ഓർമകളുടെ കഥ പറച്ചിൽ ഏകദേശം തീർന്നെന്ന് സോളമനു തോന്നി. പുലർച്ച വന്നെത്തിയോ എന്നറിയുവാൻ അയാൾ ജനലിലോട്ടൊന്ന് നോക്കി. നീരാളിയുടെ രക്തത്തിനത്രയും കൊഴുപ്പിൽ നീല ഇരുട്ട് കനം കൂടി ഒഴുകുന്നുണ്ടായിരുന്നു. സൂര്യൻ രഥമഴിച്ച് കുതിരകൾക്ക് വെള്ളം കൊടുക്കുന്നേയുണ്ടായിരുന്നുള്ളൂ. ഏറളാൻ പക്ഷിയുടെ കരച്ചിലെത്തുന്ന അവസാന വീട്ടിലേക്ക് മരണം യാത്ര തുടങ്ങിക്കാണണം. രാത്രികളിൽ ഉണർന്നു ജോലിചെയ്യുന്ന ഐ.ടി. കമ്പനികളുടെ മുറ്റത്തേയ്ക്ക് വാടക ടാക്‌സികൾ ഉന്നമിട്ടുരുണ്ടു. തടാകത്തിൽ പൊങ്ങിക്കിടക്കും പാവക്കുട്ടി കണ്ണുചിമ്മി. പാർട്ടി നടക്കുന്ന പബ്ബിൽ ട്രാഫിക് സിഗ്‌നലുകളുടെ മിന്നൽപ്പിണരുകൾ വള്ളികളായി ഇഴഞ്ഞ് അണഞ്ഞു. സാധാരണക്കാരായ മനുഷ്യരിലേയ്ക്ക് സ്വപ്നത്തിന്റെ രണ്ടാംതട്ട് ചെരിഞ്ഞുതുടങ്ങി. ഓർമ കഥ തുടർന്നു.
ലില്ലിയുടെ നിർദേശപ്രകാരം മേരിയെ സന്ദർശിച്ച കൊച്ചൈപ്പോര കാണാതായ പെൺകുട്ടികളുടെ വിവരങ്ങൾ മേരിക്ക് കൈമാറിയിരുന്നു. മുറിയിൽ കുറിപ്പെഴുതി വച്ച് അപ്രത്യക്ഷയായ മേരി ആദ്യനാളുകളിൽ പെൺകുട്ടികളെക്കുറിച്ചുള്ള പ്രാഥമികമായ അന്വേഷണം നടത്തിയതിനുശേഷം നഗരത്തിൽ തിരിച്ചെത്തി. അതിന് ഒരൊറ്റ കാരണം മാത്രമേ ഉള്ളുവാർന്നു. സോളമൻ. അയാളുടെ നിഴലായി നഗരത്തിൽ ഒളിച്ചുപാർത്ത് അയാളുടെ ഓർമയെ അവൾ പുതുക്കിക്കൊണ്ടിരുന്നു. ആകാശയാത്രികൻ മേഘങ്ങൾ വകഞ്ഞ് പുതിയ ദ്വീപ് കാണുംപോലെ അയാളുടെ ഓർമയിലെ മൂടൽമഞ്ഞിൽ നിന്നും തന്റെ മുഖം തെളിയിക്കുവാൻ ആവശ്യമായ പദ്ധതികൾ അവളൊരുക്കി.
അയാൾ നടന്നുപോകുമ്പോൾ അയാൾക്കുചുറ്റും ഇണക്കുരുവികളായി ദമ്പതികൾ നടന്നുപോയി. ട്ടൂട്ടി ഫ്രൂട്ടി ബ്രഡ് വാങ്ങുന്ന ബേക്കിങ് കടയിൽ മേരിക്കിഷ്ടമുള്ള വിഭവം കണ്ട് അസ്വസ്ഥനായി. പൂക്കടക്കാരൻ അയാൾക്ക് മേരിയുടെ ഇഷ്ടപൂവുകൾ സൗജന്യമായി നൽകി. സൂപ്പർ മാർക്കറ്റുകളിൽ മേരി ഉപയോഗിക്കുന്ന വസ്തുക്കൾ ഞെളിഞ്ഞുനിന്നു. അവൾ കക്ഷങ്ങളിൽ പൂശുന്ന ഡിയോയുടെ സാമ്പിൾ അടിച്ചവർ അയാൾക്കരികിലൂടെ നടന്നുനീങ്ങി. അവളുടെ മണം അയാൾക്കുചുറ്റും നിറഞ്ഞു. അവളുടെ രൂപത്തോട് സാമ്യമുള്ള നൂറുപേർ അയാളെ താണ്ടി കടന്നുപോയി. മേരി ഉപയോഗിച്ചിരുന്ന വാചകങ്ങൾ പുതിയ ഉത്പന്നത്തിന്റെ പരസ്യവാചകങ്ങളായി ബോർഡിൽ തൂങ്ങി. അവളെപ്പറ്റി എല്ലാവരും സോളമനോട് അന്വേഷിച്ചു.
മരണപ്പെട്ട ആളുകളെക്കുറിച്ച് അതിപ്രശംസ ചൊരിയുന്നപോലെ സോളമനുചുറ്റുമുള്ളവർ മേരിയുടെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടി. അമൂല്യയായ സ്ത്രീ. ഇതുപോലൊരു സ്ത്രീയെ ലഭിച്ച സോളമൻ ഭാഗ്യവാൻ തന്നെയെന്ന് മേരി അവധിക്ക് നാട്ടിൽ പോയതെന്ന് കരുതിയ കൂട്ടുകാർ അടക്കം പറഞ്ഞു. അവളെ ഓർമിപ്പിക്കുന്ന ശകലങ്ങൾ അയാൾ ചുറ്റുപാടിൽ നിന്നും ഓരോ മിനിറ്റിലും കണ്ടെടുത്തു കൊണ്ടിരുന്നു. അയാളവളുടെ ഓർമയേറ്റ് നീറി. ഉറങ്ങുമ്പോൾ അവളുടെ സ്ഥലം ഒഴിച്ചിട്ടു. ബാൽക്കണിയിൽ കാപ്പികുടിക്കുമ്പോൾ രണ്ട് കപ്പ് കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു. അടുക്കളയിൽ അനക്കം കേട്ട് ഓടി വന്നുനോക്കി. സ്വപ്നങ്ങൾ കണ്ട് മൂന്നുമണിക്ക് ഞെട്ടിയുണരുക പതിവാക്കി. എല്ലാ സന്തോഷങ്ങൾക്കടിയിലും മേരിയെന്ന വേദന വിങ്ങി. ഒന്ന് തിരികെ കൊണ്ടുവരുവാൻ അയാൾ ആകാശത്തിനോട് കേണപേക്ഷിച്ചു. അകലെ ഇതെല്ലാം കണ്ടുകൊണ്ട് സോളമനെന്നും സന്ദർശിക്കുന്ന കാപ്പിക്കടയിൽ തന്റെ പേരു വരയ്ക്കുകയായിരുന്നു മേരി. അയാളുടെ നിഴലിൽ അവൾ ഒളിച്ചു. അയാൾ നടന്നപ്പോളവൾ നടന്നു. നിന്നപ്പോൾ അവളും നിന്നു. അയാളുടെ കാലടി ശബ്ദങ്ങളിൽ അവളും കാൽ ചവിട്ടി. അയാൾ തിരിഞ്ഞപ്പോൾ അവൾ വശങ്ങളിലേയ്ക്ക് മാറി. മേരിയുടെ സാന്നിധ്യം അയാൾക്ക് അപ്പോഴെല്ലാം അനുഭവപ്പെട്ടു. കൂടെ ഇല്ലാതിരുന്നിട്ടും മേരിയുടെ മണം തന്നെ വിട്ടുപോകാഞ്ഞതിൽ അയാൾക്ക് സങ്കടം തോന്നി.
സോളമൻ അവളെപ്പറ്റി കണ്ടെടുത്ത മിക്കവാറും തെളിവുകൾ മേരിയുടെ വ്യാജനിർമിതിയായിരുന്നു. അതിനായി അവൾ പണം കൊടുത്ത് യുവമിഥുനങ്ങളെ സോളമനരികിലൂടെ കടന്നുപോകുവാൻ നിർബന്ധിച്ചു. സൂപ്പർ മാർക്കറ്റുകളിൽ സോളമൻ സന്ദർശിക്കുന്ന ഭാഗത്ത് പ്രത്യേക ഉത്പന്നങ്ങൾ കൊണ്ട വച്ചു. തന്റെ ശരീരപ്രകൃതിയുള്ള പെൺകുട്ടികളെ സോളമനുചുറ്റും നിരത്തി. പഴയ താക്കോൽ ഉപയോഗിച്ച് ഒറ്റമുറി തുറന്ന് താൻ ഉപയോഗിക്കുന്ന മുടിപ്പിന്ന് കിടക്കയിൽ അലസമായി ഇട്ടു. മുടിയിഴകൾ സോളമന്റെ വസ്ത്രങ്ങളിൽ ഞാത്തി. അവളുടെ സുഗന്ധദ്രവ്യം കിടക്കവിരികളിൽ പുരട്ടി. വസ്ത്രങ്ങൾ ജനാലകളിൽ വിരിച്ചു. അയാൾക്ക് അവളിൽനിന്നും രക്ഷപ്പെടാനാകാത്തവിധം മേരി കെണി പണിതുവച്ചു. ആ സമയം പ്രകൃതിയും അതിനായി മേരിയെ സഹായിച്ചു. മുകൾനിലയിൽ ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ മഴകൊണ്ട് പലവട്ടം നനഞ്ഞു. തുറന്നിട്ട ജനലിലൂടെ കാറ്റടിച്ച് വിരികൾ വന്നു അയാളെ തൊട്ടുവിളിച്ചു. മിന്നലുതട്ടി മരം ജനലിനടുത്തേക്ക് ചരിഞ്ഞു. സോളമൻ മേരിയെ ഓർക്കുകയായിരുന്നു. മഴ പാതികൊണ്ട വസ്ത്രങ്ങൾ എടുക്കുവാനോടി അടുക്കിയിട്ട നനഞ്ഞ വസ്ത്രങ്ങൾക്കുമീതെ രതിയിൽ ഏർപ്പെട്ടത്, ജനൽവിരികളിൽ പിണഞ്ഞ് കൂട്ടിമുട്ടിയത്, മരത്തിലെ ഇലകളിലേയ്ക്ക് പേസ്റ്റ് പത തുപ്പിയത്, ഒരേ ബ്രഷുപയോഗിച്ച് പല്ല് തേച്ചത്, ടോയ്‌ലറ്റ് സീറ്റ് ഇട്ട് വയ്ക്കാത്തതിന് വഴക്കുകൂടിയത്, അൻപത് പാനിപ്പൂരി ഒരുമിച്ച് കഴിച്ചത്, ചീനച്ചട്ടിയിൽ ഭക്ഷണം കഴിച്ചത്, ഒരുമിച്ച് ഓടിയ ദൂരങ്ങൾ, നടന്ന രാവുകൾ, ഒരുമിച്ച് പാടിയ പാട്ടുകൾ, ഉറങ്ങിയ രാത്രികൾ, ജീവിച്ച സ്വപ്നങ്ങൾ, കറങ്ങിയ മെട്രോ ട്രെയിൻ, പങ്കുവച്ച ഹെഡ്സെറ്റ് വയറുകൾ, പിടിച്ച പനികൾ, കുടിച്ച മദ്യം, കോരിയ ഛർദിൽ.
സോളമനെ നിരീക്ഷിച്ചുകൊണ്ട് ഒളിച്ചു ജീവിക്കുന്നതിനിടെ പതിനാലുതവണ ദിവസവും മൂത്രമൊഴിക്കുവാൻ തുടങ്ങിയതിൽ മേരിക്ക് സംശയമൊന്നും തോന്നിയില്ല. ക്രമാതീതമായ വിശപ്പ് അവളെ കീഴടക്കിയപ്പോഴും സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ തിയേറ്ററിൽവച്ച് തലകറങ്ങിക്കിടന്നപ്പോഴും ഒരു ആകുലതയും അവളെ തൊട്ടുതീണ്ടിയില്ല. മയക്കത്തിൽനിന്നും എഴുന്നേറ്റ് ചിത്രത്തിൽ വിട്ടുപോയ ഭാഗങ്ങളെപ്പറ്റിയും അത് കഥയിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റിയുമാണ് മേരി വ്യാകുലപ്പെട്ടത്. മുറി മാറിയതിന് നാൽപ്പത്തഞ്ചു ദിവസത്തിനുശേഷവും മാസമുറ വന്നെത്താതിരുന്നതിലാണ് ആപത്ശങ്ക തോന്നി മേരി അൻപതുരൂപയുടെ രണ്ട് ഗർഭപരിശോധനാകിറ്റുകൾ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയത്. പരിശോധിച്ചപ്പോൾ കണ്ട രണ്ടുവരകൾ സാധാരണമെന്ന് കരുതി ശ്രദ്ധ സോളമനിലേയ്ക്ക് തിരിക്കുവാനിരിക്കെയാണ് കിറ്റിനുപിറകിലെ നിർദേശാനുസരണങ്ങൾ ഒരിക്കൽ കൂടി വായിക്കുന്നത്. നെഞ്ചിൽ കൂടെ പാഞ്ഞൊരു മിന്നൽ അവളെ ആ സമയം ദുർബലയാക്കി. എത്രയൊക്കെ കൈകൾ വഴങ്ങാതിരുന്നിട്ടും മൂത്രസഞ്ചി നിറയുംവരെ അവൾ കുപ്പിയിൽ നിന്നും ജലം കുടിച്ചുകൊണ്ടിരുന്നു. മഞ്ഞപ്പ് കുറഞ്ഞ വെളുത്ത മൂത്രത്തിൽ പരിശോധിച്ച കിറ്റിലും രണ്ട് വരകൾ കണ്ട് അവൾ മിഴിച്ചു.
കുഞ്ഞിലേ പരീക്ഷയ്ക്കു തോറ്റുപോയതു പോലെയൊരു വികാരം അവളിൽ നിറഞ്ഞു. കരച്ചിൽ വന്നു. ഷവർ തുറന്നിട്ടു കുളിമുറിയുടെ തണുത്ത ഓടുകളിൽ അവളിരുന്നു. മുകളിൽ നിന്നും നൂലുനൂലായി വീഴുന്ന ജലത്തിനെ പിടിച്ച് കരയുവാനവളൊരു വിഫലശ്രമം നടത്തി. അവളിൽ നിന്നും കരച്ചിലിന്റെ ശബ്ദം മരത്തിന്റെ വളർച്ച പോലെ പതിയെ ഉയർന്നു. അതിൽ നിന്നും പക്ഷികൾ ആകാശത്തേക്കുയർന്നു. തൊരപ്പന്മാർ മാളങ്ങളിലേക്കൊളിച്ചു. കീരികൾ പാമ്പുകളെന്നു കയറി കരച്ചിലിനെ തിരഞ്ഞുവന്നു. നാളുകളായി അവളുടെ കരച്ചിലിനു ആ മുറി കാത്തിരിക്കുകയായിരുന്നു. അവളുടെ കരച്ചിലിന്റെ വള്ളി പൊട്ടിപ്പോയി. വിയർപ്പും മൂത്രവും ജലാംശവുമെല്ലാം കണ്ണുനീരായി പുറത്തുവന്നു. വെളിച്ചെണ്ണ തീരുംവരെ അവളെ ആരോ ചക്കിലിട്ടു ആട്ടി. കണ്ണുനീർ തീരുംവരെ അവൾ തേങ്ങി. ഷവറിലെ വെള്ളം അതുമായി ചേർന്നൊഴുകി. നൂലുപോലുള്ള വിരലുകൾകൊണ്ട് ജലം അവളെ ചുറ്റിപ്പിടിച്ചു. മേരിയ്ക്കത് മനസിലായി. അതേ വിരലുകൾ കൊണ്ട് ജലം അവളുടെ കണ്ണിലെ അവസാന തുള്ളിയും തുടച്ചുകൊടുത്തു. മേരി ആ വിരലുകളിൽ കൂടുതൽ മുറുക്കത്തിൽ അഭയം പ്രാപിച്ചു. എല്ലുകൾ നുറുങ്ങിയിട്ടും ജലം ആ പിടി വിട്ടില്ല. മണിക്കൂറുകളോളം കരഞ്ഞ് മേരി കരിമ്പിൻചണ്ടി പോലെ ആയിപ്പോയി. ഉറക്കം അവളെ എളുപ്പം കീഴടക്കി.
ഉറക്കത്തിൽ മേരി അന്നമ്മേച്ചിയമ്മയെ സ്വപ്നം കണ്ടു. അവർ കിണറിൽ നിന്നും വെള്ളം കോരിയെടുത്ത് ഒരു കുടത്തിലാക്കി മേരിക്കരികിൽ വച്ചു. മേരിയുടെ വയറു തുരന്ന് അതിലൊരു ഓറഞ്ചുചെടി വച്ചുപിടിപ്പിച്ച് മേലെ വെള്ളമൊഴിച്ച് കൈകൾ കഴുകി. അതിന്റെ വേരുകളിറങ്ങിയപ്പോൾ മേരിക്ക് നൊന്തു. അധികം താമസിയാതെ ചെറിയ ഒരു ഓറഞ്ച് മരം പച്ചനിറത്തിലുള്ള കായ്കൾ നൽകി. അന്നമ്മേച്ചിയമ്മ അതിനെ വെള്ളമൊഴിച്ച് നനച്ചുവളർത്തി. അന്നമ്മേച്ചിയമ്മ മേരിക്ക് പറഞ്ഞുകൊടുത്തു. നമ്മളുള്ളിലൊരു മരം നട്ടു. എല്ലാ മാസവും അതിൽ നിന്നോറഞ്ചുകൾ പൊഴിയും. ഓറഞ്ചുചെടി അത് കണ്ട് വേദനിക്കും. ആ വേദന വേരുകളിലൂടിറങ്ങി നമ്മളിലെത്തും. തന്റെ കായ്കളിലെ വിത്ത് മുളച്ച് ചെടികളാകുവാൻ അവരെന്നും പ്രാർഥിക്കും. ദൈവം ഒരിക്കൽ പ്രത്യക്ഷപ്പെട്ടു മരത്തിനോട് പറഞ്ഞു ആരാണോ ഓറഞ്ചിന്റെ അല്ലികൾ നുണഞ്ഞ് കുരുക്കളെ തുപ്പിയിട്ടിട്ടു പോകുന്നവൻ അവന്റെ വായ്‌നീരിനാൽ ഇവിടെ ഓറഞ്ചുചെടികൾ മുളയ്ക്കും. മേരി തന്റെ കൈകളിലെ ജലച്ചായം വച്ച് ചെടികളുടെ ഇലകൾക്ക് ചായം പൂശിക്കൊണ്ടിരുന്നു. ഓറഞ്ചു പറിക്കുവാനെത്തിയ കൈകളെ അവൾ ബ്രഷു കൊണ്ട് ആട്ടിയോടിക്കുകയോ മായ്ക്കുകയോ ചെയ്തു. അതിനിടയിലെയൊരു വിരലു കണ്ടവളൊരു നഖംവെട്ടി കൈകളിൽ വരച്ചുകൊടുത്തു. ആ കൈകൾ നഖംവെട്ടി ഉപയോഗിച്ച് ഓറഞ്ചിന്റെ ഞെട്ടുമുറിച്ചു.
മഴയിൽ കുതിർന്ന് ഇടിഞ്ഞുവീണ മൺവീടായി അപ്പോൾ അവൾ തകർന്നുകിടന്നതിനുള്ള കാരണം മേരിക്കുള്ളിൽ നടന്നുകൊണ്ടിരുന്ന ദ്വന്ദ്വയുദ്ധമായിരുന്നു. അമ്മയാകുവാൻ പോകുന്നു എന്ന വാർത്ത ഏറ്റവും സന്തോഷിപ്പിക്കേണ്ടിയിരുന്നത് മേരിയെ ആയിരുന്നു. സോളമനിലേയ്ക്ക് പാഞ്ഞുപോകുന്നതിനായി ഹൃദയം തുടിതുടിക്കേയാണ് ഒരോർമ മേരിയുടെ മനസിലേക്ക് കയറിവന്നത്. ആ ഓർമ സത്യമോ അസത്യമോ എന്ന് തിരിച്ചറിയുവാൻ കഴിയാതെ മേരി അസ്വസ്ഥയായി. അത് ഇപ്രകാരമായിരുന്നു.
ഉഭയസമ്മതമില്ലാതെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ശക്തമായ ആലോചനയിലാണെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രസ്താവിച്ച ദിവസമായിരുന്നു മുൻകാമുകൻ മേരിയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തിൽ അധികാരം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തിയത്. സോളമനൊപ്പം താമസിക്കുമ്പോഴും ഒന്നിൽ കൂടുതൽ പ്രേമങ്ങൾ മേരി കൊണ്ടുനടന്നിരുന്നു. ബ്രേക്കപ്പിനുശേഷവും തനിക്കുപിറകേ നടന്ന് ശല്യം ചെയ്യുന്ന മുൻകാമുകനെ മേരി ഒഴിവാക്കാതിരുന്നത് അയാൾ കണ്ടുമുട്ടുമ്പോഴെല്ലാം വാങ്ങിത്തന്നിരുന്ന ചോക്ലേറ്റുകൾ മൂലമായിരുന്നു. സോളമനുമായി പിണങ്ങി മുറിവിട്ട് ഇറങ്ങിപ്പോയ മേരി പഴയ കാമുകനെ ഫോൺ ചെയ്തു. സോളമനൊപ്പം കഴിഞ്ഞുതുടങ്ങിയതിൽ പിന്നെ കണ്ടുമുട്ടാറുണ്ടായിരുന്ന, നഗരത്തിനരികിലെ മുന്തിരിത്തോട്ടത്തിൽ വച്ച് യാത്ര പറയുവാനായി മുൻകാമുകനെ മേരി അവസാനമായി വിളിച്ചുവരുത്തി.
സോളമനാണ് തന്റെ യഥാർഥ പ്രേമം എന്നറിയിച്ച് ബന്ധം അവസാനിപ്പിക്കുവാൻ ശ്രമിച്ചതിന്റെ പ്രകോപനത്തിൽ മേരിയെ അവൻ ചുംബിക്കുവാൻ കടന്നുപിടിച്ചു. മേരി ഒഴിഞ്ഞുമാറി. അവൻ പിറകിൽ നിന്നും അവളെ കെട്ടിപ്പിടിക്കുവാൻ ആഞ്ഞു. ദേഹത്തിനായി പിറകേ വന്ന ആണുങ്ങളെ ഓർമ വന്നപ്പോൾ മേരി അവനെ പ്രതിരോധിച്ചു. അപ്പോഴേയ്ക്കും മുൻകാമുകനെ ആസക്തി ഭരിച്ചുതുടങ്ങിയിരുന്നു. വീട്ടിൽനിന്നും പോന്നതിനുശേഷം മേരിക്ക് അപരിചിത സ്പർശനങ്ങൾ അസഹ്യമായിരുന്നു എന്നുമാത്രമല്ല അത് അവളെ പലപ്പോഴും അപ്പനെ ഓർമിപ്പിച്ചു. ആദ്യത്തെ ഉന്തലിൽ നിന്നും അകന്നതിനുശേഷം അവൻ തിരിച്ചുവന്ന് ബലമായി അവളുടെ കൈകളിൽ പിടിച്ചുതള്ളി. മണ്ണിന്റെ കൂന അവളെ താങ്ങിപ്പിടിച്ചു. മേരിയുടെ തല മണ്ണിന്റെ മാംസപേശികളിൽ തട്ടി വേദനിച്ചു. മുന്തിരിത്തോട്ടത്തിന്റെ ഇലകൾക്കുള്ളിലൂടെ സൂര്യൻ നൂലുകൾ പിടിച്ചു കയറുവാൻ അവൾക്കു നീട്ടിക്കൊടുത്തു. മണ്ണിൽ കിടന്ന് അവൾ ആശ്വസിച്ചു. അപ്പോഴേയ്ക്കും അയാൾ അവളുടെ ചുണ്ട് ആർത്തിയോടെ കടിച്ചുവലിച്ചു. വായ തുറക്കാതെ നിസഹായതയോടെ അവൾ അയാളെ സഹിച്ചു. നാവു വച്ചു തള്ളിയിട്ടും അവൾ വായ തുറക്കാഞ്ഞത് അയാളോടുള്ള അവജ്ഞയായി തോന്നി, വായ തുറക്കുവാനായി അവളുടെ വയറിന്റെ ഭാഗത്ത് പിടിച്ച് പീച്ചി ഞെരിച്ചു. വേദനയെടുത്ത് അവൾ അമ്മച്ചിയെ വിളിച്ചു. അയാൾ വായ പൊത്തി അവളുടെ മേൽ കയറിയിരുന്നു. അവൾ കൈകൾ കൊണ്ട് അയാളെ അടിച്ചുനോക്കി. എവിടെ നിന്ന് എന്നറിയാത്ത പോലെ ശക്തി അവനു കൈവന്നിരുന്നു. അവളുടെ ചെകിടത്ത് മൂന്നു വട്ടം വലിച്ചടിച്ചതോടെ അവളുടെ കൈകളുടെ ശക്തി ചോർന്നു. തുടയിൽ കമ്പി കുത്തിയിറക്കിയ വേദന അവളറിഞ്ഞു. മുട്ടുകാൽ വച്ച് അവളുടെ തുടയിൽ അമർത്തി. അവൾ ധരിച്ച ഷർട്ടിനു മുകളിലൂടെ മാറിടം പിടിച്ച് കശക്കി. ശരീരത്തിന്റെ മൂന്നു ഭാഗങ്ങളിൽ അവൾക്ക് ഒരു പോലെ നീറി. വായ പൊത്തിയ കൈയ്യിൽ കടിച്ച് അവസാനത്തെ ശ്രമം മേരി നടത്തി. കൈ വേദനിച്ച് വശത്തേക്ക് ചരിഞ്ഞു. ബലത്തിൽ നിന്നും ഭാരത്തിൽ നിന്നും വിടുതി നേടിയ മേരി എഴുന്നേറ്റു നിന്നു. സമതുലനാവസ്ഥ വീണ്ടെടുക്കുവാൻ കഴിയാതെ നടന്നു നീങ്ങിയ അവൾ, തോട്ടത്തെ ഉയർത്തിപ്പിടിച്ച കരിങ്കൽ താങ്ങിൽ തലയടിച്ച് വീണു.വീണിടത്തു നിന്നും എഴുന്നേറ്റ മേരിയുടെ തലയിൽ തോട്ടത്തിലെ കമ്പികളിൽ ചാരിയ ദ്രവിച്ച മരക്കഷ്ണം വച്ചുള്ള അടിയേറ്റു. മേരി താഴെ വീണു. തലയിൽ നിന്നും രക്തം മുന്തിരിച്ചാറു പോലെ ഒഴുകി. വീണുപോയ അവളെ അവൻ വലിച്ച് മാറ്റിയിട്ടു. മേരിയുടെ ബോധം മാഞ്ഞു തുടങ്ങുകയായിരുന്നു. മുൻകാമുകൻ ആർത്തിയോടെ മേരിയുടെ ചുറ്റും നോക്കി. പതിയെ രക്തം ഉണങ്ങിയ അവളുടെ ചുണ്ടിൽ ചുണ്ടുരസി രുചിച്ചു. അവൾ രാവിലെ ധൃതിയിൽ അണിഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. തന്നെ നിരാകരിച്ച അവളെ അവളുടെ ശരീരമായിക്കണ്ട് പക വീട്ടി. അവളുടെ മാംസളങ്ങളിൽ പല്ലുകളാഴ്ത്തി. പകുതി ബോധത്തിലും വേദനയെടുത്ത് മേരി പിടഞ്ഞു. രാത്രിയിൽ ദു:സ്വപ്നം കണ്ട് ഞെട്ടി വിറക്കുന്ന പോലെ മേരി പിടയുന്നത് മുന്തിരിച്ചെടികൾ മുന്തിരികളുടെ ആയിരം കണ്ണുകളും ഇലകളും വച്ച് നോക്കി നിന്നു. അവൻ അവളുടെ മുലകൾ പിഴിഞ്ഞു. കല്ലിൽ ഉരസിപ്പൊട്ടിയ മാറിടത്തിൽ നിന്നും ചുവന്ന ചോര വന്നു. പാന്റഴിച്ച് ഉയർന്ന തന്റെ ലിംഗത്തെ അവൻ അഭിമാനപൂർവം നോക്കി. തളർന്നു കിടന്ന മേരിയുടെ തുടകളകറ്റി അതിനുള്ളിലേക്ക് പ്രവേശിച്ചു. വേദന മൂലം മേരിയുടെ ശരീരം അവളുടെ പാതി ഉണർച്ചയെ കെടുത്തി. അവളുടെ ശരീരമാകുന്ന വസതിയിൽ കത്തിക്കൊണ്ടിരുന്ന ഒരു മെഴുകുതിരി വെളിച്ചം അണഞ്ഞു. ദേഹം കാറ്റിലാടുന്ന നാലുമണിപ്പൂ പോലെ ഇളകിക്കൊണ്ടിരുന്നു. തന്റെ രേതസ് അവളിലൊഴുക്കി കിതച്ച് മുലകൾക്കിടയിൽ മുഖം പൂഴ്ത്തി രണ്ട് മിനിറ്റ് വിശ്രമിച്ച ശേഷം അവളുടെ ചെകിടത്ത് അയാൾ ആഞ്ഞാഞ്ഞ് അടിച്ചു. കയ്യിൽ കിട്ടിയ ഒരു മണ്ണുകട്ട വച്ച് നെറ്റിയിൽ അടിച്ചു. അതു പൊടിഞ്ഞു പോയി. അടിയുടെ ശക്തിയിൽ പിറകിലായിരുന്ന മുടി കൈകൾ വച്ച് അവളുടെ മുഖം മൂടി ഇനിയും അരുതേയെന്ന് യാചിച്ചു. അവളെ കമഴ്ത്തിക്കിടത്തി. വെയിലേറ്റ ചേമ്പിൻ തണ്ടു പോലെ അവൾ കുഴഞ്ഞു കിടന്നു. താഴ്ന്നു പോയ ലിംഗത്തെ ഒരിക്കൽ കൂടി ഉദ്ദീപിപ്പിച്ചെടുക്കുവാൻ ശ്രമിച്ചു അതിനായി സ്വന്തം നെഞ്ചിലെ മുലക്കണ്ണിൽ ഉരസിക്കൊണ്ടിരുന്നു. ഇടയ്ക്ക് കമിഴ്ന്നു കിടക്കുന്ന മേരിയുടെ മുലകളിൽ പിടിച്ചു ഞെരിച്ചു. കുറച്ചു സമയത്തെ പരിശ്രമത്തിൽ അയാൾക്ക് ഉണർച്ച തിരിച്ചു കിട്ടിയപ്പോൾ അവളിലേയ്ക്ക് പുറകിലൂടെ പ്രവേശിക്കുവാൻ ഒരു ശ്രമം നടത്തി. എന്നാൽ മേരിയുടെ എല്ലുറപ്പുള്ള ഭാഗങ്ങൾ തട്ടി അയാളുടെ ലിംഗം വേദനിച്ചു. കോണ്ടം കയ്യിൽ കരുതാഞ്ഞതിൽ പശ്ചാത്തപിച്ചു. ലിംഗത്തിൽ തുപ്പലം പുരട്ടി ഒരിക്കൽ കൂടി പിറകിലൂടെ ശ്രമിച്ചതിനു ശേഷം അയാളാ ശ്രമവും മേരിയേയും ഉപേക്ഷിച്ചു സ്വയംഭോഗം ചെയ്തു. പുറത്തു വന്ന രേതസ് അയാൾ അവളുടെ പിറകിൽ തേച്ച് പിടിപ്പിച്ച് ലിംഗം വൃത്തിയാക്കി. പിന്നെ വസ്ത്രങ്ങളണിഞ്ഞ് തോട്ടത്തിലൂടെ നടന്നു മറഞ്ഞു. മുന്തിരി വള്ളികൾ മേരിയുടെ നഗ്‌നതയെ വന്നു മൂടി.
ഈയൊരു ഓർമ്മ സത്യമാണോ മിഥ്യയാണോ എന്നറിയുന്നതിൽ മേരി പരാജയപ്പെട്ടു. തനിക്കുള്ളിൽ വളരുന്ന കുട്ടിയുടെ പിതാവ് സോളമനാണോ അല്ലയോ എന്ന ചോദ്യചിഹ്നത്തിൽ നോക്കി മണിക്കൂറുകൾ തള്ളി നീക്കി. ശാരീരികമായ വൈഷമ്യതകൾ തെളിവുകളായി. ഇത്രയൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും സോളമനെത്തേടി മേരി തിരികെ പോകുവാൻ കാരണം പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിൽ സംഭവിച്ച അസ്വാഭാവികമായ വഴിത്തിരിവുകൾ ആയിരുന്നു. സോളമന്റെ അതേ ഫ്‌ലാറ്റ് സമുച്ചയത്തിൽ തന്നെയാണ് അബ്രഹാം എന്ന് അറിയപ്പെടുന്ന സംഘത്തിലെ അംഗം വിശ്രമ ജീവിതം നയിക്കുന്നത് എന്ന അറിവ് അവളെ ആകർഷിച്ചു. സോളമനിലേയ്ക്ക് തിരികെപ്പോകുവാൻ മേരി തീർച്ചപ്പെടുത്തി. അതിനിടയിലാണ് ഭ്രൂണവും മേരിയും സംസാരിച്ചു തുടങ്ങിയത്. അവരുടേതു മാത്രമായ ഭാഷ ഭൂമിയിൽ നിലവിൽ വന്നു. ഓരോ അമ്മക്കും കുഞ്ഞിനുമിടയിൽ അത് പല രൂപങ്ങളിൽ പിറന്നു.
""മാതാവേ''
""എന്നെ മേരിയെന്ന് വിളിച്ചാൽ മതിയാകും''
""അമ്മയുടെ തലച്ചോറിലൂടെ പായുന്ന ചിന്തകൾ എനിക്ക് വായിച്ചെടുക്കാൻ സാധിക്കും. കാരണങ്ങളില്ലാതെ ജീവനില്ലാതാക്കുന്നത് ശരിയല്ല. ഞാൻ അമ്മയുടെ തന്നെ ജീവന്റെ അംശമാണ്.''
""നീ എന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജൈവികമായി നീ മറ്റൊരു ജീവനായിട്ടില്ല. വ്യക്തിയുമായിട്ടില്ല. എന്റെ ശരീരത്തിനവകാശി ഞാൻ മാത്രമാണ് എന്നിരിക്കെ നീ എനിക്കാവശ്യമില്ലെങ്കിൽ മുറിച്ചു കളയാവുന്ന ഒരവയവം''
""വർഷങ്ങളായുള്ള കാത്തിരിപ്പ് ഈ ജന്മത്തിലേക്ക് വേണ്ടി വന്നൊരു ആത്മാവാണ് ഞാൻ. ജീവിതം കണ്ടറിഞ്ഞ് പരമാണുവിൽ അലിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നോക്കൂ എത്രയനേകം ഉപാധികൾ ഉണ്ട്. ജീവിക്കുന്നതിനുള്ള ഒരാളുടെ അവകാശത്തെയാണ് വെല്ലുവിളിക്കുവാൻ പോകുന്നത്. കൊലപാതകിയായി കുറ്റബോധത്തിൽ നിറഞ്ഞ് ജീവിതം തുടരാനാണോ അമ്മയുടെ തീരുമാനം? ജീവിതാനുഭവങ്ങളിലൂടെ കാര്യങ്ങൾ ഗ്രഹിക്കുവാനായി ഞാൻ തെരഞ്ഞെടുത്തതാണീ അവസരം. ഇനിയും കാത്തിരിക്കുവാൻ വയ്യ. എനിക്കീ ഭൂമിയിൽ ജനിക്കണം, കണ്ണു തുറക്കണം, വായ പൊളിച്ച് കരയണം, അമ്മയുടെ മുല കുടിക്കണം, നെഞ്ചിൽ കിടന്നുറങ്ങണം, നിങ്ങളുടെ ഉറക്കം മുറിക്കണം, മുട്ടിലിഴയണം, കയ്യിൽ കിട്ടുന്നതെല്ലാം വായിലേക്കെടുക്കണം, തുപ്പലം ഒലിപ്പിക്കണം, രാത്രിയിൽ മുഴുവൻ എഴുന്നേറ്റിരിക്കണം, ചിരിക്കണം, സ്‌നേഹം അനുഭവിക്കണം, ദു:ഖം അനുഭവിക്കണം, ചതി അറിയണം, ഹൃദയം തകരുന്നതു പോലെ വേദനിക്കണം, വിരക്തിയെ അറിയണം, വിശന്നു വലയണം, കാമിക്കണം, യാത്ര ചെയ്യണം, രോഗിയാകണം, ജീവനു ജന്മം നൽകണം, കൃഷി ചെയ്യണം, സ്വപ്നം കാണണം, ആഗ്രഹിക്കണം, ആത്മഹത്യയെപ്പറ്റി ചിന്തിക്കണം, അപകടത്തിൽ പെടണം, തത്വചിന്തയിൽ മുഴുകണം, അറിവ് നേടണം, ആളുകളെ സഹായിക്കണം, ഈ ജീവിതത്തിലെ അനുഭവങ്ങൾ നേടിയെടുക്കണം, സ്‌നേഹിക്കണം, പ്രതീക്ഷിക്കണം, ക്ഷമിക്കണം, മരിക്കണം, ഒന്നുമല്ലാതാകണം.''
""എന്തിനു കുറ്റബോധം? ഈ ജന്മത്തിൽ നിനക്കൊപ്പമുള്ള ജീവിതം പറഞ്ഞിട്ടില്ലയെങ്കിൽ നിങ്ങൾക്കും ഈ വിധി സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. ഓരോ ജന്മവും അതിന്റെ കർമ്മങ്ങളാൽ പൂർണ്ണമാണ്. ഓരോ ജന്മവും അതിൽ തന്നെ പൂർണ്ണമാണ്. സംഭവിക്കാൻ പാടുള്ളതേ ഇതിലും സംഭവിക്കുന്നുള്ളൂ. ദുരിതങ്ങളും ക്ലേശങ്ങളും മാത്രം അനുഭവിക്കുവാനായി നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ എനിക്ക് ആഗ്രഹമില്ല. ഭൂമിയിൽ മനുഷ്യർക്ക് ഒരു പഞ്ഞവുമില്ല''
പുതിയ ഫ്‌ലാറ്റിലേക്ക് മാറിയ സോളമനെക്കാണുവാൻ യാത്ര തിരിച്ച മേരി പോകുന്ന വഴിയിൽ കാണുന്ന കാഴ്ചകളെല്ലാം ഭ്രൂണത്തിനു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. മരങ്ങളേയും കെട്ടിടങ്ങളേയും പ്രാവുകളേയും മനുഷ്യരേയും മേരി പരിചയപ്പെടുത്തി. ഭ്രൂണം തന്റെ പഴയ ജൻമങ്ങളിലെ ഓർമ്മകളിൽ ഇവയെ തിരയുവാൻ ശ്രമിക്കാതിരുന്നില്ല. എങ്കിലും ഇതു വരെയുള്ള ജന്മങ്ങളിൽ പരിചയപ്പെടാതിരുന്ന പല വസ്തുക്കളും മേരി അതിനു വിവരിച്ചു കൊടുത്തു. ഇടയ്ക്ക് പേരു മറന്ന് പോകുമ്പോൾ ചുവന്ന ഗോളാകൃതിയിലുള്ള മധുരമുള്ള ഗോൾഫ് പന്തുപോലുള്ള സാധനം എല്ലാവരും കഴിക്കും. അതിന്റെ മുഖത്ത് പട്ടുണ്ണി പോലെ ഒരു മുന്തിരി ഇരിക്കും, മഞ്ഞപ്പൂക്കളുള്ള പച്ച ചെടി, ഇലകൾ ഞെരടിയാൽ കനത്ത മണം വമിക്കും, തണുത്ത നനുനനുത്ത ഇതളകളുള്ള പൂക്കൾ തരും എന്നിങ്ങനെയെല്ലാം വസ്തുക്കളെ വിവരിച്ച് അവർ പല സ്ഥലങ്ങൾ കടന്നു പോയി. അതിനിടെ ഭ്രൂണം ചോദിച്ചു.
""അമ്മയെ എന്താണിത്ര അലട്ടിക്കൊണ്ടിരിക്കുന്ന മനോവിഷമം?''
""എനിക്ക് മനോവിഷമങ്ങൾ ഒന്നുമില്ല''
""നിങ്ങളെന്നെ വേണ്ടെന്ന് വയ്ക്കുകയാണല്ലേ''
""ഇല്ല ഒരിക്കലുമില്ല''
""പിന്നെന്തിനാണ് ഇടയ്ക്കിടെ നഖം കടിക്കുന്നത്. വയറിൽ തൊടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത്. മാനസിക സമ്മർദ്ദം അധികമാകുന്നത്?''
""നോക്കൂ അമ്മേ, ഈ ഭൂമിയെ ഈ തണുപ്പിനെ ചൂടിനെ കുതിർപ്പിനെ പച്ചപ്പിനെ ഉണക്കത്തെ അമ്മയുടെ വാത്സല്യത്തെ ഞാൻ അറിയണ്ടേ?''
""അമ്മ ചെറുപ്പത്തിൽ മൂത്രമൊഴിച്ചു വളർത്തിയ മുല്ലച്ചെടികളെ എനിക്ക് കാണിച്ചു തരണ്ടേ? അതേ മൂത്രത്തിൽ നനഞ്ഞ ഉറുമ്പുകളുടെ പുതിയ തലമുറയുടെ കൂട്ടിൽ കയ്യിടേണ്ടേ? പന്തു പോലെ ഉരുണ്ടുപോകുന്നവരെ വഴി തെറ്റിക്കേണ്ടേ? പുഴുപ്പല്ല് ഇളക്കിയെടുക്കേണ്ടേ? മുട്ടുകുത്തി വീണ ചരൽക്കല്ലുകൾ, ആദ്യമായി നട്ടു പിടിപ്പിച്ച തണൽ മരം ഒക്കെ കാണിക്കണ്ടേ?''
""അമ്മ മുട്ടിലിഴഞ്ഞ് വാരിത്തിന്ന മണ്ണ് എനിക്കും കഴിക്കണ്ടേ? അമ്മയുടെ ഈ കൈകൾ. അച്ഛനു ഏറ്റവും ഇഷ്ടപ്പെട്ട ഈ കൈകളിൽ എനിക്ക് കിടക്കണം. അമ്മയുടെ മുലക്കണ്ണു നൊട്ടി നുണയണം. വിരലുകൾ ഈമ്പി അമ്മയെ നോക്കി കിടക്കണം. സാരിക്കു പിറകിലൊളിക്കണം. മണ്ണിൽ കാലു മുട്ടിച്ചു നടക്കണം. മണ്ണു കുഴക്കണം. സ്‌നേഹം കൊണ്ട് തളരണം, വെറുപ്പ് കൊണ്ട് പുകയണം. നമുക്കൊരുമിച്ച് സ്‌നേഹിച്ച് ജീവിച്ചു കൂടെ?''
""മിണ്ടാതിരിക്കൂ ഒന്ന്. ഒന്നാമതേ യാത്രയെനിക്ക് തലവേദന സമ്മാനിച്ചിരിക്കയാണ്. അതിനിടയിലാണ് നിങ്ങളുടെ ഇമോഷണൽ ടോർച്ചർ. എന്റെ മാനസിക നിലയെക്കുറിച്ച് നിങ്ങൾക്കെന്താ ഒരു പരിഗണനയുമില്ലാത്തത്. ഇതെന്റെ ശരീരമാണ് എന്റെ തീരുമാനവും. നിങ്ങൾക്ക് മാതാവിനെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ എന്റെ കുഞ്ഞിനെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കാണ്.''
ഭ്രൂണം അമ്മയെ അനുസരിച്ചു. സോളമനോടൊത്ത് താമസിച്ചു കൊണ്ട് ഇരിക്കേത്തന്നെ പരിശോധനക്കായി മേരി ഗ്രാമത്തിനോട് ചേർന്ന ഹോസ്പിറ്റൽ തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം ഇവിടെ ഗർഭച്ഛിദ്രം അനുവദനീയമാണ് എന്നറിഞ്ഞതിനാൽ മാത്രമായിരുന്നു. സോളമനൊപ്പം ഫ്‌ലാറ്റിൽ കഴിഞ്ഞിരുന്ന സമയത്തായിരുന്നു മേരി ആദ്യമായി ഈ ആശുപത്രിയിൽ കാലെടുത്തു വയ്ക്കുന്നത്. അന്ന് അരമണിക്കൂറോളം അധികം കാത്തു നിന്നതിനു ശേഷമാണു ഗൈനക്കോളജിസ്റ്റ് ഡോ. ടീനയെ കാണാൻ സാധിച്ചത്. മുൻപരിചയം ഇല്ലാതിരുന്നിട്ടും മേരി നേരിട്ട് കാര്യം പറഞ്ഞു. താനും ഭർത്താവും പുതിയ നഗരത്തിലേക്ക് താമസം മാറിയിട്ടേയുള്ളു. ഞാൻ പഠിക്കുകയാണ്. അതിനിടയിലാണ് സംഭവിച്ചത്. തന്റെ പരീക്ഷ വരാനിരിക്കെയാണ്. ഗുളിക ഉപയോഗിച്ചിരുന്നു. ഭർത്താവിനോട് പറഞ്ഞിട്ടില്ല. ഡേറ്റ് മിസ് ആയിട്ട് എത്ര ദിവസമായെന്ന് മാത്രമേ ഡോക്ടർ ചോദിച്ചുള്ളു. അതു കഴിഞ്ഞ് സ്‌കാൻ ചെയ്യുവാൻ ഒരു കുറിപ്പ് എഴുതി തന്നു. വരിയിൽ നിന്ന് അടച്ച ബില്ലുമായി സ്‌കാനിങ് സെന്ററിൽ ചെന്നു. ഒരു സ്ത്രീ ഉള്ളിലേയ്ക്ക് അവളെ പിടിച്ചിരുത്തി. ആദ്യം വയറു പരിശോധിച്ചു. പിന്നെ ജീൻസ് അടിവസ്ത്രങ്ങൾക്കൊപ്പം അഴിപ്പിച്ച് മേലെ വൃത്തിയുള്ള വെളുത്ത തുണി വിരിച്ചു. ട്യൂബു പോലെ എന്തോ അവർ കയ്യിലെടുത്തു കൊണ്ടു വന്നു അതിനു മേലെ ഗർഭനിരോധന ഉറ പോലെ എന്തോ ചുറ്റിയിരുന്നു. സ്‌കാനിങ്ങിനു ആവശ്യമായ ലൂബ്രിക്കന്റ് അതിൽ പുരട്ടി. കാലുകൾ അകത്തി വയ്ക്കുവാൻ ആംഗ്യം കാണിച്ചു. മേരി അനുസരിച്ചു. പാമ്പ് മാളത്തിൽ കയറിയതു പോലെ ട്യൂബ് അകത്തേക്ക് കയറിപ്പോയി. സ്‌ക്രീനിൽ അരിമണി പോലെ എന്തിലോ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഫലം കുറച്ചു സമയങ്ങൾക്കകം ലഭിക്കുമെന്ന് അവർ അറിയിച്ചു. ആ സമയത്തിൽ കാന്റീനിൽ പോയി മേരി ഒരു മസാല ദോശ കഴിച്ചു. തിരിച്ചു വന്നപ്പോൾ ലഭിച്ച റിപ്പോർട്ടുമായി മേരി ഡോക്ടറെ കണ്ടു.
ആറാഴ്ച പ്രായമുള്ള ഇരട്ടക്കുട്ടികളുടെ ഭ്രൂണം മേരിക്കുള്ളിൽ വളർന്നു കൊണ്ടിരിക്കുന്ന വിവരം ഡോക്ടർ റിപ്പോർട്ട് വായിച്ച് അറിയിച്ചു. ഡോക്ടർ ചെറിയ രീതിയിൽ മേരിയെ കൗൺസിലിംഗിനു വിധേയയാക്കി. ഇന്നത്തെ യുവത്വം ഇതാണ്. ദൈവം തരുന്ന കുട്ടികളെ വേണ്ടെന്ന് വയ്ക്കും പിന്നീട് കുട്ടികളുണ്ടാകുന്നതിനു ചികിത്സയും വഴിപാടും. കുഞ്ഞുങ്ങളെ വളർത്തണോ വേണ്ടയോ എന്ന തീരുമാനം മേരിക്ക് വിട്ടു കൊടുത്ത് ഗർഭച്ഛിദ്രമാണു തെരഞ്ഞെടുക്കുന്നതെങ്കിൽ കഴിക്കുവാനായി മൂന്നു ഗുളികകൾ തന്നു വിട്ടു. രണ്ട് ഗുളികകൾ തീരുമാനമെടുക്കുന്ന ദിവസവും അവസാനത്തെ ഗുളിക അതിനടുത്ത ദിവസവും കഴിച്ച് നേരെ ആശുപത്രിയിലേക്ക് വന്നു കൊള്ളുവാൻ നിർദ്ദേശം ലഭിച്ചു. ഇരട്ടക്കുട്ടികൾ എന്ന് കേട്ടതിൽ മേരി ഒന്നിളകി. തന്നോട് സംസാരിച്ചത് ഭ്രൂണമല്ല ഭ്രൂണങ്ങളായിരുന്നുവെന്നത് അവളെ തളർത്തി. രണ്ട് ജീവനെ വഹിക്കുന്ന വയറിൽ നോക്കി അവൾ കണ്ണുകൾ പൂട്ടി. തനിക്ക് മറ്റ് വഴികളില്ല എന്നതു പോലെ അവൾ അവരോട് ക്ഷമാപണം നടത്തി. അന്നു രാത്രി പതിവില്ലാത്ത വിധം മേരി കരഞ്ഞു. തലയണ കണ്ണീരിൽ നനഞ്ഞു. വഴികളൊന്നും കാണാതെ കുഞ്ഞുങ്ങളുടെ അമ്മ ആ ഗുളികകൾ വിഴുങ്ങി. നേരത്തേ ആസൂത്രണം ചെയ്ത കണക്കേ സോളമനെ വിട്ടിട്ട് വരും വഴി മൂന്നാമത്തെ ഗുളിക വിഴുങ്ങി മേരി നേരെ ആശുപത്രിയെ ലക്ഷ്യമാക്കി വണ്ടി കയറി.
ആശുപത്രിയിൽ കൂടെ നിൽക്കുവാൻ ഒരാൾ നിർബന്ധമാണെന്ന് പറഞ്ഞതിനാൽ ആശുപത്രി അടിച്ചു വാരുന്ന എൽസിച്ചേച്ചിയോട് അവധിയെടുത്ത് കൂടെ നിൽക്കുവാനും സഹായിക്കുന്നതിനും മേരിയോട് സഹതാപം തോന്നിയ നഴ്‌സ് ലാലി ശുപാർശ ചെയ്തു. എൽസി ചേച്ചി സമ്മതം മൂളിയതിനു ശേഷം മേരി ആശുപത്രിയിൽ അഡ്മിറ്റായി. ഉള്ളിൽ നിറയെ ഭയവും കുറ്റബോധവും സങ്കടവും നിറയവേ ഇടയ്ക്കിടെ നഴ്‌സിന്റെ കൈകളിൽ മേരി അമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തെ കിടക്കയിൽ നിറഞ്ഞ വയറുമായി വന്ന പെൺകുട്ടിയുടെ കഥ നഴ്‌സ് ലാലി പറയുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. ആരാണ് ഗർഭത്തിനു ഉത്തരവാദിയെന്ന് കുട്ടിക്കെന്നല്ല, ആർക്കുമറിയില്ല. കടുത്ത വയറുവേദന മൂലം ആശുപത്രിയിൽ വന്നതായിരുന്നു ആ കുട്ടിയും അതിന്റെ അമ്മയും. പ്രസവം ഇന്നോ നാളെയോ ആയി ഉണ്ടാകാം. അവർക്കു മുൻപിലുള്ള അനിശ്ചിതത്വമായി തട്ടിച്ചു നോക്കുമ്പോൾ തനിക്ക് ആശ്വസിക്കാൻ ചിലതുണ്ടെന്ന് മേരി കരുതി. മനുഷ്യർ അങ്ങനാണ് മറ്റുള്ളവരെ നോക്കി ആശ്വസിക്കുകയും ആശങ്കപ്പെടുന്നവരുമാണ്. ജീവിതം എന്നത് ഒരു എത്തും പിടുത്തവും കിട്ടാത്ത ഒന്നാണെന്നും സ്വന്തം അനുഭവജ്ഞാനം വച്ച് അതിനെ അളക്കുന്നത് മണ്ടത്തരമാണെന്നും അവൾക്ക് ഡയറിയിൽ കുറിക്കണമെന്ന് തോന്നി.
മേരി ആശുപത്രിയിൽ എത്തിയതു മുതൽ മരണത്തിനെ ഭയന്നു തുടങ്ങിയിരുന്നു. മരണം വഴി കാര്യങ്ങൾ ആലീസോ അപ്പാപ്പനോ അറിയുന്നതിലെ അപകടം അവൾ മുൻകൂട്ടി കണ്ടു. ഡി ആൻഡ് സിക്ക് ആവശ്യമായ കടലാസുകളിൽ അവൾ ഒപ്പിട്ടു നൽകി. ഈ പ്രക്രിയയാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വരികളിൽ വച്ച് അവൾ ദീർഘനിശ്വാസം വിട്ടു. മരണത്തിന്റെ മണം അവൾക്ക് വളരെ അരികിലായി നിലനിൽക്കുന്നത് അനുഭവപ്പെട്ടതിനാൽ മൂക്കിനു ചുറ്റും, കരുതി വച്ചിരുന്ന വിക്‌സ് പുരട്ടി. ഓരോ അപരിചിതനെക്കാണുമ്പോഴും മരണത്തിനായി അവൾ കണ്ണുകളാൽ തിരച്ചിൽ നടത്തി. ആശുപത്രിക്കിടക്കയിലേയ്ക്ക് കയറും മുൻപ് വാങ്ങി വച്ചിരുന്ന തന്റെ എഴുത്തു ഡയറി അവൾ കയ്യിലെടുത്തു. ലാലി നഴ്‌സ് അത് കൂടെ വയ്ക്കുവാൻ അനുവദിച്ചു. വെറുതെയിരുന്നു മടുത്തപ്പോൾ മേരി പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സമയാസമയങ്ങളിൽ അതിൽ കുറിച്ചിട്ടു. ഓർമ്മ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ ഡയറി എടുത്ത് വായന തുടങ്ങി.
7.30 pm
പണമടങ്ങിയ ബാഗ് എൽസി ചേച്ചിയെ ഏൽപിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുവാൻ നിർദ്ദേശിച്ചു. ആയിരം രൂപ അവർക്ക് കൂലിയായി മുൻകൂർ നൽകി. മുന്നൂറു രൂപക്ക് ദിവസേന പണിക്ക് പോയിരുന്ന അവർക്കത് വലിയ ആശ്വാസമായിരിക്കുമെന്ന് സിസ്റ്റർ ലാലി പറഞ്ഞു. നാളെ രാവിലെ എൽസി ചേച്ചി അടിച്ചു വാരാൻ വരില്ലെന്നറിഞ്ഞ മുറ്റത്തെ മൂവാണ്ടൻ മാവ് തന്റെ ഉണങ്ങിയതും പഴുത്തതും പുഴുക്കുത്തേറ്റതുമായ ഇലകളെ പൊഴിക്കാതെ പിടിച്ചു വച്ചു. ഇവിടെ നിന്നു ഇറങ്ങിയതിനു ശേഷം എൽസി ചേച്ചിയുടെ ചുണ്ടിലുള്ള കാക്കപുള്ളി ബ്യൂട്ടി സ്‌പോട്ടാണെന്ന് പറഞ്ഞു കൊടുക്കണം. ഡോക്ടർ വരുവാൻ കാത്തു കിടക്കുന്നു. ഒറ്റയായതിൽ വിഷമം തോന്നി. അന്നമ്മേച്ചിയമ്മയെ ഓർമ്മ വന്നു.
8.30 pm
ഡോക്ടർ വന്നപ്പോൾ നഴ്‌സിനോട് പറഞ്ഞ് രണ്ട് ഗുളികകൾ കൂടി കാലുകൾക്കിടയിലേക്ക്; യോനിക്കുള്ളിൽ തിരുകി വപ്പിച്ചു. ഇക്കിളി തോന്നി ഒപ്പം തന്നെ വിഷമം തോന്നി. എന്റെ ഇരട്ടകളെ ചിന്നി ചിതറിപ്പിക്കുന്നതിനുള്ള മൈൻ കുഴിച്ചിട്ടതാണ്. അവരെന്നോട് സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഞാനാണ് കേൾക്കാൻ തയ്യാറല്ലാത്തത്. നിങ്ങൾ കണ്ടെത്തിയത് എത്ര ക്രൂരയായ അമ്മയെയാണ് കുട്ടികളേ. അവർ ഭയന്ന് ഒരു മൂലയിൽ പതുങ്ങിയിരിക്കയാണ്. പ്രസവവാർഡിലേക്ക് മാറ്റുന്നതിനുള്ള അറിയിപ്പ് ലഭിച്ചപ്പോൾ ചക്രകസേരയിൽ ഇരുത്തിക്കൊണ്ടു പോയി. പുറത്ത് എൽസി ചേച്ചി നിൽപ്പുണ്ടായത് കണ്ടപ്പോൾ ഓടി വന്നു. പാവം. മരണത്തെ അവിടെയൊന്നും കണ്ടില്ല. സയമാകുവാൻ കാത്തിരിക്കുകയാവും. ഉറങ്ങിക്കൊള്ളുവാൻ മറ്റൊരു നഴ്‌സ് പറഞ്ഞു. ഞാൻ ഉറങ്ങാൻ നോക്കട്ടെ. സോളമനെ ഓർമ്മ വന്നു.
10.00 pm
നഴ്‌സ് വന്നു വസ്ത്രങ്ങൾ മാറുവാനായി പച്ച ഗൗൺ നൽകി. പച്ച ഗൗണിന്റെ കനം കുറവ് എനിക്കിഷ്ടമായി. അതിനുള്ളിലൂടെയുണ്ടായിരുന്ന വായു സഞ്ചാരം ഉറക്കത്തിലുണ്ടായ വിയർപ്പ് വറ്റിച്ചു. പച്ച പുല്ലുകൾ ചതച്ചരച്ച് ഉണ്ടാക്കിയതു പോലെ ഈ വസ്ത്രം ഇഞ്ചപ്പുല്ലു മണക്കുന്നു. കൺപോളകളിൽ ഇരുണ്ട മേഘം പോലെ ഒരു നിറം അടിഞ്ഞു കൂടിയിരിക്കുന്നു. സോളമനു കൂടി കയറിക്കിടക്കാവുന്നത്രയും ഇടം പച്ചഗൗണിനുള്ളിലുണ്ട്. ഓർക്കണ്ടെന്ന് കരുതിയതാണ്.
10.30 pm
യോനിയിലെ രോമങ്ങൾ വടിക്കുവാൻ നഴ്‌സ് വന്നു കൊണ്ടു പോയി. സ്വകാര്യഭാഗങ്ങളിൽ ബ്ലേഡിന്റെ വായ്ത്തല വന്നു വീഴുന്നതു കാണാനാകാതെ കണ്ണുകളടച്ചു. നഴ്‌സ് അതിലൊരു വിദഗ്ധയാണെന്ന് കണ്ണു തുറക്കവേ മനസിലായി. അവരുടെ അനുഭവജ്ഞാനം അമ്പരിപ്പിക്കുന്നതു തന്നെ. ആ വാൾത്തലപ്പ് ഭയപ്പെടുത്തുന്നതാണെങ്കിലും എന്നേക്കാൾ നന്നായി എന്റെ ശരീരത്തെ അറിയാമെന്ന പോലെ അവർ പെരുമാറി. ഒരു പക്ഷെ ക്ഷുരകന്റെ മകളായിരിക്കാമിവർ. നനവെല്ലാം തുടച്ച് ഉണക്കി.
10.45 pm
തിരിച്ചു വന്നു.
10.55 pm
രക്തസ്രാവം ആരംഭിച്ചു. നനവ്. വഴുവഴുപ്പ്. ആയിരം കൈകളുമായി അവയെ തടുത്തു നിറുത്തുവാനെനിക്ക് കഴിയാത്തതിൽ നിരാശ പൂണ്ടു. നഴ്‌സിനെ വിവരം അറിയിച്ചു. അവർ വേഗത്തിൽ നടന്നു പോയി. ഇരട്ടകൾക്ക് ഓക്‌സിജനോ ഭക്ഷണമോ കൊണ്ടു പോയ ഒരു തുള്ളി എന്നെ നനച്ചു. പതിയെ വസ്ത്രം നനച്ചു. തുടകളെ നനച്ചു. കാൽപ്പാദങ്ങളെ നനച്ചു. മുറിയെ നനച്ചു. മുറി നിറഞ്ഞൊഴുകി. വഴികളിലേയ്ക്ക് കുതിച്ചു. നഗരത്തെ നനച്ചു. ഗ്രാമങ്ങളെ നനച്ചു. മലയിടുക്കുകളിലൂടെ തുടകൾക്കിടയിലൂടെയെന്ന പോലെ ഒഴുകി. പർവ്വതങ്ങളെ നനച്ചു. പുഴകളെ കലക്കി. സമുദ്രങ്ങളെ നിറച്ചു. ഭൂമിയെ നനച്ചു. ഇരട്ടകളെ ഇല്ലാതാക്കുന്നതിലെ കുറ്റബോധം തോന്നാതിരിക്കുന്നതിനു മന:പൂർവ്വം കരുതലെടുത്തു.
11.00 pm
പാഡിനു പകരം പരുത്തി തുണി ചുറ്റി. തുണി ഇഴുകി ഇഴുകി വരുന്നതിൽ അസ്വസ്ഥത തോന്നി. പഴയ കാലങ്ങളിൽ അഴുക്കു നിറഞ്ഞ തുണിചുറ്റി ജീവിച്ച സ്ത്രീകളെക്കുറിച്ച് ഓർമ്മ വന്നു. ബദാം മരങ്ങളുടെ പഴുത്ത ഇലകളുടെ മാർദ്ദവം പരുത്തിത്തുണിയിലെനിക്ക് അനുഭവപ്പെട്ടു. എനിക്കുള്ളിൽ ചുട്ടു പഴുത്തു തുടങ്ങി. വൃക്ഷങ്ങളുടെ തണലുകൾ എനിക്കാശ്വാസം നൽകുവാൻ വന്നെത്തി. നിഴലെന്ന വാക്കും തണലെന്ന വാക്കും എത്ര വ്യത്യാസം.
12.00 pm
ദാഹം തോന്നി. വെള്ളം കിട്ടാതെ തൊണ്ട വരണ്ടു. എന്റെ ശരീരത്തിന്റെ തനത് മണം നാളുകൾക്കു ശേഷം ഞാനറിഞ്ഞു. അതിൽ മുങ്ങാം കുഴിയിട്ട് കിടക്കേ ചെകിളപ്പൂക്കളിൽ കുമിള കണക്കേ ഓർമ്മകൾ. ഉറക്കം അനുഗ്രഹമായി കടന്നു വന്നു.
1.00 am
ഡോക്ടർ വന്നുണർത്തി. രണ്ടു മണിക്കൂറിനു ശേഷം രക്തസ്രാവം കൂടിയില്ലെങ്കിൽ ഡി എൻ സി വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു. വേണ്ടി വരും അത്ര പെട്ടന്നൊന്നും കുട്ടികൾ തന്നെ വിട്ടു പോകില്ല. വീടിനുള്ളിലെ മാറാല പോലെ അവർ പറ്റിപ്പിടിക്കും. പുറത്തെ കിളികളുടെ ചിലചിലപ്പും പട്ടികളുടെ ഓരിയിടലും അവസാനമായൊന്ന് കേൾക്കുവാൻ തോന്നി. ചുരുണ്ടു കിടക്കും ചാണകപ്പുഴുവിനെപ്പോലെ ഏറെ നേരം കിടന്നു. പുറത്ത് മഴ പെയ്യുന്ന ശബ്ദമോ അതോ കളിമൺ ഫാക്ടറിയിലേയ്ക്ക് മണ്ണു കടത്തും ലോറികളോ? ഞാൻ പുതുമഴയുടെ ഉണങ്ങിയ മണം പിടിക്കുവാൻ മൂക്ക് വിടർത്തി. ഉറക്കത്തിൽ സോളമന്റെ കൈകൾക്കുള്ളിൽ കിടക്കുന്ന സ്വപ്നം കണ്ടത് ഓർമ്മ വന്നു.
2.00 am
രക്തസ്രാവം കൂടി. ഡോക്ടർ വന്നു പരിശോധിച്ച് ശരിയെന്ന് പറഞ്ഞു. നഴ്‌സ് വന്നു ബാത്ത്‌റൂമിൽ പോയിവരാൻ പറഞ്ഞു. എഴുന്നേറ്റപ്പോൾ തിരുകി വച്ച കോട്ടൺ തുണി താഴെ വീണു. തറയിൽ രക്തം പതിഞ്ഞു. നഴ്‌സ് താഴെ തുടച്ചു വൃത്തിയാക്കി. മനസിൽ പലപ്പോഴായി വേണ്ട വേണ്ടയെന്ന ചിന്ത കയറി വന്നു. മഴക്കാലത്തു അലക്കിയിട്ട വസ്ത്രങ്ങളുടെ പൂതലിക്കുന്ന ഗന്ധം മൂക്കിൽ തടഞ്ഞു.
2.15 am
മൂത്രമൊഴിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്തോ ഉള്ളിൽ നിന്നും ബ്ലും ശബ്ദത്തോടെ ക്ലോസറ്റിൽ വീണു. അത് ഇരട്ടകളുടെ ഏതോ ഭാഗമാണെന്ന് മനസിലായി. നെഞ്ച് പൊള്ളി. ജീവൻ വെടിഞ്ഞ മാംസത്തരികളെ നോക്കുന്നേരം തലകറങ്ങി. നഴ്‌സിനെ വിളിച്ചു. ഈ കാഴ്ച ജീവിതത്തിലുടനീളം കൂടെ വരുമെന്ന് തോന്നി. ആരോ ചിലങ്കകളിട്ട് കാതിൽ നൃത്തം ചെയ്തു. ചീവീടുകൾ ഒച്ച വച്ചു. കിടക്കയിൽ കണ്ണുകളടച്ചു കിടന്നു
2.30 am
ഭയന്ന മുഖത്തോടെ കിടക്കുന്ന എന്നെ കണ്ടിട്ടാകണം വേദനയെടുക്കില്ലെന്ന് പറഞ്ഞ് നഴ്‌സ് ആശ്വസിപ്പിച്ചു. തരിപ്പ് തലയിൽ നിന്നും മാഞ്ഞതില്ല. ചാഞ്ഞു നിൽക്കും മരങ്ങളിലൊക്കെ അണ്ണാനുകൾ ഓടിക്കയറിയപോലെ ദുർബലയെ ഭയം, കുറ്റബോധം എന്നിവ എളുപ്പം തീണ്ടി. ഗർഭിണിയായ എട്ടാം ക്ലാസുകാരി കിടക്കയിൽ കിടന്നു ചിരിക്കുവാൻ ശ്രമിച്ചു. അവളെക്കാണുവാനൊരു പാവക്കുട്ടിയെപ്പോലെ തോന്നി. അവളുടെ വർഷാവസാന പരീക്ഷ കഴിഞ്ഞിരിക്കുമോ? പോകുന്നതിനു മുൻപ് അവൾക്കൊരു പാവക്കുട്ടിയെ വാങ്ങി നൽകുവാൻ തീരുമാനിച്ചു.
3.00 am
മറ്റൊരു മുറിയിലേയ്ക്ക് മാറ്റി. പോകും വഴി ഉള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന എൽസി ചേച്ചിയെ കണ്ടു. ആശുപത്രിക്കു പുറത്തെ ജീവിതം എത്ര സാധാരണമെന്ന് ഓർത്തു. മരണം ഒരു സ്ത്രീയായി നഴ്‌സിന്റെ വേഷത്തിൽ പുറത്ത് കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ കൈ കാട്ടി വിളിച്ചു. അപ്പാപ്പനും ആലീസിനും സുഖമാണോ എന്നന്വേഷിച്ചു. തലകുലുക്കിയതിനു ശേഷം എന്റെ വയറിൽ തൊട്ടുഴിഞ്ഞു. ഇരട്ടകളുടെ ജീവൻ മരണത്തിൽ അലിഞ്ഞു ചേർന്നിരുന്നു. തേരുകൾ വലിക്കുന്ന കുതിരകൾ ചിനച്ചു കൊണ്ട് അവരെ കൊണ്ടു പോയി. മരണം ഉറങ്ങുവാൻ പറഞ്ഞു മുടിയിഴകളിൽ തഴുകി യാത്രയായി. മരണത്തിന്റെ കുലുങ്ങുന്ന നിതംബങ്ങളിൽ ഡോക്ടർമാർ കണ്ണു വയ്ക്കുന്നുണ്ടായിരുന്നു.
3.15 am
ഇഞ്ചക്ഷൻ വച്ചു.
ഉറങ്ങിപ്പോയി.
4.30 am
ഉണർന്നു.
നഴ്‌സ് ചായ കൊണ്ടു തന്നു.
4.35 am
ചായ ഛർദ്ദിച്ചു.
ഒൻപതാം ക്ലാസുകാരിയുടെ കാമുകൻ അവളുടെ അമ്മാവനാണെന്ന് നഴ്‌സ് പറഞ്ഞു. ഛർദിച്ചതെത്ര നന്നായെന്ന് ഓർത്തു. മനുഷ്യരോട് വെറുപ്പ് തോന്നി. ആണുങ്ങളുടെ സമൂഹവ്യവസ്ഥക്കെതിരെ പുച്ഛവും കോപവും. കോപം മുഴുവൻ സോളമന്റെ ദേഹത്തിൽ തീർക്കുവാൻ തോന്നി.
5.00 am
രക്തസ്രാവം അവസാനിച്ചോയെന്ന് നോക്കി വരുവാൻ ബാത്ത് റൂമിലേക്ക് അയച്ചു. ഞാൻ കുളിമുറിയിൽ കയറി വസ്ത്രമുരിഞ്ഞു പരിശോധിച്ചു. മാംസത്തിന്റെ ഒരു കെട്ടായി മാത്രം മനുഷ്യർ മനുഷ്യരെ കാണുന്ന സമൂഹത്തിൽ തിരികെ വന്ന് ഇല്ലയെന്ന് അറിയിച്ചു.
5.37 am
ഡോക്ടർ വന്നു പരിശോധിച്ചു.കുഴപ്പമൊന്നും കാണുന്നില്ലെന്നും പോകാമെന്നും അറിയിച്ചു. ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണമെന്നും അറിയിച്ചു. വരാൻ പോകുന്ന പരീക്ഷകൾക്ക് അവർ എനിക്ക് വിജയം ആശംസിച്ചു. രക്തസ്രാവം രണ്ടു മൂന്നു ദിവസം കൂടി കാണുമെന്ന് അറിയിച്ചതിനാൽ ആശുപത്രിക്കരികിലായി ഒരു മുറി സംഘടിപ്പിക്കാമെന്നു കരുതുന്നു. രക്തസ്രാവം പൂർണ്ണമായും നിലച്ചതിനു ശേഷം മാത്രമേ ദീർഘദൂരയാത്ര പാടുള്ളുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എൽസി ചേച്ചിയെ കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. സിസ്റ്റർ ലാലിയോട് വിവരങ്ങൾ തിരക്കി. ഇനി കുട്ടിക്കായി ശ്രമിക്കുമ്പോൾ കഴിക്കേണ്ട ഫോളിക് ആസിഡ് അടങ്ങിയ മരുന്ന് എഴുതി നൽകിയ ചീട്ട് ചുളുക്കി ചവറ്റു കൊട്ടയിലിട്ട് ഞാനൊന്ന് കണ്ണടക്കുവാൻ നോക്കി.
7.00 am
ആശുപത്രിയിൽ നിന്നും ഇറങ്ങണംഓറഞ്ചോർമ്മ ഡയറിയിൽ നിന്നും കൈകളെടുത്തു.ആശുപത്രിയിൽ നിന്നിറങ്ങി മൂന്നു ദിവസമായിട്ടും മേരിയിൽ രക്തം അടങ്ങിയിരുന്നില്ല. കൈകൾ കൊണ്ട് പൊത്തിയെടുത്ത ജലം പോലെ അത് താഴേക്ക് ഒലിച്ചു കൊണ്ടിരുന്നു. പുറത്തിറങ്ങി എൽസി ചേച്ചിയുടെ സഹായത്താൽ ആശുപത്രിക്ക് അരികിലായി ഒരു മുറി തൽക്കാലത്തേയ്ക്ക് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതിനിടെ രക്തസ്രാവത്താൽ തലകറങ്ങിയ ദിവസം മേരി ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു.
2.00 pm
ഡോക്ടർ വന്നില്ലായിരുന്നു.കഴിഞ്ഞ വട്ടം പോകുന്നതിനു മുൻപ് ആയിരം രൂപ കിട്ടിയ നഴ്‌സ് ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ ചിരിച്ചു. എന്ത് പറ്റി എന്ന് കുശലം ചോദിച്ചു. വേദന കുറയ്ക്കുവാൻ ഗുളിക തരുമോ എന്ന് ചോദിച്ചു. ഡോക്ടർ വരാതെ കഴിക്കുന്നത് അപകടമാണെന്ന് അറിയിച്ചു.
2.40 pm
ഡോക്ടർ വന്നു. സ്‌കാനിങ്ങിനു ചീട്ടെഴുതി തന്നു.
2.50 pm
പണം അടച്ചു.
3.15 pm
സ്‌കാനിംഗ് ചെയ്യുവാൻ കട്ടിലിൽ അഴിഞ്ഞു കിടന്നു. ട്യൂബ് ഉള്ളിൽ കയറിപ്പോയി. ആ സമയമൊക്കെയും സോളമനെക്കുറിച്ചായിരുന്നു വിചാരങ്ങൾ മുഴുക്കെ. ആദ്യമൊരു അങ്കലാപ്പ് വരുമെങ്കിലും ഞാൻ പോയിക്കഴിഞ്ഞാലും മറ്റാരുടെയെങ്കിലും പ്രേമത്തിൽ അയാൾ എല്ലാം മറന്നേക്കുമെന്ന് തോന്നുന്നു. മനുഷ്യർ ഒരിക്കലും പിരിയുകയില്ല എന്ന് ഉറപ്പ് നൽകുന്നതും വിട്ട് പോകുന്നതുംമൊക്കെ സാധാരണമാണ്. He is going to be alright. I think so.
3.30 pm
റിപ്പോർട്ടിനായി കാത്തിരുന്നു. സോളമനെ ഇനിയൊരിക്കലും കാണാതിരിക്കട്ടെ. ""സ്വാതന്ത്ര്യം എന്നതിന്റെ ആദ്യവാക്ക് ജോലി എന്നാണ്.'' ഒരു ജോലി കണ്ടെത്തണം. മരണം വരെ സന്തോഷത്തോടെ ജീവിക്കണം. I want to be alone. I am strong when I am alone. എന്നെക്കുറിച്ചുള്ള അയാളുടെ ഓർമ്മകളെ നശിപ്പിക്കുവാനുള്ളൊരു പദ്ധതി മനസിലുണ്ട്.
4.00 pm
കാത്തുകാത്തിരുന്നു. അന്നമ്മേച്ചിയമ്മയെ ഓർമ്മ വന്നു. ഇപ്പോഴെവിടെയാകും. ജീവിച്ചിരിപ്പുണ്ടാകുമോ? സ്‌നേഹിച്ചവരെ എല്ലാം മരണക്കിടക്കയിലെന്ന പോലെ കാണുവാൻ തോന്നുന്നു. തെറിയെല്ലാം മറന്നു പോയ്ക്കാണുമോ? കണ്ടാൽ തിരിച്ചറിയുമോ? മൾബറി കൃഷിയൊക്കെ നശിച്ചു പോയ്ക്കാണുമോ? ജീവിതം അവസാനിപ്പിക്കാൻ ഒരു ഉദ്ദേശവുമില്ല. തോറ്റു കൊടുക്കുന്ന പ്രശ്‌നമില്ല.
4.20 pm
റിപ്പോർട്ട് ലഭിച്ചു. മരിച്ചു പോകുമോ എന്ന് ഭയം തോന്നി. ഈ രീതിയിൽ മരണം കൈവരിക്കുക എന്നതൊരു ദുരന്തമാകുമല്ലോ. ഇങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. മുനമ്പിലെ പാറക്കെട്ടിൽ നിന്നും പറക്കണം എന്നായിരുന്നു. അതിവേഗതയിൽ പായുന്നൊരു കാറിനെ നദിയിലേയ്ക്ക് ചാടിച്ചായിരുന്നു. ബാങ്ക് കവർച്ചക്കിടെ സെക്യൂരിറ്റിയുടെ വെടിയേറ്റായിരുന്നു. ഐസ്‌ക്രീം കോപ്പയിൽ വീണു പോയിട്ടായിരുന്നു.
4.25 pm
ഡോക്ടറുടെ അടുത്തേക്ക് എത്തി.
4.30 pm
റിപ്പോർട്ട് പരിശോധിച്ചു.ഇരട്ടക്കുട്ടികൾ പൂർണ്ണമായും വിട്ടു പോയില്ല എന്ന സത്യം ഡോക്ടർ അറിയിച്ചു. കരച്ചിൽ വന്നെങ്കിലും കരഞ്ഞില്ല. എത്രയും പെട്ടന്ന്, നിർബന്ധമായും അഡ്മിറ്റ് ആകുവാൻ ഡോക്ടർ നിർബന്ധിച്ചു. എന്തുകൊണ്ടെന്ന് ആദ്യം മനസിലായില്ല. നഴ്‌സ് നിർദ്ദേശങ്ങൾ നൽകി.
6.00 pm
വജ്രാഭരണം പണയം വച്ച പണം നഴ്‌സിനെ ഏൽപിച്ചു. പഴയ മുറിയിൽ നഴ്‌സ് കൊണ്ട് പോയി കിടത്തി.
6.30 pm
പ്രത്യേക മുറിയിലേയ്ക്ക് മാറ്റി. ഇഞ്ചക്ഷൻ ലഭിച്ചാൽ ബോധം മറയുമെന്ന് നഴ്‌സ് അറിയിച്ചു.
9.00 pm
ബോധം തെളിഞ്ഞു.
കൂടെ ആരും വന്നില്ലേ എന്ന് നഴ്‌സ് ചോദിച്ചു.
ഇല്ലെന്ന് കണ്ണുകളടച്ച് കാണിച്ചു.
എന്ത് കൊണ്ട് എല്ലാം സോളമനോട് തുറന്ന് പറയാതിരുന്നത് എന്ന് എത്ര ആലോചിച്ചും പിടികിട്ടിയില്ല. ഒരു പക്ഷെ അയാൾ കൂടെ നിൽക്കുമായിരിക്കും. അയാൾക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. എങ്കിലും. എന്റെ ജീവിതം എന്റേത് മാത്രമാണ്. മറ്റൊരാളുടേയും ആശ്രയം ആവശ്യമില്ല. I am gonna miss him I know. But I have no other choice here.
9.30 pm
ഡോക്ടർ വന്നുവീട്ടിൽ നിന്നും ആരോടെങ്കിലും വരുവാൻ അറിയിച്ചു
എൽസി ചേച്ചി വീട്ടിൽ പോയി.തനിക്ക് ആരുമില്ല എന്ന സത്യം അറിയിച്ചു
ഉറങ്ങുവാൻ ഒരു ഇഞ്ചക്ഷൻ കിട്ടി. ഉറക്കം വരുന്നുണ്ട്
3 am
പുലർച്ച കൃത്യം മൂന്നു മണിക്ക് ഞാൻ കൈത്തണ്ടയിൽ നിന്നും ഗ്ലൂക്കോസ് വള്ളികൾ പറിച്ചെറിഞ്ഞ് ചെവിയിൽ ഹെഡ്‌ഫോൺ തിരുകി പരിചയമുള്ള സംഗീതത്തിൽ എനിക്കാശ്വാസം തോന്നി. ഓർമ്മ ഡയറി വായന തുടർന്നു.
പിറ്റേ ദിവസം 8.30 am
ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.
ഭക്ഷണം കഴിച്ചു.
9.30 am
ഡോക്ടർ വന്നു. അന്നു ചെയ്ത ഗർഭഛിദ്രത്തിൽ ഇരട്ടകളുടെ ഒരു ഭാഗം പുറത്തു വരാതെ ഉള്ളിൽ തന്നെ തങ്ങി നിന്നു. അതു മൂലം യോനിക്കുള്ളിൽ അണുബാധയേറ്റു. ജീവനു അപകടം സംഭവിക്കാമായിരുന്ന ഈ അണുബാധ പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ അണുബാധയേറ്റ് യോനിയുടെ ഉൾഭാഗം തകർന്നു. ഇനിയൊരു കുഞ്ഞിനെ പേറുന്നതിനെനിക്ക് ആവുമോയെന്ന് ചോദിച്ചില്ല. എനിക്ക് വിഷമമൊന്നും തോന്നിയില്ല എന്നത് എന്നെത്തന്നെ അതിശയിപ്പിച്ചു. വികാരങ്ങളെല്ലാം വറ്റിയിരുന്നു. തീരെ കനം കുറഞ്ഞപോലെ തോന്നി. കാറ്റിൽ പാറുന്നു. പക്ഷികൾ കൂടെ വന്നു.
12.00 pm
ആശുപത്രിയിൽ നിന്നും ഇറങ്ങുവാനായി കാത്തുകിടക്കുന്നു. ബില്ലുമായി ആരും വന്നില്ല ഇതു വരെ. പോകണം. ഗർഭഛിദ്രത്തിനു വിധേയയായ മേരിയിൽ അവളറിയാതെ തന്നെ ചില മാറ്റങ്ങൾ സംഭവിച്ചിരുന്നു
1. സംഗീതത്തെക്കുറിച്ചുള്ള അവബോധം
2. കുഞ്ഞുങ്ങളോടുള്ള ഭയമോ സ്‌നേഹമോ എന്ന് തിരിച്ചറിയാനാകാത്ത വികാരം
3. യോനിയോടുള്ള അറപ്പ്
സംഗീതത്തെക്കുറിച്ചുള്ള അവബോധം:- ഗർഭച്ഛിദ്രം കഴിഞ്ഞശേഷം വഴിയിലെ വാദ്യോപകരണങ്ങൾ വിൽക്കുന്ന കടയിൽ നിന്നും കേട്ട സംഗീതത്തിൽ വയലിൻ പ്രത്യേകമായി അവൾക്ക് കേൾക്കുവാൻ സാധിച്ചു. വയലിന്റെ എല്ലാ സ്വരങ്ങളും ഒരു വിദഗ്ദ്ധയെപ്പോലെ അവളുടെ ഓർമ്മയിൽ തെളിഞ്ഞു. അതുവരേയും സംഗീതത്തോട് അമിതഭ്രമമില്ലായിരുന്ന അവൾ കയ്യിലുള്ള ബാക്കി പണം കൊടുത്ത് ഒരു വയലിൻ വാങ്ങി തോളത്ത് തൂക്കി. അതുവരെ സംഗീതത്തിനോട് യാതൊരു ആഭിമുഖ്യവുമില്ലാതിരുന്ന മേരി ഡി ആൻഡ് സിക്കു ശേഷം അപ്പാടെ മാറി. അവൾ സംഗീതാക്ഷരങ്ങളെ വർഷങ്ങളായി അടുപ്പമുള്ള സ്വന്തം ശരീരാവയവത്തെപ്പോലെ തിരിച്ചറിഞ്ഞു. അവൾക്ക് സംഗീതം വളരെ ലളിതമായി. പഴയ മേരി ഒരു അപരിചിത എന്ന വണ്ണം പുതിയ മേരിയെ നോക്കിക്കണ്ടു.
കുഞ്ഞുങ്ങളോടുള്ള ഭയമോ സ്‌നേഹമോ എന്ന് തിരിച്ചറിയാനാകാത്ത വികാരം:- ഇനിയൊരിക്കലും കുഞ്ഞുങ്ങൾ തന്റെ വയറിനുള്ളിൽ മുളക്കുകയില്ല എന്ന അറിവ് മേരിക്ക് ഒരേസമയം ആശ്വാസവും ഭീതിയും നൽകി. കുട്ടികളെ ഇല്ലാതാക്കിയ തീരുമാനത്തിൽ ഇരട്ടകൾക്ക് തന്നോട് തോന്നാവുന്ന പക അവളുടെ ശിരസിൽ പതിഞ്ഞതായി അവൾ കണക്കാക്കി. കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോൾ ജീവനു വേണ്ടിയുള്ള അവരുടെ പ്രാണന്റെ അവസാനത്തെ പിടച്ചിൽ പോലെ അവളുടെ ഹൃദയത്തിൽ നിന്നുമുള്ള രക്തക്കുഴലുകൾ തുടിച്ചു. എന്നാൽ ഈ ലോകത്തേയ്ക്ക് തന്റെ വക കൂടി ഒരു മനുഷ്യക്കുട്ടിയുടെ ആവശ്യമില്ലയെന്ന് മേരിക്ക് അത്രയും ഉറപ്പുണ്ടായിരുന്നു.
യോനിയോടുള്ള അറപ്പ്:- തന്റെ സമ്മതമില്ലാതെ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നിനോടുള്ള അവജ്ഞ അവൾക്ക് അറപ്പായി പുറത്തു വന്നു. ലിംഗത്തെപ്പോലെ ഉണരുന്നതു വരെ അടഞ്ഞു കിടക്കുന്നതിനുള്ള വാതിൽ ദൈവം സ്ത്രീകളിൽ സൃഷ്ടിക്കാത്തതിൽ അമർഷം തോന്നി. യോനിയെ നരകക്കുഴിയെന്ന് വിളിച്ച് അതിനുള്ളിൽ നിന്നും കിനിയുന്ന ദ്രാവകങ്ങളെ ഓർത്ത് ഛർദ്ദിക്കുവാനാരംഭിച്ചു.
മേരി പലയിടങ്ങളിലായി ഉപേക്ഷിച്ച ആശുപത്രിയോർമ്മകളെ സന്ദർശനവേളയിൽ സോളമൻ ശേഖരിക്കുകയാണ് ചെയ്തത്. പലയിടങ്ങളിൽ നിന്നായി ഞങ്ങളെ സോളമൻ കണ്ടെടുത്തു. അയാളുടെ ബാഗിനുള്ളിൽ ഞങ്ങൾ ദിവസങ്ങളോളം അനക്കമറ്റ് കഴിഞ്ഞു കൂടി. തിരികെ വീട്ടിലെത്തിയപ്പോൾ നിങ്ങളോട് ചേരുകയായിരുന്നു. ഓർമ്മ തുടർന്നു.▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.