ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

അധ്യായം ഒമ്പത്​

സൂയ അസഹനീയമായപ്പോൾ ലൈബ്രേറിയൻ പള്ളിവികാരിക്ക് പരാതി നൽകി. പാതി സന്യാസിനിയായ ഒരു ക്രിസ്ത്യാനി പെൺകുട്ടി പരസ്യമായി ഒരു ഹിന്ദു യുവാവുമായി അഴിഞ്ഞാടി നടക്കുന്നു. ഇത് സന്യാസത്തിനും മതത്തിനും ചീത്തപ്പേരാണ്. മറ്റുള്ളവർക്ക് ഉതപ്പാണ്. സദാചാര വിരുദ്ധമാണ്. പൊതുസമൂഹത്തിന് തെറ്റിലേക്ക് വഴുതാനുള്ള പ്രലോഭനമാണ്. ഇരുവരും അവയവ മുഴുപ്പുള്ളവരാകയാൽ ജനശ്രദ്ധ വഴിവിട്ട രീതിയിൽ അവരിൽ പതിഞ്ഞിരിക്കുന്നു. ലൈബ്രറി പോലുള്ള പൊതുവിടങ്ങളിൽ പോലും ഇവർ ലൈംഗികത അടക്കുന്നില്ല. ആ ഗ്രന്ഥാലയ വിചാരിപ്പുകാരൻ പരാതിയിൽ കത്തിക്കയറി. അതിനൊരു പ്രകോപനവും ഉണ്ടായിരുന്നു.

നിമ്മിയും കണ്ണനും ലൈബ്രറിയിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു. കാറ്റ്‌ലോഗിൽ കാണിച്ചിരിക്കുന്ന ക്രമത്തിലായിരുന്നില്ല പുസ്തകങ്ങൾ ക്രമപ്പെട്ടിരുന്നത്. എടുക്കുന്നവരും തിരികെ വയ്ക്കുന്നവരും ആ ക്രമത്തെ അട്ടിമറിച്ചിരുന്നു. ആണ്ടിലൊരിക്കൽ ലൈബ്രറി ദിനത്തോടനുബന്ധിച്ചാണ് പുസ്തകങ്ങൾ ക്രമപ്പെടുത്തിയിരുന്നത്. വീണ്ടും അത് അലമ്പാകാൻ ഒന്നോ രണ്ടോ മാസങ്ങൾ അധികമായിരുന്നു.

കാണാൻ ചന്തമുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയും സഹായിക്കാൻ മാത്രമേ ലൈബ്രേറിയൻ ഇരിപ്പിടം വിട്ട് വന്നിരുന്നുള്ളു. അല്ലാത്തപ്പോഴെല്ലാം അയാൾ ഉദാസീനനായി ഇരിപ്പിടത്തിൽ ചടഞ്ഞുകൂടിയിരുന്നു.

ഒരു പള്ളിയുടെ അകത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ ഗ്രന്ഥപ്പുര. ദീർഘചതുരത്തിൽ വിശാലമായ ഒരു ഹാൾ. വശങ്ങളിൽ ചുവരോട് ചേർന്ന് രണ്ട് നിരകളിലായി പുസ്തക അലമാരികൾ. ആൾപ്പൊക്കത്തിലും കൂടുതൽ ഉയരം അവയ്ക്ക് ഉണ്ടായിരുന്നു. ഹെമിംഗ്‌വേയുടെ കിഴവനും കടലും തേടുകയായിരുന്നു നിമ്മിയും കണ്ണനും. നിമ്മി വായിച്ചതായിരുന്നു ആ വിശിഷ്ട നോവൽ. തലേന്ന് വർത്തമാനത്തിനിടയിൽ അവർക്കിടയിലേക്ക് കിഴവനും കടലും കടന്നുവന്നിരുന്നു. എൻ.പ്രഭാകരന്റെ തീയൂർ രേഖകൾ വായിച്ചതിന്റെ തെളിച്ചത്തിൽ ദേശവും ഭൂപ്രക്രുതിയും മലയാള നോവലിൽ എന്ന വിഷയം അവർ അഴിക്കുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരം ഉണ്ടായിട്ടും മലയാളിയുടെ എഴുത്തിലേക്ക് ഉപ്പുവെള്ളത്തിന്റെ സംഗതികൾ കടന്നുവന്നിട്ടില്ലെന്നത് നിമ്മി കണ്ണനായി അടയാളപ്പെടുത്തി. ചെമ്മീൻ ഒരു കടൽ നോവലേയല്ലെന്നും അവൾ പറഞ്ഞു. അനന്തത എന്നതിന്റെ സൂചകമാണ് സമുദ്രം. അത്രയും പ്രത്യക്ഷമായി മറ്റൊന്നും മലയാളിയുടെ മുന്നിൽ അനന്തതയെ കൊണ്ടുവരുന്നില്ല. സാധാരണ ജീവിതത്തിന്റെ അളവതിരുകൾ കടന്നുനിൽക്കുന്ന ജലധികൾ സാഹിത്യത്തെ അനേകം ഭാഷകളിൽ ആഴപ്പെടുത്തിയതിന്റെ ഉദാഹരണമായാണ് നിമ്മി കിഴവനും കടലും അവന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. കടൽ നമ്മുടെ എഴുത്തിലും ആഴപ്പെട്ടിരുന്നെങ്കിൽ മലയാളിയുടെ ആന്തരിക ജീവിതത്തിലും ആ ഗംഭീരത മിന്നിത്തെളിയുമായിരുന്നു. ശ്രീനാരായണനെന്ന മഹാസമുദ്രത്തെ നമുക്ക് ഉൾക്കൊള്ളാനാവാതെ പോയതിനും വേറെ കാരണങ്ങൾ തിരയേണ്ടതില്ലെന്നും നിമ്മി അഭിപ്രായപ്പെട്ടു.

തുടക്കത്തിലെ അവതരണഭാഗം കഴിഞ്ഞാൽ ഹെമിംഗ്‌വേയുടെ നോവലിൽ സാന്തിയാഗോ എന്ന കിളവനായ മീൻ പിടുത്തക്കാരനും അനന്തമായ കടലും കത്തുന്ന സൂര്യനും ഒരേസമയം വേട്ടക്കാരനും ഇരയുമായ ആ കൊമ്പൻ മീനും മാത്രമേയുള്ളു. അതുവെച്ചുകൊണ്ടുള്ള വിദഗ്ധമായ കളിയാണ് ആഖ്യാനം. സകല ദേശകാലങ്ങളിലുമുള്ള മനുഷ്യരുടെ ജീവിതത്തെ സാന്തിയാഗോ പ്രകാശിപ്പിക്കുന്നു. ഒരു ക്ലാസിക് പിറക്കുന്നത് അങ്ങിനെയാണ്. ആദ്യം നമുക്ക് തോന്നും അത് വെള്ളക്കാരന്റെ മറ്റൊരു കടലോരക്കഥയാണെന്ന്. പിന്നെയത് ലോകത്തെവിടെയുമുള്ള മീൻ വേട്ടയുടെ കഥയായി മാറുന്നു. പിന്നെയത് മാനവനും പ്രകൃതിയുമായുള്ള പോരാട്ടമായി പരിണാമപ്പെടുന്നു. പ്രതിദ്വന്ദികൾ നോവലിന്റെ ആ്യാനക്കളം നിറഞ്ഞാടുന്നു. നന്മയും തിന്മയും, മനുഷ്യനും ഇതര ജീവജാലങ്ങളും, ശരിയും തെറ്റും, ദൈവവും മനുഷ്യനും അങ്ങിനെയങ്ങിനെ ദ്വന്ദ്വങ്ങൾ പെരുകുന്നു. ഹെമിംഗ്‌വേ സകലമനുഷ്യർക്കുമായുള്ള ക്ലാസിക് പരുവപ്പെടുത്തുന്നു. ഏത് ലോകഭാഷയിലെ മനുഷ്യർക്കും കിഴവനും കടലും എക്കാലവും പ്രിയമാകുന്നു.

നിമ്മിയെ പിടിച്ച് കുലുക്കിയ എന്തിനെക്കുറിച്ച് പറയുമ്പോളും അത് തീവ്രമായിരിക്കും. നിമ്മിക്കുള്ളിലെ നിമ്മി അപ്പോൾ അവളുടെ മുത്ത് ജ്വലിച്ചുനിൽക്കും. കണ്ണൻ അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവനറിയാവുന്ന ഏറ്റവും മികച്ച മനുഷ്യജീവി നിമ്മിയായിരുന്നു. അഴകും അവൾക്കായിരുന്നു. പ്രസന്നതയും പ്രസാദവും അവൾക്കായിരുന്നു. അറിവും ബോധവും അവൾക്കുള്ളത്ര പുതുമയോടെ മറ്റാരിലും അവൻ കണ്ടില്ല. അങ്ങിനെയുള്ള നിമ്മിയെ ഇത്രമേൽ അകമേ തൊടണമെങ്കിൽ അതൊരസാധാരണ പുസ്തകമായിരിക്കും. പുസ്തകങ്ങളുടേത് അനന്യമായ ജീവിതം തന്നെ. അവയുടെ ഉള്ളിലുള്ളത്രയും ജീവൻ മറ്റൊന്നിലും കുമിയുന്നുണ്ടാവില്ല. നമ്മൾ അറിഞ്ഞെടുക്കണമെന്നേയുള്ളൂ.

അങ്ങനെയാണ് അവർ കിഴവനെയും കടലിനെയും തേടി ലൈബ്രറിയിൽ എത്തിയത്. വളരെ കുറച്ചുപേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. ലൈബ്രേറിയൻ അയാളുടെ കസാലയിൽ ചടഞ്ഞിരുന്നു. രജിസ്റ്ററുകൾ അയാൾക്ക് മുന്നിൽ മലർന്നിരുന്നു. പുസ്തകങ്ങൾ കൊടുക്കാനും എടുക്കാനുമെത്തുന്നവർ സ്വയം അതെഴുതിച്ചേർക്കുന്നത് അയാൾ കൺകോണുകളിലൂടെ കാണുന്നുണ്ടായിരുന്നു. വാർദ്ധ്യക്യത്തിലെത്തിയ ഒരു ദൈവവിഗ്രഹത്തെപ്പോലെ സകലവും കാണുന്ന ഒരു സാക്ഷിയായിരിക്കാൻ ആ ഗ്രന്ഥാലയ വിചാരിപ്പുകാരൻ അഭിലഷിച്ചു. സാന്നിദ്ധ്യം കൊണ്ട് മാത്രം സകലത്തെയും ക്രമപ്പെടുത്താനും ചലിപ്പിക്കാനും തനിക്കാവുമെന്ന് അയാൾ നിനച്ചു. വരുകയും പോവുകയും ചെയ്യുന്നവരെ വിരസതയോടെ അയാൾ കണ്ടു. ആ ഗ്രന്ഥാലോകം തന്നെ വിരസതയിൽ മുക്കിക്കൊല്ലുകയാണെന്ന് അയാൾ ഭാവിച്ചു. ഇടയ്ക്ക് കോട്ടുവാ വിട്ടും ഉദ്ദേശരഹിതമായി മിഴികളെറിഞ്ഞ് അയാൾ ചടഞ്ഞു. അപ്പോഴാണ് നിമ്മിയും കണ്ണനും കയറിവന്നത്. അതോടെ ലൈബ്രേറിയന് ലോകപ്രിയത കൈവന്നു. മുന്നോട്ടുചാഞ്ഞ് അയാൾ രജിസ്റ്ററുകളിൽ കണ്ണോടിക്കുന്നതായി ഭാവിച്ചു. സി.വി.ബാലകൃഷ്​ണന്റെ ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അയാൾക്ക് നൽകിയിട്ട് കണ്ണനുമായി നിമ്മി വിവർത്തനങ്ങളുടെ ഭാഗത്തേക്ക് നടന്നു. അപ്പോഴും താഴ്ന്ന ഒച്ചയിൽ അവർ മിണ്ടിപ്പറയുന്നുണ്ടായിരുന്നു. പിൻനിരയിലെ ഷെൽഫുകളിൽ ഒന്നിലായിരുന്നു മൊഴി മാറിയ ക്രുതികൾ. കഷ്ടിച്ച് രണ്ടുപേർക്ക് നിൽക്കാവുന്ന ഇടമേ ആ ഷെൽഫുകൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. ഇരിപ്പിടത്തിൽ നിന്നും ലൈബ്രേറിയന് അവരെ കാണുക അസാദ്ധ്യമായിരുന്നു. എന്നിട്ടും ആകാവുന്ന ഇന്ദ്രിയങ്ങളെല്ലാം അയാൾ അങ്ങോട്ടേക്ക് തിരിച്ചുവച്ചു. ഒച്ചയനക്കങ്ങൾ തവിഞ്ഞ ആ പുസ്തകപ്പുരയിൽ കേൾക്കാമായിരുന്നത് നിമ്മിയുടെയും കണ്ണന്റെയും മിണ്ടിപ്പറയലുകൾ മാത്രമായിരുന്നു. തീരെ താഴ്ന്ന ഒച്ചയിൽ ആയിരുന്നതിനാൽ അത് അവർക്ക് രണ്ടുപേർക്കും മാത്രമേ അർത്ഥമുള്ളതായുള്ളു. നോവൽ വായിച്ചുകഴിഞ്ഞ് അതിലെ കഥ ഓർമ്മയിൽ മങ്ങിയ ശേഷവും ജീവിതത്തെ സവിശേഷമായി ആ നോവൽ വായന ആഴത്തിൽ നമ്മുടെ മനസ്സിൽ നീറ്റുന്നുണ്ടെങ്കിൽ അതാവും നല്ല മികച്ച നോവലിന്റെ ലക്ഷണമെന്ന് പി.കെ.രാജശേരൻ എവിടെയോ എഴുതിയിട്ടുണ്ട്. അത് ബുക്‌സ്റ്റാൾജിയായിൽ ആണെന്ന് തോന്നുന്നുവെന്ന് നിമ്മി കണ്ണനോട് പറയുകയായിരുന്നു.

പുസ്തകത്തെ തൊട്ടറിയാമെന്ന പോലെ അവൾ കൈവിരലുകളാൽ കിഴവനെയും കടലിനെയും പരതി. ഒപ്പം മും തിരിച്ച് കണ്ണനോട് മിണ്ടി. അവരുടെ മുങ്ങൾ തോട്ടരികിലായി. നിശ്വാസങ്ങൾ തമ്മിൽ കലർന്നു. പുസ്തകപ്പൊടി കലർന്ന വായുവിൽ നിന്നും അവർ പ്രാണവായുവിനെ വേർതിരിച്ചെടുത്തു. അവർക്കിടയിൽ ഒട്ടും ഇടം ഇല്ലായിരുന്നു. ഒരു കടലാസ് താൾ അവരുടെ മുങ്ങൾക്കിടയിൽ വച്ചിരുന്നെങ്കിൽ അത് വിറകൊണ്ട് അവിടെത്തന്നെ നിൽക്കുമായിരുന്നു. പറയുന്നതിലെ ഏകാഗ്രതയിൽ നിമ്മി അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കണ്ണന്റെ ഉള്ളിൽ കടൽ ജീവനാർന്നുവന്നു. പുസ്തകങ്ങൾക്കിടയിൽ വച്ച് അന്നേരം അവളെ ചുംബിക്കണമെന്ന് കണ്ണന് തോന്നി. അന്നേരം തന്നെ അവനുപിന്നിൽ ലൈബ്രേറിയൻ നടന്നടുത്തു.

"നിങ്ങളിവിടെ എന്തെടുക്കുകയാണ്? പുസ്തകം തിരയുകയോ അതോ...?' ആ ഗ്രന്ഥാലയ വിചാരിപ്പുകാരൻ അലറിപ്പറഞ്ഞു. കണ്ണന്റെ ചുണ്ടുകൾ നിമ്മിയെ ഉരുമ്മിത്തിരിഞ്ഞ് അയാളെ നോക്കി. ‘ഞാനെല്ലാം അറിയുന്നുണ്ട്. ഒളിക്കാൻ ശ്രമിക്കുന്നതെല്ലാം കൂടുതൽ തെളിയുന്ന ഇടമാണ് പുസ്തകപ്പുരകളെന്നത് മറക്കരുത്.'

സ്‌നേഹം കുമിയുന്ന കാരുണ്യത്തോടെ നിമ്മി ആ വരണ്ട മനുഷ്യനെ നോക്കി.

‘ഞങ്ങൾ പ്രണയിക്കുകയായിരുന്നു. പുസ്തകങ്ങൾക്ക് പ്രണയം ഇഷ്ടമണ്. നിറം മങ്ങിപ്പോയ പുസ്തകങ്ങൾ അവ വീണ്ടെടുത്ത് തുടുക്കുന്നത് കാണുന്നില്ലേ?'.

കണ്ണൻ തുറന്ന മിഴികളോടെ നിമ്മിയെ നോക്കി. അവളുടെ മുത്ത് പതിവ് ലാഘവത്വം മാത്രം. കണ്ണനോടും അവൾ പുഞ്ചിരികൊണ്ടു. നടക്കെടാ എന്ന് പറഞ്ഞുകൊണ്ട് നിമ്മി കണ്ണന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു. പുറത്ത് പതിവ് സൂര്യനും ചരാചരങ്ങളും മാത്രം.

അതവിടെ അവസാനിക്കുകയാണെന്നേ നിമ്മി കരുതിയുള്ളു. അവർ ഹെമിങ്‌വേയെ കണ്ടെത്തി ലൈബ്രറിയിൽ നിന്നും മടങ്ങുന്ന നേരവും ആ ഗ്രന്ഥാലയ വിചാരിപ്പുകാരന്റെ മുഖം കലുഷമായിരുന്നു. ചെവി ചായ്ച്ചിരുന്നെങ്കിൽ അയാൾ പല്ലിറുമുന്നത് അവർ കേൾക്കുമായിരുന്നു. ആത്മവിശ്വാസം ഇടിയുന്തോറും മനുഷ്യരുടെ ആന്തരികലോകം കൂടുതൽ കൂടുതൽ കലുഷമാകും. സകലരെയും സകലതെയും സംശയത്തോടെ കാണും. മനുഷ്യർക്ക് സഹജമായ ചെറിയ കുറവുകൾ പോലും മുഴച്ച് നിൽക്കുന്നതായി തോന്നും. ഇടയാനുള്ള വാസന പെരുകും. തന്നെ അവഗണിച്ചുകൊണ്ട് നിമ്മി പരസ്യമായി കണ്ണനോട് ചായുന്നത് അയാൾക്ക് അപമാനകരമായി തോന്നി. അച്'നാരെന്ന് തിട്ടമില്ലാത്ത ഒരുവൻ, അമ്മ കെട്ടിഞാന്ന് ചത്തവൻ മേനി നടിക്കുന്നതിൽ അയാൾ പ്രക്രുതിവിരുദ്ധത കണ്ടു. അത് അയാൾ പൊറുത്തില്ല. അങ്ങിനെയാണ് പള്ളിവികാരിക്കുള്ള പരാതി ഒരുങ്ങിയത്. ഒരു സഹസാഹിത്യവിശാരദന്റെ പേരിലായിരുന്നു ആ കത്ത്. ലൈബ്രേറിയനും കൂട്ടുകാരും കൂടുതൽ ബലത്തിനായി അതിൽ ഒപ്പുവച്ചു.

മധ്യവയസ്സ് കഴിഞ്ഞ ഒരുവനായിരുന്നുവെങ്കിലും നിമ്മിയെ കേൾക്കാൻ പള്ളിവികാരി തയ്യാറായി. സന്യാസിനിയിടത്തിൽ നിന്നും അനുവാദത്തോടെ എത്തിയ ഒരാൾ എന്ന പരിഗണനയും അതിലുണ്ടായിരുന്നു.

‘പണ്ടത്തെ കാലമൊന്നുമല്ല കൊച്ചേ ഇത്. ഇപ്പോളാർക്കും ദൈവവും ഭക്തിയുമൊന്നുമില്ല. മനുഷ്യർ പലവിധ കാരണങ്ങളാൽ നിലനിർത്തിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു സംവിധാനം. സഭയെന്നാൽ അത്രയേയുള്ളു. ക്രിസ്തു ഇവിടെങ്ങുമില്ല; ഇതിലൊന്നുമില്ല. നീ എന്തിനാ സന്യാസിയിടത്തിലേക്ക് പോയതെന്നോ ഒന്നോ രണ്ടോ കൊല്ലത്തെ ഇളവ് വാങ്ങി തിരികെയെത്തി ഇവിടെ തങ്ങുന്നതെന്തിനെന്നോ ഞാൻ ചോദിക്കുന്നില്ല. അതൊക്കെ നിന്റെ കാര്യം. ഇവിടെ എനിക്കൊരു പരാതി കിട്ടിയിട്ടുണ്ട്. അതിലൊപ്പിട്ടിരിക്കുന്നവരിൽ ഈ പള്ളിയുടെ ചില പ്രധാന നടത്തിപ്പുകാരുമുണ്ട്. എനിക്ക് അന്വേഷിക്കണം. കാര്യങ്ങൾ കഠിനപ്പെടുത്താതെ നീ തന്നെ പറഞ്ഞുതുടങ്ങ്.' വികാരി ഉദാരവാനായി.

നിമ്മി കാര്യങ്ങൾ വിശിദീകരിച്ചു. അവൾക്ക് ഒളിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. കണ്ണൻ കുഞ്ഞുനാൾ തൊട്ടുള്ള ചങ്ങാതിയാണെന്നും അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അവൾ തുറന്നുപറഞ്ഞു. അവളുടെ സ്വരം സൗമ്യവും ഒപ്പം ഉറച്ചതുമായിരുന്നു. സ്വാകാര്യതകളിലേക്ക് മറ്റുള്ളവർ അനാവശ്യമായി കടന്നുകയറുകയാണെന്ന് അവൾ നിനച്ചു. അതിലുള്ള അപ്രിയം മറച്ചുപിടിച്ചുമില്ല.

‘നീ സന്യാസിനിയിടത്തിൽ നിന്നും അവധിയിൽ എത്തിയയാളല്ലേ? ആൺകുട്ടികളുമായി നിനക്കെന്ത്? വായനയെയും ഉദ്യാനപരിപാലനത്തെയും ഏകാന്തതയെയുമല്ലേ നീ പ്രിയപ്പെടേണ്ടത്? നിനക്കെന്താ പെൺകുട്ടികൾ കൂട്ടുകാരായി ഇല്ലാത്തത്?'

ആ ചോദ്യങ്ങൾ നിമ്മിയെ ചൊടിപ്പിക്കുക തന്നെ ചെയ്തു. ‘ഇതെല്ലാം കഥയില്ലാത്ത ചോദ്യങ്ങളാണെന്ന് അച്ചനുതന്നെ അറിയാം. പുരുഷസുഹ്രുത്തുക്കൾ ഉണ്ടാവരുതെന്നത് സന്യാസത്തിന്റെ നിയമമാണോ? അങ്ങിനെയൊരു നിയമം എവിടെയുമില്ല. സഭയിലുമില്ല. ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ വഷളൻ പുരുഷാധിപത്യം മണക്കുന്ന പഴഞ്ചൻ ആലോചനകളാണെന്നത് അച്ചൻ കാണാത്തതെന്ത്? ഈ പരാതി എഴുതിയ ആ ലൈബ്രേറിയന്റെ അസുഖം വേറെയാണ്. അത് അച്ചനും അറിയാം.'

പള്ളിവികാരി അവളെ കടുപ്പിച്ച് നോക്കി. തന്റെ ശാസനാധികാരത്തിനുകീഴിൽ നിന്നും ഇവൾ കുതറുകയാണോ എന്ന സംശയമായിരുന്നു അയാളുടെ വിഷയം. സകലരും തന്റെ ശാസാനാധികാരത്തെ മാനിക്കുന്നു എന്ന പ്രതീതി നിർമ്മിച്ച് കാലം പോക്കുക എന്നതിൽ കവിഞ്ഞ യാതൊന്നിലും ആ പുരോഹിതൻ തത്പ്പരനായിരുന്നില്ല. ലോകഗതിയെ മനസ്സിലാക്കാനുള്ള മിടുക്ക് ദീർഘമായ സെമിനാരി പരിശീലനം അയാൾക്ക് നൽകിയിരുന്നു. അപ്പോഴും പൗരോഹിത്യത്തിന്റെ അതിജീവന വാസന അയാളിൽ പ്രവർത്തിച്ചു. മനസ്സിന്റെ ഏകാന്തതയെ മാത്രമേ അയാൾ ഭയത്തോടെ കണ്ടുള്ളു. എത്ര ഒഴിവാക്കാൻ പരിശ്രമിച്ചാലും ചിലപ്പോൾ അത്തരം അവസ്ഥയിലേക്ക് അയാൾ ഉരുണ്ടുവീണിരുന്നു. അപ്പോഴെല്ലാം പരമമായതിന്റെ മുന്നിൽ അകപ്പെട്ടവന്റെ വിവശതയിൽ അയാൾ നുറുങ്ങിപ്പോയിട്ടുണ്ട്.

അതിനാൽ നിമ്മിയുമായി അധികം സംസാരിക്കാൻ അയാൾ പ്രിയപ്പെട്ടില്ല. ഇവൾ ഇറങ്ങിപ്പോയാലും ഇവളുടെ ചോദ്യങ്ങളും സംശയങ്ങളും മറുതലിപ്പുകളും തന്റെ കൂടെ ഉണ്ടാകുമെന്നും അത് മനസ്സിനെ മറ്റെല്ലാത്തിൽ നിന്നും വിഘടിപ്പിച്ച് ഏകാന്തതയിലേക്ക് വലിച്ചിഴക്കുമെന്നും അയാൾ പേടിച്ചു. ദുസ്വപ്നങ്ങളെ പേടിച്ച് ഉറങ്ങാൻ മടിക്കുന്ന കുട്ടിയെപ്പോലായിരുന്നു ആ പള്ളിവികാരി. അതിനാലായിരുന്നു അയാൾ കൗശലത്തോടെ നിമ്മിയുടെ ചോദ്യങ്ങളെ കേട്ടില്ലെന്ന് നടിച്ചത്. അവ അയാളിൽ മുട്ടി അവിടെത്തന്നെ ചുറ്റിലുമായി ചിതറിക്കിടക്കുന്നതും ആ പാതിരി വ്യസനങ്ങളോടെ കാണുന്നുണ്ടായിരുന്നു. വായിക്കുന്നവർ എന്നും എവിടെയും കടച്ചിലുകാർ തന്നെ.

‘ഞാൻ നിന്നെ വിളിപ്പിച്ചത് ഇതൊന്നും വ്യവഹരിക്കാനല്ല. നിനക്കെതിരെ ഇടവകക്കാരുടെ പരാതിയുണ്ട്. നിന്നെ ശാസിക്കാനും തിരുത്താനും എനിക്ക് അധികാരവുമുണ്ട്. അത് ദൈവം തന്നതാണെന്നൊന്നും ഞാൻ നിന്നെ വിരട്ടുന്നില്ല. ജനങ്ങളുടെ സമ്മിതിയാണ് എന്റെ അധികാരത്തെ നിർമ്മിക്കുന്നത്. ജനാധിപത്യത്തിൽ ജനസമ്മിതിയാണല്ലോ സകലത്തെയും ന്യായപ്പെടുത്തുന്നത്. കാണപ്പെടാത്ത ദൈവത്തെക്കാളും ഞാനും നീയും കാണപ്പെടുന്ന പുരുഷാരത്തെ പേടിക്കണം. അവരുടെ പൊതുസമ്മിതിയെ മാനിക്കണം. മാനിക്കാത്തവർ കുലംകുത്തികൾ. ജനശത്രുക്കൾ'.

അത്രയും ഉച്ചരിച്ചപ്പോൾ ആ പള്ളിവികാരിക്ക് സ്വയം മതിപ്പ് തോന്നി. മനസ്സിന്റെ യുക്തിയെ വാക്കുകളിൽ വിജയകരമായി നിർമ്മിക്കാൻ തനിക്കായതിൽ അയാൾ അഭിമാനിയായി. ഇനി ഇവൾക്ക് തരിമ്പും കുതറാനാവില്ലെന്ന് അയാൾക്ക് തോന്നി. പെൺകുട്ടികൾക്ക് അടക്കവും ഒതുക്കവുമല്ലേ വേണ്ടത്. സന്യസാർത്ഥികൾക്ക് അതിത്തിരി അധികം ഉണ്ടാവണം.

കളി അവസാനിപ്പിക്കാൻ നിമ്മി തീരുമാനിച്ചു. അവസാനത്തെ പെനാലിറ്റിയിലേക്ക് നടന്നടുക്കുക തന്നെ. ചതഞ്ഞുചതഞ്ഞ് എങ്ങുമെത്താതെ ഇയാളുമായി ഇങ്ങിനെ തുടരുന്നത് ആർക്കും ഗുണം ചെയ്യില്ല. അവസാനത്തെ ഷോട്ട് നെഞ്ചിലേക്ക്. അതോടെ അയാളുടെ ജനസമ്മിതി രാഷ്ട്രീയം പൊളിയണം.

‘നമ്മളെന്തിനാ സംസാരിച്ച് സമയം പാഴാക്കുന്നത്. നമുക്ക് രണ്ടുപേർക്കും ചെയ്യാൻ ഇതിലും വലിയ കാര്യങ്ങളുണ്ട്. അച്ചന് ജനസമ്മിതിയെ താങ്ങണം. എനിക്ക് എന്റെ സ്വയം സമ്മിതിയെ പരിപാലിക്കണം. സന്യാസിനിയിടവുമായുള്ള എന്റെ ബന്ധം അവസാനിച്ചിട്ടില്ല. ഞാൻ മടങ്ങിപ്പോയേക്കാം; പോകാതിരുന്നേക്കാം. പക്ഷേ ഒരു മനുഷ്യ സ്ത്രീ എന്ന നിലയിലുള്ള എന്റെ സ്വാതന്ത്ര്യവും അവകാശാധികാരങ്ങളും ആർക്കും പണയം വച്ചിട്ടില്ല. അത് എന്റെ പക്കൽ തന്നെയുണ്ട്'.

നിമ്മി ആ പുരോഹിതനെ മിഴികളാൽ കോർത്തു. അവളുടെ ഉള്ള് തിളകുത്തുന്നുണ്ടായിരുന്നു. ഉള്ളിലെ സത്യത്തെ പകരാതിരിക്കുന്നതെങ്ങിനെ? ഇയാളെയും സത്യം സ്വതന്ത്രനാക്കട്ടെ. ഉറപ്പോടെ അവൾ വാക്കുകൾ തിരഞ്ഞെടുത്തു.

‘ഈ പ്രദേശത്തെ ആകർഷണീയരായ യുവതികളുടെ മുൻനിരയിലാണ് ഞാനെന്നത് സന്യാസിനിയിടത്തിലേക്ക് പോകുന്നതിനുമുൻപേ എനിക്കറിവുള്ളതാണ്. ഏറ്റവും നല്ല ദേഹവും എന്റേതുതന്നെ. അതിന്റെ വടിവും തുടുപ്പും കണ്ടറിഞ്ഞിട്ടുമുണ്ട്. ഉടുപ്പുകൾ അതിനെ പൊലിപ്പിക്കുന്നതല്ലാതെ ഇല്ലാതാക്കുന്നില്ല. എങ്കിലും ദേഹവും അതിന്റെ ബലങ്ങളും ഇന്നുവരെ എന്നെ ഇളക്കിയിട്ടില്ല. വഴുവഴുപ്പും മെഴുമെഴുപ്പും വേണ്ടാത്ത ഒരുത്തി എന്റെ അകമേ ഉണ്ടല്ലോ. അതാണ് എന്റെ സത്യം. സന്യാസത്തിനായി ഇനിയും പാകമാകേണ്ടതുണ്ടെന്ന് തോന്നിയതിനാലാണ് മടങ്ങി വന്നിരിക്കുന്നത്. എന്റെ ഉള്ളത്തെ എനിക്കറിയാം. സന്യാസിനിയിടത്തിലേക്ക് മടങ്ങുന്നതിന് പകരം ഞാൻ കണ്ണന്റെ പ്രണയിനി ആയേക്കാം. അവനുമായി രതിയിൽ ഏർപ്പെട്ടേക്കാം. ഇതൊക്കെ എന്റെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ടതാണ്. എന്റെ ജീവിതത്തെ ഞാൻ നിർമ്മിച്ചുകൊള്ളാം. ആരും അതിൽ കൈകടത്തേണ്ട.'

തെല്ലുനേരം അവൾ ആ പുരോഹിതന്റെ കലങ്ങുന്ന മുഖം നോക്കി നിന്നു.

‘ബൈ’, നിമ്മി പുറത്തേക്കിറങ്ങി. അവൾ ഇറങ്ങിപ്പോയ ഇടത്തിൽ അവളുടെ ചോദ്യങ്ങളും വെല്ലുവിളികളും കുമിയുന്നത് ആ പുരോഹിതൻ അസഹ്യതയോടെ കണ്ടു.

അധ്യായം പത്ത്​

ള്ളിവികാരിയുമായുള്ള നേർക്കുനേർ നിമ്മിയുടെ അകത്തെ ബലിഷ്ഠമാക്കി. ഭയങ്ങൾ അകന്ന് അവൾ കരുത്തയായി. സ്വയം പരസ്യമായി ആവിഷ്‌ക്കരിക്കുന്നതിലെ ആനന്ദം പൊരുതിനിൽക്കാനുള്ള ഇടത്തെ അവൾക്കായി ഉറപ്പിച്ചു. ലോകത്തോടും തന്നോടുതന്നെയും അവൾ കോർത്തു. അകമ്പുറങ്ങളുടെ അന്തരത്തെ മറികടക്കാനാവുമെന്ന തോന്നൽ അവളിൽ ശക്തമായി. പലമയിൽ നിന്നും ഏകത്തിലേക്കും ഏകത്തിൽ നിന്നും പലമയിലേക്കും അവളുടെ ഉണ്മ പെൻഡുല നടനമാടി. അഴുക്കുകൾ ഒഴിഞ്ഞ അകം അവളെ പുഞ്ചിരി കൊള്ളിച്ചു. ഉപേക്ഷിച്ച നിധിവേട്ടക്കാരുടെ കൈപ്പുസ്തകം അവൾ തിരിച്ചെടുത്ത് വീണ്ടും വായിക്കാൻ തുടങ്ങി.

വിക്ടർ പുണ്യവാന്റെ ചതുരവും അതിൽനിന്നും പുറത്തേക്ക് പ്രസരിക്കുന്ന എട്ട് കാലുകളും വെളുത്ത ഡ്രോയിംഗ് ഷീറ്റിൽ നിമ്മി വരച്ചു. നാലുകോണുകളിൽ നിന്നും ഓരോന്ന്. ഒപ്പം നാല് വശങ്ങളുടെ നടുവിൽ നിന്ന് നാലെണ്ണവും. ആകെ എട്ട് കാലുകൾ. പിന്നീട് അവയെ ചുറ്റിച്ചേർത്ത് ക്രുത്യമായ വ്രുത്തവും. മുറിയിൽ അവൾ തനിച്ചായിരുന്നു. വാതിൽ ബന്ധിച്ചിരുന്നു. തറയിൽ ഡ്രോയിംഗ് ഷീറ്റ് വിടർത്തി അതിലാണ് ഏകാഗ്രതയോടെ നിമ്മി വിക്ടർ പുണ്യവാന്റെ അത്ഭുതചതുരം വരഞ്ഞത്. ഡയോക്ലീഷൻ കണ്ണുകൾ ചൂഴ്ന്ന് കളഞ്ഞപ്പോൾ വിക്ടർ പുണ്യവാൻ മനസ്സിൽ വരച്ചതാണ് വ്രുത്തത്തിനുള്ളിലെ ഈ ചതുരക്കളം. പിന്നീടത് മിഴിക്കളമായി. കാണാതെ കാണാവുന്ന പെരുങ്കളം. നിമ്മി മിഴികൾ പൂട്ടി കളത്തെ മനസ്സിലേക്ക് ആവാഹിച്ചു. പുണ്യവാന്റെ മിഴികളായി അത് തിളങ്ങി വന്നു. ഏകാഗ്രത മുറുകിയപ്പോൾ കളം തിരിയാൻ തുടങ്ങി. കൈപ്പുസ്തകത്തിലെ അറിവടയാളങ്ങൾ നിജമായി വന്നു. കളം താനേ തിരിയുന്നത് ഒരു സൂചനയാണ്. കാണപ്പെടുന്ന ലോകം കാണപ്പെടാത്ത ലോകത്തിലേക്ക് പണിയുന്ന ഒരു നൂൽപ്പാലം. നിമ്മി അത് അറിഞ്ഞു. നെറ്റി നിലംമുട്ടെ നമിച്ച് അവൾ പിൻവാങ്ങി. ഇപ്പോൾ ഇത്ര മതിയാകും. കളം വർക്കിംഗ് കണ്ടീഷനിലെത്തിയിരിക്കുന്നു. നിധിയിലേക്കുള്ള യാത്ര തുടങ്ങാൻ അതൊരു നൽവാഴ്‌വാണ്.

മനുഷ്യർ പതിവായി ചെയ്യുന്നതെല്ലാം ഓരോരോ അതിർത്തികൾക്കുള്ളിലാണ്. അതിർത്തികൾ കടന്നുകയറുന്നവർക്ക് പതിവ് അളവിലും കൂടുതൽ കിട്ടും. വളരെ വളരെ കൂടുതൽ. നിധിവേട്ട ആവിധമൊരു കടന്നുകയറലാണ്. അതിരുകൾ പൊളിച്ച് മനസ്സിനെ സ്വതന്ത്രമായി അറിയാനും അറിയിക്കാനും പറപ്പിച്ച് വിടും. മനസ്സിന്റെ പരിമിതത്വത്തെ തകർക്കും. അപ്പുറത്തുള്ളതിനെ ബോധത്തിനുള്ളിലേക്ക് കടത്തും. ഇന്ദ്രിയങ്ങൾ പുതുമയെ സ്വരൂപിക്കും. അറിയാത്ത ഇന്ദ്രിയങ്ങൾ ഉണർന്നുവരും. അളവതിരുകൾ മായും. നെബുലകളിൽ നവനക്ഷത്രങ്ങൾ ഉയിരാർന്നുവരും. നിമ്മി തന്നോടുതന്നെ മന്ദഹസിച്ചു. അനന്തത എന്ന ആശയം അവളെ എന്നും ഉണർത്തിയിരുന്നു. അമീബയിൽ നിന്നും ഇവിടം വരെ എത്തിയ മാനവന് ഇനിയും കടന്നുകയറാനുണ്ടെന്ന് അവൾ അറിഞ്ഞുവച്ചിരുന്നു. ഈ നൂറ്റാണ്ട് ഒടുങ്ങും മുൻപേ സകലവും പുതുക്കപ്പെടും. ഇതുവരെ കാണപ്പെടാതിരുന്ന പലതും കാണപ്പെടും. ഭയം ആനന്ദമായി പരിണാമപ്പെടും. നിധികളെല്ലാം വിവ്രുതമായി അതിന്റെ ഉടമകളോട് പുഞ്ചിരിക്കും.

കണ്ണനെ ഇതിലെല്ലാം പങ്കാളിയാക്കുന്നതായിരുന്നു നിമ്മിയുടെ മുന്നിലെ വലിയ വെല്ലുവിളി. പക്ഷേ അതല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ലായിരുന്നു. അവൾ സകലതിനും ഒരുക്കമായിരുന്നു. പലയാവർത്തി കൈപ്പുസ്തകം വായിച്ച് അതെല്ലാം മനസ്സിൽ ഉറപ്പിച്ചിരുന്നു. നിധി വേട്ടയ്ക്ക് ഇറങ്ങുന്നവർ ഒരിക്കലെങ്കിലും ഇണകളായി രതി അനുഷ്ടിച്ചവർ ആയിരിക്കണം. പലരുമായി രതി അനുഷ്ഠിച്ചവർ ആയിരിക്കരുത്. നൂൽബന്ധമില്ലാതെ ധ്യാനത്തിൽ വിക്ടർ പുണ്യവാന്റെ കളത്തിൽ കടന്നുനിന്നവരാകണം. നിധിവേട്ടയെ ഉദ്വേഗജനകമായ ഒരു സാഹസികതയായി കണ്ണൻ ഉൾക്കൊണ്ടിരുന്നു. കൈപ്പുസ്തത്തിലെ അനുഷ്ഠാനമുറകളിൽ ചിലത് അവനുമായി പങ്കിടുന്നതിൽ നിമ്മിക്ക് തുടക്കത്തിൽ ജാള്യത തോന്നിയിരുന്നു. അതിനാലാണ് അവൾ ആ പുസ്തകം തന്നെ ഉപേക്ഷിച്ചത്. എന്നാൽ ഇപ്പോൾ പള്ളിവികാരിയുടെ മുന്നിൽ സ്വയം ആവിഷ്‌ക്കരിച്ചതിന്റെ ധൈര്യത്തിൽ അവളുടെ ജാള്യത പിന്നാക്കം പോയി. നുള്ളിപ്പെറുക്കിയപ്പോൾ കണ്ണനുമുന്നിൽ അങ്ങിനെയൊരു മതിലിന്റെ ആവശ്യമില്ലെന്ന് അവൾക്ക് തോന്നി. എന്നിട്ടും വിമുത അവളെ തീർത്തും വിട്ടൊഴിഞ്ഞില്ല.

പൊഴിമുത്തെ ആദ്യ അനുഷ്ഠാനത്തിൽ കണ്ണനൊപ്പം നൂൽബന്ധമില്ലാതെ നിന്നതാണ്. പക്ഷേ അപ്പോൾ ഒരു ലബോറട്ടറി പരീക്ഷണത്തിന്റെ വികാരമില്ലായ്മ അവർക്കിടയിൽ ഉണ്ടായിരുന്നു. അത് നിമ്മി മനസ്സുറപ്പിച്ച് ചമച്ചെടുത്തതാണ്. എന്നിട്ടും കണ്ണനിൽ നിന്നും അത് അഴിഞ്ഞുപോകുന്നത് അവൾ കണ്ടു. പക്ഷേ ഉടനെ സമർത്ഥമായൊരു നീക്കത്തിലൂടെ അതിനെ വീണ്ടെടുക്കാനും അവൾക്കായി. അപ്പോഴും അവളുടെ ദേഹത്താൽ കണ്ണൻ മോഹിതനായി എന്ന വാസ്തവത്തെ അവൾ ഉള്ളിൽ അറിയാതിരുന്നില്ല. ഇണചേരണം എന്നത് അനുഷ്ഠാനമുറയുടെ ആവശ്യമായി അവനെ അറിയിക്കണോ അതോ അതൊന്നും വെളിപ്പെടുത്താതെ അവനെ ദേഹബന്ധത്തിലേക്ക് വശീകരിക്കണമോ എന്ന ചിന്തയും മനസ്സിൽ കടന്നുവന്നു. മൊഴികളിലൂടെയുള്ള വിനിമയത്തേക്കാൾ എളുപ്പമായി തോന്നിയത് ദേഹം കൊണ്ടുള്ള കളിയാട്ടമായിരുന്നു. എങ്കിലും അതിൽ കള്ളത്തരം കലരുന്നുണ്ടെന്ന തോന്നൽ നിമ്മിയെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

നിധി വേട്ടക്കാരുടെ കൈപ്പുസ്തകം കണ്ണന് വായിക്കാൻ നൽകിയാലും അവന്റെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് തടസ്സമാകും. നിമ്മി തന്നെ എല്ലാം വിശിദീകരിക്കേണ്ടിവരും. ഒടുവിൽ പല ദിനങ്ങളിലെ കൊടുക്കൽ വാങ്ങലുകളിലൂടെ അവനെ അനുഷ്ഠാനകരുടെ യോഗ്യതകളിലേക്ക് മെല്ലെ കൊണ്ടുവന്നു. പള്ളി മൈതാനത്ത് അനേകം മണിക്കൂറുകൾ അവർ ചിലവഴിച്ചു. മറ്റാരെങ്കിലും ഒപ്പമിരിക്കാൻ എത്തുമ്പോൾ അവർക്ക് വിഷയം മാറ്റേണ്ടിവന്നിരുന്നു. വൈകുന്നേരങ്ങളിലെ കുഞ്ഞുകുഞ്ഞു കൂട്ടങ്ങൾ മൈതാനത്ത് പതിവായിരുന്നതിനാൽ ആരും അതിൽ അസ്വാഭാവികത കണ്ടില്ല. തുറന്നയിടം എന്നതും സഹായകമായി. മറ്റ് കൂട്ടങ്ങളിൽ നിന്നും അകന്നിരിക്കാൻ അവർ ശ്രദ്ധ വച്ചു. പല ദിവസങ്ങളിലായി ഒന്നൊന്നായി പറഞ്ഞ് ഒടുവിലാണ് അനുഷ്ഠാന ഇണകൾ ഒരിക്കലെങ്കിലും രതിയിൽ ഒന്നിച്ചവർ ആയിരിക്കണമെന്ന നിബന്ധന അവന്റെ മുന്നിൽ വെളിപ്പെടുത്തിയത്. അപ്പോൾ അവന്റെ കണ്ണുകളിലുണ്ടായ തിളക്കവും ഉത്സാഹവും നിമ്മിയുടെ പ്രതീക്ഷകളെ അട്ടിമറിച്ചു. കണ്ണൻ തീർത്തും നിയന്ത്രണത്തിലായിരുന്നുവെങ്കിലും അവന്റെ മിഴികളുടെ സഞ്ചാരപഥങ്ങൾ മനസ്സിനെ തുറന്നുകാണിച്ചു. കെമിക്കൽ കമ്പനികൾക്കുള്ളിലെ രാസഗന്ധം പോലെ ഒഴിവാക്കാനാവാത്തതും സ്വാഭാവികവുമായ ഒന്നായി കണ്ണന്റെ താത്പ്പര്യത്തെ കാണാൻ അവൾ സ്വന്തം മനസ്സിനെ പാകം ചെയ്തു. ജീവിവർഗ്ഗങ്ങൾക്കിടയിലെ അനിവാര്യമായ ഒരിളക്കം. നിയന്ത്രണത്തിന് പുറത്തായാലേ അത് താളത്തകർച്ചകളിലേക്ക് കൊണ്ടുപോകൂ. കണ്ണനെ അക്കാര്യത്തിൽ അവൾക്ക് വിശ്വാസമായിരുന്നു.

നിധി മറഞ്ഞിരിക്കുന്ന ഇടം കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെപ്പടി. നാട്ടുവർത്തമാനങ്ങളും പഴമ്പുസ്തകങ്ങളിലെ പരാമർശനങ്ങളും പൊഴിമുത്തേക്ക് വിരൽ ചൂണ്ടിയിരുന്നെങ്കിലും ട്രഷർ ഹണ്ടേഴ്‌സ് ഹാൻഡ് ബുക്കുമായി അത് ഒത്തുവരേണ്ടതുണ്ടായിരുന്നു. അതിനും ചിട്ടകൾ ഉണ്ടായിരുന്നു. ആനച്ചുവടിനേക്കാൾ വലിയ ഒറ്റയിലയ്ക്കുള്ളിൽ വിക്ടർ പുണ്യവാന്റെ കളം വരക്കണം. പുതുതായി വിരിഞ്ഞ ചോരച്ചെമ്പരത്തിപ്പൂവിന്റെ ചാറുകൊണ്ടാവണം അത് വരയേണ്ടത്. കളത്തെ മനസ്സിലേക്ക് ആവാഹിക്കുമ്പോൾ അതിളകും. അന്നേരം ചെമ്പരത്തിച്ചാർ ദിശയെ കാട്ടിത്തരും. അത് പൊഴിമും അല്ലെങ്കിൽ സംഗതി സങ്കീർണ്ണമാകും. പുതിയ സൂചനകൾക്കായി നാട്ടുമനസ്സുകളിൽ പരതേണ്ടിവരും. അത് വിജയം ഉറപ്പില്ലാത്ത വഴിയാണ്. ആ വഴിയിൽ പരാജയവും കാത്തിരുന്നേക്കാം. പൊഴിമുത്ത് ഒരിക്കൽ നിധി മിഴിമുന്നിൽ തുളുമ്പിയതാണ്. പക്ഷേ കിട്ടിയില്ല. അനുഷ്ഠാനം പാളിയതുകൊണ്ടാണോ അതോ അതിന്റെ ഉടയോർ തങ്ങളല്ലാത്തതുകൊണ്ടാണോ? അതോ നിധിവേട്ട തന്നെ ഇല്ലാത്തതിനെ തേടിയുള്ള കിറുക്കാണോ? തമിഴരുടെ പഴമൊഴിയാണ് ഓർമ്മയിലെത്തിയത്. നർമ്മവും നിജവും ഒരേ അളവിൽ കലർന്ന പഴമൊഴി. മൈരെ (രോമത്തെ) പിഴുത് മലയെ ഇഴുത്താൽ വന്താൽ ഒരു മലൈ പോണാൽ ഒരു മൈർ.

തനിയെ ചിരിച്ചുവെങ്കിലും നിധി കണ്ടെത്താനുള്ള ശ്രമത്തെ അങ്ങിനെ ലാഘവപ്പെടുത്താൻ നിമ്മിക്ക് കഴിഞ്ഞില്ല. പ്രപഞ്ചം ഒരേസമയം ദ്രുശ്യവും അദ്രുശ്യവുമാണെന്ന അറിവ് അവളുടെ ആന്തരികതയുടെ ഭാഗമായിരുന്നു. നിധികളെ ചുറ്റിപ്പറ്റിയുള്ള നിഗൂഡലോകത്തെ അദ്രുശ്യമായതിന്റെ ഭാഗമായി അവൾ കണ്ടു. നിധികൾ കണ്ടെത്തി അവയുടെ ഉടമകളയവർ അവരുടെ ഗ്രാമത്തിലും അയൽ ഗ്രാമങ്ങളിലും ഉണ്ടെന്ന അറിവ് നിമ്മിയുടെ നിശ്ചയങ്ങളെ ബലപ്പെടുത്തി. പൊഴിമുത്ത് കണ്ട പൊന്നുരുളിയും കാപ്പിരി മുത്തപ്പനും മായക്കാഴ്ചകൾ അല്ലായിരുന്നുവെന്ന് കരുതുവാൻ അവൾ ഇഷ്ടപ്പെട്ടു. കണ്ണനും നിമ്മിക്കും ഇതൊന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുമായിരുന്നില്ല. തങ്ങൾക്ക് മാത്രമായി നിധിവേട്ടയുടെ ഒരു രഹസ്യലോകം അവർ പണിതു. അത് അവരുടെ മാത്രം ലോകമായിരുന്നു. അതിൽ എല്ലാം ഉണ്ടായിരുന്നു. ധനവും രതിയും അതീതസത്തകളും നിഗൂഢതകളും വിങ്ങുന്ന ഒരിടം. അതൊരു സമാന്തര ലോകം പോലെ അവർക്കുള്ളിൽ കുടികൊണ്ടു. ▮

(തുടരും)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments