ചിത്രീകരണം: ദേവപ്രകാശ്

നിധിവേട്ടക്കാരുടെ കൈപ്പുസ്തകം

അധ്യായം 13

പാതിരായുടെ ഇരുളിൽ കുതിർന്ന് കണ്ണൻ പടിക്കലെത്തിയപ്പോൾ നിമ്മി ഒരു കറുത്ത പൂച്ചയെപ്പോലെ ഒച്ചയില്ലാതെ ഇറങ്ങിവന്നു.

മഴ ചാറുന്നുണ്ടായിരുന്നു.

തീരെ നേർത്ത മഴക്കതിരുകൾ അവരെ തടഞ്ഞില്ല. ഉത്സാഹത്തെ കെടുത്തിയതുമില്ല.

ഇരുൾ കരുതിയതിലും കറുത്തിരുന്നു. മേൽവസ്​ത്രം പോലെ അതവരെ പൊതിഞ്ഞുപിടിച്ചു.

മനുഷ്യർ നേരത്തേ വീടണയുന്നതും നിദ്രയിലാകുവോളം മുഴുകുന്നതും നന്നായെന്ന് അവർ അറിഞ്ഞു. വഴി തീർത്തും വിജനമായിരുന്നു. വീടുകൾ വാതിലുകളടഞ്ഞ് ഏകാന്തതയുടെ മൗനം കനത്ത് തുരുത്തുകളായി മാറിയിരുന്നു. ചില പക്ഷികൾ മാത്രം വിചിത്രവും അപരിചിതവുമായ സ്വരങ്ങളാൽ കൊഴുത്ത ഇരുട്ടിനെ ഭയവഴികളിൽ ഉരുട്ടി. സകലവും നല്ലതെന്നറിഞ്ഞ് നിമ്മിയും കണ്ണനും സന്തോഷിച്ചു. ഭൗമവും അഭൗമവും തങ്ങളെ തഴുകുന്നതായി അവർ കരുതി.
പൊഴിമും വിജനമായിരുന്നു. കറുത്ത ചില നായ്ക്കൾ അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. അവയും നിശ്ശബ്ദതയെ ഭജ്ഞിച്ചില്ല.

കടലിലെ തിരകൾ ഒച്ചകുറച്ച് കരയെ തൊട്ടുരുമ്മിക്കൊണ്ടേയിരുന്നു. അത് നനുത്ത പതയെ സദാ അവശേഷിപ്പിച്ചു. കടലിനും പൊഴിക്കുമിടയിൽ പഞ്ചസാര മണൽ ഇരുളിൽ പുതഞ്ഞുകിടന്നു. പൊഴി മെത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും കറുത്ത നിറത്തിൽ ജലരാശി നിറഞ്ഞുനിന്നിരുന്നു. പായൽക്കൂട്ടങ്ങൾ എന്തോ കാണുന്നുണ്ടെന്ന മട്ടിൽ അനക്കമറ്റ് ജലത്തിനുമേൽ കിടന്നു. ജലം ഉറക്കത്തിലേക്കിറങ്ങുകയായിരുന്നു.

പൊഴിമുത്തുനിന്നും അൽപം അകലെയായി അധികം ഉയർന്നിട്ടില്ലാത്ത തെങ്ങിൻ കൂട്ടങ്ങൾ ഒരുക്കിയ ഇരുളിൽ നിമ്മിയും കണ്ണനും കാത്തുനിന്നു. നിമ്മി വിക്ടർ പുണ്യവാനെ അകമേ ധ്യാനിച്ചു. കണ്ണനൊത്ത് അടഞ്ഞമുറിയിലെ വിസ്താരമുള്ള വട്ടയിലയിൽ കയറിനിന്നതും ചോരച്ചെമ്പരുത്തിനീരിന്റെ ചാലുകളിലൂടെ ദിശ തെളിഞ്ഞുവന്നതും ആഹ്ലാദത്തിൽ മതിമറന്നതും പിന്നെ അവരിരുവരും ചേർന്ന് ചെയ്തതുമെല്ലാം നിമ്മി ഓർത്തെടുത്തു. കണ്ണന്റെ മുത്ത് തെളിമ മാത്രമേ അവൾ കണ്ടുള്ളു. അവന്റെ ഉള്ളിൽ ഇപ്പോൾ എന്താവും? അവളോ, നിധിയോ?

കുറച്ചുനേരം കൂടി നിമ്മി കാത്തു. സമയം പാകമാകാനുണ്ടെന്ന് അവൾക്ക് തോന്നി. കണ്ണുകൾ പൂട്ടി ഇന്ദ്രിയങ്ങൾ ഒതുക്കി അവൾ ഉണർന്നുനിന്നു.

നീണ്ട കരുത്തുറ്റ പച്ചത്തെങ്ങോലകൾ ആകാശങ്ങളെ മറച്ചുപിടിച്ചു.

വിക്ടർ പുണ്യവാന്റെ വിശിഷ്ട കളം അകത്ത് തെളിഞ്ഞുവന്നു. അതൊരടയാളമാണെന്ന് നിമ്മിക്ക് തോന്നി. ഉടുപ്പുകൾ ഉരിയാൻ അവൾ കണ്ണന് അടയാളം നൽകി. നൂൽബന്ധങ്ങൾ അണിയാത്ത ദേഹങ്ങൾ ഇരുളിൽ അവർക്ക് പരസ്പരം കാണാനായി.

കണ്ണൻ കുനിഞ്ഞ് അവളുടെ മിനുത്ത ചുണ്ടുകളിൽ മെല്ലെ ഉമ്മവച്ചു. അത്രയും തനിക്ക് ആകാമെന്ന് അവനുതോന്നി. നിമ്മി പ്രകാശവതിയായി. കൈകൾ കോർത്ത് അവർ പൊഴിമുത്തേക്ക് നടന്നു. പൊഴിത്തിട്ടയുടെ നടുവിൽ കടലിനും പൊഴിക്കും ഇടയിൽ അരുണന്റെ വഴിയെ അഭിമുീകരിച്ച് അവർ നിന്നു. സൂര്യൻ അപ്പോളുദിച്ചാൽ അവർ തങ്കവിഗ്രഹങ്ങൾ ആകുമായിരുന്നു.

പൊഴിവെള്ളം ഉറക്കത്തിലേക്ക് വഴുതിപ്പോയിരുന്നു.

കടലിന്റെ ഇളക്കങ്ങൾ കരയെ ഇളക്കിയില്ല. താറിത്തണുത്ത പൊഴിവെള്ളപ്പരപ്പിൽ നിമ്മിയും കണ്ണനും മിഴികൾ ഊന്നി. വട്ടയിലയിൽ ദേഹങ്ങൾ ചേർന്നുനിന്ന് പുണ്യവാനെ ധ്യാനിച്ചത് അവർ ഇരുവരും ഒരേസമയം ഓർത്തു. മനസ്സിനെയും ദേഹത്തെയും അതിൽ ഊന്നി. എല്ലാം മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു. ഇക്കുറി ഒന്നും പാളിപ്പോകരുത്. ജലത്തിൽ ചൂട് പടരുന്നത് അവർ അറിഞ്ഞു. വലിയൊരു വൃത്തത്തിൽ ജലോപരിതലം നുര കുത്താൻ തുടങ്ങി. മുന്നിൽ തെല്ലകലെയായി കാപ്പിരി മുത്തപ്പൻ ജീവൻ കൊണ്ടു. മുത്തപ്പന്റെ മുത്ത് പ്രസാദമെന്നറിഞ്ഞ് അവരുടെ ഉള്ളങ്ങൾ പ്രതീക്ഷാനിർഭരമായി. നുരകുത്തിയ ജലവട്ടത്തിൽ നിന്നും പൊന്നുരുളി പൊന്തി. നിന്നയിടത്തുനിന്നും ഇരുവരും ഇളകിയില്ല. മിഴികൾ പൊന്നുരുളിയിൽ നിന്നും മാറ്റിയതുമില്ല. ചെന്തീത്തിളക്കം പൊന്നുരുളിയെ ദീപ്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ അവർ മുങ്ങിനിന്നു. പൊന്നുരുളി മെല്ലെ അവരുടെ അരുകിലേക്ക് വരാൻ തുടങ്ങി. തീരെ മെല്ലെയായിരുന്നു ആ നീക്കം. നിമ്മി മന്ദഹസിച്ചു. കണ്ണൻ തിടുക്കപ്പെട്ടു. അവർക്ക് മുന്നിൽ തീത്തിളക്കവുമായി ആ നിധിയുരുളി വന്നെത്തി. അൽപം ഉയരത്തിലായിരുന്നു അതിന്റെ നില.

‘കണ്ണാ, അത് നമുക്ക് മുന്നില്ലെത്തും വരെ കാക്കുക. കൈയ്യെത്തിപ്പിടിക്കരുത്. നമ്മുടെ സമയം വരട്ടെ'- നിമ്മി മൃദുവായി കണ്ണനെ താക്കീത് ചെയ്തു.

പുഞ്ചിരിക്കും പോലെ പൊന്നുരുളി അങ്ങോട്ടുമിങ്ങോട്ടും ഇളകി. നിമ്മിയും കണ്ണനും അതിന്റെ താഴോട്ടിറക്കം കാത്തു. അവരെ നോക്കും പോലെ ഉരുളി ലേശം മുന്നോട്ട് ചരിഞ്ഞു. മുന്നിലെത്തിപ്പോയെന്ന് അവർക്ക് തോന്നി. ഇരുവരും കൈകൾ ഉയർത്താൻ ഒരുങ്ങവേ സകലവും മാഞ്ഞുപോയി.

പൊഴിമുത്തെ ഇരുളിൽ അവർ നഗ്നരായി അവശേഷിച്ചു.

കണ്ണൻ തകർന്ന് ഉടഞ്ഞു. ചുണ്ടിനും പാത്രത്തിനും ഇടയിൽ സകലവും നഷ്ടമാകുന്നതിന്റെ ഷോക്ക്​ അവനെ എടുത്തടിച്ചു. മോഹങ്ങൾ നിലമ്പറ്റെ വീണ് ചതഞ്ഞരയുകയാണെന്ന് അവന് തോന്നി. നിരാശയും കലിപ്പും അവനെ വട്ടം ചുഴറ്റി. നിമ്മി കുലുങ്ങാൻ തയ്യാറല്ലായിരുന്നു. ഇതൊക്കെ കടന്നുപോകുന്നതിന്റെ അവസ്ഥകളായി ഉൾക്കൊള്ളാൻ അവൾ ഒരുങ്ങിയിരുന്നു. എങ്കിലും കണ്ണന്റെ അവസ്ഥ മനസ്സിലാക്കി അവൾ അവനെ ചേർത്തുപിടിച്ചു. കണ്ണനും അവളെ അണച്ചു.

‘കണ്ണാ, ഒന്നും ഇവിടെ അവസാനിക്കുന്നില്ല. സകലതിനും തുടർച്ചകളുണ്ട്. മികവിലേക്കുള്ള കുതിപ്പും ഉണ്ട്. സങ്കടവും നിരാശയുമെല്ലാം കുടഞ്ഞുകളഞ്ഞേക്കൂ. അതൊന്നും നമുക്കുള്ളതല്ല. എവിടെയോ നമുക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. അല്ലാതെ ഇത്രയുമെത്തിയത് അകന്നുപോവില്ല. എല്ലാം വീണ്ടും പരിശോധിക്കണം. റിവ്യു ചെയ്യണം. പിഴവ് അറിയും വരെ അത് തുടരണം. ഇത് നമ്മുടെ മാത്രം മിഷൻ ആണ്. ഇനി ഇതിനെ എറിഞ്ഞുകളയാനും നമുക്കാവില്ല.'

നിമ്മിയുടെ സ്പർശവും വാക്കുകളും കണ്ണനെ തണുപ്പിച്ചു.

കൈകൾ കോർത്ത് നഗ്നതയെ സാരമാക്കാതെ അവർ സാവധാനം തെങ്ങിന്തോപ്പിലേക്ക് നടന്നുകയറി. ഉരിഞ്ഞുമാറ്റിയ ഉടുപ്പുകൾ വച്ചിരുന്നിടത്ത് അവരെത്തി. കണ്ണൻ പിന്നെയും നിമ്മിയെ ചേർത്തണച്ച് അവളുടെ ചുണ്ടിൽ ചുംബിച്ചു. നിമ്മി എതിർത്തില്ല. എങ്കിലും അവളെ ഊരിവച്ച ഉടുപ്പുകൾക്ക് മീതെയ്ക്ക് തള്ളിയിടാൻ ഒരുമ്പെടുകയാണെന്ന് കണ്ടപ്പോൾ അവൾ അവനെ ബലമായി അടർത്തിമാറ്റി.

‘അടങ്ങിനിന്ന് ഉടുപ്പിട്. ആരെങ്കിലും കാണും മുൻപ് നമുക്ക് ഇവിടം വിടാം. ബാക്കി എല്ലാത്തിനും സമയമുണ്ടല്ലോ.'

ഇരുട്ടിലും നിമ്മിയുടെ മുഖത്ത് ഒരു മന്ദഹാസമുണ്ടെന്ന് കണ്ണന് തോന്നി. അതവനെ സന്തോഷിപ്പിച്ചു.

വേഗം വസ്തങ്ങൾ ധരിച്ച് അവർ വീടുകളിലേക്ക് നടന്നെങ്കിലും അവർ ചെന്നെത്തിയത് പള്ളിമൈതാനത്ത് ആയിരുന്നു. ഒരിക്കൽക്കൂടി കണ്ണനുമായി ഇണചേരാൻ നിമ്മിയും അകമേ താത്പ്പര്യപ്പെട്ടു. മുറുക്കങ്ങളെല്ലാം അഴിയുമ്പോൾ പൊന്നുരുളി ഇക്കുറിയും കൈവിട്ടതിനെ കൂടുതൽ കരുതലോടെ വിശകലനം ചെയ്യാനാവുമെന്നും അവൾ കരുതി. മൈതാനത്തിന്റെ വിശാലതയും അതിനുള്ളിലെ വെളിച്ചം മങ്ങിയ ഇടങ്ങളും വാഗ്ദാനം ചെയ്ത സ്വകാര്യതയും അവരെ പ്രലോഭിപ്പിച്ചു.

അധ്യായം 14

പുലർച്ച നാലുമണിക്കുള്ള കുർബാനക്കെത്തിയവരാണ് മുഖവാരത്തിലെ തൂണുകൾക്കിടയിൽ ഉറങ്ങുകയായിരുന്ന നിമ്മിയെയും കണ്ണനെയും കണ്ടത്. മലർന്നുകിടന്ന് ഉറങ്ങിയിരുന്ന നിമ്മിയുടെ അരക്കെട്ടിൽ തല വച്ചാണ് കണ്ണൻ വശം ചരിഞ്ഞ് കിടന്നിരുന്നത്. അവരുടെ ഉടുപ്പുകൾ അലങ്കോലമായി കാണപ്പെട്ടു.

ആദ്യം എത്തിയവർ അടക്കത്തിൽ മിണ്ടിക്കൊണ്ട് അവരിൽ നിന്നും ലേശം അകന്ന് നിന്നു. രണ്ടുപേരുടെയും മുഖം കാണാമായിരുന്നതിനാൽ അവർ ആരെന്ന തർക്കം ആർക്കും ഉണ്ടായില്ല. ആരോ വികാരിയച്ചനെ വിവരം അറിയിക്കാനായി ഓടിപ്പോയി. അവിടെ കൂടിയവരിൽ മിക്കവരും മദ്ധ്യവയസ് കടന്നവരും സ്വർഗ്ഗം ഉറപ്പിച്ചവരും ആയിരുന്നു. നരകത്തെ ജീവൻ വയ്പിക്കുന്ന ഒരു കാഴ്ചയായി അവർ നിമ്മിയുടെയും കണ്ണന്റെയും കിടപ്പിനെ കണ്ടു. തങ്ങളുടെ സ്വർഗ്ഗയാത്രയെ ഈ യൗവനക്കാർ ഏതെങ്കിലും വിധത്തിൽ തടയുമോയെന്നും അവരിൽ ചിലർ രഹസ്യമായി ആശങ്കപ്പെട്ടു. തങ്ങൾ ഭൂമിയുടെ ഉപ്പും അവിടെ കിടക്കുന്നവർ ഭൂമിയുടെ കയ്പും ആണെന്ന് അവർക്കിടയിലെ ഒരു സുവിശേഷപ്രാസംഗികൻ പരസ്യമായി പറഞ്ഞു.

നസ്രാണികൾ ഈ വിധം ഉതപ്പിനെ തങ്ങളാലാവും വിധം നേരിട്ടുകൊണ്ടിരിക്കെയാണ് നമ്മുടെ ലൈബ്രേറിയൻ അവിടെ എത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ അവരെ അയാൾ തിരിച്ചറിഞ്ഞു. ആ സദാചാരനായകനെ ആ കാഴ്ച വിറളിപിടിപ്പിച്ചു. ഇത് കണ്ടുകൊണ്ട് ഇങ്ങിനെ മിണ്ടാതെ നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് അയാളിലെ സാംസ്‌കാരിക നായകൻ അലറുകതന്നെ ചെയ്തു. നിമ്മിയും കണ്ണനും ഇതൊന്നും അറിയാതെ അവരുടെ ഉറക്കം തുടരുകയായിരുന്നു. സത്യത്തിൽ അവരെ ഉണർത്താതെ ആ കാഴ്ച തുടർന്ന് കണ്ടുകൊണ്ടിരിക്കാനായിരുന്നു മിക്കവർക്കും താത്പ്പര്യം. അതിനാൽ ലൈബ്രേറിയൻ ഒച്ചയുയർത്തിയത് അവർക്ക് ഹിതമായില്ല. കണ്ണൻ ഒന്നുകൂടി വസം തിരിഞ്ഞുകിടന്നതല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ല.

ദേഹശുദ്ധിക്ക് വളരെ സമയം ആവശ്യമുള്ള ഒരാളായിരുന്നു പള്ളിവികാരി. വൃത്തിയെ ഒരു കിറുക്കുപോലെ കൊണ്ടാടിയിരുന്ന ആ പുരോഹിതന് ടോയ്ലറ്റിൽ ഏറെ സമയം വേണമായിരുന്നു. അതിൽ വ്യാപൃതനായിരുന്ന അയാൾ മുഖവാരത്തിലെ വിശേഷങ്ങളെ അവഗണിച്ചുകൊണ്ട് തന്റെ സ്വയം ശുദ്ധീകരണത്തിൽ മുഴുകി. നസ്രാണികൾ പാപത്തോട് ക്രുദ്ധരാകാത്തത് ലൈബ്രേറിയനെ ചൊടിപ്പിച്ചു. ആനവാതിൽ അതിക്രമിച്ച് കയറിയ അയാൾ ബലിയർപ്പണയിടത്തെ മുറിച്ച് സങ്കീർത്തിയിലേക്ക് കടന്നു. അവിടെ അപ്പവും വീഞ്ഞും ഒരുക്കുകയായിരുന്ന കപ്യാരോട് കൂട്ടമണിയടിക്കാൻ അയാൾ ആവശ്യപ്പെട്ടുവെങ്കിലും കപ്യാർ വിസമ്മതിച്ചു. ആനവാതിൽക്കൽ മാരകപാപം പരസ്യമായി അരങ്ങേറിയിട്ടും ഉദാസീനരായി തുടരുന്ന കപ്യാരും വികാരിയും സാത്താന് കൂട്ടുനിൽക്കുകയാണെന്നും ഇത് തുടരാൻ സത്യവിശ്വാസിയായ താൻ അനുവദിക്കില്ലെന്നും ആ ഗ്രന്ഥപ്പുര വിചാരിപ്പുകാരൻ ഗർവ്വിച്ചു. തുടർന്ന് കൂട്ടമണി അടിച്ചുകൊണ്ട് അയാൾ തന്റെ വിശ്വാസം പ്രഖ്യാപിച്ചു.

അതോടെ ഒറ്റയായും കൂട്ടമായും സമീപമുള്ളവർ പള്ളിയിലേക്ക് ഓടിക്കൂടാൻ തുടങ്ങി. അക്കൂട്ടത്തിൽ ലൈബ്രേറിയന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. വീറും വാശിയും പെരുത്ത ആ ണ്ഡനവിമർശകൻ പള്ളിക്ക് സമീപത്തെ കൂനയിൽ നിന്നും കുറേ കരിങ്കൽ കഷണങ്ങൾ വാരിയെടുത്തു. വ്യഭിചാരത്തിനുള്ള ശിക്ഷയെക്കുറിച്ച് അയാൾക്ക് നല്ല തിട്ടമുണ്ടായിരുന്നു. കാര്യമറിയാതെ അയാളെ പിഞ്ചെന്നവരും അത് അനുകരിച്ചു. അവർ മുഖവാരം ലക്ഷ്യമാക്കി അയാളെ അനുഗമിച്ചു.

കൂട്ടമണിയുടെ ഒച്ചയും ആൾക്കൂട്ടത്തിന്റെ വർദ്ധിച്ചുവന്ന ഘോഷവും നിമ്മിയെയും കണ്ണനെയും ഉണർത്തി. അവർ എഴുന്നേൽക്കും മുൻപ് ആദ്യത്തെ കരിങ്കൽച്ചീൾ നിമ്മിയുടെ മുഖത്ത് പതിച്ചു. അവൾ ചോര വാർന്ന് പിന്നാക്കം മലച്ചു. തുടർന്ന് അവിടെ കൂടിയിരുന്ന സകലരും കാര്യമെന്തെന്ന് തിരക്കാതെ തൂണുകളുടെ ഇടയിലേക്ക് കരിക്കൽച്ചീളുകൾ കോപത്തോടെ എറിയാൻ തുടങ്ങി. ആരോ അവിടെ വ്യഭിചാരം ചെയ്യുന്നുണ്ടെന്ന് ലൈബ്രേറിയൻ ഉത്സാഹത്തോടെ അവരെ ആവേശപ്പെടുത്തി.

പുരോഹിതൻ തന്റെ ശുദ്ധീകരണം തിടുക്കത്തിൽ പൂർത്തിയാക്കുന്നതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ഇടവക ജനങ്ങൾ തന്റെ ഏകാഗ്രതയെ സ്വരഘോഷത്താൽ ചിതറിക്കുന്നതിൽ അയാൾ കഠിനമായി അലോസരപ്പെട്ടു. അടുത്ത ഞായറാഴ്ചയിലെ പ്രസംഗം സ്വരം കൊണ്ട് പാപം ചെയ്യുന്ന വിശ്വാസികളെക്കുറിച്ചായിരിക്കണമെന്ന് അപ്പോൾത്തന്നെ ഉറപ്പിക്കുകയും ചെയ്തു.

കരിങ്കൽച്ചീളുകളിൽ നിന്ന്​ നിമ്മിയെ രക്ഷപെടുത്താനുള്ള പരിശ്രമത്തിൽ കണ്ണനാണ് അവയുടെ ആക്രമണം കൂടുതൽ ഏൽക്കേണ്ടിവന്നത്. ലൈബ്രേറിയനും അനുചര വൃന്ദവും കൃത്യമായി കണ്ണനെ ഉന്നമിട്ടു. ഒരു നസ്രാണിപ്പെണ്ണിനെ, അതും ഒരു സന്യാസിനിയെ പിഴപ്പിച്ചവൻ പള്ളിമുഖവാരത്തിൽ നിന്നും ജീവനോട് പോകരുതെന്ന് അയാൾ ഘോഷിച്ചു. ഇത് അവിശ്വാസികൾക്ക് ഒരു പാഠമായിരിക്കട്ടെ. കന്യാസ്​ത്രീകളെ തൊട്ടുകളിച്ചവർ അമ്മേക്കണ്ട് മടങ്ങീട്ടില്ല എന്ന് ഒരു കന്യാസ്​ത്രീഭക്തൻ ആർത്തുവിളിച്ചത് എല്ലാവരും ആവേശത്തോടെ ഏറ്റുവിളിച്ചു.

അതോടെ കല്ലുകളുടെ ലക്ഷ്യം കണ്ണൻ മാത്രമായി. ആ സമയം കേൾവി കുറഞ്ഞ കപ്യാർ മുഖവാരത്ത് നടക്കുന്നതൊന്നും അറിയാതെ കുർബാന തുടങ്ങുന്നതിനുള്ള ചെറിയ മണി മുഴക്കി. അതോടെ കുർബാനപ്പതിവുകാർ മുഖവാരത്തെ ഉപേക്ഷിച്ച് ബലിപീഠത്തിങ്കലേക്ക് പോയി. സ്വയം ശുദ്ധീകരണം പൂർത്തിയാക്കിയ പള്ളിവികാരി പവിത്ര വസ്തങ്ങൾ എടുത്തണിഞ്ഞ് അൾത്താരബാലകന്മാരാൽ പരിസേവിതനായി കർമ്മങ്ങൾ ആരംഭിച്ചു.

അതോടെ മുഖവാരത്തെ ആൾക്കൂട്ടം മെലിഞ്ഞു. ലൈബ്രേറിയനും ചില കൂട്ടുകാരും പിന്നെ കൂട്ടമണി കേട്ട് കൈലിമുണ്ടുടുത്തും അരക്കളസമണിഞ്ഞും അവിടെയെത്തിയ ചിലരും മാത്രം അവശേഷിച്ചു. പ്രാണൻ കഷ്ടിച്ച് രക്ഷപെട്ടുവെന്ന് നിമ്മിയും കണ്ണനും ആശ്വസിച്ചു. കണ്ണൻ ചോരയിൽ നനഞ്ഞ് ഈറനായിരുന്നു. അവന്റെ കൗമാരദേഹം തൊലിപൊളിഞ്ഞ് ചോരയിൽ ചുവന്നിരുന്നു. നിമ്മിയും കഠിനമായി മുറിവേറ്റിരുന്നു. അവൾ എഴുന്നേറ്റ് കണ്ണനെ പിടിച്ചുയർത്തി. അവനെ നെഞ്ചോടുചേർത്ത് നിമ്മി തൂണുകൾക്കിടയിൽ നിന്നും പുറത്തേക്ക് നടന്നുവന്നു. ലൈബ്രേറിയനും സംഘവും അവരെ കോപത്തോടെയും വെറുപ്പോടെയും നോക്കി. അവർ എന്തെങ്കിലും ഉച്ചരിക്കും മുൻപേ ചോരകലർന്ന തന്റെ തുപ്പൽ നിമ്മി അവന്റെ മുത്തേക്ക് ആഞ്ഞുതുപ്പി. അതവിടെ ഒഴുകിപ്പടർന്നു. അവളുടെ ആ ഊറ്റം അവർ പ്രതീക്ഷിച്ചിരുന്നില്ല.

മുഖവാരത്തെ വട്ടക്കല്ലിന്റെ പടികളിറങ്ങി അവർ മുന്നോട്ട് നടന്നു. നിമ്മിയുടെ ഊറ്റം കണ്ണനെ ഉണർത്തി. ചോരപ്പാടുകളും മുറിവുകളും അവർ പുറന്തള്ളി. ട്രൗസറിന്റെ പോക്കറ്റിൽ നിന്നും കണ്ണൻ എന്തോ പുറത്തെടുത്തു. കൈവെള്ള വിടർത്തി നിമ്മിയെ കാണിച്ചപ്പോൽ കണ്ണന്റെ കൈവെള്ളയിൽ ഒരു കുഞ്ഞുസൂര്യൻ തിളങ്ങുന്നുണ്ടായിരുന്നു.

‘പൊന്നുരുളി ചരിഞ്ഞപ്പോൾ എന്റെ മുന്നിലേക്ക് വീണതാണ്. കാപ്പിരി മുത്തപ്പന്റെ പ്രസാദം. നിന്റെ കഴുത്തിൽ ചാർത്താൻ എന്റെ വജ്രപ്പതക്കം'.

നിമ്മി അവനെ പുണർന്നു.

അകലെ ഷണ്മുവടിവേലുവും യുദീത്തായും അരുളപ്പനും തിടുക്കപ്പെട്ട് വരുന്നത് അവർക്ക് കാണാമായിരുന്നു. ലൈബ്രേറിയനും സംഘവും കുപിതരായി പള്ളിയുടെ മുഖവാരത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് അവർക്ക് തിട്ടമില്ലായിരുന്നു. ▮

(അവസാനിച്ചു)


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments