ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം നാല്​

4. പുനർജ്ജനി കാത്തിരിക്കുന്നവർ

വേഷം മാറി യാത്രയ്ക്കൊരുങ്ങാൻ ഞാൻ അകത്തേക്കുപോകുമ്പോൾ ടോണി അബ്രഹാം മതിലിനു വെളിയിലേക്ക് ദൃഷ്ടികൾ പായിച്ചുനിൽക്കുകയാണ്.

മതിലിന്റെ തൊട്ടുപുറത്തുനിന്ന്​ തുമിലികളുടെ പാടം ആരംഭിക്കുന്നു.

തുമിലിയെന്നു ഞങ്ങൾ വിളിക്കുന്ന ഓരോ മൺകൂനയും മരിച്ചുപോയവരെ അടക്കിയ ഭവനങ്ങളുടെ മേൽക്കൂരയുടെ മുകളിൽ ചേർത്തുവച്ച മൺകൂമ്പാരമാണ്. മൺകൂനകളും അവയുടെ തടങ്ങളും ചേർന്ന് പൂവിൻദലങ്ങളെപ്പോലെ ക്രമമായ രൂപത്തിന്റെ ആവർത്തനങ്ങളായി പാറ നിറഞ്ഞ ഈ പ്രദേശമാകെ പടർന്ന് കണ്ണെത്താദൂരത്തോളം തുമിലി പ്രദേശമായിരിക്കുന്നു. ദിൽമുനിയയിൽ സമീപകാലത്ത് പണി തീർത്ത രണ്ടോ മൂന്നോ പാർപ്പിടനഗരങ്ങൾ തുമിലികൾക്ക് മീതെയാണ് നിൽക്കുന്നത്. തുമിലികളെ ആവരണം ചെയ്യുന്ന കടും തവിട്ട് നിറത്തിലെ മേൽമണ്ണിൽ ധാരാളം കൽച്ചീളുകൾ വിതറിയിരിക്കുന്നു. സായാ സൂര്യരശ്മികൾ ആ കൽച്ചീളുകളിൽ പതിച്ചുണ്ടാകുന്ന പ്രതിഫലനം അവിടമാകെ മഴവില്ലുകൾ നിറയ്ക്കുന്നു.

തുമിലി പ്രദേശത്തിന്റെ അന്തരീക്ഷത്തിന് മറ്റെങ്ങുമില്ലാത്ത ഒരു പ്രത്യേക നിറമുണ്ട്. പണ്ട് പണ്ടേ മരണപെട്ടുപോയവരുടെ റൂഹുകളുടെ സാന്നിധ്യമാണ് ആ നിറം കൊടുക്കുന്നതെന്ന് കുട്ടിയായിരിക്കുമ്പോൾ മുതിർന്നവർ പറഞ്ഞുതന്ന ഓർമയുണ്ട്. ഞങ്ങളുടെ ഗ്രാമാതിർത്തിയുടെ തൊട്ടുവെളിയിലാണെങ്കിലും ആരും പോകാത്ത തുമിലിപ്രദേശത്തേക്ക് എന്റെ അബ്ബ ഇബ്രാഹീം അബാദി എന്നെ കൊണ്ടുപോകുമായിരുന്നു. മനാനയിലെ ഞങ്ങളുടെ വാടകവീട്ടിൽ നിന്ന് വെള്ളിയാഴ്ചകളിൽ ഞങ്ങളുടെ പള്ളിയിൽ ജുമുഅയ്ക്ക് ചേരാൻ ഗ്രാമത്തിലേക്ക് പോകും. ഭക്ഷണം കഴിഞ്ഞ് എല്ലാവരും മുറ്റത്ത് കുറേ നേരം സംസാരിച്ചിരിക്കും. ചിലപ്പോൾ അയലത്ത് നിന്ന് അബ്ബയുടെ ചങ്ങാതിമാരും വരും. വെയിലാറിയിട്ട് അപരാശോഭ പരക്കുമ്പോഴാണ് തുമിലിപ്പാടത്തേക്കു പോവുക. ഡെന്മാർക്കിൽ നിന്നുവന്നവരുടെ പഠനസംഘത്തിനൊപ്പം തുമിലികൾ തുറന്നു പരിശോധിക്കുന്ന ജോലിചെയ്ത ചരിത്രം അബ്ബ പറഞ്ഞുതരും. അവരുടെ ഒപ്പം പണിയെടുക്കുമ്പോൾ കണ്ട കാഴ്ചകൾ അവ അപ്പോൾ സംഭവിക്കുന്നത് പോലെയാണ് അബ്ബ പറയുക.

പുരാതനമായ മനുഷ്യകഥകളുടെ നിലയ്ക്കാത്ത ഉറവയായിരുന്നു എന്റെ അബ്ബ.
മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർ അമരജീവിതത്തിലേക്ക് പ്രവേശിക്കുവാൻ മടങ്ങി വരും വരെ മറവു ചെയ്യുവാനാണ് തുമിലികൾ നിർമിച്ചത്. പാറ പൊട്ടിച്ച് തുമിലിഭവനങ്ങൾ ചെയ്തെടുത്ത പ്രാചീനമനുഷ്യരുടെ കൈകൾ പതിഞ്ഞതാണ് അവിടെ എല്ലായിടത്തും കാണുന്ന കരിങ്കല്ലിന്റെ ചീളുകൾ. നാലഞ്ചായിരം വർഷങ്ങൾക്കു മുന്നേ ജീവിച്ചു മരിച്ച പൂർവികരുടെ അദ്ധ്വാനവും വിയർപ്പും പതിഞ്ഞ കൽചീളുകളായതു കൊണ്ടാവാം അവയിൽ തട്ടുന്ന സൂര്യകിരണങ്ങൾക്ക്​ഇത്രയധികം പ്രതിബിംബങ്ങൾ. അവയിൽ തൊട്ടിരിക്കുമ്പോൾ പൂർവ പരമ്പരയിലെ പിതാമഹാന്മാരുടെ അരികത്താണെന്ന വികാരം ഉള്ളിൽ നുരയുമെന്ന് അബ്ബ പറയും.

മേൽക്കൂരക്കടിയിൽ കല്ല് പൊട്ടിച്ചുണ്ടാക്കിയ മുറിയുടെ തറയിൽ വീണ്ടും കല്ലിൽ തന്നെ തീർത്ത നിരവധി ചതുര ശവപ്പെട്ടികൾ വൃത്താകൃതിയിൽ വിന്യസിച്ചിരിക്കുന്നു. മുറിയുടെ ഉള്ളിൽ പാർക്കുന്നവർ എല്ലാം കിടക്കുക ആയതിനാൽ മുറികൾക്ക് ഉയരം കുറവാണ്. നാലോ അഞ്ചോ രാജകീയ തുമിലികൾ കഴിച്ചുള്ള തുമിലികളുടെ മുറികൾക്ക് ആറടി മാത്രമേ ഉയരമുള്ളൂ. ചില തുമിലി മുറികളിൽ സമപ്രായക്കാരുടെ കൂട്ടങ്ങൾ, ചില മുറികളിൽ കുടുംബങ്ങൾ, ചിലപ്പോൾ തനിച്ച് ഒരാൾ. പൂർവികരുടെ അസ്​ഥികൂടങ്ങളുടെ തിരുശേഷിപ്പുകൾ ആ കൽപ്പെട്ടികളിൽ ഇനിയും ബാക്കിയുണ്ട്. മലകൾ പോലെ വലുതായ രാജകീയ തുമിലികളിൽ അകത്ത് ഇരുനിലയും മൂന്നു നിലയുമാണ് മുറികൾ. അവയെ പൊതിഞ്ഞ മേൽമണ്ണിൻ കൂനകൾ ആകാശത്തേക്ക് വളർന്നുനിൽക്കുന്നു.

പഠന സംഘത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്​ഥനായിരുന്നു പോൾസൻ ജോഹാൻസ്​. അബ്ബയുമായി ഗാഢമായ വ്യക്തിബന്ധവും സൗഹാർദ്ദവുമായി പോൾസൻ ജോഹാൻസിന്. ഗവേഷണ സംഘം അവരുടെ പഠനങ്ങളിൽ കണ്ടെത്തിയത് എന്തെല്ലാമാണെന്ന് അദ്ദേഹം അബ്ബയ്ക്ക് വിശദമാക്കി കൊടുക്കുമായിരുന്നുവെന്ന് അബ്ബ പറയുമ്പോൾ ഞാൻ വിഷമത്തിലാകും. അവർ രണ്ടുപേരും സംസാരിച്ച ഭാഷ എന്തെന്നും അദ്ദേഹം പറഞ്ഞതാണ് അബ്ബ മനസ്സിലാക്കിയതെന്ന് എങ്ങനെ അറിഞ്ഞെന്നും എനിക്ക് സംശയം തോന്നും. അബ്ബ കഥ പറയുമ്പോൾ അതിെന്റ ഒഴുക്ക് മുറിയ്ക്കാനാവാതെ ഞാൻ ചോദ്യം അമർത്തി വയ്ക്കും. ചേട്ടൻ മുസ്​തഫയോട് ചോദിക്കുന്നതാണ് ഉത്തരം കിട്ടാൻ എളുപ്പം. പക്ഷേ മദ്രസയിൽ പോക്കും കഴുത വണ്ടിയിലെ കുടിവെള്ളം കച്ചവടവും മറ്റുള്ള ബിസിനസുകളും ചേർന്ന് ചേട്ടന്റെ സമയമെല്ലാം അപഹരിച്ചിരിക്കുന്ന കാലമാണത്. പക്ഷേ എനിക്കൊരു സംശയം ഉണ്ടെങ്കിൽ അതു തീർത്തിട്ടെ ചേട്ടന് വേറെ കാര്യമുള്ളൂ. അറബിയും ഇംഗ്ലീഷും ഡാനിഷും ഭാഷകളിലെ കുറെ വാക്കുകളും ബാക്കി ആംഗ്യങ്ങളും അഭിനയവും ചേർത്ത് തുമിലിപ്പാടത്ത് വച്ച് പോൾസൻ ജോഹാൻസും ഇബ്രാഹീം അബാദിയും തമ്മിൽ നടന്നിരിക്കാവുന്ന ഒരു സംഭാഷണം അനുകരിച്ചുകാട്ടി ചേട്ടൻ എന്നെ ചിരിപ്പിക്കും. ഇബ്രാഹീം അബാദിയുടെ അതിയായ ആവേശത്തേയും അറിയാനുള്ള ദാഹത്തേയുമാണ് കൂടുതലും കളിയാക്കലിന്റെ വിഷയമാക്കുക.

കഥകളായിരുന്നു എന്റെ അബ്ബയുടെ ജീവിത ലഹരിയും സമാശ്വാസവും. കഥകൾക്കായി എന്തും ചെയ്തും എത്രയെങ്കിലും അലഞ്ഞും നടക്കുന്ന ഭ്രാന്തൻ മനസ്സായിരുന്നു അബ്ബയുടേത്.

ദിൽമുനിയയുടെ ഉയർന്ന കരഭാഗമാകെയും വ്യാപിച്ചു കിടന്ന തുമിലപ്പാടം ഒരു വലിയ ഖബർസ്​ഥാൻ അല്ലെന്നും മരിച്ചാലും അവസാനിക്കാത്ത മനുഷ്യജീവിതത്തെയും പ്രതീക്ഷിച്ചു മുന്നൊരുക്കങ്ങൾ നടത്തിയ ഒരു ജനതയുടെ വാഗ്ദത്ത ഭൂമിയായ ഒരു മഹാനാഗരികതയായിരുന്നുവെന്നും പോൾസൻ ജോഹാൻസ്​ എന്റെ അബ്ബയ്ക്കു മനസ്സിലാക്കി കൊടുത്തു. ഇത്രയേറെ തുമിലികൾ തൊട്ടുതൊട്ടായി നിർമിച്ച് ചേർത്ത് ഒരു ദ്വീപിനെ ഒട്ടാകെ തുമിലിനഗരമാക്കിയ മറ്റൊരു സ്​ഥലവും ഈ ദുനിയാവിലില്ലെന്ന് പറയുമ്പോൾ അബ്ബയുടെ കണ്ണുകളിൽ അഭിമാനം വന്നു നിറയും. അപ്പോൾ അബ്ബയുടെ മുഖത്തിൽ വികസിച്ച് ത്രസിക്കുന്ന ഫിതം തഴമ്പുകളിൽ തൊടുന്നതും തലോടുന്നതും ബാല്യത്തിൽ എന്റെ കൗതുകം ആയിരുന്നു.

വലിയ നിർമാണങ്ങളായി സമനിരപ്പിൽ നിന്നുയർന്ന് നിൽക്കുന്നതിനാൽ ഈജിപ്തിലെ പിരമിഡുകളെ ലോകത്തെല്ലാവർക്കും അറിയാം. കൈവിരലുകളിൽ എണ്ണിത്തീർക്കാവുന്ന അത്രയും പിരമിഡുകൾ മാത്രമേ അവിടെ ഉയർന്നു നിൽക്കുന്നുള്ളൂ. നിർമിക്കാൻ ആജ്ഞകൾ നൽകിയ ചക്രവർത്തിമാരുടെ ധനപ്രമാണിത്തത്തിന്റെ ചിഹ്​നങ്ങളായി, അവരുടെ മാത്രം അമരത്വമോഹങ്ങൾ വിളംബരം ചെയ്തുകൊണ്ടാണ് അവ നിൽക്കുന്നത്.

ദിൽമുനിയയിലെ തുമിലികൾ രാജഭോഗങ്ങളുടെ അനീതികൾ നിറഞ്ഞ സമൃദ്ധിയിൽ നിന്നുണ്ടായതല്ല. ഈ തുമിലിപ്പാടത്തെ പതിനായിരക്കണക്കിന് തുമിലികൾ ജനകീയമായി ഉയർന്നുവന്നതാണ്. എല്ലാവർക്കും വേണ്ടി എല്ലാവരും ജീവിക്കുകയും മരണപ്പെട്ടുപോയവരുടെ അനന്തരവാസത്തിനായി ഭവനങ്ങൾ നിർമിക്കുകയും ചെയ്ത മനുഷ്യരുടെ അടയാളമാണ് തുമിലിപ്പാടം. മരിച്ചുപോയ എല്ലാവർക്കും നിത്യജീവിതത്തിന്റെ അമരത്വത്തിന് കാത്തിരിക്കാൻ ജീവിച്ചിരിക്കുന്ന എല്ലാവരും പാറക്കുന്നുകൾ തുരക്കുന്ന കഠിനപ്രയത്നം ചെയ്ത കാലത്തിന്റെ സാക്ഷിപത്രമാണ് തുമിലിപ്പാടം. അവർ ദിൽമുനിയയിലെ ഉയർന്ന കരയിലെ ഭൂമിനിരപ്പിൽ നിന്ന് താഴേക്കു പോവുകയും പാറയ്ക്കുള്ളിൽ ബലമുള്ള കല്ലറകൾ ഒരുക്കുകയും ചെയ്തു. പല ആയിരം വർഷങ്ങളിലെ മഴക്കാലങ്ങൾ കഴിഞ്ഞിട്ടും അനേകം ചുഴലിക്കാറ്റുകൾ വീശിയടിച്ചിട്ടും ഒലിച്ചു പോകാത്ത തരത്തിലെ മേൽമണ്ണിൻ മിശ്രിതം ആ ജനതയുടെ കാത്തുവെപ്പിന്റെ രഹസ്യ ശാസ്​ത്രമാണ്. തുമിലിഭവനങ്ങളേയും അതിനുള്ളിലെ മരണപ്പെട്ടവരേയും മഞ്ഞിലും മഴയിലും വേനലിലും നിന്ന് സംരക്ഷിക്കാൻ ആ മേൽമണ്ണിൻ മിശ്രിതം ആദ്യ അടരാക്കി അവർ തുമിലികൾക്ക് രക്ഷാകവചങ്ങൾ ഒരുക്കി. രാജാക്കന്മാരുടെ വിലാസവും സംരക്ഷണയുമില്ലാതെ, മഹാസൈന്യങ്ങൾ കാവൽ നിൽക്കാതെ, വിശ്വാസപ്രമാണങ്ങൾ ആദർശങ്ങളായി പൂജിച്ച് സംരക്ഷിക്കാതെ തന്നെ അവരുണ്ടാക്കിയ തുമിലികൾ ആയിരക്കണക്കിനു വർഷങ്ങളിലെ കാലാവസ്​ഥാഭേദങ്ങളെ ജയിച്ചുനിൽക്കുന്നു.

മഹാപ്രളയം കഴിഞ്ഞ് ജബൽ വസാത്തിലെ മലകളിൽ ജലവിതാന പൊഴികളുടെ വലയങ്ങൾ തീർത്തുകൊണ്ട് സമുദ്രമിറങ്ങിപ്പോയപ്പോൾ അവിടെ ഒരു കുന്നിൻചരുവിലാവണം നൂഹു നബിയുടെ പേടകം അവശേഷിച്ചതെന്ന് തെളിയിക്കപ്പെടണമെന്ന് അബ്ബയ്ക്ക് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു അഭ്യൂഹത്തിലെങ്കിലും എത്തിച്ചേരാൻ പോൾസൻ ജോഹാൻസ്​ ഉൾപ്പെട്ട ഗവേഷണ സംഘത്തിനു കഴിഞ്ഞില്ല. നൂഹു നബിയുടെ പേടകം ഏതെങ്കിലും കുന്നിൻചെരുവിൽ അടിഞ്ഞെങ്കിൽ അത്​ ഇനിയും പടിഞ്ഞാറുള്ള മൊസപ്പൊട്ടോമിയയിലോ ലെബനോൻ താഴ്വരകളിലോ ആവുമെന്ന നിഗമനത്തിലാണ് അവരെത്തിയത്. ഭൂമിയിൽ മനുഷ്യരുടെയും മറ്റെല്ലാ ജീവിവർഗങ്ങളുടെയും രണ്ടാം ഉത്പത്തിയുടെ ഇടമാകാവുന്ന സ്​ഥലങ്ങളിൽ ഒന്നായി തന്റെ സ്വന്തം ദിൽമുനിയയെ പരിഗണിച്ചത് അബ്ബയ്ക്കു വലിയ സന്തോഷം പകർന്നു. ഡാനിഷ് പര്യവേക്ഷണ സംഘത്തിലെ പഠിപ്പും അഗാധ ജ്ഞാനവുമുള്ള പ്രാചീന ചരിത്രശാസ്​ത്രജ്ഞന്മാരോടും പോൾസൻ ജോഹാൻസിനോട് പ്രത്യേകിച്ചും അബ്ബയുടെ ഇഷ്ടവും സ്​നേഹവും പിന്നെയുമേറി.

പോൾസൻ ജോഹാൻസിനെ അബ്ബയും ചേട്ടനും അത്യധികം ആദരിച്ചതിനു കാരണങ്ങൾ വേറെയുമുണ്ടായിരുന്നു. എല്ലാ ജീവിതാവസ്​ഥകളിലും സ്​നേഹത്തോടെ അവർ അദ്ദേഹത്തെ ഓർമ്മിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്തു. വിദ്യാർഥിയായ മകനെക്കുറിച്ച് അബ്ബ പല തവണ പറഞ്ഞപ്പോഴാണ് അവ്വൽ ടൗൺഷിപ്പിലെ അദ്ദേഹത്തിന്റെ താമസസ്​ഥലത്തേക്ക് കൂട്ടിക്കൊണ്ടു ചെല്ലാൻ പോൾസൻ ജോഹാൻസ്​ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടിനു വെളിയിൽ വച്ചുണ്ടായ ഒരു കണ്ടുമുട്ടലിനുശേഷം വളരെ പെട്ടെന്നാണ് റിഫൈനറിയിലെ അവ്വൽ സർവീസസ്​ ഓഫീസിലെ ഉദ്യോഗസ്​ഥരെ ബന്ധപ്പെട്ട് പരിചയം സ്​ഥാപിച്ച് അദ്ദേഹം ചേട്ടനുവേണ്ടി ശുപാർശ ചെയ്​ത്​ കുടിവെള്ളമെത്തിക്കുന്ന ജോലിയുടെ ഒരു ഭാഗം വാങ്ങിക്കൊടുത്തത്. അതൊരു തുടക്കമായിരുന്നു. പത്തു പേരെ വരെ ആളെ കൊടുക്കാനോ ദിവസക്കൂലിക്ക് പണിയെടുത്ത് ചെയ്യാനോ ഉള്ള ഏറ്റവും താഴ്ന്ന ഗ്രേഡിലെ കരാറുകാരനായിട്ട് ഓയിൽ കമ്പനിയുടെ ലൈസൻസ്​ മുസ്​തഫ ഇബ്രാഹീമിന് കിട്ടാൻ വഴിയൊരുക്കിയതും പോൾസൻ ജോഹാൻസ്​ ആയിരുന്നു. ഓയിൽ കമ്പനി ഓഫീസിൽ ജോലിചെയ്യുന്ന സമപ്രായക്കാരനായ ഒരു ഇറാനിയെ അദ്ദേഹം ചേട്ടന് പരിചയപ്പെടുത്തി. അയാൾ വഴിയാണ് ചേട്ടന് ലൈസൻസ്​ ലഭിക്കുന്നത്. അതിനുശേഷം അവ്വൽ ടൗൺഷിപ്പിലെ സാഹിബുമാർക്ക് എന്തെങ്കിലും ഒരു സാധനമോ ഒരു ചെറിയ കൈപ്പണിയോ വേണമെങ്കിൽ അവർ മുസ്​തഫ ഇബ്രാഹീമിനെ അന്വേഷിക്കുന്ന അവസ്​ഥ എത്തി.

നാലഞ്ച് ലേബർമാരെ അത്യാവശ്യമായിട്ട് വേണമെങ്കിലോ ജബൽ വസാത്തിൽ നിന്ന് ഒരുവണ്ടി മണ്ണ് കൊണ്ടുവരണമെങ്കിലോ അവ്വൽ ടൗൺഷിപ്പിൽ വെള്ളവുമായി ചെല്ലുമ്പോൾ ചേട്ടനോട് സാഹിബുമാർ ആവശ്യപ്പെട്ടു. ആ ചെറിയ പിടിവള്ളികളിലെല്ലാം ചേട്ടൻ പിടിച്ചുകയറി. മറ്റു ദിൽമുനിയക്കാർ ചെറിയ വരുമാനങ്ങളിൽ തൃപ്തരായി ഭക്ഷണത്തിനു വകതികയുമ്പോൾ സുബഹനള്ളാ... പറഞ്ഞ് പിൻവാങ്ങുമ്പോൾ വീണ്ടും ചെയ്യാൻ ജോലികൾ തേടിചെല്ലുന്ന മുസ്​തഫ ഇബ്രാഹീം എന്ന നവയുവാവിനെ അവർക്ക് ഇഷ്ടപ്പെട്ടു. അയാളുടെ അപരിഷ്കൃതമായ അതിസാമർത്ഥ്യവും വേഗതയും സാഹിബുമാർക്ക് ആവശ്യമുണ്ടായിരുന്നു. ചെറിയ കരാർപണികൾ ചെയ്യുന്നതിനുള്ള ലൈസൻസിലേക്ക് സാഹിബുമാർ മുസ്തഥ ഇബ്രാഹീമിന്റെ ലൈസൻസിന്റെ ഗ്രേഡ്​ ഉയർത്തിയത് അതിവേഗമാണ്. അങ്ങനെ ദിൽമുനിയക്കാരനായ മറ്റൊരാൾക്കും ഗ്രേഡ് ഉയർത്തിക്കിട്ടിയില്ല. ചെറുതും വലുതുമായ എല്ലാ കരാർപണികളും ചെയ്തിരുന്നത് ബ്രിട്ടനിൽനിന്നും യൂറോപ്പിലെ ഇതരരാജ്യങ്ങളിൽ നിന്നും ഓയിൽ കമ്പനിക്കാർ ക്ഷണിച്ചു വരുത്തിയ കമ്പനികളായിരുന്നു. അവർക്കൊപ്പം മുസ്​തഫ ഇബ്രാഹീം എന്നൊരു കമ്പനികൂടി ഉണ്ടായി. അതു വളർന്നാണ് മുസ്​തഫ ഇബ്രാഹീം ആൻഡ് സൺസ്​ എന്ന പ്രസ്​ഥാനത്തിന്റെ പെട്രോ കെമിക്കൽ ഡിവിഷൻ ഉത്ഭവിച്ചത്. പെട്രോ കെമിക്കൽ ഡിവിഷൻ എന്ന പ്രഭവകേന്ദ്രത്തിൽ നിന്ന് അനവധി ശാഖകൾ പൊട്ടിവിടർന്ന് പടർന്നുപന്തലിച്ചു മുസ്​തഫ ഇബ്രാഹീം ആൻഡ് സൺസ്​ എന്ന ദിൽമുനിയയിലെ ഏറ്റവും സമ്പന്നമായ കമ്പനി ഗ്രൂപ്പുണ്ടായി. അബ്ബ മരണപ്പെടുംവരെയും ഓരോ ഈദും വരുമ്പോൾ ഡെന്മാർക്കിൽ നിന്നെത്തിച്ചേരുന്ന ഈദ് ആശംസയുടെ കാർഡ് കാത്തിരിക്കും. എഴുത്ത് വായിക്കാനറിയാതെ കാർഡിലെ ചിത്രത്തിൽ നോക്കി ഇരിക്കുമ്പോൾ അബ്ബയിൽ ആഹ്ളാദം നിറയും. ഓരോ ക്രിസ്​തുമസിനും ഈസ്റ്ററിനും ആശംസാസന്ദേശം ഡെന്മാർക്കിലേക്ക് പോയി എന്നുറപ്പുവരുത്താൻ അബ്ബ ഓർമിപ്പിക്കും.

ചില ചെറിയ വരകൾകൂടി കോറിയിട്ടാൽ പോൾസൻ ജോഹാൻസും സംഘവും രൂപം നൽകാൻ ശ്രമിച്ച ചിത്രം പൂർണമാകുമെന്ന് എനിക്ക് എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു. അകലങ്ങളിലേക്കുള്ള മഹായാത്രകൾ സാധ്യമാക്കുന്ന ജലപാതയുടെ സമുദ്രവഴിയുടെ ഓരത്താണ് ദിൽമുനിയ. കിഴക്കു നിന്നും പടിഞ്ഞാറുനിന്നുമുള്ള സഞ്ചാരികൾക്ക് ഏഴുകടലുകൾക്കും അപ്പുറത്തെ മാണിക്യകൊട്ടാരം നിൽക്കുന്നിടം. കരയിൽ വന്മതിലുകളായി നിൽക്കുന്ന പർവ്വതനിരകളിൽ പ്രകൃതിയുണ്ടാക്കുന്ന തുറവികളാണ്​ ചുരങ്ങൾ. അവയിലൂടെ കാറ്റും മനുഷ്യരും കടന്നുപോയിട്ട്​, ദേശാതിർത്തികൾക്കപ്പുറത്ത്​സംസ്​കാരങ്ങളുടെ പുതിയ സങ്കരങ്ങൾ പിറവിയെടുക്കുന്നു. അന്യദേശങ്ങളെ കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്ന സേനകൾ ആ ചുരങ്ങളിലൂടെ കടന്നുപോകുന്നു. അതുപോലെ ദിൽമുനിയയെ വലയം ചെയ്ത് കടലിനടിയിലുള്ള പവിഴപ്പുറ്റുമതിലിൽ മനാനയിലുള്ള തുറവി അതിനെയൊരു കടൽചുരമാക്കുന്നു. അതുവഴി കടന്നു വന്ന് ദിൽമുനിയയുടെ തീരം തൊടുന്ന മഹായാത്രികർക്ക് ഇവിടം ഇടത്താവളമാക്കാൻ പാകത്തിന് മരത്തണലും ശുദ്ധജലവും ധാരാളമായി ലഭ്യമാണ്.

ഇവിടമൊരു വഴിയമ്പലമായി വളർന്നു. ദിൽമുനിയയുടെ ശാദ്വലഭൂമി മുമ്പും ജനസഞ്ചയങ്ങളുടെ വലിയ കാർണിവലുകൾ നടക്കാൻ പശ്ചാത്തലമായിട്ടുണ്ട്. ലോകത്തിന്റെ അറ്റങ്ങളിൽ നിന്ന് മനുഷ്യർ ഇവിടേയ്ക്ക് പലവട്ടം ഒഴുകിയെത്തിയിട്ടുണ്ട്. കാർണിവൽ കഴിഞ്ഞ് അരങ്ങൊഴിഞ്ഞ് രംഗവേദി ശൂന്യമാകുമ്പോൾ ഷമാൽകാറ്റ് കൊണ്ടുവരുന്ന മരുമണലിൽ അമർന്നടങ്ങി ഈ വേദി ചരിത്രസന്ധികളിൽ പലപ്പോഴും മറഞ്ഞുപോയിട്ടുണ്ട്. തുമിലിപ്പാടത്തെ കല്ലറകൾക്കുള്ളിലെ മനുഷ്യർക്ക് ജീവനുണ്ടായി ഉണർന്നു വന്നാൽ ഇപ്പോൾ രംഗവേദിയിലാടുന്ന ആട്ടോമൊബൈൽ ജീവിതം കണ്ട് ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു പോകും. ഇപ്പോഴുള്ള ജനതയെയും അവരുടെ ഭാഷകളെയും വേഷങ്ങളെയും ജീവിത ക്രമത്തെയും ആരാധനാ സമ്പ്രദായങ്ങളെയും തിരിച്ചറിയാതെ അവർ പകച്ചുനിൽക്കും. ഇപ്പോഴത്തെ ജനങ്ങൾക്ക് അറിയാൻ പാടില്ലാത്ത അവരുടെകാലത്തെ ദൈവങ്ങളെ വിളിച്ച് അവർ ഈ നടമാടുന്നതിന്റെയെല്ലാം അർഥം അന്വേഷിക്കും. വീണ്ടും ജീവിതത്തിലേക്ക് വരാനായി മരണസുഷുപ്തിയിൽ കല്ലറകളിൽ അവർ കഴിഞ്ഞത് ഈ കാർണിവലിലേക്ക് ഉണരാനായിരുന്നോയെന്ന് അന്വേഷിക്കും.
ഇപ്പോഴത്തെ കാർണിവലും അതിന്റെ അന്ത്യരംഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു. അവസാനത്തെ തുള്ളി പെട്രോളും ഊറ്റിയെടുത്ത് അതിൽ നിന്നുള്ള സമ്പത്ത് കൈക്കലാക്കി ഇവിടം ഉപേക്ഷിച്ചു പോകാൻ പരിപാടി തയ്യാറാക്കുകയാണ് ഓയിൽ കാപിറ്റലിസത്തെ നിയന്ത്രിക്കുന്ന വൻ ശക്തികൾ. നാലും അഞ്ചും കിലോമീറ്ററുകൾ ഭൂമിയുടെ ഉള്ളിലേക്ക് പൈപ്പുകൾ താഴ്ത്തിയിട്ടും ക്രൂഡ്ഓയിൽ കയറാതിരിക്കുമ്പോൾ ജബൽ വസാത്തിലെ ഓയിൽ ഫീൽഡിൽ എണ്ണ ഉറവകൾ വറ്റുന്നതായോ വേറെ ഇടങ്ങളിലേക്ക് മാറിപ്പോകുന്നതായോ അവർ കണ്ടെത്തുന്നു. ജബൽ വസാത്തിൽ നിന്ന് തെക്കോട്ട് ദാർ അൽ ബഹാർ മുനമ്പ് വരെയുള്ള മലവരമ്പും അതിനിടയിലെ കുറേ മലകളും നിൽക്കുന്നതിനടിയിൽ മാത്രമാണ് ഭേദപ്പെട്ട എണ്ണസ്രോതസ്സുകൾ ബാക്കിയുള്ളതെന്ന് അവർ മനസ്സിലാക്കി. മലകളും മലവരമ്പും തുരന്ന് നിരപ്പാക്കി ഓയിൽ ഫീൽഡിനെ തെക്കുദിക്കിലേക്ക് മാറ്റി അവിടെ ധാരാളം ഓയിൽവെല്ലുകൾ സ്​ഥാപിച്ച് ബാക്കിയുള്ള എണ്ണയുടെ ഉറവകളേയും പമ്പു ചെയ്ത് എടുക്കാമെന്ന് അവർ നിശ്ചയിക്കുന്നു.

മലകളും മലവരമ്പും തുരന്ന് ഓയിൽ ഫീൽഡിനെ തെക്കോട്ട് മാറ്റി സ്​ഥാപിച്ചതാണ് ഓയിൽ ഫീൽഡ് എക്സ്​പ്ലൊറേഷൻ പ്രൊജക്റ്റ്, ദിൽമുനിയയുടെ ചരിത്രത്തിലെ വലിയ പ്രൊജക്റ്റുകളിൽ ഒന്ന്. ആഗോള ഭീമന്മാരായ എണ്ണക്കമ്പനികൾ ചേർന്നുണ്ടാക്കിയ കൺസോർഷ്യത്തിനായിരുന്നു പ്രൊജക്റ്റ് നിർവഹണചുമതല. പ്രൊജക്റ്റ് ചെയ്ത് തീർക്കാവശ്യമായ പണം അവർ കണ്ടെത്തിയത് ലോകബാങ്ക് മാതിരി നാണ്യവാണിഭക്കാരിൽ നിന്നാണ്. പകരം ഇനിമേൽ ഊറ്റിയെടുക്കുന്ന എണ്ണയുടെ കൈകാര്യ കർതൃത്വം മുഴുവനും കൺസോർഷ്യത്തിനാണ്. മലവരമ്പിനും മലകൾക്കുമടിയിൽ ജബൽ വസാത്തിനു തെക്കുഭാഗത്ത് സ്രോതസ്സുളുണ്ടെന്ന് ഭൂഗർഭ പരീക്ഷണങ്ങൾക്ക് നേരത്തെ അറിയാം. അന്ന് വെറുതെ വിട്ടിരുന്ന മലവരമ്പിനെയും മലകളെയും ചെത്തിക്കളഞ്ഞ് ജബൽ വസാത്തിനു തെക്കോട്ടുള്ള ഭൂമിയും വെട്ടിനിരപ്പാക്കാൻ തീരുമാനിച്ചത് കാർണിവൽ അവസാനിക്കാറായി എന്നതിന്റെ അടയാളമാണ്. ഒടുക്കത്തിന്റെ ആരവങ്ങളായിരുന്നു പദ്ധതി നടത്തിപ്പിന്. പ്രൊജക്റ്റ് വൈകിയ മൂന്നുവർഷങ്ങളിൽ അതിന് കാരണക്കാരായ എമ്മിയെസ്​ കമ്പനിയെ ലോകം ഒന്നാകെ ആക്ഷേപിച്ചു. സാമ്പത്തിക വിദഗ്ദ്ധർ ധാരാളം അവമതിക്കുന്ന ലേഖനങ്ങൾ എഴുതി. ദുഷ്ട കഥാപാത്രമാക്കി ചിത്രീകരിച്ചു.

യാത്രക്കൊരുങ്ങി ഞാൻ വെളിയിൽ വന്നപ്പോൾ അബ്രഹാം ജോസഫിന്റെ മകനും ബഷീർ ആലവും മതിലിനുമപ്പുറത്തെ തുമിലിപ്പാടത്ത് ഉള്ളിലേക്ക് പോയിട്ട് മടങ്ങി വരികയാണ്. അവിടെ പകുതി തുറന്നൊരു തുമിലിയുണ്ട്. അതിന്റെ അടയാളങ്ങൾ കണ്ണിൽപ്പെട്ടിട്ട് അകം കാണാനുള്ള കൗതുകത്തിൽ അങ്ങോട്ട് പോയതാകാം. അത് അടുത്തിടെ കുഴിച്ചുതുറന്ന ഒരു തുമിലിയാണ്. അതിന്റെ അകം ഇപ്പോൾ ഒഴിഞ്ഞും ഇടിഞ്ഞുവീണും നശിച്ച ഒരു കല്ലറയാണ്. അറയുടെ തറയിൽ കല്ലിൽ പണിതീർത്ത ശവമഞ്ചങ്ങൾ മഴയിലും കാറ്റിലും മണ്ണും ചപ്പുചവറുകളും പാറിവീണ് നിറഞ്ഞു പോയിരിക്കുന്നു. അരികത്തും ചുറ്റുപാടുകളിലുമുള്ള തുമിലികൾ കേടുപാടൊന്നും ഇല്ലാതെ മനുഷ്യർ തൊടാത്തതും തുറക്കാത്തതുമായി പണ്ടേപ്പോലെ ഇരിക്കുന്നുണ്ട്.

പോൾസൻ ജോഹാൻസ്​ ഉൾപ്പെട്ട ഡെന്മാർക്ക്സംഘം പോയതിനുശേഷം പലതവണകൾ വീണ്ടും വിദേശത്തുനിന്നുള്ള ആർക്കിയോളജി പഠിതാക്കൾ വന്ന് ദിൽമുനിയയിൽ ഗവേഷണങ്ങൾ ചെയ്തു. അകത്തുള്ളതെല്ലാം അവർ അപഗ്രഥനത്തിനുവേണ്ടി എടുത്ത് കൊണ്ടുപോകുന്നു. ടോണി അബ്രഹാം അന്ന് എന്റെ ഓഫീസിൽ പതിവായി വരുമായിരുന്ന ദിവസങ്ങളിൽ ഒന്നിൽ ദിൽമുനിയയിലെ സാംസ്​കാരികവകുപ്പ് നടത്തുന്ന തുമിലിപര്യവേക്ഷണം കാണാൻ ഞാൻ അയാളെയും കൊണ്ടുപോയിരുന്നുവത്രേ. കയ്യുറകളും മുഖാവരണങ്ങളും പ്രത്യേകം മേൽകുപ്പായങ്ങളും ധരിച്ച ഗവേഷകർ കല്ലറത്തറയിലെ ചതുരാകൃതിയിലെ കൽ ശവമഞ്ചങ്ങളിൽ അസ്​ഥി പഞ്ജരങ്ങളും മൺപാത്രങ്ങളും ശേഖരിച്ച് പല അടുക്കുകളുള്ള പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് പ്രത്യേകം പെട്ടികളിലാക്കി ഭദ്രമായി കൈകാര്യം ചെയ്യുന്നത് ഞങ്ങൾ കണ്ടുനിന്നുവെന്നും അയാൾ ഓർമ്മിച്ചു പറഞ്ഞു. അന്നുകണ്ട തുമിലികൾ ഇപ്പോൾ എന്റെ വീടിനു പുറത്തെ തുമിലിപ്പാടത്ത് കാണുന്നവയേക്കാൾ വലിപ്പമുള്ളവയായിരുന്നെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ആ ഗവേഷണ സ്​ഥലത്തേക്ക് പോകാൻ അയാൾക്ക് കഴിഞ്ഞത് എന്നോടൊപ്പമായിരുന്നതു കൊണ്ടാണെന്നും അയാൾ ഓർമിച്ചുവച്ചിരിക്കുന്നു.

ഇപ്പോൾ തുമിലിപ്പാടം അവസാനിക്കുന്ന സമതല പ്രദേശത്തുനിന്ന് തറനിരപ്പ് സാവധാനം ഉയർന്നാണ് വീണ്ടും തെക്കുള്ള ജബൽ വസാത്ത് മേഖലയിൽ എത്തുന്നത്. ഉയരത്തിൽ പാറനിറഞ്ഞ കരപ്രദേശമായിട്ടും തുമിലിപ്പാടം ജബൽ വസാത്തിന്റെ നേർക്ക് പടർന്നില്ല. ജബൽ വസാത്തിൽ ഒരു തുമിലി എങ്കിലും ഉണ്ടായിരുന്നതിന്റെയോ അതിനു ശ്രമിച്ചതിന്റെയോ ഒരു അടയാളവും ഇല്ല. നിധികുംഭങ്ങളെ ഉള്ളിൽ വച്ചിട്ടുള്ള തുമിലികളെ കള്ളന്മാർ ആക്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന്​ ഗവേഷകർക്ക് പറയാൻ കഴിഞ്ഞിട്ടില്ല. പല രാജ്യങ്ങളിൽ നിന്നുള്ള ആർക്കിയോളജി വിദഗ്ധർ പല കാലങ്ങളിൽ വന്ന് ഗവേഷണങ്ങൾ ചെയ്തിട്ടും അതെന്തെന്ന് മനസ്സിലാക്കാനോ കാരണം കണ്ടു പിടിക്കാനോ സാധിച്ചില്ല.

പോൾസൻ ജോഹാൻസിനോട് ഇബ്രാഹീം അബാദി മറ്റൊരു തിസീസ്​ ആണ് അതിന്റെ കാരണമായി അവതരിപ്പിച്ചത്. പക്ഷേ ആ ഉത്തരം പോൾസൻ ജോഹാൻസിനു ചർച്ചയ്ക്കായിപോലും അവരുടെ ടീമിൽ വയ്ക്കാൻ തോന്നിയില്ല. കാരണം ജിന്നുകൾ എന്താണെന്ന് ടീമിനെ പറഞ്ഞു മനസ്സിലാക്കാൻ പോൾസൻ ജോഹൻസിനാവില്ല. ജബൽ വസാത്തിലെ എണ്ണ നിക്ഷേപത്തിന് കാവലുള്ള ജിന്നുകൾ നഹദൈൻ മലകളിലുണ്ട്. അവയെ സമീപിക്കാൻ താഴ്വരയിലെ മനുഷ്യർക്ക് കരുത്തുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തുമിലികൾ ജബൽ വസാത്തിന്റെ നേർക്ക് തെക്കുദിക്കിലേക്ക് പടരാതിരുന്നതെന്നാണ് അബ്ബയുടെ ഭാവന കണ്ടെത്തിയത്.

ഞങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിട്ട് അവിടെ തുമിലിപ്പാടത്തിന്റെ കരയിൽ ഒരു വീട് വച്ചു താമസിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞുവെന്ന് ടോണി അബ്രഹാം ഓർമ്മിച്ചെടുക്കുന്നുണ്ട്. അത് എന്റെ എല്ലാ കാലത്തെയും ചിന്തയായിരുന്നതിനാൽ സംഭവിച്ചിരിക്കാം എന്ന് ഞാൻ സമ്മതിച്ചു. ഭൂമി മുഴുവനും കെട്ടിടങ്ങളും അവയ്ക്ക് മതിലുകളും കെട്ടിനിറച്ചിട്ടും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അണുകുടുംബ ഇണകൾക്ക് താമസിക്കാൻ വീടുകളുടെ ആവശ്യം എപ്പോഴും ബാക്കിയായി നിൽക്കുന്നു.

പാർപ്പിടനഗരങ്ങൾ നിർമ്മിക്കുവാൻ തുമിലിപ്പാടങ്ങൾ കയ്യേറുന്നതും തുമിലികളുടെ മീതെ നിർമാണ ജോലികൾ ചെയ്യുന്നതും ഒരു വിമത ചിന്തയുടെയോ സ്വരത്തിന്റെയോ അസ്വാരസ്യം പോലുമില്ലാതെ ദിൽമുനിയയിൽ സാധൂകരിക്കപ്പെട്ടു. മനുഷ്യ പൈതൃകത്തിന്റെ മാതൃകയായി കുറച്ച് ഭാഗം സംരക്ഷിച്ച് സൂക്ഷിക്കണമെന്ന തീരുമാനം കാരണമാണ് എന്റെ മതിലിനുവെളിയിലെ തുമിലിപ്പാടം ബാക്കിനിൽക്കുന്നത്. അവിടെ ആദിമമായ കാലവും വായുവും വെളിച്ചത്തിന്റെ കിരണങ്ങളും തങ്ങിനിൽക്കുന്നുണ്ട്. തുമിലികളുടെ ചാരനിറത്തിലും മണ്ണിന്റെ പരുക്കൻപ്രതലത്തിലും നിറവും തൊലിയും ലയിച്ചുചേരുന്ന ഓന്തുകളും അരണകളും അവയുടെ വംശത്തിലെ വേറേ ഉരഗങ്ങളും ജീവിവർഗങ്ങളും പതിയിരിക്കുന്നുണ്ട്. ആൾപെരുമാറ്റം തീരെയില്ലാത്തതിനാൽ ജീവികളുടെ സ്വതന്ത്രവിഹാരമാണ് അവിടെ. ചുവട്ടിൽ ജീവൻ വീണ്ടും തങ്ങളിലേക്ക് വരുമെന്ന് കാത്തുകിടക്കുന്ന അസംഖ്യം മനുഷ്യരും മുകളിൽ അന്തരീക്ഷത്തിൽ ജീവന്റെ തിമർപ്പുമാണ്. ഇരപിടിയന്മാരിൽ നിന്നും രക്ഷയിലേക്കു പാഞ്ഞ് ഓടിപ്പോകുന്ന ജീവികളുടെ കണ്ണുകളിൽ നിന്നു പ്രസരിക്കുന്നത് പ്രാണൻ കിട്ടിയതിന്റെ വെളിച്ചവും തിളക്കവുമാണ്. ആ വെട്ടം അവിടുത്തെ ജീവസാന്നിദ്ധ്യത്തിന് ചൈതന്യം പകരുന്നു. മരണപ്പെടുന്നവരെ കാത്തുവയ്ക്കാൻ പാറതുരന്ന് കല്ലിൽ ശവമഞ്ചങ്ങൾ പണിയുന്ന പൂർവികരായ അസംഖ്യം മനുഷ്യരുടെ അധ്വാനത്തിന്റെ ആഘോഷവും ഉത്സവവും നടക്കുന്നത് എനിക്ക് ഈ ജനാലയിലൂടെ കാണാം. തനിച്ചായിരിക്കുന്നത് പ്രിയമായ എന്റെയീവാർദ്ധക്യ ദിനങ്ങളിൽ തുമിലിപ്പാടത്തോട് ചേർത്ത് നെയ്യുന്ന സങ്കല്പങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

ഉമ് അൽ ജസ്രയിലേക്ക് വണ്ടി വിടാനാണ് ഞാൻ ആവശ്യപ്പെട്ടത്. അവിടുത്തെ കടൽത്തീരത്ത് ഈന്തപ്പനത്തോട്ടം നല്ലൊരു പച്ചപ്പായി ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. തീരത്തെ ഈന്തപ്പനകൾ കഴിഞ്ഞ് ഉള്ളിലേക്ക് വരുമ്പോൾ വീടുകൾക്കിടയിൽ ചെടികളും മരങ്ങളും നന്നായി വളർന്നുനിൽക്കുന്ന സ്ഥലമാണ്. ഈന്തപ്പനത്തോട്ടത്തിലെ പനയോലമേഞ്ഞ കുടിലുകളിൽ നിന്ന് പുറത്തുവന്ന് ഉമ് അൽ ജസ്രക്കാർ ഇഷ്ടികവീടുകൾ നിർമ്മിച്ച് താമസം തുടങ്ങിയ മണ്ണും ഫലപുഷ്ടിയുള്ളതായിരുന്നു. ശക്തിയുള്ള പച്ച പുലർന്ന ആ മണ്ണിൽ പൂക്കളും ചെടികളും ചെറുമരങ്ങളും നന്നായി വളർന്നു. ധാരാളം ബാങ്കുകളും പണമിടപാട് സ്​ഥാപനങ്ങളും മൂലധന നിക്ഷേപ കമ്പനികളും അവയുടെ ആധുനിക ബ്രോക്കർമാരും അവരുടെ മേഖലാ ആസ്​ഥാനങ്ങളും പ്രവർത്തന കാര്യാലയങ്ങളും ഓഫീസുകളും ദിൽമുനിയയിൽ ആരംഭിച്ചു.

എല്ലാ ഓഫീസുകളുടെയും കൈകാര്യകർത്താക്കൾ യൂറോപ്പുകാരോ അമേരിക്കക്കാരോ ആയിരുന്നു. ഓഫീസിനുള്ളിലെ ക്ലാർക്ക് ജോലികൾ സ്വദേശികളും ഇന്ത്യാക്കാരും പങ്കിട്ടെടുത്തപ്പോൾ ഡ്രൈവർമാരും ഓഫീസ്​ബോയ്കളും ഏകദേശം എല്ലാവരും ഇന്ത്യക്കാർ മാത്രമായിരുന്നു. പച്ചപ്പ് നിറഞ്ഞ ഉമ് അൽ ജസ്രയാണ് സാഹിബുമാർ അവരുടെ താമസത്തിന് തിരഞ്ഞെടുത്തത്. അതുകൊണ്ട് അവിടെ ഭൂമിയുടെ വിലയും വാടകയും കൂടുതലായി.

എന്റെ ഉമ്മു ജനിച്ചു വളർന്നത് ആ ഗ്രാമത്തിലാണ്. പകൽനേരങ്ങളിലും ഇരുട്ടും തണുപ്പും വീഴുന്ന തരത്തിൽ ഇടതൂർന്ന് നിബിഡമായി വളർന്നുനിൽക്കുന്ന ഈന്തപ്പനക്കാട് തന്റെ ചെറുപ്പത്തിൽ അവിടെയുണ്ടായിരുന്നുവെന്ന് ഉമ്മു പറയും. ഈന്തപ്പനക്കാട്ടിലേക്കും ചേർന്നുള്ള മുൾ മരപൊന്തയിലേക്കും ചുള്ളിയും വിറകും പെറുക്കാൻ ഉമ്മു പോകുമായിരുന്നു. അതായിരുന്നു അടുപ്പ് കത്തിക്കാൻ അവർക്ക് വിറക്. തുണിക്കെട്ടുകളുടെ ഭാണ്ഡങ്ങളും തലയിൽ പേറി വരിവരിയായി നടന്ന് ഘോഷയാത്ര പോലെ അലക്ക് പടവിലേക്ക് ഉമ്മും സമപ്രായക്കാരായ കൂട്ടുകാരികളും പോയിരുന്ന യാത്രകൾ പറയാൻ ഉമ്മിന് വലിയ ഉത്സാഹമായിരുന്നു.

ശക്തിയായി വെള്ളം ചീറ്റുന്ന നീരുറവയുള്ള കിണറിന്റെ അരികത്ത് കല്ലും ചെളിയും ചേർത്തുണ്ടാക്കിയ ഒരു ടാങ്കും അതിനു ചുറ്റുമുള്ള കൽകെട്ടുകളുമാണ് അലക്ക് പടവ്. പെണ്ണുങ്ങൾക്ക് കുളിക്കാൻ പനയോല കൊണ്ടുള്ള മറച്ചുകെട്ടു ഉണ്ടായിരുന്നു. അവിടേക്ക് ആണുങ്ങൾക്ക് പ്രവേശനമില്ല. ആണുങ്ങൾക്ക് കുളിക്കാൻ കുറച്ചു ദൂരെ മറ്റൊരു നീരുറവയും കിണറും ഉണ്ട്. ഫലവൃക്ഷങ്ങളും പച്ചക്കറി ഇനങ്ങളും കൃഷി ചെയ്തും ആടുകളെ വളർത്തിയും കാലം കഴിച്ചിരുന്ന പട്ടിണിക്കോ ലങ്ങളായ ഗ്രാമീണരുടെ ദിനചര്യകളും ഉമ്മ്​ ഓർക്കും.

മുത്തുവാരാൻ പോകുന്ന പുരുഷന്മാർ കടലിലായതിനാൽ കൊല്ലത്തിൽ അധികകാലവും ദിൽമുനിയ ഒരു പെൺരാജ്യമാകും. പുരുഷന്മാരില്ലാത്ത കാലത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്​ത്രീകൾ ഈന്തപ്പനക്കാട്ടിലും കടൽത്തീരത്തും ചന്തയിലും പോയി. കോഴികളെയും ആടുകളെയും തീറ്റുന്നതും വളർത്തുന്നതും പെണ്ണുങ്ങളുടെ ജോലിയായിരുന്നു. നാല് മാസങ്ങൾ മുഴുവനും പുരുഷന്മാരെ കടലിൽ തളച്ചിടുന്ന മുത്തുവാരൽ ജോലി ഇല്ലാതായപ്പോൾ പെണ്ണുങ്ങൾക്ക് കിട്ടിയിരുന്ന ഇത്തിരി സൂര്യവെട്ടം അണഞ്ഞുപോയെന്നും വെളിയിലെ കാറ്റ് നിലച്ചെന്നും പറഞ്ഞ് എന്റെ ഉമ്മു അബ്ബയുമായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ഉമ് അൽ ജസ്രയിലേക്ക് ചെല്ലുമ്പോൾ മതിൽക്കെട്ടിനുള്ളിൽ ഒരു കൂട്ടം ആഢംബര വീടുകൾ എന്ന പുതിയ പാർപ്പിട സംവിധാനങ്ങളുടെ നിരകളാണ്. പഴയ ഗ്രാമത്തിനു പുറത്തേക്കാണ് ആ ഭവനസമുച്ചയങ്ങൾ വളർന്നുപോകുന്നത്. പുതിയ മതിൽക്കെട്ടുകൾക്ക് അകത്തും പുറത്തും കാറുകൾക്ക് സുഗമമായി പോകാനും വരാനും കഴിയുന്നതരം റോഡുകൾ കണ്ണാടി മിനുപ്പോടെ പണിതിട്ടുണ്ട്. അകലെനിന്ന് വരുമ്പോൾ ടാറിട്ട റോഡിൽ തിളച്ചു മറിയുന്ന മരീചികകളെ ഞങ്ങൾ സറായ എന്നാണു വിളിക്കുന്നത്.

പാർപ്പിട സമുച്ചയങ്ങളെ പിന്നിട്ട് പഴയ ഉമ് അൽ ജസ്രയിലെ ഗ്രാമ വസതികളിലേക്കുള്ള ഇടുങ്ങിയ വഴി തുടങ്ങുന്നിടത്ത് ബഷീർ ആലം വണ്ടി നിറുത്തി. ഓരോന്നും ഓരോ ചെറുവനങ്ങളായ യൂക്കാലിപ്റ്റ്സ്​ മരങ്ങളുടെ നിരയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഇരുനിലക്കെട്ടിടത്തിന് കഴിഞ്ഞ തലമുറയിലെ പ്രഭുഭവനത്തിന്റെ പ്രൗഢി ഇപ്പോഴുമുണ്ട്. എന്റെ അബ്ബയുടെ നൗഹുദയ്ക്കു അയാളുടെ ഗ്രാമത്തിൽ ഒരു മാളികബംഗ്ലാവുണ്ടായിരുന്നു. അതിന്റെ പെരുമയേറിയ വാതിലിന്റെ മാതൃകയിൽ തടിയിൽ പണിയിച്ച വലിയ ഗേറ്റിൽ, അലങ്കാരപ്പണികളായി പിടിപ്പിച്ച ചെമ്പു കുമിളകളുടെ കമാനത്തിന് നിറം മങ്ങിയെങ്കിലും ഇപ്പോഴും കുലീനമായിരിക്കുന്നു. തടിവാതിലിന്റെ ഒരു പാളിയിൽ ആളുകൾക്ക് കടന്നുപോകാൻ വേണ്ടിയുള്ള വളച്ചു വാതിൽ ആകൃതിയിലെ ചെറിയ കവാടം തള്ളിത്തുറന്ന് ഞാൻ കുനിഞ്ഞ് മുറ്റത്തേക്ക് കാൽ വച്ചു.

‘‘ചേട്ടൻ ബുആദിൽ ഇവിടെയാണ്. തീരെ അനക്കമില്ലാത്ത കിടപ്പായതിൽപിന്നെ എനിക്ക് അരികത്ത് പോകാൻ സങ്കടമാണ്. ഇവിടെ വരെ വന്നിട്ട് കുറെ നേരം ഇരിക്കും. എന്നിട്ട് മടങ്ങിപ്പോകും. ഏറെക്കാലമായി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ വയ്യാത്ത ചേട്ടത്തി ഹൈഫയെയും ഇപ്പോൾ ഇവിടെ ആക്കിയിട്ടുണ്ട്. ’’

‘‘ ഞാൻ വരാറുണ്ട്, ഹജ്ജി.’’ ബഷീർ ആലം പതുക്കെ പറഞ്ഞു.
‘‘പണ്ട് ഹാൻസ്​ പോൾസൻ സാബ് താമസിച്ചിരുന്നപ്പോഴും ധാരാളം വന്നിട്ടുണ്ട്. കാലത്തും വൈകിട്ടും ഇവിടെ നിന്നുയരുന്ന കിളികളുടെ കരച്ചിൽ ശബ്​ദം ചെവി കേട്ട് നിൽക്കാൻ ആവാത്ത അത്രയും ഉച്ചത്തിലാണ്.’’

‘‘ഹാൻസ്​ പോൾസൻ പോയതിൽ പിന്നെ കുടുംബത്തിലെ കുറേ നവദമ്പതികൾ വിവാഹശേഷം ചുരുങ്ങിയകാലം വീതം ഇവിടെ താമസിച്ചു. കമ്പനി അവർക്ക് വേണ്ടി പുതിയ വീട് പണിത് കൊണ്ടിരിക്കുമ്പോൾ താത്കാലിക മധുവിധുവീടായി ഇവിടെ താമസിക്കും. അതുകൊണ്ട് ഈ വീട് നന്നായി സൂക്ഷിക്കണം എന്ന് കുടുംബത്തിൽ എല്ലാവർക്കും നിർബന്ധമായിരുന്നു. സമയാസമയങ്ങളിൽ പുതുക്കൽ പണികൾ നടത്തി വീടിന്റെ യുവത്വം കാത്തുസൂക്ഷിച്ചു. അങ്ങനെ ചെയ്തതുകൊണ്ട് ബുആദിലിനും ഹൈഫയ്ക്കും മനശ്ശാന്തിയോടെ ഇവിടെ കിടന്ന് മരിക്കാം.’’

എന്റെ ചെറുപ്പകാലവും അബ്ബ പറഞ്ഞുകൊണ്ടേയിരിക്കുന്ന കഥകളും ഈ മുറ്റം നിറയെ ഇപ്പോഴുമുണ്ട്. അമ്മി അഹമ്മദ്​ ഖലീലും സംഘവും ഈ മുറ്റത്ത്​ രഹസ്യ കൂടിയാലോചനകൾ നടത്തുമ്പോൾ അന്തരീക്ഷത്തിന്​ വന്നുചേരാറുണ്ടായിരുന്ന നിഗൂഢഭാവവും ഉയർന്ന ഊഷ്​മാവും ഇപ്പോഴും എനിക്ക്​ അനുഭവിക്കാം.

ചേട്ടന്റെ ആഢംബര കൊട്ടാരവും കമ്പനിയുടെ രമ്യഹർമ്മ്യങ്ങളും ആഢംബര സൗധങ്ങളും ഭവനസമുച്ചയങ്ങളും പല ബാങ്കുകൾ ജപ്തി ചെയ്തെടുത്ത് കൊണ്ടുപോയപ്പോഴും ഈ വീട് അഭയസ്​ഥാനമായി ബാക്കിയുണ്ട്.

‘‘എന്റെ ഉമ്മീന്റെ കുടുംബവീടുണ്ടായിരുന്ന സ്​ഥലത്ത് അബ്ബയും ചേട്ടനും ചേർന്ന് ഒരു മാളിക പണികഴിപ്പിച്ചു. ഞങ്ങൾ എല്ലാവരും ഒരുമിച്ചു താമസം തുടങ്ങിയത് ഇവിടെയാണ്. ഇബ്രാഹീം അബാദിയുടെ കുടുംബം മറ്റുള്ളവരെ കടന്ന് മേലെ പോകാൻ തുടങ്ങിയതിന്റെ അടയാളമായിരുന്നു അന്നീ വീട്. ഇവിടെ ചുറ്റുമതിൽ കെട്ടി വേർതിരിഞ്ഞ ആദ്യത്തെ വീടും ഇതാണ്. ഈന്തപ്പനകളും മുൾമരങ്ങളും മാത്രം കണ്ടുപരിചയിച്ച ഗ്രാമീണർ പൊഴിഞ്ഞ ഇലകളിൽ നിന്ന് മണംവരുന്ന മരമായ യൂക്കാലിപ്റ്റസ്​ ചെടികളെ അതിശയിച്ചു നോക്കിയാണ് മതിലിന് വെളിയിൽ കൂടി നടന്നുപോയിരുന്നത്. ഇലകൾ പൊഴിഞ്ഞു വീഴാൻ വഴിയിൽ കുട്ടികൾ കാത്തുനിന്നു. റെസിടൻസി കോമ്പൗണ്ടിൽ ധാരാളം പിടിപ്പിച്ചിട്ടുള്ള യൂക്കാലിപ്​സിന്റെ തൈകൾ അവിടുന്ന് സംഘടിപ്പിച്ച് കൊണ്ടുവന്നത് അമ്മി അഹമദ് ഖലീൽ ആണ്. അമ്മി പോയ് മറഞ്ഞതിന് ശേഷം ഈ മരങ്ങളെ അബ്ബ അഹമദ് ഖലീൽ എന്നാണു പേര് വിളിച്ചത്. അഹൂയീ എന്നു വിളിച്ച് അമ്മിയോടെന്ന പോലെ അബ്ബ മരങ്ങളോട് സംസാരിക്കും.’’

ടോണി അബ്രഹാം എല്ലാം കാണുകയും കേൾക്കുകയുമാണ്. ചൈതന്യം ചോർന്ന പോയവയെന്ന് എനിക്ക് ആദ്യം കണ്ടപ്പോൾ തോന്നിയ അയാളുടെ കണ്ണുകൾ പുതിയ കാഴ്ചകളിൽ സജീവമാകുന്നു.
‘‘ മേടകളും മാളികകളും ധാരാളം ഇവിടെയെല്ലാം ഉണ്ട്. പക്ഷേ ഈ പരിസരത്തൊന്നും ഇങ്ങിനെയൊരു കാവ് ഇല്ല.’’ അയാൾ നാലുപാടും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.
‘‘ എന്റെ അബ്ബ നോക്കി വളർത്തിയ മരങ്ങളും ക്ഷണിച്ചു വരുത്തിയ പക്ഷികളുമാണ്. പണ്ട് ചില കൊടുംവേനലുകളിൽ കുടിക്കാൻ പോലും വെള്ളം തികയാതിരുന്നപ്പോൾ മരങ്ങൾക്ക് വേണ്ടത്ര വെള്ളം കൊടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. അന്ന് അബ്ബയുടെ സങ്കടം കണ്ടിട്ട് ഭ്രാന്താണോ എന്നു സംശയിച്ചവരുണ്ട്. ഞങ്ങൾ താമസം മാറിയിട്ട് കുറേക്കാലം ഒഴിഞ്ഞു കിടന്നു. ഈ വീട് ഹാൻസ്​ പോൾസന് താമസിക്കാൻ കൊടുത്തതും അബ്ബയുടെ ഇഷ്ടമായിരുന്നു.’’

ഞങ്ങളുടെ ഉമ്മു ജനിച്ചു വളർന്ന ഗ്രാമം എന്ന വസ്​തുത ഒരു വിഷയം ആയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉമ്മിന് ഓഹരിയായി കിട്ടിയ വസ്​തുവിൽ ഞങ്ങൾ വലിയ വീട് വച്ചു മതിൽകെട്ടി അതിനുള്ളിൽ കഴിഞ്ഞപ്പോൾ മറ്റുള്ളവരിൽ നിന്ന് സ്വാഭാവികമായും അകന്നു പോയിരുന്നു. ഉമ് അൽ ജസ്രയിലെ മരത്തണലുകളും കുടിവെള്ളം ധാരാളം കിട്ടുന്ന നീരുറവകളും ആ സ്​ഥലത്തിന് പ്രദാനംചെയ്ത ശീതളച്ഛായ ചേട്ടൻ നന്നായി തിരിച്ചറിഞ്ഞു. ആദ്യ ചെറിയ സമ്പാദ്യങ്ങൾ മുതൽ പണം വന്നു തുടങ്ങിയപ്പോൾ ഉമ് അൽ ജസ്രയിൽ വാങ്ങാൻ കിട്ടുന്ന കൃഷി ഭൂമി മുഴവൻ വാങ്ങിക്കൂട്ടുകയാണ് ചേട്ടൻ ചെയ്തത്.

ശാദ്വലപ്രകൃതിയെ ആഢംബരമായി കണക്കുകൂട്ടിയ അന്താരാഷ്ട്ര കമ്പനികൾ അവരുടെ ഉയർന്ന ഉദ്യോഗസ്​ഥർക്ക് താമസിക്കാൻ ഉമ് അൽ ജസ്രയിൽ വീടുകൾ വാടകക്കെടുത്തു. എമ്മിയെസ്​ കമ്പനിയിലെ ഒരു ലേബറിന്റെ മാസശമ്പളത്തിന്റെ മുപ്പതും നാൽപ്പതും മടങ്ങ് വലിയ സംഖ്യയായിരുന്നു ആ വീടുകളുടെ പ്രതിമാസ വാടക. ചേട്ടൻ നേരത്തെ വാങ്ങിയ കൃഷിഭൂമികളെല്ലാം ഭവനസമുച്ചയങ്ങളായി മാറിക്കൊണ്ടിരുന്നു. എമ്മിയെസ്​ വൺ, എമ്മിയെസ്​ ടു എന്നിങ്ങനെ അവ ഉമ് അൽ ജസ്രയ്ക്ക് വെളിയിലേക്ക് വളർന്നു.

എമ്മിയെസ്​ കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ആൻഡ് പ്രോപ്പർട്ടി ഡിവിഷന്റെ തുടക്കം ഉമ് അൽ ജസ്രയിൽ പണികഴിപ്പിച്ച വീടുകളാണ്. ഉയർന്ന വരുമാനക്കാർ താമസിക്കുന്ന വീടുകളുടെ കൂട്ടങ്ങൾക്കു നടുവിൽ പ്രത്യേകിച്ചൊരു മതിൽകെട്ടിന്റെയുള്ളിൽ ഒറ്റയ്ക്ക് ഒരു വലിയ ബംഗ്ലാവായിരുന്നു ചേട്ടന്റെ ആദ്യത്തെ വീട്. നീന്തൽക്കുളവും വേലക്കാർക്ക് താമസിക്കാൻ മുറികളും എല്ലാമായി വളരെ വലിയൊരു കെട്ടിടം. താൻ താമസിക്കുന്ന വീട്ടിൽ അബ്ബയെയും ഉമ്മുമാരെയും കൂടെത്താമസിപ്പിക്കണമെന്ന് ചേട്ടന് നിർബന്ധമായിരുന്നു. മനസ്സില്ലാമനസ്സോടെയാണ് ഈ വീടിന്റെ പരിസരം വിട്ട് അബ്ബ ചേട്ടന്റെയൊപ്പം താമസിക്കാൻ പോയത്. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments