ഇ.എ. സലിം

പൊന്നൊഴുകിവന്ന കാലം

ഭാഗം ഒന്ന്

ഒന്ന്​: ജബൽ വസാത്തിലെ തരിശു മലകൾ

ഭൂമി ഉണ്ടായതുമുതൽ അനേകം ദശാസന്ധികളിൽ കാലാവസ്ഥയ്ക്കു സംഭവിച്ച വ്യതിയാനങ്ങളിൽ പ്രകൃതി കോറിയിട്ട അടയാളങ്ങളെ ആരും തൊടാത്ത ഭൂഭാഗ ദൃശ്യങ്ങളായി കാത്തുവച്ചിരുന്ന തരിശുനിലമായിരുന്നു ജബൽ വസാത്ത് പ്രദേശം. യുഗങ്ങളിലൂടെ രൂപമെടുത്ത പാറപ്രതലത്തിന്റെ കയറ്റിറക്കങ്ങളും ചരിവുകളും പടവുകളും ഇപ്പോൾ ചെത്തിനിരപ്പാക്കിയിട്ടുണ്ട്. കുറെ മലകളെ വിഛേദിച്ചുകളഞ്ഞ് ജബൽ വസാത്തിനെ സമതലമാക്കിയിരിക്കുന്നു.

നഹദൈൻ മലകൾക്ക് രണ്ടിനും മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മലകളിരിക്കുന്ന തറയും രണ്ടു മലകൾക്കുമിടയിലെ തരിശായ പരന്ന ഇടവും 25 വർഷങ്ങൾക്കുമുൻപ് വന്നപ്പോഴുണ്ടായിരുന്നതുപോലെ തന്നെയാണ് ഇപ്പോഴുമെന്ന്​ ടോണി അബ്രഹാം കണ്ടു. അന്നു തീരെ കുറവായിരുന്ന ആൾപെരുമാറ്റങ്ങളുടെ ശേഷിപ്പുകൾ ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു.

ഓയിൽ ഫീൽഡ് കാണാൻ സഞ്ചാരികൾ വന്നുപോകുന്നതിന്റെ അടയാളങ്ങൾ അധികമായി കാണാനുണ്ട്. അവിടേക്കാണ് കാർ ചെന്നുനിന്നത്.
മണ്ണിൽ വീഴുന്ന സൂര്യകിരണങ്ങൾ മരീചികകളായി കണ്ണിൽ പടരുന്ന തരിശുഭൂമി. ആ തരിശുഭൂമിയുടെ പ്രതലത്തിലാണ് പിന്നീട് എണ്ണപ്പാടത്തിന്റെ ചിഹ്നങ്ങൾ ഉടലെടുത്തത്.

എണ്ണക്കുഴലുകൾ വിവിധ വ്യവസങ്ങളിൽ കരഭൂമിയുടെ നാഡീവ്യൂഹം പോലെ തനിച്ചും കെട്ടുപിണഞ്ഞും നാലുപാടും നീണ്ടുപോകുന്നു. പരസ്പരം കുറുകെ കടക്കാൻ എണ്ണക്കുഴലുകൾ, അവകൊണ്ട് തീർത്ത പൈപ്പിൻ പാലങ്ങളെ ഇരുട്ടിലും കാണാൻവേണ്ടി തേച്ചിട്ടുള്ള പെയിന്റിന്റെ തിളക്കം ഏറെ ദൂരത്തേയ്ക്ക് പ്രതിഫലിക്കുന്നു. പരപ്പിന്റെ വിസ്തൃതിയിൽ ഓരോയിടങ്ങളിൽ പൈപ്പ് മാനിഫോൾഡുകൾ എന്നു വിളിക്കുന്ന എണ്ണക്കുഴലുകളുടെ മേഖലാകേന്ദ്രങ്ങളുണ്ട്. മുനിഞ്ഞും തെളിഞ്ഞും കത്തുന്ന തീനാളങ്ങളെ നിറുകയിൽ പേറുന്ന ദീപസ്തംഭങ്ങൾ ഓരോ മാനിഫോൾഡിന്റെയും കെടാവിളക്കായി ഓയിൽ ഫീൽഡിൽ അവിടവിടെ നിൽക്കുന്നു.

തീറ്റയെടുക്കുന്ന കഴുതയുടെ രൂപമുള്ള പ്രഷറയിസിംഗ് പമ്പുകൾ ഇപ്പോൾ അസംഖ്യമായി. ഇത്തവണ ടോണി അബ്രഹാം വരുമ്പോൾ അവയ്ക്കുണ്ടായ ആധിക്യം പ്രകടമാണ്. അനന്തതയോളം ചെന്ന്​ ലയിച്ച്​ കാഴ്ചയിൽ നിന്ന്​ മറയുന്ന അനവധി എണ്ണക്കുഴലുകൾ വരച്ചിട്ടിട്ടുള്ള സമാന്തരരേഖകളെ പേറുന്ന തരിശു മണ്ണിന്​ അതിനിഗൂഢമായൊരു ഭാവമുണ്ട്.

ചിത്രീകരണം: ദേവപ്രകാശ്‌

ഇരട്ടകളായ നഹദൈൻ മലകൾ മറ്റ് മലകളിൽ നിന്ന്​ ആകൃതിയിൽ വ്യത്യസ്തമാണ്. ചുവടുകൾ ബൾബ് രൂപത്തിൽ ആരംഭിച്ച്​ മുകളിലെത്തുമ്പോൾ രണ്ടു മലകൾക്കും വൃത്തമൊത്ത ജലവിതാനപ്പൊഴിയുടെ ഓരോ വലയമുണ്ട്. അതിനുമുകളിൽ മലകളുടെ കല്ല് സ്തൂപികാഗ്രിതം ആവുന്നു. ദിൽമുനിയയെന്ന മരുപ്പച്ചയും തേടി അകലങ്ങളിൽ നിന്നുവരുന്ന അഭയാർഥിസംഘങ്ങൾ അറേബ്യാ വൻകരയിൽ നിന്ന്​കടലിലൂടെ ദാർ അൽബഹാർ മുനമ്പിലാണ് വന്നിറങ്ങുന്നത്. നാടോടികളായ അഭയാർഥിസംഘങ്ങളുടെയും പലായനം ചെയ്‌തെത്തുന്ന അടിമ മനുഷ്യക്കൂട്ടങ്ങളുടെയും നിരവധി തലമുറകൾ മലവരമ്പിലെ ഏതെങ്കിലും തുറവിയിൽ കൂടി ജബൽ വസാത്തിലെ തരിശുഭൂമിയും കടന്ന്​ ജനവാസമുള്ള വടക്കേതീരത്തേക്ക് കാൽനടയായി പോയിട്ടുണ്ടാകാം.

ജബൽ വസാത്തിലെ മലകൾ തീരുന്നിടത്ത് മാറിനിൽക്കുന്ന ഈ ഇരട്ടകൾ യാത്രികരുടെ കണ്ണിൽ പതിയും. മലർന്നുകിടക്കുന്ന ഒരു സ്ത്രീയുടെ രണ്ടു മുലകളായാണ് ഈ വലിയ കുന്നുകളെ അകലെക്കാഴ്ചയിൽ അവർക്കനുഭവപ്പെട്ടത്. ഈ മലകളെ അവർ അങ്ങിനെ വിളിച്ചു. അറബി ഭാഷയിൽ നഹദൈൻ എന്നാൽ രണ്ടു മുലകൾ എന്നാണർത്ഥം. നഹദൈൻ കുന്നുകളുടെ സ്തൂപികാഗ്രിത നിറുകയിൽ മുലഞെട്ടുകൾ പോലെ കടും തവിട്ടുനിറത്തിലെ ഓരോ കല്ലടുക്കുകളുണ്ട്. അവയ്ക്കു നല്ല ദൃഢതയും മേലേക്കുണർന്ന ഭാവവുമാണ്. ജബൽ വസാത്തിലെ മറ്റ് എല്ലാ മലകൾക്കും നിറുക വരെയുമുള്ള ചേടി മണ്ണിന്റെ നിറത്തിന് പകരമാണ് കറുപ്പ് കലർന്ന തവിട്ടുനിറം. രണ്ടു മുലകൾക്കുമിടയിലെ ഇരുവശത്തും സമതയുള്ള പരന്നസ്ഥലത്ത് ഇപ്പോഴും എണ്ണക്കുഴലുകളും മറ്റ് ആധുനിക സാമഗ്രികളും ചെന്നുകയറാതെ, ടാറിട്ടു കറുപ്പിക്കാതെ നഗ്നമനോഹരമായിരിക്കുന്നു. അവിടെക്കെത്തുന്നിടത്താണ് ബഷീർ ആലം കാർ നിറുത്തിയത്. വേറൊരു കാർ കൂടി അവിടെ വന്നു നിന്നു.

പണ്ട് യുറോപ്പ് ഭൂഖണ്ഡത്തെ മൂടിക്കിടന്ന മഞ്ഞുമലകൾ ഉരുകി മെഡിറ്ററേനിയൻ സമുദ്രത്തിലുടെ ഒഴുകിവന്ന മഹാജലപ്രവാഹം ഗൾഫ് കടലിടുക്കിലെ ജലനിരപ്പ് ഉയർത്തിയപ്പോൾ ഈ മലകളെല്ലാം വെള്ളത്തിനടിയിലാവുകയും ഇവിടം ആയിരക്കണക്കിന് വർഷങ്ങൾ സമുദ്രമായിരിക്കുകയും ചെയ്തു. പിന്നെ ഓരോ കാല സന്ധികളിൽ ആ ജലമിറങ്ങി കുറേയിടങ്ങൾ കരയായി മാറി. മണ്ണ് കൂടുതൽ താഴ്ചയിലായിരുന്ന സ്ഥലം ഇപ്പോഴും കടൽരൂപത്തിൽ തുടരുന്നു. അത്തരമൊരു ജലാശയമാണ് ദിൽമുനിയ ദ്വീപിനെ അറേബ്യ വൻകരയിൽ നിന്ന്​വേർതിരിക്കുന്നത്.

മലകൾ നിൽക്കുന്ന ഭൂമിയിലെ ജലവിതാനം ഉയർന്നപ്പോഴും ഇറങ്ങിപ്പോയപ്പോഴും അനേകവർഷങ്ങൾ മലകളിൽ ഓളം തല്ലിയപ്പോഴുണ്ടായ പൊഴികളുടെ പല വലയങ്ങൾ കാണാം. ജലവിതാനപ്പൊഴിയുടെ വലയങ്ങൾ അരഞ്ഞാണങ്ങളായും മാറത്തെ അലങ്കാരങ്ങളായും കണ്ഠാഭരണങ്ങളായും അണിഞ്ഞുനിൽക്കുന്ന മലകൾ ദ്വീപിന്റെ ഒത്ത നടുവിലായതിനാൽ പ്രദേശത്തിന്​ ജബൽ വസാത്തെന്നു പേരുണ്ടായി. അവിടുന്നു തെക്കോട്ട് ദാർ അൽബഹാർ മുനമ്പ് വരെ അനന്തതയുടെ പ്രതീതി നൽകുന്ന ജനവാസമില്ലാത്ത ഭൂമിപ്പരപ്പാണ്.

വലത്തെ നഹദൈൻ മലയുടെ ചുവട്ടിലെ ഇളകിയ കല്ലുകൾ ചിതറിക്കിടക്കുന്ന നടവഴിയിലുടെ മല ചുറ്റി പിന്നിലേക്കെത്തുമ്പോൾ കുറേയിടം കിഴക്കാംതൂക്കായ ചരിവാണ്. കാൽ വഴുതിപ്പോയാൽ ഏറെ താഴെയ്ക്കു ചെന്നിട്ടേ നിരപ്പിൽ എത്താനാവുകയുള്ളൂ. നന്നായി ശ്രദ്ധിക്കാൻ ഇടയ്ക്കിടെ ആവശ്യപ്പെട്ടുകൊണ്ടാണ് ബഷീർ ആലം മുന്നേ നടക്കുന്നത്. ഒരായുഷ്‌ക്കാലം ജോലി ചെയ്ത എമ്മിയസ്​ കമ്പനിയിൽ തന്റെ മേധാവിയായിരുന്ന അബ്രഹാം ജോസഫിനെ ഓഫീസിലെ പാകിസ്ഥാനി ടീ ബോയി സാബ് എന്നു വിളിക്കുമ്പോൾ ഉളവാകുമായിരുന്ന ആദരവിനെക്കാൾ വാത്സല്യം നിറഞ്ഞ ശബ്ദമാണിപ്പോൾ അബ്രഹാം ജോസഫിന്റെ മകനെ ടോണി എന്നു വിളിക്കുമ്പോൾ, അയാൾ അതിൽ ധാരാളം സ്നേഹം ചേർക്കുന്നു.

ബാല്യം മുതൽക്കേ ടോണി അബ്രഹാമിന് അതങ്ങിനെ അനുഭവപ്പെട്ടിരുന്നു. കിഴുക്കാംതൂക്കായ ചരിവു കടന്നെത്തുമ്പോൾ മലയുടെ പ്രതലത്തിലുള്ള പാറയിലെ നന്നായി കുനിഞ്ഞാൽ മാത്രം അകത്തു കടക്കാവുന്ന വാതിൽ പോലെയുള്ള ദ്വാരത്തിൽ കൂടി അനായാസമാണ് ബഷീർ ആലം അകത്തെ ഗുഹയിലേക്ക് അയാളെ നയിച്ചത്. ആറടിയിൽ കൂടുതൽ ഉയരവും വിസ്തൃതമായ നെഞ്ചുവിരിവുമുള്ള പത്താൻ ശരീരത്തിന്റെ വലിപ്പം കൈകാര്യം ചെയ്യുമ്പോൾ 63ാം വയസ്സിലും ബഷീർ ആലത്തിന്റെ ചലനങ്ങൾക്ക് പണ്ടത്തെ അതേ കയ്യടക്കമാണ്.

അകത്ത് മലയുടെയുള്ളിൽ വലിയൊരു വഞ്ചിയുടെ ആകൃതിയിൽ നീളത്തിൽ ഒരു ഗുഹയാണ്. അകത്തേക്ക് കടക്കുന്നിടമാണ് വഞ്ചിയുടെ അണിയം. അവിടെ ഗുഹയ്ക്ക് ഉയരം കുറവാണെങ്കിലും ഉള്ളിലേക്ക് പോകും തോറും കൂടി വരും. വഞ്ചിയുടെ മദ്ധ്യത്തിൽ ഗുഹയുടെ മേൽത്തട്ടിലേക്ക് തറയിൽ നിന്ന് രണ്ടാൾ പൊക്കമുണ്ടാവും. ഗുഹയുടെ മറ്റേ അറ്റമാണ് വഞ്ചി രൂപത്തിന്റെ അമരം. മലയുടെ കുറെ ഉയരത്തിലെ പ്രതലത്തിൽ നിന്നു കല്ലിളകിപ്പോയ ഒരു വലിയ ദ്വാരമാണ് അമരത്ത്. മനുഷ്യർക്ക് മറുപുറത്തേക്ക് കടന്നുപോകാനാവാത്ത ആ തുറസ്സിലൂടെ സൂര്യവെളിച്ചം ഗുഹയുടെ ഉള്ളിലേക്ക് ഇടിച്ചു കയറും. അതിലൂടെ ആകാശത്തിന്റെ നിറം കാണും. നീങ്ങിപ്പോകുന്ന മേഘങ്ങളുടെ നിഴലുകൾ ഉള്ളിലേക്ക് വീഴ്ത്തുന്ന പ്രതിഫലനങ്ങൾ വഞ്ചിഗുഹയുടെ അമരത്തിനു ജലോപരിതലത്തിലെപ്പോലെ ചലനതാളങ്ങൾ നൽകും. അവിടെ നിൽക്കുമ്പോൾ നദിയിലൂടെ വഞ്ചിയിൽ പോകുമ്പോഴുള്ള ആന്ദോളനങ്ങൾ അനുഭവപ്പെടും. നേരിയ കാറ്റ്‌പോലുമില്ലാതെ അന്തരീക്ഷം ഘനീഭവിച്ചു നിൽക്കുമ്പോൾ മാത്രം അങ്ങിനെ ഉണ്ടാവില്ല. വഞ്ചിഗുഹയുടെ അകത്തെത്തിയാൽ ശീതോഷ്ണ സ്ഥിതി മൃദു ആവുകയും സ്വാസ്ഥ്യം ലഭിക്കുകയും ചെയ്യും. കഴിഞ്ഞതവണ ഇവിടെ വന്നപ്പോൾ ഗുഹയുടെ വെളിയിൽ ശീതക്കാറ്റിന്റെ ഹുംകാരം ഇടയ്ക്കിടെ വേഗതയാർജിച്ചു കാഹളത്തിന്റെ മുഴക്കങ്ങൾ കേൾപ്പിച്ചത് ടോണി അബ്രഹാമിനു ഓർമ്മ വന്നു. മലയുടെ പല പ്രതലങ്ങളിൽ കാറ്റും മഴയും വീഴുന്ന ശബ്ദങ്ങളും അവയുടെ മാറ്റൊലികളുടെ തനിയാവർത്തനങ്ങളും ചേർന്നു പുരാതനമായ ഒരു ഗോത്ര സംഗീതോത്സവത്തിന്റെ ഒച്ചയും ഇരമ്പവുമായിരുന്നു. മഴവെള്ളമുണ്ടാക്കിയ ചെളിയിൽ പുതഞ്ഞ കാലുകൾ വലിച്ചുയർത്താൻ പ്രയാസപ്പെട്ടാണ് അന്ന് അകത്തേക്കു കടന്നത്.

ചിത്രീകരണം: ദേവപ്രകാശ്‌

ഇപ്പോൾ ഡിസംബർ കഴിയാറായെങ്കിലും ശീതകാലത്തിന്റെ അടയാളങ്ങൾ തീവ്രമാകാതെ അന്തരീക്ഷം വരണ്ടിരിക്കുന്നു. അമരത്തോട് ചേർന്നു ഗുഹാഭിത്തിയിൽ ഉന്തിനിൽക്കുന്ന ഇരിപ്പിടത്തിന്റെ ആകൃതിയുള്ള ബലിത്തറയെന്നോ പ്രാചീനമായ സിംഹാസനമെന്നോ തോന്നിപ്പിക്കുന്ന, കൽപീഠത്തിൽ വെളിച്ചവും നിഴലും മാറിമാറി വീഴുന്നതിന്റെ ചലന ചിത്രഭംഗി മാത്രമാണ് അന്നത്തേത് പോലെ ഇപ്പോഴുമുള്ളത്.
ടോണി അബ്രഹാം നഹദൈൻ മലകളിലെ ഈ ഗുഹയിലേക്ക് വരുന്നത് മൂന്നാം തവണയാണ്. ഓരോ വരവും അയാളുടെ ജീവിതത്തിൽ എന്നെന്നേക്കും ശേഷിക്കുന്ന ഓരോ അടയാളം ഇട്ടിരുന്നു. ദിൽമുനിയ ദ്വീപ് സന്ദർശിക്കാൻ ഡെന്മാർക്കിൽനിന്നു വന്ന ബിഷപ്പിന്റെ നാട്ചുറ്റിക്കാണൽ പരിപാടിയിൽ അയാളുടെ പിതാവ് അബ്രഹാം ജോസഫിന്റെ സംഘത്തോടൊപ്പം ആഘോഷമായി ട്ടായിരുന്നു ആദ്യ വരവ്. കണ്ടും വായിച്ചും പഠിച്ചും അറിഞ്ഞ മനുഷ്യകഥകൾക്കെല്ലാം വേറെയും അടരുകൾ ഉണ്ടാവാമെന്നും ഒരാളിന്റെ ജീവിതമെന്നു താനറിയുന്ന ചിത്രങ്ങൾക്കു അനവധി സുക്ഷ്മഭേദങ്ങളും പ്രത്യക്ഷങ്ങളും ഉണ്ടാവുമെന്നും വെളിപാട് കണ്ണു തുറപ്പിച്ചത് അന്നീ ഗുഹയുടെ ഉള്ളിൽ നിൽക്കുമ്പോഴാണ്. ഒരു വേഷത്തിന്റെ നിയമങ്ങളും നിർവചനങ്ങളും നന്നായി പാലിക്കുന്ന ജീവിതവ്യാപാരങ്ങൾ നടത്തിക്കൊണ്ടു പോകുമ്പോൾ തന്നെ ഒരാളിനു വേറെയും വേഷങ്ങൾ ഉണ്ടാകാമെന്നും അതിൽ പങ്കെടുക്കുന്നതു തികച്ചും വേറൊരു സംഘം കഥാപാത്രങ്ങൾ ആകാമെന്നുമുള്ള അറിവ് ടോണി അബ്രഹാമെന്ന പതിനെട്ടുകാരനിൽ പതിഞ്ഞത് അപ്പോൾ മുതലാണ്. അതിനുശേഷം അയാളുടെ ജിസാഭരിതമായ മനസ്സ് ചുറ്റുമുള്ളവരുടെ പല തലങ്ങളിലെ വിവിധ ജീവിതങ്ങൾ തേടാൻ തുടങ്ങുകയും കലുഷമാവുകയും ചെയ്തു. നഹദൈനിലെക്കു ബഷീർ ആലം അയാളെ കൊണ്ടുപോയ രണ്ടാം യാത്രയിൽ അയാളുടെ കൂട്ടുകാരി ശാലീന രാമചന്ദ്രൻ ഒപ്പമുണ്ടായിരുന്നു. ആ യാത്രയോടെ ദിൽമുനിയ വിട്ടുപോയ ടോണി അബ്രഹാം പിന്നീട് ഇരുപത്തിയഞ്ചു വർഷക്കാലം ദിൽമുനിയയിലേക്ക് മടങ്ങി വന്നില്ല.

ഹയർ സെക്കണ്ടറി ക്ലാസിലെ ഉയർന്ന പരീക്ഷാവിജയവും തുടർന്നുള്ള എൻട്രൻസ് പരീക്ഷയിലെ മികച്ച പ്രകടനവും പിന്നെ പ്രൊഫഷനൽ കോഴ്‌സ് പഠിപ്പും എന്നിങ്ങനെ മധ്യവർഗത്തിന്​ പുതിയ പുരുഷാർത്ഥങ്ങൾ രൂപമെടുത്തുവരുന്ന കാലമായിരുന്നു അത്.

ടോണി അബ്രഹാമിന്​ പ്രത്യേകമായി ഒരു ജന്മദൗത്യം കൂടി ഉണ്ടായിരുന്നു. ആ ഘട്ടങ്ങളെ വിജയിച്ചു കടന്നിട്ട് അയാൾ എഞ്ചിനീയറായി മടങ്ങിവന്ന് പിതാവിന്റെ പദവിയിലേക്ക് കിരീടധാരണം നടത്താൻ എല്ലാവരും കാത്തിരിക്കുകയാണ്. സകൂളിലെ പഠിപ്പിലും ലേഖനമെഴുത്തിലും പ്രസംഗത്തിലുമെല്ലാം ടോണി അബ്രഹാം മുൻനിര വിദ്യാർഥിയായിരുന്നു. വീട്ടിൽ അമ്മ ഇടതടവില്ലാതെ ആവർത്തിച്ചിരുന്ന ധർമശാസ്ത്ര പ്രബോധനങ്ങൾ ഉൾക്കൊണ്ടതിനാൽ അഭിനയമല്ലാത്ത എളിമയും സഹഭാവവും അയാൾ പ്രകടിപ്പിച്ചു.

യേശുവിന്റെ കാലത്താണ് തങ്ങൾ ജീവിക്കുന്നതെന്നും ഏതു നിമിഷവും യേശുവിന്റെ അത്ഭുതപ്രവൃത്തി തന്റെ ജീവിതത്തിൽ സംഭവിക്കാമെന്നും ഇതുവരെയുള്ള തങ്ങളുടെ ജീവിതം അത്തരം അത്ഭുതവൃത്തികളുടെ ഫലമാണെന്നും അമ്മ സംസാരിക്കുമ്പോൾ തോന്നും.

തങ്ങളുടെ കുടുംബകാര്യങ്ങൾ ശ്രദ്ധിച്ച്​ തൊട്ടരികത്തുതന്നെ യേശു ഉണ്ടെന്ന് അമ്മയോട് ഇടപഴകുമ്പോൾ ടോണി അബ്രഹാമിനനുഭവപ്പെടും. ഹയർ സെക്കണ്ടറി ക്ലാസിലേക്ക് പ്രവേശിച്ച വർഷമായതുകൊണ്ട് ചുറ്റുമുള്ള എല്ലാവരും ചേർന്ന് തന്റെ ദിവസങ്ങൾക്കുമേൽ ചെലുത്തുന്ന സമ്മർദ്ദത്തിൽ ടോണി അബ്രഹാം അന്നെല്ലാം കടുത്ത വീർപ്പുമുട്ടൽ അനുഭവിച്ചു. താൻ എത്തിനിൽക്കുന്ന അവസ്ഥയോട് എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ അന്നയാൾ ഉഴലുകയായിരുന്നു.

ജബൽ വസാത്തിൽ ഈയിടെ പൂർത്തിയായ ഓയിൽ ഫീൽഡ് എക്​സ്​പ്ലോറേഷൻ പ്രൊജക്റ്റ് നഹദൈൻ മലകളെ മാത്രമേ നിലനിർത്തിയുള്ളൂ. ബാക്കി നിമ്‌നോന്നതങ്ങളെ മുഴുവൻ നിരപ്പാക്കി അവിടെയെല്ലാം ഓയിൽവെല്ലുകൾ സ്ഥാപിച്ചു. മുമ്പ് വഞ്ചിഗുഹക്കുണ്ടായിരുന്ന മലമുനമ്പുകളുടെ മറകളും ഗഹനതകളും നീങ്ങിപ്പോയി ആയിടം ഇപ്പോൾ വെളിവാക്കപ്പെട്ടിരിക്കുന്നു.

പ്രോജക്​റ്റ്​ ജോലികളുടെ ഭാഗമായി ജബൽ വസാത്തിൽ ഉയർത്തിയ ലേബർ ക്യാമ്പിലെ ജോലിക്കാർ ഒഴിവുനേരം ചെലവഴിക്കാൻ കണ്ടുപിടിച്ച സങ്കേതങ്ങളിൽ ഒന്നായി വഞ്ചിഗുഹയും മാറി. മുമ്പില്ലാതിരുന്ന തരത്തിൽ ആളുകൾ എപ്പോഴും വന്നുപോകുന്നതിന്റെ ശേഷിപ്പുകൾ ഇപ്പോൾ വഞ്ചിഗുഹയുടെ പരിസരങ്ങളിലുണ്ട്. യാത്രകൾ പല മടങ്ങ് വർദ്ധിച്ച ഇരുപത്തിയഞ്ച് വർഷങ്ങളാണ്​കടന്നുപോയത്. നിലനില്പും ജീവിതവും തേടി വളരെയധികം മനുഷ്യർ ദിൽമുനിയ ഉൾപ്പെടെയുള്ള എണ്ണ സമ്പത്തിന്റെ നാടുകളിലേക്ക് സാഹസിക പലായനം ചെയ്യുമ്പോൾ അതാതുനാടുകളിൽ ഉറച്ച മനുഷ്യരുടെ മടങ്ങിവരാൻ വേണ്ടി മാത്രമുള്ള യാത്രകൾ വിനോദമായിത്തീർന്നകാലം.

ലോകത്ത് ഉദാരവത്കരണവും ആഗോളവത്കരണവും സംഭവിച്ച കാൽനൂറ്റാണ്ട്. ജീവിക്കുന്ന നാടിന്റെ ക്രമങ്ങളും രീതികളും ആഹാരങ്ങളും പരിതോവസ്ഥയും എത്തുന്ന നാട്ടിൽ ഒരുക്കിനൽകുന്ന വിനോദവ്യവസായം തഴച്ചുവളരുകയും സ്ഥലങ്ങൾ മാറുക മാത്രം സംഭവിക്കുന്നതായി യാത്രാനുഭവങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്തു.

യാത്രകളുടെ രൂപഭാവങ്ങളിലുണ്ടായ വ്യത്യാസം നാടുകൾക്കുള്ളിലും യാത്രകൾ വിനോദമായി ആഘോഷിക്കുന്നവരുടെ എണ്ണം കൂട്ടി. വഞ്ചിഗുഹയുടെ തറ ആൾസഞ്ചാരത്തിൽ ഉരഞ്ഞും കാൽപാദങ്ങൾ പതിഞ്ഞും കല്ലുപാകി മിനുസപ്പെടുത്തിയതു പോലെ ഉറച്ച പ്രതലമായിരിക്കുന്നു.

അകവശങ്ങളിൽ ഭിത്തിയിലുണ്ടായിരുന്ന ചേടിക്കല്ലിന്റെ മുനകൾ ഒടിഞ്ഞുരുണ്ട് ഗുഹാഭിത്തിയിൽ മനുഷ്യർക്ക് ചാരിനിൽക്കാവുന്ന വിധമായി. ഗുഹയുടെ മേൽത്തട്ടിൽ കരിയും പെയിന്റും ഉപയോഗിച്ച് എഴുതിയും വരച്ചും നിറച്ചിരിക്കുന്നു. നന്നായി വരച്ച ചിത്രങ്ങളും പേരുകളും മുതൽ ബോധപൂർവം വികൃതമായി വരച്ചിരിക്കുന്ന ആൾരൂപങ്ങൾ വരെയുള്ള ചുവരെഴുത്തുകളാണ്. വഞ്ചിയുടെ അണിയത്തെ ഗുഹാകവാടത്തിനുവെളിയിൽ തൊട്ടുമുൻ ദിവസങ്ങളിൽ ആരോ നടത്തിയ ആഘോഷക്കൂടലിന്റെ ബാക്കികൾ ചിതറിക്കിടക്കുന്നു. വിറകെരിഞ്ഞു കരിഞ്ഞ മണ്ണിന്റെ കറുപ്പടയാളങ്ങളും ഇരിക്കാനായി അവിടവിടെ വിരിച്ചിട്ട കാർപ്പറ്റിന്റെ തുണ്ടുകളും എല്ലായിടത്തും വലിച്ചെറിഞ്ഞിരിക്കുന്ന ധാരാളം സിഗരറ്റുകുറ്റികളും കാഴ്ചയിലേക്കു തെറിച്ചുനിൽക്കും.

ഗുഹയുടെ ചുവരുകളിൽ അവിടവിടെ ഉന്തിനിൽക്കുന്ന ചേടിക്കല്ലുകളിൽ ഒന്നിലോ ഗുഹയ്ക്കുള്ളിൽ തറയിലോ എവിടെയും ഇരിക്കാമെന്ന് ബഷീർ ആലം നിർദ്ദേശിച്ചു.

ടോണി അബ്രഹാം തലേദിവസം എയർപോർട്ടിൽ എത്തിയപ്പോൾ മുതൽ യാത്രയും താമസവും നന്നായും കൃത്യമായും നടക്കുന്നുവെന്നു ബഷീർ ആലം ഉറപ്പാക്കുന്നുണ്ട്. മൂന്നു നേരങ്ങളിൽ കഴിച്ച ഭക്ഷണങ്ങൾ പണ്ട് ടോണി അബ്രഹാം ഇഷ്ടപ്പെട്ടിരുന്ന മൂന്ന് രുചി പ്രത്യേകതകളുടേതാവുംവിധം ബഷീർ ആലം സൂക്ഷ്മമായ വിശദാംശങ്ങളിലും തയ്യാറാണ്.

ചണനൂലുകൾ കൊണ്ട് ചെയ്ത ഭംഗിയുള്ള ഒരു സഞ്ചി അയാൾ കയ്യിൽ കരുതിയിട്ടുണ്ട്. ആ സഞ്ചി ഒരിടത്ത് ഒതുക്കി വച്ച് അതിനുള്ളിൽ നിന്ന്​ ഫ്ലാസ്​കുകളും രണ്ടുമൂന്ന് ചില്ല് ഗ്ലാസുകളും പുറത്തെടുത്ത്​ ഓരോന്നു ചെയ്യുന്നതിൽ ബഷീർ ആലം വ്യാപൃതനായി.

നഹ്‌ദൈനിലേക്ക് താൻ പോയ മൂന്നുയാത്രകളിലും ഗുഹയ്ക്കുള്ളിലേക്ക് നയിച്ചത് ബലിഷ്ഠനായ ബഷീർ ആലം ആയത് യാദൃച്ഛികതയാണോ നിയോഗമാണോ എന്നു ടോണി അബ്രഹാം അതിശയപ്പെട്ടു. ഓർമകളുടെ അതിശക്തമായ പ്രവാഹത്തിന്റെ ഇരമ്പിക്കയറ്റത്തിൽ അയാളുടെ ശരീരത്തിലെ ഓരോ രോമകൂപവും ഉണർന്നു. അമരത്തുനിന്ന്​ കണ്ണെടുക്കാനാവാതെ ബലിത്തറയിൽ തറച്ച നോട്ടവുമായി ഗുഹാഭിത്തിയിൽ നിന്നുന്തിനിൽക്കുന്ന ഒരു ചേടിക്കല്ലിലേക്ക് ചാരി ടോണി അബ്രഹാം നിന്നു.

നഹദൈൻ മലകൾക്ക് തൊട്ടുപിന്നിൽ തെക്കു ഭാഗത്താണ് ദിൽമുനിയയിലെ ഏറ്റവും ഉയരം കൂടിയ ജബൽ വസാത്ത് മല. ജബൽ വസാത്ത് മലയുടെ അരികും മൂലകളും ചില ഭാഗങ്ങളും ​ഛേദിച്ചുപോയിരിക്കുന്നു. അവിടുന്നു പിന്നെയും തെക്കുണ്ടായിരുന്ന മറ്റൊരു മലയുടെ ചുവട്ടിലാണ് ഗൾഫ് പ്രദേശത്തെ ആദ്യത്തെ എണ്ണക്കിണറുണ്ടായത്. വീണ്ടും തെക്കോട്ട് പത്തു കിലോമീറ്ററോളം ദൂരത്തിൽ കുറേ മലകൾ ഒന്നൊന്നിനോട് ചേരാതെ വലിയ അകലങ്ങളിലായി ചിതറിത്തെറിച്ചുനിൽക്കുന്നുണ്ടായിരുന്നു. അവയെ ചേർത്തുണ്ടാക്കിയ തുടർച്ചയിൽ ദിൽമുനിയയുടെ മലനിരയെ സൃഷ്ടിച്ചിരുന്നത്​ നഹദൈൻ മലകൾക്ക് തൊട്ടുമുന്നേ അവസാനിക്കുന്ന ഒരു നീണ്ട മലവരമ്പായിരുന്നു.

ഒരേ ആകൃതിയിൽ ചുവടുമുറിച്ചു നിരത്തിവച്ചിരിക്കുന്ന മത്തങ്ങകളുടെ രൂപത്തിൽ ചേടി മണ്ണിന്റെ നിറമുള്ള വലിയ കുന്നുകളെയാണ് മലകൾ എന്നു വിളിക്കുന്നത്. നഹദൈൻ മലകൾ രണ്ടും തനിച്ചുമാറി നിൽക്കുംപോലെയാണ്. കാലങ്ങളിലൂടെ ഇളകിത്തെറിച്ച പല വലിപ്പങ്ങളിലെ ശിലാപാളികൾ താഴേക്കുള്ള പതനവഴിയിൽ, ചരിഞ്ഞ പ്രതലങ്ങളിൽ, അസന്തുലിതമായ സ്ഥിരതയിൽ അമർന്നിരിക്കുന്നു. ഏതുനിമിഷവും താഴേക്കുവന്ന് പതിച്ചേക്കാമെന്ന കാഴ്ചക്കോണിൽ അവ നൂറ്റാണ്ടുകളായി അതേ സ്ഥിതിയിലിരിക്കുന്നുണ്ട്. ഉച്ചിയിൽനിന്ന്​ മഴവെള്ളം താഴോട്ടൊഴുകി ചുവടോളം ചാലുകീറി മണ്ണടർന്ന പാടുകൾ നഹദൈൻ മലകളുടെ ഞരമ്പുകളെപ്പോലെ ആയിരിക്കുന്നു.

ഗുഹയുടെ അണിയത്തെ കല്ലുവാതിൽ കടന്ന് അസ്സലാമു അലൈക്കും എന്നു മന്ത്രിച്ചുകൊണ്ട് അകത്തേയ്ക്ക് വന്നയാൾ ടോണി അബ്രഹാമിനെ കണ്ടപ്പോൾ നോക്കി പഠിക്കുംപോലെ അയാളിൽത്തന്നെ കണ്ണുകളുറപ്പിച്ചുനിന്നു. അഭിവാദനം തിരികെയും നൽകിയിട്ട് ബഷീർ ആലം അഗാധമായ വിനയത്തോടെ ഗുഹയുടെ ഭിത്തിയിലേക്ക് ശരീരം പരമാവധി ചേർത്തുവച്ച്​ ഗുഹയുടെ അകം മുഴുവനും വന്നയാളിന്റെ അധികാരത്തിലാണെന്ന് ധ്വനിപ്പിച്ചു. വന്നത് ആദിൽ മുസ്തഫയാണെന്നുറപ്പിക്കാൻ ടോണി അബ്രഹാമിന്​ ഇത്തിരിനേരം വേണ്ടിവന്നു. കാരണം, ആദിൽ മുസ്തഫ അയഞ്ഞിരിക്കുന്നു, ഉടഞ്ഞിരിക്കുന്നു, ഉലഞ്ഞിരിക്കുന്നു.

ദിൽമുനിയയിലേക്ക് മടങ്ങിവരാതിരുന്ന 25 വർഷങ്ങളിലും ആദിൽ മുസ്തഫയുടെ ചിത്രങ്ങളിൽ നിന്നും വാർത്തകളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിഞ്ഞിരുന്നില്ല. മുസ്തഫ ഇബ്രാഹിം ആൻഡ് സൺസ് കമ്പനി കുടുംബത്തിന്റെ ഭാഗംപോലെ അവരുമായി ഗാഢമായ ബന്ധത്തിലായിരുന്നു ടോണി അബ്രഹാമിന്റെ അപ്പ അബ്രഹാം ജോസഫ്. കമ്പനിയുടെ പേരിന്റെ മൂന്ന് ആദ്യാക്ഷരങ്ങളായ എം.ഇ.എസ് ആവർത്തിച്ചുപയോഗിച്ചു രൂപപ്പെട്ട എമ്മിയെസ് എന്ന ഒറ്റവാക്കിലാണ് കമ്പനി രാജ്യമാകെ അറിയപ്പെട്ടത്. ബിസിനസ് വളർന്ന്​ കമ്പനി ഉയർച്ചയുടെ ഒടുവിലെ പടവുകൾ കയറി ദ്വീപിലെ ഏറ്റവുംവലിയ കോൺട്രാക്റ്റിംഗ് കമ്പനി എന്ന സ്ഥാനത്തെത്തുമ്പോൾ ആദിൽ മുസ്തഫ ആയിരുന്നു കമ്പനി മേധാവി.

ശക്തരായ എതിരാളികളോട് കടുത്ത മത്സരത്തിലേർപ്പെട്ട് കമ്പനി ആ പട്ടം നേടിയെടുക്കുന്ന സ്ഥിതിയിലേക്ക് പോകുമ്പോൾ ആദിൽ മുസ്തഫയാണ് നേതൃത്വം നൽകിയത്. കമ്പനി സ്ഥാപിച്ചു വളർത്തിയ മുസ്തഫ ഇബ്രാഹിം മൂത്തമകനെ മുഖ്യ കാർമികത്വം ഏൽപ്പിച്ചിട്ട് പൊതുക്കാര്യപ്രസക്തിയുള്ള കർമങ്ങളിലേക്ക് നേരത്തേ പിൻവാങ്ങിയിരുന്നു. ദിൽമുനിയയിൽ താമസിച്ച്​ വിവരങ്ങൾ മനസ്സിലാക്കുന്ന ഒരാളിനറിയാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വിശദമായ ചിത്രങ്ങളാണ് ടോണി അബ്രഹാമിന് കിട്ടിയിരുന്നത്. അപ്പയും അമ്മയും അനിയന്മാരും അറിയിക്കുന്നത് കൂടാതെ തന്റെ പതിവായ ടെലിഫോൺ വിളികളിൽ ബഷീർ ആലം ടോണി അബ്രഹാമിനോട് ദിൽമുനിയയിൽ സംഭവിക്കുന്നതെല്ലാം പറഞ്ഞുകൊടുക്കുമായിരുന്നു.

ടോണി അബ്രാഹാമിനെയും കടന്ന്​, വഞ്ചിഗുഹയുടെ അമരത്തേക്ക്​ ആദിൽ മുസ്തഫ നേരെ നടന്നു. അവിടെ ആകാശത്തിലേക്കുള്ള വാതിലിന്റെ ചുവട്ടിൽ ബലിക്കൽ പീഠത്തിൽ ചാരി നിന്നു. അകത്തേക്കു തള്ളിക്കയറുന്ന വെളിച്ചത്തിന്റെ വലിയ ഉറവയും മേലെ കടന്നുപോകുന്ന മേഘങ്ങളുടെ നിഴലും മാറിമാറി പതിയ്ക്കുന്നത് ആദിൽ മുസ്തഫയുടെ മുഖത്തായതിനാൽ അദ്ദേഹത്തെ സമീപിക്കുന്ന മറ്റു രണ്ടുപേർക്കും ആദിൽ മുസ്തഫയുടെ മുഖഭാവമെന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ രണ്ടുപേരും അരികത്തു ചെന്നു വണങ്ങിനിന്നു.

അനേകം വലിയ പ്രോജക്ടുകൾ ചെയ്യുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയി ഡിവിഷനുകളിൽ നിന്ന്​ ഡിവിഷനുകളിലേക്ക് എപ്പോഴും സഞ്ചരിച്ചിരുന്നയാൾ. പേഴ്‌സണൽ സെക്രട്ടറിമാർ മുന്നേ തയ്യാറാക്കുന്ന ഡെയിലി ഷെഡ്യൂൾ പ്രകാരം പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രം കണക്കെയാണ് ആദിൽ മുസ്തഫ ചലിച്ചിരുന്നത്. ടെണ്ടർ മീറ്റിങ്ങുകൾ, ഇന്റേണൽ മീറ്റിങ്ങുകൾ, ക്ലയൻറ്​ മീറ്റിങ്ങുകൾ എന്നിങ്ങനെ ദിവസത്തിൽ ഒരു നിമിഷം പോലും ബാക്കിയില്ലാതെ ആദിൽ മുസ്തഫ എപ്പോഴും കർത്തവ്യബന്ധിതനായിരുന്നു.

മാനേജ്‌മെൻറ്​ ഫ്ലോറിലെ തന്റെ ഓഫീസ് മുറിയിലേക്ക് മിന്നൽപോലെ കടന്നുപോകുന്നതും പരിവാരങ്ങൾ പിന്നാലെ ഓടി ഒപ്പമെത്തുന്നതും അതു പ്രസരിപ്പിക്കുന്ന അധികാരത്തിന്റെ അന്തരീക്ഷവും അപ്പയുടെ ഓഫീസിൽ പോയിട്ടുള്ള അവസരങ്ങളിൽ ബാലനായ ടോണി അബ്രഹാം സ്​തബ്​ധനായി കണ്ടുനിന്നിട്ടുണ്ട്.

ആയിരക്കണക്കിനു മനുഷ്യരുടെ ഭാവിയിന്മേൽ നേരിട്ട് തീരുമാനങ്ങൾ എടുക്കുന്നയാളായതിനാൽ എല്ലാവരും ഭയത്തോടെ മാത്രം അരികത്തു ചെല്ലുന്നതാണ് കണ്ടിട്ടുള്ളത്.

ദിൽമുനിയയിലെ ആഗോള ടെണ്ടറുകളിൽ പങ്കെടുക്കാൻ എമ്മിയെസ് കമ്പനി ക്ഷണിക്കപ്പെട്ടപ്പോൾ ലോകഭീമന്മാരായ കരാറുകാർ ഉൾപ്പെട്ട മത്സരങ്ങളിൽ ആദിൽ മുസ്തഫ നായകസ്ഥാനത്ത് പ്രകടമാക്കിയ പ്രാമാണ്യം തുളുമ്പുന്ന നേതൃപാടവത്തെക്കുറിച്ച്​ അപ്പ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ടോണി അബ്രഹാമിന്റെ ഓർമയിൽ വന്നു.

പദവിയും ഉത്തരവാദിത്തങ്ങളും പെരുമാറ്റത്തിലും ശരീരചലനങ്ങളിലും ഉൾചേർത്തിരുന്ന അമിതഭാരങ്ങൾ ഒഴിഞ്ഞു പോയതിന്റെ ലാഘവത്തോടെയാണ് ആദിൽ മുസ്തഫ വഞ്ചിഗുഹയുടെ അമരത്തു നിൽക്കുന്നതെന്ന് ടോണി അബ്രഹാമിനു തോന്നി. ഒരു പൊടിയോ നേർത്ത ചുളിവോ ഒരിക്കലും ആരും കണ്ടിട്ടില്ലാത്ത തോബും അതിനു ചേർന്ന കഫിയ്യയും കറുപ്പ് തിളങ്ങുന്ന ഇഗാലും അണിഞ്ഞ ആദിൽ മുസ്തഫ ആയിരുന്നു ടോണി അബ്രഹാമിന്റെ ഓർമയിൽ കമ്പനിയുടെ ആഭിജാത്യത്തിന്റെ ചിഹ്നo. ഈ നിൽക്കുന്നയാൾ പക്ഷേ അന്നത്തെ കുലീനത സ്ഫുരിക്കുന്ന ചിഹ്നമല്ല.

ആദിൽ മുസ്തഫ തന്റെ നീട്ടിയ കൈകൾക്കുള്ളിൽ ടോണി അബ്രഹാമിന്റെ കൈകൾ ഏറെ നേരം ചേർത്തുവച്ച് കുശലംചോദിച്ചു. മറുപടി പ്രതീക്ഷിക്കാതെയും അതിനായി സാവകാശം നൽകാതെയും അറബികളുടെ രീതിയിൽ ചോദ്യങ്ങൾ ആവർത്തിച്ച്​ തന്റെ ബലിഷ്ഠമായ വലിയ കൈകൾക്കുള്ളിൽ ടോണി അബ്രഹാമിന്റെ കൈകൾ അമർത്തി.

ചിത്രീകരണം: ദേവപ്രകാശ്‌

കാലവും കാലാവസ്ഥയും അതിവേഗം മാറുന്നതും ഡിസംബർ അവസാനിച്ചിട്ടും ദ്വീപിൽ വലിയ തണുപ്പും മഴയും വരാത്തതും വിഷയമായി. അമ്മയുടെ മരണം പൊടുന്നനെയായതിൽ അതിശയിച്ചു. അപ്പയുടെ ക്ലേശം നിറഞ്ഞ ആരോഗ്യാവസ്ഥയിൽ ഖേദം പറഞ്ഞു. നാട്ടിലെത്തിയപ്പോൾ അപ്പയ്‌ക്കെന്താണ് സംഭവിച്ചതെന്ന് വീണ്ടും വീണ്ടും ചോദിച്ചു. അതിസമ്പന്നനായിരുന്ന അബ്രഹാം ജോസഫിന്റെ പണമെല്ലാം എവിടെപ്പോയിത്തീർന്നെന്ന്​ ആദിൽ മുസ്തഫ ചോദിക്കുമ്പോൾ, അങ്ങനെയൊന്നുണ്ടാകാനേ സാധ്യമല്ല എന്ന ധ്വനിയുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം അതേ ചോദ്യം ചോദിച്ചിട്ടുണ്ട്. അതിനെയെല്ലാം ആവർത്തിച്ചു നേരിട്ടും പലതരത്തിലെ മറുപടികൾ പറഞ്ഞും ടോണി അബ്രഹാമിന് അതിപ്പോൾ രസംകെട്ട് ചതഞ്ഞ ഒരു വിഷയമാണ്. സത്യം പറഞ്ഞാലും നുണ പറഞ്ഞാലും മാറ്റലുകൾ വരുത്തിപ്പറഞ്ഞാലും ഒരുപോലെ കേൾക്കുന്നവർ വിശ്വസിക്കാതെ സമ്മതിക്കുന്നത് ഈ ഒരു വിഷയം മാത്രമാണല്ലോ എന്നോർത്ത് ടോണി അബ്രഹാം കൗതുകപ്പെടാറുണ്ട്.

ആദിൽ മുസ്തഫയോട് അയാൾ സത്യം തന്നെ പറയാൻ ശ്രമിച്ചു. കണ്ടുമുട്ടൽ വൈകാരികമാവുന്നെന്നും കൈകൾ തന്റേതാണെങ്കിലും ആദിൽ മുസ്തഫ തെരുപ്പിടിപ്പിക്കുന്നത് പ്രൗഢമായിരുന്ന പഴയകാലത്തെയും ജീവിതത്തെയും ആണെന്ന് ടോണി അബ്രഹാം മനസ്സിലാക്കി.

‘സ്കൂൾകുട്ടിയായിട്ടു കണ്ടതാണ്. വയസ്സനായിരിക്കുന്നു. ഇത്ര കാലം ദിൽമുനിയയിലേക്ക് മടങ്ങി വരാതിരുന്നതെന്താണ്?', നല്ല ഇംഗ്ലീഷ് ഉച്ചാരണമാണ് അമേരിക്കയിൽ ഉപരിപഠനം ചെയ്തിട്ടുള്ള ആദിൽ മുസ്തഫയുടേത്. അറബി ഭാഷയിലില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ സാമ്യമുള്ള വേറെ ശബ്​ദങ്ങളായി വരുന്നത് ഊഹിച്ചെടുക്കണമെന്ന് മാത്രം.

‘പോയത് 94 ലെ ക്രിസ്മസ് കാലത്തായിരുന്നു’, പറഞ്ഞു പറഞ്ഞു ബഷീർ ആലത്തിന്റെ വ്യാകരണമില്ലാത്ത ഇംഗ്ലീഷ് തടസ്സം കുടാതെ വരുന്നുണ്ട്.

ആദിൽ മുസ്തഫയുടെ ആ ചോദ്യം നേരിട്ട അത്രയും തവണകൾ മറ്റൊരു ചോദ്യവും ടോണി അബ്രഹാം തന്റെ ജീവിതത്തിൽ നേരിട്ടിട്ടില്ല. ദിൽമുനിയയിൽ പദവി കൊണ്ടും സമ്പത്തുകൊണ്ടും അറിയപ്പെടുന്ന മലയാളിയായിരുന്നു തന്റെ അപ്പ അബ്രഹാം ജോസഫ്.

രാജ്യത്തെ ഏറ്റവും വലിയ കമ്പനിയിലെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത അനന്യമായ തസ്തികയിൽ ഉഗ്രപ്രതാപിയായി അദ്ദേഹം ജോലി ചെയ്തു. ദിൽമുനിയയിലെ ധനാഢ്യരായ അറബികളും വെള്ളക്കാരും താമസിക്കുന്ന സ്ഥലത്തുള്ള മാളികയിൽ ഐശ്വര്യങ്ങളുടെയും ആഢംബരങ്ങളുടെയും നടുവിൽ ആയിരുന്നു താമസം.

മൂത്തമകൻ അതിലൊന്നും പങ്കെടുക്കാതെ അകലെയായിരിക്കുന്നത് വലിയ നിഗൂഢതയാണ്.

ഇത്ര കാലവും ഈ ചോദ്യത്തിനു ആരോടും മറുപടി പറഞ്ഞിട്ടില്ല.

ജീവിതമിത്ര കഴിഞ്ഞുപോയിട്ടും ഒരു മറുപടി ഉരുത്തിരിഞ്ഞു വന്നില്ല.

മുഖത്തെ ചെറു ചിരി പ്രസന്നമാക്കാൻ ശ്രമിച്ച്​ ഒന്നും പറയാതെ ടോണി അബ്രഹാം നിന്നു. ▮

(തുടരും)


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments