ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം മൂന്ന്​

2. കുടിയേറ്റക്കാരുടെ അവ്യവസ്​ഥ

ദ്വീപിൽ ജോലിക്കെത്തുന്ന ബ്രിട്ടീഷുകാർ വലിയ പദവികളിൽ എത്തിയെന്നതിന്റെ അടയാളമാണ് അവരുടെ വാഹനം റെയിഞ്ച്റോവർ ആകുന്നത്. ഇവിടെയുള്ള ഓരോ ബ്രിട്ടീഷുകാരനും തന്റെ വണ്ടി ഒരു റെയിഞ്ച്റോവർ ആകുന്നതുവരെയാണ് അഭ്യുന്നതിക്കും സ്​ഥാനക്കയറ്റത്തിനും ശ്രമിക്കുന്നത്.

റെയിഞ്ച്റോവർ ജീപ്പ് സ്വന്തമാക്കുന്നത് ആഢ്യപദം പൂകിയെന്ന് വിളിച്ചറിയിക്കലാണ്. റെയിഞ്ച്റോവർ വണ്ടി ലഭിക്കും വരെ അതിനായി തീവ്രശ്രമങ്ങൾ നടത്തുന്നതാണ് അവർക്ക് ജോലി.

22 വർഷങ്ങൾക്കുമുന്നേ ബ്രിട്ടീഷുകാർ ദിൽമുനിയയിലെ രാജാവിന് അധികാരം തിരിച്ചേൽപിച്ചെങ്കിലും ദ്വീപിലെ ഭരണശൈലിയിൽ അടിമുടി കലർന്ന കോളനിവാഴ്ച അദൃശ്യമായി പൊതിഞ്ഞുനിൽക്കുന്നുണ്ട്. അതിന്റെ പ്രത്യക്ഷങ്ങളാണ് ദിൽമുനിയയിലെ നിരത്തുകളിൽ ഓടുന്ന റെയിഞ്ച്റോവർ ജീപ്പുകൾ. പെട്രോൾപണം വന്നപ്പോൾ പെട്ടെന്ന് അതിധനികരായ ദിൽമുനിയ അറബികളും റെയിഞ്ച്റോവർ ജീപ്പുകളെ അധികാരത്തിന്റെ ചിഹ്നമായി കണക്കാക്കുന്ന രീതി അവർ നേരത്തെ ശീലിച്ച ബോധത്തിൽ തന്നെ തുടർന്നു. പണമധികം വന്നു ചേർന്നപ്പോൾ അവരും ആഭിജാത്യം നേടുവാൻ റെയിഞ്ച്റോവർ ജീപ്പുകൾ സ്വന്തമാക്കുകയും ഓടിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷുകാരിയായ ഒരു ഭാര്യയോ വെപ്പാട്ടിയോ രതികാമുകിയോ ഉണ്ടാവണമെന്ന് ധനികരായ ചില അറബികൾ ചിന്തിക്കുന്നതും അതിന്റെ തുടർച്ചയാണ്. ഒരു വാഹനവ്യൂഹം വീട്ടിൽ സ്വന്തമായുണ്ടെങ്കിലും റെയിഞ്ച് റോവറിന്റെ ഓരോ പുതിയ മോഡൽ ഇറങ്ങുമ്പോഴും ഹജ്ജി മുസ്​തഫ ഇബ്രാഹിമിനുവേണ്ടി അതിലൊന്ന് ദിൽമുനിയയിൽ എത്തും. ഒരു ഇന്ത്യാക്കാരൻ റെയിഞ്ച് റോവർ ഓടിക്കുന്നെങ്കിൽ അയാളെ അറബിയുടെ വീട്ടിലെ ഡ്രൈവറെന്നാണ് കാഴ്ചക്കാർ മനസ്സിലാക്കുക. വണ്ടിയുടെ പ്രൗഢിക്ക് കളങ്കം ഏൽപ്പിക്കാതിരിക്കാനും ഡ്രൈവറെന്ന് മാത്രം കാണുന്ന മനഃസ്​ഥിതിയിൽ നിന്നു രക്ഷപ്പെടാനുമാണ് തന്റെ ഉടയാടകളിൽ ഇത്ര ചമയങ്ങളെന്ന് അബ്രഹാം ജോസഫ് നേരമ്പോക്കായിട്ടല്ലാതെ പറയും.

സദാനേരവും ടൈകെട്ടി കോട്ടും സ്യൂട്ടും വിലയേറിയ ചമയങ്ങളും കൈനിറയെ മോതിരങ്ങളും വലിയ സ്വർണ്ണക്കാപ്പും അണിഞ്ഞാണ് അബ്രഹാം ജോസഫ് റെയിഞ്ച് റോവർ ഓടിച്ചു പോകുന്നത്.

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അബ്രഹാം ജോസഫിനു വലതുവശത്ത് മുൻസീറ്റിലുള്ള വിരുന്നുകാരനോട് കാഴ്ചകളും സംഭാഷണങ്ങളും വ്യകതമാക്കാനും ചൂണ്ടിക്കാണിക്കാനും എളുപ്പമാണ്. അതിനല്ലെങ്കിൽ അബ്രഹാം ജോസഫ് ഡ്രൈവ് ചെയ്യാൻ കമ്പനി ഡ്രൈവർമാരെ ഉപയോഗിക്കും. എഞ്ചിനീയർ ജോൺ ഫിലിപ്പും ടോണി അബ്രഹാമും പിന്നിലെ സീറ്റിലാണ്. ഇംഗ്ലീഷിൽ നന്നായി കാര്യങ്ങൾ വിശദീകരിക്കുവാനാണ് ജോൺ ഫിലിപ്പിനെ സൈറ്റിൽ നിന്നു കൊണ്ടുവന്നിട്ടുള്ളതെന്ന് പറഞ്ഞ് ഫാദർ ഹെർമന് പരിചയപ്പെടുത്തി.

വണ്ടിയാകെക്കുലുക്കി ഉറക്കെ ചിരിച്ചുകൊണ്ട് ഫാദർ ഹെർമൻ ചോദിച്ചു, ‘അപ്പോൾ ഇംഗ്ലീഷ് ആണ് കാര്യം, അല്ലെ?’

ഫാദർ ഹെർമൻ തന്റെ ഗവേഷണ പ്രബന്ധത്തിനു വേണ്ടി പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളിൽ നല്ല താത്പര്യമുള്ള ജോൺ ഫിലിപ്പ് വണ്ടിക്കുള്ളിൽ ആവേശഭരിതനാവുകയും സംഭാഷണങ്ങൾ മുഴുവനും ഫാദർ ഹെർമന്റെ ഗവേഷണ വിഷയത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭാഷണങ്ങളിൽ ഫാദർ ഹെർമൻ ഒരു നരവംശ ശാസ്​ത്രജ്​ഞ​ന്റെ ഭാവംപൂണ്ട് മറ്റൊരാളാവുന്നത് ടോണി അബ്രഹാം കണ്ണുവിടർത്തി കണ്ടു.

പതിനേഴുകാരനായ ഒരു സ്​കൂൾ വിദ്യാർഥിയ്ക്ക് ഇന്ത്യാക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണം നന്നായി മനസ്സിലാകുമെങ്കിലും ഇംഗ്ലണ്ടിലെ ഓരോ പ്രദേശങ്ങളിലെ ഗ്രാമ്യഭാഷയിൽ പറയുന്നത് മനസ്സിലാവുകയില്ല. മേലാളനായ സായിപ്പ് പറഞ്ഞതെന്തെന്ന് ശരിയായി മനസ്സിലാക്കുന്നതാണ് കൂടെ പണിചെയ്യുന്നവരുടെ ഏറ്റവും ദുർഘടമായ ജോലി. അയാളുടെ പ്രദേശത്തിെന്റെ നാട്ടുഭാഷയായ വ്യക്തത കുറഞ്ഞ വാമൊഴിയും മനസ്സിലാക്കിയെടുക്കേണ്ടത് ഒപ്പം പണിയെടുക്കുന്ന തൊഴിലാളിയുടെ കടമയാണ്. അയാൾ പറയുന്നത് മനസ്സിലാകുന്നില്ലെങ്കിൽ അത് തൊഴിലാളിക്ക് ഭാഷ അറിയാത്ത കുറ്റം കൊണ്ടാണെന്നാണ് പരക്കെയുള്ള പൊതുബോധം.

ഡെന്മാർക്ക്കാരന്റെ ഇംഗ്ലീഷ് പറച്ചിൽ പിന്നെയും വിഷമം കൂട്ടുന്നതുകൊണ്ട് ടോണി അബ്രഹാം കഴിയുന്നത്രയും പിടിച്ചെടുക്കാനായി കാതുകൾ കൂർപ്പിച്ച് കേൾക്കാനിരുന്നു. കേൾവിക്കാരെ മനസ്സിലാക്കിപ്പിക്കുവാൻ ഫാദർ ഹെർമൻ ശ്രമിക്കുന്നുണ്ടെന്ന് ടോണി അബ്രഹാം തിരിച്ചറിഞ്ഞു.

എണ്ണസമ്പത്തിന്റെ പുതിയ നഗരങ്ങൾ രൂപപ്പെട്ടത് ലോകത്തിൽ പലയിടങ്ങളിൽ നിന്നും കുടിയേറിയ അനവധി ഭാഷകൾ സംസാരിക്കുന്നവർ ചേർന്ന മിശ്രസമുദായങ്ങളായാണ്. അവിടെ സംസാരിക്കപ്പെടുന്നതിൽ കൂടുതലും പ്രത്യക്ഷാർത്ഥത്തിൽ പോലും മനസ്സിലാക്കപ്പെടാതെ പോവുകയാണെന്ന് ഫാദർ ഹെർമൻ പറഞ്ഞു. വാക്കറിയുന്നതിനുമപ്പുറം ബോധത്തിലെ അനുസരണയാണ് കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. അധികാരത്തിന്റെ ഭാഷയായ ഇംഗ്ലീഷ് ഗൾഫിൽ മനുഷ്യസംഗമങ്ങളെ നിയന്ത്രിക്കുന്ന ധാരയായി. ആ ഭാഷയിലെ പ്രാവീണ്യത്തിന്റെ തോതനുസരിച്ച് ജീവിതതലങ്ങൾ രൂപമെടുക്കുന്നു.

ഭരണപരമായ സൗകര്യത്തിന് ബ്രിട്ടീഷുകാർ ബോംബെ പ്രവിശ്യയോട് ചേർത്താണ് ദിൽമുനിയയെ പരിഗണിച്ചത്. റിഫൈനറി പ്രവർത്തിപ്പിക്കുവാൻ തൊഴിലാളികൾ വേണമെന്ന ആവശ്യം അടിയന്തരമായി ഉയർന്നുവന്നപ്പോൾ ബോംബെയിൽ നിന്ന് ബ്രിട്ടീഷ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്നു. കാരണം അവർക്ക് ഇംഗ്ലീഷ് ഭാഷയുടെ മേലാപ്പിനുകീഴിൽ ദാസ്യതയുടെ പണികളെടുത്ത് ജീവിക്കാൻ തലമുറകളായി പരിചയമുണ്ട്. കോളനിവാഴ്ച അതിനുവേണ്ടിയുള്ള വിദ്യാഭ്യാസം ഇന്ത്യൻ ജനതയ്ക്ക് നിർണയിച്ചുകൊടുത്തിട്ടുണ്ട്. ഇന്ത്യാക്കാർ ആ ഭാഷയോട് ചരിത്രപരമായ വിധേയത്വം പുലർത്തുകയും അവരുടെ പുതിയ തലമുറകൾ ഇംഗ്ലീഷിനെ സ്വന്തം ഭാഷയായി സ്വീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.
ബോംബെയിൽ നിന്നുള്ള റിക്രൂട്ട്മെൻറുകളിലൂടെ തുടർച്ചയായി വന്നവർക്ക് ജോലിസ്​ഥലങ്ങളിൽ മേൽക്കൈ ലഭിച്ചു. തുടർന്ന് അവരിലൂടെ എത്തിച്ചേർന്ന വലക്കണ്ണികളായ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അവരുടെ പരമ്പരകളും പടർന്ന് പന്തലിച്ചു. സ്വാഭാവികമായും എണ്ണവ്യവസായം വളർന്ന ഗൾഫുനാടുകളിലേക്കെല്ലാം ആ പ്രതിഭാസം വ്യാപിച്ചു. അവിടങ്ങളിൽ വലിയ ഇന്ത്യൻ സമൂഹങ്ങളുണ്ടായി. മേധാവിത്വ ഭാഷയായ ഇംഗ്ലീഷ് പരിചിത ശബ്ദമായതുകൊണ്ടാണ് ഇന്ത്യാക്കാർക്ക് അത് കഴിഞ്ഞത്.

അടിമക്കച്ചവടവും അടിമകളെ അടിമകളായിത്തന്നെ പുലർത്തുന്നതും സാധുവാണെന്ന ബോധം പുലർത്തിയിരുന്നവരാണ് സ്വദേശി സമൂഹങ്ങൾ. അവരിൽ അടിയുറച്ച അടിമയുടമ ബോധത്തിൽ കൊളോണിയലിസത്തിെന്റെ അധികാരവ്യവസ്​ഥ കൂടി ചേർന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് ഗൾഫ് രാജ്യങ്ങളിലെ മിശ്രിത ജനതകളുടെ സമുദായങ്ങൾ. ഫാദർ ഹെർമെന്റെ കണ്ടെത്തലുകളിലെ സമഗ്രതയെ അഭിനന്ദിക്കാൻ ജോൺ ഫിലിപ്പ് കൂടുതൽ ഭംഗിവാക്കുകൾക്ക് പരതി.

‘‘അതിസമ്പന്നത കാരണം ഏറ്റവും ആധുനികമായ യന്ത്രോപകരണങ്ങളും സാധന സാമഗ്രികളും പണം കൊടുത്തുവാങ്ങി ഉപയോഗിക്കുന്നുണ്ടെങ്കിലും ഗോത്രീയതകൾ നിറഞ്ഞ പുരാതന സമൂഹമായല്ലേ നിങ്ങൾ ജീവിക്കുന്നത്?’’ ഫാദർ ഹെർമൻ ചോദിച്ചു.

കേട്ടിരിക്കലാണ് ഇന്നത്തെ തന്റെ കടമയെന്ന് ബോധ്യം വന്ന ടോണി അബ്രഹാം മൗനം പാലിച്ചു. അത്യാദരവോടെ അബ്രഹാം ജോസഫ് എന്തെല്ലാമോ പറയാൻ ശ്രമിച്ചെങ്കിലും കാര്യമായ വാദമുഖമായി ഒന്നും അതിലില്ലെന്ന് ടോണി അബ്രഹാമിന് തോന്നി.

ഇന്ത്യ വിഭജിച്ച്​ പാകിസ്​ഥാൻ ഉണ്ടായപ്പോൾ കുടിയേറ്റസമൂഹങ്ങളിൽ ഏറ്റവും വലുത് ഇന്ത്യാക്കാരും പാകിസ്​ഥാനികളും ആയതും ഇതേ ഇംഗ്ലീഷ് കോയ്മയാലാണ്. ഈജിപ്ത്, സുഡാൻ, പലസ്​തീനി കുടിയേറ്റക്കാർക്ക് ഇന്ത്യാക്കാരുടെ ഒപ്പമെത്താൻ കഴിയുന്നില്ല. അവർ ഏകദൈവമത വിശ്വാസികളാണ്. സമാനമായ ആചാരസംസ്​കാരങ്ങളാണ്. അവർ അറബിഭാഷ സംസാരിക്കുന്നവരാണ്. നേരെമറിച്ച്, ഇന്ത്യാക്കാരാണെങ്കിലോ ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും ഗാഢമായി അനുഷ്ടിക്കുന്നവർ. പശുവിനെയും പാമ്പിനെയും ആരാധിക്കുന്നവർ. എന്നിട്ടും ഇന്ത്യാക്കാർക്കാണ് ഈ നാട് സ്വാഗതം പറഞ്ഞത്. ഇംഗ്ലീഷ് മനസിലാക്കാനും പറയാനും ഇത്തിരി ശേഷി ഉണ്ടെന്നതല്ലാതെ മറ്റൊരു കാരണവും അതിനില്ല.

വീട്ടിനുള്ളിലും അടുക്കളകളിലും പെരുമാറുന്ന, ഭൃത്യജോലികൾ ചെയ്യാൻ മാത്രമാണ് ചില അറബികളെങ്കിലും ഹലാൽ ഭക്ഷണ ശീലമുള്ളവരെയും ഏകദൈവവിശ്വാസികളെയും കിട്ടാൻ താത്പര്യപ്പെട്ടത്.

‘‘അങ്ങനെ നിങ്ങളുടെ മലബാറിൽ നിന്നുള്ളവരായി ഇവിടുത്തെ വീട്ടുജോലിക്കാരും കുശിനിക്കാരും ചായക്കടക്കാരും കച്ചവടക്കാരും. ഇന്ത്യയിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമായ കേരളത്തിലെ മനുഷ്യർ ഗൾഫ്നാടുകളിലെ ഏറ്റവും വലിയ കുടിയേറ്റ ജനതയായി. ഗൾഫിൽ എങ്ങോട്ട് നോക്കിയാലും എവിടെ ചെന്നാലും മലയാളിയെ കാണാം.’’

ഫാദർ ഹെർമൻ പോൾസൻ പ്ലാസറ്റിക്ക് കുപ്പി തുറന്ന് ഒരിറക്ക് വെള്ളം തൊണ്ടയിലൊഴിച്ചു. കുടിവെള്ളം പ്ലാസ്​റ്റിക് കുപ്പികളിൽ നിറച്ച് വില്പനയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ പുതിയ ഉത്പന്നമായി വന്നു തുടങ്ങിയതേയുള്ളു. അന്താരാഷ്ട്ര കമ്പനികളുടെ കോളപാനീയങ്ങൾ മാത്രമാണ് കടകളിൽ കുടിയ്ക്കാൻ കിട്ടിയിരുന്നത്. ഫാദറിനെ സത്കരിക്കാൻ ഒരു വിശേഷപ്പെട്ട ഇനമായി അബ്രഹാം ജോസഫ് പ്രത്യേകം വാങ്ങി വണ്ടിയിൽ കരുതിയതാണ് പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച കുടി വെള്ളം .

‘‘ഭൂരിപക്ഷം സ്വദേശികളും ജോലി ചെയ്യാൻ ഇഷ്ടമില്ലാത്തവരും അലസരും എല്ലാം അങ്ങോട്ട് കിട്ടണമെന്നു കരുതുന്നവരും ആയതു കൊണ്ടല്ലേ ഇന്ത്യാക്കാരിത്ര കൂടിയത്?’’

ഈ ചോദ്യമുയർത്താൻ അവസരം കാത്തിരിക്കുകയായിരുന്ന ജോൺ ഫിലിപ്പ് ശബ്ദത്തിൽ ഏറെ വിനയം കലർത്തിയാണ് ചോദിച്ചത്.

ഫാദർ ഹെർമൻശൈലിയിലെ ഒരു പൊട്ടിച്ചിരി വണ്ടിക്കുള്ളിൽ മുഴങ്ങി. അടുത്തിരിക്കുന്ന ഫാദറിനെ പുതിയതായി കാണുമ്പോലെ അബ്രഹാം ജോസഫ് വലതുവശത്തേക്ക് പെട്ടെന്ന് തലതിരിച്ച് നോക്കുകയും ഡ്രൈവിങ്ങിെന്റെ ഏകാഗ്രത ഒന്ന് പാളിയത് സമർത്ഥമായി തിരിച്ചുപിടിക്കുകയും റെയിഞ്ച് റോവർ ശാന്തമായൊഴുകുന്ന പുഴ പോലെ യാത്ര തുടരുകയും ചെയ്തു.

ഫാദർ ഹെർമന്റെ വാക്കുകളിൽ നിന്ന് പരമാവധി പിടിച്ചെടുക്കാൻ ദത്തശ്രദ്ധനായിരുന്ന ടോണി അബ്രഹാം വണ്ടി പിന്നിടുന്ന വഴികളൊന്നും കാണുന്നില്ല.

ഗൾഫിൽ താൻ കണ്ടുമുട്ടിയ ഇന്ത്യക്കാർ ആരും തന്നെ അവരുടെ ഇടങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട അഭയാർഥികളായിരുന്നില്ല, അവരെല്ലാം ഭാഗ്യാന്വേഷികൾ ആയിരുന്നെന്ന് ഫാദർ ഹെർമൻ പറഞ്ഞു. ഇവിടേയ്ക്ക് കുടിയേറുമ്പോൾ തങ്ങൾ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച സൗഭാഗ്യങ്ങൾ മാത്രം ലക്ഷ്യമാക്കി, അതുവരെ പരിചയിച്ച ആവാസവ്യവസ്​ഥയിൽ നിന്ന്​ സ്വാഭാവിക വേരുകൾ പറിച്ചു പുറത്ത് വരുന്നവരാണ് അവർ. എത്തിച്ചേരുന്ന അറിയാത്ത നാട്ടിലെ അപരിചിത പരിതോവസ്​ഥയിൽ അവർക്ക് വീണ്ടും വേരുകളുറപ്പിക്കണം. തനിയെ എഴുന്നേറ്റ് നേരേനിൽക്കണം, ദിനസരികൾ ഭദ്രമാക്കണം, പച്ചപിടിക്കണം, തഴച്ചുവളരണം എന്നൊക്കെ മോഹമുണ്ടാവും. അതിനായി അനേകം പ്രതികൂലഘടകങ്ങളോട് തനിയേ പൊരുതണം. അവരുടെ മുന്നിൽ ഒരൊറ്റവഴി മാത്രമേയുള്ളൂ. എന്തുംസഹിച്ച് ജോലിയിലായിരിക്കുക. എല്ലാം നശിച്ച് ഇല്ലാതാവുകയെന്ന പരിണിതി സംഭവിക്കാതെയിരിക്കണമെങ്കിൽ, സമ്പൂർണ പരാജയം ആകാതിരിക്കണമെങ്കിൽ അതു മാത്രമേ ചെയ്യാനുള്ളൂ. കിട്ടിയജോലി നിറുത്താതെ ചെയ്തുകൊണ്ട് മറ്റ് കുടിയേറ്റത്തൊഴിലാളികളോട് മത്സരിച്ചുകൊണ്ടിരിക്കുക. അത് അവർക്ക് നിലനിൽപ്പിനായുള്ള യുദ്ധമാണ്. അസ്വാഭാവികമായ ജീവിതാസക്തി. അത്തരം പ്രയാണങ്ങളോടും ആത്മാഭിമാനം ഉപേക്ഷിച്ച സഹനങ്ങളോടും പണമുണ്ടാക്കാൻ സ്വീകരിക്കുന്ന ഭ്രാന്തമായ വഴികളോടും ഒരു ജനതയുടെ സ്വാഭാവികമായ ജീവിതശൈലിയെയും വേഗതയെയും മത്സരത്തിനെടുക്കുന്നതും താരതമ്യം ചെയ്യുന്നതും ക്രമമല്ല, ശാസ്​ത്രീയവുമല്ല. അലസതയെന്നോ അദ്ധ്വാനിച്ചു മുന്നേറാനുള്ള കഴിവില്ലായ്മയെന്നോ അവരുടെ സ്വാഭാവികതയെ വിളിക്കുന്നത് അമാനവികമാണ്. ഫാദർ ഹെർമൻ മുന്നോട്ടുവച്ചത് ഏറെ അന്വേഷിച്ചും അപഗ്രഥനങ്ങൾ ചെയ്തും എത്തിച്ചേർന്ന കണ്ടെത്തലുകൾ ആണെന്ന് അതിലെ ആശയസ്​ഫുടത വ്യക്തമാക്കി.

‘‘അബ്രഹാം ജോസഫ് പറയൂ, ജോലിസ്​ഥിരതയുള്ള, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണി തലയ്ക്കു മുകളിൽ എല്ലായ്പോഴും തൂങ്ങിക്കിടക്കാത്ത വ്യവസ്​ഥ ആയിരുന്നെങ്കിൽ കുടിയേറ്റത്തൊഴിലാളികൾ ഇത്രയേറെ അനുസരണയോടെ പണിയെടുക്കുമായിരുന്നെന്ന് കരുതുന്നുണ്ടോ?’’
ആയിരക്കണക്കിന് മനുഷ്യരെ തൊഴിലിടത്തിൽ നിയന്ത്രിച്ച് പരിചയവും തഴക്കവുമുള്ള അബ്രഹാം ജോസഫിനോട് നേരിട്ടായിരുന്നു ഫാദർ ഹെർമന്റെ ചോദ്യം.

ഒന്നാലോചിച്ച് കരുതലോടെ അബ്രഹാം ജോസഫ് സംസാരിച്ചു തുടങ്ങി.
‘‘ശരിയാണ്. ജോലിയുടെ സ്​ഥിരമായഅസ്​ഥിരതയാണ് കുടിയേറ്റത്തൊഴിലാളികളുടെ അനുസരണയും വിധേയത്വവും നിലനിറുത്തുന്നത്. ഏതെങ്കിലും ചില സൂപ്പർവൈസർമാർ കൊടുക്കാറുള്ള ചെറിയ ഇളവുകൾപോലും അവരിലെ മത്സരമൂർച്ഛയെ തണുപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭയം ഇല്ലാതെവന്നാൽ ചിത്രം ഇക്കാണുന്നതുപോലെ ആവുകയില്ല.’’

‘‘സ്വദേശികളും കുടിയേറ്റക്കാരും ഒരുമിച്ച് ജോലി ചെയ്യുമ്പോൾ സമാനതകൾ ഒന്നുമില്ലാത്ത രണ്ടു തരം ജീവിതതാളങ്ങൾ പരസ്​പരം കലർന്നുപോയതിലെ വൈരുദ്ധ്യമാണ് യഥാർത്ഥ വിഷയം. അതിന് അതൊരു പരിഹാരവുമില്ല ’’, ഫാദർ ഹെർമൻ ആ വിഷയം പറഞ്ഞവസാനിപ്പിച്ചു.

അത് കേട്ടുണ്ടായ തിരിച്ചറിവിൽ ജോൺ ഫിലിപ്പ് ചകിതനായിപ്പോയി.
ഏതു ജോലി ചെയ്യുന്നവരായാലും സ്വദേശികളായ അറബികൾ അലസരും ഉത്സാഹരഹിതരും ആണെന്നും ചെറിയ കർത്തവ്യങ്ങൾ പോലും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിശ്വസിച്ച് ഏൽപ്പിക്കാനാവില്ലെന്നും എപ്പോഴും കേൾക്കാം. പ്രോജക്റ്റുകളുടെ പുരോഗതിയ്ക്ക് അറബി ജോലിക്കാർ തടസ്സമാണെന്ന് പ്രോജക്റ്റ് മാനേജർമാരുടെ മീറ്റിങ്ങുകളിലും വെളിയിലെ വരേണ്യ– വിദേശി ഒത്തുചേരലുകളിലും പരിഹാസം നിറഞ്ഞ പരാമർശങ്ങൾ ധാരാളം ഉയരാറുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ വിദേശികൾക്ക് ഇമ്മാതിരി അവസരങ്ങളെല്ലാം കിട്ടുന്നതെന്നും നാമെല്ലാം ഇവിടെയിങ്ങനെ കഴിയുന്നതെന്നും എത്രയോ തവണ അബ്രഹാം ജോസഫും താനും പറഞ്ഞിരിക്കുന്നുവെന്ന് ജോൺ ഫിലിപ്പ് കുറ്റബോധത്തോടെ ഓർത്തു.

നാട്ടിലാണെങ്കിൽ നന്നായിട്ട് ജോലിചെയ്യാത്ത മലയാളികൾ വിദേശത്ത് പോയാൽ കഠിനാദ്ധ്വാനംചെയ്ത് പേരെടുക്കുന്നവർ ആണെന്ന് അതിഥികളായി വരാറുള്ള എല്ലാ നേതാക്കളും ദിൽമുനിയ മലയാളികളെ പ്രശംസിക്കുന്നതാണ് അബ്രഹാം ജോസഫിന്റെ ചിന്തയിൽ അപ്പോൾ വന്ന ചിത്രം. വരുന്നവരെല്ലാം ഇവിടെപ്പറഞ്ഞും പിന്നെ നാട്ടിൽ മടങ്ങിപ്പോയിട്ട് അവിടെ ആവർത്തിച്ചും സംഗതി വിരസമായ പ്രസംഗവാക്യമായി മാറി.

ഫാദർ ഹെർമൻ പറഞ്ഞതുപോലെ നാട്ടിലെ സ്വാഭാവിക ജീവിതത്തിന്റെ ശൈലിയും വേഗവും ഒരു ജീവിതധാര. വിദേശത്തെ കുടിയേറ്റത്തൊഴിലാളിയുടെ നിലനിൽപ്പിനായുള്ള സമര വ്യഗ്രതയിൽ നിന്നുരുത്തിരിയുന്ന ജീവിതത്തിന്റെ രീതിയും വേഗതകളും മറ്റൊരു ധാര. അവ തമ്മിൽ യാതൊരു താരതമ്യവും ഇല്ല. അതു കണക്കിലെടുക്കാതെയും അതിനെക്കുറിച്ച് ചിന്തിക്കാതെയും കേവലമായ പുറംകാഴ്ചകളിൽ നിന്നാണല്ലോ വിധിയെഴുത്തുകൾ ഉണ്ടാകുന്നതെന്നാണ് അബ്രഹാം ജോസഫ് ഓർത്തത്.

പിൻസീറ്റിലിരിക്കുന്ന ജോൺ ഫിലിപ്പിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ താൻ പറഞ്ഞത് അയാൾക്ക് ബോധ്യമായോ എന്നു മുഖത്ത് നോക്കി അറിയാൻ ഫാദർ ഹെർമൻ പിന്നിലേക്ക് തിരിഞ്ഞ് രണ്ടു പേരെയും ശ്രദ്ധിച്ചു.

‘‘ നോക്കൂ, പണമുണ്ടാക്കാനാണ് വന്നിരിക്കുന്നതെന്നും അതിനാൽ പണം ഉണ്ടാക്കാനായി എന്തുചെയ്യുന്നതും ശരിയാണെന്നും കുടിയേറ്റക്കാർക്കിടയിൽ പ്രബലമായിരിക്കുന്ന മൂല്യവ്യവസ്​ഥയാണ് നമ്മെ കാത്തിരിക്കുന്ന വലിയ അപകടം. അതിൻപ്രകാരം എന്തും ചെയ്തുണ്ടാക്കുന്ന ധനം തിരിഞ്ഞ് അവരോടുതന്നെ പൊരുതും. കാരണം ഇന്നോളം ഉണ്ടായ മനുഷ്യദർശനങ്ങളുടെ സൂക്ഷ്മബീജങ്ങൾ രൂപപ്പെടുത്തിയ മറ്റൊരു മൂല്യവ്യവസ്​ഥ നമ്മുടെയെല്ലാം അബോധങ്ങളിൽ ലീനമായുണ്ട്. പരസ്​പരവിരുദ്ധമായ രണ്ടു തരം മൂല്യബോധങ്ങൾക്കിടയിൽ പെട്ടുപോകുന്നതിെന്റെ ആന്തരികസംഘർഷങ്ങളിൽ സ്വയം നഷ്ടപ്പെട്ട് അവർ തകർന്നടിഞ്ഞുപോയേക്കാം. അതുണ്ടാകാതെ തങ്ങളെ സംരക്ഷിക്കാൻ ധനികരാവുന്ന കുടിയേറ്റക്കാർ പ്രത്യേകം മനസ്സ് വയ്ക്കണം’’.

നീണ്ടുപോയ തന്റെ വർത്തമാനം അബ്രഹാം ജോസഫിനെ ഭയപ്പെടുത്തിയോയെന്നു ആശങ്കയിൽ ഫാദർ ഹെർമൻ സ്വയം വ്യകതമാക്കി.

‘‘ഞാൻ പറഞ്ഞത് ഒരു തലമുറയെക്കുറിച്ചാണ്. ഏതെങ്കിലും ഒരാളിന്റെ മാത്രം കാര്യമല്ല. അവരുണ്ടാക്കിയ സമ്പത്തിന്റെ അവകാശികളുടെ ഭാവിയിലും നമുക്ക് ഉത്കണ്ഠ വേണം. ഞങ്ങൾ ഡെന്മാർക്കിൽ ഇറച്ചിക്കും മുട്ടയ്ക്കുമായി ലൈവ്സ്റ്റോക്ക് ജീവികളെ വളർത്തുന്നത് പോലെയാണ് കുടിയേറ്റക്കാർ അവരുടെ അടുത്ത തലമുറയെ വളർത്തുന്നത്. അവരെ മോചിപ്പിക്കാൻ നമ്മളെല്ലാം കൂടുതൽ മൂല്യചിന്തയിലേക്ക് പോകണം. ജീസസ്​ ക്രൈസ്റ്റ് പഠിപ്പിച്ച തത്വങ്ങൾ ജീവിതത്തിൽ പാലിക്കണം.’’

ഇത്തവണ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടല്ല ഫാദർ ഹെർമൻ സംസാരിച്ച് നിറുത്തിയത്. നിമിഷങ്ങൾക്ക് ശേഷം ആത്മഗതം പോലെ അദ്ദേഹം കൂട്ടിച്ചേർത്തു:
‘‘ഞാനീ പറഞ്ഞതിൽ ഒന്നും പ്രവചനമല്ല. പ്രകൃതി നിയമവുമല്ല. വ്യതിരിക്തതകൾ ഉണ്ടായെന്നുവരാം. കുടിയേറ്റ സമൂഹങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ച് ഞാൻ നടത്തിയ ദീർഘയാത്രയുടെ ഒടുവിൽ വേദനയോടെ എത്തിച്ചേർന്ന അനുമാനമാണ്. മനുഷ്യരാശിയുടെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പണമൊഴുക്കിലേക്കാണ് പലപല അളവുകളിൽ നാമെല്ലാം വീണു പുളയ്ക്കുന്നത്. ഫോസിൽ ഇന്ധനം സൃഷ്ടിച്ച പുതിയ ധനവ്യവസ്​ഥ ഭൂമിയിലാകെ വിജയകാഹളം മുഴക്കുന്നു’’.

കുറേ നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. വണ്ടിക്കുള്ളിൽ നിശ്ശബ്ദത വന്നു നിറഞ്ഞ് സാന്ദ്രമായി. നാലുപേരും അവരവരുടെ ജീവിതങ്ങളിലേക്ക് നോക്കിയാണ് മൗനമുദ്രിതരായത്.

വീട്ടിൽ ഭക്ഷണം കഴിഞ്ഞ്, സംഭാഷണം തുടരുന്ന അപൂർവ്വം അത്താഴവേളകളിൽ മക്കളോട് അപ്പ നടത്താറുള്ള ഉദ്ബോധനങ്ങളാണ് ടോണി അബ്രഹാം ഓർമ്മിച്ചത്. ഇന്നു കാണുന്ന വലിയ നിലയ്ക്ക് ദയനീയമായ ഒരു തുടക്കമുണ്ടെന്നും കുട്ടികൾ അതറിഞ്ഞിരിക്കണമെന്നും മുഖവുരയോടെ അപ്പ ഗംഭീരമായ സഹനപർവകഥകൾ പറഞ്ഞു തുടങ്ങുമ്പോൾ മക്കൾ മൂന്ന് പേരും വിരസതയുടെ അടയാളങ്ങൾ കാണിക്കും. അസുഖകരമായ ആ യാഥാർഥ്യങ്ങളും ക്ലേശപുരാണങ്ങളും ഉണ്ടാക്കുന്ന അസ്വസ്​ഥതകളെ ഉൾക്കൊള്ളാനാവാത്ത മനോനിലയിലാവും കുട്ടികൾ. അക്കാലമെല്ലാം കഴിഞ്ഞുപോയിട്ടിപ്പോൾ അതിസമ്പന്നരായിരിക്കുമ്പോൾ കഷ്ടപ്പാടുകളുടെ പഴയ അനുഭവങ്ങൾ പറഞ്ഞ് നമ്മളെ വേദനിപ്പിച്ചിട്ട് അപ്പയ്ക്ക് എന്ത് കിട്ടാനാണെന്ന് അപ്പയില്ലാത്തപ്പോൾ അവർ പരസ്​പരം പറയും.

തങ്ങളുടെ വീടുകളിലും ഇങ്ങിനെയാണ് സംഭവിക്കുന്നതെന്നു സ്​കൂളിലെ ചങ്ങാതിക്കൂട്ടത്തിലെ മറ്റു കുട്ടികളും നർമം പറയും. ദുരിതത്തുടക്കത്തിന്റെ ഉള്ളുപൊള്ളുന്ന പുരാണം പറച്ചിലുകൾക്ക് വലിയതരം സമാനതകളാണ്. എണ്ണപ്പണക്കാലം ആരംഭിക്കുന്നതിനും മുന്നേ മനാന സൂഖിലെ കച്ചവടത്തിലൂടെ ധനികരായ ഗുജറാത്തികളുടെ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും സംഘത്തിലുണ്ട്. വീട്ടിലെ ധനസ്​ഥിതിയുടെ കൃത്യമായ തട്ടുകൾ പ്രകാരം തന്നെയാണ് സ്​കൂളിൽ കുട്ടികളുടെ ചങ്ങാതിക്കൂട്ടങ്ങൾ രൂപപ്പെടുന്നത്. കലാ കായികരംഗങ്ങളിൽ പേരെടുത്ത താരങ്ങളോ കാഴ്ചഭംഗി അധികമുള്ള ആരെങ്കിലുമോ മാത്രമാവും കുടുംബ സ്​ഥിതി ബാധകമല്ലാതെ സംഘങ്ങളിൽ വന്നുപെടുന്നത്. നൃത്തത്തിനും പാട്ടിനും സമ്മാനങ്ങൾ നേടി അറിയപ്പെടുന്നവളായി എന്നതിനേക്കാൾ ഹംരിയ രവികുമാറിന്റെ മകൾ ആയതാണ് പ്രിയ മേനോനെ ടോണി അബ്രഹാം ഉള്ള സംഘത്തിലെത്തിച്ചത്. കാണാൻ നല്ല ഭംഗിയുള്ള ശാലീന രാമചന്ദ്രൻ കൂട്ടത്തിൽ എത്തിയത് മലയാളി സമാജത്തിലെ നാടകത്തിൽ നായികാ വേഷം നന്നായഭിനയിച്ച് പേരെടുത്ത പെൺകുട്ടിയെന്ന വിലാസത്തിന്റെ നിഗൂഢതയും അനന്യതയും പേറിയാണ്.

വസ്​ത്രവ്യാപാര പ്രമുഖരായ ആദർശ് റാം കുടുംബത്തിലെ ദേവ് കിഷൻ ആണ് ടോണി അബ്രഹാമിന്റെ ഏറ്റവും പ്രിയസ്​നേഹിതൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നേ ഗുജറാത്തിലെ തട്ടയിൽനിന്ന് കുടിയേറിയ ഭാട്ടിയ സമൂഹത്തിന്റെ ക്ഷത്രിയപാരമ്പര്യമുള്ള ചരിത്രം ദേവ് കിഷന്റെ പിതാജി പറയും. എന്നും രാത്രിയിലെ ഭക്ഷണവേളയിൽ കുറേനേരം അദ്ദേഹം കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴാണ് കഥകൾ പറയുക. വെളുത്തുള്ളികൂടി ഒഴിവാക്കിയ ശുദ്ധ സസ്യാഹാരം മാത്രമാണ് പൂർവികരുടെ നിഷ്​ഠയ്ക്കൊത്തു കുടുംബത്തിലെ ഭക്ഷണം. ടോണി അബ്രഹാമിന്റെ വീട്ടിൽ നിന്ന്​ ദേവ് കിഷൻ കോഴിക്കറിയും സസ്യേതര വിഭവങ്ങളും കഴിക്കും. ഗോത്രസ്വഭാവമുള്ള യുദ്ധജോലികളുടേയും പലായനങ്ങളുടെയും പൊള്ളുന്ന വഴികളിലൂടെ ദിൽമുനിയയിൽ എത്തിയ സംഭവങ്ങളാണ് ദേവ് കിഷനെപ്പോലെ ധനിക വ്യാപാരികളുടെ കുട്ടികൾക്ക് കേൾക്കാനുള്ളത്. കച്ചവടകേന്ദ്രമായ മനാനയിൽ തങ്ങളുടെ ഗോത്രം ഒരുമിച്ചു വേരുറപ്പിച്ച കുലധർമ വൃത്താന്തങ്ങളിൽ കുട്ടികളുടെ മനസ്സുറപ്പിക്കാനായി വീടുകളിൽ അതെല്ലാം പിന്നെയും പിന്നെയും ആവർത്തിക്കും.

വ്യക്തികൾ ഒറ്റയ്ക്ക് അനുഭവിച്ച ദാരുണമായ സഹനങ്ങളും അവരെ സാഹസികമായ തീരുമാനങ്ങളിലേക്ക് നയിച്ച അഗാധമായ കുടുംബസ്​നേഹവും ഒടുവിൽ ദൈവാനുഗ്രഹം കൊണ്ട് എല്ലാം ശുഭമായി വന്നതിന്റെ സുവിശേഷങ്ങളുമാണ് തെക്കേ ഇന്ത്യക്കാരുടെ വീടുകളിൽ.

ഷോറൂമുകളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വ്യാപാരത്തിന്റെ രഹസ്യങ്ങൾ പിതാജി വിശദീകരിക്കുന്നത് ഏതൊരു മികച്ച ബിസിനസ്​ മാനേജ്മെൻറ്​ ക്ലാസിനെയും വെല്ലുമെന്ന് ദേവ് കിഷൻ പറയും. അവരുടെ കടകളിൽ ജോലിയന്വേഷിച്ച് ചെല്ലുന്ന മലയാളികളുടെ വർത്തമാനങ്ങളും പിതാജിയുടെ സംഭാഷണത്തിൽ വന്നുചേരും. കുടുംബസ്നേഹം പകർച്ച വ്യാധിപോലെ ഒരു ജനതയിൽ പടർന്നുപിടിക്കുന്നതിന്റെ മനഃശ്ശാസ്​ത്രം അന്വേഷിക്കേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭയാനകമായ പ്രഹരശേഷിയുള്ള ബോംബുകൾ പൊട്ടാറായിട്ടും നെഞ്ചിനുള്ളിൽവച്ച് നടക്കുന്നതുപോലെയാണെത്ര അവരിൽ ഓരോരുത്തരും തങ്ങളെ അവതരിപ്പിക്കുന്നത്.

ആളുകളുടെയും ചില നാടുകളുടെയും പേരുകളിൽ ചെറിയ വ്യത്യാസങ്ങളോടെ കഥകൾ ഏറെക്കുറെ ഒന്നുതന്നെയെന്ന് പറഞ്ഞാണ് ടോണി അബ്രഹാമിന്റെ കൂട്ടുകാർ പൊട്ടിച്ചിരികളുടെ വലിയ ആരവമുയർത്തുന്നത്. സ്​കൂളിലെ ക്യാൻറീൻ പരിസരത്തെ മരക്കൂട്ടത്തണലിൽ അവർക്കെല്ലാം കൂടിയിരിക്കാൻ സംഘം സ്വന്തമാക്കിയ ഒരു മൂലയുണ്ട്. ഓരോ തവണയും ജീവിതത്തിലെ അവസാന അവസരമാണിത് എന്നപോലെ അനുപാതംതെറ്റിയ ആവേശത്തോടെ ഉച്ചത്തിലും ചാടിത്തുള്ളിയുമാണ് സംഘത്തിലെ പെൺകുട്ടികൾ തിമർക്കുന്നത്.

പെണ്ണായതിനാൽ ചെയ്യരുതെന്ന് നാലുപാടു നിന്നും വിലക്കുകൾ വരുന്നതിനുമുന്നേ ഒന്നുറക്കെ ചിരിച്ച് മറിയാൻ പ്രിയാ മേനോൻ പ്രേരിപ്പിച്ചാലും ശാലീന രാമചന്ദ്രൻ കൂടാറില്ല. പരിസരത്തെ ആൺകൂട്ടങ്ങൾക്ക് നടുവിലെ മറ്റു പെൺകുട്ടികളുടെ കാഴ്ചകൾ പ്രിയാ മേനോൻ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിച്ചാലും ശാലീന രാമചന്ദ്രൻ മരച്ചോട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ ക്യാൻറീനിൽ നിന്നു വാങ്ങിയ മിനുവും ജ്യൂസുമായി ചെറിയ കുശല പ്രശ്നവുംകഴിച്ച് ക്ലാസിലേക്ക് പോകും.

വളരെ ചെറിയ വിലയ്ക്ക് പ്ലാസ്റ്റിക് കൂട്ടിൽ കിട്ടുന്ന ലഘുഭക്ഷണമാണ് ദിൽമുനിയയിൽ ജനിച്ചു വളർന്ന കുട്ടികളുടെ ബാല്യത്തിന്റെ ചിമായ മിനു. തൊഴിലെടുക്കുന്ന അമ്മമാരുടെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ തങ്ങളുടെ കുഞ്ഞുങ്ങളുടെ പൈദാഹശമനത്തിന് എളുപ്പ വഴിയും ചെലവ് കുറഞ്ഞ പരിഹാരവുമാണ് മിനുവും വിലകുറഞ്ഞ ജ്യൂസുകളും. കുട്ടികളുടെ അംഗസംഖ്യ ധാരളമായ അറബി ഭവനങ്ങളിലേക്ക് ചാക്കുനിറയെയുള്ള മിനു പാക്കറ്റുകളാണ് വാങ്ങാറ്. ഇത്തിരി മാത്രം ധാന്യവും വെണ്ണയും ഉപ്പും സ്വാദിനുള്ള വ്യഞ്ജനവും വായുകയറ്റി പെരുപ്പിച്ച് ഉണ്ടാക്കുന്ന ചെറുഗോളങ്ങൾ പ്ലാസ്റ്റിക് കൂട്ടിലടച്ച് വായുസമ്മർദ്ദത്തിൽ ഒട്ടിച്ചെടുക്കുന്ന മിനുവിന്റെ പാക്കറ്റുകൾക്ക് ഭാരം വളരെ കുറവാണ്.

ഡ്രൈവറായും മറ്റും വരുമാനംകുറഞ്ഞ ജോലികൾ ചെയ്യുന്ന സ്വദേശികൾ അവരുടെ വീടുകളിലേക്ക് വാങ്ങിയ വലിയ ചാക്ക് മിനു ചെറുവിരലിലുയർത്തി അനായാസമായി അവരുടെ വണ്ടിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കൗതുകമുളവാക്കും. കോൾഡ്സ്റ്റോർ എന്നു വിളിക്കുന്ന ചെറിയ പലചരക്ക് കടകളിലും വലിയ സൂപ്പർ മാർക്കറ്റുകളിലും മിനുവിനു മാത്രമായൊരു സ്​ഥലമുണ്ടാകും. അവിടെ കുട്ടികളെ ആകർഷിക്കും വിധം വർണശബളമായ പാക്കറ്റുകളിൽ അനേകം തരം മിനു വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടാവും. ഒന്നോ രണ്ടോ പാക്കറ്റുകൾ കഴിച്ച് ഉച്ചഭക്ഷണം മിനുവിൽ ഒതുക്കുന്ന, ചിലപ്പോൾ കഴിക്കാൻ വീട്ടിലും മിനു മാത്രമുള്ള പാവപ്പെട്ട കുട്ടികളും സ്​കൂളിൽ വരുന്നുണ്ട്.

കൊതിയടക്കാനായി ശാലീന രാമചന്ദ്രന്റെ കയ്യിലെ പാക്കറ്റിൽ നിന്നൊരെണ്ണം എടുത്താലും ടോണി അബ്രഹാമിന്റെ സുഹൃദ്സംഘം പരസ്യമായി കാൻറീനിൽ നിന്ന് മിനു വാങ്ങുന്നവരല്ല. എന്നും രണ്ടുനേരം ഇടവേളകൾക്കുള്ള ബെല്ലടിക്കുമ്പോൾ കാന്റീനിലെ മിനുഅങ്കിളിനു മുന്നിൽ ഉണ്ടാകുന്ന വലിയ ഉന്തിലും തള്ളിലും പങ്കെടുക്കുന്നവരുമല്ല.

ഫാദർ ഹെർമന്റെ ആഹ്ലാദശബ്ദങ്ങളിലാണ് ടോണി ഉണർന്നത്. ചെറുപ്പത്തിൽ നാട് വിട്ടുപോയ കുട്ടി കുറേ മുതിർന്നിട്ടു മടങ്ങിയെത്തി തന്റെ പരിചിത ഇടങ്ങളിലൂടെ വീണ്ടും പോകുമ്പോൾ ഓർമകളുണരുന്നതിന്റെ ശബ്ദങ്ങളാണ് ഫാദർ ഹെർമനിൽ നിന്നുണ്ടായത്. എട്ടു വരിപ്പാതകളും അവയുടെ വശങ്ങളിലെ കരുതൽ വീതിയും ചേർന്ന് അതീവ വിസ്​തൃതമായ അതിവേഗപ്പാതയിലൂടെ വണ്ടിയോടുമ്പോൾ ഇരുവശങ്ങളിലും നോക്കെത്താദൂരംവരെ തറനിറയെ കാണാവുന്ന മൺകൂനകളെ നോക്കിയാണ് ഫാദർ അതെല്ലാം പറഞ്ഞത്. സ്വർഗസ്​ഥനായ തന്റെ പിതാവിനോട് ഡാനിഷ് ഭാഷയിൽ ചിലതെല്ലാം വിളിച്ചു കൂവിപ്പോയതാണെന്ന് ക്ഷമാപണത്തോടെ ഫാദർ ഹെർമൻ പറഞ്ഞു. ഇതാദ്യമാണ് ഇങ്ങിനെയൊന്ന് ഉണ്ടാകുന്നതെന്നും.

ചെറുപ്പത്തിൽ തന്നെ മടിയിലിരുത്തിയും തോളിലെടുത്തും തന്റെ ചേട്ടനെ അടുത്തു നിറുത്തിയും പിതാവ് ധാരാളം കഥകൾ പറഞ്ഞിട്ടുള്ള സ്​ഥലം അദ്ദേഹം കാണുകയാണ്. കടലുകൾക്കപ്പുറത്തെ മായാദ്വീപിലെ തുമുലിപ്പാടം താനിതാ വന്നു കണ്ടുവെന്നാണ് തന്റെ പിതാവിനോട് ഫാദർ വിളിച്ചു പറഞ്ഞത്.

‘‘ഫാദർ, ഇതെല്ലാം പുരാതനകാലത്തെ ദിൽമുനിയയിലെ മനുഷ്യരെ അടക്കംചെയ്ത മൺമേടുകളാണ്. അതാ മുന്നിൽ കാണുന്ന ആ പാർപ്പിടനഗരം മുഴുവനും ഇത്തരം മൺമേടുകളായിരുന്നു, ശ്മശാനം എന്ന അർത്ഥത്തിലാണ് അവർ തുമിലിപ്പാടമെന്നു വിളിക്കുന്നത്. ഇപ്പോൾ റോഡിന്റെ വശങ്ങളിൽ ഇക്കാണുന്നത് ഭാവി തലമുറകൾക്ക് കാണാനായി സംരക്ഷിച്ചിട്ടുള്ള ചെറു മാതൃകയാണ്’’ ജോൺ ഫിലിപ്പ് ഇടപെട്ടു.

‘‘ എനിക്കറിയാം ജോൺ, ഇതു എനിക്ക് കളിപ്പാട്ടം പോലെ ആയിരുന്ന ബാല്യ കൗതുകമാണ്. എന്റെ അച്ഛന്റെ ഡയറിയിൽ ഉണ്ടായിരുന്ന ബ്ലാക്ക് ആൻറ്​ വൈറ്റ് ഫോട്ടോയിൽ ദിൽമുനിയ ദ്വീപിന്റെ നിറുകയിലെ ഈ പ്രദേശം നിറയെ തുമിലിപ്പാടങ്ങളാണ്. ഇരുപത് ചതുരശ്രമൈൽ സ്​ഥലത്ത് തിങ്ങിപ്പണിതിരിക്കുന്ന മൺമേടുകൾ. ഒരു ഷീറ്റ് വെള്ളക്കടലാസ്​ നിറയെ മൊട്ടു സൂചികൾ കുത്തി നിറുത്തിയിരിക്കുന്നതു പോലെ തോന്നുമായിരുന്നു ആ ഫോട്ടോയിൽ കാണുമ്പോൾ.’’

അവർ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർപ്പിടനഗരത്തിന്റെ റോഡുകളുടെയും പാലങ്ങളുടെയും പണികൾ ചെയ്യുന്നതിനായി കുഴിയെടുക്കുമ്പോൾ തുമിലികൾ അനേകം തുറന്നുവെന്നും അതിനുള്ളിൽ നിന്ന് കേടുകൂടാതെ അവശേഷിച്ച അനേകം അസ്​ഥികൂടങ്ങൾ കിട്ടിയെന്നും അബ്രഹാം ജോസഫ് കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് വർഷങ്ങൾ മുന്നേ മരിച്ചു പോയവരെ അടക്കം ചെയ്തിടത്ത് നിധികുംഭങ്ങൾ ഉണ്ടായിരുന്നെന്നും കുഴിക്കുമ്പോൾ നിധികുംഭങ്ങൾ ഏറ്റെടുക്കാൻ പുരാവസ്​തു വകുപ്പിലെ ഉദ്യോഗസ്​ഥന്മാർ ഹാജരുണ്ടാകുമെന്നും അബ്രഹാം ജോസഫ് ഓർമ്മയിൽ ചികഞ്ഞ് പറഞ്ഞു.

മുത്തും പവിഴവും സ്വർണവും എല്ലാമടങ്ങിയ നിധികുംഭങ്ങൾ കൈക്കലാക്കുന്ന തട്ടിപ്പ് സംഘങ്ങളും അനേകം ഉണ്ടായിരുന്നെന്ന് അബ്രഹാം ജോസഫ് മലയാളത്തിൽ പറഞ്ഞു.

ഫാദർ ഹെർമന്റെ പിതാവായ പോൾസൻ ജൊഹാൻസ്​ ഒരിക്കൽ മാത്രമേ ഡെന്മാർക്കിന് വെളിയിലേക്ക് പോയിട്ടുള്ളൂ. അത് അൻപത്തിമൂന്നിൽ ദിൽമുനിയയിലേക്ക് പുരാവസ്​തു ഗവേഷണങ്ങൾക്ക് വന്ന ഡാനിഷ് എക്സ്​പെഡിഷൻ സംഘത്തിൽ അംഗമായിട്ടാണ്.

യാദൃച്ഛികതകളുടെ ഒരു പരമ്പരയാണ് ഡാനിഷ് എക്സ്​പെഡിഷന് സംഭവിക്കാൻ കാരണമായത്. രണ്ടാം ലോകയുദ്ധത്തിന്റെ അനന്തര ഫലങ്ങൾ യൂറോപ്പിലെ യുദ്ധരാജ്യങ്ങളെ ഞെരുക്കി വറുതിയും തൊഴിലില്ലായ്മയും അവിടെല്ലാം പരത്തി. കേംബ്രിഡ്ജിൽനിന്ന് പുരാവസ്​തു ഗവേഷണത്തിൽ ഉന്നതബിരുദമെടുത്ത ഒരു ഇംഗ്ലീഷുകാരൻ ശാസ്​ത്രജ്ഞന് തന്റെ പഠിപ്പിനൊത്ത ജോലികിട്ടാഞ്ഞിട്ട് ദിൽമുനിയയിലെ റിഫൈനറിയിൽ കിട്ടിയ പണി ചെയ്യാൻ വന്നു. സുമേറിയക്കാരുടെ പുരാണങ്ങളിലെ ഗിൽഗാമേഷ് ദേവൻ ജീവന്റെ അനശ്വരത തേടിപ്പോയ ദിൽമൻ എന്ന പുണ്യദ്വീപിൽ നിന്നല്ലേ താൻ പോകുന്നതെന്ന ആശയവുമായാണ് അദ്ദേഹം മൂന്നു വർഷങ്ങൾ കഴിഞ്ഞ് മടങ്ങിപ്പോയത്. യുദ്ധകാലത്ത് സൈനിക സേവനം ചെയ്യുമ്പോൾ ഡെന്മാർക്കിലെ നാസി അധിനിവേശം ചെറുത്തു നിൽക്കാൻ പോയപ്പോഴുണ്ടായ ബന്ധങ്ങൾവഴി ഡെന്മാർക്കിലെ ഒരു യൂണിവേഴ്സിറ്റിയിൽ പുരാവസ്​തു വകുപ്പിൽ അദേഹം ജോലി സമ്പാദിച്ചു. മദ്ധ്യേഷ്യയിലെ നാടോടിക്കഥകളിൽ നിറഞ്ഞു നിൽക്കുന്ന പ്രളയവും പ്രളയമിറങ്ങിപ്പോയ പ്രവാചകഭൂമിയും ദിൽമൻ എന്ന അനുഗ്രഹിക്കപ്പെട്ട നാടും ദിൽമുനിയയും തമ്മിൽ ബന്ധമുണ്ടെന്ന ആശയം മുന്നോട്ടു കൊണ്ടുപോയി അദ്ദേഹം ദിൽമുനിയയിലെ ഡാനിഷ് എകസ്​പെഡിഷനിൽ എത്തിച്ചു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments