ചിത്രീകരണം: ദേവപ്രകാശ്‌

പൊന്നൊഴുകിവന്ന കാലം

ഭാഗം രണ്ട്​

5. പാദപതനങ്ങളും കിളിയൊച്ചകളും കാത്ത്

ദിൽ ജനിച്ച്​ ഒരുവർഷം കഴിഞ്ഞപ്പോഴാണ് ഹൈഫ എന്റെ ഭാര്യയായി വന്നത്. എന്റെ ഉമ്മിമാരും അബ്ബയും ഗ്രാമത്തിലെ ഞങ്ങളുടെ വീട്ടിലേക്കുപോവുകയും ഞാനും ഹൈഫയും മനാനയിൽ പുതിയതായി ഉണ്ടായി വന്ന കെട്ടിടങ്ങളിലൊന്നിൽ താമസമാക്കുകയും ചെയ്തു.

കമ്പനിക്ക്​ മനാനയിൽ ഒരു നാലുമുറി ഓഫീസ് തുടങ്ങിയതാണ് എന്നെ മനാനയിൽ പിടിച്ചുനിറുത്തിയത്. പ്രായമായവർക്ക് തന്റെ സഹായം ആവശ്യമാണെന്ന കാരണം പറഞ്ഞ് റാബിയ ഉമ്മിമാരോടൊപ്പം ഗ്രാമത്തിലേക്ക് പോയി. എനിക്കും ഹൈഫയ്ക്കും കൂടുതൽ സ്വകാര്യത ലഭിക്കാനാണ് കുഞ്ഞിനെയുമായി റാബിയ പോയതെന്ന് ഞങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

പത്തു മാസം തികഞ്ഞപ്പോൾ ആദിലിന്​ അനിയനായി മൻസൂർ പിറന്നു. വീടിന് പുറത്തിറങ്ങുമ്പോൾ മുഖവും ശബ്​ദവുമില്ലാത്തവരായി നടിക്കുമെങ്കിലും അകത്ത് ജോലിക്കെളുപ്പമുള്ള വസ്ത്രങ്ങളും ധരിച്ച് നന്നായി ഒച്ച ഉയർത്തി ശബ്​ദമുണ്ടാക്കി നടക്കുന്നവരാണ് ഉമ്മിമാരും പെങ്ങന്മാരും. അവർക്കിടയിലാണ് സദാ നേരവും വീട്ടുജോലികൾ ചെയ്​ത്​ ശബ്​ദമൊന്നും ഉണ്ടാക്കാതെ റാബിയ ജീവിക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസം ഞാൻ അവിടെയാവും ഉറക്കം. എല്ലാവരുടെയും ചെലവ്​ നോക്കുന്നയാളായ എന്റെ ഭാര്യ എന്ന നിലയിൽ റാബിയയ്ക്ക് ഇത്തിരി അധികാര ഭാവമൊക്കെ ആകാമെന്നുപറഞ്ഞ് ഞാൻ കളിയാക്കാൻ ശ്രമിക്കുമ്പോഴും റാബിയ ശബ്​ദമില്ലാത്ത ജീവിയായി തുടരും. റാബിയയുടെ ദേഹമാസകലം കമ്പിളിപ്പുതപ്പ് പോലെ രോമങ്ങൾ വളർന്നുനിന്നു. താൻ വികാരവതിയാകുമ്പോൾ ദേഹരോമങ്ങൾ ഉണർന്നെണീറ്റ് എന്റെ ദേഹത്തുരഞ്ഞ്​ എന്നെ ഇക്കിളിയാക്കുകയും മടുപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് റാബിയ തിരിച്ചറിഞ്ഞു. രഹസ്യഭാഗങ്ങളിലെ രോമം നീക്കാൻ ഉരുക്കിയ പഞ്ചസാര നല്ല ചൂടോടെ രോമങ്ങൾ വളർന്നു നിൽക്കുന്നിടത്തെല്ലാം തേച്ചമർത്തുകയാണ് റാബിയയുടെ ശീലം. അങ്ങനെ ചുവടിളകുന്ന രോമസഞ്ചയത്തെ അമർത്തിത്തുടച്ച് കളയും. അതേ രീതിയിലാണ് തന്റെ ദേഹം മുഴുവനുമുള്ള ശരീരരോമങ്ങളുടെ അതിവളർച്ചയ്ക്ക് റാബിയ സ്വന്തം നിലയിൽ പരിഹാരം കണ്ടത്.

പ്രായമായവരെയും കുഞ്ഞ് ആദിലിനെയും സന്ദർശിക്കാൻ ഹൈഫയും ഇടയ്ക്കിടെ ഗ്രാമത്തിലെ വീട്ടിലേക്കു പോകും. അത്തരമൊരു യാത്രയിൽ ഹൈഫയ്ക്ക് റാബിയ കടന്നുപോകുന്ന വിഷമതകളുടെ സൂചനകൾ എങ്ങിനെയോ ലഭിച്ചു. റാബിയയെ പിടിച്ചിരുത്തി ചോദ്യം ചെയ്ത് ഹൈഫ സംഗതികൾ വിശദമായി മനസ്സിലാക്കി. അവ്വൽ ടൗൺഷിപ്പിൽ യൂറോപ്യൻ സ്​ത്രീകൾക്കുവേണ്ടി ആരംഭിച്ചിട്ടുള്ള ഫാഷൻ ഷോപ്പിൽ തങ്ങൾ കേട്ടിട്ടില്ലാത്ത തരം അനേകം സൗന്ദര്യവർദ്ധക വസ്തുക്കളും ലേപനങ്ങളും ഉണ്ടെന്ന് ഹൈഫയ്ക്കറിയാം. സ്ത്രീകൾ അവരുടെ ദേഹരോമങ്ങൾ മൃദുവായി നീക്കം ചെയ്യാനുപയോഗിക്കുന്ന കുഴമ്പ് അവിടുന്ന് വാങ്ങണമെന്ന് ഹൈഫ എന്നോട് പലയാവർത്തി പറഞ്ഞ് സമ്മർദ്ദം ചെലുത്തി.

ഓയിൽ ഫീൽഡിലെ പരിചയക്കാരായ സാഹിബുമാർ മുഖേനയാണ് ഞാനാ കുഴമ്പു വാങ്ങിക്കൊണ്ടുവന്നത്. കാഫിറുകളുടെ അത്തരം മരുന്നുകൾ ദേഹത്ത് പുരട്ടിയാൽ അള്ളാഹുവിന്റെ ശിക്ഷ കിട്ടുമെന്ന് വിശ്വസിക്കുന്ന റാബിയയുടെ ദേഹത്ത് ആ കുഴമ്പു പുരട്ടി ദേഹരോമങ്ങൾ നീക്കം ചെയ്യാൻ ഹൈഫ നേരിട്ട് പോയി. സ്വന്തം കൈകൾ കൊണ്ട് ലേപനം ചെയ്തുകൊടുത്തു. കുഴമ്പിന്റെ ഉപയോഗമെങ്ങനെയെന്നു റാബിയയെ പഠിപ്പിച്ചു.

എനിക്ക് വേണ്ടതെന്തെന്നും എന്റെ മനസ്സിലെന്തെന്നും കണ്ടെത്തുന്നതിൽ വിശ്വസിക്കാനാവാത്ത കഴിവ് ഹൈഫ കാട്ടി. നിരന്തരം അങ്ങനെ ജാഗരൂകയായിരിക്കാനുള്ള പ്രേരണ എവിടുന്നാണ് വരുന്നതെന്ന് ഞാൻ ഹൈഫയോടു ചോദിച്ചിട്ടുണ്ട്.

ഹുബ്ബ്, പ്രേമം എന്നായിരുന്നു മറുപടി.

ഹൈഫയുടെ ഹുബ്ബ്, ഹൈഫയുടെ മാത്രം പ്രേമമെന്നു ഞാൻ മനസ്സിൽ തിരുത്തിയിട്ടുണ്ട്. ജൈവപ്രകൃതിയുടെ ആഴങ്ങളിൽ മുങ്ങിപ്പോയി എനിക്ക് ഹൈഫ കൊണ്ടുത്തന്ന ഹസ്ബ പവിഴമാണ് മകൻ മൻസൂറെന്നു ഹൈഫ ഇടയ്ക്കിടെ പറയും. എമ്മിയെസ് കമ്പനി ഉയരങ്ങളിലേക്ക് കുതിയ്ക്കാൻ ആരംഭിച്ചത് മൻസൂറിന്റെ ജനനത്തോടെയാണെന്നും അത് മൻസൂറിന്റെ നസീബ് ആണെന്നും ഹൈഫ ആത്മാർഥമായി വിശ്വസിച്ചു. മൂത്തയാളായതിനാൽ ആദിലും നസീബ് കൊണ്ടുവന്ന പുത്രൻ മൻസൂറും ആയിരുന്നു ഹൈഫയുടെ ശ്രദ്ധ പതിഞ്ഞ മക്കൾ. റാബിയയുടെ മറ്റു നാല് മക്കൾക്കും ഹൈഫ പ്രസവിച്ച വേറെ മൂന്നു പേർക്കും ഹൈഫയുടെ സ്നേഹനിർഭരവും സവിശേഷവുമായ വാത്സല്യവും പരിചരണങ്ങളും ആയളവിൽ ലഭിച്ചിട്ടുണ്ടാവില്ല. ഓരോ ചുവടുവെപ്പിലും എന്റെ വഴിയെ മാത്രം നീങ്ങുന്ന കുട്ടിയായ ആദിൽ എന്നെ അനുകരിക്കാനാണ് എപ്പോഴും ശ്രമിച്ചത്.

ബാല്യകൗമാരങ്ങളിൽ അധിക ഊർജ്ജം പ്രസരിപ്പിച്ച മൻസൂറിനു അവന്റെ ഇളയച്ഛൻ കമാലിന്റെ രീതികളായിരുന്നു ഇഷ്ടമായത്. പക്ഷേ മൻസൂർ വളർന്നു വന്ന കാലമായപ്പോഴേക്കും അമ്മി അഹമദ് ഖലീലും അനിയൻ കമാലും പിന്തുടർന്ന വഴികളിൽ നിന്ന് ദിൽമുനിയാരാഷ്ട്രീയം മാറിസഞ്ചരിച്ചു തുടങ്ങിയിരുന്നു. മൻസൂറിന്​ അയാളുടെ ഉള്ളിൽ നുരയുന്ന സ്വാതന്ത്ര്യവാഞ്ചയുടെയും വിപ്ലവ അഭിനിവേശത്തിന്റെയും സാക്ഷത്കാരത്തിന്​ ഷിയാ യുവാക്കളുടെ പ്രസ്ഥാനങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.

ദിൽമുനിയയിൽ അക്രമസമരങ്ങൾ സംഘടിപ്പിക്കുന്ന ഷിയാ യുവാക്കളുടെ രഹസ്യ സംഘങ്ങളുമായി മൻസൂറിന് അടുത്ത ബന്ധമുണ്ടെന്ന് പത്തിരുപത് വർഷങ്ങൾക്കു മുമ്പ് രഹസ്യപ്പൊലീസ് കണ്ടുപിടിച്ചപ്പോൾ അവർ എന്നെ അറിയിച്ചു. ഞാനന്ന് അബ്രഹാം ജോസഫുമായിട്ട് മാത്രമാണ് ചർച്ച ചെയ്തത്. കമ്പനിയുടെ തുടക്കം മുതൽക്കേ എന്റെയൊപ്പം നടന്നു എമ്മിയെസ് കമ്പനിയെ വളർത്തി വലുതാക്കാൻ കഠിനമായി പണിയെടുത്ത ആളാണ് അബ്രഹാം ജോസഫ്. എനിക്കീ സൗഭാഗ്യമെല്ലാം വന്നുചേർന്നതിൽ അയാളുടെ മിടുക്കും തൊഴിൽ വൈദഗ്ധ്യവും ഉണ്ടെന്ന് എല്ലാവരും പറയും. എന്തു പ്രശ്‌നമുണ്ടായാലും അബ്രഹാം ജോസഫിനോട് പറയുന്ന ശീലം കാരണമാണ് മൻസൂറിന്റെ കാര്യവും ഞങ്ങൾ ചർച്ച ചെയ്തത്. ബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനത്തിന് മൻസൂർ ലണ്ടനിൽ പോകട്ടെയെന്നും കമ്പനിയുടെ ലണ്ടൻ ഹൗസിന്റെ മേൽനോട്ടവുമായി അവിടെ കുറേനാൾ താമസിക്കട്ടെയെന്നും പോംവഴി പറഞ്ഞത് അബ്രഹാം ജോസഫാണ്. തന്നെ നാടുകടത്തിയ മനുഷ്യനെന്ന് അബ്രഹാം ജോസഫിനോട് സ്പർദ്ധയും വൈരാഗ്യവും കലർന്ന മനോഭാവം മൻസൂറിൽ ഉടലെടുത്ത് വളരുമെന്ന് അന്ന് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. മൻസൂറിന്റെ ലണ്ടൻവാസം ഇരുപതുവർഷങ്ങൾ നീണ്ടുപോയത് അയാളുടെ തന്നെ താല്പര്യങ്ങളിന്മേൽ ആയിരുന്നു.

മുല്ലപ്പൂവിപ്ലവത്തിന്​ ഒരു വർഷം മുന്നേ ലണ്ടനിലെ വാസം മതിയാക്കി മടങ്ങിവന്ന മൻസൂർ എമ്മിയെസ് കമ്പനിയിൽ ചരിത്രപരമായ നേതൃമാറ്റമാണ് ആവശ്യപ്പെടത്. ആദിലിന്റെ പദവി ഇനി തനിയ്ക്ക് വേണമെന്ന് മൻസൂർ വ്യക്തമാക്കി. രണ്ട് വയസ്സ് മാത്രം പ്രായം മൂത്ത ആദിലിന് അത് പാടെ നിഷേധിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. അനിയനെ വിദേശത്ത് പാർക്കാൻ വിട്ടിട്ട് ഇവിടെയിരുന്ന് കണക്കില്ലാത്ത സ്വത്ത് അടക്കിഭരിക്കുന്നുവെന്ന് അങ്ങിങ്ങായി ഉണ്ടാകുന്ന പിറുപിറുപ്പുകൾക്ക് തടയിടണമെന്ന് ആദിലിന് ആഗ്രഹമുണ്ടായിരുന്നു. അന്താരാഷ്ട്ര ഭീമന്മാരോടുപോലും മത്സരിച്ച് ആദിൽ നേതൃത്വം കൊടുത്ത് പിടിച്ച കരാർ പണിയാണ് ഒ.ഇ.പി പ്രോജക്​റ്റ്​. കമ്പനി ഇന്നോളം ചെയ്തതിൽ ഏറ്റവും വലിയ കരാർ ജോലി. അത് ഭംഗിയായി ചെയ്തു തീർത്തിട്ട് മാറാം എന്നായിരുന്നു അയാളുടെ നിലപാട്. മൻസൂർ അതിന് സമ്മതിക്കാഞ്ഞത് ആദിലിനെ വേദനിപ്പിച്ചു. രണ്ട് ഉമ്മിമാരുടെ വയറുകളിൽപ്പിറന്ന മക്കളായ കാരണം കുടുംബബന്ധുക്കൾക്ക് ഇടപെടാനാവാത്തത് വിഷമസന്ധിയായി. രണ്ടുപേരുടെയും കൂടപ്പിറപ്പുകൾ എടുത്ത പിന്തുണയുടെ നിലപാടുകളിൽനിന്ന് ഏതുമ്മിയുടെ കുട്ടിയാര് എന്ന് തിരിച്ചറിയാൻ കഴിയാതെ പരസ്പരം കലർന്നുവന്നത് എനിക്കിഷ്ടമാവുകയാണുണ്ടായത്.

സ്വാഭാവികമായി എന്താണ് ഉരുത്തിരിഞ്ഞുവരുന്നതെന്ന് കാത്തിരുന്നുകാണാനായിരുന്നു എനിക്ക് താത്പര്യം. പക്ഷേ അബ്രഹാം ജോസഫ് എന്നെക്കാണാൻ തിരക്കിട്ട് വീട്ടിൽ വന്നു. ഞാൻ ആദിലിനു വേണ്ടി ഇടപെടണം എന്നായിരുന്നു അയാളുടെ വാദം. ഇത്ര കാലവും ദൂരെ നിന്ന മൻസൂറിനും ഒരു അവസരം ചോദിക്കാനുള്ള അവകാശമുണ്ടെന്ന എന്റെ ചിന്ത ഞാനയാളോട് പങ്കുവച്ചു. ഞാനും ആദിലും ഗവർമെന്റിന്റെ അതിരില്ലാത്ത പിന്തുണയോടെ നടത്തിക്കൊണ്ടുപോകുന്ന കമ്പനിയുടെ തലപ്പത്ത് ഗവൺമെൻറ്​ ഭക്തനല്ലെന്ന് അടയാളപ്പെട്ടൊരാൾ എത്തിയാൽ കമ്പനിയുടെ ഭാവിയെ അത് ബാധിക്കുമെന്ന് അബ്രഹാം ജോസഫ് ഭയപ്പെട്ടു. ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അതിനും ഏറെ അപ്പുറത്തേക്ക് കമ്പനി വളർന്നുകഴിഞ്ഞെന്നും ഞാനയാളെ ആശ്വസിപ്പിച്ചു. മൻസൂർ ചീഫ് എക്‌സിക്യൂട്ടീവ് പദത്തിൽ വരട്ടേയെന്ന് ഉള്ളിന്റെയുള്ളിൽ ഞാനും ആഗ്രഹിച്ചു. ഫലമെന്താവുമെന്ന് വീണ്ടുവിചാരമില്ലാതെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രണയത്തിന്റെ ഒരു രഹസ്യമോഹമായിരുന്നു അത്.

അബാദി കുടുംബത്തിന്റെ വിമോചനം സാധ്യമാക്കി ഞങ്ങളെയെല്ലാം കുലീനരാക്കിമാറ്റിയത് മൻസൂറിന്റെ ജന്മഭാഗ്യം കൊണ്ടുവന്ന ഐശ്വര്യവും സമ്പത്തും ആണെന്ന ഹൈഫയുടെ സങ്കല്പവും കണ്ടെത്തലും എന്നോ എന്റെ മനസ്സ് സ്വീകരിച്ചിരുന്നു. എത്രയോകാലം അകലെ നിന്ന മൻസൂറിന് അവകാശപ്പെട്ട ഒരു ഊഴം കമ്പനിയെ നയിക്കാൻ അനുവദിച്ചുകൊടുക്കണമെന്ന് ഹൈഫ അപേക്ഷിച്ചു. ഹൈഫയുടെ അപേക്ഷ സാധിച്ചുകൊടുക്കാതിരിക്കാൻ എനിക്കാവില്ലെങ്കിലും ഞാൻ അത് ചെയ്തില്ല. ഒരു പക്ഷവും ചേരാതെയും ഒരു കല്പനയും കൊടുക്കാതെയും ഞാൻ മൗനംപാലിച്ചു. ചേട്ടനും അനിയനും ഇടയിൽ തന്നെ തീരുമാനം ഉണ്ടാവുന്നത് കാണാൻ കാത്തിരിക്കുന്ന എന്റെ നിലപാട് തെറ്റാണെന്ന് പലരും വിശ്വസിച്ചെങ്കിലും എന്നോട് പറഞ്ഞില്ല. റാബിയയുടെ മകൻ വിട്ടുകൊടുക്കുമെന്നും ഹൈഫയുടെ മകൻ നേടിയെടുക്കുമെന്നും എന്റെ അനുമാനം തെറ്റിയില്ല.

തെറ്റിയത് മൻസൂറിന്റെ രാഷ്ട്രീയപക്ഷത്തിനായിരുന്നു. എമ്മിയെസ് കമ്പനിയുടെ ധനേസ്രാതസ്സുകളും വിഭവങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുംവിധം വിനിയോഗിക്കാമെന്ന അവരുടെ കണക്കുകൂട്ടലുകളാണ് പിഴച്ചത്. ഇറാനെ പിന്തുണയ്ക്കാൻ സാധ്യതയുള്ള മതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൈപ്പിടിയിലേക്ക് പെ​ട്രോൾ സമ്പത്ത് എത്താതിരിക്കാൻ ആഗോള തലത്തിൽ വലവിരിച്ചിരിക്കുന്ന വലിയ ബുദ്ധികേന്ദ്രങ്ങളുടെ മുന്നിലേക്ക് മൻസൂർ പക്ഷം ചെന്നുപെട്ടു.

ആയിരക്കണക്കിന് മനുഷ്യർക്ക് ജീവിക്കാൻ വഴിയൊരുക്കുന്ന എമ്മിയെസ് എന്ന വലിയ പ്രസ്ഥാനത്തെയും കൂടി അപകടത്തിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അവരറിഞ്ഞില്ല. കമ്പനിയെ നയിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൻസൂർ നടപ്പിലാക്കിയ അടിമുടി തലമുറമാറ്റത്തിൽ അബ്രഹാം ജോസഫും അയാളുടെ അതിശക്തമായ സാന്നിധ്യവും പിന്നാക്കം പോയി. മൻസൂറിന്റെ ലണ്ടൻ വലയങ്ങളിൽ നിന്ന് തൊഴിൽ വൈശിഷ്ട്യമുള്ളവരും മാനേജ്‌മെൻറ്​ വിദഗ്ദ്ധരും ധാരാളം വന്നുചേർന്ന് വലിയ തസ്തികകളെല്ലാം നിറച്ചപ്പോൾ കമ്പനിച്ചെലവ്​മാനംമുട്ടെ ഉയർന്നു. അബ്രഹാം ജോസഫിന്റെ നാട്ടുമിടുക്കും നേട്ടങ്ങൾ കൊയ്യാനുള്ള കൗശലപ്രയോഗങ്ങളും അവർക്ക് അപരിഷ്‌കൃതവും അസ്വീകര്യവുമായി. ഒ.ഇ.പി പ്രൊജക്​റ്റ്​ പ്രതിസന്ധികളിലേക്ക് വഴുതിത്തുടങ്ങി യപ്പോൾ എന്നെക്കാണാൻവന്ന മൻസൂറിനെ ഞാൻ ഉപദേശിച്ചു. അബ്രഹാം ജോസഫിനെയും ആദിലിനെയും മുഖ്യസ്ഥാനങ്ങളിലേക്ക് മടക്കി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. മൻസൂറിന് അത് സമ്മതമായില്ല. തനിക്ക് സ്വന്തം നിലയിൽ തന്നെ പരിഹാരങ്ങൾ കാണണമെന്നും പ്രശ്‌നങ്ങളെ വരുതിയിൽ കൊണ്ടുവരണം എന്നുമായിരുന്നു അയാൾക്ക്.

കമ്പനി ആടിയുഞ്ഞുനീങ്ങിയ നാലുവർഷങ്ങളിൽ രക്ഷപ്പെടുത്തണമെന്ന അപേക്ഷയുമായി അബ്രഹാം ജോസഫ് ഓരോ വാതിലിലും മുട്ടിയപ്പോൾ ആർക്കും അതിനാവില്ലെന്ന നിശ്ചയത്തിൽ എല്ലാവരും എത്തിയിരുന്നു. മാനേജുമെൻറ്​ ​ഫ്ലോറിലെ അയാളുടെ ഓഫീസ് മുറിയിൽ മെല്ലെമെല്ലെ നിശബ്​ദത തണുത്തുറഞ്ഞു. അതിനുമെത്രയോ മുന്നേ എന്റെ അങ്ങോട്ടുള്ള പോക്കും വരവും നിലച്ചിരുന്നതിനാൽ ഞാനതെല്ലാം കേട്ടറിഞ്ഞതേയുള്ളൂ. എല്ലാ പദവികളും പോയി ആടയാഭരണങ്ങൾ അഴിച്ചുവച്ച് അബ്രഹാം ജോസഫ് മടങ്ങിയപ്പോൾ എന്നോട് യാത്ര പറയാൻ വന്നില്ല. ഞങ്ങൾ രണ്ടുപേർക്കുമിടയിൽ ഒരാൾക്ക് മറ്റെയാളിന്റെ താത്പര്യം പറയാതെ അറിയാൻ കഴിയുമായിരുന്നു.

മുറിയുടെ വെളിയിൽ നഴ്‌സുമാരുടെയും പരിചാരകരുടെയും ശബ്ദങ്ങൾ കുറഞ്ഞു വരുന്നു. വെളിച്ചം തിരിതാഴ്ത്തുന്നു. സ്​ട്രെച്ചറിന്റെ വീൽ അനക്കവും പാദപതനങ്ങളും കേൾക്കാം, ഹൈഫയെ കൊണ്ടുവരികയാണ്. ഇനി അല്പനേരം ഈ മുറിയിൽ ഹൈഫ തന്റെ വാക്കുകളിൽ ശലഭങ്ങളായി ചിറകടിച്ചുപറക്കും. അപ്പോൾ ഞങ്ങൾ അമ്മി അഹമദ് ഖലീലിന്റെ ബരസ്തിയി ലാണെന്ന് ഭാവനചെയ്ത് ഞാൻ കിടക്കും. ചിലപ്പോൾ എന്റെ ചുണ്ടിൽ ഇത്തിരി ലൂമി ഇറ്റിച്ചുതരണമെന്ന് ഹൈഫ ആഗ്രഹം പ്രകടിപ്പിക്കും. നഴ്​മാർ അതു പ്രതീക്ഷിച്ചിട്ട് ഹൈഫ പഠിപ്പിച്ചതുപോലെ തയ്യാറാക്കിയ ലൂമി സ്വർണനിറത്തിലെ ചെറിയ കാവക്കപ്പിൽ കരുതിയിട്ടുണ്ടാവും. ഹൈഫ ആദ്യമത് രുചിച്ചുനോക്കും. ലൂമിയുടെ അതിരുചിയിൽ ഒരു കുറവും ഹൈഫ അനുവദിക്കുകയില്ല. എന്നിട്ട് ഒരുതുള്ളി എന്റെ ചുണ്ടിൽ പുരട്ടാൻ കയ്യെത്തുംവിധം ഹൈഫയുടെ സ്​ട്രെച്ചർ നഴ്സു​മാർ ദിശ തിരിക്കും. താൻ അന്ത്യശ്വാസം കഴിക്കുന്ന നേരത്ത് കലിമ ചൊല്ലിക്കൊടുക്കുമ്പോൾ ഒരുതുള്ളി ലൂമി കൂടി ചുണ്ടിൽ പകരാൻ കെൽപ്പോടെ ഞാൻ അരികത്തുണ്ടാവണമെന്ന ഹൈഫയുടെ ആവശ്യം സാധിച്ചുകൊടുക്കാൻ എനിക്കിനിയാവില്ല.

ഹൈഫയെ അവർ തിരിച്ചുകൊണ്ടുപോകുമ്പോൾ ഞാനും ഉറക്കമെന്ന അബോധത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങും, എന്റെ അബ്ബയും അദ്ദേഹത്തിന്റെ പിതൃപരമ്പരയും മുങ്ങിയതുപോലെ വിലയേറിയ ഹസ്ബ പവിഴങ്ങളും തേടി. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments