ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

2. മിഷനറിമാർ വിതച്ച വിത്തുകൾ

റേബ്യയിൽ യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി അമേരിക്കയിൽ നിന്നുവന്ന മിഷനറിമാർ ഒന്നാം ലോകയുദ്ധത്തിന്​ ഇരുപതുവർഷങ്ങൾക്ക്‌ മുന്നേ ദിൽമുനിയയിൽ ആശുപത്രി തുടങ്ങിയിരുന്നു. ആശുപത്രി വേരുറപ്പിച്ചപ്പോൾ അവർ ബൈബിൾ വിതരണത്തിനുവേണ്ടി മനാനാ സൂഖിൽ ഒരു പുസ്തകക്കട തുടങ്ങി. ബൈബിൾ വിൽക്കുന്ന പുസ്തകക്കടയെ രൂക്ഷമായി എതിർക്കുകയും ആക്രമിക്കുകയും ചെയ്തിരുന്ന സ്വദേശികൾ യുദ്ധം ആരംഭിച്ചപ്പോൾ ലോകവാർത്തകൾ അറിയാൻ അവിടെ എത്തിച്ചേർന്ന് കൂട്ടംകൂടുന്നത് അന്ന്​ മിഷനറിമാരുടെ സഹായിപ്പയ്യനായി പുസ്തകക്കടയിൽ പോകുമായിരുന്ന അമ്മി അഹമദ് ഖലീലിനു നല്ല ഓർമയുണ്ട്.

നഖുദമാരുടെ കണക്കുപുസ്തകങ്ങളിൽ തൊഴിലാളികളുടെ കടങ്ങൾ യുദ്ധകാലത്ത് വെറുതെയിരുന്ന് പലിശയിൽ പെരുകി. മുപ്പത്തിരണ്ടാം വയസ്സിൽ പെട്ടെന്ന് മരണപ്പെട്ടപ്പോൾ രണ്ടാണും രണ്ടു പെണ്ണുമായി നാല് മക്കളും ഭാര്യയും ജദ്ദിന്റെ കടങ്ങളുടെ ഉത്തരവാദികളായി.

കടം ബാക്കിയാക്കി മരിച്ച മുങ്ങുകാരന്റെ ഭാര്യയെ വേണമെങ്കിൽ നഖുദയ്ക്കു സ്വന്തമാക്കാം. പനമ്പട്ടയും ചുള്ളികളും അടുപ്പിൽത്തള്ളി ഊതി കരിപിടിച്ച് സൗന്ദര്യം തീരയില്ലാതെ പോയ എന്റെ അമ്മൂമ്മ ഷിയാ അല്ല, സുന്നി ആയിരുന്നെങ്കിലും നഖുദ തന്റെ ഭാര്യമാരിൽ ഒരാളായി എടുക്കില്ലായിരുന്നു.

നാലുപേർ മാത്രമേ ജീവനോടെ ബാക്കി വന്നുള്ളൂവെങ്കിലും പത്തു കുഞ്ഞുങ്ങളെ പ്രസവിച്ച ആയമ്മയ്ക്ക് ബാല്യം മുതൽക്കേ ഒരു കണ്ണിന്​ കാഴ്ചയില്ലായിരുന്നു. മിഷനറിമാർ തുടങ്ങിയ ആശുപത്രിയിൽ കൊണ്ടുപോയാൽ കാഴ്ച കിട്ടുമെന്ന് എല്ലാവരും പറഞ്ഞെങ്കിലും അതിന്​ സൗകര്യവും അവസരവും വരുന്നതിനുമുന്നേ ജദ്ദ് പെട്ടെന്ന് കടലിനടിയിൽ വച്ചു മരിച്ചു മറഞ്ഞു.

പതിനാലു വയസ്സെത്തിയ മൂത്ത കുട്ടി ഇബ്രാഹീമിനോട് പത്തേമാരിയിൽ തബാബ് ആവാൻ നഖുദ ആവശ്യപ്പെട്ടു. ക്യാപ്റ്റനായ നഖുദയുടെ ഭക്ഷണവും മറ്റു സംവിധാനങ്ങളും ഉറപ്പാക്കുന്ന ജോലിയാണ് തബാബിന്റേത്. ഇബ്രാഹിമിന് മുങ്ങുകാരനായി ജോലി പരിശീലനവും നേടാമെന്ന് നഖുദ അനുമതി നൽകുകയും ചെയ്തു. തട്ടിലെ വരുമാനം വീതം വയ്ക്കുമ്പോൾ തബാബിന്​ ഓഹരിയ്ക്ക് അർഹത ഇല്ലെന്നുമാത്രം.

എന്റെ അബ്ബ ഇബ്രാഹീം അബാദി പതിനഞ്ചുതികയും മുന്നേ കടലാഴങ്ങളുടെ രഹസ്യങ്ങൾ അറിഞ്ഞു തുടങ്ങിയത് അങ്ങനെയാണ്.

അബ്ബയുടെ ഫിതം തഴമ്പുകൾ വിടരുന്ന കഥാവേളയാണ്, മുങ്ങുകാരന്റെ ജോലി ചെയ്തു പഠിക്കാൻ അബ്ബ കടൽത്തട്ടിൽ ആദ്യം പോയ അനുഭവങ്ങൾ. അബ്ബ അവിടെ എന്റെ ജദ്ദിനെ കണ്ടു. മുത്തുവാരൽ ജോലിക്കാരുടെ ഭാഗ്യനിർഭാഗ്യങ്ങളുടെ ജിന്നും ജദ്ദിന്റെ കൂടെയുണ്ടായിരുന്നു.

അബ്ബ ജിന്നിനെ കണ്ടില്ല, പവിഴപ്പുറ്റിന്റെ അരികത്ത്​ വലിയ തിളക്കത്തിന്റെ മിന്നായം മാത്രമാണ് കണ്ടത്.

ജിന്ന് പറയുന്ന ഭാഷ ബാലനായ ഇബ്രാഹീമിന് മനസ്സിലാക്കാൻ പ്രയാസമാണ്.

മൂക്കിലും ചെവിയിലും വെള്ളം കയറി പനിച്ചു പകുതി ബോധത്തിൽ പത്തേമാരിയുടെ തട്ടിൽ കിടക്കുമ്പോൾ ജദ്ദ് അരികത്തുചെന്ന് ജിന്നിന്റെ ഉപദേശങ്ങൾ അബ്ബയ്ക്ക് പറഞ്ഞു കൊടുക്കും. ഒന്നാം തരം മുങ്ങുകാരനെന്ന് പേരെടുക്കാനുള്ള വിദ്യകൾ ഉപദേശിക്കും. അബ്ബയ്ക്ക് ഭാഗ്യം വരുന്നുണ്ടെന്നു ജിന്നാണ് പറഞ്ഞത്.

എന്റെ അബ്ബ തലമുറകളുടെ കടങ്ങൾ വീട്ടി കിരാതനായ നഖുദയുടെ കൈകളിൽ നിന്ന് അബാദി കുടുംബത്തെ മോചിപ്പിക്കുമെന്ന ജിന്നിന്റെ പ്രവചനം അബ്ബയുടെ അബോധങ്ങളിലേക്ക് തറച്ചുകയറി. അബ്ബയ്ക്ക് മക്കൾ പിറക്കുമ്പോൾ അവർക്ക് അടിമത്തത്തിന്റെ അടയാളങ്ങൾ ബാക്കിനിൽക്കുന്ന അബാദി ചേർത്ത പേരുകൾ വേണ്ടെന്ന്​ ജിന്ന് ഉപദേശിച്ചു. മൂന്നുവർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ പതിനെട്ടാം വയസ്സിൽ അബ്ബ മുങ്ങുകാരനായി. സലഫു കിട്ടാൻ അർഹതയുണ്ടാവു കയും സീസന്റെ ഒടുവിൽ വീതംവയ്ക്കുമ്പോൾ ഓഹരി കിട്ടാൻ യോഗ്യത നേടുകയും ചെയ്തപ്പോൾ മുങ്ങുകാരനായ ദിവസം അബ്ബയ്ക്ക് അടക്കാനാവാത്ത സന്തോഷമായിരുന്നു.

പട്ടിണിയുടെ കെടുതികളിൽ ഉഴലുന്ന കുടുംബത്തെ രക്ഷിക്കാൻ താൻ പ്രപ്തനായെന്ന ചിന്ത അബ്ബയ്ക്ക് അഭിമാനം നൽകി.

തലേ രാത്രിയിൽ എന്റെ ജദ്ദ് ജിന്നിനെയും കൂട്ടി മകനെ അനുഗ്രഹിക്കാൻ ചെല്ലുമെന്ന് അബ്ബ തീവ്രമായി ആഗ്രഹിച്ചു. ഉറക്കം വരാതെ കിടക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് അവരെ കാത്തു. വരാതിരുന്നപ്പോൾ സങ്കടപ്പെടുകയും ജദ്ദിനോട് പരാതികൾ പറയുകയും ചെയ്തു.

ദേഹത്ത് മുട്ടിയുറങ്ങുന്ന മുങ്ങുകാരൻ ഉണർന്ന് പിച്ചുംപേയും പറയാതെ കിടന്നുറങ്ങാൻ അബ്ബയെ ശകാരിച്ചു. അബ്ബ പിന്നീടൊരിക്കലും ജദ്ദിനെയും ജിന്നിനെയും കണ്ടില്ല. പിറ്റേന്ന് മുങ്ങുകാരനായി ജോലി ചെയ്യാൻ ആദ്യമിറങ്ങിയപ്പോൾ പനയോല വല്ലം പിടലിയിൽ ഇട്ടുകൊടുത്തത് നഖുദയാണ്.

അബ്ദുള്ള അബാദിയെപ്പോലെ ഇനിയുമിനിയുമെന്ന് മുത്തുച്ചിപ്പികൾ പെറുക്കി വൈകിപ്പോകാതെ സമയത്തുതന്നെ മുകളിലേക്ക് മടങ്ങണം
എന്നയാൾ പറഞ്ഞപ്പോൾ അബ്ബയുടെ ഉള്ളിലെ നെരിപ്പോടിൽ തീയൊന്നാളിക്കത്തി.

സുബഹാനള്ള, നല്ല കോരുകൾ കിട്ടി തട്ടിൽ എല്ലാവരുടെയും കടങ്ങൾ വീട്ടാൻ അല്ലാഹു ഇട വരുത്തട്ടെയെന്ന് നഖുദ നല്ല വാക്കുകൾ പറഞ്ഞു. അതിനോടകം പത്തേമാരിത്തട്ടിൽ അബ്ബയ്ക്ക് നല്ലപേരും പറച്ചിലും വന്നിരുന്നു. അബ്ബ തികഞ്ഞ മുങ്ങുകാരനായെന്നും തുടക്കത്തിൽ തന്നെ അബ്​ദുള്ള അബാദിയേക്കാൾ പ്രഗത്ഭനാണെന്നും കടലിനടിയിൽനിന്ന്​ വലിയഭാഗ്യങ്ങൾ മുങ്ങിയെടുത്ത് കൊണ്ടുവരുമെന്നും നഖുദ വിശ്വസിക്കുന്നുവെന്ന് അയാളുടെ പെരുമാറ്റരീതിയിൽ നിന്ന് അബ്ബയ്ക്ക് മനസ്സിലായി.

ജിന്ന് തനിക്കു ഭാഗ്യമുള്ള മുത്തുച്ചിപ്പികൾ തന്നിട്ടുണ്ടെന്ന് അബ്ബ എന്നും വിശ്വസിച്ചു. കാരണം, അവരുടെ പത്തേമാരിത്തട്ടിൽ നല്ല മുത്തുകൾ വരുമ്പോഴുള്ള സുബഹാനള്ള വിളികൾ പലപ്പോഴും ഉയരുകയും ഹിസാബിന്റെ പുസ്തകത്തിൽ അവരുടെയെല്ലാം പുതുക്കടങ്ങൾ കുറയുകയും ചെയ്തു. മുങ്ങിപ്പോകുമ്പോൾ അബ്ദുള്ള അബാദി തന്റെയുള്ളിലേക്ക് കയറിപ്പോയി താനായി മാറുമെന്ന് മുങ്ങുകാരനായി ജോലി ചെയ്ത എട്ടുവർഷങ്ങളിലും അബ്ബ വിശ്വസിച്ചു.

രാത്രി തട്ടിൽ നക്ഷത്രങ്ങൾക്കുകീഴെ ചേർന്നുകിടന്നുറങ്ങുമ്പോൾ അമ്മി അഹമദ് ഖലീലിനോട് മാത്രം അത് പറയുകയും ചെയ്തു. കടലിന്നഗാധതയിൽ അബ്ബ ഹസ്ബ പവിഴത്തെ ഗർഭത്തിൽ പേറുന്ന മുത്തുച്ചിപ്പികളെയും ജിന്നിന്റെ മാസ്മരികമായ തിളക്കവുമാണ് എപ്പോഴും തേടിയത്.

അറബികളെ മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികളാക്കാൻ അമേരിക്കയിൽ നിന്നുവന്ന മിഷനറിമാർ മനാനയിൽ ഒരുവീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയപ്പോൾ അയൽവീട്ടിൽ സഹായിക്കാൻ ചെല്ലുന്ന ബാലനായിരുന്നു അമ്മി അഹമദ് ഖലീൽ. അമേരിക്കക്കാർക്ക് എന്താണ് പ്രത്യേകതകയന്നോ അവർ ആരെന്നോ അറിയാതെ കാഴ്ചയിലെ സവിശേഷതയിൽ ആകൃഷ്ടനായാണ് കുട്ടിയായ അമ്മി അവരുടെയൊപ്പം കൂടിയതെന്ന് പറഞ്ഞിട്ടുണ്ട്.

മിഷനറിമാർ ആശുപത്രി തുടങ്ങിയപ്പോൾ അവിടെ കയ്യാളായും അടുക്കളപ്പണികളിൽ അവരെ സഹായിച്ചും അമ്മി നിന്നു. വേനലിലെ വലിയ സീസണിൽ മുത്തുവാരൽപ്പണിക്ക് പോകുന്നതുകഴിച്ച് ബാക്കി കാലമെല്ലാം അമ്മി അവരുടെ ഒപ്പംതന്നെയായി. തപ്പിയും തടഞ്ഞും അവരുടെ ഭാഷ സംസാരിക്കാൻ ശ്രമിക്കുകയും കുറേ ശീലിക്കുകയും ചെയ്തു. അറബികളിൽനിന്ന് ആരെയും മതം മാറ്റാൻ കഴിയുന്നില്ലല്ലോയെന്ന് അവർ പരസ്പരം സങ്കടപ്പെടുന്നത് അമ്മി കേട്ടിട്ടുണ്ട്.

ദിൽമുനിയക്കാരുടെ രോഗങ്ങൾക്കും വേദനകൾക്കും സാന്ത്വനം പകരുവാൻ ആതുരാലയങ്ങളും അവിടെ പുതിയ ചികിത്സാരീതികളും തുടങ്ങിയതാണ് അമ്മിയെ അവരുടെ ആരാധകനാക്കിയത്. അവരെവിട്ട് മറ്റൊന്നിനും പോകാഞ്ഞതിനു അമ്മി കുറെ കാരണങ്ങൾ പിന്നെയും എണ്ണിപ്പറയും. ക്രിസ്തുമതത്തിലേക്ക് ആളെക്കൂട്ടാൻ അവർ ചെയ്ത സൗജന്യ ചികിത്സകളും ധർമ്മൗഷധശാലയുമാണ് പിന്നീട് ദിൽമുനിയയിലെ ആശുപത്രികൾക്ക് വഴിയൊരുക്കിയത്. മിഷനറിമാർ നടത്തിയ പ്രൈമറി സ്​കൂളിൽ ഇംഗ്ലീഷ് അക്ഷരം പഠിച്ച അറബി ബാലന്മാരാണ് മനാനയിൽ ഇംഗ്ലീഷുകാരുടെ ഭരണഓഫീസ് വന്നപ്പോൾ അവിടെ ചെറുജോലികൾ ചെയ്യുന്നവരും പരിഭാഷക്കാരുമായത്. ചെറുജോലിക്കാർക്ക് ഭരണഓഫീസിലുണ്ടായ സമ്പർക്കബന്ധങ്ങൾ സമൂഹത്തിലെ വലിയ സ്ഥാനങ്ങളിലേക്ക് കയറിപ്പോകാൻ അവരെ സഹായിച്ചു, പക്ഷേ ആ മാർഗത്തിലൂടെ പോയിട്ട് സ്വന്തം വ്യകതിജീവിതവും നന്മയും സൗഭാഗ്യങ്ങളും പടുത്തുയർത്താനല്ല അമ്മി മുതിർന്നത്.

താൻ ജോലി ചെയ്യാൻ പോയപ്പോൾ അനുഭവിച്ച മുത്തുവാരൽ തൊഴിലാളികളുടെ സഹനങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ജീവിക്കാനാണ് യൗവനമെത്തി യപ്പോൾ അമ്മിയ്ക്ക് തോന്നിയത്. ഹിസാബിൽ കടം ബാക്കിയില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും പത്തേമാരിയിലെ പണി കളഞ്ഞിട്ടുപോകാൻ അമ്മിയ്ക്ക് തടസ്സമില്ലായിരുന്നു. എന്നാൽ മുത്തുവാരൽത്തൊഴിലാളികളെ എല്ലാവരെയും മോചിപ്പിക്കുക എന്നത് അമ്മിയുടെ ജീവിതലക്ഷ്യമായത് എന്റെ അബ്ബയെ അതിശയിപ്പിച്ചു.

അമ്മിയുടെ പ്രേരണയിൽ ഒരാൾക്കൂട്ടം ദുഷ്ടനായ ഒരു നഖുദയുടെ മനാനയിലെ വീട്ടിൽ കയറി ഹിസാബിന്റെ പുസ്തകം പിടിച്ചെടുത്ത് കീറിക്കളഞ്ഞ സംഭവം വിവരിക്കുമ്പോൾ അബ്ബയുടെ കണ്ണുകളിൽ വലിയ തെളിച്ചം വിടരും. ഇംഗ്ലീഷ് ഭരണ ഓഫീസ് മുത്തുവാരലിന് പുതിയ നിയമാവലി ഉണ്ടാക്കിയപ്പോൾ അമ്മി അതിനെ പിന്തുണച്ചു. അതിൽ മുങ്ങുകാരന് സലഫ് നൂറു രൂപയെന്നും വലിക്കാരന് എൺപതെന്നും നിജപ്പെടുത്തിയത്​ ഇഷ്ടപ്പെടാതിരുന്ന ജോലിക്കാർ അപ്പോൾ അമ്മിയെ മാനിക്കാതെ അതിനെ എതിർത്തിട്ടും അദ്ദേഹത്തിന് മനം മടുപ്പ് ഉണ്ടാവുകയോ തന്റെ ലക്ഷ്യത്തിൽനിന്ന് പിന്മാറുകയോ ചെയ്തില്ല. പൂർവികരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും നഖുദമാരുടെ ഹിസാബിന്റെ പുസ്തകങ്ങൾ പരിശോധിക്കാൻ ഗവൺമെൻറ്​ ഉദ്യോഗസ്ഥരെ വയ്ക്കണമെന്നും അമ്മി ഉയർത്തിയ രണ്ട്​ ആവശ്യങ്ങൾ ഇംഗ്ലീഷ് അധികാരികൾ അംഗീകരിച്ചു. നിയമാവലിയിലെ ആ രണ്ടു നിബന്ധനകൾ മുത്തുവാരൽത്തൊഴിലാളികളുടെ കാൽചങ്ങലകളെ മുറിച്ചുമാറ്റുന്നതായതിനാലാണ് അമ്മി നിയമാവലിക്കുവേണ്ടി നിലകൊണ്ടത്.

അവനവെന്റ പേരിലെ കടം വേറെ ജോലിക്കുപോയി തവണകളായി വീട്ടാമെന്നും മുൻ നഖുദമാരല്ലാത്തവരെ മുത്തുവാരൽക്കോടതിയിലെ ജഡ്​ജിമാരാക്കുമെന്നും പുതിയ നിയമാവലിയിലെ വ്യവസ്ഥകൾ പണിക്കാർക്ക് വേണ്ടിയാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടപ്പോഴും അമ്മി നിരാശനായില്ല.

ദിൽമുനിയയിൽ ചെയ്യാൻ വേറേ ജോലിയേതെന്ന്​ ദേഷ്യപ്പെട്ടവരോട് മോട്ടോർ കാറുകളും വൈദ്യുതിയും ഉടനെ വരാൻ പോകുന്നുവെന്ന് അമ്മി മറുപടി പറഞ്ഞു. മിഷൻ ആശുപത്രിയിലെ പറങ്കികളുടെ മന്ത്രവാദത്തിൽ അമ്മിയെ ശെയ്ത്താൻ ബാധിച്ചിരിക്കുകയാണെന്നുപറഞ്ഞ് അവർ അമ്മിയെ തള്ളിക്കളഞ്ഞു.

കൗശലക്കാരായ ഇംഗ്ലീഷുകാർ സുന്നികളുടെയും ഷിയാക്കളുടെയും ഖാളിമാരെക്കൊണ്ട് ഒരുമിച്ചു പറയിച്ച് നിയമം നടപ്പിലാക്കി. അപ്പോഴേക്കും അബ്ബ മുങ്ങുകാരനായി ജോലി തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. അമ്മി പറയുന്നതെല്ലാം ശരിയാണെന്ന് അബ്ബയ്ക്ക് എപ്പോഴും ബോധ്യമായിരുന്നു. ആരെല്ലാമെതിർത്താലും അബ്ബ അമ്മിയെ എപ്പോഴും പിന്തുണച്ചു. സ്നേഹത്തോടെ അഹുയീ, എന്റെ സഹോദരാ എന്നു വിളിച്ച്​ അബ്ബ എപ്പോഴും അമ്മിയുടെ പിന്നാലെ നടന്നു.

മുത്തുവാരൽ തൊഴിൽ ക്രമപ്പെടുത്തിയ നിയമം ബ്രിട്ടീഷുകാർ നടപ്പിലാക്കിയത് 1924-ലാണ്​. ഗവൺമെൻറ്​ അടുത്ത വർഷം നഖുദമാരുടെ നേതാവായി ഒരു പ്രമാണിയെ തിരഞ്ഞെടുത്തു. അത്തരമൊരു പദവി ആദ്യമായിട്ടായതിനാൽ അക്കൊല്ലം വലിയ സീസന്റെ അവസാന ദിവസം ആ പ്രമാണി മുത്തുവാരൽ ജോലിക്കാർക്കായി ഒരു വമ്പിച്ച അത്താഴം സൽക്കാരമായി ഏർപ്പാട് ചെയ്തു. സമൃദ്ധമായി വിളമ്പിയ വിരുന്നുണ്ടശേഷം അടുത്തടുത്തായി നങ്കൂരമിട്ട പത്തേമാരികളിൽ ജോലിക്കാർ കിടന്നുറങ്ങി. പുലരുമ്പോൾ മടങ്ങിച്ചെന്ന്​വീട്ടുകാരെയും പ്രിയപ്പെട്ടവരെയും കാണാമെന്നും ഏറെക്കാലം കഴിഞ്ഞിട്ട് ഭാര്യമാരുമായി ഇണ ചേരാമെന്നും സങ്കൽപ്പത്തിൽ സന്തോഷവാന്മാരായാണ് അവർ ഉറക്കത്തിലേക്ക് പോയത്.

ഒരു സീസൺ നിറയെ നീണ്ടുനിന്ന തൊഴിൽദുരിതങ്ങൾക്കുമേലേ അസുലഭമായ വിരുന്നുവിഭവങ്ങളുടെ മദം പൂണ്ട് അവർ ഉറങ്ങിക്കിടക്കുമ്പോൾ ഒരു ചുഴലിക്കാറ്റ് അതിശക്തിയായി വീശിയടിച്ചു.

അര മണിക്കൂർ നേരം കടലിലും കരയിലും എല്ലാം തകർത്തെറിഞ്ഞ ചുഴലിക്കാറ്റ് പത്തേമാരികളെ കടലിൽ തലകീഴായി ചുഴറ്റിയെറിഞ്ഞു. ഉണ്ടു തളർന്ന്​ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നതിനാൽ അവരിലെ മുങ്ങൽ വിദഗ്ദ്ധന്മാർ പോലും ഉണർന്ന്​ പരിസരബോധമുണ്ടായി തയ്യാറെടുക്കും മുൻപേ കടൽത്തട്ടിലേക്ക് വലിച്ചെറിയപ്പെട്ടു. രണ്ടായിരത്തോളം പേർ കടലിൽ മരിച്ചു പോയതിൽ ഒട്ടേറെ മുങ്ങുകാരുമുണ്ടായിരുന്നു. അടുത്തുകിടന്നുറങ്ങുകയായിരുന്ന അമ്മി അഹമദ് ഖലീൽ കടലാഴങ്ങളിലേക്ക് കൂപ്പുകുത്തുന്നതുകണ്ട് എന്റെ അബ്ബ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുത്തു കൊണ്ടുവരാൻ പിന്നാലെ കുതിച്ചു.

അമ്മിയെ കൈപിടിച്ച്​ ജലോപരിതലത്തിലേക്ക് കൊണ്ടുവരുമ്പോൾ തന്റെ വല്ലത്തിൽ ഒരു ഹസ്ബ ഉണ്ടെന്ന ഭാവനയോടെ പൊങ്ങിവരാറുള്ള നേരങ്ങളിലെ ഹർഷോന്മാദം അനുഭവിച്ചുവെന്ന് അബ്ബ പറയും.

മനാനയിലെ റാസ് കുലൈബിൽ കൂരയും ചുമരുകളും പനയോല മേഞ്ഞ, ഒന്നൊന്നിനോട് ചേർന്നിരിക്കുന്ന ബരസ്തിയെന്നു വിളിച്ചിരുന്ന കുടിലുകളുടെ നീണ്ട നിരയിലാണ് അമ്മി അഹമദ് ഖലീലിന്റെ കുടുംബം താമസിച്ചിരുന്നത്. കുടിലുകൾക്ക് ഊന്നുകളും അത്യാവശ്യം കഴുക്കോലുകളും പനയുടെ തടിയിൽ നിന്നുണ്ടാക്കും. ധനികർ കെട്ടിടങ്ങൾ പണിയിക്കുന്നത് കടൽത്തീരത്തുനിന്ന് പെറുക്കികൊണ്ടുവരുന്ന ഹസ എന്ന കടൽക്കല്ലുപയോഗിച്ചാണ്. കക്കകളും ചിപ്പിക്കൂടുകളും വലിയ മീനെല്ലുകളും തുടങ്ങി കടലിലെ ജൈവാവശിഷ്ടങ്ങളും ജൈവസ്രവങ്ങളും മണ്ണും ചേർന്ന്​ കൊടുംചൂടിൽ ഉരുകിയുണ്ടാവുന്നതാണ് ഹസയെന്ന കടൽക്കല്ല്. നല്ല ബലശേഷിയുള്ളതാണെങ്കിലും ഹസ ചതുരമായിട്ടോ വട്ടത്തിലോ അല്ലെങ്കിൽ ഏതെങ്കിലും ജ്യാമിതീയ ആകൃതിയിലോ രൂപമൊത്തിട്ടല്ല.

അമ്മി അഹമദ് ഖലീൽ ഹസയെ അഴകില്ലാത്ത മുത്തെന്നാണ് വിളിച്ചത്. മുള്ളും മുനയുമുള്ള പന്തുകൾ പോലെ തീരങ്ങൾ മുതൽ അരയൊപ്പം ആഴത്തിൽ വരെ അവ ധാരാളമായി കടലിലും കരയിലുമായി ചിതറിക്കിടക്കും. നല്ല വീതിയിൽ ഹസ നിരത്തി വച്ച് അവയ്ക്കിടയിൽ ചാന്തായി പശമണ്ണ് കുഴച്ചുനിറച്ച കനംകൂടിയ അടുക്കിനുമേൽ വീണ്ടും ഹസയുടെ അടുക്കു പണിത് നടുവിൽ പൊള്ളഭാഗമുള്ള കനമേറിയ ഭിത്തികളോടെയാണ് ധനികപ്രഭുക്കൾ കെട്ടിടങ്ങൾ വയ്ക്കുന്നത്.

നിർമാണത്തിനുവേണ്ട സാമഗ്രികളും ഹസയും വിലയേറിയതായതിനാൽ അതിധനികരുടെ ഭവനങ്ങൾ മാത്രമാണ് കെട്ടിടങ്ങൾ. പെട്രോൾ സമ്പത്ത് വന്നതിനുശേഷം ദ്വീപിലെ ഗ്രാമങ്ങളിലെ ഈന്തപ്പനത്തോട്ടങ്ങളിൽ പനയോലക്കുടിലുകൾ മാറി ഹസ ഭിത്തിയുള്ള വീടുകളുണ്ടായിത്തുടങ്ങി. അപ്പോഴാണ് എന്റെ അബ്ബയും ഞാനും ചേർന്ന് ഹസയുടെ കച്ചവടം തുടങ്ങിയത്.

കടൽത്തീരങ്ങളിൽ ഹസ പെറുക്കാൻ ഞങ്ങൾ ആളുകളെ ജോലിക്കുവച്ചു. അവർ പെറുക്കിക്കൂട്ടിയ കടൽക്കല്ലുകൾ കഴുതവണ്ടികളിൽ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയി ആവശ്യക്കാർക്ക് വിറ്റാണ് ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ശുദ്ധജലം ചീറ്റുന്ന സ്രോതസ്സുകളിലെ കിണറുകളിൽ നിന്ന് വലിയ തുകൽസഞ്ചികളിൽ കുടിവെള്ളം ശേഖരിച്ച് വിദൂര ഗ്രാമങ്ങളിലേക്ക് കഴുതവണ്ടിയിൽ കൊണ്ടുപോയി വിൽക്കുന്ന ജോലി ചെയ്തിരുന്ന എനിക്ക് ഹസയുടെ ബിസിനസ് ഉപദേശിച്ചുതന്നത് അമ്മി അഹമദ് ഖലീലാണ്. മെല്ലെമെല്ലെ ഹസയുടെ ഭിത്തികൾ ചെയ്യാൻ കരാറുകളെടുക്കാൻ അമ്മി പറഞ്ഞു. നാളത്തെ ദിൽമുനിയാ എന്തായിരിക്കുമെന്ന് ഞങ്ങളോട് പ്രവചിക്കുകയും ബിസിനസ് തുടങ്ങാൻ വഴികൾ ഉപദേശിക്കുകയും ചെയ്ത അമ്മി സ്വയം അതിനൊന്നും ഒരുമ്പെട്ടില്ല.

ബരസ്തിയിലെ അമ്മിയുടെ വീടിനയലത്ത് സൂഖിലെ ഇറാനി കച്ചവടക്കാരൻ പൂട്ടിയിട്ടിരുന്ന കെടിടം വൃത്തിയാക്കി മിഷനറിമാർ താമസം തുടങ്ങിയപ്പോൾ അയൽക്കാർ വലിയ നിസ്സഹകരണത്തിലായിരുന്നു. കടൽക്കൊള്ളക്കാരുടെ കയ്യിൽ പെടരുതേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ബരസ്തിയിലെ ആളുകൾ അനന്തതയിലേക്ക് വഴിക്കണ്ണുമായി കാത്തിരിക്കുന്നത് അരിയും പഞ്ചസാരയും എണ്ണയും ധാന്യങ്ങളും കടൽകടന്ന് എത്തിച്ചേരാനാണ്. ആ ചരക്കുകൾ മനാന പോർട്ടിലേക്ക് കപ്പലിൽ അയക്കുന്ന ഇന്ത്യയാണ് അവർക്ക് പരിചിതമായ പുറംലോകം.

തങ്ങളുടെ കിഴക്കോട്ടുള്ള യാത്രയിൽ വിശ്രമിക്കാൻ മനാന പോർട്ടിലിറങ്ങി നാട്ടാചാരങ്ങളെ മുഴുവനും ലംഘിക്കാൻ ശ്രമിക്കുന്ന പറങ്കികൾ അവർക്ക് അനഭിമതരായ അതിഥികളാണ്. മിഷനറിമാർ ആരംഭിച്ച ഡിസ്പൻസറിയിലാണ് തങ്ങളുടെ കണ്ണിനും പല്ലിനുമുള്ള വ്യാധികൾക്ക്​ പരിഹാരമുള്ളതെന്നും വേറെ എവിടെയും അത് ലഭിക്കുകയില്ലെന്നും മനസ്സിലാക്കിയ അയൽക്കാർ പതുക്കെ നിലപാട് മാറ്റി. മിഷനറിമാർ വലിയ കെട്ടിടം പണിത് അവരുടെ ചെറിയ ഡിസ്പൻസറിയെ ഒരു ആശുപത്രിയാക്കി മാറ്റിയപ്പോഴാണ് ദിൽമുനിയയിൽ പ്ലേഗ് പടർന്നുപിടിക്കുന്നത്. മഹാവ്യാധി പിടിപെട്ട് ജനങ്ങൾ കൂട്ടത്തോടെ മരിച്ചു വീണപ്പോൾ മിഷനറിമാരും ആശുപത്രിയും രക്ഷാപ്രവർത്തനങ്ങളുമായി ഇറങ്ങിച്ചെന്ന് പ്ലേഗ് പടർന്നുപിടിക്കുന്നതിനെതിരെ പ്രതിരോധപ്രവൃത്തികളിൽ ഏർപ്പെട്ടു. പ്ലേഗ് ദിൽമുനിയയിൽ പകർച്ചവ്യാധിയായി പടർന്നത് മിഷനറിമാർ വന്നതിന്റെ ചീത്ത ഫലമാണെന്ന് നാട്ടുകാർ വിശ്വസിച്ചു.

ശെയ്ത്താനുകളേ, ഒഴിഞ്ഞു പോകൂ എന്ന് ബരസ്തിയുടെ മുകളിൽ കയറി ആശുപത്രിയെ ശപിക്കുകയും വിലപിക്കുകയും ചെയ്ത തന്റെ അയൽക്കാർ അമ്മിക്കു മറക്കാനാവാത്ത ഒരു ബാല്യകാലസ്മരണയാണ്. ശാന്തരായിരുന്ന് ആ ശാപവാക്കുകളെല്ലാം അന്ന് ഏറ്റുവാങ്ങിയ മിഷനറിമാർ ബാലനായ അമ്മിയെ അതിശയിപ്പിച്ചു.

മിഷനറിമാർ അതിനുശേഷവും പ്ലേഗ് രോഗികളെ ചികിത്സിക്കാനായി ആ ബരസ്തിയിലേക്കും മറ്റു ബരസ്തികളിലേക്കും ക്ഷമയോടെ കടന്നുചെന്നു. അവരുടെയൊപ്പം പോകണമെന്നും അവരെപ്പോലെ തനിക്കും ആകണമെന്നും അമ്മി അഹമദ് ഖലീൽ നിശ്ചയിച്ചു. അന്നുമുതൽക്കേ വീട്ടുകാരുടെ സമ്മതം ഇല്ലാതെപോലും മിഷനറിമാരുടെ സഹായിയാകാൻ അവസരങ്ങൾ തേടി അമ്മി നടന്നു. തന്റെ സ്വഭാവം രൂപപ്പെട്ടതിൽ സാരമായ പങ്കുള്ള മറ്റൊരു സംഭവം കൂടി അമ്മി ആവർത്തിക്കും. സൂഖിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ ഒരു മിഷനറിയുടെ സഹായിയായി അമ്മി ഒപ്പം നടന്നുവരികയാണ്. ഒരു പഴക്കച്ചവടക്കാരെന്റ മുന്നിൽ മുന്തിരിപ്പഴം വാങ്ങാനായി അവർ നിന്നു. ആയുധമണിഞ്ഞ ഒരാൾ അവിടേക്ക് ചെന്നിട്ട്​, രാജകിങ്കരനാണെന്നും മുന്തിരി രാജകുടുംബത്തിലേക്ക് വേണമെന്നും ശഠിച്ചുകൊണ്ട് വില്പന തടഞ്ഞു.

കിങ്കരന്റെ മുന്നിൽ വച്ചുതന്നെ മിഷനറി മുന്തിരി കാല്ക്കീഴിലിട്ടു ചവിട്ടിയരച്ചു. അങ്ങനെയെങ്കിൽ ഇതാർക്കും വേണ്ട എന്നുഉറക്കെപ്പറഞ്ഞുകൊണ്ട് മിഷനറി വാളേന്തി നിൽക്കുന്ന രാജകിങ്കരന്റെ നേർക്ക് നിവർന്നുനിന്നു. കിങ്കരൻ മിഷനറിയെ ഒന്നും ചെയ്തില്ല.

ആ ധിക്കാരം സമക്ഷത്തിങ്കൽ അറിയിച്ച് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് അയാൾ ആക്രോശിച്ചുനിന്നതേയുള്ളൂ. എന്തുണ്ടാവുമെന്ന് കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയിട്ട് അയാൾ പോയി. നിലനിൽക്കണമെങ്കിൽ നിവർന്നു നിൽക്കാൻ പഠിക്കണമെന്ന് ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അമ്മി എപ്പോഴും പറയുമായിരുന്നു.

മിഷനറിമാർ വെട്ടിത്തെളിച്ച വഴിയിലുടെ നടന്നയാളാണ് അമ്മി അഹമദ് ഖലീലെന്നു പറയുമ്പോൾ അബ്ബയിൽ ആദരവ് നിറയും.▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments