ഭാഗം അഞ്ച്
അധ്യായം രണ്ട്:
നാടക ജീവിതങ്ങൾ
ഉൾക്കാഴ്ചയുള്ള ഒരു എഴുത്തുകാരൻ രചിച്ച സംഭാഷണങ്ങൾ പ്രതിഭാധനനായ ഒരു സംവിധായകൻ സ്വരസംക്രമം ചെയ്ത് വികാരങ്ങൾ സന്നിവേശിപ്പിച്ച് എത്രയോ തവണ റിഹേഴ്സ് ചെയ്ത് പറഞ്ഞു പഠിപ്പിച്ച പ്രകാരം ഉരുവിടുക മാത്രമാണ് താൻ ചെയ്തതെന്ന് ശാലീന രാമചന്ദ്രൻ എല്ലാവരോടും പറഞ്ഞു. പരിശീലിപ്പിച്ച വേഷത്തിൽ രംഗവേദിയിൽ നിന്നതിനപ്പുറം തനിക്ക് യാതൊരു പങ്കുമില്ലെന്ന് ടോണി അബ്രഹാമിനെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു. വളരെ ആധുനികമായ ശബ്ദനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലിപ്പിച്ചതാണ് അന്ന് കേട്ട കാതരമായ ശബ്ദമെന്നും യഥാർഥത്തിൽ അത് തന്റേതല്ലെന്നും ശാലീന രാമചന്ദ്രൻ ആവർത്തിച്ചു.
അഭിനയത്തിനോ കലാപ്രവർത്തനത്തിനോ പൂജാരിയും മന്ത്രവാദിയും ആകാനോ ദിൽമുനിയയിൽ വിസ പാസാകാറില്ല. ആ ജോലികൾക്കായി ആരെയും റിക്രൂട്ട് ചെയ്ത് കൊണ്ടുവരാറുമില്ല. മറ്റു ജോലികൾ ചെയ്യാനായി വന്നവരുടെ ഉള്ളിലെ തീപ്പൊരിയുടെ ഊർജ്ജവും ആവേശവുമാണ് രംഗവേദികളിൽ എത്തുന്ന നാടകങ്ങളും ഇതര കലാരൂപങ്ങളുടെ അവതരണങ്ങളും.
ഇണങ്ങാത്ത കണ്ണികളെ ചേർത്തെടുക്കുന്നതിന്റെ ദൗർബല്യങ്ങളെ അതിജീവിക്കുവാൻ വലിയ വില കൊടുത്താണ് ആ നാടകവും സംഭവിച്ചത്. തുടക്കത്തിൽ നായികയായി റിഹേഴ്സൽ ചെയ്തിരുന്നത് പേരും പെരുമയുമുള്ള അഭിനയ പ്രതിഭയായ നടിയായിരുന്നു. ഒരു ദിവസം അവരുടെ ഭർത്താവ് റിഹേഴ്സൽ ക്യാമ്പിൽ വന്ന് അവരെ വിളിച്ചിറക്കി കൊണ്ടുപോയതിന്റെ കാരണം ആരും ഇനിയൊരിക്കലും അറിയാതെ പോയേക്കാം.
ആൺ കഥാപാത്രങ്ങൾക്ക് അവരുടെ ജോലി കഴിഞ്ഞ് പരിശീലനം ചെയ്ത് അഭിനയിക്കാൻ സമയം കണ്ടെത്തുന്നതാണ് പ്രയാസം. നായികയായി അഭിനയിക്കുന്ന സ്ത്രീ കഥയിലെ പെണ്ണിന്റെ ക്രോധവും ശൃംഗാരവും കാമവും ഉൾപ്പെടെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കണം. അതേസമയം, താൻ അങ്ങനെയൊന്നും അല്ല, നല്ല ഭാവശുദ്ധിയുള്ളവളാണ് എന്ന് ഭർത്താവ് ഉൾപ്പെടെ എല്ലാവരെയും സദാ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും വേണം. കുടിയേറ്റ തൊഴിലാളികളിൽ യുവതികളില്ല. ഭാര്യമാരോ പെങ്ങളോ മാത്രമേയുള്ളൂ. നാടകങ്ങളിൽ പെൺവേഷം അഭിനയിക്കാനായി കണ്ടുവെച്ച കുടുംബിനികൾ ഒരിക്കൽ പോലും ഒന്നും അഭിനയിച്ചവരല്ലെങ്കിലും ഏതു വിധേനയും സ്വാധീനിച്ച് സമ്മതിപ്പിക്കലാണ് ആദ്യ പടി. എന്നാൽ നാടക പരിശീലനം തുടങ്ങുമ്പോൾ ആ സ്ത്രീകൾ അവരുടെ കഥാപാത്രങ്ങളെ സർവം തികഞ്ഞ ശൈലിയിൽ അവതരിപ്പിക്കണമെന്ന് സംവിധായകൻ നിർബന്ധം പിടിക്കാൻ തുടങ്ങും. അവതരിപ്പിക്കപ്പെടുന്ന എല്ലാ നാടകങ്ങളും ഈ വൈരുദ്ധ്യം പേറുന്നുവെന്ന് ശാലീന രാമചന്ദ്രൻ ആവർത്തിച്ചിട്ടും ടോണി അബ്രഹാമിന് അതു മനസ്സിലായില്ല.
മലയാളി സമാജത്തിലെ കുട്ടികളുടെ കലാമത്സരത്തിൽ രണ്ടു വർഷം തുടർച്ചയായി മോണോ ആക്റ്റിന് സമ്മാനം വാങ്ങിയതും പിന്നെ ആൾവലിപ്പവുമാണ് തന്നെ ശ്രമിക്കാൻ നാടകക്കാരെ പ്രേരിപ്പിച്ചതെന്നും ഗതികെട്ടാണ് നായികാവേഷം തന്നിലേക്കെത്തിയതെന്നും, അവർ ഏറെ സംസാരിക്കുന്നവരായപ്പോൾ ശാലീന രാമചന്ദ്രൻ പിന്നീട് പറയുന്നുണ്ട്. സ്റ്റേജിലുണ്ടായിരുന്ന യുവതി വാക്കിലും നോക്കിലുമെല്ലാം തനിക്കും തീരെ അപരിചിതയാണ്. മൂന്നു മാസങ്ങൾ നീണ്ട റിഹേഴ്സൽ കാലം മുഴുവനും അ കഥാപാത്രത്തിെൻ്റ മനസ്സിൽ കയറിക്കൂടാൻ സംവിധായകൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രായം പതിനാറ് കഴിഞ്ഞ തനിക്ക് ആകൃതിയിൽ വലിപ്പമുണ്ടെങ്കിലും ഇരുത്തം വന്ന ഇരുപത്തെട്ടുകാരി നായികയുടെ ചേതോവികാരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നാണ് ശാലീന രാമചന്ദ്രന്റെ സ്വന്തം വിലയിരുത്തൽ. വീട്ടിൽ കൂടെ താമസിക്കുന്ന ഋഷികേശ് അങ്കിളിന്റെ താത്പര്യവും കലാപരമായ ശേഷിയും കൊണ്ടാണ് മോണോ ആക്റ്റിന് സമ്മാനം ലഭിച്ചത്. അതേ വഴിയിൽ ഋഷികേശ് അങ്കിളിനെ നാടകസംഘത്തിന് പരിചയമുണ്ടായത് കൊണ്ടാണ് താൻ സ്റ്റേജിലെത്തിയത്. അതിനപ്പുറം ഒന്നുമില്ലെന്നും അത്രമേൽ യാദൃച്ഛികമാണെന്നും ടോണി അബ്രഹാമിനെ ബോദ്ധ്യപ്പെടുത്താൻ ശാലീന രാമചന്ദ്രൻ ശ്രമിച്ചു.
എല്ലായിടത്തും കൂരിരുട്ടായിരിക്കുമ്പോൾ രംഗവേദിയിൽ മാത്രം തെളിയുന്ന പ്രത്യേക തരം വെളിച്ചവിതാനമാണ് അവിടുത്തെ സംഭവങ്ങളിലേക്ക് കാണികളെ പിടിച്ചു കൊണ്ടുപോകുന്നത്. എഴുത്തുകാരനും സംവിധായകനും ഉൾപ്പെടെ എത്രയോ പ്രതിഭകളുടെ ചിന്തയുടെയും ദർശനങ്ങളുടെയും സംയോഗം ആവർത്തിച്ച് പരിശീലനം ചെയ്ത് കുറ്റം തീർത്തതാണ് വേദിയിൽ കണ്ട പെണ്ണിന്റെ രൂപവും വാക്കുകളും ചലനങ്ങളും. എല്ലാ നേരവും സ്ഫോടനാത്മകമായിരിക്കുകയും ചിലപ്പോഴൊക്കെ ലാവാപ്രവാഹം സംഭവിക്കുകയും ചെയ്യുന്ന അഗ്നിപർവതം പോലെയുള്ള ഒരു ശരാശരി ദാമ്പത്യത്തിന്റെ ഓരത്താണ് താൻ ജീവിക്കുന്നത്. കഠിനമായ ഇല്ലായ്മകളിലൂടെ കടന്നുപോകുന്ന ഒരു കാലവും വന്നുപോയി. പക്വതയെത്താത്ത ഒറ്റയ്ക്കൊരു പെണ്ണായ താൻ കലാകാരനായ നാടകകാരൻ സൃഷ്ടിച്ച ആദർശസ്ത്രീയല്ല, തന്റെ നൈമിഷികമായ പ്രതികരണങ്ങൾ പരുക്കനും പരിഷ്കാരം കുറഞ്ഞതും ആയേക്കാം എന്നിങ്ങനെ സ്റ്റേജിൽ കണ്ടയാളിൽ നിന്നുണ്ടായ വിധം ത്യാഗപൂർണമായ സ്വയം സമർപ്പണം താൻ ചെയ്യുകയില്ലെന്ന് ശാലീന രാമചന്ദ്രൻ എത്ര പറഞ്ഞിട്ടും ടോണി അബ്രഹാം സമ്മതിച്ചു കൊടുത്തില്ല. നാടകത്തിലെ നായിക അയാളോട് പറഞ്ഞ കഥയും വാക്കുകളും തീവ്രമായി ഉള്ളിൽ തട്ടിയതിനുകാരണം വർണ്ണവെളിച്ചത്തിന്റെ പ്രളയം മൂലമുണ്ടായ സ്റ്റേജിന്റെ തിളക്കമാകാം. മേക്കപ്പ് ചെയ്ത് നിറംചാർത്തിയ നെറ്റിയിലെ വലിയ ചുവന്ന പൊട്ടിന്റെ ആഴമേറിയ വശ്യതയായിരിക്കാം. മറ്റൊന്നും നാടകീയതയുടെ ഫലമല്ലായിരുന്നു എന്ന് തന്റെ അനുമാനങ്ങളിൽ ടോണി അബ്രഹാം ഉറച്ചു നിന്നു.
സ്കൂൾ യൂണിഫോം അണിഞ്ഞ കുട്ടികളായി തിളയ്ക്കുന്ന വെയിലിലും എല്ലു കോച്ചുന്ന തണുപ്പിലും സ്കൂൾ പറമ്പിലും വരാന്തകളിലും പകുതി രഹസ്യമായും പകുതി പരസ്യമായും നിന്ന് അവർ ധാരാളം സംസാരിച്ചു. ശാലീന രാമചന്ദ്രൻ പറഞ്ഞ അവളുടെ മുൻകാലവും വർത്തമാനവും ടോണി അബ്രഹാമിന്റെയുള്ളിൽ നടുക്കങ്ങളുടെ പരമ്പര തീർത്തു. അതിലെ യാഥാർത്ഥ്യങ്ങളുടെ മൂർച്ച അയാളുടെ മുന്നിൽ പുതിയ ലോകങ്ങൾ തുറന്നു. സ്കൂൾ കാൻ്റീനിനുമുന്നിൽ ചങ്ങാതിക്കൂട്ടം ഒരുമിച്ചിരിക്കുമ്പോൾ പൊട്ടിച്ചിരികളുയർത്താൻ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ അനുഭവങ്ങളാണെന്നും നീറ്റലും വേദനയും തീരാത്ത മുറിവുകളായി അവരുടെയുള്ളിൽ അത് കരിയാതെ കിടക്കുന്നുണ്ടാവുമെന്നും ഉണർന്ന ബോധം അയാളെ വേദനിപ്പിച്ചു. ദേവ് കിഷന്റെ അച്ഛൻ പറയാറുള്ള പൊട്ടാറായ ബോംബും നെഞ്ചിലടക്കി നടക്കുന്ന ആളുകളെ കാണുമ്പോൾ അയാൾക്ക് പരിഹാസം തോന്നാതായി. അപ്പോൾ അയാൾക്ക് ശാലീന പറഞ്ഞ സംഭവവിവരണങ്ങൾ ഓർമ്മ വരും. തീവ്രമായ ആ യാഥാർഥ്യങ്ങൾ അയാളിൽ അനുതാപം ജനിപ്പിക്കുകയും ചെയ്യും. തനിക്ക് ഭാവന ചെയ്യാൻ പോലുമാകാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരാവാം മുന്നിൽ നിൽക്കുന്നതെന്ന ബോധം അയാൾക്കുണ്ടായി. ശാലീനയുടെ അനുഭവ കഥകൾ കേട്ട് പുതിയൊരാളായി മാറിയ ടോണി അബ്രഹാം കണ്ണും കാതും തുറന്ന് മുന്നിലുള്ളവരെയും ലോകത്തെയും അറിയാൻ ശ്രമിച്ചു തുടങ്ങി.
എന്തുമേതും കൂസലില്ലാതെ പറയുകയും ചോദ്യങ്ങൾക്ക് നിവർന്നുനിന്ന് ഉത്തരം കൊടുക്കുകയും ചെയ്യുന്ന തന്റെ സ്വഭാവം ഏതെങ്കിലും തരം മികവിന്റെ അടയാളമാണെന്ന് മദ്ധ്യ തിരുവിതാംകൂറിലെ ഒരു കോളേജിൽ പ്രീ- ഡിഗ്രി വിദ്യാർഥിയായി ചെല്ലുമ്പോൾ മിനി മോൾക്ക് അറിയില്ലായിരുന്നു. ചോദ്യങ്ങളുണ്ടെങ്കിൽ ആരോടും നിവർന്നുനിന്ന് ചോദിക്കാൻ മടിക്കരുതെന്ന് കിടപ്പിലായിരുന്നപ്പോഴും മിനിമോളുടെ അപ്പച്ചൻ ഉപദേശിക്കും. തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്ന അപ്പച്ചൻ സ്വന്തം കാര്യം നോക്കാൻ അറിയാത്തവനാണെന്ന് അമ്മച്ചി ഉൾപ്പെടെ മറ്റെല്ലാവരും കുറ്റപ്പെടുത്തും. അവരുടെ പുച്ഛം നിറഞ്ഞ പെരുമാറ്റങ്ങളിൽ അപ്പച്ചൻ ചെറുതാവുന്നതായിരുന്നു ബാല്യത്തിൽ മിനി മോളുടെ സങ്കടം. നാട്ടുകാർക്കുവേണ്ടി വിശ്രമമില്ലാതെ ഓടിനടന്നുവെന്നു മറ്റുള്ളവർ പറയുന്ന അപ്പച്ചനെ മിനി മോൾ കണ്ടിട്ടില്ല. ഒപ്പമുണ്ടായിരുന്നവരെല്ലാം അവരുടെ കാര്യങ്ങൾ ഭദ്രമാക്കിയപ്പോൾ അപ്പച്ചൻ വിഡ്ഢിയായി ചുറ്റി നടന്നുവെന്ന് അമ്മച്ചി പഴി പറയുമ്പോൾ മിനി മോൾ മനസ്സിൽ അപ്പച്ചന്റെ ഭാഗം ചേരും. അപ്പച്ചന് ഇനിയെന്ത് പത്രവാർത്തയെന്ന് മറ്റെല്ലാവരും ചിന്തിച്ച് ഉദാസീനരായപ്പോൾ മിനി മോൾ ദിവസവും വൈകുന്നേരം അയലത്ത് വീട്ടിൽ അവർ വായിച്ചു കഴിഞ്ഞ പത്രമെടുത്ത് അപ്പച്ചന് വായിച്ചു കൊടുക്കും. കിടപ്പിലായ അപ്പച്ചന്റെ അടുത്തിരിക്കുമ്പോൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തി നേടണമെന്ന് കുട്ടിയായ മിനി മോളെ ഉപദേശിക്കുന്നത് ആത്മപരിശോധനയിൽ നിന്നായിരുന്നുവെന്ന് വളർന്നപ്പോൾ മിനി മോൾ തിരിച്ചറിഞ്ഞു. ഏറ്റവും മൂത്ത രണ്ട് ആങ്ങളമാരും പിന്നെ രണ്ട് ചേച്ചിമാരും കഴിഞ്ഞ് അഞ്ചാമതായുണ്ടായ മിനി മോൾ ശൂന്യമായ വീട്ടുഖജനാവ് കണ്ടാണ് വളർന്നുവന്നത്. സഹോദരങ്ങൾ എല്ലാവരും ജീവിക്കാൻ പാടുപെടുന്നു. പരാതി പറഞ്ഞാൽ കേൾക്കാൻ ത്രാണിയില്ലത്തവരും പലവിധ രോഗങ്ങൾ കാരണം നേരത്തേ വാർധക്യം എത്തിയവരുമായി അപ്പനുമമ്മയും.
പത്താം ക്ലാസിൽ കിട്ടിയ ഉയർന്ന മാർക്കാണ് മിനി മോളെ പ്രീ- ഡിഗ്രി ക്ലാസിലെത്തിച്ചത്. ഫീസിനായും മറ്റും പലയാളുകളുടെയും പള്ളിയുടെയും സഹായങ്ങളും കൈപ്പറ്റേണ്ടിവന്നു. കൂടുതൽ വിദ്യാഭ്യാസം തനിക്കുണ്ടാവാൻ പോകുന്നില്ലെന്ന് ഉറപ്പുണ്ടായിരുന്ന മിനി മോൾ കിട്ടിയ രണ്ടു വർഷങ്ങൾ തന്നാൽ കഴിയുന്നതെല്ലാം കോളേജിൽ ചെയ്തു. പാട്ട് പാടുകയും കവിത ചൊല്ലുകയും നാടകങ്ങളിൽ അഭിനയിക്കുകയും തന്റേടിയായിരിക്കുകയും ചെയ്യുന്നവളെന്ന് മിനി മോൾ കോളേജിൽ പ്രശസ്തയായത് സ്വയം ആഗ്രഹിക്കാതെയാണ്.
ഒരു കവിതാലാപനമത്സരത്തിൽ വച്ചാണ് മിനി മോൾ ഡിഗ്രി ഫൈനൽ ഇയറിലെ രാമചന്ദ്രനുമായി പരിചയപ്പെട്ടത്. കവിയായ രാമചന്ദ്രൻ അയാളുടെ സ്വന്തം കവിത ചൊല്ലി ഒന്നാം സ്ഥാനം വാങ്ങി. മൂന്നാം സ്ഥാനത്തെത്തുവാൻ താൻ ചൊല്ലിയ അറിയപ്പെടുന്ന കവിയുടെ രചനയെക്കാൾ രാമചന്ദ്രന്റെ കവിത മിനി മോളെ സ്വാധീനിച്ചു. അത് ചോദിച്ചുവാങ്ങി പലതവണ ചൊല്ലി മിനി മോൾ മനഃപാഠമാക്കി. തന്റെ തോറ്റുപോയ അപ്പച്ചന്റെ നിഴൽ രാമചന്ദ്രന്റെ കവിതകളിൽ വീണുകിടക്കുന്നുവെന്ന് കണ്ടെത്തിയ മിനി മോൾക്ക് ആ കവിതകളെയും അതെഴുതിയ ആളെയും ഇഷ്ടമാകാൻ തുടങ്ങി. കവിതകളും മനുഷ്യരും മാത്രം വിഷയമാകുന്ന സംഭാഷണങ്ങൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാക്കി അവർ കണ്ടു മുട്ടി.
അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ കവിതകൾ മാത്രമല്ല, അതെഴുതിയ കവിയെയും തനിക്കു പ്രിയമാണെന്ന് മിനി മോൾ അയാളെ അറിയിച്ചു. തന്റെ പ്രേമം ആദ്യം അങ്ങോട്ട് പറഞ്ഞാൽ മിനി മോൾ തിരിച്ച് എന്താവും വിളിച്ചു പറയുകയെന്ന് ഭയപ്പെട്ടിട്ടാണ് താൻ ഇതുവരെ പറയാതിരുന്നതെന്ന രാമചന്ദ്രന്റെ മറുപടിയിൽ മിനി മോൾ പ്രതിഷേധിച്ചു. ഒരു പ്രണയം പറയേണ്ടുന്നതിന് അനിവാര്യമായ അലങ്കാരമാകേണ്ട വികാരഭാരങ്ങളത്രയും അങ്ങനെ ഉരിഞ്ഞുകളഞ്ഞത് ഒരു കവിക്ക് ചേർന്നതല്ലെന്ന് മിനി മോൾ സമർഥിച്ചു. മിനി മോൾ എപ്പോഴും പറഞ്ഞ് ജയിക്കുന്നതിൽ സ്ന്തോഷിക്കുന്നതായി രാമചന്ദ്രന് തന്റെ പ്രണയം.
തങ്ങളുടെ കുടുംബത്തിന് സൗഭാഗ്യങ്ങൾ വന്നുചേരാൻ ഇനി മേൽ ഏകമാർഗം പേർഷ്യയിലെക്കുള്ള കുടിയേറ്റം മാത്രമാണെന്ന ധാരണ നാട്ടിലെല്ലാം പരക്കുന്ന കാലം. പോകാൻ ഒരാൺകുട്ടിയും വിൽക്കാൻ പത്തു സെൻറ് ഭൂമിയുമുള്ള മലയാളികളിൽ ആ ചിന്ത പകർച്ചവ്യാധിയായ എഴുപതുകളുടെ തുടക്കമാണ് അവരുടെ കാമ്പസ് കാലം. കുടിയേറിപ്പോയി തൊഴിലെടുത്ത് ധനികനായി ജീവിക്കണമെന്ന മോഹം രാമചന്ദ്രനുണ്ടായിരുന്നില്ല. അച്ഛൻ റിട്ടയർ ചെയ്തപ്പോൾ സംഭവിച്ച വരുമാന വ്യത്യാസം സൃഷ്ടിച്ച പകിട്ട് കുറവ് തനിക്കൊരു സർക്കാർ ജോലി കിട്ടുമ്പോൾ തീരുമെന്ന് അയാൾ കരുതി. ഗൾഫിൽ നിന്ന് അവധിക്കു വരുന്നവർ കൊണ്ടുവന്ന് എല്ലാവർക്കും വിതരണം ചെയ്യുന്ന ജപ്പാൻ തുണിത്തരങ്ങളും കുടകളും അവരുടെ സഹോദരിമാരുടെ വിവാഹച്ചടങ്ങുകളും നാട്ടിൽ വല്ലാതെ തിളങ്ങും. ബന്ധുക്കൾക്കും നാട്ടുകാർക്കും പള്ളിക്കും അമ്പലത്തിനും അവർ ഉദാരമായ സംഭാവനകൾ കൊടുത്ത് സൽപ്പേരു വാങ്ങും. അതെല്ലാം മുഴച്ചുനിൽക്കുന്ന വ്യവഹാരങ്ങളായി രാമചന്ദ്രന് തോന്നിയെങ്കിലും അവയ്ക്കൊക്കെ ആരാധകരും വാഴ്ത്തുപാട്ടുകളും നാട്ടിൽ ഏറെയുണ്ടാകുന്നുണ്ട്. രണ്ടു ചേട്ടന്മാർ ബാലവ്യാധികളിൽ മരിച്ച് ബാക്കി വന്നൊരു ആൺ തരിയായതിനാൽ രണ്ടു അനിയത്തിമാരുടെയും അച്ഛനമ്മമാരുടെയും അമ്മാതിരി ഭ്രമങ്ങൾ നിവർത്തിച്ചു കൊടുക്കാൻ വേറെ ആരുമില്ലെന്ന പ്രതിസന്ധി രാമചന്ദ്രൻ നേരിട്ടു.
കുടുംബത്തിന് നഷ്ടപ്പെടുകയായിരുന്ന പ്രതാപം തിരിച്ചുപിടിക്കാൻ വേണ്ടത് ചെയ്യാൻ താനൊരാളേ ഉള്ളൂവെന്ന കെണിയിലകപ്പെട്ടാണ് രാമചന്ദ്രൻ ജനിച്ചത്. വീട്ടിലുള്ള നാലുപേരുടെ ഗൾഫ് സമൃദ്ധി മോഹങ്ങളുടെ ഭാണ്ഡം അയാളുടെ ചുമലിൽ ഭാരമേറ്റി. രാമചന്ദ്രൻ അവസാന വർഷപ്പരീക്ഷ എഴുതി പഠനം പൂർത്തിയാക്കാൻ വീട്ടിലെല്ലാവരും കാത്തിരുന്നു. കൂടുതൽ സമയം വൈകിയാൽ അവസരങ്ങൾ നഷ്ടപ്പെട്ടു പോകുമോയെന്ന് അയാളുടെ കുടുംബത്തിലുള്ളവർ ഭയപ്പെട്ടു.
കുടുംബം താമസിക്കുന്ന വീട് നിൽക്കുന്ന വലിയ പറമ്പിന്റെ അറ്റത്തെ പത്തു സെൻറ് വിറ്റ് വിസ വാങ്ങാനുള്ള വഴികൾ ശരിയാക്കിയാണ് വീട്ടുകാർ കാത്തിരുന്നത്. ഗൾഫിൽ പോകാൻ വീട്ടിൽ നിന്നുള്ള സമ്മർദ്ദത്തെ കുറിച്ച് രാമചന്ദ്രൻ തന്റെ ക്ലാസ്മേറ്റും കൂട്ടുകാരനുമായ വിജയമോഹനോട് ചർച്ച ചെയ്തു. തന്റെയൊപ്പം കൂട്ടിന് വരുമോയെന്ന് അന്വേഷിച്ചു. എൻ.ഒ.സിക്ക് കാശ് കൊടുക്കാനായി വിൽക്കാൻ പത്തു സെൻ്റ് വസ്തു പട്ടികജാതിക്കാരായ തന്റെ വീട്ടുകാരുടെ പേരിലില്ലെന്നും അതിനാൽ തനിയ്ക്കും പട്ടികജാതിക്കാരിൽ കൂടുതൽ പേർക്കും പേർഷ്യയിൽ പോകുന്നത് എളുപ്പമല്ലെന്നും വിജയമോഹൻ പറഞ്ഞ മറുപടി രാമചന്ദ്രനിൽ പ്രത്യേകം ഉൾക്കാഴ്ചയാണ് ഉണർത്തിയത്.
തടസ്സങ്ങളൊന്നുമുണ്ടാവാതെ പ്രീ- ഡിഗ്രി രണ്ടാം വർഷം കൂടി കോളേജിൽ ചെലവിട്ട് തന്റെ ഏറ്റവും നല്ല കാലം അനുഭവിക്കാൻ കഴിയണം എന്നായിരുന്നു മിനി മോളുടെ തീവ്രമായ ആഗ്രഹം. ഡിഗ്രി കഴിഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പേർഷ്യയിലേക്ക് പോകാതെ സർക്കാർ ജോലിയും തേടി നാട്ടിൽ തന്നെ കഴിയുന്ന രാമചന്ദ്രൻ തന്നെ സ്നേഹിക്കുന്നുവെന്ന് ആത്മാവിന്റെ ഉൾത്തലം വരെ അറിയുന്നതിന്റെ രോമാഞ്ചം മിനി മോൾ പേറിനടന്നു. രണ്ടു പേരും അവരവരുടെ ഇടങ്ങളിൽ അനുഭവിക്കുകയായിരുന്ന ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ മറ്റെയാളിൽ സാന്ത്വനം തേടി. പരസ്പരം പച്ചത്തുരുത്തുകളായി കരുതുകയും മോചനത്തിനായുള്ള അന്വേഷണങ്ങൾ മറ്റേയാളിൽ ചെന്നു നിൽക്കുകയും ചെയ്തപ്പോൾ രാമചന്ദ്രനും മിനി മോളും വേർപിരിയാൻ കഴിയാത്തവരായെന്ന് അവർ മനസ്സിലാക്കി. തനിച്ചാക്കി പോകരുതേയെന്ന് ഒരു വിലാപം ഉള്ളിൽ കെട്ടിയിട്ട് നടക്കുന്ന തന്റേടിയായ മിനി മോളുടെ അകം കാണാൻ കഴിയുന്നത്രയും ആഴമുണ്ടായി രാമചന്ദ്രന്റെ പ്രണയവായ്പിന്. അതുകൂടി ഉണ്ടായിരുന്നില്ലെങ്കിൽ മിനി മോളുടെ കൺമുന്നിൽ ശൂന്യതയും അതിനപ്പുറത്ത് കരകാണാക്കടലുകളും ആവുമായിരുന്നു.
രാമചന്ദ്രൻ കോളേജ് വിട്ടതോടെ അവർക്ക് കണ്ടുമുട്ടാൻ ശ്രദ്ധാപൂർവമുള്ള തയ്യാറെടുപ്പുകൾ വേണ്ടി വന്നു. നേരത്തെ പറഞ്ഞുറപ്പിച്ച നേരത്ത് പബ്ലിക് ലൈബ്രറി പരിസരത്തോ അത്തരം പൊതു ഇടങ്ങളിലോ കാത്തുനിൽക്കുകയും മറ്റുള്ളവരുടെ മുന്നിൽ അപരിചിതരെപ്പോലെ അഭിനയിക്കുകയും ചെയ്യുകയെന്ന ശ്രമകരവും അപകടങ്ങൾ പതിയിരിക്കുന്നതുമായ പടവുകൾ കടന്നുപോകണം. അവിചാരിതമായി എന്തെങ്കിലും വന്ന് ഒരാൾക്ക് സ്ഥലവും കാലവും കൃത്യമായി പുലർത്താനാവുന്നില്ലെങ്കിൽ മറ്റേയാൾ എന്തെന്നറിയാത്ത കാത്തുനിൽപ്പിന്റെ വേദന മുഴുവൻ അനുഭവിക്കണം.
ഒരു ഞായറാഴ്ച ദിവസം പറഞ്ഞ നേരവും കഴിഞ്ഞ് ചില മണിക്കൂറുകളും പബ്ലിക് ലൈബ്രറി പരിസരത്ത് കറങ്ങി നടന്നിട്ട് മടങ്ങിപ്പോകാൻ മനസ്സ് വരാതെ രാമചന്ദ്രൻ നിൽക്കുകയാണ്. ബസ്സിറങ്ങിയോടി കിതച്ചും തളർന്നും അരികത്തെത്തി വിയർപ്പിൽ കുളിച്ചു നിൽക്കുമ്പോഴും മിനി മോൾ മനോഹരിയായിരുന്നു. നഴ്സിംഗ് പഠിക്കാൻ പോകുന്ന ചേച്ചി വീട്ടിലെത്താൻ താമസിച്ചിട്ടാണ് താൻ വരാൻ വൈകിയതെന്ന് കിതപ്പടങ്ങിയപ്പോൾ മിനി മോൾ പറഞ്ഞു. അതിലെ പരസ്പരബന്ധം മനസ്സിലാകാതെ രാമചന്ദ്രൻ അന്ധാളിച്ചു നിന്നു. ചേച്ചി വീട്ടിലെത്തിയിട്ട് വേണം ചേച്ചിയുടെ സാരിയുടുത്ത് തനിക്കു വരാനെന്ന് മിനിമോൾ വിശദീകരിച്ചത് ചിരിച്ചുകൊണ്ടാണ്. മിനി മോളുടെ ചിരിയ്ക്കാനുള്ള കെൽപ്പിനോട് രാമചന്ദ്രന് പിന്നെയും അഭിനിവേശമായി.
ഡിഗ്രി കഴിഞ്ഞിട്ട് നാട്ടിൽ തന്നെ ജോലികൾ തേടി നടന്ന ഒരു വർഷം മുഴുവനും അപ്രിയം പ്രകടിപ്പിച്ച് വീർപ്പിച്ചും ഏങ്കോണിച്ചും വച്ച മുഖങ്ങൾ മാത്രം കണ്ടുകൊണ്ട് വീട്ടിൽ കഴിയുന്നത് രാമചന്ദ്രന് അസഹനീയമായി. മകന് സംഭവിച്ച അപ്രതീക്ഷിതമായ സ്വഭാവമാറ്റത്തിന്റെ കാരണം അന്വേഷിച്ച് ജ്യോതിഷികളുടെ അടുത്ത് കയറിയിറങ്ങി, അവർ പറയുന്ന പരിഹാരക്രിയകളായ പൂജകളും നേർച്ചകളും കഴിക്കുന്ന വീട്ടുകാരോട് സഹതാപം തോന്നിയ രാമചന്ദ്രൻ തന്റെ പ്രണയവൃത്താന്തം അവരോട് വെളിപ്പെടുത്തി. അവിടെ യാതൊരു ഭൂകമ്പവും ഉണ്ടായില്ല. ഒട്ടും വൈകാതെ പേർഷ്യയിൽ പോകേണ്ടതിന്റെ ആവശ്യകത വീട്ടുകാർ ഒന്നു കൂടി ഉറപ്പിച്ചു. പേർഷ്യയിൽ പോയി കുറെ പണമുണ്ടാക്കി വന്നിട്ട് എന്തു വേണമെങ്കിലും ആകാമല്ലോയെന്ന ശൈലിയിൽ എൻ.ഒ.സി കാര്യങ്ങൾ വേഗത്തിലാക്കാനാണ് അവർ രാമചന്ദ്രനോട് ആവശ്യപ്പെട്ടത്. വിസയിൽ പെട്ട് വേർപെട്ടു പോകുമെന്ന് ഭയന്ന രാമചന്ദ്രൻ മിനി മോളെയും കൂട്ടി ഒരു ദിവസം ആരുമറിയാതെ തീവണ്ടിയിൽ കയറി നാടുവിട്ടു. ബോംബെയിൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരു സ്നേഹിതന്റെ സഹായ വാഗ്ദാനത്തിന്മേൽ പിടിച്ചുകയറിയായിരുന്നു ഒളിച്ചോട്ടം.
സ്വാഭാവികമായ ഭ്രമണപഥങ്ങളിൽ നിന്ന് ബഹിഷ്കൃതരായ രണ്ടുപേരുടെ മനസ്സും യവ്വനത്തിന്റെ ഊർജ്ജവുമായി ഒത്തുചേർന്ന അവർ മഹാനഗരത്തിന്റെ വിശാലമായ രംഗസ്ഥലികളിലും ഇരുണ്ട ഇടനാഴികളിലും തൊഴിൽ തേടിയലഞ്ഞു. വൻനഗരത്തിന്റെ പ്രകമ്പനങ്ങളും അതിവേഗം പാഞ്ഞുപോകുന്ന വലിയ ജനക്കൂട്ടങ്ങൾ ഉണ്ടാക്കുന്ന ചുഴികളും അവർ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് ശീലിച്ചിരുന്ന പതിഞ്ഞ താളത്തെ ചുഴറ്റിയെറിഞ്ഞു. തൊഴിലിടങ്ങളിലെ ആയുധ മൂർച്ചയുള്ള മത്സരങ്ങളിൽ നിവർന്നുനിൽക്കാനാവാതെ തീരെ ചെറുതായിപ്പോവുകയും ചിലപ്പോഴൊക്കെ പരാജയത്തിന്റെ രുചി അനുഭവിക്കുകയും ചെയ്തു. ഒരുമിച്ചായിരിക്കുന്നതിന്റെ ശക്തി രണ്ടുപേർക്കും പൊരുതാൻ ശേഷി നൽകി. ഒരു വരി കവിത പോലും എഴുതാൻ സാവകാശം കിട്ടാത്ത ത്രയും സമയം രാമചന്ദ്രന്റെ ജോലിക്കും യാത്രയ്ക്കും വേണ്ടിവന്നു.
എങ്കിലും ബോംബെയിൽ ജോലി ചെയ്തു കുടുംബമായി താമസിച്ച പത്തു വർഷങ്ങളായിരുന്നു തന്റെ ജീവിതത്തിലെ നല്ല കാലമെന്ന് മിനി മോൾ എപ്പോഴും ശാലീനയോടു പറയും. സെക്രട്ടറി ജോലിക്കുള്ള പ്രത്യേക പരീക്ഷ മിനിമോൾ ജയിച്ചതും വലിയ ധനകാര്യസ്ഥാപനത്തിൽ സെക്രട്ടറിയായി ജോലി ചെയ്ത് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ ശീലിച്ചതും നിവർന്നുതന്നെ നിന്നാൽ എവിടെയും നിൽക്കാമെന്ന് പഠിച്ചതും ആ നല്ല പത്തു വർഷങ്ങളിലാണ്. മിനിമോളുടെ ചേച്ചി ബോംബെയിലെ നഴ്സ് ജോലിയിൽ നിന്ന് ദിൽമുനിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതും അവരുടെ സാമ്പത്തികസ്ഥിതി നല്ല നിലയിലായതും രാമചന്ദ്രന്റെ മനസ്സ് മാറ്റി. ക്ലേശം മാത്രം ബാക്കിയാവുന്ന ബോംബെ ജീവിതം ഉപേക്ഷിക്കാമെന്നു അയാൾ നിശ്ചയിച്ചു. രാമചന്ദ്രൻ ചേച്ചി വഴിയ്ക്ക് ദിൽമുനിയയിൽ ജോലിയ്ക്ക് ശ്രമങ്ങൾ ആരംഭിച്ചു.
‘‘ബോംബെയിലെ ഒരു രജിസ്ട്രാർ ഓഫീസിൽ കല്യാണം ഒപ്പിടുമ്പോൾ ഞാനുമൊരു സാക്ഷിയായി വയറ്റിലുണ്ടായിരുന്നെന്ന് അമ്മ പറയും. ആ ചടങ്ങിന്റെ മുഴുവൻ മുൻകൈയും ഉത്തരവാദിത്തവും അമ്മയുടെതാണെന്നും’’- തികഞ്ഞ ഗൗരവത്തോടെ അതു പറയുമ്പോൾ ശാലീന നിന്നിരുന്ന സ്ഥലവും മുഖത്തണിഞ്ഞിരുന്ന ഭാവവും ഒരു ചിത്രമായി ടോണി അബ്രഹാം സൂക്ഷിച്ചിട്ടുണ്ട്.
പോറ്റാൻ കഴിയുമോ എന്നാലോചിക്കാതെ കുട്ടികളെ പടച്ചുവിടുന്നവരോട് മിനിമോൾക്ക് നീരസമാണ്. ശാലീനക്കുശേഷം ഒരു കുട്ടിയും ഒന്നിനും സാക്ഷിയായി വയറ്റിലുണ്ടാകാതിരുന്നതിന്റെയും മുൻകയ്യും ഉത്തരവാദിത്തവും മിനി മോൾക്കുമാത്രമാണ്. ഇന്ത്യയിൽ തീവണ്ടികൾ കൃത്യസമയത്ത് ഓടുകയും ആരും എവിടെയും സമരം ചെയ്യാതിരിക്കുകയും എല്ലാവരും വായടച്ച് പണിയെടുക്കുകയും ചെയ്ത അടിയന്തരാവസ്ഥയിലാണ് ശാലീന ജനിച്ചത്. അതിനാൽ താൻ അമ്മയുടെ സ്വഭാവത്തിന് വിപരീതമായി സൗമ്യയും ശാന്തപ്രകൃതിയും മൃദുഭാഷിയുമായെന്ന് അമ്മ കളിയാക്കും എന്നു ശാലീന പറഞ്ഞു. ആറു മാസം കഴിഞ്ഞിട്ട് അടിയന്തരാവസ്ഥയിൽതന്നെ ജനിച്ചിട്ടും താൻ അങ്ങനെയൊന്നും ആയില്ലല്ലോയെന്ന് ടോണി അബ്രഹാം എതിർത്തു.
ചെറിയ കുട്ടിയായിരിക്കുമ്പോൾ ശാലീന രാമചന്ദ്രൻ ബോംബെയിൽനിന്ന് നാട്ടിൽ പോയ രണ്ടു തവണയും പരിതാപകരമായ അന്തരീക്ഷം മാത്രം നിറഞ്ഞുനിൽക്കുന്ന മിനി മോളുടെ വീട്ടിലേക്കായിരുന്നു. നിരാലംബ വാർധക്യത്തിന്റെ കെടുതികളും അവിടെയെന്നും പതിവുള്ള ഇല്ലായ്മകളും മുട്ടയിടുന്ന കോഴികളും കിളികളും ശലഭങ്ങളും പൂക്കളും മാത്രമാണ് കണ്ണിൽ പതിഞ്ഞത്. ഗൾഫിൽനിന്ന് സമ്പാദിച്ച ധനവുമായി മാത്രമേ സ്വന്തം വീട്ടിലേക്കുള്ളൂ എന്ന നിർബന്ധം കൊണ്ടോ അതോ അങ്ങനെ മാതമാണ് ഇനി സാധ്യമായ ഒരു പ്രവേശനവഴി എന്ന് കരുതിയിട്ടോ രാമചന്ദ്രന്റെ വീട്ടിലേക്ക് പോകാൻ പിന്നെയും വൈകി. ദിൽമുനിയയിൽ നിന്ന് വലിയ തയ്യാറെടുപ്പുകളോടെ രാമചന്ദ്രന്റെ വീട്ടിലേക്ക് അവധിക്ക് പോയപ്പോൾ മകൾക്ക് വയസ്സ് പതിനാറ് ആയിരുന്നെങ്കിലും അതിന്റെ ഇരട്ടി പ്രായത്തിന്റെ തിരിച്ചറിവുണ്ടായിരുന്നെന്ന് ശാലീന പറഞ്ഞു.
വളരെക്കാലമായി താൻ എന്നും കൊതിയ്ക്കുന്ന അമ്മ വച്ചുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നും എല്ലാവരോടും സംസാരിച്ചിരിക്കണമെന്നും രാമചന്ദ്രനാഗ്രഹമുണ്ടായിരുന്നു. ദിൽമുനിയയിൽ നിന്ന് പുറപ്പെടും മുന്നേ അതെല്ലാം അവർ മൂന്നാളും ഏറെ പറഞ്ഞുറപ്പിച്ചതാണ്. സ്വന്തം കുടുംബവുമായി അറ്റുപോയ ബന്ധം വീണ്ടും കൂട്ടിച്ചേർക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അയാളിലെ അമിതമായ ആവേശത്തിന്റെ തിരത്തള്ളൽ കുട്ടിയായ ശാലീന തികഞ്ഞ കൗതുകത്തോടെയാണ് കണ്ടത്. പല കാരണങ്ങളാൽ അപ്പോഴും വീട്ടിൽത്തന്നെ താമസമുള്ള വിവാഹിതരായ സഹോദരിമാരുമായി നഷ്ടപ്പെട്ടുപോയ കളിചിരികൾ വീണ്ടും ആരംഭിക്കുന്നത് അയാൾ സങ്കല്പിച്ചു. അവരെല്ലാം താത്പര്യപ്പെട്ടിരുന്നതുപോലെ ഗൾഫ് ധനികനായ താൻ ചെന്നു കയറുന്നതുതന്നെ വികാര ഭാരമൊഴിയാൻ ഇടയാക്കുമെന്ന് രാമചന്ദ്രൻ കരുതി. പണ്ട് അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കൊണ്ടു കൊടുക്കാൻ കഴിയാതെ പോയതെല്ലാം ഇനി എപ്പോഴുമെന്ന് പറഞ്ഞ് കടങ്ങൾ വീട്ടണമെന്നു രാമചന്ദ്രൻ നിശ്ചയിച്ചിരുന്നു. പുനഃസ്സമാഗമം ശാന്തവും ആകർഷണീയവുമാക്കാൻ ആദ്യപടിയായി മിനി മോളെ ചേച്ചിയുടെ വീട്ടിലാക്കിയിട്ടാണ് രാമചന്ദ്രനും മകളും കുടുംബത്തേക്ക് പോയത്.
എന്നോ മരണപ്പെട്ടുപോയ കുറേ മനുഷ്യർ അവരുടെ മരവിച്ച് ഘനീഭവിച്ച മുഖങ്ങളുമായി വീടിന്റെ പലയിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിഭ്രാമകമായ ചലനങ്ങളാണ് ശാലീന രാമചന്ദ്രൻ അവിടെ കണ്ടത്. പറമ്പിലും പാടത്തും വഴിയിലും നാട്ടിലാകെയും പച്ച തഴച്ച് ത്രസിക്കുന്ന ശക്തിയേറിയ ജൈവപ്രകൃതിയുടെ തിരശ്ചീനമായ പ്രതലത്തിൽ ലംബമാനങ്ങളിൽ ചലിക്കുന്ന കൃശഗാത്രരായ മരിച്ച മനുഷ്യർ ശാലീന രാമചന്ദ്രനിൽ ചിരിയാണുണ്ടാക്കിയത്. ആണിനെ പിടിക്കുന്ന അമ്മയുടെ മകൾ തന്നെയെന്ന് അകത്താരോ ചെറുശബ്ദത്തിൽ പട്ടം ചാർത്തിയപ്പോൾ അമ്മയെപ്പോലെ എന്നുറപ്പിച്ചുകിട്ടിയതിൽ അവൾക്ക് സന്തോഷം തോന്നി. അച്ഛനെ അത്രമാത്രം വികാരാധീനനായി കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹം ഗദ്ഗദകണ്ഠനായതും തിരിഞ്ഞുനോക്കി. പടിയിറങ്ങുമ്പോൾ മകളെ ചേർത്തമർത്തിയതും എന്തെല്ലാമോ നിശ്ചയങ്ങൾ ഉള്ളിലെടുക്കുന്നതിന്റെ ശബ്ദങ്ങൾ പിറുപിറുപ്പുകളായി പുറത്തുവന്നതും മകളിൽ സവിശേഷാനുഭവത്തിന്റെ തുടിപ്പുകളുണ്ടാക്കി.
കണ്ടിട്ടുള്ള സിനിമകളിൽ ഈ സന്ദർഭത്തിലെല്ലാം പൊറുക്കുന്ന മുത്തശ്ശി മറ്റെല്ലാവരെയും പറഞ്ഞും പറയാതെയും മറികടന്ന് പേരക്കുട്ടിയുടെ അടുത്തെത്തി വിളിച്ചു താലോലിക്കും. കാത്തു വച്ചിരുന്നൊരു സമ്മാനം എടുത്തു കൊടുക്കും. ആ വീട്ടിൽ അങ്ങനെയൊന്നും ഉണ്ടാകാഞ്ഞത് എന്തെന്നും മുത്തശ്ശിയെ കാണാൻ കൂടി കഴിഞ്ഞില്ലല്ലോയെന്നും മകൾ അച്ഛനോട് ചോദിച്ചു.
‘‘ആരെല്ലാം ക്ഷമിച്ചാലും എന്റെ അമ്മ ക്ഷമിക്കുമെന്നു തോന്നുന്നില്ല. അത്രയ്ക്ക് നിരാശയാണ് അമ്മയ്ക്ക് ഞാനുണ്ടാക്കിയത്’’, അതു പറയുമ്പോൾ അച്ഛന്റെ മുഖത്തുണ്ടായ ഭാവം എന്തെന്ന് തിരിച്ചറിയാനായി വീണ്ടും കാണാൻ മകൾ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. താൻ അന്ന് തെറ്റ് ചെയ്തുവെന്ന് അച്ഛൻ വിശ്വസിക്കുന്നെങ്കിൽ ഇക്കാലത്ത് സ്വന്തം ജീവിതത്തിൽ അദ്ദേഹം പ്രായശ്ചിത്തം ചെയ്യുന്നതാണ് അമ്മയോടുള്ള പെരുമാറ്റം എന്ന് തീർച്ചയാക്കാമെന്ന് മകൾ കരുതി.
മകൾക്ക് മനസ്സിലാകുമോ അല്ലെങ്കിൽ അവൾ എങ്ങനെ കാണും എന്നൊന്നും ഓർക്കാതെ അപ്പോൾ അവർ നേരിട്ട തിരസ്കാരത്തെ സാധൂകരിക്കുവാൻ ഓരോ കാരണങ്ങൾ പറഞ്ഞു അച്ഛൻ. ആ പ്രദേശത്ത് ആകെ നാലഞ്ച് സർക്കാർ ഉദ്യോഗസ്ഥരുള്ളതിൽ മൂന്നുപേരും അദ്ധ്യാപകരാണ്. രാമചന്ദ്രന്റെ അച്ഛന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന പ്രമാണിത്തം ഉണ്ടായിരുന്നു. ആ വീട്ടിലെ അംഗങ്ങളെ നാട്ടിൽ എല്ലാവരും വേഗം തിരിച്ചറിയും. എല്ലാ പൊതുക്കൂട്ടങ്ങളിലും അവർക്ക് നിലയും വിലയുമുണ്ട്. വസ്ത്രക്കടയിലെ മുന്തിയ തുണിത്തരങ്ങളും മീൻചന്തയിൽ വരുന്ന നല്ല മീനും അവർക്ക് വാങ്ങാനുള്ളതാണെന്ന് എല്ലാവർക്കും അറിയാം. അച്ഛൻ പെൻഷനായപ്പോൾ ശമ്പളത്തിലെ പകുതിയുടെ കുറവിനേക്കാൾ നിലച്ചു പോയ കിമ്പളവരുമാനമായ വലിയ തുകകളുടെ കുറവ് വീടിന്റെ ധാരാളിത്തത്തെ അസാധ്യമാക്കി. ആർഭാടങ്ങൾ കുറയ്ക്കേണ്ടിവന്നപ്പോൾ അതൊന്നും യഥാർത്ഥ കുറവുകളല്ലെങ്കിലും നാട്ടുകാരുടെ മുന്നിൽ ആ ഇല്ലായ്മകൾ ഉണ്ടാക്കാൻ പോകുന്ന അന്തസ്സു നഷ്ടത്തെയാണ് വീട്ടിൽ എല്ലാവരും ഭയന്നത്. നഷ്ടപ്പെടാൻ പോകുന്ന പ്രതാപങ്ങൾ തിരികെ പിടിക്കാൻ വഴിയും കർമ്മവും രാമചന്ദ്രനിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഗൾഫ് സ്വപ്നമായിരുന്നു.
വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ പേർഷ്യാക്കാരൻ സഹോദരൻ പെങ്ങളെ നല്ലയിടത്തേക്ക് കെട്ടിച്ചുവിട്ടതുകൊണ്ട് വീട്ടിലെ ജോലിക്കാരി വരാതായിട്ടുണ്ടാവും. വെളുപ്പിനെ എഴുന്നേറ്റ് വീടുകളിൽ കറവയ്ക്ക് പോകുന്നത് മതിയാക്കാമെന്നും ഇനി കഷ്ടപ്പെടേണ്ടെന്നും കറവക്കാരന് പേർഷ്യയിലുള്ള മകന്റെ കത്ത് വന്നു കാണും. വർഷങ്ങളായി കൃഷിപ്പണിക്ക് വരികയും കൂലി കടമായി നേരത്തെ വാങ്ങുകയും ചെയ്തിരുന്ന കിളയക്കാരൻ ഇപ്പോൾ ഗൾഫിലുള്ള അമ്മാവന്റെ മകൻ വാങ്ങിയ ഓട്ടോ ഓടിച്ചുനടക്കുകയായിരിക്കും. ദൂരെയുള്ള ക്ഷേത്രങ്ങളിൽ വഴിപാട് കഴിക്കാനും ബന്ധുവീടുകളിലെ കല്യാണങ്ങൾക്ക് പോകാനും വീട്ടിൽ വാങ്ങിയിട്ടിരുന്നതാണ് പ്രിമിയർ പദ്മിനി കാർ. ഓടിക്കാൻ വരാറുള്ള ഡ്രൈവറമ്മാവന് മകൻ കാശ് അയക്കുന്നതിനാൽ സവാരികൾക്ക് പോക്ക് നിറുത്തിയിട്ടുണ്ടാവും. പതുക്കെപ്പതുതുക്കെ മുടി വെട്ടുന്നവരും അലക്കുന്നവരും തെങ്ങ് കയറുന്നവരും തുടങ്ങി, വായ് പൊത്തി നിന്നവർ ആദ്യം വായ് പൊത്തിയിരുന്ന കൈകൾ താഴ്ത്തിയിടുകയും പിന്നീട് ഒന്നൊന്നായി അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ടാവും. വസ്ത്രക്കടയിലും മീഞ്ചന്തയിലും ഗൾഫിൽ നിന്നുള്ള ഡ്രാഫ്റ്റ് മാറ്റിയ പണവുമായി വരുന്ന അച്ഛന്മാരും ചേട്ടന്മാരും ഭാര്യാപിതാക്കന്മാരും പുതിയ നല്ല പതിവുകാരായി വന്നപ്പോൾ തന്റെ കുടുംബത്തിനു മാറി നിൽക്കേണ്ട അവസ്ഥയുണ്ടായിക്കാണും. പേരും പെരുമയുമുണ്ടായിരുന്ന തന്റെ കുടുംബത്തിന്റെ നിലയും വിലയുമാണ് തകിടം മറിഞ്ഞുപോയത്.
കുടുംബത്തിനു നാട്ടിലുണ്ടായിരുന്ന പദവി കീഴ്മേൽ മറിഞ്ഞുപോകുമ്പോൾ അതിനെ പ്രതിരോധിക്കാനും അന്തസ്സ് തിരിച്ചുപിടിക്കാനും കഴിയുന്നത് രാമചന്ദ്രനു മാത്രമാണ്. അതു കൊണ്ടാണ് എല്ലാവരും അയാളെ ഉറ്റുനോക്കി കാത്തിരുന്നത്. അയാൾ പക്ഷെ മേൽ വിലാസമില്ലാത്ത ഏതോ കൃസ്ത്യാനിപ്പെണ്ണിന്റെ കൈപിടിച്ച് ബോംബെയിലെ ആൾക്കൂട്ടത്തിൽ മറയുകയാണ് ചെയ്തത്. താൻ ഈ ശിക്ഷ അർഹിക്കുന്നുവെന്നും ഇനിയും ശിക്ഷകൾ അനുഭവിക്കാനുണ്ടെന്നും അച്ഛൻ പറയുന്നതായാണ് ശാലീന മനസ്സിലാക്കിയത്. ആ മനോഭാവം തങ്ങളുടെ വീട്ടിൽ ഇനിയും വരുത്താൻ പോകുന്ന ഓളങ്ങളെ ശാലീന ഭയപ്പെട്ടു. വരുന്നതെന്തും അതുപോലെ സ്വീകരിക്കാനും അധികം വികാരവിക്ഷോഭങ്ങളില്ലാതെ അവയുടെ വഴിക്ക് പോകാനും മിനി മോൾ നല്ല അനുശീലനം നേടിയിട്ടുണ്ട്. എന്നിട്ടും രാമചന്ദ്രന്റെ വീട്ടനുഭവങ്ങൾ കേട്ടപ്പോൾ സങ്കടം അടക്കാനാവാതെ മിനി മോൾ കരഞ്ഞു പോയി.
മിനി മോളുടെ വീട്ടിൽ നിന്ന് എയർ പോർട്ടിലേക്കുള്ള ദീർഘദൂര യാത്രയ്ക്കൊരുങ്ങുന്ന വൈകുന്നേരം നാട്ടുകാരും ബന്ധുക്കളുമായി അനേകം ആളുകൾ കാണാൻ വന്നു. മിനി മോൾ കുട്ടിയായിരുന്നപ്പോൾ എന്തുമാത്രം എടുത്തു കൊണ്ട് നടന്നതാണെന്ന് അറിയാമോ എന്നുചോദിച്ച ഒരു സന്ദർശകയുടെ ദയനീയ ഭാവങ്ങൾ കാരണം ശാലീന അവരെ മറന്നില്ല. അങ്ങനെ എന്തെങ്കിലുമുണ്ടായതിന്റെ യാതൊരു നല്ല ഓർമ്മയും തനിക്കില്ലെന്ന് ശാലീനയോടു സൂചിപ്പിച്ചെങ്കിലും അവർ പറഞ്ഞത് വകവയ്ക്കുന്ന തരം സമ്മാനമാണ് മിനി മോൾ കൊടുത്തത്. അവർ പറഞ്ഞ മലയാളം കൂടുതലും തനിക്ക് മനസിലാകാത്തതെന്തെന്ന് ശാലീന അമ്മയോട് ചോദിച്ചു.
‘‘നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ജീവിതക്ലേശത്തിന്റെ ഭാഷയാണത്. ആ പറഞ്ഞ നുണകളിലുള്ളത് കൊടിയ നിവർത്തികേടാണ്.’’
രാമചന്ദ്രന്റെ വീട്ടിലേക്കായി കൊണ്ടുവന്ന സാധനങ്ങളൊക്കെയും വന്നവർക്കായി വിതരണം ചെയ്യുമ്പോൾ അച്ഛനും അമ്മയ്ക്കും അതിൽ നിന്ന് ലഹരി അനുഭവമുണ്ടാകുന്നതായി ശാലീനയ്ക്ക് തോന്നി. മൂന്നുപേരും ദേഹത്ത് ധരിച്ചിട്ടുള്ളത് മാത്രമേ കൊടുക്കാതിരുന്നുള്ളൂ. വസ്ത്രങ്ങളും വാച്ചുകളും കുടകളും പേനകളും പെർഫ്യൂമുകളും സോപ്പുകളും പൗഡറുകളും തുടങ്ങി അനേകം ഗൾഫ്സാധനങ്ങൾ. അത് മുഴുവനും വീട്ടിലുള്ളവർക്കും കാണാൻ വന്നവരോരോരുത്തർക്കും സമ്മാനമായി നൽകി. ഒടുവിൽ ബാക്കിയായ പൊട്ടും പൊടിയും ഒരു കാർഡ്ബോർഡ് പെട്ടിയിലേക്ക് മാറ്റി തങ്ങളുടെ സ്യൂട്ട് കേസും അച്ഛന്റെ ബെൽറ്റും ആദ്യമായി ഹോസ്റ്റൽ ജീവിതം തുടങ്ങാൻ പോകുന്ന ഒരു കസിന് കൊടുത്തു. ഒരു അനുഷ്ഠാനത്തിന്റെ ഗൗരവം നിറഞ്ഞ മുഖഭാവമായിരുന്നു അച്ഛനും അമ്മയ്ക്കും. മടക്കയാത്രയിലുടനീളം അച്ഛൻ പാൻ്റിന് ബെൽറ്റ് ഇല്ലാത്തതിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നതു കാണുമ്പോൾ, ബെൽറ്റ് ഊരിക്കൊടുത്തപ്പോൾ ആ മുഖത്ത് തെളിഞ്ഞ നിർവൃതി ശാലീന രാമചന്ദ്രനിൽ ഒരമ്പരപ്പായി വന്നു നിറയും.
തീക്ഷ്ണ പ്രതികരണങ്ങൾ മാത്രമുള്ള ഉഗ്രരൂപിയാണ് ദിൽമുനിയയിലെ പ്രകൃതി. നാട്ടിലാകട്ടെ എന്നെന്നും വസന്തം ആയിരിക്കുന്നതിന്റെ ഭംഗി തുളുമ്പും. എല്ലാക്കാലങ്ങളിലും എല്ലായിടത്തും പൂക്കൾ അഴക് പൊഴിച്ച് നിൽക്കും. ബോബെയിൽ ഏകതാനമായി ഒരേ വലിയ അളവിൽ കോരിച്ചൊരിയുന്ന പെരുമഴകളെക്കാൾ പല നേരങ്ങളിൽ പല താളത്തിൽ പെയ്യുന്ന നാട്ടിലെ മഴയ്ക്കാണ് സൗന്ദര്യം. നാട്ടിലെ മഴകളിൽ കൂട്ടുകാരനെപ്പോലെ പെരുമാറുന്ന ചാറ്റൽമഴ ശാലീന രാമചന്ദ്രന് വളരെ ഇഷ്ടപ്പെട്ട ചങ്ങാതിയായി. അവിടെ എങ്ങോട്ട് തിരിഞ്ഞാലും കാണാവുന്ന മനുഷ്യർ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചവരും പരിഷ്കൃതർ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പഠിപ്പുള്ള പെരുമാറ്റക്കാരുമാണ്. എത്ര തവണകൾ പോയിക്കണ്ടാലും മടുപ്പ് തോന്നാത്ത വിധം മനോഹാരിത തുളുമ്പുന്ന നല്ല സ്ഥലമാണ് അച്ഛനമ്മമാരുടെ നാട്. അവിടെ എപ്പോഴും പോകണമെന്നും പക്ഷേ ആ യാത്രകൾ അവിടെയുള്ള ബന്ധുക്കളായ ആരെയും കാണാൻ വേണ്ടിയാവരുതെന്നും ശാലീന രാമചന്ദ്രൻ അന്നേ തീർച്ചപ്പെടുത്തി.
ഇക്കൊല്ലം വേനലവധി കഴിഞ്ഞപ്പോൾ സ്കൂളിൽ ക്യാൻ്റീന് മുന്നിലെ മരച്ചോട്ടിൽ സംഘം ആർപ്പു വിളികളുമായി ഇരിക്കുമ്പോൾ അതുവഴി കടന്നു പോയ ശാലീന രാമചന്ദ്രനെ നിർബന്ധിച്ച് ടോണി അബ്രഹാം കൂട്ടത്തിലിരുത്തി. പ്രിയ മേനോൻ ആയിരുന്നു സംഘസംഭാഷണങ്ങളെ അപ്പോൾ നയിച്ചിരുന്നത്. മുത്തശ്ശിയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ തറവാട്ടു വീട്ടിൽ പോയതും ആഘോഷങ്ങൾക്ക് നിറം പകരാൻ അകലങ്ങളിൽ നിന്ന് എല്ലാ കസിന്മാരും എത്തിച്ചേർന്നതും പ്രിയ മേനോൻ പ്രഭുഭാവനയിൽ വർണ്ണിക്കുന്നു.
താൻ പൊങ്ങച്ചം പറയുന്നതേയല്ലെന്നു തോന്നിപ്പിക്കാനാവശ്യമായ എളിമ വർണ്ണനകളിൽ കലർത്തുവാനുള്ള വിരുത് എവിടുന്നാണ് പ്രിയ മേനോൻ പഠിക്കുന്നതെന്ന് ശാലീന അതിശയിക്കാറുണ്ട്. അച്ഛന്റെ വീട്ടിലേക്കുള്ള തന്റെ യാത്രാനുഭവം പറഞ്ഞ് സംഘത്തെ അമ്പരപ്പിച്ചാലോയെന്ന് ഒരു നിമിഷം തുനിഞ്ഞ ശാലീന സ്വയംനിയന്ത്രിച്ചു. പ്രിയ മേനോൻ തുടരുന്ന സംഭാഷണത്തിൽ മുഴുകിയിരിക്കുകയാണ് കൂട്ടം. മിശ്രവിവാഹിതയായ കസിൻ ഡോക്റ്ററുടെ അന്യമതക്കാരൻ ഭർത്താവ് ഡോക്റ്റർ കുടുംബകൂട്ടത്തിൽ കലർന്നുചേർന്നത് മറ്റുള്ളവരേക്കാൾ മിഴിവിലായിരുന്നെന്ന് പ്രിയ അരുമയോടെ പറയുന്നു. മിശ്രവിവാഹം എന്ന ഒരു പ്രതിഭാസം ഫലത്തിൽ ഇല്ലെന്നാണ് തന്റെ അനുഭവമെന്ന് തിരികെ ക്ലാസിലേക്ക് പോകുമ്പോൾ ശാലീന രാമചന്ദ്രൻ ടോണി അബ്രഹാമിനോട് പറഞ്ഞു. തന്റെ മാതാപിതാക്കളെപ്പോലെ ഇരുമത വിവാഹങ്ങളും ഇരുജാതി വിവാഹങ്ങളും കുറെ നടക്കുന്നുണ്ട്. സംഭവിക്കുമ്പോൾ അത് ഇരുമത വിവാഹമാണെങ്കിലും വളരെ വേഗം തന്നെ പുരുഷന്റെ മതം ഏതാണോ ആ ഒരു മതം മാത്രമായിത്തീരുകയും വിശ്വാസവും ആചാരങ്ങളും ഏകപക്ഷീയമാവുകയും ചെയ്യുന്നതാണ് നാട്ടു വഴക്കം.
ജാതിമതങ്ങൾ വേറെയായിപ്പോയ പ്രണയികൾ ഒത്തുചേർന്ന് ജീവിക്കാനാഗ്രഹിക്കുമ്പോൾ കുടുംബങ്ങൾ പ്രകടിപ്പിക്കുന്ന എതിർപ്പും ശത്രുതയും നേരിട്ടുനിൽക്കാൻ വേണ്ടി ഗൾഫിലേക്ക് രക്ഷപ്പെടുന്നത് ഒരു വഴിയാണ്. ധനസ്ഥിതി മെച്ചമാകുമ്പോൾ കുടുംബങ്ങൾ തങ്ങളെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുക. അങ്ങനെ ദിൽമുനിയയിലെത്തി ഇവിടെ തുടരുന്ന അനേകം ദമ്പതികളെ ശാലീക്കറിയാം. ഒരേ തൂവൽപക്ഷികളായതുകൊണ്ട് നോവും നൊമ്പരങ്ങളും പരസ്പരം പങ്കുവച്ച് അങ്ങോട്ടുമിങ്ങോട്ടും താങ്ങാവാമെന്ന് മോഹിച്ച് പരസ്പരം കണ്ടത്തി അവർ പരിചയക്കാരാകുന്നുണ്ട്. അവരിലെ ഭാര്യമാർ ഭർത്താവിന്റെ മതത്തിലെ പൂജയും പ്രാർഥനയും ഏറ്റെടുത്ത് അണുവിട തെറ്റാത ആചരിക്കുന്നു. അവരുടെ ഭർത്താക്കന്മാർ തങ്ങളുടെ ജാതി മത സംഘടനയുടെ ദ്വീപിലെ നേതാവാകുന്നു. അത് എന്തുകൊണ്ടെന്ന് മനോവിശ്ലേഷണം ചെയ്ത് പഠിക്കണമെന്നു പറഞ്ഞ് ശാലീന രാമചന്ദ്രൻ പൊട്ടിച്ചിരിച്ചു.
തന്നെ പിറവിയിലേ കർത്താവ് ഉപേക്ഷിച്ചതാണ്, അക്കാരണം കൊണ്ട് ഇനി പ്രാർഥിച്ചിട്ട് ഫലമുണ്ടാവില്ല എന്നാണ് മിനി മോളുടെ നിലപാട്. വളരെ നിർബന്ധിതമാകുന്ന അവസരങ്ങളിൽ മാത്രമാണ് മിനി മോൾ പ്രാർത്ഥനയും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യാറുള്ളത്. മിനിമോളുടെയും രാമചന്ദ്രന്റെയും മതങ്ങളും പ്രാർഥനകളും ബന്ധത്തുടക്കത്തിൽ അവർക്ക് വിഭിന്നമായിരുന്നില്ല. അവർ ഒരുമിച്ച് പള്ളിയിൽ പോയതും അമ്പലത്തിൽ പോയതും ദൈവവിളിക്ക് മറുപടി പറയാനായിരുന്നില്ല. മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെയും കുഴപ്പങ്ങളിൽ ചെന്നു ചാടാതെയും രണ്ടു പേർക്കും ഒരുമിച്ചു പോകാവുന്ന ഇടങ്ങളായിരുന്നു ആ സ്ഥലങ്ങൾ. ചേച്ചി വീട്ടിലെത്തിയിട്ട് ആ സാരിയുടുത്തു വേണം തനിക്കു പുറത്തിറങ്ങാൻ എന്നു പറഞ്ഞ മിനി മോളോട് അക്കാരണത്താൽ കൂടുതൽ പ്രണയം ഉണ്ടായപ്പോൾ രാമചന്ദ്രൻ ജ്വലിക്കുന്ന കവിയായിരുന്നു. കാമ്പസിൽ പ്രസരിപ്പ് പടർത്തി നടക്കുന്ന ഒരു തീനാളമെന്ന് അയാൾക്ക് അനുഭവപ്പെട്ട മിനി മോൾ എന്ത് പ്രാർഥിക്കുന്നുവെന്നത് അന്നയാളുടെ വിഷയം ആയിരുന്നില്ല. മിനി മോളുടെ നാട്ടിൽ കണ്ടു മുട്ടാൻ അവർ തിരഞ്ഞെടുത്തത് പ്രശസ്തമായ അമ്പലത്തിന്റെ മതിൽക്കെട്ടായിരുന്നു. ഭകതജനങ്ങൾ ധാരാളമുണ്ടായിരുന്നതുകൊണ്ട് അവരെ മാത്രം നോക്കി കണ്ടുപിടിച്ച് സദാചാരവും സന്മാർഗ്ഗവും പുലർത്താൻ ആളുകൾ പിന്നാലെ വരില്ലെന്നത് ആയിരുന്നു ആ സ്ഥലത്തിെൻ്റ മേന്മ. അയാൾ അവിടെ തൊഴുതു നിൽക്കുകയും അടുത്തു തന്നെ മിനി മോൾ കൈകൂപ്പി നിൽക്കുകയും ചെയ്തത് ഒരുതരം ഉൾേപ്രരണയും ഇല്ലാതെയാണ്. ആ അനുഷ്ഠാനത്തിന്റെ അഗാധമായ സൗന്ദര്യം കാരണമാണ് ചേർന്ന് തൊഴുതു നിന്നതെന്ന് രണ്ടു പേരും പിന്നീട് പരസ്പരം പറയുകയും ചെയ്തു.
ചെയ്ത തെറ്റിന് മാപ്പ് നൽകി തങ്ങളെ കുടുംബത്തിൽ സ്വീകരിക്കണമെന്ന് രാമചന്ദ്രൻ വീട്ടിലേക്കു നാലുവർഷങ്ങളുടെ ഇടവേളകളിൽ രണ്ടു കത്തുകൾ എഴുതിയിരുന്നു. അതവരുടെ ബോംബെ വാസക്കാലത്താണ്. പടി ചവിട്ടിപ്പോകരുതെന്ന മറുപടി ആദ്യത്തെ തവണ കിട്ടിയപ്പോൾ സരസപ്രതികരണമാണ് അയാളിൽ ഉണ്ടായത്. താൻ കടമ നിർവഹിച്ചു, ഇനി അവരായി അവരുടെ പാടായി എന്ന് ലഘുവായി തള്ളിക്കളഞ്ഞു. നാലുവർഷം കഴിഞ്ഞ് അതേ മറുപടി ലഭിച്ചപ്പോൾ കത്ത് വായിച്ച് കയ്യക്ഷരം അച്ഛന്റേതുതന്നെയെന്ന് ഉറപ്പു വരുത്തിയ രാമചന്ദ്രൻ അതീവ ദുഃഖിതനായി. ദിൽമുനിയയിലെത്തിയശേഷമുണ്ടായ അപ്രതീക്ഷിത പതനങ്ങളും പ്രതിസന്ധികളും നേരിടാൻ ആത്മബലം ആർജ്ജിക്കുവാനാണ് കൃഷ്ണഭക്തസംഘത്തിൽ പോയിത്തുടങ്ങിയതെന്ന് രാമചന്ദ്രൻ പറയും. പക്ഷേ അതങ്ങനെയല്ലെന്ന് മിനി മോൾ മനസ്സിലാക്കുന്നു.
ദിൽമുനിയയിൽ എത്തിയപ്പോഴുണ്ടായ ജോലിക്കുഴപ്പങ്ങളെ രാമചന്ദ്രനും കമ്പനിയിലെ അയാളുടെ സ്നേഹിതൻ ഋഷികേശനും അതിജീവിച്ചത് വളരെ പെട്ടെന്നാണ്. പണം വന്ന് ധനികനായി വലിയ തയ്യാറെടുപ്പുകളോടെ സ്വന്തം വീട്ടിലേക്ക് പോയ രാമചന്ദ്രൻ വീണ്ടും ഒരു തിരസ്കാരം പ്രതീക്ഷിച്ചില്ല. അത് സംഭവിച്ചതിന്റെ ആഘാതത്തിൽ തിരിച്ചെത്തിയ ശേഷം മനഃസ്സമാധാനം തേടിപ്പോയ വഴിയിലാണ് രാമചന്ദ്രൻ ഭക്തിമാർഗത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയതെന്നാണ് ശാലീനയുടെയും നിഗമനം. മണിയടിച്ചും വീട് നിറയെ ഉച്ചത്തിൽ ശ്ലോകങ്ങൾ ചൊല്ലിയും അടുത്ത ഫ്ലാറ്റുകാരുടെ ശ്രദ്ധയാകർഷിക്കുന്ന പൂജാവിധികളായി അത് പരിണമിച്ചു. ശാലീനയും അമ്മയും ആദ്യമാദ്യം അതിശയത്തോടെ അത് കണ്ടെങ്കിലും പോകപ്പോകെ അത് ശീലമാവുകയും അതിനോട് സമരസപ്പെടുകയും ചെയ്തു. കൃഷ്ണഭക്തസംഘത്തിൽ പതിവുകാരനായി മാറിയ രാമചന്ദ്രന് കൃഷ്ണവിഗ്രഹം വച്ച് പൂജ ചെയ്യാൻ ചെറിയ അമ്പലം തന്നെ തടിയിൽ പണിത് ഋഷികേശൻ ഫ്ലാറ്റിൽ സജ്ജീകരിച്ചു കൊടുത്തു.
മിനി മോളുടെ ചേച്ചി ദിൽമുനിയയിൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗം കിട്ടിപ്പോവുകയും വൈകാതെ ചേച്ചി ഭർത്താവിനെയും മക്കളെയും കൊണ്ടുപോവുകയും ചെയ്തു. അറബിയുടെ പക്കൽ നിന്ന് മാസപ്പടി കൊടുത്തെടുത്ത കമ്മേഴ്സ്യൽ ലൈസൻസിൽ അവിടെ ക്ലീനിംഗ് കമ്പനി തുടങ്ങിയ ചേട്ടൻ നാലഞ്ചു വർഷങ്ങൾക്കുള്ളിൽ പെസ്റ്റ് കൺട്രോൾ പണികൾ കൂടി ചെയ്യാൻ ആരംഭിക്കുകയും നല്ല വരുമാനക്കാരനാവുകയും ചെയ്തു. നാട്ടിൽ വലിയ മാളികവീട് പണി കഴിപ്പിച്ചാണ് താനിതാ സമ്പന്നനായിരിക്കുന്നുവെന്ന് ചേട്ടൻ ലോകത്തോട് പ്രഖ്യാപിച്ചത്. അവരുടെ മൂത്ത ആൺകുട്ടി തന്റെ ഡിഗ്രി വിദ്യാഭാസത്തിന് അമേരിക്കയിലെ കോളേജുകൾ തിരയുകയാണെന്ന് ചേച്ചി മിനി മോൾക്കുള്ള കത്തിൽ എഴുതി. സകുടുംബം അവർ നാട്ടിലേക്ക് അവധിക്കു പോകുമ്പോൾ ബോംബെയിൽ മിനി മോളെ സന്ദർശിക്കുകയും മിനി മോൾക്കും രാമചന്ദ്രനും ശാലീനയ്ക്കും ഗൾഫിൽ നിന്നുള്ള തുണിത്തരങ്ങളും പൗഡറും സ്പ്രേയും നൽകുകയും ചെയ്തു. ബോംബെയിൽ കിട്ടാത്ത തരം ടെഡി ബിയർ പാവയും ജാപ്പനീസ് കളിപ്പാട്ടങ്ങളും ശാലീനയ്ക്ക് അവർ പ്രത്യേകമായി കൊണ്ടുവന്നു. നാടുവിട്ട് ബോംബെയിൽ വന്ന് ജോലി ചെയ്തു ജീവിക്കുമ്പോൾ നേരിടുന്ന അത്രയും ക്ലേശങ്ങൾ മാത്രമാണ് ഗൾഫിലും ഉണ്ടാവുകയെന്ന് ചേച്ചിയും ഭർത്താവും രാമചന്ദ്രനെ ബോധിപ്പിച്ചു. സമയം പാഴാക്കാതെ രണ്ടു പേരും പാസ്പോർട്ട് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അവരുടെ ജീവിതനിലവാരത്തിലുണ്ടായ മേന്മയും അവർക്കുണ്ടായ സമ്പത്തും രാമചന്ദ്രനെ ആകർഷിച്ചു. ഇത്ര കാലവും അറിയാത്ത കാരണങ്ങളാൽ താൻ പുറം തിരിഞ്ഞ് മാത്രം നിന്നിട്ടുള്ള ഗൾഫ് തന്റെയും സ്ഥലമായാലോ എന്ന് രാമചന്ദ്രൻ പ്രലോഭിതനായി. തന്റെ മുന്നിൽ കൊട്ടിയടച്ചിരിക്കുന്ന തറവാട്ടുവാതിൽ തുറക്കപ്പെടാൻ അതിനുള്ളിൽ രോഷത്തോടെ കഴിയുന്നവരെ തന്റെ ഗൾഫ് സമ്പത്തുകൊണ്ട് തന്നെ വരുതിയിലാക്കണമെന്ന ചിന്ത അയാളുടെ ഉള്ളിൽ നാമ്പിട്ടു.
നാട്ടിൽ രാമചന്ദ്രന്റെ തലമുറയിലെ ചെറുപ്പക്കാരിൽ കൂടുതൽ പേരും എങ്ങനെയും ഗൾഫിലെത്തിപ്പെടാൻ പലതരം വഴികളിലെ ശ്രമങ്ങൾ നടത്തുന്നവരാണ്. എൻ.ഒ.സി എന്നു വിളിക്കുന്ന വിസ പേപ്പറിന് നല്ല തുകയാണ് ഏജൻ്റുമാർ വാങ്ങിയെടുക്കുന്നത്. എൻ.ഒ.സിക്ക് കൊടുക്കാൻ പണമുണ്ടാക്കുന്നതാണ് നാട്ടിലെ ഓരോ ചെറുപ്പക്കാരനും നേരിടുന്ന പ്രശ്നം. പണം സംഘടിപ്പിക്കാൻ ശേഷിയില്ലാത്ത വീടുകളിലെ ചെറുപ്പക്കാർ ഗൾഫിൽ പോയി രക്ഷപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടിപ്പോകുന്നു. അവരുമായി ബന്ധം പുതുക്കിയും പുലർത്തിയും തങ്ങൾക്കൊരു എൻ.ഒ.സി അയച്ചു തരാൻ അഭ്യർത്ഥന മുന്നോട്ടു വയ്ക്കുന്നു. രാമചന്ദ്രന് എൻ.ഒ.സിയ്ക്കുള്ള പണവുമായി അയാളുടെ കുടുംബം കാത്തു നിന്നിട്ടും അയാൾ ഗൾഫിൽ പോകാൻ താത്പര്യം കാട്ടിയില്ല. ബോംബെയിൽ ജോലി ചെയ്യുമ്പോഴും സഹപ്രവർത്തകർ റിക്രൂട്ട്മെൻ്റ് ഓഫീസുകളിൽ കയറിയിറങ്ങുമ്പോഴും രാമചന്ദ്രന് ആ വഴിക്ക് തിരിഞ്ഞുനോക്കാൻ പോലും തോന്നിയില്ല. മിനി മോളുടെ ചേച്ചി അയച്ചു കൊടുത്ത എൻ.ഒ.സി രാമചന്ദ്രന് രജിസ്ട്രേഡ് തപാലിൽ കിട്ടിയപ്പോൾ അത് ആ പ്രതിഭാസത്തിന്റെ പൂർത്തീകരണമായി.
എൻ.ഒ.സി കിട്ടാൻ പണം കൊടുത്തിട്ട് എജൻ്റുമാരുടെയോ റിക്രൂട്ടിംഗ് കമ്പനിക്കാരുടെയോ പിന്നാലെ അലഞ്ഞുനടക്കുക എന്ന പതിവ് പ്രക്രിയയിലൂടെയല്ലാതെ എൻ.ഒ.സി കൈകളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. വരാൻപോകുന്ന ഭാഗ്യത്തിന്റെ ലക്ഷണമാണെന്ന് അറിഞ്ഞവരെല്ലാം പറഞ്ഞു. ദൈവഹിതത്തിന്റെയും ഭാഗ്യത്തിന്റെയും ഒരു ഘടകം അതിൽ കാണാൻ തനിക്കാവുന്നുണ്ടെന്ന് രാമചന്ദ്രൻ മിനി മോളോട് പറഞ്ഞു. രാമചന്ദ്രന് വന്ന എൻ.ഒ.സിയിലൂടെ ജീവിതത്തിൽ വഴി തുറക്കാൻ പോകുന്ന നല്ല കാലത്തെ അതിന്റെ മഹിമയിൽ ആദരവോടെ സ്വീകരിച്ച് പ്രാർഥിക്കാൻ സ്നേഹിതന്മാർ ഉപദേശിച്ചു. മൂന്നുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരാൾ വീതം മാത്രമുള്ള ത്രികോണ കുടുംബം പരിചയിച്ച് അതിൽ മുഴുകി ആസ്വദിക്കുകയായിരുന്ന രാമചന്ദ്രന് ഭാര്യയും മകളും ഒപ്പമില്ലാതെ ഗൾഫിലേക്ക് പോകാൻ വിഷമം ഉണ്ടായി. കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടൻ്റ് വിസയുടെ എൻ.ഒ.സിയായതുകൊണ്ട് ഫാമിലി സ്റ്റാറ്റസുണ്ടാവുമെന്നും ഉടനെ അവരെയും കൊണ്ടുപോകാമെന്നും മിനി മോളുടെ ചേച്ചി അറിയിച്ചു.
മൂന്നു വർഷങ്ങൾക്കു ശേഷമാണ് മിനി മോളും ശാലീനയും ദിൽമുനിയയിൽ എത്തിച്ചേർന്നത്. അവർ കണ്ട രാമചന്ദ്രൻ ബോംബെയിൽ അവരെ വിട്ടു പോയ ആളായിരുന്നില്ല. രൂപത്തിലും ഭാവത്തിലും ചലനങ്ങളിലുമെല്ലാം തികച്ചും മറ്റൊരാൾ. മൂന്നു കൊല്ലം മുഴുവനും തന്നെ കടന്നു പോയ അവസ്ഥകൾ അവരോടു വിവരിക്കാൻ ശകതിയില്ലെന്ന് അയാൾ പറഞ്ഞു. ദ്വീപിൽ അയാളുടെ ആദ്യത്തെ രണ്ടു വർഷങ്ങളിലെ അനുഭവചരിത്രം വീണ്ടും ഓർക്കാനോ ആരോടെങ്കിലും പറയാനോ അയാൾക്ക് മനക്കരുത്തില്ലാതെയായി. അത് ശരിയാണെന്ന് മിനി മോൾക്കും ശാലീനയ്ക്കും ബോധ്യമാകുംവിധം വരാൻ പോകുന്ന ഓരോ നിമിഷത്തെയും അയാൾ ഭയപ്പെടുന്നതായി അവർ കണ്ടു. യൗവ്വനത്തിൽ അയാൾ രൂപപ്പെടുത്തിയ ജീവിതാവബോധവും പ്രസാദാത്മകതയും കവിത്വവും എല്ലാം ഒഴിഞ്ഞുപോയിട്ട് താൻ പ്രണയിച്ച രാമചന്ദ്രന്റെ വെറും തോട് മാത്രം മുന്നിൽ നിൽക്കുന്നതായാണ് മിനി മോൾക്കനുഭവപ്പെട്ടത്. പെരുമാറ്റത്തിൽ സൗമ്യത തീരെ ഇല്ലാതായപ്പോൾ അയാൾ തികച്ചും വിരൂപനായി. അകാരണവും അയുക്തികവുമായ ഭയം ഒരു രോഗം പോലെ അയാളെ ഗ്രസിച്ചിരിക്കുന്നുവെന്ന് മിനി മോൾ തിരിച്ചറിഞ്ഞു.
ഞൊടിയിടയിൽ എന്തും അപകടമായി വരാമെന്നും അതെന്തെന്ന് നേരത്തെ അറിയാനോ പ്രതിരോധ മാർഗങ്ങൾ തേടാനോ മനുഷ്യർക്ക് മാർഗ്ഗമില്ലാത്തത് കൊണ്ട് നമ്മൾ നന്നായി ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ഒപ്പം പ്രാർഥിക്കുകയും വേണമെന്നും രാമചന്ദ്രൻ അവരോടു ആവർത്തിച്ചു.
(തുടരും)