ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

വേരുകളുടെ വെളുത്തയറ്റങ്ങളിൽ മീനുകളുമ്മവയ്ക്കും നേരങ്ങളിൽ

നാല്: വേരുകളുടെ വെളുത്തയറ്റങ്ങളിൽ മീനുകളുമ്മവയ്ക്കും നേരങ്ങളിൽ

മേരിയെ കാണണം പോലെ എന്ന വാചകം കേട്ടുണർന്ന മുഴുവൻ ഓർമ്മകളും കൂട്ടമായി സോളമനു ചുറ്റും വന്നിരുന്നു. ഏതോ ഉത്സവപ്പറമ്പിൽ ചൂതുകളിക്കുന്നവർക്ക് ചുറ്റുമുള്ള ജനക്കൂട്ടത്തെ പോലെ പരസ്പരം പിറുപിറുക്കലുകൾ ഉണ്ടായിരുന്നുവെങ്കിലും മേരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് സോളമനോട് ചോദിക്കുവാൻ അവർക്ക് ധൈര്യം പോരായിരുന്നു. സോളമനാണെങ്കിൽ ഇരുപത്തിയൊന്നാം ഓർമ്മ പറഞ്ഞ പഴയ കാര്യങ്ങളോർത്ത് മേരിയോടുള്ള സ്‌നേഹവും സങ്കടവും തീവ്രമായി തിരിച്ച് വന്നതിൽ പെട്ട് ഉഴറുകയായിരുന്നു. താൻ എന്താണ് പറഞ്ഞതെന്നും എന്ത് കൊണ്ടാണത് പറഞ്ഞത് എന്നൊന്നും അയാൾക്ക് ആ സമയം ഓർക്കുവാൻ കഴിഞ്ഞില്ല. സോളമന്റെ അവസ്ഥ ഒന്നാമോർമ്മ മനസിലാക്കി. തലയിൽ ചോദ്യചിഹ്നങ്ങൾ നിറഞ്ഞ ഓർമ്മകളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നാം ഓർമ്മ ഇരുപത്തിയൊന്നാം ഓർമ്മയോട് തർക്കിച്ചു.

"നിങ്ങളുടെ കഥ പറച്ചിൽ രീതി ശരിയായി തോന്നുന്നില്ല. ഒന്നിൽ നിന്നും ഇരുപത്തിയൊന്നാം ഓർമ്മയിലേക്ക് നേരിട്ട് കടന്നതു കൊണ്ടാണോ എന്നറിയില്ല. അവർ കണ്ട സ്വപ്നങ്ങളും ആ ജിപ്‌സിയും എന്തുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് പോലും വിശദീകരിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.'
ഇരുപത്തിയൊന്നാം ഓർമ്മ കൈമലർത്തി."ഒരു പക്ഷേ അത് തൊട്ടടുത്ത ഓർമ്മയുമായി ബന്ധപ്പെട്ട് കിടക്കുകയായിരിക്കാം' "സോളമനു മേരി തന്നെ ഉപേക്ഷിച്ചത് എന്തിനെന്ന് അറിയുന്നതിനു ഈ ഒരേ ഒരു വഴി മാത്രമേയുള്ളൂ' "ഇത് സത്യം തന്നെയാണെന്ന് ആർക്കാണ് തീർച്ച?'' "എനിക്ക്' സോളമന്റെ ശബ്ദത്തിൽ കുറച്ചു ഓർമ്മകൾ ഒതുങ്ങി. "മേരി സോളമനെ ഉപേക്ഷിച്ച കാരണം കണ്ടെത്തുവാൻ ഒരു വഴിയുണ്ട്' "അതെന്താണ്?'' "നമ്മൾ തന്നെ. നമ്മളുടെ മുഴുവൻ കഥയും അറിയുന്നതിലൂടെ മേരിയുടെ വിടവാങ്ങലും മരണവും സംബന്ധിച്ച എന്തെങ്കിലും സൂചന സോളമനു ലഭിക്കും.'"പക്ഷെ മേരി ഇവിടെ നിന്നും പോകുന്നതു വരെയുള്ള ഓർമ്മകളല്ലേ ഇവിടുള്ളൂ.'"മതി. മേരി സോളമനെ ഉപേക്ഷിച്ച് പോയതിനു ഒരു കാരണം കാണും. ആ കാരണവുമായി ബന്ധപ്പെട്ടാകാം അവളുടെ മരണവും നടന്നു കാണുക. വി ഷുഡ് ടേക്ക് ദിസ് ചാൻസ്'"അതായത് ആദ്യം മുതൽ അവസാനം വരെയുള്ള മേരിയുടെ ജീവിതം അറിയണം' "എക്‌സാക്റ്റിലി'"മേരിയുടെ ആ യാത്ര മുൻകൂട്ടി തീരുമാനിച്ച ഒന്നായിരുന്നില്ല. അതിനു പ്രേരിപ്പിച്ച ഘടകമാണ് അറിയേണ്ടത്'"അതിനാദ്യമായി നമ്മൾ ആശയക്കുഴപ്പം ഒഴിവാക്കേണ്ടതുണ്ട്. ഓർമ്മകൾ സോർട്ട് ചെയ്യേണ്ടതുണ്ട്.' "കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് മേരിയുടെ കുട്ടിക്കാലത്തിനായിരിക്കും എന്ന് തോന്നുന്നു.' "എന്തിനു?' "മിക്കവാറും മനുഷ്യരുടെ പ്രശ്‌നങ്ങളുടെ വേരുകൾ ജലം സ്വീകരിക്കുന്നിടമാണത്' "അനാവശ്യമായ ഇടങ്ങൾ ഓടിച്ച് വിട്ട് കേൾക്കുകയോ 1.5 വേഗതയിൽ കഥ പറയിക്കുകയോ ചെയ്യാവുന്നതേയുള്ളൂ'
ഇരുപത്തിയൊന്നാം ഓർമ്മ കാത്ത് നിൽക്കാതെ ധൃതി കാണിച്ച് സ്വന്തം കഥ പറഞ്ഞതിൽ വിഷമിച്ച് തല കുനിച്ചു. ഇനി മുതൽ ഓർമ്മകൾ തിയ്യതിയുടെ അടിസ്ഥാനത്തിൽ ആരോഹണക്രമത്തിൽ കഥ പറയുക എന്ന തീരുമാനം ഒന്നാം ഓർമ്മ പിന്താങ്ങി. സോളമനത് ശരി വച്ചു. രണ്ടാമത്തെ ഓർമ്മ കൂട്ടത്തിൽ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആ കിടപ്പുമുറി സോളമൻ പഠിച്ച സ്‌കൂളിലെ X D ക്ലാസ് മുറിയായി മാറിയിരുന്നു. അധ്യാപകനായി സോളമനും കുട്ടികളായി ഓർമ്മകളും. മലയാളം സെക്കന്റ് ക്ലാസിൽ, പറഞ്ഞു കേട്ടൊരു കഥ പറയുവാൻ ഓരോരുത്തരോടും ആവശ്യപ്പെട്ട് അധ്യാപകൻ രണ്ടാമത്തെ വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു രണ്ടാമത്തെ വിദ്യാർഥി കഥ പറഞ്ഞു തുടങ്ങി.
ഇപ്പോൾ പറയുവാൻ പോകുന്ന ഈ ചരിത്രം പിതാമഹന്മാരുടെ ക്രോമസോമുകളിലൂടെ മേരിയുടെ ഓർമ്മകളിലേക്ക് ബീജസങ്കലനസമയം പകർന്നതായിരുന്നു. തന്റെ അപ്പനപ്പൂപ്പന്മാരുടെ സ്വഭാവം പകരുന്നതിനിടയിൽ സ്വാഭാവികമായി തന്നെ നടന്ന വസ്തുത കൈമാറ്റമായിരുന്നു ഈ ഓർമ്മ. മേരിക്ക് ലഭിച്ച ആദ്യ പാരമ്പര്യ സ്വത്ത്.

പ്രസവം കഴിഞ്ഞ് മുപ്പതാം നാൾ മേരിയുടെ അമ്മ മരിച്ചു പോയി. മരണത്തിന്റെ യഥാർത്ഥ കാരണം എന്തെന്ന് അന്വേഷിക്കുന്നതിനു പകരം മേരിയുടെ അപ്പൻ അമ്മയെ തൊഴിച്ചു കൊന്നു എന്നും കരിമ്പൂരാടക്കാരിയുടെ തലവെട്ടം കണ്ടതോടെ അമ്മ പുകയായി എന്നും നാട്ടുകാർ പറഞ്ഞുണ്ടാക്കി. പ്രസവം കഴിഞ്ഞ് തൊണ്ണൂറു ദിവസം പെണ്ണുവീട്ടിൽ കഴിയേണ്ടിയിരുന്ന മേരിയുടെ അമ്മ മരിക്കാൻ വേണ്ടിയായിരുന്നില്ല അപ്പന്റെ വീട്ടിലേക്ക് കുഞ്ഞിനേയും കൊണ്ട് വന്നു കയറിയത്. മേരിയുടെ അമ്മയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോക്കക്കാരായിരുന്നു. പ്രസവം നോക്കുന്നതിനും വല്ലതും വച്ച് വിളമ്പുന്നതിനും മേരിയുടെ അമ്മമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മറിച്ച് മേരിയുടെ അപ്പൻ വീട്ടുകാരാണെങ്കിൽ അമ്മവീട്ടുകാരേക്കാൾ ധനാഢ്യരായിരുന്നു. മേരിയെ നോക്കുന്നതിനും പണികളെടുക്കുന്നതിനും പുറം പണിക്ക് വരാറുള്ള കാളിത്തള്ളയെ ഏർപ്പാടാക്കിയിരുന്നു. അതുകൂടാതെ ഭർത്താവുപേക്ഷിച്ച മേരിയുടെ അപ്പന്റെ ബന്ധത്തിലുള്ള സഹോദരി അന്നമ്മേച്ചി സഹായത്തിനായി വീട്ടിലും ഉണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് യാതൊരു മാനസിക വിഷമതകളും കൂടാതെ മേരിയുടെ അമ്മമ്മ അവരെ ആലീസിലേക്ക് കൊണ്ടു ചെന്നാക്കി. മേരിയുടെ അപ്പന്റെ നാടിന്റെ പേരായിരുന്നു ആലീസ്. അങ്ങനെ പ്രസവത്തിന്റെ പതിനാലാം ദിവസം മേരിയെ ആലീസ് എന്ന ദേശം ഏറ്റെടുത്തു. പാൽ കുറവായിരുന്ന മേരിയുടെ അമ്മക്ക് പകരം മുട്ടക്കുന്നുകൾ പോലുള്ള മുലകളിലൂടെ ആലീസ് മേരിക്ക് പാൽ ചുരത്തി. ഭൂമിശാസ്ത്രപരമായും രണ്ടു കുന്നുകളാണ് ആലീസിൽ ഉണ്ടായിരുന്നത്. ചരിഞ്ഞ ഭാഗങ്ങളിൽ റബർത്തോട്ടങ്ങളോ തെങ്ങിൻ തോട്ടങ്ങളോ കൃഷിക്കാർ നട്ടു പിടിപ്പിച്ചു. ചരിവ് കുറഞ്ഞ ഇടങ്ങളിൽ നെൽകൃഷി ചെയ്തു. ബാക്കി ഭാഗങ്ങൾ കാടെടുത്തു. ആലീസ് പാവാടകണക്കെ തോട്ടങ്ങളെയണിഞ്ഞു. കാടിനേയും തോട്ടങ്ങളേയും വേർത്തിരിക്കുന്ന ഒരു കൂറ്റൻ ചുടലപ്പറമ്പ് ആലീസിലുള്ളവർക്ക് വഴികാട്ടിയായി. ഉയർന്ന ജാതിക്കാരുടെ പീഡനം സഹിക്ക വയ്യാതെ ക്രിസ്ത്യൻ മതത്തിലേക്ക് മതം മാറിയവരായിരുന്നു ആലീസിൽ ജീവിച്ച അൻപതു ശതമാനം ജനങ്ങളും. ചുടലക്കാടിനു സമീപം ജീവിച്ച ചിലർ ആഭരണങ്ങൾക്കായി ചുടല മാന്തി അത് വിറ്റ് കാട്ടു ചാരായം വലിച്ച് കുടിച്ച് ചങ്ക് കത്തിച്ചു. എന്നാൽ മൂന്നു കിലോമീറ്റർ ആലീസിനപ്പുറമുള്ള അങ്ങാടിക്ക് സമീപത്ത് പുതിയ പള്ളിയും സെമിത്തേരിയും വന്നതോടെ അനാഥ ശവങ്ങളെ മാത്രം ദഹിപ്പിക്കുന്ന തെമ്മാടിക്കുഴിയായി അവിടം. മണിയടിച്ചു കൊണ്ട് പോകാറുള്ള ഉന്തുവണ്ടി അനങ്ങാതായി. അതോടെ ആളുകൾ കൃഷിയിലേക്ക് തിരിഞ്ഞു. മേരിയോടുള്ള ആലീസിന്റെ മമതക്ക് കാരണമുണ്ടായിരുന്നു. ആലീസിനു ഈ പേരു ലഭിച്ചിട്ട് അധികകാലമായിട്ടില്ല. മേരിയുടെ അപ്പാപ്പന്റെ ചെറുപ്പക്കാലത്ത് കോരക്കുന്ന് എന്നായിരുന്നു ആലീസ് അറിയപ്പെട്ടിരുന്നത്. കോരക്കുന്ന് കയറി വലഞ്ഞ് വയ്യാഞ്ഞിട്ട് പൊലീസുകാർ കിതച്ചു, ശിപായികൾ സ്ഥലമാറ്റം വാങ്ങിപ്പോയി. അങ്ങനെയാണ് കോരക്കുന്നിനടിയിലുള്ള പൈലേട്ടന്റെ ചായക്കടയിൽ കോരക്കുന്നിലുള്ളവർക്കുള്ള കത്തുകൾ ഏൽപ്പിക്കുന്ന പതിവ് കണ്ടു തുടങ്ങിയത്. കുന്നു കയറുന്ന ആളുകൾ ഈ കത്തുകൾ കൃത്യവിലാസങ്ങളിൽ എത്തിച്ചു. മറ്റു ചിലർ, കത്തു വിവരം കേട്ടറിഞ്ഞ് പൈലേട്ടന്റെ കടയിൽ വന്ന് കത്ത് വാങ്ങുകയും ഒരു ചായ കുടിക്കുകയും ചെയ്തു. അതുകൊണ്ട് കത്ത് വിതരണത്തിൽ പൈലേട്ടന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല.

ചായക്കടക്കാരൻ പൈലേട്ടന്റെ മകളായിരുന്നു ആലീസ്. സുന്ദരിയായ അവളെ ആകാശം കാണിക്കാതെ പൈലേട്ടൻ വളർത്തി. ആകാശം കാണിക്കാതിരുന്നിട്ടും മയിൽപ്പീലി പെറ്റതു പോലെ ഒരു കാലവർഷം കഴിഞ്ഞ് തുലാവർഷത്തിലെ ആദ്യത്തെ മിന്നലിൽ ആലീസ് ഗർഭിണിയായത് പൈലേട്ടനറിഞ്ഞു. കാരണക്കാരൻ ആരെന്നു ചോദിക്കാതെ അന്നത്തെ മിന്നലിനു ശേഷമുണ്ടായ ഇടിവെട്ടിന്റെ ശബ്ദത്തിൽ മറഞ്ഞു നിന്ന് കയ്യ് കഴക്കുന്നതു വരെ അയാൾ ആലീസിനെ തല്ലി.

അന്നു രാത്രി വീടിറങ്ങി ചായപ്പീടികയിൽ പോയി ഉറങ്ങിയ പൈലേട്ടനെ ഭയന്ന് ആലീസ് കോരക്കുന്നു കയറി. മഴ കനത്ത് ചാറ്റലടിച്ചപ്പോൾ ചായപ്പീടികയിൽ നിന്നും വീട്ടിലേക്ക് വന്ന പൈലേട്ടൻ വീട്ടിൽ ആലീസിന്റെ അഭാവം കണ്ടുപിടിച്ചു. പീടികയിലെ പണിക്കാരനായ പാച്ചുവിനേയും രണ്ടു ബന്ധുക്കളേയും കൂട്ടി കോരക്കുന്നു മുഴുവൻ ആലീസിനെ അന്വേഷിച്ചുവെങ്കിലും പൈലേട്ടനവളെ കണ്ടു പിടിക്കുവാനായില്ല. എന്നാൽ നാലു ദിവസം കഴിഞ്ഞ് അർദ്ധരാത്രി മദ്യപിച്ച് കോരക്കുന്നു വഴി രമണിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ദേവസ്യേട്ടനോട് ആലീസ് ചുണ്ണാമ്പ് ചോദിച്ചു. വാരിയെല്ലുകളുടെ നടുവിലെ എല്ലിന്റെ അറ്റത്തുള്ള വിടവു വരേയും താണു കിടന്ന വെള്ളി കൊന്ത കാരണം മാത്രമാണ് അന്നു താൻ രക്ഷപ്പെട്ടത് എന്ന് ദേവസ്യേട്ടൻ കട്ടായം പറഞ്ഞു. തന്നെ സ്പർശിക്കാൻ ശ്രമിച്ച് നെഞ്ചിൽ കിടക്കുന്ന കുരിശിൽ നോക്കി ഭയപ്പെട്ട ആലീസിനെക്കുറിച്ച് ചായക്കടയിൽ വച്ച് വിശദീകരിച്ചപ്പോൾ കേട്ടുകൊണ്ടിരുന്നവരിൽ പൈലേട്ടന്റെ നെഞ്ച് മാത്രം വിങ്ങി. റബർ തോട്ടത്തിൽ പാലെടുക്കാൻ വന്നവർ പിന്നെയും ആലീസിനെ കണ്ടു. കണ്ടവരെല്ലാം ഓടി മറഞ്ഞു. മൊത്തം കഥകളും കേട്ടുകഴിഞ്ഞതിനു ശേഷം വിജയൻ കണിയാനാണ് പ്രശ്‌നം നോക്കി ആലീസ് ഉപദ്രവകാരിയല്ല എന്ന് സ്ഥാപിച്ചത്. എന്നാൽ ടാപ്പിങ്ങ് തൊഴിലാളിയായ അപ്പുണ്ണി പനമരത്തിനു കീഴിൽ തലകറങ്ങി വീണു കിടന്നതിനു ശേഷം കളി മാറി. ചായക്കടയിൽ നിന്നും കോരക്കുന്നു കയറി നായാട്ടിനു പോകുന്നവരോട് ആളുകൾ ആലീസിന്റെ അടുത്തേക്ക് പോകാണോ എന്നു ചോദിച്ചു തുടങ്ങി. ഇത് കേൾക്കാൻ വയ്യാതെ ചായക്കട മൊയ്തീനിക്കക്ക് വിറ്റ് പൈലേട്ടൻ നാട് വിട്ടപ്പോഴേക്കും ആ ചോദ്യം എങ്ങട്ടാ ആലീസിലേക്കാണോ എന്നായി ലോപിച്ചു.
ബ്രാഹ്മണർ മാർക്കം കൂടിയ തറവാടാണ് തന്റെതെന്നും വൈദ്യരത്‌നം സിസിലിയുടെ ഗ്രന്ഥം വീട്ടിലിരുന്ന് ദ്രവിച്ചു പോയതിനു ശേഷമാണ് തറവാട് ക്ഷയിച്ച് തുടങ്ങിയത് എന്നും വേണ്ടിടത്തും വേണ്ടാത്തിടത്തും പറയുന്ന ഒരു ശീലം മേരിയുടെ അപ്പാപ്പൻ വളർത്തിയെടുത്തിരുന്നു. റബർ എസ്റ്റേറ്റിൽ സൂപ്പർ വൈസറായിരുന്ന അദ്ദേഹം പുലർച്ച അഞ്ചു മണിക്കാണ് പണിക്ക് പോകുക പതിവ്. ആലീസിന്റെ സഞ്ചാര വീഥിയിലൂടെ എസ്റ്റേറ്റിലേക്ക് പോകുന്നതിനു കോരക്കുന്നിലെ മിക്കവരും ഭയപ്പെട്ടപ്പോഴും അപ്പാപ്പൻ മാത്രം പേടിയേതുമില്ലാതെ പുലർച്ചകളിൽ ആ വഴി സഞ്ചരിച്ചതിനു കാരണമുണ്ടായിരുന്നു. ആലീസിന്റെ സ്‌നേഹബന്ധം അറിയാവുന്ന മൂന്നാമതൊരാൾ അപ്പാപ്പനായിരുന്നു. കുട്ടിക്കാലത്ത് കൂടെ കളിച്ചു വളർന്ന, ഗീതാക്ലാസിലേക്ക് പോയ്‌ക്കൊണ്ടിരുന്ന ആനന്ദൻ വിവരിച്ച, സൂര്യഭഗവാനെ പ്രാർഥിച്ച് ഗർഭിണിയായ കുന്തിയുടെ കഥ ചെറുപ്പത്തിലേ അപ്പാപ്പനിൽ ആവേശമുണർത്തി. പള്ളിയിൽ പോകാതെ കാളകളിച്ച് നടന്നതിനാൽ വളരെ വൈകിയായിരുന്നു ബൈബിളിലെ കന്യാമറിയത്തിന്റെ യഥാർത്ഥ ചരിതം അപ്പാപ്പൻ അറിഞ്ഞത്. അതിനാൽ തന്നെ അത് അപ്പാപ്പനെ അധികം തൊടാതെ പോയി. എന്നാൽ ഒരു ദിവസം പുലർച്ചെ അഞ്ചര മണിക്ക് പണിക്ക് പോകുകയായിരുന്ന അപ്പാപ്പൻ തോട്ടത്തിനരികിൽ ആടുകളുടെ അസാധാരണ കരച്ചിൽ കേട്ട് എത്തി നോക്കുമ്പോൾ ആട്ടിൻ കൂടാരത്തിനിടയിൽ രണ്ട് മാംസപിണ്ഡങ്ങൾ പിണഞ്ഞു കിടക്കുകയായിരുന്നു. യേശുവിന്റെ അതേ മുഖച്ഛായയിൽ ഒരാൾ, ഇരുട്ട് വകഞ്ഞ് ആലീസിന്റെ നഗ്‌നതയെ പ്രഭാതത്തിന്റെ നീല നിറത്തിൽ പൊതിഞ്ഞ്, ആട്ടിങ്കുട്ടികളുടെ കൊഞ്ചലുകൾക്കിടയിൽ കിടപ്പുണ്ടായിരുന്നു. അപ്പാപ്പനെ കണ്ട് ആടുകൾക്കിടയിലേക്ക് ഓടിയൊളിച്ച ആലീസിനെ മറന്ന് അപ്പാപ്പൻ അയാളെ നോക്കി. വീടിന്റെ ഉമ്മറത്ത് വച്ചിട്ടുള്ള പുണ്യാളന്റെ ചിത്രത്തിലെ തലക്കു പിറകിൽ മുളച്ച സൂര്യരശ്മികളെ പോലെ ആട്ടിടയനു പിറകിൽ സൂര്യൻ പൊന്തി. അത് കണ്ട് പെട്ടന്നുള്ള വിഭ്രമത്തിൽ ഈശോയേ എന്നു വിളിച്ച് സ്വതവേ വിശ്വാസിയല്ലാത്ത പ്രാർഥനക്കാരനല്ലാത്ത അപ്പാപ്പൻ മുട്ടുകുത്തി കൈ കൂപ്പി. അതിനു ശേഷം പ്രത്യേകമായൊരു മമതയോടെയേ അപ്പാപ്പൻ ആലീസിനെ കണ്ടിരുന്നുള്ളു.

ലോകത്തിന്റെ സമാധാനത്തിനായി ദൈവ പുത്രൻ അവതരിക്കുമെന്ന് അപ്പാപ്പനേതാണ്ട് ഉറപ്പായത്, ശേഷം വന്ന ആലീസിന്റെ ഗർഭവാർത്തയിലൂടെയായിരുന്നു. പിറ്റേ ദിവസം ആലീസിനെ കാണാതായ വാർത്ത തെല്ലും വിശ്വസിച്ചില്ലെന്ന് മാത്രമല്ല ആലീസിനൊപ്പം കാണാതായ ആട്ടിടയൻ അവളേയും ദൈവപുത്രനേയും കൊണ്ട് സുരക്ഷിതമായ എങ്ങോട്ടോ നാടുവിട്ടെന്നും അപ്പാപ്പൻ ഉറപ്പിച്ചു. അതൊന്നുറപ്പിക്കുവാൻ ബൈബിൾ ഒരിക്കൽ കൂടി തപ്പി പിടിച്ച് ജോസഫിന്റേയും മേരിയുടേയും പലായനം വായിക്കുകയും ചെയ്തു. ഇതിനെപറ്റി പിന്നീട് ഒരിക്കൽ ആടുകളോട് സംസാരിച്ചപ്പോൾ ""എന്നോടൊന്നും ചോദിക്കണ്ട എനിക്കൊന്നു മറിയില്ലെന്റെപ്പനേ'' എന്ന് കാവിയാട് അയവെട്ടി പറഞ്ഞു. ""തെക്ക് നിന്നെങ്ങാണ്ട് വന്നതാണ് അങ്ങേര്. പച്ച കമ്യൂണിസ്റ്റിന്റേയും ചൗക്കയുടേയും വടികൾ വീശി ഞങ്ങളെ ഒതുക്കാൻ മിടുക്കനായിരുന്നു. തീറ്റക്കായി ഞങ്ങളേയും കൊണ്ട് കുന്നുകൾ കയറിയ അയാളുടെ വിചാരം ഞങ്ങൾ വെറും ആടുകൾ മാത്രമാണ് എന്നായിരുന്നു. ആൾസഞ്ചാരമില്ലാത്ത മാപ്ലേടെ തെങ്ങു പറമ്പിൽ ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ട് അയാൾ പച്ചിലക്കാടിൽ കിടന്നു ഉറങ്ങുമായിരുന്നു. തെങ്ങുകൾക്കിടയിൽ കീറിയ ചാലുകൾ പുല്ലുകൾ നിറഞ്ഞ് പരവതാനി പോലെ അന്ന് കാണപ്പെട്ടു. അതിനിടയിലൂടെ നീർക്കോലികളും മഞ്ഞ ചേരകളും ഇഴഞ്ഞു. മഴ നനഞ്ഞ് ജലം കെട്ടിക്കിടന്ന ചില ഭാഗങ്ങളിൽ എങ്ങ് നിന്നെന്നറിയാതെ പരൽ മീനുകൾ നിറഞ്ഞു. തവളകൾ ക്ലോസപ്പ് പത പുൽത്തുമ്പുകളിൽ ബാക്കി വച്ചു. ആകാശത്തെ നോക്കി കിടന്ന അയാളെ പച്ചിലകൾ വന്ന് മൂടി. ഒരു കൊക്കൂണിനെ പോലെ അതിനുള്ളിൽ ചുരുണ്ട് വസ്ത്രങ്ങളഴിച്ച് സ്വയംഭോഗത്തിലേക്ക് കടക്കുന്നതു കണ്ട കിങ്ങിണിയാടാണ് ഓടി വന്ന് മുട്ടനാടായ ജോണിയോട് കാര്യം പറഞ്ഞത്.

അങ്ങോട്ട് ഇനിയാരും കടക്കണ്ടയെന്ന് മറ്റെല്ലാ ആടുകൾക്കും ജോണി മുന്നറിയിപ്പ് കൊടുത്തു. അന്ന് രാത്രി ആട്ടിടയൻ തന്നെ പ്രാപിക്കുവാൻ ശ്രമിക്കുന്നത് കാൽമുട്ടുകൾ വരേയും മുലകൾ നീണ്ട കിങ്ങിണിയാട് സ്വപ്നം കണ്ട് മെ്‌ഹേ മെ്‌ഹേ എന്ന് കരഞ്ഞു. അതിനു ശേഷമാണ് ആലീസ് കടന്നു വന്നത്. പച്ചിലക്കാടുകൾക്കു പകരമവർ ഞങ്ങളെ ധരിച്ചു. ഞങ്ങൾക്കു മുൻപിൽ അവർക്ക് നാണമേതുമില്ലാതായി. രാത്രിയിൽ പ്രസവ വേദനയിൽ കരഞ്ഞ ആടിനു അവർ ഉറങ്ങാതെ കൂട്ടിരുന്നു. ക്ഷീണമകറ്റാൻ പച്ചപ്പാൽ കുടിച്ചും കുഞ്ഞാടുകളുടെ തളർന്നു കിടന്ന ചെവികൾ കൂട്ടികെട്ടിയിട്ടും മൈലാഞ്ചി ചെടികളുടെ വള്ളികളാൽ പരസ്പരം വാത്സല്യത്തോടെ അടിച്ചും അവർ സ്‌നേഹത്തിൽ മുഴുകി. നിഷ്‌കളങ്കയായ ആലീസിനെ അങ്ങോർ വഞ്ചിക്കുമെന്ന് അറിയുന്നതു കൊണ്ടു തന്നെയായിരുന്നു ഞാനടക്കമുള്ള ആടുകൾ അന്ന് അപ്പാപ്പൻ തോട്ടത്തിനരികിലൂടെ പോയപ്പോൾ ശബ്ദമുണ്ടാക്കി വിളിച്ചു വരുത്തിയത്. എന്നാൽ ആലീസിനെ കാണാതായ ദിവസം തന്നെ അയാൾ ഞങ്ങളെ വിട്ട് ഓടിപ്പോയി. കണ്ണുകളിലെ വിഷാദം ഞങ്ങൾക്ക് നൽകി, ചിത്രത്തുന്നലുള്ള ചാക്കു പോലുള്ള നീണ്ട വസ്ത്രം ഇവിടെ ബാക്കിയാക്കി ഒരു ഭീരുവിനെപ്പോലെ അങ്ങോർ മറഞ്ഞു.'' കാവിയാട് അയവെട്ട് നിർത്തി.

അപ്പാപ്പന്റെ മനസിൽ അന്ന് ഉയർന്ന ചോദ്യങ്ങൾക്ക്, തോട്ടത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു പുലർച്ചയിൽ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് കാര്യങ്ങളുടെ നിജസ്ഥിതി ആലീസ് വെളിപ്പെടുത്തുകയുണ്ടായി. കുളത്തിൽ മുങ്ങി കയറി വന്നതു പോലെ തുടക്കിടയിലൂടെ ചോരയൊലിപ്പിച്ചു കൊണ്ട് ആലീസ് വന്നു. ഇടിമിന്നലിന്റെ രാത്രിയിൽ പൈലേട്ടന്റെ കാൽമുട്ടു കൊണ്ടുള്ള താങ്ങിൽ അടിവയറു പൊത്തിപ്പിടഞ്ഞ ആലീസിനെ ആർക്കുമറിയില്ല. രക്തം വാർന്നു മരിച്ച അവളെ പാച്ചുവിന്റെയും മറ്റൊരു ബന്ധുവിന്റേയും സഹായത്തോടെ കോരക്കുന്നിലെ ചുടലക്കാട്ടിൽ അടക്കിയ പൈലേട്ടനെ ലോകവും അറിയില്ല.
"വിത്തിന്റെ തോട് പൊട്ടിച്ച് ഒരു മുള തല പൊന്തിച്ച് കൈകൾ ഈമ്പാനായി വന്നിരുന്നതേയുള്ളു. അതിനെ മണ്ണിലേക്ക് ചവിട്ടിത്താഴ്ത്തിയവരെ ഞാൻ വെറുതെ വിടുകയൊന്നുമില്ല. ' ആലീസ് ചീറി. റബർത്തോട്ടത്തിലെ കരിയിലകൾ പൈലേട്ടന്റെ ചായക്കടയിൽ ഇടതടവില്ലാതെ പറന്നിറങ്ങിയതും ചുട്ടു പൊള്ളുന്ന റബ്ബർ കായകൾ ചായകുടിച്ചവരുടെ പാദങ്ങൾക്കടിയിലെ തൊലി പൊള്ളിച്ചതും അപ്പാപ്പനോർത്തു. എന്നിട്ടും ആലീസിനോട് അപ്പാപ്പനൊരു ഭയവും തോന്നിയില്ല. അപ്പാപ്പൻ അവളെ ആശ്വസിപ്പിച്ചു. വയറിൽ തഴുകിയപ്പോൾ തുടയിടുക്കിലെ രക്തപ്പാച്ചിൽ നിലച്ചു. ആലീസ് തന്റെ കുഴിയിലേക്ക് തന്നെ അന്ന് തിരിച്ചു പോയി.
രണ്ടു ദിവസങ്ങൾക്ക് ശേഷം ആ കുഴിയിൽ നാട്ടുകാർക്കാർക്കും പേരറിയാത്ത ഒരു ചെടി പൊടിച്ചു വന്നു. അതിന്റെ വേരുകളിലൂടെ ആലീസ് ദേശമാകെ പടർന്നു. ആ നാടിന്റെ തണലായി അത് വേഗത്തിൽ ഉയർന്നു. കിളികളും പാമ്പുകളും പെരുച്ചാഴികളും വവ്വാലുകളും ഉറുമ്പുകളും തുടങ്ങി ജീവജാലങ്ങളെല്ലാം അതിൽ അഭയം തേടി. ആലീസിൽ നിന്നും സ്വതന്ത്രമായ ഊർജ്ജം ആ മരത്തിലൂടെ നാട്ടിലേക്ക് കുതിച്ച് ഒഴുകി. എല്ലാ ദിവസവും അപ്പാപ്പൻ ആ മരത്തിനു സമീപം നിൽക്കുന്നതും മരത്തിനു ഭീഷണിയായേക്കാവുന്ന ചെടികളെ പിഴുതു കളയുന്നതും കണ്ടിട്ടാകണം പണിക്കാരിലാരോ അതിനു താഴെ ത്രികോണ സദൃശ്യമായ ഒരു പാറക്കല്ല് കൊണ്ട് വച്ചത്. ദിവസങ്ങൾ പോകെ അതിൽ കളഭമോ മഞ്ഞ നിറത്തിലോ ചുവപ്പു നിറത്തിലോ ഉള്ള വരകളും കുറികളും കണ്ടു. പിന്നൊരു ദിവസം മെഴുകുതിരികളെ കണ്ടു. ആലീസ് മുത്തിയാകുകയായിരുന്നു. ആ നാടിന്റെ സംരക്ഷകയായ ആലീസുമുത്തി. കുഴിനഖവും അരിമ്പാറയും ഭേദമാകുന്നതിനായി പ്രാർഥിച്ച തോട്ടം പണിക്കാർക്ക് ഫലപ്രാപ്തി കൈ വന്നതോടെ മരം പൊഴിച്ച ഇലകൾ പോലെ കല്ലിനു ചുറ്റും ചില്ലറ പൈസകൾ വന്നു വീണു തുടങ്ങി. കാണാതായ തന്റെ പശുവിനെ കാണിച്ചു തരണേയെന്റെ ആലീസു മുത്തീ എന്നു പ്രാർഥിച്ച് കുമാരാപ്പൻ അഞ്ചു പൈസാത്തുട്ടാണ് എറിഞ്ഞു കൊടുത്തത്. കുമാരാപ്പൻ ആലീസ് മുത്തിയിൽ വിശ്വസിക്കുവാൻ കാരണമുണ്ട്. അങ്ങേരുടെ കള്ളുകുടി നിർത്തിയത് ആലീസ് മുത്തിയാണെന്ന് പരക്കെ ഒരു പറച്ചിലുണ്ട്. കള്ളുകുടിയൻ എന്ന ഇരട്ടപേരിനേക്കാൾ കള്ളു കട്ടു കുടിക്കുന്നതിൽ കുമാരാപ്പനു ഒരു പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. അതും തന്റെ സ്വന്തക്കാരുടെ പറമ്പിൽ നിന്ന്. ബ്ലേഡ് വക്കൽ, വയറിളക്കൽ എന്തൊക്കെ തന്ത്രങ്ങൾ പയറ്റിയിട്ടും അതിലൊന്നും കുമാരാപ്പൻ വീണില്ല. കട്ടു പോകുന്ന കള്ള് കുടിക്കുന്നതൊക്കെയും കുമാരാപ്പനാണ് എന്ന് ആകെ അറിയാവുന്നത് ഭാര്യ തങ്കമണിക്കായിരുന്നു. ആളുകളുടെ പറച്ചിൽ കേട്ട് സഹിക്കാൻ വയ്യാഞ്ഞ് കുമാരാപ്പന്റെ മുൻപിൽ വച്ചു തന്നെയാണ് തങ്കമണി ഭർത്താവിന്റെ ദു:ശീലം മാറുവാൻ ആലീസ് മുത്തിക്കു ഒരു കുല നേന്ത്രക്കായ നേർന്നത്. ഒരാഴ്ചക്കു ശേഷം കട്ടുകുടിച്ച്, വായിൽ കള്ളു മണത്തു വരികയായിരുന്ന രാത്രിയിൽ കുമാരാപ്പനു മുൻപിൽ ആലീസു മുത്തി പ്രത്യക്ഷപ്പെട്ടു. കള്ളിന്റെ ബലത്തിൽ ആലീസു മുത്തിയെ വക വക്കാതെ കൂസലില്ലാതെ വീടിന്റെ ഇടവഴിക്ക് കയറാൻ ശ്രമിച്ച കുമാരാപ്പനെതിരെ ആലീസ് മുത്തി ഒരു മുഴുവൻ തെങ്ങിൻ പട്ട ഓങ്ങി. അന്തരീക്ഷത്തിൽ പൊങ്ങി നിന്ന തെങ്ങിൻ പട്ടക്കു മുൻപിൽ സാഷ്ടാംഗം നമസ്‌കരിച്ച കുമാരാപ്പൻ പിറ്റേ ദിവസം പുലർച്ച നാലു മണിക്ക് പെയ്ത മഴ ചാറ്റലിലാണ് ബോധം വന്ന് എഴുന്നേറ്റത്.
കുമാരാപ്പന്റെ കഥയറിഞ്ഞ ദിവസം അപ്പാപ്പൻ വൃക്ഷത്തിനടുത്ത് വന്ന് ആലീസിനെ കണ്ടു. കുമാരാപ്പന്റെ അനന്തിരവൻ കൃഷ്ണനാണ് തന്റെ പേരിൽ അയാളെ ഭയപ്പെടുത്തിയതെന്ന് ആലീസ് അറിയിച്ചു. പറമ്പിൽ നിന്നും തേങ്ങ മോഷ്ടിക്കുന്നത് സ്വന്തം അനന്തിരവനാണെന്ന് കണ്ടുപിടിച്ചപ്പോൾ, മാതാപിതാക്കൾക്കു മുൻപിൽ വച്ച് ചെവിക്ക് പിടിച്ച കുമാരാപ്പനെ അനന്തിരവനായ കൃഷ്ണൻ നോട്ടമിട്ടിരുന്നു.

അയാളുടെ സഞ്ചാര വഴികൾ കണ്ടുപിടിച്ച് ഒരവസരം വരുന്നതിന് അവൻ കാത്തിരുന്നു. ഒരു ദിവസം വലിയ ഉയരമില്ലാത്ത തെങ്ങിൽ ഓന്തു കയറിക്കൂടും പോലെ കൃഷ്ണൻ കയറിക്കൂടി. കയറുമ്പോൾ താഴെക്കിടന്ന, ഉണങ്ങിയ ഒരു തെങ്ങിൻ പട്ടയിൽ കെട്ടിയ കയറും കൂടെ കൂട്ടിയിരുന്നു കൃഷ്ണൻ. കള്ളു കുടിച്ച മത്തിൽ ഏതോ ആട്ടുപാലത്തിൽ നടക്കും പോലെ ഇളകിയിളകി വന്ന കുമാരാപ്പനെ ആദ്യം താഴെക്കിടന്ന പട്ട അനക്കിയനക്കി കൃഷ്ണൻ ശ്രദ്ധയാകർഷിച്ചു. വല്ല പട്ടിയോ പൂച്ചയോ അതിനടുത്തു നിന്നു ഇളക്കുന്നതായിരിക്കും തെങ്ങിൻ പട്ടയെന്ന യുക്തിയെ മറിച്ചിട്ട് അത് മേല്‌പോട്ട് പൊന്തി. കള്ളുകുടിച്ചെങ്കിലും ഇപ്പോൾ സംഭവിക്കുന്നത് അമാനുഷികമായ ഒന്നാണെന്ന് മനസിലാക്കാൻ കുമാരാപ്പനു അധിക സമയം വേണ്ടിവന്നില്ല എന്നു മാത്രമല്ല മുൻപൊരിക്കൽ വീട്ടിൽ വച്ച് ഭാര്യ ആലീസു മുത്തിക്ക് നേർന്ന ഒരു കുല നേന്ത്രക്കായയുടെ കണക്കും ഓർമ്മ വന്നു. മുത്തിയുടെ ശക്തിക്കു മുൻപിൽ അടിയറവ് പറഞ്ഞ് കുമാരാപ്പൻ മണ്ണിനെ വാരിചുറ്റി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റു പോകാതിരുന്ന കുമാരാപ്പനെ നോക്കി കാലുകൾക്കിടയിലെ തെങ്ങിനെ മായ്ച്ച് കളഞ്ഞ് ഭയത്തോടെ കൃഷ്ണൻ ഓടി.

ആലീസുമുത്തിയോട് പരാതി പറഞ്ഞ് മൂന്നാമത്തെ ദിവസം തൊഴുത്തിൽ വന്ന് പച്ച ചാണകം ചടുപിടു ചടുപിടു എന്നിടുകയായിരുന്നു കുമാരാപ്പന്റെ പശു. വടക്കാപറത്തെ പറമ്പിൽ മുഴുത്തു നിന്ന ഒരു കുല നേന്ത്രപഴം ആലീസ് മുത്തിക്ക് എങ്ങനെ നേദിക്കുമെന്ന ആശങ്ക ഭാര്യയുമായി പങ്കുവച്ചതിനു ശേഷം എന്തെങ്കിലുമാകട്ടെയെന്നു മനസിൽ കരുതി വെട്ടോത്തി വച്ച് നേന്ത്രക്കായ വെട്ടാനൊരുങ്ങി കുമാരാപ്പൻ. ആലീസു മുത്തിയുടെ കല്ലിനു മുൻപിൽ കുല വച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്ന കുമാരാപ്പനോട് ഇത് പുഴുങ്ങി പണി കഴിഞ്ഞു പോകുന്നവർക്ക് ഭക്ഷിക്കുവാൻ നൽകുന്നതാണ് അസൽ നേർച്ചയെന്ന് അപ്പാപ്പൻ പറഞ്ഞു കൊടുത്തു. അങ്ങനെ ആദ്യമായി ആലീസ് മുത്തിക്കുള്ള വാഴക്കുല നേർച്ച നടന്നു. അന്നു കായക്കറി സ്വാദു കാരണം ചവക്കുവാൻ മറന്ന് വിഴുങ്ങിയവർ വീട്ടിൽ ചെന്ന് ഭക്ഷണം കഴിക്കുവാൻ താമസിക്കുന്നതിനു വീട്ടുകാരുടെ ചീത്ത വിളി കേട്ടു. ഇതിനെ പറ്റി പറഞ്ഞ് ചിലപ്പോഴൊക്കെ ആലീസ് മുത്തിയും അപ്പാപ്പനും കുണുകുണെന്ന് ചിരിച്ചു. വിവാഹം കഴിക്കാതെ ജീവിതം കഴിക്കാൻ നിശ്ചയിച്ചിരുന്ന അപ്പാപ്പനെ കുടുംബജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതിൽ ആലീസ് മുത്തിക്കും പങ്കുണ്ടായിരുന്നു. പടിഞ്ഞാറുള്ള പുഴമ്പള്ളത്തു നിന്നുമാണ് അമ്മാമയെ അപ്പാപ്പനു വേണ്ടി കുഞ്ഞിവേലായൻ കണ്ടു പിടിച്ചത്. ഇതിനെ പറ്റി പിന്നീട് കുഞ്ഞി മേരിയോട് അമ്മമ്മ പറഞ്ഞതിങ്ങനെയാണ്. പുഴമ്പള്ളത്തിനപ്പുറം കൂപ്പിൽ മരം വെട്ടു സമയങ്ങളിൽ മാത്രം പണിക്കു വന്നിരുന്ന കുഞ്ഞുവേലായൻ ഒരു മാസം കഴിഞ്ഞ് പണിയൊഴിഞ്ഞപ്പോൾ നാട്ടിലേക്ക് പോകും വഴി സുഹൃത്ത് തോമായുടെ വീട്ടിൽ കഞ്ഞി കുടിക്കുവാൻ കയറി. കഞ്ഞി വിളമ്പിത്തന്നിരുന്ന തോമായുടെ അനിയത്തിയുടെ ദയവ് കണ്ട് നല്ല ഐശ്വര്യള്ള കുട്ടി എന്ന് മനസിൽ പറയുകയും ചെയ്തു. തിരിച്ച് നാട്ടിലെത്തി ഈ കാര്യം അപ്പാപ്പനുമായി സംസാരിക്കുന്നതിനിടെ മനസിൽ പറഞ്ഞത് പുറത്തറിയിക്കുകയും ചെയ്തു. ആലീസ് മുത്തിയോട് വിശേഷങ്ങൾ പറയുന്നതിനിടയിൽ ഈ കാര്യം കടന്നു വന്നപ്പോൾ അവൾ നല്ല ഐശ്വര്യമുള്ള കുട്ടിയാണെന്നും വന്നു കയറുന്ന വീട് സുന്ദരമായി നോക്കിക്കൊള്ളുമെന്നും ആലീസ് മുത്തി അപ്പാപ്പനോട് പറഞ്ഞു. എന്നാൽ ആലീസ് പറയാതിരുന്ന അമ്മാമ അറിയാതിരുന്ന ഒരു കാരണം അപ്പാപ്പൻ അമ്മാമയെ സ്വീകരിച്ചതിനു പിന്നിലുണ്ടായിരുന്നു. ആലീസ് മുത്തിയുടെ അമ്മമോഹം. തനിക്കുള്ളിൽ വേരോടിച്ചതൊരു പെൺകുഞ്ഞാണെന്നും അവളുടെ നഖങ്ങളും മുടിയും വളരുന്നതും പല്ലു മുളക്കുന്നതും പുരികത്തിന്റെ കട്ടി കൂടുന്നതും കട്ടികുറഞ്ഞ മീശ പൊടിക്കുന്നതുമായ വിചാരങ്ങളിൽ തന്റെ മുല വേദനിക്കുന്നെന്നും നാവ് തുടിതുടിക്കുന്നെന്നും മുത്തി അപ്പാപ്പനെ അറിയിച്ചു. അങ്ങനെ അമ്മാമയിൽ അപ്പാപ്പനുണ്ടാകുന്ന ആദ്യത്തെ പെൺകുട്ടിയെ താൻ സ്വന്തം മകളായി വളർത്തുമെന്ന മുത്തിയുടെ ആവശ്യം അപ്പാപ്പൻ അംഗീകരിച്ചു.
എന്നാൽ അമ്മാമയിൽ അപ്പാപ്പനുണ്ടായത് മൂന്ന് ആണ്മക്കളായിരുന്നു. തനിക്കുള്ളിൽ രൂപം കൊണ്ട പെൺകുഞ്ഞിനെ പ്രതീക്ഷിച്ച മുത്തി അപ്പാപ്പന്റെ ആണ്മക്കളെ തിരിഞ്ഞു നോക്കിയില്ല. അമ്മാമയുടെ ശിക്ഷണത്തിൽ കാടുകയറി വളർന്ന അവരിലെ ഏറ്റവും ഇളയവനായിരുന്നു മേരിയുടെ അപ്പൻ.

ആലീസിലെ കുന്നുകളിലും കശുവണ്ടി മരങ്ങൾക്കും കപ്പത്തോട്ടങ്ങൾക്കും മാവിൻ ചോടുകളുടെ തണലുകൾക്കും ഇടയിൽ കൂടുതൽ സമയം ജീവിച്ച മേരിയുടെ അപ്പന്റെ കുട്ടിക്കാലം ലേശം കട്ടിയുള്ളതായിരുന്നു. കുന്നിന്റെ ചെരിവിൽ നിരന്ന പാടത്ത് അപ്പാപ്പൻ കൃഷി ഇറക്കിയ സമയം അപ്പൻ ചേറിൽ പുരണ്ടു പൂഴ്ന്നു രുചിച്ചു വളർന്നു. കലപ്പയെ നയിക്കുവാനെത്തിയ കാളകളെ തേരാളിയെ അനുകരിച്ച് മ്ബ്രാ മ്ബ്രാ എന്നാട്ടി തനിക്കു മുൻപിലെ അജ്ഞാതരാൽ അപ്പൻ തേർ വലിപ്പിച്ചു. കളിമണ്ണിലെയും വീട്ടിലെ പിന്നാമ്പുറത്തെ പറമ്പിലേയും മണ്ണിരകളെ അപ്പൻ വെവ്വേറെ തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ അപ്പന്റെ രണ്ടനുഭവങ്ങൾ മേരിയുടെ ജീവിതത്തെ ബാധിക്കുകയുണ്ടായി. മേരിയുടെ ഉൾബോധത്തിലവ എപ്പോഴും കായലിൽ കളിപ്പാട്ടമെന്ന പോലെ പൊന്തിക്കിടന്നു. ഓരോ അനുഭവങ്ങളിലും അവ മുൻകരുതലെടുത്തു. അതിൽ ആദ്യത്തേത് തികച്ചും വ്യക്തിപരമായ ഒന്നായിരുന്നു. പൗർണ്ണമി നാളുകളിൽ വീട്ടിലെ പണിക്കാർ കാളകളേയും കൊണ്ട് രാത്രി കണ്ടം പൂട്ടാനിറങ്ങും. മണ്ണെണ്ണ വിളക്കുമായി അപ്പൻ അവർക്ക് കൂട്ടിരുന്നു. പകലു മുഴുവനും പണി എടുത്തു കഴിഞ്ഞു ക്ഷീണിച്ച കാളകൾ ഉറക്കം തൂങ്ങി നിന്നപ്പോൾ കലപ്പ പായിക്കുന്ന ഔസേപ്പ് ചൂനി മുളക് പൊട്ടിച്ചരച്ച് കാളകളുടെ കണ്ണിലും പിറകുവശത്തും പുരട്ടി. ആ പ്രവൃത്തിക്കു ശേഷം കാളകളിലുണ്ടായ ഉണർച്ച അപ്പനെ കൊതിപ്പിച്ചു. അങ്ങാടിയിലെ ചന്തി ചൊറിയുന്ന കൈകൾകൊണ്ട് കുട്ടികൾക്ക് കൽക്കണ്ടം നൽകിയിരുന്ന വൈദ്യരുടെ മരുന്നു പോലെ പ്രവർത്തിച്ച ചൂനിമുളകു ഒറ്റമൂലി അയാളെ ഹരം കൊള്ളിച്ചു. ആ രാത്രി കഴിഞ്ഞുള്ള ദിവസങ്ങളിൽ അപ്പാപ്പൻ അറിയുന്നതു വരെ അപ്പൻ ആ മരുന്നു കാളകളിൽ പ്രയോഗിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ കാളകളൊരു ഗത്യന്തരവുമില്ലാതെ വാലുയർത്തി കയറു പൊട്ടിച്ചു പറമ്പുകളിലൂടെയും പാടങ്ങളിലൂടെയും കുതിച്ചു.
"നീയാണ്ട്രാ മൂര്യോൾടെ കോത്തിലു മൊളകു തേച്ചേ' ന്ന് ചോദിച്ച ദിവസം അപ്പാപ്പനെ ഭയന്ന് പടിഞ്ഞാറുള്ള കിണറിനു വട്ടം ചാടി അപ്പൻ ഓടി. എന്നാൽ ഓടിച്ച് പിടിച്ച് കണ്ണങ്കാളക്കൊപ്പം നുകത്തിൽ കെട്ടി കലപ്പ വലിപ്പിച്ചു അപ്പാപ്പൻ. മൂര്യോളെ വിളിക്കാൻ കാശില്ലാഞ്ഞ് മക്കളെ രണ്ടു നുകത്തിലും കെട്ടി കണ്ടം ഉഴുത അപ്പുചോനെ അപ്പനു ഓർമ്മ വന്നു. അപ്പന്റെ വിയർപ്പിൽ കണ്ടം ഉഴുതുരുണ്ടു. രണ്ടാമത്തെ വരവിൽ അപ്പൻ കുഴഞ്ഞു തളർന്നു. മൂരികളെ തല്ലാറുള്ള ചാട്ടയുടെ പൊളപൊളപ്പ് അവനിലൊരു മാറ്റവും കൊണ്ടുവന്നില്ല. കലപ്പയുടെ ഒരു ഭാഗം ചെരിഞ്ഞു. ക്ഷീണം കാരണം വേഗത കുറഞ്ഞ അപ്പൻകാളയുടെ കണ്ണിൽ, അരച്ചു വച്ചിരുന്ന ചൂനി മുളക് പുരട്ടി കൊടുത്തു അപ്പാപ്പൻ. "മിണ്ടാപ്രാണികൾടെ നോവ് നീയും കൂടൊന്നറിയ്' എന്ന വാചകത്തിന്റെ അവസാനമായപ്പോഴേക്കും വടക്കുള്ള കുമാരാപ്പന്റെ പറമ്പിലെ കുളത്തിൽ ചാടി അപ്പൻ. നീറ്റലു സഹിക്കാൻ വയ്യാതെ വെള്ളത്തിൽ തല മുക്കിപ്പിടിച്ചു വൈകീട്ടു വരെ അതിൽ കിടന്നു. സംഗതി അമ്മാമയറിഞ്ഞിട്ടും ആരും അപ്പനെ തിരിഞ്ഞു നോക്കിയില്ല. ആ നീറ്റൽ ജീവിതാവസാനം വരെ അപ്പൻ കൊണ്ടു നടന്നു. കപ്പക്കിഴങ്ങിനൊപ്പം ചൂനിമുളകിലരച്ച ചമ്മന്തിയുടെ മണം തട്ടി അപ്പന്റെ കണ്ണിലെ എരിച്ചിലിനു മുകളിലൂടെ കണ്ണുനീരൊഴുകി. അപ്പോഴൊക്കെ അമ്മാമ വിരലുകൾ കൊണ്ടത് തുടച്ച് മായ്ക്കാൻ ശ്രമിച്ചു. പതിയെപ്പതിയെ ആ വീട്ടിൽ ചൂനിമുളകു വിഭവങ്ങൾ ഇല്ലാതായി. അതിനിടയ്ക്ക് സഹജീവികളോടുള്ള മനോഭാവത്തിൽ അപ്പനു മാറ്റം വന്നു. കണ്ണിന്റെ നീറ്റലും ചുമന്ന് കാളകൾക്കിടയിൽ സമയം ചിലവഴിച്ചു. പഴത്തൊലിയും വള്ളിപ്പടർപ്പും അവർക്ക് നൽകിക്കൊണ്ട് താൻ ചെയ്ത തെറ്റിനു അപ്പൻ പ്രായശ്ചിത്തം ചെയ്തു. ഇതൊന്നുമറിയാതെ കാളകൾ തങ്ങളുടെ കൂർത്ത നാവുകൊണ്ടും നൂലു നൂൽക്കുന്ന ഉമിനീരുകൊണ്ടും അപ്പനെ നക്കിയുഴിഞ്ഞു. സഹജീവികളെ അപ്പൻ തിരിച്ചറിഞ്ഞു. അപ്പാപ്പനിലൂടെ അപ്പനിലൂടെ അത് മേരിയിലെത്തി. അപ്പനെന്ന പോലെ മേരിയും ചൂനിമുളകുകളെ ഭയന്നു.

രണ്ടാമത്തെ അനുഭവം അപ്പന്റെ ഏഴാം വയസിലായിരുന്നു. തട്ടുമുകളിലെ മുറിയിലുറങ്ങിക്കിടക്കുന്നതിനിടെ താഴെ ശബ്ദങ്ങൾ കേട്ട് മരഗോവണിയിറങ്ങിയ അപ്പൻ അമ്മാമയും അപ്പാപ്പനും വലിയ ശബ്ദത്തിൽ സംസാരിക്കുന്നതു കേട്ടു.
അമ്മാമ: നിങ്ങക്കേ വെറും പ്രാന്തല്ല നട്ടപ്രാന്താണ്. ഒരു ആലീസ് വന്നിരിക്കുന്നു. അവളാരാ നിങ്ങടെ കെട്ട്യോളോ ? എന്നോ മരിച്ചു പോയ ഒരുത്തിയോട് മിണ്ടി നടക്കുന്നത്രെ നാണമാവില്ലല്ലോ. കണ്ട പണിക്കാരത്തി പെണ്ണങ്ങടെ വെയർപ്പും അഴുക്കും ദേഹത്ത് പറ്റിയാൽ എനിക്ക് മനസിലാകില്ലായെന്ന് കരുതിയോ. എന്നിട്ട് ആലീസെന്നൊരു പറച്ചിലും.
"ഫാ നായേ എന്റേന്ന് വാങ്ങും നീ ' എന്ന് പറഞ്ഞ് അപ്പാപ്പൻ കാല് പൊന്തിച്ചു
"ആ കൊല്ല് എന്നേം എന്റെ കുട്ടിനേം കൊല്ല് ' എന്ന് പറഞ്ഞ് അമ്മാമ രണ്ടു കയ്യും വച്ച് നെഞ്ചത്ത് അടിച്ചു. അത് കണ്ട് അപ്പാപ്പൻ കാലു വച്ചൊരു ഉന്ത് കൊടുത്തു. മലർന്നടിച്ച് അമ്മാമ വീണു. വലിയ വായിൽ നിലവിളിച്ച്, വീണ വീഴ്ചയിൽ കണ്ണിൽ പെട്ട മണ്ണെണ്ണ വിളക്കിന്റെ തിരി പിടിപ്പിച്ച അടപ്പൂരി മണ്ണെണ്ണ നെഞ്ചത്ത് തൂവി കത്തിക്കുവാൻ ക്ഷണിച്ച് അമ്മാമ അപ്പാപ്പനെ വെല്ലുവിളിച്ചു. അപ്പോഴേക്കും ഉറക്കമുണർന്ന് മരഗോവണിയുടെ അവസാന പടിയും ഇറങ്ങിയിരുന്നു അപ്പൻ.
""അമ്മച്ചീ'' എന്ന് അപ്പൻ അമ്മാമയെ വിളിച്ചു
""അയ്യോ എന്റെ കുഞ്ഞ്'' അമ്മാമ പിടഞ്ഞെഴുന്നേറ്റു. അപ്പാപ്പൻ വീടിന്റെ മുറ്റത്തേക്കിറങ്ങിപ്പോയി. അമ്മാമ അപ്പനേയും കൊണ്ട് പടി പതുക്കെ കയറി. അമ്മാമ കണ്ണുനീരിലും മണ്ണെണ്ണയിലും നനഞ്ഞു. അപ്പനെ കിടക്കയിൽ കിടത്തി ഉറങ്ങിക്കോളാൻ പറഞ്ഞ് അമ്മാമ കൈപത്തി വച്ച് തട്ടിക്കൊടുത്തു.
"കഥ വേണോ മോന്'
"ഉം'. അമ്മാമ കഥ പറഞ്ഞു തുടങ്ങി.
"ഒരിടത്ത് ഒരിടത്ത് ഒരു രാക്ഷസനുണ്ടായിരുന്നു. ' മണ്ണെണ്ണയുടെയും അമ്മയുടേയും കുഴഞ്ഞ മണം അപ്പനിൽ വന്നു നിറഞ്ഞു. വിറക്കുന്ന നനഞ്ഞൊട്ടിയ ശരീരം കുതിർന്നു താണു. രാത്രികളിലെ ചീവീടുകൾ അപ്പനോട് ഉണർന്നിരിക്കുവാൻ അപേക്ഷിച്ചു. മണ്ണെണ്ണ മണത്തിന്റെ അരയിൽ ഭയത്തിന്റെ നൂലു കെട്ടിക്കൊടുത്ത് തളർന്ന് അപ്പനുറങ്ങി; അതിനടുത്ത തലമുറയിൽ മേരിയും.
മേരിയുടെ അപ്പൻ കെട്ടിയത് തെക്കു നിന്നും കോടാലി എന്ന് പറഞ്ഞ ഗ്രാമത്തിൽ നിന്നുമായിരുന്നു. അപ്പാപ്പനു വധുവിനെ കണ്ടു പിടിച്ച അതേ കുഞ്ഞിവേലായനാണ് അപ്പനും പെണ്ണിനെ കണ്ടുപിടിച്ചു കൊടുത്തത്. ഏഴു പേരുള്ള ആ കുടുംബത്തിലെ ഏറ്റവും മൂത്തവളായിരുന്നു മേരിയുടെ അമ്മ. സഹോദരങ്ങളെയെല്ലാം പഠിക്കാൻ അയക്കുവാനായി സ്വന്തം വിദ്യാഭ്യാസം വേണ്ടെന്നു വച്ച് പണിക്കാർക്കും സ്വന്തം അമ്മക്കുമൊപ്പം നെല്ല് പുഴുങ്ങിക്കൊണ്ടിരിക്കെയാണ് പെണ്ണു കാണുന്നതിനു മേരിയുടെ അപ്പൻ വരുന്നത്. കാളകളെ വാങ്ങുന്നതിനായെത്തിയ ഏതോ ആളുകളെന്നു കരുതി പാടത്ത് പണിയെടുക്കുന്ന സ്വന്തം അപ്പനെ വിളിക്കുവാൻ പാവാടയും അര ബ്ലൗസുമിട്ട് മേരിയുടെ അമ്മ ഓടി, പിന്നീട് തിരിച്ചെത്തി നാണിക്കുകയും ജീവിതകാലം മുഴുവൻ ഇതിന്റെ പേരിൽ മേരിയുടെ അപ്പന്റെയും അമ്മാമയുടേയും കളിയാക്കലുകൾക്ക് വിധേയയാകുകയും ചെയ്തു. പകരം മേരിയുടെ അപ്പനെ കല്യാണത്തലേന്ന് മുടി പറ്റെ വെട്ടിയ മണവാളായെന്ന് വിളിച്ച് മേരിയുടെ അമ്മയും തിരിച്ച് കളിയാക്കി കാലം കടന്നു പോകുന്നതിനിടെ മേരി ജനിച്ചു.
അതുവരെ നിശബ്ദയായിരുന്ന ആലീസുണർന്നു. അപ്പാപ്പന്റെ കുഞ്ഞു മകളെ കാണാൻ ഇലകളായും പൂക്കളായും എറുമ്പുകളായും പാറ്റകളായും തുമ്പികളായും പാലായും പല്ലികളായും ചുണ്ടെലികളായും പശുക്കളായും യന്ത്രങ്ങളായും ആളുകളായും മരങ്ങളായും പക്ഷികളായും ആലീസെത്തി. ആലീസിന്റെ ഗർഭപാത്രം നുറുങ്ങി. മുലക്കണ്ണ് ജൃംഭിച്ചു. വീട്ടിൽ കെട്ടിയ നീളമുള്ള തൊട്ടിൽ കൈകളാക്കി മരങ്ങളുടെ ഇലകളിൽ തട്ടുന്ന കാറ്റ് താരാട്ടാക്കി ആലീസ് മേരിയെ ഉറക്കി. മുലപ്പാലില്ലാതിരുന്ന മേരിയുടെ അമ്മക്കു പകരം അദൃശ്യയായി വന്ന് മേരിക്ക് മുല കൊടുത്തു. മേരി പാലു കുടിക്കുന്ന സമയങ്ങളിൽ ആലീസിലൊരു കാറ്റു പോലും വീശിയില്ല. ഒരു പാമ്പും ഇഴഞ്ഞില്ല. ഒരുറുമ്പു പോലും അനങ്ങിയില്ല. കുളങ്ങളിൽ ഓളം പോലും ഉണ്ടായില്ല. സമയം നിശ്ചലമായ പോലെ ശ്വാസമെടുക്കുവാൻ പോലും മറന്ന് ആലീസ് കണ്ണു പൂട്ടി. രണ്ടു തലമുറയായി അടക്കി വച്ചിരുന്ന മാതൃത്വം പുറത്തു വന്നതോടെ ആലീസ് പൊടുന്നനെ പച്ച പിടിച്ചു. ആ വർഷത്തിൽ ആലീസിൽ കൃഷി ചെയ്ത എല്ലാ ധാന്യ വിളകൾക്കും ഇരട്ടി വിളവ് ലഭിച്ചു. മേരിക്കെന്ന പോലെ റബർ മരങ്ങൾ പാൽ ഇടതടവില്ലാതെ ചുരത്തി. ഇടവഴികൾ കാൽ സ്പർശമേറ്റ് തണുത്തു കൊണ്ട് വളഞ്ഞു പുളഞ്ഞു. ആലീസ് മേരിയെ താഴത്തും തലയിലും വയ്ക്കാതെ വളർത്തി. എന്നാൽ സ്‌നേഹിച്ച് കൊതി തീരും മുൻപേ കൈകളിലൂടെ ജലം ഊർന്നു പോകും പോലെ ആലീസിനു മേരിയെ പിരിയേണ്ടി വന്നു.

തൊണ്ട വരണ്ട രണ്ടാമത്തെ ഓർമ്മ ജഗ്ഗിൽ വച്ച കുറച്ച് വെള്ളം കുടിച്ചു. ഓർമ്മകൾ കഥ പറഞ്ഞു തീരാതെ ഈ രാത്രി അവസാനിക്കില്ലെന്ന് സോളമനറിയാം. മേരിയെക്കുറിച്ചുള്ള ഈ പുതിയ അറിവ് അയാളെ ഉദ്വേഗം കൊള്ളിച്ചു. മേരിയോട് നാടിനെപ്പറ്റി മുൻപൊരിക്കലും സംസാരിക്കാതിരുന്നതിൽ അയാൾക്ക് ലജ്ജ തോന്നി. അന്വേഷിച്ചാലും ഇതൊന്നും അല്ലെങ്കിലും മേരി പറയുകയില്ലായിരുന്നു എന്ന് കരുതി സമാധാനിച്ചു. അയാളടുത്ത ഓർമ്മയെ വിളിച്ചു. മൂന്നാമത്തെ ഓർമ്മ കഥ പറഞ്ഞു തുടങ്ങി. എല്ലാവരും കാതു കൂർപ്പിച്ചു.▮(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments