരച്ചെമ്പരത്തിയെയാണ് അവൾ പ്രിയത്തോടെ കണ്ടെടുത്തത്. അന്നുമുതൽ മകൾ ചെമ്പരുത്തിയെ അരുമയോടെ പരിചരിക്കുന്നതിന് അരുളപ്പനും യുദീത്തയും സാക്ഷികളായി. ഒരു ദിവസം പുതുതായി ചൊടിയോടെ വിടർന്ന ചെമ്പരുത്തിപ്പൂവിനെ നിമ്മി ഉമ്മവയ്ക്കുകതന്നെ ചെയ്തു. മകൾ സന്യാസത്തെ കുടഞ്ഞുകളഞ്ഞ് ലോകത്തിലേക്ക് മടങ്ങുന്നതിന്റെ അടയാളമായി അവരതിനെ കൊണ്ടാടി. മറ്റേത് പൂവിനെക്കാളും ചോരച്ചെമ്പരുത്തിയാണ് പച്ചലോകത്തെ അടയാളപ്പെടുത്തുന്നതെന്ന് അന്നുരാത്രി അരുളപ്പൻ യുദീത്തായോട് അരുളിച്ചെയ്തു. അവർക്കും അത് സമ്മതമായിരുന്നു. അവരൊരുമിച്ച് ആ രാവിൽ മനസാ ചെമ്പരത്തിയെ ലാളിച്ചുറങ്ങി.

നേരം പുലർന്നപ്പോൾ നിമ്മി തോട്ടത്തിലുണ്ടായിരുന്നു. രമേശൻ ബ്ലാത്തൂരിന്റെ പെരും ആൾ വായിച്ചുകൊണ്ട് അവൾ ചെടികൾക്കിടയിലൂടെ നടക്കുകയായിരുന്നു. നിറയെ പൂക്കളും ഇലച്ചാർത്തുകളും പ്രിന്റ് ചെയ്ത മുട്ടോളം എത്തുന്ന ഫ്രോക്കിൽ മകൾ അതിസുന്ദരിയായിരിക്കുന്നുവെന്ന് അവർ കണ്ടു. പുലർവെളിച്ചം അവളിൽ തിളങ്ങി. കൂട്ടംതെറ്റി മുഖത്തേക്ക് വീഴുകയും പാറുകയും ചെയ്ത മുടിയിഴകൾക്ക് അത് പൊൻ നിറം പകർന്നു. അതെല്ലാം കണ്ടുകൊണ്ട് പുതുതായി വിടർന്ന നാനാതരം നാട്ടുപൂക്കൾ കാറ്റിലിളകി. തേൻ കുടിക്കാനെത്തിയ കുഞ്ഞുപലവർണ്ണക്കുരുവികൾ തിരക്കിട്ട് ചിറകുകൾ വിടർത്തി പവിഴമല്ലിക്ക് ചുറ്റും ആർപ്പിട്ടു. ഒരുകാരണവും കൂടാതെ അണ്ണാന്മാർ ഓടിനടന്നു. യുദീത്തായുടെ ഏക പൂവൻ കോഴി പിടകളെ കാണാതെ അരിശപ്പെട്ട് വിചിത്രസ്വരങ്ങൾ ഉണർത്തി. വെള്ളരോമങ്ങളിക്കിടയിൽ വയലറ്റ് കോമാകൾ അടയാളപ്പെട്ട ഒരു ആട്ടിൻ കുട്ടി മാത്രം നിമ്മിക്കൊപ്പം അകമ്പടി പോലെ സഞ്ചരിച്ചുകൊണ്ടിരുന്നു. കാണപ്പെടാത്ത ഏതോ വിധത്തിൽ ആ ആട്ടിൻ കുട്ടിയും നിമ്മിക്കൊപ്പം ആ പുസ്തകം വായിക്കുന്നുണ്ടായിരുന്നു. തോട്ടത്തിനരുകിലെ കുടമ്പുളിക്ക് താഴെ ഉപേക്ഷിക്കപ്പെട്ട പഴയൊരു കുഴലിൽ പർപ്പിടം കണ്ടെത്തിയിരുന്ന ഒരു കീരിയും രണ്ട് കുഞ്ഞുങ്ങളും അന്നേരം പുറത്തേക്ക് വന്നു. ചാരയും വെള്ളയും കലർന്ന രോമക്കെട്ടിൽ അവ വളരെ വ്രുത്തിയുള്ളവരായി കാണപ്പെട്ടു. തള്ളക്കീരി അലോസരപ്പെട്ട് സകലവും കണ്ടു. ശേഷം അതൃപ്​തയായി മക്കൾക്കൊപ്പം കുഴലിനുള്ളിലേക്ക് മടങ്ങിപ്പോയി.

ബഹളങ്ങളെ അതെത്ര ചെറുതായാൽപ്പോലും അസഹ്യതയോടെ കാണുന്നവരാണല്ലോ കീരികൾ. ഒരുകാരണവും കൂടാതെ തങ്ങൾ വ്രുത്തിയും ബുദ്ധിയും കൂടിയവരാണെന്ന് സ്വയം കരുതിയിരുന്ന കീരികളുടെ ജാതിബോധവും കടുപ്പമായിരുന്നു. മനുഷ്യർക്കൊപ്പം നടക്കുന്ന ഒരാട്ടിങ്കുട്ടിയെ കണ്ടുസഹിക്കാൻ പോലും അവർക്ക് ആകുമായിരുന്നില്ല. ജാതിയോളം മനുഷ്യപ്പറ്റുള്ള യാതൊന്നുമില്ല. ശൂന്യതയിൽ നിന്നും അത് ശ്രേഷ്ഠത കൊണ്ടുത്തരുന്നു. വെറുതെ ആർമാദിച്ചാൽ മതി. ഞാനെത്ര ശ്രേഷ്ഠൻ; അവരെത്ര നിക്രുഷ്ഠർ. മേലോട്ടുനോക്കി കാലുനക്കാം; കീഴോട്ടുനോക്കി തൊഴിക്കാം.അതിന്റെ സുഖമൊന്ന് വേറെ.

നിമ്മിക്കൊപ്പം ഒരു ദിനം കണ്ണൻ വീട്ടിലേക്ക് വന്നപ്പോൾ അരുളപ്പനും യുദീത്തായ്ക്കും അത് തീരെ ഇഷ്ടമായില്ല. യൗവനക്കാർക്കിടയിലെ തീപ്പൊരിയെ അതവിടെ വെറുതെ കിടന്നാലും മുതിർന്നവർ അതോർത്ത് അലോസരപ്പെടും. എന്നിട്ടും അവരെ നോക്കി എന്ത് ചേർച്ചയെന്ന് യുദീത്ത അകമേ മനമഴിഞ്ഞു. ഉടനെ അത് വെറുപ്പോടെ തുപ്പിക്കളയുകയും ചെയ്തു. ഇരുവരും നിമ്മിയെ മറുത്തില്ല. അവൾ ചെയ്യുന്നതെല്ലാം പ്രിയപ്പെടുവാൻ അവർ പരിശീലിക്കുകയായിരുന്നു. വീടിനുപകരം മറ്റൊരിടം എന്ന ചിന്ത അവളുടെയുള്ളിൽ കൂമ്പിടുമോ എന്നതായിരുന്നു അവരുടെ ഒന്നാമത്തെ പേടി. മകൾ ഇഷ്ടമുള്ളതെല്ലാം ചെയ്ത് ഒരു വർണ്ണത്തുമ്പിയായി ജീവിതത്തിൽ മെല്ലെയങ്ങിനെ പാറിനടന്നോട്ടെയെന്ന് അവർ ഉദാരരായി. എന്തിനും എപ്പോഴും അവളെ എതിരേൽക്കുന്ന ഒരിടമായി വീടിരുന്നോട്ടെയെന്ന് അവർ നിനച്ചു. ഏതുവിധമായാലും മകൾ തങ്ങൾക്കൊപ്പം അലസാതെ അലോസരപ്പെടാതെ ഉണ്ടായാൽ മതി.

നാലഞ്ചുവീടുകൾക്ക് അപ്പുറമായിരുന്നു ഷണ്മുഖവടിവേലുവിന്റെ വീട്. അവിടെ അയാളും കൊച്ചുമകൻ കണ്ണനും മാത്രം. ബാക്കിയുള്ളവരാരും ഈ ലോകത്തിലില്ല. ഓരോരുത്തരായി ഓരോരോ കാരണങ്ങളും കക്ഷത്തിലിറുക്കി ലോകം വിടുകയായിരുന്നു. പോയവരെ വല്ലപ്പോഴും മാത്രം ഷണ്മുഖവടിവേലു ഓർത്തു. ദൈവങ്ങളെയും അദ്രുശ്യലോകങ്ങളെയും അയാൾ തൂത്തുവാരി പുറത്തേക്ക് കളഞ്ഞു. അവ വേണ്ടാതാവുകയായിരുന്നു. ഇരുകൂട്ടരും അതിനെ ചൊവ്വില്ലായ്മയായി കണ്ടില്ല. കണ്ണൻ അയാളുടെ പ്രപഞ്ചമായി. ഇലയും പൂവും കായും കാറ്റും മണവും അവൻ തന്നെ. നിമ്മിക്ക് അവനെ മുന്നേ അറിയാമായിരുന്നു. മൂന്നുനാലുവയസ്സിന് ഇളയതായിരുന്നെങ്കിലും അവർ ചെറുപ്പത്തിൽ ചിത്രപുസ്തകങ്ങൾ കൈമാറിയിരുന്നു. ആ സ്‌നേഹപരിചയങ്ങൾ ആറാതെ തണുക്കാതെ അവർക്കിടയിൽ അപ്പോഴും ഉണ്ടായിരുന്നു.

ലൈബ്രറിയിൽ വച്ചാണ് നിമ്മി കണ്ണനെ ഏറെക്കാലത്തിനുശേഷം കണ്ടത്. അവനും അവിടെ അംഗമാണെന്നതും പുസ്തകങ്ങളെടുത്ത് വല്ലപ്പോഴുമെങ്കിലും വായിക്കാറുണ്ടെന്നതും അവളെ ആഹ്ലാദിപ്പിച്ചു. ഇവിടെ ചിത്രകഥാപുസ്തകങ്ങളൊന്നും ഇല്ലല്ലോ എന്നായിരുന്നു നിമ്മി ആദ്യം കണ്ണനോട് സ്‌നേഹാശ്ചര്യത്തോടെ പറഞ്ഞത്. പിന്നെ അവരിരുവരും വളർന്നുവല്ലോയെന്നും ഉടനെ ഓർത്തു. ബെർമുഡയും അയഞ്ഞ ടീഷർട്ടുമായിരുന്നു കണ്ണന്റെ വേഷം. വീട്ടിൽ നിന്നും ലൈബ്രറി അകലത്തല്ലായിരുന്നതിനൽ നിമ്മിയുടേത് മിഡിയും ടോപ്പുമായിരുന്നു. പുസ്തകങ്ങൾക്കിടയിലെ ആ കൂടിക്കാഴ്ച അവർക്ക് ഹ്രുദ്യമായിരുന്നു. ദീർഘചതുരത്തിലുള്ള ഒരു മുറിയായിരുന്നു പുസ്തകാലയം. നാലുവശവും ചുവരുകളെ മറച്ചുകൊണ്ട് വ്രുത്തിയുള്ള അലമാരകളിൽ നിറയെ പുസ്തകങ്ങൾ. ചില്ലുകൾക്കിടയിലൂടെ പുസ്തകങ്ങൾ വരുന്നവരെയും പോകുന്നവരെയും കാണുന്നുണ്ടായിരുന്നു. ആ പുസ്തകങ്ങളിൽ ചിലത് ഭാവിയെ മനുഷ്യരിൽ കാണാൻ കഴിയുന്നവരായിരുന്നു. ഭാവി നിമ്മിയോടും കണ്ണനോടും ചെയ്യുവാൻ പോകുന്നതിനെ കണ്ട് അവർ സങ്കടപ്പെട്ടു. വല്ലാത്ത കാഴ്ചകളിൽ അവ നീറി. പെരുങ്കാലത്തിന്റെ മഹിമപ്രതാപങ്ങൾ ആടിത്തിമർക്കുകയായിരുന്നു. കാലം എല്ലാവരെയും കൈകാര്യം ചെയ്യുന്നത് ഒരുപോലെയല്ലല്ലോയെന്ന് ആ വിശിഷ്ടപുസ്തകങ്ങൾ അലമാരകൾക്ക്ക്കൂള്ളിലിരുന്ന് വ്യസനിച്ചു. വ്യസനത്തെയും ഉന്മാദത്തെയും അതിന്റെ ഉച്ചയിൽ ഭ്രാന്ത് കൊണ്ടല്ലാതെ നേരിടാനാവില്ലയെന്നതും അവ അറിഞ്ഞുവച്ചിരുന്നു. ഭൂതകാലങ്ങളെ മറവികൊണ്ട് മായ്ചുകളയാം. ഭാവിയോട് അതാവില്ല.

നിമ്മിയെയും കണ്ണനെയും കഠിനമായ അപ്രിയത്തോടെ ലൈബ്രേറിയൻ നോക്കി. വെറുക്കപ്പെടാൻ തക്ക ഒച്ചയും തീവ്രതയും അവരുടെ കൊടുക്കൽ വാങ്ങലുകളിലുണ്ടെന്ന് അയാൾ കണ്ടു. എന്തുകൊണ്ടും കണ്ണനേക്കാൾ മികച്ച തന്നോട് നിമ്മി ഇതിന്റെ പകുതി സ്‌നേഹം കാണിക്കുന്നില്ലായെന്നതും അയാളെ കലിപ്പിച്ചു. മേശപ്പുറത്തിരുന്ന ചെറിയ മരച്ചുറ്റികയെടുത്ത അയാൾ മേശയിൽ ബലമായി മുട്ടിച്ച് ഒച്ചയുണർത്തി. "ഇത് വായനായിടമാണ്. ഇവിടെ ഇതൊന്നും പാടില്ല. അതൊക്കെ വെളിയിൽ.' ഇറുകിയ ഒച്ചയിൽ ലൈബ്രറിയൻ മുരണ്ടു. അയാളുടെ ഉള്ളിൽ വിലാസിനിയുടെ ഊഞ്ഞാൽ ആടുന്നുണ്ടായിരുന്നു. അതിലെ സുന്ദരിയായ നായിക സൗദാമിനിയെ കെട്ടിക്കൊണ്ടുപോകാൻ വന്നയാളിനെയാണ് ആ പുസ്തകക്കണക്കൻ കണ്ണനിൽ കണ്ടത്. സന്യാസിയിടത്തിൽ നിന്നും നിമ്മിയെ രക്ഷപെടുത്തിയത് താനാണെന്ന് ലൈബ്രറിയൻ ചുമ്മാ വിശ്വസിച്ചിരുന്നു. ഡോൺ ക്വിക്കോട്ടിനെപ്പോലായിരുന്നു ആ ലൈബ്രറിയൻ. ആ ഗ്രന്ഥപ്പുരയുടെ ഗീവർഗീസ് പുണ്യവാളനും വ്യാളിയും താൻ തന്നെയെന്ന മനോരാജ്യം തകരാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അതിനാൽ വിശുദ്ധമായൊരാസുരത തനിക്ക് ഇപ്പോൾ ഇണങ്ങുമെന്ന് അയാൾ ഗണിച്ചു. അവിടെ പുസ്തകം തിരയുകയോ വായിക്കുകയോ ചെയ്തിരുന്നവർക്ക് നിമ്മിയുടെയും കണ്ണന്റെയും സ്‌നേഹം പുതുങ്ങി തിളങ്ങുന്നത് ഹൃദ്യമായിരുന്നു. അവരെ അത് അകമേ തരളിതരാക്കി. എങ്കിലും ലൈബ്രറിയന്റെ മരച്ചുറ്റിക പ്രസരിപ്പിച്ച അധികാരത്തോട് അവർ മറുത്തില്ല. അവരിൽ മിക്കവരും മൊബൈൽ ഫോണിൽ സമയം പോക്കുകയായിരുന്നു. സ്വസ്ഥമായി മൊബൈലിൽ മുഴുകനാവുന്ന ഇടമായി ലൈബ്രറികൾ മാറാൻ തുടങ്ങിയിരുന്നു.

കണ്ണൻ ലേശം പകച്ചുവെങ്കിലും നിമ്മി എല്ലാവരെയും നോക്കി മന്ദഹസിച്ചു. ശേഷം കണ്ണന്റെ കൈപിടിച്ച് വെളിയിലേക്ക് പോന്നു. രണ്ട് പൂങ്കുലകൾ പോലെ ആ യൗവനക്കാർ പുറത്തേക്ക് പോകുന്നത് ലൈബ്രറിയൻ ഒഴികെ ആ പുസ്തകാലയത്തിൽ ഉണ്ടായിരുന്നവരെ ഖിന്നരാക്കി.

‘നീ എവിടായിരുന്നെഡാ..?'

‘ഞങ്ങളെയൊക്കെ വിട്ടിട്ട് നീ സന്യാസിയിടത്തിലേക്ക് പോയില്ലേ?'

‘ഞാൻ വന്നിട്ടിപ്പോൾ ഒരു വർഷമാകാൻ പോകുന്നു. നിന്നെ കാണാനേയില്ലായിരുന്നു!'

‘ഞാൻ എൻട്രൻസ് കോച്ചിംഗിന് പോയിരിക്കുവായിരുന്നു. ഹോസ്റ്റലിലെ ജയിൽ ജീവിതം. ഒരു കൊല്ലത്തെ കഷ്ടപ്പാടെല്ലാം പാഴായിപ്പോയി. സത്യമായും ഞാൻ ആഞ്ഞുപിടിച്ചതായിരുന്നു. പക്ഷേ കിട്ടിയില്ല’, അവൻ ചിരിച്ചു; അവളും.

‘നിനക്ക് എവിടന്ന് കിട്ടാനാഡാ... ചിത്രകഥകളല്ലാതെ മറ്റെന്തെങ്കിലും നീ കടുപ്പിച്ച് വായിച്ചിട്ടുണ്ടോ? വായിക്കാൻ നിനക്ക് കഴിയുമോ?'

രണ്ടുപേരും കുലുങ്ങിച്ചിരിച്ചു.

നിമ്മി കണ്ണന്റെ കൈ വിട്ടിരുന്നില്ല. അവൾ അവനെ വലിച്ചുകൊണ്ടുപോയി ഗാർഡനിലെ ഒഴിഞ്ഞ സിമന്റ് ബെഞ്ചിലിരുത്തി. പിന്നെ നേരം മങ്ങുംവരെ അവർ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ചിത്രകഥാപ്പുസ്തകങ്ങൾ പങ്കുവച്ചിരുന്ന പഴയ കണ്ണൻ വളർന്ന് ദ്രുഢപ്പെട്ടിരിക്കുന്നത് നിമ്മി കണ്ടു. പുത്തൻ മീശയും ഇത്തിരി താടിയും അവനുണ്ടായിരുന്നത് അവൾ കൗതുകത്തോടെ നോക്കി. എന്നിട്ടും അവന്റെ കുട്ടിത്തം അവിടെത്തന്നെ ഉണ്ടായിരുന്നു. എൻട്രൻസ് കോച്ചിംഗിൽഎങ്ങിനെ പരാജയപ്പെട്ടുവെന്ന് വിശദപ്പെടുത്താനായിരുന്നു കണ്ണന് തിടുക്കം. നിമ്മി അവനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നുണ്ടോ എന്ന് അവൻ ആശങ്കപ്പെട്ടു. നിമ്മിക്ക് അതൊന്നും വിഷയമായിരുന്നില്ല. സന്യാസിയിടത്തിൽ നിന്നും തിരികെയെത്തിയ അവളോട് ആരും ഇന്റിമസി കാണിച്ചിരുന്നില്ല. അതിനാൽ കണ്ണനെ കാണാനായത് അവൾക്ക് ആനന്ദമായി. അവർക്കിടയിലെ പ്രായ വിത്യാസം മുൻപും അവളെ അലോസരപ്പെടുത്തിയിരുന്നില്ല. ചിലപ്പോഴൊക്കെ പ്രായത്തിന്റെ അധികാരം അവന്റെ മേൽ ഒട്ടൊരു കളിമട്ടിൽ പ്രയോഗിക്കുന്നത് അവൾക്കിഷ്ടമായിരുന്നു. അതപ്പോഴും തുടരുന്നുണ്ടായിരുന്നു. സന്യാസിയിടത്തിലെ കാര്യങ്ങൾ തുറന്നുപറയുന്നതിൽ അവൾക്ക് വലിയ താത്പ്പര്യമില്ലെന്നത് കണ്ണനും മനസ്സിലായി. വേഗം ആ വിഷയം ഒഴിവാകുകയും ചെയ്തു.

നാട്ടുവഴിയിലെ മങ്ങുന്ന വെളിച്ചത്തിൽ പുസ്തകങ്ങളുമായി വീടുകളിലേക്ക് മടങ്ങുമ്പോൾ എഴുത്തുകാരും പുസ്തകങ്ങളുമായിരുന്നു അവരെ ഇണക്കിയിരുന്നത്. ആയിടെ വായിച്ച റിസിയോ രാജിന്റെ അവിനാശം എന്ന നോവലിനെക്കുറിച്ച് നിമ്മിയോട് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. അധികവും മറ്റുള്ളവർ വായിക്കാത്ത പുസ്തകങ്ങൾ കണ്ണൻ പ്രിയപ്പെടുന്നത് നിമ്മി ശ്രദ്ധിച്ചു.

‘മരണം എന്തെന്ന് അറിയാനുള്ള കടുത്ത ജിജ്ഞാസയിൽ കുടുങ്ങിയ ഒരാൾ സ്വയം മരണത്തെ വരിക്കുന്നതാണ് അതിലെ പ്രമേയം.'

‘ജീവിക്കാൻ പ്രേരിപ്പിക്കുന്നതാവണം എല്ലാവിധ ഫിക്ഷനും. മ്രുതിയെക്കുറിച്ചാവുമ്പോഴും അത് ജീവിതത്തെക്കുറിച്ചാവണം.' നിമ്മി കണ്ണനെ മറുത്തു. പൊരുതി നിൽക്കാനും ജീവിതം തുടരാനും നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കുന്നതാവണം സാഹിത്യമെന്നത് നിമ്മിക്ക് പ്രിയപ്പെട്ട ഒരാശയമായിരുന്നു. അതെങ്ങിനെ മനസ്സിൽ കയറിക്കൂടിയതെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ലെങ്കിലും അതവളുടെ ഇഷ്ടസമീപനങ്ങളിൽ ഒന്നായിരുന്നു.

‘അങ്ങനെ ആഴത്തിലൊന്നും ഞാൻ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല’, കണ്ണൻ തുറന്നുപറഞ്ഞു.

‘നീ വായിക്കുന്ന ആളല്ലേ? നമ്മുടെ വിലപ്പെട്ട സമയം ഫിക്ഷൻ വായിക്കാനായി നമ്മൾ ഉപയോഗിക്കുന്നു. അപ്പോൾ അത് എന്തായിരിക്കണം, എങ്ങിനെ ആയിരിക്കണം എന്നോക്കെ ആലോചിക്കാനും നമുക്കാവണം. മറ്റുള്ളവർ അവരുടെ ഇഷ്ടത്തിനൊത്ത് എഴുതുന്നു. എഴുത്തുകാർക്ക് അതിനവകാശമുണ്ടെങ്കിൽ വായനക്കാരായ നമുക്ക് അതിനെ ചെറുക്കാനും മറുക്കാനും അവകാശമില്ലേ?'

‘നീ പണ്ടും ഇങ്ങിനെ ആയിരുന്നോ അതോ ആ സന്യാസിയിടം നിന്നെ മാറ്റിയതാണോ?'

‘ഞാൻ ഓർക്കുന്നില്ല.'

അങ്ങനെ ഓരോന്ന് സംസാരിച്ച് അവർ വീടെത്തിയപ്പോൾ പിരിഞ്ഞു. വെയിൽ ചാഞ്ഞ് നേരം മങ്ങുന്നുണ്ടായിയിരുന്നു.

ആ രാവിൽ കണ്ണൻ അവളെയോർത്ത് ആനന്ദിച്ചു. ▮

(തുടരും)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments