ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം നാല്​

5. മായക്കൊട്ടാരങ്ങൾ

മ് അൽ ജസ്ര കടൽത്തീരത്തെ ഒരു പനമരക്കാട് വെട്ടിമാറ്റി ചേട്ടൻ രണ്ടാമത്തെ വീടുവച്ചു.

എമ്മിയെസ് കമ്പനിയിൽ എല്ലാവരും ആ വീടിനെ ഉമ് അൽ ജസ്ര പാലസ് എന്നാണു വിളിച്ചത്.

ആ വീടിന്​ കൊട്ടാരവലിപ്പവും അനേകം വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യവും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ നീന്തൽക്കുളങ്ങളും വലിയ മജ്​ലിസുകളുമുണ്ടായിരുന്നു. സ്വർണം പൂശിയ കതകുപിടികളും കുളിമുറി സാമഗ്രികളും മച്ചുകളിലെ അത്യാഢംബരം നിറഞ്ഞ ചിത്രപ്പണികളും അബ്ബയ്ക്ക് അത്ര പിടിച്ചില്ല. ഒരു വീട്ടിൽ ഇത്രയധികം കാറുകളുണ്ടാവുന്നതും അബ്ബയ്ക്ക് സമ്മതമായില്ല. കൊട്ടാരംപണി പൂർത്തിയായി താമസം മാറിയപ്പോൾ ചേട്ടൻ ആദ്യത്തെ വീട് അബ്രഹാം ജോസഫിന് താമസിക്കാൻ കൊടുത്തു. വീട്ടുവേലക്കാരും കാർ നോട്ടക്കാരും പൂന്തോട്ടപ്പണിക്കാരും ഉൾപ്പെടെ ഒരുസംഘം ജോലിക്കാരും അവരുടെ മേൽനോട്ടക്കാരും മതിലിനുള്ളിലുണ്ടായിരുന്നു. ഒരു വീടായിട്ടല്ല ആൾക്കൂട്ടം പെരുകിയ പൊതുസ്ഥലമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

വീട്ടകത്തെ സ്വാസ്ഥ്യവും സ്വൈര്യവും കിട്ടാൻ വേറെ ഇടങ്ങൾ തേടിപ്പോകണമല്ലോയെന്ന് അവിടെ താമസിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ആദിലിന്റെ അനിയന്റെ വിവാഹദിവസം രാത്രിയിൽ രാജാവും കിരീടാവകാശിയും ഉൾപ്പെടെ രാജ്യത്തെ പ്രമുഖന്മാരെല്ലാം എത്തിയപ്പോൾ ദിൽമുനിയയിലെ ഏറ്റവും മുന്തിയ വാഹനങ്ങളും ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥരും മുഴുവൻ അവിടുത്തെ മതിൽക്കെട്ടിനുള്ളിൽ വന്നു നിറഞ്ഞു. രാജ്യഭരണത്തിന്റെ കേന്ദ്രം ആ മഹാമന്ദിരത്തിൽ എത്തിയതുപോലെയായിരുന്നു. കട്ടിപ്പരവതാനികൾ വിരിച്ച മുറ്റത്ത് അതിഥികൾക്ക് കൈകൊടുത്തു വരവേൽക്കാൻ കുടുംബത്തിലെ പുരുഷന്മാർ ആചാരപ്രകാരം നിരന്നുനിന്നപ്പോൾ ചേട്ടന്റെ തൊട്ടരികത്തായിരുന്നു എന്റെ സ്ഥാനം. രാജ്യത്തെ അധികാര സ്ഥാനങ്ങൾക്കുമുഴുവൻ കൈ കൊടുത്തു സലാം പറഞ്ഞുതീർന്നപ്പോൾ തികട്ടിവരുന്ന ആഹ്ലാദത്തെ കുടിച്ചിറക്കി ചേട്ടൻ എന്റെ ചെവിയിൽ മന്ത്രിച്ചു, ഇബ്രാഹീം അബാദിയുടെ മകന്റെ വീട്ടിലെ ഈ ദിവസത്തിനുവേണ്ടിയാണ് ഞാൻ ഇത്ര വലിയ വീട് വച്ചത്.

അങ്ങയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇത്ര ആർഭാടങ്ങളും ആഢംബര കൊട്ടാരവും അതിനുവേണ്ടി ഒരുക്കുകയില്ലായിരുന്നുവെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

പതുക്കെ മാത്രം ചുവടുകൾ വയ്ക്കുന്ന ടോണി അബ്രഹാം ഇപ്പോൾ വേഗമിരട്ടിപ്പിച്ച് നടക്കുന്നുണ്ട്. ഞാൻ പറയുന്നതിൽ നിന്ന്​ ഒന്നും പൊഴിഞ്ഞുപോകാതെ പിടിച്ചെടുക്കാനുള്ള ആവേഗം അയാളിൽ പ്രകടമാണ്. മതിലിനരികിൽ പോയി ബഷീർ ആലം ആയിരക്കണക്കിന് കിളികൾ ചേക്കേറുന്ന വൃക്ഷങ്ങളും പേരയും നാരകവും പപ്പായയും മാവും ചുറ്റി നടന്ന് പരിശോധിക്കുന്നു. നടുമുറ്റത്ത് ഉയർത്തിക്കെട്ടിയ തിട്ടയിൽ നിന്ന് വളർന്നുപടർന്ന് മുറ്റത്തിന് കുട പിടിച്ചതുപോലെ നിൽക്കുന്ന ആൽമരം ഏതോ ബോൺസായ് വർഗത്തിലേതാണ്. കാലമെത്ര കഴിഞ്ഞിട്ടും അതു വളർന്നൊരു മഹാവൃക്ഷമാകാതെ മുറ്റത്തിന് തണൽ നൽകാൻ മാത്രമായ വളർച്ചയിലേക്ക് ചുരുങ്ങിനിൽക്കുന്നു. ഈ ആൽമരം ഹാൻസ് പോൾസൻ നട്ടുപിടിപ്പിച്ചതാണ്. മരം കുറേ വളർന്നപ്പോൾ ചുറ്റിനും തിട്ടകെട്ടി ഇരിപ്പിടങ്ങളും പണിയിച്ചുചേർത്തു. വൈകുന്നേരങ്ങളിൽ ചേക്കേറുന്ന പക്ഷിക്കൂട്ടത്തിന്റെ ആരവത്തിനൊപ്പം വായിച്ചും മറ്റും ആ തിട്ടയിലിരുന്ന് നേരം കഴിക്കാനിഷ്ടമാണെന്ന് ഹാൻസ് പോൾസൻ പറഞ്ഞിട്ടുണ്ട്. ഒരു ആൽമരമായി പൂർണവളർച്ചയെത്തി പടർന്ന് പന്തലിച്ചില്ലെങ്കിലും ആ വൃക്ഷത്തിന്റെ തടിക്കും ശാഖകൾക്കും കാതലും ദൃഢതയുമുണ്ട്.

പേരമരങ്ങളും നാരകങ്ങളും അതിന്റെ ഇലയും തളിരും പിടിച്ചു പരിശോധിച്ച് നടന്ന് കാണുകയായിരുന്ന ബഷീർ ആലം മടങ്ങിവന്ന്​ അരികത്തുനിന്നു.

‘‘മരമില്ലാത്ത ഒരിടത്തിൽ എത്ര കാലം കഴിഞ്ഞാലും തലമുറകളിലൂടെ ബോധത്തിൽ പതിഞ്ഞു പോയ വനസ്ഥലികൾ ഒരു കുഞ്ഞു മരം കാണുമ്പോൾ നിങ്ങളെ ഉത്തേജിപ്പിക്കും. അല്ലേ ബഷീർ, ചെറുപ്പകാലം ഓർമ വന്നോ?'' ഞാൻ ചോദിച്ചു.

‘‘വളരെ കുഞ്ഞുന്നാളിലേ ഈ പണിയെല്ലാം ഞാൻ എടുത്തിരുന്നതാണ്, ഹജ്ജി ''
‘‘ആൽമരച്ചോട്ടിലെ കൽതിട്ടയിലിരുന്ന് സംസാരിക്കുമ്പോൾ ഹജ്ജിക്ക് ജ്ഞാനിയായ ഒരു ഗ്രാമവൃദ്ധന്റെ ഭാവങ്ങളുണ്ടാകുന്നു’’, ബഷീർ ആലം കൂട്ടിച്ചേർത്തു.

‘‘ഇന്ത്യയിൽ ഉത്ഭവിച്ച തത്വചിന്തയും മതവും ഉപാസിച്ച് ഒരായുസ്​ മുഴുവനും ചെലവാക്കിയ ഒരു ഡെന്മാർക്കുകാരൻ ഇരുന്ന് വായിച്ച് സ്വാസ്ഥ്യം അനുഭവിച്ച ഇടമാണിത്. അതുകൊണ്ടാവും.''

‘‘അദ്ദേഹത്തിന്റെ അനിയൻ ബിഷപ്പ് ഇവിടെ വന്ന സംഭവം, പൂർത്തിയാക്കാനാകാതെ ഞാൻ കൊണ്ടുനടക്കുന്ന അന്വേഷണങ്ങളിൽ ഒന്നാണ്. ബിഷപ്പിനോടൊപ്പം നടത്തിയ യാത്ര എന്റെ നവയവ്വന ജിജ്ഞാസകളെ മാനംമുട്ടെ ഉയർത്തിയിരുന്നു. ചേട്ടനെ കൊണ്ടുപോകാൻ വന്ന ബിഷപ്പിന്റെ ദൗത്യം എങ്ങനെയാണ് ആകൃതി പൂണ്ടതെന്നറിയാൻ എന്നിൽ ഉയർന്ന ഔത്സുക്യം അങ്ങനെ തന്നെ തുടർന്നു. ശരിയായ സമയത്ത്​ ഞാനത്​ അന്വേഷിക്കാതിരുന്നതാണ്​ കാരണം. ഞാൻ തേടിത്തുടങ്ങിയപ്പോൾ ആരിൽനിന്നും ഒരു വിശദരൂപം കിട്ടിയില്ല. ജോൺ ഫിലിപ്പ് അങ്കിളും എന്റെ കോണ്ടാക്റ്റിൽ നിന്ന്​ മെല്ലെ ഒഴിഞ്ഞുപോയി.''

‘‘ഫാദർ ഹെർമനുമായി അദ്ദേഹത്തിന്റെ ചേട്ടനെ കാണാൻ പോയത് അബ്രഹാം ജോസഫാണ്. ഫാദർ ഹെർമന് വിശ്വസിക്കാനാവാത്ത നിലയിലെ നിസ്സംഗത ഹാൻസ് പോൾസനിൽ നിറഞ്ഞിരുന്നു. ചേട്ടൻ ഡെന്മാർക്കിലേക്ക് ചെല്ലാത്തതുകൊണ്ട് കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് അവരുടെ വൃദ്ധയായ അമ്മ കടന്നുപോകുന്ന വേദനയും നഷ്ടങ്ങളും ഫാദർ ഹെർമൻ എണ്ണിപ്പറഞ്ഞു. പക്ഷേ ഫലമുണ്ടായില്ല. ആ വിധം വൈകാരികതകളെ ഹാൻസ് പോൾസൻ അതിനോടകം മറികടന്നിരുന്നു.''

വളരെ പണ്ട് നടന്ന ഒരു സംഭവം ഓർത്തെടുക്കുന്നതിന്റെ വേഗതക്കുറവ് അല്ലാത്ത ഒരു വികാരഭാരം എന്റെ ശബ്​ദത്തെ തടഞ്ഞു. എപ്പോഴും നന്നായി ഓർക്കുന്ന തരത്തിൽ ജീവനുള്ളതാണ് എനിക്ക് ഹാൻസ് പോൾസെന്റ പിന്മടക്കം.

‘‘എന്നെക്കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപയോഗമുണ്ടെന്ന് അബ്രഹാം ജോസഫ് സമ്മതിച്ച ഒരേയൊരു അവസരം അങ്ങിനെയാണുണ്ടായത്. അയാൾ ഫാദർ ഹെർമനെയും കൂട്ടി എന്റെ ഓഫീസിൽ വന്നു. എന്നെ ഡയരക്ടർ ഫിലിസോഫി എന്ന് തന്നെയാണ് ബിഷപ്പിന് പരിചയപ്പെടുത്തിയത്. ബിഷപ്പ് അത് വലിയ ഒരു സംഗതിയായി എടുത്തു. കൺസ്ട്രക്ഷൻ കമ്പനി പ്രവർത്തനങ്ങളുടെ വൻകടലിൽ കരകൾ എവിടെയെന്ന് ഉഴറി നടക്കുന്നവർക്ക് അകലെ കാണാൻ കഴിയുന്ന സമാശ്വാസത്തിന്റെ തരിവെട്ടമാണ് ഫിലോസഫിയെന്ന് അദ്ദേഹം നന്നാക്കി. അപ്പോഴാണ് അബ്രഹാം ജോസഫ് അയാൾ എനിക്കിട്ട മറുപേര് ബിഷപ്പിന് വർണിച്ചു കൊടുത്തത്. ഞാനും ഹാൻസ് പോൾസനും രണ്ടു പേർ മാത്രമേ എന്റെ ഡിപ്പാർട്ട്‌മെന്റിലുള്ളെന്നും പതിവായി ഫിലോസോഫി പറഞ്ഞിരിക്കാൻ ഞങ്ങൾക്ക് മുസ്തഫ ഇബ്രാഹീമിന്റെ അനുമതിയുണ്ടെന്നും പറഞ്ഞ് അയാൾ ബിഷപ്പിനെ പിന്നെയും അമ്പരപ്പിച്ചു.’’

അത് ശരിയായിരുന്നില്ലേ എന്ന്​ ചോദിക്കുന്നതായിട്ടാണ് ടോണി അബ്രഹാം ചിരിച്ചപ്പോൾ എനിക്ക് തോന്നിയത്.

ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഫാദർ ഹെർമനുമായി ചർച്ച ചെയ്തുറപ്പിച്ചിട്ടാണ് അബ്രഹാം ജോസഫ്​ എന്നെക്കാണാൻ വന്നത്. ഹാൻസ് പോൾസന് കുടുംബവുമായി മുറിഞ്ഞുപോയ ബന്ധം കൂട്ടിച്ചേർക്കണം. ഉടനെ ഡെന്മാർക്കിലേക്കുപോയി അമ്മയെ കണ്ടു വരണം. ഇതെല്ലാം സംഭവിച്ചില്ലെങ്കിൽ ഇങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചേട്ടൻ മുസ്തഫ ഇബ്രാഹീമിനെ ഞാൻ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തണം. അമ്മയെ നോക്കാത്ത ആളാണെന്ന്​ചേട്ടൻ അറിഞ്ഞാൽപ്പിന്നെ കമ്പനിയിലെ അനിതരമായ സവിശേഷപദവിയിൽ തുടരാൻ ഹാൻസ് പോൾസന് കഴിഞ്ഞെന്നുവരില്ലെന്ന താക്കീത് എന്റെ വാക്കുകളിലുണ്ടാവണം.

ഹാൻസ് പോൾസനോട് ആ വിഷയം സംസാരിച്ച ദിവസവും അന്നത്തെ സംഭവങ്ങളും ഒരിക്കലും മറന്നുപോവില്ല. അബ്രഹാം ജോസഫിന്റെ ഓഫീസിലാണ് ഞങ്ങളിരുന്നത്. മറ്റാരും പെട്ടെന്ന് കയറിവന്ന് സംഭാഷണം മുറിഞ്ഞു പോകാതിരിക്കാൻ ഓഫീസ് അകത്തുനിന്നടച്ച് കുറ്റിയിട്ടു.

ഡെന്മാർക്കിലേക്ക് ഒരു യാത്ര പോയിട്ട് കൂട്ടിച്ചേർക്കാവുന്ന അകലമല്ല തനിക്കും ഭാര്യയ്ക്കുമിടയിലെന്ന് ഹാൻസ് പോൾസൻ വിശദീകരിച്ചു. രണ്ട് ജീവിത സമീപനങ്ങളുടെ ദൂരമാണ്. അവർ അവരുടെ രീതിയിലും താൻ തന്റെ രീതിയിലും ശരി ആയതിനാൽ എത്ര സന്ദർശനങ്ങൾ കഴിഞ്ഞാലും ദൂരം നിലനിൽക്കും. ഭാര്യക്ക് ഭൗതികമായ സാധനസാമഗ്രികളും സൗകര്യങ്ങളും വീട്ടിലും ജീവിതത്തിലും നിറച്ച് ജീവിതം ആഘോഷിക്കണം. ഉല്ലസിച്ച് തിമർക്കണം. യൂറോപ്പുകാരുടെ വ്യാഴാഴ്ചക്കൂട്ടങ്ങളിൽ പങ്കെടുക്കണം. അവരോടൊപ്പം ചേർന്നുള്ള പരിപാടികളിൽ അർഹമായ ഉയർന്ന പദവി അനുഭവിക്കണം, ആസ്വദിക്കണം. കമ്പനിയിലും ദിൽമുനിയയിലും തനിക്കുള്ള പ്രത്യേക സ്ഥാനത്തിന്റെ ഗുണഫലങ്ങൾ മുഴുവനും സ്വീകരിച്ച് സമ്പാദിക്കണം. അക്കാര്യങ്ങളിൽ ഒന്നിലും തന്നെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും കാണാൻ ഹാൻസ് പോൾസന് ആവുന്നില്ല. അതെല്ലാം കൃത്രിമമായി കെട്ടിയാടുന്ന വേഷങ്ങളായി മാത്രമേ അയാൾക്ക് അനുഭവപ്പെടുന്നുള്ളൂ. ഭാര്യയുടെ വീക്ഷണങ്ങൾ യൂറോപ്പുകാരുടെ ഭൗതികതയുടെയും സുഖലോലുപതയുടെയും ആവിഷ്‌കാരമായും തന്റേത്​ ഏഷ്യയിൽ നിന്നുവരുന്ന ആത്മീയതയുടെ പക്ഷമായും എതിർധ്രുവങ്ങളായതിനാൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത് വൃഥാവ്യായാമമാണെന്ന് സ്ഥാപിക്കാൻ ഹാൻസ് പോൾസനു കഴിഞ്ഞു.

‘‘ഡെന്മാർക്കിൽ എന്റെ വീട്ടുകാർ തെറ്റായി ഒന്നും ചെയ്യുന്നില്ല. പക്ഷേ എനിക്ക് വേണ്ടത് ആ ജീവിതമല്ല. എത്രയോ പണിപ്പെട്ടാണ് ഞാനത് ഉപേക്ഷിച്ച് പുറത്ത് വന്നതെന്നറിയാമോ? അനേകം വർഷങ്ങളിലെ പഠിപ്പും വായനയും തപസുമാണ് എന്നെ അതിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. എനിക്കും അമ്മയെ കാണണമെന്നുണ്ട്. അതിനായി തിരിച്ചുപോയാൽ വൈകാരിക സമ്മർദ്ദങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിവുകുറഞ്ഞ ഞാൻ വീണ്ടും ആ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് വീണുപോകും. അതുകൊണ്ട് എന്നെ നിർബന്ധിക്കരുത്.''

ഹാൻസ് പോൾസൻ ഞങ്ങൾ രണ്ടു പേരോടുമായി അഭ്യർഥിച്ചു.
തന്റെ പ്രായോഗികബുദ്ധിയുടെ അടവുകളും പ്രയോഗങ്ങളും വഴിമുട്ടിപ്പോയ അബ്രഹാം ജോസഫ് അന്ധാളിപ്പോടെ എന്നെ നോക്കി.
‘‘ആഴത്തിലെ വായനയും പഠിപ്പും അപഗ്രഥനശേഷിയുമുള്ള ഒരാൾക്ക് സ്വയം തിരഞ്ഞെടുത്ത പാതയിൽ ഉറച്ചുനിൽക്കാൻ കഴിവില്ലെന്ന് പറഞ്ഞാൽ സമ്മതിക്കാനാവില്ല. ഇത് മറ്റെന്തോ മറച്ചുവയ്ക്കാനുള്ള ദുർബലമായ പ്രതിരോധമാണ്. എന്നെക്കാൾ അറിവും ബുദ്ധിയും കൂടിയ ഹാൻസനോട് ഞാൻ അധികം പറയണോ?'' എന്നിൽ നിന്നുണ്ടായ ചോദ്യം ഉറക്കെയായിപ്പോയി.

എന്നെ വേദനിപ്പിക്കുന്ന തരത്തിലെ ചുരുക്കമാണ് ഹാൻസ് പോൾസനുണ്ടായത്.

ആത്മാഭിമാനത്തിന്റെയും താൻപോരിമയുടെയും സ്വരൂപമായിരുന്ന ഹാൻസ് പോൾസൻ അപ്പോൾ ദുർബലനും ക്ഷീണിച്ചവനുമായി. കരുണയും സഹായവും അഭ്യർഥിച്ച് ചെറുതായിപ്പോയ ഹാൻസ് പോൾസനെ എനിക്ക് സമ്മതമല്ലായിരുന്നു.

അബ്രഹാം ജോസഫിനും അതങ്ങനെയാണെന്ന് തോന്നി. അയാൾക്കും ഉള്ളിൽ ഹാൻസ് പോൾസനോട് തികഞ്ഞ ആദരവാണെന്ന് എനിക്ക് കാണാമായിരുന്നു. ഞാനും അബ്രഹാം ജോസഫും ഇരിക്കുന്ന രണ്ടു സോഫകൾക്കിടയിലെ കാർപെറ്റിൽ ഹാൻസ് പോൾസൻ അയാളുടെ വലിയ ശരീരവുമായി വന്നിരുന്നപ്പോൾ അമ്പരപ്പുണ്ടായെങ്കിലും യാദൃച്ഛികമെന്ന് കരുതി. പിന്നീട് എല്ലാം തുറന്നുപറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ രണ്ടാളുടെയും കാലുകളിൽ ഇടയ്ക്കിടെ മാറിമാറി സ്പർശിച്ചതും ഒരുതവണ മുറുകെപ്പിടിച്ചതും എനിക്ക് അവിശ്വസനീയമായി.

അഴിക്കാൻ കഴിയാത്ത തരം കെട്ടുപാടുകളിൽ താൻ ബന്ധിതനാണെന്നും പതിനഞ്ചു വർഷങ്ങളായി വീട്ടിൽ താമസിക്കുന്ന ശ്രീലങ്കൻ വീട്ടുജോലിക്കാരിയെയും പതിമൂന്നുകാരനായ മകനെയും തനിക്കു ഉപേക്ഷിക്കാനോ വിട്ടുപോകാനോ ആവില്ലെന്നും ഹാൻസ് പോൾസൻ ഞങ്ങളോട് വെളിപ്പെടുത്തി. എമ്മിയെസ് കമ്പനിയിൽ തനിക്കുള്ള സവിശേഷമായ അവസ്ഥയിൽ മാത്രം പുലർത്തിപ്പോകാവുന്നതാണ് മൂന്നുപേർക്കും ഇടയിലെ അഗാധമായ ബന്ധം. ആ സന്തുലിതാവസ്​ഥക്കുണ്ടായേക്കാവുന്ന ചെറിയ അനക്കം പോലും മൂന്നാളുംചേർന്ന് നിലനിർത്തുന്ന തൂവൽക്കൊട്ടാരം ഉലഞ്ഞില്ലാതാവാൻ കാരണമാകും.

ആയിരക്കണക്കിന് പക്ഷികൾ ചേക്കേറുന്ന തങ്ങളുടെ വീട്ടിൽ അവർ മൂന്നുപേരും മറ്റൊരു പക്ഷിക്കൂട്ടിലെ കിളികളാണ്. അതുകൊണ്ട് തൊടരുതേയെന്ന് ഹാൻസ് പോൾസൻ ഞങ്ങളോട് അപേക്ഷിച്ചു.

ടോണി അബ്രഹാമും ബഷീർ ആലവും കണ്ണുകൾ വിടർത്തി പരസ്പരം നോക്കി.

‘‘അങ്ങനെ എന്തെങ്കിലും ഉള്ളതിന്റെ അറിവോ അടയാളമോ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?'' ബഷീർ ആലത്തിനോട് ഞാൻ ചോദിച്ചു.

‘‘ഒരുതരി പോലുമില്ല. സാബിനെക്കുറിച്ച് ആരും അത്തരത്തിൽ ഒന്നും ചിന്തിക്കുക പോലുമില്ല. അബ്രഹാം ജോസഫ് സാബ് അദ്ദേഹത്തെ മഹർഷി എന്നല്ലേ വിളിച്ചിരുന്നത്. അതുകൊണ്ട് എല്ലാവർക്കും ഹാൻസ് പോൾസൻ സാബ് മഹർഷി ആയിരുന്നല്ലോ.''

മഹർഷിയെന്നാൽ എന്തെന്ന് രണ്ടുപേരും ചേർന്ന് എനിക്ക് വിശദമാക്കി തന്നപ്പോൾ അബ്രഹാം ജോസഫിന്റെ മറുപേരുകളുടെ നാനാർത്ഥങ്ങൾ എനിക്ക് മുന്നിൽ തെളിഞ്ഞുവന്നു.

ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നിന്റെ നിർമ്മാണം അക്കാലത്ത് ദിൽമുനിയയിൽ നടക്കുന്നുണ്ട്. പെ​ട്രോൾ സമ്പത്ത് വന്നുതുടങ്ങിയപ്പോൾ മനാനയിൽ പണിത ആധുനികമായ ഹാർബർ അമേരിക്ക അവരുടെ നാവികത്താവളം വികസിപ്പിക്കുവാൻ വേണ്ടി ഏറ്റെടുക്കുന്നു. കൂടുതൽ വലിപ്പവും സൗകര്യങ്ങളുമുള്ള പുതിയ സിവിൽ ഹാർബർ പണിതു തുടങ്ങാൻ അതുകാരണമായി. വാണിജ്യ, സൈനിക കപ്പലുകൾക്ക് വന്നടുക്കാൻ വേണ്ടി ആഴമുള്ള കപ്പൽപ്പാതയുണ്ടാക്കാൻ കടലിന്റെ അടിത്തട്ട് തുരന്നുമാറ്റുന്നുണ്ട്. ആ മണ്ണു കൊണ്ടുവന്ന് മനാനയ്ക്ക് ചുറ്റിനുമുള്ള ആഴം കുറഞ്ഞ തീരത്ത് നിറച്ച് നികത്തി പുതിയ കരയുണ്ടാക്കി മഹാനഗരത്തെ വിസ്തൃതമാക്കുന്ന ജോലികൾ അതിവേഗം നടക്കുന്നു. ദിൽമുനിയക്ക്​ അതിന്റെ സ്വത്വവും പവിഴത്തട്ടുകളും ശാദ്വല പ്രകൃതിയും നൽകിയ കടലിനടിയിലെ പവിഴപ്പുറ്റുമതിൽ ആ ജോലികൾ മുന്നേറുന്നതിനിടയിൽ തകർന്നു പോകുന്നുണ്ട്. ഹാർബർ നിർമാണ ജോലികളുടെ ഭീമൻ കരാറുകൾ എടുത്തു ചെയ്ത് എമ്മിയെസ് കമ്പനി കുതിച്ചുവളരുന്നുണ്ട്. ഹാർബർ പ്രൊജക്റ്റ് സൈറ്റുകളിലെ ജോലികൾക്ക് എന്തെങ്കിലും തരം ദുർഘടങ്ങളുണ്ടാവുമ്പോൾ പ്രശ്‌നപരിഹാരത്തിനായി വിദ്ഗ്‌ധോപദേശങ്ങൾ തേടാൻ ദിൽമുനിയ രാജ്യത്തെ ടെക്‌നോക്രാറ്റുകളുടെ സമൂഹം അവരുടെ ശുഭപ്രതീക്ഷകൾ മുഴുവനും ചേർത്തുവച്ച് സമീപിക്കുന്ന ഒരേയൊരു ഹാൻസ് പോൾസനാണ് ഞങ്ങളുടെ കാലുകൾക്കരികിൽ കാർപെറ്റിലിരിക്കുന്നത്. അറിവിന്റെയും ദർശനങ്ങളുടെയും നിരന്തരമായ കൂട്ടിച്ചേർക്കലുകളിലൂടെ മഹർഷിയായിത്തീർന്ന മനുഷ്യനെന്ന് കരുതിയിരുന്നയാളെ നോക്കുമ്പോൾ അബ്രഹാം ജോസഫിന്റെ കണ്ണുകളിൽ അന്ന് തെളിഞ്ഞത് അളവുകൾക്കും അപ്പുറത്തെ ശൂന്യതയായിരുന്നു.

ഇതരമനുഷ്യർ അനുഭവിക്കുന്ന വേദനകളും പീഢാനുഭവങ്ങളും കാണാനും താങ്ങാനും കഴിവില്ലാത്തതിന്റെ സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ബാല്യം മുതൽക്കേ ഹാൻസ് പോൾസെന്റ ദിവസങ്ങൾ. ചെറുപ്പത്തിൽ അന്വേഷണങ്ങളും യാത്രകളും വായനയുമായി രക്ഷയുടെ വഴികൾ തേടി നടന്നു. ആ മനോഭാവത്തിന്റെ വിത്തുകൾ പിറവിയിൽ മുതൽക്കേ ബോധത്തിലേക്ക് ചെലുത്തിയ ആളെന്ന് കരുതാവുന്ന പിതാവ് പോൾസൻ ജോഹാൻസിനെയാണ് ഹാൻസ് ആദ്യം സമീപിക്കുന്നത്. സ്വന്തം ചിന്തയെയും അറിവിനെയും വികസിപ്പിച്ച് വിമോചനപ്പാത സ്വയം കണ്ടെത്തണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ദിൽമുനിയയിലെത്തിയ ആദ്യവർഷങ്ങളിൽ ഉദ്യോഗം പടുത്തുയർത്തുന്ന ശ്രദ്ധയിൽ മനസ്സ് വഴിമാറി ഒഴുകുമ്പോഴും ആത്മവ്യഥകൾ ഹാൻസ് പോൾസനെ വിട്ടൊഴിഞ്ഞില്ല. പുസ്തകങ്ങൾ മാത്രമായിരുന്നു അഭയം. അവയിലൂടെയാണ് ബുദ്ധദർശനങ്ങളിൽ ചെന്നെത്തിയത്.

എമ്മിയെസ് കമ്പനിയിൽ കിട്ടിയ അസുലഭ സാഹചര്യം പുതിയൊരു ഹാൻസ് പോൾസനെ രൂപപ്പെടുത്തി. തന്റെ പുതിയ ദാർശനിക വഴിയിൽ കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു തീർത്തിട്ട് കൂടുതൽ അറിവിനും വെളിപാടുകൾക്കുമായി ദാഹിച്ച് അയാൾ നാലുപാടും തിരയാനാരംഭിച്ചു. സെക്രട്ടറി മിനിമോളാണ് കമ്പനിയിലെ മറ്റൊരു ഡിവിഷനിലെ ശ്രീലങ്കൻ എഞ്ചിനീയറെ വലിയ വായനക്കാരനെന്ന് ഹാൻസ് പോൾസന് പരിചയപ്പെടുത്തിയത്.

ദിൽമുനിയയിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കുകയാണെങ്കിൽ മതഗ്രന്ഥങ്ങളല്ലാത്ത ഒരു പുസ്തകവും കൈവശം വയ്ക്കുവാനും വായിക്കാനും കഴിയില്ല. ഗൗരവവായനയുള്ള എല്ലാവരും പലവഴികളിൽ പുസ്തകങ്ങൾ കൈവശമാക്കുകയും വായിക്കുകയും ചെയ്യുന്നു. ഉറങ്ങുന്ന സെൻസർ നിയമങ്ങളെ ഉണർത്തി വലിയ ശിക്ഷകൾ നേരിടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും ഒളിവും മറയും വായനക്കാർ ശ്രദ്ധയോടെ അനുഷ്ഠിക്കും. ശ്രീലങ്കക്കാരൻ എഞ്ചിനീയറുടെ പുസ്തകച്ചങ്ങാതിക്കൂട്ടം ഹാൻസ് പോൾസന് ഇഷ്ടമായി. ശ്രീലങ്കയിൽ നിരോധിക്കപ്പെട്ട ജനതാ വിമുകതി പെരുമനയെന്ന ചെഗുവേരവാദി വിപ്ലവപാർട്ടിയുടെ പ്രവർത്തകരോ അനുഭാവികളോ ആയിരുന്നവരുടെ കൂട്ടമാണ് അവർ. പരാജയപ്പെട്ട വിപ്ലവ സംരംഭത്തിനു ശേഷം പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാനായി വന്നുതാമസിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

എഴുപതുകളിൽ പലനാടുകളിൽ പരാജയപ്പെട്ട സായുധ മുന്നേറ്റ ശ്രമങ്ങളിൽ പങ്കെടുത്തവർ പിടികൊടുക്കാതെ പലായനം ചെയ്ത് വന്ന് ഒളിവിലെന്ന പോലെ ഇവിടെ അന്ന് താമസിക്കുന്നുണ്ട്. ബുദ്ധദർശന പഠനത്തിന്​ കാൻഡിയിലെ യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥിയും ജനതാവിമുക്തി പെരുമനയുടെ സജീവപ്രവർത്തകയും ആയിരുന്ന മഹിമ, രണ്ടാം പേര് ഞാൻ ഓർമ്മിക്കുന്നില്ല, സംഘത്തിലെ ഒരു പ്രമുഖ അംഗമായിരുന്നു. സായുധ കലാപക്കാരെ അമർച്ച ചെയ്യാൻ ശ്രീലങ്കയിലെ അധികാരികൾ പ്രയോഗിച്ച നിഷ്ഠൂരമായ നടപടികളിൽ പിടിയിലകപ്പെടുന്നതിന് തൊട്ടുമുന്നേ മറ്റൊരാളിന്റെ പാസ്പോർട്ടുപയോഗിച്ച് നടത്തിയ ആൾമാറാട്ടത്തിലൂടെ മഹിമ ഇവിടെ എത്തുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. ഒരു ധനിക അറബി ഗൃഹത്തിലെ ആയപ്പണിക്കാരിയുടെ പാസ്പോർട്ടിലായിരുന്നു മഹിമയുടെ ഒളിച്ചോട്ടം.

അനേകം വൈതരണികൾ കടന്ന് അതിസാഹസികമായ പലപടവുകളിലൂടെ അവരുടെ സഖാക്കൾ ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെട്ട് എത്തുമ്പോൾ സംഘം പ്രത്യേകമായി ഒത്തുചേരും. രഹസ്യ വാർത്തകൾ, ഒളിവിൽ ജീവിക്കുന്ന പലകൂട്ടുകാരും പറഞ്ഞുവിട്ട സന്ദേശങ്ങൾ, പുസ്തകങ്ങൾ... അങ്ങനെ ഇവിടുള്ളവർ കാത്തിരിക്കുന്ന കുറേ കാര്യങ്ങളുണ്ടാവും വരുന്നയാളിന്റെ പക്കൽ. ശ്രീലങ്കൻ എഞ്ചിനീയറുടെ വായനാക്കൂട്ടത്തിൽ ഹാൻസ് പോൾസൻ ഒരു സ്ഥിരം അംഗം ആവുകയും അവർക്ക് സംഘം ചേരാൻ തന്റെ വീട് ഏറെക്കുറെ വിട്ടുകൊടുക്കുകയും ചെയ്തു. അയൽപക്കങ്ങളിൽ നിന്നകന്ന് വലിയ മതിൽക്കെട്ടിനുള്ളിൽ വൃക്ഷങ്ങൾ പിന്നെയും പല മതിലുകൾ തീർത്തിട്ടുള്ള ഈ വീട് അവർക്ക് ലക്ഷണമൊത്ത അഭയസ്ഥാനമായിത്തീർന്നു. ഇവിടം വളരെ പെട്ടെന്ന് മഹിമയ്ക്കും കൂട്ടുകാർക്കും ഒത്തുചേരാനുള്ള സുരക്ഷിത സങ്കേതമായി.

പുതിയതായി എത്തിച്ചേരുന്ന സഖാക്കളിൽ ആവേശം പിന്നെയും അവശേഷിക്കുന്നതിനാൽ അവർ കണ്ടുമുട്ടലുകൾക്ക് തിടുക്കം കൂട്ടുകയും പുസ്തകങ്ങൾ പരതി നടക്കുകയും ചെയ്യും. പുസ്തക ലഭ്യത തീരെ വിരളമായതുകൊണ്ട് അതിന് സാധ്യമായ എല്ലാ വഴികളും അവർ ചികയും. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അവർ ആശയസംഘട്ടനത്തിൽ ഏർപ്പെടുന്ന തമിഴ് ഈലത്തിന്റെ വിടുതലൈ പുലികളുടെ സമാനമായ കൂട്ടവും ദിൽമുനിയയിലുണ്ട്. ഇടപഴകൽ ഇല്ലെങ്കിലും രണ്ടുകൂട്ടർക്കും പരസ്പരം അറിയാം. മഹിമയുടെ സംഘം പുസ്തകങ്ങൾ തേടി ചിലപ്പോൾ അവരെയും സമീപിക്കും.

ദിൽമുനിയയിലെ കാലാവസ്ഥയ്ക്കും മനുഷ്യർക്കും ഡെന്മാർക്കിൽ സാധാരണമല്ലാത്ത രീതികളാണെന്ന് ഒരുമിച്ചു താമസിച്ച അഞ്ചു വർഷങ്ങളിലും ഹാൻസ് പോൾസന്റെ ഭാര്യ പരാതിപ്പെട്ടുകൊണ്ടേയിരുന്നു. സമരസപ്പെടാൻ താൻ നടത്തുന്ന ഒരു ശ്രമവും വിജയിക്കുന്നില്ലെന്ന് അവർ പറയുമ്പോൾ അവരെ മനസ്സിലാക്കാൻ ഹാൻസ് പോൾസന് കഴിഞ്ഞില്ല. പകരം അത് അവരുടെ മനോഭാവത്തിന്റെ മാത്രം പ്രശ്‌നമായി അയാൾ തള്ളിക്കളഞ്ഞു. ആഘോഷമായി ജീവിക്കുന്ന യൂറോപ്പുകാരുടെ സംഘത്തിൽ നിന്ന് ബലമായി മാറിനിൽക്കുന്ന ഭർത്താവിന്റെ രീതികൾ ഭാര്യയ്ക്കും പിടികിട്ടിയില്ല. കണ്ടുമുട്ടി ഇഷ്ടത്തിലായിട്ട് വിവാഹത്തിന് മുന്നോടിയായി ചങ്ങാത്തം പുലർത്തി നടന്ന കാലത്ത് ഇത്രമേൽ പരസ്പരം മനസ്സിലാകാതിരുന്നല്ലോയെന്ന് രണ്ടുപേരും അതിശയിച്ചിട്ടുണ്ട്. സമരസപ്പെടാമെന്ന് മോഹിച്ച് അഞ്ചു വർഷങ്ങൾ ചെലവിട്ടിട്ട് തോറ്റുമടുത്ത ഭാര്യ കണ്ടുപിടിച്ച രക്ഷയായിരുന്നു മകളുടെ സ്കൂൾ. മകളുടെ അക്ഷരങ്ങൾ ഡാനിഷ് തനിമയിൽ തന്നെ ഉറയ്ക്കാൻ എലിമെന്ററി സ്കൂൾ ഡെന്മാർക്കിൽ വേണമെന്നും നാല് വർഷങ്ങൾ കഴിഞ്ഞു മടങ്ങിവന്ന് ബ്രിട്ടീഷ് സ്കൂളിൽ ചേരാമെന്നും ഭാര്യ നിർദ്ദേശിച്ചപ്പോൾ ഭർത്താവ് സമ്മതിച്ചു.

അമ്മയും മകളും പോയ ആളൊഴിവിൽ വളരെ സ്വാഭാവികമായി മഹിമ വീട്ടു ജോലിക്കാരിയായി വന്നു.

ബുദ്ധദർശനങ്ങളിൽ പാഠങ്ങൾ ഏറെ ചെയ്തിട്ടുള്ള മഹിമ ഉറച്ച ധാരണകളിൽ നിന്നുളവാകുന്ന ചിന്തകൾ വാക്​വൈഭവത്തോടെ വെളിവാക്കുന്ന സംഭാഷണങ്ങൾ ചെയ്തു. സംഘം ചേരുമ്പോൾ മഹിമ അവിടെ നായികയായി. തങ്ങൾ സ്വീകരിച്ചിരുന്ന സായുധ സമരസരണിയിൽ സന്ദേഹങ്ങൾ ഉയരുന്നുവെന്നും ബുദ്ധമാർഗത്തിലേക്ക് തന്റെ ചിന്തകൾ ചായുന്നുവെന്നും മഹിമ നിലപാട് എടുത്തു തുടങ്ങി. ഹാൻസ് പോൾസൻ തേടിനടന്ന ആത്മീയഗുരു ആയിത്തീരാൻ മഹിമയ്ക്ക് അതിവേഗം സാധിച്ചു. എമ്മിയെസ് കമ്പനിയുടെ രേഖകളിലും മതിൽക്കെട്ടിന് വെളിയിലുള്ളവർക്കും മഹിമ ഹൗസ്മെയിഡ് ആയിരുന്നു. അകത്ത് മഹിമ ഹാൻസ് പോൾസന്റെ ദാർശനിക വിഷയങ്ങളിലെ ഗുരുവും വഴികാട്ടിയും സഹപാഠിയും അമ്മയും കാമുകിയും എല്ലാമായി. വായനാ കൂട്ടത്തിന്റെയും ജനതാവിമുകതി പെരുമനയുടെ സഖാക്കളുടെ സംഘത്തിന്റെയും കൂടിച്ചേരലുകൾ അവർ പതുക്കെ എണ്ണംകുറച്ച് കൊണ്ടുവന്ന് തീരെയില്ലാതെയാക്കി. ആശ്രമ സദൃശമായ ഈ മതിൽക്കെട്ടിനുള്ളിൽ ഹാൻസ് പോൾസൻ മഹിമയോട് ചേർന്നു ആത്മീയവും ലൗകികവുമായ വിശ്രാന്തിയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി.

‘‘ദൗത്യം പരാജയപ്പെട്ട് ഫാദർ ഹെർമൻ കണ്ണീരോടെ മടങ്ങി. ആ തൂവൽകൊട്ടാരത്തെ ഉലയ്ക്കരുതേയെന്ന് ഞാനും അദ്ദേഹത്തോട് അപേക്ഷിച്ചു.''

‘‘നാലഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഹാൻസ് പോൾസൻ സാബ് കമ്പനിയിൽ നിന്ന് പൊടുന്നനെ പോയത് എങ്ങനെയാണ്?'' ബഷീർ ആലം കൈകളിൽ കാലഗണന നടത്തി ഓർമയിൽ ചിക്കിചികയുന്നത് അയാളുടെ മുഖത്തും നെറ്റിയിലും വരുത്തിയ ചുളിവുകളിൽ നിന്ന് എനിക്ക് കാണാം.

‘‘അതോർക്കുന്നതും പറയുന്നതും മനുഷ്യരിൽ എനിക്കുള്ള ശുഭചിന്തകളെ ഇല്ലാതാക്കുന്ന ഒരു സങ്കടകാര്യമാണ്. എന്നാലും ഇപ്പോൾ പറയണമല്ലോ.''
ടോണി അബ്രഹാമിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാണ് ഞാൻ പിന്നീട് സംസാരിച്ചത്.

അയാളുടെ അപ്പയുടെ സ്വഭാവത്തിന്റെ ആ വിധം നിറങ്ങൾ തെളിയുമ്പോൾ അയാൾ ഞെട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അയാൾ വെറുതെ കേട്ടുനിന്നു.

‘‘അന്നീ വീട്ടിലുള്ളവർ തങ്ങളുടെ മാത്രം ഒരു പ്രപഞ്ചമുണ്ടാക്കി അവിടെ ജീവിക്കുന്ന മൂന്നു പേരാണെന്നും അവരുടെ ഇടയിലുള്ളത് പുറംലോകം അറിയുന്ന ബന്ധമല്ലെന്നും എനിക്കും അബ്രഹാം ജോസഫിനും മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. അബ്രഹാം ജോസഫ് അത് ചേട്ടൻ മുസ്തഫ ഇബ്രാഹീമിനോട് പറഞ്ഞു കൊടുത്തു.''

‘‘എന്തിന്...'' അവർ രണ്ടാളും ചേർന്ന് ചോദിക്കും പോലെയാണ് എനിക്ക് തോന്നിയത്.

‘‘അറിയില്ല, ഈ നാട്ടിലെ സമ്പന്നരുടെ നിരയിൽ ചേട്ടൻ മുസ്തഫ ഇബ്രാഹീം ഒന്നാമതെത്തി എന്ന് കേൾവിപ്പെട്ട് തുടങ്ങിയ കാലമായിരുന്നു. മറ്റു കമ്പനിക്കാർ മത്സരം ഏതാണ്ട് അവസാനിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയുടമയെന്ന പദവി ചേട്ടന് വിട്ടുകൊടുത്ത സമയം. മുസ്തഫ ഇബ്രഹീമുമായി തുല്യനിലയിൽ ഇടപെടാൻ സ്വാതന്ത്ര്യമുള്ള രണ്ടുപേരുടെ ആവശ്യമില്ല, ഇനിമേൽ ഒരാൾ മതിയെന്ന് അബ്രഹാം ജോസഫ് ചിന്തിച്ചിട്ടുണ്ടാകും. എമ്മിയെസ് കമ്പനിയിൽ രണ്ടാമന്റെ സ്ഥാനത്ത് താനൊരാൾ മാത്രം മതിയെന്ന് തുടക്കം മുതൽക്കേ കൊണ്ടുനടക്കുന്ന മോഹമാണ് അയാളെക്കൊണ്ട് അതു ചെയ്യിച്ചതെന്നാണ് അന്നെനിക്ക് തോന്നിയത്.''

‘‘നിങ്ങളുടെ അബ്ബയ്ക്ക് വൈകാരികമായി പ്രിയപ്പെട്ടൊരാളിനെ അങ്ങനെ ഇവിടുന്ന് പറഞ്ഞയക്കുന്നതിന് എല്ലാവർക്കും പ്രയാസം ഉണ്ടായില്ലേ?''
ടോണി അബ്രഹാം അയാളുടെ അപ്പയിൽ നിന്ന്​ വിഷയം മാറ്റുകയാണ്.

‘‘എന്റെ ചേട്ടന്റെ മൂല്യവ്യവസ്ഥ അത്തരമാണ്. അദ്ദേഹത്തിന് മനുഷ്യന്റേതായ എല്ലാറ്റിനെയും കൃത്യമായ തെറ്റും ശരിയുമായി കറുപ്പും വെളുപ്പും കള്ളികളിൽ വേർതിരിക്കാൻ കഴിയുമായിരുന്നു. ശരികൾക്ക് നല്ല സമ്മാനങ്ങളും തെറ്റുകൾക്ക് കടുത്ത ശിക്ഷയും നൽകാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് എമ്മിയെസ് കമ്പനിയിൽ ചിലർക്ക് കൈകളിൽ ക്യാഷും വേറെ ചിലർക്ക് വിലങ്ങും സമ്മാനമായി കിട്ടുന്നത്. ആ മനഃസ്ഥിതിയാണ് അദ്ദേഹത്തെ അതിധനികനാക്കിയത്.''

ഏറെക്കാലത്തിനുമുന്നേ എന്നിൽ വൈകാരികതകൾ ജനിപ്പിക്കുകയും എന്നെ അങ്ങേയറ്റം നിസ്സഹായനാക്കുകയും ചെയ്ത ആ അവസരത്തിന്റെ വിശദാംശങ്ങൾ ഓർമിച്ച് പറയുന്നതിന്റെ വികാരത്തള്ളിച്ച എന്റെ വാക്കുകളെ മുറിച്ചു.

‘‘ജനന സർട്ടിഫിക്കറ്റില്ലാത്തതുകൊണ്ട് ഏതെങ്കിലും രാജ്യത്തെ പാസ്​പോർട്ടോ പൗരത്വ രേഖയോ ഇല്ലാത്ത മകനെ പതിനെട്ടു വയസ്സ് കഴിഞ്ഞിട്ടും സ്കൂളിൽ ചേർക്കാതെ വീട്ടിൽ ഒളിപ്പിച്ചു വളർത്തിയത് ചേട്ടന് ക്ഷമിക്കാൻ കഴിഞ്ഞില്ല. വിവാഹ ബാഹ്യബന്ധത്തിൽ കുട്ടിയെ ജനിപ്പിച്ചു വളർത്താൻ ഇത് ഡെന്മാർക്ക് അല്ലെന്ന് അറിയാനുള്ള വിവേകമില്ലാതെ പോയത് കൊടിയ തെറ്റായിട്ടാണ് അദ്ദേഹം കണ്ടത്. വീട്ടിലിരുത്തി എന്തെല്ലാം പഠിപ്പിച്ചാലും രേഖകളിൽ മകൻ നിരക്ഷരനായി വളരുന്നത് അവർക്ക് പ്രശ്‌നമാകാതിരുന്നത് അദ്ദേഹത്തെ ഏറെ ക്ഷുഭിതനാക്കി. പതിനെട്ടു വർഷങ്ങളിൽ ഒരിക്കലെങ്കിലും തന്നോട് സൂചിപ്പിച്ചിരുന്നെങ്കിൽ താൻ പോംവഴി കാണിച്ചു കൊടുക്കുമായിരുന്നില്ലേയെന്ന് ചേട്ടൻ പരിതപിച്ചു.''

‘ഹജ്ജി തടയാൻ ശ്രമിച്ചില്ലേ? ', ടോണി അബ്രഹാം ചോദിച്ചു.

‘‘ഞാൻ മാത്രമല്ല, ചേട്ടനോടപേക്ഷിക്കാൻ അബ്രഹാം ജോസഫും എന്നോടൊപ്പം വന്നു. ഹാൻസ് പോൾസന്റെ കാര്യത്തിന്​ ശുപാർശ ചെയ്യാൻ ഞങ്ങൾ ആരാണെന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങളുടെ അബ്ബയ്ക്കുണ്ടായിരുന്ന വാത്സല്യത്തെ കുറിച്ചും ഹാൻസ് അതുകൊണ്ട് കുടുംബത്തിനു എത്രമാത്രം പ്രിയപ്പെട്ടവനാണെന്നും ചേട്ടൻ ഇങ്ങോട്ട് പറഞ്ഞു. ബുദ്ധി കൂടിപ്പോയ കഴുതയെന്ന് ഹാൻസ് പോൾസനെ പലതവണ ശകാരത്തിൽ വിളിച്ചു. ഈ നാട്ടിലെ നിയമത്തിന് മുന്നിൽ ചെന്നുപെട്ടിരുന്നെങ്കിലുണ്ടാകുമായിരുന്ന ഗുരുതരമായ ഭവിഷ്യത്തുകൾ വകവയ്ക്കാതിരുന്നതാണ് അദ്ദേഹത്തെ കുപിതനാക്കിയത്. മഹിമയ്ക്കും മകനും പാസ്പോർട്ട് ഉണ്ടാക്കിയതും കുഴപ്പങ്ങളിൽ ചാടാതെ മൂന്നുപേർക്കും ശ്രീലങ്കയിലേക്ക് പോകാൻ യാത്രാരേഖകൾ ശരിയാക്കിയതും ചേട്ടൻ തന്നെയാണ്. അതിനായി ചേട്ടൻ, തന്റെ സ്വാധീനങ്ങൾ നന്നായുപയോഗിച്ചു.''

വിട്ടുപോകുമ്പോൾ ഹാൻസ് പോൾസൻ എന്നോട് കുമ്പസാരം ചെയ്തുപറഞ്ഞ ചില കാരണങ്ങൾ ഇയാളോട് വെളിപ്പെടുത്തുന്നത് അനുചിതമാണെന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും ചൈനയുമായി ഉണ്ടാക്കിയ പഞ്ചശീല തത്വങ്ങൾക്ക് തുല്യമായ പെരുമാറ്റച്ചട്ടങ്ങളാണേത്ര രണ്ടുമൂന്നു തലമുറകൾ മുതൽക്കേ വിമോചിതരായ സ്ത്രീകൾ പങ്കിടുന്ന യൂറോപ്പുകാരുടെ ദാമ്പത്യം. മറ്റേയാളിന്റെ അതിരുകളെയും പരമാധികാരത്തെയും ആണും പെണ്ണും പരസ്പരം ബഹുമാനിക്കും. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കും. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുന്ന സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉണ്ടായിരിക്കും.

തികച്ചും ഭൗതികമായ ഉഭയകക്ഷി കരാറായാണ് ഹാൻസ് പോൾസന് തന്റെ ദാമ്പത്യം അനുഭവപ്പെട്ടത്. എന്നാൽ സഹജീവിതത്തിന്റെയും പരിചരണത്തിന്റെയും അഗാധമായ തലങ്ങൾ അനുഷ്ഠാനം പോലെ ചെയ്തുണ്ടാക്കിയ ആത്മീയമായ അനുയാത്രയിലൂടെ വേറിട്ടുപോകാനാവാത്ത മനോനിലയിലേക്ക് ഹാൻസ് പോൾസനെ മഹിമ കൊണ്ടുപോയി. തനിക്കു സമ്മതമല്ലാതിരുന്നിട്ട് കൂടി മഹിമയുടെ സമർപ്പണം അയാൾക്ക് തന്റെ ബോധത്തിലേക്ക് സ്വീകരിക്കേണ്ടി വന്നു. എത്ര തന്നെ വൈകാരിക ഭാവനിലയുണ്ടായാലും ജൈവചോദനകൾ അതി ശക്തിയായി പ്രേരിപ്പിച്ചാലും പാപമാണ് ചെയ്യുന്നതെന്ന് ഇണയുടെ അബോധമനസ്സ് അടിവരയിട്ട രതിയനുഭവവും ആവിഷ്‌കാരങ്ങളും മാത്രമേ അയാൾക്ക് നേരത്തെ ഉണ്ടായിരുന്നിട്ടുള്ളൂ. മഹിമയാകട്ടെ രതി പൂജയും പ്രാർഥനയും ആരാധനയുടെ വിവിധഭാവങ്ങളും അനുഷ്ഠാനങ്ങളും ആക്കി മാറ്റി. അവർ രതിയിൽ തപസ്സു ചെയ്തു. രണ്ടാളും അങ്ങിനെ ഒന്നായിപ്പോയി. അയാളുടെ മുന്നിൽ തിരഞ്ഞെടുക്കാൻ അതിനേക്കാൾ മികച്ച മറ്റൊരു ജീവിതപാതയും ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോൾ ഹാൻസ് പോൾസന്റെ ആന്തരികമായ ബോധ്യം എനിക്കന്ന് അനുഭവപ്പെട്ടിരുന്നു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 30 വർഷത്തിലേറെയായി ബഹ്റൈനിൽ. ഇപ്പോൾ ബാപ്കോ ഗ്യാസ് കമ്പനിയിൽ Contracts Engineer ആയി ജോലി ചെയ്യുന്നു.

Comments