ചിത്രീകരണം: ദേവപ്രകാശ്

പൊന്നൊഴുകിവന്ന കാലം

ഭാഗം നാല്​

6. വലിയ കളിക്കാരുടെ ചെറിയ കരുക്കൾ

മതിൽക്കെട്ടിനുള്ളിലേക്ക് ഈയിടെയായി മിക്കപ്പോഴും ഞാൻ വരുന്നുണ്ട്. ചേട്ടൻ ബു ആദിലിനു വർത്തമാനം പറയാനാവുമായിരുന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഈ ആലിൻചോട്ടിലിരുന്ന് ദീർഘനേരം സംസാരിക്കും. ഞങ്ങളുടെ ബാല്യകാലവും അബ്ബയും അമ്മി അഹമദ് ഖലീലും വാക്കുകളിൽ ഇവിടെ പ്രത്യക്ഷപ്പെടും.

ചേട്ടന് സംസാരിക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ വരവുകൾ വേദനിപ്പിക്കുന്ന അനുഭവങ്ങളായി. നിത്യവുമുള്ള വരവ് വല്ലപ്പോഴും എന്നായി. വരുമ്പോൾ ഞാൻ ആ കിടപ്പുകാഴ്ച കാണാൻ മുകളിലേക്ക് പോകാറില്ല. കുറേനേരം ഈ മുറ്റത്തിങ്ങനെ ഇരുന്നിട്ട് മടങ്ങും.

ഞാൻ വന്നു പോകുന്നതിൽ പരിചാരകർ നല്ല ശ്രദ്ധവയ്ക്കുന്നുണ്ട്. ഇന്നും കുറേ തവണ എനിക്ക് കുടിയ്ക്കാൻ അവർ വെള്ളം കൊണ്ടുവന്നു. പരിചാരികമാർ വിളമ്പിയ പലതരം പഴങ്ങളും മധുരമുള്ള പലഹാരങ്ങളും ടോണി അബ്രഹാമും ബഷീർ ആലവും ഇടയ്ക്കിടെ എടുക്കുകയും നുണയുകയും ചെയ്യുന്നുണ്ട്. കാൽനൂറ്റാണ്ടിന് ശേഷം കുടിയ്ക്കുന്ന ഖാവയ്ക്ക് അതിരുചിയുണ്ടെന്ന് ടോണി അബ്രഹാം ആസ്വദിച്ചാണ് പറഞ്ഞത്. സംഭാഷണം അവസാനിപ്പിക്കാനോ ഇവിടുന്ന് തിരിച്ചു പോകാനോ മനസ്സ് വരാതെ ചരിത്രമായിത്തീർന്ന കുടുംബവർത്തമാനങ്ങൾ കൂടുതൽ കേൾക്കാൻ അയാൾകാത്തിരിക്കുകയാണ്.

‘‘ഇങ്ങനെ സംസാരിച്ചിരിക്കാൻ എഴുപതെത്തിയ ഈ വൃദ്ധന് ആരോഗ്യമില്ല. പ്രോത്സാഹിപ്പിക്കരുത്. ഈ അൽപാഹാരി ആരോഗ്യം മറന്ന് പറച്ചിൽ തുടരും''

പണ്ട് ഞാൻ തികഞ്ഞ ആരോഗ്യവാനായിരുന്നപ്പോൾ പ്രകടിപ്പിച്ച ചടുലതയിൽ അയാൾ എന്നെ പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പായാണ് ഞാനങ്ങനെ പറഞ്ഞത്.

‘‘അന്നും ഇപ്പോൾ ഇന്നും, ഹജ്ജി ഒരു കാര്യത്തെ വിശകലനം ചെയ്യുന്ന രീതിയ്ക്ക് അസൂയാവഹമായ മികവാണ്. പതിവായി എന്നിൽ ഉയർന്നുവരാറുള്ള എല്ലാ മറുചോദ്യങ്ങളും അമർന്നുപോകും. അങ്ങുമിങ്ങും അലഞ്ഞുനടന്ന കാലത്ത് ആശ്രമങ്ങളിലും ഓഡിറ്റോറിയങ്ങളിലും പലതരം മഠങ്ങളിലും പ്രഭാഷകരെ കേൾക്കാൻ ഞാൻ പോയിട്ടുണ്ട്. സംഭാഷണങ്ങളും സംവാദങ്ങളും ഉറക്കമൊഴിച്ച് പിന്തുടർന്നിട്ടുണ്ട്. അതിനോടടുത്ത ഫീൽ ആണ് എനിക്കിപ്പോൾ കിട്ടുന്നത്.''

‘‘ഓരോ നിമിഷവും കുടിച്ചിറക്കുന്ന കയ്​പുനീരിനെ, അനുഭവിച്ചുകൊണ്ടിരിക്കുന്ന പരമദാരിദ്യ്രത്തെ, തലമുറകളുടെ അടിമജീവിതത്തിന്റെ ശേഷിപ്പുകളെ വർത്തമാനം പറഞ്ഞുകൊണ്ട് അതിജീവിച്ചവരാണ് മുത്തുവാരൽ തൊഴിലാളികൾ. അനവധി തലമുറകളിലെ മുത്തുവാരൽക്കാരുടെ ആർജ്ജിതശേഷി എന്റെ ജീനിലുണ്ട്. മുത്തുവാരൽ ജോലി ഉപേക്ഷിച്ചിട്ടും വർത്തമാനം പറച്ചിലിന്റെ തമ്പുരാനായിരുന്ന മുങ്ങുകാരൻ ഇബ്രാഹീം അബാദിയുടെ മകനാണ്. ഇറാഖിലെ യൂണിവേഴ്‌സിറ്റിയിൽ കിട്ടിയ പഠിപ്പ് ആ കഴിവിനെ പിന്നെയും തേച്ചു മിനുക്കിയിട്ടുണ്ടാവും.''
തല കുലുക്കി അവർ രണ്ടുപേരും പ്രകടിപ്പിച്ച സമ്മതിയിൽ ഒരു ചെറുചിരി ചേർത്ത് ഞാനും പങ്കെടുത്തു.

പക്ഷിക്കൂട്ടം ചേക്കേറാനെത്തുമ്പോൾ ഉമ് അൽ ജസ്ര ആകെയും കേൾപ്പിച്ചു മുഴങ്ങുന്ന കിളിയാരവം കേട്ടിട്ട് അബ്ബയുടെ സാന്നിദ്ധ്യം അനുഭവിച്ച് മടങ്ങുകയാണ് എന്റെ പതിവ്. ഇന്നും അങ്ങനെയാവാമെന്നു ഞാൻ അവരോട് പറഞ്ഞു. അബ്ബയെക്കുറിച്ച് എന്ത് പറയുമ്പോഴും അമ്മി അഹമദ് ഖലീൽ ആഴമുള്ള ഒരു നോവിന്റെ സ്മരണയായി മനസ്സിലുണരും.

ഈ മുറ്റത്ത് ഇപ്പോൾ കാണുന്നവിധം ആഢംബര ഇഷ്ടികകൾ പാകുന്നതിന് മുന്നേ, ഈ ആൽമരത്തിട്ട ഇരിപ്പുകൾക്കായി ഒരുക്കുന്നതിനും മുന്നേ, വേനൽക്കാലത്തെ ഈർപ്പത്തിൽ നനഞ്ഞ് വെന്തവായു മനുഷ്യരെ പുഴുങ്ങുന്ന രാത്രികളിൽ ഒന്ന് എന്റെ പിൽക്കാല ജീവിതഗതികളെ നിർണയിച്ചു. അന്നെനിക്ക് അഞ്ചോ ആറോ വയസ്സേയുള്ളൂ. അബ്ബയെ ഒരിടത്തും വിടാതെ എപ്പോഴും അദ്ദേഹത്തിന്റെ വിരലിൽതൂങ്ങി നടക്കുന്ന ആരോഗ്യം കുറവുള്ള കുട്ടി. ഉമ് അൽ ജസ്രയിലെയും അയൽഗ്രാമങ്ങളിലെയും ആണുങ്ങൾ ഈ മതിലിനുള്ളിൽ മുറ്റത്ത് തിങ്ങി നിറഞ്ഞിരുന്ന രാത്രി. പുതിയ വീട്ടിൽ തറയോടുകൾ പാകിയ നീളമുള്ള ചുറ്റുവരാന്തയിൽ നിറയെ വിയർത്തൊലിക്കുന്ന പുരുഷന്മാർ. മുറ്റത്ത് വീഞ്ഞപ്പെട്ടിപോലെ എന്തോ ഒന്നിന്റെ മുകളിൽ കയറിനിന്ന് അമ്മി അഹമദ് ഖലീൽ പ്രസംഗിക്കുന്നു. കൈചൂണ്ടി ആഹ്വാനം ചെയ്തുകൊണ്ട് അമ്മി അഹമദ് ഖലീലിൽ നടത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ നിശ്ചലദൃശ്യം ഒരു ശില്പത്തിന്റെ ആകൃതിയിൽ എന്റെ മനസ്സിൽ തറഞ്ഞിട്ടുണ്ട്. ആ ദൃശ്യമാണ് പിന്നീട് ഇന്നുവരെയും എന്നെ നയിക്കുന്ന ലക്ഷ്യപ്രഖ്യാപനം. അമ്മിയുടെ വാക്കുകളുടെ സാരാംശം ആൾക്കൂട്ടത്തിന് നന്നായി മനസ്സിലാകുന്നില്ലെന്ന് അവരുടെ നിസ്സംഗമായ മുഖഭാവം വിളിച്ചു പറയുന്നുണ്ട്. അദ്ദേഹം പറയുന്നതെന്തായാലും അത് തങ്ങൾക്ക് സമ്മതമാണെന്ന അനുഭാവമാണ് അവരുടെയെല്ലാം നിൽപുകളിൽ നിറയെയെന്ന് റാന്തൽ വിളക്കിൽ നിന്ന് പാറിവീഴുന്ന അരണ്ടവെളിച്ചത്തിൽ എനിക്ക് കാണാം. അമ്മിയുടെ അരികത്തുതന്നെ എന്നെയും ചുമലിൽ ഏറ്റിനിൽക്കുന്ന അബ്ബയുടെ ദേഹത്തിലേക്ക് ആ വാക്കുകളിലെ രോഷം പടർന്നുകയറുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ട്.

പിറ്റേന്ന് വെളുപ്പിന് അബ്ബ സുബഹി നിസ്കരിക്കാൻ വൊളു എടുത്തു തയ്യാറാകുമ്പോൾ വീട് വളഞ്ഞ് അകത്തേക്കിരച്ചു കയറിയ പോലീസ് സംഘം അമ്മിയെ അറസ്റ്റു ചെയ്ത് കൊണ്ടുപോയി. പിന്നെ ആരും അമ്മി അഹമദ് ഖലീലിനെ കണ്ടിട്ടില്ല. അമ്മിയെ പോലീസുകാർ കൊണ്ടുപോകുമ്പോൾ ബാലനായ ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ മനസ്സിൽ കൊത്തിയിട്ടിട്ടുള്ളത് തലേന്നു രാത്രിയിൽ ആവേശഭരിതനായി സംസാരിച്ചുകൊണ്ട് തന്റെ ജനതയെ അവരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ ഉത്തേജിപ്പിക്കുന്ന അമ്മിയുടെ ചിത്രമാണ്. അതെപ്പോഴും അവിടെയുണ്ട്. ചിലപ്പോൾ നല്ല തെളിച്ചത്തോടെയും ചിലപ്പോൾ ഒന്നു മങ്ങിയും.

ജനങ്ങളെ ബോധവത്കരിച്ച് സമരസജ്ജരാക്കിയാൽ മാത്രമേ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന് റിഫൈനറിയിലെ പണിമുടക്കിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ അമ്മി അഹമദ് ഖലീലിനെയും കൂട്ടരെയും പഠിപ്പിച്ചു. ദിൽമുനിയ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച് സമരമുഖം സൃഷ്ടിക്കുവാൻ വേണ്ടി അടുത്ത പത്തുവർഷങ്ങളാണ് അവർ ചെലവഴിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം കോളനി രാജ്യങ്ങളിൽ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി ഉയർന്ന മുറവിളികൾ ദിൽമുനിയയിലും കേൾപ്പിക്കുവാൻ അവർ ശ്രമിച്ചു. രാഷ്ട്രീയപ്രസ്ഥാനങ്ങളെ തടഞ്ഞെങ്കിലും ജനങ്ങൾ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന സ്​പോർട്​സ്​ ക്ലബ്ബുകളുടെ രൂപീകരണം ഗവർമെന്റിന് അനുവദിക്കേണ്ടിവന്നു. വ്യായാമക്കളികൾക്കാണ് അനുമതി നൽകിയതെങ്കിലും നേതാക്കൾ രാജ്യത്തൊട്ടാകെ അനവധി സ്​പോർട്​സ്​ ക്ലബ്ബുകൾ സ്ഥാപിച്ചു. ക്ലബ്ബുകളിൽ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ പ്രചാരണ പ്രവർത്തനങ്ങളും ഒത്തുചേരലുകളും സംഘടിപ്പിച്ചു. അറബി നാടുകളിലെ ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിക്കുവാൻ അറബ് ദേശീയത മുഖ്യപ്രമേയമാക്കി ഈജിപ്തിൽ ഉയർന്നു വന്ന സമരദർശനങ്ങളിൽ അമ്മിയും കൂട്ടുകാരും ആകൃഷ്ടരായി. ദിൽമുനിയ നാഷണൽ കോൺഗ്രസിനുള്ളിൽ അവർ പ്രത്യേക ഗ്രൂപ്പായി നിന്നു. ഷിയയെന്നും സുന്നിയെന്നുമുള്ള വിഭാഗീയതയെ മറികടന്ന്​ അറബികളുടെ ആകെ ഐക്യമാണ് സമരമുഖത്ത് വേണ്ടതെന്ന് ആ ഗ്രൂപ്പ് വാദിച്ചു. പൗരാവകാശ സമരങ്ങളിൽ ഷിയാ- സുന്നി ഐക്യത്തിനുവേണ്ടി അവർ വിശ്രമമില്ലാതെ പ്രവർത്തിച്ചു. പൗരാവകാശ പ്രക്ഷോഭങ്ങൾ നയിക്കാൻ ഷിയാ- സുന്നി വിഭാഗങ്ങളിൽ നിന്ന് നാല് പേരെ വീതം ചേർത്തുണ്ടാക്കിയ സമരസംഘടന ആ ഗ്രൂപ്പിന്റെ നിലപാടുകളുടെ വിജയമായി.

രാജാവിനെ പണക്കണക്കുകളിലും ഇംഗ്ലീഷ് ഭാഷയിലും സഹായിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച് സ്​കോട്ട്​ലാൻറിൽനിന്ന്​ ദിൽമുനിയയിൽ വന്നയാളാണ് വെള്ളക്കാരൻ അഡ്വൈസർ. പടിപടിയായി രാജ്യത്തെ എല്ലാ ഉദ്യോഗങ്ങളുടെയും ഉയർന്ന പദവികളിൽ അഡ്വൈസർ ഒരേനേരം മേധാവിയായി. മൂന്നുദശകങ്ങൾ നീണ്ടകാലം മുഴുവനും നാടിന്റെ ഭരണം തനിയെ നടത്തിയ അഡ്വൈസർക്കെതിരെ ജനങ്ങളെ അണിനിരത്താൻ അമ്മി അഹമദ് ഖലീലിന്റെ ഗ്രൂപ്പ് നിർഭയം പ്രവർത്തിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്ക് പുറമേ അത്തരമൊരു അഡ്വൈസർ കൂടി ജനങ്ങളെ ഭരിക്കുന്ന അവസ്ഥ ലോകചരിത്രത്തിൽ ദിൽമുനിയയിൽ മാത്രമേ ഉള്ളുവെന്ന് അവർ വിളിച്ചു പറഞ്ഞു. അഡ്വൈസർ ഉടനെ സ്ഥാനമൊഴിഞ്ഞ് രാജ്യംവിടണമെന്ന രാഷ്ട്രീയപ്രമേയം ജനങ്ങളുടെ പൊതുബോധത്തിലും ലോകസമക്ഷവും അലയടിക്കുന്നതാക്കി മാറ്റാൻ അമ്മി അഹമദ് ഖലീലിനും അവരുടെ ഗ്രൂപ്പിനും സാധിച്ചു. പലസ്തീൻ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാൻ കൊളോണിയൽ ശക്തികൾ സ്വീകരിച്ച തന്ത്രങ്ങൾ ജനരോഷത്തെ പിന്നെയും ആളിക്കത്തിച്ചു. അടിച്ചമർത്തലുകളെയും ദയാരഹിതമായ ബലപ്രയോഗങ്ങളേയും മറികടന്ന് ദിൽമുനിയ തെരുവുകളിൽ സമരം പ്രക്ഷോഭങ്ങളായി. ആഴ്ചകളോളം മനാനയിലെയും മറ്റു ചെറുപട്ടണങ്ങളിലെയും എല്ലാ ഗ്രാമപ്രദേശ ങ്ങളിലെയും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പ്രതിഷേധ സമരങ്ങൾ നടത്തുന്ന ജനങ്ങളുടെ നേർക്ക് പോലീസ് വെടിവെപ്പുകളും മരണങ്ങളും ധാരാളമുണ്ടായി.

ചരിത്രത്തിലുടനീളം അനേകം ഏകാധിപതികളെ കാണാം. അവർ സമസ്താധികാരങ്ങളും തങ്ങളുടെ കൈപ്പിടിയിലൊതുക്കിയിരുന്നു. പക്ഷേ ഒരു ഏകാധിപതിയും എല്ലാ അധികാരങ്ങളുടെയും നിർവഹണം സ്വന്തമായി നടത്തിയിരുന്നില്ല. പേരുകേട്ട ഏകാധിപതികൾക്ക് അവരുടെ ഭരണത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും വ്യത്യസ്​ത തലങ്ങളിൽ ആധിപത്യം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവരുണ്ടായിരുന്നു. അവരെല്ലാവരും ഏകാധിപതിയുടെ ആജ്ഞകൾ ശിരസാവഹിക്കാൻ ബാധ്യത​പ്പെട്ടിരുന്നു. അയാളുടെ അനുമതി ഇല്ലാതെയോ അഭീഷ്ടം അനുസരിച്ചല്ലാതെയോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ദിൽമുനിയയിലെ അഡ്വൈസർ ഒരാൾ മാത്രം ഭരണ നിർവഹണത്തിന്റെ ഓരോ ബിന്ദുവിലും നടത്തിപ്പുകാരനായി സന്നിഹിതനാണ്. സർവ്വാധികാരങ്ങളും ഒരുമിച്ചു തനിയെ നിറവേറുന്നത് സമഗ്രാധികാരപ്രയോഗത്തിനും അപ്പുറമാണ്.

അഡ്വൈസർ രാജ്യത്തെ സ്വകാര്യസ്വത്തായി കാണുന്നത് അയാളുടെ ജനവിരുദ്ധതയുടെ അടയാളമാണ്. സ്​കോട്ട്​ലാൻറിൽനിന്ന്​ അയാൾ കൊണ്ടുവന്ന ബന്ധുക്കളും നാട്ടുകാരുമാണ് അയാൾ രൂപം നൽകിയ ഗവൺമെൻറ്​ വകുപ്പുകളിൽ ഉദ്യോഗങ്ങളിലിരുന്ന് ദിൽമുനിയാക്കാരെ ഭരിക്കുന്നത്. അതിന് ഒരറുതി വേണമെന്നും രാജാവ് വെള്ളക്കാരൻ അഡ്വൈസർ പിരിച്ചുവിടണമെന്നുമാണ് അന്നു രാത്രിയിൽ ഈ മുറ്റത്തുവച്ച് അമ്മി അഹമദ് ഖലീൽ കൈചൂണ്ടി ആഹ്വാനം ചെയ്തതെന്ന് വളർന്നപ്പോൾ ഞാനറിഞ്ഞു.

‘‘ബ്രിട്ടീഷ് ലോകമാന്യതയുടെ പേരിൽ നിയമവാഴ്ചയുണ്ടെന്ന് കാണിക്കാൻ പോലും ഒരു വിചാരണ ഉണ്ടായില്ലേ? അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്?'' ടോണി അബ്രഹാമിൽ നിന്ന് വാക്കുകൾ ഉതിർന്നു വീണു.

അമ്മിയും വേറെ മൂന്നുപേരും രാജ്യത്തിന്റെ ക്രമസമാധാനവും നിയമവാഴ്ചയും തകർക്കാനായി രാജ്യേദ്രാഹ നടപടികൾ ചെയ്യുന്നുവെന്ന് വിചാരണയിൽ തെളിഞ്ഞു. നാല് പേരെയും ബ്രിട്ടീഷ് അധീനതയിലുള്ള സെൻറ്​ ഹെലെന ദ്വീപിലേക്ക് നാടുകടത്താൻ ശിക്ഷിച്ചുവെന്നും അറിയിപ്പ് ജനങ്ങൾക്ക് കിട്ടി. ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ വിചാരണയിൽ അഡ്വൈസറും രാജകുടുംബത്തിലെ രണ്ടു പേരുമായിരുന്നു ജഡ്ജിമാർ. വിധി വന്നതായി പറഞ്ഞ തീയതിക്കും മുന്നേ ഒരു ദിവസം അർത്ഥരാത്രിയിൽ ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് അവർ നാലുപേരെയും വഹിക്കുന്ന വള്ളം തുഴഞ്ഞുപോകുന്നത് കണ്ട സാക്ഷികൾ വർഷങ്ങൾക്കുശേഷം രംഗത്ത് വരികയുണ്ടായി. ആ നാടുകടത്തൽ സൃഷ്ടിച്ച ജനകീയ പ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിനു മുന്നിൽ അഡ്വൈസർക്കു മുട്ടുകുത്തേണ്ടി വന്നു. പിന്നെയൊരു വർഷം തികയും മുന്നേ അയാളെ ദിൽമുനിയയിൽ നിന്നു തിരിച്ചയച്ചു.

നേരത്തെ ദിൽമുനിയയിലെ രാഷ്ട്രീയ തടവുകാരെ നാടുകടത്തിയിരുന്നത് ബ്രിട്ടീഷ് ഭരണം നിലനിൽക്കുന്ന ബോംബെയിലേക്കായിരുന്നു. ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടീഷുകാർക്ക് അവിടെ ഭരണസ്വാധീനം ഇല്ലാതെപോവുകയും ചെയ്തതുകൊണ്ടാണ് അമ്മിയെയും കൂട്ടുകാരെയും അകലെ അത്​ലാൻറിക്​ സമുദ്രത്തിനും തെക്കുള്ള സെൻറ്​ ഹെലീന ദ്വീപിലേക്കയച്ചത്. ദ്വീപിൽ നിന്ന് ഏറെക്കാലം വാർത്തകൾ ഒന്നും കേട്ടില്ല. ദ്വീപിലെത്തി ആറുമാസം തികയും മുന്നേ ഒരു ദിവസം അമ്മി അഹമദ് ഖലീൽ തളർന്നുവീണ് മരിച്ചുപോയെന്ന് ഏറെനാൾ കഴിഞ്ഞുവന്ന സർക്കാർ അറിയിപ്പ് ഞങ്ങൾ ചിലപ്പോൾ വിശ്വസിച്ചു. ചിലപ്പോൾ വിശ്വസിക്കാതെയുമിരുന്നു. മരിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ദിൽമുനിയയിൽ തിരിച്ചെത്താതിരിക്കാനാവില്ലെന്നതാണ് വിശ്വസിച്ചവരുടെ കാരണം. ജീവനുണ്ടെങ്കിൽ അതു ദിൽമുനിയിൽ മാത്രമേ സ്പന്ദിക്കൂ.

പോലീസ് കൊണ്ടുപോകുമ്പോൾ അമ്മിയ്ക്ക് അറുപത് എത്തിയിരുന്നില്ല. പൊടുന്നനെ കുന്നിൽ നിന്ന് തിരോധാനം ചെയ്യുന്ന പ്രിയപ്പെട്ടവർ ഇല്ലാതായി എന്ന യാഥാർത്ഥ്യവുമായി സമരസപ്പെടാനുള്ള തീവ്രവേദനയ്ക്ക് ആശ്വാസമായിട്ടാകാം പുനർജ്ജന്മം എന്ന പരികല്പന ഉണ്ടായത്. പ്രിയപ്പെട്ടവരോടുള്ള സ്നേഹ വാത്സല്യങ്ങൾ വസ്തുക്കളായി കാത്തുവയ്ക്കുന്ന തുമിലികളുണ്ടായത്. എന്റെ ജദ്ദ് അബ്​ദുള്ള അബാദിയുടെയും അമ്മി അഹമദ് ഖലീലിന്റെയും ജീവനുള്ള തുമിലി ആയിരുന്നു എന്റെ അബ്ബ. മരിക്കും വരെയും അവരെ രണ്ടുപേരെയും അബ്ബ തന്റെ വാക്കുകളിൽ ജീവനോടെ നിലനിറുത്തി.

‘‘ജീവിച്ചിരിക്കുന്നതിനെക്കാൾ ആഴത്തിലെ സ്വാധീനമാണ് മരണപ്പെട്ടുപോയ നിങ്ങളുടെ അമ്മി അഹമദ് ഖലീലിനു ഈ കുടുംബത്തിൽ എന്ന് എന്റെ അപ്പ പറയുമായിരുന്നു’’, ടോണി അബ്രഹാം പറഞ്ഞു.

‘‘നിശ്ചയമായും. അമ്മി പാകിയ രാഷ്ട്രീയബോധത്തിന്റെ വിത്തുകൾ ഇബ്രാഹീം അബാദിയുടെ കുടുംബത്തിൽ ഓരോ തലമുറയിലും ഓരോ തരത്തിൽ ഉണർന്നു വന്നു. അമ്മിയുടെ നാസറിസ്റ്റ് ചിന്തയുടെ അറബ് ദേശീയത അറബികൾ എന്ന ഒരു ജനതയെ മാത്രമാണ് അഭിസംബോധന ചെയ്തത്. അതുപോരാ, ആകെ മനുഷ്യരാശിയെയാണ് പ്രമേയമാക്കേണ്ടത് എന്നാണ് ഞാൻ ചിന്തിച്ചത്. ഇറാഖിൽ പഠിക്കാൻ പോയ ഞാൻ ആ പുതിയ ചിന്തയുടെ പേരിലാണ് കമ്യൂണിസ്​റ്റ്​പാർട്ടിയിൽ ആകൃഷ്ടനായത്. ലെബനോൻ വഴിയ്ക്ക് മോസ്കോയിലെത്തിയ ഞാൻ അവിടെ ഒരു വർഷം ജീവിക്കുകയും ചെയ്തു. എന്റെ അബ്ബ എതിർത്ത് ഒരുവാക്ക് പറഞ്ഞില്ല. പണമുണ്ടാക്കുന്നതിലല്ലാതെ ഒന്നിലും താത്പര്യമില്ലെന്ന് ഞങ്ങൾ കരുതിയ ചേട്ടനും എതിർത്തില്ല. എന്റെ ഇഷ്ടം പോലെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. അവരുടെയുള്ളിൽ ജീവിക്കുന്ന അഹമദ് ഖലീൽ ആണ് എന്നെ അനുവദിച്ചതെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്.''

പാശ്ചാത്യ മുതലാളിത്തം എണ്ണ സമ്പദ്​വ്യവസ്​ഥയെ സർവപ്രതാപത്തിലും നോക്കി നടത്താനാരംഭിച്ച എഴുപതുകളിലായിരുന്നു എന്റെ മോസ്കോ യാത്ര. ഒരാൾ കമ്മ്യൂണിസ്റ്റ് ആകുന്നതിനെ നരകത്തിൽ പോകുന്നതിന് തുല്യമായാണ് ദിൽമുനിയയിൽ വളർന്നുവരുന്ന പുതിയ ബിസിനസുകാരും മറ്റു ഭാഗ്യാന്വേഷികളും അന്ന് കണ്ടത്. ഇവിടുത്തെ പാർട്ടിയിൽ ആളെണ്ണത്തിൽ ഞങ്ങൾ തീരെ കുറവായിരുന്നെങ്കിലും ജനങ്ങൾക്കിടയിൽ നല്ല പൊതുസമ്മതിയുണ്ടായിരുന്നു. സ്​കോട്ട്​ലാൻറ്​യാർഡും എഫ് ബി ഐയും വികസിപ്പിച്ചെടുത്ത ക്രൂരമായ മർദ്ദന മുറകൾ സഹിച്ചാണ് സഖാക്കൾ പാർട്ടിയിൽ നിന്നത്. ലോകത്തിലെ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ നേരിട്ട് നിൽക്കുന്നതിലെ ത്യാഗത്തെയും ആദർശ നിഷ്ടയെയും ജനങ്ങൾ മാനിച്ചു. ഓരോ അവസരത്തിലും ഞങ്ങൾ എന്തു നിലപാടെടുക്കുന്നുവെന്ന് അവർ ശ്രദ്ധിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. വൻശക്തി രാജ്യങ്ങളിലെ രഹസ്യപ്പോലീസും ചാരസംഘടനകളും എന്നെ സസൂക്ഷ്മം​ നോക്കിയിരിക്കുന്നുണ്ടായിരുന്നു. വളരാൻ തുടങ്ങുന്ന കമ്പനിയെയും ചേട്ടനെയുമെല്ലാം ഒന്നോടെ ഇല്ലാതാക്കുമെന്ന ഭീഷണികൾ ആദ്യം ഞാൻ അവഗണിച്ചു. ഭീഷണികൾ പ്രവർത്തികളായ ഘട്ടത്തിലാണ് ഞാൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്.

‘‘ഞാനന്ന് ഡയറക്ട്ടർ ഫിലോസോഫിയുടെ ഓഫീസിൽ വന്നിരിക്കുമ്പോൾ അവിടെ ഹജ്ജിയുമായി ചർച്ചകളിൽ ആയിരുന്ന പ്രത്യേക സന്ദർശകർ പഴയസഖാക്കൾ ആയിരുന്നോ?''

‘‘അതേ, അവർ ആഴത്തിലെ ഇച്ഛാഭംഗത്തിൽ പെട്ടുപോയവരാണ്. ആകാശം മുട്ടെ ഉണ്ടായിരുന്ന പ്രത്യാശയുടെ ഗോപുരമാണ് തൊണ്ണൂറ്റിയൊന്നിൽ ഞൊടിയിടയിൽ മോസ്കോയിൽ തകർന്നുവീണത്. ജനങ്ങൾ അതിനെ മടക്കിക്കൊണ്ടുവരും. ആ സാമൂഹ്യവ്യവസ്ഥ അവിടെ തിരിച്ചുവരുമെന്ന് അപ്പോഴും അവർ പ്രതീക്ഷിച്ചു. രണ്ടുമൂന്ന് വർഷങ്ങൾ പിന്നിടുകയും മോസ്കോയിൽ എല്ലാം അവസാനിക്കുകയും ചെയ്തപ്പോൾ തങ്ങൾ തോറ്റുപോയതായി അവർ മനസ്സിലാക്കി. എന്താണ് പറ്റിയതെന്നു ചർച്ച ചെയ്യാനാണ് താത്വികൻ എന്ന് അവർ കരുതിയിരുന്ന പഴയ സഖാവിനെ തേടി അവരെല്ലാംവന്നത്. ആ ദിവസങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ നീയിപ്പോഴും വിശ്വസിക്കുന്നുണ്ടോയെന്ന് പരസ്പരം ചോദിക്കും. ആ ചോദ്യത്തിന് രണ്ട് അർത്ഥങ്ങളാണ്. തങ്ങൾ കൊണ്ടുനടന്ന ദർശനം വിഭാവനം ചെയ്ത ആദർശലോകത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നാണ് ആദ്യത്തെ അർഥം. ആ സമൂഹം അപ്പാടെ ഇല്ലാതായെന്ന് കേൾക്കുന്ന വാർത്തകളിൽ വിശ്വസിക്കുന്നുണ്ടോയെന്ന് രണ്ടാമത്തെ അർത്ഥവും.''

‘‘മൂന്നു ദശകങ്ങളോളം കഴിഞ്ഞപ്പോൾ ഉട്ടോപിയ എന്ന് വിളിച്ച് ലോകം അതെല്ലാം വിസ്മൃതിയിൽ ഉപേക്ഷിച്ചല്ലോ?'' ടോണി പറഞ്ഞത് വളരെ സാമാന്യമായ ഒരു പൊതുധാരണയാണ്.

‘‘പകരം ആയിടം പിടിയ്ക്കാൻ തുനിഞ്ഞു വരുന്നതെല്ലാം വിനാശകാരികളാണല്ലോ. അവയൊന്നും മനുഷ്യരാശിയെ ഒരുമിച്ച് ഒന്നായി കാണുന്നില്ലല്ലോയെന്ന് എനിക്ക് സങ്കടമുണ്ട്. വന്നുനിറഞ്ഞ് പ്രബലമായത് മതരാഷ്ട്രങ്ങളുടെ ആശയങ്ങളാണ്. ഗൾഫിൽ കുമിഞ്ഞുകൂടിയ എണ്ണപ്പണം ആവിധം വിഭാഗീയതകൾക്ക് പ്രഹരശേഷി വർദ്ധിപ്പിക്കുന്നു എന്ന് കുറ്റപ്പെടുത്തിയാണ് ഇപ്പോൾ ഈ മേഖലയിൽ കൂട്ടക്കുരുതികളും സർവനാശം വിതയ്ക്കുന്ന സംഘർഷങ്ങളും നടപ്പിലാക്കുന്നത്. മുസ്തഫ ഇബ്രാഹീം ആൻഡ് സൺസ് എന്ന മഹാപ്രസ്ഥാനം തന്നെ അപ്രത്യക്ഷമായത് അങ്ങിനെയല്ലേ ?''

എന്റെ തന്നെ വാക്കുകളെയും ചിന്തകളെയും അടുക്കിപ്പെറുക്കിയെടുക്കാൻ ഒന്ന് നിറുത്തിയിട്ട്​ ഞാൻ കുറേനേരം സംസാരിക്കാതിരുന്നു. അവരും അപ്പോൾ കേട്ടതിന്റെ വ്യാഖ്യാനങ്ങൾ ഓർത്ത് അതുമായി ചേരാനും ഞാൻ ഇനിയും പറയാൻ പോകുന്ന വാക്കുകളിൽ നിന്ന് അവരന്വേഷിക്കുന്ന സത്യം അറിയാനും അതീവ ശ്രദ്ധാലുക്കളായി കാത്തിരുന്നു. ആകാംക്ഷ മുറുകുന്നത് കാണാനാവുന്നുണ്ട്.

‘‘കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ എടുത്തപ്പോൾ എസ്റ്റിമേറ്റ് കണക്കുകൾ പിഴച്ചു എന്നെല്ലാം പലതരം കാരണങ്ങൾ ഓരോ കോണുകളിൽ നിന്നും പറഞ്ഞു കേട്ടു. എന്റെ അപ്പ അദ്ദേഹത്തിന്റെ പിഴയെന്ന് ചിലതൊക്കെ പറയുന്നുണ്ട്. അക്കാരണങ്ങൾ കൊണ്ടൊന്നും ഇമ്മാതിരി പതനമുണ്ടാവില്ലെന്ന് എനിക്കറിയാം. ഇത് അതിനുമപ്പുറം എന്തൊക്കെയോ വലിയ കാര്യങ്ങൾ ....''

ടോണി അബ്രഹാം നിശ്ശബ്​ദതയെ മുറിച്ചുകടന്നു.
സംസാരിച്ചുതുടങ്ങിയപ്പോൾ എന്റെ ശബ്ദത്തിന് അധികം മുഴക്കമുണ്ടെന്നു തോന്നി.

‘‘രണ്ട് രാഷ്ട്രചേരികൾ തമ്മിലുണ്ടായ പ്രച്ഛന്ന യുദ്ധമായിരുന്നു. പ്രബലരായ ആഗോള ശകതികൾ പങ്കെടുത്ത രാഷ്ട്രാന്തരീയ ചേരികൾ അതിൽ കക്ഷികളായിരുന്നു. ഏറ്റവും ആധുനികമായ ഇന്റലിജൻസ് കൗണ്ടർ, ഇന്റലിജൻസ് തന്ത്രങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. അതിന്റെ രംഗഭൂമി ഇവിടെ ആണെന്നേയുള്ളൂ. തകർന്നടിഞ്ഞ് രക്തസാക്ഷിത്വം വരിച്ചത് മുസ്തഫ ഇബ്രാഹീം ആൻഡ് സൺസ് കമ്പനിയും അതിലെ ആയിരക്കണക്കിന് മനുഷ്യരും.''

‘‘അത്രത്തോളം മനസ്സിലാക്കുവാൻ വേണ്ട മുൻധാരണകൾ എനിക്കില്ല, ഹജ്ജി. കുറേക്കൂടി ലളിതമാക്കാമോ?'' ടോണി അബ്രഹാം മടിച്ചാണ് അഭ്യർഥിച്ചത്.

‘‘ഞാനെത്ര ലളിതമാക്കിയാലും നിങ്ങൾക്ക് മനസിലാകണമെന്നില്ല. അത്രമേൽ ആഗോള രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സംഗതിയാണ്. മൻസൂർ മുസ്തഫയുടെ ലണ്ടൻ വാസക്കാലത്ത് അയാൾ ഇടയ്ക്കിടെ ഇറാനിലേക്ക് പോയിരുന്നത് അമ്മ വഴിക്കുള്ള പൂർവികരെ തേടിയല്ല, ദിൽമുനിയയിലെ ഷിയാ സംഘങ്ങളുടെ രാഷ്ട്രീയബന്ധങ്ങളുമായാണ്. ഇറാൻ വിരുദ്ധ ചേരിയിലെ ചാരസംഘടനകൾക്ക്​ അതറിയാമായിരുന്നു. ഇറാന്റെ അണ്വായുധ പദ്ധതികൾ തകർത്ത് പശ്ചിമേഷ്യയിലെ വൻശക്തിയായി ഇസ്രയേലിനെ നിലനിറുത്താൻ കച്ചകെട്ടിയ രാജ്യങ്ങളുടെ ക്യാമ്പിൽ മൻസൂർ മുസ്തഫ ഒരു ടാർജറ്റ് ആയിരുന്നു. എവിടെപ്പോകുമ്പോഴും അയാളുടെ ലൊക്കേഷൻ അവർക്ക് ലഭിക്കാൻ പാകത്തിലെ ചിപ്പുകൾ അയാളുടെ വാഹനങ്ങളിൽ അവർ ഘടിപ്പി ച്ചിട്ടുണ്ടായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനും ഒരു വർഷം മുന്നേ മൻസൂർ ദിൽമുനിയയിൽ മടങ്ങി വന്ന് കമ്പനി പിടിച്ചെടുത്തത് യാദൃച്ഛികം അല്ലെന്നു അവർ ഉറപ്പിച്ചു''.

ബഷീർ ആലത്തിന്റെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു. അവിശ്വസനീയതയുടെ ഭാവങ്ങളും ചലനങ്ങളും ആ മുഖത്ത് മിന്നിമറഞ്ഞു. ഇത്തരം സാധ്യതകളെ അംഗീകരിക്കാനുള്ള ലോകബോധം ടോണി അബ്രഹാമിന്റെ മുഖത്തും ശരീരഭാഷയിലും തെളിയുന്നുണ്ട്.

‘‘മുല്ലപ്പൂ വിപ്ലവക്കാലത്തെ മൻസൂർ മുസ്തഫയുടെ ഓരോ ചലനവും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. വിപ്ലവകാരികളെ കമ്പനി പിന്തുണയ്ക്കുന്നതും കമ്പനിയുടെ സാധനസമ്പത്തുകൾ വിപ്ലവകാരികൾ ഉപയോഗിക്കുന്നതും അവർ റെക്കോഡ് ചെയ്ത് ദിൽമുനിയ ഗവൺമെന്റിനെ അറിയിച്ചു. അങ്ങനെ എമ്മിയെസ് കമ്പനിയോട് ഗവൺമെന്റിനുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങളും അനുതാപവുമെല്ലാം അവസാനിച്ചു. അനിവാര്യമായ അന്താരാഷ്ട്ര വിനിമയങ്ങൾക്ക് ഡോളർ ധനം ഇല്ലാഞ്ഞിട്ട് സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞുനിൽക്കുന്ന ഇറാൻ എമ്മിയെസ് കമ്പനിയുടെ അളവില്ലാത്ത ധനം ഉപയോഗപ്പെടുത്തുന്ന വിദൂരസാഹചര്യം പോലും ഉണ്ടാകരുതെന്ന് എതിർചേരി നിശ്ചയിച്ചു. എമ്മിയെസ് കമ്പനിയെ തകർത്ത് അവർ അത് നടപ്പിലാക്കി.''

‘‘കണക്കറ്റ സമ്പത്തും രാജ്യത്ത് ആഴത്തിൽ വേരോട്ടവും ഉണ്ടായിരുന്ന എമ്മിയെസ് കമ്പനിയെ അത്ര നിസ്സാരമായി തകർക്കാൻ കഴിയുമോ?''

‘‘അത്ര നിസ്സാരമായിരുന്നില്ല. കൗശലവും സൂത്രങ്ങളും ആവശ്യത്തിന് ചതിയും ചേർത്ത് കെണിയൊരുക്കി കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് അത് നടപ്പിലാക്കിയത്. ലോകോത്തര ചാരസംഘടനകളുടെ കെണികൾ ഒരുക്കാനുള്ള ശേഷിയും ഗവൺമെന്റുകളുടെ അധികാരവും അതിന്റെ ഉപകരണങ്ങളും ഒത്തുചേർന്നാവണം പദ്ധതി തയ്യാറാക്കിയത്.''

ഇനിയും വിശദീകരണങ്ങൾ യാചിക്കും പോലെ മുഖഭാവവുമായാണ് ടോണി അബ്രഹാം സാകൂതം കേട്ടിരിക്കുന്നത്.

‘‘അന്താരാഷ്ട്ര ഭീമന്മാർക്കുമാത്രം ഏറ്റെടുത്തു നിർവഹിക്കാവുന്ന തരത്തിലെ കോൺട്രാക്റ്റ് ആണ് ഓയിൽ ഫീൽഡ് എക്​സ്​പ്ലോറേഷൻ പ്രൊജക്റ്റ്. അത്യാധുനിക ടെക്‌നോളോജിയും വലിയ തോതിലെ യന്ത്രസാമഗ്രികളും ആവശ്യമായതുകൊണ്ട് ഭീമമായ മുതൽമുടക്കും വേണം. ആദിൽ മുസ്തഫയുടെ അപാരമായ ധൈര്യവും ബിസിനസ് വൈദഗ്ധ്യവുമാണ് എമ്മിയെസ് കമ്പനിയെ ഒ.ഇ.പി പ്രൊജക്ടിൽ എത്തിച്ചത്. ലോക ധനകാര്യ കോർപ്പറേറ്റ്‌സുകളിൽ നിന്നും ഫണ്ടിംഗ് ഏജൻസികളിൽ നിന്നും കമ്പനിയുടെ ആസ്തികൾ ജാമ്യമാക്കി ആവശ്യമായ ലോണുകൾക്കുള്ള ഏർപ്പാടുകൾ ആദിൽ ശരിയാക്കി. കമ്പനിക്ക്​ ഇടപാടുകളുളള ബാങ്കുകളിൽ നിന്ന്​ വലിയ തുകയുടെ ഓവർ ഡ്രാഫ്റ്റുകൾക്കും വ്യവസ്ഥ ചെയ്തു. എസ്റ്റിമേറ്റ് ഉണ്ടാക്കിയത് അബ്രഹാം ജോസഫിന്റെ നേതൃത്വത്തിലാണ്. അത്രയുമായ മുഹൂർത്തത്തിലേക്കാണ് മൻസൂർ മുസ്തഫ വന്നുകയറിയത്. വലിയ പണമൊഴുക്ക് പ്രതീക്ഷിച്ചിട്ടാവാം മൻസൂർ പക്ഷം ആ സമയം തന്നെ തിരഞ്ഞെടുത്തത്. ആദിലും അബ്രഹാം ജോസഫും ചിത്രത്തിൽ നിന്ന് പുറത്തായപ്പോൾ ശത്രുക്കൾക്ക് മൻസൂറിനെ നേർക്കുനേർ കിട്ടി. അവർ മൻസൂറിന്റെ പ്രൊജക്റ്റ് നിർവഹണത്തിന്റെ മസ്തകത്തിൽ ആഞ്ഞടിച്ചു തകർത്തു. ആ പ്രഹരത്തിന്റെ ശക്തി ഉൾക്കൊള്ളാനാവാതെ കമ്പനി വീണുപോയി.''

ഞാൻ നിറുത്തിയപ്പോൾ ചോദ്യമൊന്നുമില്ലാതെ അയാൾ സ്​തബ്​ധനായി നിന്നു. അവിടെപ്പടർന്ന നിശ്ശബ്​ദതയിലേക്ക് വീട്ടിലേക്ക് വരുന്ന പക്ഷികളുടെ ചിറകടിയൊച്ചകൾ കലരുവാൻ തുടങ്ങി.

‘‘പ്രൊജക്റ്റ് നിർവഹണത്തിൽ ഇടപെട്ട വഴിയും രീതികളും നന്നായറിയുന്ന ഒരാളുണ്ട്. എമ്മിയെസ് ഓഫീസിൽ ടെണ്ടറിംഗ് ഡിപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന മിനി മോൾ. എന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച്​ ഈയിടെയും മിനി മോൾ വിളിച്ചിരുന്നു.''

വളരെ ചുരുക്കം വാക്കുകളിലാണ് വലിയ ഒരു ഓപ്പറേഷൻ ഞാൻ പറഞ്ഞു തീർത്തത്. അതിന്റെ മിന്നൽ സ്വഭാവത്തിൽ ടോണി അബ്രഹാം ചകിതനായിപ്പോയി. എന്റെ വാക്കുകളെ ചിത്രങ്ങളും സംഭവങ്ങളുമായി ഭാവന ചെയ്‌തെടുക്കുന്ന മനോവ്യാപാരത്തിൽ മറ്റൊന്നും പറയാനാവാതെ അയാൾ നിന്നു. ബഷീർ ആലം അതിനൊന്നും മുതിരാതെ എന്തോ വലിയ അപകടമാണ് സംഭവിച്ചതെന്ന് കരുതിയാവും നിശ്ശബ്ദനായത്.

നൂറുകണക്കിന് പക്ഷികൾ പറന്നെത്തുന്നു.
വൃദ്ധരായ യൂക്കാലിപ്​റ്റസ്​ മരങ്ങൾ ഇലകളും ചില്ലകളും അനക്കി അവരെ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾക്ക് കുടപിടിച്ചുനിൽക്കുന്ന ആൽമരത്തിലും പാർപ്പുകാരായ കിളികൾ വന്നു. കിളിയാരവങ്ങൾക്ക് തുടക്കമായി. അത്​ഉച്ഛസ്ഥായിയിലേക്ക് ആരോഹണം ചെയ്തുതുടങ്ങി. ചെടികൾ വളർന്ന് വരുകയായിരുന്നു അപ്പോൾ. ഉയരം തീരെ കുറഞ്ഞിരിക്കുമ്പോൾ തന്നെ അവയുടെ ചില്ലകളിൽ അബ്ബ കിളികൾക്ക് തീറ്റയും വെള്ളവും ഒരുക്കി. മെടഞ്ഞ പനയോലചീന്തുകളിൽ ധാന്യമണികളും മൺപാത്രങ്ങളിൽ വെള്ളവും വച്ച് ശിഖരങ്ങളിൽ കെട്ടിത്തൂക്കിയിട്ടു. ദശകങ്ങൾക്കുമുൻപ് എന്റെ അബ്ബ വിളിച്ചു വരുത്തിയ കിളികളുടെ സന്തതി പരമ്പരകളാണ്. അവർക്കും അവരുടെ മുൻതലമുറകളുടെ കഥകൾ കേട്ടറിവുണ്ടാായിരിക്കും. അവർക്ക് ഇബ്രാഹീം അബാദിയുടെ മകൻ കമാൽ ഇബ്രാഹീമിനെ അറിയാമായിരിക്കും.

എന്നെ തിരിച്ചറിഞ്ഞിട്ട് എന്നോട് പ്രത്യേകമായി എന്തോ പറയുന്നതും ഈ കിളിയാരവത്തിൽ കലർന്നിട്ടുണ്ടാവും. മരുഭൂമിയിലെ വനാനുഭവം ഇന്നത്തെ അതിഥികൾ രണ്ടുപേരിൽ നിറച്ച അതിശയവും ആനന്ദവും കുറേ അനുഭവിച്ചു കഴിഞ്ഞിട്ട് ഞങ്ങൾ മടങ്ങും. അപ്പോഴേക്കും സൂര്യൻ അസ്തമിക്കുകയും കിളിയാരവം ശമിക്കുകയും ചെയ്തിട്ടുണ്ടാവും. അകത്ത് ബു ആദിലും ഹൈഫയും ഒരു പകൽ മുഴുവനും അവർ കാത്തിരുന്ന കിളിയൊച്ചകൾക്ക് കാതോർത്ത് കിടക്കട്ടെ. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments