ചിത്രീകരണം: ദേവപ്രകാശ്‌

പൊന്നൊഴുകിവന്ന കാലം

ഭാഗം ഒന്ന്

2. ലൂമിക്കൊതിയൻ

‘ഇവിടെ, ഈ നഹദൈൻ ഗുഹയിൽ വച്ച്​ കാണണമെന്ന് എന്തായിരുന്നു?'

ആദ്യചോദ്യത്തിന്​ മറുപടിയുണ്ടാവില്ലെന്ന് ആദിൽ മുസ്തഫയ്ക്ക് മനസ്സിലായി.
ഇനി ഒരിക്കലും ഒരു വരവുണ്ടാവില്ലെന്ന് കരുതിയിരുന്ന ഈ ദ്വീപിലേക്ക് ടോണി അബ്രഹാം വീണ്ടും എത്താനുണ്ടായ കാരണം ആ ചോദ്യത്തിന്റെ മറുപടിയാണ്.

കേരളത്തിലെ ഒരു നഗരത്തിൽ, ഒരു വലിയ വീട്ടിൽ പൂട്ടിയിടപ്പെട്ടതുപോലെ തനിയെ കഴിയുന്നൊരു മനുഷ്യൻ നിറുത്താതെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം ടോണി അബ്രഹാം വരച്ചിട്ടു.

തന്റെ ആജ്ഞാപനങ്ങൾ കേട്ട് നടപ്പിലാക്കാൻ ആയിരക്കണക്കിന് ആളുകൾ ചുറ്റിനുമുണ്ടായിരുന്ന അതേകാലത്തുതന്നെയാണ് താനിപ്പോഴുമെന്നു കരുതുന്ന ഒരാളുടെ പറച്ചിലുകൾ.

ആൾക്കൂട്ടം പിരിഞ്ഞുപോയത് അദ്ദേഹം അറിഞ്ഞിട്ടില്ല.

മക്കൾ ഏർപ്പാടാക്കിയ മടിപിടിച്ച ഒരു പരിചാരിക അല്ലാതെ ആരും തന്റെ അരികത്തില്ലെന്ന സത്യത്തോട് ചേരാനാവാതെ കുഴങ്ങുന്നൊരാൾ. കാലക്രമങ്ങളും കഥാപാത്രങ്ങളും മാറിമറിഞ്ഞ്​ അടുക്കു തെറ്റിയ ഓർമകളിൽ നിന്നുള്ള ആഖ്യാനങ്ങൾ. കുഴമറിച്ചിൽ അല്പവുമില്ലാതെയും തെറ്റ് വരുത്താതെയും ആൾമാറാട്ടമില്ലാതെയും അപ്പ ആവർത്തിക്കുന്നത് ഒരാവശ്യം മാത്രമാണ്. അദ്ദേഹത്തിന് ഇനിയും ജീവിച്ചുപൂർത്തിയാക്കാനുള്ളതാണ് അതിന്റെ നിർവഹണം.

ദിൽമുനിയയിലേക്ക് മടങ്ങിപ്പോയിട്ടു വേണം അത് സംഭവിക്കാൻ. ഹജ്ജി മുസ്തഫ ഇബ്രാഹീമിനെ കാണണം. രണ്ടാളും ചേർന്ന്​ ഒരിയ്ക്കൽകൂടി നഹദൈൻ മലകളിൽ പോകണം. അവിടെ വഞ്ചി ഗുഹയിലെ ബലിപീഠത്തിനു മുന്നിൽനിന്ന് അപ്പയ്ക്ക് സംഭവിച്ചുപോയ തെറ്റ് ഹജ്ജിയോടു ഏറ്റുപറയണം. ദിൽമുനിയ ആകെ പടർന്നു പന്തലിച്ചു ഒരു മഹാപ്രസ്ഥാനമായ എമ്മിയെസ് കമ്പനി അപ്രത്യക്ഷമായ സംഭവപരമ്പരകളുടെ തുടക്കം തന്റെ ആ തെറ്റിൽ നിന്നാണ്. അതിനു മാപ്പ് ചോദിക്കണം. അതിന്റെ ഫലവും ശിക്ഷയും എന്തായാലും ഏറ്റുവാങ്ങി അനുഭവിക്കണം. ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ വിമാനയാത്ര പ്രയാസമാകുമെന്നും അസുഖം ഭേദമായാൽ ദിൽമുനിയയിലേക്ക് പോകാമെന്നും മക്കളുടെ മറുപടി കേൾക്കുമ്പോൾ അപ്പ ദേഷ്യപ്പെടും.

തീരുമാനിക്കുന്നതെന്തും നടപ്പിലാക്കാൻ നിശ്ചയിക്കുകയും എന്ത് ചെയ്തും അത് പ്രാവർത്തികമാക്കുകയും ചെയ്തുകൊണ്ട് കുറെയധികം വർഷങ്ങൾ ദിൽമുനിയയിൽ ജീവിച്ചയാളാണ് ടോണി അബ്രഹാമിന്റെ അപ്പ. ഏതു ആജ്ഞയും ഏറ്റെടുത്തു നിവർത്തിക്കാൻ ആളും അർത്ഥവുമായി അനുചരസംഘം ഉണ്ടായിരുന്നയാൾ. അതെല്ലാം പോയ്‌പോയിട്ടിപ്പോൾ ചുറ്റിനും ആരുമില്ലാതെയും ഒന്നുമില്ലാതെയും അദ്ദേഹത്തെ ശൂന്യത വലയം ചെയ്തിരിക്കുകയാണ്. അത് അപ്പയ്ക്കു തിരിച്ചറിയാൻ ആവുന്നുണ്ടോ എന്നാണ്​ ടോണി അബ്രഹാമിന് സംശയം.

അപ്പയുടെ ആ നിലഭേദങ്ങൾ അയാളെ അഗാധമായി വേദനിപ്പിക്കാറുണ്ട്. തനിക്ക് ഒരു അസുഖവുമില്ലെന്നും മനഃപ്പൂർവ്വം ആ വലിയ പറമ്പിലും വീട്ടിലും ഏകാന്തതയിൽ തന്നെ പൂട്ടി ഇട്ടിരിക്കുകയാണെന്നും അപ്പ കോപിക്കും.

അഞ്ചാറു മാസങ്ങൾക്ക് മുൻപൊരു ദിവസം അപ്പ പെട്ടെന്നാണ് തന്റെ നിശ്ചയത്തിൽ മാറ്റം വരുത്തിയത്. വിമാനയാത്ര ചെയ്യാനാവാത്തതാണ് തന്റെ ആരോഗ്യാവസ്ഥയെന്നു മക്കൾ ആവർത്തിക്കുന്നതിനാൽ മൂത്ത മകൻ ടോണി അബ്രഹാം ദിൽമുനിയയിലേക്ക് പോകട്ടെയെന്ന്​ തന്റെ ആഗ്രഹത്തിൽ അപ്പ ഭേദഗതി വരുത്തി.

അപ്പയുടെ കുമ്പസാരമൊഴി ഒരു എഴുത്തിന്റെ രൂപത്തിൽ ടോണി അബ്രഹാം തയ്യാറാക്കുംവരെ അപ്പ ശാന്തനായില്ല.

ദിൽമുനിയയിൽ പുതിയതായി ഉണ്ടായ ഓയിൽ കമ്പനിയിലെ ചെറിയ തരം കരാർ പണികൾ ചെയ്തു വന്നിരുന്ന മുസ്തഫ ഇബ്രാഹീം വലിയ കോൺട്രാക്റ്റ് ജോലികളിൽ എത്തുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. ജബൽ വസാത്തിലെ ഓയിൽ ഫീൽഡിലേക്ക് മുസ്തഫ ഇബ്രാഹീം എല്ലാ ദിവസവും പോകും. ദിവസക്കണക്കിനുള്ള ജോലികളാണ് ആദ്യം ചെയ്തു തുടങ്ങിയത്. ജോലിക്കാവശ്യമായ പൈപ്പുകളും ഫിറ്റിംഗ് സാധനങ്ങളും ഓയിൽ കമ്പനിയുടെ സ്റ്റോറിൽ നിന്ന്​ കൊടുക്കും. അതേറ്റു വാങ്ങാനും മിച്ചം വരുന്നത് തിരിയെ കൊടുക്കാനും കുറെ എഴുതിക്കൊടുക്കലുകൾ നിർവഹിക്കണം.

ദിൽമുനിയയിലെ തരിശുഭൂമിയുടെ അടിത്തട്ടിൽ എണ്ണ ഉറവകൾ ഉണ്ടെന്നു വിഭാവനം ചെയ്തതും പര്യവേക്ഷണം ചെയ്തുറപ്പിച്ചതും ഇംഗ്ലീഷുകാരാണ്. പെട്രോൾ എന്നു പറഞ്ഞാൽ എന്തെന്ന് മനസ്സിലാകാത്ത നാടുവാഴികളെ അത് പറഞ്ഞ്​ ബോദ്ധ്യപ്പെടുത്തുന്ന ത്യാഗം അനുഷ്ടിച്ചത് അവരാണ്.പെട്രോൾ കണ്ടെത്തിയാലും അതിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക പുരോഗതി ഉണ്ടാക്കാമെന്ന്​ ലോകത്താരും കരുതാതിരുന്നപ്പോൾ, സാമ്പത്തിക വളർച്ച വിഭാവനം ചെയ്തത് ഇംഗ്ലീഷുകാരാണ്. നാടുവാഴികളുടെ പിന്നാലെ നടന്നു സമ്മതം വാങ്ങി ഉത്ഖനനം ചെയ്തു തെളിയിച്ചതും എണ്ണവ്യവസായം തുടങ്ങിയതും അവരാണ്. അക്കാരണത്താൽ ഇംഗ്ലീഷ് മാത്രമാണ് അവിടുത്തെ ഭാഷ.

ഇംഗ്ലീഷിലെ എഴുതിക്കൊടുക്കലുകൾ ചെയ്യാൻ മുസ്തഫ ഇബ്രാഹീമിന്റെ ആറേഴു ഇന്ത്യൻ ലേബർമാരിൽ നിന്ന്​ മുന്നോട്ടു വന്നയാൾ അബ്രഹാം ജോസഫ് ആയിരുന്നു, ടോണി അബ്രഹാമിന്റെ അപ്പ.

കൈപ്പറ്റിയ സാധനങ്ങളുടെ പട്ടിക അബ്രഹാം ജോസഫ് ഇംഗ്ലീഷിൽ എഴുതിക്കൊടുത്തപ്പോൾ എന്തെന്ന് ഈഹിച്ചെടുക്കുവാൻ ഓയിൽ കമ്പനി സ്റ്റോറിന്റെ ചുമതലയുള്ള വെള്ളക്കാർ വല്ലാതെ കഷ്ടപ്പെടുംവിധം അക്ഷരത്തെറ്റുകളുണ്ടായിരുന്നു. അത്രയെങ്കിലും നടത്തുന്ന മറ്റൊരാൾ ഇല്ലാത്തതിനാൽ അബ്രഹാം ജോസഫ് ആ പണി ചെയ്യുന്നത് തുടർന്നു.

സാധനങ്ങൾ സ്റ്റോറിൽ നിന്നെടുക്കുകയും പണിസ്ഥലത്തു കൊണ്ടുവരികയും പിന്നീട് ബാക്കി തിരിച്ചുകൊടുക്കാൻ കൊണ്ടുപോകുകയും ചെയ്യുമ്പോൾ അതിന്റെ എഴുതലുകൾ കൂടാതെ അതിനാവശ്യമായ ആളുകളെക്കൂടി അബ്രഹാം ജോസഫ് നിയന്ത്രിക്കുന്ന രീതി പെട്ടെന്നാണുണ്ടായത്.

റിഫൈനറിയിൽ എന്ത് ജോലി ചെയ്യുന്നതിനും ഉത്തരവാദപ്പെട്ട അധികാരികൾ ഒപ്പിട്ട ഒരു പെർമിറ്റുകടലാസ് കയ്യിൽ വേണം. അത് ആരുടെ പേരിലാണോ ഉള്ളത് അയാൾ ജോലി നടക്കുമ്പോൾ അവിടെ സന്നിഹിതനായിരിക്കണം. ഓയിൽ കമ്പനിയിലെ സാഹിബുമാരുടെ പേരിലായിരുന്ന പെർമിറ്റു കടലാസ് കരാറുകാരുടെ പേരുകളിലേക്ക് മാറ്റാൻ തുടങ്ങിയപ്പോൾ അബ്രഹാം ജോസഫിന്റെ പേരാണ് തന്റെ കമ്പനിക്കുവേണ്ടി മുസ്തഫ ഇബ്രാഹീം ഓയിൽ കമ്പനിയിൽ കൊടുത്തത്. ക്രമേണ അബ്രഹാം ജോസഫ് ജോലികളും ജോലിക്കാരെയും നിയന്ത്രിക്കാൻ ആരംഭിച്ചു.

ഇന്ത്യാക്കാരെ കൂടാതെ ഇരുപത്തഞ്ചോളം ദിൽമുനിയാക്കാരും രണ്ടു പിക്കപ്പ് വണ്ടികളുമായിരുന്നു അന്ന് എമ്മിയെസ് കമ്പനി. ദിൽമുനിയയിലെ ഇന്നത്തെ എല്ലാ വലിയ കോർപറേറ്റ് കമ്പനികളുടെയും ആരംഭത്തിന്റെ ചരിത്രം ഏറെക്കുറെ അങ്ങനെയാണ്.

മുസ്തഫ ഇബ്രാഹീം തന്നെയാണ് ഒരു പിക്കപ്പ് വണ്ടിയുടെ ഡ്രൈവർ. പിക്കപ്പ് വണ്ടിയുടെ പിന്നിലെ തുറന്ന കാരിയറിൽ നാലഞ്ചു ജോലിക്കാരും അവരുടെ പണിഉപകരണങ്ങളും ഉണ്ടാവും. അകത്ത്​ ഡ്രൈവറുടെ വലതുവശത്ത് രണ്ടാൾക്ക് ഞെരുങ്ങി ഇരിക്കാം. മുസ്തഫ ഇബ്രാഹീം വണ്ടി ഓടിക്കുമ്പോൾ വലതു വശത്ത് മിക്കപ്പോഴും അബ്രഹാം ജോസഫ് മാത്രമേ ഉണ്ടാകാറുള്ളു. മുസ്തഫ ഇബ്രാഹീം അറബിയിൽ പറയുന്നത്​ ഊഹിച്ചെടുത്തും വ്യാകരണവും ഉച്ചാരണശുദ്ധിയും ഇല്ലാതെയാണെങ്കിലും കൊച്ചുകൊച്ചു വാക്കുകൾ തിരികെ പറഞ്ഞും വേഗത്തിൽ അറബി ഭാഷ പഠിച്ചെന്നു ബോധ്യപ്പെടുത്തിയാണ് അബ്രഹാം ജോസഫ് പിക്കപ്പ് വണ്ടിയിലെ ആ സീറ്റ് നേടിയത്. എന്നും എപ്പോഴും വളർന്നു വലുതാകാൻ പോകുന്ന എമ്മിയെസ് കമ്പനിയുടെ രൂപഭാവങ്ങൾ എങ്ങനെയായിരിക്കണമെന്ന ചർച്ചയാണ് വണ്ടിയോടുമ്പോഴെല്ലാം. ജോലിക്കാരെയും അവർക്കു കുടിയ്ക്കാനുള്ള വെള്ളവും പണിസാമഗ്രികളും കൊണ്ടുപോകുന്ന ഡ്രൈവറായും കുഞ്ഞു മെഷീനുകളുടെ ഓപ്പറേറ്ററായും അത്യാവശ്യം വരുമ്പോൾ കയ്യാൾ സഹായിയായും മുസ്തഫ ഇബ്രാഹീം ജോലിക്കാരോടൊപ്പം ചേരും.

മുസ്തഫ ഇബ്രാഹീം ഇടയ്ക്ക് അവസരങ്ങളുണ്ടാക്കി നഹദൈനിലെ ഈ വഞ്ചി ഗുഹയിലേക്ക് വരും. ആദ്യമായി ഒരു ചെറിയ കോൺട്രാക്റ്റ് ജോലി എടുത്തപ്പോൾ ക്വട്ടേഷൻ തുക നിശ്ചയിച്ചെഴുതിയത് ഈ ബലിപീഠത്തിനു മുന്നിൽ വച്ചാണ്.

ഇംഗ്ലീഷിൽ ക്വട്ടേഷൻ തുക പൂരിപ്പിക്കാനായി അബ്രഹാം ജോസഫിനെയും തന്റെ രഹസ്യ ഇടത്തിലേക്ക് മുസ്തഫ ഇബ്രാഹീം അന്ന്​ ഒപ്പം കൂട്ടിയിരുന്നു. അതു ഫലിച്ചപ്പോൾ പിന്നെ അങ്ങനെ ഒരു പതിവുണ്ടായി. ക്വട്ടേഷനുകൾ കൊടുക്കുന്ന എല്ലാ അവസരങ്ങളിലും തുക എഴുതാൻ അവർ രണ്ടുപേരും ചേർന്ന്​വഞ്ചിഗുഹയിൽ വന്നു. ഡെന്മാർക്കിൽ നിന്നുള്ള എഞ്ചിനീയർ ഹാൻസ് പോൾസൻ വന്നിട്ടു എമ്മിയെസ് കമ്പനിയിൽ വളരെ ശാസ്ത്രീയമായ ശൈലിയിലെ ടെണ്ടറിംഗ് രീതികൾ പരിചയപ്പെടുത്തിയപ്പോഴും അന്തിമസംഖ്യ എഴുതാൻ മുസ്തഫ ഇബ്രാഹീം വഞ്ചിഗുഹയിലേക്ക് പോയി. ആ വക കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും ചെലുത്താതെയിരുന്ന ഹാൻസ് പോൾസൻ അവരുടെ അനുഷ്ഠാനത്തെ തീരെ അവഗണിച്ചു.

കമ്പനി വളർന്ന്​ വലിയ ടെണ്ടറിംഗ് ഡിപ്പാർട്ട്‌മെൻറ്​ ഉണ്ടായിക്കഴിഞ്ഞിട്ടും ടെണ്ടറിംഗിന്റെ വിദഗ്ദ്ധ സംഘം അപഗ്രഥിച്ചുപഠിച്ച് എത്തിച്ചേരുന്ന ടെണ്ടർ തുകയുമായി അവർ രണ്ടു പേരും ആരെയും അറിയിക്കാതെ നഹദൈനിലെ വഞ്ചിഗുഹയിലെത്തും.

ടെണ്ടറിൽ എഴുതുന്ന തുകയുടെ അവസാന രൂപത്തിന്റെ അക്കങ്ങൾ അവിടെ വച്ചാണുണ്ടാവുന്നത്. ഭാവിയെക്കുറിച്ച് വലിയ മനക്കോട്ടകൾ കെട്ടാൻ അവിടെ ആയിരിക്കുമ്പോൾ അവർക്ക് ശകതമായ ഉൾപ്രേരണയുണ്ടായി. അനേകം അജ്ഞേയങ്ങൾ പതിയിരിക്കുന്നതും വരാൻ പോകുന്നതെന്തെന്നറിയാത്തതുമായ ജീവിതവ്യാപാരങ്ങളിൽ അതീന്ദ്രിയമായ അടയാളങ്ങളും ചിഹ്നങ്ങളും തിരിച്ചറിയുവാനും അതിശയങ്ങൾ കാത്തിരിക്കുവാനും മുസ്തഫ ഇബ്രാഹീമിനെ ശീലിപ്പിച്ചത് പിതാവ് ഇബ്രാഹീം അബാദിയാണ്.

മകൻ കുട്ടിയായിരിക്കുമ്പോൾ ജബൽ വസാത്തിൽ കൂട്ടിക്കൊണ്ടുവന്ന്​ നഹദൈൻ മലകളും വഞ്ചിഗുഹയും കാട്ടിക്കൊടുത്തതും അതിനുള്ളിൽ നിന്ന്​ അത്ഭുതങ്ങൾ പ്രതീക്ഷിക്കുവാൻ ആവശ്യപ്പെട്ടതും ആദിൽ മുസ്തഫയുടെ മുത്തച്ഛനായ ഇബ്രാഹീം അബാദിയാണ്.

ഗുഹയുടെ നടുവിൽ കുനിഞ്ഞിരുന്ന് സഞ്ചിയിലെ ഫ്ലാസ്​കുകളിൽ നിന്ന്​ദ്രാവകങ്ങൾ കലർത്തുകയും ഒഴിക്കുകയും ചെയ്യുകയായിരുന്ന ബഷീർ ആലം അവിടെ നടക്കുന്ന സംഭാഷണത്തിനും കാതോർക്കുന്നുണ്ടായിരുന്നു. പിടിയുടെ മുകളിലും താഴെയും സ്വർണവലയങ്ങളുള്ള അറേബ്യൻ ചായക്കപ്പിന്റെ ചിൽപ്പാത്രത്തിൽ പകർന്ന പാനീയം സ്വർണനിറത്തിലെ പൂക്കളുടെ ചിത്രമുള്ള ചില്ലിന്റെ അടിപ്പിഞ്ഞാണം ചേർത്ത് ബഷീർ ആലം ആദ്യം നീട്ടിയത് ആദിൽ മുസ്തഫയുടെ നേർക്കാണ്.

‘ഇയാൾക്ക് കൊടുക്കൂ, ഇയാൾ ആയിരുന്നില്ലേ ലൂമിക്കൊതിയൻ?'

ആദിൽ മുസ്തഫ അറബിയിൽ പറഞ്ഞത് ശരീരചലനങ്ങളിൽനിന്ന്​ ടോണി അബ്രഹാമിന്​ പകുതി മനസ്സിലായി. ലൂമി എന്ന വിശിഷ്ട പാനീയം അയാളിൽ സൃഷ്ടിച്ചിരുന്ന പഴയ അതേ കൊതി ഒരുനിമിഷം തിരിച്ചുവരികയും ബഷീർ ആലത്തിന്റെ കയ്യിൽ നിന്ന്​ അടിപിഞ്ഞാണം ചേർത്ത് അയാൾ കപ്പു വാങ്ങുകയും ചെയ്തു.

കപ്പ്​ ചുണ്ടിൽ ചേർത്ത് ആദ്യ തുള്ളികൾ നാവിലെക്കേടുത്ത് നുണഞ്ഞുകൊണ്ട് കാൽനൂറ്റാണ്ടുമുൻപേ ഉള്ളിലുറഞ്ഞ രുചിയുടെ ചരടിലേക്ക് കോർത്ത് തുടർച്ച നെയ്‌തെടുക്കുവാൻ ടോണി അബ്രഹാം ശ്രമിക്കുന്നത് മറ്റു രണ്ടുപേരും കൗതുകത്തോടെ കണ്ടു നിന്നു.

ഉപ്പുവെള്ളത്തിൽ മുക്കിയിട്ട നാരങ്ങ അകം കറുക്കുവോളം വെയിലത്തുണക്കി എടുക്കുമ്പോൾ അതിന്റെ പുറംതോട് ദൃഢമാവുകയും കോടിപ്പോയി വിരൂപമാവുകയും കറുപ്പിലും തവിട്ടുനിറത്തിലുമുള്ള ഒരു വസ്തുവായി നാരങ്ങ മാറുകയും ചെയ്യുന്നു. ലൂമി എന്നാണ്​ അതിന്റെ പേര്. ഇറാനികൾ അവരുടെ എല്ലാ വിശിഷ്ടഭക്ഷണങ്ങളിലും പൊടിച്ചോ അരച്ചോ ലൂമി ചേർക്കും. ഇറാനികളോടോപ്പം ലൂമി അറേബ്യയിലേക്ക് വരികയും അറബികളുടെ ഭക്ഷണവിഭവങ്ങളിൽ ചെന്നു ചേരുകയും രുചിയേറ്റുകയും ചെയ്തു. പിന്നീട് കേരളത്തിൽനിന്ന്​ വന്നവരും മീൻ പൊരിക്കാനുള്ള മസാലയിൽ ലൂമി പൊടിച്ചുചേർക്കുകയും ലൂമിയുടെ സുഗന്ധവും നാരങ്ങാരുചിയും മീനിന്റെ ഉളുമ്പുമണത്തെ പൊതിഞ്ഞു നന്നാക്കുമെന്ന്​ മനസ്സിലാക്കുകയും ചെയ്തു.

തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടാം ഭാര്യ ഹൈഫ റഹീമി പ്രത്യേകമായി തയ്യാറാക്കുന്ന ലൂമിയുടെ അടിമയായിരുന്നു ഹജ്ജി മുസ്തഫ ഇബ്രാഹീം. ലൂമിയെന്ന ദിവ്യപാനീയം ഹൈഫ റഹീമിയ്ക്കു തന്റെ പരമ്പരയിലെ സ്ത്രീകളിൽ നിന്ന്​ പകർന്നു കിട്ടിയതാണ്. വരുംതലമുറകൾക്ക് കൈമാറിവരുന്ന രഹസ്യചേരുവകളും സുഗന്ധ ദ്രവ്യങ്ങളും തേയിലയും കലർത്തി പരീക്ഷിച്ച ചൂടുള്ള പാനീയമുണ്ടാക്കാനാണ് അവർ ഹൈഫയെ ശീലിപ്പിച്ചത്. പക്ഷേ ഹൈഫ റഹീമി തനിക്ക് മുസ്തഫ ഇബ്രാഹീമിനോടുള്ള പ്രണയം ചേർത്ത് ലൂമിയെ രുചിപ്പെടുത്തുകയും ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ ലൂമി കൊണ്ട് വശീകരിക്കുകയും ചെയ്തു.

തണുപ്പുകാലത്ത് ജോലിയിലായിരിക്കുമ്പോൾ കുടിയ്ക്കാൻ ഹൈഫ റഹീമി വീട്ടിൽ തയ്യാറാക്കിയ ലൂമി തെർമോ ഫ്ലാസ്​കിൽ കൊടുത്തയച്ചു. തെർമോ ഫ്ലാസ്​കിൽ നേരം കഴിയുമ്പോഴുണ്ടാകുന്ന താപവ്യതിയാനങ്ങളുടെ രാസമാറ്റങ്ങൾ ലൂമിക്ക് അതിന്റേതല്ലാത്ത രുചിയുണ്ടാക്കുന്നുവെന്ന് ഹൈഫ മനസ്സിലാക്കി.

മുസ്തഫ ഇബ്രാഹീം മനാനയിൽ തുറന്ന ചെറിയ ഓഫീസിലെ സഹായികളെ ലൂമി ഉണ്ടാക്കാൻ ഹൈഫ പഠിപ്പിച്ചു. എന്നിട്ടും അവർ ചേർത്തെടുക്കുന്ന ലൂമി മുസ്തഫ ഇബ്രാഹീമിനെയോ ഹൈഫയെയോ തൃപ്തിപ്പെടുത്തിയില്ല. കുടിക്കാൻ ലൂമി ചേർത്തെടുക്കുന്ന ചുമതല ടീ ബോയ് ആയ ബഷീർ ആലത്തിൽ എത്തിയപ്പോൾ എമ്മിയെസ് ഓഫീസിന്റെ മാനേജ്‌മെൻറ്​ ഫ്ലോറിൽ അനവധി പരിണാമങ്ങൾക്ക് വിധേയമായ ലൂമി മറ്റെവിടെയും ഇല്ലാത്ത ഒരു വിശിഷ്ട പാനീയമായി രൂപാന്തരം നേടി. താൻ പലനാൾ വീട്ടിൽ വരുത്തി പഠിപ്പിച്ചു കൊടുത്തിട്ടാണെങ്കിലും ബഷീർ ആലം ലൂമിയുണ്ടാക്കുന്നതിൽ തന്നെയും മറികടന്ന്​ മുന്നോട്ടു പോയെന്നു ഹൈഫ റഹീമി സമ്മതിക്കുകയും ചെയ്തു.

ലൂമിയെന്ന പാകപ്പെടുത്തിയ നാരങ്ങയിട്ടുതിളപ്പിച്ച വെള്ളത്തിൽ ചായ ഇലകൾ ചേർത്ത് വയ്ക്കും. ശേഷം മധുരവും ഏലയ്ക്കയും കുങ്കുമപ്പൂവിന്റെ തരികളും ചേർക്കും. പാകമാകുമ്പോഴേക്കും അതിനുണ്ടാവുന്ന സ്വർണവർണവും രുചിയുടെ ഗ്രന്ഥികളെ ത്രസിപ്പിക്കുന്ന അളവിലെ കൃത്യമായ കുറുകലും മണവും ബഷീർ ആലത്തിന്റെ കൈപ്പുണ്യമാണ്. ഇത്തിരിക്കൂടി നേർത്തുപോയാലോ കുറുകിയാലോ അത്​ ബഷീർ ആലത്തിന്റെ ലൂമി ആവില്ല. ലൂമിയുടെ തിളനിലയും നേരവും ചേരുവകളുടെ അളവും വഴിയും ബഷീർ ആലത്തിന്റെ മാത്രം രഹസ്യമാണ്.

ചേരുവകൾ വാങ്ങാൻ മനാന സൂഖിലേക്ക് ബഷീർ ആലം നേരിട്ട് പോകും. പെട്രോൾ വ്യവസായം വന്ന്​ ദിൽമുനിയ സമ്പന്നരാജ്യമാകുന്നതിനും മുന്നേ മനാനയിലെ സൂഖിൽ പലവ്യജഞനങ്ങളും പ്രിയസാധനങ്ങളും ഇന്ത്യയിൽ നിന്നുള്ള കപ്പലിൽ വരുത്തി വിൽക്കുന്ന സ്യൂഫ്രി സ്റ്റോറിൽ നിന്ന്​ തേയിലയും വില കൂടിയ കാശ്മീരി കുങ്കുമപ്പൂവും തിരഞ്ഞെടുത്തുവാങ്ങും. അനേകം മേൽത്തരം അതിഥികളാണ് ഓരോരോ കാരണങ്ങളുമായി മാനേജ്‌മെൻറ്​ ഫ്ലോറിൽ എത്താറുള്ളത്.

ലൂമി കുടിക്കാനാണ് വന്നതെന്ന് മനസിലാക്കപ്പെടുമെന്നറിയാമെങ്കിലും അവർ വന്നു. ലൂമി വളരെ നന്നായിരുന്നു, ഇഷ്ടപ്പെട്ടു എന്നവർത്തിച്ചു കേൾക്കുന്നതിന്റെ സന്തോഷത്തിൽ തന്റെ നഷ്ടങ്ങളെല്ലാം മറന്ന്​ ബഷീർ ആലം മാനേജ്‌മെൻറ്​ ഫ്ലോറിൽ പ്രസാദാത്മകതയും സൗന്ദര്യവും പ്രസരിപ്പിച്ചു. ബഷീർ ആലം കുറെ വർഷങ്ങൾക്കുശേഷം ഒരുതവണ ബലൂച്ചിസ്ഥാനിലേക്ക് അവധിക്കു പോയപ്പോൾ മാനേജ്‌മെൻറ്​ ഫ്ലോറിൽ ലൂമി കടും ചായ പോലെ വേറൊരു പാനീയമായി മാറി.

എമ്മിയെസ് കമ്പനിയുടെ ബഹുനില ഓഫീസ് കെട്ടിടത്തിന്റെ മുന്നാമത്തെ നിലയാണ് മാനേജ്‌മെൻറ്​ ഫ്ലോർ. ഒരു ലിഫ്റ്റ് മാനേജ്‌മെൻറ്​ ഫ്ലോറിലെക്കും നാലാം നിലയിലെ കമ്പനി ഗസ്റ്റ് ഹൗസിലേക്കും മാത്രം പോകും. ആ ലിഫ്റ്റിന്റെ അരികത്തേക്ക് പ്രവേശനമുള്ളത് മാനേജ്‌മെൻറ്​ ഫ്ലോറിലേക്ക് പോകാൻ യോഗ്യതപ്പെട്ടവർക്ക് മാത്രമാണ്.

ദിൽമുനിയയുടെ ഇന്നോളമുള്ള പുരോഗതിയുടെ അടയാളങ്ങളായ പ്രധാനപ്പെട്ട നിർമ്മാണങ്ങളിൽ കൂടുതലും സങ്കല്പങ്ങളായി ഉരുത്തിരിഞ്ഞതും യാഥാർത്ഥ്യങ്ങളായി നിറവേറിയതും വിജയമായി നിലനിൽക്കുന്നതും കമ്പനികൂടി പങ്കെടുത്തുകൊണ്ടാണ്. എമ്മിയെസ് മാനേജ്‌മെൻറ ഫ്ലോറിലെ ഓഫീസുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അതിൽ നല്ല പങ്കുണ്ട്.

ചെയർമാൻ മുസ്തഫ ഇബ്രാഹീമിനും ചീഫ് എക്‌സിക്യൂട്ടീവ് ആദിൽ മുസ്തഫയ്ക്കും കുടുംബത്തിലെ അംഗങ്ങളായ മറ്റു ഡയറക്ടർമാർക്കും അവിടെയാണ് ഓഫീസുകൾ. മുസ്തഫ ഇബ്രാഹീമിന്റെ മൂന്നു സഹോദരിമാരുടെയും എല്ലാ ആൺമക്കൾക്കും ഓരോരോ തസ്തികകളിലായി അവിടെ ഓഫീസുകളുണ്ട്. രാജ്യപുരോഗതിയുടെ പതാകാവാഹകരായി മുന്നോട്ടുപോകുന്നതിനൊപ്പം സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതങ്ങളെ നയിക്കുന്നവരാണ് ഈ ഓഫീസ് മുറികളിൽ. അവരിൽ ഓരോരുത്തരും അവരുടെ വി ഐ പി സന്ദർശകരും കടന്നുവരുമ്പോൾ അവർ പൂശുന്ന ലോകോത്തര പെർഫ്യുമിന്റെ ഗന്ധസവിശേഷത തിരിച്ചറിഞ്ഞ് ആളെ പരിചരിക്കാൻ അതാത് ഓഫീസ് മുറികളിലേക്ക് ഓടിയെത്തുന്ന ടീ ബോയി ആയിരുന്നു ബഷീർ ആലം.

ചില പെർഫ്യൂമുകളുടെ ഗന്ധം ദിവസങ്ങളോളം ഇടനാഴിയിൽ തങ്ങിനിൽക്കും. പ്രജ്ഞയിൽ ഗന്ധമാപിനികൾ അണിഞ്ഞിട്ടുള്ള ബഷീർ ആലത്തിന്​ അവയെ വേർതിരിച്ചറിയാൻ സിദ്ധിയുണ്ട്. അവരിൽ ചിലർ സ്നേഹപൂർവം കൊടുക്കുന്ന തോബ് എന്നു പേരുള്ള നീളൻ അറബിക്കുപ്പായമണിഞ്ഞ് ഓഫീസിലെത്താൻ അയാൾക്ക് അനുമതിയുണ്ട്. തോബണിഞ്ഞ് അതിസുന്ദരനായി അയാൾ മാനേജ്‌മെന്റിനും അവരുടെ ആദരണീയരായ അതിഥികൾക്കും ലൂമിയും മറ്റു പാനീയങ്ങളും നൽകി കുലീനമായി പരിചരിച്ചു. പ്രസാദാത്മകമായ പ്രവൃത്തി അന്തരീക്ഷം നിലനിറുത്താനും നല്ല മാതൃകയാകാനും ഒരു പരിചാരകന് എത്രമാത്രം കഴിയുമെന്ന് ബഷീർ ആലം സദാ തെളിയിച്ചുകൊണ്ടിരുന്നു. മുസ്തഫാ ഇബ്രാഹീം കുടുംബത്തിലെ അംഗമല്ലാത്തതായി.

അബ്രഹാം ജോസഫ് ഒരാൾക്ക് മാത്രമാണ് മാനേജ്‌മെൻറ്​ ഫ്ലോറിൽ ഓഫീസ് മുറിയുള്ളത്. സമുദ്രാനുബന്ധ നിർമ്മാണങ്ങളിലെ വിദഗ്ദ്ധനെന്നു ദിൽമുനിയ ഒട്ടാകെ അറിയപ്പെടുന്ന ഡന്മാർക്കുകാരൻ എൻജിനീയർ ഹാൻസ് പോൾസൻ ഉൾപ്പെടെ എല്ലാ ഡിവിഷണൽ മാനേജർമാർക്കും ഇംഗ്ലണ്ടുകാരനായ ജനറൽ മാനേജർക്കും ഓഫീസുകൾ രണ്ടാം നിലയിലെ എൻജിനീയറിംഗ് ഫ്ലോറിലാണ്. ഒന്നാം നിലയിൽ ഫൈനാൻസ് സെക്ഷനും പർചെയ്​സിംഗ് സെക്ഷനും കൂടാതെ കമ്പനിക്കു മാത്രം വിതരണാവകാശമുള്ള, പേരുകേട്ട, പാശ്ചാത്യ നിർമ്മിത മെഷീനുകളുടെയും വാഹനങ്ങളുടെയും ഏജൻസി ഓഫീസുകളുമാണ്.

ഒരു ജനറൽ മാനേജർ പിരിഞ്ഞുപോയപ്പോൾ കമ്പനിയിൽ തിരുത്തൽ വരുത്തേണ്ട കാര്യങ്ങളുടെ ഒരു പട്ടിക ആദിൽ മുസ്തഫയെ കണ്ട്​ കൈമാറി. അതിൽ ആദ്യത്തേത് ഡിവിഷണൽ മാനേജരായ അബ്രഹാം ജോസഫിന്റെ തസ്തിക, ആരോടും ഉത്തരം പറയേണ്ടതില്ലാത്തതും അയാൾക്കുമാത്രം മാനേജ്‌മെൻറ്​ ഫ്ലോറിൽ ഓഫീസുള്ളതുമായിരുന്നു. കമ്പനി സ്ഥാപിക്കുമ്പോൾ തന്റെ പിതാവിനോടൊപ്പം നിന്നയാളാണെന്നും ആ ഓഫീസ് മുറി പിതാവിന്റെ ഇച്ഛപ്രകാരം ആണെന്നും അതിൽ ഭേദഗതിയൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മറുപടി.

മാനേജ്‌മെൻറ്​ ഫ്ലോറിൽ അബ്രഹാം ജോസഫിന് ലഭിച്ചിട്ടുള്ള സ്ഥാനം എമ്മിയെസ്സിലെ അദ്ദേഹത്തിന്റെ അതുല്യമായ പദവിയെയാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ അർഹത തെളിയിക്കുവാൻ ഓരോ ദിവസവും പണിപ്പെട്ടാണ് അബ്രഹാം ജോസഫ് മാനേജ്‌മെൻറ്​ ഫ്ലോറിലെ തന്റെ സ്​ഥാനം നിലനിർത്തുന്നതെന്നും അത്ര കഠിനപ്രയത്‌നം ചെയ്ത് നിലനിർത്താൻ തക്ക വലിപ്പം അതിനില്ലെന്നുമാണ് എൻജിനീയറിംഗ് ഫ്ലോറിലെ യൂറോപ്പുകാരുടെ സംഘത്തിന്റെ അഭിപ്രായം.

ചായനേരങ്ങളിൽ ഒരുമിച്ചിരിക്കുമ്പോൾ അവരുടെ ചർച്ച അതാണെന്ന് അവിടുത്തെ ടീബോയിമാർ ബഷീർ ആലത്തോട് ചെന്നു പറയും. അവർക്കും ബഷീർ ആലത്തെപ്പോലെ തോബ് ധരിച്ച ടീ ബോയിമാരായിരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവർ നിർബന്ധമായും കമ്പനി ലോഗോ തയ്ച്ച വെള്ളയുടുപ്പും കറുത്ത പാന്റും യുണിഫോം ഇട്ടു തന്നെ വരണം.

ഗ്രൗണ്ട് ഫ്ലോറിൽ ആഡംബരപൂർണമായി സജ്ജീകരിച്ച റിസപ്ഷൻ ലോബിയിലെ മനോഹരമായ ഇരിപ്പിടങ്ങളിൽ എപ്പോഴും സന്ദർശകരുണ്ടാവും. റിസപ്ഷൻ ഡെസ്കിലെ ഭംഗികൂടിയ ദിൽമുനിയ പെൺകുട്ടികൾ സന്ദർശകർക്ക് സൗമ്യമായി വഴി പറഞ്ഞു കൊടുത്ത്​ ഇടതുവശത്തെ ലിഫ്റ്റിൽ മുകളിലേക്കയയ്ക്കുന്നു.

മാനേജ്‌മെൻറ്​ ഫ്ലോറിലേക്കും നാലാംനിലയിലെ ഗസ്റ്റ് ഹൗസിലേക്കും മാത്രമായ വലതുവശത്തെ ലിഫ്റ്റിലേക്കുള്ള പ്രവേശനത്തിന് പിന്നിൽക്കൂടി ഒരു സ്വകാര്യവാതിലുണ്ട്. വാരാന്ത്യങ്ങളിൽ സുന്ദരികളായ പലവംശ പെൺഅതിഥികളുമായി ഗസ്റ്റ് ഹൗസിലേക്കുപോകുന്ന ഡയറക്ടർമാരെ മറ്റുള്ളവർ കാണാതിരിക്കാനാണ് ആ സംവിധാനം.

റിസപ്ഷൻ കഴിഞ്ഞാൽ പേഴ്‌സണൽ അഫയേഴ്‌സ് വിഭാഗം ഓഫീസുകളാണ്. അതിന്റെ അറ്റത്ത് മറ്റെങ്ങോട്ടും പോകാനാവാതെ തിരിച്ചിട്ടുള്ള ഭാഗത്താണ് ലേബർ റിലേഷൻസ് സെക്ഷൻ. കെട്ടിടത്തിന്റെ പിന്നിൽ നിന്നുള്ള ചെറിയ വാതിലിലൂടെയാണ് അവിടേക്കുള്ള പോക്കുവരവുകൾ.

കമ്പനിയിൽ ജോലിയായി വിസ കിട്ടി ആദ്യമായി വരുമ്പോൾ ചിത്രം പതിച്ച ഐ.ഡി കാർഡുണ്ടാക്കാനും നാട്ടിൽ അവധിയ്ക്ക് പോകുമ്പോൾ ശമ്പളക്കണക്കും കാലാവധി നീട്ടിയ ലേബർ എഗ്രിമെന്റും ഒപ്പിടാനുമാണ് സൈറ്റുകളിലെ പണിക്കാർ ഹെഡ്ഓഫീസിൽ പോകുന്നത്. ദിൽമുനിയയിൽ വന്നിറങ്ങുമ്പോൾ കമ്പനി വാങ്ങി വയ്ക്കുന്ന പാസ്പോർട്ട് നാട്ടിൽ പോകാൻ നേരമാണ് പിന്നെ അത് കയ്യിൽ കിട്ടുക. ആർക്കെങ്കിലുമെതിരെ ശിക്ഷാനടപടിയുണ്ടാകുമ്പോൾ നോട്ടീസ് ഒപ്പിട്ടു വാങ്ങാനും രോഗമാവുമ്പോൾ ആശുപത്രിയിലേക്ക് ആവശ്യമായ ഫോറങ്ങൾ വാങ്ങാനും ജോലിക്കാർക്ക് അവിടെ പോകേണ്ടിവരും.

മുഷിഞ്ഞ വേഷത്തിൽ വിയർപ്പിൽ കുളിച്ചും ശരീരദുർഗന്ധം വമിപ്പിച്ചും കാലിലണിഞ്ഞിട്ടുള്ള വർക്കിംഗ് ഷൂവിന്റെ അടിയിലും മുകളിലും ചെളി നിറച്ചും വരുന്നവർക്ക് ഭൂനിരപ്പിലെ നിലയിൽനിന്ന് മുകളിലേക്ക് പോകാൻ അനുവാദമില്ല. ആ കെട്ടിടം നിറയെയുള്ള എല്ലാ ഓഫീസുകളിലും കൂടി വന്നുപോകുന്നതിനേക്കാൾ അമ്പതിരട്ടി മനുഷ്യരുണ്ടാകുന്ന ലേബർ റിലേഷൻസ് സെക്ഷനിൽ എപ്പോഴും തിക്കുംതിരക്കും ഞെരുക്കവുമാണ്.

പരുക്കൻ ഭാവക്കാരായ അറബി ഉദ്യോഗസ്ഥന്മാർ ഉച്ചാരണം കൊണ്ട് വികൃതമായ ഹിന്ദി വാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറയുന്നത് എല്ലാ ഇന്ത്യക്കാർക്കും ഹിന്ദി സംസാരിക്കാൻ കഴിയുമെന്നും തങ്ങൾ അലറിപ്പയുന്നത് ഹിന്ദി ഭാഷയിലാണെന്നും അബദ്ധ ധാരണകളോടെയാണ്. വിളിച്ചുകൂവുന്നത് എന്തെന്നു മനസ്സിലാക്കി അനുസരിക്കാത്തതിന് അതിലുമുച്ചത്തിൽ അവർ ഹിന്ദിയിൽ ശകാര ശബ്​ദങ്ങൾ ഉയർത്തും. ആ ആക്രോശങ്ങളുടെ അർത്ഥം മനസ്സിലാവാതെ ആദ്യമായി വരുന്ന ആന്ധ്രാക്കാരും മറ്റു തെക്കേ ഇന്ത്യക്കാരും ഐ.ഡി കാർഡിന്റെ വരിയിൽ മിഴിച്ചു നിൽക്കുന്നത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ഹയർ സെക്കണ്ടറി സ്കൂൾ കുട്ടിയായ ടോണി അബ്രഹാം കാരണങ്ങളുണ്ടാക്കി ഇടയ്ക്കിടെ അപ്പയുടെ ഓഫീസിലേക്ക് പോയത് മാനേജ്‌മെൻറ്​ ഫ്ലോറിലെ ബഷീർ ആലമെന്ന മാന്ത്രികൻ ഉപചാരങ്ങൾ ചേർത്തുണ്ടാക്കുന്ന ലൂമി കുടിക്കാനാണ്.

ബഷീർ ആലം തന്നോട് പ്രകടിപ്പിക്കുന്ന അതീവലോലമായ വാത്സല്യത്തിനൊപ്പമുള്ള ലൂമി ഒരു പാനീയത്തെക്കാൾ ഒരു വികാരമായി ടോണി അബ്രഹാമിന്റെ മനസ്സിൽ നിറഞ്ഞു.

തനിക്ക് പരിചിതമായ സാധാരണ ജീവിതത്തിനപ്പുറം മറ്റൊരു തട്ടിലെ ജീവിതമാണ് മാനേജ്‌മെൻറ്​ ഫ്ലോറിൽ അരങ്ങേറുന്നതെന്ന് അയാൾക്ക് മനസ്സിലായി. അവിടുത്തെ സംഭാഷണങ്ങളും സംഭവവികാസങ്ങളും മനുഷ്യപ്പെരുമാറ്റങ്ങളും തന്റെ മണ്ഡലമല്ലാത്ത വേറൊരു ലോകത്തിലേതാണെന്നും കൗമാരം കഴിയുന്ന ടോണി അബ്രഹാം ഭാവന ചെയ്തുതുടങ്ങി.

അവിടെ ഓരോ ഓഫീസിനും വെളിയിൽ സ്വർണലിപികളിൽ പേരും തസ്തികയും എഴുതിയ നാമത്തകിടുകൾ പതിച്ചിട്ടുണ്ട്. ഡയറക്ടർ ഓപ്പറേഷൻസ്, ഡയറക്ടർ ഫിനാൻസ്, ഡയറക്ടർ പർ​ച്ചേസ്​, ഡയറക്ടർ പേഴ്‌സണൽ അഫയേഴ്‌സ് തുടങ്ങി അനവധി തസ്തികകളുള്ളപ്പോൾ അപ്പയുടെ നാമത്തകിടിൽ പേര് മാത്രമേയുള്ളൂ, പദവിയില്ല. പേരിനൊപ്പം ഡയറക്ടർ എന്നു മാത്രമെഴുതിയ മറ്റൊരു നാമത്തകിട് കൂടി അവിടെ ടോണി അബ്രഹാം ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് ബഷീർ ആലത്തോട് ചോദിക്കുകയും ചെയ്തു. അത്​ ഹജ്ജി മുസ്തഫ ഇബ്രാഹീമിന്റെ ഇളയ സഹോദരൻ കമാൽ ഇബ്രാഹീമിന്റെ ഓഫീസാണ്. ഡയറക്ടറാണെങ്കിലും എമ്മിയെസ് കാര്യങ്ങളിലൊന്നും ഇടപെടാത്ത കമാൽ ഇബ്രാഹീമിനെ എല്ലാവരും ഡയറക്ടർ ഫിലോസോഫി എന്നു വിളിക്കുന്നത് കാര്യമായിട്ടാണോ അതോ തമാശ ആണോയെന്ന്​ തനിക്കിതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബഷീർ ആലം പറഞ്ഞു.

ആ മുറിയിലെ സന്ദർശകർ ഈ ലോകത്തിലെ ശരിയായ മനുഷ്യരാണെന്നും അവരുടെ മുഖങ്ങളിൽ അനുഭവിച്ചുതീർത്ത ജീവിതത്തിന്റെ വടുക്കൾ പതിഞ്ഞു കിടക്കുന്നുവെന്നും ടോണി അബ്രഹാം ശ്രദ്ധിച്ചു. അതിസമ്പന്ന രാജ്യത്തെ പ്രജകളെന്ന നിലയിൽ ജീവിതത്തിൽ നിന്ന്​ ആർദ്രത മുഴുവൻ ഒഴിഞ്ഞുപോയ ശരീരഭാഷയുടെയും അഹങ്കാരം മുറ്റിയ പെരുമാറ്റത്തിന്റെയും ആൾരൂപങ്ങളായ മറ്റു സ്വദേശികളിൽനിന്ന് അവർ വേറിട്ടുനിന്നു. അവർ മിക്കപ്പോഴും ഏതെല്ലാമോ ആലോചനകളിൽ മുഴുകി വർത്തമാനകാലത്തിനും അപ്പുറത്തേയ്ക്ക് ദൃഷ്ടികൾ പതിപ്പിച്ചിരിക്കുന്നെന്നും ടോണി അബ്രഹാമിനു തോന്നി.

മധുരമില്ലാത്ത കടുംചായ കുടിക്കുന്ന അവർ ലൂമി കുടിയ്ക്കാൻ വരുന്നവരല്ല. അവർക്ക് ലൂമിയിൽ ഭ്രമവുമില്ല.

സ്വൈര്യം കെടുത്തും വിധം നിരന്തരം ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് ആ മുറിയിലേക്ക് ടോണി അബ്രഹാമിനെ കൂട്ടിക്കൊണ്ട് പോയി അബ്രഹാം ജോസഫിന്റെ മകനെന്നു ബഷീർ ആലം പരിചയപ്പെടുത്തിയത്. സംഭാഷണങ്ങൾ നിർവഹിക്കുവാനാണ് താൻ ഇനിയും ജീവിച്ചിരിക്കുന്നതെന്ന് വിശ്വസിച്ചിട്ടെന്നപോലെ കമാൽ ഇബ്രാഹീം തളരുവോളം സംഭാഷണം ചെയ്യുന്നു. ഹാൻസ് പോൾസൻ എന്ന ഡെന്മാർക്കുകാരൻ ഡിവിഷണൽ മാനേജർ വരുമ്പോൾ മാത്രം ഡയറക്ടർ ഫിലോസോഫിയുടെ പെരുമാറ്റത്തിന് വ്യത്യാസമുണ്ടാവും. അദ്ദേഹം എപ്പോഴും ഹാൻസ് പോൾസനിൽ നിന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നതായാണ് ടോണി അബ്രഹാം മനസ്സിലാക്കിയത്.

തന്റെ അപ്പയ്ക്കും ഹാൻസ് പോൾസനോട് തികഞ്ഞ ബഹുമാനവും ആദരവും ആണെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ട്. പഠിച്ചു വലുതായി ഹാൻസ് പോൾസനെപ്പോലെ ഒരു എഞ്ചിനീയർ ആകണമെന്നാണ് അപ്പ അയാളെ ഉപദേശിക്കാറുള്ളത്. ഹാൻസ് പോൾസൻ പങ്കെടുക്കുന്ന സെമിനാറുകളുടെയും പ്രബന്ധാവതരണങ്ങളുടെയും നോട്ടീസുകളും ക്ഷണക്കത്തുകളും വീട്ടിൽ കൊണ്ടുവന്ന്​ ടോണി അബ്രഹാമിന് കൊടുക്കും. താത്പര്യമുണ്ടെങ്കിൽ പോയി പങ്കെടുക്കാൻ ആവശ്യപ്പെടും.

കമാൽ ഇബ്രാഹീം സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയ്ക്ക് മാത്രമാണ് ഒഴുക്കില്ലാത്തതെന്നും ചിന്തയ്ക്കും ആശയങ്ങൾക്കും അവയുടെ വാക് പ്രകാശനത്തിനും നല്ല ഒഴുക്കാണെന്നും ടോണി അബ്രഹാമിനു മനസ്സിലായി. ആഴമുള്ള ജീവിതനിരീക്ഷണത്തിൽ നിന്ന്​ വരുന്നതാണ് ഇടയ്ക്കിടെ മുറിയുന്ന ആ വാചകങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ടോണി അബ്രഹാമിനോട് സംസാരിച്ചപ്പോൾ അറബിയിൽ ചില അക്ഷരങ്ങൾ ഇല്ലാത്തതിന്റെ അസ്കിത അനുഭവപ്പെട്ടില്ല.

ദൈനംദിന ജീവിതവ്യാപാരങ്ങൾക്കപ്പുറമുള്ള കാര്യങ്ങളാണ് കമാൽ ഇബ്രാഹീമിന്റെ വിഷയങ്ങൾ. അതിന്റെ അർത്ഥങ്ങളിലേക്ക് പ്രവേശിക്കുവാൻ ക്ലേശമുണ്ടായിരുന്നെങ്കിലും അയാളാ മുറിയിലെ പതിവുസന്ദർശകനായി.

അപ്പയുടെ ഓഫീസിലേക്ക് അയാൾ നടത്തുന്ന അനാവശ്യമായ സന്ദർശനങ്ങൾ മാനേജ്‌മെൻറ്​ ഫ്ലോറിന്റെ ഗൗരവം ചോർത്തുന്നുവെന്നു അവിടെ മറ്റുള്ളവർക്ക് തോന്നാതിരിക്കാനായി അബ്രഹാം ജോസഫ് മകന്റെ ഓഫീസ് സന്ദർശനങ്ങൾ നിരുത്സാഹപ്പെടുത്തി. പകരമായി ലൂമി തയ്യാറാക്കി എല്ലാവർക്കും നൽകാൻ അവധി ദിവസങ്ങളിൽ ബഷീർ ആലത്തെ വീട്ടിലേക്കു വരുത്തി.

ലൂമിയോട്​ തനിക്കുള്ള അഭിനിവേശവും തൃക്ഷണയും അതേ അളവിൽ അനിയന്മാർക്കും അമ്മയ്ക്കും ഉണ്ടാകാത്തത് ടോണി അബ്രഹാമിനെ അതിശയിപ്പിച്ചു. ഡയറക്ടർ ഫിലോസോഫി കമാൽ ഇബ്രാഹിമിന്റെ സംഭാഷണങ്ങൾ തനിയ്ക്കിത്ര മേൽ ഇഷ്ടമായതെന്തെന്നും ഇഷ്ടങ്ങൾ വന്നു ഭവിക്കുന്നതും അതിന്റെ ആഴം മനുഷ്യരിൽ വ്യത്യസ്​തമാകുന്നതും എങ്ങനെയെന്നും അയാൾ അമ്പരക്കുവാൻ തുടങ്ങിയത് അതുമുതൽക്കാണ്.

അബ്രഹാം ജോസഫിന്റെ വില്ലയിൽ ഇടയ്ക്കിടെ നടത്തുന്ന ഡിന്നർ പാർട്ടികളിൽ ബഷീർ ആലം പതിവ് സാന്നിദ്ധ്യമായി. അലക്കിത്തേച്ച തോബ് ധരിച്ച് സുന്ദരനായി അയാൾ അറബികളുടെ പാരമ്പര്യ ചായപ്പാത്രത്തിൽനിന്ന് വില കുടിയ ചില്ല് കോപ്പകളിലേക്ക് പകർന്ന് ലൂമിയും പുഞ്ചിരിയും അഥിതികൾക്ക് വിളമ്പി. ദ്വീപിലെ മറ്റു ഇന്ത്യൻ പ്രമാണിമാരുടെ വിരുന്നു സത്ക്കാരങ്ങളിൽ ബഷീർ ആലവും അയാളുടെ വിഭവവും ഉണ്ടാവാൻ സാധ്യതയില്ലാത്തതിനാൽ അബ്രഹാം ജോസഫിന്റെ വിരുന്നുകൾ വേറിട്ടവയായി. ദിൽമുനിയയിലെ ധനികവൃത്തങ്ങളിൽ ആ വിരുന്ന് രാവുകൾക്ക് പെരുമയായി.

വിവധ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധപൂർണിമയിൽ, ഇരിക്കുന്ന ആളെ മൃദുവായി പൊതിഞ്ഞ് ഉള്ളിലേക്കെടുക്കുന്ന മാർദ്ദവമേറിയ സോഫയിലിരുന്ന്, അൽപ്പാൽപ്പമായി നുകർന്നുവേണം ലുമി കുടിയ്ക്കാൻ. അപ്പോൾ കാലിലണിഞ്ഞ ഷൂ മുഴുവനും അമർന്നുപോകുന്ന പരവതാനിയിൽ ചവിട്ടിയിരിയ്ക്കണം.

ചുവരുകളിലേക്ക് നോക്കുമ്പോൾ മച്ചിലെ സ്വർണം പുശിയ ചിത്രപ്പണികളുടെ പ്രതിഫലനത്തിൽ കണ്ണഞ്ചിപ്പോകണം. ചില്ലുപാത്രം ഇടയ്ക്കിടെ താഴ്ത്തി വയ്ക്കാൻ മഹാഗണിയുടെ കാതലിൽ കടഞ്ഞെടുത്ത ടീപ്പോയി മുന്നിൽ വേണം. ജീവിതത്തിൽ ചെയ്തു തീർക്കാൻ എന്തെങ്കിലുമുണ്ടെന്ന യാതൊരു ഉത്ക്കണ്ഠയും ഇല്ലാതെ ചാഞ്ഞിരുന്നുവേണം കുടിയ്ക്കാൻ. അലോസരപ്പെടുത്തുന്ന യന്ത്ര മുരൾച്ചയില്ലാത്ത, സെൻട്രൽ എസിയാൽ നന്നായി ശീതീകരിച്ച മാനേജ്‌മെൻറ്​ ഫ്ലോർ പോലെയുള്ള ഇടങ്ങളിൽ മാത്രമാണ് ലൂമി ലൂമിയാവുകയെന്നു ടോണി അബ്രഹാമിന് നഹദൈനിലെ വഞ്ചിഗുഹയിൽ വച്ച് ഇപ്പോൾ മനസ്സിലായി.

ടോണി അബ്രഹാം കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ഫോൾഡറിൽ നിന്ന് ഒരു കവർ പുറത്തെടുത്ത് ആദിൽ മുസ്തഫയ്ക്ക് കൈമാറി. ആ കത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ലെന്ന് ടോണി അബ്രഹാമിനെ അറിയിക്കുംവിധം അലക്ഷ്യമായാണ് ആദിൽ മുസ്തഫ അതു വാങ്ങി തന്റെ തോബിന്റെ കീശയിലേക്ക് തിരുകിയത്.
‘ഞാനിത് സാവകാശമുള്ളപ്പോൾ പിന്നീട് വായിക്കും. എനിക്കറിയാത്തതൊന്നും ഇതിൽ ഉണ്ടാവില്ല. എമ്മിയെസ് കമ്പനി ഇല്ലാതായത് തടയാൻ അബ്രഹാം ജോസഫിന് കഴിയുമായിരുന്നില്ലെന്ന് മ്മിയോടു പറഞ്ഞേക്കു’, തിരിയെ പോകുമ്പോൾ ആദിൽ മുസ്തഫ പറഞ്ഞു.

വീട്ടിലേക്കു ചെല്ലണമെന്നും മടങ്ങിപ്പോകുംവരെ എന്ത് കാര്യത്തിനും വിളിക്കണമെന്നും അപ്പയോട് സ്നേഹാന്വേഷണങ്ങൾ അറിയിക്കണമെന്നും കൈകുലുക്കി ആദിൽ മുസ്തഫ പറഞ്ഞത് ഉപചാരമല്ലാത്ത ഭാഷയിൽ ആത്മാർഥത നിറച്ചിട്ടാണെന്ന് ടോണി അബ്രഹാമിന് അനുഭവപ്പെട്ടു.

അപ്പയെ മ്മി എന്നു സംബോധന ചെയ്തത് അയാളെ സ്പർശിച്ചു.

അറബികൾ സംസാരിക്കുമ്പോൾ കീഴ്തൊണ്ടയ്ക്കുംതാഴെ എവിടെ നിന്നോ ശബ്ദങ്ങൾ വരുന്നതായി തോന്നും. കുലുക്കുഴിയുമ്പോഴുണ്ടാകുന്നതുപോലെയുള്ള ശബ്ദങ്ങൾ കേൾപ്പിക്കുന്ന ചിലർ, അവരെന്താണ് പറയുന്നതെന്ന് പിടിച്ചെടുക്കാൻ പോലും അനുവദിയ്ക്കില്ല.

പിതൃസഹോദരനെ അങ്കിൾ എന്നു വിളിക്കുവാൻ അറബി ഭാഷയിലെ പദമാണ് മ്മി. കീഴ്‌തൊണ്ടയിൽ സ്വനപേടകത്തിന്റെ തൊട്ടുമുകളിൽ നിന്നുവരുന്ന ഒരു പ്രത്യേക ശബ്ദത്തിൽ അറബികൾ അമ്മീ എന്നു സംബോധന ചെയ്യുമ്പോൾ പ്രിയമുള്ളൊരു ബന്ധുവിനെ വിളിക്കുന്നുവെന്ന വൈകാരികത ധ്വനിക്കും.

കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയിരുന്നപ്പോഴും ആദിൽ മുസ്തഫ ഇടയ്ക്കിടെ അബ്രഹാം ജോസഫിനെ അമ്മീ എന്നു വിളിച്ചിരുന്നു.

മറിഞ്ഞുപോകുന്ന ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലുള്ള നേരം പരസ്പര ബന്ധങ്ങളും അർത്ഥതുടർച്ചയും നഷ്ടപ്പെട്ട കാര്യങ്ങൾ പറഞ്ഞും ഇടയിൽ സ്തോത്രങ്ങൾ ഉരുവിട്ടും ശൂന്യതയിൽ കണ്ണുംനട്ട് ഏതാണ്ട് ഒരനാഥനെപ്പോലെയിരിയ്ക്കുന്ന അപ്പയോട് ഇനിയെന്ത് പറയാൻ എന്നാണ്​ടോണി അബ്രഹാം ചിന്തിച്ചത്. കലങ്ങിമറിഞ്ഞ ബോധത്തിൽ നിന്നുണ്ടായ താണെങ്കിലും വളരെക്കാലത്തിനുശേഷമാണ് മൂത്തമകനെ അപ്പ ഒരു ദൗത്യം ഏൽപ്പിക്കുന്നത്. മകന്റെ കർത്തവ്യമനുഷ്​ഠിക്കാനും ആ കത്ത് ഇവിടെ വച്ച്​ കൈ മാറാനും മാത്രമല്ല ടോണി അബ്രഹാം ദിൽമുനിയയിലേക്ക് മടങ്ങിവന്നത്. അകലെയായിരുന്ന കാലങ്ങളിലാകെയും ടോണി അബ്രഹാം പോയിടത്തെല്ലാം അയാളെ തേടിച്ചെല്ലുന്ന ടെലിഫോൺവിളികളായി ബഷീർ ആലം പിന്തുടരുന്നുണ്ടായിരുന്നു.

തന്നെ കാണാൻ ഇന്ത്യയിലേക്ക് വരാൻ കഴിയാത്ത ഒരു പാകിസ്ഥാനിയുടെ മോഹമാണെന്ന പറച്ചിലിലെ സ്നേഹാധിക്യത്തിന്​ വഴങ്ങാതിരിക്കാൻ ടോണി അബ്രഹാമിനു കഴിഞ്ഞില്ല. ബഷീൽ ആലം ആയിടെയായി ആവർത്തിക്കുന്ന ആഗ്രഹമാണ് ദിൽമുനിയയിലേക്ക് ടോണി അബ്രഹാമിന്റെ ഒരു മടക്കയാത്ര.

ശാലീന രാമചന്ദ്രനുമായി വീണ്ടുമൊരു കൂടിക്കാഴ്ച മനസ്സിൽ വച്ചാണ് ഒരു ദിൽമുനിയ യാത്ര ബഷീർ ആലം നിരന്തരം ആവശ്യപ്പെടുന്നത്. ശാലീനയുടെ അമ്മ മിനി മോൾ എമ്മിയെസ് കമ്പനി ഇല്ലാതാവുന്ന ദിവസം വരെ ജോലി ചെയ്തു. വളരെക്കാലത്തെ ജോലി കഴിഞ്ഞ്​ റിട്ടയർ ചെയ്തിട്ടും ദിൽമുനിയയിൽ തുടരുകയാണ്. അവരുടെ വീട്ടിലേക്ക്​ ഒരുമിച്ചൊരുതവണ പോകണമെന്ന ബഷീർ ആലത്തിന്റെ അഭ്യർത്ഥനയിൽ ഒരു തീരുമാനത്തിലെത്താൻ ടോണി അബ്രഹാമിനു കഴിഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളൊന്നും ആദിൽ മുസ്തഫയോട് പറയാനാവാതെ ടോണി അബ്രഹാം വെറുതെ നിന്നു. നഹദൈനിൽ നിന്നുള്ള മടക്കയാത്രയ്ക്കായി വഞ്ചിഗുഹയ്ക്ക് പുറത്തേക്കിറങ്ങുന്ന ആദിൽ മുസ്തഫയെ ബഷീർ ആലത്തിനൊപ്പം അയാളും പിൻതുടർന്നു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments