ചിത്രീകരണം: ദേവപ്രകാശ്‌

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

4. കടലിലെ പവിഴംപോലെ മണ്ണിലെ എണ്ണ

ബൽ വസാത്തിലെ ഒരു മലയുടെ ചുവട്ടിലുയർന്ന ആഹ്ലാദാരവങ്ങളോടെയാണ് 1932ലെ ക്രിസ്മസ് ദിനം പുലർന്നത്. അന്തരീക്ഷം ഐസ് പോലെ തണുത്തുറഞ്ഞ് അനക്കമില്ലാതെയിരുന്നിട്ടും അവിടെ ചിലർ ആവേശഭരിതരായി ഓടിനടന്നു.

പ്രത്യാശയുടെ കിരണം ഉദിച്ചുകണ്ട സന്തോഷത്തിൽ മേജർ സാഹിബ് പ്രവൃത്തിനിരതനാണ്. ഭൂമിക്കടിയിൽനിന്ന് കുതിച്ച് പുറത്തേക്കുവന്ന് എല്ലായിടത്തും ചിതറിത്തെറിച്ച മണ്ണെണ്ണ മണക്കുന്ന കറുകറുത്ത ചെളിയിൽ നനഞ്ഞു കുതിർന്നാണ് എന്റെ അബ്ബയും അമ്മി അഹമദ് ഖലീലും വേറെ കുറേ പണിക്കാരും നിൽക്കുന്നത്.

അന്തരീക്ഷത്തിൽ പുകപോലെ നിറഞ്ഞിരിക്കുന്ന ആവിയിൽ എല്ലാവരുടെയും കണ്ണുകൾ നീറുന്നുണ്ട്. അവിടെല്ലാം ഒഴുകിപ്പരന്ന് നിറഞ്ഞുകിടക്കുന്ന എണ്ണലായനിയായ ചെളിയെ ക്രൂഡ് എന്നാണ്​ മേജർ സാഹിബ് വിളിക്കുന്നത്. അവർ കുഴിച്ചുതാഴ്ത്തിയ ലോഹക്കുഴലിൽനിന്ന് ശക്തിയായ ഒഴുക്ക് തുടരുന്നുണ്ട്. അതിരാവിലെ അവിടെ എത്തിച്ചേരാൻ പോകുന്ന അഡ്വൈസറുടെ വാഹനത്തിന് വന്നു നിൽക്കാനുള്ള ഇടമുണ്ടാക്കാനായി കറുത്ത ചെളിയും ക്രൂഡും നീക്കി ഒരു വഴിയുണ്ടാക്കാൻ തീവ്രയത്‌ന പരിപാടിയിലാണ് മേജർ സാഹിബും അമ്മിയും പിന്നെ അവിടുള്ളവരെല്ലാവരും.

ക്രിസ്മസ് ദിവസമായിട്ടും മേജർ സാഹിബിന്റെ അറിയിപ്പ് കിട്ടിയപ്പോൾ അഡ്വൈസർ വന്നു കാണാമെന്ന് സമ്മതിച്ചത് അത്രമാത്രം പ്രധാനപ്പെട്ട വാർത്ത സന്ദേശമായി അറിയിച്ചതുകൊണ്ടാണ്. അഡ്വൈസർ കണ്ട്​ ശരിവച്ചാൽ രാജാവിന്റെ സമ്മതം ലഭിക്കുന്നതിന് തുല്യമാണ്. കുറേ നാളുകൾക്ക് മുന്നെതന്നെ ആദ്യത്തെ ഓയിൽ വെല്ലിൽ നിന്ന് ക്രൂഡ് കണ്ടെത്തിയെങ്കിലും അതിൽ നിന്നുള്ള ഒഴുക്ക് വളരെ ശുഷ്‌കിച്ചതായിരുന്നു. മറ്റുള്ളവർക്ക് അതിൽ വിശേഷമൊന്നും തോന്നിയില്ലെങ്കിലും മേജർ സാഹിബ് നിരാശനായിരുന്നു. ഇപ്പോൾ വലിയ ശക്തിയിൽ ഒഴുക്കും ഓജസുമുള്ള ഉറവയിലാണ് ഈ രണ്ടാമത്തെ ഓയിൽ വെൽ ചെന്നു മുട്ടിയിരിക്കുന്നത്.

എന്തെന്നു മനസ്സിലാകാത്ത ആളുകളോട് മേജർ സാഹിബ് വർഷങ്ങളോളം പറയാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. ദിൽമുനിയയിലെ എണ്ണക്കിണർ എന്ന ഉണ്മ കൺമുന്നിലേക്കൊഴുക്കുന്ന പദാർഥത്തെ തൊട്ടും ചവിട്ടിയും ദേഹത്തെല്ലാം പുരട്ടിയും മേജർ സാഹിബ് തന്റെ ഉത്സാഹം ആഘോഷിക്കുകയാണ്.

നിറുത്തില്ലാതെ സംസാരിക്കുന്ന മേജർ സാഹിബ് ഒന്നാം ലോകയുദ്ധ കാലത്ത് സൈനികനായി വന്നപ്പോഴാണ് ഈ ദ്വീപ് അദ്ദേഹത്തിന്​ പരിചയമാകുന്നത്. ദിൽമുനിയയിൽ ഭൂമിക്കടിയിൽ പെട്രോളുണ്ടെന്ന തന്റെ നിഗമനം തെളിയിക്കാൻ പരീക്ഷണങ്ങളും പരിശോധനകളും ചെയ്തും അനുമതിക്കായി നിരന്തരം അഡ്വൈസറെയും രാജാവിനെയും സന്ദർശിച്ചും പത്തുവർഷമായി മേജർ സാഹിബ് ദ്വീപിലുണ്ട്. ന്യൂസിലാന്റുകാരനായ മേജർ സാഹിബിന്റെ മനാനയിലെ വീട്ടുവളപ്പിലെ പശുവിന്റെ പാലിലെ ചായയ്ക്ക് രുചിയധികമാണെന്ന് മിഷനിൽ എല്ലാവരും പറയും. മേജർ സാഹിബിന്റെ വീട്ടിൽ നിന്ന് പാലോ മുട്ടയോ ഇറച്ചിക്കോഴിയോ ഒക്കെ മിഷനിലേക്ക് കൊണ്ടുവരാൻ ചിലപ്പോൾ അമ്മി പോയിട്ടുമുണ്ട്. അഡ്വൈസറുടെ അത്താഴമേശയിൽ വച്ച്​ പലപ്പോഴും അമ്മി അദ്ദേഹത്തെ കാണാറുണ്ട്. മേജർ സാഹിബ് ഇല്ലാത്തപ്പോൾ അത്താഴമേശയിൽ അദ്ദേഹത്തെ പരിഹസിച്ചുയരുന്ന പൊട്ടിച്ചിരികൾ കേൾക്കാറുമുണ്ട്.

മേജർ സാഹിബ് സദാനേരവും ചെന്നിരുന്ന് വാതോരാതെ പെട്രോളിന്റെ കാര്യങ്ങൾ പറഞ്ഞ് രാജാവിനെയും അഡ്വൈസറെയും നന്നായി മെനക്കെടുത്തും. ബുദ്ധിമുട്ടിൽ നിന്ന്​ രക്ഷപ്പെടാൻ മേജറെ നേരിടാതെ ഒഴിവാക്കാൻ രാജാവും അഡ്വൈസറും എടുത്ത ഉപായങ്ങളാവും പൊട്ടിച്ചിരിയുടെ വിഷയങ്ങൾ.

അക്കാലത്ത് ലോകത്തെയാകെയും ബാധിച്ച സാമ്പത്തികമാന്ദ്യം മാറിപ്പോകുമ്പോൾ മുത്തിനും പവിഴത്തിനും ഉയർന്ന വിലനിലവാരം തിരികെകിട്ടുമെന്ന് അവർ കരുതി. അപ്പോൾ മുത്തുവാരുന്ന ജോലി മുന്നത്തെപോലെയാവുകയും രാജ്യം പഴയ പ്രതാപത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും. ദിൽമുനിയയിലെ രാജാവും അദ്ദേഹത്തിന്റെ അഡ്വൈസറും അവർക്ക് പിന്നാലെ ജനങ്ങളും അങ്ങനെ ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തു.

പക്ഷേ മേജർ സാഹിബ് പിൻവാങ്ങിയില്ല.

ഒരുപാട് വർഷങ്ങൾ നീണ്ടുനിന്ന ചർച്ചകൾ അദ്ദേഹം നടത്തി. ഭൂമിക്കടിയിൽ പെട്രോളുണ്ടെന്നുകണ്ടാൽ അത് സ്വന്തം നിയന്ത്രണത്തിലാക്കണമെന്ന ഗൂഢലക്ഷ്യവുമായി അമേരിക്കയും മറ്റു പുതിയ വൻശക്തികളും രംഗത്തുണ്ട്. അതിനവരെ അനുവദിക്കാതെ ദിൽമുനിയയുടെ നിയന്ത്രണം സ്വന്തം വരുതിയിൽ തന്നെ നിലനിറുത്താൻ ഇംഗ്ലീഷുകാർ നടത്തുന്ന നാടകങ്ങൾ അത്താഴവിരുന്നു മേളകളിൽ നിന്നും മിഷനിലെ വർത്തമാനങ്ങളിൽ നിന്നും അമ്മി പിടിച്ചെടുക്കുന്നുണ്ട്.

ജബൽ വസാത്തിലെ ഒരു ലക്ഷം ഏക്കർ ഭൂമി ഓയിൽ ഫീൽഡായി ആണ്ടിൽ പതിനായിരം രൂപയ്ക്ക് പാട്ടത്തിന് തന്റെ കമ്പനിക്ക് കരാറെഴുതുംവരെ മേജർ സാഹിബ് ചർച്ച ചെയ്തുകൊണ്ടിരുന്നു. ഓയിൽ ഉണ്ടാകുന്നെങ്കിൽ ഒരു ടണ്ണിന്​ മൂന്ന് രൂപ എട്ടണ അധികമായി ദിൽമുനിയയ്ക്ക് കൊടുക്കാമെന്നും കരാറിൽ എഴുതി. ആ കറുത്ത എണ്ണച്ചെളിയിലിറങ്ങാനും പെട്രോളുണ്ടെങ്കിൽത്തന്നെ അത് പിഴിഞ്ഞെടുത്ത് കാറുകളിൽ ഒഴിക്കുന്ന പാകത്തിനാക്കുന്നതെങ്ങനെയെന്ന് രാജാവിന് തോന്നിയ സംശയം അമ്മിയോട് അബ്ബ ചോദിച്ചുനിൽക്കുമ്പോഴാണ് അവിടെ അഡ്വൈസറുടെ വണ്ടി വന്നു നിന്നത്.

മേജർ സാഹിബിനൊപ്പം ലേബറായി ഒരു ജോലി ഓയിൽ ഫീൽഡിൽ അമ്മി അഹമദ് ഖലീലിന്​ ഏർപ്പാടാക്കിയത് മിഷനിലെ ലേഡി ഡോക്ടറാണ്. പൊലീസ് സ്റ്റേഷൻ ആക്രമണം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ പെട്ടുപോകാതിരിക്കാൻ അമ്മിയ്ക്ക് ലക്ഷണമൊത്ത ഒളിത്താവളമായിരുന്നു ജബൽ വസാത്തിൽ ഓയിൽഫീൽഡായി വരുന്ന സ്ഥലത്തെ ജോലി. മേജർ സാഹിബിന്റെ ജോലിക്കാരനായി ജബൽ വസാത്തിലെത്തിയിരുന്നില്ലെങ്കിൽ ഒരു പക്ഷേ അമ്മി അഹമദ് ഖലീലിനെ മുത്തുവാരൽകാരുടെ കലാപം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ട് പോകുമായിരുന്നു.

മുത്തിനു പോകുന്ന ജോലി ഇല്ലാതായി കടുത്ത ദാരിദ്യ്രം അനുഭവിച്ചുതുടങ്ങിയ അബ്ബയെയും ഓയിൽ ഫീൽഡിലെ ആദ്യ ജോലിക്കാരിൽ ഒരാളാക്കി അമ്മി ഒപ്പം കൊണ്ടുവന്നു. എന്താണ് വരാൻ പോകുന്നതെന്ന് ആർക്കും വ്യക്തമായ രൂപമില്ലാത്തതിനാൽ എന്റെ അബ്ബ ഒന്നും മനസ്സിലാകാതെ ഓയിൽ ഫീൽഡിലെ പണിയ്ക്ക് പോകാൻ തുടങ്ങി. അബ്ബ മത്രമല്ല, ഓയിൽ ഫീൽഡിൽ ലേബർ ജോലിക്ക് പോയ എല്ലാ ദിൽമുനിയക്കാരും ഒന്നും മനസ്സിലാവാതെയും വിശപ്പടക്കാൻ വേണ്ടിയും മാത്രമാണ് മനസ്സില്ലാമനസ്സോടെ അതിനു തുനിഞ്ഞത്. തലമുറകളിലൂടെ അവർ നേടിയ മുത്തുവാരൽ ജോലിയുടെയും മുങ്ങൽ ശേഷിയുടെയും വൈദഗ്ധ്യം അവർക്ക് ജബൽ വസാത്തിലെ മരുമണ്ണിൽ തൂവിക്കളയേണ്ടി വന്നു.

അബ്ബ അതിനോടകം മൂന്നു വിവാഹം കഴിച്ചതിനാൽ ഭാര്യമാരും ചേർന്ന് അബ്ബയുടെ കുടുംബം പിന്നെയും വലുതായിക്കൊണ്ടിരുന്നു. അബ്ബയ്ക്ക് പതിനെട്ടു വയസ്സായപ്പോൾ മുങ്ങുകാരനായയുടനെയായിരുന്നു ആദ്യ വിവാഹം. ജദ്ദിന്റെ അനിയന്റെ മകളായ പന്ത്രണ്ടുകാരി വധു. നാലുവർഷം കഴിഞ്ഞിട്ടും കുട്ടി പിറക്കാഞ്ഞപ്പോൾ ജദ്ദിന്റെ മറ്റൊരു സഹോദരന്റെ മകളെ വിവാഹം കഴിച്ചു. കുഞ്ഞുങ്ങളുണ്ടാകാതിരുന്ന നാലുവർഷങ്ങൾ കൂടി വീണ്ടും കഴിഞ്ഞപ്പോൾ മൂന്നാം വിവാഹം കഴിച്ചത് അബ്ബയുടെ മാതൃസഹോദരിയുടെ മകളെയായിരുന്നു. ആ ബന്ധത്തിൽ ജനിച്ച കുഞ്ഞുങ്ങൾ രണ്ടുപേരും പെൺകുട്ടികളായി.

അബ്ബയ്ക്ക് ഒരു മകൻ പിറക്കണമെന്ന് അബ്ബയും ഭാര്യമാരും എല്ലാവരും ആഗ്രഹിച്ചു. അങ്ങനെയാണ് അയൽഗ്രാമത്തിലെ, ജദ്ദിന്റെ സ്നേഹിതൻ, ഹമീദ് ബന്നായിയുടെ മകൾ നാലാം ഭാര്യയായത്. അബ്ബ നിക്കാഹു ചെയ്യുമ്പോൾ എന്റെ ഉമ്മി ഇരുപതുകാരിയും വിധവയുമായിരുന്നു. എന്നെയും എനിക്കുപിന്നാലെ ഏഴുപേരെയുമാണ് ഉമ്മി പ്രസവിച്ചത്. എനിക്കുശേഷം വീണ്ടുമൊരു ആൺകുട്ടിയെ കിട്ടാനാണ് അനിയൻ കമാൽ ജനിക്കുംവരെ എന്റെ ഉമ്മി ഏഴു തവണ കൂടി പ്രസവിച്ചത്.

എനിക്കും കമാലിനുമിടയിലെ ആറു പെൺകുട്ടികളിൽ മൂന്നു പേരും അഞ്ചു വയസ്സ് തികയ്ക്കാതെ മരിച്ചുപോയി. ആദ്യ വിവാഹത്തിലെ മൂന്നു പേരുൾപ്പെടെ പതിനൊന്നു കുഞ്ഞുങ്ങളെ എന്റെ ഉമ്മി പ്രസവിച്ചു. അമ്മി അഹമദ് ഖലീലിനോടൊപ്പം പത്തേമാരിയിലെ പണി ഉപേക്ഷിക്കുമ്പോൾ പിറ്റേന്ന് എന്തെന്ന് അബ്ബയ്ക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് അബ്ബ നാലാമത്തെ നിക്കാഹു കഴിച്ചത്.

മൂന്ന് ഭാര്യമാരും രണ്ടു പെൺകുഞ്ഞുങ്ങളും എന്റെ മുത്തശ്ശിയമ്മയും ബുദ്ധിയുറയ്ക്കാതെ വളർന്നുവന്ന അബ്ബയുടെ അനിയനും ചേർന്ന വലിയ കുടുംബത്തിന് ഭക്ഷണം തേടുവാൻ അബ്ബ പാടുപെട്ടു.

ഓയിൽ ഫീൽഡിൽ ചെയ്യുന്ന ജോലിക്ക് മുങ്ങൽക്കാരന്റെ ശീലങ്ങളുമായോ തഴക്കവും പരിചയവുമായോ ഒരു ബന്ധവുമില്ല. ഭാഷയായിരുന്നു അവിടെ വലിയ തടസ്സം. ഇംഗ്ലീഷിൽ പറയുന്ന കാര്യങ്ങളുടെ അർഥം ഗ്രഹിക്കാൻ അബ്ബയ്ക്ക് കഴിഞ്ഞില്ല. അതിനാൽ അമ്മിയുടെ ഒപ്പം നിന്ന് എല്ലാം അനുകരിക്കുകയും അമ്മി പറഞ്ഞു കൊടുക്കുന്നത് അനുസരിക്കുകയും ചെയ്യാൻ അബ്ബ ശ്രമിച്ചു.

എന്തിനെന്നറിയാത്ത കാര്യങ്ങൾ ചെയ്യുന്നതിലെ തെറ്റായ മനസ്സിലാക്കലും അതുമൂലമുള്ള പണിത്തകരാറുകളും തുടർന്നുള്ള കശപിശകളും ജബൽ വസാത്തിൽ പതിവായിരുന്നു. ദേഹമാകെ മണ്ണും പൊടിയും പൊതിഞ്ഞ് രൂപം മാറിപ്പോകുമെങ്കിലും പതിവായി വീട്ടിൽ പോയി ഭാര്യയോടും മക്കളോടുമൊപ്പം ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും അബ്ബയ്ക്കും കൂടെയുള്ളവർക്കും കുടുംബ ജീവിതം എങ്ങനെയിരിക്കുമെന്ന് മനസ്സിലാക്കാനുതകി.

അനന്തവിസ്​തൃതമായ കടൽപരപ്പിന്​ ചക്രവാളങ്ങളോളം വിടർന്ന കുട ചൂടിയിരിക്കുന്ന ആകാശത്തിനു ചുവട്ടിലാണ് മുത്തുവാരുന്നവരുടെ രാത്രികൾ. മാനം നിറയെ വിതറിയിരിക്കുന്ന നക്ഷത്രങ്ങൾ നിരന്തരം കണ്ണു ചിമ്മുമ്പോൾ പതിയ്ക്കുന്ന കിരണങ്ങളിൽ കുളിച്ചാണ് അവരുണ്ടാവുക. ജലോപരിതലത്തിൽ മൃദു ചാഞ്ചാട്ടത്തിൽ താളം തുള്ളുന്ന പത്തേമാരിയിൽ ഉറങ്ങിയുണർന്നാണ് അവരുടെ ദിവസങ്ങൾ കടന്നുപോകുന്നത്. അഴകിന്റെ മുത്തുകളും പവിഴങ്ങളും ഭാഗ്യവും തേടി നിത്യവും കടലിനടിത്തട്ടിൽ പോയിവരുന്നതാണ് അവരുടെ ജോലി.

മായികമായ സൗന്ദര്യാനുഭവം ഉണ്ടാകേണ്ടതാണ്. മുങ്ങിപ്പോയി തേടിക്കൊണ്ടുവരുന്ന വസ്തു ഭുമിയിലേറ്റവും വിലപ്പെട്ടതായതുകൊണ്ട് സമ്പദ്‌സമൃദ്ധിയുമുണ്ടാവണം. ഐതിഹ്യതുല്യമായ കാല്പനികശോഭ നിറയേണ്ട ആ തൊഴിൽ എന്റെ അബ്ബയ്ക്കും കൂട്ടുകാർക്കും നൽകിയ പീഢനങ്ങളും യാതനകളുടെ കാഠിന്യവും കേട്ടിരിക്കാൻ പ്രയാസമാണ്. കടലിന്നടിയിൽ അസ്തമിച്ചുപോകുമോയെന്ന് ആധിയില്ലാതെ ശ്വാസം കഴിക്കുന്നതിന്റെ സുഖം ജബൽ വസാത്തിൽ അവർക്കുണ്ടായി.

പഠിപ്പും അറിവും വിവരവും ഇല്ലാത്തതിനും പോഷകാഹാരക്കുറവു മൂലം മെലിഞ്ഞുണങ്ങി ദുർബലരായിരിക്കുന്നതിനും ദിൽമുനിയ തൊഴിലാളികളെ പുച്ഛിക്കുന്നവരാണ് ഓയിൽ കമ്പനിയിൽ വന്നുചേർന്ന യൂറോപ്പുകാരായ സാഹിബുമാർ. സ്വദേശി തൊഴിലാളികളെ അടിമകളെപ്പോലെ കണക്കാക്കാതെ കനിവോടെ പെരുമാറുന്നത് മേജർ സാഹിബും മറ്റു കുറച്ചു പേരും മാത്രം.

ജബൽ വസാത്തിൽ പറയുന്നതും സംഭവിക്കുന്നതും ഒന്നും മനസ്സിലാകുന്നില്ലെന്നും അത് തനിക്കാവുന്ന ജോലിയല്ലെന്നും അബ്ബ കരുതുകയും അമ്മിയോടു പറയുകയും ചെയ്തു. വലിയൊരു കുടുംബം പോറ്റേണ്ട കർത്തവ്യമുള്ളതുകൊണ്ട് എന്തുസഹിച്ചും അബ്ബ അവിടെ തുടരണമെന്നും സഹായിക്കാൻ താനുണ്ടാവാമെന്നും അമ്മി വാക്ക് പറഞ്ഞു. ഏതെങ്കിലും നല്ലൊരു ജീവിതമാർഗ്ഗം തെളിഞ്ഞുവരുംവരെ അബ്ബ എന്തും സഹിച്ചും ഓയിൽ കമ്പനിയിൽ തന്നെ തുടരണമെന്ന് അവർ നിശ്ചയിച്ചു.

ജബൽ വസാത്തിലെ മലയടിവാരത്തിൽ വച്ച് അവരെടുത്ത ആ തീരുമാനം അമ്മിയെയും ഓയിൽ കമ്പനിയിൽ തളച്ചിട്ടു. അബ്ബ പിന്നെയും പത്തുവർഷങ്ങൾ അവിടെ തുടർന്നു. ഓയിൽ കമ്പനിയുടെ ബസിൽ ജോലിക്ക് പോകാൻ സൗകര്യത്തിന്​ അബ്ബ ഞങ്ങളുടെ ഗ്രാമം വിട്ട് മനാനയിലേക്ക് താമസം മാറി. റാസ് കുലൈബിൽ അമ്മിയുടെ വീടുള്ള ബരസ്തിയിൽ ഞങ്ങൾ ഒരു വാടകക്കുടിലിൽ താമസമാക്കി. ചെയ്യുന്ന ജോലിക്ക് നിശ്ചയിച്ച കൂലി വാങ്ങുന്ന കാര്യമെന്തെന്നും എങ്ങനെയെന്നും അബ്ബയ്‌ക്കോ മുൻ തലമുറകൾക്കോ അറിവുണ്ടായിരുന്നില്ല. ഇംഗ്ലീഷുകാർ ഭരിക്കുന്ന ഇന്ത്യയിലെ പണമായിരുന്നു ദിൽമുനിയയിലും. ഓയിൽ ഫീൽഡിലെ ജോലിത്തുടക്കത്തിൽ ദിവസത്തേയ്ക്ക് രണ്ടണ വീതമെന്ന കണക്കിൽ ആറു ദിവസത്തേയ്ക്ക് പന്ത്രണ്ട് അണ ആഴ്ചയുടെ അവസാനമായ വ്യാഴാഴ്ച ദിവസം കയ്യിൽ കിട്ടും. വൈകുന്നേരം വ്യഴച്ചന്ത നടക്കുന്ന സൂഖ് - അൽ - ഖമീസിൽ പോയി ഒരു ധനികനെപ്പോലെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങുന്നത് പുതുമയേറിയ പ്രിയകാര്യമായിരുന്നത്​ ഓർമിക്കുമ്പോൾ അബ്ബയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങും. ഫിതം തഴമ്പിനു ഭംഗിയുണ്ടാകും.

ഭൂമിയുടെ കിഴക്കുദിക്കിൽ നിന്ന് ക്രൂഡോയിൽ കപ്പലിൽ കയറ്റിയയക്കുന്ന ഒരു രാജ്യമായി ദിൽമുനിയ മാറിയത് പെട്ടെന്നായിരുന്നു. ചരക്കുകപ്പലുകൾ യാത്ര ചെയ്യുന്ന സമുദ്രപാതകൾ ആഗോള സംഘർഷങ്ങൾക്കും രാജ്യങ്ങളുടെ നാവികസേനകളുടെ സമ്മർദ്ദങ്ങൾക്കും വിധേയമായിരുന്നു. സഞ്ചാരവഴി സുരക്ഷിതമല്ലാതായി തടസ്സപ്പെട്ടിട്ട് കപ്പലുകൾ ക്രൂഡ് കൊണ്ടുപോകാൻ വരാതിരുന്നാൽ ക്രൂഡ് സംഭരിച്ചു വയ്ക്കുന്നത് ഓയിൽ ഫീൽഡിൽ ഒരു പ്രശ്‌നമായി. ദിൽമുനിയയിൽ തന്നെ ക്രൂഡ് സംസ്കരിച്ച് സംഭരിക്കാൻ ഒരു ചെറിയ റിഫൈനറി ആരംഭിച്ചാണ് ഓയിൽ കമ്പനി അതിനു പരിഹാരം കണ്ടത്. ദ്വീപിൽ അതിനു മുമ്പ് പണിശാലകളായി ഒന്നുമുണ്ടായിരുന്നില്ല. മുത്തുവാരൽ ജോലിക്കാർക്ക് ഫാക്ടറി സംസ്കാരമെന്നാൽ എന്തെന്നറിയില്ല. തങ്ങളുടെ പെരുമാറ്റം ഫാക്ടറിക്കിണങ്ങും വിധം ഉടച്ചു വാർക്കാൻ അവർ വളരെ ശ്രമിച്ചെങ്കിലും പഠിപ്പില്ലായ്മയും ഇംഗ്ലീഷ് ഭാഷയിലെ അജ്ഞതയും അവരെ തോൽപ്പിച്ചുകൊണ്ടിരുന്നു. ആളുകളുടെ എണ്ണം വളരെ കൂടിയ കുടുംബങ്ങളിൽ ഉയർന്നു വരാൻ തുടങ്ങിയ വീട്ടാവശ്യങ്ങൾ അവർ ജോലിക്ക് പോകാത്ത ദിവസങ്ങൾ വർദ്ധിപ്പിച്ചു. സ്വതവേ ആരോഗ്യമില്ലാത്ത അവരും വീട്ടുകാരും എപ്പോഴും രോഗങ്ങളുമായി ബന്ധപ്പെട്ട് റിഫൈനറിയിൽ പണിയ്ക്ക് ഹാജരാകാത്തവരുടെ എണ്ണം കൂട്ടി. ഏറ്റവും വലിയ പ്രശ്‌നം അവരുടെ മനോഭാവമായിരുന്നു. ഭക്ഷണം കഴിക്കാൻ വക തികഞ്ഞാൽ പിന്നെയെന്തിന് ജോലിക്ക് പോകണമെന്ന ചിന്തയിൽ നിന്ന് സ്വദേശികളിൽ അധികം പേരും മാറിയില്ല.

മുത്ത്​ വാരാൻ പോകുമ്പോൾ ഹിസാബ് നോക്കി വിതരണം ചെയ്യുന്ന ദിവസം വരെ എന്ത് പ്രതിഫലം കിട്ടുമെന്ന് യാതൊരറിവുമുണ്ടാവില്ല. റിഫൈനറിയിൽ കൃത്യമായ തീയതിയിൽ കൃത്യമായ തുക ശമ്പളം കിട്ടുന്നതിൽ അവർ സന്തോഷം അനുഭവിച്ചു. അങ്ങനെയുണ്ടായ പുതിയ ജീവിതരീതിയും സാമൂഹ്യതാളവും അവർക്ക് ആവശ്യമുണ്ട്. പക്ഷേ സ്വഭാവും പെരുമാറ്റവും ഉടച്ചുവാർക്കാൻ എത്രയധികം ശ്രമിച്ചിട്ടും അവരിൽ കൂടുതൽ പേർക്കും സാധ്യമായില്ല. തങ്ങളുടെ ജോലി എങ്ങനെ നിലനിറുത്തുമെന്നറിയാതെ അവർ വിഷമത്തിലായി.

ജബൽ വസാത്തിലെ ഓയിൽ ഫീൽഡിൽ അബ്ബയെ സഹായിക്കാൻ അമ്മി അഹമദ് ഖലീൽ ആരംഭിച്ച ദ്വിഭാഷി വേഷം സാഹിബുമാർക്കും കാര്യങ്ങൾ എളുപ്പത്തിലാക്കി. അതുകൊണ്ട് അവരുടെ സമ്മതത്തോടെ അമ്മി എല്ലാ സ്വദേശികളുടെയും പരിഭാഷകനും വഴിനടത്തുന്നവനുമായി ഓടിനടന്നു. ഓയിൽ കമ്പനിയിലെ സാഹിബുമാർ കൂടിയാലോചിച്ച് അമ്മി അഹമദ് ഖലീലിനെ പരിഭാഷകൻ എന്ന മുഴുവൻ സമയ ജോലിയിൽ നിയമിച്ചു. റിഫൈനറി ആരംഭിക്കും വരെ അഞ്ചു വർഷം അമ്മി ഓയിൽ ഫീൽഡിൽ സ്വദേശികളുടെ തർജ്ജമക്കാരനും പ്രതിനിധിയും രക്ഷകനുമായി എല്ലായിടത്തും എപ്പോഴുമെത്തുന്ന ഒരാളായി. ജോലികൾ പറഞ്ഞു കൊടുക്കാനും വിശദീകരിക്കാനും എല്ലാക്കാര്യങ്ങൾക്കും എവിടെയും സാഹിബുമാരും അഹമദ് ഖലീലിനെ തിരഞ്ഞുനടന്നു. ഓയിൽ കമ്പനി അമ്മി അഹമദ് ഖലീലിനെ റിഫൈനറിയിൽ ലേബർ റിലേഷൻസ് ഓഫീസറായി നിയമിച്ചു.

ഇടയ്ക്കിടെ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യാൻ ഹാജരാകാത്ത സാഹചര്യം ഒരു ഓയിൽ റിഫൈനറിയ്ക്ക് താങ്ങാനാവില്ല. സ്വദേശികളുമായി നടത്തിയ പരീക്ഷണം പരാജയപ്പെട്ടപ്പോൾ ഇംഗ്ലീഷുകാർ അവരുടെ ഭാഷ മനസ്സിലാവുന്ന പ്രജകളായ ഇന്ത്യാക്കാരെ ബോംബെയിൽ നിന്ന് റിക്രൂട്ട് ചെയ്ത് കൊണ്ടുവന്നു. സാഹിബുമാർ പറയുന്നതെല്ലാം ഏറാൻ മൂളി നിന്ന് കേട്ടും അനുസരിച്ചും ജോലിയല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് അഭിനയിച്ചും തരംകിട്ടുമ്പോഴെല്ലാം മാറി നിന്ന് വീട്ടിൽനിന്ന് വന്ന കത്ത് വായിച്ചും ഒപ്പം നിൽക്കുന്ന ഇന്ത്യക്കാരോട് സ്വദേശികൾ നിരന്തരം പരാജയപ്പെട്ടു. എത്രയോ തലമുറകളായി ഇന്ത്യൻ തൊഴിലാളികൾ ആർജ്ജിച്ച അതിജീവനതന്ത്രങ്ങളും പ്രകടന മിടുക്കുകളും അടവുകളും കണ്ട് മുത്തിന് പോയിരുന്ന തൊഴിലാളികൾ അത്ഭുതപ്പെട്ടുപോയി.

ഇന്ത്യാക്കാരെ നേരിട്ട് നിൽക്കുന്നതിൽ എപ്പോഴും പിന്നിലാക്കപ്പെട്ട ദിൽമുനിയക്കാർ അവരെ വെറുക്കുവാൻ തുടങ്ങി. രാജ്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെയാണ് തൊഴിലാളികളെ സമീപിക്കേണ്ടതെന്ന് അമ്മി അഹമദ് ഖലീൽ ബോധവത്കരണം നടത്തുകയും തുല്യനിലയിലെ പരിചരണങ്ങൾക്ക് വളരെയധികം പരിശ്രമിക്കുകയും ചെയ്തു. പക്ഷേ അതിനുമപ്പുറം ഗുരുതര വിഷയം ചികിത്സയില്ലാത്ത വിധം സങ്കീർണമായിരുന്നു.

തിക്താനുഭവങ്ങളുടെ സ്ഥായിയായ നില വിവരിക്കുമ്പോൾ അബ്ബ മാനസികമായി അവയോടു സഹഭാവവും താദാത്മ്യവും പുലർത്തുന്നു. ആഴമേറിയ പുഴ ശാന്തമായൊഴുകുന്നതിന്റെ ഗഹനഗംഭീരമായ സൗന്ദര്യമാണ് ആഖ്യാനത്തിന്. രണ്ടാം ലോകയുദ്ധം വന്നപ്പോൾ ദിൽമുനിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഇംഗ്ലീഷുകാരുടെ പക്ഷത്തെ യുദ്ധവിമാനങ്ങൾക്ക് കിഴക്കുദിക്കിൽ ഇന്ധനം നൽകിയത് ദിൽമുനിയ റിഫൈനറിയിൽ നിന്നാണ്. അതുകൊണ്ട് റിഫൈനറി ജർമൻ പക്ഷത്തിന്​ ആക്രമിക്കാൻ ഒരു ലക്ഷ്യസ്ഥാനമായി. അപ്പോൾ റിഫൈനറിയുടെ പ്രവർത്തനവും രക്ഷയും ഇംഗ്ലീഷ് സഖ്യസേനയുടെ സൈനിക നടപടികളുടെ ഭാഗമായി. ചരക്കുകപ്പലുകൾക്ക് ഭക്ഷ്യധാന്യങ്ങളുമായി ദിൽമുനിയയിലെത്തിച്ചേരാൻ കഴിയാത്ത വിധം പോർമുഖമായി മനാന തുറമുഖം.

കടുത്ത ഭക്ഷ്യക്ഷാമത്തിലും വറുതിയിലും പെട്ടുപോയ ജനങ്ങൾ വല്ലപ്പോഴും എത്തിച്ചേരുന്ന കപ്പലിൽ വരുന്ന ധാന്യങ്ങളുടെ വിതരണത്തിനുള്ള റേഷൻ കാർഡകൾ പിടിച്ച് തങ്ങളുടെ കുട്ടികളുമായാണ് ദ്വീപിലേക്ക് വരുന്ന കപ്പലുകളെയും കാത്ത് മനാനയിൽ കൂട്ടം കൂടി നിന്നത്. ഇന്ത്യാക്കാരും ഇറാനികളുമായ വിദഗ്ദ്ധ തൊഴിലാളികൾ എത്തിച്ചേർന്ന് റിഫൈനറിയുടെ പ്രവൃത്തികൾ മുടക്കമൊന്നുമില്ലാതെ നടക്കുമെന്നുറപ്പായപ്പോൾ സാഹിബുമാരുടെ നിറം മാറിത്തുടങ്ങി. സ്വദേശികളെ ആക്ഷേപിക്കാനും കളിയാക്കാനും ക്രൂരമായി പെരുമാറാനും വീണുകിട്ടുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗിക്കാൻ തുടങ്ങി.

അഞ്ചുവർഷം ജബൽ വസാത്തിലെ ഓയിൽ ഫീൽഡിലും പിന്നെ അഞ്ചു വർഷങ്ങൾ റിഫൈനറിയിലും അബ്ബ ജോലി തികച്ചത് അമ്മിയുടെ കഴിവിന്റെയും സംരക്ഷണത്തിന്റെയും നിഴലിലാണ്. എല്ലാ സാഹിബുമാർക്കും എപ്പോഴും ആവശ്യമുള്ള ഒരാളായി അമ്മി റിഫൈനറിയിൽ നിറഞ്ഞുനിന്നത് അബ്ബയ്ക്ക് ഉപകാരമായി. അമ്മി ലേബർ റിലേഷൻസ് ഓഫീസറായി ജോലി ചെയ്യുമ്പോൾ അബ്ബ മിക്കപ്പോഴും കയ്യാളായി ഒപ്പം നിന്നാണ് ഡ്യൂട്ടി സമയം കഴിച്ചത്. തന്നെ കടലിനടിയിൽ നിന്ന് മുങ്ങിയെടുത്ത് ജീവൻ നൽകിയ ധീരനാണ് അബ്ബയെന്നു പറഞ്ഞാണ് എല്ലാവർക്കും അമ്മി പരിചയപ്പെടുത്തുന്നത്. അങ്ങനെയൊരു മേൽവിലാസം നൽകിയ ശക്തിയിലാണ് അബ്ബ അക്കാലമെല്ലാം നിവർന്നു നടന്നു തീർത്തത്.

പറഞ്ഞത് മനസ്സിലാകാത്തതുകൊണ്ട് കൃത്യമായ അളവിലെ സ്പാനർ കൊടുക്കാതിരുന്നപ്പോൾ നട്ടു മുറുക്കാൻ വൈകിയതിൽ ദേഷ്യം പിടിച്ച ഫിറ്റർ സാഹിബ് തെറിയെന്നു തോന്നിയതെന്തോ അലറി വിളിച്ച് തല്ലാൻ ചാടിച്ചെന്ന ദിവസം അബ്ബ ഇനിയുമിത് സഹിക്കാനാവില്ലെന്ന് അമ്മിയോടു പറഞ്ഞു.

നാലാം വിവാഹവും കഴിഞ്ഞ് ഞാനും എനിക്കുതാഴെ മൂന്നു അനിയത്തിമാരും പിറന്ന് അബ്ബയുടെ കുടുംബം പിന്നെയും വലുതായപ്പോഴാണ് റിഫൈനറിയിലെ ജോലി കളയുന്നത്. ഫിറ്റർ സാഹിബിനു ദേഷ്യംവരാതെ ജോലി ചെയ്യാനായി തനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഒരു വിദൂര പ്രതീക്ഷ പോലും അബ്ബക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അയാളുടെ പെരുമാറ്റം കുടുംബത്തിനുവേണ്ടി താൻ സഹിക്കുമായിരുന്നെന്ന് പറഞ്ഞപ്പോൾ അബ്ബയിൽ നിന്ന് ഒരു ഗദ്ഗദം തേട്ടി വന്നു.

സ്വദേശി പണിക്കാരെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടിയ സാഹിബുമാർ കണ്ടെത്തിയ എളുപ്പവഴിയാണ് ലേബർ സപ്ലൈ. സ്വദേശികളെ കണ്ടുപിടിച്ച് ജോലിക്കാരാക്കി കൊണ്ടുവന്ന് പണിയെടുപ്പിച്ച് ലേബർ സപ്ലൈക്കാർ തിരിയെ കൊണ്ടുപോകണം. ലേബർ സപ്ലൈ നടത്തുന്ന ആളുമായി മാത്രമേ റിഫൈനറി ബന്ധം വയ്ക്കുകയുള്ളൂ. നിശ്ചയിച്ച ശമ്പളം കണക്കുകൂട്ടി റിഫൈനറി അയാളെ ഏൽപ്പിക്കും. ജോലിക്കാർക്ക് എത്ര കൊടുക്കണമെന്ന്​ സപ്ലൈക്കാരൻ തീരുമാനിക്കണം. പെ​ട്രോളിന്റെ കാലത്ത് വളർന്ന് രാക്ഷസന്മാരായ നഖുദമാരാണ് ലേബർ സപ്ലൈ കമ്പനിക്കാരെന്ന് അബ്ബ പറയും. റിഫൈനറിയിൽ നിന്ന് എട്ടണ ദിവസക്കൂലിയായി കൈപ്പറ്റി പണിക്കാരന് രണ്ടണ മാത്രം കൊടുക്കും. ബാക്കി മുഴുവനും സ്വന്തമാക്കി അവർ തടിച്ചുകൊഴുത്ത് അതിധനികരായി.

അബ്ബ വേറെ ജോലിക്ക് പല മാർഗങ്ങളും നോക്കി പരാജപ്പെട്ട് അമ്മിയെ സമീപിച്ചപ്പോഴാണ് അദ്ദേഹം അബ്ബയെ മുഖ്യ ലേബർ സപ്ലൈക്കാരനുമായി ബന്ധപ്പെടുത്തിയത്. അയാൾക്കുകീഴിൽ ഒരു ഉപസപ്ലൈക്കാരനായി അബ്ബ ഗ്രാമങ്ങളിൽ പോയി തിരഞ്ഞ് പഴയ മുങ്ങുകാരെയും വലിക്കാരെയും കൃഷിക്കാരെയും കണ്ടുപിടിച്ച് റിഫൈനറിയിലേയ്ക്ക് പണിക്കാരായി കൊണ്ടുവന്നു. മനുഷ്യരെ ജോലിക്ക് കൊടുത്തുകിട്ടുന്ന കൂലിക്കാശിൽ നിന്ന് കൊള്ളലാഭം ഉണ്ടാക്കരുതെന്ന് അബ്ബയോടു അമ്മിയ്ക്ക് പറയേണ്ടി വന്നില്ല. അവരുടെ ദീർഘകാലത്തെ ചങ്ങാത്തം അബ്ബയിൽ അലിയിച്ചു ചേർത്ത അവബോധവും സൂക്ഷ്മമായ വൈകാരികതയും എന്താണെന്ന്​ അമ്മി അഹമദ്ഖലീലിനറിയാമായിരുന്നു. മുത്തുവാരാൻ പോയ കാലത്തെ ബന്ധങ്ങളിലും പരിചയങ്ങളിലും നിന്നും അബ്ബയ്ക്ക് ധാരാളം ആളുകളെ ഗ്രാമങ്ങളിൽ നിന്ന് കിട്ടി.

കര കാണാനാവാതെ കടലിലലയുകയായിരുന്ന അബ്ബയുടെ കുടുംബവഞ്ചി പ്രതീക്ഷയുടെ ഇത്തിരിവെട്ടം കണ്ടു തുടങ്ങിയപ്പോഴാണ് രണ്ടാംലോകയുദ്ധം മൂർദ്ധന്യത്തിൽ എത്തിയത്. റിഫൈനറിയിലെ തൊഴിലുകളെടുക്കാനായി റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന ഇന്ത്യക്കാർക്ക് ദിവസക്കൂലി, വെള്ളിയാഴ്ചക്കൂലി, യുദ്ധകാല അലവൻസ്, ചികിത്സാചെലവ്, വീട്ടു വാടകക്കാശ് തുടങ്ങി അനേകം പേരുകളിൽ കാശ് കിട്ടുമ്പോൾ സ്വദേശിക്ക് ദിവസക്കൂലി മാത്രമാണ് ലഭിക്കുക. മുത്തുവാരൽ പണി തകർന്നടിഞ്ഞില്ലാതായപ്പോൾ ആ പണിയിലേർപ്പെട്ടിരുന്നവർക്കായി അള്ളാഹു ഇറക്കിയ മറ്റൊരു വരുമാന മാർഗവും ജീവിതവൃത്തിയുമാണ് പെട്രോൾ വ്യവസായമെന്ന് ജനം വിശ്വസിച്ചു.

അള്ളാഹുവിന്റെ അനുഗ്രഹവും വരദാനവുമാണ് റിഫൈനറിയിലെയും ഓയിൽ ഫീൽഡിലെയും ജോലികളെന്ന് രാജാവുൾപ്പെടെ എല്ലാവരും വിശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും വിദേശികളായ ഇന്ത്യാക്കാർക്ക് കൊടുക്കുന്ന ധാരാളം ആനുകൂല്യങ്ങൾ സ്വദേശിക്ക് കിട്ടാത്തതിലെ അമർഷം കമ്പനിയിലെ ജോലിയിടങ്ങളിൽ പുകഞ്ഞുതുടങ്ങി. യൂറോപ്പുകാരായ സാഹിബുമാർക്ക് താമസിക്കാൻ ഓയിൽ ഫീൽഡിനോട് വളരെയടുത്തുള്ള രണ്ടു കുന്നുകളെയും അവയുടെ അടിവാരങ്ങളെയും ചേർത്ത് ഓയിൽ കമ്പനി ഒരു ചെറു നഗരം പണിതു. അറേബ്യയിലെ തരിശുഭൂമിയിൽ ഇംഗ്ലണ്ടിലെ ഒരു ചെറു പട്ടണം വന്നു നിൽക്കുന്ന പ്രതീതി സൃഷ്ടിച്ച ടൗൺഷിപ്പ് അതുകൊണ്ടുതന്നെ ആകർഷകമായി. പുല്ലുപോലും മുളയ്ക്കാത്ത ജബൽ വസാത്തിലെ തവിട്ടുഭൂമിയിൽ കൃഷിക്കാരുടെ ഗ്രാമങ്ങളിൽ നിന്ന് ഉർവരതയുള്ള മേൽ മണ്ണ് കുഴിച്ചെടുത്ത് കൊണ്ടുവന്ന്​ സൃഷ്ടിച്ച ഫലഭൂയിഷ്​ഠതയിൽ ടൗൺഷിപ്പിൽ ധാരാളം ചെടികളും പൂക്കളും വളർന്നുനിന്നു.

പൂർണമായും ഇംഗ്ലണ്ടിലെ നഗരസംവിധാനങ്ങളുടെ മാതൃകയിലും അവയുടെ എല്ലാ സവിഷേതകളും ഉൾക്കൊള്ളിച്ചുമാണ്​ അവ്വൽ ടൗൺഷിപ്പ് എന്നു പേരിട്ട ചെറു നഗരം നിർമ്മിച്ചത്. അവ്വൽ ടൗൺഷിപ്പിൽ ഇംഗ്ലണ്ടിലെ ഏതു ടൗൺഷിപ്പിലും ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്ന് നിഷ്‌കർഷിച്ചിരുന്നു. ദിൽമുനിയയിലെ നിയമങ്ങൾക്കുപകരം അവ്വൽ ടൗൺഷിപ്പിനുള്ളിൽ അവർക്ക് മാത്രം ബാധകമായ ഇംഗ്ലണ്ടിലെ പെരുമാറ്റച്ചട്ടങ്ങൾ നിലനിർത്താനുള്ള സമ്മതി രാജാവിൽനിന്ന്​ നേടുവാനും ഓയിൽ കമ്പനിക്കു സാധിച്ചു. ടൗൺഷിപ്പിനുള്ളിൽ ഒരു വേശ്യാലയത്തിനുള്ള അനുമതി അപേക്ഷ മാത്രമേ രാജാവ് നിഷേധിച്ചുള്ളൂ. സ്വദേശികളെ അവിടേക്ക് സ്വാഗതം ചെയ്യുന്നില്ല എന്നൊരു ധാരണയും പരത്തിയിരുന്നു. അവ്വൽ ടൗൺഷിപ്പിൽ നിർമിച്ച, പുതിയ ഉപകരണങ്ങളും ചികിത്സയുമുള്ള, ആശുപത്രിയിൽ സ്വദേശി തൊഴിലാളികൾക്ക് പ്രവേശനമില്ലെന്ന നയമാണ് ഓയിൽ കമ്പനി സ്വീകരിച്ചത്.

നീറിപ്പുകയുകയായിരുന്ന അമർഷവും പ്രതിഷേധവും ആളിക്കത്താൻ അതു കാരണമായി. റിഫൈനറിയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച വലിയ പണിമുടക്കുസമരം പിന്നാലെയുണ്ടായി. സഖ്യകക്ഷികൾക്ക് പൗരസ്ത്യ മേഖലയിലെ യുദ്ധോപയോഗത്തിനാവശ്യമുള്ള പെട്രോൾ ഉത്പാദിപ്പിച്ചുനൽകേണ്ട റിഫൈനറിയുടെ പ്രവർത്തനം സ്തംഭിച്ച് ഉത്പാദനം നിലച്ചപ്പോൾ സമരത്തിന് ലോകശ്രദ്ധ ലഭിക്കുകയും വലിയ പ്രാധാന്യം നേടുകയും ചെയ്തു. ഓയിൽ കമ്പനിയും രാജാവിന്റെ അഡ്വൈസറും രാജാവും ഒരുമിച്ചു പ്രശ്‌നപരിഹാരത്തിനിറങ്ങി. തിരികെ ജോലികളിൽ പ്രവേശിച്ചാൽ ഇന്ത്യൻ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വദേശികൾക്കും നൽകാമെന്ന് അധികാരികളുടെ പക്ഷം വഴങ്ങി. ആ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കഴിഞ്ഞ്​ ജോലിക്ക് കയറാം എന്നായിരുന്നു സമരനേതാക്കളുടെ നിലപാട്. അവരെല്ലാം അറസ്റ്റിലായി ജയിലിലടക്കപ്പെട്ടു.

ബുദ്ധികേന്ദ്രങ്ങളെ തേടി പൊലീസ് വരുമെന്ന് മനസ്സിലാക്കി അമ്മി അഹമദ് ഖലീലും മൂന്നു സ്നേഹിതന്മാരും ഒളിവിൽ പോയപ്പോൾ എന്റെ അബ്ബയും അവർക്ക് കൂട്ടിനുപോയി. ജബൽ വസാത്തിൽ ആദ്യമായി ക്രൂഡ് കുതിച്ചൊഴുകിയ ആ ക്രിസ്മസ് രാവിനുശേഷം പതിനൊന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടുമൊരു ക്രിസ്മസ് രാത്രിയിൽ തൊട്ടടുത്ത് തന്നെയുള്ള നഹ്‌ദൈൻ കുന്നുകളിലെ വഞ്ചിഗുഹയിൽ അവർ വെളിച്ചവും​ ശബ്​ദവുമില്ലാതെ ഒളിച്ചിരുന്നു.

റിഫൈനറിയുടെ പ്രവർത്തനം നിലയ്ക്കുന്ന തരത്തിൽ സമരം കൊണ്ടുപോകാൻ സ്വദേശി തൊഴിലാളികൾക്കു വീറുണ്ടായിരുന്നെങ്കിലും മൂന്നാഴ്ചകൾക്കപ്പുറം പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞില്ല. വിശപ്പടക്കാൻ വേറേ മാർഗ്ഗമൊന്നുമില്ലാതെ കഷ്ടപ്പെട്ട അവർ ജോലിയിലേക്ക് തിരിച്ചുചെന്നു. അഞ്ചിലൊന്ന് കൂലി യുദ്ധബത്തയായി കിട്ടിയതിന്റെ മാത്രം മെച്ചവുമായി അവർ വീണ്ടും പഴയതുപോലെ ജോലിചെയ്തു.

അമ്മി അഹമദ് ഖലീൽ വഞ്ചിഗുഹയിലെ ഒളിജീവിതം അവസാനിപ്പിച്ചത് വലിയ തീരുമാനങ്ങളോടെയാണ്. ഏഷ്യയിലും ആഫ്രിക്കയിലും കോളനിവാഴ്ചയ്‌ക്കെതിരെ സമരങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന കാലമാണ്. ഇന്ത്യയിലെ സമരം വിജയകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും ലോകയുദ്ധം കഴിയുമ്പോൾ ഇന്ത്യ സ്വതന്ത്രമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ അനുമാനി ക്കുന്നുണ്ട്.

വഞ്ചിഗുഹയിലെ ദിവസങ്ങളിൽ അമ്മി കൂട്ടുകാരോട് സംസാരിച്ചതുമുഴുവൻ ദിൽമുനിയയിലെ കോളനിവാഴ്ച അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ്. ഭരണപരമായ സൗകര്യങ്ങൾക്കുവേണ്ടി ദിൽമുനിയയെ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയുടെ ഭാഗമായി കണക്കാക്കുന്ന ഇംഗ്ലീഷുകാർ, ഇന്ത്യക്കൊപ്പം ദിൽമുനിയയെയും സ്വതന്ത്രമാക്കണം. പക്ഷേ അതു സംഭവിക്കുകയില്ല. അതിനു കാരണം പുതിയതായി ഉത്ഭവിച്ചു വികസിക്കാൻ പോകുന്ന പെട്രോൾ വ്യവസായമാണ്. ദിൽമുനിയയുടെ ഭരണം സ്വന്തം അധീനതയിൽ ഉറപ്പിച്ചുനിറുത്തിയാണ് അവർ പശ്ചിമേഷ്യയിലെ പെട്രോൾ സമ്പത്തിനെ വരുതിയിലാക്കാൻ പോകുന്നത്. അതുകൊണ്ട് റിഫൈനറിയിലെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയല്ല, രാജ്യത്തിന്റെയും ജനങ്ങളുടെയും വിമോചനത്തിനായി ദിൽമുനിയയിൽ ദേശീയതലത്തിൽ പോരാടുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അമ്മി സ്വയം ഉറപ്പിക്കുകയും ഒപ്പമുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

കടലിൽ രണ്ടു മീനുകൾ കൊത്തുകൂടുന്നുണ്ടെങ്കിൽ അവയുടെ പിന്നിൽ ബ്രിട്ടീഷുകാരുണ്ടാകുമെന്ന് അറബികളുടെ ഇടയിലുള്ള ചൊല്ല് അമ്മി അഹമദ് ഖലീൽ എപ്പോഴും ആവർത്തിക്കും. ദിൽമുനിയയിലെ ജനങ്ങൾ സുന്നിയെന്നോ ഷിയയെന്നോ വിഭാഗീയതയില്ലാതെ കോളനിവാഴ്ചയ്‌ക്കെതിരെ ഐക്യപ്പെടുന്നതിന് എപ്പോഴും തുരങ്കംവയ്ക്കുന്നത് അഡ്വൈസറാണെന്നാണ് അമ്മിയുടെ കണ്ടെത്തൽ. ഇരുവിഭാഗത്തിനുമിടയിൽ തുല്യനീതി ഉറപ്പുവരുത്താൻ പ്രയത്‌നിക്കുന്നൊ രാളെന്ന്​ അഡ്വൈസറുണ്ടാക്കിയ പ്രതിച്ഛായയിൽ വീണുപോയവരാണ് അമ്മിയുടെ സമരസഖാക്കൾ പോലും.

മുത്തുവാരലോ പെട്രോൾ കണ്ടെത്തലോ എന്തായാലും ദിൽമുനിയ ഭാഗ്യലക്ഷ്​മിയുടെ മിന്നലേറ്റ് ശോഭ നേടുന്നവരുടെ ദ്വീപാണെന്നും ഒറ്റമുങ്ങലിൽ ആർക്കും സ്വപ്നം കാണാനാവാത്തതരം മുന്തിയ ഹസ്ബ പവിഴം കിട്ടിയ ആളാണ് അഡ്വൈസറെന്നും അമ്മി പറയും. വന്ന ദിവസം മുതൽക്കേ ആളെക്കണ്ട അമ്മിയ്ക്ക് സർവ്വ അധികാരങ്ങളും കയ്യിലൊതുക്കി അതിന്റെ പ്രയോഗങ്ങൾ നേരിട്ട് നടത്തുന്ന ഒരാളായി അഡ്വൈസർ രൂപപ്പെട്ടു വന്ന രീതി നന്നായറിയാം. ഇങ്ങനെയൊരു സംഭവം ലോകത്ത് മറ്റൊരിടത്ത് നടന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ താനത് വിശ്വസിക്കുകയില്ലെന്ന് അമ്മി അഹമദ് ഖലീൽ പറയും.

ഇംഗ്ലീഷുകാർ ദിൽമുനിയയിലെ വൃദ്ധരാജാവിനെ മാറ്റി മകനെ നിയമിച്ചപ്പോൾ തന്റെ ധനകാര്യ വിഷയങ്ങൾ നോക്കുന്ന സാമ്പത്തിക ഉപദേശകനായി ജോലി ചെയ്യാൻ ഒരാളെ ഇംഗ്ലീഷുകാരുടെ രാജ്യത്തുനിന്ന് കിട്ടിയാൽ നന്നായിരുന്നെന്ന് പുതിയ രാജാവ് ഇംഗ്ലീഷ് റസിഡന്റിനോട് ആവശ്യപ്പെട്ടു. കുറേ നാളുകൾക്കു ശേഷം ലണ്ടനിലെ ഒരു പത്രത്തിൽ ഒരു ജോലിപ്പരസ്യം വന്നു. പേര് വെളിപ്പെടുത്താത്ത ഒരു പൗരസ്ത്യ രാജ്യത്ത് ജോലി ചെയ്യാൻ ഇരുപത്തിരണ്ടിനും ഇരുപത്തെട്ടിനുമിടയിൽ പ്രായവും പ്രാഥമിക വിദ്യാഭ്യാസവുമുള്ള ഒരാളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. അപേക്ഷകരിൽ നിന്ന്​ ഏറ്റവും അനുയോജ്യനെന്നു തിരഞ്ഞെടുക്കപ്പെട്ടയാളാണ് അഡ്വൈസർ.

സ്കൂൾ കഴിഞ്ഞ്​ ഓക്​സ്​ഫോർഫോഡിൽ പഠിക്കാൻ ചേർന്നു. പാതിവർഷപ്പരീക്ഷ ആയപ്പോഴേക്കും ഒന്നാംലോകയുദ്ധം വന്നതിനാൽ അഡ്വൈസർ പഠിപ്പുപേക്ഷിച്ച് സൈനികനാകാൻ പോയി. യുദ്ധം കഴിഞ്ഞ്​ കിഴക്കനാഫ്രിക്കയിൽ ബ്രിട്ടീഷ് ഓഫീസറായി ജോലി ചെയ്തുകൊണ്ടിരിക്കെ അവധിക്കു വന്നപ്പോഴാണ് പത്രപരസ്യം കണ്ടത്. അറബിയും ഫ്രഞ്ചും ആഫ്രിക്കൻ ഭാഷയും അറിയാം. അഡ്വൈസർക്കു വയസ്സ് അപ്പോൾ 31 ആയിരുന്നു. 28-നു താഴയാവണം എന്നു നിബന്ധനയുണ്ടല്ലോ എന്നചോദ്യത്തിന്​ എനിക്ക് 28 വയസ്സാണ് പ്രായമെന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷേ ഞാനിപ്പോൾ സർട്ടിഫിക്കറ്റു നോക്കുമ്പോൾ അതിൽ 31 എന്ന്​ കാണുന്നുവെന്നൊരു ക്ഷമാപണമാണ് അഡ്വൈസർ മറുപടിയായി എഴുതിക്കൊടുത്തത്. റസിഡൻസി ഓഫീസിന് അതിൽ തൃപ്തിയുണ്ടാവുകയും ചെയ്തു.

കുടുംബ പരിചയത്തിലെ ഒരു പ്രഭുവിന്റെ മകളെ കല്യാണം കഴിച്ച് വധുവിനെയും കൂട്ടി അഡ്വൈസർ ദിൽമുനിയയിലെത്തി. വരുമ്പോൾ നാലുവർഷത്തെ ജോലിക്കരാറായിരുന്നു. സാമ്പത്തിക കാര്യങ്ങളിലെ ഉപദേഷ്ടാവായിട്ടാണ് ജോലി. കൂടാതെ പുതിയ രാജാവിന്റെ പി.എ യുടെ ജോലി കൂടി ചെയ്യണം എന്നായിരുന്നു വ്യവസ്ഥ. അത് കഴിഞ്ഞ് 17 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അമ്മി ഇതെല്ലാം വഞ്ചി ഗുഹയിലിരുന്നു പറയുന്നത്. സാമ്പത്തിക കാര്യങ്ങളുടെ ഉപദേഷ്ടാവ് പതുക്കെ എല്ലാ കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി. യൂറോപ്പിലെ മാതൃകയിൽ ദിൽമുനിയ സർക്കാരിനു വകുപ്പുകളുണ്ടാക്കിയത് അഡ്വൈസറാണ്. ആ വകുപ്പുകളിൽ ജോലിയിലിരിക്കാൻ സ്വന്തം ബന്ധുക്കളായി ആരും ഇല്ലെങ്കിൽ മാത്രമേ അഡ്വൈസർ തന്റെ നാട്ടുകാരായ മറ്റു ഇംഗ്ലീഷുകാരെ നോക്കിയുള്ളൂ. ഉണ്ടാക്കിയ എല്ലാ വകുപ്പുകളുടെയും മേധാവിയും അദ്ദേഹം തന്നെയാണെന്ന് അഡ്വൈസർ തീരുമാനിച്ചു. ഒരുടമസ്ഥനെപ്പോലെ ദിൽമുനിയയിലെ ഭരണത്തിന്റെ എല്ലാ തലങ്ങളിലും നേരിട്ടിടപെടുന്ന അധികാരിയായി അഡ്വൈസർ. ദിൽമുനിയയെ ആധുനികപ്പെടുത്തിയ ആളെന്ന് സൽകീർത്തി എല്ലായിടത്തും പരക്കുകയും അഡ്വൈസർക്കു ധാരാളം ആരാധകരുണ്ടാവുകയും ചെയ്തു.

എന്റെ അബ്ബയ്ക്ക് അക്കാര്യങ്ങളിൽ വലിയ അറിവൊന്നുമില്ല. രാജാവിനെക്കാൾ വലിയ രാജാവാണ് അഡ്വൈസർ എന്നു മാത്രമാണ് അബ്ബയ്ക്കറിയാവുന്നത്. അതിനാൽ അഡ്വൈസറെ വലിയ പേടിയാണ്. അതിരാവിലെ മനാനയിലെ തെരുവുകളിലും പൊലീസ് കോട്ടയ്ക്കു വെളിയിലും കുതിരപ്പുറത്ത് റോന്തു ചുറ്റുന്ന അഡ്വൈസറെ അബ്ബ കണ്ടിട്ടുണ്ട്. ജനങ്ങൾ അതിവിനയത്തോടെ വണങ്ങി ഒഴിഞ്ഞുപോകുമ്പോൾ അഡ്വൈസർ കുതിരപ്പുറത്തിരുന്ന് അവരോട് കൈവീശി അഭിവാദനങ്ങൾ തിരിയെ കൊടുക്കും. മുത്തുവാരൽ തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമ്പോൾ അഡ്വൈസർ പട്ടികക്കഷ്ണങ്ങൾ കയ്യിലെടുത്ത്​ അവരെ നേരിട്ട് തല്ലിയോടിക്കുന്നത് അന്ന് അബ്ബ കണ്ടതാണ്. അന്ന്​ അക്രമാസക്തരായ ജനക്കൂട്ടത്തെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്ന പൊലീസുകാർ പോലും ഭയപ്പെട്ട് മാറിനില്ക്കുകയായിരുന്നു. അഡ്വൈസർ സ്ഥലത്ത് എത്തിയശേഷമാണ് സ്വന്തം പക്ഷത്തുള്ളവരെയും ചേർത്ത് തല്ലിനിറങ്ങിയത്. അതിന്റെ ഒടുക്കം ജനങ്ങളുടെ നേർക്ക് നിറയൊഴിക്കാൻ ഉത്തരവിട്ടതും അദ്ദേഹമാണ്. പൊലീസ് വകുപ്പ് മേധാവിയായ അഡ്വൈസർ പൊലീസുകാരനായി നിങ്ങളുടെ വീട്ടിൽ പരിശോധനയ്ക്ക് വന്ന് നിങ്ങളെ അറസ്റ്റു ചെയ്യും. കോടതിയിൽ ജഡ്ജിയായിരുന്ന് നിങ്ങളെ വിചാരണ ചെയ്ത് ശിക്ഷിച്ച് ജയിലിലയയ്ക്കും. നിങ്ങൾ ജയിലിൽ ചെല്ലുമ്പോൾ അവിടെ ജയിൽമേധാവിയായി നിന്ന് അഡ്വൈസർ നിങ്ങളെ മര്യാദ പഠിപ്പിക്കും. വധശിക്ഷയ്ക്ക് വിധിച്ചയാളെ വെടിവച്ചു കൊല്ലാൻ അഡ്വൈസർ നേരിട്ട് പോകുമെന്നാണ് കേട്ടിരിക്കുന്നതെന്ന് അബ്ബ പറഞ്ഞപ്പോൾ വഞ്ചിഗുഹയിൽ എല്ലാവരും ആദ്യം ചിരിച്ചു. പിന്നെ ഭീകരമായ ആ അവസ്ഥയാണ് യഥാർത്ഥ്യമെന്നു തിരിച്ചറിഞ്ഞ അവർ നിശ്ശബ്​ദരായി.

ദിൽമുനിയയിൽ സ്വാഭാവികമായ സാമൂഹ്യ പരിവർത്തനങ്ങൾ സംഭവിക്കണമെങ്കിൽ അഡ്വൈസർ സ്ഥാനഭ്രഷ്ടനാകണമെന്ന അമ്മിയുടെ വാദം കൂട്ടുകാരും ശരിവച്ചു. കാരണം പശ്ചിമേഷ്യയിൽ വളർന്നു വരുന്ന പുതിയ സമ്പദ്​വ്യവസ്​ഥയിൽ ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് അഡ്വൈസർ ആയിരുന്നുകൊണ്ട് അദ്ദേഹം ചെയ്യുന്നത്. സമരങ്ങളുടെയെല്ലാം ലക്ഷ്യം അഡ്വൈസറിലേക്കും കോളനിഭരണത്തിലേക്കും ഉന്നംവയ്ക്കണം. ഷിയാ- സുന്നി വിഭാഗീയത മാറ്റിവച്ച് ആ ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിക്കണമെന്നും അവർ തീരുമാനിച്ചു. അമ്മി അഹമദ് ഖലീൽ പിന്നീട് റിഫൈനറിയിലേക്ക് മടങ്ങിപ്പോവുകയോ എന്തെങ്കിലും തൊഴിലെടുക്കുകയോ ചെയ്തില്ല. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി രാജ്യത്ത് ഒരു ട്രേഡ്​ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനുവേണ്ടി നടന്നുവരികയായിരുന്ന സമരങ്ങളിൽ പങ്കെടുത്തു. ട്രേഡ് യൂണിയൻ സ്വാഭാവികമായും രാഷ്ട്രീയമുന്നേറ്റമായി രൂപാന്തരപ്പെടുമെന്ന് അവർ വിഭാവന ചെയ്തു.

ദിൽമുനിയയിൽ പുതിയതായുണ്ടായ ഗവൺമെൻറ്​ ഓഫീസുകളിലെ ഉദ്യോഗങ്ങൾ നേടിയും ഓയിൽ വരുമാനത്തിൽ നിന്ന്​ മെച്ചപ്പെട്ടുവരുന്ന ധനസ്ഥിതിക്കൊത്ത് വ്യാപാരങ്ങൾ ചെയ്തും സ്വദേശികൾ ഇടത്തരക്കാരായി പരിണമിക്കുന്ന കാലത്താണ് അമ്മി രാഷ്ട്രീയത്തിലിറങ്ങുന്നത്. എന്റെ ഓർമകളുടെ ഈ ഭാഗത്തിൽ ഡോ. നബീൽ മൻസൂറിനു വളരെയധികം താല്പര്യമുള്ളതായി തോന്നി. ഡോക്ടർ അന്ന് എന്റെ അനുവാദം ചോദിച്ച്​ ഞങ്ങളുടെ സംഭാഷണം ടെലിഫോണിൽ റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. അന്നെന്നെ കാണാൻ വന്ന അനിയൻ കമാലും ഞങ്ങളുടെ വർത്തമാനത്തിൽ ചിലപ്പോഴൊക്കെ പങ്കെടുത്തു.

എണ്ണ സമ്പത്ത് സൃഷ്ടിച്ച അതിസമൃദ്ധിയിലാണ്ടുപോയവരാണ് ഇപ്പോൾ ദിൽമുനിയ ജനതയെന്നും അവർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചോ രാജ്യത്തെ ഭരണവ്യവസ്ഥയെ കുറിച്ചോ യാതൊരു ഉത്കണ്ഠയും ഇല്ലെന്നുമാണ് ഡോ. നബീലിന്റെ അഭിപ്രായം. ഇല്ലാതായാൽ ഭീമമായ നഷ്ടങ്ങളുണ്ടാകുന്ന, ജോലികൾക്കു പ്രശ്‌നം വരുന്ന സമരങ്ങൾ ആരും ചെയ്യുകയില്ലെന്ന് അവർ നിരാശപ്പെടുന്നു.

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെന്ന അവസ്ഥ പിന്നിട്ടതിനാൽ അമ്മിയുടെ സംഘത്തിന് നല്ല ജനപങ്കാളിത്തം ലഭിച്ചിരുന്നോ എന്ന ഡോക്ടർ നബീലിന്റെ ചോദ്യത്തിന് അനിയൻ കമാലാണ് ഉത്തരം പറഞ്ഞത്.

കോളനി ഭരണം നിലനിന്ന എല്ലാ രാജ്യങ്ങളിലെയും ഉണർവ് ദിൽമുനിയയിലും ഉണ്ടായിരുന്നു. പക്ഷേ എതിർ ശബ്ദങ്ങളെയും ചലനങ്ങളെയുമെല്ലാം അഡ്വൈസർ കിരാതമായി അടിച്ചമർത്തി. രാജാവിനെതിരെയുള്ള നിലപാടുകളെയാണ് ഇല്ലാതാക്കുന്നതെന്ന് രാജകുടുംബത്തിനെ ബോധ്യപ്പെടുത്തി അവരുടെ നിരുപാധിക പിന്തുണ നിഷ്ഠൂരചെയ്തികൾക്ക് അയാൾ നേടിയെടുത്തു. റഷ്യയുടെയും കമ്യൂണിസ്റ്റുകളുടെയും പശ്ചിമേഷ്യയിലേക്കുള്ള നുഴഞ്ഞു കയറ്റത്തെ ദിൽമുനിയയിൽ ചെറുക്കുന്ന ധീരന് ഇംഗ്ലീഷുകാർ സർ പദവി നൽകുകയും നീണ്ട 31 വർഷം തന്റെ അനന്യമായ പദവിയിൽ തുടരാനാവശ്യമായ പിന്തുണ കൊടുക്കുകയും ചെയ്തു.

പാശ്ചാത്യ മുതലാളിത്തശക്തികളുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഒരു എണ്ണസാമ്രാജ്യത്തിനുള്ളിലെ അധികാരസ്ഥാനത്ത് നേരത്തെ നുഴഞ്ഞു കയറിയ ചാരന്റെ ഐതിഹാസിക പരിവേഷമാണ് അഡ്വൈസർക്ക് അവിടെയുള്ളത്. അതേസമയം സ്കൂൾ കഴിഞ്ഞ്​ പഠിപ്പിനൊന്നും പോകാത്ത ഒരാൾ ഒരു രാജ്യത്ത് ജോലിക്ക് പോയിട്ട് അവിടം മുഴുവനും സ്വന്തമാക്കിയ അനുഭവമാണ് അയാളുടേത്. അതും കേട്ടുകേഴ്വികളിൽ പോലും ഇല്ലാത്ത സമ്പദ്‌സമൃദ്ധിയിലേക്ക് ആ രാജ്യം പോയിക്കൊണ്ടിരിക്കുമ്പോൾ.

ഇന്നാട്ടിൽ നടന്ന ഭാഗ്യാന്വേഷണങ്ങളുടെ പരമ്പരയിൽ ഏറ്റവും മികച്ചത് അതായിരുന്നു. ദിൽമുനിയയിലെ പഴമക്കാരുടെ കഥകളിൽ ഏറ്റവും വിലയേറിയ ഹസ്ബ മുങ്ങിയെടുത്തത് അയാളാണെന്ന് അബ്ബ പറയുമായിരുന്നെന്ന് അനിയൻ കമാലും ഓർത്തെടുത്തു.

ഒപ്പമുള്ള അമ്മി അത്രമേൽ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നെങ്കിലും എന്റെ അബ്ബ ആ വക കാര്യങ്ങളിൽ അല്പവും ഇടപെട്ടില്ല, ശ്രദ്ധിച്ചുമില്ല.

എനിക്ക് പത്തുവയസ്സായപ്പോൾ ഒരു ദിവസം അബ്ബയെന്നെ ജബൽ വസാത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭൂമിക്കടിയിൽ നിന്ന്​ ആദ്യമായി കുതിച്ചൊഴുകി വന്ന ക്രൂഡിൽക്കുളിച്ച് അവർ നിന്ന സ്ഥലവും അതിനും മാസങ്ങൾക്ക് മുന്നേ ഗൾഫു മേഖലയിൽ ആദ്യം എണ്ണ കണ്ടെത്തിയ ഇടവും കാണിച്ചു തന്നു. പിന്നെ നഹദൈനിലെ വഞ്ചിഗുഹയിലേക്ക് ഞങ്ങൾ നടന്നുപോയി. ബാലനായ എന്നെ ചിലപ്പോഴൊക്കെ ചുമലിലെടുത്താണ് അബ്ബ ഗുഹവാതിലിലോളം നടന്നത്. മുങ്ങുകാരന്റെ ഉറച്ച പേശികളുടെ ബലം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. വഞ്ചിഗുഹയുടെ മണ്ണിൽ അമർന്നു കിടന്ന്​ ഒളിവിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ അബ്ബ എല്ലാ നേരത്തെയുമുള്ള നിസ്ക്കാരം കഴിഞ്ഞ് പിന്നെയും ഏറെ പ്രാർത്ഥിക്കും. വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുമ്പോൾ അബ്ബ ദിഖ്‌റും സ്തുതിയും ചൊല്ലി വിളിച്ച് പ്രാർഥിച്ചു.

അമ്മി നാടിന്റെ മോചനത്തിന് ഇറങ്ങിപ്പുറപ്പെടാനുള്ള നിശ്ചയമെടുക്കുമ്പോൾ അബാദി കുടുംബത്തെ അടിമജീവിതത്തിൽ നിന്ന്​ മോചിപ്പിക്കാൻ അബ്ബ എന്നെ നേർച്ച നേരുകയായിരുന്നു എന്നുപറഞ്ഞത് എനിക്കത്ര മനസ്സിലായില്ല. വഞ്ചിഗുഹയുടെ ഉള്ളിൽ നില്ക്കുമ്പോൾ എന്നെ വന്നുമൂടിയ ചൈതന്യം പിന്നീട് എന്റെ ബാലഭാവനയ്ക്ക് ആയിരം ചിറകുകളാണ് നല്കിയത്. ബലിക്കല്ലിന്റെ മുന്നിൽ വേറെ ഏതോ ലോകത്തിലെന്നപോലെ ഞാൻ നിൽക്കുമ്പോൾ അബ്ബ എന്നെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ഉമ്മവച്ച് ഒരു രഹസ്യം പറഞ്ഞു. അതൊരു ബലിക്കലല്ല സിംഹാസനമാണെന്നും അബ്ബ കടലിൽ തേടിയ ജിന്ന് അവിടെയുണ്ടെന്നും അബ്ബ മന്ത്രിച്ചു.

ശബ്ദമടക്കി അനക്കങ്ങൾ നിയന്ത്രിച്ച് അമർന്നുകിടന്ന രാത്രികളിലെ കൂരിരുട്ടിൽ ആ ജിന്നു മാത്രമായിരുന്നു അബ്ബയ്ക്ക് വെട്ടം. തലയ്ക്കുപിടിച്ചു ഓതുമ്പോൾ മുള്ളമാർ ചെയ്യാറുള്ളതുപോലെ എന്റെ ശിരസ്സിൽ കൈപ്പത്തി ചേർത്തമർത്തി ബാധകയറിയവരുടെ ആവേശഭരിതമായ ശബ്​ദത്തിൽ അബ്ബ എന്തെല്ലാമോ മന്ത്രിച്ചൂതി.

അബ്ബയുടെ ഫിതം തഴമ്പ് ഇടതടവില്ലാതെ തുടിച്ചുകൊണ്ടിരിക്കുന്നത് അപ്പോൾ ഒരു തവണ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. പൂർവികനായ ഏതോ ഒരു അടിമഅബാദിയുടെ സന്തതിപരമ്പര അനവധി തലമുറകളായി പേറിവരുന്ന അടിമജീവിതത്തിന്റെ ചിങ്ങളും ക്ലേശങ്ങളും മനസ്സുകൊണ്ട് അവിടെ ഉപേക്ഷിക്കുകയാണെന്ന് അബ്ബ പിറുപിറുത്തു. അതു നടത്തിയെടുക്കാനുള്ള കർത്തവ്യം എന്നിലേക്ക് പകരുന്ന മന്ത്രങ്ങളാണ് അബ്ബ ചൊല്ലിയതെന്ന് എനിക്ക് മനസ്സിലായത് പിന്നെയും വളർന്നപ്പോഴാണ്.

ജീവിതത്തിലെ ഓരോ ചുവടുവെപ്പിനും മുന്നേ അവിടെപ്പോയി ജിന്നിന്റെ അനുഗ്രഹം തേടണമെന്ന് അബ്ബ എന്നെ ഉപദേശിച്ചു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments