ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

അധ്യായം: അഞ്ച്​

രു കുഞ്ഞുപച്ചക്കറിക്കടയായിരുന്നു ഷണ്മുഖവടിവേലുവിന്റേത്. ഉറ്റവർ ഒന്നൊന്നായി അകന്ന് കണ്ണൻ മാത്രം മിച്ചമായപ്പോൾ അയാൾക്കും കണ്ണനും അന്നം ഉറപ്പാക്കാൻ ആ ദുർബലവ്യാപാരത്തിന് കഴിഞ്ഞു. നാലുവീലുകളിൽ ഒരു തട്ടുവണ്ടി. സ്വന്തം ഇത്തിരിയിടത്തിൽ നട്ടുനനച്ചു വളർത്തിയവ മാത്രമേ ആദ്യമൊക്കെ അയാൾ വിറ്റിരുന്നുള്ളു. അതുകൊണ്ട് അന്നം ഉറപ്പാകാതെ വന്നപ്പോൾ ചിലതൊക്കെ ചന്തയിൽ നിന്ന് വാങ്ങി ഒപ്പം കൂട്ടി. കസ്റ്റമർമാർ നിർദ്ദേശിച്ചതിൻ പ്രകാരമായിരുന്നു ആ വ്യാപാരവികസനം. രാവിലെ നട്ടുനനകളും പരിപാലനയുമെല്ലാം കഴിഞ്ഞ് പത്ത് മണിയോടെ പച്ചക്കറിവണ്ടിയുമായി അയാൾ പുറത്തേക്കിറങ്ങും. വീട്ടുകാരികൾ പുറത്തേക്കിറങ്ങുന്ന നേരമായിരുന്നു അത്. ഉച്ചയോടെ തിരികെയെത്തും. വൈകുന്നേരം ആ വണ്ടി വേഷം പകർന്ന് കട്ടൻ കാപ്പിയും പൊരിപ്പലഹാരങ്ങളും വിൽക്കുന്ന ഒരിടമാകും. കടലമാവിനെ ഒരു പ്രത്യേക ചേരുവയിൽ ഒരുക്കി മിച്ചം വരുന്ന പച്ചക്കറികൾ രുചികരമായ ബജികളാക്കുന്ന രാസവിദ്യ ഷണ്മുഖവടിവേലു തന്റേത് മാത്രമാക്കിയിരുന്നു. പണ്ട് പതിവായി പളനിയിൽ പോയിരുന്നപ്പോൾ അവിടെനിന്നും പഠിച്ചതാണ് ഈ പൊരിവിദ്യയെന്ന് അയാൾ മാലോകരോട് പറഞ്ഞു. അതെന്തായാലും നാട്ടുബജികൾക്കില്ലാത്ത ഒരു രുചിപ്പെരുമ അയാളുടെ ചൂടൻ ബജികൾക്കുണ്ടായിരുന്നു.

കണ്ണനെ അയാൾ അവന്റെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തു. അകമേ അവൻ വ്യാകുലപ്പെടുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു. അച്ഛൻ, അമ്മ, അമ്മൂമ്മ എല്ലാം വ്യാകുലവാളുകളായിരുന്നു. അത് ചങ്കിൽ തുളഞ്ഞിരിക്കുന്ന കാലത്തോളം കണ്ണൻ അകമേ തവിയുകയില്ലെന്ന് ആ പഴയ മനുഷ്യൻ ഗണിച്ചു. അതുകൊണ്ടാണ് അവനെ ഏതെങ്കിലും വിധത്തിൽ മെരുക്കാനോ തളക്കാനോ ഒതുക്കാനോ അയാൾ പ്രിയപ്പെടാതിരുന്നത്. ഒന്നും അവന്റെമേൽ കെട്ടിവക്കാൻ അയാൾ ഒരിക്കലും ഒരുമ്പെട്ടില്ല. അവൻ ചെയ്യുന്നതെല്ലാം ഷണ്മുഖവടിവേലുവിന് പ്രിയതരമായി. ആനന്ദത്തിന് കാരണമായി. വേലകളെല്ലാം ഒടുങ്ങിക്കഴിയുമ്പോൾ വിസ്തരിച്ച് കുളിച്ച് വരാന്തയിൽ വന്നിരുന്ന് പഴയ തമിൾപ്പാട്ടുകൾ അയാൾ ഉറക്കെപ്പാടി. ഭക്തി ആരോടും തരിമ്പിനും ഇല്ലായിരുന്നെങ്കിലും പാടുന്നവയിൽ മിക്കതും പളനി ആണ്ടവന്റെ സ്തുതിപ്പുകളായിരുന്നു. വല്ലപ്പോഴും മാത്രം നാട്ടുചാരായം സേവിച്ചിരുന്നയാൾ പാടുമ്പോൾ സദാ ലഹരിയിലെന്നവണ്ണം മാത്രം പാടി. ചുറ്റുപാടുമുള്ള വീട്ടുകാർ ഷണ്മുഖവടിവേലുവിന്റെ ആലാപനങ്ങളെ പ്രിയത്തോടെ കണ്ടു. അതവരുടെ ദിനസരികളുടെ ഭാഗമായിരുന്നു. മിക്കവരും അപ്പോൾ നാനാജാതി കടവുളുമാരെ ഓർത്തു. ഷണ്മുഖവടിവേലുവിന്റെ ജീവിതത്തിലെ മഹാദുരന്തങ്ങളെ ഓർത്തു. അവയെയെല്ലാം പാട്ടുകൾകൊണ്ട് അതിജീവിച്ച ഒരാളായി അയാളെ ആദരവോടെ കണ്ടു. ചിലരൊക്കെ പളനി ആണ്ടവരെ അകമേ നിനച്ച് തൊഴുതു. ആണ്ടവരേ... പളനിയപ്പാ കാവലാകണേയെന്ന് മനമുരുകി.

ചിലപ്പോൾ, ചിലപ്പോൾ മാത്രം അയാൾ പാട്ടുകൾ ഒതുക്കിവച്ച് ഒന്നും ഉരിയാടാതെ മാനംനോക്കിയിരുന്നു. ചലനങ്ങളൊതുങ്ങി അയാളുടെ ദേഹം അപ്പോൾ പ്രതിമയായി പരിണാമപ്പെടും. ചുറ്റുമുള്ള ലോകം ഒന്നാകെ ചലനങ്ങളിൽക്കുതിർന്നിളകൊള്ളുമ്പോൾ ഷണ്മുഖവടിവേലു മാത്രം കൊത്തുരൂപമാകും. അയാൾ ശ്വസിക്കുന്നുണ്ടാകുമോ എന്നുപോലും നമ്മൾ സംശയിക്കും. കണ്ണന്റെ അമ്മ ദേവി പുഷ്പ്പാംഗദന്റെ പെണ്ണായി വീട്ടിലേക്ക് നിറഞ്ഞുതൂവിയത് മുതലുള്ള ഓരോ ദിനങ്ങളും അയാൾ അകമേ ഓർത്തെടുക്കും. ഒടുവിൽ നെടുവീർപ്പുപോലും ഇല്ലാതെ വർത്തമാനകാലത്തേക്ക് അയാൾ നടന്ന് കയറും. കണ്ണൻ വരുന്നത് കാണവേ അയാൾ ഇളകും. പിന്നെ എല്ലാം ദിനസരികളുടെ ആവർത്തനമാകും. അപ്പൂപ്പനും പേരക്കുട്ടിയും ഉരിയാടലുകളുടെ കൊടുക്കൽ വാങ്ങലുകളിൽ പൂത്തുതളിർക്കും. ആഹ്ലാദങ്ങളോടെയല്ലാതെ അവരൊരിക്കലും ഉറങ്ങാൻ കിടന്നിട്ടില്ല. കിടക്കയിലെ ഇരുളിലും മിണ്ടിയും പറഞ്ഞും നിദ്രയിലേക്ക് ഊളിയിടുന്നതായിരുന്നു അവരുടെ പതിവ്. മാനവർക്ക് ജീവിതത്തിനുമേലുള്ള ക്ഷുദ്രതുല്യമായ സ്വാധീനത്തെ ഷണ്മുഖവടിവേലു ആദരവോടെ അറിഞ്ഞുവച്ചു. ഓരോ ശ്വാസത്തിലും അത് ഓർത്തെടുത്തു. അതുകൊണ്ടാണ് ജീവിതത്തിന്റെ തണ്ടെല്ലായി കൊണ്ടാടിയിരുന്ന ഭക്തിയെ ഒരുനാൾ നിസ്സാരമായി കുടഞ്ഞുകളയാൻ ഷണ്മുഖവടിവേലുവിനായത്. എന്നിട്ടാണ് പളനിയാണ്ടവന്റെ സന്നിധിയെ തൊടാതെ അവന്റെ പാട്ടുകളെ ഉരുക്കഴിച്ചത്. ആനന്ദം വരുന്ന വഴികളെ അയാൾ വേറിട്ടു തന്നെ അറിഞ്ഞിരുന്നു.

അവ്വിധം ഷണ്മുഖവടിവേലുവിനെ മൗനം വേർപെടുത്തിയ ഒരു വൈകുന്നേരമാണ് കണ്ണൻ നീണ്ടൊരിടവേളയ്ക്ക് ശേഷം നിമ്മിയെ സന്ധിച്ചത്. അവരുടെ ആനന്ദകരമായ കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ഉല്ലാസത്തോടെയാണ് കണ്ണൻ വീട്ടിലേക്കെത്തിയത്. അകലെനിന്നുതന്നെ അവന്റെ മുഖത്തെ പ്രസന്നതയെ ഷണ്മുഖവടിവേലു വായിച്ചെടുത്തു. അതയാളുടെ വ്യസനത്തെ നീക്കിക്കളഞ്ഞു. മുറ്റത്തേക്കിറങ്ങി പേരക്കുട്ടിയുടെ കൈകളിൽ അയാൾ തഴുകി. അപ്പോൾത്തന്നെ കണ്ണൻ അവന്റെ സുവിശേഷങ്ങൾ പറഞ്ഞുതുടങ്ങി. നിമ്മിയെ അയാൾക്കും അറിയാമായിരുന്നു. അവരുടെ ചങ്ങാത്തം അയാൾക്കും പ്രിയതരമായിരുന്നു. പേരക്കുട്ടി ഒരിക്കൽ കൂടി മെഡിക്കൽ എൻട്രൻസ് എഴുതുന്നതിന് നിമ്മി പ്രേരണയാകുമെന്ന് ആ വൃദ്ധൻ കിനാവ് കണ്ടൂ. താൻ പോയാൽ കണ്ണൻ എന്തുചെയ്യുമെന്ന് അയാൾ വ്യാകുലപ്പെട്ടിരുന്നു. പേരക്കുട്ടി ഡോകടറായാൽ അത് കൊണ്ടുവരുന്ന സാമൂഹിക ഇടവും വരുമാനവും അവനെ ബാക്കിയുള്ള കാലം എല്ലാവിധത്തിലും സുരക്ഷിതനാക്കുമെന്നതായിരുന്നു അയാളുടെ സ്വപ്നം.

രാത്രിയിലെ അന്നം പങ്കിടുമ്പോൾ അവർ രണ്ടുപേരും സന്തോഷത്തിലായിരുന്നു. നെയ് കലർത്തിയ പരിപ്പും പപ്പടവും ചേനത്തോരനും പുഞ്ചയരിച്ചോറും. മിക്കപ്പോഴും അവരുടെ അത്താഴത്തിന്റെ വിഭവഘടന അങ്ങിനെയൊക്കെയായിരുന്നു. മീനും ഇറച്ചിയും ആഴ്ചവട്ടത്തിൽ ഒന്നോ രണ്ടോ തവണമാത്രം. വീട്ടുവളപ്പിനുള്ളിൽ നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ മിക്കപ്പോഴും ധാരാളമായിരുന്നു. തട്ടുകടവ്യാപാരത്തിനുശേഷവും അതങ്ങിനെ തന്നെയായിരുന്നു. അത്താഴത്തിനിടയിലും അവർ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടിരുന്നു. നിമ്മി അതിൽ നിറഞ്ഞുനിന്നു.

അന്ന് ഉറക്കത്തിൽ കണ്ണൻ പതിവില്ലാത്ത പലതും കിനാവ് കണ്ടു. ഏതോ കടൽത്തീരത്ത് നിമ്മിയോടൊത്ത് നിൽക്കുന്നു. അപ്പോൾ കറുകറുത്ത ഇരുളിൽ ഒരു പൊന്നുരുളി മുന്നിൽ പൊന്തിവന്നു. അതിൽ നിറയെ പൊന്ന്. കണ്ണനെ കുഴപ്പിച്ചത് മറ്റൊന്നായിരുന്നു. നിമ്മിയും അവനും നഗ്നരായിരുന്നു. നൂൽബന്ധമില്ലാത്തെ ചേർന്നുനിന്ന രണ്ട് ഉടലുകൾ. പൊന്നുരുളിയെക്കാളേറെ കണ്ണനെ ഉലച്ചത് നിമ്മിയുടെ ശരീരമായിരുന്നു. ഒരു പരസ്യചിത്രത്തിൽ നിന്നെന്ന വണ്ണം അവൾ അവനെ നോക്കി. അഴക് നിറഞ്ഞ ശരീരം. അത് അവനായി കാണിക്കുന്നതുപൊലെയായിരുന്നു നിമ്മിയുടെ നോട്ടം. ഉണർന്ന് വളരെനേരം കണ്ണനങ്ങിനെ കിടന്നു. പൊന്നുരുളിയെ അവൻ മറന്നിരുന്നു. നിമ്മിയുടെ ദേഹം അവനെ ഒഴിയാൻ വിസമ്മതിച്ചു. ഉറക്കം കൊതിച്ചിട്ടും അത് അകലെ നിന്നു. കുറച്ചുകഴിഞ്ഞ് ഷണ്മുഖ വടിവേലുവിനെ ഉണർത്താതെ വാതിൽ തുറന്ന് കണ്ണൻ മുറ്റത്തേക്കിറങ്ങി. നിലാവിൽ അവൻ ആകാശത്തെയും വെളുത്ത മേഘങ്ങളെയും കണ്ടു. അകലെ നക്ഷത്രങ്ങൾ മിന്നി. ചെടികളും പച്ചക്കറികളും പൂക്കൾ വിടർത്തി അവനെ കൊതിപ്പിച്ചു. ഇളംതിണ്ണയിലിരുന്ന് അവൻ മാനം നോക്കി. പിന്നെ മെല്ലെ ചാഞ്ഞുകിടന്ന് ഉറങ്ങി.

അപ്പോഴായിരുന്നു രണ്ടാമത്തെ സ്വപ്നം. ഇളം തിണ്ണയിൽ അവനൊപ്പം നിമ്മി. തൂവെള്ളയിൽ കുഞ്ഞിളം പൂക്കൾ നീലനിറത്തിൽ തുന്നിയ ഒരു ടോപ് മാത്രമായിരുന്നു അവളുടെ വേഷം. നിമ്മി അവനോട് പുഞ്ചിരിച്ചു. പിന്നെ അവനൊപ്പം വന്നുകിടന്നു. അതിനുശേഷം അവർ ചെയ്തതും അനുഭവിച്ചതും കിനാവിൽപ്പോലും അപ്പോൾ വരെ മോഹിക്കാത്തതായിരുന്നു.

വർഷങ്ങൾക്ക് ശേഷം അച്ഛന്റെയും അമ്മയുടെയും ദുരന്തം തീണ്ടാതെ കണ്ണൻ അന്ന് ഉറക്കത്തിലേക്ക് ഇറങ്ങിപ്പോയി.

അധ്യായം: ആറ്​

പുലരുമ്പോൾ നിമ്മി ഒരു പൂവാസന പോലെ അരികിലുണ്ടായിരുന്നു. വസന്തത്തിൽ നിന്നും മറ്റൊരു കാലത്തിലേക്ക് ഉണരുന്നതുപോലെ കണ്ണന് തോന്നി. വെയിൽ ഇളംതിണ്ണയോളം എത്തിയിരുന്നു. മണി ഒമ്പത് കഴിഞ്ഞിട്ടുണ്ടാവും. ഷണ്മുഖവടിവേലുവിന്റെ വ്യാപാരവണ്ടി മുറ്റത്ത് ഉണ്ടായിരുന്നില്ല. ചൂടിന്റെ നീറ്റലിൽ പുറത്തിറങ്ങി ഇളംതിണ്ണയിൽ ഉറങ്ങുന്നശീലം കണ്ണനുണ്ടായിരുന്നതിനാൽ പേരക്കുട്ടിയുടെ ഇളംതിണ്ണയിലെ ഉറക്കത്തിൽ അയാൾ അസാധാരണമായി ഒന്നും കണ്ടിരിക്കില്ല. അകത്ത് ചായയും പ്രാതലും അവനെ കാത്തിരുന്നു. വൈകാതെ അവൻ റോഡിലേക്കിറങ്ങി നിമ്മിയുടെ വീട്ടിലേക്ക് നടന്നു.

നേർത്തൊരു ലഹരിയിലെന്നവണ്ണമാണ് അവൻ അവളോട് സംസാരിച്ചത്. അതൊരു വിശേഷപ്പെട്ട ദിവസമാണെന്ന് അവന് തോന്നി. അവളെ കിനാവിൽ കണ്ടകാര്യം കണ്ണൻ മറച്ചുപിടിച്ചു. അത് പറയാൻ തോന്നിയില്ല. പൊന്നുരുളിയുടെ കാര്യം അവൻ ഉത്സാഹത്തോടെ പറഞ്ഞു. നിമ്മി ആശ്ചര്യഭാവത്തോടെയാണ് അത് കേട്ടത്.

'കണ്ണാ, ഇത് അത്ഭുതം തന്നെ. പഴയ പുസ്തകങ്ങൾ തപ്പിപ്പിടിച്ച് വായിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. കഴിഞ്ഞയാഴ്ച നമ്മുടെ ലൈബ്രറിയിൽ നിന്നും കിട്ടിയ പുസ്തകമായിരുന്നു 'കേരളത്തിലെ നിധികൾ'. പണ്ടെങ്ങോ എഴുതിയ പുസ്തകം. കുത്തഴിഞ്ഞ കുറേ താളുകൾ. അടുക്കിപ്പെറുക്കി ക്രമപ്പെടുത്താൻ തന്നെ ഞാൻ കഷ്ടപ്പെട്ടു. നീ കണ്ട പൊന്നുരുളിയുടെ കാര്യവും അതിലുണ്ട്.'

'ഈ നിധിയൊക്കെ ഉള്ളതാണോ നിമ്മീ? ഓരോരോ പഴങ്കഥകളല്ലേ ഇതൊക്കെ. നമ്മുടെ ചുറ്റുവട്ടത്തിൽ ആർക്കെങ്കിലും നിധി കിട്ടിയതായി ഞാനറിഞ്ഞിട്ടില്ല.'

'എനിക്കും ഇതിലൊന്നും അത്ര ഉറപ്പില്ല. എന്നാലും ഒന്നോർത്ത് നോക്കിക്കേ. ഞാനൊരു പഴയ പുസ്തകം യാദ്രശ്ചികമായി വായിക്കുന്നു. അതിലെ ഒരു നിധിക്കഥ എന്നെ ആകർഷിക്കുന്നു. അടുത്ത ദിവസം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നമ്മൾ കണ്ടുമുട്ടുന്നു. തൊട്ടടുത്ത രാവിൽ അതേ നിധി നിന്നെ സ്വപ്നത്തിൽ സന്ദർശിക്കുന്നു. നമ്മുടെ പിടിവള്ളികൾക്ക് അപ്പുറമുള്ള എന്തൊക്കെയോ ഇതിൽ ഞാന്നുകിടപ്പില്ലേ? ഒന്നാലോചിച്ച് നോക്കിക്കേ.'

കണ്ണൻ ചിരിച്ചു. ഉറപ്പില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് നിമ്മി സംസാരിക്കുന്നത്. എങ്കിലും അവളെ മറുക്കാൻ അവന് തോന്നിയില്ല. അവർ പിന്നെയും വാതോരാതെ മിണ്ടിക്കൊണ്ടിരുന്നു. സന്യാസിയിടത്തെക്കുറിച്ച് മാത്രം അതിൽ ഒന്നും ഉണ്ടായിരുന്നില്ല. അവൾ പോയതിനെക്കുറിച്ചും മടങ്ങിയതിനെക്കുറിച്ചും ചോദിച്ചറിയാൻ കണ്ണന് താത്പ്പര്യം ഉണ്ടായിരുന്നെങ്കിലു അത് നിമ്മിക്ക് അഹിതമാകുമോ എന്ന ശങ്ക അവനെ തടഞ്ഞു. ഉച്ചയ്ക്ക് ഷണ്മുഖവടിവേലുവിനോടൊപ്പം ഊണുകഴിക്കാനായി അവൻ വീട്ടിലേക്ക് പോന്നു. അരുളപ്പനും യുദീത്തായും ഒപ്പം കൂടാൻ ക്ഷണിച്ചെങ്കിലും അവൻ നിന്നില്ല.

കണ്ണൻ വന്നുകയറിയത് അവർക്ക് ആദ്യം പിടിച്ചില്ലെങ്കിലും അവർക്കിടയിലെ അടുപ്പവും ആഹ്ലാദവും ആ കയ്പിനെ നീക്കിക്കളഞ്ഞു. നിമ്മിയെ വീട്ടിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന എന്തിനോടും രാജിയാവാൻ അവർ എപ്പോഴും ഒരുക്കമായിരുന്നു. കണ്ണൻ അതിന് കാരണമാവുകയാണെന്ന് അവർ കരുതി. പ്രായവിത്യാസം ഉണ്ടെങ്കിലും കണ്ണനും നിമ്മിയും യൗവനത്തിന്റെ തീ അകമേ ഉള്ളവരാണെന്നത് മറക്കരുതെന്ന യുദീത്തായുടെ താക്കീതിനെ അരുളപ്പൻ കാര്യമാക്കിയില്ല. കണ്ണനുമായുള്ള അടുപ്പം കുഞ്ഞുനാളിലേയുള്ളതാണെന്നും അതിൽ മറ്റൊന്നും കലരില്ലെന്നും അയാൾ യുദീത്തായോട് തറപ്പിച്ചു. അതിൽ കാര്യമില്ലാതില്ലെന്ന് യുദീത്തായ്ക്കും തോന്നി. കണ്ണന്റെയും നിമ്മിയുടെയും മിണ്ടിപ്പറയലുകളിലും തൊട്ടറിയലുകളിലും യൗവനക്കാരുടെ വേണ്ടാതീനങ്ങൾ തരിമ്പിനും ഇല്ലായിരുന്നുവെന്നും അവർ കണ്ടിരുന്നു. ആൺകുട്ടികൾ തൊടാനായുന്ന ഇടങ്ങളിലേക്കൊന്നും നോട്ടം കൊണ്ടോ ചലനം കൊണ്ടോ കണ്ണൻ ആഞ്ഞില്ലെന്നത് അവർ ഓർത്തോർത്ത് ഉറപ്പ് വരുത്തി.

കണ്ണൻ ഉല്ലാസത്താൽ നിറഞ്ഞവനായി വീട്ടിലേക്ക് നടന്നു. പുതുതായി വിടർന്ന ഏതോ വിശിഷ്ട സുഗന്ധമ്പുഷ്പമാണ് തന്റെ അകമെന്ന് അവന് തോന്നി. അതിനുള്ളിൽ പുഞ്ചിരിയോടെ നിമ്മി അതിപ്രിയത്തിൽ അവനോട് മിണ്ടിക്കൊണ്ടിരുന്നു. ജീവിതത്തിലെ ഒഴിഞ്ഞ ഇടങ്ങളിലെല്ലാം നിമ്മി നിറഞ്ഞതായി അവൻ സന്തോഷത്തോടെ കണ്ടു. പ്രസന്നതയും പ്രസാദഭാവങ്ങളും തുടുപ്പിച്ച ഒരാളായിരുന്നു കണ്ണനെ സംബന്ധിച്ചിടത്തോളം നിമ്മി. യൗവനത്തിൽ ചുവടുകൾ വച്ചുതുടങ്ങുന്ന ഒരാൾക്ക് അതെല്ലാം വലിയ കാര്യങ്ങളായിരുന്നു. പൂപോലെ വിടർന്ന് വീട്ടിലേക്ക് കയറിവന്ന പേരക്കിടാവിനെ കണ്ട് ഷണ്മുഖവടിവേലുവിന്റെ അകം നിറഞ്ഞു. അന്ന് വൈകുന്നേരം പൊരിപ്പലഹാരങ്ങളും കട്ടൻ കാപ്പിയും വിൽക്കാൻ അയാൾക്കൊപ്പം കണ്ണനും കൂടി.

മിക്ക ദിവസങ്ങളിലും ഷണ്മുഖവടിവേലു പച്ചക്കറിവണ്ടിയുമായി പുറത്തേക്കിറങ്ങുമ്പോൾ കണ്ണൻ നിമ്മിയുടെ അരികിലെത്തി. ഉച്ചവരെ അവർ മിണ്ടിപ്പറഞ്ഞിരുന്നു. ആകാശത്തിൻ കീഴിലുള്ള സർവ്വവും അവർക്ക് വിഷയങ്ങളായി. അരുളപ്പനും യുദീത്തായും അത് പ്രിയത്തോടെ കണ്ടു. നിമ്മിയുടെ നഗ്നത കിനാവിൽ തെളിഞ്ഞിരിക്കുന്ന കാലത്തോളം അവളുടെ മുന്നിൽ തുറവിയോടെ ആയിരിക്കാൻ തനിക്കാവില്ലെന്ന് കണ്ണന് മനസ്സിലായി. മനസ്സ് അവളിൽ നിന്നും അകന്ന് താറുവോളം അങ്ങോട്ട് പോകാതിരുന്നാലോ എന്നുപോലും ആലോചിച്ചുവെങ്കിലും അതിന് തനിക്കാവില്ലെന്നതും അവനറിയാമായിരുന്നു. നിമ്മിക്ക് അതൊക്കെ മനസ്സിലാവുന്നുണ്ടെന്നും അത് കുടഞ്ഞുകളയാനുള്ള തന്റെ പരിശ്രമത്തെ സഹഭാവത്തോടെ കാണുന്നതുകൊണ്ടാവും അവൾ അങ്ങിനെ ഭാവിക്കുന്നതെന്നും കണ്ണൻ കരുതി. ഒടുവിൽ മെല്ലെ മെല്ലെ ഒരു ബാധ ഒഴിയുമ്പോലെ അതിറങ്ങി പോവുകയും ചെയ്തു. ക്രമേണ നിമ്മിയോട് അവളുടെ മിഴികളിൽ നോക്കി സംസാരിക്കാൻ അവന് കഴിഞ്ഞു.

നിമ്മിയുടെ കൗതുകം പൊന്നുരുളിയിലെ നിധിയിൽ ഉടക്കിയിരുന്നു. നിധികളും നിധിവേട്ടയും പ്രതിപാദിക്കുന്ന പുസ്തകങ്ങളെയും നാട്ടുവാർത്തകളെയും അവൾ തേടിപ്പിടിച്ചു. മെല്ലെ കണ്ണനും അതിന്റെ ഭാഗമായെങ്കിലും നിമ്മിക്ക് തന്നെയായിരുന്നു അതിൽ കൂടുതൽ താത്പ്പര്യം. ഒരു നിധി കണ്ടെത്തി നിന്റെ ജീവിതം മാറ്റിമറിക്കാതെ ഞാനിനി എങ്ങും പോകുന്നില്ലെന്ന് പകുതി കളിയായും പകുതി തമാശയായും അവൾ കണ്ണനോട് പറഞ്ഞു.

ഓരോ ദിവസവും കണ്ടുമുട്ടുമ്പോൾ നിധിയെ സംബന്ധിക്കുന്ന എന്തെങ്കിലും അവർക്ക് പങ്കിടാനുണ്ടായിരുന്നു. അവിടന്നും ഇവിടുന്നുമായി ചില പഴയ പുസ്തകങ്ങൾ കണ്ടെത്താനായെങ്കിലും അതൊന്നും ഗൗരവമുള്ളതായിരുന്നില്ല. അങ്ങിനെയാണ് നിധി കണ്ടെത്തി സമ്പന്നരായ ചിലർ മിക്കഗ്രാമങ്ങളിലും ഉണ്ടെന്നത് അവർ ശ്രദ്ധിച്ചത്. പിന്നെ അതിന്റെ വിവരങ്ങൾ ശേഖരിക്കലായി. രണ്ട് യൗവനക്കാരുടെ സഹജമായ പിരിയിളകലായേ അരുളപ്പനും യുദീത്തായും ഇതിനെയെല്ലാം പരിഗണിച്ചുള്ളു. ഇളകിയ പിരി ഇളകിയപോലെ തന്നെ മുറുകിക്കൊള്ളുമെന്ന് അരുളപ്പൻ യുദീത്തായോട് പറഞ്ഞത് അവർ ശരിവച്ചു. അത്തരം ചില ഇളകലിന്റെയും മുറുകലിന്റെയും കഥകൾ ഉരുക്കഴിച്ച് അവരും ചിലപ്പോൾ രാവുകൾ പോക്കിപ്പോന്നു.

'ഡാ... കണ്ണാ.... നമ്മുടെ ഭഗവാൻ ലാസറും സഹോദരന്മാരും നിധി കിട്ടിയാണ് പണക്കാരായത്.'

ഒരു ദിവസം രാവിലെ കണ്ണനെത്തിയപ്പോൾ പടിക്കൽ വച്ചുതന്നെ അതീവ താത്പ്പര്യത്തോടെ നിമ്മി പറഞ്ഞു.

'ഭഗവാൻ ലാസറിന്റെ അപ്പൻ തേങ്ങാ പൊതിയൻ ആയിരുന്നു. അന്നൊക്കെ എല്ലാവർക്കും ധാരാളം തേങ്ങാ കിട്ടുന്ന കാലമായിരുന്നു. തേങ്ങാ പൊതിയന്മാർക്ക് നല്ല ഡിമാന്റുള്ള കാലം. ഒരു ലക്ഷം തേങ്ങാ ആയാലും അയാൾ മടിക്കാതെ ഉത്സാഹത്തോടെ പൊതിച്ചുതള്ളുമായിരുന്നു. അന്നൊക്കെ തേങ്ങാ പൊതിച്ചാൽ മാത്രം പോരായിരുന്നു. തൊണ്ടെല്ലാം പെറുക്കിയടുക്കി വല്ലം കെട്ടിയുണ്ടാക്കി കുളത്തിലേ ആറ്റിലോ കായലിലോ ചീയാനിടണമായിരുന്നു. ഒരു വലിയ പടങ്ങുപോലെ അത് വെള്ളത്തിനുമുകളിൽ പൊന്തിക്കിടക്കും. വെള്ളം കയറി ഒരു പരുവത്തിന് ചീഞ്ഞാലേ ആ തൊണ്ട് തല്ലി ചകിരിയാക്കാനും ചകിരി പിരിച്ച് കയറും കമ്പയും ആക്കാനും സാധിക്കുകയുള്ളായിരുന്നു. വട്ടത്തിൽ തൊണ്ടുകൊണ്ടുതന്നെ പടങ്ങുണ്ടാക്കി അതിനുള്ളിൽ തൊണ്ടടുക്കി നിറച്ചാണ് തൊണ്ട് ചീയ്ചിരുന്നത്. അതൊരു അഭ്യാസമായിരുന്നു. ആറ്റിൽ ഒഴുക്കുള്ള കാലങ്ങളിൽ മൂന്നും നാലും പടങ്ങുകൾ ഒരുക്കുന്നത് നല്ല കഴിവ് വേണ്ട കാര്യമായിരുന്നു. പടങ്ങിനടിയിൽ ആഴ്ന്ന് മുങ്ങി അതിനെ ആറ്റിൽ കുറ്റിയടിച്ച് ഇളകാതെ നിർത്തുക ചെറിയ കാര്യമല്ലായിരുന്നു. ഭഗവാൻ ലാസറും അനിയന്മാരും അതിന്റെ കരാറുകാരായിരുന്നു. അങ്ങിനെ മുങ്ങിക്കിടന്നപ്പോഴാണ് പൊന്നുകൊണ്ട് ഒരു ഭഗവാൻ മുന്നിൽപ്പെട്ടത്. ഇരുചെവിയറിയാതെ പടങ്ങിനടിയിൽ ലാസർ ഭഗവാനെയും തളച്ചു. മറ്റൊരുരാവിൽ ഭഗവാനെ ചെന്നൈയ്ക്ക് കടത്തുകയും ചെയ്തു. അവിടെ വച്ച് പറ്റിയൊരു ചെട്ടിയാരെ കണ്ടെത്തി പൊൻഭഗവാനെ തുണ്ടുതുണ്ടാക്കി വിറ്റു. ആദ്യം കാലുകളായിരുന്നത്രെ മുറിച്ചത്. അപ്പോൾ ശരിക്കും ചോരവാർന്നെങ്കിലും ലാസർ അതൊന്നും വകവച്ചില്ല. കാലുകൾ വിറ്റ പണം വീടെത്തും മുൻപേ ലാസറിന്റെ അപ്പന്റെ രണ്ടുകാലും ചകിരി അലിക്കുന്ന യന്ത്രത്തിൽ കുരുങ്ങി ഇറച്ചിത്തുണ്ടുകളായി ചിതറി.'

കണ്ണൻ അവളിലെ ഉത്സാഹത്തെ കൗതുകത്തോടെ കാണുകയായിരുന്നു. അവൾ പറഞ്ഞ പല വിശദാംശങ്ങളും അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തേങ്ങയും ചകിരിയും കണ്ണന് പച്ചക്കറിയിനങ്ങൾ പോലെ സുപരിചിതങ്ങളായിരുന്നില്ല. എങ്കിലും നിമ്മി പറഞ്ഞതിലെ ഗൂഢവിസ്മയങ്ങൾ അവനെ ഉലച്ചിരുന്നു. അതവൻ മറച്ചുവച്ചില്ല.

'പിന്നെയെന്ത് സംഭവിച്ചു?'

'എന്ത് സംഭവിക്കാൻ! ലാസറിന്റെ അപ്പൻ അരയ്ക്ക് താഴെ ശൂന്യതയുമായി അധികകാലം നരകിക്കാതെ ചത്തുപോയി. പൊൻഭഗവാൻ തുണ്ടുതുണ്ടായി ചെട്ടിയാർ വഴി ധനമായി. ലാസറും സഹോദരന്മാരും അത് പങ്കുവച്ച് പണക്കാരായി. തേങ്ങാപൊതിയൻ ലാസർ ഭഗവാൻ ലാസറായി. നമുക്ക് ഉത്സാഹമായി ഒരു നിധിക്കഥയും കിട്ടി.'

ഭഗവാൻ ലാസറിന്റെ ചുക്കിച്ചുളിഞ്ഞ മുഖം കണ്ണൻ ഓർത്തെടുത്തു. നിധി കിട്ടിയവന്റെ പ്രസാദമൊന്നും അതിനില്ലായിരുന്നു. എന്നാലും അത് വേറിട്ടൊരു മുഖമാണെന്ന് അവന് തോന്നി. പൊൻഭഗവാന്റെ മുഖം എങ്ങിനെയുള്ളാതായിരുന്നിരിക്കും എന്ന് നിമ്മിയോട് ചോദിക്കണമെന്ന് നിനച്ചെങ്കിലും അതിലെ അസാംഗത്യം അവനെ വിലക്കി.

നിമ്മി പ്രവചിച്ചതുപോലെ ഭഗവാൻ ലാസറിന്റെ നിധിക്കഥ അവരുടെ സ്വന്തം നിധിക്കഥയ്ക്ക് താങ്ങും തണലുമായി. അവരിരുവരെയും കഥയും കനവുമായി ബന്ധിച്ച ആ പൊന്നുരുളിയെ ഇനി അങ്ങിനെ തള്ളിക്കളയാനാവില്ലെന്നായി. നിധി കിട്ടിയവരുടെയും തേടി കണ്ടെത്തിയവരുടെയും കഥകൾ അവർ പിന്നെയും അറിഞ്ഞു. ചിലതിലെല്ലാം പ്രാക്രുതനായ ഒരു അനുഷ്ഠാനകനോ ആഭിചാരകനോ അകമ്പടിയായി ഉണ്ടായിരുന്നു. അത് ചിലനേരം ഭയപ്പെടുത്തി. എങ്കിലും അവർക്കിടയിലെ ഒരു സ്വകാര്യരഹസ്യമായി പൊന്നുരുളി പൊന്തിനിന്നു. നിധിവേട്ടകളുടെ ചരിത്രം അവർക്കിടയിൽ ഇമ്പവും തുമ്പവുമായി. കഥകൾ പിന്നെയും വന്നുചേർന്നു.

പീതാംബരന്റെ വീട്ടുമുറ്റത്ത് കാൽ വച്ചാൽ മണ്ണിനടിയിൽ നിന്നും ഒരു ചിലമ്പൽ കേൾക്കാമായിരുന്നു. എപ്പോഴുമില്ല. ചില ദിവസങ്ങളിൽ; ചിലനേരങ്ങളിൽ മാത്രം. പീതാംബരൻ തന്നെയാണത് കൂടുതൽ കേട്ടത്. ബും... ബും... എന്ന് തീരെ നേർത്തൊരൊച്ച. അന്ന് കിഴക്കേ പള്ളിക്കവലയിലെ ഒരു കുഞ്ഞുകടയായിരുന്നു അയാളുടെ ഏക വരുമാനം. മിഠായിയും സിഗററ്റും പാൻ പരാഗും വിൽക്കുന്ന ഒരിടം. പലതരം സോഡകളും സർബത്തും കോഴിമുട്ടയും അങ്ങിനെ ആ കുഞ്ഞുകടവഴി വിപണനം ചെയ്യാവുന്നതെല്ലാം പീതാംബരൻ ലാഭത്തിനായി വിറ്റു. എന്നിട്ടും രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ അയാൾ ക്ലേശിച്ചു. ഒടുവിൽ എന്തും വന്നോട്ടെയെന്ന് നിനച്ച് അയാൾ ഒരു ബാങ്ക് ലോണിന് അപേക്ഷിച്ചു. അത് തരപ്പെടുകയും ചെയ്തു. അതുപയോഗിച്ച് കട വിപുലപ്പെടുത്താനൊന്നും അയാൾ മിനക്കെട്ടില്ല. പകരം വീട് മുന്നോട്ട് വികസിപ്പിച്ചു. അതോടെ ചിലമ്പുന്ന ഇടം വീടിനുള്ളിലായി. ഇരുചെവി അറിയാതെ വീടകം കുഴിച്ച് അയാൾ നിധി കണ്ടെത്തി. അടച്ചുറപ്പുള്ള ഒരു മൊന്ത നിറയെ പൊന്നാഭരണങ്ങൾ. അതോടെ പീതാംബരൻ നാട്ടുപ്രമാണിയായി. മൊന്തയെ ചുറ്റി കാവൽ നിന്നിരുന്ന നാഗങ്ങൾ ഇപ്പോഴും ആ വീടകത്തുതന്നെയുണ്ടെന്നും നാഗക്കഥകൾ പുറമ്പൂച്ചുകളാണെന്നും നാട്ടുകാർ പറഞ്ഞു. അതൊന്നും പീതാംബരന്റെ പ്രമാണിത്തത്തെ തരിമ്പും ബാധിച്ചില്ല. അയാൾ വിലസുകതന്നെ ചെയ്തു. പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന പഴമൊഴി പട്ടമായി ഉയർത്തിക്കൊണ്ട് ജനാധിപത്യത്തിലും പീതാംബരൻ ദേശപ്രമാണിയായി നിറഞ്ഞുതൂവി.

ഇത്രയുമായിട്ടും സ്വപ്നം കൊണ്ടുവരുന്ന ഒരു നിധിയുടെ വഴികളിൽ അവർ ആരെയും കണ്ടില്ല. അങ്ങിനെ സമ്പന്നരായ ആരും ആ നാട്ടിലോ ചുറ്റുവട്ടങ്ങളിലോ ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ കണ്ണൻ പിന്നെയും പൊന്നുരുളി സ്വപ്നത്തിൽ കണ്ടു. അതേ സ്വപ്നം. അതേ പശ്ചാത്തല ഭംഗി. പിന്നാലെ നഗ്നയായി നിമ്മിയും വന്നു.

ഉണർന്നപ്പോൾ കണ്ണനിൽ നിമ്മി ഉണ്ടായിരുന്നു. കുടഞ്ഞുകളഞ്ഞ അവളുടെ നഗ്നത കൂടുതൽ വന്യമായിരിക്കുന്നത് അവൻ കണ്ടു. എങ്കിലും അവർ ഒരുമിച്ചായപ്പോൾ അവൻ നിമ്മിയോട് പൊന്നുരുളി പ്രത്യക്ഷമായതിനെക്കുറിച്ച് മാത്രം പറഞ്ഞു. അവർക്കിടയിൽ പൊന്നുരുളി കൂടുതൽ തെളിഞ്ഞുവന്നുവെങ്കിലും അതിനപ്പുറം അവരുടെ കൗതുകലോകമായി മാത്രം അത് പരിമിതപ്പെട്ടു. ചില നേരങ്ങളിൽ ആ ഉരുളിക്കിരുപുറവുമായിരുന്നു അവരിരുവരും.

പഴയ പുസ്തകങ്ങൾക്കിടയിൽ ഊളിയിടുന്ന നിമ്മിയെ ലൈബ്രേറിയൻ നിരുത്സാഹപ്പെടുത്തി. പൊടി ശ്വസിച്ചാൽ പനിയും ചുമയും വന്ന് കിടപ്പായിപ്പോകുമെന്ന് അയാൾ നിമ്മിയോട് പറഞ്ഞു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല, വെട്ടം മാണിയുടെ പുരാണിക് നിഘണ്ഡു, വാരിയത്ത് ചോറി പീറ്ററുടെ പരിഷ്‌ക്കാരവിജയം നോവൽ തുടങ്ങിയ പുസ്തകങ്ങൾക്കൊപ്പം പഴയൊരലമാരയിൽ പിൻനിരയിലായിരുന്നു അംഗങ്ങൾ പ്രിയപ്പെടാത്ത പുസ്തകങ്ങളുടെ ഇടം. നിമ്മിയോടുള്ള പ്രണയത്താൽ ബന്ധിതനായ ലൈബ്രേറിയൻ അവളെ സഹായിക്കാനായി ഒപ്പം ചെന്നിരുന്നു. അവൾക്കൊപ്പം നിഴലായി കണ്ണൻ കൂടിയപ്പോൾ അയാൾ പിൻവാങ്ങി. എന്നിട്ടും ഇടയ്ക്ക് ഒരു സംശയക്കാരനെപ്പോലെ ആ ഇരുൾ ഭാഗങ്ങളിലേക്ക് അയാൾ കടന്നുകയറാൻ തത്രപ്പെട്ടിരുന്നു. തനിക്ക് നിമ്മിയോടുള്ളത് പവിത്രമായ ആകർഷണം ആണെന്നും അവളെ രതിയിൽ കുടുക്കാനാണ് കണ്ണൻ ആയുന്നതെന്നും അയാൾക്ക് ഉറപ്പായിരുന്നു. അവരിരുവരും പരസ്പരം വില്ലന്മാരായി അളന്ന് തിട്ടപ്പെടുത്തി. നിമ്മിയും കണ്ണനും പഴയ പുസ്തകങ്ങൾക്കിടയിൽ നിധിവിജ്ഞാനീയം തേടുമ്പോൾ ആ പുസ്തകപ്പുരയിലെ പല്ലികൾ കൂട്ടമായി അവിടെ എത്തിയിരുന്നത് നല്ല ലക്ഷണമല്ലെന്ന് ലൈബ്രേറിയൻ തിട്ടപ്പെടുത്തി. അവർക്കിടയിലെ ഭൗതികതയുടെ തിമർപ്പിനെ ഗൗളികൾ അവയുടെ അതിഭൗതികജ്ഞാനത്താൽ അറിയുന്നതിനാലാണ് അവ അപായസൂചനയുമായി എത്തുന്നതെന്ന് ആ വില്ലൻ ഉറപ്പിച്ചു. അതിനാൽ ഏതുവിധേനയും നിമ്മിയുടെ രക്ഷകനാകണമെന്നും അയാൾ കരുതി. നിമ്മിയുടെ അഴകും സന്യാസിനിയിടത്തിൽ നിന്നും മടങ്ങിയെത്തിയവൾ എന്ന പ്രസിദ്ധിയും അവളെ പ്രണയിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കിയിരുന്നു. ജാതിമതഭേദമൊന്നും ഈ വിഷയത്തിൽ ആരും കാണിച്ചില്ല. അവളുടെ തുറന്ന പെരുമാറ്റവും ഉല്ലാസപ്രക്രുതവും സദാ ഒപ്പമുള്ള കണ്ണനും കാമുകരെ അകലെ നിർത്തി. വയസ്സിനിളപ്പമുള്ള കണ്ണനെ ഒരു മത്സരാർത്ഥിയായി ആരും ഗണിച്ചില്ല; ലൈബ്രേറിയൻ ഒഴികെ. തുടക്കം മുതൽ അങ്ങിനെയായിരുന്നല്ലോ. നിമ്മിയോടുള്ള പ്രണയത്തിന്റെ അത്രയുമോ അതിലേറേയോ ആയിരുന്നു അയാൾക്ക് കണ്ണനോടുള്ള വെറുപ്പും പകയും. കൂടോത്രമോ മറ്റേതോ മന്ത്രവാദമോ ചെയ്ത് കണ്ണനാണ് നിമ്മിയെ സന്യാസത്തിൽ നിന്നും പുറത്തേക്ക് എത്തിച്ചതെന്നുവരെ അയാൾ പൗശൂന്യം കലർത്തി പരദൂഷണം പരത്തി.

കണ്ണനും നിമ്മിയും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവർ ചങ്ങാത്തത്തിന്റെ ലഹരിയിലായിരുന്നു. വായനയും നിധികൗതുകങ്ങളും അവരെ രസിപ്പിച്ച് അരികിൽ നിർത്തി. കണ്ണനുവേണ്ടി ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും അവൾ വീണ്ടും വായിക്കാനെടുത്തു. ജീവിതവും എഴുത്തും വായനയുമെല്ലാം മാറുകയാണെന്ന് മലയാളത്തിൽ അടയാളം ചെയ്ത നമ്മുടെ ആദ്യ ക്ലാസിക് എന്നാണവൾ ആ നോവലിനെ കണ്ണന് പരിചയപ്പെടുത്തിയത്. വായന കഴിഞ്ഞ് കുറേയധികം ദിവസങ്ങൾ അതിലെ നായകനായ വിശ്വന്റെ ഉള്ളും പരിസരങ്ങളും അവരുടെ സംസാരത്തിൽ നിറഞ്ഞിരുന്നു. മുക്കാലും വിടർന്ന മനോഹരമായ ഒരു പൂവ് എന്നാണ് നിമ്മി നോവലിനെ വിശേഷിപ്പിച്ചത്. മുഴുവനും വിടർത്താൻ എന്തുകൊണ്ടാണ് ഉറൂബ് പണിപ്പെടാഞ്ഞത് എന്ന കണ്ണന്റെ ചോദ്യത്തെ അത്ര കാര്യമായെടുത്തില്ലെങ്കിലും അത് അവളുടെയും ചോദ്യമാണെന്ന ഭാവം അവിടെ ഉണ്ടായിരുന്നു. കവിതയെച്ചൊല്ലിയായിരുന്നു അവരുടെ സാഹിത്യകലഹങ്ങൾ. ആറ്റൂരിനെ നിമ്മി പ്രിയപ്പെട്ടപ്പോൾ പി.പി.രാമചന്ദ്രനായിരുന്നു കണ്ണന്റെയാൾ. നിനക്ക് ഒരു തൂവൽ മതി പക്ഷിയെ വേണ്ടെന്ന് നിമ്മി നേർപ്പിച്ചു. പാട്ടിന്റെ കാര്യത്തിൽ അവർ കലഹിച്ചില്ല. ഇരുവരും ഒരുപോലെ ശ്രീവത്സനെ പ്രിയപ്പെട്ടു. കൃഷ്ണാ നീ ബേഗേന ബാരോയെന്ന് കേൾക്കുകയും തിമർത്ത് ഒപ്പം പാടുകയും ചെയ്തു. ബാരോ...ബാരോ എന്ന് പരസ്പരം വാത്സല്ലിച്ചു.

ഒരുമിച്ച് പുസ്തകാലയത്തിൽ തേടുമ്പോഴും മെല്ലെ ചിലപ്പോൾ അവരറിയാതെ കൃഷ്ണാ നീ ബേഗേന ബാരോയെന്ന് പാടി. അങ്ങിനെയൊരിക്കൽ അവർ തൊട്ടുരുമ്മിയത് ലൈബ്രേറിയനെ ക്രുദ്ധനാക്കി. സ്വന്തം സീറ്റിൽ ഇരുന്നുകൊണ്ട് ഇതൊന്നും ഇവിടെ വേണ്ടെന്ന് അയാൾ സകലരും കേൾക്കെ അലറിപ്പറഞ്ഞു. അയാളുടെ നോട്ടത്തിൽ നിന്നുമാണ് ആരെ ഉദ്ദേശിച്ചാണ് അയാൾ അസഹിഷ്ണുവാകുന്നതെന്ന് അവിടെ ഉണ്ടായിരുന്നവർ മനസ്സിലാക്കിയത്. നിമ്മി അത് സാരമാക്കാതെ ഉദാരവതിയായി അയാളോട് മന്ദഹസിച്ചു.

ലൈബ്രേറിയൻ മെലിഞ്ഞ് ലേശം ഉയരമുള്ള ഒരുവനായിരുന്നു. വായിക്കുന്ന സ്വഭാവക്കാരനായിരുന്നെങ്കിലും പുസ്തകങ്ങൾക്കിടയിലെ ആ തൊഴിൽ അയാൾക്ക് ചേരാത്ത ജോലിയായിരുന്നു. എല്ലാവിധത്തിലുമുള്ള പൊടികളും അയാൾക്ക് അലർജി ആയിരുന്നു. രാവിലെ പുസ്തകപ്പുരയിലേക്ക് കയറിയാലുടൻ അയാളുടെ മൂക്കിനുള്ളിൽ ആരോ ചൈനയിലെ വൻ മതിൽ പണിയുന്ന അനുഭവത്തിലേക്ക് ആ സാധു എറിയപ്പെട്ടു. അതോടേ ശ്വാസം കഴിക്കാൻ അയാൾ നന്നേ ക്ലേശിതനായി. ലൈബ്രറിയിൽ കഴിയുന്ന നേരമെല്ലാം പീഢിപ്പിക്കപ്പെടുന്ന ജീവിതമായിരുന്നു അയാളുടേത്. ഗ്രന്ഥശാലയിലെത്തുന്നവരെ പുതിയ പുസ്തകങ്ങളെടുക്കാൻ അയാൾ പ്രേരിപ്പിച്ചിരുന്നത് സമകാല എഴുത്തിനോടുള്ള കമ്പത്താലാണെന്ന് പലരും തെറ്റായി മനസ്സിലാക്കിയിരുന്നെങ്കിലും പഴയ പുസ്തകങ്ങൾക്കിടയിലെ പൊടിയെ ഒഴിവാക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു അത്. വലിയ പുസ്തകങ്ങൾ കൂടുതൽ പൊടിയെ അയാളുടെ മുന്നിലെത്തിച്ചു. അതുകൊണ്ടാവണം കെ.ആർ.മീര, സുഭാഷ് ചന്ദ്രൻ, ഈ.സന്തോഷ്‌കുമാർ തുടങ്ങിയ വലിയ നോവലെഴുത്തുകാരെക്കുറിച്ച് ആ ഗ്രന്ഥാലയ നട്ടുവൻ മോശം എഴുത്തുകാർ എന്ന കീടനാശിനിപ്രയോഗവും നടത്തിയത്. ലൈബ്രറി കൗൺസിൽ നടത്തിയ ഒരു നോവൽ ശിൽപശാലയിൽ ഒരാവശ്യവുമില്ലാതെ പങ്കെടുത്ത് ഇടയ്ക്ക് കയറി തകഴി ശിവശങ്കരപ്പിള്ള കയർ എന്ന നോവൽ എഴുതരുതായിരുന്നു എന്നപ്രസ്താവനയും അയാൾ നടത്തി. ഏതായാലും ഇതൊക്കെ കാരണമായി ധീരനായ നോവൽ വിമർശകൻ എന്ന സ്ഥാനം ആ പ്രാദേശിക മേഖലയിൽ അയാൾക്ക് വളരെ വേഗം ലഭിച്ചു.

പൊടിയിൽ മുങ്ങിയ പഴയ പുസ്തകങ്ങൾ തേടിയുള്ള നിമ്മിയുടെയും കണ്ണന്റെയും പരിശ്രമങ്ങളെ അയാൾ സംശയത്തോടെ കണ്ടൂ. മറ്റെന്തോ ആണ് അതിനുപിന്നിലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അവർക്കിടയിൽ കാമം അതിന്റെ പണി വെടുപ്പായി ചെയ്യുന്നുണ്ടെന്ന് അയാൾ സന്ദേഹിച്ചു. യൗവനക്കാരെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നതിന് പിന്നിൽ ദേഹമോഹങ്ങളല്ലാതെ മറ്റെന്താണ്? ചിലപ്പോൾ നിമ്മിയും കണ്ണനും പുസ്തകാലയത്തിനുമുന്നിലെ പൂന്തോട്ടത്തിൽ അടുത്തടുത്തിരുന്ന് വായിക്കുകയോ സംഭാഷിക്കുകയോ ചെയ്തു. അങ്ങിനെയുള്ള വേളകളിൽ ആ സംശയക്കാരൻ വാതിൽപ്പടിയിൽ നിന്നുകൊണ്ട് അവരിൽ മാത്രം കണ്ണുംനട്ട് നിലകൊണ്ടൂ. അവരുടെ തുടകൾ ചേർന്നിരിക്കുന്നത് ആ പുസ്തക നട്ടുവനെ കലശലായി ഇളക്കി. അയാൾക്കത് സഹിക്കാൻ കഴിയുമായിരുന്നില്ല. മുഴുത്ത അവയവങ്ങളോടുകൂടിയവരായിരുന്നു നിമ്മിയും കണ്ണനും. അവരുടെ തൊട്ടുരുമ്മലുകൾ എല്ലാവർക്കും കാണാമായിരുന്നു. സത്യമായും ഇവളെ സന്യാസിനികൾ സഹികെട്ട് പറഞ്ഞുവിട്ടതാകണം എന്ന് ചിലർ കയ്‌പ്പോടെ പറഞ്ഞു. ലൈബ്രേറിയൻ അതിന് എരിവ് കൂട്ടി.

(തുടരും)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments