ചിത്രീകരണം: ദേവപ്രകാശ്‌

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

1. മുത്തുവാരാൻ കടൽത്തട്ടിൽ പോകുന്നവർ

ഞാൻ ഒന്നനങ്ങുമ്പോൾ ഹജ്ജി മുസ്തഫ ഇബ്രാഹീം, അങ്ങേയ്ക്ക് എന്തുവേണം എന്ന്​അതിവിനയത്തോടെ ചോദിച്ചുകൊണ്ട് അരികത്തുവന്നുനിൽക്കാൻ മൂന്നു ഷിഫ്റ്റുകളിൽ ജോലി വസ്ത്രമണിഞ്ഞു വന്നുകൂട്ടിരിക്കുന്ന ഫിലിപ്പൈൻസുകാരായ നഴ്‌സുമാർ ആശുപത്രിപോലെ സജ്ജീകരിച്ചിരിക്കുന്ന ഈ മുറിയിൽ എപ്പോഴും കാവലായുണ്ട്.

ചലനശേഷി അല്പം ബാക്കിയുള്ള വായുടെ ഇടതുവശത്തുകൂടിയും ചിലപ്പോൾ ആ വശത്തെ ഞരമ്പുകളിലേക്ക് ഇൻജക്ഷൻ ചെയ്തും അവർ ഭക്ഷണകാര്യങ്ങൾ നിർവഹിച്ചുതരും.

ഇടയ്ക്കിടെ അകത്തുവന്ന്​ തറ തുടച്ചുവൃത്തിയാക്കിയിട്ട് മുറിയുടെ മൂലകളിൽ സുഗന്ധം പുകയ്ക്കുന്ന ധൂപക്കുറ്റികളിൽ ബുഹുർ നിറയ്ക്കുന്ന ശ്രീലങ്കൻ പരിചാരികമാർ മുറിക്കുപുറത്ത് എപ്പോഴുമുണ്ടായിരിക്കും. സ്ഥലത്തുള്ള എന്റെ മക്കൾ ഓരോരുത്തരും ദിവസവും ഒരുനേരം വന്നു കണ്ട് സുഖവിവരം ചോദിച്ചു പോകുന്നുണ്ട്. എങ്കിലും ചലനസ്വാതന്ത്ര്യമില്ലാത്ത ഈ കഴിഞ്ഞുകൂടൽ ചെലുത്തുന്ന വിരസത ഇപ്പോൾ അസഹനീയമായിരിക്കുന്നു.

ആദിൽ വരുമ്പോൾ കട്ടിലിനരികത്തൊരു കസേര വലിച്ചിട്ടിരുന്നു കമ്പനി കേസുകളുടെ അന്നന്നത്തെ അവസ്ഥ എന്നോട് മന്ത്രിക്കാറുണ്ട്. ഞാൻ കേൾക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും അയാൾക്കറിയാം. അപൂർവം അവസരങ്ങളിൽ ഓരോ കടുത്ത തീരുമാനങ്ങളെടുക്കുന്നതിനു സഹായമായി എനിക്ക് സമ്മതമാണോ എന്നു ചോദിച്ചിട്ട് ആദിൽ കാത്തിരിക്കും. അയാളുടെ നിശ്ചയങ്ങൾക്ക് ഞാൻ എന്നേ മുഴുവൻസമ്മതവും കൊടുത്തിരിക്കുന്നു.

എമ്മിയെസ് കമ്പനിയെ ആദിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നപ്പോൾ അധികം തീരുമാനങ്ങളിലും എന്റെ അഭിപ്രായം ചോദിച്ചിരുന്നില്ല. വിദേശവാസം കഴിഞ്ഞുവന്ന മൻസൂർ കമ്പനി ഭരണം കൈമാറണമെന്നാവശ്യപ്പെട്ടപ്പോൾ വലിയ തർക്കങ്ങളും കേസുകളും ഉണ്ടാക്കാതെ അനിയന് അധികാരം കൈമാറുമ്പോൾ എന്റെ അനുവാദം ചോദിച്ചില്ല. തീരുമാനം വന്നറിയിച്ചതേയുള്ളൂ. താൻ മൂലം യാതൊരു ധർമ്മസങ്കടവും എനിക്കുണ്ടാകരുതെന്നാണ് അയാൾ ആഗ്രഹിച്ചത്.

പ്രതിസന്ധിയുടെ തീച്ചൂളയിൽപെട്ട കമ്പനി ഇട്ടെറിഞ്ഞ്​ മൻസൂർ രക്ഷപ്പെട്ടു പോയപ്പോൾ ആദിൽ വീണ്ടും എന്റെ അരികത്തു വന്നു. ഇപ്പോൾ പതനവഴിയുടെ വിശദാംശങ്ങൾക്കാണ് എന്റെ അനുമതി ചോദിച്ചുവരുന്നത്. അയാൾക്കുവേണ്ടത് വേദന പങ്കുവയ്ക്കാൻ ബലിഷ്ടമായ ഒരു ചുമലാണ്. എന്റെ വലിയ കുടുംബത്തിൽ നിന്ന് മറ്റാരെയും അതിനായി ആദിലിനു കിട്ടുന്നില്ലല്ലോയെന്ന്​ ഓർക്കുന്നത് എനിക്കും സങ്കടമാണ്.

ഒരു കാര്യത്തിന്റെയും അവസ്ഥയെ എന്റെ ഇടപെടലിന് ഇനിമേൽ നന്നാക്കാനോ മോശമാക്കാനോ ആവില്ലെന്ന് അയാൾക്കും അറിയാം. എങ്കിലും അതുതേടി അരികത്തു വന്നിരിക്കുമ്പോൾ, തനിക്കൊരു രക്ഷകർത്താവുണ്ടെന്ന ബോധത്തിന്റെ അസാധാരണമായ മനോശാന്തിയനുഭവിക്കാൻ ആദിലിനു കഴിയുന്നുവെന്നു എനിക്കുകാണാം. വളരെ പണിപ്പെട്ട്​ ഞാനുണ്ടാക്കുന്ന മുഖപേശികളുടെ ചലനങ്ങളിലൂടെയോ അവ്യകതമായ വാക്കുകളുടെ ശബ്​ദങ്ങളിലൂടെയോ ഞാൻ സമ്മതിച്ചതായി അയാൾക്ക് തോന്നും. തലച്ചോറുമായി ബന്ധമറ്റുപോയ എന്റെ വലതുകൈ അയാൾ കയ്യിലെടുത്ത്​ ശുക്രൻ അബുയീ എന്നു നന്ദി പറയും.

അപ്പോൾ അയാളുടെ നിറഞ്ഞ കണ്ണുകളിലേക്കു നോക്കാൻ എനിക്ക് ആഗ്രഹമുണ്ടാകും. വലതുവശം എന്നെ അതിനനുവദിക്കാത്തതിനാൽ എന്റെ ശ്രമം ഒരു നോട്ടമോ കാഴ്ചയോ ആയിത്തീരാതെ അവസാനിക്കും.

കിടപ്പായതിൽപ്പിന്നെ ഇവിടുന്നു മാറാതെ എന്റെ അരികത്തിരുന്ന് നിർത്താതെ സംസാരിച്ചിരുന്നു അനിയൻ കമാൽ. എനിക്ക് സ്​ട്രോക്കു വന്ന് നിശ്ചേതനമായതിനുശേഷം അയാൾ ഈ മുറിയിലേക്ക് വരുന്നില്ല. താഴത്തെ മരച്ചോട്ടിൽ വന്നിരുപ്പുണ്ടെന്ന് നഴ്‌സുമാർ എന്നോട് പറയും.

ആ ദിവസങ്ങളിൽ ഞങ്ങൾ ചെയ്യുകയായിരുന്നതുപോലെ കമാൽ അടുത്തുവന്നിരുന്ന് സംസാരിച്ച് ബാല്യകാലത്തെയും ഞങ്ങളുടെ അബ്ബയെയും ഉമ്മിമാരെയും അമ്മി അഹമദ് ഖലീലിനെയും മുന്നിൽ കൊണ്ടുവരുന്നതാണ് എനിക്കിപ്പോൾ സംഭവിക്കാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം. പക്ഷേ അതറിയിക്കാൻ കഴിയുന്നില്ലല്ലോ.

ഒടുവിൽ മുകളിലേക്ക് വന്നിട്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചലനം ഇനിയും ബാക്കിയുള്ള ഇടത്തെ മുഖത്തേക്ക് മുഖം ചേർത്ത് കമാൽ മന്ത്രിച്ചു, ബു ആദിൽ, നീ ബുആദിൽ അല്ല, ബുകമാൽ ആണ്. എന്നെയാണ് നീയാദ്യം മകനായി വളർത്തിയത്. ഞാൻ ഇനി മുകളിലേക്ക് തീരെ വരില്ല. എനിക്കിങ്ങനെ കാണാൻവയ്യ.

കമാൽ അന്ന് ഉമ്മവച്ചു മുഖമുരസുമ്പോൾ എന്റെ കവിളിൽ കണ്ണീർനനവ് പടർന്നു.

ആദിൽ മുറിയിൽനിന്ന് പോയി ഏറെനേരം കഴിഞ്ഞാലും ശുക്രൻ അബുയീ, നന്ദി എന്റെ പിതാവേ എന്ന് എന്റെയുള്ളിൽ ആവർത്തന ശബ്​ദങ്ങളായി പിന്നെയും നിൽക്കും. അത്​ എന്റെ അബ്ബ ഇബ്രാഹീം അബാദിയോടു ഞാൻ പറയുന്നതായി എനിക്കുതോന്നും.

അദ്ദേഹത്തിന്റെ വായിൽ നിന്ന്​ ഒഴുകിക്കൊണ്ടിരുന്ന കഥകളുടെ നദിയാണ് എന്നെ വീണ്ടുംവീണ്ടും സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഒരിക്കലും വറ്റിവരളാത്ത ആ നദികളിലൂടെ എന്നിൽ വന്നു നിറഞ്ഞ വിമോചന മോഹത്തിന്റെ സൂക്ഷ്മ ബീജങ്ങളിൽ നിന്നാണ് മുസ്തഫ ഇബ്രാഹീം ആൻഡ് സൺസ് എന്ന വലിയ സാമ്രാജ്യത്തിന്റെ ആദിരൂപങ്ങൾ പിറന്നത്.

കഥകൾ പറയുമ്പോൾ അബ്ബയുടെ കണ്ണുകളിൽ നിന്ന് ഉപ്പുകൂടിയ കടൽ വെള്ളം ഒഴുകിവന്ന് കൺതടങ്ങളുടെ കീഴെ ആ മുഖത്തുണ്ടായിരുന്ന തടിപ്പിന്റെ വരമ്പിൽ കെട്ടിനിൽക്കുകയും തുളുമ്പുകയും കവിഞ്ഞൊഴുകുകയും ചെയ്തു. മൂക്കിലെ നാസാരന്ധ്രങ്ങളുടെ ഇരുവശത്തും അബ്ബയ്ക്കുണ്ടായിരുന്ന രണ്ട് തഴമ്പ് അടയാളങ്ങളാണ് എനിക്ക് അബ്ബയുടെ ചിഹ്​നം.

മുത്തുവാരാൻ പോകുന്ന പത്തേമാരിയിൽ അനേകവർഷങ്ങൾ ജോലി ചെയ്തപ്പോൾ അബ്ബ ഒരു വിദഗ്ദ്ധനായ മുങ്ങുകാരനായിരുന്നു. മുങ്ങുകാരൻ കടലാഴങ്ങളിലേക്ക് ചെല്ലുമ്പോൾ മൂക്കിലുടെ വെള്ളം അകത്തുപോകാതിർക്കാൻ മൂക്കിന്റെ ദ്വാരങ്ങളെ ചേർത്തടച്ച് ഫിതം എന്നൊരു ക്ലിപ്പിടും. ശ്വാസംപിടിച്ച് മുങ്ങാങ്കുഴിയിട്ട് മുത്തുച്ചിപ്പികൾ വാരി കഴുത്തിൽ തൂങ്ങുന്ന പനയോലവല്ലത്തിലേക്ക് ഇടാനായി കൈകൾ സ്വതന്ത്രമാക്കാനാണ് മൂക്കിനെ ചേർത്തടയ്ക്കുന്ന ഫിതം ക്ലിപ്പ്. മുങ്ങുകാരന്റെ ജീവൻ പുറത്തുപോകാൻ വിടാതെ ശരീരത്തിനുള്ളിലേക്ക് അമർത്തി നിറുത്തുന്ന ഫിതം മൂക്കിന്റെ വശങ്ങളിൽ ചേർന്നു ഞെക്കിയിട്ട് അബ്ബയുടെ മുഖത്തുണ്ടായിരുന്ന തഴമ്പടയാളമാണ് അബ്ബയെ ഓർമ്മിക്കുമ്പോൾ ഞാൻ ആദ്യം കാണുക.

തന്റെയും ദിൽമുനിയ പിന്നിട്ട ആയിരമാണ്ടുകളിലെ പല തലമുറകളിലെ മുത്തുവാരൽ തൊഴിലാളികളുടെയും കഥകൾ പറയുന്നതിനിടയിൽ അബ്ബയിൽ മനുഷ്യരുടെ അനാദിയായ നോവുകൾ വന്നുനിറഞ്ഞ് ആ മൂക്കറ്റങ്ങൾ ത്രസിക്കുമ്പോൾ ഫിതം തഴമ്പുകൾ വിടർന്ന് വലുതാകും. പിന്നെ കഥ ശാന്തമായ ഒഴുക്കിലേക്കെത്തുമ്പോൾ അവ പഴയ വലിപ്പത്തിലേക്ക് ചുരുങ്ങുന്നത് കാണാൻ ഞാൻ കാത്തിരിക്കുമായിരുന്നു. ഞങ്ങളുടെ പൂർവപരമ്പരയിലെ അനേകം മനുഷ്യർ ജീവിച്ചുതീർക്കുവാനായി അനുഭവിക്കുകയും അവരുടെ വരും തലമുറകൾക്കായി സമ്പാദിച്ചുവയ്ക്കുകയും ചെയ്ത ദൈന്യതകളേയും പീഢാനുഭവങ്ങളേയും മരവിപ്പിച്ചുവച്ച ഒരു പ്രതലം പോലെ അന്നേരം അബ്ബയുടെ മുഖം ചതുരാകൃതി പൂണ്ടുവരും.

നെറ്റിച്ചുളിവുകൾ അനേകം തടിച്ച വരകളിട്ട ചതുരത്തിന്റെ മേലറ്റത്ത് മുടി കൂടുതലും കൊഴിഞ്ഞുപോയ തലയിലെ ബാക്കിയായ കുറച്ചു രോമങ്ങൾ ഉണർന്ന് അതിരിട്ടുനിൽക്കും. പിന്നിക്കീറാറായ, മുട്ടറ്റം വരെ മാത്രം ഇറക്കമുള്ള, തനിനിറം എന്തായിരുന്നെന്ന് നിശ്ചയിക്കാൻ പ്രയാസമായ ആ തോബിനുള്ളിൽ ദൃഢത മുറ്റിയ അസ്ഥിപരവും ബലമുള്ള പേശികളും മാത്രമാണുള്ളത്.

അബ്ബയുടെ മേദസ്സില്ലാത്ത ശരീരം കഥപറയുമ്പോൾ ഞാൻ കണ്ടിരുന്നത് നഗ്നമായിട്ടാണ്. കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോകുമ്പോൾ സ്രാവുകളും വാൾമത്സ്യങ്ങളും ആക്രമിച്ചതിന്റെ മുറിപ്പാടുകളും കടൽചൊറി മത്സ്യങ്ങൾ അവയുടെ മഷിക്കുഴമ്പ് ഒഴുക്കി ദേഹം പൊള്ളിച്ചതിന്റെ കരിഞ്ഞ അടയാളങ്ങളും നിറഞ്ഞ ദേഹമാണ് കാണുക. മനുഷ്യന്റെ ശരീരത്തിന്​ താങ്ങാവുന്നതിലും കൂടുതൽ ജലമർദ്ദമുള്ള അടിത്തട്ടിലേക്ക് പത്തുതവണ പോയിട്ട് രക്തം വമിക്കുന്ന ചെവിയും മൂക്കും മുറിവുകളുമുള്ള ശരീരവുമായി പത്തേമാരിത്തട്ടിൽ ഇടവേളയെടുക്കുന്ന മുങ്ങൽക്കാരുടെ ചിത്രം കാണും. കോണകത്തുണി മാത്രം ധരിച്ച് ചത്തതു പോലെയുള്ള ശരീരങ്ങൾ പത്തേമാരിത്തട്ടിന്റെ ഒരു കോണിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യത്തിൽ അബ്ബയുടെ ആ ശരീരം കൂടി ചേർത്ത് സങ്കൽപ്പിക്കുമ്പോൾ എനിക്ക് വലിയ സങ്കടം വരും.

അവർക്കങ്ങനെ അവിടെക്കിടന്ന് വിശ്രമിക്കാനാവില്ലല്ലോയെന്നും ഉടനെ വീണ്ടും മുങ്ങാൻ പോയി ദിവസവും നാല്പതു തവണയെങ്കിലും മുങ്ങണമല്ലോയെന്നും ഓർത്ത് ചെറുപ്പത്തിൽ ഞാൻ കരഞ്ഞുപോയിട്ടുണ്ട്. പത്തേമാരികളുടെ തൊഴിലുടമകളും കപ്പിത്താന്മാരുമായ നഖുദമാരെയാണ് കുട്ടിക്കാലത്ത് ഞാൻ ഏറ്റവും ഭയപ്പെട്ടിരുന്നത്.

കടലിന്റെ അടിത്തട്ടിലെത്തുന്ന മുങ്ങുകാരൻ ഒരു മിനുട്ട് നേരംകൊണ്ട് പത്തുപന്ത്രണ്ട്​ മുത്തുച്ചിപ്പികൾ വാരി കഴുത്തിൽ തൂങ്ങുന്ന വല്ലത്തിലിട്ടിട്ട് കഴിഞ്ഞുവെന്ന്​ അരയിൽ കല്ലുകെട്ടിയിട്ട കയറിൽ തട്ടി അടയാളം കൊടുക്കും. മുകളിൽ പത്തേമാരിത്തട്ടിൽ നിൽക്കുന്ന വലിക്കാരൻ കയർ വലിച്ചുയർത്തുമ്പോൾ അതിൽ തൂങ്ങിയും പത്തേമാരിയുടെ പള്ളയിൽ ചാരിയും ജലപ്പരപ്പിൽ അടുത്ത മുങ്ങലിനുവേണ്ടിയുള്ള മുന്നൊരുക്കമായി ശ്വാസം കഴിച്ച് ചില നിമിഷങ്ങൾ നിൽക്കും.

പത്തേമാരിയിലെ മുപ്പത് നാൽപ്പത് മുങ്ങൽക്കാരിൽ ഏറ്റവും അടുത്ത ചങ്ങാതിയാവും അപ്പോഴുയർന്നുവന്ന് അരികത്തുണ്ടാവുക. എന്നാൽ അയാളെയും തിരിച്ചറിയാത്ത മനസുമായാണ് അബ്ബ ജലപ്പരപ്പിൽ നിൽക്കാറുള്ളത്. പുനർജ്ജന്മം കിട്ടിയെന്ന അപ്പോഴുണ്ടാകുന്ന തോന്നൽ നൈമിഷികമായ ഒരുതരം ആഹ്‌ളാദം അബ്ബയിൽ നിറയ്ക്കും.

വലിയ മുത്തുവാരൽ സീസണിൽ ചുറ്റുപാടിനും കണ്ണെത്താദൂരത്തിൽ ചക്രവാളങ്ങൾവരെ അവിടവിടെ പത്തേമാരികൾ മാത്രമുള്ള കടലിൽ പതിയ്ക്കുന്ന ഗ്രീഷ്മകാലസൂര്യന്റെ രശ്മികളിൽ മഴവില്ലുകൾ പടർന്ന് അബ്ബയിൽ ഉൾക്കുളിര് പകരും.

സീസൺ തുടങ്ങുമ്പോൾ മുത്തുവാരൽ തൊഴിലാളികളായ ദിൽമുനിയയിലെ ഭൂരിപക്ഷം പുരുഷന്മാരെയും വഹിച്ച് അഞ്ഞൂറോളം പത്തേമാരികൾ യാത്ര തുടങ്ങും. നാട്ടിൽ ബാക്കിയുള്ള ജനങ്ങൾ അവരെ യാത്രയാക്കാൻ മനാന പോർട്ടിൽ വരും. യാനപാത്രങ്ങൾ ഒന്നൊന്നായി പവിഴപ്പുറ്റിന്റെ ദൂരങ്ങളിലേക്കു യാത്ര തുടങ്ങുമ്പോൾ ആ മനോഹരദൃശ്യം നോക്കി ജനങ്ങൾ പ്രാർഥനാ നിർഭരരായി അവരെ യാത്രയയയ്ക്കും. മുത്തുവാരൽ നാടിന്റെ പ്രധാന വരുമാനവഴിയായതിനാൽ ജനങ്ങൾ അവരെ യാത്രയയക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. ഈ സീസണിൽ നിറയെ ഭാഗ്യം മുത്തുകളുടെ രൂപത്തിൽ വന്നുകയറണമേയെന്ന് സർവ്വവും തീരുമാനിക്കുന്ന അള്ളാഹുവിനോട് പ്രാർഥിച്ചുകൊണ്ടാണ് സ്ത്രീകളും പ്രായംചെന്നവരും ബാലന്മാരുമായ ജനക്കൂട്ടം മുത്തുവാരാൻ പോകുന്ന പത്തേമാരികളെ യാത്രയയക്കുന്നത്.

ദിൽമുനിയയിലെ മനുഷ്യർക്ക് അക്കാലങ്ങളിൽ ചെയ്യാൻ വേറെ ജോലികൾ ഒന്നുമില്ല. ഈന്തപ്പനയാണ് എല്ലാം, വല്ലങ്ങളും കയറും കുടിലിന്റെ കൂരയുടെ തടിയും മേയുന്ന ഓലയുമുൾപ്പെടെ. ഈന്തപ്പനത്തോട്ടങ്ങളിൽ കൊല്ലം മുഴുവനും ജോലിയില്ല. പച്ചക്കറികൾ കൃഷി ചെയ്യുന്നവരും ഈന്തപ്പനത്തോട്ടങ്ങളിലെ പണിക്കാരും സീസൺ ആവുമ്പോൾ മുത്തുവാരൽ ജോലിക്ക് പോകും. സീസൺ കഴിയുമ്പോൾ സമ്പാദിച്ച കുറച്ചു രൂപയും പത്തേമാരിത്തട്ടിൽ നിന്ന്​ പകർന്നു കിട്ടുന്ന ചൊറിക്കരപ്പനുമായി അവർ മടങ്ങിയെത്തും.

സൂഖിലെ കച്ചവടക്കാരും മുത്തും പവിഴവും വാങ്ങാൻ ഗുജറാത്തിലെ സൂററ്റിൽ നിന്നുവരുന്ന വ്യാപാരികളും ഇടനിലക്കാരും പണം പലിശക്കാരുമെല്ലാം പ്രാർത്ഥിക്കുന്നത് അവരവരുടെ നേട്ടങ്ങൾക്കുവേണ്ടിയാണെങ്കിലും ഏറ്റവും വില കൂടിയ ഹസ്ബ പവിഴങ്ങൾ തന്നെ എല്ലാവരും വാരിക്കൊണ്ടുവരണമെന്നാണ്.

കടലിനടിയിലെ ജിന്നുകളോട് മുങ്ങൽക്കാരൻ ചോദിക്കുന്നത് സാധാരണ മുത്തുകളായ ലുലുവോ കുറേക്കൂടി മികച്ച ദാനയോ അല്ല. വല്ലപ്പോഴുമൊരിക്കൽ ഒരു മഹാഭാഗ്യം സംഭവിക്കുമ്പോൾ മാത്രം കിട്ടാറുള്ളതാണ്, ആകൃതിയൊത്ത, നല്ല വലിപ്പമുള്ള, വിലയേറിയ ഹസ്ബയെന്ന പവിഴം.

വെള്ളത്തിനു മുകളിൽ വന്ന് പത്തേമാരിയുടെ പള്ളയിൽ ചേർന്നുനിൽക്കുമ്പോൾ താനിപ്പോൾ കൊണ്ടുവന്ന മുത്തുച്ചിപ്പികളിൽ ഒന്ന് നല്ല വലിപ്പമുള്ള ഹസ്ബ പവിഴമാണെന്ന് അബ്ബ സങ്കൽപ്പിക്കും. കിട്ടുന്ന മുത്തുകളും പവിഴങ്ങളും ആരുടെ വല്ലത്തിൽ നിന്നാണെന്ന് അറിയാനാവില്ല. മുങ്ങുകാർ വാരിക്കൊണ്ടുവരുന്ന മുത്തുച്ചിപ്പികളെല്ലാം പത്തേമാരിയുടെ നടുവിൽ ഒരുമിച്ചു കൂട്ടിയിടും. വലിക്കാരൻ പിടലിയിൽ നിന്ന്​ വല്ലമെടുത്ത്​ മുത്തുച്ചിപ്പികളുടെ കൂനയിലേക്ക് തട്ടുന്ന ഓരോ തവണയും കടലിനടിയിൽനിന്ന് താനിപ്പോൾ കൊണ്ടുവന്നിട്ടുള്ള ഹസ്ബ പവിഴം പോയി വീഴുന്ന ശബ്​ദം അബ്ബ കേൾക്കും. അതിന്​ ഒന്നും പറ്റരുതേയെന്ന് അല്ലാഹുവിനോട് അപേക്ഷിക്കും.

ഇന്ത്യയിലും ഗ്രീസിലും റോമിലും പേർഷ്യയിലും ഈജിപ്തിലും പാരിസിലും ഭൂമിയിൽ ദൂരെദൂരെ ഇടങ്ങളിലെ രാജകൊട്ടാരങ്ങളിലും അതിസമ്പന്ന പ്രഭുഭവനങ്ങളിലും ആ വിലയേറിയ ഹസ്ബ കോർത്തുചേർത്ത പവിഴഹാരങ്ങൾ പ്രണയോപഹാരങ്ങളായും വിവാഹമാല്യങ്ങളായും കാത്തിരിക്കുന്ന രാജകുമാരിമാരെ അബ്ബ കാണും. അവരുടെ ഉയർന്ന മാറിടങ്ങളുടെ മേല്പരപ്പുകളിലും രതിജന്യമായ കണ്ഠങ്ങളിലും പതിപ്പിക്കേണ്ട ചുംബന മാലകളിൽ കൊരുക്കാൻ മുത്തും പവിഴങ്ങളുമായി ഏഴു കടലുകളും ഏഴു കോട്ടമതിലുകളും ജയിച്ചു ചെല്ലുന്ന വീരന്മാരെ ഭാവന ചെയ്യും.

പേർഷ്യൻ ഗൾഫിൽ നിന്ന് അറബികൾ കണ്ടെടുത്ത പവിഴങ്ങളെക്കുറിച്ച് അറേബ്യൻ സുഗന്ധദ്രവ്യങ്ങളെയും ആയിരത്തൊന്ന് രാത്രികളെയും ചേർത്ത് ഭൂമിയിലെല്ലായിടത്തും പരന്നിട്ടുള്ള മാദകമോഹനകഥകൾ ഓർക്കും. എന്നിട്ട് അരയിൽ കെട്ടിയ കയർ അയച്ചുവിടാൻ വലിക്കാരന് അടയാളം നൽകി മറ്റേ കയറിൽ പിടിച്ച് ബിസ്മിയും ചൊല്ലി അതിന്റെ അറ്റത്ത് കെട്ടിയിട്ടുള്ള വലിയ കല്ലിന്റെ താഴേക്കുള്ള പതനവഴിയിൽ പിന്നാലെ കൂപ്പുകുത്തും.

സുന്ദരിമാരായ രാജകുമാരിമാരുടെ നിറഞ്ഞ മാറിടങ്ങളും രതിജന്യമായ കഴുത്തുകളും അവരുടെ ചുംബനങ്ങളും ഭാവന ചെയ്ത് അപ്പോൾ കിട്ടിയ ഊർജ്ജം അബ്ബയുടെ അനുഭവമണ്ഡലത്തിൽനിന്ന്​ എല്ലാ വിപരീതങ്ങളെയും അകലെ നിറുത്തും.

മുങ്ങലുകളുടെ ഇടവേളകളിൽ കടുംചായ കൊണ്ട് തൊണ്ട നനയ്ക്കുന്നതല്ലാതെ മറ്റൊന്നും കഴിക്കില്ല. കാരണം അബ്ബയ്ക്ക് ഛർദ്ദിക്കാൻ മുട്ടിവരും. കടുത്ത വിശപ്പുണ്ടെന്ന് അബ്ബയുടെ വലിക്കാരനായ അമ്മി, അഹമദ് ഖലീലിനോട് പറഞ്ഞു പോയാൽ അമ്മി നിർബന്ധിച്ച് മൂന്നോ നാലോ ഈന്തപ്പഴം കഴിപ്പിക്കും.

അമ്മി അഹമദ് ഖലീലിന്റെ കൈകളിൽ തന്റെ ജീവൻ ഏൽപ്പിച്ചിട്ടാണ് താൻ കടലിനടിയിലേക്ക് പോകുന്നതെന്ന് അബ്ബ അമ്മിയോടു പറയാറുണ്ട്. വലിക്കാരൻ ഒന്നു കണ്ണു ചിമ്മിയാലോ മുകളിലേക്ക് വലിക്കുമ്പോൾ ഒരു നിമിഷത്തെ ശ്രദ്ധപ്പിഴയിൽ വൈകിയാലോ മുങ്ങുകാരൻ അയാളുടെ മരണത്തെ മുന്നിൽകാണും.

അബ്ബയുടെയും അമ്മി അഹമദ് ഖലീലിന്റെയും ഇടയിലെ ചങ്ങാത്തമെന്നത് ഒരാളുടെ ജീവനെ മറ്റെയാൾ കയ്യിൽ പേറി സൂക്ഷിക്കുന്നതിന്റെ തുടർച്ചയായതിനാൽ അഗാധമാണ്. വേനൽക്കാലത്തെ വലിയ സീസണിൽ മാത്രം മുത്തുവാരൽ ജോലിക്ക് വരുന്ന അമ്മിയോട്​ മറ്റു രണ്ടു ചെറിയ സീസണുകളിലും വരാൻ അബ്ബ അപേക്ഷിക്കും. അമ്മിയ്ക്ക് അമേരിക്കൻ മിഷനറിമാരുടെ അടുത്ത് എന്തെങ്കിലും ജോലി കിട്ടിയാൽ പത്തേമാരിയിൽ വരാതെ അതിനുപോകും. അമ്മി അഹമദ് ഖലീൽ അല്ല തന്റെ വലിക്കാരൻ എങ്കിൽ അബ്ബയുടെ വല്ലത്തിൽ അതിനുള്ള കുറവ് വരും.

തന്റെ ജീവൻ ഏൽപ്പിച്ചുപോകാൻ അമ്മിയെപ്പോലെ മറ്റൊരാളെ അബ്ബ ഒരിക്കലും കണ്ടെത്തിയില്ല. ഒരുദിവസത്തെ പണിയെല്ലാം കഴിഞ്ഞ് മീനും ഇത്തിരി ചോറും ഈന്തപ്പഴവും ചേർന്ന ഒരു നേരത്തെ ആഹാരം കഴിക്കുമ്പോഴും അവർ ഒരുമിച്ചിരിക്കും. പത്തേമാരിയുടെ തട്ടിൽ വിയർപ്പൊഴുകുന്ന മനുഷ്യശരീരങ്ങളുടെ മേൽ കൊടും ചൂടിൽ വെന്ത വായുവിന്റെ ഈർപ്പം പൊതിഞ്ഞുണ്ടാകുന്ന ദുർഗന്ധം കാറ്റിൽ നിറഞ്ഞുനിൽക്കും.

അടുക്കിയിട്ടതു പോലെ നാല്പതും അൻപതും മുങ്ങുകാരും വലിക്കാരും കിടക്കുമ്പോൾ ദുസ്സഹമായ ഞെരുക്കമാണവിടെ. ഉറങ്ങാൻ കിടക്കുമ്പോൾ മനപ്പൊരുത്തമുള്ള ചങ്ങാതിമാർ അടുത്തടുത്ത് കിടന്നു ഉറക്കം വരും വരെയും സംസാരിച്ചാണ് അതിനെ ഭേദിക്കുന്നത്.

സന്ധ്യ കഴിയുമ്പോൾ കടലിൽ പരക്കുന്ന ഇരുട്ടിനുകുറുകെ ദൂരെ നങ്കുരമിട്ടിരിക്കുന്ന വേറെ പായ്​വഞ്ചികളിലെ എണ്ണവിളക്കുകളുടെ ചാഞ്ചാടുന്ന നാളങ്ങളിൽ നിന്നുവരുന്ന ദുർബലമായ വെട്ടം ജീവസാന്നിദ്ധ്യമായി അബ്ബയ്ക്ക് അനുഭവപ്പെടും. അന്യഗ്രഹങ്ങളിൽ നിന്നോ നക്ഷത്രങ്ങളിൽ നിന്നോ ആണെന്ന് തോന്നുമെന്ന് അബ്ബ പറയും.

ലോകത്തിലെ അനേകം സമ്പന്നകൊട്ടാരങ്ങളിലെ സുന്ദരിമാരുടെ പവിഴഹാരമണിഞ്ഞ നീണ്ട കഴുത്തുകളും കാമോദ്ദീപകമായ മേൽനെഞ്ചുകളും പകൽക്കിനാവുകൾ കണ്ട വശ്യതയിൽ ഉത്തേജിതനായത് പറഞ്ഞ് അബ്ബ അമ്മിയെ ഇക്കിളിപ്പെടുത്താൻ നോക്കും. പക്ഷേ അബ്ബയെക്കാൾ പത്തു വയസിനുപ്രായം മൂത്ത അമ്മിയുടെ മനസ്സും ചിന്തയും എല്ലായ്‌പോഴും അതിനെല്ലാമപ്പുറത്താണ്. തൊട്ടടുത്ത് കിടന്നുറങ്ങുന്നവർ കേൾക്കാതെ വളരെ താഴ്ന്ന ശബ്​ദത്തിൽ അമ്മി മുങ്ങുകാരുടെയും മുത്തുവാരൽ ജോലിക്കാരുടെയും പരമ്പരയുടെ ദുരിതങ്ങൾ മന്ത്രിക്കുംപോലെ പറഞ്ഞുകൊണ്ടിരിക്കും.

മേല്ക്കൂരയില്ലാത്ത പത്തേമാരികളിൽ ഒരു നേരത്തെ ഭക്ഷണം മാത്രം പേരിനു കഴിച്ച് കഠിനമായ അദ്ധ്വാനം ചെയ്തു നരകിക്കുന്ന അവരുടെ തൊഴിലവസ്ഥകളെ ശപിക്കും. അവരുടെ ഉടൽക്കൂടുകൾ താങ്ങേണ്ടിവരുന്ന മനുഷ്യസാദ്ധ്യമല്ലാത്ത ജലമർദ്ദം വരുത്തുന്ന തീരാരോഗങ്ങളും ആയുസ്സറുതികളും വിവരിക്കും. തന്റെ ജോലിക്കാലത്ത് അങ്ങനെ കൺമുന്നിൽ മരിച്ച് കടലിൽ മറഞ്ഞുപോയവരെ ഓർത്തും എണ്ണിയും പറയും. അതിൽ ഒരാളാണ് യുവാവായിരിക്കുമ്പോൾ തന്നെ തലച്ചോറിൽ രകതസ്രാവമുണ്ടായി കടലിനടിയിൽ വച്ചു മരിച്ചുപോയ എന്റെ ജദ്ദ്.

വലിയ മുങ്ങുകാരനെന്നു പേരുകേട്ട അബ്​ദുള്ള അബാദി, എന്റെ അബ്ബ ഇബ്രാഹീം അബാദിയുടെ അബ്ബ, ജലവീരനായിരുന്ന എന്റെ ജദ്ദ്, മുത്തച്ഛൻ.
ഇഷാ നിസ്കാരം കഴിഞ്ഞയുടനെ ഉറങ്ങാൻ കിടക്കുമ്പോൾ ആകാശത്തെ നക്ഷത്രങ്ങളെ കാണാനായി ഉണർന്നുകിടക്കാൻ അബ്ബയ്ക്ക് കൊതിയാവും. പത്തേമാരിത്തട്ടിൽ ഉറങ്ങാൻ കിടക്കുമ്പോൾ കടൽപ്പരപ്പിന്​ ശ്വാസം മുട്ടിക്കുന്ന നിശ്ശബ്​ദതയാണ്. കടലിൽ ഉല്ലാസത്തിനിറങ്ങിയ യാത്രക്കാരുടെ ഏതെങ്കിലും വഞ്ചിയോ ചെറുപത്തേമാരിയോ ആഘോഷ ശബ്​ദങ്ങളുമായി തങ്ങളെ കടന്നുപോകുന്നുണ്ടോയെന്ന് അബ്ബ കാതോർക്കും. അവയിൽ നിന്ന് പാറി വരാവുന്ന വെളിച്ചത്തിന്റെ തരിയോ ഒരു കടൽപ്പാട്ടിന്റെ ഈണമോ അവരുണ്ടാക്കുന്ന സന്തോഷാനുഭവ ആരവമോ അബ്ബക്ക്​ എന്തെന്നില്ലാത്ത ആശ്വാസം പകരും.

അരികത്ത്​ ഉറങ്ങാൻ കിടക്കുന്നവരിൽനിന്ന് കഠിനവേദനയുടെ ശബ്ദങ്ങൾ അവിടവിടെ ഉയർന്ന് കേൾക്കുന്നതിനെ അത്​ മറികടക്കും. സന്ധിവാതം മൂലം ശരീരത്തിലെ എല്ലാ മടക്കുകളും വേദനിക്കുന്നവരും പല്ലുവേദന കൊണ്ട് രാത്രി മുഴുവൻ പിടയുന്നവരും തട്ടിലുണ്ടാവും. അവരുടെ നിലവിളികൾ കേൾക്കാനാവാതെയും സഹിക്കാനാവാതെയും അബ്ബ നക്ഷത്രങ്ങളെ ഉപേക്ഷിക്കും.

കാഴ്ചയുടെയും ബോധത്തിന്റെയും ഉണർവിനെ ഉപേക്ഷിക്കാൻ മനസ്സൊരുക്കി ഇരുളിൽ കണ്ണടച്ച് കിടക്കും. തളർന്നുപോകുന്ന ശരീരത്തിന്റെ ക്ഷീണത്തിന് വഴങ്ങി ഉറക്കത്തിന്റെ അടിത്തട്ടിലേക്ക് മുത്തുവാരാൻ പോകും.

ദിൽമുനിയ ദ്വീപിനെ വലയം ചെയ്തുകിടക്കുന്ന കടലിൽ ദ്വീപിൽ നിന്നകലെ വെള്ളത്തിനുള്ളിൽ പവിഴപ്പുറ്റുപാറയുടെ ഒരു ചുറ്റുമതിൽ കടലിന്റെ അടിത്തട്ടിൽ നിന്നുയർന്ന് നിൽക്കുന്നുണ്ട്. പവിഴപ്പുറ്റുപാറയുടെ ആ മതിലാണ് ആഴമേറിയ മഹാസമുദ്രത്തെ അകറ്റി ദ്വീപിനു ചുറ്റും അധികം ആഴമില്ലാത്ത ഒരു ജലാശയത്തെ നിലനിറുത്തി ദ്വീപിനെ രക്ഷിക്കുന്നത്.

ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്നുയരുന്ന പൊടിപടലങ്ങളെ വഹിച്ച് അറേബ്യൻ മരുഭൂമിക്ക് മേലെക്കൂടി പറന്നുവരുന്ന ഷമാൽ എന്നു പേരുള്ള വടക്കൻകാറ്റ് മാർച്ച് ഏപ്രിൽ മാസങ്ങളിൽ ദിൽമുനിയ അന്തരീക്ഷത്തെ മണ്ണും പൊടിയും മൂടിനിറുത്തും. ഏപ്രിലിൽ മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്ന പൊടിപടലങ്ങളിലെ മണൽത്തരികൾ ജലകണങ്ങൾ പൊതിഞ്ഞ്​ സാന്ദ്രമായി കടൽത്തട്ടിലേക്ക് പതിക്കും.

പവിഴപ്പുറ്റ്പാറയുടെ ചുറ്റുമതിലിനും ദ്വീപിനുമിടയിലെ ആഴംകുറഞ്ഞ ജലാശയത്തിന്റെ കടൽത്തട്ടിലുള്ള ചിപ്പികളിൽ കുറേ മണൽത്തരികൾ പെട്ടുപോകും. വേനലാരംഭിച്ച് ചൂടുപിടിച്ച് തിളയ്ക്കുന്ന ഉപ്പുവെള്ളവും പ്രകൃതിയും ചേർന്നാണ് ചിപ്പികളിൽ പെട്ടുപോയ തരിമണലുകളെ മുത്തായി മാറ്റുന്നത്. ദ്വീപിനെ വലയംചെയ്തു കിടക്കുന്ന അത്യാഴമില്ലാത്ത ജലാശയത്തിൽ അങ്ങനെ പവിഴത്തട്ടുകൾ രൂപം കൊള്ളുന്നു. അവിടെക്കാണ് വേനൽക്കാലത്തെ സീസണിൽ ദിൽമുനിയായിലെ ജനങ്ങൾ മുത്തുവാരാൻ പോകുന്നത്.

പവിഴപ്പുറ്റുപാറയുടെ ചുറ്റുമതിലിൽ ഒരിടത്തുമാത്രം കുറച്ചുഭാഗം അടർന്നുപോയിട്ട് ഒരു ചെറിയ തുറവിയുണ്ടായിട്ടുണ്ട്. മഹാസമുദ്രത്തിലേക്കും തിരിച്ചും കപ്പലുകൾ പോലെ വലിയ യാനപാത്രങ്ങൾക്ക് സഞ്ചരിക്കാൻ ആ തുറവിയാണ് വഴിയൊരുക്കുന്നത്. മഹാസമുദ്രത്തിന്റെ ആഴക്കൂടുതലില്ലാത്ത ജലാശയത്തിൽ പത്തേമാരികൾക്കും കപ്പലുകൾക്കും സൗകര്യമായി നങ്കൂരമിടാനാവുകയും പിന്നെ തുറവിയിലൂടെ സമുദ്രത്തിലേക്കു പോകാനും വരാനും എളുപ്പമാവുകയും ചെയ്തു.

പടിഞ്ഞാറുനിന്നും കിഴക്ക് നിന്നും ദൂരദേശങ്ങളിലേക്ക് മാസങ്ങൾ നീണ്ടുനിൽക്കുന്ന സമുദ്രയാത്രകൾ ചെയ്യുന്നവർക്ക് ഇടയ്‌ക്കൊന്ന് തീരമണഞ്ഞ് കുടിവെള്ളം ശേഖരിക്കാനും വിശ്രമിക്കാനും ഒരു ഇടത്താവളം ലഭ്യമാവുക എന്നത് അനുഗ്രഹസിദ്ധിയാണ്. സമുദ്രത്തിൽ നിന്നുമാറി നങ്കൂരമിടാനുണ്ടായ സൗകര്യം ദിൽമുനിയയെ കടൽയാത്രക്കാരുടെ ഇടത്താവളമാക്കി പരിവർത്തനം ചെയ്തു. അങ്ങനെയാണ് ചരിത്രാതീതകാലം മുതൽക്കേ സ്വാഭാവിക തുറമുഖമായ മനാന അവിടെ ഉണ്ടായി വന്നത്.

അറേബ്യയിലെ മുഴുവൻ ചരക്കുഗതാഗതവും മനാനയിലൂടെയായപ്പോൾ രൂപപ്പെട്ട തുറമുഖ നഗരം ഒരു സമ്പദ്​വിനിമയകേന്ദ്രം കൂടിയായി. സഞ്ചാരികളെയും അവരുടെ ചരക്കുകളും സമുദ്രത്തിൽ വച്ച് ആക്രമിച്ചുകീഴടക്കുന്ന അറേബ്യയിലെയും ആഫ്രിക്കയിലെയും രണോത്സുകരായ ചില ഗോത്രങ്ങൾ കടൽക്കൊള്ളക്കാരുടെ ഭൂപടത്തിലും മനാനയെ അടയാളപ്പെടുത്തി.

കടൽക്കൊള്ളക്കാരെ സായുധരായി നേരിട്ട് തോൽപ്പിച്ചും കടലിലെ യാനപാത്രങ്ങളെ അനുയാത്ര ചെയ്തും സഞ്ചാരികൾക്ക് കടലിൽ സുരക്ഷയൊരുക്കുന്ന കർത്തവ്യവും നല്ല പ്രതിഫലം ലഭിക്കുന്ന കർമ്മമായി. സഞ്ചാരികൾക്കും അവരുടെ ചരക്കുകൾക്കും കടൽക്കൊള്ളക്കാരിൽനിന്ന് സംരക്ഷണവും സുരക്ഷയും കൊടുക്കാൻ വലിയ പ്രതിഫലങ്ങൾ വാങ്ങി മനാനയിലെത്തിയ മറ്റൊരു അറേബ്യൻ ഗോത്രം ദിൽമുനിയയുടെ ഭരണം പിടിച്ചു. ചരക്കുനീക്കത്തിന് ലഭിക്കുന്ന ചുങ്കപ്പണം വാങ്ങി അവർ അതിധനികരാവുകയും ചെയ്തു. അങ്ങനെ ദിൽമുനിയ ദ്വീപിനെ വലയം ചെയ്തുനിൽക്കുന്ന പവിഴപ്പുറ്റുപാറയുടെ ചുറ്റുമതിൽ ദ്വീപിന് രക്ഷയും ഐശ്വര്യവും നൽകുന്ന മാന്ത്രിക അരഞ്ഞാണമായി.

പക്ഷേ പത്തേമാരികളിൽ പണിയെടുത്തിരുന്ന എന്റെ പിതൃപരമ്പരയ്ക്ക് തുറമുഖത്ത് നടക്കുന്ന കാര്യങ്ങളിൽ യാതൊരു പങ്കുമുണ്ടായില്ല. ഇന്ത്യയും കിഴക്ക്ദിക്കും ലക്ഷ്യമാക്കി ഇതുവഴി കടന്നുപോകുന്ന സമുദ്രസഞ്ചാരികളും ചരക്കുകപ്പലുകളും യൂറോപ്പിലെ നാവികരും മനാനയിലെ ഇടത്താവളത്തിലിറങ്ങി അവരുടെ ഭൂഖണ്ഡാന്തരയാത്രകളുടെ സമുദ്രജീവിതം ആഘോഷിച്ചു.

കടൽക്കൊള്ളക്കാരും രക്ഷാസൈന്യവും രാജാവും ചത്തും കൊന്നും സമ്പത്തുണ്ടാക്കിയും തുറമുഖനഗരത്തിലെ മാദകമായ ജീവിതോത്സവങ്ങളിൽ ഏർപ്പെട്ടുമിരിക്കുമ്പോൾ എന്റെ പിതൃപരമ്പര പത്തേമാരികളിൽ മുത്തിന് പോകുന്ന പണിയെടുത്ത് ആയുസ്സു കഴിച്ചു.

മുത്തും പവിഴവും വ്യാപാരത്തിനായി തുറമുഖത്തിലൂടെ ദിൽമുനിയയിൽ എത്തിയ ധനാഢ്യരുടെ ലോകമറിഞ്ഞില്ല, അവർ വലിയ വില കൊടുത്ത്​ വാങ്ങിക്കൊണ്ടു പോകുന്ന പ്രകൃതിയിലെ ഏറ്റവും മനോഹരമായ വസ്തുവിൽ നിറസൗന്ദര്യമായി തിളങ്ങുന്നത് എന്റെ പിതൃപരമ്പരയുടെ ജീവന്റെ ചൈതന്യമാണെന്ന്. എന്റെ അബ്ബ ഇബ്രാഹീം അബാദിയുടെയും അമ്മി അഹമദ് ഖലീലിന്റെയും എന്റെ ജദ്ദ് അബ്​ദുള്ള അബാദിയുടെയും ജീവന്റെ തിളക്കമാണ് അതെന്ന്.

എന്നും കാലത്തെഴുന്നേറ്റ് എല്ലാവരും പത്തേമാരിയുടെ തട്ടിൽ വട്ടമിട്ടിരുന്ന് തലേന്നാളത്തെ മുത്തുച്ചിപ്പികൾ പൊളിക്കും. തട്ടിലെ ഓരോ മനസ്സും പ്രാർഥനകളും അപേക്ഷകളും മുറവിളികളും നിറഞ്ഞതായിരിക്കും. ചെറിയ കത്തികൾ കൊണ്ട് മുത്തുച്ചിപ്പികൾ പിളർക്കുന്ന തൊഴിലാളികളെ ജാഗ്രതയോടെ വീക്ഷിച്ചുകൊണ്ട് നടുവിലിരിക്കുന്ന ക്യാപ്റ്റൻ, നഖുദ, എല്ലാവരെയും തന്റെ ദൃഷ്ടി പഥത്തിനുള്ളിൽ തന്നെ ഉറപ്പിച്ചു നിറുത്തും. മൂന്ന് ചിപ്പികൾ പൊളിക്കുമ്പോൾ രണ്ടിലും മുത്തൊന്നും ഉണ്ടാവില്ല. ഏതെങ്കിലും ഒരു ചിപ്പിയിൽ ലുലുവെന്നു വിളിക്കുന്ന പവിഴത്തരികൾ പോലെയുള്ള ചെറുമുത്തുകൾ കണ്ടാൽ അല്ലാഹു അക്ബർ വിളികളുയരും. വലുതെങ്കിലും ആകൃതിക്ക് പൂർണ്ണതയും തികവും അൽപം മാത്രം കുറവുള്ള ദാനമുത്ത് കിട്ടിയാൽ തട്ടിൽ കുറേ നേരത്തേയ്ക്ക് ദൈവസ്തുതിയുടെ ശബ്​ദങ്ങളുയരും.

കിട്ടിയ ദാനയെ നഖുദയുടെ കണ്ണുകളും ചലനങ്ങളും ഭദ്രമാക്കും.

മുത്തുച്ചിപ്പികളെല്ലാം പൊളിച്ചുതീരുമ്പോൾ തുടച്ചുവൃത്തിയാക്കിയ മുത്തുകൾ ചുവന്ന പട്ടുതുണിയുടെ മടിശ്ശീലയ്ക്കുള്ളിൽ വച്ചുകെട്ടി പത്തേമാരിയുടെ അമരത്തെ നിധിപ്പെട്ടിയിൽ വച്ചുപൂട്ടുന്നത് നഖുദ നേരിട്ടാണ്. പൊളിച്ച ചിപ്പികളും അതിനുള്ളിലെ മാംസവും കടലിലെറിഞ്ഞിട്ട് അന്നത്തെ മുത്തിന് പോകൽ ജോലി തുടങ്ങും. ഏതെങ്കിലും ഒരു ചിപ്പിക്കുള്ളിൽ ഒരു ഹസ്ബ വന്നുപിറന്നാൽ തട്ടിൽ ഉയരുന്ന ആഹ്ലാദാരവങ്ങളിൽ അടുത്തുള്ള മറ്റു പത്തേമാരികളിലുള്ളവരും വിവരം അറിയും. സാദാ വഞ്ചികളിൽ കടലിൽ റോന്തു ചുറ്റുന്ന തരകന്മാരായ തവാഷുകൾ കേട്ടറിഞ്ഞ് വരും. ആ ഹസ്ബ കൈക്കലാക്കാൻ അവർ നഖുദയെ സമീപിച്ച് വില പറയും.

അബ്ബയുടെ അതിധനികനായ നഖുദ മുരടനും മനസ്സലിവ് തീരെയില്ലാത്തവനും ആണെന്ന് പേരുകേട്ടവനായിരുന്നു. അയാൾ ആ നിമിഷങ്ങളിൽ ചൂതുകളിയുടെ മനോനിലയിലാവും. കരയിൽ ചെല്ലുമ്പോൾ മനാന സൂഖിലെ പവിഴ വ്യാപാരികളിൽനിന്ന് ഉയർന്നവില കിട്ടുമോയെന്ന കാര്യം കൃത്യമായി ഊഹിക്കുവാൻ അയാൾക്ക് തലമുറകളുടെ പരിചയമികവിൽ നിന്നുള്ള കഴിവുണ്ട്. കരയിൽ ചെന്നാൽ കൂടുതൽ വില കിട്ടുമെന്ന് ചിലപ്പോൾ അയാൾ നിശ്ചയിക്കും. മറ്റു ചിലപ്പോൾ മാനത്തേക്ക് നോക്കി തല ഉയർത്തി ചുറ്റിനും ഉദ്വേഗം തൂവുന്ന കുറെ നിമിഷങ്ങൾ അങ്ങനെതന്നെ ഇരുന്നിട്ട് തവാഷ് പറഞ്ഞ വിലക്ക് കൊടുക്കും. രൊക്കം പണം വാങ്ങുകയോ തവാഷുമായുള്ള കണക്കിൽ ചേർക്കുകയോ ചെയ്യും.
നഖുദ എടുക്കുന്ന തീരുമാനം എന്തായാലും അതാണ് വളരെ ശരിയെന്നും ലാഭമെന്നും തലയാട്ടാനല്ലാതെ പത്തേമാരിയിൽ ആർക്കും മറ്റൊന്നിനും അവകാശമില്ല, കഴിവുമില്ല.

എന്തുചെയ്യണം എന്നു നിശ്ചയിക്കുന്ന നിമിഷത്തിന്റെ വലിയ ഭാരം വഹിക്കുന്നതാകണം മുത്തുവാരാൻ പോകുന്ന ഓരോ പത്തേമാരിയുടെയും ക്യാപ്​റ്റന്റെ ദിവസങ്ങൾ. പോയ വർഷങ്ങളിലെ സംരംഭങ്ങളിൽ നഷ്ടങ്ങൾ വന്നിട്ട് തവാഷുകളോട് പണം പലിശയ്ക്കു വാങ്ങി വീണ്ടും മുത്തുവാരാനിറങ്ങുന്ന നഖുദകൾക്ക് അത്​ ജീവന്മരണ പോരാട്ടമാണ്. തങ്ങൾ കച്ചവടം ചെയ്ത മുത്തുകൾ പതിപ്പിച്ചുണ്ടാക്കുന്ന ആഭരണങ്ങൾ വാങ്ങിയ ഗുജറാത്തിൽ നിന്നുവന്ന ധനികവ്യാപാരിയ്ക്ക് ലോകചന്തയിൽ അമ്പരപ്പിക്കുന്ന വലിയ വില കിട്ടുമ്പോൾ ചൂതാട്ടേശ്രണിയിലെ ഓരോരുത്തരും തങ്ങളെടുത്ത തീരുമാനത്തെ ശപിക്കും.

മുത്തുവാരലിൽ എല്ലാവരും എന്നും ചൂതുകളിയിലാണ്.

സൂററ്റിൽ നിന്നു വരുന്ന പവിഴ വ്യാപാരിക്കും സൂഖിലെ കച്ചവടക്കാരനും തവാഷിനും നഖുദയ്ക്കും അത്​ പണം വച്ചുള്ള കളിയാണെങ്കിൽ മുങ്ങുകാരന്റെയും വലിക്കാരന്റെയും പന്തയം അവരുടെ ജീവനാണ്. കടലിനടിയിൽ വച്ച്​ മുങ്ങുകാരന്റെ കയ്യിൽ തടഞ്ഞ്​ വഴുതിപ്പോയ ഒരു ചിപ്പിയിൽ ഹസ്ബ ഉണ്ടാവാം. അതിനെക്കൂടി എടുക്കാനായി അവിടെ തങ്ങുന്ന നിമിഷനേരത്തിൽ അയാളുടെ തലച്ചോറിലെ നാഡീവ്യുഹം ജലമർദ്ദത്തിൽ പൊട്ടിച്ചിതറിപ്പോകാം. അബ്ബയുടെ പിതാവ്, ഞാൻ ജനിക്കുന്നതിനു ഏറെ മുൻപേ മരണപ്പെട്ടുപോയ എന്റെ ജദ്ദ്, വലിയ മുങ്ങുകാരനയിരുന്ന അബ്​ദുള്ള അബാദി അത്തരമൊരു ഹസ്ബ ചിപ്പിയുടെ പ്രലോഭനത്തിനു കൈനീട്ടിയാവാം കടലിനടിയിൽ വൈകിയത്.

ദിൽമുനിയയിലെ മനുഷ്യരുടെയെല്ലാം രക്ഷയും പതനവും ഉയർച്ചതാഴ്ചകളും സംഭവിക്കുന്നത് ഭാഗ്യനിർഭാഗ്യങ്ങളുടെ അജ്​ഞാതമായ നിർണ്ണയങ്ങൾക്കനുസരിച്ചാണ്. ഒരാളിന്റെ നന്മതിന്മകൾക്കോ വ്യകതിഗുണങ്ങൾക്കോ പ്രയത്‌നങ്ങൾക്കോ അതിൽ പങ്കുണ്ടാകാറില്ല. ഭാഗ്യം തങ്ങളുടെ നേർക്കുതന്നെ തിരിയാനായി മനുഷ്യർ പ്രാർഥനാനിരതരാവുകയും ലഭ്യമായ എല്ലാ വാതിലുകളിലും പോയി മുട്ടിവിളിക്കുകയും ചെയ്യും. പക്ഷേ ഭാഗ്യം അതിന്റെ വിരലുകൾ നീട്ടുന്നത് മറ്റേതോ നിശ്ചയപ്രകാരമാണ്.

പണ്ട് പവിഴവ്യാപാരത്തിന്റെ കാലത്തും അതു മാറി പെട്രോൾ വ്യവസായം വന്നപ്പോഴും എന്നും അതങ്ങനെയാണ്. അമ്മി അഹമദ് ഖലീൽ എത്ര വിദഗ്ദ്ധമായ ഉപദേശങ്ങൾ നൽകിയാലും അബ്ബ അതിൻപ്രകാരം ദൃഢനിശ്ചയമെടുത്ത് അവിശ്രമം അദ്ധ്വാനിച്ചാലും രക്ഷപ്പെടണമെങ്കിൽ ഏതോ അജ്​ഞാത തീരുമാനം വേണമെന്നും ഏതോ ജിന്ന് പ്രസാദിക്കണമെന്നും അബ്ബ കണ്ടെത്തി. ജീവിതം അടിമുടി ഊഹക്കച്ചവടം വിളയാടുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ തുലാസ്സിലായതിനാൽ തങ്ങളുടെ തലക്കുറിയിലേക്ക് ഭാഗ്യകടാക്ഷം വന്നു ചേരുവാൻ എല്ലാവരും എപ്പോഴും കൈകളുയർത്തി പ്രാർഥിച്ചു.

മുൻകൂർ പറ്റിയതായി നഖുദ തന്റെ ബുക്കിൽ എഴുതിവയ്ക്കുന്ന ഹിസാബെന്ന കാശിന്റെ കണക്കുകളിൽ ബന്ധിക്കപ്പെട്ട അടിമയായിരുന്നു എന്റെ ജദ്ദ് അബ്​ദുള്ളാ അബാദി. എല്ലാ മുങ്ങുകാരും വലിക്കാരും നഖുദയുടെ കണക്കുപുസ്തകത്തിൽ അയാൾ എഴുതിവച്ചിട്ടുള്ള ഹിസാബിൽ കുടുങ്ങിക്കിടക്കും. വലിയ മുങ്ങുകാരെ നഷ്ടപ്പെടാതിരിക്കാൻ നഖുദമാർ കണക്കു പുസ്തകങ്ങളിലെ ഹിസാബുകളിൽ വ്യാജങ്ങൾ നടത്തി അവരെ എന്നെന്നും കടക്കാരായി നിലനിറുത്തും. വേനലിലെ വലിയ സീസണിൽ നാലു മാസത്തോളം കടലിലായിരിക്കുമ്പോൾ തൊഴിലാളികളുടെ വീടുകളിലെ ചെലവിനായി ഒരു തുക മുൻകൂറായി നഖുദമാർ വിതരണം ചെയ്യും. സലഫ് എന്നു വിളിക്കുന്ന ഈ മുൻകൂർ തുകയുടെ പേരിൽ ഓരോ സീസന്റെയും തുടക്കത്തിൽ തർക്കങ്ങളും വ്യവഹാരങ്ങളും വർദ്ധിച്ചപ്പോൾ ആ തുക എത്രയായിരിക്കണമെന്നു ദിൽമുനിയിലെ രാജാവ് നിശ്ചയിച്ച് പ്രഖ്യാപിക്കുന്നത് പതിവായി.

ഓരോ വർഷത്തെയും സീസൺ തുടങ്ങാറാകുന്നത് തൊഴിലാളികളുടെ കുടുംബങ്ങൾ കാത്തിരിക്കും. കാരണം കുടുംബത്തിലെ അനേകം ആവശ്യങ്ങൾ നിറവേറാനായി സലഫ് വിതരണവും പ്രതീക്ഷിച്ച് സങ്കൽപ്പങ്ങൾ നെയ്തു കഴിയുകയല്ലാതെ അവർക്ക് മറ്റൊരു വരുമാന മാർഗമില്ല. തിരിയെക്കൊടുത്ത് കണക്കുതീർക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും ഓരോ സീസന്റെ ആരംഭത്തിലും മുത്തുവാരൽ തൊഴിലാളികൾ കൂടുതൽ സലഫ് ആവശ്യപ്പെടും.

ഓരോ തവണയും കടൽ ഇത്തവണ മാനംമുട്ടെ ഭാഗ്യം തരുമെന്ന് അവർ വെറുതെ വിശ്വസിക്കും. ഭാഗ്യാർഥികൾ ആയിരിക്കുന്നതാണ് കാലംകഴിച്ചുപോകാൻ അവരുടെ ബലം.

മുത്തും പവിഴവും വിളയുന്ന വലിയ സീസണ് മുമ്പും ശേഷവും വരുന്ന രണ്ടു ചെറിയ സീസൺ ഏഴെട്ടു മാസക്കാലം ഉണ്ടാവുമെങ്കിലും വരുമാനം അധികം ഉണ്ടാവില്ല. കൊടുംതണുപ്പിൽ കടലിൽ പോകാത്ത മാസങ്ങളിൽ നഖുദമാർ പണിക്കാർക്ക് കൈക്കാശു കൊടുത്തിട്ട്​ ഹിസാബിൽ എഴുതും. കർജിയയെന്ന ആ കാശ് വാങ്ങിയാണ് അവരുടെ കുടുംബങ്ങൾ പശിയടക്കുന്നത്.

കിട്ടിയ മുത്തും പവിഴവുമെല്ലാം കച്ചവടം ചെയ്തു ലഭിക്കുന്ന പണത്തിൽനിന്ന് പത്തേമാരിയിലെ ചെലവുകളെല്ലാം കഴിച്ച് ബാക്കിവരുന്നതിന്റെ പകുതി നഖുദയുടെ അവകാശമാണ്. മറ്റേ പകുതി പണിക്കാർക്ക് വീതിക്കും. മുങ്ങുകാരന്റെ പകുതിയാണ് വലിക്കാരെന്റ വീതം.

എന്റെ ജദ്ദ് അബ്​ദുള്ളാ അബാദിക്കോ മറ്റു പണിക്കാർക്കോ ബുക്കിൽ എഴുതിയിരിക്കുന്നത് വായിക്കാനോ കണക്കുനോക്കാനോ പരിശോധിക്കാനോ അറിയില്ല. മദ്രസയിൽ കൂട്ടമായിരുന്ന് ഉച്ചത്തിൽ ഖുറാൻ പാരായണം ചെയ്തത് മാത്രമാണ് അവരുടെ പഠിപ്പ്. പത്തേമാരിയിലെ ചെലവുകളായും ആകെ വരുമാനമായും ഓരോർത്തരുടെയും വീതങ്ങൾ ആയും നഖുദ പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്ന ഹിസാബ് ആണ് അവരുടെ തലവിധി. ഹിസാബ് പുസ്തകത്തിൽ എല്ലായ്‌പ്പോഴും വീതത്തിൽ കിട്ടിയതിനേക്കാൾ കൂടുതലായിരിക്കും കൈപ്പറ്റിയ കാശിന്റെ കണക്ക്. അതിന്റെ പലിശയും നഖുദ എഴുതിച്ചേർക്കും. കുറച്ച്​ അരി കടം കൊടുക്കുമ്പോൾ നഖുദ അതിന്റെ ഇരട്ടി വിലയാവും ബുക്കിൽ എഴുതുക. ചിലപ്പോൾ സംഭവിക്കാത്ത ഇടപാടുകളും രേഖപ്പെടുത്തിവയ്ക്കും. നഖുദയും തൊഴിലാളിയും തമ്മിൽ നടക്കുന്ന ഒരിടപാടിനും സാക്ഷി വേണ്ട.

നഖുദ എഴുതി വച്ചിരിക്കുന്നതിനെ നിയമം സ്വീകരിക്കും, തർക്കമുണ്ടായാൽ നഖുദയുടെ ഹിസാബ് ബുക്കിൽ എഴുതിയിട്ടുള്ളത് കാട്ടിക്കൊടുത്താൽ മതിയാകും. വർഷങ്ങൾ കടന്നുപോകുമ്പോൾ ഹിസാബിൽ ജോലിക്കാരന്റെ കടം ഭീമമായി പെരുകി വരും.

ജോലിക്കാരും നഖുദമാരുമായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക മുത്തുവാരൽ കോടതികളുണ്ടായിരുന്നു. പൗരപ്രമുഖന്മാരായി മാറിയ മുൻ നഖുദമാർ ആയിരിക്കും കോടതിയിൽ ജഡ്ജിമാർ. പണിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായറിയുന്നതുകൊണ്ടാണ് ആ മുൻ നഖുദമാർ കടംകയറി മുടിഞ്ഞു പോകാതെ പണക്കാരും പൗരപ്രമാണിമാരും പിന്നെ ജഡ്ജിമാരും ആകുന്നത്. കോടതികളിലേക്ക് പരാതിയുമായി പോയ തൊഴിലാളികൾ നിരാശരായി മടങ്ങി. വിധി പറയാനിരിക്കുന്ന പഴയ നഖുദമാർക്ക് മുന്നിൽ തൊഴിലാളികളുടെ ഇടയിൽ നിന്നുതന്നെ നല്ല ഒന്നാന്തരം സാക്ഷികളെക്കൊണ്ട് ആവശ്യമുള്ള മൊഴികൾ പറയിപ്പിക്കാൻ പരാതി നേരിടുന്ന നഖുദയ്ക്ക്​ ഒരു പ്രയാസവുമില്ല.

കിട്ടുന്നതിൽ പാതി, പിന്നെ അതിൽ പാതി എന്നിങ്ങനെ നിശ്ചയിക്കപ്പെട്ട പങ്കിടലിൽ എല്ലാവരുടെയും വീതങ്ങളും ഭാവിയും ഭാഗ്യത്തിന്റെ പിടിയിലാണ്. കടം എപ്പോൾ തീരുമെന്ന് അറിയാത്ത മുങ്ങുകാരനും വലിക്കാരനും അവരുടെ സന്തതിപരമ്പരകളും അടിമ ജീവിതങ്ങൾ തുടരും. ഒരു മുങ്ങുകാരന് കടം വീട്ടി തന്റെ സ്വാതന്ത്ര്യം നേടുകയെന്നത് കറുത്ത വർഗക്കാരനായ ഒരു അടിമയ്ക്ക് ഈ തീരത്തുനിന്ന് രക്ഷപ്പെടാൻ കഴിയുന്നതിനേക്കാൾ അസാധ്യമായിരുന്നു.

എന്റെ ജദ്ദ് മുത്തുവാരാൻ പോകുന്ന കാലത്ത് ഒന്നാംലോകയുദ്ധം നടക്കുകയാണ്. വില മതിയ്ക്കാനാവത്ത വസ്തുക്കളായിരുന്ന മുത്തുകളും പവിഴങ്ങളും ഒന്നാം ലോകയുദ്ധമുണ്ടായപ്പോൾ പൊടുന്നനെ വിലയില്ലാത്തതായി. അത് ദിൽമുനിയയെ ഞെട്ടിക്കുക മാത്രമല്ല തകർത്തെറിയുകയും ചെയ്തു. ധനപ്രഭുക്കന്മാർക്കും രാജാക്കന്മാർക്കും അവരുടെ പ്രേയസിമാർക്കും അവരുടെ ജീവനും സ്വത്തും, മുത്തുകൾക്കും പവിഴങ്ങൾക്കും മേലെ പ്രിയപ്പെട്ടതായി പരിപാലിക്കേണ്ടിവന്നു.

വ്യാപാരികൾക്ക് സമുദ്രാന്തരയാത്രകളുടെ സുരക്ഷിതത്വം കുറഞ്ഞപ്പോൾ പവിഴം വാങ്ങാൻ ആരും വരാതെയായി. ലോകത്തിൽ എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ മനാനയിലെ സൂഖിലും മുത്തും പവിഴവും അപ്രധാനമായി. സൂഖിലെ ഒന്നോരണ്ടോ വ്യാപാരികൾ മാത്രം കുറഞ്ഞ വിലക്ക് അവ വാങ്ങി സൂക്ഷിച്ചിട്ടു യുദ്ധം കഴിഞ്ഞപ്പോൾ വൻ തുകകൾക്ക് വിറ്റ് അമിത ലാഭം കൊയ്തു. അങ്ങനെ വാങ്ങിവച്ചാൽ യുദ്ധംകഴിഞ്ഞ് വില വർദ്ധിയ്ക്കുമെന്ന് ഊഹിക്കാൻ ഭൂരിപക്ഷം മുത്തുവ്യാപാരികൾക്കും പ്രയാസമായിരുന്നു. വാങ്ങിവയ്ക്കാൻ അമിത പണം നീക്കിയിരുപ്പായി അവരുടെ കയ്യിൽ ഉണ്ടായതുമില്ല. ഇടപാടുകൾ നടക്കാത്ത വലിയ കാലാവധിയിൽ അവർക്കു കഴിഞ്ഞു കൂടുവാൻ തന്നെ പ്രയാസമായി.

ഇംഗ്ലീഷുകാർ ദിൽമുനിയയുടെ ഭരണമേൽനോട്ടം വഹിക്കുന്നവരും സംരക്ഷകരും ആയതിനാൽ ദിൽമുനിയ ഇംഗ്ലീഷ്‌ ചേരിയിലെ യുദ്ധരാജ്യമായി പ്രഖ്യാപിച്ചു. തുർക്കി, യുദ്ധത്തിൽ ജർമ്മനിയുടെ പക്ഷത്ത് ചേർന്നപ്പോൾ തുർക്കി ഖിലാഫത്തിനെ തങ്ങളുടെ മതകേന്ദ്രമായും അവരുടെ നയങ്ങളെ മതനയമായും കണ്ടവർ ബ്രിട്ടീഷുകാരോട് പ്രതിഷേധിക്കുവാൻ തുടങ്ങി.

സുൽത്താൻ അനുകൂലികൾ ഇംഗ്ലീഷ് വിരുദ്ധരാകുകയും മനാനയിലെ സൂഖിൽ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. സൂഖിൽ ബ്രിട്ടീഷ്​ വിരുദ്ധ കലഹങ്ങൾ ആവർത്തിച്ചപ്പോൾ കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടി നിന്നുപോയി. സൂഖിലെ സ്വൈര്യജീവിതം തടസ്സപ്പെട്ടപ്പോൾ മുത്തുവാരൽക്കാരുടെ ജീവിതങ്ങൾ തകർന്നടിയാൻ തുടങ്ങി. പേരിനു മാത്രം നൽകുന്ന അരിയും പഞ്ചസാരയും മറ്റു ഭക്ഷ്യ വസ്തുക്കളും റേഷനായി വിതരണം ചെയ്തത് ഇംഗ്ലീഷ് സൈനികരാണ്. അതി സമൃദ്ധിയിൽ ജീവിച്ചിരുന്ന മക്കൾ പട്ടിണിയിൽ ദഹിക്കുന്നത് കണ്ടു നിൽക്കാനാവാതെ സൂഖിലെ ഒരു ധനികവ്യാപാരി ഒരു ചാക്ക് അരി മോഷ്ടിച്ചു കൊണ്ടുവരാൻ തന്റെ ജോലിക്കാരനെ പറഞ്ഞുവിട്ടു. വാല്യക്കാരൻ പിടിക്കപ്പെടുകയും വ്യാപാരി മോഷണക്കേസിൽ പ്രതിയാവുകയും ചെയ്ത വാർത്ത മനാനയിൽ എമ്പാടും പരന്ന കാര്യം ബാലനായിരുന്ന അമ്മി അഹമദ് ഖലീലിനു മറക്കാനാവാത്തതാണ്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments