5. സഹവാസികളായ അപരിചിതർ
മടക്കയാത്രയിൽ വണ്ടിയിലെ നിശ്ശബ്ദതയിൽ മയക്കത്തിലേക്ക് വഴുതുന്ന ബഷീർ ആലവും ജോൺ ഫിലിപ്പും ഉണർന്നിരിക്കുവാനായി സ്വന്തം കൈകൾ ഇടയ്ക്കിടെ കൂട്ടിഞെരിച്ച് കഷ്ടപ്പെട്ടുകൊണ്ടിരുന്നു. ദിൽമുനിയയിൽ തൊഴിലെടുക്കുന്നവർ വെറുതെ ഒന്നിരുന്നാൽ മയങ്ങിപ്പോകുംവിധം ഉറക്കം കുറവുള്ളവരാണ്. ജോലി ചെയ്യാത്തവർ ഉറങ്ങിയുറങ്ങി മടുക്കുന്നവരും.
ഒരു ദിവസത്തെ ക്ലേശം മുഴുവനും അനുഭവിച്ച് തീർത്തിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വണ്ടി ഓടിച്ചുകൊണ്ട് ഉറങ്ങിപ്പോകാതിരിക്കാൻ ജനാലയുടെ ചില്ലുകൾ താഴ്ത്തി ചൂട് കാറ്റിനെ അകത്തുകയറ്റുന്നതാണ് ജോൺ ഫിലിപ്പിന്റെ പതിവ്. വണ്ടിയിൽ മറ്റു മൂന്നുപേരും തീ പിടിച്ച ജാഗ്രതയോടെ തങ്ങളുടെ ചിന്തകളുടെ പിന്നാലെ പായുകയായിരുന്നു.
ഹാൻസ് പോൾസൻ എമ്മിയെസ് കമ്പനിയിൽ വന്നുചേർന്ന ഇരുപതു വർഷം പിന്നിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്ന തന്നെ മറവി ബാധിക്കുന്നുവെന്നും ഏറെ സംഭവങ്ങളും ഓർമ വരുന്നില്ലെന്നും അബ്രഹാം ജോസഫ് തിരിച്ചറിഞ്ഞു. എങ്കിലും അക്കാലം ഓർമിച്ചെടുക്കാൻ അയാൾ നന്നായി ശ്രമിച്ചു.
മനാനയിലെ പ്രാചീനമായ തുറമുഖം കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പുതിയ ഒരു പോർട്ട് കൂടി നിർമിക്കുവാനായി സ്ഥലം നിശ്ചയിച്ചത് പഴയ പോർട്ടിന് അധികം അകലെയല്ലാതെ ഒരിടത്താണ്. പോർട്ടിനു ആവശ്യമായ കെട്ടിടങ്ങളും റോഡും നിർമ്മിക്കുവാൻ തറ തയ്യാറാക്കിയത് വേലിയേറ്റത്തിലും വേലിയിറക്കത്തിലും വന്നുനിറയുന്ന എക്കൽച്ചെളി നിറഞ്ഞ കടൽത്തീരത്തിലാണ്. ജബൽ വസാത്തിലെ ഓയിൽഫീൽഡും കഴിഞ്ഞുള്ള തരിശുഭൂമിയിൽ നിന്ന് ഡസെർട്ട് ഫിൽ എന്ന് പേര് നൽകിയ മണ്ണ് കൊണ്ടുവന്നിട്ട് നികത്തിയാണ് തറനിരപ്പ് ഉയർത്തി ഉറപ്പിച്ചത്. കഴുത വണ്ടികളിലും പിന്നീട് വാടകയ്‌ക്കെടുത്ത പിക്കപ്പ് വണ്ടികളിലും അതുകഴിഞ്ഞ് വാടകക്കെടുത്ത ലോറിയിലും ആ മണ്ണെടുത്ത് വിറ്റുകൊണ്ടിരുന്ന മുസ്തഫ ഇബ്രാഹീമിന് കയ്യിലൊതുങ്ങുന്ന തായിരുന്നു പോർട്ടിലെ പണികൾ. നല്ല ലാഭം ഉണ്ടാക്കുകയും അത് ചിലവിട്ട് ലോറികളും ചെറു യന്ത്രങ്ങളും വാങ്ങുകയും ചെയ്തു. മനാനയിലെ കടൽത്തീരത്ത് വേറെയും സ്ഥലങ്ങളിൽ എക്കൽ ചെളി നികത്തി അതിന്മേൽ നിർമ്മാണങ്ങൾ ചെയ്യാനുള്ള കൂടുതൽ കരാറുകൾ എടുക്കുന്നതിന് സ്വന്തമായി വാങ്ങിയ യന്ത്രങ്ങളും ലോറികളും യോഗ്യതയായി മാറി.
ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ സ്വതന്ത്രമായ രാജ്യത്തെ മന്ത്രാലയങ്ങളിൽ ചട്ടങ്ങളും നടപടിക്രമങ്ങളും രൂപമെടുത്തു വരുന്ന കാലമാണ്. വലിയ കരാറുകൾ എടുക്കാൻ യോഗ്യതയായി കമ്പനികളിൽ എഞ്ചിനീയറിംഗ് ബിരുദവും തൊഴിൽ പരിചയവുമുള്ള ആളുടെ സർട്ടിഫിക്കറ്റ് രേഖകൾ ടെണ്ടറിനോടൊപ്പം വയ്ക്കണമെന്ന് പൊതുമരമത്ത് വകുപ്പ് ചട്ടമുണ്ടാക്കി. പ്രൈവറ്റ് കമ്പനികളിലും ഇംഗ്ലീഷുകാരുടെ സ്വാധീനവും ഇടപെടലുകളും മറ്റൊരു രൂപത്തിൽ തുടരാനാണ് അങ്ങനെയൊരു ചട്ടം ഉൾപ്പെടുത്തിയതെന്നാണ് ഹജ്ജി മുസ്തഫ ഇബ്രാഹീം അതിനെ വ്യാഖ്യാനിച്ചത്. മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും ആ വകുപ്പുകൾ സ്ഥാപിച്ച ബ്രിട്ടീഷുകാരൻ അഡ്വൈസർ അയാളുടെ നാട്ടിൽ നിന്ന് കൊണ്ടുവന്നവരും അവരുടെ പിന്മുറക്കാരുമാണ്. ഇംഗ്ലണ്ടിലോ അല്ലെങ്കിൽ യൂറോപ്പിൽ എവിടെയെങ്കിലുമോ ഉത്പാദിപ്പിക്കുന്ന സാധനസാമഗ്രികൾ മാത്രം നിർമാണ ജോലികളിൽ ഉപയോഗിക്കാൻ പറ്റുന്നതരത്തിലാണ് അവയുടെ ഇനവിവരണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ ഇംഗ്ലീഷുകാർ എഴുതിവച്ചിരിക്കുന്നത്. അതിനുകാരണം അവയുടെ ഗുണമേന്മയല്ല. കുറച്ചു കാലം മുന്നേവരെ ദിൽമുനിയ ഏറ്റവും കൂടുതൽ സാധനസാമഗ്രികൾ ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയിൽ നിന്നും ഇറാക്കിൽ നിന്നുമാണ്. ഇപ്പോൾ എണ്ണപ്പണം ഒഴുകിവരാൻ തുടങ്ങിയപ്പോൾ ഈ നാടിന്റെ സമ്പത്ത് കൈക്കലാക്കാനായി ഇറക്കുമതിയെല്ലാം തങ്ങളുടെ നാടുകളിൽ നിന്നാക്കാൻ പഴയ കോളനിവാഴ്ചക്കാരുടെ ഉപായം. കോളനിവാഴ്ചയുടെ പുതിയ രൂപമെന്ന് ഹജ്ജി പറയും. ഭരണം കൈമാറിയെങ്കിലും വിദേശശകതികൾ ദിൽമുനിയ വിട്ടുപോകാതെ പലരൂപങ്ങളിൽ വീണ്ടും പിടിമുറുക്കുന്നതിൽ ഹജ്ജിക്ക് പ്രതിഷേധമുണ്ടായിരുന്നു.
ഇംഗ്ലീഷുകാരൻ അല്ലാത്ത ഒരു യൂറോപ്യൻ എഞ്ചിനീയറെ കിട്ടാൻ വേണ്ടിയാണ് മുസ്തഫ ഇബ്രാഹീം പരിശ്രമിച്ചത്. ചട്ടം അനുസരിക്കുംമ്പോഴും പ്രതിഷേധത്തോടെ ആണെന്ന് സ്വന്തം മനഃസാക്ഷിയെ ബോധ്യപ്പെടുത്തണമെന്നു അദ്ദേഹത്തിനുണ്ടായിരുന്നു. യൂറോപ്പുകാരൻ എഞ്ചിനീയർ ഇന്ത്യാക്കാരനേക്കാൾ ഏതെങ്കിലും വിധത്തിൽ മികച്ചതായതുകൊണ്ടല്ല, അയാൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രാലയത്തിൽ ലഭിക്കുന്ന വംശീയമായ സ്വീകാര്യതയായിരുന്നു ഹജ്ജിയുടെ ലക്ഷ്യം. ശയ്യാവലംബിയായ പിതാവ് ഇബ്രാഹീം അബാദിയുടെ പക്കൽ നിന്ന് മുസ്തഫ ഇബ്രാഹിം ഡെന്മാർക്കിലെ ഒരു മേൽവിലാസം കൊണ്ട് വന്നു. കടലോരങ്ങളിലെ നിർമാണ പ്രവൃത്തികളിൽ പരിചയമുള്ള ഒരു എഞ്ചിനീയറെ വേണമെന്ന് ഇംഗ്ലീഷിൽ കത്തെഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടത് അബ്രഹാം ജോസഫിന് ഓർമ വന്നു. ഒടുവിൽ ഹംരിയ സ്റ്റോറിൽ സെയിൽസ്മാനായി ജോലിചെയ്യുന്ന പരിചയക്കാരൻ രവികുമാറിനെ കൊണ്ട് കത്തെഴുതിക്കാൻ പോയി. കച്ചവടസമയം കഴിഞ്ഞ് കടയടച്ചിട്ട് അയാൾ ഇറങ്ങി വരുംവരെ മനാനയിലെ നഗരവാതുക്കലിൽ കാത്തുനിന്നു. മാസങ്ങൾ കഴിഞ്ഞ് നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ ഡെന്മാർക്കിൽ നിന്ന് ഹാൻസ് പോൾസൻ തന്റെ നവവധുവുമായാണ് വന്നിറങ്ങിയത്. കടൽനിരപ്പിനേക്കാൾ താഴ്ന്നപ്രദേശങ്ങളിലെ നിർമാണ ജോലികളിൽ പ്രഗൽഭനായ എഞ്ചിനീയറിംഗ് വിദഗ്ദ്ധനെ താൻ തിരഞ്ഞുകണ്ടെത്തി. ദിൽമുനിയയുടെ വികസനത്തിനായി ആ വിദഗ്ധനെ താനിതാ അവതരിപ്പിക്കുന്നു എന്ന ഭാവമായിരുന്നു മുസ്തഫ ഇബ്രാഹീമിന്.
അതങ്ങിനെയെന്ന് തെളിയിക്കുന്നതായിരുന്നു യുവാവായ ഹാൻസ് പോൾസന്റെ പ്രകടനം. ഹാൻസ് പോൾസന്റെ വിദ്യാഭ്യാസ - തൊഴിൽപരിചയ രേഖകൾ നിലവാരം ഉയർന്നതും മൗലികവുമായിരുന്നു. അവയുടെ സാക്ഷ്യത്തിനുമേൽ എമ്മിയെസ് കമ്പനിക്കു വലിയ കരാറുകളുടെ ടെണ്ടറിങ്ങിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായി. ആ പേരിന്റെ മികവിൽ കമ്പനിക്ക് വലിയ കരാറുകൾ തുടരെ ലഭിച്ചു. ദിൽമുനിയയിൽ പുതിയതായി പണികഴിപ്പിച്ച എയർപോർട്ടിന്റെ നിർമാണ ജോലികളും എമ്മിയെസ് കമ്പനിക്ക് ലഭിച്ചു. അന്നൊക്കെ ഇന്ത്യക്കാരുടെ സർട്ടിഫിക്കറ്റുകൾക്ക് മൊത്തത്തിൽ രമണീയത കുറവായിരുന്നു. പേരെഴുതിയ കയ്യക്ഷരത്തിന് വൃത്തിയുണ്ടെങ്കിലും വൈക്കോൽപ്പാടുകൾ തെളിഞ്ഞുനിൽക്കും. മടക്കുന്നിടത്ത് മുറിഞ്ഞുപോകുന്ന ഗുണമേന്മ കുറഞ്ഞ കടലാസിൽ അച്ചടിച്ചവയാണ് സർട്ടിഫിക്കറ്റുകൾ. യൂണിവേഴ്‌സിറ്റിയുടെ പേരിലെ തലക്കെട്ട് കഴിഞ്ഞാൽ ബാക്കി അക്ഷരങ്ങൾ മാഞ്ഞു പോകുന്നുവെന്ന് തോന്നും വിധത്തിലാണ് ബ്ലാക്ക് ആൻഡ് വൈറ്റ് അച്ചടിയുടെ ഗുണനിലവാരം. അതു പരിഹരിക്കാനായി നല്ല കട്ടിയും മിനുക്കവുമുള്ള പേപ്പറിൽ ശിവകാശിയിൽ അച്ചടിച്ച കാഴ്ചഭംഗിയുള്ള സർട്ടിഫിക്കറ്റുകൾ മിടുക്കന്മാർ കൊണ്ടുവന്നു. അതിനെക്കുറിച്ച് വലിയ നിശ്ചയമൊന്നുമില്ലാത്ത തൊഴിലുടമയ്ക്ക് കാട്ടിക്കൊടുത്ത് ചില കുടിയേറ്റ ഇന്ത്യാക്കാർ ഉയർന്ന വിദ്യാഭ്യാസ യോഗ്യത വേണ്ട ജോലികളിൽ കയറിപ്പറ്റി.
യൂറോപ്പുകാർക്ക് പ്രത്യേകമായി ഉയർന്ന ശമ്പള നിരക്കുകളാണ്. അതേ തസ്തികയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാർക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭിക്കുന്നതിനേക്കാൾ പല മടങ്ങ് ഉയർന്നതാണ് ശമ്പളത്തോതുകൾ. കിട്ടുന്ന വലിയ ശമ്പളത്തിൽ നിന്ന് ചെറിയൊരു ഭാഗം ചെലവഴിച്ച് അവർ വാരാന്ത്യങ്ങളിൽ പാർട്ടികൾ കൂടും. പണ്ട് അഡ്വൈസർ തുടങ്ങിയ അത്താഴവിരുന്നിന്റെ പുതിയ പതിപ്പുകളാണ് പാർട്ടികൾ. അന്നും ഇപ്പോഴും ലക്ഷ്യം ഒന്നു തന്നെ. വ്യാഴാഴ്ച ഉച്ചവരെ ജോലി ചെയ്തുകഴിയുമ്പോൾ പിന്നെ ഒന്നരദിവസം ആഘോഷിച്ച് തിമർക്കലാണ്. ദ്വീപിലെ വെള്ളക്കാർ എല്ലാവരും ആൺ പെൺ വ്യത്യാസമില്ലാതെ പാർട്ടിയ്ക്കു പോകും. ദിൽമുനിയയ്ക്കുണ്ടായ പുതിയ ധനലത്മി പ്രകടമാകുന്നത് രാജ്യത്താകമാനം നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലൂടെയാണ്. നിർമ്മാണ ജോലി സ്ഥലങ്ങളിൽ ഉപകരണങ്ങൾക്കും സാമഗ്രികൾക്കും ഇംഗ്ലീഷുകാർ അവരുടെ നാട്ടു വഴക്കത്തിലെ ചുരുക്കപ്പേരുകൾ മാത്രമേ പറയൂ. അതെന്തെന്നു മനസ്സിലാകാതെ അമ്പരന്നു നിൽക്കുന്ന ഏഷ്യാക്കാരൻ എഞ്ചിനീയർക്ക് ഒന്നും അറിഞ്ഞുകൂടെന്ന പ്രതീതി അവരുണ്ടാക്കിയെടുക്കും. ദിൽമുനിയയിൽ ജോലി ചെയ്യാൻ വന്നു ചേരുന്ന ഓരോ യൂറോപ്യനും എടുത്ത് അണിയാനുള്ള വേഷങ്ങളുടെ പരിശീലനം ലഭിക്കുന്നത് മുടക്കമില്ലാതെ നടക്കുന്ന ആഴ്ചയറുതി ആഘോഷപ്പെരുമയിൽ നിന്നാണ്.
ആദ്യത്തെ ഒന്നോരണ്ടോ കൂടലുകൾക്കുശേഷം അവധി ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ടപ്പോഴെല്ലാം ഹാൻസ് പോൾസൻ സൗമ്യമായ ഒഴിവുകഴിവുകൾ പറഞ്ഞ് പോകാതിരുന്നു. പാർട്ടിയിലല്ലെങ്കിൽ കണ്ടുമുട്ടാനുള്ള സ്ഥലങ്ങൾ കത്തോലിക്കരുടെ പാരിഷ് പള്ളിയിൽ ബുധനാഴ്ച രാത്രിയിലെ ഇംഗ്ലീഷ് മാസിനോ അമേരിക്കൻ മിഷൻകാരുടെ പള്ളിയിലെ വ്യാഴാഴ്ചയിലെ മാസിനോ ആണ്. അവിടങ്ങളിലും ഹാൻസ് പോൾസൻ പ്രത്യക്ഷപ്പെടാറില്ല. ഇങ്ങനെ ഒരാൾ ഉണ്ടായാൽ ഒറ്റപ്പെട്ടൊരാൾ എന്നവഗണിച്ച് വംശഭ്രഷ്ടനാക്കുകയാണ് പതിവ്. പക്ഷേ ധാരാളം താരമൂല്യമുള്ള ഹാൻസ് പോൾസൻ അങ്ങനെ അവഗണിച്ച് കളയാവുന്നതിനേക്കാൾ വിലപ്പെട്ടൊരു എഞ്ചിനീയറാണ്. കൂട്ടത്തിലേക്ക് ചേർക്കാൻ പ്രേരണ ചെലുത്താൻ ചെന്നവരോട് അതിലൊക്കെ തനിക്കുള്ള വിരക്തി ഹാൻസ് പോൾസൻ പ്രകടമാക്കി. അകന്നുനിൽക്കാനുള്ള ഇഷ്ടത്തെയും വ്യക്തിസ്വാതന്ത്ര്യമായി കാണാനാവശ്യപ്പെട്ടു. കലയിലോ സാഹിത്യത്തിലോ തത്വചിന്തയിലോ ശാസ്ത്രീയ പരീക്ഷണങ്ങളിലോ ഇനിയൊന്നും ചിന്തിക്കാനും കണ്ടുപിടിക്കാനും ഇല്ലാത്തവിധം മനുഷ്യരാശിയെ മുന്നോട്ടു നയിച്ചിരിക്കുകയാണ് തങ്ങളെന്നാണ് യൂറോപ്യൻ സംഘത്തിന്റെ ഭാവം. മറ്റു ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരോട് അവരത് കാണിക്കുകയും തികച്ചും വംശീയമായ തീണ്ടൽ ദൂരങ്ങൾ സമർത്ഥമായി നിലനിറുത്തുകയും ചെയ്യുന്നു. അത് തനിക്കൊട്ടും ദഹിക്കുന്നതല്ലെന്നു ഹാൻസ് പോൾസൻ അവരോട് സൂചിപ്പിച്ചു. മനുഷ്യാവസ്ഥയുടെ പരമാവധി യൂറോപ്പിൽ അരങ്ങേറുകയാണെന്നും തങ്ങൾ കണ്ടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ജീവനശൈലിയാണതെന്നും അവർ ഭാവിച്ചു.
അപരിഷ്‌കൃതരായ നിങ്ങൾക്കും പതുക്കെ പിന്നാലെ ഞങ്ങൾ വയ്ക്കുന്ന നിബന്ധനകൾക്കനുസരിച്ച് വരാമെന്ന് ധ്വനിപ്പിച്ചു. ആ അളവിലെ ഉപരിഭാവഭ്രമം തനിക്ക് സമ്മതമല്ലെന്ന് വ്യക്തമാക്കി ഹാൻസ് പോൾസൻ അവരെ തിരിച്ചയച്ചു.
യൂറോപ്പുകാരോട് ഹാൻസ് പോൾസൻ പുലർത്തുന്ന അകലം ബിസിനസിനെ ബാധിക്കുമോയെന്ന അബ്രഹാം ജോസഫിന്റെ ആശങ്കയോട് മുസ്തഫ ഇബ്രാഹീം യോജിച്ചില്ല. ഹാൻസ് പോൾസന്റെ ബൗദ്ധികമേന്മ അവരെ ഇങ്ങോട്ട് വരുത്തുകയേയുള്ളൂ എന്ന ഹജ്ജി മുസ്തഫ ഇബ്രാഹീമിന്റെ നിഗമനം ശരിയെന്ന് തെളിഞ്ഞു.
പൊതുമരാമത്ത് വകുപ്പുകാർ പ്രൊജക്റ്റുകൾ ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഹാൻസ് പോൾസന്റെ നിർദ്ദേശങ്ങൾ ആരായുകയും ഉൾപ്പെടുത്തുകയും ചെയ്യാൻ ആരംഭിച്ചിരുന്നു. അത് എമ്മിയെസ് കമ്പനിയുടെ ടെണ്ടർ കൂടുതൽ കൃത്യമാക്കുകയും കൂടുതൽ കരാറുകൾ കമ്പനിയെ തേടി വരുകയും ചെയ്തു. തുടക്കത്തിൽ ഇത്തിരി ഇംഗ്ലീഷും ഇത്തിരി അറബിയും ഒത്തിരി ആംഗ്യവും ചേർത്താണ് സംസാരിച്ചതെങ്കിലും നന്നായി ആശയവിനിമയം നടത്തുവാൻ തക്ക മാനസിക ഐക്യം മൂന്നുപേർക്കും ഇടയിലുണ്ടായിരുന്നു. മറ്റു രണ്ടുപേരും മൂലം ഉണ്ടാകുന്ന മെച്ചങ്ങളുടെ ചെറിയ ഒരു പങ്കും അംഗീകാരവും അവർക്കു കൂടിക്കൊടുക്കാൻ മുസ്തഫ ഇബ്രാഹീമിന് തുടക്കത്തിൽ സന്തോഷമായിരുന്നു. കാലങ്ങൾക്കുശേഷം മൂന്നുപേരും തടസ്സമില്ലാതെ ഇംഗ്ലീഷും അറബിയും സംസാരിക്കുന്നവർ ആയപ്പോൾ പഴയ ആശയവിനിമയധാരയിലേക്ക് എത്താൻ അവർക്ക് കഴിയാതെയായി.
യൂറോപ്യരുടെ അവധിയാഘോഷ സംഘങ്ങളോട് മാത്രമല്ല, ദിൽമുനിയയിൽ കാണുന്ന എല്ലാറ്റിനോടും ഹാൻസ് പോൾസനു വിരക്തിയുണ്ടെന്ന് പതുക്കെ വെളിവായി വന്നു. തിയറികളിൽ പറഞ്ഞിട്ടുള്ള നേർവഴിയിലൂടെ മാത്രം കോൺട്രാക്റ്റിംഗ് ബിസിനസിൽ വലിയ ലാഭങ്ങളുണ്ടാവില്ലെന്നും വഴിമാറിയുള്ള സഞ്ചാരങ്ങൾ ധാരാളം അനിവാര്യമാണെന്നും ഹാൻസ് പോൾസന് സമ്മതിക്കാൻ മനസ്സുണ്ടായില്ല. എപ്പോഴും അളവുകളും കണക്കുകളും എല്ലാം കൃത്യവും സത്യസന്ധവും ആയിരിക്കണമെന്ന് അയാൾ വാശി പുലർത്തി. സൈറ്റുകളിൽ പണിയെടുപ്പിക്കുന്ന രീതികളിൽ മനുഷ്യത്വം ചേർത്ത് പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടു. തൊഴിലാളികളുടെ വാസസ്ഥലം നന്നാക്കണമെന്നും ലേബർ ക്യാമ്പ് മനുഷ്യവാസയോഗ്യമാക്കണമെന്നും ആവശ്യങ്ങൾ ഹാൻസ് പോൾസൻ നിരന്തരം ഉയർത്തി. അവരുടെ ശമ്പളാനുകൂല്യങ്ങളുടെ തോത് വർദ്ധിപ്പിക്കേണ്ടത് അടിയന്തരപ്രശ്‌നമാക്കിയാണ് പ്രതിഷേധിച്ചത്. ഹാൻസ് പോൾസൻ സൃഷ്ടിച്ച വിഷമസന്ധി തന്റെ കൗശലം പ്രയോഗിച്ചാണ് മുസ്തഫ ഇബ്രാഹീം പരിഹരിച്ചത്. കമ്പനിയുടെ ദൈനംദിന നടത്തിപ്പും കരാറുകളുടെ പണികൾ നടത്തിക്കൊണ്ട് പോകലും അബ്രഹാം ജോസഫിന്റെ സഹായത്തോടെ താൻ ചെയ്തുകൊള്ളാം. ഹാൻസ് പോൾസൻ ആ വഴിക്കൊന്നും പോവുകയോ ഇടപെടുകയോ വേണ്ട. ഹാൻസ് പോൾസൻ എമ്മിയെസ് കമ്പനിയെ പൊതുമണ്ഡലത്തിലും സർക്കാർ മന്ത്രാലയങ്ങളിലും പ്രതിനിധാനം ചെയ്താൽ മതിയാകും. ഔദ്യോഗികമായ എഴുത്തുകളിലും ടെണ്ടറുകളിലും പേരുംരേഖകളും വയ്ക്കണം. മന്ത്രാലയത്തിലെ പ്രധാനപ്പെട്ട മീറ്റിംഗുകൾക്ക് പോവുകയും വേണം. ഹാൻസ് പോൾസൻ മറ്റൊന്നും ചെയ്യേണ്ടതില്ല. ശമ്പളവും പദവിയും മാറ്റമൊന്നും ഇല്ലാതെ നിലനിറുത്തും.
കമ്പനിയിൽ സംഭവിക്കുന്നതിലൊന്നും ഇടപെടേണ്ടതില്ല എന്ന വ്യവസ്ഥയിൽ ഭേദപ്പെട്ട ശമ്പളവും താമസിക്കുവാൻ നല്ല വീടും പേഴ്‌സണൽ സെക്രട്ടറിയും ഉള്ള തസ്തിക നിലനിറുത്തുമെന്ന് ഹാൻസ് പോൾസൻ കരുതിയില്ല.
കോൺട്രാക്ടിംഗ് ബിസിനസ് ആണ് സത്യത്തിൽ ഹാൻസ് പോൾസനെ മടുപ്പിച്ചത്. ഉന്നതമായ പ്രൊഫഷനൽ നിലവാരം പുലർത്തുവാൻ ബാദ്ധ്യസ്ഥരായവർ പരിചയവും ബന്ധങ്ങളും നോക്കി ഗൗരവമുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നു. അതിന് വഴിയൊരുക്കാനായി മനുഷ്യരുടെ ഇടയിൽ കൃത്രിമമായിട്ടുള്ള ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നഗ്‌നമായ മനുഷ്യചൂഷണം കൺമുന്നിൽ നടക്കുമ്പോഴും കുറച്ചുപേർ യാതൊരു വേവലാതിയും മനസ്സാക്ഷിക്കുത്തും ഇല്ലാതെ അതിൽ പങ്കെടുക്കുകയും പങ്കുപറ്റുകയും ചെയ്യുന്നു. കർശനമായ നിയമങ്ങൾ പാവപ്പെട്ടവർക്കും സ്വാധീനമില്ലാത്തവർക്കും മാത്രം ബാധകമാണെന്നും അവർക്ക് പാലിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും അയാൾക്കുതോന്നി. ദിൽമുനിയയിലെ കൺസ്ട്രക്ഷൻ പണിക്കാരായ കുടിയേറ്റത്തൊഴിലാളികൾ കൃമികീടങ്ങളെപ്പോലെ ജീവിക്കുന്നു. ഇതിനെല്ലാം നടുവിൽ അയാൾ രൂപപ്പെടുത്തിയ ലോകചിത്രത്തിൽ ആദർശജീവിതം നയിക്കുന്നതെങ്ങനെയെന്ന ദാർശനികവ്യഥയാണ് ഹാൻസ് പോൾസനിൽ വിരക്തിയേറ്റിയത്.
താനിടപെട്ടുകൊണ്ടിരിക്കുന്ന കർമമണ്ഡലത്തിന്റെ തനിക്കാഴ്ചകളിൽ നിന്നും തനിക്കു ചുറ്റുമുള്ള ലോക യാഥാർഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഹാൻസ് പോൾസൻ അഭയം പ്രാപിച്ചത് വായനയിലാണ്. പുസ്തകം എഞ്ചിനീയറിംഗിന്റേതോ അല്ലാത്തതോയെന്നു കാണുന്നവർക്ക് തിരിച്ചറിയാത്തതുകൊണ്ട് തടസ്സമൊന്നും ഇല്ലാത്തതിനാൽ ഓഫീസിലിരുന്നും വായനയായി. പുസ്തകങ്ങളും പുസ്തകശാലകളും വിരളമായ ദിൽമുനിയയിൽ മനാന സൂഖിലെ ഒരു സെക്കൻറ് ഹാൻഡ് ബുക്ക് ഷോപ്പ് മാത്രമാണ് ആകെയൊരാശ്രയം. ഹാൻസ് പോൾസൻ അവിടുത്തെ പതിവുകാരനാവുകയും തത്വശാസ്ത്ര പുസ്തകങ്ങൾ വരുമ്പോൾ അവർ അയാൾക്കായി മാറ്റിവയ്ക്കുന്നിടത്തോളം പരിചയം വളരുകയും ചെയ്തു. അയാളുടെയുള്ളിൽ നേരത്തെയുണ്ടായിരുന്ന ബുദ്ധൻ ഉണർന്ന് ആദർശ രൂപമെടുത്തു തുടങ്ങി.
ദിൽമുനിയയിലെ ജനജീവിതം ചലിക്കുന്നത് നിർമാണപദ്ധതികളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ്. ആ മണ്ഡലത്തിൽ നടക്കുന്ന അനവധി അടരുകളിലെ പ്രവൃത്തികളിൽ നിന്നുൽഭവിക്കുന്ന സാമ്പത്തികമായ വിനിമയങ്ങളുടെ ചാക്രികതയിലാണ്. കൺസ്ട്രക്ഷൻ സൈറ്റുകളാണ് മുഖ്യ ആകർഷണകേന്ദ്രം. അവിടെത്തുടങ്ങുന്ന അനുബന്ധ ധർമങ്ങളുടെ അനേകം വലയങ്ങൾ പുറത്തേക്ക് വലുതായി വളരുന്നു. സ്വദേശികൾക്കും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുവന്നുചേരുന്ന വിദേശികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള നിർമാണങ്ങൾ. താമസിക്കാനുള്ള ഭവനങ്ങൾ, എല്ലാവർക്കും സഞ്ചരിക്കാൻ ആവശ്യമായ നിരത്തുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, കല്ലും മണ്ണും സിമന്റും കമ്പിയും തുടങ്ങി എണ്ണമറ്റ നിർമാണ സാമഗ്രികളുടെ വ്യാപാര കേന്ദ്രങ്ങളുണ്ടാവുന്നു. അവയുടെ ഇറക്കുമതി, അനുബന്ധ ജോലികൾ, സർക്കാർ ഓഫീസുകൾ എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ രാജ്യത്ത് എല്ലായിടത്തും രാപകൽ നിറുത്തില്ലാതെ തുടരുന്നു. നിർമാണ പ്രവൃത്തികളിലെ എഞ്ചിനീയറിങ്ങിന്റെ പലവിധ പ്രയോഗരൂപങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനായി ഗവൺമെൻറ് വർക്ക്ഷോപ്പുകളും സെമിനാറുകളും നടത്തും. അവയിലെല്ലാം മുഖ്യ അവതാരകനായോ തുല്യമായ പ്രധാനവേഷത്തിലോ ഹാൻസ് പോൾസൻ ഉണ്ടാവും. സെമിനാറിൽ ആർക്കും ചോദ്യം ചെയ്യാൻ ആവാത്ത ജ്ഞാനസ്വരൂപനായി ഹാൻസ് പോൾസൻ തിളങ്ങും. ഓരോ പരിപാടി കഴിയുമ്പോഴും അയാളുടെയും എമ്മിയെസ് കമ്പനിയുടെയും യശസുയരും. തൊഴിൽ മണ്ഡലത്തിൽ ഒരു വിദഗ്ധാഭിപ്രായം ആവശ്യം വന്നാൽ എമ്മിയെസ് കമ്പനിയിലെ ഹാൻസ് പോൾസനെ സമീപിക്കാം എന്ന ഉത്തരത്തിന് മറുപക്ഷം ഇല്ലാതെ വന്നു. കമ്പനിക്ക് അങ്ങിനെ ലഭിക്കുന്ന സൽപ്പേര് മുസ്തഫ ഇബ്രാഹീമിനെ സന്തുഷ്ടനാക്കും. അതാണ് നമ്മുടെ വലിയ മൂലധനമെന്ന് അബ്രഹാം ജോസഫിനോട് പറയും. അപ്പപ്പോൾ അതിന്റെ വിളവെടുക്കാൻ അദ്ദേഹം നേരിട്ടിറങ്ങുകയും ചെയ്യും.
കോൺട്രാക്റ്റ് മാനേജർ ആയി പദവി ഉയർന്നിട്ടും തനിക്കുചുറ്റും കുസൃതികൾ ഒപ്പിക്കുന്ന സ്വഭാവത്തിൽ അബ്രഹാം ജോസഫ് മാറ്റമൊന്നും വരുത്തിയില്ല. മുന്നിൽ നിൽക്കുന്നയാളിന്റെ അടിവയറിന്റെ താഴേക്കു ഇടിക്കാൻ ആയുംപോലെ പെട്ടെന്ന് കയ്യുയർത്തിച്ചെല്ലും. അയാൾ ഞെട്ടി മാറുമ്പോൾ ഒന്നും ചെയ്തില്ലല്ലോയെന്ന് നിവർന്നുനിന്ന് ചിരിക്കും. അബ്രഹാം ജോസഫിൽ നിന്ന് ആയനുഭവം ഉണ്ടാകാത്തത് ഹജ്ജി മുസ്തഫ ഇബ്രാഹീം ഒരാളിനുമാത്രമായിരിക്കും. ആളുകൾക്ക് മറുപേരിടുന്നതും മറ്റുള്ളവരെക്കൊണ്ട് ആവർത്തിച്ച് വിളിപ്പിച്ച് ആ പേരുറപ്പിക്കുന്നതും പതിവായി ഇടപെടുന്ന എല്ലാവർക്കും ബാധകമായ കാര്യമാണ്. അബ്രഹാം ജോസഫ് തനിക്ക് ബുദ്ധൻ എന്നും മഹർഷിയെന്നും പേരുകൾ വച്ചിരിക്കുന്നെന്ന് മനസ്സിലാക്കിയപ്പോഴും ഹാൻസ് പോൾസന് വിരോധം ഒന്നും തോന്നിയില്ല. സെക്രട്ടറി ആയ മിനിമോളുടെ മറുപേര് ഗൗതമി എന്നായതും ഹാൻസ് പോൾസന് ഇഷ്ടപ്പെട്ടു. ബുദ്ധനാരെന്ന് നന്നായി അറിയാമോ എന്നു ഒരിക്കൽ അബ്രഹാം ജോസഫിനോട് പുഞ്ചിരിച്ചുക്കൊണ്ടാണ് ചോദിച്ചത്. ബുദ്ധൻ ആരെന്ന് ആഴത്തിൽ അറിയാൻ ശ്രമിക്കണമെന്ന് കൂട്ടിച്ചേർത്തു. അറിഞ്ഞാൽ ഒരു പക്ഷേ ഇങ്ങനെ തുടർന്നെന്ന് വരില്ലെന്നും പറഞ്ഞപ്പോഴും മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.
തന്നെ കളിയാക്കുവാനാണ് ബുദ്ധനെ വായിച്ചു മനസ്സിലാക്കാൻ ഉപദേശിച്ചതെന്ന് അബ്രഹാം ജോസഫിനറിയാം. ആ പരിഹാസത്തിലെ വായ്ത്തലമൂർച്ചയുള്ള സത്യത്തോട് അബ്രഹാം ജോസഫ് എന്നും ആദരവ് പുലർത്തി. എമ്മിയെസ് കമ്പനിയുടെ രാജഗുരുവാണ് മഹർഷി ഹാൻസ് പോൾസൻ എന്ന് കരുതി എപ്പോഴും പെരുമാറുകയും ചെയ്തു. മറഞ്ഞുനിന്ന് പഠിച്ച എഞ്ചിനീയറിംഗ് വിദ്യക്ക് പകരമായി ഹാൻസ് പോൾസനു ഗുരുദക്ഷിണയായി എന്തുവേണമെങ്കിലും അർപ്പിക്കുവാൻ എപ്പോഴും അബ്രഹാം ജോസഫ് ഒരുക്കമാണെന്ന് മുസ്തഫ ഇബ്രാഹീമിനോട് പറഞ്ഞിട്ടുമുണ്ട്. അത്തരം ഒരു കാര്യവും ഹാൻസ് പോൾസന്റെ പരിഗണനയിൽ പോലും വരുന്ന വിഷയമായിരുന്നില്ല. അബ്രഹാം ജോസഫ് ആകട്ടെ തന്റെ നേർക്കുവന്ന വെല്ലുവിളികളെ നേരിട്ട് തോൽപ്പിച്ചു. ചിലപ്പോഴൊക്കെ തന്ത്രപരമായി തോറ്റുകൊടുത്തു. അളവില്ലാത്ത ഊർജ്ജവുമായി എന്തിനും പോന്ന വീര്യത്തോടെ സമരമുഖത്ത് നിലയുറപ്പിച്ചു.
പക്ഷേ ബുദ്ധനെ വായിച്ച് ഹാൻസ് പോൾസനെ തോൽപ്പിക്കാൻ മാത്രം കഴിഞ്ഞില്ല. അയാളതിന് തുനിഞ്ഞുമില്ല.
ഹാൻസ് പോൾസൻ കോൺട്രാക്റ്റ് ബിസിനസിലെ നൈതികതയെ ചൊല്ലി ധർമസങ്കടങ്ങളിൽപെട്ട് നിത്യവ്യവഹാരങ്ങളിൽ നിനകന്നുപോകുമ്പോൾ അബ്രഹാം ജോസഫ് ആ കർമമണ്ഡലത്തിൽ കോൺട്രാക്‌സ് മാനേജർ എന്ന ജോലിയുടെ അനന്തമായ സാധ്യതകളെ വളരെവേഗം കണ്ടെത്തുകയായിരുന്നു. ഏതു മാർഗത്തിൽ എന്നാലോചിക്കാതെ സാദ്ധ്യതകൾ ഉടനുടൻ പ്രയോഗത്തിൽ വരുത്തി കമ്പനിക്ക് അപ്രതീക്ഷിതമായ ധനലാഭങ്ങൾ കൊണ്ടുവരുന്നതിൽ അബ്രഹാം ജോസഫ് ശ്രദ്ധിച്ചു. പെട്രോൾ വ്യവസായം നൽകുന്ന അതിസമ്പത്തിന്റെ ധാരാളിത്ത പശ്ചാത്തലത്തിൽ അനേകം വലിയ പ്രൊജക്റ്റുകൾ ഒരേസമയം വരുന്നുണ്ട്. എമ്മിയെസ് കമ്പനിയോട് മത്സരിക്കാൻ കെൽപ്പുള്ള ചുരുക്കം കമ്പനികളും നേരിട്ടുള്ള മത്സരം ഒഴിവാക്കും. ആ വലിയ ജോലി നിങ്ങൾ ചെയ്‌തോളൂ, ഈ ഇടത്തരം ജോലി ഞങ്ങൾ ചെയ്യാം, ആ ഇടത്തരം ജോലി അവർ ചെയ്‌തോട്ടെ എന്നിങ്ങനെ അപ്രഖ്യാപിതമായ വിഭജനം നടക്കും. തമ്മിൽ കടുത്ത മത്സരം ഇല്ലാത്തതിനാൽ എല്ലാ ജോലികളും വളരെ കൂടുതൽ ലാഭം കണക്കുകൂട്ടിയ വലിയ ടെണ്ടർ തുകയ്ക്കാണ് എല്ലാ കമ്പനികളും കരാറെടുക്കുന്നത്. യാതൊരു പഠിപ്പും കഴിവും ഇല്ലാത്ത ഒരാൾ തീരെ അനവധാനതയോടെ പ്രൊജക്റ്റ് നടപ്പിലാക്കുന്ന കൺസ്ട്രക്ഷൻ മാനേജ്‌മെൻറ് ജോലികൾ കൈകാര്യം ചെയ്താലും നഷ്ടം വരാത്തത്രയും കൂടുതലായിരിക്കും കരാർ തുക.
വളരെ പെട്ടെന്ന് അബ്രഹാം ജോസഫ് ദിൽമുനിയയിൽ കരാർ ജോലികളുടെ നിർവഹണ വിദഗ്ദ്ധനായി അറിയപ്പെട്ടു തുടങ്ങി. പ്രൊജക്റ്റുകൾ ധാരാളമായപ്പോൾ ജോലികൾ ചെയ്‌തെടുക്കുന്നത് അബ്രഹാം ജോസഫിന്റെ മേഖലയായി. ബന്ധങ്ങൾ സ്ഥാപിച്ചു പുലർത്തുന്നതിൽ ശ്രദ്ധിക്കുന്നത് മുസ്തഫ ഇബ്രാഹീമിന്റെ മണ്ഡലമായി. കമ്പനിയുടെ സാങ്കേതിക വിജ്ഞാനമുഖം വർണശബളമായ അതി ശോഭയോടെ നിലനിർത്തുന്നത് ഹാൻസ് പോൾസന്റെ ഉത്തരവാദിത്തമായി. അങ്ങനെ പ്രത്യേക ധർമങ്ങളായി വകുപ്പ് വിഭജനം ഉരുത്തിരിഞ്ഞ് വന്നത് കൂടുതൽ സഹായമായത് ഹാൻസ് പോൾസനാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തിന് എണ്ണപ്പണം ധാരാളമായി വിനിയോഗിച്ച് തുടങ്ങിയപ്പോൾ എമ്മിയെസ് കമ്പനി ആ സംരംഭങ്ങളിൽ നിർണായകമായ പങ്കുവഹിച്ചുകൊണ്ട് നാടിനോട് പ്രതിബദ്ധത പ്രഖ്യാപിച്ചു. പണികൾ പൂർത്തിയാവുമ്പോൾ ജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന നിർമിതികൾ ഒന്നാംതരമായിരിക്കണമെന്ന കാര്യത്തിൽ മുസ്തഫ ഇബ്രാഹീമിന് നിർബന്ധമുണ്ടായിരുന്നു. അത് ഉറപ്പുവരുത്തുന്നതിനായി എത്ര വേണമെങ്കിലും ചെലവഴിക്കാൻ പ്രൊജക്റ്റ് ടീമുകൾക്ക് അനുവാദം നൽകിയാണ് ഗുണമേന്മയിൽ ഒന്നാംതരമെന്ന് കീർത്തി നേടി എമ്മിയെസ് കമ്പനിയെ എപ്പോഴും മുൻനിരയിൽ നിറുത്തിയത്. ദൃശ്യതയും വാർത്താപ്രാമുഖ്യവും ലഭിക്കുന്ന പൊതുഇടങ്ങളിലെല്ലാം എമ്മിയെസ് കമ്പനിയുടെ സാങ്കേതിക മികവ് പ്രഖ്യാപിച്ചുകൊണ്ട് ഹാൻസ് പോൾസനും ഒപ്പത്തിനുണ്ടാവും.
ഗുണമേന്മയ്ക്കായുള്ള അധികച്ചെലവുകളും അതിലധികവും തിരിച്ചുപിടിക്കാൻ അബ്രഹാം ജോസഫ് മെനയുന്ന തന്ത്രങ്ങൾ അതിനും മേലെയാണ്. ഓരോ പ്രൊജക്ടിനും മന്ത്രാലയ ബഡ്ജറ്റിൽ നീക്കിവയ്ക്കുന്ന ആകെത്തുക എത്രയെന്ന് അറിഞ്ഞുവരാൻ മുസ്തഫ ഇബ്രാഹീം എല്ലായിടത്തും കുറുക്കുവഴികളും ദൂതന്മാരെയും സ്ഥാപിച്ചിട്ടുണ്ട്. ആ തുക മുഴുവനും വാങ്ങിയെടുക്കാൻ ആവശ്യമായ അധിക ജോലികൾ ചെയ്തതായി വേരിയേഷൻ ക്ലെയിം എന്നു പേരുള്ള രേഖകൾ നിർമിക്കപ്പെടും. ആ രേഖകൾ സ്വീകരിക്കാനും മന്ത്രാലയത്തിലെ അനുമതി നേടാനും പഴുതടച്ച നടപടിക്രമങ്ങളുണ്ട്. അതിന്റെ ഓരോ പടവിലും തടസ്സങ്ങൾ മുഴുവൻ നീക്കാൻ ചരടുവലികൾ നേരത്തെതന്നെ ചെയ്തുവച്ചിട്ടുണ്ടാവും. അബ്രഹാം ജോസഫ് തയ്യാറാക്കുന്ന വേരിയേഷൻ ക്ലെയിമുകൾ നോവലുകൾ എഴുതുംപോലെ അപാരമായ ഭാവനയുടെ വ്യവഹാരങ്ങളാണെന്ന് അതെല്ലാം ശരാശരി ഇംഗ്ലീഷ് ഭാഷയിൽ തെറ്റ് കൂടാതെ എഴുതി ടൈപ്പ് ചെയ്‌തെടുക്കുന്ന ഗോവക്കാരി സെക്രട്ടറി പറഞ്ഞുനടക്കും. കൂടുതൽ ടൈപ്പിംഗ് ജോലി വരുമ്പോൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹാൻസ് പോൾസെന്റ സെക്രട്ടറി മിനിമോളും അതിൽ പങ്കെടുക്കും.
എപ്പോഴും പുസ്തകങ്ങൾ വായിച്ചും ഡയറക്ടർ ഫിലോസോഫി എന്നു മറുപേരുള്ള കമാൽ ഇബ്രാഹീമുമായി മനുഷ്യരാശിയുടെ നാളെയെക്കുറിച്ച് സംസാരിച്ചുമാണ് ഹാൻസ് പോൾസൻ സമയം കഴിക്കുന്നത്. അതുകൊണ്ട് സെക്രട്ടറി മിനിമോൾക്കു ജോലി തീരെയില്ല. ശ്വാസം കഴിക്കാൻ നേരമില്ലാതെ ജോലികൾ ചെയ്ത് ശീലിച്ചിട്ട് ബോംബെയിൽ നിന്ന് എമ്മിയെസ് കമ്പനിയിൽ വന്ന് അലസമായിട്ട് ഇരിക്കുന്നതിൽ മിനി മോൾക്കു മടുപ്പ് തോന്നും. മിനി മോൾ അങ്ങോട്ട് ചെന്നന്വേഷിച്ച് മറ്റുള്ളവരുടെ ജോലികൾ ഏറ്റെടുത്ത് ചെയ്യും. സെമിനാറുകളിൽ വിതരണം ചെയ്യാനായി ഹാൻസ് പോൾസൻ എഴുതുന്ന കുറിപ്പുകൾ ടൈപ്പ് ചെയ്യുന്ന മിനി മോൾ അദ്ദേഹത്തിന്റെ ഭാഷയുടെ ശുദ്ധിയിലും സൗന്ദര്യത്തിലും ഏറെ ആകൃഷ്ടയാണ്. ടൈപ്പ് ചെയ്ത വേരിയേഷൻ ക്ലെയിമുകൾ ഭാഷാശുദ്ധി വരുത്താനും എഴുത്തൊന്നു മിനുക്കാനും മിനി മോൾ ഒരിക്കൽ ആവശ്യപ്പെട്ടു. ഇത്തരം ഫാന്റസി കഥകൾ തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ് ഹാൻസ് പോൾസൻ കൈ കഴുകുന്ന ആംഗ്യം കാണിക്കുകയാണ് ചെയ്തത്.
വൻതുകകളുടെ ബില്ലുകൾ പാസായിക്കിട്ടുന്ന ചെക്കുകൾ വാങ്ങി നേരിട്ട് മുസ്തഫ ഇബീഹീമിന്റെ കൈകളിൽ ഏൽപ്പിക്കുന്നതിന്റെ ആത്മഹർഷം അനുഭവിക്കുന്നത് അബ്രഹാം ജോസഫിന് ഇഷ്ടമുള്ള ദൗത്യമാണ്. അവർ രണ്ടുപേരും ഒരുമിച്ചൊരു പിക്കപ്പിലിരുന്ന് പരസ്പരം പറഞ്ഞ പകൽക്കിനാവുകൾ, ചെക്ക് കൈമാറാൻ മുസ്തഫ ഇബ്രാഹീമിന്റെ ഓഫീസിലേക്ക് പോകുന്ന ഓരോതവണയും ഓർക്കും. അന്ന് സങ്കൽപ്പിക്കവുന്നതിന്റെ പരമാവധിയിലേക്ക് പോയപ്പോഴും ഇത്രയൊന്നും അവർ കിനാവ് കണ്ടില്ല. തുടക്കത്തിൽ രണ്ടുപേരും ഓയിൽ ഫീൽഡിലെയും റിഫൈനറിയിലെയും ജോലികളിൽ ഒരുമിച്ച് കൈവേലകൾ ചെയ്തിട്ടുണ്ട്. കരാർജോലികൾ ചെയ്ത് തുടങ്ങിയപ്പോഴും രണ്ടുപേരും ചേർന്ന് നല്ല പങ്കാളികളായാണ് എല്ലാം ചെയ്തത്. ഇപ്പോൾ കൈമാറുന്ന ചെക്കുകളിലെ തുകയുടെ അക്കങ്ങൾ സങ്കൽപ്പിക്കാൻ അന്നവർക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ചെക്ക് കയ്യിൽ വാങ്ങുന്ന മുസ്തഫ ഇബ്രാഹീം സന്തോഷവും പരിഗണനയും ചേർത്ത് ഒരു തുകയുടെ ചെക്ക് സമ്മാനമായി അബ്രഹാം ജോസഫിന് എഴുതിക്കൊടുക്കാൻ നിർദ്ദേശം നൽകും. അത്തരത്തിലെ ചെക്ക് കൈമാറ്റം ക്രമേണ നിർബന്ധമായ പതിവാകുകയും സ്വാഭാവികമായ ഒരു അനുഷ്ഠാനമായി പരിണമിക്കുകയും ചെയ്തു. ചെക്കിലെ തുകയെത്ര ആയിരിക്കുമെന്നതിന് യാതൊരു വ്യവസ്ഥയോ കണക്കോ ഉണ്ടായിരുന്നില്ല. കൊണ്ട് വന്ന ചെക്കിലേക്ക് നോക്കി അതിലെ അക്കങ്ങളുടെ വലിപ്പം കണ്ടു ആഹ്ലാദത്തോടെ മുസ്തഫ ഇബ്രാഹീം പൊടുന്നനെ പറയുന്ന സംഖ്യ ആയിരിക്കും അബ്രഹാം ജോസഫിന് ലഭിക്കുക.
മുസ്തഫ ഇബ്രാഹീം കൊട്ടാരം പോലെ വലിയ വീടുവച്ച് മാറിയപ്പോൾ ഉമ്മ് അൽ ജസ്റയിൽ അദ്ദേഹം താമസിച്ചിരുന്ന മണിമാളിക അബ്രഹാം ജോസഫിന് താമസിക്കാനായി നൽകി. നല്ല വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും അബ്രഹാം ജോസഫിന് എപ്പോഴും ഉണ്ടാകും. കൃത്യമായി നിശ്ചയിച്ച ഒരു ലാഭവിഹിതമോ ഓഹരിയായി വരുമാനത്തിൽ നിന്നുള്ള ശതമാനക്കണക്കോ ബിസിനസ് പങ്കാളിയെന്ന സ്ഥാനമോ അബ്രഹാം ജോസഫിനുണ്ടായിരുന്നില്ല. യാതൊരു അവകാശവും രേഖാമൂലം ഇല്ലാതിരിക്കുന്നതും കിട്ടുന്നതെല്ലാം സമ്മാനങ്ങൾ മാത്രമാകുന്നതും അബ്രഹാം ജോസഫ് നോവായി വളർന്നു തുടങ്ങി. എമ്മിയെസ് കമ്പനിയിൽ രണ്ടുവർഷം കൂടുമ്പോൾ കോൺട്രാക്റ്റും വിസയും പുതുക്കുന്ന ആയിരക്കണക്കിന് കരാർതൊഴിലാളികളായ കുടിയേറ്റക്കാരിൽ ഒരാൾ മാത്രമായിരുന്നു കമ്പനിരേഖകളിൽ അബ്രഹാം ജോസഫ്. താൻ അർഹിക്കുന്നത് കിട്ടുന്നില്ലെന്ന ബോധ്യം സദാനേരവും ഉള്ളിലിരുന്നു കുത്തി നോവിക്കുമ്പോഴും മുസ്തഫ ഇബ്രാഹീം തന്റെ കൺകണ്ട ദൈവമെന്ന് അബ്രഹാം ജോസഫ് ചുറ്റിനും എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നു. പണമായോ ആഢംബരങ്ങളായോ ഒന്നുംതന്നെ ആവശ്യപ്പെടാത്ത ഹാൻസ് പോൾസൻ കമ്പനിയുടെ നല്ല പ്രതിച്ഛായയുടെ പതാകയും വഹിച്ച് ഇത്ര സന്തുഷ്ടനായി തുടരുന്നതെങ്ങനെയെന്ന് അബ്രഹാം ജോസഫ് അതിശയിച്ചു പോയിട്ടുണ്ട്.
നാലുപാട് നിന്നും പണം വന്നു കുമിഞ്ഞു കൂടിയും വന്നു ചേർന്ന പണം ബാങ്കുകളിലും നിക്ഷേപ സ്ഥാപനങ്ങളിലും പിന്നെയും വളർന്നും കണക്കില്ലാത്ത സമ്പത്തെന്ന അളവിലേക്ക് കമ്പനി കുതിച്ചുപോവുകയായിരുന്നു. ചെക്കിലെ അക്കങ്ങൾ കാണുമ്പോൾ മുസ്തഫ ഇബ്രാഹീമിനുണ്ടാകുന്ന കോരിത്തരിപ്പിനും അദ്ദേഹത്തെ ബാധിക്കുന്ന ആവേശത്തിനും അളവുകളിൽ വ്യത്യാസം വരാൻ തുടങ്ങി. ഒരുവിധപ്പെട്ട തുകയുടെ ചെക്ക് കണ്ടാലൊന്നും അദ്ദേഹത്തിന്റെ ഉണർവ്മാപിനിയുടെ അളവുകൾ കുതിച്ചുയരാതായി.
ആദ്യമാദ്യം ചെക്കുമായി അബ്രഹാം ജോസഫ് ഓഫീസിൽ ചെല്ലുമ്പോൾ ആരുടേയും അനുവാദം വാങ്ങാതെ നേരെ മുസ്തഫാ ഇബ്രാഹീമിന്റെ മേശയ്ക്കു മുന്നിലേക്കുചെന്ന് സലാം പറഞ്ഞ് കസേര വലിച്ചിട്ടിരിക്കുകയാണ് പതിവ്. തമ്മിൽ അവർക്ക് പറയാൻ കുറേയുണ്ടാവും. ഏറ്റവും ഒടുവിലാവും അബ്രഹാം ജോസഫ് ബ്രീഫ്‌കെയിസ് തുറന്ന് ചെക്ക് പുറത്തെടുക്കുക. കമ്പനി വലുതായപ്പോൾ മുറിയിൽ എപ്പോഴും സന്ദർശകർ ഉണ്ടാവുമെന്നായി. കുടുംബാംഗങ്ങൾ, ഗ്രാമത്തിൽനിന്നുള്ളവർ, പൗരപ്രമുഖർ എന്നിങ്ങനെ അത് വളരുകയും വ്യാപിക്കുകയും ചെയ്തു. അന്നൊക്കെ അവരോടു ഇരിക്കാൻ പറഞ്ഞിട്ട് മുസ്തഫ ഇബ്രാഹീം മുറിക്ക് പുറത്തേക്ക് വന്നിട്ടോ അബ്രഹാം ജോസഫിനെ അകത്തേക്കു വിളിച്ചിട്ടോ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു മുൻഗണന. വളർച്ചക്കുതിപ്പ് പിന്നെയും തുടർന്നപ്പോൾ അകത്തു സംസാരിച്ചിരിക്കുന്ന വ്യവസായ വാണിജ്യപ്രമുഖർ മുറിവിട്ടു പോകും വരെ വെളിയിൽ കാത്തിരിക്കണം മുസ്തഫ ഇബ്രാഹീമിനെ കാണമെങ്കിൽ എന്നായി.
പവിഴ വ്യാപാരത്തിന്റെ തകർച്ചക്കുശേഷം നാൽപ്പതു വർഷങ്ങൾ കഴിഞ്ഞപ്പോൾ മുത്ത് കച്ചവടക്കാരായിരുന്ന ധനികപ്രമുഖർ സൂഖിലെ സാധാരണ വ്യാപരികൾക്ക് തുല്യരായിത്തീർന്നു. ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ ഗൾഫ് മേഖലയിലെ ഭരണത്തിന്റെ ആസ്ഥാനം ദിൽമുനിയ ആക്കുകയും അവരുടെ റെസിഡൻറ് ഗവർണറുടെ ഔദ്യോഗിക ഭവനമായ റെസിഡൻസി കോമ്പൗണ്ട് ദിൽമുനിയയിൽ നിർമിക്കുകയും ചെയ്തത് ഒന്നാം ലോകയുദ്ധത്തിനുശേഷമാണ്. റസിഡൻസി തുടങ്ങിയപ്പോൾ ധാരാളം ദിൽമുനിയ പൗരന്മാരെ അവിടെ ജോലിക്കാരായി നിയമിച്ചു. ഡ്രൈവർമാർ, കുശിനിക്കാർ, ഹൗസ് ബോയ്മാർ തുടങ്ങിയ സേവകരായും പരിഭാഷകരായും ക്ലാർക്കുമാരായും അനേകം പേർക്ക് റസിഡൻസിയിൽ ജോലി ലഭിച്ചു. ആ ജോലിക്കാർക്ക് ബ്രിട്ടീഷുകാരുമായി ഉണ്ടായ രണ്ടുമൂന്ന് ദശകങ്ങളിലെ അടുപ്പവും ബന്ധങ്ങളും അവരെ നാട്ടിലെ മുന്തിയ പൗരന്മാരാക്കി. അവരിൽ മിടുക്കരായ ചിലർ അവിടുത്തെ പരിചയവും സ്വാധീനവും മുതലാക്കി സൂഖിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി. അവർ യൂറോപ്പിൽ വ്യാപകമായ ധാരാളം ബ്രാൻറുകളുടേയും ജപ്പാനിൽ നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങളുടേയും കാറുകളുടെയും ഇറക്കുമതി കുത്തക നേടിയെടുത്തു. എണ്ണപ്പണത്തിൽ ധനികരായ ജനങ്ങൾ അത്യാഢംബര വസ്തുക്കൾ നിത്യോപയോഗത്തിന് ശീലിച്ചപ്പോൾ ഇറക്കുമതി കച്ചവടങ്ങളെല്ലാം പൊടിപൊടിച്ചു. സൂഖിലെ കച്ചവടക്കാർ പവിഴ വ്യാപാരികൾക്കുശേഷം വന്ന തലമുറയിലെ അതിധനികരായി. ദ്വീപിലാകെ ഉണ്ടായിരുന്ന മൂന്നോ നാലോ ലക്ഷം മനുഷ്യരിൽ അമ്മാതിരി കേമത്തമുള്ള സാധനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ക്രയശേഷിയുള്ളവർ ജനങ്ങളിലെ മേലേതട്ടുകാർ മാത്രമാണ്. തന്മൂലം ആ ധനിക വ്യാപാരികളുടെ കമ്പോളം ചെറുതായിരുന്നു. പേരുകേട്ട സാധനങ്ങളുടെ കുത്തകകച്ചവടക്കാർ ആണെങ്കിലും അവരുടെ പരമാവധി സ്വത്തിന്റെ സംഖ്യാ വലിപ്പം ചെറുതായിരുന്നു.
അപ്പോഴാണ് സമ്പന്നരുടെ ആകാശത്തിലേക്ക് മുസ്തഫ ഇബ്രാഹീം വലിയ അക്കങ്ങളുടെ ആസ്തിയുമായി കുതിച്ചുയർന്നുചെന്ന് ഉജ്ജ്വലമായ ധനശോഭ പരത്തി അവിടെ നിലയുറപ്പിച്ചത്. എണ്ണപ്പണം അതിന് മുമ്പൊരിക്കലും ഉണ്ടാകാത്ത തരം ധനമൊഴുക്ക് നടത്തിയപ്പോൾ അനവധി കോടികളുടെ മൂല്യമുള്ള പ്രൊജക്റ്റുകൾ വഴി അതിന്റെ പ്രയോജനങ്ങൾ സ്വന്തമാക്കിയ മുസ്തഫ ഇബ്രാഹീം ഒരു പുതിയ ബിംബവും മാതൃകയുമായി. യൂറോപ്പുകാരുടെ രാജ്യാന്തര സ്ഥാപനങ്ങളുടെ മേധാവികളും സമ്പന്നരാജ്യങ്ങളുടെ അംബാസഡർമാരും ഉമ്മ് അൽ ജസ്റയിലെ ഭവനസമുച്ച യങ്ങളിൽ താമസിക്കുമ്പോൾ അവിടെ ഒരു മണിമാളികയായിരുന്നു അദ്ദേഹത്തിന്റെ വീട്. ഉമ്മ് അൽ ജസ്റ കടൽത്തീരത്തോട് ചേർന്ന് ഒരു ഈന്തപ്പനത്തോട്ടം വാങ്ങി അവിടെ കൊട്ടാര സദൃശമായ മറ്റൊരു വീട് അദ്ദേഹം പണികഴിപ്പിച്ചു. മണിമാളികയിൽ താമസിക്കുന്ന ചേട്ടന് എന്തിനാണ് വീണ്ടും ഒരു കൊട്ടാരമെന്ന് അനിയൻ കമാൽ ഇബ്രാഹീം വിമർശിച്ചു.
‘‘കൊട്ടാരം എനിക്കായല്ല നിർമിക്കുന്നത്, അബാദി കുടുംബത്തിന് വേണ്ടിയാണ്. അത് നമ്മുടെ വിമോചന പ്രഖ്യാപനത്തിന്റെ ചിഹ്നമാണ്, എന്റെ അബ്ബ ഇബ്രാഹീം അബാദിയുടെ സ്വപ്നമാണ്’’, മുസ്തഫ ഇബ്രാഹീം അനിയന് മറുപടി കൊടുത്തു.
മുസ്തഫ ഇബ്രാഹീം ആൻഡ് സൻസ് കമ്പനിയുടെ ആസ്തികളുടെ സംഖ്യാബലം പെരുക്കപ്പട്ടികയിലെന്ന പോലെ എല്ലാ നേരവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുകണ്ട് പഴയ ധനാഢ്യന്മാരും തറവാടിത്തമുള്ള വ്യാപാരസ്ഥാപനങ്ങളുടെ ഉടയോരും അന്ധാളിച്ചു നിന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ അവരവരുടെ ധനസ്ഥിതിയുടെ ചെറുപ്പം എന്തെന്ന് അവർ തിരിച്ചറിഞ്ഞു.
മുസ്തഫ ഇബ്രാഹീം മുത്തുവാരൽ ജോലിക്ക് പോയിരുന്ന ഒരു അടിമപ്പണിക്കാരെന്റ മകനായതുകൊണ്ട് തങ്ങൾ അയാളോട് കാട്ടുന്ന അയിത്തം പുരണ്ട അകലം തന്ത്രപരമല്ലെന്ന് അവർക്ക് മനസ്സിലായി. എമ്മിയെസ് കമ്പനിക്ക് നിത്യവും വാങ്ങി ഉപയോഗിക്കേണ്ടി വരുന്ന സാധനങ്ങൾ അവർക്ക് കച്ചവടം ചെയ്ത് പണമുണ്ടാക്കാൻ അവരുടെയിടയിൽ മത്സരമുണ്ടായി. അവസരങ്ങളും ഉപദേശങ്ങളും തേടി അവർ തനിച്ചും കൂട്ടമായും മുസ്തഫ ഇബ്രാഹീമിനെ കാണാൻ വന്നു. അദ്ദേഹം പുതിയതായി പണി കഴിപ്പിച്ച സ്വർണം പൂശിയതുപോലെ അത്യാഢംബരങ്ങളാൽ മോടി പിടിപ്പിച്ച ഭവനം സന്ദർശിക്കാൻ അവരെല്ലാം ഊഴം തേടി. വിജയരഹസ്യവും അനുഭവങ്ങളും കേൾക്കാൻ അവർ ധാരാളമായി മുസ്തഫ ഇബ്രാഹീമിനെ കാണാൻ ചെന്നു. അബ്രഹാം ജോസഫിന് മുറിയുടെ വെളിയിൽ ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന രംഗംങ്ങൾ പതിവായി. ഹാൻസ് പോൾസൻ ആകട്ടെ ആ വഴിക്കൊന്നും തിരിഞ്ഞു നോക്കിയതേയില്ല. താൻകൂടി പ്രയത്‌നിച്ചു ഉണ്ടാക്കിയ സൗഭാഗ്യങ്ങളുടെ ആഘോഷങ്ങൾ ഇങ്ങനെ നടക്കുന്നുവെന്ന് ഹാൻസ് പോൾസൻ അറിഞ്ഞിട്ടുണ്ടോ എന്നുപോലും അബ്രഹാം ജോസഫ് സംശയിച്ചു.
മുസ്തഫ ഇബ്രാഹീമിനെ കാണാൻ വരുന്നവരെ സ്വീകരിക്കാൻ ഒരു സംവിധാനം ഉണ്ടായി. ഓഫീസിൽ അദേഹത്തിന്റെ മുറിയ്ക്ക് വെളിയിൽ വിശാലമായ മറ്റൊരു മജ്ലിസ് ഉണ്ടാക്കി. അറബി ഇരിപ്പിടങ്ങളുടെ ശൈലിയിൽ നിലത്തിട്ടിരിക്കുന്ന കാർപ്പെറ്റുകളും ഭിത്തികളിൽ ചാരിവയ്ക്കുന്ന കുഷനുകളും മറ്റുമായി എപ്പോഴും സുഗന്ധം നിറഞ്ഞിരിക്കുന്ന വലിയ ഒരു ഹാൾ. ഇബ്രാഹീം അബാദിയുടെ അനിയൻ ജാഫർ അബാദിയുടെ മകനാണ് സന്ദർശകരെയും അവരുടെ മുൻഗണനാ ക്രമങ്ങളും നിശ്ചയിക്കാൻ ഉത്തരവാദപ്പെട്ട ആളായി അവിടെയുള്ളത്. കേൾവിയ്ക്കും പറച്ചിലിനും തകരാറുകളുണ്ടെങ്കിലും അയാൾ നല്ല ബുദ്ധിയും വിവേകവുമാണ് പ്രകടിപ്പിക്കുന്നത്. അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടങ്ങൾ പിണഞ്ഞുപോകാവുന്നതാണ് സന്ദർശകന്റെ ഊഴം നിശ്ചയിക്കുന്ന പ്രക്രിയ. പ്രത്യേകിച്ചും വലിയവരുടെ ഇടയിലെ ഏറ്റക്കുറച്ചിലുകളും മാനാഭിമാനങ്ങളും. കേൾക്കുന്നവർക്ക് നന്നായി തിരിയാത്ത ഉച്ചാരണവും കുറവുള്ള കേൾവിയും വച്ചുകൊണ്ട് അയാൾ അത് മനോഹരമായി ചെയ്യുന്നത് നോക്കിയിരിക്കലാണ് ദീർഘനേരത്തെ കാത്തിരുപ്പുകളിൽ അബ്രഹാം ജോസഫിന്റെ മനോവ്യായാമം.
ചെക്കുകൾ നേരിട്ട് ഏൽപ്പിക്കുന്നത് ഒരു തണുത്ത ആചാരമായി മാറിക്കഴിഞ്ഞപ്പോൾ എത്രയെന്നറിയാത്ത സമ്മാനത്തിനുവേണ്ടി എല്ലാ അവകാശാധികാരങ്ങളുടെയും വെളിയിൽ കാത്തിരിക്കുന്നതിലെ അനിശ്ചിതത്വവും അമൂർത്തതയും അബ്രഹാം ജോസഫിനെ മടുപ്പിച്ചു. ഒരുപാട് സമയം മറ്റൊന്നും ചെയ്യാനാവാതെ മജിലിസിലിരിക്കുമ്പോൾ തനിക്കു കൂടുതൽ അവകാശങ്ങൾ നിശ്ചയിച്ചു തരണം എന്നാവശ്യപ്പെടാൻ ഉള്ളിൽ ഉറപ്പിക്കും. പക്ഷേ ‘അഹൂയീ... യാ അവറാജജൻ...' എന്നുറക്കെ വിളിച്ച്, ‘യാ അബ്രഹാം... എന്റെ ഭാഗ്യമേ... നിനക്കിപ്പോൾ എന്നെ കാണേണ്ടല്ലോ' എന്നെല്ലാം ധാരാളം ആശ്ചര്യം കലർത്തി ഉറക്കെപ്പറഞ്ഞ് കൈ മുറുകെപ്പിടിച്ച് ചേർത്തുനിറുത്തുന്ന ഒരു ആചാരക്രിയ കൃത്യതയോടെ നടക്കും. വീട്ടിലുള്ളവർ വിളിക്കുന്ന ഓമനപ്പേരായ അവറാച്ചൻ ആണ് അവറാജ്ജൻ ആകുന്നത്. ‘പ', ‘ട', ‘ച', ‘ള' തുടങ്ങിയ ചില അക്ഷരങ്ങൾ അറബി ഭാഷയിൽ ഇല്ലാത്തതുകൊണ്ട് അവ ഉച്ചരിക്കാൻ ഹജ്ജിക്ക് പ്രയാസമാണ്. ഫോണിലൂടെ സ്പെല്ലിംഗ് പറഞ്ഞ് കൊടുക്കുമ്പോൾ ‘ബി' ഫോർ ‘ബോസ്റ്റ് ബോക്‌സ്' എന്നാൽ ‘പി’ ഫോർ ‘പോസ്റ്റ് ബോക്‌സ്’ ആണെന്നൂഹിച്ചുകൊള്ളണം. ലേബറായി കൂട്ടത്തിലുണ്ടായിരുന്ന കുട്ടൻ പിള്ളയെ ഹജ്ജി ‘കുത്താ ബില്ല' എന്നാണ് വിളിച്ചിരുന്നത്. ചേർത്തുനിറുത്തി ഭാര്യയെയും മക്കൾ ഓരോരുത്തരെയും കുറിച്ച് ചോദിക്കുന്ന ധാരാളം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുക്കും. ആവശ്യപ്പെടാനുറപ്പിച്ച് വച്ചിരുന്നതെല്ലാം ആവിയായിപ്പോകും. ചെറുപ്പത്തിൽ പള്ളിയിൽ പോയി കരഞ്ഞ് പ്രാർഥിച്ചിട്ടും കാണാതിരുന്ന രക്ഷക മാലാഖയെ കണ്ടു കിട്ടിയതിന്റെ സ്വാസ്ഥ്യത്തോടെ ഒതുങ്ങിനിന്ന് കുറെ പ്രൊജക്റ്റ് വിശേഷങ്ങൾ ധരിപ്പിച്ചിട്ട് മടങ്ങും. ▮
(തുടരും)