ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

5. ജിന്ന് കൊടുത്ത ഐശ്വര്യങ്ങൾ

ന്നിനി അതിഥികളെ പ്രതീക്ഷിക്കുന്നില്ല.

ദിൽമുനിയയിലെ ഭൂമി രാത്രിയിലേക്ക് പ്രവേശിച്ചതിന്റെ പതിവടയാളങ്ങൾ തെളിയുന്നു. എല്ലായിടത്തും വലിയ ദീപവിതാനങ്ങൾ സൂര്യപ്രഭ ചൊരിഞ്ഞു നിൽക്കുന്നതുകൊണ്ട് രാത്രിയിലും പകൽ പോലെ വെളിച്ചമാണ്.

കടൽവെള്ളം തിളപ്പിച്ചുണ്ടാക്കുന്ന നീരാവിയുടെ മർദ്ദത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററിൽ നിന്ന് വൈദ്യുതി എടുക്കുന്നു. നീരാവി തണുപ്പിക്കുമ്പോൾ കുടിവെള്ളവും സുലഭമാകുന്നു. കടലിലെ വെള്ളമെടുത്ത് തിളപ്പിക്കാൻ ഇന്ധനമായി ഡീസൽ കുറഞ്ഞ വിലയ്ക്ക് ധാരാളമായുണ്ടല്ലോ.

ഞങ്ങളുടെ മുൻ തലമുറകൾക്കില്ലാതിരുന്ന രാത്രിയിലെ വെട്ടം ഇപ്പോൾ ദിവസങ്ങളെ നീളം കൂട്ടി വലുതാക്കുന്നു. അത് ആയുസ്സിന് അനുഭവദൈർഘ്യം നൽകി വിപുലമാക്കുന്നു. ചെറുപ്പത്തിൽ എപ്പോഴും ഇടപഴകി ശീലിച്ച നല്ല കട്ടിയിൽ ഖരരൂപമാർജ്ജിച്ച ഇരുട്ടുള്ള രാത്രികളെ നഷ്ടപ്പെട്ടുവല്ലോയെന്ന് എനിക്കുതോന്നും. സമ്പത്ത് കുമിഞ്ഞുകൂടിയപ്പോൾ കൺമുന്നിൽനിന്ന് പൊടിയും അഴുക്കുമെല്ലാം അപ്രത്യക്ഷമായി. തറ മുഴുവനും ടാറിട്ടും കോൺക്രീറ്റ് ഇഷ്ടികകളും ഗ്രാനൈറ്റും മാർബിളും പതിപ്പിച്ചും പുൽമെത്തകൾ വളർത്തിയൊരുക്കിനിർത്തിയും പുതിയ സ്വാഭാവികത വരുത്തിയിരിക്കുന്നു.

തുടച്ചുമെഴുക്കി തൂക്കുന്നവരും തുടയ്ക്കുന്നവരുമാണ് എവിടെയും. ആശുപത്രിയും എയർപോർട്ടും തുടങ്ങി പൊതുജനങ്ങൾ പെരുമാറുന്ന കെട്ടിടങ്ങളിൽ ഒരു ചുവടുവെപ്പിനും അടുത്ത ചുവടുവെപ്പിനും ഇടയിലൂടെ തറതുടയ്ക്കുന്ന നനഞ്ഞ തുണിച്ചൂൽ കടന്നുപോകും. തുടച്ചുവൃത്തിയാക്കിയ ചില്ലിൽ നിന്നോ വെണ്ണക്കല്ലിൽ നിന്നോ തിളങ്ങുന്ന പെയിന്റിൽ നിന്നോ പ്രതിഫലിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് തലയുയർത്തി നോക്കിയാൽ ചുറ്റിനും.

സ്വാഭാവികമായ തനിമയിൽ കാണാനും കാലൊന്നു പതിപ്പിക്കാനും ജൈവപ്രകൃതി നഷ്ടപ്പെടാത്ത ഒരുതുണ്ട് ഭൂമി തേടി അലയേണ്ട അവസ്ഥയാണ് അതിസമ്പന്നത വരുത്തിവച്ചിരിക്കുന്നത്.

എന്റെ സ്നേഹിതരായ ധനിക ബിസിനസ്സുകാർ ഒത്തുകൂടുമ്പോൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പലതും ഇത്തരമാണ്. അധികമായുണ്ടായ പണമെല്ലാം വെറും അക്കങ്ങളായി ചുരുങ്ങുന്നതും അതുപയോഗിച്ച് നേടാവുന്നതും അനുഭവിക്കാവുന്നതുമായ കാര്യങ്ങളുടെ പരിധികൾ വളരെ ചെറുതാവുന്നതും അവരറിയുന്നു. അവരോരോരുത്തരും പണം കൊണ്ട് എന്തെല്ലാം അനുഭവിക്കാമെന്ന്​ പരീക്ഷണങ്ങൾ നടത്തുന്നവരാണ്. എപ്പോഴും കൂടെയിരിക്കാനും തമാശകൾ പറഞ്ഞ് ചിരിപ്പിക്കാനും ആഹ്‌ളാദിപ്പിക്കാനും വലിയശമ്പളം കൊടുത്ത് ഒരാളെ നിയമിച്ച ഒരു ചങ്ങാതിയുടെ ശ്രമം കണ്ട് പലരും അതാവർത്തിച്ചു. ഒരാളിനെ സദാ പേറി നടക്കുന്നതിന്റെ അസൗകര്യങ്ങളും വിരസതയും ദുഷ്‌പേരും ഉണ്ടായതായിരുന്നു മിക്കവർക്കും ഫലം.

മകന്റെ വിവാഹച്ചടങ്ങ് ലണ്ടനിൽ നടത്താൻ തീരുമാനിച്ചു ഒരാൾ. ദിൽമുനിയയിലെ സ്നേഹിതരും ബന്ധുക്കളുമായ രണ്ടായിരം പേർക്ക് ലണ്ടനിലേക്ക് വിമാനടിക്കറ്റ് അടങ്ങിയ ക്ഷണക്കത്തുകൾ വിതരണം ചെയ്തു. തുടക്കത്തിൽ അതുണ്ടാക്കിയ ഞെട്ടലും നാട്ടിലാകെ പരന്ന കൗതുകവും വളരെ പെട്ടെന്ന് കെട്ടടങ്ങി. ലണ്ടൻ യാത്രാദുർഘടങ്ങളും ലണ്ടനിലെ താമസവും നിക്കാഹും അനുബന്ധചടങ്ങുകളും നേരിട്ട സംസ്കാരപ്പകർച്ചകളും അരുചികളുമാണ് ചടങ്ങ് കഴിഞ്ഞപ്പോൾ ബാക്കി വന്നത്. ഒരാളുടെ ഭാര്യയുടെ പ്രസവം അടുത്തപ്പോൾ മുന്തിയ ആശുപത്രിയിലെ പ്രസവ വാർഡിലെ മുറികൾ മുഴുവനും ഭാര്യക്കായി മൂന്നു ദിവസത്തേക്ക് ബുക്ക് ചെയ്യാൻ പോയി. അത് അനുവദിക്കില്ലെന്ന് ആശുപത്രിക്കാർ വാശിപിടിച്ചപ്പോൾ വലിയ വില കൊടുത്ത് ഒരു ദിവസത്തേക്ക് ബുക്ക് ചെയ്ത് അലങ്കരിച്ചു. അദ്ദേഹത്തിന്​യാതൊരു അധികസന്തോഷവും നൽകാത്ത വിധത്തിൽ വേദനയുടെ അധ്യായമായി ആ പ്രസവം.

ആശുപത്രി വാർഡിലെ അലങ്കാരങ്ങൾ ഭാര്യ അറിഞ്ഞതേയില്ല. പല വഴികളിൾ പലവിധം ഏജന്റുമാരിലൂടെ ഏർപ്പാടാക്കി മുന്നിലെത്തിക്കുന്ന വിവിധ വംശവർണ്ണങ്ങളിലെ സുന്ദരിമാരായ യുവതികളോട് പിടിച്ചുനിൽക്കാൻ, ഉദ്ധാരണശേഷി പ്രദാനം ചെയ്യാൻ തന്റെ സമ്പത്തിനാവുന്നില്ലല്ലോയെന്ന പരിദേവനങ്ങളാണ് കൂട്ടത്തിലെ ഏറ്റവും നല്ല തമാശകൾ. സുന്ദരിമാരുടെ സമീപത്തേക്ക് പോകുന്നതിന് ഒന്നൊന്നര മണിക്കൂർ മുന്നേ കുത്തിവയ്പ് നടത്തി ശേഷിയ്ക്ക് ഊർജ്ജം പകരാൻ സംവിധാനമൊരുക്കിവച്ചിട്ടുള്ളവർക്കും കുറെയാകുമ്പോൾ മടുപ്പാണ്. കാരണം കുത്തിവെപ്പും അനുബന്ധപ്രക്രിയകളും നടത്താൻ വേറെ ആളുവേണം.

രതിയനുഭവത്തിന്റെ സാരള്യതയെ മുഴുവനായി ബലി കഴിക്കുന്ന യാന്ത്രികതയും ജോലികളും കടന്നിട്ടുവേണം കുത്തിവയ്‌പ്പെടുത്ത് തയ്യാറാവാൻ. ഒരു മോട്ടോർക്കാർക്കൂട്ടം തന്നെ വീട്ടിലുണ്ടെങ്കിലും അതിലൊന്നിൽ മാത്രം യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന റോഡനുഭവങ്ങൾ, അതുവഴി വണ്ടിയുന്തിപ്പോകുന്ന മറ്റാരെയും പോലെയാണല്ലോയെന്ന് ചിലർ ഖിന്നരാകുന്നു.

സ്വന്തം മാളിക വളപ്പിൽ തന്നെയുള്ള സെർവൻറ്​ ക്വാർട്ടറിലെ ഇത്തിരി സ്ഥല സൗകര്യത്തിൽ ഭാര്യയും കുട്ടികളുമായി ഞെരുങ്ങിക്കഴിയുന്ന കുക്കിനോടും ചിലപ്പോൾ ഡ്രൈവർമാരോടും നിന്റെ ഭാര്യയും കുട്ടികളും എത്ര സ്നേഹത്തോടെ പെരുമാറുന്നു? എന്തൊരു മനഃശ്ശാന്തിയാണ് നിങ്ങളെല്ലാം അനുഭവിക്കുന്നത്? നീ എത്ര ഭാഗ്യവാനാണ്? എന്ന് ഗൗരവം അഴിച്ചുവച്ച് ചോദിക്കുന്നവരാണ് പലരും. ഭൂമി വെന്തുരുകുന്ന വേനലിലെ നട്ടുച്ചയ്ക്കുള്ള ഇടവേളയിൽ വില വളരെ കുറവുള്ള ഖുബ്ബൂസ് തൈരും കൂട്ടിക്കഴിച്ചിട്ട് പനമരച്ചോട്ടിലെ പുല്ലിന്റെ നനവിൽ കിടന്നുറങ്ങുന്ന അൽപശമ്പളക്കാരനായ ഇന്ത്യക്കാരൻ തൊഴിലാളിയെ നോക്കി, വളരെ സ്വസ്ഥരായി അവരുറങ്ങുന്നത് നോക്കൂ, എന്തു ഭാഗ്യവാന്മാർ എന്നസൂയപ്പെടുന്നവരാണ് എന്റെ ചങ്ങാതിമാരായ ആ ശതകോടീശ്വരന്മാർ.

ലക്ഷക്കണക്കിന് മനുഷ്യർ വലിയ ആർഭാഢങ്ങളോടെ ദിവസങ്ങൾ കഴിയ്ക്കുന്ന പ്രക്രിയയിൽ ഭീമമായ അളവിൽ മാലിന്യങ്ങളും പൊടിയും അഴുക്കും ഉച്ചിഷ്ടങ്ങളും വിസർജ്ജ്യങ്ങളും ഉണ്ടാവുന്നുണ്ട്. അനഭിലഷണീയമായ കാഴ്ചകളും ഗന്ധങ്ങളും വസ്തുക്കളും ഉണ്ടാവുന്നുണ്ട്. ഇതൊന്നും യഥാർത്ഥത്തിൽ ഇല്ലാതാവുകയില്ല. ഒരുപാട് പണവും അദ്ധ്വാനവും ചെലവഴിച്ച് അതെല്ലാം കാഴ്ചകളിൽനിന്ന് മറയ്ക്കുകയാണ്. ഇത്രയും മനുഷ്യർക്ക് നിത്യവും ആഡംബര ജീവിതത്തിന് ഉപയോഗിക്കാൻ വേണ്ടിവരുന്ന എല്ലാസാധനങ്ങളും ദൂരെ ദേശങ്ങളിൽ നിന്നും വാങ്ങി ഇവിടെ എത്തിക്കുകയാണ്.

സഞ്ചാരത്തിലായിരിക്കുമ്പോൾ തമ്മിലും തറയിലും മുട്ടുമ്പോൾ കേടുകൂടാതിരിക്കാനും പൊട്ടാതിരിക്കാനും അനേകം പായ്ക്കിംഗ് സാമഗ്രികൾ വയ്ക്കുന്നുണ്ട്. സാധനങ്ങൾ വച്ചുനിറയ്ക്കുന്ന കുപ്പികളും ചാക്കുകളും വീഞ്ഞപ്പെട്ടികളും കൊട്ടകളും കൂടകളും തകരത്തിന്റെയും ചില്ലിന്റെയും കട്ടിക്കടലസിന്റെയും വിവധതരം പ്ലാസ്റ്റിക്കുകളുടെയും എണ്ണമറ്റ ആകൃതികളിലെ പാത്രങ്ങൾ മുത്തിരുന്ന ചിപ്പികൾ പോലെ പൊളിച്ചയുടനെ വേണ്ടാത്തതാവുന്നു. മുത്തുച്ചിപ്പികൾ പൊളിക്കുമ്പോൾ അകത്തുള്ളതെന്തെന്നറിയാൻ ആകാംക്ഷ ഉണ്ടാവും. ഭാഗ്യാന്വേഷണത്തിന്റെ ഉദ്വേഗവും പ്രാർഥനകളും മുന്നിട്ടുനിൽക്കും. വില കൂടിയ സാധനങ്ങളുടെ പൊതിച്ചിപ്പികൾക്ക് ആ ജിജ്​ഞാസ പോലും പകരാനില്ലാതെ അവയെല്ലാം പാഴ്​വസ്​തുഗണത്തിലേക്ക് നേരെ പോകും.

ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മനുഷ്യരുടെ വേവും ചൂടും വിയർപ്പും പേറുന്ന ആ വസ്തുക്കൾ മറ്റു സ്ഥലങ്ങളിൽ വിലയുള്ളതാണെങ്കിലും ദിൽമുനിയയിൽ അവ വെറും പാ​ഴ്​വസ്​തുക്കളാണ്. അവയും കാഴ്ചകളിൽ നിന്നു മറയ്ക്കപ്പെടുന്നു. അവയെല്ലാം കാണാനും കൈകാര്യം ചെയ്യാനുമായി കുടിയേറി വന്ന ഒരു കൂട്ടം ആളുകൾ വേറേയുണ്ട്. അവരുടെ ആദ്യതലമുറ സ്വദേശങ്ങളിലേക്ക് അവധിയ്ക്കുപോയപ്പോൾ പളപളപ്പുള്ള വസ്ത്രങ്ങൾ ധരിച്ചും സ്​പ്രേയും പെർഫ്യൂമുകളും ധാരാളം ഉപയോഗിച്ചും അവരുടെ തൊഴിൽ ഓർമകളെ മറികടന്നു.

എന്റെ അബ്ബ ഇബ്രാഹിം അബാദി 19 വർഷം മുമ്പ് മരണപ്പെടുന്ന ദിവസങ്ങളിലും ഞാൻ അബ്ബയുടെ കഥകൾ കേട്ടുകൊണ്ടിരുന്നു. 75 വർഷങ്ങൾ ജീവിച്ചുണങ്ങി ഭംഗി നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ശരീരത്തിനുള്ളിൽ ഇനിയും നാമറിയാത്ത മുത്തും പവിഴവുമുണ്ടെന്നും അവയെല്ലാം കഥകളായി പുറത്തേക്ക് വരുമെന്നും അതിനാൽ ആ ചിപ്പിക്കൂട് പാഴ്​വസ്​തുവല്ലെന്നും ഞാൻ എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയിരുന്നു. ഞങ്ങളുടെ കൺമുന്നിൽ നിന്ന്​ അമ്മി അഹമദ് ഖലീൽ നോക്കെത്താതീരത്തേക്ക് പൊടുന്നനെ അപ്രത്യക്ഷനായശേഷം അബ്ബ അമ്മിയുടെ കഥകൾ കൂടുതൽ പറഞ്ഞു. അതിൽ നിറയെ വിമോചനവാഞ്ചയിൽ ഉരുകിത്തിളച്ച ദിൽമുനിയ ഉണ്ടായിരുന്നു. അനിയൻ കമാലിനെ രാഷ്ട്രീയത്തിലേക്ക് പിടിച്ചുകൊണ്ടുപോയ കാരണങ്ങളിൽ ആ കഥകളുമുണ്ടാവാം.

രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്ന് നടിക്കുമ്പോഴും സംഭവിക്കുന്നതെല്ലാം അബ്ബ ഓർമ്മയിൽ രേഖപ്പെടുത്തിവച്ചിരുന്നു. അമ്മിയുടെ വാക്കുകളും ദർശനങ്ങളും ഉള്ളിൽ സ്വീകരിക്കുമ്പോഴും അബ്ബയ്ക്ക് മുൻഗണന മറ്റൊന്നിലായിരുന്നുവെന്ന് എനിക്കുമാത്രം മനസ്സിലായി. അബാദി കുടുംബത്തിന്റെ വരുംതലമുറകളെ അടിമ ജീവിതങ്ങളിൽ നിന്ന്​ മോചിപ്പിക്കാൻ ജിന്നിന്റെ നിശ്ചയങ്ങളെ പുലർത്തുന്നതായിരുന്നു അബ്ബയുടെ മുൻഗണന. ഞാൻ മുസ്തഫയും ഇളയ ആൺകുട്ടി കമാലും ആയത് യാദൃച്ഛികം അല്ലെന്നും അവ രണ്ടും അമ്മി അഹമദ് ഖലീല് തിരഞ്ഞെടുത്ത പേരുകളാണെന്നും മരിക്കുന്നതിന്റെ തൊട്ട് മുൻദിവസങ്ങളിലും അബ്ബ പറഞ്ഞു. അത്താ തുർക്ക് മുസ്തഫാ കമാൽ പാഷ അമ്മിയെ അത്രയധികം സ്വാധീനിച്ചുവെന്നും അതിന്റെ അടയാളമായി ഇട്ട പേരുകൾ വഹിക്കുന്ന ആളുകളാണ് ഞങ്ങളെന്നും അബ്ബ നിർവൃതിയോടെയാണ് പറഞ്ഞത്. ഗ്രാമക്കാർ മുഴുവനും ഒത്തുചേർന്ന് എതിർത്തിട്ടും വിമർശിച്ചിട്ടും തന്റെ തീരുമാനത്തിൽ നിന്ന് അണുവിടപോലും പിറകോട്ടു പോകാതെ അബ്ബ തന്റെ പെൺമക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ഉറച്ചുനിന്നു. മക്കളെ എല്ലാവരെയും പുതിയതായി ആരംഭിച്ച സ്കൂളിൽ ചേർത്ത് അബ്ബ പഠിപ്പിച്ചു. പെൺകുട്ടികൾ സ്കൂളിൽ പോകുമ്പോൾ വന്നുകൂടുന്ന ശെയ്ത്താൻ വീടും നാടും നശിപ്പിക്കുമെന്ന് സ്നേഹമായിട്ടും ഭീഷണിയായും ഉപദേശങ്ങൾ അനേകം വന്നപ്പോഴും അബ്ബ തീരുമാനം മാറ്റിയില്ല. വഴങ്ങാതിരുന്നത് അബ്ബയല്ല, അമ്മി അഹമദ് ഖലീലിന്റെ സത്തയാണെന്നും അതിൽ നിന്നുറവയെടുത്തുണ്ടായതാണ് മുസ്തഫ ഇബ്രാഹിം ആൻറ്​ സൺസ് എന്ന സാമ്രാജ്യമെന്നും ഉറച്ച വിശ്വാസത്തിന്റെ വീര്യം അവസാന ശ്വാസത്തിലും അബ്ബയ്ക്കുണ്ടായിരുന്നു.

ഈ വീട്ടിലെ മറ്റൊരു മുറിയിലുള്ള ഹൈഫയ്ക്ക് അസ്ഥികൾക്ക് തേയ്മാനം സംഭവിച്ച്​എഴുന്നേറ്റിരിക്കാനും നിൽക്കാനുമാവാത്ത അസുഖമാണ്. എല്ലായ്‌പ്പോഴും കിടപ്പാണെങ്കിലും ആൾസഹായത്തിൽ തലയും ചുമലും ഉയർത്തുമ്പോൾ ഹൈഫ സംസാരിക്കും. ആരെയും കൂസാത്ത ചൊടിയും മിടുക്കും തുളുമ്പി നിൽക്കുന്നില്ലെങ്കിൽ പിന്നെ ഹൈഫ ഹൈഫയല്ല. ഹൈഫയെ ഇപ്പോൾ പൊതിഞ്ഞുനിൽക്കുന്ന നിരാശയും വീണുപോയെന്ന തോന്നലും ആവശ്യമില്ലാത്തതാണെന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷേ ആവില്ലല്ലോ. വീൽചെയറും ആൾസഹായവും എല്ലാം ചേർത്ത് ഹൈഫയെ ഈ കിടക്കയ്കരികിലെത്തിക്കുമ്പോൾ അവ ചേക്കേറാൻ വരുന്ന പക്ഷിക്കൂട്ടത്തെ കുറിച്ച് പറയാൻ ശ്രമിക്കും. സായാഹ്നങ്ങളിലും പ്രഭാതങ്ങളിലും അവയെ കാതോർത്തു കിടക്കുന്നതും ഞാനും അങ്ങനെ തന്നെ ആവുമല്ലോയെന്നു സങ്കൽപ്പിക്കുന്നതും പിറുപിറുക്കും. പക്ഷികളെയും ഞങ്ങളെയും കൊണ്ടുവന്ന ഇബ്രാഹിം അബാദിയ്ക്ക്​ അള്ളാഹു ജന്നത്തിൽ ഫിർദൗസിൽ ഇടം കൊടുക്കണേ എന്നു പ്രാർഥിക്കും.

അബ്ബയുടെ അനിയൻ ജാഫർ അബാദിക്ക്​ ബുദ്ധിമാന്ദ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്​ ഒരു ഭാര്യയെ അബ്ബ കണ്ടെത്തിയിരുന്നു. അവർക്കു ജനിച്ച മകളെ ഞാൻ വിവാഹം ചെയ്യണമെന്നും ആ കുടുംബം എന്റെ സംരക്ഷണയിൽ സുരക്ഷിതമാകണമെന്നും അബ്ബ ആഗ്രഹിച്ചു. അബ്ബ പറയുന്നതെന്തും അനുസരിക്കാൻ മനസ്സുള്ള എനിക്ക് ആ വിവാഹനിർദ്ദേശം തീരാവേദനയാണ് ഉണ്ടാക്കിയത്.

തുമിലിപ്പാടങ്ങളുടെ ഓരത്തെ ഗ്രാമത്തിലെ ഞങ്ങളുടെ വീടുവിട്ട്​ മനാനയിൽ അമ്മിയുടെ ബരസ്തിയിൽ കുടിപാർക്കാൻ പോയപ്പോൾ തീരെ അറിയാത്ത പുതിയൊരു ലോകത്തിൽ ചെന്നുപെട്ട അനുഭവമായിരുന്നു. ബരസ്തിയിലെ താമസക്കാർ നഗരവാസികളായിരുന്നു. ഞങ്ങൾ കുഗ്രാമത്തിൽ നിന്ന് ചെന്നുചേർന്ന അപരിഷ്‌കൃതരും. ആദ്യം കുറേനാൾ നഗരരീതികൾ അറിയാത്തതിന്റെ പരുങ്ങൽ ഞങ്ങൾക്ക് നന്നായുണ്ടായിരുന്നു. അയല്പക്കത്ത് ഉയർന്ന് കേൾക്കാറുള്ള ഒരു പെൺശബ്​ദം അപരിചിതത്വത്തിന്റെ കട്ടിയുള്ള പുറംതോട് പൊളിച്ച് ആദ്യനാൾ മുതൽക്കേ എന്റെ ശ്രദ്ധയിൽ സവിശേഷമായി പതിഞ്ഞിരുന്നു. ദിവസങ്ങൾ പോകപ്പോകെ ആ ശബ്​ദം തേൻമൊഴിയായി എന്നിൽ വന്നുനിറയാൻ തുടങ്ങി.

അപാരമായ വശ്യതയെ ചിമിഴിലടച്ച് അതിന്റെ അതിരുകളിൽ കനത്തിൽ സുറുമ എഴുതിയ ആ കണ്ണിമകളുടെ തുള്ളിച്ചാട്ടം എന്റെ ഉള്ളിൽക്കടന്ന് എന്നെ ബന്ധിച്ചു കീഴടക്കി. മെടഞ്ഞ പനയോലച്ചുവരിലൂടെ കടന്നുവരുന്ന ദൃശ്യങ്ങളുടെ നിഴലിലും വെളിച്ചത്തിലും എന്റെ ഭാവന ചാഞ്ചാടുകയായി. ആ ശബ്​ദത്തിന്റെ ആരോഹണാവരോഹണങ്ങളിൽ ഞാനെന്റെ അസ്തിത്വത്തെ ബന്ധിപ്പിച്ചു.

ഇരുട്ട് കനത്ത് റാന്തലുകൾ കെടുത്തി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ആ കണ്ണുകൾക്കുടമയുടെ ശബ്​ദങ്ങൾക്കോ മൂളിപ്പാട്ടിനോ വേണ്ടി കാതോർത്ത് അരികത്തെ കുടിലിലും മുറ്റത്തും ഞാൻ ഉറങ്ങാതിരിക്കും. കുടിലിനുള്ളിൽ എപ്പോഴും ചിറകടിച്ചു പറക്കുന്ന ശലഭത്തിന്റെ ഹിജാബു നീക്കിയ വിടർന്ന മുഖമാകെയൊന്നു കാണാൻ രാവും പകലും കൊതിച്ചും ഭ്രാന്തു പിടിച്ചും ഞാൻ നടന്നു. ഒരു ദിവസം ശലഭം സ്നേഹിതമാരുമായി അലക്കാൻ പോകുന്ന കൂട്ടത്തിലേക്ക് ഒരു അബായയണിഞ്ഞ് ഞാൻ പെണ്ണിനെപ്പോലെ പോയി. ശലഭത്തിനു പേര് ഹൈഫ റഹീമിയെന്നാണെന്ന് ഞാൻ മുന്നേ തിരക്കി അറിഞ്ഞിരുന്നു.

ഹൈഫ റഹീമിയെ ഞാൻ പിന്നിലേക്ക് വിളിച്ചപ്പോൾ അവൾ നടപ്പിന്റെ വേഗത കുറച്ച് എനിക്കൊപ്പം നടന്ന് മറ്റുള്ളവരെ മുന്നിലാക്കി. ഞാനെന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ തരളിതയവുകയോ ലജ്ജയിൽ കൂമ്പിപ്പോവുകയോ ചെയ്തില്ല. അന്തസ്സായും ആഡംബരത്തിലും ജീവിക്കാൻ പ്രാപ്തിയുണ്ടെന്ന് തെളിയിക്കുമ്പോൾ എന്നെ നിക്കാഹു കഴിക്കാമെന്നു മറുപടി പറഞ്ഞിട്ട് അവൾ വേഗം നടന്ന് സ്നേഹിതമാരുടെ ഒപ്പം ചെന്നുചേർന്നു. നഗരത്തിൽ വളരുന്ന പെൺകുട്ടികളുടെ തന്റേടത്തെക്കുറിച്ച് ഉമ്മിമാരും പെങ്ങന്മാരും വീട്ടിൽ പറയാറുള്ള ചെറിയ പരദൂഷണങ്ങളെ ഓർമിച്ച് ഞാൻ സ്തബ്ധനായി നിന്നുപോയി. ഇവൾക്ക് ആരാണ് മൃദുലയെന്നോ ആർദ്രയെന്നോ അർഥം വരുന്ന പേരിട്ടതെന്നാണ് ഞാൻ ആദ്യം കൗതുകപ്പെട്ടത്.

ഒരു നിമിഷം കഴിഞ്ഞാണ് ഹൈഫ റഹീമിയുടെ പ്രതികരണം ഞാൻ ശരിയായി അപഗ്രഥിച്ച് നോക്കിയത്. എന്റെ പ്രേമം പറച്ചിൽ അവൾ തിരസ്കരിച്ചില്ല. ഉപാധികൾ വച്ചെന്നുമാത്രം. ആ അറിവ് ഒരു കൊള്ളിയാൻപോലെ അളവില്ലാത്ത ഊർജ്ജവുമായി എന്നെ കടന്നുപോയി.

ആ രാത്രി എനിക്ക് ഉറക്കം വന്നില്ല.

കുടിലുകളിലെ റാന്തൽ വിളക്കുകളെല്ലാം അണഞ്ഞു കഴിഞ്ഞിട്ടും ഞാൻ ഉറക്കമില്ലാതെ കിടക്കുകയാണ്.

പുറത്ത് കുടിലിന്റെ മുറ്റത്ത് ഒരുആളനക്കം ഉണ്ടായതിന്റെ നിഴലാട്ടങ്ങൾ സംഭവിക്കുന്നുവെന്ന് എനിക്ക് തോന്നി, വന്നയാൾ ആരുടെയോ ശ്രദ്ധക്ഷണിക്കാൻ അല്പനേരം അവിടെ നിന്നിട്ടാണ് മടങ്ങിപ്പോയതെന്നും.

കുറെ സമയത്തെ നിശ്ശബ്​ദതക്കുശേഷം ഒച്ചയും അനക്കവുമുണ്ടാക്കാതെ എഴുന്നേറ്റ ഞാൻ മുറ്റത്തിറങ്ങി. അവിടെ ആളു വന്നുനിന്നിടത്ത് ഒരു ചെറിയ കാവക്കപ്പ് ഇരിപ്പുണ്ടായിരുന്നു. അതിമനോഹരമായ അക്ഷരച്ചിത്രങ്ങൾ പേർഷ്യൻ ഭാഷയിൽ ആലേഖനം ചെയ്ത ഭംഗിയുള്ള വാലും അടപ്പുമുള്ള, ഒരു ചായ കൊള്ളാൻ മാത്രം വലിപ്പമുള്ള ചെമ്പുകപ്പ്. അതിനടിയിൽ നാല് വാക്കുകൾ എഴുതിയ ഒരു തുണ്ട് പേപ്പറും. നോട്ട്ബുക്കിന്റെയോ വർത്തമാനപത്രത്തിന്റെയോ മാർജിൻ ചീന്തി എടുത്ത കുഞ്ഞുകഷ്ണമാണ് പേപ്പർ.

ഇതാണ് ലൂമി, പ്രേമത്തിന്റെ പാനീയം എന്നാണെഴുതിയിരുന്നത്.

ആ വാക്കുകൾ എന്നിൽ ജനിപ്പിച്ച ആഹ്‌ളാദത്തിനേക്കാൾ പതിന്മടങ്ങ് ആവേശമാണ്‌ പ്രേമത്തിന്റെ പാനീയമായ ലൂമി എന്നിൽ സൃഷ്ടിച്ച രാസമാറ്റങ്ങൾ. അബ്ബ എന്നെ വഞ്ചിഗുഹയിൽ കൊണ്ടുപോയ ദിവസം എനിക്ക് പെട്ടെന്ന് ഓർമ വന്നു. എന്റെ തലയിൽ കയ്യമർത്തി ബാധയേറ്റ ആവേശത്തോടെ ഹൈഫ റഹീമി മന്ത്രിച്ചൂതുന്നതായി എനിക്കനുഭവപ്പെട്ടു.

ആ നാല് വാക്കുകൾ മാത്രമാണ് മന്ത്രം, ഇതാണ് ലൂമി, പ്രേമത്തിന്റെ പാനീയം. പിന്നീട് ആഘോഷരാവുകളിലും വിശേഷദിവസങ്ങളിലും നല്ല വാർത്തകളുടെ അവസരങ്ങളിലും ഹൈഫ റഹീമി തയ്യാറാക്കുന്ന ലൂമി എന്നെത്തേടിവന്നു. ഹൈഫ റഹീമി ലൂമിയിലൂടെ അതിവിശിഷടമായ ഒരു പാനീയം എനിക്ക് കുടിക്കാൻ പാകപ്പെടുത്തിത്തരിക മാത്രമായിരുന്നില്ല. അവളുടെ തന്റേടവും കഴിവും വ്യക്തിത്വവും എനിക്ക് അറിയിച്ചുതരിക കൂടിയായിരുന്നു.

കാവക്കപ്പിന്റെ രാത്രികളിലെ ഒളിച്ചുവരവിലും അതിന്റെ ഒളിച്ചുള്ള മടങ്ങിപ്പോക്കിലും അടങ്ങിയ ഭദ്രമല്ലാത്ത കൊടുക്കൽ വാങ്ങലുകളെ ഹൈഫ അതി വേഗം മറികടന്നു. എന്റെ കുടിലിൽ ഉമ്മമാരുടെയും പെങ്ങന്മാരുടെയും ഉറ്റ ചങ്ങാതിയായി ഹൈഫ. എന്റെ പെങ്ങളിൽ ലൂമിയോട് അധികഭ്രമം ജനിപ്പിക്കുകയും പെങ്ങൾക്കായെന്നു പറഞ്ഞ് പകലുകളിൽ പരസ്യമായി ലൂമി എന്റെ പക്കൽ എത്തുകയും ചെയ്തു

അതിനുശേഷം ഇന്നേവരെയും ഞാൻ ചെയ്തതെല്ലാം അന്തസ്സായും ആഢംബരത്തിലും ജീവിക്കാൻ പ്രാപ്തിയുണ്ടെന്ന് ഹൈഫയോടു തെളിയിക്കാനായിരുന്നു. ജീവിതാന്ത്യത്തിൽ ഇവിടെ ചലനമറ്റു കിടക്കുമ്പോൾ കഴിഞ്ഞതെല്ലാം ഓർക്കാനും അതിന്മേൽ വിചിന്തനങ്ങൾ ചെയ്യാനും ഞാൻ ശ്രമിക്കുകയാണ്. അമ്മി അഹമദ് ഖലീലിന്റെ കുട്ടിയായി വളർന്നിട്ടും ഞാൻ ഒരുരാഷ്ട്രീയപരിപാടി നടക്കുന്നിടത്തേക്കും തിരിഞ്ഞു നോക്കിയിട്ടില്ല. നാട് സമരങ്ങളിൽ തിളച്ചുമറിഞ്ഞ മൂന്നു ദശകങ്ങളിൽ ഞാൻ നവയുവാവായിരിക്കുമ്പോൾ സ്നേഹിതരും ബന്ധുക്കളുമായ ഒട്ടേറെ യുവാക്കൾ സമരപ്പെരുമഴകളിലേക്കിറങ്ങി മുങ്ങിനനഞ്ഞപ്പോഴും ഞാൻ ഒരുതുള്ളി നനയാതെ വേറെ നിന്നു.

അയലത്തെ കുടിലിലെ ഹൈഫയുടെ ശലഭസാന്നിധ്യവും ഹൈഫ വച്ച ഉപാധിയുമാണോ അതോ ഫിതം തഴമ്പുകൾ വിറപ്പിച്ച് അബ്ബ വഞ്ചിഗുഹയിൽ വച്ച് ചെയ്ത ആഭിചാരക്രിയയാണോ ഏതാണ് മുസ്തഫ ഇബ്രാഹിം ആൻറ്​ സൺസ്​ എന്ന ബ്രഹത്​ സാമ്രാജ്യത്തിന് വഴിമരുന്നിട്ടതെന്ന് ഇപ്പോൾ എനിക്ക് കൃത്യമായി വേർതിരിച്ച് മനസ്സിലാക്കാനാവുന്നില്ല. വയസ്സ് ഇരുപതായപ്പോൾ നാലഞ്ചു കഴുത വണ്ടികളിൽ ഹസയുടെയും മറ്റും കച്ചവടം ഞാൻ ചെയ്യുന്നുണ്ടായിരുന്നു. ഹസ പെറുക്കി കൂട്ടാനും കഴുതവണ്ടികളിൽ ഗ്രാമങ്ങളിൽ കൊണ്ടുനടക്കാനും പത്തുപതിനഞ്ചു ജോലിക്കാരെ വച്ച് പണിയെടുപ്പിക്കുന്നുണ്ട്. അവർ ജബൽ വസാത്തിൽ നിന്നുള്ള മണ്ണെടുത്ത് വീട് പണിയുന്ന ആവശ്യക്കാർക്ക് കൊടുക്കാനും ഓയിൽ കമ്പനിക്കാരുടെ ടൗൺഷിപ്പിലേക്ക് കുടിവെള്ളം എത്തിച്ചുകാടുക്കാനും പോകും.

എന്നേക്കാൾ നാല് വയസ്സിളയതാണ് ഹൈഫ റഹീമി. ഹൈഫയെ പെണ്ണുചോദിക്കാൻ യോഗ്യതയെത്തിയില്ലെന്നായിരുന്നു അന്നൈന്റ വിലയിരുത്തൽ. ഹൈഫയെ അന്തസ്സായി പോറ്റാൻ എനിക്ക് കെൽപ്പുണ്ടായി എന്നു തോന്നിയപ്പോഴും ആർഭാഢപൂർവം ജീവിക്കാൻ ഇനിയും മുന്നോട്ടു പോകണം എന്നുഞാൻ നിശ്ചയിച്ചു. സ്കൂളിൽ സഹപാഠിയായിരുന്ന, എന്നെക്കാൾ അഞ്ചാറു വയസ്സ് മൂപ്പുള്ള യൂസഫ് അബ്ബാസ് ഹൈഫയെ നിക്കാഹു കഴിക്കുന്നുവെന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിത്തകർന്നില്ല. ഹൈഫ എന്റെ പെണ്ണാണെന്നും അന്തസ്സായും ആർഭാഢത്തോടെയും ജീവിക്കാൻ പ്രാപ്തിയുണ്ടാക്കി അവളോട് യോഗ്യത തെളിയിച്ച്​ ഞാൻ ചെല്ലുമ്പോൾ അവളെയെനിക്ക് മടക്കിത്തരണമെന്നും ചങ്ങാതിയായ യൂസഫ് അബ്ബാസിനോട് ഞാൻ പറഞ്ഞു. ഓയിൽ കമ്പനിക്കാർക്ക് വേണ്ടി നുറുങ്ങുജോലികൾ ചെയ്തുതുടങ്ങിയപ്പോൾ മുതൽ യൂസഫ് അബ്ബാസും എന്നോടൊപ്പമുള്ള ജോലിക്കാരനാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് ദിൽമുനിയ ഇറാൻ ഭരണത്തിലായിരുന്നു. ഭരണനടപടികളുടെ ഭാഗമായി ഇറാനിൽ നിന്നിവിടെ വന്നിട്ട് സ്ഥിരതാമസമുറപ്പിച്ചവരാണ് ഹൈഫയുടെയും യൂസഫ് അബ്ബാസിന്റെയും പൂർവികർ.

അതിനിടയിൽ അബ്ബയുടെ ആഗ്രഹം സഫലമാക്കാൻ അദ്ദേഹത്തിന്റെ ബുദ്ധിവൈകല്യമുള്ള അനിയൻ ജാഫർ അബാദിയുടെ മകൾ റാബിയ ജാഫറിനെ ഞാൻ നിക്കാഹു കഴിക്കുന്നുണ്ട്. അതെല്ലാം മുറപ്രകാരം നടന്നു പൊയ്‌ക്കോട്ടേ എന്നാണ്​ ഞാൻ കരുതിയത്. ഒരക്ഷരം പോലും ഉരിയാടാതെ ഒരു മനുഷ്യന് എത്രനാൾ വേണമെങ്കിലും കഴിച്ചു കൂട്ടാനാകും എന്നു തെളിയിക്കാനാണ് റാബിയ ജീവിക്കുന്നതെന്ന് തോന്നുമായിരുന്നു.

ഒരു ഉപാധിയുമില്ല, ഒരു ആവശ്യവുമില്ല. ആളുണ്ടെന്ന് തെളിയിക്കുന്ന അനക്കങ്ങൾ പോലും ഒഴിവാക്കാൻ ശ്രമിക്കും. എന്റെ ഉമ്മിമാർക്ക് റാബിയയോടു എന്തെങ്കിലും ജോലി ചെയ്യാൻ പറയേണ്ടിവരില്ല. കാരണം ഉമ്മിമാർക്ക് തോന്നുമ്പോൾ റാബിയ അതു ചെയ്തുകൊണ്ടിരിക്കുകയാവും. വിവാഹശേഷം അഞ്ചു വർഷക്കാലമാണ് റാബിയ ഗർഭം ധരിക്കുന്നതും കാത്ത് ഉമ്മിമാരും കുടുംബത്തിലെല്ലാവരും പ്രതീക്ഷയോടെയിരുന്നത്.

മുസ്തഫ വേറൊരു പെണ്ണിനെക്കൂടി നിക്കാഹ് കഴിക്കട്ടെയെന്ന്​ വീട്ടിൽ ഓരോരുത്തർ പറഞ്ഞു തുടങ്ങിയതിന്റെ നിരാശയും വേദനയുമാണ് റാബിയയെ ഗർഭിണിയാക്കിയതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. റാബിയ പ്രസവിച്ച കുട്ടിയാണ് എന്റെ മൂത്തമകൻ ആദിൽ. ആദിലിന്റെ പിറവി കാത്തിരുന്ന അഞ്ചാറ് വർഷങ്ങളിൽ എന്റെ നില ഹൈഫയുടെ ഉപാധിയുടെ കണക്കിലേക്ക് കുറെ ഉയർന്നിരുന്നു. ഓയിൽഫീൽഡിലെ സാഹിബുമാർ ചെറിയ ജോലികളുടെ കരാറുകാരനായി എന്നെ അംഗീകരിച്ചു. അടിയന്തിര സ്വഭാവമുള്ള ജോലികൾ അവർക്കാവശ്യമുള്ള നേരത്ത് തീർത്തുകൊടുക്കുമെന്ന് വിശ്വസിച്ചേൽപ്പിക്കാൻ കൊള്ളാവുന്നൊരാളാണ് ഞാനെന്ന് ഓയിൽക്കമ്പനിക്കാർക്കിടയിൽ പരന്ന വിശ്വാസമായിരുന്നു എന്റെ വലിയ സമ്പാദ്യം.

സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വലിയ ഒരു തമാശയുടെ ചെറിയ ഭാഗങ്ങളായിരുന്നു, ഹൈഫയുടെ ഭർത്താവായ എന്റെ ചങ്ങാതി യൂസഫ് അബ്ബാസിന്. ഈജിപ്തിൽ പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബിനെ സ്ഥാനഭ്രഷ്ടനാക്കി ആയിടെ അധികാരത്തിലെത്തിയ ജമാൽ അബ്ദുൽ നാസറിനെ ഒന്നുകാണാൻ ഈജിപ്തിൽ പോകാനുള്ള ചെലവ്​ വഹിക്കാമെങ്കിൽ എനിക്ക് നിക്കാഹ് കഴിക്കാനായി ഹൈഫയെ തലാഖ് ചെയ്തുതരാമെന്ന് യൂസഫ് അബ്ബാസ് പറഞ്ഞപ്പോൾ അതിൽ അല്പംപോലും തമാശയുണ്ടായിരുന്നില്ല.

‘‘എന്റെ വീട്ടിൽ ഭാര്യയായി താമസിക്കുമ്പോഴും ഹൈഫ സ്നേഹിക്കുന്നത് നിന്നെയാണ്. നിന്നെ മാത്രമേ മനസ്സോടെ സ്വീകരിക്കു എന്ന് ആദ്യരാത്രിയിൽത്തന്നെ ഹൈഫ എന്നോട് പറഞ്ഞു. അവൾ അസാധാരണ വൈഭവങ്ങളുള്ള ഒരു പെണ്ണാണ്. എനിക്കല്ല നിനക്കാണ് അവൾ ചേരുക. അതു കൊണ്ടാണ് ഞാനിതിനു സമ്മതിച്ചത്’’, എല്ലാം സംഭവിച്ചുകഴിഞ്ഞിട്ട് ഈജിപ്തിലേക്ക് പോകാൻ യാത്ര പറയുമ്പോൾ യൂസഫ് അബ്ബാസ് എന്റെ ചെവിയിൽ രഹസ്യം പറഞ്ഞു.

ചരിത്രം പിറക്കുന്ന വേളയിൽ അതിന്റെ പശ്ചാത്തല ഭൂമികളിലേക്ക് യൂസഫ് അബ്ബാസിന് പിന്നെയും അനവധി യാത്രകൾ ചെയ്യുവാൻ ഞാൻ ചെലവുകൾ വഹിച്ചു. ഹൈഫയോടൊത്ത് ജീവിച്ചു തുടങ്ങിയതിൽപ്പിന്നെയാണ് യൂസഫ് അബ്ബാസിന് ഞാൻ ഇനിയുമേറെ നന്ദി പ്രകാശിപ്പിക്കണം എന്നെനിക്കു ബോധ്യപ്പെട്ടത്. ഇസ്രയേലും ഐക്യ- അറബ്- റിപ്പബ്ലിക്കൻ രാജ്യങ്ങളും തമ്മിലെ ആറുദിവസയുദ്ധം തുടങ്ങുന്നത് ഒരു ജൂൺ അഞ്ചിനാണ്. അതിനൊരു മാസം മുന്നേ ടിരാൻ കടലിടുക്കിലേക്ക് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് പ്രസിഡൻറ്​ നാസർ പ്രഖ്യാപിച്ചപ്പോൾ യൂസഫ് അബ്ബാസ് യാത്രയ്ക്ക് പെട്ടിയൊരുക്കി. ആറുദിവസയുദ്ധം നടക്കുമ്പോൾ യൂസഫ് അബ്ബാസ് സിനായ് പെനിൻസുലയിലെ തെരുവുകളിലൂടെ നടക്കുന്നുണ്ടായിരുന്നു. ഇസ്രായേലികൾ അറബ് പ്രദേശങ്ങൾ കീഴടക്കി മുന്നേറുമ്പോൾ പ്രസിഡൻറ്​ നാസർ ഉത്തരവിട്ട സിനായ് പ്രവിശ്യ ഒഴിപ്പിക്കലിലാണ് യൂസഫ് അബ്ബാസ് അവിടുന്ന് ജോർദ്ദാനിലേക്ക് പോയി യുദ്ധം അനുഭവിച്ചത്. യൂസഫ് അബ്ബാസിന് യാത്രകൾ ചെയ്യാനായി ചരിത്രമുഹൂർത്തങ്ങൾ പശ്ചിമേഷ്യയിൽ പിന്നെയും നിരന്തരം പിറക്കുന്നുണ്ടായിരുന്നു.

ലെബനോണിൽ ആഭ്യന്തര സംഘർഷം മൂർച്ഛിച്ചപ്പോൾ അയാൾ ബെയ്‌റൂട്ടിലേക്ക് പോയി. എഴുപത്തിമൂന്നിലെ അറബ് - ഇസ്രയേൽ യുദ്ധസമയത്ത് യൂസഫ് അബ്ബാസ് ഡമാസ്കസിലായിരുന്നു. ഇറാനിൽ ഇസ്​ലാമിക വിപ്ലവം കഴിഞ്ഞപ്പോൾ തന്റെ പൂർവികരുടെ വേരുകൾ തേടി വിപ്ലവാനന്തര ഇറാനിൽ കുറേനാൾ താമസിച്ചു. ശേഷം തനിക്ക് ആ ജീവിതം വിരസമായെന്നുപറഞ്ഞ് മടങ്ങിവന്നു. ഇറാനും ഇറാഖും വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിലായിരുന്നപ്പോൾ യൂസഫ് അബ്ബാസ് ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും ആൾക്കൂട്ടങ്ങളിൽ കലർന്ന് നടന്നതുപോലെ തന്നെ ബാഗ്ദാദിലും സമാറയിലും കർബലയിലും പോയി അലഞ്ഞു.

കുവൈറ്റ് പിടിച്ചടക്കിയ ഇറാക്കി സേനയുടെ കയ്യിൽ യൂസഫ് അബ്ബാസ് പെട്ടുപോയി. ഇറാക്കികൾ സംശയങ്ങൾ നിവാരണം ചെയ്യാനെടുത്ത രണ്ടുമൂന്നുമാസം പട്ടാളക്കാരുടെ കസ്റ്റഡിയിൽ കഴിഞ്ഞു. മടങ്ങിവന്നപ്പോൾ ആൾ വല്ലാതെ അവശനായിപ്പോയിരുന്നു.

യൂസഫ് അബ്ബാസിന്റെ ഭ്രാന്തൻ യാത്രകൾക്ക് കൂട്ടുനിൽക്കുന്നതിന് അത്തവണ ഹൈഫ എന്നെ ധാരാളം കുറ്റപ്പെടുത്തി. കൂട്ടനശീകരണായുധങ്ങൾ കണ്ടെത്താനാവാതെ അമേരിക്ക ഇറാക്കിൽ യുദ്ധത്തിരച്ചിൽ നടത്തുമ്പോൾ അവിടെ പെട്ടുപോയ യൂസഫ് അബ്ബാസിന് പ്രായം എഴുപതെത്തിയിരുന്നു. അത്യാവശ്യ മരുന്നുകൾ കിട്ടാതെ രോഗം കൂടി വലഞ്ഞപ്പോൾ എമ്മിയെസ് കമ്പനിയുടെ പ്രത്യേക സ്വാധീനങ്ങളിലൂടെ ഇടപെട്ടാണ് ആവശ്യമായ വൈദ്യസഹായം നല്കി ആളെ തിരിച്ചുകൊണ്ടുവന്നത്. അത്തവണ മടങ്ങിയെത്തിയപ്പോൾ ഹൈഫ പാസ്പോർട്ട് വാങ്ങി നശിപ്പിച്ചു.

യൂസഫ് അബ്ബാസിന്റെ ബന്ധുക്കളെയും ഞങ്ങളുടെ സുഹൃത്തുക്കളെയും ഒരു വിരുന്നിന് വിളിച്ച് ഞങ്ങളുടെ വീട്ടിൽ വരുത്തി. ആ ചടങ്ങിൽവച്ച് ഒരു അനുഷ്ഠാനം പോലെയാണ് യൂസഫ് അബ്ബാസിന്റെ പാസ്പോർട്ടിന് ഹൈഫ തീ കൊളുത്തിയത്. കുറെ പാസ്പ്പോർട്ടുകൾ അടുക്കിവച്ച ഒരു ഗ്രന്ഥമായിരുന്നു കത്തിച്ചുകളഞ്ഞത്. അതുവരെ പതിറ്റാണ്ടുകളോളം യൂസഫ് അബ്ബാസ് നടത്തിയ യാത്രകളുടെ ധാരാളമായ ചെലവുകൾ മുസ്തഫ ഇബ്രാഹിം ആൻറ്​ സൺസ് കമ്പനി വഹിച്ചിട്ടും എനിക്ക് തൃപ്തിയായില്ല. യൂസഫ് അബ്ബാസിന് ഞാനിനിയും കടം വീട്ടേണ്ടതുണ്ട് എന്നാണ് എന്റെ തോന്നൽ. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments