ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം നാല്​

3. വന്നു പോകുന്ന സമ്പത്ത്

ലതരം വ്യാധികളിൽ ബുദ്ധിമുട്ടി ശാരീരികക്ഷമത തീരെക്കുറഞ്ഞ ഞാൻ സംഭാഷണം കുറച്ചൊന്നു നിർത്തി ഇളവേൽക്കുകയാണെന്ന് മനസ്സിലാക്കി കുറേനേരം ചിന്തകളിലാണ്ടിരുന്ന അയാൾ വീണ്ടും സംസാരിച്ചുതുടങ്ങി.

""ഇവിടുത്തെ കടലാണ് കടലമ്മയെന്ന് ഹജ്ജി പറഞ്ഞപ്പോൾ എന്റെ ചെറുപ്പകാലം മുഴുവൻ മുന്നിൽ വന്നു. എന്റെ തലമുറയ്ക്ക് ദിൽമുനിയയിൽ അന്ന് ലഭിക്കുമായിരുന്ന ആനന്ദാനുഭങ്ങളെയെല്ലാം ചേർത്ത് ഒരുവാക്കിൽ പറഞ്ഞാൽ അത് പടിഞ്ഞാറേ ബീച്ച് ആയിരുന്നു. എല്ലാ അവധി ദിവസങ്ങളിലും അതിന്റെ തലേന്ന് വൈകുന്നേരം മുതൽക്കേ ബീച്ചിൽ മനുഷ്യർ വന്നുനിറയും. എത്രയോ തരം ഭാഷകൾ സംസാരിച്ചു കൊണ്ട് ലോകത്തിലെ ഒട്ടുമിക്ക വംശീയതകളെയും വിളിച്ചുപറയുന്ന വസ്ത്രങ്ങൾ അണിഞ്ഞ ആബാലവൃദ്ധം സ്ത്രീപുരുഷന്മാർ. പാതി വേവിച്ച് കൊണ്ടുവന്ന അവരവരുടെ ഭക്ഷണങ്ങൾ താത്കാലിക അടുപ്പുകളിൽ രണ്ടാം പാതി പാചകം ചെയ്യുമ്പോഴുണ്ടാകുന്ന വിവിധ ഗന്ധങ്ങൾ കലർന്ന് ഒന്നാകുന്നു. ടേപ്പ് റെക്കോഡറുകളിൽ നിന്ന് അനവധി ഭാഷകളിലെ പാട്ടുകളും അനവധി സംഗീത ശൈലികളുടെ ബീറ്റുകളും ഉച്ചത്തിൽ മുഴങ്ങുന്നു. പ്രത്യേകിച്ച് ഏതെങ്കിലും ലക്ഷ്യത്തിലേക്കോ എന്തെങ്കിലും ചെയ്യാനോ വേണ്ടിയല്ലാതെ നടക്കുന്ന ആളുകൾ മറ്റുള്ളവരുടെ കൂട്ടത്തിൽ ചേർന്ന്​ മനുഷ്യരുടെ ഒഴുക്കാകുന്നു. കടലിനുള്ളിലേക്ക് വളരെ നടന്നുപോയാലും നെഞ്ചൊപ്പം മാത്രം എത്തുന്ന വെള്ളത്തിൽ കളിച്ചും കുളിച്ചും ചെലവിടുന്ന രാപ്പകലുകൾ. ഉള്ളിലെ മദ്യലഹരിയിൽ ചിലർ കൂടുതൽ കടലിനുള്ളിലേക്ക് നടന്നുപോകുമ്പോൾ കൂടെയുള്ളവർ ഭയം തീരെയില്ലാതെ നോക്കിനിൽക്കുന്നു. രാത്രി വൈകിയോ പുലർച്ചക്കോ ആണ് കടലിൽ നിന്ന് മടങ്ങി കരയ്‌ക്കെത്തുക. ഓളം തല്ലുന്ന കടൽവെള്ളം കാലിൽ മൃദുവായി തലോടുന്ന അകലത്തിൽ തീരത്തെ മണ്ണിൽ വിരിച്ച തുണികളിൽ സുഹൃദ്സംഘത്തിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും നിരന്നു കിടന്നുറങ്ങും. സൂര്യൻ ഉച്ചിയോളം വന്നു വിളിച്ചുണർത്തിയാലാണ് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോവുക. ഇവിടുത്തെ കടലാണ് കടലമ്മ.''

""ടോണി..., ഈ കടൽത്തീരങ്ങളും തീരത്തെ ഈന്തപ്പനക്കാടുകളുമാണ് ഞങ്ങളുടെ മുൻഗാമികളുടെ തലമുറകളെ നിലനിറുത്തിയത്. ഇയാളുടെ ഓർമ്മയിൽ അവധി ദിവസത്തെ ആനന്ദാനുഭവങ്ങളാണെങ്കിൽ ഞങ്ങൾക്കീ കടലും തീരവും ഞങ്ങളുടെ ജീവരക്തമാണ്, നിലനില്പിന്റെ ആധാരം.''

""എനിക്ക് അതൊന്നും പിക്‌നിക്കുകളല്ല ഹജ്ജി, എന്റെ ബാല്യവും കുടുംബവും ഓർക്കുമ്പോഴാണ് ആ ദിവസങ്ങൾ പ്രിയപ്പെട്ടതാകുന്നത്. പണവും പദവിയും ധാരാളം കൈക്കലാക്കി അതിമാനുഷ വേഷത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന എന്റെ അപ്പ പടിഞ്ഞാറേ ബീച്ചിൽ പോകുമ്പോൾ മറ്റൊരാളാകും. എളിയ തുടക്കത്തിന്റെ കാലത്തെ പഴയകൂട്ടുകാരും അവരുടെ കുടുംബങ്ങളും കുട്ടികളുമായാണ് പോവുക. തീരത്ത് നിസ്സാരവാടകയ്ക്ക് കിട്ടുന്ന ചൂരൽ കുടിലിനു വെളിയിൽ ബാർബിക്യൂ അടുപ്പ് ഒരുക്കാൻ സാധനങ്ങൾ അപ്പ തന്നെ ശരിയാക്കി കൊണ്ടുവരും. വീട്ടിൽ വച്ച്​മസാല പുരട്ടി തയ്യാറാക്കി കൊണ്ടുവരുന്ന ചാളയും കോഴിക്കാലുകളും കരിക്കട്ടത്തീയിൽ ചുട്ടെടുക്കുന്നതു അപ്പയാണ്. പ്ലാസ്റ്റിക് പ്ലേറ്റുകളിൽ അത് വിളമ്പി വെള്ളത്തിൽ കളിക്കുന്ന ഞങ്ങൾക്ക് കടലിൽ ഒഴുക്കി വിട്ടു തരും. ഷോർട്ട്‌സും റ്റീ ഷർട്ടുമിട്ട് ടവൽ തോളത്തിട്ട് നിൽക്കുന്ന ആ അപ്പയാണ് എന്റെ ഓർമ്മയിലെ അപ്പയുടെ ചിത്രം. വില കൂടിയ സ്യൂട്ട് അണിഞ്ഞ ആളല്ല.''
ഇന്നലെ ഞാൻ പടിഞ്ഞാറേ തീരം കാണാൻ പോയി അവിടെ ഇപ്പോൾ പഞ്ചനക്ഷത്ര റിസോട്ടാണ്. പണ്ടത്തെപ്പോലെ നേരെ ചെന്നു കയറാനാവില്ല. അത് എന്നെ വല്ലാതെ നിരാശപ്പെടുത്തി.

അബ്രഹാം ജോസഫിനെ കുറിച്ച് കേട്ടതൊക്കെ ഇയാളോട് ചോദിക്കണമോയെന്ന് എനിക്ക് ശങ്കയുണ്ടായിരുന്നു. ഇപ്പോൾ ഒരവസരം വന്നുവെന്ന് തോന്നുന്നു.
""അബ്രഹാം ജോസഫ് ഇവിടെ വച്ച് സമ്പാദിച്ച പണം എവിടെപ്പോയി? എങ്ങനെയാണ് അതെല്ലാം ഇല്ലാതായത്?''
കാത്തിരുന്ന ഒരു നിമിഷം കൈവന്നതുപോലെയാണ് ഞാൻ തൊടുത്ത ആ ചോദ്യത്തിലേക്ക് തന്റെ വളരെ പതിഞ്ഞ വേഗത്തിനു വിപരീതമായി അയാൾ പ്രതികരിച്ചത്.
""ദിൽമുനിയയിലേക്ക് ഞാൻ മടങ്ങിവന്നത് എന്നെ നിരന്തരം അലട്ടുന്ന ഒരു പ്രഹേളികയ്ക്ക് ഉത്തരം കിട്ടാൻ അങ്ങയെ കാണാനാണ്. ആർക്കെങ്കിലും കഴിയുമെങ്കിൽ അത്​ ഹജ്ജി ഒരാൾക്കു മാത്രമാവുമെന്നാണ് എന്റെ വിശ്വാസം. നഹദൈനിലെ വഞ്ചിഗുഹയിലെ ജിന്ന്, അതിന്റെ അനുഗ്രഹവും ശാപങ്ങളും, പണം വന്നതും പോയതും, അപ്പയ്ക്കും എമ്മിയെസ് കമ്പനിക്കും, അതെല്ലാം ജിന്നിന്റെ നിശ്ചയങ്ങൾ ആണെന്നാണ് അപ്പ പറയുന്നത്.''

അതു കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു പോയി.

""പശ്ചിമേഷ്യയിലാകെ പണം വന്നതും ചിലവായതും ഇപ്പോൾ എണ്ണപ്പണ വ്യവസ്ഥ അന്ത്യത്തിലേക്ക് നീങ്ങുന്നതും ആ ജിന്നിന്റെ നിശ്ചയങ്ങൾ ആണെന്നാണോ അബ്രഹാം ജോസഫ് പറയുന്നത് ?''

അയാൾ എന്നോട് വിശദമാക്കിയ സംഭവങ്ങൾ എന്റെ നിഗമനങ്ങളെയും ഞാൻ സ്വരൂപിച്ചിരുന്ന വിലയിരുത്തലുകളെയും നന്നായി ഉലച്ചു.

എമ്മിയെസ് കമ്പനിയുടെ വളർച്ചയ്ക്കു വേണ്ടി അസാധാരണമായ ബുദ്ധി വൈഭവത്തോടെ ഉപായങ്ങൾ ചിന്തിച്ചെടുത്ത് വീഴ്ചയൊന്നും വരാതെ നടപ്പിലാക്കിയിരുന്ന അബ്രഹാം ജോസഫ് സ്വന്തമായി വേറെ പല തരം ബിസിനസ്സുകൾ ദിൽമുനിയയിൽ തുടങ്ങിയിട്ടുണ്ട് എന്നാണ് അയാൾ പറഞ്ഞത്. ഒന്നൊഴിയാതെ എല്ലാം മുടക്ക് മുതൽ നഷ്ടപ്പെടുന്ന തരം തകർച്ച നേരിട്ടുവത്രേ. കൺസ്ട്രക്ഷൻ കമ്പനി, ഹോട്ടൽ, കോൾഡ്‌സ്റ്റോർ , വർക്ക് ഷോപ്പ്, പരസ്യക്കമ്പനി എന്നിങ്ങനെ ഒന്നിൽ നിന്നൊന്നിലേക്ക് മാറി പല വിധ ബിസിനസുകൾ. എത്ര മുടക്കുമുതൽ നഷട്‌പ്പെട്ടാലും ബാധിക്കാത്ത വിധം പണമൊഴുക്ക് എമ്മിയെസിൽ നിന്നുണ്ടായിരുന്നതിനാൽ അന്ന് അബ്രഹാം ജോസഫ് സാമ്പത്തികപ്രശ്‌നങ്ങൾ നേരിട്ടില്ല. അബ്രഹാം ജോസഫുമായി പാർട്ട്ണറായ എല്ലാ സ്നേഹിതന്മാരുമായും ബിസിനസിൽ തർക്കങ്ങളുണ്ടാവുകയും അവരെല്ലാവരും ശത്രുക്കളാവുകയും ചെയ്തു. അബ്രഹാം ജോസഫ് മാറുമ്പോൾ അതേ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങും. അതു കണ്ടപ്പോഴാണ് അയാളുടെ അപ്പ അതീന്ദ്രിയ ശക്തികളുടെ വിപരീത പ്രഭാവത്തിൽ വിശ്വസിച്ചു തുടങ്ങിയത്. എമ്മിയെസ് കമ്പനിയ്ക്ക് വേണ്ടിയല്ലാതെ ദിൽമുനിയയിൽ യാതൊരു ബിസിനസും ചെയ്യില്ലെന്ന് അബ്രഹാം ജോസഫ് വഞ്ചിഗുഹയിൽ പോയി മാപ്പിരന്നു.

ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചുകൊണ്ട് ദിൽമുനിയയുടെ അയൽ രാജ്യത്ത് ഒരു ട്രാൻസ്പോർട്ട് കമ്പനി തുടങ്ങുന്ന മൂന്നു പേരിൽ ഒരാളായിട്ടാണ് അബ്രഹാം ജോസഫ് പരീക്ഷണം തുടർന്നത്. രണ്ടാമത്തെയാൾ ആ രാജ്യത്തെ ശക്തനായ പൗരനും മറ്റെയാൾ ആ രാജ്യത്ത് ജീവിക്കുന്ന ഇന്ത്യൻ ധനികനുമായിരുന്നു. ബിസിനസ് മാനേജ്‌മെൻറ്​ ബിരുദങ്ങളുള്ള ബന്ധുവിനെയാണ് തന്നെ പ്രതിനിധാനം ചെയ്യാൻ അബ്രഹാം ജോസഫ് ആ രാജ്യത്തേക്ക് നിയമിച്ചയച്ചത്. നിക്ഷേപത്തുക വലുതായതിനാൽ അബ്രഹാം ജോസഫ് ജാഗ്രതയോടെ അയൽ രാജ്യത്തെ സംഭവവികാസങ്ങൾ പിൻതുടർന്നു. ആദ്യം പറഞ്ഞതിന്റെ ഇരട്ടി തുക ഇറക്കിയിട്ടാണ് ബിസിനസ് ആരംഭിക്കാൻ സാധിച്ചത്. രണ്ടു വർഷത്തിൽ ലാഭം വന്നു തുടങ്ങുമെന്ന് കണക്കു കൂട്ടിയ കമ്പനിയിൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ നഷ്ടങ്ങളാണ് വന്നു തുടങ്ങിയത്. പിന്നെയും പണം നിക്ഷേപിക്കാൻ തയ്യാറാകാതിരുന്നപ്പോൾ പിണങ്ങിയ ശക്തരായ പങ്കാളികളുടെ ശത്രുതയുടെ പ്രകടനങ്ങളും തീക്ഷ്ണമായിരുന്നു. അബ്രഹാം ജോസഫിനെ ആ രാജ്യത്തേക്ക് കടക്കാൻ പങ്കാളികൾ അനുവദിച്ചില്ല. അവിടെ നിയമിച്ചിരുന്ന ബന്ധു എങ്ങിനെയോക്കെയോ ആപത്തുകളിൽ നിന്ന് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് കടന്നുവെന്ന് കുറ്റാരോപണങ്ങൾ നടത്താൻ ചെന്നപ്പോൾ അയാളുടെ മാതാപിതാക്കൾ വിലപിച്ചു. ഓഡിറ്റ് ചെയ്ത് കമ്പനിയുടെ കണക്കുകൾ തയ്യാറാക്കിയപ്പോൾ അബ്രഹാം ജോസഫിന് അർഹിക്കുന്നതായി വളരെയൊന്നുമില്ലെന്ന് സമ്മതിച്ച് ഒപ്പിട്ടുകൊടുത്തതിന്റെ പ്രതിഫലമാണ് അയാളുടെ അമേരിക്കയിലെ ഉദ്യോഗമെന്ന് പാർട്ണർ പിന്നീട് വെളിപ്പെടുത്തി. ദിൽമുനിയയിൽ മാത്രമല്ല എണ്ണപ്പണം വ്യാപരിക്കുന്ന ഒരിടത്തും തനിയ്ക്ക് ബിസിനസ് ചെയ്യാൻ അനുവാദമില്ലെന്ന് മനസ്സിലാക്കാൻ വലിയ തുകകളാണ് തന്റെ അപ്പ ചിലവഴിച്ചത് എന്നാണ് ടോണി അബ്രഹാം സരസമായി അതു വർണ്ണിച്ചത്. അബ്രഹാം ജോസഫിൽ നിന്ന് പോകുന്ന തുകകളേക്കാൾ വലുതായിരുന്നു അയാളിലേക്ക് എമ്മിയെസിൽ നിന്നു വരുന്ന തുകകൾ.

പിന്നെ ഇന്ത്യയായി ലക്ഷ്യസ്ഥാനം. ആഗോളവത്കരണവും ഉദാരവത്കരണവും നടപ്പിലാക്കി പുത്തൻ സാമ്പത്തികശക്തിയായി മുന്നേറുന്ന ഇന്ത്യയിലാണ് ഇനിമേൽ ബിസിനസ് ചെയ്യേണ്ടതെന്ന് അബ്രഹാം ജോസഫ് എല്ലാവരോടും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കമ്പോളം ഇതാ സംരംഭകർക്കായി തുറന്നിരിക്കുന്നു. നൂറുകോടി മനുഷ്യർ ഒരു ദിവസം രാവിലെ ഓരോ ചായ കുടിക്കുമ്പോൾ തന്നെ ദിൽമുനിയിലെ ഒരു വർഷത്തെ ആകെ ഉത്പാദനത്തെക്കാൾ വലിയ തുകയുടെ വിനിമയം നടക്കുന്നുവെന്ന് പറഞ്ഞു അയാൾ ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു. ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ എന്റെ ചേട്ടനിൽ അബ്രഹാം ജോസഫ് നന്നായി പ്രേരണ ചെലുത്തി നോക്കിയിട്ടുണ്ട്. ഇന്ത്യയിൽ ധാരാളം നിക്ഷേപങ്ങൾ നടത്തിയ ദിൽമുനിയ കമ്പനികളെയും ആഗോള ഭീമന്മാരെയും ചൂണ്ടിക്കാട്ടിയാണ് അബ്രഹാം ജോസഫ് തന്റെ വാദങ്ങൾ നിരത്തുക. ഫാമിലി വെക്കേഷൻ ഇന്ത്യയിലേക്കാക്കാൻ ശ്രമിക്കുന്നതിനു പിന്നിലും ലക്ഷ്യം ചേട്ടനെക്കൊണ്ട് ഇന്തയിൽ ബിസിനസ് ആരംഭിപ്പിക്കുകയായിരുന്നു. എമ്മിയെസ് കമ്പനിയിലൂടെ മാത്രമേ തന്റെ സംരംഭങ്ങൾ വിജയിക്കുകയുള്ളുവെന്നും എമ്മിയെസ്സിൽ ആണെങ്കിൽ അത് ഉജ്ജ്വല ശോഭയുള്ള നേട്ടമാകുമെന്നും വിശ്വസിച്ചത് കൊണ്ടാണ് അന്ന് അത്തരം ശ്രമങ്ങൾ അബ്രഹാം ജോസഫ് നടത്തിയതെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത്. ദിൽമുനിയ്ക്ക് ചുറ്റും ഓളം തല്ലുന്ന വെള്ളം മുറിച്ചു കടന്ന് എവിടെയും പോയി പണമുണ്ടാക്കാൻ ചേട്ടൻ മുസ്തഫ ഇബ്രാഹീം ഒന്നും ചെയ്തില്ല. അയൽരാജ്യങ്ങളിൽ അമേരിക്കക്കാർ റിഫൈനറികൾ ആരംഭിച്ചപ്പോൾ ദിൽമുനിയയിൽ പതിനഞ്ചു വർഷമായി പ്രവർത്തിക്കുന്ന റിഫൈനറി കൊടുക്കുന്നതിനേക്കാൾ രണ്ടുമൂന്നിരട്ടി ശമ്പളം അവർ നിയമിച്ച ജോലിക്കാർക്ക് കൊടുത്തു. ചേട്ടൻ മുസ്തഫയുടെ കൂട്ടുകാരെല്ലാം അന്ന് ദിൽമുനിയ വിട്ട് ജോലിയും ബിസിനസുകളും തേടി അങ്ങോട്ടുപോയി. മുസ്തഫ ഇബ്രാഹീം പോയില്ല. തന്റെ സ്വപ്നങ്ങൾ ഇവിടെത്തന്നെയാണെന്ന് അദ്ദേഹം ആരോടും പറഞ്ഞുമില്ല. പണം ഉണ്ടാക്കുകയല്ല ചേട്ടൻ മുസ്തഫ ഇബ്രാഹീമിന്റെ യഥാർത്ഥ സ്വപ്നമെന്ന് തൊട്ടരികത്ത് നിന്നവർക്ക് പോലും മനസ്സിലായിട്ടില്ല.

ദിൽമുനിയയിൽ നിന്നു മടങ്ങുന്നതിനും അഞ്ചു വർഷങ്ങൾ മുന്നേയാണ് തന്റെ നാട്ടിൽ ഒരു കായലിന്നറ്റത്തെ തുരുത്തിൽ വൻകിട ആഡംബര റിസോർട്ട് ആരംഭിക്കാനുള്ള പ്രാരംഭ നടപടികളിൽ അബ്രഹാം ജോസഫ് ഏർപ്പെട്ടു തുടങ്ങിയത്. ഇനി മേലിൽ പാർട്ട്ണർമാർ വേണ്ടെന്നും എന്തുചെയ്താലും അതു ഒറ്റയ്ക്ക് മാത്രമായിരിക്കുമെന്നും അബ്രഹാം ജോസഫ് തീരുമാനം എടുത്തിരുന്നു. നാട്ടിലെ ഒരു ആഗോള നിക്ഷേപക സമ്മേളനത്തിൽ വച്ചാണ് ആ വൻകിട പ്രാേജക്റ്റ് മുന്നിലെത്തിയത്. എമ്മിയെസ്സിൽ ധാരാളം വൻകിട പ്രാേജക്റ്റുകളുടെ നിർമാണം നിയന്ത്രിച്ചിട്ടുള്ള ആളായതതുകൊണ്ട് അത്തരമൊരു പ്രാേജക്റ്റിന്റെ വിശദാംശങ്ങൾ കേട്ടാൽ ഭയപ്പെടുന്നതല്ല അബ്രഹാം ജോസഫിന്റെ മനസ്സ്. നല്ലവില കൊടുത്താണ് തുരുത്ത് വാങ്ങിയത്. പ്രാേജക്റ്റ് റിപ്പോർട്ടുമായി നിക്ഷേപക സമ്മേളനത്തിനു പോയവർക്ക് നല്ല വിലയ്ക്ക് ഭൂമി വിൽക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അവരതു കഴിഞ്ഞ് മെല്ലെ പിൻവലിയാൻ തുടങ്ങിയപ്പോഴാണ് അബ്രഹാം ജോസഫിന് മനസ്സിലായത്. പ്രാേജക്റ്റ് ആരംഭിക്കുന്ന വാർത്തയോടൊപ്പം തന്നെ റിസോർട്ട് വരുത്തിവയ്ക്കാൻ പോകുന്ന പരിസ്ഥിതി നാശത്തിന്റെ വാർത്തകളും വന്നു തുടങ്ങി.

വെട്ടിമാറ്റേണ്ടിവരുന്ന കണ്ടൽക്കാടുകളുടെ അത്രതന്നെ വേറെ നട്ടുപിടിപ്പിക്കാൻ വേണ്ടി തുരുത്തിന്റെ തീരത്ത് പണച്ചിലവുള്ള പരിഹാര നിർമിതികളുടെ സ്കീമുകൾ കൂട്ടിച്ചേർക്കേണ്ടി വന്നു. യഥാർത്ഥ പരിസ്ഥിതി സംരക്ഷകരെ അത് തൃപ്തിപ്പെടുത്തിയെങ്കിലും ആ പേരിൽ സമരം തുടർന്നവരെ മെരുക്കാനുണ്ടായ പണച്ചിലവ്‌ പ്രാേജക്റ്റ് കണക്കുകൾക്ക് പുറത്തായിരുന്നു. അതിഥികൾക്ക് കായലിലേക്ക് ഇറങ്ങാൻ പാകത്തിൽ ആഡംബരവാസത്തിനുള്ള അനേകം ചെറുഭവനങ്ങൾ ആയിരുന്നു റിസോർട്ടിന്റെ ആകർഷണം. തീരത്ത് നിന്നും നിശ്ചിത അകലം വിട്ടിട്ടേ നിർമ്മാണം പാടുള്ളൂ എന്ന തീരദേശപരിപാലന നിയമം അടുത്ത തടസ്സമായി ഉയർന്നു വന്നു. മന്ത്രിയുടെ സ്പെഷൽ ഓർഡറായിട്ട് തീരത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ ചെയ്യാൻ അനുമതി വാങ്ങിയെടുക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരെത്തി. തടസ്സങ്ങൾ ഓരോന്നായി ഉയർന്നു വരുന്നതിനൊപ്പം തന്നെ അതു പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായി സ്വാധീനമുള്ളവരും വരും. അവർ ആവശ്യപ്പെടുന്ന പ്രതിഫലം ഭീമമായിരിക്കുമെന്നു മാത്രം. ഭൂമി വിലയ്ക്ക് തുല്യമായ പണം ഇടനിലക്കാർക്ക് പല ഘട്ടങ്ങളിലായി കൊടുക്കേണ്ടി വന്നു. നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലിക നിർമ്മാണമെന്ന് തോന്നിപ്പിച്ച് നിയമത്തെ മറികടക്കാനായി കോൺക്രീറ്റ് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് അവർ ഉപദേശിച്ചു. റിസോർട്ട് കെട്ടിടങ്ങളുടെ പണിയിൽ കോൺക്രീറ്റ് ഉപയോഗിക്കേണ്ട ഭാഗങ്ങൾ വിലയേറിയ മരത്തടികൾ കൊണ്ട് ചെയ്യേണ്ടി വന്നു. അബ്രഹാം ജോസഫ് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന പ്രാേജക്റ്റ് പ്ലാനിന്റെ അനേകം മടങ്ങുകൾ പണം അപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞു.

മൻസൂർ എമ്മിയെസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും ഏകദേശം അതേ സമയമാണ്. നേരത്തേ അബ്രഹാം ജോസഫ് തന്റെ ശമ്പളം എത്രയാണെന്നത് ശ്രദ്ധിക്കുകയോ അത് അക്കൗണ്ടിൽ എത്തിയോ എന്ന് നോക്കുകയോ ചെയ്യാറില്ല. പൊടുന്നനെയാണ് അബ്രഹാം ജോസഫിന്റെ എമ്മിയെസിൽ നിന്നുള്ള വരുമാനം ശമ്പളം മാത്രമായി ചുരുങ്ങിപ്പോയത് . ചേട്ടൻ മുസ്തഫ മാറി ആദിൽ മേധാവി ആയപ്പോഴും അബ്രഹാം ജോസഫിനുള്ള സമ്മാനങ്ങളുടെ ചെക്കുകൾ ചേട്ടൻ ചെയ്തിരുന്നതു പോലെ തുടർന്നിരുന്നു. അധികാര കൈമാറ്റ വേളയിൽ ആദിൽ അക്കമിട്ട് എഴുതി കൈമാറിയ കാര്യങ്ങളിൽ ഒന്നായ ആ ചെക്ക് അനുഷ്ഠാനം മൻസൂർ തുടർന്നില്ല. ശമ്പളം മാത്രമായ രണ്ടുമൂന്നു വർഷങ്ങൾ കടന്നു പോകുമ്പോൾ നേരത്തെ വാരിക്കൂട്ടിയ ധനസമ്പാദ്യം ഉണ്ടായിരുന്നത് തീർന്നു വന്നു. നാട്ടിൽ മടങ്ങിയെത്തിയ അബ്രഹാം ജോസഫ് ആദ്യം അവിടവിടെ വാങ്ങി ഇട്ടിരുന്ന ഭൂമിത്തുണ്ടുകൾ വിൽക്കാനിറങ്ങി. അപ്പോഴാണ് അവയിൽ പലതും കയ്യേറ്റങ്ങളിലോ അതിർത്തിത്തർക്കങ്ങളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിലോ പെട്ടിട്ട് വില്പന എളുപ്പമല്ലാതെ കിടക്കുന്നുവെന്നു മനസ്സിലായത്. കുറഞ്ഞ വിലയ്ക്കും പകുതി വിലയ്ക്കും കിട്ടുന്ന വിലയ്ക്കുമെല്ലാം തന്റെയും മക്കളുടെയും പേരിൽ വാങ്ങിയിട്ടിരുന്ന ഭൂമിത്തുണ്ടുകൾ വില്പന ചെയ്തു . വിൽക്കാവുന്ന ഭൂമിയെല്ലാം വിറ്റ് കഴിഞ്ഞപ്പോൾ ഭാര്യയുടെ വലിയ സ്വർണ്ണാഭരണ ശേഖരത്തിൽ കൈവച്ചു. പ്രാേജക്റ്റ് അപ്പോഴേക്കും പൂർത്തീകരണത്തോട് അടുത്തെത്തി എന്ന് തോന്നിയതിനാൽ എവിടെ നിന്നും കിട്ടാവുന്ന ഏതു ഫണ്ടിന്റെയും പിന്നാലെ അബ്രഹാം ജോസഫ് പോയിത്തുടങ്ങി. തങ്ങളുടെ സ്വർണ്ണാഭരണങ്ങളിലേക്ക് അതു നീളുമെന്ന് തോന്നിയപ്പോൾ ഇളയ ആൺ മക്കളുടെ ഭാര്യമാർ അത് അവരവരുടെ വീട്ടുകാരുടെ ലോക്കറുകളിലേക്ക് മാറ്റിയത് അബ്രഹം ജോസഫിന് ഒരു പ്രഹരമായിരുന്നു. കാണാവുന്ന അകലത്തിൽ ഫിനിഷിംഗ് പോയിന്റ് ഉള്ളപ്പോൾ താൻ കാലിടറി വീഴാൻ പോകുന്നുവെന്ന് പഴയ ഓട്ടക്കാരനായ അബ്രഹാം ജോസഫിന് തോന്നിത്തുടങ്ങി.

അടി പതറും എന്നു മനസ്സിലായപ്പോൾ അബ്രഹാം ജോസഫ്‌ പ്രാേജക്റ്റ് വിൽക്കാൻ തുനിഞ്ഞിറങ്ങി. വാങ്ങുമെന്ന സാധ്യതാ പട്ടികയിലെ പ്രബലരെല്ലാം അതിസമർത്ഥർ ആയിരുന്നു. ഇത്തരം മണ്ടത്തരത്തിന് ആരെങ്കിലും ഇറങ്ങി പുറപ്പെടുമോ അതും ഒറ്റയ്‌ക്കെന്ന് അധിക്ഷേപിച്ചാണ് അവർ വിഷയത്തിലേക്ക് കടക്കുന്നത് തന്നെ. ബാങ്കിന്റെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ വായ്പ ഉപയോഗിച്ചു വേണം ഇമ്മാതിരി പ്രാേജക്റ്റുകൾക്കു പിന്നാലെ പോകാൻ. സ്വബോധമുള്ള ആരെങ്കിലും ബാങ്കിൽ കിടക്കുന്ന സ്വന്തം പണം മുഴുവൻ എടുത്ത് ഇത്തരം സംഗതികൾക്ക് ചിലവാക്കുമോയെന്ന് അവരെല്ലാം ശകാരഭാഷയിൽ സംസാരിച്ചു. ഗൾഫിലെ വെറുതെ കിട്ടിയ പണം ആയതു കൊണ്ടല്ലേ ഇത്തരം അഹങ്കാരത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നു അവർ ചോദിച്ചു. ഏറ്റവും ആഴത്തിലെ മുറിവുകൾ ഏറ്റത് അപ്പോഴാണ്. അതുപറയുമ്പോൾ ടോണി അബ്രഹാമിനും സങ്കടം വന്നു. കാരണം അപ്പ തനിയെ ആണ് അതെല്ലാം കൈകാര്യം ചെയ്തതും നേരിട്ടതും. ഇളയ ആൺമക്കൾ രണ്ടുപേരും പിണങ്ങി മാറി നിന്നു. ടോണി അബ്രഹാം ഒന്നിലും ഇടപെടാതെ ഭിക്ഷാംദേഹിയെപ്പോലെയാണ് നടന്നിരുന്നത്. ഇപ്പോൾ എന്നോട് സംസാരിക്കുമ്പോൾ അയാൾക്ക് കുറ്റബോധം ഉണ്ട്. പ്രാേജക്റ്റ് പണയത്തിന്മേൽ ധനകാര്യസ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത് പണികൾ പൂർത്തിയാക്കിയിട്ട് റിസോർട്ട് കമീഷൻ ചെയ്ത് വരുമാനമുണ്ടാക്കാനായിരുന്നു അബ്രഹാം ജോസഫിന്റെ അവസാന ശ്രമം. പണികൾ പൂർത്തിയാവുന്നതിന് വീണ്ടും വീണ്ടും തടസ്സങ്ങളുണ്ടായി. പ്രവർത്തനാനുമതി കിട്ടാൻ കാലതാമസം വന്നു. സാധിച്ചെടുക്കാൻ പല കേന്ദ്രങ്ങളിലും കൈക്കൂലിയായി എത്തിച്ചു കൊടുക്കാൻ തുകകൾ ഇല്ലാതെ പോയി. വായ്പയുടെ തിരിച്ചടവ് സമയം ആയിട്ടും റിസോർട്ട് പ്രവർത്തിച്ചു തുടങ്ങിയില്ല.

അപ്പോഴേക്കും അബ്രഹാം ജോസഫിന്റെ നാഡീവ്യൂഹം പിണങ്ങി ത്തുടങ്ങിയിരുന്നു. രാഷ്ട്രീയക്കാർ, നാട്ടു പ്രമാണികൾ, നാട്ടുകാർ, പരിചയക്കാർ, ബന്ധുക്കൾ, തുടങ്ങി സ്വന്തം മക്കൾ വരെ എല്ലാവരും പുച്ഛം പ്രകടിപ്പിക്കുന്നത് അബ്രഹാം ജോസഫ് അനുഭവിച്ചു. തന്നെ വണങ്ങിയും ആദരിച്ചും നിന്നിരുന്നവരും കിട്ടാവുന്നതെല്ലാം വാങ്ങിയെടുത്തവരും എല്ലാം കഴിഞ്ഞപ്പോൾ ഒഴിവാക്കുകയാണെന്ന് മനസ്സിലായപ്പോൾ അബ്രഹാം ജോസഫിന്റെ ക്ഷീണിച്ച മസ്തിഷ്‌കം കുഴഞ്ഞു മറിയാൻ തുടങ്ങി. ധനകാര്യ സ്ഥാപനം റിസോർട്ട് ജപ്തി ചെയ്യാൻ കോടതി വിധി സമ്പാദിച്ചുവെന്ന് അദ്ദേഹത്തിനു മനസ്സിലായോ എന്ന് ടോണി അബ്രഹാമിന് അറിഞ്ഞു കൂടാ. അബ്രഹാം ജോസഫിന് എപ്പോഴും പറയാൻ ഒന്നേയുള്ളൂ. നഹദൈൻ മലകളിലെ വഞ്ചിഗുഹയിൽ പോകണം. അവിടെ കുടിയിരിക്കുന്ന ശകതികളോട് ശാപമോക്ഷത്തിന് അപേക്ഷിക്കണം. ഹജ്ജി മുസ്തഫ ഇബ്രാഹീമിനോട് കുറ്റം ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കണം . അയാളുടെ നാട്ടിലെ പ്രത്യേക വഴക്കങ്ങൾ എനിക്ക് മനസ്സിലാകാൻ കൂടുതൽ വിശദീകരിച്ചും വ്യകതത വരുത്തിയും ഏറെ സമയം എടുത്താണ് അയാൾ ആ കഥകൾ പറഞ്ഞത്. ഉള്ളിൽ ഞാനും ചകിതനായിപ്പോയി എന്നതാണ് വാസ്തവം. പക്ഷേ അതു മറച്ചുവച്ച് കൊണ്ട് ഞാൻ പറഞ്ഞു:
""ഒ.ഇ.പി പ്രാേജക്റ്റ് വന്ന് നഹദൈനിൽ നല്ലത് പോലെ ആൾ പെരുമാറ്റം ഉണ്ടായിരിക്കുന്നു. ആ ഗുഹ ഇപ്പോൾ മറ്റേതു കൽപൊത്തുപോലെയും ഒന്നാണ്. പണ്ടത്തെ ഉഗ്രവിജനതയിൽ തനിയെ അവിടം കണ്ടെത്തിയപ്പോൾ ഞങ്ങളുടെ അബ്ബയ്ക്കുണ്ടായ അനുഭവം ഇനി മേലിൽ ആർക്കും ഉണ്ടാവില്ല. അതിപ്പോൾ ധാരാളം ആളുകൾ കയറിയിറങ്ങി പോകുന്ന ഒരു പൊതുസ്ഥലമാണ്. പോയതല്ലേ ഈയിടെ, അവിടെ? എന്തു തോന്നി ?''

വെള്ളം കുടിക്കുകയും കശുവണ്ടിപ്പരിപ്പുകൾ പെറുക്കി വായിലേക്ക് വയ്ക്കുകയും ആയിരുന്ന അയാൾ ഒന്ന് നിറുത്തി ഞാൻ പറഞ്ഞതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി.
""നമുക്ക് പണ്ടത്തെപ്പോലെ ഒന്നു കറങ്ങാൻ പോയാലോ? ഞാൻ ഡ്രൈവിംഗ് ചെയ്യാതെയായിട്ട് വർഷങ്ങളായി. ഇപ്പോൾ ബഷീർ ആലം ഉണ്ടല്ലോ. പ്രായമെത്ര ചെന്നാലും ചെറുപ്പക്കാരെപ്പോലെ വണ്ടിയോടിക്കുന്ന ആളെന്നാണ് ഖ്യാതി. അല്ലേ ബഷീർ ആലം?'' ഞാൻ അറബിയിൽ ചോദിച്ചു.
""ഇല്ല ഹജ്ജി, ഈയിടെയായി ആദിൽ സാബിന്റെ അത്യാവശ്യ ജോലികൾ മാത്രമേയുള്ളൂ. കോടതിയിലേക്കും വക്കീൽ ആഫീസുകളിലേക്കുമായിരിക്കും കൂടുതലും. ചിലപ്പോൾ കിട്ടാനുള്ളവരിൽ നിന്നു ചെക്ക് വാങ്ങാൻ പോയിട്ട് ഗുണമില്ലാത്ത കുത്തിയിരിപ്പും ഉണ്ടാവും.'' ഇംഗ്ലീഷും ഹിന്ദിയും അറബിയും ഭാഷയിലെ വാക്കുകൾ കലർത്തിയ തന്റെ ഭാഷയിൽ ബഷീർ ആലം പറഞ്ഞു.
""ബഷീർ ആലത്തിന്റെ ശമ്പളം ആദിൽ എങ്ങനെയും സംഘടിപ്പിച്ചു തരും. മറ്റു ചിലരുടെ അവസ്?ഥയാണ് ദയനീയം. ഒരു ഡയറക്ടറുടെ ഇന്ത്യാക്കാരൻ സെക്രട്ടറി ഈയിടെ എന്നെ കാണാൻ വന്നിരുന്നു. അയാൾക്ക് ശമ്പളം കിട്ടാതെ ആയിട്ട് രണ്ടു വർഷമായി. അയാൾക്ക് വേറെ ജോലി കിട്ടാൻ സാധ്യതയുണ്ട്. പക്ഷേ ഡയറക്ടർക്കു സമ്മതമല്ല. നീ എന്റെ ഒപ്പം തന്നെ വേണം. കോടതികളിൽ നടക്കുന്ന കേസുകൾ ജയിച്ചു ഞങ്ങളുടെ പ്രതാപമെല്ലാം തിരിച്ച് വരുമ്പോൾ കൂടുതൽ തിരിയെ തന്നു ഞാൻ കണക്ക് തീർക്കും. ഇങ്ങിനെ പറഞ്ഞാണ് ഡയറക്ടർ ആ പാവം ഇന്ത്യൻ സെക്രട്ടറിയെ തടഞ്ഞു വയ്ക്കുന്നത്. ആ സെക്രട്ടറി എന്നോട് പറഞ്ഞത് അയാളും കുടുംബവും ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി തുടങ്ങിയെന്നാണ്. അയാൾ പറഞ്ഞ മറ്റൊരു കാര്യം ഇപ്പോഴും എന്നെ കുഴയ്ക്കുന്നുണ്ട്. ഡാൻസ് ബാറിലെ നർത്തകിയായ ബോളിവുഡിലെ എക്‌സ്ട്രാ നടിയക്ക് ആ ഡയറക്ടർ ആഴ്ച തോറും സമ്മാനങ്ങളുടെ പൂമാല കൊടുക്കുന്നതിന്റെ വില സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ വലിയ തുകയാണ്. മിക്കപ്പോഴും അതിനുള്ള പണം കണ്ടെത്തുന്നത് ആ സെക്രട്ടറി വഴിയ്ക്ക് തന്നെയാണ്. സെക്രട്ടറി ഇത് അറിയുന്നുണ്ടെന്ന കാര്യം ഡയറക്ടർക്കും അറിയാം. എന്നിട്ടും എല്ലാം അങ്ങനെ തന്നെ പോകുന്നു.''

ഡയറക്ടർ ആരെന്നും സെക്രട്ടറി ആരെന്നും ഏതാണ് ഡാൻസ് ബാറെന്നും എന്നെക്കാൾ വിശദമായി അറിയാം എന്ന ഭാവമായിരുന്നു ബഷീർ ആലത്തിന്റെ മുഖത്ത്. ടോണി അബ്രഹാം അയാളുടെ അച്ഛന്റെ സ്ഥിതിയുടെ വർത്തമാനങ്ങളിൽ നിന്ന് ഇനിയും പുറത്തു വന്നിട്ടില്ല. വഞ്ചി ഗുഹയിലെ ശകതിയെ ഒറ്റവാക്കിൽ നിഷേധിക്കാതെ കുറച്ചു കൂടി പറയണമായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി. വളരെക്കാലത്തിനു ശേഷം ഇങ്ങോട്ട് വരാനുള്ള സുപ്രധാന തീരുമാനം അയാൾ എടുത്തത് എനിക്ക് അയാളുടെ സംശയങ്ങൾ തീർത്തു കൊടുക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments