ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

ചെറുപ്പത്തിൽ സർക്കസുകാരെ നിങ്ങൾ കണ്ടു കാണുമല്ലോ. ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക്, അവിടെ നിന്നും വേറൊരിടത്തേയ്ക്ക്. അവർക്ക് രാജ്യം മുഴുവനും സ്വന്തമാണ് എന്നാൽ നാട്ടുകാർക്ക് അവരുടെ ജീവിതത്തിൽ ഇടപെടാനും മറ്റും കഴിഞ്ഞിരുന്നില്ല. അവർ ആരുടേയും ദയക്ക് വേണ്ടി കാത്തുനിൽക്കാറില്ല. അവരെ പിന്തുടരുവാനും സാധിക്കുകയില്ല. അത്തരത്തിൽ ഒന്നായിരുന്നു എന്റെ സമൂഹം. സർക്കസ് ഇല്ലെന്നേ ഉള്ളൂ. ഒരു ജിപ്‌സിക്കൂട്ടം. രാജ്യം മുഴുക്കെ ഞങ്ങളുടെ സ്വന്തമായിരുന്നു. എന്റെ ഓർമ്മയിൽ ആദ്യമെല്ലാം ഞങ്ങൾ വലിയ ധനികരായിരുന്നു. പിന്നീട് അത് തകർന്നു. എന്നെപ്പോലെയുള്ള അവിശ്വാസികൾ കാരണമെന്നാ അപ്പൻ പറയുന്നത്. ഹ.. ഹ..! അത് സത്യമായിരുന്നു. എനിക്കതിലൊന്നും ഒരു വിശ്വാസവുമില്ലായിരുന്നു. പക്ഷെ മറ്റൊന്നുണ്ട്. ഭയം. ലോകത്തെ മതങ്ങളെല്ലാം ജനങ്ങളെ ഭരിക്കുന്നത് അതുപയോഗിച്ചാണ്. മരണത്തെ, മനഃസാക്ഷിയെ ഭയക്കുന്ന മനുഷ്യർ. ആ ഭയത്തെ ആളിക്കത്തിച്ച് മതങ്ങൾ ജീവിച്ചു. എന്നാൽ മറ്റ് മതങ്ങളെപ്പോലെ ആയിരുന്നില്ല, ഞങ്ങൾ ആരാധിച്ചിരുന്നത് പുരുഷ ബീജത്തേയും അണ്ഡത്തേയുമായിരുന്നു; ശൂന്യതയേയും പ്രകാശത്തേയുമായിരുന്നു; നിസാരതയേയും പൂർണതയേയുമായിരുന്നു.

സംരക്ഷണം, കൂര, സമീപനം എന്നിവയിൽ മറ്റുള്ള ജനങ്ങളേക്കാൾ മുന്നിട്ടാണ് ഈ സമൂഹം നിലനിന്നിരുന്നത്. ഞങ്ങളുടെ പിതാമഹന്മാർ ഒരിടത്തും നിലയുറപ്പിച്ചിട്ടില്ല. അഞ്ച് വർഷം കൂടുമ്പോൾ പുതിയ നാട്ടിലേക്ക് ഞങ്ങളുടെ കൂട്ടം ചേക്കേറും. ഞങ്ങളെപ്പറ്റി ആർക്കും ഒരു പിടുത്തവുമില്ലായിരുന്നു. ഉദാഹരണത്തിനു ജിപ്‌സിപ്പെണ്ണുങ്ങൾ പരസ്പരം ചീത്ത വിളിക്കുന്നത് കണ്ടാൽ നിങ്ങളെന്ത് പറയും? അവരായി അവരുടെ പാടായി. അത് ഒരു തരം സംരക്ഷണ കവചമാണ്. പുറത്ത് നിന്നുമുള്ള ഇടപെടലുകളെ റദ്ദ് ചെയ്യൽ. പുരുഷൻ മേധാവിത്തം നിറഞ്ഞവനും സ്ത്രീ അവനു വഴങ്ങുന്നവളുമായിരുന്നു. അങ്ങനെയാണ് വളർന്നു വരുന്ന ഓരോരുത്തരേയും പരിശീലിപ്പിച്ചു കൊണ്ടിരുന്നത്. പുരുഷൻ അഗ്രസീവും സ്ത്രീ സബ്മിസ്സീവും. ഞങ്ങളുടെ സമൂഹത്തിന്റെ ലക്ഷ്യം ഈ വാചകങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ സമതുലനതയിലേക്ക് വീണ്ടും ലോകത്തെ കൈപിടിച്ചു കൊണ്ടു വരിക എന്നതായിരുന്നു പ്രധാനപ്പെട്ട ഉദ്ദേശ്യം. അതിന്റെ ഭാഗമായിട്ടാകണം പുരുഷന്മാർ വേട്ടക്കാരും സ്ത്രീകൾ ഇരകളുമായി തീർന്നത്. ആൺകുട്ടികളിൽ അത്തരം ഒരു മനോഭാവം വളർത്തിയെടുക്കുന്നതിനായി പലരീതികളിലുള്ള പരിശീലനങ്ങൾ നൽകിപ്പോന്നിരുന്നു. അതിലൊന്ന് വയലൻസാണ്. മനുഷ്യന്റെ ഈയൊരു സ്വഭാവത്തിന് മുൻപിലാണ് എല്ലാ മാനുഷിക വാദങ്ങളും അവസാനിക്കുക. സ്ത്രീയിലും പുരുഷനിലും അത് ഗുപ്തമായി നിലനിൽക്കുന്നുണ്ട്.

കുഞ്ഞുങ്ങളാണ് ഈ സമൂഹത്തിൽ ഏറ്റവും ഹിംസ അനുഭവിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അനുഭവിക്കുന്നത്. അവർ ചെറുപ്പത്തിലേ ക്രൂരതയ്ക്കിരയാകുന്നു. മുതിർന്നവർ ഒരു ദയവുമില്ലാതെ അവരെ ഉപയോഗിക്കുന്നു. അവർക്ക് ഒന്നും തന്നെ അറിയില്ല. ഒരു തരം അധികാരത്തിലായിരുന്നു അപ്പനും അപ്പാപ്പനും എന്നെ ഉപയോഗിച്ചു കൊണ്ടിരുന്നത്. എനിക്കന്ന് ഒന്നും അറിഞ്ഞു കൂട. ഭയം നാണക്കേട് എന്നീ വികാരങ്ങൾ വേറെ. എന്നാൽ പതിയെ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ എനിക്കു ചുറ്റുമുള്ള അൻപത് കുടുംബങ്ങളും ഇത് തന്നെ പിന്തുടരുമ്പോൾ അതൊരു തരം സാധാരണമായ ചര്യയായി മാറി. അവസ്ഥകളോട് താദാത്മ്യം പ്രാപിക്കുവാനുള്ള മനുഷ്യമനസിന്റെ കഴിവ് അതീവ ഗൂഢമാണ്.

അവരെനിക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചു. പുസ്തകങ്ങൾ വായിച്ചു തുടങ്ങിയതിനു ശേഷമാണ് എനിക്ക് ഈ കാര്യത്തിൽ വലിയ സംശയങ്ങൾ തോന്നിത്തുടങ്ങുന്നത്. എന്നാൽ കുഞ്ഞിലേ തന്നെ ക്രമങ്ങളും അവയുടെ അറിവുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് കൈമാറിയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഉള്ളിൽ കയറുന്ന അറിവുകൾ അവയുടെ സ്വഭാവമനുസരിച്ച് നമ്മെ സ്വാധീനിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ കുഞ്ഞുപിള്ളേർക്കായി നടത്തുന്ന ചില സംഘടനകൾ ഉണ്ടല്ലോ അത് പോലെ. പറക്കമുറ്റാത്ത സമയത്തേ കുട്ടികളിൽ പരമാവധി തെറ്റായ അറിവ് കുത്തി നിറയ്ക്കുക. ജീവിതകാലം മുഴുക്കെ അത് ശരിയെന്ന് വരുത്തി തീർക്കുവാനുള്ള ന്യായീകരണമായിരിക്കും പിന്നീടുള്ള ഓരോരുത്തരുടേയും ജീവിതം. അവരെന്നെ പ്രകൃതിയിലേയ്ക്ക് തുറന്ന് വിട്ടിരുന്നു. തുമ്പികളോടും പുഴുക്കളോടും ചെടികൾക്കുമൊപ്പമാണ് വളർന്നു തുടങ്ങിയത്. സ്‌കൂൾ പഠനം പൂർത്തിയാക്കുവാനും ജോലി സംബന്ധമായും സമൂഹത്തിനു പുറത്ത് പോകേണ്ടി വന്നിരുന്നു. അന്നൊന്നും ഓടിപ്പോകുവാൻ എനിക്ക് കഴിഞ്ഞില്ല. എന്താണെന്നോ അപ്പോഴേയ്ക്കും അതിന്റെ ഭാഗമായിപ്പോയിരുന്നു ഞാനും.

ജീൻപരമ്പര നിലനിറുത്തുന്നത് വംശീയതയോട് ചേർന്നു നിൽക്കുന്ന ഒരു തെറ്റായിരുന്നു. പണ്ട് റഷ്യ ഒളിമ്പിക്‌സിനായി മേൽത്തരം കുട്ടികളെ ഉത്പാദിപ്പിച്ചിരുന്നത് അത്തരം ഗുണങ്ങളോട് കൂടിയ മാതാപിതാക്കളെ കണ്ടെത്തിയാണ്. അത്തരത്തിലൊന്നാണ് എന്റെ കുടുംബവും ചെയ്തുകൊണ്ടിരുന്നതെന്ന് വേണമെങ്കിൽ പറയാം. അവർ കുടുംബത്തിന്റെ മേൽത്തരം എന്ന് കരുതുന്ന ജീൻ സംരക്ഷിക്കുന്നു. മറ്റാരുടേയും കലർപ്പില്ലാതെ കുടുംബത്തിന്റെ ജീനുകൾ മാത്രം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നവയാണ് ഓരോ പുതുതലമുറയും. തനതായ ജീനുകൾ. സ്വാർത്ഥതയുടെ മറ്റൊരു അറ്റം. സ്റ്റുപിഡ് ഹിപ്പോക്രൈറ്റ്‌സ്.

ഞങ്ങളുടെ സമൂഹത്തിന്റെ പ്രധാന ക്രമങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് എന്റെ കുടുംബം ആയിരുന്നില്ല. ഒരേ കുടുംബപേരിൽ തന്നെ ഉണ്ടായിരുന്ന മുഖ്യന്റെ വീടായിരുന്നു അതിനുത്തരവാദിത്തം വഹിച്ചിരുന്നത്. കൂട്ടത്തിൽ ഏറ്റവും ധനികരും അവർ തന്നെ ആയിരുന്നു. നൂറേക്കറോളം ചേർന്നതായിരുന്നു ഞങ്ങളുടെ താമസസ്ഥലം. സ്വന്തമായി ഒരു ചെറുഗ്രാമം. അതിൽ ഞങ്ങൾക്കാവശ്യമുള്ളതെല്ലാമുണ്ടായിരുന്നു, കൃഷി അടക്കം. കൂടുതൽ ആവശ്യമുള്ളത് പുറത്ത് നിന്നും കൊണ്ടുവരും. സാധാരണ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുവാനാണ് ഇത്തരത്തിൽ ഏക്കറു കണക്കിനു സ്ഥലം വാങ്ങി താമസിക്കുന്നത്. വീടുകളിലേയ്ക്ക് പൊലീസിനോ പോസ്റ്റുമാനോ പത്രക്കാരനോ അങ്ങനെ ആർക്കും പ്രവേശനമില്ലായിരുന്നു. അവരെല്ലാം ഒരു ലക്ഷ്മണ രേഖക്കുമപ്പുറം മാത്രം വന്നു തിരിച്ചു പോകുമായിരുന്നു. അത്ര ധനവും സ്വാധീന ശേഷിയുമുള്ള പ്രമുഖർ ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു.

ചെറുപ്പത്തിൽ ഫിലിപ്പ് ഒരിക്കൽ എന്നേയും കൊണ്ട് തോട്ടത്തിലേയ്ക്കിറങ്ങി. രണ്ട് കിലോമീറ്ററോളം ഞങ്ങൾ നടന്നു. എനിക്ക് മടുത്തിരുന്നു. എങ്കിലും ഇടയ്ക്ക് കിട്ടുന്ന മൾബറിപ്പഴങ്ങളും ബബുളൂസ് നാരങ്ങയും എന്നെ മുന്നോട്ട് നീക്കി. രണ്ടര കിലോമീറ്റർ കഴിഞ്ഞ് കൈതത്തോട്ടത്തിനപ്പുറം കുത്തനെയുള്ള താഴ്ച്ചയാണ്. അവിടെ ഒരു ഗുഹയുണ്ട്. അവൻ തേളുകളെപ്പിടിക്കുന്ന ചാഞ്ഞ കശുമാവുകളുള്ള ഒരിടം. എനിക്ക് പോകുവാൻ ഭയമുള്ള ഒരിടം. അവിടെ എത്തിയതും ഫിലിപ്പ് ഒരു വിസിലടിച്ചു. എങ്ങുനിന്നാണെന്ന് അറിയില്ല ചാടി വീണു മൂന്നു പേർ. ലീഡറിന്റെ കൊച്ചുമക്കൾ. അവരെന്നും ഒന്നിച്ചായിരുന്നു. ഒരേ മുഖമുള്ള ത്രിത്രയങ്ങൾ. സമജാതശിശുക്കൾ. സ്വപ്നം പോലെ വന്ന് പോകും. അന്നെനിക്ക് ഇവരെ തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നില്ല. എനിക്കെന്നല്ല മിക്കവർക്കും. ഒരാൾക്കൊഴിച്ച്. അവരുടെ ആയക്ക്. പ്രശസ്തവും ധനികവും രാഷ്ട്രീയ സ്വാധീനവുമുള്ളവരായതിനാൽ എല്ലാവരും അവരെ ബഹുമാനിച്ച് പോന്നിരുന്നു.

സദൃശ്യമായ മുഖങ്ങളുള്ള ഈ മൂന്നു പേരാണ് അന്നും ഇന്നും ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ക്രൂരന്മാരായ മനുഷ്യർ. ക്രൂരത ഒരു തരം ലഹരി പോലെ കാണുന്നവർ. ഇതിനു മുൻപ് അവരെ കണ്ടത് പൂച്ചകളെ കൊന്നു പരിശീലിക്കുന്ന സമയത്താണ്. അവർ പൂച്ചകളെ പിടിക്കുന്നു, വാലിൽ തൂക്കി കല്ലിൽ അടിച്ച് കൊല്ലുന്നു. ഫിലിപ്പിന്റെ ബാല്യകാല സുഹൃത്തുക്കളാണ് മൂന്നു പേരും. ഗുഹയുടെ മുൻപിൽ വച്ച് വിസിലടിച്ച് ഓടിക്കൂടിയ അവരും ഫിലിപ്പും കൂടെ എന്നെ ഗുഹയ്ക്കുള്ളിലേയ്ക്ക് എടുത്തു കൊണ്ടു പോയി. ഞാൻ എതിർക്കാൻ പോയില്ല കാരണം ഒരേ മുഖമുള്ള മൂന്നു പേരിൽ ഒരുത്തൻ കയ്യിൽ കല്ലൊളിപ്പിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒരു പക്ഷെ ഞാൻ വഴങ്ങിയില്ലെങ്കിൽ എന്റെ കഥ കഴിച്ചേക്കുമെന്ന് ഭയന്ന് ഉള്ളിൽ ചെന്നപ്പോഴേ ഞാൻ വസ്ത്രം ഊരി മാറ്റിയിരുന്നു. ഒരുവൻ ഇത് കണ്ട് ചിരിച്ചു. അന്നെനിക്ക് പന്ത്രണ്ടോ മറ്റോ ആണ് പ്രായം. ഗുഹക്കുള്ളിൽ ചീഞ്ഞ മണം ഉണ്ടായിരുന്നു. മെഴുകുതിരികൾ കത്തിച്ചപ്പോൾ ഒരു മൂലയിൽ ചത്ത പട്ടികളേയും പൂച്ചകളേയും കണ്ടു. അവരെന്നെ മുട്ടുകുത്തിച്ചിരുത്തി. എന്റെ മേലെ വെളുത്ത പൂക്കളും മുള്ളുകളും നിറഞ്ഞ വള്ളികൾ വളച്ചുണ്ടാക്കിയ ഒരു തലപ്പാവും വച്ചു തന്നു. മുടിയുടെ തുമ്പ് മുറിച്ച് കത്തിച്ചു. കരിഞ്ഞ മണം അസഹ്യമായപ്പോൾ ഞാനൊന്ന് ചുമച്ചതും കല്ലു കൈകളിൽ പിടിച്ചവൻ എന്റെ പുറത്തടിച്ചു. ഞാൻ വീണു പോയി. മലർത്തിക്കിടത്തി എന്റെ പൊക്കിൾ ചുഴിയിൽ ഒരു മെഴുകുതിരി കുത്തി നിറുത്താൻ നോക്കി. കഴിയാഞ്ഞ് തീപ്പെട്ടിയുരസി മെഴുക് ഉരുക്കിയൊഴിച്ച് അതുറപ്പിച്ചു. മെഴുക് താഴെ വീഴുന്നതിനു മുൻപേ ഉറച്ചു പോയി. നൈമിഷികത. ജീവിതം പോലെ. ഭയം കാരണം വേദന മുഴുവൻ ഞാൻ സഹിച്ചു. പ്രാർത്ഥനയ്ക്ക് പകരം ചിരിച്ചു കൊണ്ട് അവർ എന്തെല്ലാമോ ചൊല്ലുന്നുണ്ടായിരുന്നു. മുതിർന്നവരെ അനുകരിക്കുകയാകണം. ചുള്ളിക്കമ്പുകൾ കൊണ്ട് നിർമ്മിച്ച കുരിശ് അവർ എന്റെ കാലുകൾക്കിടയിൽ തിരുകി. പൗഡർ, മരത്തിന്റെ വേരുകൾ, കല്ലുകൾ, ചോക്ക് കഷ്ണങ്ങൾ, കുപ്പികൾ എന്നിവ അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഒരു ചെറിയ കല്ല് എന്റെ ലൈംഗികാവയവത്തിനു മേൽ വച്ചു. വെളുത്ത പൊടി വച്ച് എന്റെ ശരീരത്തിലൊരു ത്രികോണവും ചുഴിയും വരച്ചു വച്ചു. പഴയ കുപ്പി തല്ലിപ്പൊട്ടിച്ച് അതിലൊരു പൊട്ട് ചില്ലു കൊണ്ട് ശരീരത്തിൽ രക്തം പൊടിച്ചു. അതിനു ശേഷം എന്നെ അവർ കഴുകി വൃത്തിയാക്കി. കീഴ്ഭാഗത്തെ രോമങ്ങൾ വടിക്കുവാൻ അവരുടെ കയ്യിൽ ബ്‌ളേഡ് ഉണ്ടായിരുന്നെങ്കിലും അത് വേണ്ടി വന്നില്ലായിരുന്നു. ശേഷം ഓരോരുത്തരും ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അവരെന്നെ കൊന്ന് ഇവിടെ കുഴിച്ചു മൂടുമോ എന്നുള്ള ഭയം എനിക്കുണ്ടായിരുന്നു. യാതൊരു വിധത്തിലുമുള്ള എതിർപ്പും പുറത്ത് വരാതിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചു. മൂന്നു പേരിൽ ഒരുവൻ മറ്റുള്ളവരേക്കാൾ അക്രമാസക്തനായിരുന്നു. അവർക്കിടയിൽ ആജ്ഞാപനം നടത്തിക്കൊണ്ടിരുന്നത് അവനാണെന്ന് എനിക്ക് മനസിലായി. ഇനിയൊരിക്കലും ഫിലിപ്പുമായി നടക്കാനിറങ്ങരുതെന്ന് ഉറപ്പിച്ചു. ഇത് പോയി അപ്പനോടും അമ്മയോടും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നി. അമ്മ എന്നെ ഫിലിപ്പിന്റെ മുറിയിലിട്ട് പോയതിനു ശേഷം ഒന്നും തന്നെ അവരോട് ഞാൻ സംസാരിച്ചിരുന്നില്ല. പ്രാർത്ഥന കഴിഞ്ഞ് അവരെന്നെ വെറുതെ വിട്ടു. ഞാൻ പേടിച്ച് ഓടുന്നത് കണ്ട് അവരെല്ലാം ചിരിച്ചു.

കമ്യൂണിറ്റിയിലെ മിക്ക വീട്ടുകാർക്കും കുടുംബസ്വത്തും ബിസിനസും ഉണ്ടായിരുന്നു. പുറത്ത് നിന്നും നൂറേക്കറിലേക്ക് പ്രവേശനം ലഭിച്ചവർ പ്രധാനമായും വീട്ടുവേലക്കാർ ആയിരുന്നു. ഞങ്ങളുടെ വീടിനരികെ ജോലിക്ക് വന്നിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ബേബി. കറുത്ത് തടിച്ച അവരുടെ പാചകം വൃത്തിയുള്ളതും രുചികരവുമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരിക്കൽ അവരെത്തേടി ഒരു പൊലീസ് വണ്ടി ഗേറ്റിൽ വന്നു നിന്നു. അവരെക്കാണാതെയായിട്ട് നാലു ദിവസമായിരുന്നു. പൊലീസുകാർ തിരിച്ചു പോകേണ്ടി വന്നു. അപ്പോഴാണു എനിക്ക് സംശയം തോന്നിയത്. ഭയന്നിട്ടാണെങ്കിലും കാടിനുള്ളിലെ ഗുഹക്കുള്ളിലേയ്ക്ക് കയറുവാൻ ഞാൻ തീരുമാനിച്ചു. ഗുഹയ്ക്ക് മുൻപിലായി കല്ലുകൾ വച്ചും മരപ്പാളികൾ വച്ചും വഴി തടഞ്ഞിട്ടിട്ടുണ്ട്, ഞാൻ ഉള്ളിലേയ്ക്ക് നൂന്തു കയറി. പുറത്തു നിന്നും പാറക്കൂട്ടം വീണു ഗുഹാമുഖം അടഞ്ഞെന്ന് തോന്നുമായിരുന്നു. പക്ഷെ എനിക്കറിയാമായിരുന്നു. എനിക്കന്ന് ഇത്ര തടിയില്ല. തീരെ മെലിഞ്ഞിട്ടായിരുന്നു. എത്ര ഭക്ഷണം കഴിച്ചാലും മെലിയുന്ന സമയം. ഐ മിസ് ഇറ്റ്. ടോർച്ച് കരുതിയിരുന്നതിനാൽ ഗുഹ മുഴുവനായി പരിശോധിക്കുവാൻ തീരുമാനിച്ചു. ക്രമങ്ങളുടെ ബാഹുല്യം. ഗുഹയുടെ ഓരോ ചുമരിലും വെളുത്ത ചോക്കുകൾ കൊണ്ട് ക്രമചിഹ്നങ്ങൾ വരച്ചിട്ടിരുന്നു. ദുർഗന്ധം അസഹനീയമായിരുന്നു. പൂച്ചകളുടേയും പട്ടികളുടേയും ശവങ്ങൾ കിടന്നിരുന്നു. അപ്പൻ ഒരിക്കൽ കാട്ടുപോത്ത് ചീഞ്ഞളിഞ്ഞ മണം ഉള്ളതു കൊണ്ട് ആ വഴി പോവണ്ടയെന്ന് പറഞ്ഞത് എനിക്ക് ഓർമ്മ വന്നു. പൂവുകൾ, ഓർക്കിഡുകൾ, വേരുകൾ, വള്ളികൾ, ഉണക്കു കമ്പുകൾ, മെഴുകുതിരികൾ, പ്‌ളാസ്റ്റിക് കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എല്ലാം ഉണ്ടായിരുന്നു. ഒരു മൂലയിൽ മണ്ണ് കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എനിക്ക് സംശയം തോന്നി മണ്ണു മാറ്റി നോക്കി. കൈകൾ വച്ച് മാന്തിയപ്പോൾ ഒരടിക്ക് താഴെ കയ്യ് എന്തിലോ ഉടക്കി. ഞാൻ അവിടെ ഒന്നു കൂടി മാന്തി. വേലക്കാരിയുടെ തുറന്ന വായ തെളിഞ്ഞു വന്നു. എനിക്ക് ഛർദ്ദിക്കുവാൻ വന്നു. അവരെ മണ്ണുമാറ്റി പുറത്തെടുത്തു. നഗ്‌നയായിരുന്നു അവർ. അവരുടെ ശരീരത്തിൽ നിറച്ചും ചിഹ്നങ്ങളായിരുന്നു. ട്രിപ്ലറ്റ്‌സ് തന്നെയാണിതിനു പിന്നിലെന്ന് എനിക്കുറപ്പായിരുന്നു. അവരുടെ ശരീരം മുഴുവൻ മുറിവുകളായിരുന്നു. നാലു വട്ടം ഞാൻ ഛർദ്ദിച്ചു. അത് കഴിഞ്ഞ് ശരീരം വീണ്ടും മണ്ണിട്ട് മൂടി. പോകുന്നതിനു മുൻപ് കമ്പുകൾ വച്ച് ഒരു കുരിശ് ഉണ്ടാക്കി അവിടെ കുത്തി വച്ചു. നാളുകൾ കഴിഞ്ഞ് അപ്പനോടീകാര്യം ഞാൻ തുറന്ന് സംസാരിച്ചു. അപ്പൻ ഗുഹക്കുള്ളിൽ കയറി നോക്കി. കൗൺസിൽ അധികാരികൾ വന്നു. മൃതദേഹം മറ്റെങ്ങോട്ടോ മാറ്റി. പൊലീസ് കേസ് തേഞ്ഞ് മാഞ്ഞ് അന്തരീക്ഷത്തിൽ അലിഞ്ഞു പോയി. അതുകൊണ്ട് ഒരുപകാരം ഉണ്ടായി. ഫിലിപ്പിനേയും മൂവരേയും പുതിയ ബോർഡിംഗ് സ്‌കൂളിലേക്ക് മാറ്റി. മൂന്നു പേരിൽ ഒരുവൻ അന്നു വളരെ ശാന്തനായിരുന്നു. ക്രൂരത ഒട്ടുമില്ലാത്ത മുഖം. ഒരിക്കൽ കൂടി ആ കണ്ണുകൾ എന്നെ കൂട്ടി മുട്ടി. ഞാൻ ഭയന്ന് കണ്ണുകൾ താഴ്ത്തി. ആ മൂന്നു പേരേയും പിന്നീട് ഞാൻ കണ്ടുമുട്ടുന്നത് ഫിലിപ്പുമായുള്ള വിവാഹസമയത്താണ്. വിവാഹദിനം എന്റെ കൈകൾ പിടിച്ച് കുലുക്കി എന്നെ ഓർമ്മയുണ്ടോയെന്ന് ഒരുവൻ ചോദിച്ചു. അപ്പോഴേയ്ക്കും പലതും ഞാൻ മറന്നു തുടങ്ങിയിരുന്നു. സ്വന്തമായി ചിന്തിക്കുവാൻ തുടങ്ങിയിരുന്നു. ഡിഗ്രിക്ക് രഹസ്യമായി ചേർന്നു പഠിച്ചു. ക്രൂരതകൾ ഏറ്റുവാങ്ങിയ ചെറിയ കുട്ടിയല്ല എന്ന് ഇടയ്ക്കിടെ മനസിൽ പറഞ്ഞു തുടങ്ങി.

ഇത് പക്ഷെ ഒരു അധോലോകം പോലെയാണ്. അതവിടെ ഉണ്ടെന്ന് അറിയണമെങ്കിൽ നമ്മളും അതിന്റെ ഭാഗമാകണം. അല്ലെങ്കിൽ നമുക്ക് പ്രകൃതിയുടെ സൗന്ദര്യത്തെ കണ്ട് കവിതയെഴുതാം. ജോലിക്ക് പോയി സമാധാനപരമായി ജീവിക്കാം. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പലകാര്യങ്ങളിലും അവരുടെ കയ്യുണ്ട്. ഗൂഢാലോചനയുണ്ട്. അതറിയണമെങ്കിൽ നമ്മളോരോരുത്തരും അതിന്റെ ഭാഗമാകേണ്ടതുണ്ട്.

പഠിത്തം കഴിഞ്ഞ സമയം ഫാമിലി ബിസിനസിൽ തന്നെ ജോലിക്ക് കയറി. അപ്പോഴായിരുന്നു വിവാഹ പ്രായമെത്തിയെന്ന് അമ്മ ഓർമ്മിപ്പിക്കുന്നത്. പലപ്പോഴായി വിവാഹത്തിനു സമ്മതിപ്പിക്കുവാൻ അമ്മ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവിലാകുകയായിരുന്നു. ഇതേ സമയത്താണ് എന്റെ കമ്യൂണിറ്റി, ക്രൈസ്തവ സഭയിൽ നിന്നും വെല്ലുവിളികൾ നേരിടുന്നത്. ആളുകളെ മനസിലായില്ല എങ്കിലും ക്രിസ്ത്യാനികൾക്കിടയിൽ ഇത്തരം ഗ്രൂപ്പുകൾ നിലവിലുണ്ടെന്ന സത്യം സഭ മനസിലാക്കി. ഇവരെ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനു പള്ളികളിലെ പുരോഹിതരെ അവർ ചട്ടം കെട്ടി. അവർ അക്രമകാരികളായ ഒരു കൂട്ടം കൊലയാളികളെ രഹസ്യമായി ഏർപ്പാടാക്കി. അവരുടെ ആക്രമണത്തിൽ ഞങ്ങളുടെ ഗ്രാമം ചിതറി. പലരും കൊല്ലപ്പെട്ടു. തത്ക്കാലത്തേക്ക് അവിടം വിടുവാൻ കുടുംബം നിർബന്ധിതരായി. പലരേയും രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കായി അയച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഒളിപ്പിക്കുവാനാണ് തീരുമാനം കൈക്കൊണ്ടത്. അതിനു മുൻപ് കമ്യൂണിറ്റിയിൽ വിശ്വാസമില്ലാതിരുന്ന മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ കുടുംബം തീരുമാനിച്ചു. അനുസരിക്കാതിരിക്കുന്നത് മരണം ക്ഷണിച്ച് വരുത്തി വയ്ക്കുന്നത് പോലെയാകും. ആ സാഹചര്യമനുസരിച്ച് ഓടിപ്പോകുക സുരക്ഷിതമായിരുന്നില്ല. സഭ ഏർപ്പെടുത്തിയ സേനയുടെ കൈകളിൽ കിട്ടിയാലും മരണം ഉറപ്പായിരുന്നു. അപ്പോഴാണ് കാടിനടുത്തു കിടക്കുന്ന വീടും പണവും എനിക്ക് വാഗ്ദാനം ചെയ്യുന്നത്. ഫിലിപ്പിന്റെ കണ്ണുവെട്ടിച്ച് നാട് വിടുന്നതിനു ഞാൻ പദ്ധതിയൊരുക്കി. അതിന്റെ ഭാഗമായി കല്യാണത്തിന് സമ്മതം മൂളി. ഒരു പക്ഷെ അന്ന് സമ്മതം മൂളിയില്ലായിരുന്നെങ്കിൽ കുടുംബത്തോടൊപ്പം താമസം മാറേണ്ടി വന്നിരുന്നേനെ. അതോടെ അവർക്കിടയിൽ എന്നെന്നേയ്ക്കുമായി അകപ്പെടുമായിരുന്നു.

വിവാഹശേഷം ഞാനും ഫിലിപ്പും കാടിനടുത്തുള്ള വീട്ടിലേക്ക് താമസം മാറും എന്ന നിബന്ധന വീട്ടുകാർ സന്തോഷപൂർവ്വം സ്വീകരിച്ചു. വിവാഹത്തിനു നിയമപരമായ സാധ്യത ലഭിക്കുന്നതിനു എനിക്ക് പുതിയൊരു വ്യക്തിത്വം വേണമായിരുന്നു. മരിച്ചു പോയ എന്റെ ഒരു കസിന്റെ പേരു സ്വീകരിച്ച് മതിയായ രേഖകൾ കൈപ്പറ്റി. ഫിലിപ്പും ഞാനും ഫലത്തിൽ വിവാഹം കഴിച്ച അകന്ന ബന്ധുക്കളായി മാറി. ആ മൂന്നു പേരെ പിന്നെ ഞാൻ കാണുന്നത് അത്താഴ വിരുന്നിനായി ക്ഷണിച്ചപ്പോഴാണ്. ഞങ്ങളുടെ കയ്യിലെ സമ്പാദ്യമെല്ലാം പതിയെ തീർന്നു പോയിരുന്നു. കുടുംബ ബിസിനസ് ഉപേക്ഷിക്കേണ്ടതായും വന്നു. ആ സന്ദർഭത്തിൽ ഫിലിപ്പിനെ സഹായിച്ചത് ഈ മൂവർ സംഘമാണ്. അവർ അയാൾക്ക് ജോലി നൽകി. അതിൽപ്പിന്നെ മുഴുവൻ സമയം അയാൾ അവർക്കൊപ്പമായത് എനിക്ക് ആശ്വാസം നൽകി.

അന്ന് അത്താഴത്തിനു ശേഷം എന്നെ അവർക്കായി ഫിലിപ്പ് കാഴ്ച് വച്ചിരുന്നു. അവരാ ക്ഷണം നിരസിച്ചു എന്നു മാത്രമല്ല എന്തോ ആവശ്യത്തിനു ഫിലിപ്പിനെ വിളിച്ചു കൊണ്ടു പോകുകയും ചെയ്തു. അതിനും ഒരാഴ്ചക്ക് ശേഷം ഫിലിപ്പിനെ തിരക്കി പൊലീസ് വന്നു. ഫിലിപ്പിനെക്കുറിച്ച് അവരെന്നോട് അന്വേഷിച്ചു. അപ്രത്യക്ഷരായ രണ്ട് സ്‌കൂൾ കുട്ടികളെക്കുറിച്ചുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ആ കുട്ടികൾ ഫിലിപ്പിന്റെ കാറിൽ കയറുന്നത് ആരോ കണ്ടതാണ് പ്രശ്‌നമായത്. അവർ മരണപ്പെട്ടെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾ തിരിച്ചു വന്നതായി വാർത്ത വന്നു.

ഈ സമയത്താണ് നാട്ടിൽ പുതിയ പള്ളി വന്നത്. പള്ളി പണിയുവാൻ സംഭാവനക്ക് വന്നവർക്ക് ഞാൻ ആഭരണങ്ങളെല്ലാം ഊരി നൽകി. ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ കുറ്റബോധത്താൽ രഹസ്യമായി ബൈബിളിൽ ഞാൻ അഭയം തേടുമായിരുന്നു. ഫാദർ ഗബ്രിയേൽ ഒരു നല്ല മനുഷ്യനായിരുന്നു. ആദ്യ കുമ്പസാരത്തിലേ ഏറ്റവും വലിയ വിഷമം ഒഴുകിപ്പോയി. എന്റെ കുഞ്ഞിന്റെ മരണം. ഫിലിപ്പിൽ നിന്നും ഞാൻ ഗർഭിണിയായിരുന്നു. ഞാനാരേയും അറിയിച്ചില്ല. എന്റെ കുഞ്ഞും കുടുംബത്തിൽ ഈ രീതിയിൽ വളരുന്നത് എനിക്ക് ചിന്തിക്കുവാൻ കൂടി സാധിച്ചിരുന്നില്ല. അതിനാൽ മൂന്നു നാലു വട്ടം ഞാൻ തെന്നി വീണു. സ്വയം അപകടപ്പെടുത്തി. രക്തസ്രാവം വരും വരെ ഞാൻ വയറുകുത്തി വീണു. ആരും അറിഞ്ഞില്ല. ഗർഭം അലസിപ്പോയി. ഞാൻ എന്റെ കുഞ്ഞിനെ കൊന്നു. അതോർത്ത് ഞാനെത്ര കരഞ്ഞു. എന്നാൽ ഫാദർ ഗബ്രിയേൽ എന്നോട് ക്ഷമിച്ചു. എനിക്ക് വേണ്ടി ദൈവത്തിനോട് അപേക്ഷിക്കുമെന്ന് വാക്ക് തന്നു. അന്നെനിക്ക് വലിയ ആശ്വാസം തോന്നി. ഒടുവിൽ എന്റെ മുറിവുകൾ ഉണങ്ങുവാൻ തുടങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ സ്ഥിരമായി അവിടം സന്ദർശിച്ചു പോന്നു.

ബേബി, മൈ ബേബി! ജീവിക്കാൻ എനിക്ക് ദൈവം ഒരു കാരണം തന്നതായിരുന്നു, ഞാനത് തട്ടിക്കളഞ്ഞു. എനിക്ക് ഫാദർ ഗബ്രിയേലിനോട് പ്രേമം തോന്നിപ്പോയി. ഷേവ് ചെയ്ത് മുളയ്ക്കുന്ന പച്ച നിറത്തിലുള്ള അയാളുടെ നിഴലിൽ ഉമ്മ വയ്ക്കുവാൻ ആഗ്രഹിച്ചു. കാരുണ്യം നിറഞ്ഞ കണ്ണുകളിൽ കൈകളാൽ തലോടുവാൻ തോന്നി. കുമ്പസാരക്കൂട്ടിൽ, അപ്പുറത്തും ഇപ്പുറത്തുമായി ഞങ്ങൾ പ്രേമിച്ചു. പക്ഷെ അയാൾ വലിയൊരു വിഢ്ഢിയായിരുന്നു. കർഷകരെക്കൊണ്ട് മുതലാളിമാർക്കെതിരെ സമരം ചെയ്യുവാൻ പ്രചോദനം നൽകിയ ആൾ. കർഷകർക്ക് കൂടുതൽ ലാഭം ലഭിക്കുന്നതിനായി കാർഷിക ചന്ത കെട്ടിക്കൊടുത്തയാൾ. കർഷകനേക്കാൾ മൂന്നിരട്ടി ലാഭം കൊയ്തിരുന്ന ഇടനിലക്കാർക്ക് ഇത് രസിച്ചില്ല. വയറ്റത്തടിയാണ് അച്ചൻ ഈ കാണിക്കുന്നതെന്ന് അവർ മെത്രാനോട് പരാതി പറഞ്ഞു. വയറ്റത്തടിക്കണ്ടേൽ നീയൊക്കെ കൂടെ കർഷകനു മര്യാദ വില കൊടുക്കണം ഇല്ലേൽ നാട്ടുകാർക്ക് കാശ് കൊറവിനു സാധനം കൊടുക്കണം. അച്ചൻ രണ്ടും കൽപ്പിച്ചായിരുന്നു. അതോടെ അച്ചൻ കർഷകരുടെ ആളായി. പഞ്ചായത്തിലെ ദുർഭരണത്തിനെതിരെ പലതരം സമരങ്ങൾ അദ്ദേഹം നയിക്കുകയുണ്ടായി. അതിനിടെ മറ്റൊരു കുമ്പസാരത്തിൽ എന്റെ കമ്യൂണിറ്റിയെപ്പറ്റി ഞാനെല്ലാ സത്യങ്ങളും അച്ചനു കൈമാറി.

എത്രയും പെട്ടെന്ന് മാറി താമസിക്കുവാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാനത് അനുസരിച്ചില്ല, എന്നാൽ സത്യം ഫിലിപ്പറിഞ്ഞു. ഫിലിപ്പിനെ അച്ചൻ ഉപദേശിക്കുവാനൊരു ശ്രമം നടത്തി. തങ്ങളെക്കുറിച്ച് അച്ചൻ അറിഞ്ഞത് ഫിലിപ്പിനെ പ്രതിരോധത്തിലാക്കി. അതിനും രണ്ടാഴ്ചയ്ക്ക് ശേഷം അച്ചൻ ജയിലിൽ കിടന്ന് മരണത്തിനു കീഴടങ്ങി. അഴിമതിക്കെതിരെ സമരം ചെയ്യുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ അപ്രതീക്ഷിതമായി രണ്ടു പേർ മരിച്ചതോടെ പ്രശ്‌നം വഷളായതാണ് അച്ചനെ ജയിലിൽ എത്തിച്ചത്. തികച്ചും നെഗറ്റീവ് ഇമേജായിരുന്നു മാധ്യമങ്ങൾ വഴി ഫാദർ ഗബ്രിയേലിനു ലഭിച്ചിരുന്നത്. ജനങ്ങളെ സ്വാധീനിക്കുവാൻ ശ്രമിച്ചു എന്ന പേരിൽ ഒരാൾക്കൂട്ടം പകുതിയോളം പള്ളി പൊളിച്ചെടുത്തു കൊണ്ടു പോയി. സാധാരണ ജനങ്ങൾ മാധ്യമങ്ങളെ വിശ്വസിച്ചു. അദ്ദേഹത്തിനെതിരെ വന്ന പ്രധാന ആരോപണം കമ്യൂണിസ്റ്റുകാരനാണെന്നായിരുന്നു. കമ്യൂണിസ്റ്റ് തത്വസംഹിതകളെ പിൻപറ്റിയ വൈദികൻ എന്ന വാർത്ത സഭയെ കേസിൽ ഇടപെടുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. എന്തടിസ്ഥാനത്തിലാണീ ആരോപണമെന്ന് അന്വേഷിക്കുവാൻ ആരും മെനക്കെട്ടതുമില്ല. ജനവികാരം ഫാദറിനെതിരെ തിരിയുവാൻ താമസമുണ്ടായില്ല. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആ മൂവർ സംഘമാണെന്ന് എനിക്ക് മാത്രം അറിയാം. കാരണമായത് ഞാൻ ഓതിക്കൊടുത്ത രഹസ്യവും. സഭക്കും ജനങ്ങൾക്കും മുൻപിൽ കുറ്റവാളിയായിട്ടാണ് ഫാദർ ഗബ്രിയേൽ മരണപ്പെട്ടത്. ജനങ്ങൾക്ക് വേണ്ടി ജീവിച്ചവർക്ക് ജനക്കൂട്ടം നൽകുന്ന പ്രതിഫലം. ക്രൂശിത മരണം. ക്രിസ്തുവിന്റെ വിധി.

ഫാദറിന്റെ മരണത്തിനു ശേഷം ജോലി കണ്ടുപിടിച്ച് ഞാൻ വീട് വിട്ട് മാറി താമസിച്ചു. ഡൈവോർസിനു ഒരു വക്കീലിനെ കണ്ട് ഫിലിപ്പിനു നോട്ടീസ് അയക്കുകയും ചെയ്തു. എനിക്കിപ്പോഴും കമ്യൂണിറ്റിയിൽ ആളുണ്ട്. അവരുടെ എല്ലാ നീക്കങ്ങളും എനിക്കറിയുവാൻ കഴിയും. ഞാൻ പോയതിനു ശേഷമായിരുന്നു ഫിലിപ്പിന്റെ വളർച്ച. എനിക്ക് ലഭിച്ച വിവരം വച്ച് അനധികൃതമായ വെബ്‌സൈറ്റുകൾ വഴി പണം സമ്പാദിക്കുകയാണ് അയാൾ ചെയ്തത്, ചെയ്തു കൊണ്ടിരിക്കുന്നത്.

സോളമൻ നിങ്ങൾ ജീവിക്കുന്നത് സത്യത്തിൽ ജലത്തിനു മീതെയുള്ള പൊങ്ങിക്കിടക്കും ജീവിതമാണ്. ഒരുപാട് പാളികളുള്ള ജലത്തിൽ ഡ്രഗ്‌സ്, സെക്‌സ്, മണി, പവർ, പൊളിടിക്‌സ് എന്നിങ്ങനെ പലതും അടങ്ങിയിരിക്കുന്നു. പീപ്പിൾ ഡോണ്ട് ലിസൺ. മനുഷ്യന്റെ ക്രൂരതയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ തന്നെ പടുത്തുയർത്തിയ പാളികൾ. എല്ലാ മനുഷ്യർക്കുള്ളിലും വയലൻസുണ്ട്. നാം അത് വിവേകത്തിലൂടേയും വിദ്യാഭ്യാസത്തിലൂടേയും മറികടന്നാണ് ഇന്ന് ജീവിക്കുന്നത്. ചിലർ പ്രകടിപ്പിക്കുന്നു, ചിലർ അടിച്ചമർത്തുന്നു. പുരുഷന്മാർ അധികാരമുപയോഗിച്ച് സ്ത്രീകളെ അടക്കി നിർത്തുന്നു. പിന്നീട് സ്ത്രീകൾക്ക് ഇതേ അധികാരം കൈവരുമ്പോൾ താഴെയുള്ളവരെ അടിച്ചമർത്തുന്നതിനായി ശ്രമിക്കുന്നതൊക്കെ സ്വാഭാവികമായ ഒരു കാര്യമായി മാത്രമേ ഞാൻ പരിഗണിക്കുന്നുള്ളൂ. യുദ്ധക്കൊതിയനായ മനുഷ്യന്റെ സ്വാഭാവികത.
""ആ വെബ്‌സൈറ്റിനെപ്പറ്റി എന്താണ് പിന്നീടറിഞ്ഞത്?''
നഗരത്തിൽ ഫിലിപ്പിന്റെ പിണിയാളുകൾ പോൺ വീഡിയോ നിർമ്മിതിക്ക് ലൈംഗിക തൊഴിലാളികളേയും വിദ്യാർഥിനികളേയും റിക്രൂട്ട് ചെയ്തിരുന്നു. എല്ലാവർക്കും പണം മതി. സെക്‌സ് സെൽസ് യു നോ. ലൈംഗിക തൊഴിലാളികൾക്ക് ഇതായിരുന്നു സൗകര്യം. വലിയ കഷ്ടപ്പാടില്ല. എന്നാലോ പ്രൊഫഷണൽ സമീപനം. മര്യാദ. ധാരാളം പണം. വിദ്യാർത്ഥികളെ ഉപയോഗിച്ച് അയാൾ ഹോം വീഡിയോകൾ നിർമ്മിച്ചു. മറ്റ് ചിലർക്ക് പണം നൽകി സ്വകാര്യ വീഡിയോകൾ കൈക്കലാക്കി. അതിനായി ഒരു ഈ മെയിൽ ഐഡി ഇന്നും പ്രവർത്തിക്കുന്നുണ്ട്. എക്‌സ് ഗേൾഫ്രണ്ട്‌സിന്റെ സ്വകാര്യ വീഡിയോകൾ പ്രതികാരത്തിനായി സ്വീകരിക്കപ്പെടുന്നത് ഇതിലൂടെയാണ്. ഫോൺ റിപ്പയറിംഗ് കടകളിൽ നിന്നും വലിയ തുകയ്ക്ക് വീഡിയോകൾ അയാൾ വാങ്ങിയിട്ടുണ്ട്. അവരാണ് അയാളുടെ ഹാപ്പി സപ്ലയേഴ്‌സ്. നഗരത്തിലെ പല അധികാരികൾക്കും ഇതിൽ പങ്കു കച്ചവടമുണ്ടെന്നാണു രഹസ്യ വിവരം. രണ്ടു തരം സൈറ്റുകൾ അയാൾ നോക്കി നടത്തുന്നുണ്ട്. ഒന്ന് സാധാരണ പോൺ. മറ്റൊന്ന് അബ്യൂസീവ് പോൺ. സാധാരണ വെബ്‌സൈറ്റ്, പ്രൊമോഷൻ പരിപാടികൾക്കായാണ് കൂടുതലും ഉപയോഗിക്കുന്നത്. മറ്റേത് ഡാർക്ക് വെബ്ബിലാണ്. ശരിയായ വരുമാനം അതിൽ നിന്നുമാണ്. മൂന്നോളം റെഡ് റൂമുകൾ സ്ഥിരമായുള്ള വെബ്‌സൈറ്റാണത്. ഇരകളെ കണ്ടെത്തുന്നതിലും പീഡിപ്പിക്കുന്നതിലും അയാളൊരു മിടുക്കൻ തന്നെ. മൂന്ന് ഐ.ടി. വിദഗ്ധർ അയാൾക്കു വേണ്ടി പണിയെടുക്കുന്നു. ഒരു സ്റ്റുഡിയോ തുറന്നിട്ടുണ്ട്. ക്യാമറ, എഡിറ്റിംഗ് എല്ലാത്തിനും വെവ്വേറെ ആളുകൾ ജോലി ചെയ്യുന്നു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം. സോഫ്റ്റ് പോൺ സൈറ്റിന്റെ സർവറുകൾ നോർത്ത് അമേരിക്കൻ രാജ്യങ്ങളിലാണ്. പോൺ അനുവദനീയമായ രാജ്യങ്ങളിൽ സർവർ നിർമ്മിച്ച് അവിടെ അപ്ലോഡ് ചെയ്താണ് പോൺ സൈറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ത്യയിൽ പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും കുറ്റകരമാണ്. ഡാർക്ക് വെബ്ബിലൂടെ കുട്ടികളുടെ വീഡിയോകൾ അയാൾ വിറ്റ് പൈസയുണ്ടാക്കുന്നുണ്ട്. ഇതേപ്പറ്റി മേരിയാണെനിക്ക് കൂടുതൽ പറഞ്ഞു തന്നിരുന്നത്. ആരുടേയോ സഹായത്താൽ മേരി ഈ വിഷയങ്ങളെല്ലാം ആഴത്തിൽ അറിഞ്ഞു വച്ചിരുന്നു.

വേദനകളിലൂടെ കടന്നു പോകുവാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതായിരുന്നു എനിക്ക് ജീവിതം. ഒരേ മുഖമുള്ള മൂന്ന് പേർ. ഒരേ മുഖമുള്ള ആ മൂന്നു പേർ എല്ലാക്കാലത്തും തങ്ങളുടെ കൊലപാതക പരമ്പരകൾ തുടർന്ന് കൊണ്ടിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അന്വേഷണ കുതുകിയായ മേരി അതിനു തക്കതായ തെളിവുകളും സാധ്യതകളും എനിക്ക് മുൻപിൽ നിരത്തി. മേരിയുടെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണം ഈ മൂന്നു പേരേയും ചുറ്റിപ്പറ്റിയായിരുന്നു. അവർ ജീവിച്ച ഇടങ്ങൾ അവൾ പോയി കണ്ടു. പഠിച്ച സ്‌കൂളുകൾ, ബോർഡിംഗ് ഹോസ്റ്റലുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. മേരിയെപ്പറ്റി തിരിച്ചറിയുവാൻ അവർ വൈകി എന്നാണ് എനിക്ക് തോന്നുന്നത്. അതാണ് മേരിക്കിത്രയും വിവരങ്ങൾ തേടിക്കണ്ടുപിടിക്കുവാൻ അവസരം ലഭിച്ചത്. അല്ലായിരുന്നെങ്കിൽ എന്നേ അവൾ മറ്റുള്ളവർക്കൊപ്പം ചേർന്നേനെ. അവരുടെ സാന്നിധ്യം ഉണ്ടായ ഇടങ്ങളെ കാലഘട്ടങ്ങൾ തിരിച്ച് മേരി സന്ദർശിച്ചു. ജീവിച്ചിരുന്ന വാർഡന്മാർ, അധ്യാപകർ, പൊലീസുകാർ, വീട്ടുജോലിക്കാർ എന്നിവരെ തേടിപ്പിടിച്ച് നേരിൽ സംസാരിച്ചു. പലരും ഓർമ്മകൾ നശിച്ചവരും ഓർമ്മിക്കുവാൻ ഇഷ്ടപ്പെടാത്തവരുമായിരുന്നു. ചേതന എന്നൊന്ന് ഓർമ്മയിൽ നിലനിൽക്കുന്നുണ്ട്. അത് ഫോട്ടോ പോലെ അല്ല. അല്ലെങ്കിൽ വീഡിയോ പോലെ അല്ല. അവയുടെ നിയന്ത്രണം നമ്മളിൽ ഇല്ല. ജീവനുള്ള സ്വയം നശീകരണ ശേഷിയുള്ള ഒന്നാണ് ഓർമ്മ. മേരി കേസുകളുമായി ബന്ധപ്പെട്ട രേഖകളിൽ കയറിയിറങ്ങി. കൂടെ വന്ന പൊലീസുകാരന്റെ മകൾ ഇത്തരത്തിൽ മരണപ്പെട്ടിരുന്നു. മൂവരും പഠിച്ചിരുന്ന സ്‌കൂളിലായിരുന്നു ആ കുട്ടിയും. അത് യാദൃശ്ചികമായിരുന്നില്ലയെന്ന് അയാളന്ന് തിരിച്ചറിഞ്ഞു. തെളിവുകളുടെ അഭാവമാണ് മിക്ക കേസുകളിൽ നിന്നും അവരെ അകറ്റി നിർത്തിയത്. ഇരകളുടെ മൃതദേഹങ്ങൾ രഹസ്യമായി മറവ് ചെയ്യുന്നതിൽ ത്രിത്രയങ്ങൾ വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും. അത് ഇപ്പോഴും എവിടെയെന്ന് മേരിക്കോ എനിക്കോ അല്ലെങ്കിൽ മറ്റാർക്കുമോ കൃത്യമായി അറിയില്ല. പല ഊഹാപോഹങ്ങളും ഉണ്ട് എന്നല്ലാതെ.

മൂവരും പഠിച്ച സ്‌കൂളുമായി ബന്ധപ്പെട്ട് ആ കാലഘട്ടത്തിൽ മൂന്ന് കൊലപാതകങ്ങൾ തെളിവില്ലാതെ അവസാനിച്ചിരുന്നു. സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ട് പിന്നീട് ചേർക്കപ്പെട്ടിടത്ത് രണ്ട് കൊലപാതകങ്ങൾ. കൃത്യമായ മാതൃകകളോ ക്രമങ്ങളോ അവർ പുലർത്തിയിരുന്നില്ല എന്നതിനാൽ ഈ കൊലപാതകങ്ങൾ തമ്മിൽ തമ്മിൽ ബന്ധപ്പെട്ടവയാണെന്ന് ആർക്കും സംശയമേതും തോന്നിയിരുന്നില്ല. പലതും അപകടമരണങ്ങളും അജ്ഞാതമൃതദേഹങ്ങളുമായി കാലത്തിനുള്ളിൽ മറഞ്ഞു. അങ്ങനെ പൊലീസ് ആർക്കൈവിൽ നിന്നും സംശയം തോന്നിയ മരണങ്ങൾ ഒരു സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അനാഥത്വം എന്ന സ്വഭാവം. സ്വന്തമായി ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പുതിയ നഗരത്തിലേക്ക് ചേക്കേറിയവർ. മരണപ്പെട്ടെന്ന് കണ്ടാൽ "ഓ ഭൂമിയുടെ ഭാരം കുറഞ്ഞെന്ന്' പറഞ്ഞേക്കാവുന്ന ആളുകൾ. അന്വേഷിച്ച് വരുന്നതിനു മറ്റാരുമില്ലാതിരുന്ന ഇത്തരക്കാരുടെ അഭാവം ആരും ശ്രദ്ധിച്ചിരുന്നില്ല. മിക്കവരും പണം ലക്ഷ്യം വച്ച് നഗരങ്ങളിലേയ്ക്ക് കുടിയേറിയവർ ആയിരുന്നു. അതിൽ ബാർ നർത്തകികളും പ്രൈവറ്റ് സെക്രട്ടറികളും വേശ്യാവൃത്തി ചെയ്യുന്നവരും മയക്കുമരുന്നു വ്യാപാരം ചെയ്യുന്നവരും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള മേരിയുടെ കണ്ടത്തലുകൾ ശരിവയ്ക്കുന്നതായിരുന്നു എന്റെ അനുഭവങ്ങളും. രണ്ടും ഒത്തു ചേർന്നതോടെ രാജ്യത്തിലെ ഏറ്റവും വലിയ കൊലപാതക പരമ്പര പുറത്തുകൊണ്ട് വരുവാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു മേരി. ഞാൻ തടയുവാൻ പോയില്ല. തടയേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.

""എന്തുകൊണ്ടാണ് നിങ്ങളുടെ കൂട്ടം ഇത്തരത്തിൽ അന്ധവിശ്വാസങ്ങളെ പിൻപറ്റുന്നത്?''

""വിശ്വാസം.'' ഒരു മതം വളരാനുള്ള കാരണങ്ങൾ തന്നെയാണ് ഇത്തരം ക്രമങ്ങളുടേയും അടിസ്ഥാനം. യുക്തിരാഹിത്യമാണ് എല്ലാ മതത്തിന്റേയും അടിസ്ഥാനസ്വഭാവം എന്നിരിക്കെ മനുഷ്യൻ എന്തുകൊണ്ട് വിശ്വാസത്തെ തേടുന്നു? മിക്ക മനുഷ്യരും ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയപ്പെട്ടവരാകും. അവർ ആഗ്രഹിക്കുക തനിക്ക് മുകളിൽ പരമമായ ഒരു ശക്തിയേയും തന്റെ നിസ്സഹായതകളിൽ അഭയം തേടുവാനുള്ള കരങ്ങളേയുമാണ്. അത്തരത്തിൽ ഒരു ബോധം സ്വയം വരുത്തുന്നതിനും അതേ സമയം ഇതിന്റെ പേരിൽ ഉള്ളിലെ വയലൻസ് പ്രകടിപ്പിക്കുവാനുള്ള അവസരം കൂടിയായിരുന്നു. ക്രൂരതയുടെ ഹരം. കുട്ടികളേയും മൃഗങ്ങളേയും ഉപദ്രവിക്കുക, ബലി നൽകുക എന്നിവ ഇവരുടെ ത്വരയെ വളർത്തുന്ന പ്രവർത്തനങ്ങളാണ്. അതിൽ നിന്നും ലഭിക്കുന്ന ആഹ്ലാദത്തിലേയ്ക്ക് തിരികെ പോകുന്നതിനുള്ള ആഗ്രഹവുമാകാം ഈ ആചാരങ്ങളിൽ നിലനിൽക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത്. ആത്മീയമായ ഉന്നതി സാധാരണക്കാരെ ഭ്രമിപ്പിക്കുന്നതിനുള്ള മൂടുപടം മാത്രമായിരുന്നു.

ക്രമങ്ങൾ മുടങ്ങിയതിനാലാണ് കൂട്ടത്തിന് ചിതറിപ്പോകേണ്ടി വന്നതെന്ന് ഫിലിപ്പ് പറയുമായിരുന്നു. മൂർത്തികളുടെ പ്രീതി ലഭിക്കുന്നത് ജീവിത ശൈലിയിൽ മാറ്റം വരുത്താൻ സഹായിക്കുമെന്ന് അയാൾ കരുതി. ഒരിക്കൽ പതിഞ്ഞ് ഇല്ലാതാകുമായിരുന്ന കൂട്ടത്തെ ശക്തമായി തിരികെ കൊണ്ട് വരുന്നതിനു ജീവൻ നൽകുവാൻ പോലും ഫിലിപ്പ് തയ്യാറായിരുന്നു. വിശ്വാസികളെ ഒന്നിപ്പിക്കുക എന്ന ഉദ്ദേശത്തിൽ അയാൾ കുട്ടികളെ ഉപയോഗിച്ച് ക്രമങ്ങൾ ചെയ്യുന്ന വീഡിയോ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. അത് ഫലവത്തായി. പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന വിശ്വാസികൾ ഒന്നിക്കുവാൻ ഇത് കാരണമായി.

വളരെ സുരക്ഷിതമായ സെർവറിലാണിതെല്ലാം ചെയ്തു വച്ചിരിക്കുന്നത്. എന്നിട്ടും മേരി ഇവയെ കണ്ടെത്തി. മുഴുവൻ തെളിവുകളും ശേഖരിക്കുവാനെന്ന് പറഞ്ഞു പോയ മേരി പിന്നീട് തിരികെയെത്തിയില്ല. എന്റെ അനുഭവം വച്ച് അവർക്കെതിരെ ആരു ചലിച്ചാലും അവരെല്ലാം മരണപ്പെടുകയാണ്. മറ്റൊരു വീക്ഷണ കോണിൽ നിന്നും നിരീക്ഷിച്ചാൽ ഏതു ചരിത്രത്തിലെ ഏതു മനുഷ്യനാണ് ആഭിചാരകർമ്മങ്ങളില്ലാതെ വാഴ്ന്നിട്ടുള്ളത്? ഹിന്ദുക്കൾക്കില്ലേ, മുസ്ലീമുകൾക്കില്ലേ? ജാതി തിരിച്ച് ഇന്നും നിലനിൽപ്പില്ലേ? ഇത് തീവ്രതയേറിയ മറ്റൊരു രീതിയാണെന്നേ ഉള്ളൂ. പലതരം ദൈവങ്ങൾ ഇവർക്കുണ്ട്. ജലത്തിനൊരു ദൈവം, കാടിനൊരു ദൈവം, മരുഭൂമിക്കൊന്ന്, അഗ്‌നിക്കൊന്ന് അങ്ങനെ. യഥാർത്ഥത്തിൽ ഇത് മറ്റൊരു മതം എന്ന് കരുതിയാൽ മതിയാകും. പ്രശ്‌നം അവിടെയല്ല ക്രമങ്ങൾ നിലനിന്നിരുന്നത് ക്രൂരത, പീഡനങ്ങൾ എന്നിവയിലൂടെയായിരുന്നു. ഓരോ ദൈവത്തിനുമുള്ള ക്രമങ്ങൾ വെവ്വേറെയാണ്. ഞാൻ അറിഞ്ഞത് വച്ച് നോക്കുമ്പോൾ ലൈംഗികതയുടെ ദേവതക്കായുള്ള ക്രമങ്ങളിലാണ് ഇപ്പോളവർ മുഴുകിയിരിക്കുന്നത്.
""എന്നു വച്ചാൽ?''
""ലൈംഗികതക്കും ഒരു ദേവതയുണ്ട്. കാമദേവൻ എന്നൊക്കെ പറയുന്നതു പോലെ. ലൈംഗിക ജീവിതം സുഖകരമാക്കുന്നതിനായുള്ള അനുഷ്ഠാനങ്ങളാകാം. ഞാനതിനെക്കുറിച്ച് അധികം ഗവേഷണം നടത്തുവാൻ പോയില്ല. ലൈംഗികതയിലൂടെ അനശ്വരത എന്ന് ആഹ്വാനം നടത്തിയ ആത്മീയാചാര്യർ നില നിന്ന രാജ്യമാണ് നമ്മുടേത്. ലൈംഗികതയുടെ ദേവിയെപ്പറ്റിയുള്ള പുസ്തകം കയ്യിലുണ്ട്. കാണിക്കാം.'' അവർ മുറിക്ക് ഉള്ളിൽ പോയി പുസ്തകം എടുത്ത് കൊണ്ട് വരുന്ന വരെ അവിടെ നിശബ്ദത കനം വച്ച് വന്നു. പേജുകൾ മറിച്ചപ്പോൾ അവർ ആശ്വസിച്ചു.
ശ്രദ്ധിക്കൂ

""അവൾ ജലത്തിൽ നിന്നും ഉയിർക്കും നഗ്‌നത അവളുടെ കുപ്പായമാകും ജലകണികകൾ അവളെ സ്പർശിക്കയില്ല തീനാളങ്ങൾ അവളുടെ ചിറകുകളാകും വായു അവളുടെ അടിനാവാകും സൂര്യനവളുടെകൺകളും സൂര്യരശ്മികളവളുടെ കൺപീലികളും അവൾ കുഞ്ഞുങ്ങളെ കൂടെക്കൂട്ടും അവളുടെ ആഗമനത്തിൽ ലോകം ഇണ ചേരും''

സമുദ്രത്തിന്റേയും പ്രത്യുത്പാദനത്തിന്റേയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷകയാണ് അവർ. ലോകത്തിലെ എല്ലാ ചലനങ്ങൾക്കും സാക്ഷി. തന്റെ വാത്സല്യം നിറഞ്ഞ കണ്ണുകളിലൂടെ എല്ലാം കാണുന്നു. സകലതിന്റേയും മാതൃഭാവമാണവർ. പ്രപഞ്ചത്തിലെ ഓരോ ജീവനും അവരോട് കടപ്പെട്ടിരിക്കുന്നു. തന്നെ ആരാധിക്കുന്നവരെ അവൾ സംരക്ഷിക്കുന്നു. അവരെ പ്രകീർത്തിക്കുന്നവർ ജീവിതാവസാനം വരെ വിലക്കപ്പെട്ട പഴം കഴിക്കുവാൻ യോഗ്യരാവുന്നു. പച്ച വിരിയിൽ ഒരു സ്ത്രീ പ്രതിമ വച്ച് കൊണ്ട് ക്രമങ്ങൾ ആരംഭിക്കാം. മെഴുകുതിരികളും എണ്ണയും കൂടെ കരുതണം. സമയമാകുമ്പോൾ മെഴുകുതിരി കത്തിക്കണം. അവർ സമുദ്രങ്ങളിലെ ഓരോ തിരമാലകളുടേയും വലിപ്പവും സഞ്ചാര ദിശയും തീരുമാനിക്കുന്നവൾ. സമുദ്രത്തിലെ അഗാധ ഗർത്തങ്ങളെ സ്വന്തം ശരീരടുക്കുകളെപ്പോൽ ഓമനിക്കുന്നവൾ. ആകാശത്തേയും തിരമാലകളേയും ബന്ധിക്കുന്നവൾ. ജീവൻ കൊടുക്കാനും എടുപ്പാനും നിയോഗിക്കപ്പെട്ടവൾ

പ്രാർത്ഥന

സമുദ്രങ്ങളുടെ പരിപാവനമാതാവേ
നിന്റെ ശുദ്ധജലത്താൽ
ഞങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്തണേ
നീ നിന്റെ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കേണമേ
സൗന്ദര്യത്തിന്റെ മാതാവേ
പായലുകൾ വളർന്ന ദേഹത്തിൽ
ഏഴു സമുദ്രങ്ങളെ ഏഴ് പാവാടകളാക്കിയുടുത്തവളേ
കൊടുങ്കാറ്റുകളെ മുടിയിഴകളിൽ കുരുക്കിയവളേ
മണൽത്തരികളെ രോമാഞ്ചമാക്കിയവളേ
ഞങ്ങൾക്ക് ചുറ്റുമൊരു ചുഴി കുത്തേണമേ
ഊർജ്ജം പകരേണമേ
ചന്ദ്രദേവന്റെ ഇണയേ
നിലാവിൽ ഞങ്ങളെ മുക്കിയുണർത്തേണമേ
മുറിവിൽ ഉപ്പുകാറ്റേൽക്കും പോലെ
ഞങ്ങളുടെ കാമത്തിന്റെ മുന
എന്നും കൂർപ്പിച്ചു വച്ചേക്കണമേ
നിന്റെ ഇന്ദ്രജാലം
ഞങ്ങളിൽ നടത്തേണമേ
സമുദ്രങ്ങളുടെ മുറിപ്പാട്
ഊതിയൂതി ഉണക്കുന്നവളേ
ഞങ്ങളെ ഉയിർപ്പിക്കേണമേ

ഒരു തണ്ണിമത്തൻ തറയിലടിച്ച് പൊട്ടിക്കുക. ഒരു കുളിത്തൊട്ടിയിൽ പായൽ നിറഞ്ഞ ജലം നിറയ്ക്കുക. ബലിദാനത്തിനായുള്ള മൃഗത്തെ / മനുഷ്യനെ കഴുകി വൃത്തിയാക്കുക. മനുഷ്യ സ്ത്രീയുടെ ഗുഹ്യഭാഗങ്ങൾ വൃത്തിയാക്കേണ്ടതുണ്ട്. അരുവിയിൽ നിന്നും ശേഖരിച്ച വട്ടക്കല്ലുകൾ ശരീരത്തിന്റെ മൂലകളിൽ തിരുകുക. കാനിപ്പീര ചെടിയുടെ ഇലകളും പൂക്കളും തലയിൽ അണിയിക്കുക. വള്ളികളും വേരുകളും കെട്ടി വരിയുവാൻ ഉപയോഗിക്കുക. പ്രാർത്ഥനയ്ക്ക് ശേഷം മൃഗത്തെ/ മനുഷ്യനെ ജലത്തിൽ മുക്കിപ്പിടിച്ച് ശ്വാസം കളയുക. ശവശരീരവുമായി ഇണചേരുക. ശേഷം അവയുടെ കൈ/കാൽപ്പാദങ്ങൾ ഭക്ഷിക്കുക. മൃഗത്തിന്റെ ഹൃദയം ഭക്ഷിക്കുക. മൂർത്തിയെ ആവശ്യാനുസരണം പ്രകീർത്തിക്കുക. മൂർത്തിയുടെ പ്രീതി ലൈംഗിക ചോദനയാൽ തിരിച്ചറിയുക.

ഇത്രയും ഈ മൂർത്തിയെക്കുറിച്ചുള്ള വിവരണം മാത്രമാണ്. യഥാർത്ഥ ചിട്ടകൾ ഇവയിൽ കാണുകയില്ല. അത് ഫിലിപ്പിനും മൂവർ സംഘത്തിനും പ്രാപ്യമാണ്.
""മേരി തെളിവുകളെല്ലാം പൊലീസിനു കൈമാറിയിരുന്നുവോ?''
""അവളുടെ കൂടെ ഒരു പൊലീസുകാരനുണ്ടായിരുന്നു. പണ്ട് അയാളുടെ ഒരു മകൾ ഇത്തരത്തിൽ മരണപ്പെട്ടെന്ന് എന്നോട് പറഞ്ഞു. അയാൾക്ക് അന്ന് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. അതിനുള്ള പ്രായശ്ചിത്തമായാണ് മേരിയെ സഹായിക്കുന്നതെന്ന് പറഞ്ഞു.''

കൊച്ചൈപ്പോരയെക്കുറിച്ചാണ് അവർ ഈ പറയുന്നതെന്ന് സോളമനു മനസിലായി.
""പൊലീസധികാരികൾക്ക് തെളിവുകൾ കൈമാറുന്നതിനു അയാൾ സമ്മതിച്ചില്ല. പിന്നെയുണ്ടായിരുന്നത് നീളത്തിൽ ക്ലീൻ ഷേവ് ചെയ്ത ഐ.ടിക്കാരൻ ഒരാളായിരുന്നു. അവർ എന്ത് ചെയ്‌തെന്ന് എനിക്കുറപ്പില്ല. മേരിയുടെ മരണത്തോടെ അവരുടെ കണ്ടെത്തലുകളെല്ലാം മൂവർ സംഘത്തിന്റെ കൈകളിൽ എത്തിക്കാണണം.''

""മേരി വരച്ചു നൽകിയ ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ ഞാൻ എടുക്കുന്നുണ്ട്''
""ഓ തീർച്ചയായും. ഈ സത്യങ്ങൾ കോടതിയിൽ വന്ന് പറയണം എന്നുണ്ടെങ്കിലും ഇപ്പോൾ എന്നെക്കൊണ്ട് സാധിക്കില്ല സോളമൻ. അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടുന്നതിനു പോലും എനിക്ക് കഴിയില്ല.''

""അതു സാരമില്ല. ഫിലിപ്പ് എവിടെയാണ് ജോലി ചെയ്തിരുന്നത്?''
""എച്ച് ഡെവലപ്പേഴ്‌സ്. ഫിലിപ്പ് ഇപ്പോൾ എവിടേയുമില്ല. മാഞ്ഞു പോയതു പോലെ. കഴിഞ്ഞ ക്രമങ്ങളിലും അയാൾ പങ്കെടുത്തിട്ടില്ല. അങ്ങനെയാണ് വിവരം ലഭിച്ചത്.''

സോളമൻ മക്ഡിയെ ഫോണിൽ ബന്ധപ്പെട്ടു.
""മേരിക്കൊപ്പം താടിയുള്ള ഒരു ഐ.ടിക്കാരനെ കണ്ടിരുന്നോ ?''
""ഇല്ല. ഒരിക്കൽ ഒരു ലേഡി വന്നിരുന്നു. അതല്ലാതെ എനിക്കറിയില്ല.''
സോളമൻ ഫോൺ വച്ചു.
""സാറാ ആന്റി, മക്ഡി എന്നു പേരുള്ള ആരെയെങ്കിലും മേരിക്കൊപ്പം കണ്ടിരുന്നോ?''
""ഇല്ല. ഞാനീ മുറി വിട്ട് പുറത്തിറങ്ങിയിട്ട് നാളുകളായിരിക്കുന്നു.''

മേരിക്കൊപ്പം വന്ന സ്ത്രീ അപ്പോൾ സാറാ അല്ല. എങ്കിൽ പിന്നെ അതാരായിരിക്കും?
ഒരു ലിങ്ക് എവിടെയോ മിസ് ആയിട്ടുണ്ട് അയാൾ ആലോചിച്ചു.
ബോണി ആശ്വസിപ്പിച്ചു. ഒരു വഴി വരും. സോളമന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. അയാളെടുത്തപ്പോൾ മറുതലയ്ക്കൽ മക്ഡി ആയിരുന്നു.
""ഐ.ടിക്കാരൻ എന്നു സൂചിപ്പിച്ചത് ആരെയാണെന്ന് മനസിലായി''▮

​​​​​​​(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments