ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം മൂന്ന്​

6. അവകാശികളും അന്യരും

ല തവണ പറയാൻ വേണ്ടി ഒരുങ്ങി ചെന്നിട്ട് പറയാനാവാതെ മാറ്റി വയ്ക്കുകയായിരുന്ന കാര്യം ഒടുവിൽ ഒരുനാൾ അബ്രഹാം ജോസഫ് അവതരിപ്പിച്ചു. തനിക്കും ഒരു പാർട്ട്ണർ സ്ഥാനവും അതുവഴിയുള്ള അവകാശാധികാരങ്ങളും വേണമെന്ന് അബ്രഹാം ജോസഫ് മുസ്തഫ ഇബ്രാഹീമിനോട് പറഞ്ഞു.

ദശലക്ഷങ്ങളുടെ വലിപ്പമുള്ള ഒരു പ്രൊജക്റ്റ് കരാർ നേടി അതിന്റെ ഒപ്പുവയ്ക്കൽ ചടങ്ങിനുശേഷം മുസ്തഫ ഇബ്രാഹീം ഓഫീസിലെത്തിയ ദിവസമായിരുന്നു അന്ന്. കരാർ നേടുന്നതിനുപിന്നിൽ അബ്രഹാം ജോസഫിന്റെ പങ്ക് വലുതായിരുന്നു. കോൺട്രാക്​ടുകളുടെ കടലിൽ നിന്ന് വൻ ലാഭങ്ങളുടെ ചെറു മത്സ്യങ്ങളെ കൊത്തിപ്പറക്കാൻ വേണ്ടി തന്റെ ശരീരത്തിലെ ഓരോ അണുവിലും ജാഗ്രത നിറച്ച് ചിറകുവിരിച്ച് ഉയരെ പറന്നുനടക്കുന്ന അബ്രഹാം ജോസഫ് കണ്ടെത്തിയതാണ് ആ കരാർ.

മുസ്തഫ ഇബ്രാഹീമിനോടൊപ്പം ഓഫീസിൽ മടങ്ങിയെത്തിയ ചങ്ങാതിമാരുമായി സംസാരിച്ചിരുന്നിട്ട് എല്ലാവരും മജ്​ലിസിൽ നമസ്കാരത്തിന് ഒരുക്കിയിട്ടുള്ള ചെറു മസ്ജിദിൽ പ്രാർഥിച്ചു. അതു കഴിഞ്ഞ് അവർ അവിടെയും ഏറെ നേരം സംസാരിച്ചിരുന്നു. പുതിയ ഓഫീസ് സമുച്ചയത്തിലെ മാനേജ്‌മെൻറ്​ ഫ്ലോറിലെ ഏറ്റവും മികച്ച ടീ ബോയിയായി പേര് നേടിക്കൊണ്ടിരിക്കുന്ന ബഷീർ ആലം കാവയും ചായ, കാപ്പികളുമായി പോക്കുവരവുകൾ പല തവണ നടത്തി. തന്നെ അവിടെക്കെത്തിക്കുന്നതിന് നിമിത്തമായ ആളെന്ന കരുതലും സ്നേഹവും ബഷീർ ആലം എപ്പോഴും അബ്രഹാം ജോസഫിനോട് പ്രകടിപ്പിക്കും. അകത്ത് ആരെന്നുമെന്തെന്നും പുറത്തുവരുമ്പോഴെല്ലാം അബ്രഹാം ജോസഫിന് സൂചനകൾ കൊടുക്കും. സ്നേഹിതർ പോയപ്പോൾ അബ്രഹാം ജോസഫിനെ പതിവ് സ്നേഹവാത്സല്യങ്ങളോടെ മുസ്തഫ ഇബ്രാഹീം വിളിച്ചു. അന്ന് ഒപ്പിട്ട പ്രൊജക്റ്റ് നേടിക്കൊണ്ടുവന്നതിന് പ്രത്യേകമായി അഭിനന്ദിച്ചു. വെളിയിലെ കാത്തിരിപ്പിന്റെ ദൈർഘ്യം അബ്രഹാം ജോസഫിന്റെ തലയ്ക്കുള്ളിൽ വിസ്ഫോടനങ്ങൾക്ക് കോപ്പ് കൂട്ടിയിരുന്നു. അതിന്റെ പുറത്തേക്കൊഴുക്കായിട്ടാണ് അവകാശം ചോദിക്കാൻ ഏറെ നാളുകളായി കൊണ്ടുനടക്കുന്ന ചിന്ത വാക്കുകളായി രൂപം പൂണ്ട്​ വെളിയിൽ വന്നത്.

അബ്രഹാം ജോസഫിന്റെ അവകാശവാദം മുസ്തഫ ഇബ്രാഹീമിനെ തെല്ലും അതിശയിപ്പിച്ചില്ല. അപ്രതീക്ഷിതമായി സംഭവിച്ചുവെന്ന് തോന്നുന്ന മുഖഭാവം അദ്ദേഹത്തിലുണ്ടായില്ല. ഏറെക്കാലമായി പരിഹാരം തേടിക്കൊണ്ടിരിക്കുന്ന ഒരു കാര്യം മറ്റെയാളിൽ നിന്ന്​ ഇപ്പോഴിതാ കേട്ടു എന്നനിലയിലായിരുന്നു പ്രതികരണം. അബ്രഹാം ജോസഫിന്റെ കൈകൾ കവർന്ന് അദ്ദേഹം മുറിയിലെ സോഫയിലേക്ക് കൊണ്ടുപോയി രണ്ടുപേരും ചേർന്നിരുന്നു.

‘‘ഇവിടുത്തെ എല്ലാക്കാര്യങ്ങളിലും എനിക്ക് തുല്യമായ സ്ഥാനം അവറാജ്ജന് ഉണ്ടെന്ന് ഞാൻ ഉറപ്പു വരുത്തിയിട്ടുണ്ട്. അറിയില്ലേ?'' ഹജ്ജി മുസ്തഫ ഇബ്രാഹീം ചോദിച്ചു.

അറിയാം എന്നല്ലാതെ മറ്റൊരുത്തരം ഉണ്ടായിരുന്നില്ല.

‘‘കമ്പനിയിൽ അവറാജ്ജന്റെ ഒരു നടപടിയും ഒരു പ്രവൃത്തിയും പരിശോധിക്കാൻ അധികാരം എനിക്കല്ലാതെ മറ്റാർക്കുമില്ല, അതങ്ങനെത്തന്നെയെന്നു നിരന്തരം അനുഭവിക്കുന്നില്ലേ?''

അതെയെന്നു മാത്രം പറഞ്ഞ് അബ്രഹാം ജോസഫ് ഇരുന്നു.

‘‘ഞാൻ പുതിയ വീട് വച്ചപ്പോൾ എന്റെ വീട്ടിൽ അബ്രഹാമാണ് താമസിക്കാൻ വന്നത്. ഉമ്മു അൽ ജസ്രയിൽ താമസിക്കാൻ വന്ന ആദ്യത്തെ മലബാറി അവറാജ്ജൻ ആയിരിക്കും, അല്ലെ? എനിക്കറിയാം നീയാണ് എന്റെ ഭാഗ്യമെന്ന്. അതുകൊണ്ടാണ് എപ്പോഴും ലാഭത്തിന്റെ ഒരു വിഹിതം സമ്മാനമായി തരുന്നത്. കാറിൽ പിടിപ്പിക്കുന്ന ഫോൺ വന്നപ്പോൾ എനിക്ക് വാങ്ങുന്നതിനൊപ്പം അവറാജ്ജനും വാങ്ങി.

പാർട്ട്ണർ ആക്കുന്നതിനോ ലാഭവിഹിതം ക്ലിപ്തപ്പെടുത്തുന്നതിനോ നിയമപരമായ നടപടികൾ കുടുംബക്കാരെ ബോധിപ്പിക്കാൻ തനിക്ക് ആവതില്ലെന്നും കുടുംബത്തിൽ ഒരു കൂട്ടക്കുഴപ്പം ആഗ്രഹിക്കുന്നില്ലെങ്കിൽ ആ ആവശ്യം മറന്നേക്കാനും മുസ്തഫ ഇബ്രാഹീം അഭ്യർഥിച്ചു. സ്വത്ത് കുന്നുകൂടിയപ്പോൾ അതിന്റെ പരമാവധിയും കൈപ്പിടിയിൽ ഒതുക്കാൻ ആർത്തിമൂത്ത് അവസരം നോക്കിയിരിക്കുന്നത് താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളാണെന്ന് ശബ്​ദം താഴ്ത്തിയാണ് മുസ്തഫ ഇബ്രാഹീം പറഞ്ഞത്. അവർക്ക് പിടിച്ചുകയറാൻ ഒരു പഴുത് കൊടുക്കരുതെന്നുപറയുമ്പോൾ ആ മുഖത്ത് നിസ്സഹായത നിറഞ്ഞിരുന്നു. മറ്റൊരു കാരണം കൂടിയുണ്ട് എന്നുപറഞ്ഞിട്ട് വളരെ ശാന്തമായ സ്വരത്തിലും ഭാവത്തിലും മുസ്തഫ ഇബ്രാഹീം പറഞ്ഞു:
‘‘ഹാൻസ് പോൾസനെ നോക്കൂ, അയാൾക്കു ചോദിക്കാൻ എന്തെല്ലാം അവകാശങ്ങളാണ്? നമ്മുടെ ഈ നിലയുടെ പൂർണമായ ബൗദ്ധിക ഉടമസ്ഥത അയാൾക്കല്ലേ? അയാൾക്കും കൊടുക്കണ്ടേ ഒരു പാർട്ണർഷിപ്പ്​?''

ഒന്ന് നിറുത്തിയിട്ട് മുസ്തഫ ഇബ്രാഹീം തുടർന്നു: ‘‘അന്ന് രാജ്യത്ത് മറ്റാർക്കും ഇല്ലാത്ത വിധം പ്രബലമായ സാങ്കേതിക ജ്ഞാനത്തിന്റെ മുഖം ഹാൻസ് പോൾസനാണ് കമ്പനിയ്ക്ക് നല്കിയത്. അയാൾ വന്നില്ലായിരുന്നെങ്കിൽ മുസ്തഫ ഇബ്രാഹീമും അബ്രഹാം ജോസഫും കുറച്ച് ലേബർമാരും ഉൾപ്പെടുന്ന എമ്മിയെസ് കമ്പനി ഓയിൽ ഫീൽഡിലെ ചെറിയ പണികളൊക്കെ എടുത്ത് ചെയ്ത കഴിഞ്ഞുകൂടുമായിരുന്നു.''

ഇപ്പോഴും റിഫൈനറിയിലുള്ള അനേകം ചെറുകമ്പനികളെപ്പോലെ തങ്ങളും തുടർന്നേനെ യെന്നും ധാരാളം യൂറോപ്യന്മാരെ നേരിട്ട് തന്റെ ജ്​ഞാനമുദ്രകൾ പതിപ്പിച്ച് കമ്പനിയെ സ്ഥാപിക്കാൻ ഹാൻസ് പോൾസന് കഴിഞ്ഞത് അയാളുടെ പ്രതിഭയുടെ തെളിവാണെന്നും മുസ്തഫ ഇബ്രാഹീം പറഞ്ഞു. ഹാൻസ് പോൾസന് അധികം ഒന്നും വേണ്ട. യൂറോപ്യൻമാരുടെ ശമ്പളനിരക്കിലായതുകൊണ്ട് കിട്ടുന്ന വലിയ ശമ്പളത്തുകയിൽ നിന്ന് നല്ലൊരുഭാഗം കമ്പനിയിലെ ജോലിക്കാർ തന്നെ പല തരം സംഭാവനകളായി വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.

‘‘അയാൾ എത്ര സന്തുഷ്ടനായിട്ടാണ് ജീവിക്കുന്നതെന്ന് നോക്കൂ. എന്നെയും നിങ്ങളെയും അലട്ടുന്നതിൽ ഒരുപാട് കാര്യങ്ങളും അയാളെ അലട്ടുന്നില്ല.''
അവകാശങ്ങൾ ലഭിക്കണമെന്ന തന്റെ ചോദ്യവും മുസ്തഫ ഇബ്രാഹീമിന്റെ ഉത്തരവും സംഭവിക്കാൻ പാടില്ലായിരുന്നെന്നും അങ്ങനെയൊരു ചോദ്യത്തിന്റെ സാധ്യത അവിടെ എന്നെന്നേക്കും ബാക്കി നിറുത്തണമായിരുന്നെന്നും പിന്നീട് എണ്ണമില്ലാത്ത തവണകളിൽ അബ്രഹാം ജോസഫ് സ്വയം പറയുകയും പഴിക്കുകയും ചെയ്തിട്ടുണ്ട്. ആ ചോദ്യവും ഉത്തരവും അയാളെ പാടെ മാറ്റിമറിച്ചു.
പാവപ്പെട്ട നാട്ടുകാർക്കും പിന്നെ പ്രാർത്ഥിക്കാൻ പോകുന്ന പള്ളിയ്ക്കും ചില സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആഗ്രഹമുണ്ട് എന്നുമാത്രമേ അബ്രഹാം ജോസഫ് ഹജ്ജി മുസ്തഫ ഇബ്രാഹീമിനോട് അനുവാദം ചോദിച്ചുള്ളൂ. താനും കുറേ അങ്ങനെ ചെയ്യുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അദ്ദേഹം നാട്ടുകാർക്ക് പള്ളികൾ പണി ചെയ്തുകൊടുക്കുന്നുണ്ട്. ദാനധർമങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ പ്രത്യേകമായി ഇരിക്കുന്നുണ്ട്. സഹായങ്ങൾ ചോദിച്ചു വരുന്നവരെ നോക്കി വിലയിരുത്താനും അവരുടെ അഭ്യർഥനകൾ എത്ര മാത്രം അവ്യാജമാണെന്ന് ആദ്യകേഴ്വിയിൽ തന്നെ നിർണയിക്കാനും പ്രഗത്ഭനായ നാട്ടുമൂപ്പൻ ഹജ്ജി അബ്​ദുള്ളയെയാണ് ആ കസേരയിൽ ഇരുത്തിയിരിക്കുന്നത്. അതീവ പ്രൗഢിയോടെ നിൽക്കുന്ന ഓഫീസ് കെട്ടിടത്തിൽ രാജ്യത്തെ സുപ്രധാന നിർമാണങ്ങളെ സംബന്ധിച്ച ഗൗരവമേറിയ ചർച്ചകളാണ് നടക്കുന്നത്. അതിനായി ഓഫീസിൽ വരുന്നത്​ ഗവർമെന്റിലും തത്തുല്യ സ്ഥാപന ങ്ങളിലും ഉയർന്ന പദവികൾ വഹിക്കുന്നവരാണ്. അവർക്കിടയിലൂടെയാണ് ചികിത്സയ്ക്കും, വീട് വയ്ക്കാനും, വിദ്യാഭ്യാസകാര്യങ്ങൾക്കും സഹായം ചോദിച്ച് വരുന്ന ദയനീയ മുഖമുള്ള മനുഷ്യർ ഹജ്ജി അബ്​ദുള്ളയുടെ മുറി തേടി നടക്കുന്നത്. അതുണ്ടാക്കുന്ന അഭംഗി ഒഴിവാക്കാനായി ഹജ്ജി അബ്​ദുള്ളയ്ക്ക് ഓഫീസ് കെട്ടിടത്തിനു വെളിയിൽ ഒരു മുറി സജ്ജീകരിക്കണമെന്നു പുതുതലമുറ ഡയറക്ടർമാർ ആവശ്യപ്പെടാറുണ്ട്. പക്ഷേ ഹജ്ജി മുസ്തഫ ഇബ്രാഹീമിന്​ അത് സമ്മതമായിരുന്നില്ല. സഹായം തേടി വരുന്നവരുടെ വേദനകൾ തളം കെട്ടിയ മുഖങ്ങൾ യാഥാർത്ഥ്യങ്ങൾ ആണെന്നും ആ മുഖങ്ങളുടെ നിഴലാട്ടങ്ങൾ ഓഫീസ് കെട്ടിടത്തിൽ വേണമെന്നും അദ്ദേഹം വിധി പറഞ്ഞു.

ഒറ്റവാക്കിലെ അനുമതിയായ സമ്മതമാണ് മുസ്തഫ ഇബ്രാഹീമിനോട് അബ്രഹാം ജോസഫ് ചോദിച്ചു വാങ്ങിയത്. ആ അനുവാദം ഉപയോഗിച്ച് അബ്രഹാം ജോസഫ് വിവിധ സഭക്കാരുടെ പള്ളികൾക്കും കുടിയേറ്റ തൊഴിലാളികളുടെ പ്രാദേശിക ഒത്തുചേരലുകൾക്കായുള്ള സമാജങ്ങൾക്കും ആവശ്യമുള്ള മരാമത്ത് പണികൾ പതിവായി ചെയ്തു കൊടുക്കാൻ തുടങ്ങി. രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് അനുവദിച്ചിട്ടില്ല. സംഘം ചേരാനും കൂട്ടം ചേർന്നുള്ള പ്രവൃത്തികൾ ചെയ്യാനും സ്വാഭാവികമായ ഊർജ്ജം ഉപയോഗിക്കാൻ വഴിയില്ലാതെ കുടിയേറ്റ തൊഴിലാളികളിൽ കെട്ടിനിൽക്കും. അത് മുഴുവൻ അഴിച്ചു വിടുന്നത് ജാതിമതസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. അവരുടെ പ്രവർത്തനങ്ങളെ പ്രാർത്ഥനകളായും വ്യാഖ്യാനിക്കാമെന്ന പഴുതുപയോഗിച്ച് നാട്ടിലെ എല്ലാ ജാതികളും മതങ്ങൾക്കുള്ളിലെ അവാന്തര വിഭാഗങ്ങളും അവരവരുടെ സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇടപഴകുകയും കലർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ ഉത്ഭവിച്ച് വളരുന്ന ഉന്നതമായ സൗഹൃദങ്ങളെ ജാതിമനസുള്ളവർക്ക് നന്നായി ഉപയോഗിക്കാൻ കഴിയുന്നു. അങ്ങനെ ദിൽമുനിയയിലെ ചില കമ്പനികൾ ജാതികളുടേയും സഭകളുടെയും പേരിൽ അറിയപ്പെടുകപോലും ചെയ്യുന്നു. അവിടെ ആ ജാതിയിലോ സഭയിലോ ഉള്ളവരെ മാത്രമേ ജോലിക്കാരായി കൊണ്ടുവരികയുള്ളൂ എന്ന്​ എല്ലാവരും ധരിക്കുന്നു. എല്ലാ വിധത്തിലെ സംഘടനകൾക്കും ധാരാളം നിർമാണ സഹായങ്ങളുടെ ആവശ്യങ്ങൾ ഉയർന്നുവരും. കെട്ടിടം പുതുക്കലോ വലുതാക്കലോ ഗ്രൗണ്ട് ഒരുക്കലോ താത്ക്കാലിക പ്രദർശന നഗരികളുടെ സജ്ജീകരണമോ ആവശ്യമായതെന്തും എമ്മിയെസ് കമ്പനിയിൽ നിന്ന് തൊഴിലാളികൾ സാധന സാമഗ്രികളുമായി പോയി ചെയ്​തുതീർത്തു കൊടുക്കും. ഇന്ത്യൻ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വലിയ സ്കൂളിൽ കെട്ടിട നിർമാണവും പ്ലേ ഗ്രൗണ്ട് ഒരുക്കലും പോലെ പ്രൊജക്​റ്റുകളുടെ സ്വഭാവമുള്ള ജോലികളാണ് ചെയ്തത്.

കുടിയേറ്റ ഇന്ത്യാക്കാരിലെ ജോലി തേടുന്നവർ, നടത്തിക്കൊണ്ടിരുന്ന ചെറിയ ബിസിനസ് തകർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, അനവധി സ്ഥാപനങ്ങളും സംഘടനകളും, നിന്ദിതരും പീഡിതരും തുടങ്ങി എല്ലാവരും അവരവരുടെ പ്രശ്‌നപരിഹാരങ്ങൾക്ക് സമീപിക്കുന്നത് അബ്രഹാം ജോസഫിനെയാണ്. സമാനതകൾ ഒന്നുമില്ലാത്ത നിലയിൽ വിജയിച്ച ഒരാളെയാണ് തേടിപ്പോകുന്നതെന്ന സ്ഥിതിയിലേക്ക് സംഗതികൾ വളർന്ന് വികസിച്ചു. എല്ലാ ചടങ്ങുകൾക്കും ക്ഷണിക്കപ്പെടുന്ന നാട്ടുപ്രമാണി ആവുകയും പരോപകാര തല്പരനും ദീനാനുകമ്പ യേറിയവനുമായ ഒരു ലോകോപകാരിയെന്ന് കീർത്തി പടരുകയും ചെയ്തത് അതിവേഗത്തിലാണ്. തന്നെത്തേടിവരുന്ന ആവശ്യക്കാർ കൂടുന്നതിൽ അബ്രഹാം ജോസഫ് അഭിരമിച്ചു. കഴിവതുമെല്ലാം എമ്മിയെസ് കമ്പനിച്ചെലവിലാകുന്നത്​ അബ്രഹാം ജോസഫിൽ നിഗൂഢമായ ആനന്ദം ജനിപ്പിച്ചു. എമ്മിയെസ് കമ്പനിയിൽ നിന്ന് എത്രതന്നെ ചെലവാക്കിയാലും താൻ യഥാർത്ഥത്തിൽ അർഹിക്കുന്നത് അതിലുമേറെ ആണെന്ന അബ്രഹാം ജോസഫിന്റെ ധാരണ ഈ പ്രവൃത്തികളിൽ ഏതറ്റംവരെ പോകാനും മടിയില്ലാതെയാക്കി. തൊഴിലാളികളിൽ നിന്നും വന്ന് ഉയർന്ന പദവികളിൽ എത്തിയ മറ്റാർക്കും ഇല്ലാത്ത പ്രാപ്തിയിലേക്കും സാധ്യതകളിലേക്കും അബ്രഹാം ജോസഫ് ചെന്നെത്തി. അതെല്ലാം അറിയുമ്പോഴും ഹാൻസ് പോൾസന് തന്നെ ബാധിക്കുന്ന വിഷയമായില്ല.

തുടക്കത്തിലെ പത്തുപതിനഞ്ച് വർഷങ്ങളിലെ കഠിനമായ അദ്ധ്വാനത്തിലൂടെ കമ്പനി അതിന്റെ ചക്രച്ചാലുകളിൽ വീണു. മുന്നോട്ടു പോകുന്നതിന്റെ ഗതിവേഗം വർദ്ധിച്ചപ്പോൾ അത് സ്വയം ഉരുളാൻ തുടങ്ങി. തള്ളി മുന്നോട്ട് കൊണ്ട് പോകാൻ അനേകം തലങ്ങളിലും അടരുകളിലുമായി അതി വിദഗ്ദ്ധരായ ഉദ്യോഗസ്ഥർ വന്നു. ഹാൻസ് പോൾസനാണ് ആദ്യം പിന്നണിയിലേക്ക് നീങ്ങിയത്. പിന്നാലെ മുസ്തഫ ഇബ്രാഹീമും ദൈനംദിന നടപടികളിൽ നിന്ന് പിൻവാങ്ങി. അത് എല്ലാവരുടെയും അറിവോടെ ആയിരുന്നു. അബ്രഹാം ജോസഫ് കടിഞ്ഞാൺ സ്വന്തം കൈകളിൽത്തന്നെ ഉറപ്പിച്ചു നിറുത്തുകയാണുണ്ടായത്. എന്നാൽ ബാധ കയറിയവനെപ്പോലെ രാപകൽ പ്രൊജക്റ്റ് സൈറ്റുകളിൽ കേന്ദ്രീകരിക്കുന്ന ശീലങ്ങൾ ഒഴിഞ്ഞുപോയി. വണ്ടിയിൽ പിടിപ്പിക്കാവുന്ന ഫോണുകൾ കിട്ടിയപ്പോൾ എവിടെ ഇരുന്നും ജോലികൾ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ നൽകാനും കഴിഞ്ഞു. കയ്യിൽ കൊണ്ട് നടക്കാവുന്ന ഫോണുകൾക്കു ശേഷം ജീവിതം മറ്റൊന്നായി. സ്ഥലങ്ങൾ അപ്രസകതമാവുകയും സാന്നിദ്ധ്യം സാധ്യമാക്കാനും തെളിയിക്കാനും മൊബൈൽ ഫോണിലൂടെയുണ്ടാക്കുന്ന ശബ്​ദങ്ങൾ മതിയാവുകയും ചെയ്തു. എവിടെ ആയിരുന്നാലും ഫോണിലൂടെ ജോലിയിൽ ആണെന്ന് തോന്നിപ്പിക്കാനും ജോലിത്തിരക്ക് പ്രകടിപ്പിക്കാനും കഴിഞ്ഞു.

എല്ലാവർക്കും എല്ലാ ദിവസവും തങ്ങളുടെ പകൽ പ്രവൃത്തികൾ കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി ഉറങ്ങാൻ കഴിയുന്നത്ര ചെറിയ ദ്വീപാണ് ദിൽമുനിയ. വഴിയിൽ വൈകിയിട്ടുണ്ടാകുന്ന ഒരു യാദൃച്ഛികതയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. വീട്ടിൽ നിന്നുമകലെ ജോലി സ്ഥലത്ത് താമസിക്കുമ്പോൾ ഉണ്ടാകുന്ന പുതുബന്ധങ്ങളൊന്നും അവർക്കില്ല. യാത്രകളിൽ നാമ്പിടുന്ന സൗഹൃദം വളർന്ന് മൂർച്ഛിക്കുന്നതിന്റെ മനുഷ്യാനുഭവങ്ങളും അവർക്കില്ല. അനിവാര്യമായ ദീർഘദൂര യാത്രകളിലെ ആകസ്മികതകൾ പടുത്തുയർത്തുന്ന ജൈവപ്രതിഭാസങ്ങളില്ല. കാണാമറയത്തെ മറ്റൊരുജീവിതം പേറുമ്പോഴുള്ള ഉദ്വേഗങ്ങളോ പ്രിയ രഹസ്യങ്ങളുടെ ഭാരങ്ങളോ ഇല്ല. വീടുകളിൽ രാത്രിയിൽ എല്ലാവരും തിരിച്ചെത്തുന്നതിനാൽ ദിൽമുനിയക്കാരുടെ വ്യവസ്ഥാപിതമല്ലാത്ത എല്ലാ കൂട്ടുകെട്ടുകളും അടുപ്പങ്ങളും പകലുകളിൽ മാത്രം സംഭവിക്കുന്നു. വിവാഹേതര പ്രണയങ്ങളും സംഗമങ്ങളും ടെലിഫോൺ സല്ലാപങ്ങളും രതിയും പകലുകളിൽ അരങ്ങേറുന്നു, രാത്രിയിൽ സൂര്യൻ ഉദിച്ചാൽ സംഭവിക്കുമെന്ന് മറ്റു നാടുകളിലെ ആളുകൾ ഭയക്കുന്ന അപകടങ്ങൾ ദ്വീപിൽ ഉണ്ടാവില്ല. ജയിൽ പോലെയുള്ള ജോലിസ്ഥലങ്ങളിൽ പകൽ മുഴുവനും കുടുങ്ങിപ്പോകുന്ന ഭർത്താക്കന്മാരുടെ വീടുകളിൽ നിന്ന് തിരഞ്ഞെടുത്ത കാമുകിമാരെ സംഗമിക്കാൻ അബ്രഹാം ജോസഫ് പോകും. തന്റെ അപാരമായ പകൽസ്വാതന്ത്ര്യവുമായാണ് അയാൾ ആരാധികമാരോടോപ്പമുള്ള ഉല്ലാസത്തിന് പോകുന്നത് . ഇണ ചേർന്ന് തളർന്നിട്ട് അധികനേരം കഴിയും മുന്നേ വീടിനു വെളിയിലെ കത്തുന്ന വെയിലിലേക്കോ ചൂളമടിച്ചു കറങ്ങുന്ന ശീതക്കാറ്റിലേക്കോ പൊടിപടലങ്ങളുടെ ചുഴിയിലേക്കോ ഇറങ്ങി നടക്കുന്ന അനുഭവവുമായി ശീലംകൊണ്ട് അയാൾ ചേർന്നു. കൊടും തണുപ്പിലായാലും ഉഗ്രസൂര്യ താപത്തിലായാലും വീശിയടിക്കുന്ന കാറ്റിന് കുറുകെയായാലും ദൂരത്ത് ജനശ്രദ്ധയിൽ നിന്നൊളിപ്പിച്ച് പാർക്ക് ചെയ്തിരിക്കൂന്ന റെയിഞ്ച്‌റോവറിലേക്കു നടക്കുന്ന അനുഭവത്തെ അയാൾ അനുശീലനം കൊണ്ട് മെരുക്കി. നാട്ടിൽ കീർത്തിമാനാകുന്നതിൽ അയാൾക്ക് അപ്രിയം തോന്നിയിട്ടുണ്ടെങ്കിൽ അതിന് കാരണം വണ്ടിയിലേക്ക് നടക്കുന്ന അത്തരം അവസരങ്ങളിൽ തിരിച്ചറിയപ്പെടാൻ സാധ്യത വർദ്ധിച്ചു എന്നതാണ്. വണ്ടിയും ആളെയും തിരിച്ചറിയാൻ സാധ്യതയുള്ള പരിചയക്കാർ കൂടുതലുള്ള സ്ഥലം ആണെങ്കിൽ തന്നെ പിക്ക് ചെയ്യാൻ ഡ്രൈവർക്കുവരാൻ അടുത്തുള്ള സ്ഥാപനത്തിനെ മറയാക്കും. ഡ്രൈവർമാർ ഓടിക്കുന്ന വണ്ടിയിൽ സ്ഥാപനത്തിലേക്ക് പോവുകയും അവിടുന്ന് തിരിച്ച് പിക്ക് ചെയ്യാൻ സമയം കൊടുക്കുകയും ചെയ്യും. മനസ്സും ശരീരവും നിറഞ്ഞ് കവിയുന്ന ആനന്ദാനുഭ വത്തിന്റെ കട്ടിപ്പുതപ്പിൽ പുറത്തെ കാലാവസ്ഥ അറിയാതെ അയാൾ ബാക്കി ദൂരം നടന്നു പോകും.

ബന്ധുക്കൾക്ക് കമ്പനിയിലേക്ക് വിസകൾ, അവർക്ക് ഇഷ്ടപ്പെട്ട തസ്തികകളിലേക്ക് ജോലി മാറ്റങ്ങൾ, പ്രൊജക്റ്റ് സൈറ്റുകളിലേക്ക് ആവശ്യമുള്ള നിർമാണ സാധനങ്ങളുടെ സപ്ലൈ, സബ്‌കോൺട്രാക്റ്റ് കരാറുകൾ എന്നിങ്ങനെ ധാരാളം സമ്മാനങ്ങൾ അയാൾ കാമുകിമാർക്ക് നൽകി. കാമുകിമാരുടെ എണ്ണം പിന്നെയും വർദ്ധിക്കാൻ അത് കാരണമായി. സമ്മാനങ്ങൾ ചിലപ്പോൾ അവരുടെ ഫ്ലാറ്റിലെ വീട് മോഡിപിടിപ്പിക്കലോ ഫ്ലാറ്റ് മുറ്റത്തെ ഇത്തിരി സ്ഥലത്ത് പൂന്തോട്ടം ഉണ്ടാക്കലോ ആകാം. കമ്പനിയുടെ വർക്ക്‌ഷോപ്പിൽ വിദഗ്ദ്ധരായ ആശാരിമാർ കടഞ്ഞെടുക്കുന്ന, കടകളിൽ വാങ്ങാൻ കിട്ടാത്തതരം വിരുന്നുമുറി ഫർണിച്ചർ ആകാം. പരസ്പരബന്ധത്തിന് മേൽക്കുമേൽ ഊർജ്ജം പകർന്ന് ദൃഢമൈത്രിയാക്കുന്ന സമ്മാനങ്ങൾ അതീവ ഹൃദ്യമായി ഒരുക്കുന്നതിലും സംശയത്തിന്റെ കണിക പോലും ആരിലും ഉയരാതെ എത്തിക്കുന്നതിലും വാശി നിറഞ്ഞ ആഹ്‌ളാദമാണ് അബ്രഹാം ജോസഫ് അനുഭവിച്ചത്.

മുസ്തഫ ഇബ്രാഹീം ആൻഡ് സൺസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി സ്ഥാനമേറ്റ ആദിൽ മുസ്തഫ അമരിക്കയിൽ നിന്നു ബിസിനസ് മാനേജ്‌മെൻറ്​ ബിരുദം നേടിയിട്ടാണ് കമ്പനി മേധാവിത്വം ഏറ്റെടുക്കാൻ വന്നത്. ഓഫീസ്ഘടനയും പ്രവർത്തനരീതികളും ഓഫീസ് സമയം ഉൾപ്പെടെ ആദിൽ മുസ്തഫ ഉടച്ചുവാർത്തു. അപ്പോഴും തന്റെ പിതാവിന് പ്രിയപ്പെട്ട ചില തസ്തിക കളിൽ തൊട്ടില്ല. കാരണം കമ്പനിയുടെ വളർച്ചയുടെ വഴികൾ സ്കൂൾ കുട്ടിയായിരുന്ന ആദിൽ മുസ്തഫ കാണുന്നുണ്ടായിരുന്നു. ഹാൻസ് പോൾസൻ അതിൽ എത്ര നിർണായകമായ പങ്കാണ് വഹിച്ചതെന്ന് അയാൾ കണ്ടിട്ടുണ്ട്. കരാർ നിർവഹണകാര്യങ്ങളിൽ ആദ്യന്തം അബ്രഹാം ജോസഫിന്റെ ചലനാത്മകമായ നേതൃത്വം അയാൾ അനുഭവിച്ചിട്ടുണ്ട്. ആദിൽ മുസ്തഫ വിഭാവനം ചെയ്യുന്ന എമ്മിയെസ് കമ്പനി ദിൽമുനിയയിലെ ആദ്യത്തെ കോർപ്പറേഷൻ ആണ്. അവിടെ കഴുത്തറുപ്പൻ മത്സരങ്ങളിലൂടെ മുന്നോട്ടുള്ള അതിവേഗ പ്രയാണങ്ങൾ മാത്രമേയുള്ളൂ.

അതിശേഷിയുണ്ടെങ്കിൽ മാത്രമേ അതിജീവനം സാധ്യമാകൂ. ഹാൻസ് പോൾസൻ പെരുമാറുംപോലെ കനിവും ആർദ്രതയും സമഭാവനയും ഒന്നുമില്ല. ആദിൽ മുസ്തഫ നടപ്പാക്കിയ കമ്പനി പുനസംഘടനയിൽ സമുദ്രാനുബന്ധ ജോലികളുടെ ഡിവിഷൻ ഇല്ലാതായി. എന്നിട്ടും ഹാൻസ് പോൾസെന്റ, രക്തബന്ധത്തിൽപെട്ട ഒരാളിനോടെന്ന പോലെ, പേഴ്‌സണൽ സെക്രട്ടറി സഹിതമായ ഡിവിഷണൽ മാനേജർ പദവിയ്ക്ക് മാറ്റമുണ്ടായില്ല.

സർക്കാർ ഓഫീസുകൾ സ്വദേശികൾക്ക് ഉദ്യോഗങ്ങളും പദവികളും നൽകാനും അവരെ തൊഴിലും അധികാരവും പണവും ഉള്ളവരായി നിലനിറുത്താനുമാണ്. ഉദ്യോഗസ്ഥഘടന അതിനു വേണ്ടി മാത്രം രൂപപ്പെടുത്തിയത് ആയതിനാൽ അവിടെ പലമുഖങ്ങൾ വരികയും പരിചിത മനുഷ്യർ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ നേടി മാറിപ്പോവുകയും ചെയ്തു. പ്രഭുകുടുംബങ്ങളിൽ നിന്നുള്ളവർക്ക് അനുവദിച്ച സ്ഥാനങ്ങളായി ഉയർന്നപദവികൾ. അത്തരത്തിൽ സ്വദേശികൾ വന്ന് ഭരിച്ചു തുടങ്ങിയപ്പോൾ അനുസരിക്കാനും നിഷേധിക്കാനും പ്രയാസപ്പെട്ട യൂറോപ്യരിൽ കൂടുതലും ദിൽമുനിയ വിട്ടുപോകാനോ പ്രൈവറ്റ് കമ്പനികളുടെ മേധാവികളായി വേഷം മാറാനോ ശ്രമിച്ചു. പതിനഞ്ച്​- ഇരുപത്​ വർഷങ്ങളുടെ ഒരു തലമുറ മാറിയപ്പോൾ സർക്കാർ മന്ത്രാലയങ്ങളിൽ ഹാൻസ് പോൾസെന്റ മികവുകൾ അംഗീകരിച്ച് ആദരിച്ചിരുന്നവരും മാറിപ്പോയി. കുടിയേറ്റത്തൊഴിലാളികൾ വരികയും പോവുകയും ചെയ്യുന്നവരുടെ അസ്ഥിരജനതയായത് കാരണം എല്ലായിടങ്ങളിലും വിദേശികളുടെ മുഖങ്ങൾ മാറി വന്നു. ഹാൻസ് പോൾസനെ അറിയുന്ന തലമുറ തന്നെ എവിടെയും ഇല്ലാതെയായി. ദിൽമുനിയയിൽ വേനൽ കത്തിക്കാളുന്ന ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ കിഴക്കിന്റെ ആത്മാവ് തേടി ഹാൻസ് പോൾസൻ യാത്ര പോകാറുണ്ടായിരുന്നു. കുറച്ച് കൊല്ലങ്ങളായി അതും അവസാനിച്ചു. മഹർഷിയുടെ ഓഫീസ് എന്ന പേര് മാറ്റി അബ്രഹാം ജോസഫ് ആ ഓഫീസിന് മുനിമടയെന്നു പേര് നൽകി.

ഭക്ഷണം ഒരുക്കിയ ഹോട്ടലിൽ വണ്ടി ചെന്നുനിന്നപ്പോഴാണ് ഓർമ്മയുടെ പ്രവാഹം മുറിഞ്ഞ് അബ്രഹാം തോമസ് സ്ഥലകാല ബോധത്തിലേക്ക് മടങ്ങിയെത്തിയത്. കാണുന്നവരുടെയെല്ലാം സർവവിധ പ്രശ്‌നങ്ങളിലും ഇടപെട്ട് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കുകയും അമ്മട്ടിൽ ചെയ്യുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യാറുള്ളയാളാണ് താൻ. ഹാൻസ് പോൾസൻ നയിക്കുന്ന ഒറ്റപ്പെട്ട ജീവിതത്തിന്റെ വാതിലിൽ ഒരിക്കൽ പോലും എത്തിനോക്കിയില്ലല്ലോ എന്ന് അബ്രഹാം ജോസഫ് അതിശയിച്ചു. ഇരുപതു വർഷങ്ങൾ ഉടനീളം തൊട്ടരികത്ത് മിക്കപ്പോഴും ഒരുമിച്ചായിരുന്നിട്ടും ആ മനസ്സിന്റെ ഉള്ളിലേക്ക് നോക്കാൻ ശ്രമിച്ചില്ല. അയാൾ ഒരു യൂറോപ്യൻ ആയതുകൊണ്ടുമാത്രമാണ് അങ്ങനെ സംഭവിച്ചതെന്ന അറിവ് അബ്രഹാം ജോസഫിൽ കയ്​പുനിറഞ്ഞ രുചിയായി. നീതിയുടെയും കരുണയുടെയും ഭൂഖണ്ഡവ്യത്യാസങ്ങൾ ഇല്ലാത്ത ബോധാവേശങ്ങളിൽ നീറിക്കഴിയുന്ന വ്യക്തിയാണെന്നറിഞ്ഞിട്ടും ഹാൻസ് പോൾസൻ തന്നിൽ നിന്നേറെ അകലെയായിരുന്നു. അതാരുടെ മനുഷ്യപ്പറ്റില്ലായ്മ മൂലമാണെന്ന് ആലോചിക്കവേ അബ്രഹാം ജോസഫിന് ചിലപ്പോൾ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി. ആഹാരം കഴിച്ചുകൊണ്ട് തൊട്ടുമുന്നിൽ ഇരിക്കുന്ന ഫാദർ ഹെർമന് കലുഷമായ ആ മനോവ്യാപാരങ്ങൾ ഊഹിക്കാൻ കഴിഞ്ഞു.

ഫാദർ ഹെർമൻ ഭക്ഷണം കഴിഞ്ഞ് യാത്ര പറയുമ്പോൾ എല്ലാവരോടുമായി പറഞ്ഞു; ‘‘എല്ലാ വർഗ്ഗങ്ങളും വർണ്ണങ്ങളും സകലഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരും ഒരേയിടത്തിൽ സമ്മേളിച്ച് ഒരേ കാര്യത്തിന്റെ പല ഭാഗങ്ങൾ ചെയ്തു. അങ്ങനെ ഒരുമിച്ച് കഴിഞ്ഞുകൂടിയ അരനൂറ്റാണ്ട് പിന്നിട്ടപ്പോഴും അർത്ഥപൂർണമായ യാതൊരു സങ്കലനവും നടക്കതെയാണ് ഈ മേള കടന്നുപോകുന്നത്. എല്ലാവരും അവരവരുടെ പ്രാദേശിക സ്വത്വത്തിന്റെ വെള്ളം കയറാത്ത അറകളിലാണ്. ഓരോ കൂട്ടരും തങ്ങൾക്കു ണ്ടെന്ന് കരുതുന്ന സാമൂഹ്യജീവിതം മുഴുവനും അവരവരുടെ കള്ളികൾക്കുള്ളിൽ മാത്രമാണ് നിറവേറുന്നത്.''

ഒന്ന് നിറുത്തി എല്ലാവരുടെയും പ്രതികരണങ്ങൾ ഗൗരവം പൂണ്ടത് ശ്രദ്ധിച്ച് ഫാദർ ഹെർമൻ തുടർന്നു: ‘‘കരാറായിരിക്കുന്ന തൊഴിലെടുത്ത് ഭക്ഷണച്ചെലവുകൾ നടത്തുകയും ഭാര്യമാരുമായി രതിയിലേർപ്പെട്ട്​ സന്തതികളെ ഉണ്ടാക്കുകയും ചെയ്യുകയെന്ന ഋജുരേഖയിലെ കർമങ്ങൾ മാത്രം. അതിനപ്പുറം എന്തെങ്കിലും ചെയ്താൽ അതീവകർക്കശമായ നിയമങ്ങളുടെ പിടിയിൽ ചെന്നുപെടുമെന്നും ഭയാനകമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടിവരുമെന്നും ഒറ്റയ്‌ക്കൊറ്റയ്ക്കു മനുഷ്യർ ഭയപ്പെടുന്നു. ജീവിതം അത്രമാത്രമാകുമ്പോൾ എല്ലാ സങ്കലനങ്ങളും സർഗാത്്മകതയും അത്രയിടത്തിൽ ചുരുങ്ങുന്നു.''

ഫാദർ ഹെർമൻ വണ്ടിയിൽ കയറുമ്പോൾ വാതിൽ ബഹുമാനപൂർവം അടച്ചുകൊണ്ട് ഹാൻസ് പോൾസനെ കണ്ടുമുട്ടിയോ എന്ന് അബ്രഹാം ജോസഫ് ചോദിച്ചു. ഇല്ലെന്നും അതിനുവേണ്ടി ഇനിയും വൈകാരികമായ തയ്യാറെടുപ്പുകൾ ആവശ്യമുണ്ടെന്നും നിങ്ങളിൽ ചിലരേക്കൂടി പാകപ്പെടുത്ത ണമെന്നും പറഞ്ഞ് ഫാദർ ഹെർമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments