ചിത്രീകരണം: ദേവപ്രകാശ്​

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

3. പല കാലങ്ങളിലെ മുല്ലപ്പൂ വിപ്ലവങ്ങൾ

‘‘അസ്സലാമു അലൈക്കും ഹജ്ജി’ എന്ന്​ അഭിവാദനം ചെയ്​ത്​ എന്റെ കിടക്കക്കരികിൽ വന്നിരിക്കുന്നത് ഡോ. നബീൽ മൻസൂർ ആണ്. കൂടെ എന്റെ കൂട്ടിരിപ്പുകാരായ നഴ്‌സുമാരുമുണ്ട്. ഡോ. നബീൽ മൻസൂർ ദിവസവും ഒരുനേരം വന്നെന്റെ അരികത്തിരുന്നു പരിശോധിക്കും. എന്റെ മറുപടിയൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് അസ്വസ്ഥതകൾ ഒന്നുമില്ലല്ലോ എന്നുതുടങ്ങി കുറേ കാര്യങ്ങൾ അന്വേഷിക്കും.

മുറിയിൽ മനുഷ്യശബ്​ദങ്ങൾ വീണുചിതറുന്നത് ഞാൻ നന്നായി ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. കടന്നുവരുന്നവരെല്ലാം അധികമായ ബഹുമാനത്തോടെ അടക്കിപ്പിടിച്ചു മന്ത്രിക്കുന്നതിനേക്കാൾ എനിക്ക് പ്രിയം മനുഷ്യശബ്​ദങ്ങളും അവരുടെ ആരവങ്ങളും ഉയർന്നുകേൾക്കുന്നതാണ്. അത്​ ജീവിതോത്സവങ്ങളുടെ ലാഞ്ചന എന്നിലേക്കുപകരും.

വീൽചെയറിലും ആൾസഹായത്തിലുമായി ഈ കിടക്കയുടെ സമീപത്തേക്ക് കൊണ്ടുവരുമ്പോൾ എന്റെ ഹൈഫ അവളുടെ ദുർബല ശബ്ദത്തിൽ എന്നോട് പറയുന്നതെല്ലാം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. രാവിലെയുള്ള ഉണർച്ചയ്ക്കും വൈകീട്ട് ചേക്കേറാൻ വരുമ്പോഴും എന്റെ അബ്ബയുടെ കിളിക്കൂട്ടങ്ങളുയർത്തുന്ന കലപിലയുടെ വലിയ മേളം കേൾക്കാൻ രണ്ടുനേരവും ഞാൻ ബോധത്തോടെ ഉണർന്നിരിക്കുന്നുണ്ട്. എന്റെ പ്രിയം അറിയിക്കുവാൻ ഇനി ഒരുവഴിയുമില്ലാ ത്തിടത്ത് ഞാൻ എത്തിച്ചേർന്നിരിക്കുന്നു.

ശരീരനില മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നുവെങ്കിലും എന്നും വന്ന് പരിശോധിക്കണമെന്ന നിർബന്ധം ഡോക്ടറുടേതാണ്. ഭക്ഷണകാര്യങ്ങളിലോ മരുന്നുപരിചരണത്തിലോ ചെറിയ മാറ്റങ്ങൾ ഡോ. നബീൽ നഴ്‌സുമാരോട് നിർദ്ദേശിക്കും.

എമ്മിയെസ് കമ്പനിയുടെ സ്കോളർഷിപ്പിൽ ബിരുദവും ഉപരിപഠനവും നേടിയതിന്റെ നന്ദി പ്രകടിപ്പിക്കുകയാണ് ഡോക്ടർ. അനവധി ഡോക്ടർമാരും എഞ്ചിനീയർമാരും സാമ്പത്തികവിദഗ്ദ്ധരും കമ്പനിയുടെ സ്കോളർഷിപ്പിൽ യൂറോപ്പിലും അമേരിക്കയിലും പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടി മടങ്ങിവന്ന് വലിയ പദവികളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ കൂടുതലും സ്കോളർഷിപ്പ് വാങ്ങിയതോർത്ത് നന്ദിപറയാൻ എമ്മിയെസ് കമ്പനിയിലേക്ക് വരാറില്ല. കമ്പനി അങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്നതായി അവർക്ക് തോന്നാൻ അവസരം കൊടുത്തിട്ടുമില്ല. ഡോക്ടർ, എഞ്ചിനീയർ, ബാങ്ക് മാനേജർ, എന്നിങ്ങനെ മേധാവികളായി നാട്ടിൽ പേരെടുക്കുന്നതിനിടയിൽ പഴയ സ്കോളർഷിപ്പ് കാര്യം മറ്റുള്ളവരറിഞ്ഞ്​ താൻ അഭിജാതനല്ലെന്നു വരുത്തുവാൻ ആർക്കും താത്പര്യമുണ്ടാവില്ല എന്ന് കമ്പനിക്കറിയാം.

ഡോ. നബീൽ മൻസൂറും മുൻപ് എമ്മിയെസിലേക്ക് വന്നിരുന്നില്ല. ആ ബന്ധം ആരോടും പറഞ്ഞിരുന്നുമില്ല. 35 ദിവസം നീണ്ടുനിന്ന മുല്ലപ്പൂ വിപ്ലവത്തിൽ പങ്കെടുത്തതിന് ഡോക്ടർ അറസ്റ്റു ചെയ്യപ്പെട്ടു. ആഗോള സമ്മർദ്ദമുണ്ടായപ്പോൾ ഗവൺമെൻറ്​ സ്വീകരിച്ച മുറിവുണക്കൽ നടപടിയുടെ ഭാഗമായി അദ്ദേഹം ജയിൽ മോചിതനായി. ജോലിയിൽ തിരിച്ചെത്തിയെങ്കിലും ഡോക്ടർ അനുഭവിച്ചുവന്നിരുന്ന അനേകം പ്രത്യേക അധികാരങ്ങളും അധികപദവികളും ഇല്ലാതെയായി. ആ നഷ്ടങ്ങളുണ്ടാക്കിയ ശൂന്യതയാണ് ഡോക്ടറെ ഭൂതകാലത്തിലേക്കും എമ്മിയെസ് കമ്പനി നല്കിയ സ്കോളർഷിപ്പിലേക്കും കൊണ്ടുപോയത്. ആതുരസേവനവുമായി ബന്ധപ്പെട്ട ഒന്നിനെയും പരസ്പരം അക്രമിക്കാതിരിക്കുകയെന്നതാണ് യുദ്ധനീതി. യഥാർത്ഥ യുദ്ധങ്ങളിൽ ഏർപ്പെടുന്നവർ പോലും അതു പാലിക്കുന്നുണ്ടെന്ന ലോകബോദ്ധ്യം സൃഷ്ടിക്കാൻ വേണ്ടി ആശുപത്രികളെ വെറുതെ വിടാറാണ് പതിവ്.

മുല്ലപ്പൂ വിപ്ലവത്തിന്റെ സംഘാടനം മുഴുവനും അഹിംസ നയമാക്കിയ ജനകീയമുന്നേറ്റം എന്ന ബാനറിലായിരുന്നു. അഹിംസയുടെ ആധുനികകാല പ്രവാചകനായ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളും വാക്കുകളും ധാരാളമായി വിപ്ലവക്കാർ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ചിത്രം അടിച്ചിട്ടുള്ള വലിയ ഫ്ലക്​സ്​ബാനറുകൾ അവർ പലയിടങ്ങളിലും ഉയർത്തുകയും ഘോഷയാത്രകളിൽ മുന്നിൽ നിവർത്തിപ്പിടിക്കുകയും ചെയ്തു. പക്ഷേ വിപ്ലവവഴിയിൽ അവർ ദിൽമുനിയയിലെ ഏക മെഡിക്കൽ കോളേജ് ആശുപത്രി പിടിച്ചടക്കി അവിടെ മനുഷ്യകവചം സൃഷ്ടിച്ച് പ്രതിരോധം സജ്ജീകരിച്ചു. അതിനുള്ളിലായിരുന്നു ഒരു വിപ്ലവകമാൻഡ്​ പ്രവർത്തിച്ചത്. വിദേശികളായ ചികിത്സകരെയും ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെയും ബന്ദികളാക്കി ഒരു മാസം അവർ അവിടം ഭരിച്ചു. ഡോ. നബീൽ മൻസൂറിന്​ നേതൃത്വപരമായ ബന്ധമുണ്ടെന്നു കണ്ടാണ് വിപ്ലവം അടിച്ചമർത്തപ്പെട്ടപ്പോൾ അറസ്റ്റിലായത്.

എട്ടുവർഷങ്ങൾക്കുമുമ്പൊരു ഫെബ്രുവരിയിലുണ്ടായ മുല്ലപ്പൂ വിപ്ലവനേതൃത്വത്തിനു പിഴച്ചത് എവിടെയാണെന്ന് ആലോചിക്കുകയാണ് ഇപ്പോൾ ഡോ. നബീൽ മൻസൂറും കൂട്ടുകാരും. രാഷ്ട്രീയ ചിന്തകനും പുരോഗമന വാദിയുമായ എന്റെ അനിയൻ കമാൽ ഇബ്രാഹീം മുല്ലപ്പൂവിപ്ലവം നടക്കുമ്പോൾ സർക്കാർപക്ഷ നിലപാടാണ് എടുത്തത്. കൃത്യമായ ദർശനവും പരിപാടിയും പ്രസ്ഥാനവും ഇല്ലാതെ, ആൾക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മുന്നേറ്റം അഥവാ വിജയിച്ചു കഴിഞ്ഞാലുണ്ടാകാവുന്ന അപകടത്തെക്കുറിച്ച് കമാൽ ഞങ്ങൾക്ക് സൂചന തന്നിരുന്നു. വിപ്ലവ വിജയമുണ്ടായാൽ സമരമുന്നണിയിലെ ഏറ്റവും വലിയ ഒറ്റഗ്രൂപ്പായ മതരാഷ്ട്രവാദികൾക്ക് അധികാരമണ്ഡലത്തിൽ അവരുടെ മേൽക്കൈ സ്ഥാപിക്കുവാൻ പ്രയാസമുണ്ടാവില്ല. കാരണം അവരൊഴികെ സമരമുന്നണിയിലുള്ളവർ ആളൊഴുക്കിൽ വന്നുചേർന്ന ചെറുസംഘങ്ങളാണ്. അവരാരും ദർശനപരമായി സംഘം ചേർന്നവരോ ഒരേ സംഘടനയുടെ ചട്ടക്കൂട്ടിൽ പ്രവർത്തിച്ച്​ ഐക്യപ്പെട്ടവരോ അല്ല. സംഘബലമുള്ള മതരാഷ്ട്രവാദികൾക്കു ആൾക്കൂട്ടത്തെ കീഴ്‌പ്പെടുത്തൽ എളുപ്പമാവും. അധികാരം ലഭിച്ചാൽ അവർ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയതരം രാജ്യം സൃഷ്ടിക്കുകയില്ലെന്ന് ഒരുറപ്പുമില്ല. സമഗ്രാധികാരം പുലർത്തുന്നുവെങ്കിലും ഭരണശൈലിയിൽ ആധുനികരായ രാജഭരണത്തെ താൻ മതരാഷ്ട്രത്തെക്കാൾ പിന്തുണയ്ക്കും എന്നായിരുന്നു എന്റെ അനിയൻ കമാലിന്റെ വാദം. എമ്മിയെസ് കമ്പനി തകർന്നു പോയതിന്റെ കാരണങ്ങളിൽ ചിലതിന്റെ സൂക്ഷ്മ​ ബീജങ്ങൾ മുല്ലപ്പൂ വിപ്ലവത്തിലേക്ക് നീണ്ടുപടരുന്നതായി കണ്ട് വിപ്ലവപക്ഷം ഇപ്പോൾ പശ്ചാത്താപത്തിൽ വീഴുന്നുണ്ട്.

എമ്മിയെസ് കമ്പനിയുടെ പതനവാർത്തയറിഞ്ഞ്​ ഡോ. നബീൽ മൻസൂർ എന്നെക്കാണാൻ ആദ്യം വന്നത് നാലുവർഷങ്ങൾക്കുമുൻപാണ്. അന്ന് ഞാൻ വാർധക്യവിശ്രമത്തിലാണെന്നേയുള്ളൂ, രോഗമിത്രയ്ക്ക് മോശം സ്ഥിതിയിലെത്തിയിട്ടില്ല. എമ്മിയെസ് കമ്പനി സഹായിച്ചിരുന്നില്ലെങ്കിൽ താൻ ഒരു ദരിദ്രമുക്കുവന്റെ പത്തുമക്കളിൽ ഒരാളായി ഗതികെട്ട വിധിയുമായി കഴിയേണ്ടിവരുമായിരുന്നെന്ന് ഡോ. നബീൽ നിറകണ്ണുകളോടെ എന്നോട് പറഞ്ഞു.

അന്നു ഞാൻ ഡോക്ടറോട് മറുപടിയായി പറഞ്ഞത് അമ്മി അഹമദ് ഖലീലിനെക്കുറിച്ചും എന്റെ അബ്ബയെക്കുറിച്ചും അവരെനിക്കു പറഞ്ഞുതന്ന കുറേ കഥകളുമായിരുന്നു. മെസോപൊട്ടോമിയയിലെ ഏതോ ചക്രവർത്തി അടിമകളായി പിടിച്ചുകൊണ്ടുപോയ അറബികൾ ഇറാഖിൽ നിന്ന്​ രക്ഷപ്പെട്ട്​ പലായനം ചെയ്ത വഴിയിൽ അഭയാർഥികളായാണ് ഇവിടെ എത്തിപ്പെട്ടത്. കുടിക്കാൻ നല്ല വെള്ളം കിട്ടുന്ന ദ്വീപിൽ കൃഷി ചെയ്തും മീൻപിടിച്ചും അവരിവിടെ സ്ഥിരവാസ മുറപ്പിക്കുകയും ഇവിടുത്തെ ആദിമജനതയായി മാറുകയും ചെയ്തു. കാലം പോകവേ ദ്വീപിന്റെ ചുറ്റിനും കടൽത്തീരങ്ങളിൽ ഷിയാ ഗ്രാമങ്ങളുണ്ടായി. ആയുധങ്ങളെടുത്ത് പെരുമാറുന്നതിൽ പരിചയവും ശേഷിയും കുറവുള്ള ആദിമ കുടിയേറ്റക്കാരെ പിന്നീട് വിവധ കാലങ്ങളിലെത്തിയ ആയുധധാരികൾ കീഴ്‌പ്പെടുത്തി. ഗ്രാമീണർ പരിപാലിച്ചുവളർത്തുന്ന ഈന്തപ്പനത്തോട്ടങ്ങളും അവരുടെ നാമമാത്രമായ സ്വത്തുവകകളും ജീവൻ പോലും ആയുധധാരികൾക്ക് വേണമെങ്കിൽ റാഞ്ചിക്കൊണ്ടുപോകാം. ഷിയാക്കളായ ഗ്രാമീണരാകട്ടെ പണ്ടെന്നോ തോറ്റ യുദ്ധത്തിന്റെ പുരാണങ്ങളും ദുഃഖാചരണങ്ങളും കൊല്ലം മുഴുവനും പല കാരണങ്ങളുടെ കരിങ്കൊടികളുമായി കാലം കഴിച്ചു. ഹുസൈന് വേണ്ടിയുള്ള വിലാപത്തിന്റെ ഭാണ്ഡക്കെട്ടുകൾ നെഞ്ചിലും തലയിലും ഏറ്റി അവർ ജീവിച്ചു.

യുദ്ധപരാജയകഥകളും അതിന്റെ വാർഷികാഘോഷങ്ങളും തലമുറകളിലേക്ക് ആവർത്തിച്ച് മോചനം സാധ്യമാക്കാമെന്നോ വിജയിക്കാമെന്നോ ഉള്ള മതപരമായ ധാരണയെ എന്റെ അമ്മി അഹമദ് ഖലീൽ എതിർത്തു.

അവരെ അവരുടെ വഴിക്ക് വിട്ടിട്ട് അറിവും ആധുനിക ശാസ്ത്രത്തിന്റെ പ്രയോഗങ്ങളും നമുക്ക് മോചനവഴിയായി സ്വീകരിക്കണമെന്ന് ആവർത്തിച്ചിരുന്ന അമ്മിയെക്കുറിച്ച് ഞാൻ പറയുന്ന കാര്യങ്ങൾ ഡോ. നബീൽ മൻസൂറിന് വിശ്വസിക്കാനായില്ല.

മനാനയിലെ തെരുവുകളിൽ യേശുവിന്റെ സുവിശേഷം പറയാൻ ചെന്ന അമേരിക്കൻ മിഷനറികളെ വെറുപ്പോടെയും പുച്ഛത്തോടെയുമാണ് വഴിപോക്കർ ആദ്യം നോക്കിയത്. ഷെയിഖ് എന്ന്​ ലോകർ ആദരവോടെ വിളിച്ചിരുന്ന മുള്ളാമാർ ഓതിയൂതിയ വെള്ളവും ജപിച്ച ഏലസ്സും തകിടുകളും വസ്സിപ്പിഞ്ഞാണത്തിൽ അരി കരിച്ചെഴുതിയ മന്ത്രങ്ങൾ കലക്കിയ ദ്രാവകവുമായിരുന്നു എല്ലാവരുടെയും എല്ലാ അസുഖങ്ങൾക്കും മരുന്ന്.

സുവിശേഷം ആരും സ്വീകരിക്കാതിരുന്നപ്പോൾ മിഷനറിമാർ തെരുവുകളിൽ നിന്നു വീടുകളിലേക്ക് ചെന്നു. പഴുത്തുവീർത്ത കണ്ണുകളിൽ തുള്ളിമരുന്നൊഴിച്ച്, വേദനപ്പല്ലുകൾ പറിച്ചുകളഞ്ഞ്, മുറിവുകളിൽ മരുന്ന് വച്ചുകെട്ടി നീറ്റൽ കുറച്ച് പരിചരിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ അവരെ മനസ്സ് തുറന്നു സ്വീകരിച്ചു. വിറച്ചുതുള്ളുന്നത് മലേറിയ രോഗം കൊണ്ടാണെന്ന് പറഞ്ഞു. അതിന് മരുന്ന് കൊടുത്ത് വിറ നിറുത്തിയപ്പോൾ മിഷനറിമാർ ശെയ്ത്താന്മാരല്ലെന്ന് നാട്ടുകാർ മനസ്സിലാക്കി. അറബി സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളുമായി മിഷൻ ആശുപത്രിയിൽ പോയി ഡോക്ടർ സാഹിബുമാരെ കാത്തുനിന്നു. പരിശോധനയ്ക്ക് രോഗികളെ കയറ്റിവിടുന്ന കാവൽക്കാരനായി അമ്മി അഹമദ് ഖലീൽ ഇരുന്നിട്ടുണ്ട്. ചാക്ക് വസ്ത്രം മുതൽ നിറമുള്ള കുപ്പായങ്ങൾ വരെയണിഞ്ഞ്​ അകലങ്ങളിൽ നിന്നുവന്ന് കാത്തിരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആൾക്കൂട്ടത്തെ കാണുമ്പോൾ ഇവരും ഇവരുടെ മുൻതലമുറകളും ഈ പീഡകളും യാതനകളുമെല്ലാം കുടിച്ചിറക്കി യാണല്ലോ കടന്നുപോയതെന്ന് അമ്മി അഹമദ് ഖലീലിനു വേദന തോന്നും.

പേർഷ്യയിലെ അബദാനിൽ പുതിയതായുണ്ടായ പെട്രോൾ കമ്പനിയിൽ നിന്ന്​ആയിടെ വന്നുതുടങ്ങിയ മണ്ണെണ്ണയുടെ തകരപ്പാട്ടകളിൽനിന്ന് തകിട് മുറിച്ചെടുത്ത അമ്മി പല ആകൃതിയിലെ കഷ്ണങ്ങളുണ്ടാക്കി. അതിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ദ്വാരങ്ങളിട്ട് രോഗികൾ വരുന്ന ക്രമത്തിന്​ അമ്മി അഹമദ് ഖലീൽ വിതരണം ചെയ്യും.

നീണ്ടവരിയിൽ വെയിലത്ത് കുഞ്ഞുങ്ങളുമായി മണിക്കൂറുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കി തണലോ നിഴലോ ഉള്ളിടത്തേക്ക് അവർക്ക് മാറി നിൽക്കാം. തകിടിലെ തുളകളുടെ എണ്ണം നോക്കി രോഗികൾ അവരവരുടെ ഊഴം മനസ്സിലാക്കി ചികിത്സകരുടെ മുന്നിൽ ചെന്നു.

അമേരിക്കയിലെ ഏറ്റവും നവീനമായ ജീവിതസൗകര്യങ്ങളനുഭവിച്ചു വളർന്നവരാണ് ആ ഡോക്ടർമാർ. പ്രതികൂല കാലാവസ്ഥയിലുള്ള ഈ ദൂരദേശത്ത് വിപരീതങ്ങൾ മാത്രം നിറഞ്ഞ അപരിചിതഭൂമിയിൽ വന്ന്​ ജീവിക്കുന്നതിനു പിന്നിലെ അവരുടെ മതപരമായ ലക്ഷ്യബോധവും അതിന്റെ ആഴങ്ങളും അമ്മിയുടെ സംഭാഷണങ്ങളിൽ ആകൃതിപൂണ്ടു. മിഷനറികളെപ്പോലെ കഥകളിൽ നിന്ന്​ പുറത്തിറങ്ങി പുതിയ ജീവിതപ്പാതകൾ കണ്ടെത്തി അവയിലൂടെ സഞ്ചരിച്ച് ത്യാഗങ്ങൾ സഹിക്കുന്നവരെ ഉണ്ടാക്കിയെടുക്കണമെന്നായിരുന്നു അമ്മിയുടെ ലക്ഷ്യം.

എമ്മിയെസ് കമ്പനി വളർച്ചയുടെ കുതിപ്പിൽ പ്രവേശിക്കുമ്പോഴാണ് 59-ാം വയസ്സിൽ അമ്മി അഹമദ് ഖലീൽ ഞങ്ങളുടെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷനായത്. വിവാഹം കഴിക്കാൻ നേരം കിട്ടാതെപോയ അമ്മിക്ക് എന്റെ അബ്ബയുടെ എട്ടു മക്കളായിരുന്നു സന്തതികൾ. അമ്മിയുടെ സ്വപ്നങ്ങളെ പുലർത്താൻ എമ്മിയെസ് കമ്പനി ധാരാളം വിദ്യാർഥികൾക്ക്​ ഉപരിപഠനത്തിന് സ്കോളർഷിപ്പുകൾ നൽകി. മിഷനിൽ പറഞ്ഞുകേട്ട് സ്കോളർഷിപ്പ് എന്നൊരു സമ്പ്രദായമുണ്ടന്ന് അമ്മി എന്റെ അബ്ബയോടു പറഞ്ഞിരുന്നു. അതോർത്തുവച്ചിരുന്ന അബ്ബ എന്നോട് ആവശ്യപ്പെടുകയാണ് ചെയ്തത്. അത് കേട്ടപ്പോൾ ഡോ. നബീൽ മൻസൂറിന്റെ കണ്ണുകൾ അവിശ്വസനീയമായ കഥ കേട്ട കുട്ടിയുടേതുപോലെ തിളങ്ങി.

ആയിരത്തിലധികം വർഷങ്ങളായി ദിൽമുനിയാ ജീവിതത്തിന്റെ താളമായിരുന്ന മുത്തുവാരൽ തൊഴിലിന്റെ അസ്ഥിവാരം തകരുകയാണെന്ന് അമ്മി അഹമദ് ഖലീൽ മനസ്സിലാക്കിയത് മിഷനിലെ ഭക്ഷണമേശയിൽ നടക്കുന്ന ചർച്ചകളിൽ നിന്നാണ്. പടുവൃദ്ധനായിട്ടും ഭരണത്തിൽ തുടർന്ന ദിൽമുനിയാ രാജാവിനെ ബലമായി മാറ്റിനിറുത്തി ഇംഗ്ലീഷുകാർ അദ്ദേഹത്തിന്റെ മകന് ഭരണാധികാരം നൽകി. പുതിയ രാജാവിനെ സഹായിക്കാൻ ഇംഗ്ലീഷുകാരനായ ഒരാൾ അഡ്വൈസർ ജോലിയിലും വന്നു. മനാന തുറമുഖത്തുകൂടി കടന്നുപോകുന്ന ചരക്കുകൾക്കെല്ലാം ചുമത്തുന്ന അഞ്ചു ശതമാനം ചുങ്കമാണ് ദിൽമുനിയ രാജാവിനെ മേഖലയിലെ ഏറ്റവും ധനികനാക്കുന്നതെന്ന് മനസ്സിലാക്കിയ ഇംഗ്ലീഷുകാർ കസ്​റ്റംസ്​ മേധാവി അവരുടെ ആളാകണമെന്നു തീരുമാനിച്ചു.

അഡ്വൈസറുടെ മുൻകയ്യിൽ എല്ലാ രാത്രികളിലും അത്താഴവിരുന്നുണ്ടാകാൻ തുടങ്ങി. ചിലപ്പോൾ മിഷനിൽ, ചിലപ്പോൾ അഡ്വൈസറുടെ വീട്ടിൽ, ഇംഗ്ലീഷുകാരൻ കസ്​റ്റംസ്​ മേധാവിയുടെ വീട്ടിൽ അല്ലെങ്കിൽ ബ്രിട്ടീഷ് റെസിഡൻസിയിലായിരുന്നു വിരുന്നുകൾ. അക്കാലത്ത് ഈ നാലുകൂട്ടർ മാത്രമേ പാശ്ചാത്യരായി ദിൽമുനിയയിലുണ്ടായിരുന്നുള്ളൂ. വിരുന്ന് എവിടെവെച്ചായാലും അമ്മി അഹമദ് ഖലീലിന്​ അടുക്കള സഹായിയായോ മറ്റോ ജോലിയുണ്ടാവും. അബദാനിൽ എണ്ണ കണ്ടെത്തിയതോടെ സമാന ഭൂതലസവിശേഷതകളുള്ള അറേബ്യയിലും പെട്രോളുണ്ടാവാമെന്ന ധാരണയോടെ പാശ്ചാത്യ എണ്ണക്കമ്പനികൾ ദിൽമുനിയയിലെത്തുന്നുണ്ട്. അവരും രാജാവിലേക്കെത്താൻ വഴികൾതേടി ചിലപ്പോൾ അത്താഴവിരുന്നിനെത്തും.

ഭൃത്യന്മാരും പാചകക്കാരും കാറോടിക്കലെന്ന പുതിയ ജോലി പഠിച്ച ഡ്രൈവർമാരും യജമാനന്മാരുടെ അത്താഴമേളം ആഘോഷിച്ചുതീരും വരെ വെളിയിൽ കൂടിയിരുന്ന് സംസാരിക്കും. അവരിൽ കൂടുതലും മുത്തുവാരൽ ജോലി ഉപേക്ഷിച്ചുപോയവരാണ്. ദിൽമുനിയയുടെ വർത്തമാനവും ഭാവിയും നിശ്ചയിക്കപ്പെട്ട ആ വിരുന്നുകൾക്ക് ചെവിയോർത്താണ് അമ്മി അഹമദ് ഖലീൽ എന്റെ അബ്ബയുടെയും ഉറ്റ ചങ്ങാതിമാരുടെയും മുന്നിൽ പ്രവാചകപരിവേഷം നേടിയത്.

കടലിന്റെ അടിയിലേക്ക് മുങ്ങിപ്പോയി ജീവൻ കൊടുത്ത് തേടിക്കൊണ്ടുവരുന്ന മുത്തിനും പവിഴങ്ങൾക്കും തുല്യം കാഴ്ചശോഭയുള്ള മുത്തുകളെ മനുഷ്യർ ശുദ്ധജലത്തിൽ കരയിൽ കൃഷി ചെയ്തുണ്ടാക്കാൻ തുടങ്ങിയത് ഒരു കാലഘട്ടത്തിന് അന്ത്യം കുറിച്ചു. ജപ്പാനും അമേരിക്കയും അത്തരം മുത്തുകളുടെ കൃഷിക്കളങ്ങൾ വികസിപ്പിച്ചെടുക്കാനും കരയിൽ മുത്തുക്കൃഷി നടത്താനും തുടങ്ങി. അവരുടെ മുത്തുക്കൃഷി നിലങ്ങളിൽ ഉത്പാദിപ്പിച്ച മുത്തും പവിഴവും കുറഞ്ഞ വിലയ്ക്ക് കമ്പോളങ്ങളിലെത്തിയപ്പോൾ പാരമ്പര്യ കടൽമുത്തുകൾ അപ്രസക്തമായി. കടലിന്റെ അടിത്തട്ടിലേക്ക് മുത്തുവാരാൻ പോകുന്ന മുങ്ങുകാരന്റെ വീരനായകത്വം അപ്രസകതമായി.

സെൻറ്​ ഹെലീന ദ്വീപിലേക്ക് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയക്കാരന്റെ പേരായി മാത്രം അവരുടെ തലമുറയറിയുന്ന അമ്മി അഹമദ് ഖലീൽ യാത്ര ചെയ്ത സവിശേഷപാതകളും രൂപപ്പെട്ടുവന്ന ജീവിത പരിതോവസ്ഥയും അറിയാൻ അന്ന് ഡോക്ടർ വലിയ താത്പര്യം പ്രകടിപ്പിച്ചു. പാശ്ചാത്യർ ചെയ്യുന്നതു പോലെ ദിൽമുനിയാക്കാർ എന്തുകൊണ്ടാണ് ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തി വയ്ക്കാത്തതെന്ന് ഡോക്ടർ അതിശയിച്ചു. അമ്മി അഹമദ് ഖലീലും അദ്ദേഹത്തിന്റെ തലമുറയിലെ സമരം ചെയ്ത മനുഷ്യരും അവരുടെ ജീവിതപ്പാതകളും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആരും അവരെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടില്ല. പഴയ പത്രക്കടലാസുകൾ ചികഞ്ഞു പോയാൽ വലുതായൊന്നും കണ്ടുകിട്ടാനില്ല. പാശ്ചാത്യ യൂണിവേഴ്‌സിറ്റികളിൽ നിന്ന് വലിയ ബിരുദങ്ങൾ നേടിവന്ന് ദിൽമുനിയയിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ഏറെപ്പേർ ഇപ്പോഴുണ്ട്. എന്നിട്ടും അനുകരിക്കാൻ കൊള്ളാവുന്ന പാശ്ചാത്യമാതൃക അക്കാര്യത്തിൽ ഉണ്ടാവുന്നില്ല.

‘‘ഹജ്ജിയുടെ അബ്ബ പറഞ്ഞ വാമൊഴിക്കഥകൾ ഈ നാടിന്റെ ആധുനിക ചരിത്രമാണ്. നമുക്കതെല്ലാം രേഖപ്പെടുത്തി വയ്ക്കാൻ വേണ്ടത് ചെയ്യണം. അല്ലെങ്കിൽ ഹജ്ജിയോടൊപ്പം അതെല്ലാം വിസ്മൃതിയിൽ പോകില്ലേ?''

അതെല്ലാം ചേർത്ത് എന്റെ ജീവിതകഥ പുസ്തകമായെഴുതാൻ എഴുത്തുകാരനായ സ്നേഹിതനെ കൂട്ടിവരാമെന്നും അയാളോട് കഥകൾ പറഞ്ഞ് സഹകരിക്കണമെന്നും ഡോക്ടർ അഭ്യർഥിച്ചു.

ഡോക്ടർ പിന്നീട് പല തവണ എന്നെക്കാണാൻ വരികയും ധാരാളം സംസാരിച്ചിരിക്കുകയും എന്റെ പേഴ്‌സണൽ ഡോക്ടർ എന്നൊരു നില സ്വയം ഏറ്റെടുക്കുകയും ചെയ്തു. ചരിത്രമായിട്ടോ വർത്തമാനമായിട്ടോ ഞാനിനി ഒന്നും പറഞ്ഞു കൊടുക്കില്ലെന്ന് മനസ്സിലാക്കിയതിന്റെ നഷ്ടബോധവും അനുതാപവും ശരീരം നിറയെ വഹിച്ച് വളരെ സാവധാനമുള്ള കാൽവെപ്പുകളോടെയാണ് ഓരോ ദിവസവും ഡോക്ടർ ഈ മുറിവിട്ടിറങ്ങുന്നത്. ചലനമറ്റ എന്റെ വലതുകൈ സ്വന്തം കൈകൾക്കുള്ളിലെടുത്ത് തലോടി നാളെ വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞ് ഡോക്ടർ നബീൽ മൻസൂർ പോയി.

മുത്തുവാരൽ ജോലിയ്ക്ക് പുതിയ നിയമാവലി വന്നശേഷം അബ്ബ മുങ്ങുകാരനായി തുടർന്ന എട്ടു വർഷങ്ങളും സംഘർഷം നിറഞ്ഞതായിരുന്നു. പൂർവികരുടെ കടങ്ങളുടെ വലിയ ചങ്ങലക്കെട്ടുകളിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾക്ക് തിരികെക്കിട്ടിയ അവരുടെ ശബ്​ദങ്ങൾ കലഹങ്ങളായി ഉയർന്നു. കൃത്രിമ മുത്തിനും പവിഴത്തിനും വില വളരെ കുറവായതിനാൽ കമ്പോളത്തിലേക്ക് പോകുന്ന തനി മുത്തിനും വില താഴുകയും ആവശ്യക്കാർ കുറയുകയും ചെയ്തു.

സീസൺ കഴിഞ്ഞിട്ട് കണക്കു കൂട്ടുമ്പോൾ വീതമായി കിട്ടുന്ന തുക വളരെച്ചെറുതായി. അതുകൊണ്ട് നഖുദമാർ സലഫ്തുക വെട്ടിക്കുറക്കുവാൻ ആരംഭിച്ചു. സലഫ് തുക കുറഞ്ഞെങ്കിലും ഹിസാബിലെ തിരിച്ചടവ് വീണ്ടും കുറയുകയും എല്ലാ തൊഴിലാളികളുടേയും കടങ്ങൾ ഏറിവരികയും ചെയ്തു.

തൊഴിലാളികൾ ഓരോരുത്തരും ചുമലിലേറ്റിയ കുടുംബഭാരം കാരണം അവരെപ്പോഴും സലഫ് തുക വർദ്ധിപ്പിക്കുവാൻ ആവശ്യപ്പെട്ടു. നഖുദമാരും ഗവർമെന്റും വഴങ്ങാതിരിക്കുകയും കലഹങ്ങളും സംഘർഷങ്ങളും ഉടലെടുക്കുന്നത് പതിവാവുകയും ചെയ്തു.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് മുത്തുവാരൽ ജോലി നടക്കുക. എട്ടാമത് വർഷത്തെ വലിയ സീസണിന്റെ തുടക്കത്തിൽ തൊഴിലാളികൾ സലഫ് തുകയോടൊപ്പം അരച്ചാക്ക് അരി കൂടി ആവശ്യപ്പെട്ടു. കൊടുക്കാഞ്ഞതിൽ പ്രതിഷേധിച്ച് വഴക്കുണ്ടാക്കിയ കുറേപ്പേരെ അഡ്വൈസറുടെ ഉത്തരവിൻ പ്രകാരം അറസ്റ്റു ചെയ്ത് മനാന പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലടച്ചു.

പവിഴത്തട്ടുകളിലേക്ക് പോകാനൊരുങ്ങിയ പത്തേമാരികളിൽ നിന്ന് ആയിരക്കണക്കിനു തൊഴിലാളികൾ കാൽനടയായും വഞ്ചികളിൽ കടത്തുകടന്നും ആവേശം കത്തിക്കാളുന്ന പ്രകടനങ്ങളായി മനാനയിലേക്ക് തിരിച്ചു. വന്ന വഴിയിൽ കണ്ട കടകൾ അവർ കയ്യേറി. മനാന സൂഖിൽ നേരത്തെ നോക്കിവച്ചിരുന്ന ദുഷ്ട വ്യാപാരികളുടെ കടകൾ അവർ കൊള്ള ചെയ്തു.

രംഗത്ത് നേരിട്ടെത്തിയ അഡ്വൈസറും കസ്റ്റംസ് മേധാവിയും സ്ഥലത്തുണ്ടായിരുന്ന രാജകുടുംബക്കാരും ചേർന്ന് ​പൊലീസുകാർക്കൊപ്പം ഇറങ്ങി അടിച്ചും തള്ളിയും പ്രകടനക്കാരെ നേരിട്ടെങ്കിലും ഫലമുണ്ടായില്ല. അതിശക്തമായ വൈകാരികതകൾ ജ്വലിപ്പിച്ച പ്രതിഷേധത്തിൽ പ്രകടനക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ചു. ലോക്കപ്പിൽ കിടന്ന അവരുടെ സഹതൊഴിലാളികളെ മോചിപ്പിച്ചു. കോപാന്ധരായ ആൾക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെപ്പ്​ നടത്തിയതോടെ എല്ലാം അവസാനിച്ചു.

അനേകം തൊഴിലാളികൾ വെടിയേറ്റ് മരിച്ചു വീണു. മനാനയിലെ തുറമുഖച്ചാലിലൂടെ പിന്നേന്നും തുടർന്നുള്ള ദിവസങ്ങളിലും ശവങ്ങൾ ഒഴുകി നടന്നു. ആ ദൃശ്യങ്ങൾ ഓർക്കുമ്പോൾ അബ്ബയുടെ കൺതടങ്ങൾക്ക് കീഴെയുള്ള കട്ടിവരമ്പിൽ കണ്ണീര് വന്ന് നിറയും.

അബ്ബ ഒന്നും സംസാരിക്കാനാവാതെ ഇരിക്കുന്ന നേരമത്രയും ഞാനാ മുഖത്ത് നോക്കി വാക്കുകൾക്ക് കാത്തിരിക്കും. എന്റെ അബ്ബയും അമ്മി അഹമദ് ഖലീലും പിന്നീടൊരിക്കലും പത്തേമാരിയിലെ ജോലിക്ക് പോയില്ല. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments