ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 25: വൃക്ഷത്തിൽ നീർക്കാക്കകളുടെ കൂടുകൾ, ചുറ്റുഗോവണിയുടെ ചവിട്ടടിയിലൂടെ കയറിപ്പോയ ദൈവത്തിന്റെ ചെളിക്കാലടികൾ

ക്ഡി സോളമനേയും ബോണിയേയും കൊണ്ട് പോയത് ഒരു പടുകൂറ്റൻ കെട്ടിടത്തിലേക്കാണ്. ഗേറ്റ് മുതലേ സെക്യൂരിറ്റി ക്യാമറകൾ അവരെ
ഛായാഗ്രഹണം ചെയ്തു. മക്ഡിയുടെ സാന്നിദ്ധ്യം അവർക്ക് മുൻപിൽ പല വാതിലുകളും തുറന്നു. കരിങ്കൽ കൊണ്ട് കെട്ടിയുയർത്തിയ വലിയ മതിൽ മറ്റൊരു കോട്ട പോലെ തോന്നിച്ചു. ഇന്നത്തെക്കാലത്ത് അത്തരം ഒരു പ്രയത്‌നത്തിനുള്ള സാധ്യത കുറവായതിനാൽ പുരാതനക്കാലത്തെ പണിത്തരമാകാമിതെന്ന് ബോണി ഊഹിച്ചു. തിമിംഗലത്തിനുള്ളിൽപ്പെട്ട പരൽമീനിനെ പോലെ ആ കോട്ട അവരെ വിഴുങ്ങി. കോളിംഗ് ബെല്ല് മുഴങ്ങുന്നതിനു മുൻപേ വാതിൽ തുറന്നു. നാൽപ്പതുകളിലുള്ള ഒരു സ്ത്രീ. ഉജ്ജ്വലമായ പ്രൗഢി. നോട്ടത്തിന്റെ കൂർപ്പിൽ സോളമൻ തലകുനിച്ചു. മക്ഡിക്ക് മുൻപരിചയം ഉണ്ടായിരുന്നത് കൊണ്ട് അയാൾ എല്ലാവരേയും പരിചയപ്പെടുത്തി.

""എന്തു പറ്റി തലയിലൊരു കെട്ട്?''
""ഒന്ന് വീണു,'' മക്ഡി സോളമനെ നോക്കി. സോളമൻ ചിരിച്ചെന്ന് വരുത്തി. മക്ഡി നേരെ വിഷയത്തിലേക്ക് കടന്നു
""ഇത് മേരിയുടെ ബോയ്ഫ്രണ്ട് മറ്റേത് സുഹൃത്ത്.'' മേരിയുടെ പേരു കേട്ടതോടെ അവർ വളരെ ഉത്സാഹവതിയായി.
""അതെയോ വെരി ഹാപ്പി ടു മീറ്റ് യു''
""മേരിയുടെ മരണത്തിന്റെ തുമ്പും പിടിച്ച് എത്തിയതാണ് സോളമൻ''
""ഓ വെരി ഇമ്പ്രസീവ്. വണ്ടർഫുൾ. ഇവിടെ വരെ എത്തിയത് അത്ഭുതകരം എന്നെ പറയുവാനുള്ളൂ''
സോളമൻ ഒന്നും തന്നെ സംസാരിച്ചില്ല. ആ സ്ത്രീ അവരെ
സ്വീകരിച്ചിരുത്തി.

""എന്റെ പേരു ലാറാ ലിസ്റ്റൺ. വെബ്സൈറ്റ് ഹാക്ക് ചെയ്തതിനെപ്പറ്റി അറിയുന്നതിനു മുൻപ് എന്നെപ്പറ്റി അറിയേണ്ടതായുണ്ട്. 25 വയസിലായിരുന്നു വിവാഹം. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു അറേഞ്ച്ഡ് മാരേജ്. ഞാൻ സന്തോഷവതി ആയിരുന്നു. സാധാരണമെങ്കിലും സന്തോഷം നിറഞ്ഞ ഒരു കുഞ്ഞു ജീവിതം മാത്രമേ ഞാൻ സ്വപ്നം കണ്ടിരുന്നുള്ളൂ. പക്ഷേ വിവാഹം കഴിച്ചയാൾ ഒരു സ്വവർഗ്ഗപ്രേമിയായിരുന്നു. കുടുംബത്തിന്റെ അന്തസ്
കളയാതിരിക്കുവാൻ ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ഉറക്കഗുളികകളിലൂടേയും മദ്യത്തിന്റേയും സഹായത്താൽ അയാളെന്നെ ഗർഭിണിയാക്കി. ശേഷം ഡൈവോഴ്സ് വരേയ്ക്കും അപരിചിതരായി ഞങ്ങൾ കഴിഞ്ഞു. എല്ലാം മറന്ന് മകൾക്ക് വേണ്ടി ജീവിക്കുന്നതിനിടയിലായിരുന്നു ഈ നാൽപ്പത്തിനാലാം വയസിൽ പ്രണയം കയറി വന്നത്. അതും ഓൺലൈനിൽ. അയാളൊരു അധ്യാപകനായിരുന്നു. സത്യസന്ധമായ പെരുമാറ്റം. എന്നെക്കുറിച്ചെപ്പോഴും ആശങ്കാകുലനായിരുന്നു. അയാളുടെ ആ സ്വഭാവമാണെന്നെ ആകർഷിച്ചത്. ഞങ്ങൾ ഓൺലൈനിലൂടെ മുഴുവൻ സമയം പ്രണയിച്ചു. ഇടയ്ക്ക് ഫോൺ വിളിച്ചും മെസേജുകൾ അയച്ചും ചെറുപ്പക്കാരായി മാറി. രണ്ട് നഗരങ്ങളിലിരുന്ന് പരസ്പരം സ്‌ക്രീനിലൂടെ തൊട്ടു. രണ്ടേ രണ്ട് വട്ടമാണ് നേരിൽ കാണുവാൻ സാധിച്ചത്. ഓൺലൈനിൽ കൂടിയും ഞങ്ങൾ ശരീരം പങ്കു വച്ചിരുന്നു. എന്റെ നഗ്നഫോട്ടോകൾ ഞാൻ കൈമാറി. വീഡിയോ സെക്സിലൂടെ മധുവിധു ആഘോഷിച്ചു. എനിക്ക് നാണമേതുമില്ലാതെയായി. പ്രേമത്തിൽ ഏർപ്പെടുന്നതോടെ നാം ലോകം മറക്കുന്നു. സ്ഥലകാലബോധവും തിരിച്ചറിവുകളും നമ്മളെ ഉപേക്ഷിക്കും. എനിക്കും അതു തന്നെ സംഭവിച്ചു. ആദ്യം അയാൾ എന്റെ ഫോട്ടോ ചോദിച്ചു. പിന്നെ എന്റെ മകളുടെ ചോദിച്ചു. മകൾക്ക് മുൻപിൽ വച്ച് നമ്മൾ സെക്സ് ചെയ്യുന്നത് എത്ര രസകരമായിരിക്കും എന്ന് പറഞ്ഞു. അയാളെ സന്തോഷിപ്പിക്കുവാൻ ഞാൻ എല്ലാം സമ്മതിച്ചു കൊടുത്തു. ഇല്ലെങ്കിൽ അയാൾ എന്നെ വിട്ട് പോയ്ക്കളയുമോ എന്ന ഭയം മറുവശത്തുണ്ടായിരുന്നു. എന്നോ ഒരു നിമിഷത്തിൽ മകളുടെ കുറച്ച് സ്വകാര്യ ചിത്രങ്ങൾ അവളറിയാതെ അയാളെ സന്തോഷിപ്പിക്കുവാനായി ഞാൻ അയച്ചു കൊടുത്തു. പിറ്റേന്ന് എനിക്കയാളൊരു ലിങ്ക് അയച്ചു. അതിൽ എന്റേയും മകളുടേയും ചിത്രങ്ങൾ. ഞാനാകെ തകർന്നു പോയി. അയാളെന്നെ ഉപയോഗിക്കുകയായിരുന്നു. അയാളില്ലാതെ ജീവിക്കുവാനാകില്ല എന്ന് വരുത്തിത്തീർത്ത് എന്നെ ഉപയോഗിച്ചു. ഞാനൊരു മണ്ടി. അയാളുടെ സന്തോഷത്തിനായി അഭിമാനം പോലും പണയം വച്ചു. ഞാനയാളുടെ കാലിൽ വീണു. അത്രയധികം തെറ്റുകൾ ചെയ്തിട്ടും അതെല്ലാം ക്ഷമിച്ച് എന്നെ സ്നേഹിക്കുവാൻ യാചിച്ചു. ഒരു പുഴുവിനെപ്പോലെ അയാളെന്നെ ചവിട്ടിയരച്ചു. പ്രേമം എന്നെ ഭ്രാന്തിയാക്കിയിരുന്നു. അയാളില്ലാതെ ജീവിക്കേണ്ട നിമിഷങ്ങളെക്കുറിച്ച് എനിക്ക് ഭയം തോന്നിയിരുന്നു. എന്തൊക്കെ ഉണ്ടായിട്ടും പ്രേമത്തിന്റെ ഭിക്ഷുകിയായി ഞാൻ. പ്രേമത്തിനുള്ളിൽ നിന്നും നോക്കിയാൽ കാണാൻ കഴിയാത്ത പലതും പുറത്ത് കടന്നാൽ നമുക്ക് കാണുവാൻ സാധിക്കും. എന്റേയും മകളുടേയും സ്വകാര്യ ചിത്രങ്ങൾ ഒരു അബ്യൂസീവ് സൈറ്റിനു പണത്തിനായി അയാൾ വിറ്റു. ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് ദിവസങ്ങൾക്ക് ശേഷം അപമാനത്തിന്റേയും മനഃക്ലേശത്തിന്റേയും തടവിൽ നിന്നും ഞാൻ പുറത്ത് കടന്നു. ആദ്യം ചെയ്തത് ഹാക്കർമാരുടെ ഒരു ടീമിനെ പണം കൊടുത്ത് രൂപീകരിക്കുക എന്നതായിരുന്നു. ഡീപ് വെബ്ബിൽ രണ്ടായിരം രൂപയ്ക്ക് കാണുവാൻ സാധിക്കുന്ന എന്റേയും മകളുടേയും ചിത്രം നശിപ്പിക്കുന്നതിനു ഹാക്കർമ്മാർക്ക് ഞാൻ ചില്ലറ എറിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും നശിപ്പിക്കണമായിരുന്നു. അതിനായി ഏകദേശം രണ്ട് മാസത്തെ നിതാന്തപരിശ്രമം വേണ്ടി വന്നു. 95000 യൂസർമ്മാരുള്ള അവരുടെ സൈറ്റിലെ മുഴുവൻ ഡാറ്റകളും ഞങ്ങൾ സ്വന്തമാക്കി. എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകളെ ഞാനതിൽ കണ്ടു. ഇലകളല്ല മറിച്ച് വേരുകളാണ് പിഴുതെടുക്കേണ്ടതെന്ന് അതോടെ തീരുമാനിച്ചു. ഞങ്ങളുടെ അടുത്ത ലക്ഷ്യം വെബ്സൈറ്റ് ഉടമകൾ ആയിരുന്നു.''

സംസാരിക്കുന്നതിനിടെ ലാറ എഴുന്നേറ്റു. എന്നിട്ട് കൂടെ നടക്കുവാൻ ആംഗ്യം
കാണിച്ചു. അവർ പിറകേ നടന്നു. പല പല മുറികൾ ഇടനാഴികൾ ഒടുവിൽ
കോണിപ്പടികളിറങ്ങി ഒരു മുറിയിൽ എത്തി. മുറി അല്ല ഒരു ഫ്ളോർ. അതിൽ നാലോ അഞ്ചോ പേർ. എല്ലാവരും ചെവിയിൽ ഹെഡ് സെറ്റ് തിരുകി ജോലിയെടുത്തു കൊണ്ടിരിക്കയായിരുന്നു.

"സ്റ്റീവ്' ലാറ വിളിച്ചു. അയാളത് കേൾക്കുന്നുണ്ടായിരുന്നില്ല തൊട്ട്
അടുത്തുള്ള ആൾ സ്റ്റീവിനെ തട്ടി വിളിച്ചു. അയാൾ സ്ഥലകാലം വീണ്ടെടുത്ത്
ലാറക്കരികിലേക്ക് ചെന്നു.

""ഇത് സ്റ്റീവ്. അവരെ ക്രാക്ക് ചെയ്യാൻ എന്നെ സഹായിച്ച കോഡർ. എന്നെ
പ്രേമിച്ച് വഞ്ചിച്ച മനുഷ്യനെ അകത്താക്കുവാനും സ്റ്റീവ് സഹായിച്ചു.
ബാക്കി ടെക്നിക്കൽ വിഷയങ്ങൾ സ്റ്റീവ് വിവരിക്കും.''
""സ്റ്റീവ് ഇതാണു മേരിയുടെ ബോയ്ഫ്രണ്ട്''
""ഹൂ സോളമൻ?'' സ്റ്റീവ് ചോദിച്ചു
""ഓ നിങ്ങൾക്കെന്നെ അറിയാമോ?''
""അറിയാം. മേരി പറഞ്ഞിട്ടുണ്ട്. നിങ്ങൾ കാരണം മേരി എത്ര പ്രണയാഭ്യർഥനകളാണ് വേണ്ടെന്ന് വച്ചത്. അതിലൊരാൾ ഞാനാണ്.''
""ഓ.ഐ ആം സോറി.''
""നോ ഐ ആം സോറി''
""വരൂ''
""നമുക്ക് ഇരിക്കാം'' അവർ കസേരകളിലേക്ക് നടന്നു.
""ലാറ മാം എന്നെ കാണാൻ വരുമ്പോൾ വലിയ മാനസിക വിഷമത്തിലായിരുന്നു.
സ്നേഹിച്ച പുരുഷൻ വഞ്ചിക്കുന്നത് തന്നെ മനുഷ്യന്മാരെ വേദനിപ്പിക്കും.
അപ്പോൾ സ്നേഹിക്കുന്ന പുരുഷൻ ഉപദ്രവിച്ചാലോ?''

""ഈ സംരംഭം വിജയിക്കുമോ എന്നൊന്നും എനിക്കുറപ്പില്ലായിരുന്നു. കാരണം ടോർ പോലെയുള്ള ഒരു സെക്യൂർ കണക്ഷൻ ക്രാക്ക് ചെയ്ത് സർവ്വറിൽ
കേറിപ്പറ്റുക എന്നത് ഓൾമോസ്റ്റ് ഇമ്പോസിബിൾ ആയ കാര്യമായിരുന്നു. ഏതൊരു ഹാക്കറിനും ഇപ്പോഴും അതൊരു വലിയ വെല്ലുവിളി തന്നെ ആണ്. ആദ്യത്തെ പടിയായി ഈ വെബ്സൈറ്റിലെ യൂസറുകളുടെ എണ്ണം അറിയുന്നതിനുള്ള പ്രോഗ്രാം ആണ് കോഡ് ചെയ്തത്. അത് വർക്ക് ഔട്ട് ആയി. ഏകദേശം ഒരു ലക്ഷം യൂസേഴ്സ് ഉണ്ടായിരുന്നു. സൈറ്റിന്റെ പേരു ചൈൽഡ്സ് പ്ലേ എന്നായിരുന്നു. ഒരു മാസം കൊണ്ട് ഇതിനകത്ത് നുഴഞ്ഞു കയറുവാനുള്ള പദ്ധതി രൂപപ്പെടുത്തിയെടുത്തു. സൈറ്റിലെ മുഴുവൻ കോഡും ഞാൻ ഡൗൺലോഡ് ചെയ്തു പരിശോധിച്ചു. പക്ഷെ അതൊരു ഡെഡ് എൻഡ് ആയിരുന്നു.''

""പിന്നെ വെബ്സൈറ്റുകാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതെന്ന് കണ്ടു
പിടിക്കുന്നതിനുള്ള ഓട്ടമായിരുന്നു. അതിനെക്കുറിച്ച് സമയമെടുത്ത് പഠിച്ചു. അതിലെനിക്ക് ഒരു ലോട്ടറി അടിച്ചു. യൂസറിനു പ്രൊഫെയിൽ പിക്ചർ
അപ്ലോഡ് ചെയ്യുന്ന കണക്ഷൻ സുരക്ഷിതമായിരുന്നില്ല എന്ന് ഞാൻ കണ്ടെത്തി. ആ ഒരു അറിവായിരുന്നു ഈ കഥയിലെ വഴിത്തിരിവായി മാറിയത്. അതിലൂടെ എനിക്കെന്റെ പ്രോഗ്രാം ഇഞ്ചക്ട് ചെയ്യാമായിരുന്നു. അത് വളരെ ഈസിയായ പ്രൊസസ് ആയിരുന്നു. സർവ്വറെ പുറത്തുനിന്നുമുള്ള ഫയലുകളുമായി ബന്ധിപ്പിക്കുന്ന ഒരിടം. ഡാർക്ക് നെറ്റിൽ ഇത്തരത്തിലൊരു വീഴ്ച്ചക്ക് സാധ്യത
വളരെക്കുറവായിരുന്നു. എല്ലാ കണക്ഷനും സുരക്ഷിതമാക്കിയാണ് ടോർ
വെബ്സൈറ്റുകൾ ഒരുങ്ങുക. എന്റെ കോഡ് ഉള്ളിൽ കയറ്റിയപ്പോൾ തന്നെ എനിക്കൊരു ഐ പി ലഭിച്ചു. ഐപി വച്ചാണു നമുക്ക് ഒരു കമ്പ്യൂട്ടറിനെ പിന്തുടരുവാനോ കണ്ടു പിടിക്കുവാനോ സാധിക്കുക. ലഭിച്ച ഐപി അവരുടെ സർവ്വറിന്റെ തന്നെ ആയിരുന്നോ എന്ന് ഉറപ്പിക്കുക എന്നതായിരുന്നു അടുത്ത സ്റ്റെപ്പ്. ഐ പി കണ്ടെത്തിയപ്പോൾ ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്ന ഒരു സർവ്വറിലേതാണെന്ന് മനസിലായി. ഇത് ശരിയായ ഐ പി ആണോ എന്നറിയുവാൻ tor event node, VPN, Proxy എന്നിവയുടെ സാന്നിധ്യത്തിനായി ശ്രമിച്ചു. സത്യത്തിൽ അവർ ഇതിൽ ഏതെങ്കിലും ഒരു വഴി ഉപയോഗിച്ചിരുന്നെങ്കിൽ അവരെ കണ്ടെത്തുവാൻ സാധിക്കുമായിരുന്നില്ല. പക്ഷെ അവർ അമിത വിശ്വാസത്തിലായിരുന്നു. അവരുടെ അതേ സർവ്വറിൽ ഞാൻ ഒരു വെർച്ച്വൽ സെർവ്വർ കമ്പനി വഴി വാങ്ങി. അതിനു ശേഷം രണ്ട് സർവ്വറുകളും പുറത്ത് വിടുന്നത് ഒരേ ഐ പി ആണോയെന്ന് നോക്കി. രണ്ടും ഒന്നായിരുന്നു. നമ്മൾ വിപിഎൻ എടുക്കുകയാണെങ്കിൽ കണക്ഷനു വേഗത കുറവായിരിക്കും. ഏറ്റവും കുറഞ്ഞത് 250 മില്ലി സെക്കന്റ് എങ്കിലും എടുക്കും എന്നതാണ്. ഇത് അത്ര പോലും എടുത്തില്ല. പിന്നൊന്ന് ഡാറ്റാപാക്കറ്റുകളുടെ വലിപ്പം ആയിരുന്നു. ഇത്തരത്തിൽ മൂന്നു രീതികൾ ഐ പി അഡ്രസ് തീർച്ചപ്പെടുത്താനായി നമ്മൾ ഉപയോഗിച്ചു. ഇത്തരം വെബ്സൈറ്റുകൾ ഹിറ്റ് ആകാൻ ഉപയോഗിക്കുന്നത് സാധാരണ ഇന്റർനെറ്റാണ്. സാധാരണ ബ്രൗസിംഗ് ആളുകളെ കൗതുകത്തിന്റെ പേരിൽ ഡാർക്ക് നെറ്റിലേക്ക് വലിച്ചിടുകയും പണം പിടുങ്ങുകയും ചെയ്യുന്നവർ ധാരാളമാണ്. ചൈൽഡ്സ് പ്ളേ എന്ന വെബ്സൈറ്റിന് ഓരോ സമയത്ത് ഓരോ പേരുകൾ നൽകിക്കൊണ്ടിരുന്നു. അതായത് മെമ്പർ അല്ലാത്തവർക്ക് ഈ വെബ്സൈറ്റ് പിന്തുടരുക എളുപ്പമാകില്ല.''

""നിങ്ങൾ പോലീസിൽ പരാതിപ്പെട്ടില്ലേ?''
""നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഈ വെബ്സൈറ്റിലെ നാലു ഡൗൺലോഡുകൾ നടന്നിട്ടുള്ളത് ഒരു പോലീസ് സ്റ്റേഷൻ ഐപിയിൽ നിന്നുമാണ്. സോ അത് റിസ്‌ക്കി ആയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച് എല്ലാ ഭാഗങ്ങളിൽ നിന്നുമൊരു അറ്റാക്കായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്''
""എന്ത് തരം ഫയലുകളായിരുന്നു''
""അത് ഈ വർഷിപ്പ് പോലെ എന്തോ. ചെറിയ കുട്ടികളെ വച്ച് നടത്തുന്ന
ക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ. അപ്പോൾ നമ്മൾ ആർക്ക് പരാതി കൊടുക്കും? കൊടുത്തിട്ട് വല്ലതും നടപടിയാകുമോ? മുട്ടുന്നത് വളരെ സ്‌റ്റ്രോംങ് ആയ ആളുകളോടാണെന്ന് അറിയാമായിരുന്നു. ഈയൊരു സമയത്താണ് വെബ്സൈറ്റ് സ്ഥാപകൻ എന്ന് സംശയിക്കുന്നയാൾക്കെതിരെ ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്നത്. ഇന്റർനെറ്റ് ഐടി തെളിവുകൾ ഇന്നും തെളിവുകളായി സ്വീകരിക്കുവാൻ കോടതി വൈമുഖ്യം കാണിക്കുന്നുണ്ട്. അത് ഫാബ്രിക്കേറ്റ് ചെയ്യുവാൻ എളുപ്പമാണെന്ന കാരണത്താൽ തന്നെ. അതിനാൽ ഫിസിക്കൽ എവിഡൻസ് ലഭ്യമാകുന്നതരത്തിലൊരു കേസിനു ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. പ്രതികൾ ഉപയോഗിക്കുന്ന സ്റ്റുഡിയോ, കെട്ടിടം, ഇരകളുടെ മൊഴി അത്തരത്തിലുള്ള എന്തെങ്കിലും കിട്ടണമായിരുന്നു ഞങ്ങൾക്ക്. അപ്പോഴാണു ഫിലിപ്പിനെതിരെ ഒരു പെൺകുട്ടിയുടെ കൊലപാതക്കുറ്റം ആരോപിക്കപ്പെടുന്നത്.''

"ഫിലിപ്പ്'- സ്റ്റീവ് ഗൂഗിൾ തുറന്ന് ആ വാർത്ത കാണിച്ചു തന്നു.

അജ്ഞാത സ്ത്രീമൃതദേഹം സോഫിയാ പോളെന്ന് കണ്ടെത്തി. മോണ്ട്റോസ കുന്നിനു സമീപം കണ്ടെത്തിയ അജ്ഞാതമൃതദേഹം 31കാരി സോഫിയാ പോളിന്റേതെന്ന് പോലീസ് വിശദീകരണം. മോണ്ട്റോസ സ്വദേശിയായിരുന്ന സോഫിയക്ക് ഒരു മകളുണ്ട്. ആറു വർഷമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ അരികിലായി അവരുടെ സൈക്കിൾ കിടക്കുന്നുണ്ടായിരുന്നു. അവരുടെ വായയിൽ അടിവസ്ത്രം കുത്തിത്തിരുകിയിരുന്നു. കാലുകളും കൈകളും ടെലിഫോൺ വയറുകൾ കൊണ്ടാണ് ബന്ധിക്കപ്പെട്ടിരുന്നത്. പരിശോധനയിൽ ശരീരത്തിൽ
മുറിവുകളും ചതവുകളും റേപ്പ് ചെയ്യപ്പെട്ട ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.

""മൃതദേഹം കണ്ടെത്തുന്ന സമയം അത് നഗ്നമായിരുന്നു. ബാഗിൽ മേയ്ക്കപ്പ്
സാധനങ്ങൾ, ചോറ്റ്പാത്രം എന്നിവ കണ്ടെത്തിയിരുന്നു. ചതഞ്ഞരഞ്ഞ
പുല്ലുകൾ പരിശോധിച്ചപ്പോൾ ഒരു പിടിവലി നടന്ന സാഹചര്യങ്ങൾ കാണാനായിട്ടുണ്ട്. സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് പോകും വഴി സോഫിയക്ക് ഒരു ജിപ്സി ലിഫ്റ്റ് കൊടുത്തത് കണ്ടവരുണ്ട്. പോലീസുകാർ നഗരത്തിലേയും ഗ്രാമത്തിലേയും ജിപ്സികളെക്കുറിച്ച് പരിശോധിച്ച് വരുന്നതിനിടെയാണ് മോണ്ട്‌റോസയിലെ എച്ച് ബിൽഡേഴ്സിന്റെ ബ്രാഞ്ചിലേക്ക് ജിപ്സിയിൽ വന്ന ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാതെ ഏറെ നേരം അയാളെ കസ്റ്റഡിയിൽ വയ്ക്കുവാൻ പോലീസിനു സാധിച്ചില്ല. പോരാത്തതിനു ജാമ്യത്തിലിറക്കാൻ വന്നത് എച്ച് ഡെവ്ലെപ്പേഴ്സിന്റെ വക്കീലായിരുന്നു. സോഫിയയുടെ പഴയ ഭർത്താവ് ആ നാളുകളിൽ അവൾക്ക് പിറകിലായി ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. പലപ്പോഴായി അവളെ അയാൾ ശല്യം ചെയ്തിരുന്നുവെന്ന് സോഫിയയുടെ സുഹൃത്തിന്റെ മൊഴി വന്നതോടെ സംശയം മുഴുവൻ മുൻഭർത്താവിലേക്ക് നീങ്ങി. സോഫിയ ജോലി കഴിഞ്ഞ് പോയതിനു ശേഷം അവളെ അന്വേഷിച്ച് സൂപ്പർമാർക്കറ്റിൽ വന്നത് മുൻഭർത്താവിനെ പ്രതികൂലമായി ബാധിച്ചു''

""ഈ സന്ദർഭത്തിലാണ് മേരി കേസിനെക്കുറിച്ചറിയുന്നതും ഫിലിപ്പിനെ
കുടുക്കുവാൻ ഇതിലും മികച്ച ഒരവസരം ലഭിക്കില്ലയെന്ന് അറിഞ്ഞ് ഇതിനു
പിറകേ പോകുന്നതും.''
സ്റ്റീവ് ഒരു ഫോൾഡർ തുറന്ന് ഏതാനും ചിത്രങ്ങൾ കാണിച്ചു.
""ഇതവരുടെ ഓഫീസ് ചിത്രങ്ങളാണ്. ഇത് ഫിലിപ്പ്. ബാക്കി ഒരു
പോലെയിരിക്കുന്ന മൂന്നു പേർ''
""അതിനപ്പുറത്ത് നിൽക്കുന്നത് ആരാണ്?''
""അത് അബ്രഹാം. കമ്പനിയുടെ ഫിനാൻഷ്യൽ അഡൈ്വസർ. അവരുടെ
ഗ്രൂപ്പിന്റെ വൈദികൻ. ചടങ്ങുകളെക്കുറിച്ചുള്ള ഉപദേശം ഇയാളാണ്
നൽകാറെന്ന് പറയപ്പെടുന്നു.''
""ഇദ്ദേഹം എന്റെ തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്.'' അപ്പോൾ
സ്റ്റീവിന്റെ മുഖത്ത് ഗൂഢത കടന്നു വന്നു.
""സോളമനെ അന്വേഷിച്ച് അവൾ ഫ്ളാറ്റിലേക്ക് വന്നത് ഈ അബ്രാഹിമിനെ
ട്രാപ് ചെയ്യുവാൻ കൂടിയായിരുന്നു. ഇദ്ദേഹം സന്നിഹിതനായ ചടങ്ങുകളുടെ വീഡിയോ മേരി അയാളെക്കാണിച്ചു. ആ ഒരു മീറ്റിംഗിനു ശേഷം ആണ് ആൾ കൊളാപ്സ് ആയി മരിക്കുന്നത്.''

""മേരിയാണോ ആ മരണത്തിനു കാരണം''
""ഒരു രീതിയിൽ പറഞ്ഞാൽ അതെ.''
""മേരിക്കും ഞങ്ങൾക്കും ഉറപ്പുണ്ടായിരുന്ന ഒരേയൊരു കാര്യം സോഫിയയുടെ
കൊലപാതകത്തിൽ ഫിലിപ്പിനും മറ്റ് മൂന്ന് പേർക്കുമുള്ള പങ്കാണ്. അതിനാൽ
മേരി അവരുടെ കമ്പനിയിൽ കയറിപ്പറ്റി തെളിവുകൾ ശേഖരിക്കുവാൻ ശ്രമിച്ചു.
അതിനായി കമ്പനിയുടെ ഫ്രണ്ട് ഓഫീസിൽ ജോലി നേടി. കേസിൽപ്പെട്ട ജിപ്സി
മേരി അന്വേഷിച്ച് കണ്ടെത്തി പരിശോധനക്ക് വിധേയമാക്കി. കേസിനെപ്പറ്റി വിശദമായി പഠിച്ചിരുന്ന മേരിക്ക് ലഭിച്ചത് രണ്ട് ഫോട്ടോയും മഞ്ചാടിക്കുരുക്കളും
ഒരിത്തിരി പെയ്ന്റും മാത്രമാണ്. പോലീസിനെക്കൊണ്ട് ഇതിൽ ഇടപെടുത്താൻ
കൊള്ളില്ലെന്ന് പണ്ടേ അവൾ മനസിലാക്കിയിരുന്നു. പകരം അവൾ സഹായം തേടിയത് കൊച്ചൈപ്പോരയോടാണ്. കൊച്ചൈപ്പോരയെ ഈ കേസിൽ പെടുത്തുവാൻ കാരണമുണ്ട്.''
""അതെന്താണ്?''
""കാലാതടാകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?''
""ഉവ്വ് ഞാൻ കൊച്ചൈപ്പോരയെ കണ്ടിരുന്നു''

""കാലാ തടാകത്തിലെ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു
കൊച്ചൈപ്പോര. തടാകത്തിന്റെ ചരിത്രവും ഫിലിപ്പിന്റെ സമൂഹവും തമ്മിൽ
ബന്ധമുണ്ട്. ഒരു പോർച്ചുഗീസുകാരൻ തുടങ്ങി വച്ചവയാണ് ഈ ക്രമങ്ങൾ എന്ന്
പറയപ്പെടുന്നു. ചടങ്ങിനു ശേഷം ബലി നൽകിയ ഇരയുടെ ശവശരീരം മറവ്
ചെയ്തിരുന്നത് അടുത്തുള്ള പള്ളിയിലെ ശ്മശാനത്തിലായിരുന്നു. ബ്രിട്ടീഷ്
ഭരണകാലത്ത് തടാകം രൂപീകൃതമായപ്പോൾ പള്ളിയും ശവപ്പറമ്പും വെള്ളമെടുത്തു.ഇന്ന് തടാകത്തിനു സമീപമുള്ള ഭൂഗർഭത്തിൽ സ്ഥിതി ചെയ്യുന്ന ഏതോ ഒരു അറയിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. പണ്ട് ലത്തീൻ ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കാതിരുന്ന മനുഷ്യരെ പിടിച്ചു കൊണ്ട് വന്ന് പീഡിപ്പിച്ചിരുന്ന
കോട്ട ആയിരുന്നു അത്. പോർച്ചുഗീസുകാരുടെ തിരോധാനത്തോടെ
സ്വകാര്യവ്യക്തിയുടെ കൈകളിൽ ഇത് അകപ്പെട്ടു. ആരാധനക്ക് ശേഷമുള്ള
ദിവസങ്ങളിലാണ് തടാകത്തിൽ ശവം പൊന്തുക. പിന്നീട് വയറുകീറി അതിൽ
കല്ലു വച്ച് വയറു തുന്നുന്ന ഏർപ്പാട് നിലവിൽ വന്നു. ഇതിനു പിറകിൽ അവയവ കടത്തൽ ലോബിയും ഉണ്ടെന്ന് വിവരമുണ്ട്. തടാകത്തിന്റെ അടിത്തട്ടിൽ
കിടക്കുന്ന ശവശരീരങ്ങളാണ് പൊങ്ങിയവയേക്കാൾ കൂടുതൽ എന്നാണ് അറിയുന്നത്. തടാകത്തിലെ ശവം മറവ് ഇപ്പോൾ ഒരു ആചാരമായി മാറി. പോലീസും ഗവണ്മെന്റും തടാകത്തിന്റെ ചുമതല വഹിക്കുന്ന സമയം കാര്യങ്ങൾ എളുപ്പമായിരുന്നു. എന്നാൽ സംരക്ഷണ ചുമതല ഡീൻ കോർപ്പ് ഏറ്റെടുത്തതോടെ കാര്യങ്ങളിൽ മാറ്റം വന്നു തുടങ്ങി. കൊച്ചൈപ്പോരയ്ക്ക് ഈ ഗ്രൂപ്പിനെ പറ്റി അറിയാമായിരുന്നതിനാൽ രഹസ്യമായ ഒരന്വേഷണം ഡീൻകോർപ്പും നടത്തി വരികയായിരുന്നു. വർഷങ്ങൾക്ക് മുൻപ് കൊച്ചൈപ്പോരയുടെ മകളുടെ ജീവനും ഇത്തരത്തിൽ നഷ്ടമായിരുന്നു. ഗ്രൂപ്പിനെ പറ്റി മനസിലാക്കിയിരുന്നതിനാലും എതിർത്താൽ മരണം മാത്രമായിരിക്കും ഫലം എന്നറിയുന്നതിനാലും അയാളന്ന് നിസ്സഹായനായി ഒതുങ്ങി നിന്നു. അപ്പോഴാണ് ഇതേ കാരണത്താൽ മേരി കൊച്ചൈപ്പോര വഴി ഡീൻകോർപ്പിൽ ബന്ധപ്പെടുന്നത്. അവരവളെ സ്വാഗതം ചെയ്തു.

സോഫിയ കേസിൽ മേരിക്ക് രണ്ട് തെളിവുകൾ ലഭിച്ചിരുന്നു.
ഒന്ന് ജിപ്സിയുടെ മുൻഭാഗത്ത് നിന്നും ചുരണ്ടിയ പെയ്ന്റ്.
രണ്ട് ജിപ്സിക്കുള്ളിൽ നിന്നും ലഭിച്ച മഞ്ചാടിക്കുരുക്കൾ.
സോഫിയയുടെ സൈക്കിളിൽ നിന്നും നഷ്ടപ്പെട്ട പെയിന്റാണ് മേരി
കണ്ടെത്തിയതെന്ന് വിദഗ്ധ സംഘം ലാബ് റിപ്പോർട്ട് പ്രകാരം പറയുന്നുണ്ട്.
രണ്ടും മാച്ചാണ്. ജിപ്സി ഇപ്പോൾ ഡീൻകോർപ്പിന്റെ കസ്റ്റഡിയിലാണ്. പക്ഷെ
അതുകൊണ്ട് മാത്രം ഫിലിപ്പിനെ അറസ്റ്റ് ചെയ്യുവാൻ സാധിക്കുമായിരുന്നില്ല.
അപ്പോഴാണ് ഡീൻകോർപ്പ് ഈ കേസിൽ സഹായവുമായി രംഗത്ത് എത്തുന്നത്. അപകട സ്ഥലം സന്ദർശിച്ച വിദഗ്ധർ മൃതദേഹത്തിനു അരികിലുള്ള മഞ്ചാടി മരത്തിൽ വണ്ടി വന്നിടിച്ച പാടുകൾ കണ്ടു. അങ്ങനെ ഇതു വരെ ഈ രാജ്യത്തിൽ ഉപയോഗിക്കാതിരുന്ന ഒരാശയത്തിനവർ രൂപം നൽകി. സസ്യങ്ങളുടെ ഡി എൻ എ പരിശോധന. മഞ്ചാടി മരത്തിന്റെ ഡിഎൻഎയും ജിപ്സിയിൽ നിന്നും ലഭിച്ച മഞ്ചാടിക്കുരുവിന്റെ ഡിഎൻഎയും ഒന്ന് തന്നെയാണെങ്കിൽ ജിപ്സി അവിടെ പോയിരുന്നു എന്നതിനു തെളിവാണ്. മുൻപുള്ള ചോദ്യം ചെയ്യലിൽ സോഫിയ മരിച്ച സ്ഥലം വഴി താൻ പോയിട്ടേ ഇല്ലയെന്ന് മൊഴി നൽകിയ ഫിലിപ്പ് ഈ റിസൾട്ടിൽ കുടുങ്ങുമെന്ന് മേരിക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. സസ്യങ്ങളുടെ ഡിഎൻഎ വേർത്തിരിക്കുന്ന പദ്ധതിക്കായി യൂണിവേഴ്സിറ്റിയിലെ ബൊട്ടാണിസ്റ്റായ ഹാഷിമിന്റെ പിന്തുണ ലഭിച്ചിരുന്നു. ഈ പദ്ധതിയെ നൂറു ശതമാനവും അദ്ദേഹം പിന്താങ്ങി. ഒരേയൊരു വെല്ലുവിളിയായി ഉണ്ടായിരുന്നത് മലഞ്ചെരുവിലെ മഞ്ചാടികളുടെ ആധിക്യമായിരുന്നു. ഒരേ ഡിഎൻഎ ഘടനയുള്ള മഞ്ചാടികൾ ഉണ്ടെങ്കിൽ കേസ് ദുർബലമാകും. എന്തു തന്നെയായാലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മുന്നോട്ട് പോകാൻ തന്നെ അവർ തീരുമാനിച്ചു. ഒരേ സ്പീഷ്യസിലുള്ള സസ്യങ്ങളാണെങ്കിലും ഓരോ സസ്യത്തിനും ഓരോ ഘടനയായിരിക്കുമെന്ന് ഡോ: ഹാഷിം ഉറപ്പ് നൽകി. 1980ൽ ജെഫ്രി എന്നൊരു ശാസ്ത്രജ്ഞൻ സസ്യങ്ങളുടെ ഡി എൻ എ വേർത്തിരിക്കുന്ന വഴി പരീക്ഷണത്താൽ കണ്ടുപിടിച്ചിരുന്നു.

ആദ്യപടിയായി മഞ്ചാടിക്കുരു ലിക്വിഡ് നൈട്രജനിൽ നിക്ഷേപിച്ച്
പൊടിച്ചെടുക്കുന്നു. പിന്നീട് SDS കെമിക്കൻ ലായനി അതിലേക്ക് ചേർക്കുന്നു.
അതോടെ ഒട്ടിപ്പിടിക്കുന്ന തരം തന്മാത്രകളുടെ കൂട്ടം ലഭിക്കുന്നു. ഇവയെ
പോളിമറസ് ചെയിൻ റിയാക്ഷൻ വഴി നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഡൈ ചേർത്ത്
ജെല്ലിൽ നിക്ഷേപിക്കുന്നു. ഒടുവിൽ അത് ഒരു ഇലക്ട്രിക് ഫീൽഡിൽ കൊണ്ട്
വയ്ക്കുന്നു. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ നെഗറ്റീവ്
ചാർജ്ജുള്ള ഭാഗങ്ങളെ ഫീൽഡ് ജെല്ലിയിലൂടെ പോസിറ്റീവ് എൻഡിലേക്ക്
മാറ്റുന്നു. ഈ സമയം ലഭ്യമാകുന്ന പാറ്റേൺ ഒരു ബാർക്കോഡായി പ്രിന്റ്
ചെയ്യുന്നതാണ്. ഈ ബാർ കോഡ് ഓരോ സസ്യത്തിനും വെവ്വേറെയാണ്.
ജനിതകവിരലടയാളം. ശവശരീരത്തിനടുത്തു നിന്നും ലഭിച്ച മഞ്ചാടിയുടെ
ബാർക്കോഡും ജിപ്സിയിൽ നിന്നും ലഭിച്ച മഞ്ചാടിയുടെ ബാർക്കോഡും ഒന്ന്
തന്നെ ആയിരുന്നു. സംശയം തീർക്കുന്നതിനായി അഞ്ച് മഞ്ചാടിച്ചെടികളുടെ
കുരു പൊതിഞ്ഞ് ടെസ്റ്റ് നടത്തി നോക്കി. ബോഡിക്കടുത്തു നിന്നും ലഭിച്ച
മഞ്ചാടിക്കുരുക്കളെ അവർ അടയാളം വച്ചിരുന്നു. പരീക്ഷണത്തിൽ കൃത്യമായി
രണ്ട് മഞ്ചാടികളും ജോടി ചേർന്നു. ഹാഷിമിന്റെ ഉപദേശമനുസരിച്ച് ആ
ഭാഗത്തുള്ള മഞ്ചാടി ചെടികളുടെ ജനിതക കോഡുകളാൽ ഒരു ലൈബ്രറി അല്ലെങ്കിൽ ഡാറ്റാബേസ് ഞങ്ങൾ നിർമ്മിച്ചു. ഒരു പക്ഷെ ലോകത്തിലെ
ആദ്യത്തെ സംഭവമായിരിക്കും ഇതെന്ന് തോന്നുന്നു. ഒരു കേസ് തെളിയിക്കുവാൻ ഒരു പ്രദേശത്തെ മുഴുവൻ സസ്യങ്ങളുടെ ഡാറ്റാബേസ് നിർമ്മാണം. വലിയ
പരിശ്രമം ഞങ്ങൾക്കതിനായി വേണ്ടി വന്നു. ഓരോ ചെടിയേയും പ്രത്യേകം പ്രത്യേകം ഞങ്ങൾ പരിശോധിച്ചു. ഡി എൻ എ പാറ്റേൺ നിർമിച്ചു. സസ്യങ്ങളുടെ ഡാറ്റാബേസിന്റെ സഹായത്തോടെ ഓരോ ചെടികൾക്കും വ്യത്യസ്തമായ ജനിതക ഘടന ആയിരിക്കുമെന്ന് സ്ഥാപിക്കുവാൻ കഴിയുമായിരുന്നു. ഡീൻ കോർപ്പ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. അവർ ഇതേ തെളിവുപയോഗിച്ച് ഫിലിപ്പിനെ രഹസ്യമായി അറസ്റ്റ് ചെയ്തു.''

""അതിനു ശേഷം മേരിക്ക് എന്താണ് സംഭവിച്ചത്?''
""തെളിവുമായി സോളമനരികിൽ നിന്നും ബസ് കയറിയ മേരി നേരെ ഞങ്ങൾക്കരികിൽ വന്നു. ഫിലിപ്പിന്റെ കേസ് മൂവ്വർ സംഘം അറിഞ്ഞതോടെ ഗൂഢാലോചനക്കുള്ള സാധ്യത അവർ കണ്ടെത്തി. അവരുടെ ചാരന്മാർ നാലുപാടും ഓടി നടന്നു. ഇതിനിടെ ട്രിപ്ലറ്റ്‌സും ഫിലിപ്പും നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു മേരി. എന്നാൽ നിർഭാഗ്യവശാൽ മൂവർ സംഘം മേരിയെ കണ്ടെത്തിയെന്നാണ് അവസാനമായി അറിയുവാൻ സാധിച്ചത്. പിന്നെ കേൾക്കുന്നത് മേരിയുടെ മരണ വാർത്തയാണ്.''
""മേരി ശേഖരിച്ച വിവരങ്ങൾ?''
""അതവർ നശിപ്പിച്ചു. ഞങ്ങൾ അതിനായി എല്ലായിടവും അരിച്ചു പെറുക്കി. കണ്ടു
കിട്ടിയില്ല.''
മൂലയിൽ നിന്നും ഒരു ചിത്രം സോളമനെ കണ്ണുകാട്ടി വിളിച്ചു.

""ഈ ചിത്രം?''
""ഇത് മേരി സമ്മാനിച്ചതാണ്''
""ഞാനൊരു ഫോട്ടോ എടുത്തോട്ടെ?'' ഫോണിലെ ക്യാമറ തുറന്ന് ഫോട്ടോയെടുത്തു.
""ഓ യെസ് പ്ലീസ്.''
ഗ്യാലറി തുറന്ന് അയാൾ മുൻപെടുത്ത ഫോട്ടോകൾ നോക്കി
""എനിക്കൊരു കടലാസും പെൻസിലും തരാമോ?''
സോളമന് പേപ്പറും ഒരു പേനയും ലഭിച്ചു. അയാൾ ഓരോ ഫോട്ടോയും നോക്കി
എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.
""എന്താണിത്?''
""മേരിയുടെ ശൈലിയാണ്. ക്യൂബിസവും സിംബലിസവും കൂടിച്ചേർന്ന ശൈലി.''
""ഈ ശൈലിയിൽ ഞങ്ങൾ മുൻപേ ആശയവിനിമയത്തിനായി ശ്രമിച്ചിട്ടുണ്ട്.
ക്യൂബിസത്തിൽ എല്ലാം രൂപങ്ങളായിരിക്കും. ആദ്യ ചിത്രം ചതുരങ്ങൾ പിന്നെ
ത്രികോണം. പല രൂപങ്ങൾ. എല്ലാ ചിത്രങ്ങളിലും കോമൺ ആയിട്ടുള്ളത്
എന്താണെന്ന് ശ്രദ്ധിച്ചുവോ?''
""വൃത്തം''
""അതെ സർക്കിൾ പൂജ്യത്തിനു തുല്യമാണ്. മറ്റ് ആകൃതികളുടെ വില 1 ഉം ആണ്
എങ്കിൽ ആദ്യത്തെ ചിത്രം എങ്ങനെ എഴുതാം
0000 0011 1001 0000 0010 0011
0 3 9 0 2 3

039023
അതേ രീതിയിൽ അടുത്ത ചിത്രം നോക്കിയാൽ വരുന്നത് 126825 അതിനടുത്തത്
029711, 050016. ഇത്തരത്തിൽ ചിത്രങ്ങളും ഈ അക്കങ്ങളും ബന്ധപ്പെട്ട്
കിടക്കുന്നുണ്ട്. ഇതേ അക്കങ്ങളെ ഞാൻ മേരിയുടെ പുനരുജീവനത്തിന്റെ
പുസ്തകത്തിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം
പ്രത്യക്ഷമോ പരോക്ഷമോ ആയി പറയുന്നത് കൊലപാതകങ്ങളോ മരണങ്ങളോ ആണ്. നോക്കൂ ആ ത്രികോണം കത്തിയാളുന്നത്. ചിത്രങ്ങളും ഈ അക്കങ്ങളുമായുള്ള ബന്ധത്തെ ആണ് നമുക്ക് കണ്ടുപിടിക്കേണ്ടത്. എന്റെ വഴിയിൽ ഞാൻ ശ്രമിച്ച് പരാജയപ്പെട്ടു. ഇനി നിങ്ങളുടെ ആളുകൾക്കൊന്ന് കൊടുക്കൂ.''

സ്റ്റീവ് ചിത്രങ്ങളും അക്കങ്ങളും സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. അയാൾ
കാര്യങ്ങൾ അവർക്ക് വിശദീകരിക്കുന്ന ശബ്ദം പശ്ചാത്തലത്തിൽ മുഴങ്ങി.
""ഇത് പിൻകോഡുകളോ ഫോൺ നമ്പറുകളോ ആകാം. എല്ലാം ട്രൈ ചെയ്യണം''
""ഫിലിപ്പ് ഇപ്പോഴും കസ്റ്റഡിയിലാണോ?''
""അതെ''
""പോലീസുകാരോട് എന്തെങ്കിലും പറഞ്ഞോ?''
""ഇല്ല''
""ആ മൂന്നു പേരോ''
""ഒളിവിൽ''
""ആ ഗ്രൂപ്പോ''
""ഇപ്പോൾ അനക്കമില്ല. ഒരറിവുമില്ല' ആ രാത്രി മേരിക്ക് എന്താണു സംഭവിച്ചത്
എന്നറിയുവാനുള്ള ഏക വഴി ആ മൂന്ന് പേർ മാത്രമാണ്. സോളമനു മേരി തീർത്തും
അപരിചിതയായിക്കഴിഞ്ഞിരുന്നു. സോളമനു ക്ഷീണം തോന്നി. അയാൾ കസേരയിലേക്ക് ഭാരം ചാരി.

""സർ ഐ തിങ്ക് ഐ ഹാവ് ക്രാക്ക്ഡ് ഇറ്റ്.'' പെയിന്റിംഗിനെയും അക്കങ്ങളേയും
ബന്ധപ്പെടുത്തുന്ന ഘടകം നോക്കിക്കൊണ്ടിരുന്ന ഹാക്കർ ടീമിലെ ഒരുത്തൻ കൈ
പൊക്കി.
""യെസ് പറയൂ'' സോളമൻ ഓടിയെത്തി
""Its a date''
""What?''
""അത് ഒരു ഡേറ്റാണ്. തിയ്യതി''
""039023''
""അത് 23 മാർച്ച് 1990 ആണ് അടുത്തത് 126825. ഡിസംബർ 25, 1968''
""ഈ ഡേറ്റുകളിൽ എന്താണ് പ്രത്യേകത?'' അയാൾ ഗൂഗിൾ ചെയ്തു വച്ചിരുന്നത്
എടുത്തു കാണിച്ചു

""കൂട്ടക്കൊലകൾ.''
""വടക്കേ ഇന്ത്യയിലെ കൂട്ടക്കൊലകൾ. മതം മാറുവാൻ ശ്രമിച്ച ക്രിസ്ത്യാനികളെയാണ് കാളിസേന എന്ന സംഘം കൊലപ്പെടുത്തിയത്.''
പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പട റോമൻ ക്രിസ്ത്യാനികളായി
നടിക്കുന്ന, എന്നാൽ പഴയ ആചാരങ്ങളെ പിൻപറ്റുന്ന ക്രിസ്ത്യാനികളേയും,
ഹിന്ദുക്കളേയും മുസ്ലീമുകളേയും പീഡിപ്പിച്ചു കൊണ്ട് വിശ്വാസിയാക്കുന്നതിനു ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു. പോർച്ചുഗീസ് സേനയുടെ ശക്തിയുടെ പിൻബലത്തിൽ ഈ സേന ജനങ്ങളെ ഉപദ്രവിക്കുകയും വെടിയുണ്ടകൾക്കിരയാക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ പോർച്ചുഗീസ്
കേന്ദ്രമായ ഗോവയിൽ ഒരു പ്രതിരോധ സേന ഉയർന്നു വന്നു. കാളി ഭക്തരായ ഒരു
കൂട്ടം ജനങ്ങളാണ് ആദ്യമായി അതിനായി തയ്യാറായത്. അതാണ് കാളി സേന എന്ന് പേരു വരുന്നതിനുള്ള കാരണം. ഈ അവിശ്വസനീയമായ കഥ പ്രചോദനമായി കണ്ട് ഹിന്ദുക്കളും മുസ്ലീമുകളും സുറിയാനികളും ഇതിൽ ഭാഗഭാക്കായി.

ഇന്ത്യയുടെ തന്നെ പലയിടങ്ങളിലും പോർച്ചുഗൽ ആക്രമണങ്ങളെ ചെറുക്കാൻ
കാളിസേനക്കായി. പോർച്ചുഗീസുകാർ ഇന്ത്യ വിട്ട് പോയിട്ടും കാളി സേന നില
നിന്നു. നാട്ടു രാജാക്കന്മാർക്കായി അവർ പ്രത്യേക ദൗത്യങ്ങൾ പൂർത്തിയാക്കി. പിന്നീടേറെ നൂറ്റാണ്ടുകളായി അണ്ടർഗ്രൗണ്ടിൽ പോയ കാളിസേന വീണ്ടും രൂപപ്പെടുന്നത് രണ്ടാം ലോക മഹായുദ്ധകാലത്താണ്. ചരിത്രത്തിൽ ഇതിന്റെ ആദ്യദൗത്യം രക്ഷയായിരുന്നുവെങ്കിൽ പിന്നീട് ഇതിന്റെ രണ്ടാമുദയം ക്രിസ്ത്യാനികളോടുള്ള വെറുപ്പു വഹിച്ചു കൊണ്ടായിരുന്നു. വടക്കൻ ഇന്ത്യയിൽ
ക്രിസ്ത്യാനികളുടെ കൂട്ടക്കൊലകളിലൂടെ വരവറിയിച്ച ഇവർക്ക് സാമ്പത്തിക
പിന്തുണ നൽകിയിരുന്നത് ഏത് സംഘടനയാണെന്നത് ദുരൂഹമായിരുന്നു.
""അവർ നടത്തിയ കൂട്ടക്കൊലകളുടെ ലിസ്റ്റാണിത്. മേരിയുടെ ചിത്രത്തിലെ
ദിവസങ്ങളുമായി ഇത് ചേരുന്നുണ്ട്''
""കാളിസേനയും ഹെന്റ്രി ബിൽഡേഴ്സും തമ്മിൽ എന്താണ് ബന്ധം?''
""സാമ്പത്തികം?''
""പക്ഷെ എന്തിന്?''
""പരമ്പരാഗത ശത്രുവിനെതിരെ ഒന്നിക്കുന്നു.''
""ദുർബലവാദമല്ലേ? കാളിസേന ഇവിടെ ഉണ്ടെന്ന് ഒരു തെളിവുമില്ല.''
""ഒരു പക്ഷെ അത്തരം തെളിവുകൾ ലഭിച്ചതു കൊണ്ടായിരിക്കില്ലേ മേരി ഈ
തിയ്യതികൾ ചിത്രങ്ങളിൽ ഒളിപ്പിച്ചത്? മേരിയുടെ ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ കൊലപാതകങ്ങളും കൂട്ടക്കൊലകളും കൃത്യമായി
രേഖപ്പെടുത്തിയിട്ടുണ്ട്. എന്ന്, ഏത് വിധം എന്നും. തീയിട്ടു കൊന്നവർ,
വെട്ടേറ്റവർ, സ്ഫോടനം, വിഷാംശം ഓരോന്നിനും പല പല രീതികൾ, ഒന്നൊഴിച്ച്.''

""ഏതാണത്?'' അയാൾ ചിത്രം കാണിച്ചു
""ബ്രഷിന്റെ തഴുകൽ തെളിഞ്ഞു നിൽക്കുന്ന ഈ ചിത്രം''
""അത് അവർ ഇവിടെ വച്ച് പോയതാണ്''
""ഈ കറുപ്പ് പോലുള്ള പച്ച എന്താണ്?''
""പച്ച നിറത്തിൽ കാട്? കറുപ്പ് ടാർ റോഡ്?''
""മേ ബി'' സോളമൻ ചിത്രത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് കുറച്ചധികസമയം
ഇരുന്നു. അയാൾ ഗൂഗിൾ ചെയ്ത് നോക്കി സമയം കളഞ്ഞു.
""കിട്ടി''
""എന്താണ്''
""കറുപ്പ് ടാറല്ല കാർമേഘവുമല്ല. കാലാ തടാകത്തിലെ ജലമാണ്''
""മലയിടുക്കുകൾ പച്ച നിറങ്ങൾ ത്രികോണങ്ങളിൽ വെളിവാകുന്നു''
""അവിടെയാണ് മേരിയുടെ അവസാനം അല്ലേ''
""ആ ചിത്രം നോക്കട്ടെ ഒന്നു കൂടെ കാണിക്കൂ. ഒന്നു സൂം ചെയ്യുമോ?'' സൂം
ചെയ്ത ചിത്രത്തിൽ തടാകത്തിനു സമീപം കാടിനോട് ചേർന്ന് ഒരു ചുവന്ന ത്രികോണം ചെറുത് കാണാൻ കഴിഞ്ഞു.

""ഇതേതാണ്. എന്താണ്?'' സോളമൻ ഗൂഗിൾ മാപ്പിലും എർത്തിലും ആ ഇടം
പരിശോധിച്ചു. പ്രത്യേകമായൊന്നും കാണാൻ കഴിഞ്ഞില്ല.
""ഇതേതായിരിക്കും സ്ഥലം?''
""ഡീൻ കോർപ്പിനെ വിളിക്കണം.'' സോളമൻ ആത്മഗതം നടത്തി. ▮

​​​​​​​(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments