ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം നാല്​

2. ചരിത്രത്തിലെ പെരുമയേറിയ കാർണിവൽ

റെക്കാലം പലയിടങ്ങളിൽ അലഞ്ഞു നടന്നും ക്രമരഹിതജീവിതം നയിച്ചും പുസ്തകങ്ങൾ വായിച്ചും അബ്രഹാം ജോസഫിന്റെ മകൻ കഥകൾ പറയാൻ പഠിച്ചു എന്ന് എനിക്ക് മനസ്സിലായി. അയാളുടെ കുട്ടിക്കാലത്ത് ഒരു തവണ മാത്രം ഫാദർ ഹെർമന്റെ ഒപ്പം ചെലവഴിച്ച ദിവസം ജീവിതാവസ്ഥകളെക്കുറിച്ച് അദ്ദേഹം നടത്തിയ അപഗ്രഥനങ്ങൾ പിന്നീടെന്നും ആ വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നയാൾ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. അയാൾ വിവരിക്കുന്ന അനുഭവങ്ങളിൽ അതിന്റെ ലാഞ്ചനകളുണ്ടായിരുന്നു. ഓർമകൾ തീക്ഷ്ണ​മായിരുന്നു.

ബഷീർ ആലം അയാളെ ദിൽമുനിയയിൽ കറങ്ങാൻ കൊണ്ടുനടക്കുന്ന കാലം. റാസ് കുലൈബിൽ മലയാളികൾ തിങ്ങിത്താമസിക്കുന്ന ഒരു തെരുവിൽ അതിരുചിയുള്ള കേരള ഊണിന് പേരുകേട്ട ഹൊറൈസൺ ഹോട്ടലിൽ അവർ പോയി. ദിൽമുനിയയിലെ ചായക്കടകളിൽ ചോറും മീൻ കറിയും മറ്റു വിഭവങ്ങളും ചേർന്ന മലയാളികളുടെ ശൈലിയിലെ ഊണിനെ കേരള എന്നാണ് വിളിക്കുന്നത്. അവിടെയൊരു കേരള, ഇവിടെയൊരു കേരള, നാല് കേരള പാഴ്‌സൽ എന്നെല്ലാം തിരക്കാകുമ്പോൾ സപ്ലയർമാരോട് ഉറക്കെ വിളിച്ചു പറയുന്ന മേൽനോട്ടക്കാരെ ആ ഹോട്ടലുകളിൽ കാണാം. ചെവികളെ തുളച്ചുകയറുന്ന കർക്കശ ശബ്ദത്തിൽ അവിടവിടെ ഓരോരോ കേരളകൾ പറഞ്ഞും ഓടി നടന്നും ഹൊറൈസൺ ഹോട്ടലിനെ ചലനസാന്ദ്രമാക്കുന്ന കുഞ്ഞാലി ദീർഘകാലമായി ബഷീർ ആലത്തിന്റെ പരിചയക്കാരനാണ്. പത്തിരുപതുവർഷം മുന്നേ ഹോട്ടലിനോട് ചേർന്നുള്ള ചെറിയ ഷവർമ്മ ക്യുബിക്കിളിൽ കുഞ്ഞാലി ബോയി ആയി തുടങ്ങിയപ്പോൾ മുതൽക്കേ അവർ പരസ്പരം അറിയും. കുഞ്ഞാലിയെപ്പോലെ ചുറുചുറുക്കുള്ള ഒരാൾ പതിവനുസരിച്ച് ഇതിനോടകം ഒന്നോ അതിലധികമോ ഹോട്ടൽ സ്വന്തമായി എടുത്ത് നടത്തേണ്ടതാണ്. പക്ഷേ അമ്മാവന്റെ ഉടമസ്ഥതയിലെ ഹൊറൈസൺ ഹോട്ടലിൽ ജോലി തുടരാനേ കുഞ്ഞാലിക്കു കഴിഞ്ഞുള്ളൂ. കുഞ്ഞാലിയോടൊപ്പം നാട്ടിൽനിന്ന് വന്ന അമ്മാവെന്റ മകനാണ് അപ്പോൾ ഹോട്ടൽ ഉടമസ്ഥൻ. അയാൾക്ക് വേറെയും അനവധി സ്ഥാപനങ്ങളുണ്ട്. രണ്ടു കേരള പാഴ്‌സൽ വാങ്ങി മടങ്ങുന്ന ബഷീർ ആലത്തിനരികിലേക്ക് കുശലം പറയാൻ വേണ്ടി തിരക്കിനു നടുവിലും കുഞ്ഞാലി ഓടിയെത്തി.

രണ്ടുനാൾ കഴിഞ്ഞുവരുന്ന ബക്രീദിന് ഉച്ചക്കുശേഷം പിറ്റേന്നാൾ ഉച്ച വരെ അവധിയാണല്ലോ, എന്താണ് പരിപാടി എന്നായിരുന്നു ബഷീർ ആലത്തിന്റെ കുശലം. കൊല്ലത്തിൽ ഒരു ദിവസം കിട്ടുന്ന അവധിയല്ലേ ഇത്തവണ ആ ദിവസം തന്റെ വളരെക്കാലത്തെ മോഹം സാക്ഷാത്കരിക്കാൻ നിശ്ചയമായും ഉപയോഗിക്കുമെന്ന് കുഞ്ഞാലി ആവർത്തിച്ചു. ഇരുണ്ട നിറത്തിൽ മെലിഞ്ഞിരിക്കുന്ന കുഞ്ഞാലിയുടെ ശരീരത്തിൽ ശബ്​ദവും കാഴ്ചയും അധികമായി പ്രവർത്തിക്കുന്നുവെന്ന തോന്നലുമായി അരികത്ത് കേട്ടുനിൽക്കുകയാണ് ടോണി അബ്രഹാം.

അറേബ്യാ വൻകരയുമായി ദിൽമുനിയയെ ബന്ധിപ്പിക്കാൻ കടലിനു മുകളിലൂടെ പണിതീർത്ത പാലം തുറന്നിട്ട് പത്തുവർഷമായെന്നു കുഞ്ഞാലി പറഞ്ഞു. ദുനിയാവിലെ അുതമായ ആ കടൽപാലത്തിലൂടെ പതിനാല്​ കിലോമീറ്ററോളം ദൂരം പകുതി വഴി വരെ ദിൽമുനിയയിൽ ഉള്ളവർക്കെല്ലാം പോകാമെന്നും പത്തു വർഷമായി ശ്രമിച്ചിട്ടും ആ പാലമൊന്നു കാണാൻ കഴിഞ്ഞിട്ടില്ലെന്നും അയാൾ വിശദീകരിച്ചു . റൂമിൽ കൂടെയുള്ളവർക്ക് ആർക്കും താത്പര്യമില്ലാഞ്ഞിട്ടാണ് നടക്കാത്തത്. പാലത്തിൽ പോകാൻ വണ്ടിസൗകര്യവും അവിടുത്തെ ടോൾ ഗേറ്റിൽ അടയ്ക്കാൻ കാശും ചെലവാക്കുന്നത് അധികപ്പറ്റായിട്ടാണ് അവർ കാണുന്നത്. കുഞ്ഞാലിയ്ക്ക് തനിയെ ആ ചെലവുകൾ നടത്താൻ പാങ്ങില്ലാത്തതുകൊണ്ട് അതങ്ങിനെ വൈകിയതാണ്. എന്തായാലും ആ വല്യപെരുന്നാളിന് പാലം കാണാൻ പോകുമെന്ന് തന്നോടെന്നപോലെ കുഞ്ഞാലി ആവർത്തിച്ചുറപ്പിച്ചു.
അക്കാലത്ത് കോസ് വേ പ്രൊജക്റ്റിൽ ധാരാളം മെയിന്റനൻസ് കോൺട്രാക്റ്റുകൾ ചെയ്യുന്ന എമ്മിയെസ് കമ്പനിയുടെ കുറേ വണ്ടികൾക്ക് കടൽപാലത്തിലൂടെ കടന്നുപോകാനുള്ള പാസുണ്ട്. എത്ര തവണ വേണമെങ്കിലും ടോൾ കൊടുക്കാതെ അവർക്ക് പാലം കടന്നു പോകാം. ഒരു പാസ് ബഷീർ ആലം ഓടിയ്ക്കുന്ന വണ്ടിയുടെ മുന്നിലെ ചില്ലിലും ഒട്ടിച്ചിട്ടുണ്ട്. ആ ദിവസവും അവർ പാലത്തിനു മുകളിലൂടെ പോയതാണ്. വല്യപെരുന്നാളിന് കുഞ്ഞാലിയെ കടൽ പാലം കാണാൻ കൊണ്ട് പോകണമെന്ന് തിരിച്ചുപോകുമ്പോൾ ടോണി അബ്രഹാം ആഗ്രഹം പ്രകടിപ്പിച്ചു. കമ്പനിയുടെ വണ്ടിയിൽ അനുവാദമില്ലാതെ അന്യനായ ഒരാളെ കയറ്റിക്കൊണ്ട് പോകാൻ ബഷീർ ആലം വിസമ്മതിച്ചിട്ടും അയാൾ വഴങ്ങിയില്ല. രണ്ടുനാൾ കഴിഞ്ഞു വല്യപെരുന്നാളിന് ഉച്ചയ്ക്ക് കുഞ്ഞാലിയെയും അയാളുടെ റൂമിലുള്ള രണ്ടു മച്ചുനന്മാരെയും കൂട്ടി അവർ പാലത്തിന്റെ പകുതിയിലെ മനുഷ്യനിർമ്മിതദ്വീപിൽ എത്തിയപ്പോൾ അവിടെ ജനപ്രളയം ആയിരുന്നു. കൊല്ലത്തിൽ ഒരു ദിവസം മാത്രം അവധിയും മറ്റെല്ലാദിവസങ്ങളിലും പതിനാറുമണിക്കൂറിൽ കൂടുതൽ ജോലിയുമുള്ള പീടികപ്പണിക്കാരിൽ കുറെപ്പേരെങ്കിലും അപ്പോഴത്തെ തിരക്കിൽ ഉണ്ടാവുമെന്ന് കുഞ്ഞാലി തന്റെ ഊഹം അവരോടു പറഞ്ഞു.

കച്ചവടക്കാരിൽ ദൃശ്യത കിട്ടിയ ചിലരെ മാത്രം നോക്കിയിട്ട് ജീവിതം ഇവിടുത്തെ കടകളിൽ ഹോമിച്ച അനേകം പേരെ അതിൽപ്പെടുത്തി കാണരുതെന്ന അയാളുടെ അഭിപ്രായം ശരിവയ്ക്കാൻ എനിക്ക് തോന്നി.

‘‘കുടിയേറ്റങ്ങൾ ധാരാളം മുമ്പും ഉണ്ടായിട്ടുണ്ടല്ലോ? നിങ്ങളുടെ നാട്ടുകാർ എല്ലാക്കാലത്തും കൂട്ടത്തോടെ അന്യനാടുകളിലേയ്ക്ക് പണിയെടുക്കാൻ പോയിട്ടുള്ളവരല്ലേ?''

‘‘അന്നെല്ലാം പോയ നാട്ടിൽ സ്ഥിരവാസമുറപ്പിക്കണോ വേണ്ടേയെന്ന് അവർ തീരുമാനിച്ചു. അവിടുത്തെ നാട്ടുകാരിൽനിന്ന് വിവാഹം കഴിക്കണമോ വേണ്ടേയെന്ന തീരുമാനം അവരുടേതായിരുന്നു. മദ്യപിക്കണമോ നോമ്പെടുക്കണോ ഏതു മതദൈവത്തെ പ്രാർത്ഥിക്കണം തുടങ്ങി ധാരാളം കാര്യങ്ങൾ അവർ തിരഞ്ഞെടുത്തു. ഇണകളും കുടുംബവും കുട്ടികളും ഒപ്പം വേണമോ വേണ്ടേ എന്നു തീരുമാനിക്കാൻ അവർക്ക് അവകാശമുണ്ടായിരുന്നു. ഇപ്പോൾ മാത്രം അങ്ങനെയല്ല, അതൊന്നും ആലോചിക്കുക പോലും ചെയ്യാതെ ജോലി ചെയ്യണം എന്നത് കർശനനിയമമാണ്, ലംഘിച്ചാൽ വലിയ ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്ന നിയമങ്ങളാണുള്ളത്. രണ്ടുവർഷം തൊഴിലെടുക്കാൻ കരാറിൽ തനിയെ വന്ന് ഇരുപതും മുപ്പതും വർഷങ്ങൾ തുടർച്ചയായി പണി മാത്രം ചെയ്ത് ഇവിടെ ജീവിക്കുന്നവർ ധാരാളമുണ്ട്. ഇണയോടും കുടുംബത്തോടും ചേർന്ന് കഴിയാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുന്നത് ആരുടെയും വിഷയമായില്ല.

തുടക്കത്തിൽ ഞങ്ങളുടെ സംഭാഷണം തന്റെ കാര്യമല്ല എന്ന ഭാവത്തിൽ കയ്യിലെ ഫോണിൽ ചിത്രങ്ങൾ നോക്കിയിരിക്കുകയായിരുന്ന ബഷീർ ആലം അതുനിറുത്തി വച്ചിട്ട് കണ്ണുകൾ തുറന്നുവിടർത്തി അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. അയാളിപ്പോൾ പ്രകടിപ്പിച്ച വീക്ഷണത്തിലൂടെ ഈ കാര്യം ഞാനും ഒരിക്കലും കണ്ടിരുന്നില്ല.
‘‘ശരിയാണ്. കുടിയേറ്റത്തൊഴിലാളികളെ നായക സ്ഥാനത്ത് നിറുത്തി ആവണമെന്നില്ല ഈ അസാധാരണ സംവിധാനം രൂപപ്പെട്ടുവന്നത്. അവരുടെ പക്ഷത്ത് നിന്ന് ആരും ചിത്രത്തെ കണ്ടിട്ടു പോലും ഉണ്ടാവില്ല.''
‘‘പക്ഷേ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളാണ് അതിനിടയിൽ കടന്നു പോയത്. അവരുടെ തലമുറകളും, ഇവിടെയും അവരുടെ നാടുകളിലും.''
‘‘ടോണി, കടന്നു പോയ നൂറുവർഷങ്ങളിൽ ഈ ഭൂഭാഗത്ത് അരങ്ങേറിയത് നമ്മുടെ ജീവിവർഗത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കാർണിവൽ ആയിരുന്നു. സകല മനുഷ്യരുടെയും അദ്ധ്വാനഫലങ്ങളെ സ്വന്തമാക്കി സമ്പന്നരാകുന്ന ധനഭീമന്മാരുടെ മഝരഉഝവം. വലിയ ചൂതാട്ടക്കാരും എന്തും കച്ചവടം ചെയ്യുന്നവരും പങ്കെടുത്തു തിമിർത്താടിയ വലിയ കാർണിവൽ.

പുരുഷാന്തരങ്ങളിലെ ഏറ്റവും വലിയ പണമൊഴുക്ക് ഇവിടെ നടന്നപ്പോൾ അത് കാപിറ്റലിസത്തിന്റെ ജയഭേരികൾ കുറിച്ച പുതിയ ചരിത്രം രചിച്ചു.
എണ്ണപ്പണത്തിലൂടെ ഉണ്ടായ അതിസമൃദ്ധിയിൽ ജനങ്ങളെ പല അളവുകളിൽ പങ്കെടുപ്പിച്ച്, സ്വത്ത് അവർക്കും പങ്കിട്ട്​ ക്യാപിറ്റലിസം അതിന്റെ ഘടന പരിഷ്‌കരിച്ചില്ലേ? അത്​ സ്വാഗതാർഹമല്ലേ?, ടോണി ഇടപെട്ടു ചോദിച്ചു.

‘‘തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരലബ്​ദിയെന്ന സമ്പ്രദായം ലോകത്ത് വ്യാപകമായതാണ് അതിനുകാരണം . പണമെല്ലാം വിരലിൽ എണ്ണാവുന്ന കുറച്ചു പേർക്ക് മാത്രം കുന്നുകൂടുന്ന പഴയ രീതിയിലെ ക്യാപിറ്റലിസം ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്നുവെന്ന്​ അവർ മനസ്സിലാക്കി. തിരിച്ചടികൾ നേരിടുകയും പലയിടങ്ങളിലും ഭരണത്തിൽ നിന്ന് പുറത്ത് പോവുകയും ചെയ്തു . അധികാരം ഉറപ്പിക്കാൻ സ്വയം പുതുക്കിപ്പണിത വ്യവസ്?ഥയെ സമ്പത്ത് കൊണ്ട് ഉറപ്പിച്ചതാണ് ഓയിൽ ക്യാപിറ്റലിസം’’- കൃത്യമായ രൂപം ആര്ജ്ജിക്കാതെ എന്റെ ഉള്ളിൽ കലങ്ങിമറിയുകയായിരുന്ന ഒരു ചിന്തയാണ് ഞാൻ ഉന്നയിച്ചത് .

‘‘സമൂഹത്തിൽ എല്ലാവർക്കും കുറെ സമ്പത്തും ഭൗതിക സൗകര്യങ്ങളും വിതരണം ചെയ്തു. നല്ല ശമ്പളമുള്ള തൊഴിലുകൾ സൃഷ്ടിച്ചു ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിച്ചു. എന്നിട്ട്, ഉപഭോഗ ഉത്പന്നങ്ങളുടെ കൺസ്യൂമർ മാർക്കറ്റുകൾ കണ്ണഞ്ചിപ്പിക്കുന്ന കച്ചവട ഉത്സവങ്ങൾ നടത്തുന്ന കമ്പോളങ്ങൾ സൃഷ്ടിച്ചു വളർത്തി. മാർക്കറ്റ്​ എക്കോണമിയായി പുതിയ അവതാരരൂപം കൈക്കൊണ്ട നവമുതലാളിത്തം വിജയിച്ചുകൊണ്ടിരിക്കുന്ന അങ്കത്തട്ടാണിവിടം. ലോകത്തിലെ എല്ലാ ഭാഗ്യാന്വേഷികളും ഇവിടെ കുന്നുകൂടിയ സ്വത്തിന്റെ പങ്കു പറ്റാനായി തിങ്ങിക്കൂടി. അതി സമൃദ്ധിയുടെ വർണ്ണപ്പകിട്ടും പൂരങ്ങളും നൂറു വർഷങ്ങൾ നിറഞ്ഞാടി. മദം പൊട്ടിയ ധന ലഹരി ഇവിടെ ഭ്രാന്തമായ ജീവിതാഘോഷങ്ങളായി അരങ്ങേറി . ഇത്രയധികം മനുഷ്യവംശങ്ങൾ ഭൂമിയിൽ നടന്ന മറ്റൊരു കാർണിവലിലും പങ്കെടുത്തിട്ടില്ല.'' എന്റെ ആശയം വ്യക്തമാക്കാൻ ഞാൻ വീണ്ടും വിശദീകരിച്ചു.

‘‘അതിനിടയിൽ ദാസ്യപ്പണികൾക്ക് വന്ന കുടിയേറ്റതൊഴിലാളിയുടെ മനുഷ്യാവകാശങ്ങൾ ആരു നോക്കാൻ. മനുഷ്യരെ ഒരിടത്തുനിന്ന് വാങ്ങുകയും മറ്റൊരിടത്ത് വിൽക്കുകയും ചെയ്യുന്ന വ്യാപാരം പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്ന ഗോത്രങ്ങളുടെ ഈ ഭൂ ഭാഗം ആ കാർണിവലിനു ഏറ്റവും അനുയോജ്യമായ കളിസ്?ഥലമായി എന്നെനിക്കു തോന്നുന്നു’’, ഞാനൊന്നു നിറുത്തിയപ്പോൾ അയാൾ കൂട്ടിച്ചേർത്തു.

‘‘കാർണിവലിൽ കുടിയേറ്റ തൊഴിലാളികളുടെ ആളെണ്ണം വളരെ വലുതാണെങ്കിലും പങ്ക് തീരെ ചെറുതാണ്. അറേബ്യ അതിന്റെ കളിസ്ഥലമാണെങ്കിലും അതിനായി വിരിച്ച പരവതാനികളും തോരണങ്ങളും വർണ്ണകംബളങ്ങളും മേളക്കൊഴുപ്പും ലോകത്തിന്റെ എല്ലാ അതിരുകളിലേക്കും പടർന്നുചെന്നു. മാർക്കറ്റ് എക്കണോമിക്ക് ലോകത്തെ കീഴടക്കാൻ എണ്ണപ്പണം ഉപയോഗിക്കാനുള്ള കാർണിവൽ ആണ് നടക്കുന്നതെന്ന് ഞാനും എന്റെ നിസ്സഹായരായ സഖാക്കളും പറഞ്ഞത് ആരും വിലവച്ചില്ല. കണ്ടുനിൽക്കുകയും ഘോഷയാത്രയുടെ ഒഴുക്കിനൊത്ത് പോവുകയും ചില വേഷങ്ങൾ കെട്ടിയാടുകയും അല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ജനങ്ങളും അവരുടെ ഗവൺമെന്റുകളും മൗനവേഷങ്ങൾ അഭിനയിച്ച രംഗവേദി ആയിരുന്നു പശ്ചിമേഷ്യ.''

കേൾവിയുടെ അതിശയങ്ങളെ അയാളുടെ കണ്ണും മുഖവും ചേർത്ത് എടുക്കുന്നു. അറിയുകയാണ് അയാളുടെ ലക്ഷ്യമെന്ന് മനസ്സിലാവുന്ന വിധത്തിൽ അയാളുടെ ഭാവങ്ങൾ വിടർന്നിരിക്കുന്നു. ആരോഗ്യാവസ്ഥ അത്ര നന്നല്ലാത്തതിനാൽ ഞാൻ ഈയിടെയായി ഇത്തരം ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുന്നത് നിറുത്തിയിരിക്കുകയാണ്. എങ്കിലും വർഷങ്ങൾക്കുമുമ്പ് ഞാൻ സജീവമായി അതിൽ വ്യാപരിച്ചിരുന്നപ്പോൾ പറഞ്ഞ ചില നിഗമനങ്ങളിന്മേൽ ഇത്ര കാലം കഴിഞ്ഞിട്ടുള്ള പരിശോധന എന്നാൽ തന്നെ നല്ല കൗതുകം ജനിപ്പിക്കുന്നുണ്ട്. ഞാൻ ഒരിറക്ക് സുലൈമാനി കുടിച്ചിട്ട് തുടർന്നു.

എണ്ണയുടെ കണ്ടുപിടിത്തം ഉണ്ടായപ്പോൾ മോട്ടോർ വണ്ടികളുടെ പുതിയ വ്യവസായം വരികയും അതുലോകത്തെ കീഴടക്കുകയും ചെയ്തു. ഓരോ ചെറിയ ഉപകരണത്തിന്റെയും മോട്ടോർ പ്രവർത്തിപ്പിക്കാനും വെളിച്ചത്തിന്റെ ഒരു കിരണം ലഭിക്കുവാനും േെപട്രാൾ അനിവാര്യമാകും വിധം നമ്മുടെ ഉപകരണങ്ങളുടെയെല്ലാം ഇന്ധനരീതികളിൽ പുതിയ വകഭേദങ്ങളുണ്ടായി. ലോകത്തിന്റെ ഏതുകോണിലും വിദൂരമായ ദിക്കുകളിലും വയലിൽ പണിയെടുക്കുന്ന കൃഷിക്കാരന് തന്റെ ചെടിയ്ക്ക് അല്പം വെള്ളം തേവണമെങ്കിൽ പമ്പ് പ്രവർത്തിപ്പിക്കണം. അതിന് ഡീസലോ പെട്രോളോ വേണം. ഓരോ തവണ പെട്രോളിന് വില വർദ്ധിക്കുമ്പോഴും ആ മനുഷ്യരുടെ അദ്ധ്വാനഫലത്തിൽ നിന്നാണ് ആ അധികവില കൊടുക്കുന്നത്. നമ്മുടെ അടുക്കളകളിൽ നിന്ന് വിറകിൽ തീ എരിയുന്ന ആദിമമായ അടുപ്പുകളും പ്രകൃത്യാ ഉള്ള വേവുരുചികളും പോയി മറഞ്ഞിട്ട് ഗ്യാസ് ഉപയോഗിച്ചുള്ള അടുപ്പുകളും കലങ്ങളും ചട്ടികളും വന്നു. ആമസോൺ കാടുകളെ കുറിച്ച് പറയും പോലെ പശ്ചിമേഷ്യയിൽ ഒരുകിളി ചിറകടിക്കുമ്പോൾ പാറുന്ന പൊടി ഉണ്ടാക്കുന്ന അന്തരീക്ഷ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ലോകത്തിലെ എല്ലാ മനുഷ്യരെയും അവരുടെ ജീവിതച്ചിലവുകളെയും ബാധിക്കുന്നതായി.''

‘‘ഇതിന്റെ ഒരു ആദിരൂപം ഹജ്ജി അന്നും പറഞ്ഞിരുന്നു. അതെന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. എണ്ണ വില മേൽക്കുമേൽ കൂട്ടി ലോകജനതയുടെ അദ്ധ്വാനഫലമെല്ലാം പശ്ചിമേഷ്യയിൽ സമ്പത്തായി കേന്ദ്രീകരിക്കുന്നതും പുതിയ രൂപങ്ങളിലെ കോളനിവാഴ്ചകൾ പല വിധത്തിൽ ആ സമ്പത്ത് ഇവിടുന്ന് കൊണ്ട് പോകുന്നതും.''

'' അതേയതെ, അത് ഒന്നാം ഗൾഫ് യുദ്ധം കഴിഞ്ഞ കാലം ആയിരുന്നല്ലോ. ഒരു പ്രദർശന മത്സരഗെയിം ഷെഡ്യൂൾ ചെയ്ത്‌ പ്രേക്ഷകശ്രദ്ധ പിടിച്ചെടുക്കുന്ന അുതകരമായ പ്രകടനങ്ങളോടെ കളി നടത്തി വിജയിച്ച്‌ ട്രോഫിയും പ്രതിഫലവും വാങ്ങി രംഗം വിടുന്നതു പോലെയായിരുന്നു സഖ്യകക്ഷികൾക്ക് ഒന്നാം ഗൾഫ് യുദ്ധം. മുഴുവൻ യുദ്ധച്ചെലവും അതിലധികവും അവർ ഇൻ വോയിസ് ചെയ്താണ് വാങ്ങിയെടുത്തത്. ഭൂമിയിൽ എവിടെയും എണ്ണ ഉപയോഗിക്കുന്ന ഓരോ ആളെയും വില കൂട്ടി പിഴിഞ്ഞെടുക്കുമ്പോൾ ഇവിടെ വന്നു കുമിഞ്ഞു കൂടുന്ന എണ്ണസമ്പത്തിന്റെ വലിയ ഭാഗവും യുദ്ധോപകരണങ്ങൾ നിർമിക്കുന്ന വൻശക്തിരാജ്യങ്ങൾ പടക്കോപ്പുകൾ വിൽപന ചെയ്തു കൊണ്ടുപോകുന്നു. കടലിനു നടുവിൽ ഒരു ചെറുദ്വീപായ ദിൽമുനിയ ഒരു നല്ല കരസേനയുള്ള രാജ്യമാണ്. കരസേനയ്ക്ക് ടാങ്കുകളും കവചിത വാഹനങ്ങളും ധാരാളമുണ്ട്. കൂടാതെ വലിയ വ്യോമസേനയുണ്ട്. ശത്രുവരാൻ സാധ്യത കടലിൽ നിന്നാണ്. പക്ഷേ ഞങ്ങൾക്ക് വലിയ നാവികസേനയില്ല. ഞങ്ങളുടെ അതിരു കാക്കുന്നത് ബ്രിട്ടനാണ്. ഇപ്പോൾ അമേരിക്കയും വന്നിട്ടുണ്ട്. എപ്പോൾ ആരോട് ഏതു യുദ്ധം ചെയ്യുമ്പോഴാണ് ഞങ്ങളുടെ സേനകൾ ഞങ്ങൾ വാങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ പോകുന്നതെന്ന് എനിക്ക് ഒരൂഹവുമില്ല. ആർക്കെങ്കിലും ഉണ്ടെന്നു തോന്നുന്നുമില്ല.''

‘‘ഏതേതു രാജ്യങ്ങൾ തമ്മിലാവണം യുദ്ധമെന്നും അതെപ്പോൾ വേണമെന്നും പുതിയ ആഗോള മേലാളന്മാർ നിശ്ചയിക്കുന്നു എന്നല്ലേ?'' ടോണി അബ്രഹാം ചോദിച്ചു.''

‘‘മരുജീവിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നത്​ വാഹനങ്ങളാണ്. അവ ഉത്പാദിപ്പിക്കുന്നവരും നല്ല പങ്ക്​ എണ്ണപ്പണം കൊണ്ടുപോകുന്നു . നിത്യജീവിത സാമഗ്രികളും ആഡംബര വസ്തുക്കളും പുതിയ കണ്ടുപിടിത്തങ്ങളും വിൽക്കാൻ ലോക വ്യാപാരക്കരാറും സ്വതന്ത്ര കമ്പോള വ്യവസ്ഥയും മുതലെടുക്കാൻ വന്നവരാണ് വലിയ നേട്ടങ്ങൾ കൊയ്തവർ. കുറഞ്ഞ വിലയ്ക്ക് മനുഷ്യരെ കയറ്റി അയക്കുന്ന ദരിദ്രരാജ്യങ്ങൾക്ക് ഏറ്റവും ഒടുവിലെ തുച്​ഛമായ പങ്കു മാത്രമേയുള്ളൂ. അത് കൊണ്ടാണ് ഈ കാർണിവലിൽകുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങൾ അപ്രസകതമായിപ്പോയത്. ഞാൻ ധാരാളം ഹിന്ദി സിനിമകൾ കാണാറുണ്ട്. പണ്ടെനിക്ക് നല്ല സിനിമാ കമ്പം ഉണ്ടായിരുന്നപ്പോൾ ബുധനാഴ്ച തോറും ടി വിയിൽ വരുന്ന ഹിന്ദി സിനിമ കാണാൻ ഞാൻ കാത്തിരിക്കുമായിരുന്നു. ഗാന രംഗങ്ങളിൽ നായികാ നായകന്മാർക്ക് പിന്നിൽ നൂറു കണക്കിന് നർത്തകർ പശ്ചാത്തലത്തിൽ ഉണ്ടാകാറില്ലേ? കുടിയേറി വന്ന തൊഴിലാളികളെ അങ്ങനെ കണ്ടാൽ മതിയാകും. നായകനും നായികയും വില്ലനും അവരുടെയെല്ലാം കുടുംബാംഗങ്ങളും വേറെ ആണ്.''
അയാൾ ചിരിച്ചു പോയി.

‘‘എങ്കിലും നിങ്ങൾ മലയാളികൾ എന്തുകൊണ്ടാവും ഇങ്ങനെ അനേകം തലമുറകളിൽ കൂട്ടമായി വിദേശത്തേക്ക് കുടിയേറുന്നവരായതെന്ന് ഞാൻ ആലോചിക്കാറുള്ള കാര്യമാണ്.''

വലിയ സംഘം മലയാളികളുടെ കുടിയേറ്റം ആവർത്തിച്ചു സംഭവിക്കുന്നതിന് കാരണമായി അയാൾ പറഞ്ഞത് ഭേദപ്പെട്ട അനുമാനമായിരുന്നു.
പ്രപഞ്ച വിസ്തൃതിയോളം അകലങ്ങളിലെക്കും അനന്തതയിലേക്കും കേരളത്തിന്റെ ആകെ നീളത്തിൽ തൊട്ടു കിടക്കുന്ന പടിഞ്ഞാറേ കടൽ കേരളീയർക്ക് വലിയ തുറവിയും സ്വാതന്ത്ര്യവുമാണ്. പ്രത്യേകിച്ച് കിഴക്കതിരിന്റെ ഒരറ്റം മുതൽ മറ്റേഅറ്റം വരെയും വെസ്റ്റേൺഘട്ട് മല നിരകളും നിബിഢ വനങ്ങളും വന്യമൃഗങ്ങളും ഉയരം കൂടിയ മതിൽ കെട്ടി അടച്ച് എല്ലാ പോക്കുവരവുകളെയും വന ഗഹനതയോടെ നിയന്ത്രിച്ചു നിൽക്കുമ്പോൾ. ഇന്ത്യയെ തേടി മദ്ധ്യേഷ്യയിൽ നിന്ന് കരമാർഗം വന്ന ആക്രമണകാരികളും ഇന്ത്യയിലെ ജാതിവ്യവസ്ഥയും കേരളത്തിൽ എത്താതിരുന്നത് മല മതിൽ കെട്ടി നിന്നതുകൊണ്ടാണ്.

ലോകത്തിലെ വിദൂര ദേശങ്ങളിൽ നിന്ന്​ സാഹസികരായ സമുദ്രസഞ്ചാരികൾ കിഴക്കിന്റെ അപൂർവ്വ വിഭവങ്ങളും അപരിചിത ലോകവും തേടി എത്തിയത് കേരളത്തിന്റെ തീരങ്ങളിലേക്കാണ്. കടലുകൾ താണ്ടിയെത്തിയ യാത്രികരെ സ്വീകരിക്കുകയും അവരുടെ ഒപ്പം ചേരുകയും അവരുടെ കൂടെപ്പോവുകയും അവരെ കൂട്ടിവരികയും ചെയ്യുക മലയാളിക്ക് എളുപ്പമായി മാറിയ ഒരു സാധ്യതയാണ്. ഭേദിക്കൽ അതീവ ദുഷ്‌കരമായതിനാൽ മലകൾക്കപ്പുറത്തുള്ള ഇന്ത്യയെ പരിചയിച്ചത് അവരിലെ സാഹസികരും തീര്ത്ഹാടകരും മാത്രമാണ്. വിശാലമായ കടൽ തുറവികളിലൂടെ കൊടുക്കൽ വാങ്ങലുകൾ എളുപ്പമായ പുറം ലോകവുമായി അവർ നിത്യ ജീവിതത്തിന്റെ ഭാഗമായി ഇടപെട്ടു. നൂറ്റാണ്ടുകൾക്കു മുന്നേ കടലിനക്കരെയുള്ള ലോകവുമായി സങ്കലനം ചെയ്യാൻ ആരംഭിച്ച കേരളക്കാർക്ക് തങ്ങൾ വിനിമയങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന നാടുകളിലേക്ക് ബന്ധങ്ങൾ ഉണ്ടായി. ആ നാടുകളിലെ സാധ്യതകളിലേക്ക് സ്വാഭാവികമായ അവസരങ്ങൾ ലഭിച്ചു. പുറത്തെ ലോകത്തിന്റെ പുത്തനറിവുകളും ചിന്തകളും വിദ്യകളും ശാസ്ത്രങ്ങളും അറിയുന്നവർ അവർക്കിടയിലുണ്ടായി. പുതിയ സങ്കലനങ്ങളുടെ മുഹൂർത്തങ്ങൾ വന്നപ്പോൾ മലയാളികൾ മറ്റെല്ലാവരെയും പിന്നിലാക്കാൻ കഴിവുള്ളവരായി. കുടിയേറിപ്പോകുന്ന നാടുകളിൽ അതിജീവനം സാധ്യമാക്കാനുള്ള അവരുടെ പാടവം കടലമ്മ അതിന്റെ മക്കൾക്ക് നൽകുന്ന വാത്സല്യാനുഗ്രഹമാണ്.

‘‘കുടിയേറ്റങ്ങൾ കൂട്ടത്തോടെയുള്ളതാകുന്നത് ഒരു സമൂഹവാസനയാണ് ഹജ്ജി, ദിൽമുനിയയിലെ ഒരു വീട്ടിൽ രണ്ടു അടുക്കളകൾ പണിതാൽ വളരെ കുറച്ചുകാലം കഴിയുമ്പോൾ ദിൽമുനിയയിൽ പണിയുന്ന എല്ലാ വീടുകളും രണ്ടു അടുക്കളകൾ ഉള്ളതാവും. കേരളത്തിലെ ഒരു വീട്ടുമുറ്റത്ത് ഇഷ്ടിക വിരിച്ച്​ കുറച്ചുനാൾ കഴിയുമ്പോൾ കേരളത്തിലെ എല്ലാ മുറ്റങ്ങളും ഇഷ്ടിക വിരിച്ചതാകും. അത്തരം സമൂഹവാസന കാരണമാണ് ഞങ്ങളുടെ കുടിയേറ്റങ്ങൾ കൂട്ടക്കുടിയേറ്റങ്ങൾ ആകുന്നത്. ചിലർക്കെങ്കിലും ഉണ്ടായ വലിയ സംഖ്യകളിലെ ധനനേട്ടങ്ങളാണ് മലയാളികളുടെ എണ്ണക്കുടിയേററത്തെ ഇത്രമേൽ വ്യാപകമാക്കിയത്.''

‘‘ഒരിക്കലും ശാന്തമാകാത്ത ആ കടലിനെ നിങ്ങൾ എന്തുകൊണ്ടാണ് കടലമ്മയെന്ന് വിളിക്കുന്നത്? ക്രുദ്ധയായതുപോലെ എപ്പോഴും ക്ഷോഭിച്ചു അലറുന്നു. സ്വന്തം ശക്തി മുഴുവൻ ആവാഹിച്ചെടുത്ത തിരമാലകൾ കൊണ്ട് കനിവില്ലാതെ തീരത്തെ തല്ലുന്നു. തക്കം കിട്ടുമ്പോഴൊക്കെ കയറി വന്ന് മനുഷ്യർ നിൽക്കുന്ന തറയും പാർക്കുന്ന കുടിലുകളും റാഞ്ചിക്കൊണ്ടു പോകുന്നു. എങ്ങനെയാണ് നിങ്ങളുടെ അമ്മയാകുന്നത്? ഇവിടുത്തെ മുദുല പ്രകൃതം കാട്ടുന്ന കടൽ അല്ലേ ശരിയായ കടലമ്മ! കുഞ്ഞിനെ തൊട്ടിലിൽ കിടത്തി, ചുണ്ടനക്കാതെ താരാട്ടുപാടി, അഥവാ ഉണർന്നാൽ താമരവള്ളി പോലെയുള്ള കൈകൾ കൊണ്ട് ഉലയ്ക്കാതെയെടുത്ത് നെഞ്ചോട് ചേർക്കാൻ നിർന്നിമേഷയായി നോക്കിയിരിക്കുന്ന ഇവിടുത്തെ കടലിനയല്ലേ കടലമ്മയെന്ന് വിളിക്കേണ്ടത്?'
കണ്ണുചിമ്മാതെ എന്നെ നോക്കുമ്പോൾ അയാൾ കടലുകളെ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന കൃഷ്ണമണി അനക്കങ്ങളുടെ മിന്നലാട്ടങ്ങൾ.

‘‘ഞാനിത് പണ്ട് അബ്രഹാം ജോസഫിനോട് ചോദിച്ച് അയാളെ ആശയക്കുഴപ്പത്തിലാക്കിയ ചോദ്യമാണ്, നിങ്ങളുടെ നാട്ടിലെ പ്രശസ്?തമായ കടൽത്തീര സുഖവാസ കേന്ദ്രത്തിൽ വച്ചാണ് ചോദിച്ചത്. മാനം മുട്ടെ ഉയർന്ന് ഇടി മുഴക്കം പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു വൻതിര. പിന്നാലെ വരികയായിരുന്ന മറ്റൊരു തിരയിൽ തട്ടിത്തകർന്ന് നുരയും പതയുമായി വെള്ളം വന്നു ഞങ്ങളുടെ കാലുകളെ നനച്ച നിമിഷത്തിലായിരുന്നു എന്റെ ചോദ്യം. അബ്രഹാം ജോസഫ് വാക് മിടുക്കിന്റെ മൂർച്ച കൊണ്ട് ഒരു ചൂടൻ മറുപടി തന്ന് എന്നെ തിരിച്ചടിക്കാതിരുന്ന അപൂർവമായ അവസരമായിരുന്നു അത്. ചേട്ടൻ മുസ്തഫയും അ രംഗം നന്നായി ആസ്വദിച്ചു. നിങ്ങളുടെ നാടിനെ ഗർഭം ധരിച്ചു പ്രസവിച്ച, അവിടുണ്ടായ മനുഷ്യരെയെല്ലാം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വളർത്തിവിട്ട അറബിക്കടലിനെ കടലമ്മയായി തന്നെ ഇപ്പോൾ റ്റോണി പറഞ്ഞപ്പോൾ എനിക്ക്​ മനസ്സിലാകുന്നു.''

അന്ന് ആൾ ബഹളം നിറഞ്ഞ ആ കടൽത്തീരത്ത് വച്ച് മുസ്തഫ ഇബ്രാഹീം കുടുംബത്തിലെ വലിയ പരിവാരത്തിന്റെ ആരവങ്ങൾക്കും കടലാഘോഷങ്ങൾക്കും ഇടയിൽ എന്റെ ചോദ്യത്തിന്റെ മുന്നിൽ ഇയാളുടെ കുസൃതിക്കാരൻ അച്ഛൻ അന്ധാളിച്ചുനിന്നു. എല്ലാ വർഷവും വേനൽക്കാലം കത്താൻ തുടങ്ങുമ്പോൾ കുടുംബം മുഴുവനും മൂന്നാഴ്ചയോളം വിദേശത്തെ ഏതെങ്കിലും രാജ്യത്തേക്ക് വിനോദയാത്ര പോകും. ഒരു വിമാനം ചാർട്ടർ ചെയ്ത് യൂറോപ്പിലോ ഏതെങ്കിലും അന്യഭൂഖണ്ഡത്തിലെ രാജ്യത്തേക്കോ പോവുകയാണ് പതിവ്. എമ്മിയെസ് കമ്പനി വളർന്നപ്പോൾ ആളെണ്ണം വർദ്ധിക്കുകയും യാത്ര നീക്കുപോക്കുകളില്ലാത്ത ഒരു അനുഷ്ടാനമായി മാറുകയും ചെയ്തു. ഓരോ കൊല്ലവും മേയ് മാസമാകുമ്പോൾ ഫാമിലി വെക്കേഷനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഓഫീസിൽ ആരംഭിക്കും. എല്ലാത്തവണയും ഇന്ത്യയിലേക്ക് പോകണമെന്ന് അബ്രഹാം ജോസഫ് നിർദ്ദേശിക്കും. ആ നിർദ്ദേശത്തിന് പൊതുസമ്മതി കിട്ടാതെ പോവുകയാണ് പതിവ്. ഒരു തവണയെങ്കിലും നിങ്ങൾക്ക് പോയിക്കൂടെ എന്ന് അബ്രഹാം ജോസഫ് നിർബന്ധിക്കു മെങ്കിലും ഇന്ത്യ ഒരിക്കലും ലക്ഷ്യസ്ഥാനം ആവില്ല. യൂറോപ്പ് ആയിരുന്നു എല്ലാവർക്കും പോകേണ്ട സ്ഥലം. വർഷംതോറും പോയപ്പോൾ അവിടെ വേനലറുതിയായ ജൂലൈ മാസത്തിലെ കാലാവസ്ഥയോടും അതീവസുന്ദരമായ പ്രകൃതിദൃശ്യങ്ങളോടും എല്ലാവരും ചേർന്നുവെന്നാണ് പറയാറ്. യഥാർത്ഥത്തിൽ അത് ഉള്ളിന്റെ ഉള്ളിൽ നിന്നുവരുന്ന ഒരു പകവീട്ടലാണ് . ബ്രിട്ടീഷുകാർ വളരെക്കാലം ഈ നാട് ഭരിച്ചിരുന്നപ്പോൾ ഇവിടുത്തെ സാധാരണ ജനങ്ങളെ അവർ മനുഷ്യരായിപ്പോലും കണക്കാക്കിയില്ല. രാജാവിനോട് പോലും ആദരവ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമായിരുന്നു. രാത്രികളിൽ അവർ അത്താഴവിരുന്നിന് സമ്മേളിക്കുമ്പോൾ സാഹിബുമാർക്ക് എന്തുമാത്രം സർവപുച്ഛം ആയിരുന്നെന്ന്​ അമ്മി അഹമദ് ഖലീൽ പറഞ്ഞു ഞങ്ങൾക്കറിയാം. ഓയിൽ കമ്പനിയിൽ മേൽനോട്ടക്കാരായിരുന്നപ്പോഴും തികഞ്ഞ യജമാനന്മാരായി അവർ പെരുമാറി. എന്റെ അബ്ബ ഉൾപ്പെടെയുള്ളവരെ അവർ അധിക്ഷേപിച്ചിട്ടുണ്ട്. അവരുടെ പിന്മുറക്കാരായ സാഹിബുമാരിലെ ആണും പെണ്ണും തങ്ങളുടെ ആകൾക്ക് കാത്തു നിൽക്കുന്നതും പരിചാരകരായി ജോലി നോക്കുന്നതും ഞങ്ങളിൽ എല്ലാവരും ആസ്വദിച്ചു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയുമ്പോൾ ബോധപൂർവം കൊടുക്കുന്ന വലിയ ടിപ്പ്‌സ് പ്രതീക്ഷിച്ച് അമിതമായ ആതിഥ്യമര്യാദയും സൽക്കാരങ്ങളുമായി അവർ കുനിഞ്ഞും വളഞ്ഞും ആദരിച്ചു നിൽക്കുന്നത് കുടുംബാംഗങ്ങൾ എല്ലാവരും കണ്ടു രസിച്ചു. മുന്നിൽ വിനീതരായി നിൽക്കുന്ന പുതിയ സാഹിബുമാർക്ക് മനസ്സിലാവാത്ത തരത്തിൽ ചിലർ അറബിയിൽ പരിഹാസ വാക്കുകളും പറയും.

ലണ്ടനിലും ഫ്രാങ്ക്ഫർട്ടിലും കമ്പനിക്ക് എമ്മിയെസ് ഹൗസ് എന്ന് പേരിട്ടു വിളിക്കുന്ന മാൻഷനുകൾ ഗസ്റ്റ് ഹൗസുകളായി ഉണ്ട്. മൻസൂർ മുസ്തഫ വളരെക്കാലം താമസിച്ചത് ലണ്ടനിലെ എമ്മിയെസ് ഹൗസിലാണ്. തൊണ്ണൂറുകളുടെ ഒടുവിൽ ലണ്ടനിൽ ഉപരിപഠനത്തിനുപോയ മൻസൂർ ശേഷം വളരെക്കാലം അവിടെ താമസിച്ചത് ചേട്ടൻ മുസ്തഫ തീരുമാനിച്ച പ്രകാരമായിരുന്നു. പഠനം തുടർന്നുപോകാനും അതിനുശേഷം അവിടെ ജോലി ചെയ്യാനും മൻസൂറിനെ ചേട്ടൻ പ്രേരിപ്പിച്ചു. ദിൽമുനിയയിൽ വളരെക്കാലമായി നടന്നുവരുന്ന ഷിയാ പ്രതിപക്ഷ പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നവരുമായുള്ള ബന്ധങ്ങളിൽ നിന്ന് മൻസൂറിനെ മാറ്റി നിറുത്തുകയായിരുന്നു ചേട്ടന്റെ ലക്ഷ്യം. അതിനും മുന്നേയുള്ള കുറേക്കാലം മൻസൂർ പഠനവും അവന്റെ യാത്രകളുമായി ദിൽമുനിയയിൽ സ്ഥിരതാമസമില്ലാത്ത ഒരാളെപ്പോലെയായിരുന്നു.

കുടുംബത്തിലേക്ക് നസീബ് കൊണ്ടുവന്നത് മൻസൂർ ആണെന്ന് ചേട്ടത്തി ഹൈഫയുടെ വിശ്വാസം എല്ലാവരും സ്വീകരിച്ച ഒരു ധാരണയായി വളർന്നിരുന്നു. മറ്റാർക്കും ഇല്ലാത്ത ധാരാളം പ്രത്യേക പരിഗണനകളും സ്വാതന്ത്ര്യവും കുടുംബത്തിൽ മൻസൂർ അനുഭവിച്ചു. ചേട്ടത്തി ഹൈഫക്ക്​ ആഹ്‌ളാദവും സ്വാസ്ത്യവും പകരുന്നതാണ് മൻസൂറിന്റെ സാന്നിധ്യം. ചേട്ടനും അങ്ങിനെ തന്നെ ആണെന്നാണ് എന്റെ വിചാരം. പക്ഷേ കാഴ്ചക്കാരിൽ നിന്ന്​ അതു ഭംഗിയായി മറച്ചുപിടിക്കാൻ ചേട്ടനറിയാം. യൂറോപ്പിൽനിന്ന് കമ്പനിക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന നടപടിക്രമങ്ങൾ മുഴുവൻ നടക്കുന്നത് ലണ്ടനിലെ എമ്മിയെസ് ഹൗസിലാണ്. പ്രാെജക്റ്റുകളുടെ ആവശ്യത്തിനുള്ള പ്രത്യേക യന്ത്രസംവിധാനങ്ങളും അവയുടെ ശരിയായ ഫിറ്റിംഗുകളും കൃത്യമാക്കുകയും അവ ഓർഡർ ചെയ്തു വാങ്ങി കയറ്റിഅയക്കുകയും ശരിയായ സമയത്ത് അത് എത്തിച്ചേർന്നുവെന്നു ഉറപ്പാക്കുകയും ചെയ്യുന്നത് ലണ്ടനിലെ എമ്മിയെസ് ഹൗസിലെ ഓഫീസാണ്. മൻസൂർ കുറ്റമറ്റ രീതിയിലാണ് ആ ഓഫീസിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്. കുടുംബത്തിന്റെ യൂറോപ്പിലെ അവധിക്കാല യാത്രകളിൽ മൻസൂറും ചേരും.

മൻസൂർ യൂറോപ്പിൽ വച്ച് വിവാഹം കഴിച്ച ജർമൻ പെൺകുട്ടി അയാളുടെ ഒപ്പം ഉണ്ടായിരുന്നപ്പോഴും കുടുംബത്തിന്റെ യാത്രകളിൽ പങ്കെടുത്തില്ല. പുതുമോടിയിൽ ഭർത്താവിന്റെ നാട് കാണാൻ ഇവിടെ തനിയെ വന്നപ്പോൾ കൗതുകക്കാഴ്ചകളുടെ പ്രസരിപ്പുമായി കുടുംബവൃത്തങ്ങളിൽ അവൾ പാറിനടന്നെങ്കിലും വളരെ പെട്ടെന്നത് ശമിച്ചു. വേഷത്തിന്റെയും ജീവിതസമീപനത്തിന്റെയും സംസ്കാരങ്ങളുടെയും അകലം തനിക്ക് അനുരനപ്പെടാൻ കഴിയുന്നതിലും അധികമാണെന്ന് ആ പെൺകുട്ടി അന്നെന്നോട് പറഞ്ഞു. മദ്ധ്യവയസ്സിലേക്ക് പ്രവേശിച്ചപ്പോൾ മൻസൂർ മതപരമായ ആചരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു തുടങ്ങിയപ്പോൾ പൊരുത്തപ്പെടാനാവുന്നില്ലെന്ന് പറഞ്ഞ് അവൾ പിരിഞ്ഞുപോയി.

ഒരു തവണ ഫാമിലി വെക്കേഷൻ അബ്രഹാം ജോസഫിന്റെ താത്പര്യത്തിനാകാമെന്ന് ചേട്ടൻ തീരുമാനിച്ചു. ആഗോളവത്കരണത്തെ ഇന്ത്യയും സ്വീകരിച്ചു നടപ്പാക്കിത്തുടങ്ങിയതുകൊണ്ട് ടൂറിസം രംഗം ധാരാളമായി മാറിയെന്നും ലോകത്തിൽ എവിടെയും കിട്ടുന്ന ജീവിതസൗകര്യങ്ങൾ അവിടെയും ഉണ്ടെന്നും വാർത്തകൾ വരുന്നുണ്ടായിരുന്നു. ചേട്ടന്റെ സ്ഥിരം സന്ദർശകരും സ്നേഹിതന്മാരുടെ സംഘങ്ങളും അതിനോടകം ഇന്ത്യയിലേക്ക് യാത്രകൾ പലത് ചെയ്തു കഴിഞ്ഞു. അവർ ഇന്ത്യ യാത്രകളെ കുറിച്ചും മലബാറിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചും നിറുത്താതെ സംസാരിക്കുമ്പോൾ ചേട്ടന് മിണ്ടാതിരിക്കേണ്ടി വന്നു. പുതിയ സാമ്പത്തിക ശകതിയായി വളർന്നു വരുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനുള്ള സാധ്യതകൾ അവരിൽ ചിലർ ആരായാനും തുടങ്ങിയിരുന്നു. മിണ്ടാതിരിക്കേണ്ടി വരുന്ന അസൗകര്യത്തെ മറികടക്കാനും തനിക്കും ബിസിനസ് തുടങ്ങണമെന്ന് അവിടം കാണുമ്പോൾ തോന്നുമോ എന്നു പരിശോധിക്കാനുമാണ് ഒരു തവണ ഫാമിലിവെക്കേഷൻ ഇന്ത്യയിലേക്ക് ആക്കാമെന്ന് ചേട്ടൻ അബ്രഹാം ജോസഫിനോട് സമ്മതിച്ചത്.

യാത്ര ഇന്ത്യയിലേക്കാണെന്ന് കേട്ടപ്പോൾ പതിവ് യാത്രക്കാരിൽ കുറേപ്പേർക്ക് പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത കാരണങ്ങളും തടസ്സങ്ങളും ഉണ്ടാവുകയും അവർ ഫാമിലി വെക്കേഷൻ ഒഴിവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ആളെണ്ണം കുറഞ്ഞതു കൊണ്ട് വിമാനം ചാർട്ടർ ചെയ്തില്ല. അബ്രഹാം ജോസഫിന് ചേട്ടനെയും കുടുംബത്തെയും തന്റെ നാട്ടിലേക്ക് കൊണ്ടുപോകാൻ അതിയായ ഉഝാഹമായിരുന്നു. നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാർ ഇവിടെ വരുമ്പോൾ അവരുടെ നല്ല ആതിഥേയനായി കൊണ്ട് നടന്നും പാർട്ടികളുടെ ഇവിടുത്തെ ഘടകങ്ങളുടെ പരിപാടികൾക്ക് വേദികൾ ഒരുക്കികൊടുത്തും അബ്രഹാം ജോസഫ് നാട്ടിലെ അധികാരസ്ഥാനങ്ങളിൽ ബന്ധങ്ങൾ ഉറപ്പിച്ചിരുന്നു. ഞങ്ങളുടെ താമസത്തിനും യാത്രകൾക്കും സന്ദർശനങ്ങൾക്കും തന്റെ സ്വാധീനങ്ങൾ പ്രയോഗിച്ചു ഫാമിലി വിസിറ്റിന്റെ പരിപാടികൾ മുഴുവനും അബ്രഹാം ജോസഫ് മികവുറ്റതാക്കി. ഇയാളുടെ നാട്ടിലെ കടലിനെയും മരങ്ങളെയും മലകളെയും പുഴകളെയും മനുഷ്യരെയും കുറിച്ച് അന്നു യാത്രയ്ക്ക് വന്നവർ വേറെ ഇടങ്ങളിൽ വച്ച് പുകഴ്ത്തി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവരിൽ കൂടുതൽ പേരും വേറെ കൂട്ടുകാരോടൊത്ത് പിന്നെയും പല തവണ അവിടെയ്ക്ക് തന്നെ ഉല്ലാസ യാത്രയ്ക്ക് പോയി.

രാജ്യത്തിനുള്ളിലെ യാത്രകൾക്ക് ഏർപ്പാട് ചെയ്തിട്ടുള്ള വലിയ ലക്ഷ്വറി ടൂറിസ്റ്റ് ബസ്? കടൽ തീരത്തെ റിസോർട്ടിൽ നിന്ന് നഗരത്തിലേക്കുള്ള പാതയിലൂടെ നീങ്ങുകയായിരുന്നു. ഇരുപുറവും തഴച്ചുവളർന്നു നിൽക്കുന്ന മരങ്ങളെയും അകലെ കാഴ്ചയുടെ ചക്രവാളത്തിൽ നിബിഢവനങ്ങളെ പേറി നിൽക്കുന്ന മലകളെയും ചൂണ്ടി ഉയരുന്ന ‘അള്ളാഹു അക്ബർ', ‘സുബഹാനള്ള' വിളികളുടെ ആധിക്യം ബസിനുള്ളിൽ മുഴക്കം കൂടിയ ഇരമ്പങ്ങളായി. പ്രായവും സ്ത്രീപുരുഷ ഭേദവും മറന്ന് കാഴ്ചകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു പോയിട്ട് യാത്രക്കാർ ബസ്സിനുള്ളിൽ ഓടി നടന്നു.

തന്റെ ദൃഷ്ടി പതിഞ്ഞിടത്തേക്ക് നോക്കാൻ മറ്റെല്ലാവരോടും ആവശ്യപ്പെടുന്ന നിരവധി പേരുടെ ‘ശൂഫ് ..ശൂഫ്'വിളികളാൽ ബസ്​ നിറഞ്ഞു. കടലോര ഗ്രാമത്തിലെ ഒരു ഇളനീർ വിൽപനക്കാരൻ അന്നത്തേയ്ക്കു കച്ചവടത്തിന് തയ്യാറാക്കിയിരുന്ന കരിക്കുകൾ മുഴുവൻ ഞങ്ങൾ കുടിച്ചുതീർത്തു. അൽപമകലെയുള്ള വേറെ വില്പനക്കാരന്റെ പക്കൽനിന്ന് കൊണ്ടുവരാൻ അയാൾ ആളെ അയച്ചപ്പോൾ ഞങ്ങൾ കാത്തുനിന്നു. തോബും അബായകളും അണിഞ്ഞ അറബി സ്ത്രീ പുരുഷന്മാരെ കൺമുന്നിൽ കാണാൻ കിട്ടിയ കൗതുകത്തിൽ ഗ്രാമീണർ ഓടിക്കൂടി. ഇളനീർ ആർത്തിയിൽ എല്ലാം കുടിച്ചുതീർത്തിട്ട് ഇനിയും കരിക്കുകൾ വരാൻ കാത്തു നിൽക്കുകയാണെന്ന് വില്പനക്കാരൻ അവരോടു പറഞ്ഞിട്ടുണ്ടാവണം. പട്ടിണിക്കാരെയെന്ന പോലെ ഞങ്ങളെ സഹതാപത്തോടെ നോക്കി നിൽക്കുന്ന ഗ്രാമീണരുടെ ആശ്ചര്യഭാവങ്ങൾ ഞങ്ങൾക്കും കൗതുകക്കാഴ്ചയായിരുന്നു. കാലുകൾ നന്നായി നിലത്തുറയ്ക്കാതെ ആടിയാടി വന്നിട്ട് ഒരാൾ സംസാരിക്കാൻ ശ്രമിച്ചത് ഞങ്ങളെയെല്ലാം പൊട്ടിപ്പൊട്ടിച്ചിരിപ്പിച്ചു.

‘‘അന സൗദി ...കംസ സന ...'' (ഞാൻ സൗദി.... അഞ്ചു വർഷം ...) എന്നയാൾ ആവർത്തിച്ചപ്പോൾ അയാൾ പറയുന്നത് അയാൾ അഞ്ചു വർഷം സൗദിയിൽ ഉണ്ടായിരുന്നു എന്നാണെന്ന് അബ്രഹാം ജോസഫ് തർജ്ജമ ചെയ്തു.
ഞങ്ങളിൽ പുരുഷന്മാരെ ചൂണ്ടി ‘അർബാബ് സെയിൻ'(യജമാനൻ നല്ലത്) എന്നും അയാൾ ആവർത്തിച്ചു. അറബികൾ നല്ലവരാണെന്ന് അബ്രഹാം ജോസഫ് പിന്നെയും അർത്ഥം പറഞ്ഞു. ഞങ്ങളെ അവിടെ കണ്ടതുകൊണ്ട് അപ്പോൾ പറയുന്നതാണെന്നും മാത്രവുമല്ല അയാൾ മദ്യപിച്ചിട്ടുണ്ടെന്നും സത്യത്തിൽ അയാൾക്ക് അങ്ങനെ ഒരു അഭിപ്രായം ഉണ്ടെന്നുതോന്നുന്നില്ലെന്നും ഒരു വ്യാഖ്യാനം കൂടി അബ്രഹാം ജോസഫ് കൂട്ടിച്ചേർത്തു. അന്യഗൃഹ ജീവികളെ കാണാൻ എന്ന പോലെ അവിടെക്കൂടിയ ഗ്രാമീണരുടെ മുഖഭാവങ്ങളിലും ശരീരഭാഷയിലും ഞങ്ങൾ കണ്ട സഹഭാവവും ആതിഥ്യമര്യാദയും ഹൃദ്യമായിരുന്നു. അവരുടെ പക്കൽ ലഭ്യമായ വിഭവങ്ങൾ കൊണ്ട് ഞങ്ങളെ സത്കരിക്കാൻ കാട്ടിയ വെമ്പൽ മനുഷ്യരെക്കുറിച്ച് എന്റെയുള്ളിൽ വളർന്നുവരികയായിരുന്ന സന്ദേഹങ്ങളെ ഒട്ടൊന്നുമല്ല ശമിപ്പിച്ചത്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments